മുസ്ലിം സമുദായത്തിന്റെ അപരത്വ വല്‍ക്കരണമെന്ന ഭൂമികയില്‍, നാനാത്വത്തില്‍ ഏകത്വം എന്ന ദേശീയതാ പരികല്‍പ്പനയെയും ഗാന്ധിസമടക്കമുള്ള പ്രത്യയശാസ്ത്ര നിഗമനങ്ങളേയും നിരാകരിച്ച്, അതിന്റെ സ്ഥാനത്ത് ‘രാഷ്ട്രീയത്തെ ഹൈന്ദവല്‍ക്കരിക്കുക, ഹിന്ദുത്വത്തെ ആയുധമണിയിക്കുക’ എന്ന സവര്‍ക്കറുടെ മുദ്രാവാക്യം ആര്‍.എസ്.എസ്. സ്വീകരിക്കാന്‍ കാരണം മതത്തിന്റെ അംഗീകാരം നേടിയെടുക്കാനായിരുന്നു. ഇതിനായി ആര്യന്‍ വംശീയവാദത്തെയാണ് ഹിന്ദുത്വമായി അവര്‍ വീണ്ടെടുത്തിരിക്കുന്നത്. അതുകൊണ്ടാണ് സംഘപരിവാറിന് മാംസാഹാര- ഗോവധ നിരോധനങ്ങള്‍ പ്രസക്തമായി രിക്കുന്നത്. പ്രകടമായ ഈ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് സഹായകരമായി നിലനില്‍ക്കുന്നത്, ഗോവധ നിരോധനത്തിന് അനുകൂലമായ ഭരണഘടനയിലെ നിര്‍ദ്ദേശകതത്ത്വവും ഗാന്ധിജിയുടെ അഭിപ്രായങ്ങളും കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ ഗോവധ നിരോധന നിയമങ്ങളുമാണ്.
ദേശീയ സ്വാതന്ത്രകാലത്ത് ഇന്ത്യയൊരു സ്വതന്ത്രപരമാധികാര രാഷ്ട്രമായി രൂപം കൊള്ളുന്നത് ”നാനത്വത്തില്‍ ഏകത്വം” എന്ന ഹൈന്ദവ ദേശീയതയ്ക്കുള്ളിലാണ്. ഇതിന്നാധാരമായ പരികല്‍പ്പനയെ ഡോ. കെ. എന്‍. പണിക്കര്‍ വിലയിരുത്തുന്നതിപ്രകാരമാണ്. ”പത്തൊമ്പതാം നൂറ്റാണ്ടിലെ എല്ലാ പരിഷ്‌കരണപ്രസ്ഥാനങ്ങളിലും സാമൂഹ്യമാറ്റത്തിലുള്ള ഉപകരണമായി മതത്തിന്റെ അനുമതി തേടാനുള്ള ശ്രമം നടന്നു. കൊളോണിയലിസത്തിനുമുമ്പുള്ള ഇന്‍ഡ്യയില്‍ വേദപഠനം മതപരമായ ആവശ്യങ്ങള്‍ക്കു വേണ്ടിയായിരുന്നു. എന്നാല്‍, ഇപ്പോഴത് പ്രാഥമികമായി ഈ മാറ്റത്തിനു വേണ്ടിയായി തീര്‍ന്നു. മതത്തിന്റെ പിന്‍ബലമുണ്ടായിരുന്ന സാമൂഹ്യാചാരങ്ങള്‍ മാറ്റണമെങ്കില്‍ മുഖ്യമായും മതത്തിന്റെ അംഗീകാരത്തോടുകൂടിയ ഇടപെടല്‍ വേണമെന്ന് പരിഷ്‌കരണവാദികള്‍ വാദിച്ചു.” ഇപ്രകാരം തിരിച്ചറിയപ്പെട്ട ഹിന്ദുമതം ഒരു ആധുനിക പരിഷ്‌കൃത സമൂഹത്തിന്റേതായിരുന്നില്ല. മറിച്ചൊരു ഗോത്രസമൂഹത്തിന്റെതായിരുന്നു. തന്മൂലം ആ മതം ഉള്‍ക്കൊണ്ടിരുന്ന അടിസ്ഥാനസ്വഭാവം, അത്യാചാരങ്ങളും, ശുദ്ധ-അശുദ്ധ വിചാരങ്ങളും, സാമുദായികവിഭാഗങ്ങള്‍ക്കിടയിലെ പോരുകളുമായിരുന്നു. ഇതിനെ മറികടന്നത് ദേശീയസമൂഹ രൂപീകരണണത്തിന്റെ കേന്ദ്രസ്ഥാനത്ത് ബ്രാഹ്മണരെ സ്ഥാപിച്ചും, വേദങ്ങള്‍, ഉപനിഷത്തുകള്‍, ഇതിഹാസപുരാണങ്ങള്‍, സ്മൃതികള്‍, ശ്രുതികള്‍ എന്നിവയെ മതപരമായ ഏകീകരണത്തിനുള്ള ജ്ഞാനവ്യവഹാരമാക്കിയുമാണ്. ഇതോടെ രൂപം കൊണ്ടത് ഒരു രാഷ്ട്രീയ ഭൂരിപക്ഷമായിരുന്നില്ല, മറിച്ച് ഡോ. അംബേദ്കറിന്റെ ഭാഷയില്‍ ”ഒരു സാമുദായിക ഭൂരിപക്ഷമാ”യിരുന്നു. തല്‍ഫലമായിട്ടാണ് ഭരണഘടനയുടെ 25 – ാം വകുപ്പിന്റെ 2-ാം ഉപവകുപ്പ് ഹിന്ദുമതത്തില്‍ ഉള്‍പ്പെടുത്തി ബുദ്ധ, ജൈന, സിക്ക് മതങ്ങളെ നിര്‍വ്വചിച്ചിരിക്കുന്നത്. ഈ നിയമാധിഷ്ഠിത ഏകോപനത്തില്‍ വിള്ളല്‍ വീഴുന്നത്, മണ്ഡല്‍ കമ്മീഷന്‍ നടപ്പാക്കാന്‍ വി.പി.സിംഗ് ഗവണ്‍മെന്റ് എടുത്ത തീരുമാനവും അതിനെതിരെ സവര്‍ണ്ണ യുവാക്കള്‍ നടത്തിയ സംവരണ വിരുദ്ധ സമരവും മൂലമാണ്. ഫലമോ, ഹിന്ദു സമുദായം മുമ്പൊരിക്കലുമില്ലാത്ത വിധം പിളര്‍പ്പിനെ നേരിട്ടതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിന്നോക്ക-ദലിത് രാഷ്ട്രീയം ഉയര്‍ന്നു വരുകയുണ്ടായി. ഈ കീഴാള മുന്നേറ്റത്തെ മറികടക്കാനാണ് ബാബറി മസ്ജിത്ത് തകര്‍ക്കപ്പെടുന്നത്.
സാമൂഹ്യവിഭജനങ്ങള്‍കൊണ്ട് കീറിമുറിഞ്ഞ ഹിന്ദുസമുദായത്തെ ഏകീകരിക്കാനുള്ള ഏകമാര്‍ഗ്ഗം മുസ്ലീമുകളുടെ അപരത്വവല്‍ക്കരണവും അവര്‍ക്കെതിരായ ശത്രുതയുമാണ്. ഡോ.ബി.ആര്‍.അംബേദ്കര്‍ എഴുതുന്നു. ”ഹിന്ദു സമൂഹം നിലനിന്നിരുന്നില്ല. അത് ജാതികളുടെ സമാഹാരം മാത്രമായിരുന്നു. ഓരോ ജാതിക്കാരും അവരവരുടെ അസ്തിത്വത്തെപ്പറ്റി ബോധവാന്മാരായിരുന്നു. അതിന്റെ അതിജീവനായിരുന്നു അസ്തിത്വത്തിന്റെ എല്ലാമെല്ലാം. ജാതികള്‍ ഒരു ഫെഡറേഷന്‍ രൂപവത്ക്കരിക്കുക പോലും ചെയ്യുന്നില്ല. ഒരു ഹിന്ദു-മുസ്ലീം ലഹളയുടെ ഘട്ടത്തിലല്ലാതെ ഒരു ജാതിക്ക് മറ്റു ജാതികളുമായി ബന്ധമുണ്ടെന്നു തോന്നലേയില്ല. മറ്റ് അവസരങ്ങളിലെല്ലാം ഒരു ജാതി, ഇതരജാതികളില്‍ നിന്നും വേറിട്ട് നില്‍ക്കാനും വ്യതിരിക്തത പുലര്‍ത്താനും ശ്രമിക്കുന്നു.” ഈ യാഥാര്‍ത്ഥ്യത്തെ സ്ഥാപനവല്‍ക്കരിച്ചാണ് 1925-ല്‍ ഡോ. ഹെഡ്‌ഗേവാര്‍ സംഘപരിവാറിന്റെ മാതൃസംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘം (ആര്‍എസ്എസ്) രൂപീകരിക്കുന്നത്. ആ കാലത്ത് മുസ്ലീങ്ങളെ പ്രതിസ്ഥാനത്ത് നിറുത്താനായി ചൂണ്ടിക്കാണിച്ചത് 1921 ലെ മലബാര്‍ കലാപത്തിലെ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളായിരുന്നുവെന്ന് ഡോ.ആര്‍.ഗോയല്‍ തുറന്നു കാട്ടിയിട്ടുണ്ട്. അന്നത്തെ പ്രാദേശികാനുഭവത്തെ ദേശീയമായി വികസിപ്പിക്കാന്‍ ആര്‍എസ്എസിന് സഹായ ഘടകം ഇന്ത്യാ വിഭജനവും തുടര്‍ന്നുണ്ടായ ഹിന്ദു- മുസ്ലിം ലഹളകളും, പാക്കിസ്ഥാന്‍ രൂപീകരണവുമായിരുന്നു. മുസ്ലിം സമുദായത്തിന്റെ അപരത്വ വല്‍ക്കരണമെന്ന ഭൂമികയില്‍, നാനാത്വത്തില്‍ ഏകത്വം എന്ന ദേശീയതാ പരികല്‍പ്പനയെയും ഗാന്ധിസമടക്കമുള്ള പ്രത്യയശാസ്ത്ര നിഗമനങ്ങളേയും നിരാകരിച്ച്, അതിന്റെ സ്ഥാനത്ത് ‘രാഷ്ട്രീയത്തെ ഹൈന്ദവല്‍ക്കരിക്കുക, ഹിന്ദുത്വത്തെ ആയുധമണിയിക്കുക’ എന്ന സവര്‍ക്കറുടെ മുദ്രാവാക്യം ആര്‍.എസ്.എസ്. സ്വീകരിക്കാന്‍ കാരണം മതത്തിന്റെ അംഗീകാരം നേടിയെടുക്കാനായിരുന്നു. ഇതിനായി ആര്യന്‍ വംശീയവാദത്തെയാണ് ഹിന്ദുത്വമായി അവര്‍ വീണ്ടെടുത്തിരിക്കുന്നത്. അതുകൊണ്ടാണ് സംഘപരിവാറിന് മാംസാഹാര- ഗോവധ നിരോധനങ്ങള്‍ പ്രസക്തമായി രിക്കുന്നത്. പ്രകടമായ ഈ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് സഹായകരമായി നിലനില്‍ക്കുന്നത്, ഗോവധ നിരോധനത്തിന് അനുകൂലമായ ഭരണഘടനയിലെ നിര്‍ദ്ദേശകതത്ത്വവും ഗാന്ധിജിയുടെ അഭിപ്രായങ്ങളും കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ ഗോവധ നിരോധന നിയമങ്ങളുമാണ്.
വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍, മാംസാഹാരഗോവധന നിരോധനങ്ങള്‍ സംഘപരിവാറിന് അനിവാര്യമായിരിക്കുന്നത്, ദലിതരുടെ സാമ്പത്തികാടിത്തറയും ബുദ്ധമതാഭിമുഖ്യവും തകര്‍ക്കാനാണ്. ആഗോളവല്‍ക്കരണത്തിന്റെ ചില ഘടകങ്ങളെ പ്രശസ്ത ദലിത് ചിന്തകയായ ഗെയ്ല്‍ ഓം വേദ്ത്ത് അനുകൂലിക്കാന്‍ കാരണം, മഹാരാഷ്ട്രയിലെ മഹറുകള്‍, ഉത്തര്‍പ്രദേശിലെ ചമറുകള്‍ എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ തോല്‍ വ്യാപാരം മുഖ്യമായിരിക്കുന്ന ദലിതരുടെ സാമ്പത്തികാവസ്ഥ പരിഷ്‌കരിക്കുമെന്നതിനാലാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്ത് മുന്‍ ചൊന്ന രംഗത്തുണ്ടായ മൂലധന കേന്ദ്രീകരണം മഹറുകളില്‍ നിന്നുമൊരു സമ്പന്ന വിഭാഗത്തെ സൃഷ്ടിച്ചിട്ടുണ്ടെന്ന് മാത്രമല്ല, ഡിക്കി പോലുള്ള സമ്പന്ന കൂട്ടായ്മ രൂപീകരിക്കാനും സഹായിച്ചിട്ടുണ്ട്. ഇപ്രകാരം വികസിച്ചു വരുന്ന ജനവിഭാഗങ്ങള്‍ ഹിന്ദുത്വത്തെ വകഞ്ഞു മാറ്റി ബുദ്ധമതാഭിമുഖ്യം പുലര്‍ത്തുന്നവരായി മാറിയിട്ടുണ്ട്. മാംസാഹാരം, സവിശേഷമായി പശുവിറച്ചി നിഷിദ്ധമാണെന്ന പ്രചാരണത്തിലൂടെ ദലിതരുടെ സാമ്പത്തിക ഉന്നമനത്തേയും മതപരതയേയും എതിര്‍ക്കുന്നതിലൂടെ പിന്നാക്ക സമുദായങ്ങളെ ദലിത് വിരുദ്ധരായി അണിനിരത്തി സവര്‍ണരുമായി ഏകോപിക്കുകയുമാണ് സംഘപരിവാറിന്റെ ലക്ഷ്യം. മറ്റൊരടിസ്ഥാനം, മാംസവ്യവസായത്തില്‍ മുന്‍കൈയുള്ള മുസ്ലിം സമുദായത്തിന്റെ സാമ്പത്തികാടിത്തറയെ ശിഥിലമാക്കുന്നതോടൊപ്പം അവര്‍ക്കെതിരായ ഹിന്ദു സമുദായത്തിന്റെ ശത്രുതയെ സ്ഥാപനവല്‍ക്കരിക്കുകയാണ്. ചുരുക്കത്തില്‍, ദലിത- മുസ്ലീം സമുദായങ്ങളുടെ സാമ്പത്തിക വികാസത്തെ തടയുകയും ബുദ്ധ- ഇസ്ലാം മതങ്ങളെ പ്രതിരോധിക്കുകയുമാണ് സംഘപരിവാറിന്റെ ബീഫ് വിരോധത്തിന്റെ സിദ്ധാന്തവും പ്രയോഗവും എന്നാണ് വായിച്ചെടുക്കേണ്ടത്.
മുകളില്‍ കൊടുത്തിരിക്കുന്ന ചിതറിക്കലിനും, ഹിന്ദു സമൂഹത്തിനുമേലുള്ള സാംസ്‌കാരികാധീശത്വത്തിനും വേണ്ടിയുള്ള ആര്യന്‍ പരികല്‍പ്പനയാണ്, മാംസ ഭക്ഷണവിരോധവും ഗോവധ നിരോധനവും. ഇപ്രകാരമുള്ള വീണ്ടെടുപ്പിന്റെ ലക്ഷ്യം ആര്യ- ബ്രാഹ്മണ പ്രാതിനിധ്യമുള്ള ദേശീയത നിര്‍മ്മിതിയാണ്. ഇത് ചെറിയൊരു ന്യൂനപക്ഷത്തിന്റെ അധീശത്വമാകുന്നത്, സസ്യഭക്ഷണം കഴിക്കുന്നവര്‍- മുഖ്യമായും ബ്രാഹ്മണരിലൊരു വിഭാഗം- വിരളമായതിനാലാണ്. ഈ വിഭാഗം മാംസഭക്ഷണം ഉപേക്ഷിച്ച് സസ്യാഹാരം കഴിക്കുന്നവരായി മാറിയത്, ആര്യന്‍-ബ്രാഹ്മണ പാരമ്പര്യം തുടര്‍ന്നതു കൊണ്ടല്ല, മറിച്ച് ബുദ്ധമതത്തിനെതിരായ ബ്രാഹ്മണ മതത്തിന്റെ സ്ഥാപനവല്‍ക്കരണത്തിനു വേണ്ടിയായിരുന്നുവെന്ന്, വൈദികകാലം മുതല്‍ ദേശീയ പ്രസ്ഥാനം വരെയുള്ള ചരിത്രഘട്ടം സാക്ഷ്യപ്പെടുത്തുന്നുണ്ട്. സംഘപരിവാര്‍ മുന്നോട്ടു വയ്ക്കുന്ന സാംസ്‌കാരിക ദേശീയത്വം അഥവാ സനാതന ധര്‍മ്മം എന്ന വ്യവഹാര മണ്ഡലത്തിന്റെ ഉള്ളടക്കം ഈ ഭൂമികയിലാണ് പരിശോധിക്കേണ്ടത്.
ഹിന്ദുത്വത്തെ ദേശീയതയായി സംഘപരിവാര്‍ കണ്ടെത്തുന്നത്, ആര്യന്മാരുടെ ഗോത്രസമൂഹത്തിലാണ്. ഇന്‍ഡ്യയില്‍ അതിക്രമിച്ചു കടന്ന് അതീശത്വമുറപ്പിച്ച ആര്യന്മാര്‍, ആര്‍.എസ്.ശര്‍മ്മയുടെ അഭിപ്രായത്തില്‍ ‘ദക്ഷിണറഷ്യ മുതല്‍ മദ്ധേഷ്യവരെ വിസ്തൃതമായി കിടക്കുന്ന സ്റ്റെപ്പികളിലെവിടെയോ ആണ് തുടക്കത്തില്‍ ജീവിച്ചിരുന്നത്. ‘ഈ പ്രാചീന ജനതയൊരു ഇടയ സമുദായമായിരുന്നു, കാര്‍ഷിക ജനതയായിരുന്നില്ല. ഋഗ്വേദത്തിലാണ് ആര്യന്മാരെക്കുറിച്ചുള്ള പരാമര്‍ശം ഏറെയുള്ളത്. ആ കൃതിയില്‍ ഒരു സാംസ്‌കാരിക സമൂഹമെന്ന നിലയില്‍ 36 പ്രാവശ്യം അവരെപറ്റി സൂചിപ്പിക്കുന്നുണ്ട്. ആര്യന്മാരുടെ മുഖ്യകൃതിയായ ഋഗ്വേദം ബിസി 6000ത്തിലാണ് രചിക്കപ്പെട്ടതെന്ന വാദത്തിലൂടെ, ഹാരപ്പാ മോഹന്‍ ജൊദാരോക്ക് മുമ്പ് മുന്‍ചൊന്ന ജനതയുടെ സാന്നിധ്യമുണ്ടായിരുന്നു വെന്ന് സ്ഥാപിക്കാനാണ് സംഘപരിവാര്‍ ചരിത്രകാരന്മാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ വസ്തുതകളെന്താണ് ? ബി.സി 2000 മുതല്‍ മദ്ധേഷ്യയില്‍ നിന്നു നടന്ന ആര്യന്മാരുടെ കുടിയേറ്റം പൂര്‍ത്തിയാകുന്നത് ബി.സി 900ത്തിലാണ്. ഈ ഘട്ടത്തില്‍ എഴുതപ്പെട്ട ഋഗ്വേദത്തിലെ വിവരണമനുസരിച്ച് വേദങ്ങള്‍ വിശുദ്ധമാണെന്ന് അംഗീകരിക്കുന്നവരും സംസ്‌കൃതഭാഷ സംസാരിച്ചിരുന്നവരും, ഇന്ദ്രാരാധകരും എല്ലാ അനുഷ്ഠാനങ്ങള്‍ക്കും (ആര്യന്‍ അനുഷ്ഠാനത്തോടുള്ള വിയോജിപ്പു കൊണ്ടാണ് മുസ്ലീങ്ങള്‍ നിലവിളക്കു കൊളുത്തി കൊണ്ടുള്ള ചടങ്ങുകളെ എതിര്‍ക്കുന്നത്) അഗ്നിയെ സാക്ഷിയാക്കിയവരുമായ ഒരു വൈദേശിക ജനതയായിരുന്നവര്‍. അവരുടെ മുഖ്യ സമ്പത്ത് പശുക്കളായിരുന്നു. പശുവിനെ കുറിക്കുന്ന പരാമര്‍ശം ഋഗേദ്വത്തില്‍ 176 പ്രാവശ്യം ആവര്‍ത്തിക്കുന്നതില്‍ പശുവിനുള്ള പ്രാധാന്യം വ്യക്തമാകുന്നുണ്ട്. ധനികര്‍ വിശേഷിപ്പിക്കപ്പെട്ടത് ‘ഗോമത്’ എന്നായിരുന്നു. ആര്യഗോത്രങ്ങള്‍ക്കിടിയില്‍ പശുക്കള്‍ക്കും വെള്ളത്തിനും വേണ്ടിയുള്ള കലഹങ്ങള്‍ സര്‍വ്വസാധാരണമായിരുന്നു. രാജക്കന്മാരായി തീര്‍ന്ന ഗോത്രമുഖ്യന്മാര്‍ ഗോവതി എന്ന പേരിലാണ് അറിയപ്പെടുന്നത്. യുദ്ധത്തെകുറിക്കുന്ന വാക്ക് ‘ഗവിഷ്ഠി’ (പശുക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണം) എന്നായിരുന്നു. ബ്രാഹ്മണ പുരോഹിതന്മാര്‍ക്ക് ദക്ഷിണനല്‍കിയിരുന്നത് പശുക്കളെയും കന്യകമാരെയുമായിരുന്നു. അതേസമയം, ആര്യന്മാരുടെ വലിയ സമ്പത്തായ പശുക്കളെ കൊല്ലെരുതെന്ന കല്പനകള്‍ ഋഗേദ്വത്തിലുണ്ട്.
ഒരു ഋഗ്വേദ സൂക്തത്തില്‍ പശുവിനെ ‘അഘ്‌ന്യം’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇതിനര്‍ത്ഥം കൊല്ലാന്‍ പാടില്ലാത്തത് എന്നാണ്. മറ്റൊരു സൂക്തത്തില്‍ പശു, വിശുദ്ധ മൃഗമാണെന്ന് പറയുന്നുണ്ട്. ശതപഥ ബ്രാഹ്മണത്തിലാകട്ടെ, പശുവിന്റെയും കാളയുടെയും മാംസം ഭക്ഷിക്കുന്നതിനെ വിലക്കുന്നു. ഇത്തരം പരാമര്‍ശങ്ങളെ ആധാരമാക്കിയാണ് പ്രാചീനേന്ത്യയില്‍ ഗോവധ നിരോധനം നിലനിന്നിരുന്നതായി വാദിക്കുന്നത്. എന്നാല്‍ ഒരിടയ സമുദായത്തില്‍ ബ്രാഹ്മണരടക്കമുള്ളവര്‍ക്ക് മാംസ ഭക്ഷണം അനിവാര്യമായിരുന്നു. അതുകൊണ്ടു തന്നെ പശു അടക്കമുള്ള മൃഗങ്ങളെ കൊന്നു തിന്നിരുന്നു. കെയ്ന്‍ ചൂണ്ടികാണിക്കുന്നു.”വേദകാലത്ത് പശു വിശുദ്ധമായിരുന്നില്ലെന്നല്ല, പശുവിന് വിശുദ്ധിയുണ്ടായിരുന്നത് കൊണ്ടാണ് ഗോമാംസം ഭക്ഷിക്കണമെന്ന് വാജസനേഹി സംഹിത വിധിക്കുന്നത്.” മാത്രമല്ല; ആര്യന്മാര്‍ ഭക്ഷണാവശ്യത്തിന് വേണ്ടി പശുവിനെ കൊന്ന് മാംസം ഭക്ഷിച്ചിരുന്നുവെന്ന് ഋഗ്വേദത്തില്‍ തെളിവുകളുണ്ട്. ആര്യന്മാരുടെ ദേവനായ ഇന്ദ്രന്‍ പറയുന്നു. ”അവര്‍ എനിക്ക് വേണ്ടി പതിനഞ്ചിലധികം ഋഷഭങ്ങളെ വേവിച്ചു.” മറ്റൊരു സൂക്തത്തില്‍ പറയുന്നത് ”അഗ്നിക്കു വേണ്ടി കുതിരകളെയും പോത്തുകളെയും കാളകളെയും മച്ചിപ്പശുക്കളെയും മുട്ടാടുകളെയും ഹോമിച്ചു” വെന്നാണ്. വാള്‍ കൊണ്ടോ, മഴുകൊണ്ടോ പശുക്കളെ കൊന്നിരുന്നതുമായുള്ള പ്രസ്താവനകളുണ്ട്.
തൈത്തരീയ ബ്രാഹ്മണത്തില്‍ ഋഷഭങ്ങളെയും ഗോക്കളെയും ബലിയര്‍പ്പിക്കുന്നതായി പറയുന്നുണ്ട്. ഇതേ ബ്രാഹ്മണത്തില്‍ ‘പഞ്ചസരദീയ സേവന’ എന്ന യജഞത്തില്‍ പതിനേഴ് കാളകുട്ടികളെയും മൂന്ന് വയസ്സിന് താഴെയുള്ള പശുക്കളെയും കുരുതി കഴിക്കുന്നതായുള്ള വിവരണമുണ്ട്. ആപസ്തംബസൂത്രത്തില്‍ പറയുന്നത്, ‘ഗോവും ഋഷഭവും വിശുദ്ധമായത് കൊണ്ട് അവയെ ഭക്ഷിക്കേണ്ടതാണെ’ന്നാണ്. അതിഥികള്‍ക്ക് വേണ്ടി പശുവിനെ കൊല്ലുന്ന സമ്പ്രദായം വലിയ തോതിലുണ്ടായിരുന്നു. തന്മൂലം, അതിഥിയെ ‘ഗോഘ്‌നന്‍’ അതായത് പശുഘാതകന്‍ എന്നാണ് വിളിച്ചിരുന്നത്. ആര്യന്മാരുടെ ഋഷിവര്യനായ യാജഞവല്‍ക്യന്‍ പറയുന്നത് ‘താന്‍ ഗോമാംസം ഭക്ഷിക്കാറുണ്ട്’ എന്നാണ്. ബുദ്ധ സാഹിത്യമായ സംയുക്ത നിയാകത്തില്‍ ബ്രാഹ്മണര്‍ അഞ്ഞൂറ് പോത്തുകളെയും അസംഖ്യം പശുക്കളെയും കോലാടുകളെയും മുട്ടനാടുകളെയും ബലി കൊടുത്തതായുള്ള പരാമര്‍ശമാണുള്ളത്. ഇത്തരം തെളിവുകള്‍ വ്യക്തമാക്കുന്നത് ബ്രാഹ്മണരും അബ്രാഹ്മണരുമായ ഹിന്ദുക്കള്‍ മൃഗ മാംസം മാത്രമല്ല, ഗോമാംസവും കഴിച്ചിരുന്നുവെന്നാണ്.
വേദാനന്തരകാലത്ത് ഹിന്ദുക്കള്‍ മാംസഭക്ഷണം കഴിച്ചിരുന്നതായും, ഗോവധം നിരോധിക്കപ്പെട്ടിരുന്നില്ലെന്നും അശോകന്റെ ശാസനകളും മനുസ്മൃതിയും വ്യക്തമാക്കുന്നുണ്ട്. അശോകന്റെ ഒന്നാം നമ്പര്‍ ശാസനത്തില്‍ പറയുന്നത് ‘ബലിക്കു വേണ്ടിയും ഉത്സവ സദ്യകള്‍ക്കു വേണ്ടിയും, മൃഗങ്ങളെ കശാപ്പ് ചെയ്യരുതെ’ന്നാണ്. ഈ കല്‍പ്പനക്ക് മുമ്പ് ദിവസവും ലക്ഷക്കണക്കിന് ജീവ ജന്തുക്കളെ കശാപ്പ് ചെയ്തിരുന്നു. രണ്ടാം ശിലാ ശാസനത്തില്‍, ‘ഉപയോഗിക്കുകയും ഭക്ഷിക്കുകയും ചെയ്യാത്തതിനാല്‍ നാല്‍ക്കാലി മൃഗങ്ങളെ കൊല്ലരുത്, പെണ്‍ കോലാട്, ചെമ്മരിയാട്, കിടാവുള്ളതോ പാല്‍ തരുന്നതോ ആയ പശു, പശുവിന്റെ കുട്ടികള്‍ എന്നിവയെ കൊല്ലെരുതെന്ന്’ നിര്‍ദ്ദേശിക്കുന്നു. വളര്‍ത്തു മൃഗങ്ങളില്‍ ഒട്ടകമൊഴികെ, ഒരു ഭാഗത്ത് പല്ലുള്ളവയെ ഭക്ഷിക്കാം എന്നും പറയുന്നു. ഇതില്‍ നിന്ന് വ്യക്തമാകുന്നത് അശോകന്‍ മൃഗവധവും ഗോവധവും നിയമവിധേയമായി തുടരാന്‍ അനുവദിച്ചിരുന്നുവെന്നാണ്. അതേ സമയം, ബലിക്കും ഉത്സവ സദ്യകള്‍ക്കും വേണ്ടി മൃഗവധം നടത്തരുതെന്ന കല്പന ബ്രാഹ്മണരെയാണ് പ്രതി കൂലമായി ബാധിച്ചത്. കാരണം ബ്രാഹ്മണരുടെ നിലനില്‍പ്പിനടിസ്ഥാനം ഇത്തരം അനുഷ്ഠാനങ്ങളായിരുന്നു. ഹിന്ദുക്കളുടെ ദൈവികനിയമഗ്രന്ഥമായ മനുസ്മൃതി നല്‍കുന്ന പാഠമെന്താണ്? മനു, മഹാപാതകമായി കണക്കാക്കുന്നത് ബ്രഹ്മഹത്യ, സുരപാനം, ഗുരൂപത്‌നീ പരിണയം, ബ്രാഹ്മണരുടെ സ്വര്‍ണ്ണം അപഹരിക്കല്‍ എന്നിവയാണ്. ഉപപാതകമായാണ് ഗോവധത്തെ കാണുന്നത്. ഇതിന്നര്‍ത്ഥം, മനുവിനെ സംബന്ധിച്ചിടത്തോളം ഗോവധം നിസ്സാരമായ പാപമായിരുന്നുവെന്നാണ്.
മുകളില്‍ കൊടുത്തിരിക്കുന്ന ദീര്‍ഘവിവരണം വ്യക്തമാക്കുന്നത് സുദീര്‍ഘകാലങ്ങളായി ബ്രാഹ്മണരും അബ്രാഹ്മണരും ഗോമാംസം അടക്കമുള്ള മാംസഭക്ഷണം കഴിച്ചിരുന്നെന്നാണ്. ബ്രാഹ്മണര്‍ ഗോമാംസമടക്കമുള്ള മാംസഭക്ഷണം ഉപേക്ഷിച്ച് സസ്യഭക്ഷണം ശീലിച്ചത് ബ്രാഹ്മണ-ബുദ്ധമതങ്ങള്‍ തമ്മിലുള്ള മത്സരത്തിന്റെ ഘട്ടത്തിലാണ്. ബുദ്ധമതം,ഒരു കാലത്ത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും മതമായിരുന്നു. ആ മതത്തിന്റെ മേധാവിത്വകാലത്ത് ബ്രാഹ്മണര്‍ക്ക് രാജസദസ്സുകളിലും ബഹുജനങ്ങളുടെ ഇടയിലും അംഗീകാരവും അന്തസ്സും നഷ്ടപെടുകയുണ്ടായി. അശോകന്‍ അനിയന്ത്രിതമായി മൃഗബലി നിരോധിച്ചതിലൂടെ, യാഗങ്ങളും യജ്ഞങ്ങളും നടത്തുന്നത് ഉപജീവനമാര്‍ഗ്ഗമാക്കിയിരുന്ന ബ്രാഹ്മണര്‍ക്കാണ് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിനെ മറികടക്കാന്‍ ബുദ്ധമതത്തെ അനുകരിക്കാനും, അതിന്റെ അനുഷ്ഠാനങ്ങള്‍ സ്വീകരിക്കാനും ബ്രാഹ്മണര്‍ നിര്‍ബന്ധിതരായി. ബുദ്ധന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ വിഹാരങ്ങള്‍ നിര്‍മ്മിക്കാനും ബുദ്ധവിഗ്രഹങ്ങള്‍ സ്ഥാപിക്കാനും തുടങ്ങി. ഇതിനെ അനുകരിച്ചാണ് ബ്രാഹ്മണര്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാനും ഹിന്ദുദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കാനും തുടങ്ങിയത്. മറ്റൊരു കാരണം, സമ്പദ് ഘടനയിലേക്ക് കടന്നപ്പോള്‍ മഴ പെയ്യിക്കാനും, വിളവ് വര്‍ദ്ധിപ്പിക്കാനും വേണ്ടിയുള്ള അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്ന പുരോഹിതവര്‍ഗ്ഗമായി ബ്രാഹ്മണര്‍ മാറുകയായിരുന്നു. കാര്‍ഷിക സമൂഹങ്ങളില്‍ രൂപംകൊണ്ട രാജവംശങ്ങള്‍ക്ക് ദീര്‍ഘായുസ്സിനും സന്താനവര്‍ദ്ധനവിനും വേണ്ടിയുള്ള ചടങ്ങുകള്‍ നിര്‍വഹിക്കുന്നവരായി ബ്രാഹ്മണര്‍ മാറി. ചുരുക്കത്തില്‍ സമ്പദ് ഘടനയിലും രാഷ്ട്രീയ സംവിധാനങ്ങളിലും പുരോഹിതവര്‍ഗ്ഗമായി ബ്രാഹ്മണര്‍ പരിവര്‍ത്തനപ്പെടുകയായിരുന്നു.
കാര്‍ഷിക സമ്പദ്ഘടനയുടെ വികാസത്തിന് മൃഗശക്തി അനിവാര്യമായിരുന്നു. തന്മൂലം, മൃഗഹിംസയെ ബുദ്ധമതക്കാര്‍ നിരുത്സാഹപ്പെടുത്തിയിരുന്നു. ഇതിനെ അനുകരിച്ച് ബ്രാഹ്മണര്‍ മൃഗബലിയെ എതിര്‍ക്കുക മാത്രമല്ല, മൃഗമാംസഭക്ഷണം അശുദ്ധമാണെന്ന് പ്രചരിപ്പിക്കുകയും വിശുദ്ധരായിരിക്കുവാന്‍ സസ്യഭക്ഷണശീലം സ്വീകരിക്കുകയും ചെയ്തു. ഇപ്രകാരം രൂപപ്പെട്ട ബ്രാഹ്മണമേധാവിത്വത്തിന്റെ സുവര്‍ണ്ണകാലമായിരുന്നു ഗുപ്തരാജവംശങ്ങളുടെ ഭരണം. ഈ കാലഘട്ടത്തില്‍ ബ്രാഹ്മണര്‍ പുലര്‍ത്തിയിരുന്ന ആര്യ പാരമ്പര്യത്തെ സ്ഥാപനവല്‍ക്കരിക്കാനാണ് ഗുപ്തരാജാക്കന്മാര്‍ ഗോവധം, വധശിക്ഷയര്‍ഹിക്കുന്ന കുറ്റമാക്കിയത്. എ.ഡി. 412 ല്‍ ഗുപ്തരാജാവായ ചന്ദ്രഗുപ്തന്‍ രണ്ടാമനാണ് ഗോവധം നിരോധിക്കുന്നത്. എ.ഡി, 465 ല്‍ സ്‌ക്കന്ദഗുപ്തനാണ് ഗോവധം വധശിക്ഷയര്‍ഹിക്കുന്ന കുറ്റമാക്കുന്നത്. ഗുപ്തകാലത്തെ ബ്രാഹ്മണമേധാവിത്വം അനുസ്യൂതം നിലനിന്നതുകൊണ്ടാണ്, രാജാക്കന്മാര്‍ ബ്രാഹ്മണരേയും പശുവിനേയും സംരക്ഷിക്കുമെന്ന പ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തത്.
വര്‍ത്തമാനകാല ഇന്ത്യയില്‍ ഗോവധം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നത് യാദൃശ്ചികമല്ല. രാജ്യത്തൊരു ദേശീയപ്രസ്ഥാനം ആവിര്‍ഭവിക്കുന്നതിന് മുമ്പ് രൂപംകൊണ്ടത് മതപുനരുദ്ധാരണ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളായിരുന്നു. ഈ പ്രസ്ഥാനങ്ങളില്‍, ദേശീയ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്ര നിര്‍മ്മിതിയില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞത് ദയാനന്ദ സരസ്വതിയുടെ ആര്യസമാജി (1875) നാണ്. ”വേദങ്ങളിലേക്ക് മടങ്ങുക” എന്ന ആഹ്വാനത്തോടെ ആരംഭിച്ച ആ പ്രസ്ഥാനം ആര്യന്മാരാണ് പ്രപഞ്ചോല്‍പ്പത്തി മുതല്‍ ഇവിടെ വസിച്ചിരുന്നവരെന്ന് അവകാശപ്പെടുകയും ചെയ്തു. മാത്രമല്ല, ദയാനന്ദ സരസ്വതി ആര്യാവര്‍ത്തം എന്നൊരു രാഷ്ട്രസങ്കല്‍പ്പം മുന്നോട്ടുവയ്ക്കുകയും അതിന്റെ അതിരുകള്‍ നിര്‍ണ്ണയിക്കുകയും ചെയ്തു. ഈ രാഷ്ട്രത്തിന്റെ അവകാശികള്‍ ആര്യന്മാരാണെന്നും കല്പിച്ചു. ചാതുര്‍വര്‍ണ്യശ്രേണിയുടെ ഉള്ളിലുള്ള ശൂദ്രരും, പുറത്തുള്ള ദസ്യുക്കളും ദാസന്മാരും മ്‌ളേച്ഛരായി മുദ്ര കുത്തപ്പെട്ടു. മനുസ്മൃതിയെ അടിസ്ഥാനപ്രമാണമാക്കിയുള്ള ചാതുര്‍വര്‍ണ്യത്തിന്റെ പുനസ്ഥാപനമായിരുന്നു ആര്യസമാജിന്റെ രാഷ്ട്രീയാദര്‍ശനം .ഇപ്രകാരം ചരിത്രത്തിലെ സുവര്‍ണ കാലമായി നിലനിന്നിരുന്ന, ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ രാഷ്ട്രീയ സംവിധാനത്തെ മുസ്ലിം-ബ്രിട്ടീഷ് ഭരണകൂടങ്ങള്‍ അട്ടിമറിച്ചുവെന്ന വാദത്തെ അംഗീകരിച്ചാണ് ദേശീയ പ്രസ്ഥാനം ബാലഗംഗാധരതിലകന്റെ നേതൃത്വത്തില്‍ നിലനിന്നത്. പിന്നീട് ചാതുര്‍വര്‍ണ്യത്തെ സാമൂഹ്യാദര്‍ശമായംഗീ കരിച്ചുകൊണ്ടുതന്നെ യാണ്, ഗാന്ധിജി രംഗത്തുവന്നതെന്ന് അദ്ദേഹം, ഡോ.ബി.ആര്‍ അംബേദ്കറിന്റെ ”ജാതി ഉന്മൂലനം” എന്ന കൃതിക്കെഴുതിയ വിമര്‍ശത്തില്‍ നിന്നും വായിച്ചെടുക്കാനാവും. വസ്തുതകള്‍ ഇപ്രകാരമാണെങ്കിലും, ദേശീയ പ്രസ്ഥാനത്തിന്റെ നാനാത്വത്തില്‍ ഏകത്വം, ആധുനിക ജനാധിപത്യാശയങ്ങളോടുള്ള ആഭിമുഖ്യം, മതന്യൂനപക്ഷങ്ങ ളുമായുള്ള സഹവര്‍ത്തിത്വം, കാര്‍ഷിക-വ്യാവസായിക- തൊഴില്‍ മേഖലകളുടെ പരിഷ്‌ക്കരണം, വിദ്യാഭ്യാസ നയങ്ങള്‍ എന്നിങ്ങനെയുള്ള നിലപാടുകള്‍ ആര്യസമാജിന്റെ പ്രത്യയശാസ്ത്ര വീക്ഷണങ്ങളെ അപ്രസക്തമാക്കുകയായിരുന്നു. അതേ സമയം ദേശീയ പ്രസ്ഥാനത്തിലുടനീളം ചാതുര്‍വര്‍ണ്യമെന്ന സാമൂഹ്യാദര്‍ശത്തിന്റെ സ്വാധീനം നിലനിന്നിരുന്നു. ദേശീയ പ്രസ്ഥാന നേതാക്കളില്‍ പ്രധാനികളായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മദന്‍ മോഹന്‍ മാളവ്യ എന്നിവര്‍ക്ക് ദേശീയ പ്രസ്ഥാനത്തില്‍ ഉണ്ടായിരുന്ന അവഗണിക്കാനാവാത്ത സ്വാധീവും, ആര്‍.എസി.എസിനോട് അവര്‍ ഒളിഞ്ഞും തെളിഞ്ഞു പുലര്‍ത്തിയ ആഭിമുഖ്യവും കൊണ്ടാണ്, ആര്യസമാജിന്റെ ഗോസംരക്ഷണസഭയെ വീണ്ടെടുക്കാനും ഗോവധനിരോധനം ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങളില്‍ ഉള്‍പ്പെടുത്താനും കഴിഞ്ഞത്. ദേശീയ പ്രസ്ഥാനത്തിന്റെ ഈ ധാരയെ ആന്തരികവല്‍ക്കരിച്ചിരിക്കുന്നതിനാലാണ് കോണ്‍ഗ്രസും ആ പ്രസ്ഥാനം രൂപീകരിച്ച സംസ്ഥാന ഗവണ്‍മെന്റുകളും ഗോവധവിരുദ്ധ നിയമനിര്‍മ്മാണങ്ങള്‍ പടച്ചുണ്ടാക്കുന്നത്.
എന്നാല്‍ ചരിത്രം മറ്റൊരു ദിശയിലൂടെയാണ് യാത്ര ചെയ്യുന്നത്. ദേശീയ പ്രസ്ഥാനം അപരത്വവല്‍ക്കരിച്ച ബ്രാഹ്മണേതര സമുദായങ്ങളായ പിന്നാക്കക്കാരും ദലിതരും മതന്യൂനപക്ഷങ്ങളും കാര്‍ഷിക-വ്യവസായിക മേഖലയിലെ തൊഴിലെടുക്കുന്നവരും സ്ത്രീകളും പരിസ്ഥിതി സംരക്ഷകരും കോര്‍പ്പറേറ്റ് അധീശത്വമുള്ള സമ്പദ്ഘടനയെ എല്ലാവര്‍ക്കും സ്വത്തവകാശമുള്ളതാക്കി പരിവര്‍ത്തനപ്പെടുത്തണമെന്നാവശ്യപ്പെടുന്നുണ്ട്. ഈ പുതിയ ജനകീയശക്തിയെ ദേശീയമായി ഏകോപിപ്പിക്കാന്‍ നാനാത്വത്തില്‍ ഏകത്വം പര്യാപ്തമല്ലെന്ന് തിരിച്ചറിയപ്പെടുന്നുണ്ട്. തന്മൂലം നിലവിലുള്ള പ്രാതിനിധ്യ ജനാധിപത്യം വിപുലീകരിച്ച്, എല്ലാ സാമൂഹ്യവിഭാഗങ്ങള്‍ക്കും ദേശരാഷ്ട്രത്തില്‍ പ്രാതിനിധ്യം ലഭിക്കുന്നതിനായി ”വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വ”മെന്ന ദേശീയതാ സങ്കല്പം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇപ്രകാരമൊരു രാഷ്ട്രീയത്തിനു മാത്രമേ ആര്യബ്രാഹ്മണമേധാവിത്വത്തേയും അതിന്റെ സാംസ്‌കാരിക നിയോഗങ്ങളെയും പരാജയപ്പെടുത്താനാവൂ എന്നാണ് സമകാലീന അവസ്ഥ നല്‍കുന്ന പാഠം.