ദലിത് സ്ത്രീ ഇടപെടലുകള്‍

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ നിരൂപണങ്ങള്‍.
പുസ്തകം: “ദലിത് സ്ത്രീ ഇടപെടലുകള്‍” ദലിത് സാമൂഹ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് സമകാലിക യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഇതരസമുദായത്തില്‍പ്പെട്ടവരും രാഷ്ട്രീയപ്രവര്‍ത്തകരും അതിലവലംബിക്കുന്ന നിലപാടുകള്‍ പലപ്പൊഴും പൊതു സമൂഹം ദലിതരോടു വച്ചുപുലര്‍ത്തുന്ന വിരുദ്ധ സമീപനംതന്നെയാണെന്ന് തുറന്നെഴുതുകയാണ് രേഖാരാജ്.
പുസ്തകം: “ധർമ്മപുരാണം” ധർമ്മപുരാണം മനുഷ്യർക്കുവേണ്ടിയുള്ള മഹത്തായ ,ചെവിയോർക്കാതിരിക്കാൻ വയ്യാത്ത ,ഒരു നിലവിളിയാണ്.മലയാളത്തെ സംബന്ധിച്ചിടത്തോളം ധർമ്മപുരാണം ഇന്നേ വരെ സ്വീകാര്യമായിരുന്ന ഭാഷയുടെയും അനുഭവത്തിൻെറയും അതിർവേലികളെ കടന്നു ചെന്നു നടത്തുന്ന അതിശയകരമായ വെല്ലുവിളിയും ക്ഷണവുമാണ്.
പുസ്തകം: “മലയാളികളുടെ മനം കവരുന്ന സുഗന്ധി” പോരാട്ടങ്ങൾക്കിടയ്ക്ക് അകപ്പെട്ടുപോകുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തെ അതിന്റെ എല്ലാ വേദനകളോടുംകൂടിത്തന്നെ അവതരിപ്പിക്കാൻ നോവലിസ്റ്റിനായിട്ടുണ്ട്. അതിനോടൊപ്പം വായനയെ ഏറ്റവും സമകാലികമായൊരു പരിസരത്തുനിന്നുകൊണ്ട് അവതരിപ്പിക്കാനും സാധിച്ചു എന്നതാണ് ദേവനായകിയുടെ മറ്റൊരു വിജയം. സഹസ്രാബ്ദങ്ങൾക്കപ്പുറമുള്ള ചേര-ചോള സാമ്രാജ്യങ്ങളുടെ ചരിത്രവും ശ്രീലങ്കയിലെ സിംഹള രാജവംശവുമായുള്ള വൈരവും സിംഹളമിത്തും ദേവനായകിയെ ഫാന്റസിയുടെ വിസ്മയകരമായൊരു അനുഭവമാക്കിത്തീർക്കുന്നു.

ദലിത് സ്ത്രീ ഇടപെടലുകള്‍
-ശ്രീഹരി

ഒരു പാന്‍ ഇന്ത്യന്‍ അവസ്ഥയില്‍, മുമ്പെങ്ങും ഇല്ലാത്തവിധം സുസംഘടിതമായി വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം ശക്തി പ്രാപിക്കുമ്പോള്‍ ഇന്ത്യയിലെ ദൈനംദിന ജീവിതം കടുത്ത ഹിംസകളുടെയും അതിക്രമങ്ങളുടെയും ആകുമ്പോള്‍, മുസ്ലീംകളും ദലിതരും നിരന്തരം ആക്രമിക്കപ്പെടുമ്പോള്‍ അതിനെയൊക്കെ സ്ഥാപനവത്കരിക്കുന്ന ഒരു മൃഗീയ ഭൂരിപക്ഷ ഹൈന്ദവസര്‍ക്കാര്‍ ഇവിടെ നിലനില്‍ക്കുമ്പോള്‍ ബി.ജെ.പി ക്ക് കൊടുക്കുന്ന ഏതൊരു പിന്തുണയും വിശാലാര്‍ത്ഥത്തില്‍ നമ്മെ രാഷ്ട്രീയ ആത്മഹത്യയിലേക്കാണ് നയിക്കുക എന്ന് ഭയപ്പെടേണ്ടതുണ്ട്. മാത്രമല്ല ആദിവാസി പ്രശ്‌നം സവിശേഷമായി എടുക്കുകയാണ് എങ്കില്‍തന്നെ ഛത്തിസ്ഗഢ്, മധ്യപ്രദേശ് തുടങ്ങിയ പ്രദേശങ്ങളില്‍ ആദിവാസിമേഖലകളെ കുത്തകകള്‍ക്ക്, ഖനനമാഫിയക്കും മറ്റും തീറെഴുതി നല്‍കുന്ന നടപടി നടക്കുന്നു. ആദിവാസികള്‍ ഇന്ത്യയില്‍ പലയിടത്തും ദീര്‍ഘകാലമായി സമരത്തിലാണ്. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ ഒരു ഫാഷിസ്റ്റ് സര്‍ക്കാറിനോടും അതിന്റെ പ്രബല രാഷ്ട്രീയ പാര്‍ട്ടിയോടുമുള്ള അടുപ്പം ആദിവാസി-ദലിത് രാഷ്ട്രീയത്തിന് എത്രകണ്ട് പ്രയോജനമുണ്ടാക്കും എന്ന ആശങ്കയുമുണ്ട്.

കേരളത്തില്‍ ആദിവാസി രാഷ്ട്രീയം പ്രധാനമായും ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ടാണ് ഉയര്‍ന്നുവന്നത്. ആ ഇടപെടലുകളില്‍ ദലിത് പ്രസ്ഥാനങ്ങളുടെ പിന്തുണയും പങ്കാളിത്തവും വളരെ നിര്‍ണായകമായിരുന്നു. ദലിതരും പിന്നീട് നവ ഇസ്ലാമിക രാഷ്ട്രീയവും ഇതര ജനാധിപത്യ പ്രസ്ഥാനങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന ജാതിവിരുദ്ധ ഹൈന്ദവ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ (ആ രാഷ്ട്രീയത്തിലെ സുപ്രധാനമായ ഇടം കൈയാളുന്ന) ജാനുവിന്റെ സമീപകാല നിലപാടുമാറ്റം പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അത് അങ്ങേയറ്റം നിരാശാജനകമാണ്. ദലിതര്‍ ജാതിഹിന്ദുത്വത്തിന് എതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന സംവാദങ്ങളെ മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് ഇക്കാലം ആവശ്യപ്പെടുന്ന സുപ്രധാന നീക്കം.

ജാനുവിന്റെ നേതൃത്വത്തിലുള്ള ആദിവാസി സമരങ്ങള്‍ക്ക് പൊതുസമൂഹത്തിന് വിവിധ ഭാഗങ്ങളില്‍നിന്ന്, പ്രത്യേകിച്ച് മുഖ്യധാരാ ഇടതുപക്ഷത്തിന് പുറത്തുനിന്നുള്ള ഇടതുപക്ഷമടക്കമുള്ളവരുടെ പിന്തുണ ലഭിക്കുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. ഈ ഘട്ടത്തോടെ ഇവരില്‍ പലരും ഇതില്‍നിന്ന് പിന്‍വാങ്ങാന്‍ സാധ്യതയുണ്ട്. ജാനു രണ്ട് പതിറ്റാണ്ടുകൊണ്ട് നേടിയ വിശ്വാസ്യതയെയും അത് എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.
ബി.ജെ.പി ലക്ഷ്യമിടുന്നത് കീഴാള, മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍നിന്ന് ചിലരെ ട്രോഫി എന്ന പോലെ കൂടെ നിര്‍ത്തി ഉയര്‍ത്തിക്കാണിക്കാനാണ്. അത് അവര്‍ നടത്തുന്ന ഹിംസാത്മകതയെ ഇവരെ ഉപയോഗിച്ച് ന്യായീകരിക്കാനും എതിര്‍ക്കുന്നവരുടെ വായ അടപ്പിക്കാനുമാണ്. ജാനു അങ്ങനെ ഒരാളായി തുടര്‍ന്നും മാറില്ല എന്ന് പ്രത്യാശിക്കുന്നു.

ഒരു സുപ്രഭാതത്തില്‍ കെ.പി.എം.എസിന് ബി.ജെ.പി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നു. ജാനുവിന് മറ്റെന്തെങ്കിലും ഓഫര്‍ മുന്നോട്ടുവെയ്ക്കുന്നു. അത് സ്വീകരിക്കേണ്ടി വരുന്നത് അതത് സമുദായങ്ങളുടെ ബലഹീനതയും പ്രതിസന്ധിയുമാണ്. ദശകങ്ങളായി ദലിതരും ആദിവാസികളും ഇടത്—-വലത് സര്‍ക്കാരിനോട് മാറിമാറി അഭ്യര്‍ത്ഥിച്ച കാര്യമാണ് ഇപ്പോള്‍ ബി.ജെ.പി ഓഫര്‍ ചെയ്യുന്നത്. ഇതിനര്‍ത്ഥം ദലിത്-ആദിവാസി പ്രശ്‌നങ്ങള്‍ ഒന്നാണെന്നല്ല. അത് ഈ സമുദായങ്ങളുടെ പിന്നോക്കാവസ്ഥയും അധികാരരാഹിത്യവും കാരണമാണ്. ഈ സാഹചര്യത്തെ മറികടക്കാന്‍ വരണ്ട രാഷ്ട്രീയശരി അവരെ സഹായിക്കില്ല എന്ന് അവരുടെ നേതാക്കള്‍ക്ക് തോന്നിയാല്‍ അതില്‍ പുതിയ രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്ന ഓരോരുത്തര്‍ക്കും പങ്കുണ്ട്. അത്തരക്കാരുടെയൊക്കെ രാഷ്ട്രീയ ഉത്തരവാദിത്തം വളരെ വലുതാണ്, കൂടുതല്‍ ജാഗരൂകമാകാന്‍ ഈ കെട്ട കാലം അതിനാവശ്യപ്പെടുന്നു. രാഷ്ട്രീയം പറഞ്ഞും തല്ലു വാങ്ങിച്ചും ജാനു കടന്നു പോയ പതിറ്റാണ്ടുകളുണ്ട്. അതിന്റെ പേരില്‍ അവരുടെ മേല്‍ അമിതപ്രതീക്ഷയുടെ ഭാരം പകരേണ്ട കാര്യമില്ല. അവരുടെ മറ്റൊരു രാഷ്ട്രീയ പരീക്ഷണം മാത്രമായി ഇതിനെ കാണണം. ‘അതിനോട് ബന്ധപ്പെട്ട് രാഷ്ട്രീയമായി ആശങ്ക ഉണ്ടെങ്കിലും. ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു, അവര്‍ എടുത്ത തീരുമാനത്തിന് നമ്മള്‍ ഓരോരുത്തരും ഉത്തരവാദികളാണ്.’

ഇത്രയും ഉദ്ധരിച്ചത് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ദലിത് സ്ത്രീ ഇടപെടലുകള്‍’ എന്ന രേഖാരാജിന്റെ പുസ്തകത്തിലെ ചില നിഗമനങ്ങളില്‍ നിന്നാണ്. ഒരു ദലിത് സ്ത്രീ എന്ന കര്‍ത്തൃത്വത്തില്‍ നിന്നുകൊണ്ട് ചില സാമൂഹ്യപ്രശ്‌നങ്ങളെയും ഇന്ത്യന്‍ അവസ്ഥകളെയും അഭിമുഖീകരിച്ചുകൊണ്ട് ലേഖികയുടെതന്നെ അത്തരം പ്രശ്‌നങ്ങളിലുള്ള ആശങ്ക പങ്കിടുകയാണിതില്‍.

ദലിത് സാമൂഹ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് സമകാലികയാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഇതരസമുദായത്തില്‍പ്പെട്ടവരും രാഷ്ട്രീയപ്രവര്‍ത്തകരും അതിലവലംബിക്കുന്ന നിലപാടുകള്‍ പലപ്പൊഴും പൊതു സമൂഹം ദലിതരോടു വച്ചുപുലര്‍ത്തുന്ന വിരുദ്ധ സമീപനംതന്നെയാണെന്ന് തുറന്നെഴുതുകയാണ് രേഖാരാജ്. സമീപകാലത്ത് ചര്‍ച്ചചെയ്യ—പ്പെട്ട പതിനാലു ലേഖനങ്ങളുടെ സമാഹാരമാണ് ‘ദലിത് സ്ത്രീ ഇടപെടലുകള്‍.’

പുസ്തകംദലിത് സ്ത്രീ ഇടപെടലുകള്‍
ഗ്രന്ഥകാരൻരേഖാരാജ്
വിഭാഗംലേഖനം 
പ്രസാധകർ: ഡി സി ബുക്‌സ്

വില95
____________________________________________________

ധർമ്മപുരാണം
– സക്കറിയ

‘ധർമ്മപുരിയിൽ , ശാന്തിഗ്രാമത്തിൽ പ്രജാപതിക്കു തൂറാൻ മുട്ടി. ‘

നിസ്സാരങ്ങളും നിഷേധൃങ്ങളുമായ ഈ വാക്കുകളാൽ തുടങ്ങിവയ്ക്കുന്ന ധർമ്മപുരാണം ഇന്ത്യയിലേയും ലോകമൊട്ടാകെയുമുള്ള മനുഷൃജീവികളുടെ ഇന്നത്തെ അവസ്ഥയുടെ, അവരുടെ ചരിത്രത്തിൻെറയും വരാനിരിക്കൂന്ന കാലങ്ങളുടേയും മഹാപുരാണമാണ്. അധമത്വവും കരുണയില്ലായ്മയും അധികാരപ്രമത്തതയും യുദ്ധക്കൊതിയും ചൂഷണവും അഴിമതിയും ഒരുമഹാർബ്ബുദം പോലെ കാർന്നു തിന്നുന്ന ഒരു സമുദായത്തിലൂടെ – തീട്ടത്തിന്റെ അടിമ യായ ഒരു സമുദായം  – സിദ്ധാർ്ഥൻ എന്ന കാരുണ്യവാനും അന്തർമുഖനുമായ യുവാവിന്റെ തീർഥയാത്രയാണ് .സ്‌നേഹത്തിനും കരുണയ്ക്കും ഇന്നു ജീവിച്ചിരിക്കുന്നതിന്റെ അർഥത്തിനും  വേണ്ടിയുള്ള സിദ്ധാർഥൻെറ അന്വേഷ ണം ധർമ്മപുരിയുടെ മലിനവും ബീഭത്‌സവുമായ ജീവിതാന്തരാളങ്ങ ളിലൂടെ അയാളെ നടത്തുന്നു.

അധികാരികൾ സ്വന്തം കാഷ്ടം കൊണ്ട് അടക്കി ഭരിക്കുന്ന ഒരു പൈശാചിക സാമ്രാജ്യമാണ് ധർമ്മപുരി. അതിൻെറ തെരുവുകളിൽ സിദ്ധാർഥൻ അറിയുന്ന അർഥങ്ങൾ മനുഷ്യരാശിക്കൊട്ടാകെ ബാധകമായ ജീവിതസത്യങ്ങളാണ്. ധർമ്മപുരിയുടെ നീചവും ചീഞ്ഞളിഞ്ഞതുമായ സമുദായത്തിൽ സിദ്ധാർഥൻ സ്‌നേഹവും കാരുണ്യവും കണ്ടെത്തുന്നുമുണ്ട്. തീട്ടത്തിൽ  നിന്നുള്ള മോചനം നേടുന്നവരുമണ്ട് ധർമ്മപുരിയിൽ. ധർമ്മപുരാണം മനുഷ്യർക്കുവേണ്ടിയുള്ള മഹത്തായ ,ചെവിയോർക്കാതിരിക്കാൻ വയ്യാത്ത ,ഒരു നിലവിളിയാണ്.മലയാളത്തെ സംബന്ധിച്ചിടത്തോളം ധർമ്മപുരാണം ഇന്നേ വരെ സ്വീകാര്യമായിരുന്ന ഭാഷയുടെയും അനുഭവത്തിൻെറയും  അതിർവേലികളെ കടന്നു ചെന്നു നടത്തുന്ന അതിശയകരമായ വെല്ലുവിളിയും ക്ഷണവുമാണ്.

ഈ പുസ്തകത്തെ തൊടുന്നവൻ എൻെറ ആത്മാവിനെ തൊടുന്നു എന്ന് ആരോ പറഞ്ഞല്ലോ. ധർമ്മപുരാണത്തെ തൊടുന്നവൻ കരയുന്ന ഇന്നത്തെ മനുഷ്യാത്മാവിനെ തൊടുന്നു. ( പുസ്തകത്തിന്റെ പഠനത്തിൽനിന്ന്)

പുസ്തകം : ധർമ്മപുരാണം
ഗ്രന്ഥകാരൻ:  ഒ വി വിജയൻ
വിഭാഗം : നോവൽ
പ്രസാധകർ: ഡി സി ബുക്‌സ്

പേജ്: 216
വില: 190
ഐഎസ്ബിഎൻ 8171300669
_____________________________________________________

മലയാളികളുടെ മനം കവരുന്ന സുഗന്ധി
_________________________________ 

സാഹിത്യാസ്വാദകരുടെ മനം കവർന്നുകൊണ്ട് ടി ഡി രാമകൃഷ്ണന്റെ പുതിയ നോവൽ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ജൈത്രയാത്ര തുടരുകയാണ്. സോഷ്യൽ മീഡിയകളും ആനുകാലികങ്ങളും ഒരുക്കിയ പഠനങ്ങൾക്കും ചർച്ചകൾക്കും പുറമെ വിവിധ പുസ്തകോത്സവങ്ങളും വായനക്കൂട്ടായ്മകളും ഒരുക്കിയ പുസ്തകവായന-ചർച്ചാ വേദികളിലും കണ്ട ആവേശഭരിതമായ പ്രതികരണങ്ങൾ കാണിക്കുന്നതും ഇതുതന്നെ.

ആഗോളതലത്തിൽ നാം നേരിട്ടുകൊണ്ടിരിക്കുന്ന വലിയൊരു സമസ്യയെയാണ് ടി ഡി രാമകൃഷ്ണൻ ശ്രീലങ്കൻ പ്രശ്‌നത്തിന്റെ പരിപ്രേക്ഷ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സമാധാനത്തിന്റെ പേരിൽ വിമോചനപ്രസ്ഥാനങ്ങളെ അടിച്ചമർത്തിക്കൊണ്ട് ഫാസിസ്റ്റ് ഭരണക്രമം സ്ഥാപിക്കുന്ന കാഴ്ച  ഇന്ന് ലോകത്തെവിടെയും കാണാനാകും. ഇതു നടക്കുന്നതാകട്ടെ ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും പേരിൽ ആണുതാനും. അതുകൊണ്ടാണ് ഈ നോവലിൽ അവതരിപ്പിക്കുന്ന ശ്രീലങ്ക ലോകത്തെ മറ്റേതൊരു രാജ്യത്തിനും കാണാവുന്ന കണ്ണാടിയായിത്തീരുന്നത്. എപ്പോഴും കീഴടക്കപ്പെട്ടവർ വിജയിച്ചവരുടെ ദയാദാക്ഷിണ്യത്തിനു വിധേയമായി ജീവിക്കേണ്ടി വരുന്നു എന്നതാണ് ലോകക്രമം. ജനാധിപത്യത്തെ ഉദ്‌ഘോഷിക്കുന്ന ഈ കാലഘട്ടത്തിൽ അതിനൊരു മാറ്റം വരേണ്ടതുണ്ട് എന്നതാണ് ഈ നോവൽ മുന്നോട്ട് വയ്ക്കുന്ന ആശയം.  പരാജയപ്പെട്ടവനും മാനുഷികമായ പരിഗണനയോടെ തുല്യനീതിയിൽ ജീവിക്കുവാൻ സാധിക്കണം, അവരെത്ര ന്യൂനപക്ഷമായാലും, അവരുടെ പരാതികളും ആവശ്യങ്ങളും പരിഹരിക്കപ്പെടണം. അപ്പോൾ മാത്രമെ ജനാധിപത്യം സാർത്ഥകമാകൂ.

പഴയകാല കേരളത്തിലെ കാന്തള്ളൂർ ശാലയിൽനിന്നും ചോളസാമ്രാജ്യത്തിന്റെ കാന്തമാ ദേവിയാരായിത്തീരുന്ന ദേവനായകി എന്ന സൗന്ദര്യധാമത്തിൽനിന്നാണ് നോവലിന്റെ ഒരു തലം വികസിക്കുന്നത്. തമിഴകത്തെ ഏതെങ്കിലുമൊരു പെണ്ണിന്റെ ഉടലോ മനസ്സോ വേദനിക്കാനിടയായാൽ തന്റെ സൗമ്യത മുഴുവൻ നഷ്ടപ്പെടുമെന്ന് പ്രഖ്യാപിച്ച, ധീരതയുടെയും അണയാത്ത സമരവീര്യത്തിന്റെയും പ്രതീകമായിത്തീർന്നതാണ് ‘ദേവനായകിയിൻ കതൈ’. മറുവശത്ത് വിടുതലൈപ്പോരാട്ടങ്ങൾക്കവസാനം ശ്രീലങ്കൻ പട്ടാളത്തിന്റെ പിടിയിൽനിന്നും രക്ഷപെട്ട, എന്നാൽ നിലവിലെ ശ്രീലങ്കൻ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് പ്രവർത്തനങ്ങൾക്കെതിരെ പ്രതികാര ദുർഗ്ഗയായിത്തീർന്നിരിക്കുന്ന സുഗന്ധി എന്ന വനിതാ പോരാളിയുടെ ഇതിവൃത്തവും വികസിക്കുന്നു. ചരിത്രത്തെ സമകാലിക പ്രശ്‌നങ്ങളുമായി കോർത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ് ദേവനായകിയുടെ ഭൂമികയെ വിശാലമാക്കുന്നത്. പോരാട്ടങ്ങൾക്കിടയ്ക്ക് അകപ്പെട്ടുപോകുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തെ അതിന്റെ എല്ലാ വേദനകളോടുംകൂടിത്തന്നെ അവതരിപ്പിക്കാൻ നോവലിസ്റ്റിനായിട്ടുണ്ട്. അതിനോടൊപ്പം വായനയെ ഏറ്റവും സമകാലികമായൊരു പരിസരത്തുനിന്നുകൊണ്ട് അവതരിപ്പിക്കാനും സാധിച്ചു എന്നതാണ് ദേവനായകിയുടെ മറ്റൊരു വിജയം. സഹസ്രാബ്ദങ്ങൾക്കപ്പുറമുള്ള ചേര-ചോള സാമ്രാജ്യങ്ങളുടെ ചരിത്രവും ശ്രീലങ്കയിലെ സിംഹള രാജവംശവുമായുള്ള വൈരവും സിംഹളമിത്തും ദേവനായകിയെ ഫാന്റസിയുടെ വിസ്മയകരമായൊരു അനുഭവമാക്കിത്തീർക്കുന്നു.

പുസ്തകം: സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
ഗ്രന്ഥകാരൻ: ടി.ഡി. രാമകൃഷ്ണൻ
വിഭാഗം: നോവൽ
പ്രസാധകർ: ഡി സി ബുക്‌സ്

വില: 250.00
പേജ്: 296

ഐഎസ്ബിഎൻ – 978-81-264-5232-3

________________________________

 

Top