ഹിന്ദുത്വഭരണത്തിന് അറുതിവരുത്താന്‍ ദളിത്-മുസ്ലീം ഐക്യം അനിവാര്യമാണ്
ഇന്ത്യയൊരു മേല്‍ജാതി ഉപരിവര്‍ഗ്ഗ സങ്കലനമാണ്. അല്ലെ? നിങ്ങള്‍ വസ്തുനിഷ്ഠമായി നോക്കുകയാണെങ്കില്‍ കാണാം, ഭരണകൂടത്തിന്റെ എല്ലാ ഘടകങ്ങളും മേല്‍ജാതി ഉപരിവര്‍ഗ്ഗ ആധിപത്യത്തിലാണ്. ഉത്പാദനത്തിന്റെ എല്ലാ ഉപാധികളും അവരുടെ കൈകളിലാണ്. അവര്‍ തന്നെയാണ് ഭൂമിയും കൈയ്യടക്കി വെച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ മേല്‍ജാതിക്കാര്‍ക്ക് മേല്‍ക്കൈ ലഭിക്കാനുള്ള ഒരു പ്രധാന കാരണം ഭൂമി അവരുടെ കൈവശമാണ് എന്നതാണ്. അതുകൊണ്ടുതന്നെ ഭൂപരിഷ്‌കരണമാണ് ഏറ്റവും അത്യാവശ്യം. ഗുജറാത്തില്‍, പ്രായോഗികമായി പറഞ്ഞാല്‍ ഓരോ ജില്ലയിലും ദളിതര്‍ക്കായി വിതരണം ചെയ്ത ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഒരു തമാശകഥയാണ്. അത് പേപ്പറില്‍ മാത്രമേ നടന്നിട്ടുള്ളൂ. ഉദാഹരണത്തിന്, എനിക്ക് ഭൂമി കൈവശം വെക്കുന്നതിന് അനുമതി ലഭിച്ചു എന്ന് കരുതുക. ഞാന്‍ ജിഗ്നേഷ് മേവാനി ആറു ബിഗാ ഭൂമിയുടെ ഉടമസ്ഥനാണെന്ന് ഇന്ന സര്‍വേ നമ്പര്‍ തെളിയിക്കുന്നതാണ് എന്നൊരു പേപ്പര്‍ എനിക്ക് ലഭിക്കും. എന്നിരുന്നാലും ഭൗതീകമായി ഈ അവകാശം അധികാരമുള്ള ഉയര്‍ന്ന ജാതിക്കാര്‍ക്ക് തന്നെയായിരിക്കും.
സംഭാഷണം
______________________________
2016 ജൂലൈയുടെ മദ്ധ്യത്തില്‍ ഗുജറാത്തിലെ ഉനയില്‍ ജനക്കൂട്ടം പശുവിന്റെ ശവം എടുത്തു എന്നാരോപിച്ച് നാല് ദളിത് യുവാക്കളെ സമീപവാസികളുടെ മുന്നിലിട്ട് മര്‍ദ്ദിച്ചു പരേഡ് ചെയ്യിച്ചതിന്റെ വീഡിയോ പുറത്തായിരുന്നു. സംഭവം ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുകയും സംസ്ഥാനത്തെ ദളിത് അവകാശ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം നല്കുകയും ചെയ്തു. അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനും നാളുകളായി ദളിത് ഭൂഅവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജിഗ്നേഷ് മേവാനി എന്ന മുപ്പത്തിയഞ്ചുകാരനാണ് ഈ പ്രതിഷേധങ്ങളുടെ നേതാക്കളില്‍ ഒരാള്‍. ദളിത് പീഡനങ്ങള്‍ക്കെതിരെ പോരാടുന്ന ഉന ദളിത് അത്യാചാര്‍ ലടത് സമിതിയുടെ കണ്‍വീനറാണ് ഇദ്ദേഹം. സംസ്ഥാനത്ത് ദളിത് പീഡനങ്ങള്‍ ഭീകരമാം വിധം ഏറി വരുന്ന സാഹചര്യത്തില്‍
സുരഭി വയ എന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തക മേവാനിയോട് ഫോണില്‍
- സുരഭി വയ: നവോത്ഥാനത്തെ സവിശേഷമായി ഉത്തേജിപ്പച്ച ഉന സംഭവത്തെക്കുറിച്ച് എന്ത് തോന്നുന്നു? എന്തുകൊണ്ടാണ് ഇതൊരു ഉത്‌പ്രേരകമായി പ്രവര്‍ത്തിച്ചത്?
ജിഗ്നേഷ് മേവാനി: ഉന സംഭവത്തിന്റെ വീഡിയോ വൈറലായി വാട്‌സാപ്പില്‍ പ്രചരിച്ചു. പട്ടാപ്പകല്‍ എല്ലാവരും കാണ്‍കെ ഉന ടൗണില്‍ നാല് ദളിതരെ തോലൂരിയും പോലെ തല്ലിച്ചതച്ചത്. അതിന് ശേഷം മുഴുവന്‍ ദളിത് സമൂഹത്തിന്റെയും അന്തസ്സും ആത്മാഭിമാനവും നഷ്ടപ്പെട്ടു. നിങ്ങള്‍ ഒരു വ്യക്തിയുടെയും സമൂഹത്തിന്റെയും ആത്മാഭിമാനം പകല്‍ വെളിച്ചത്തില്‍ എല്ലാവര്‍ക്കും മുന്നില്‍ പിച്ചിച്ചീന്തി. മാധ്യമങ്ങള്‍ ഈ പ്രശ്‌നം ഏറ്റെടുത്തതും ഇതൊരു ദേശീയ രാഷ്ട്രീയ സംവാദമാക്കിയതും പ്രസ്ഥാനത്തെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് എപ്പോഴോ സംഭവിക്കാന്‍ ഇരുന്നത് തന്നെയാണ്.
- എസ്. വി: മോദി കേന്ദ്രത്തിലായതുകൊണ്ട് ഗുജറാത്തിലെ ഹിന്ദു സംരക്ഷണസേനകളുടെ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ?
ജി.എം: വളരെ ശ്രദ്ധിച്ചും സമുചിതമായ തന്ത്രങ്ങളിലൂടെയും സംഘപരിവാറും ബി.ജെ.പിയും രാജ്യത്താകമാനം ദളിതരെ കാവിവത്കരിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നു. ഗുജറാത്തിലും അതിനുള്ള ശ്രമങ്ങള്‍ നടന്നു. എന്നാല്‍ ജനവിരുദ്ധവും ദരിദ്രര്‍ക്ക് എതിരുമായ ഗുജറാത്ത് വികസന മാതൃക ദളിതര്‍ക്ക് പരാജയവും ചൂഷണവുമല്ലാതെ മറ്റൊന്നും നല്‍കിയില്ല. അവര്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ വിശ്വസിച്ചിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു. എന്നാല്‍ ആ ഘട്ടം കഴിഞ്ഞു. ആളുകള്‍ക്ക് ഈ കൂട്ടര്‍ ശരിക്കും എങ്ങനെയാണെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടു. സാമ്പത്തികമായി ഒരഭിവൃദ്ധിയും കാണാന്‍ ഇല്ലാത്തപ്പോളാണ് മറുവശത്ത് ‘തുടിക്കുന്ന’ ‘സുവര്‍ണ്ണ’ ഗുജറാത്തെന്ന വമ്പന്‍ ജല്പനങ്ങള്‍ നടക്കുന്നത്. ‘സബ്‌കോ സാത്, സബ്‌കോ വികാസ്’ (നമുക്ക് ഒരുമിച്ച് പുരോഗമിക്കാം’) മുദ്രാവാക്യം മുഴങ്ങുമ്പോള്‍ അത് ദളിതരെ ഒഴിവാക്കുന്നതായി തോന്നുന്നു. അതുകൊണ്ടുതന്നെ ഈ ഗുജറാത്ത് മാതൃകയില്‍ ദളിതര്‍ക്ക് ഹീനമായ അതിക്രമങ്ങളല്ലാതെ മറ്റൊന്നും ലഭിക്കില്ല എന്നുകൂടി അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
- എസ് വി: ആനന്ദിബൈന്‍, നരേന്ദ്രമേദി ഗവണ്‍മെന്റുകളില്‍ എന്ത് വ്യത്യാസമാണ് താങ്കള്‍ കാണുന്നത്?
ജി. എം: യാതൊരു വ്യത്യാസവുമില്ല, നരേന്ദ്രമോദി ഭരണകാലത്ത്, ഭൂമി എസ് സി/എസ് ടി അല്ലെങ്കില്‍ ഒബിസി വിഭാഗങ്ങള്‍ക്കായി വീതം വെക്കേണ്ടതിന് പകരം അദാനി, അംബാനി, എസാര്‍ (കോര്‍പറേറ്റ് സമുച്ചയം) എന്നിവര്‍ക്കു നല്കി. ആനന്ദിബെന്നും ഇതേ മാതൃകയില്‍ പ്രവര്‍ത്തിച്ചു. മോദി ഡല്‍ഹിയില്‍ എത്തിയതുകൊണ്ട് ആനന്ദിബെന്നിന്റെ കാലത്ത് ഗുജറാത്ത് കാര്‍ഷിക ഭൂപരിധി നിയമം ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന പുരോഗമനപരമായ നിയമം- വികൃതമാക്കി. ദളിത് അവകാശങ്ങള്‍ക്കായോ ജാതി അതിക്രമങ്ങള്‍ക്കെതിരെയോ യാതൊന്നും ചെയ്തില്ല.
- എസ് വി: ഗുജറാത്തിലെ ദളിതരുടെയും ദളിത് പ്രസ്ഥാനങ്ങളുടെയും ചരിത്രത്തെക്കുറിച്ച് പറയാമോ?
ജി. എം: 1980 കളില്‍ നിരവധി ദളിത് ഇതര വിഭാഗങ്ങളും ദളിത് പ്രസ്ഥാനങ്ങളില്‍ പങ്കാളിയായി. ദളിത് പാന്തേഴ്‌സിന് (1972 ല്‍ ആരംഭിച്ച ജാതി വിരുദ്ധ പ്രസ്ഥാനം) എപ്പോഴും വളരെ വിപ്ലവകരവും പുരോഗമനപരമായ അജണ്ടയും മാനിഫെസ്റ്റോയും ഉണ്ടായിരുന്നു. ദളിത് പ്രസ്ഥാനത്തിന്റെ ഒരുവശമാണത്. യാഥാസ്ഥിതികള്‍ ഇവരോട് നല്ലതുപോലെ പൊരുമാറിയില്ലെങ്കില്‍ തീര്‍ച്ചയായും അക്രമാസക്തമായ തിരിച്ചടിയുണ്ടാവും. അതിന് സമരോത്സുകമായ ഭാവം കൈവരുന്നതിന് കാരണവും ഇതാണ്. അവര്‍ക്ക് തുടര്‍ച്ചയായി അവരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കാം എന്നതില്‍ ആശയം വളരെ വ്യക്തമാണ്. ദളിത് പാന്തര്‍ മാനിഫെസ്റ്റോയില്‍ ഉള്‍ക്കൊള്ളിച്ചിരുന്ന പരിപാടികളായ തൊഴിലാളി സംഘടന രൂപീകരണം, മൗലിക അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം, ജാതീയമായ വിവേചനങ്ങള്‍ക്കെതിരെയുള്ള പോരാട്ടം എന്നിവ നടപ്പിലായില്ല. മാനിഫെസ്റ്റോയില്‍ മാത്രമായി ഇവയെല്ലാംഒതുങ്ങി. എന്നാല്‍ മറുഭാഗത്ത് ഗുജറാത്തില്‍ ദളിതരുടെ ചെറിയ പുരോഗമന കൂട്ടായ്മകള്‍ ഉണ്ടായി. ഇതിനെല്ലാം ഒപ്പം ആഗോളവത്കരണത്തിലെ സാമ്പത്തിക നയങ്ങളും (1991), സത്വവാദ രാഷ്ട്രീയവും വലിയ ഘടകങ്ങളായി. ഇന്ത്യയിലെ ആകമാനം ദളിത് പ്രസ്ഥാനങ്ങളും ഈ രാഷ്ട്രീയ മാതൃകയുടെ സ്വാധീനത്തിലായി. 1990 കള്‍ക്ക് ശേഷമുള്ള ദളിത് പ്രസ്ഥാനങ്ങള്‍ ജാതിവ്യവസ്ഥയെ വാചികമായി എതിരിട്ടു. ‘മാനുവാദി മൂര്‍ദാബാദ്’ (‘മനുവിന്റെ ആശയങ്ങള്‍ മരിക്കെട്ട’). എന്നാല്‍ ദളിതരുടെ ഭക്ഷണം, പാര്‍പ്പിടം എന്നിങ്ങനെയുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ ഇവര്‍ക്കായില്ല. അവിടെ എല്ലായ്‌പ്പോഴും ദളിതരുടെ പ്രശ്‌നങ്ങള്‍, പ്രധാനമായും അതിക്രമങ്ങളും ഭൂവിഷയം സംബന്ധിച്ച പ്രശ്‌നങ്ങളും ഏറ്റെടുക്കുന്നതിന് നിരവധി സംഘടനകളും സ്ഥാപനങ്ങളും ഉണ്ടായിരുന്നു. എന്നിട്ടും, ഈ പ്രശ്‌നങ്ങളെ ഒന്നിച്ച് ഉയര്‍ത്തി കാട്ടുന്ന ഈ ആശയങ്ങളെ ഒന്നിച്ചു നിര്‍ത്തുന്ന ഒരിടം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
ഗുജറാത്തിലെ കഴിഞ്ഞ രണ്ട് മൂന്ന് ദശാബ്ദങ്ങളിലെ ദളിത് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി എനിക്ക് ഒന്നു പറയാനാവും; അവിടെ പ്രയത്‌നിക്കാന്‍ ആഗ്രഹിക്കുന്നവരും നന്നായി പ്രയത്‌നിക്കുന്നവരും ഉണ്ട്. അനീതിക്കെതിരെ പ്രയത്‌നിക്കണം എന്ന വികാരം അവിടെയുണ്ട്, എന്നാല്‍ ചില പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടുകളെ യോജിപ്പിച്ച് വളര്‍ത്താനാവുന്നില്ല. ഏറ്റവും അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റുള്ളവരുമായി ഒത്തുചേര്‍ന്ന് ദീര്‍ഘകാലത്തേക്കായി മാറ്റം കൊണ്ടുവരനാവുന്നില്ല. ആയതിനാല്‍, നാം പ്രതീക്ഷിക്കുന്ന തരത്തിലുള്ള കാതലായ ദളിത് മുന്നേറ്റം ഉണ്ടാവുന്നില്ല. സത്വവാദ രാഷ്ട്രീയത്തിന്റെ മറുവശത്ത്, പ്രത്യേകിച്ച് മോദി ഭരണത്തിലെ അജണ്ട-ഒരുവശത്ത് വംശീയതയും മറുവശത്ത് ആഗോളവത്കരണവും-ഭൗതീക വൈരുദ്ധ്യം വര്‍ദ്ധിപ്പിക്കുകയും സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള വ്യത്യാസം വര്‍ദ്ധിക്കുകയും കീഴാള ജാതി വിഭാഗങ്ങള്‍ ഏറെ അനുഭവിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഉന വിഷയം ഇത്രക്ക് വലിയ പ്രശ്‌നമായത്? കാരണം അത് തിളച്ചു തൂവാന്‍ കാത്തിരിക്കുകയായിരുന്നു. ഗുജറാത്തിലെ ദളിതരില്‍ ഭൂരിഭാഗവും ഭൂരഹിതരാണ് എന്നതിനാല്‍ ഇവിടം കാര്‍ഷിക സംബന്ധിയായ പ്രതിസന്ധിയിലാണ്. ഗ്രാമീണ മേഖലയില്‍ ദളിതര്‍ ചൂഷണം ചെയ്യപ്പെടുകയാണ്. പട്ടണത്തില്‍ താമസിക്കുന്ന ദളിതര്‍ പ്രധാനമായും വ്യവസായ മേഖലയിലെ തൊഴിലാളികളാണ്, സ്വകാര്യ കമ്പനികള്‍ക്കായി പണിയെടുക്കുന്നവര്‍.
- എസ് വി: സംഘടനാവത്കരണത്തിന് നിര്‍ബന്ധിതരായ 1980 കളിലെ നെയ്ത്തുശാല തൊഴിലാളികളെ പോലെ, അല്ലെ?
ജി. എം: അതെ, പക്ഷേ, നെയ്ത്തുശാലയിലെ തൊഴിലാളികളും കര്‍ഷകരും തമ്മില്‍ ഒരു വ്യത്യസമുണ്ട്. 1980 കളില്‍ ദളിത് നെയ്ത്തുശാല തൊഴിലാളികള്‍ക്കിടയില്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു. പോരാടാനുള്ള ആഗ്രഹവും. അത് കര്‍ഷകരിലും ഉണ്ടായിരുന്നു. അതുമൂലം അവര്‍ക്ക് വിലപേശാനായി. നെയ്ത്തുശാലകള്‍ക്ക് ചുറ്റും ഇവര്‍ക്ക് താമസിക്കാനായി ഉടമസ്ഥര്‍ വീടുകള്‍ വെച്ചുകൊടുത്തു. പരസ്പരമുള്ള ഒത്തൊരുമയ്ക്ക് ഇത് കാരണമായി. പക്ഷേ, നെയ്ത്തുശാലകളിലേക്കും സ്വകാര്യ കമ്പനികളിലേക്കും പിന്നീട് പോയവര്‍ കുറേക്കൂടി ചിതറി പോവുകയും ഈ ബന്ധം ഇല്ലാതാവുകയും ചെയ്തു. മോദി ഭരണകൂടം നാലായിരം രൂപാ മാസവരുമാനത്തിന് ഇവര്‍ക്ക് തുടര്‍ന്നും ജോലി നല്‍കുകയാണെങ്കില്‍ ഇവരുടെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളു. അതുകൊണ്ടുതന്നെ, ഈ രണ്ടു കൂട്ടര്‍ക്കും-പട്ടണത്തിലെ വ്യാവസായിക മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ദളിതര്‍ക്കും ഗ്രാമീണ മേഖലയിലെ ഭൂരഹിതരായ ദളിതര്‍ക്കും എതിരെയുള്ള ചൂഷണങ്ങള്‍ കഴിഞ്ഞ 12- 15 വര്‍ഷങ്ങള്‍ക്കിടയില്‍ ക്രമാതീതമായി കൂട്ടിയിട്ടുണ്ട്. 2003 മുതല്‍ 2004 വരെ 14, 500 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. മുപ്പത്തിനാല് പട്ടിക ജാതി സ്ത്രീകള്‍ 2004 ല്‍ ബലാത്സംഗം ചെയ്യപ്പെട്ടു. 2014 ആകുമ്പോഴത് 74 ആയി. 2005 നും 2015 നും ഇടയ്ക്ക് 55 ഗ്രാമങ്ങളില്‍ നിന്നും ദളിതര്‍ ബലപ്രയോഗത്താല്‍ പുറത്താക്കപ്പെട്ടു അവര്‍ ജീവിച്ചുകൊണ്ടിരുന്ന ഗ്രാമങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇവിടെ 55,000 മനുഷ്യര്‍ തോട്ടിപ്പണി ചെയ്യുന്നുണ്ട്. ഒരു ലക്ഷത്തിനടുത്ത് ശുചീകരണ തൊഴിലാളികള്‍ ഏറ്റവും കുറഞ്ഞ വേതനത്തില്‍ വര്‍ഷങ്ങളായി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ജോലി ചെയ്യുകയും സ്ഥിര നിയമത്തിനായി പ്രയത്‌നിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മറുഭാഗത്ത്, അതികഠിനമായ സാമ്പത്തിക ചൂഷണവും ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലും ജാത്യാധിഷ്ഠിത നശീകരണവുമാണുള്ളത്. പീഡന കേസ് റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് 2012 ല്‍ 16, 17, 21 വയസുള്ള മൂന്ന് ദളിത് യുവാക്കളെ പോലീസ് തൊലിയുരിയും പോലെ മര്‍ദ്ധിച്ച ശേഷം എ. കെ. 47 ഉപയോഗിച്ച് വെടിവച്ചു കൊന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ കേസില്‍ നീതി നടപ്പിലാക്കിയിട്ടില്ല. ദളിത് പീഡന കേസുകളില്‍ ഗുജറാത്തിലെ ശിക്ഷാവിധികളുടെ നിരക്ക് വെറും മൂന്ന് ശതമാനമാണ്. ഇവര്‍ക്ക് യാതൊരു നീതിയും ലഭിക്കുന്നില്ല. ഈ ചിന്ത വളരെ കാലങ്ങളായി ജനങ്ങളില്‍ അടിഞ്ഞുകൂടിയതാണ്.
- എസ്. വി: 2015 ല്‍ താങ്കള്‍ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ഗുജറാത്തിലെ ദളിതര്‍ക്കുള്ള ഭൂ വിതരണം സംബന്ധിച്ച് പ്രസക്തമായ ചില കണക്കുകള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു?
ജി. എം: എന്റെ (ആര്‍ ടി ഐ ആക്ടിവിസം ) ജോലികള്‍ പ്രാഥമികമായി ഭൂരഹിതരായ കര്‍ഷക തൊഴിലാളികളെയും ദളിതരെയും സംബന്ധിച്ചുള്ളതാണ്. കൃത്യമായി പറയുകയാണെങ്കില്‍ ഭൂ അവകാശങ്ങള്‍ സംബന്ധിച്ചുള്ളത്. ഇന്ത്യയൊരു മേല്‍ജാതി ഉപരിവര്‍ഗ്ഗ സങ്കലനമാണ്. അല്ലെ? നിങ്ങള്‍ വസ്തുനിഷ്ഠമായി നോക്കുകയാണെങ്കില്‍ കാണാം, ഭരണകൂടത്തിന്റെ എല്ലാ ഘടകങ്ങളും മേല്‍ജാതി ഉപരിവര്‍ഗ്ഗ ആധിപത്യത്തിലാണ്. ഉത്പാദനത്തിന്റെ എല്ലാ ഉപാധികളും അവരുടെ കൈകളിലാണ്. അവര്‍ തന്നെയാണ് ഭൂമിയും കൈയ്യടക്കി വെച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ മേല്‍ജാതിക്കാര്‍ക്ക് മേല്‍ക്കൈ ലഭിക്കാനുള്ള ഒരു പ്രധാന കാരണം ഭൂമി അവരുടെ കൈവശമാണ് എന്നതാണ്. അതുകൊണ്ടുതന്നെ ഭൂപരിഷ്‌കരണമാണ് ഏറ്റവും അത്യാവശ്യം. ഗുജറാത്തില്‍, പ്രായോഗികമായി പറഞ്ഞാല്‍ ഓരോ ജില്ലയിലും ദളിതര്‍ക്കായി വിതരണം ചെയ്ത ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഒരു തമാശകഥയാണ്. അത് പേപ്പറില്‍ മാത്രമേ നടന്നിട്ടുള്ളൂ. ഉദാഹരണത്തിന്, എനിക്ക് ഭൂമി കൈവശം വെക്കുന്നതിന് അനുമതി ലഭിച്ചു എന്ന് കരുതുക. ഞാന്‍ ജിഗ്നേഷ് മേവാനി ആറു ബിഗാ ഭൂമിയുടെ ഉടമസ്ഥനാണെന്ന് ഇന്ന സര്‍വേ നമ്പര്‍ തെളിയിക്കുന്നതാണ് എന്നൊരു പേപ്പര്‍ എനിക്ക് ലഭിക്കും. എന്നിരുന്നാലും ഭൗതീകമായി ഈ അവകാശം അധികാരമുള്ള ഉയര്‍ന്ന ജാതിക്കാര്‍ക്ക് തന്നെയായിരിക്കും. ഈ വിധം പേപ്പറുകളില്‍ മാത്രമാണ് ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ദളിതര്‍ക്ക് വിതരണം ചെയ്തത്. യഥാര്‍ത്ഥത്തിലുള്ള ഭൗതീക കൈയ്യവകാശം ഉറപ്പാക്കപ്പെട്ടിട്ടില്ല.
- എസ് വി: എന്റെ മാതാപിതാക്കള്‍ കൂടെക്കൂടെ എന്നോട് പറയാറുണ്ട് അവരാദ്യം അഹമ്മദാബാദിലേക്ക് മാറുമ്പോള്‍ അവിടെ ചേരികള്‍ ഉണ്ടായിരുന്നില്ലെന്ന് എന്ന് ഇതൊരു സമീപകാല പ്രതിഭാസമാണെന്ന്?
ജി എം: അതാണ് മോദി മാജിക്. കലാപങ്ങളില്‍ മുസ്ലീംങ്ങള്‍ കൊല്ലപ്പെട്ട രീതി നോക്കുക. നരോദ പതിയയില്‍, നരോദ ഗാമില്‍, ഗുല്‍ബര്‍ഗില്‍ സര്‍ദാപുരിയില്‍, ബെസ്റ്റ് ബേക്കറിയില്‍ (2002) അവര്‍ക്ക് മറ്റു വഴികളില്ല, ഹിന്ദു മേഖലകളില്‍ അവരെങ്ങനെ ജീവിക്കും? അവര്‍ക്ക് അവരുടെ പ്രദേശങ്ങള്‍ ഉപേക്ഷിച്ച് രക്ഷാസ്ഥാനം തേടി പോവേണ്ട. ആനന്ദിബെന്‍ മെഹ്‌സാനിയില്‍ നിന്നാണ് വരുന്നത്. പി. എം മോദിയും അവിടെ നിന്നുതന്നെ. സംസ്ഥാന ആഭ്യന്തര മന്ത്രിയും അവിടെനിന്നാണ് വരുന്നത്. ഇതേ മെഹ്‌സാന ജില്ലയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടയ്ക്ക് നാല് ഗ്രാമങ്ങളില്‍ നിന്നായി ദളിതര്‍ സാമൂഹികമായി ബഹിഷ്‌കരിക്കപ്പെട്ടു വീടുകളില്‍ നിന്നും നീക്കംചെയ്യപ്പെട്ടു. കലാപത്തിലൂടെ മുസ്ലീങ്ങള്‍ അവര്‍ ജനിച്ചു വളര്‍ന്ന ഇടങ്ങളില്‍ നിന്ന് ചേരികളിലേക്ക് സ്ഥലംമാറ്റം ചെയ്യപ്പെട്ടു. അതേപോലെ മനുവാദികള്‍ ദളിതരേയും അവരുടെ ഗ്രാമങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയാണ്.
- എസ് വി: അടുത്തകാലത്തുണ്ടായ ദളിത് മുസ്ലീം ഐക്യാഹ്വാനത്തെക്കുറിച്ച് എന്ത് തോന്നുന്നു?
ജി. എം: ഇത് വളരെ, വളരെയധികം നല്ലകാര്യമാണ്. ഞാന്‍ മുകല്‍ സിന്‍ഹയ്ക്കും നിര്‍ജ്ഹരി സിന്‍ഹയ്ക്കും (മുകുല്‍ സിന്‍ഹ പ്രമുഖനായ സാമൂഹിക പ്രവര്‍ത്തകനും മനുഷ്യാവകാശ അഭിഭാഷകനുമാണ്. ഇപ്പോള്‍ ജന്‍ സംഘര്‍ഷ് മഞ്ചിന്റെ തലവനായ അദ്ദേഹം ഭാര്യ നിര്‍ജ്ഹരി സിന്‍ഹയ്‌ക്കൊപ്പം ഗുജറാത്തില്‍ മോദി ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധ സ്വരമുയര്‍ത്തിയ ആളാണ്) ഒപ്പം എട്ടു വര്‍ഷം ജോലി ചെയ്തിട്ടുണ്ട്. 2002 ലെ കലാപത്തിന്റെ അനന്തരഫലങ്ങളും സംസ്ഥാനത്തെ ഏറ്റുമുട്ടല്‍ കൊലകളെക്കുറിച്ചും അന്വേഷിക്കുകയായിരുന്നു ഞാന്‍. ആ സംഭവങ്ങളില്‍ ഞാന്‍ അസ്വസ്ഥനായിരുന്നു. അതേക്കുറിച്ച് നിരവധി ഗവേഷണങ്ങളും നടത്തി. ഇതേ കാരണങ്ങള്‍ കൊണ്ട് തന്നെ ഞാന്‍ എപ്പോഴും ദളിത് മുസ്ലീം ഐക്യത്തിനും അവരെ ഒരുമിച്ചു നിര്‍ത്തുന്ന ഒരു വേദിക്കുമായി ആഗ്രഹിച്ചു കൊണ്ടിരുന്നു. ഈ രണ്ടു വിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ടുവരുന്നതിനുള്ള കൂടുതല്‍ കേന്ദ്രീകൃതമായ ശ്രമങ്ങള്‍ വരും ദിനങ്ങളില്‍ ഉണ്ടാവുകയും ചെയ്യും.
- എസ് വി: ഇന്ത്യയുടെ മറ്റു പ്രദേശങ്ങളില്‍ നിന്നും ഗുജറാത്തിലെ ഹിന്ദു സംരക്ഷണ സേനകളുടെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും സാമ്യമോ വ്യത്യാസങ്ങളോ ഉള്ളതായി താങ്കള്‍ക്ക് തോന്നിയിട്ടുണ്ടോ?
ജി. എം: മോദി കേന്ദ്രത്തിലെത്തിയ അന്നുമുതല്‍ സംഘപരിവാര്‍ ശക്തികള്‍ കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തിലാണ്. അഴിമതി, കോര്‍പ്പറേറ്റ് കൊള്ള, ഹിന്ദുത്വ അജണ്ടകളുടെ പ്രചരണം എന്നിവ തന്നെയായിരുന്നു അവരുടെ (ആനന്ദിബെന്‍ പട്ടേല്‍) ഭരണകൂടത്തിന്റെയും കേന്ദ്രബിന്ദു. ഒരു പ്രധാന വ്യത്യാസം എന്താണെന്നു വെച്ചാല്‍ ആനന്ദിബെന്നിന് ആ അക്രമ ഭരണക്രമം തുടരാനായില്ല എന്നതാണ്.
_______________________________________
(അവലംബം – കാരവന്‍ മാസിക/ വിവര്‍ത്തനം: രാധു രാജ്)