ഏതാനും മലയാളി മുസ്ലീം ചെറുപ്പക്കാരുടെ പാലായനവുമായി ബന്ധപ്പെട്ട് ഭീതിജനിപ്പിക്കുന്ന അസത്യങ്ങളുംഅര്‍ദ്ധസത്യങ്ങളും ചേര്‍ത്ത് വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്ന മാധ്യമങ്ങള്‍ മുസ്ലീം തീവ്രവാദ വാര്‍ത്തകളില്‍ കാണിക്കുന്ന പതിവ് ഉത്സാഹത്തിന് ഒട്ടും കുറവ് വരുത്തിയില്ല.
ഒരു മതത്തെ, സമുദായത്തെ, ദേശത്തെ, അതിന്റെ ചിഹ്നങ്ങളെ, അവിടുത്തെ മനുഷ്യരെ ഇത്തരത്തില്‍വ്യാജ പ്രചരണങ്ങളിലൂടെ അപരവത്ക്കരിച്ച് നിരന്തരമായി വേട്ടയാടുന്നത് നാടിന് എന്താണ് സമ്മാനിക്കുകയെന്ന ഗൗരവപൂര്‍ണ്ണമായ ചോദ്യം ജനാധിപത്യവാദികളെ അലോസരപ്പെടുത്തേണ്ട സന്ദര്‍ഭമാണിത്.
ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ‘സമസ്തകേരളം പി. ഒ’ എന്ന സിനിമയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് അവതരിപ്പിക്കുന്ന മാഷ് എന്ന കഥാപാത്രം ചതിയിലൂടെ കള്ളനോട്ട് കേസില്‍ പ്രതിയാകുന്ന നായകനെ, സ്വയം കുറ്റമേറ്റെടുത്ത് രക്ഷിക്കുന്ന രംഗമുണ്ട്. നായകന്‍ ജ്വല്ലറിയില്‍ നല്‍കിയ നോട്ടുകെട്ടില്‍ കള്ളനോട്ട് വെച്ചത് മാഷാണെന്നും അത് നല്കിയതു മലപ്പുറത്തെ ഒരു പഴയകാല സുഹൃത്താണെന്നുമാണ് അഭിഭാഷകന്‍ കോടതിയെ അറിയിക്കുന്നത്. ശേഷം, കുറ്റവിമുക്തനായി പുറത്തിറങ്ങുന്ന നായകനോട് മാഷിങ്ങനെ പറയുന്നുണ്ട്. ‘ഇനിയിപ്പോ മലപ്പുറത്തെ സുഹൃത്തിനെ തേടിയാവും പരക്കം പാച്ചില്‍, കിട്ടാന്‍ പോണില്ല, അങ്ങനൊരാളില്ല’.
ഇത്തരത്തില്‍ ധാരാളം ചാപ്പകുത്തലുകള്‍ മലപ്പുറമെന്ന ദേശത്തിന് മലയാള സിനിമ സമ്മാനിക്കാറുണ്ട്. ഒറ്റനോട്ടത്തില്‍ നിരുപദ്രവകരമെന്ന് തോന്നിയേക്കാവുന്ന ഈ പരാമര്‍ശങ്ങള്‍ മലപ്പുറത്തെ കുറിച്ചുള്ള പൊതുബോധത്തെ അരക്കിട്ടുപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ആറാം തമ്പുരാന്‍ മുതല്‍ (നാടന്‍ ബോംബാണേല്‍ മലപ്പുറത്തെ പിള്ളാരോട് പറഞ്ഞാല്‍ മതി, സാധനം കിട്ടും) മലപ്പുറത്തിന്റെ വാഹന രജിസ്‌ട്രേഷന്‍ നമ്പറിന് മലയാള സിനിമയിലെ ക്രിമിനല്‍ രംഗങ്ങളില്‍ ലഭിക്കുന്ന സവിശേഷ സാന്നിദ്ധ്യം വരെ ഈ പൊതുബോധത്തില്‍ നിന്ന് ബോധപൂര്‍വ്വമായി തന്നെ രൂപപ്പെടുന്നതും, പൊതുബോധത്തെ ഉറപ്പിക്കുന്നതുമാണെന്ന വിമര്‍ശം പലരും ഉന്നയിച്ചിട്ടുണ്ട്.
സിനിമയേക്കാള്‍ മലപ്പുറത്തെ കുറിച്ചുള്ള ബോധത്തെ നിര്‍മ്മിക്കുന്നതില്‍ മാധ്യമങ്ങള്‍ പങ്ക് വഹിച്ചിട്ടുണ്ട്. സമീപകാലങ്ങളില്‍ മലപ്പുറത്തെ കേന്ദ്രമാക്കി നടന്ന വാര്‍ത്തകളെയും അഭിപ്രായ പ്രകടനങ്ങളെയുമാണ് ഇവിടെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത്.
ഏതാനും മലയാളി മുസ്ലീം ചെറുപ്പക്കാരുടെ പാലായനവുമായി ബന്ധപ്പെട്ട് ഭീതിജനിപ്പിക്കുന്ന അസത്യങ്ങളുംഅര്‍ദ്ധസത്യങ്ങളും ചേര്‍ത്ത് വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്ന മാധ്യമങ്ങള്‍ മുസ്ലീം തീവ്രവാദ വാര്‍ത്തകളില്‍ കാണിക്കുന്ന പതിവ് ഉത്സാഹത്തിന് ഒട്ടും കുറവ് വരുത്തിയില്ല. സെന്‍സേഷണല്‍ കഥാരചനയില്‍ പതിവ് പോലെ മാതൃഭൂമി തന്നെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. ജന്മഭൂമിയും കേരളകൗമുദിയും മംഗളവും ഏഷ്യാനെറ്റുമെല്ലാം ഏറെ പണിപ്പെട്ട് മത്സരിച്ചിട്ടും ഏറെ പിന്നിലായി പോകുന്ന പ്രചാരണത്തില്‍ മാതൃഭൂമിയുടെ റിപ്പോര്‍ട്ടര്‍മാര്‍ തന്നെ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. ആര്‍ക്കും തകര്‍ക്കാനാകാത്ത ഒന്നാം സ്ഥാനം നേടിയ റിപ്പോര്‍ട്ട് മാത്രമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ‘പ്രണയബന്ധങ്ങളിലൂടെയുള്ള മതംമാറ്റം വഴിയാണ് ഐഎസിലേക്ക് ഉതരമതസ്ഥരെ റിക്രൂട്ട് ചെയ്യുന്നതെന്നായിരുന്നു’ മാതൃഭൂമിയുടെ പ്രധാന കഥാതന്തു. പണ്ട് പരാജയപ്പെട്ടുപോയെ ലൗജിഹാദ് പ്രചാരണത്തിന്റെ പുതിയ വേര്‍ഷന്‍. ഒടുവില്‍ അവയെ മലപ്പുറത്തേക്ക് എത്തിച്ച വഴിയാണ് രസകരം. ജൂലൈ പന്ത്രണ്ടിലെ വാര്‍ത്തയിലെ വരിയിങ്ങനെ. ‘കേരളത്തിലെ മലപ്പുറമുള്‍പ്പെടെയുള്ള ഏതാനും ജില്ലകളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേരോട്ടമുണ്ടെന്ന് നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കിയിരുന്നു. മലപ്പുറത്തിന്റെ സമീപ ജില്ലകളില്‍ നിന്നാണ് ഐ. എസ് ബന്ധം സംശയിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത് എന്നത് കൊണ്ടു തന്നെ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ രഹസ്യാന്വേഷണ വിഭാഗം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ‘പ്രത്യേക സാഹചര്യത്താല്‍ രഹസ്യന്വേഷണ വിഭാഗത്തിന്റെ അടിയന്തിരയോഗം മലപ്പുറത്ത്’, എന്നിങ്ങനെ പോവുന്ന മാതൃഭൂമിയുടെ പ്രത്യേകതകള്‍. കാസര്‍കോഡ് മുതല്‍ എറണാകുളവും ആലപ്പുഴയും വരെ നീണ്ടുനിവര്‍ന്നു മാതൃഭൂമി തന്നെ നിരത്തുന്ന ഐ എസ് വാര്‍ത്തകളെ ഒരു സംഭവം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സന്ദര്‍ഭത്തില്‍ പോലും മലപ്പുറത്തോട് ചേര്‍ക്കുന്നതില്‍ കാണിച്ച അതിബുദ്ധി മതി മ ാതൃഭൂമി പത്രത്തോടൊപ്പം പ്രചരിക്കുന്ന സംസ്‌കാരം മനസ്സലാക്കാന്‍. ലൗജിഹാദ് പ്രചരണം പോലെ തന്നെ മതപരിവര്‍ത്തനത്തെ വിശേഷിച്ചും ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനങ്ങളെ സംശയദൃഷ്ടിയിലാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തം. കൂടെ മുസ്ലീം ഭൂരിപക്ഷ യുവാക്കളുടെയും യുവതികളുടെയും ബന്ധുക്കള്‍ നല്കുന്ന പരാതികളിലും ഹേബിയസ് കോര്‍പ്പസ് ഹരജികളിലുമെല്ലാം ഐ എസ് ബന്ധം പ്രത്യേക സംശയിക്കുന്നത് ഇത്തരം പത്രവാര്‍ത്തകള്‍ ജനിപ്പിക്കുന്ന ഭീതിയില്‍ നിന്ന് കൂടിയാണ് രൂപപ്പെടുന്നത്.
എറണാകുളത്ത് ജീവിക്കുന്ന ഇസ്ലാം സ്വീകരിച്ച ആയിശ എന്ന യുവതിയെ കാണാനില്ല എന്ന പേരില്‍ മനോരമയും കേരള കൗമുദിയും ജന്മഭൂമിയും (ജൂലൈ 13 ലെ വര്‍ത്തകള്‍ നോക്കൂക) അടക്കമുള്ള മാധ്യമങ്ങള്‍ അവര്‍ ഐ. എസില്‍ ചേര്‍ന്നുവെന്നടക്കമുള്ള വലിയ വെണ്ടക്കകളാണ് പടച്ച് വിട്ടത്. ഒടുവില്‍ മാധ്യമങ്ങളുടെ വ്യാജപ്രജചരണത്തിനെതിരെ യുവതി തന്നെ രംഗത്ത് വന്നു. തന്നെ ജീവിക്കാനനുവദിക്കണമെന്നായിരുന്നു അവരുടെ ഏക ആവശ്യം. ആലപ്പുഴ ജില്ലയിലെ പ്രവാസി കുടുംബത്തിലെ ഇസ്ലാം മതം സ്വീകരിച്ച ശേഷം നാട്ടിലെത്തിയപ്പോള്‍ പിതാവ് നാട്ടിലേക്കയച്ച പരാതിയില്‍ പറയുന്നത് മലപ്പുറത്തെ സുഹൃത്തുക്കളോടൊപ്പമാണ് പോയതെന്നും മകന് ഐഎസ് ബന്ധം സംശയിക്കുന്നുവെന്നുമാണ്. മലയാളിയുടെ പാലായനവുമായി ബന്ധപ്പെട്ട് യു.എ.പി. എ നിയമപ്രകാരം അറസ്റ്റ്‌ചെയ്തിരിക്കുന്നതും മതപരിവര്‍ത്തനത്തിന് സഹായിച്ചവരെയാണ്. കാണാതായവരില്‍ ചിലരുടെ ബന്ധുക്കള്‍ക്ക് മാത്രം മാധ്യമങ്ങളും അന്വേഷണ ഉദ്യോഗസ്ഥരും നല്‍കുന്ന പ്രിവിലേജും ശ്രദ്ധേയമാണ്. മതപ്രചാരണത്തിനും മതപരിവര്‍ത്തനത്തിനും ഭരണഘടന പ്രകാരം സ്വാതന്ത്ര്യമുള്ള നാട്ടിലാണ് ഇത്തരം അപസര്‍പ്പക കഥകള്‍ മെനയുകയും അതില്‍ മലപ്പുറം ജില്ലയെ ചേര്‍ത്തുവയ്ക്കുകയും ചെയ്യുന്നത് മുസ്ലീം വിരുദ്ധ പ്രചാരണത്തെ കൊഴുപ്പിക്കാനാണ്. ലൗജിഹാദ് പ്രചാരണത്തിലെന്ന പോലെ മതപരിവര്‍ത്തനവും പ്രണയവുമെല്ലാം ബന്ധപ്പെടുത്താനും ഇസ്ലാം മതത്തിലേക്കുള്ള പരിവര്‍ത്തനങ്ങളെ നിഗൂഢത ആരോപിക്കാനുമാണ് മാധ്യമങ്ങളിലെവിടെയും ശ്രമിക്കുന്നത്. മലയാളികള്‍ ഐ. എസില്‍ ചേര്‍ന്നതായുള്ള പ്രചരണങ്ങള്‍ക്ക് ഒരു തെളിവ് ലഭിക്കാതിരിക്കുകയും അവര്‍ പോയത് മറ്റു പലയിടങ്ങളിലേക്കുമാണെന്ന് പുറത്ത് വരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും ഈ പ്രചാരണം തുടരുകയാണ്, ദമ്മാജ് സലഫിസവുമായി ബന്ധമുള്ള ആശയ ധാരയെ തന്നെ ഐ എസുമായി ബന്ധപ്പെടുത്തുന്ന പുതിയ കഥകള്‍ മെനയാനാണ് മാധ്യമങ്ങള്‍ മുതിരുന്നത്, ലൗജിഹാദ്, പച്ചബോര്‍ഡ്, ലൈറ്റര്‍ ബോംബ് വാര്‍ത്തകളിലുമെല്ലാം മാതൃഭൂമിയും മനോരമയും മംഗളവും കേരളകൗമുദിയുമെല്ലാം അനുവര്‍ത്തിച്ച മുസ്ലീം വിരുദ്ധ പ്രചരണം തന്നെയാണ് ഇവിടെയും തുടരുന്നതെന്ന് കാണാം.
മലപ്പുറത്തെക്കുറിച്ചുള്ള പ്രചാരണം യാദൃശ്ചികമല്ലെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ മലപ്പുറം കേന്ദ്രമാക്കി നടന്ന ചില പ്രചാരണങ്ങളെ ഉദാഹരണമായെടുക്കാം. സംസ്ഥാനത്ത് മിക്ക ജില്ലകളിലും പുതുതായി സ്ഥാപിക്കുന്ന പച്ചബോര്‍ഡുകളിലൊന്ന് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലെ ഒരു സ്‌കൂളില്‍ നിന്ന് ‘കണ്ടെത്തി’ വാര്‍ത്തയാക്കിയത് മനോരമ ചാനലാണ്. മുന്‍പ് പച്ചക്കോട്ട് വിവാദം സൃഷ്ടിച്ചെടുക്കുന്നത് മലപ്പുറം ജില്ലയെ കേന്ദ്രീകരിച്ചായിരുന്നു.(പച്ച വിരോധത്തിന്റെ രാഷ്ട്രീയം ജി.പി. രാമചന്ദ്രന്‍ അദ്ദേഹത്തിന്റെ ‘പച്ചബ്ലൗസ്’ എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.) കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മലപ്പുറത്തടക്കം, മലബാറിലെ പ്ലസ്ടൂ സീറ്റുകളുടെ വലിയ തോതിലുള്ള അപര്യാപ്തത പരിഹരിക്കാന്‍ പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിക്കാന്‍ പി.കെ അബ്ദുറബ്ബിന്റെ വിദ്യാഭ്യാസ വകുപ്പ്ശ്രമിച്ചപ്പോള്‍ അതിനെതിരെ കണക്കുകളെ തെറ്റായി വ്യാഖ്യാനിച്ചും യഥാര്‍ത്ഥ കണക്കുകള്‍ മറച്ചു പിടിച്ചും മലപ്പുറത്തടക്കം പ്ലസ്ടു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് മാതൃഭൂമി മുഖപ്രസംഗംതന്നെ എഴുതി കളഞ്ഞു. വിദ്യാഭ്യാസ അവസരങ്ങളുടെ കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ പിന്നോക്കം നില്‍ക്കുന്ന, പട്ടിക ജാതി-പട്ടികവര്‍ഗ്ഗ പിന്നോക്ക ന്യൂനപക്ഷങ്ങളും കൂടുതലുള്ള മലപ്പുറം ജില്ലക്കനുവദിച്ച ഇഫ്‌ലൂ ക്യാമ്പസിനെതിരായി പ്രചാരണത്തിലും മാധ്യമങ്ങള്‍ അവരുടെ പങ്ക് ഭംഗിയായി നിര്‍വഹിച്ചു. ജില്ലാ രൂപീകരണ സമയത്തെ കുപ്രചാരണങ്ങളെ അനുസ്മരിപ്പിക്കും വിധംകുട്ടിപാക്കിസ്ഥാന്‍ വാദം വരെ ഉന്നയിച്ചു കളഞ്ഞു പലരും. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയുടെ, ദരിദ്ര്യത്തിന്റെകണക്കില്‍ ഒന്നാമതും പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ പിന്നിലും നില്‍ക്കുന്ന ജില്ലയുടെ വിദ്യാഭ്യാസ, സാമൂഹിക, ആരോഗ്യ, മേഖലയിലെല്ലാം തന്നെ ദേശീയ ശരാശരിയേക്കാള്‍ പിന്നില്‍ നില്‍ക്കുന്ന ജില്ലയുടെ വികസന ചര്‍ച്ചകളെ പോലും വര്‍ഗീയവത്കരിക്കാനാണ് മാധ്യമങ്ങള്‍ ശ്രദ്ധിച്ചു പോരുന്നത്. ഭൂമിശാസ്ത്രപരമായും ജനസംഖ്യാപരമായും ലഭിക്കേണ്ട വിഭവ വിതരണത്തിന്റെ കാര്യത്തില്‍ ഐക്യ കേരളത്തിന്റെ രൂപീകരണ കാലം മുതല്‍ വിവേചനത്തിനിരയാകുന്ന ജില്ലക്ക് അര്‍ഹതപ്പെട്ട ബജറ്റ് വിഹിതം പോലും ഇപ്പോഴും ലഭിക്കാറില്ല. വികസന അസമത്വം പരിഹരിക്കാന്‍ ജില്ല വിഭജിക്കണമെന്ന ആവശ്യത്തെ പോലും വര്‍ഗീയ പ്രചാരണത്തിലൂടെ തടയുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല.
ഏറ്റവുമൊടുവില്‍ ഡിഫ്തീരിയ അടക്കമുള്ള പകര്‍ച്ചാവ്യാധികള്‍ മലപ്പുറത്ത് പടര്‍ന്ന് പിടിക്കുന്നുവെന്ന മാധ്യമ വാര്‍ത്തകളും ഈ ലൈന്‍ തുടരുന്നതായി കാണാം. നേരത്തെ സൂചിപ്പിച്ചത് പോലെ ആരോഗ്യ സംവിധാനങ്ങളുടെ കാര്യത്തില്‍ വികസന വിവേചനം നേരിടുന്ന ജില്ലയാണ് മലപ്പുറം. പി.എച്ച്.സികള്‍ മുതല്‍ ജില്ലാ ആശുപത്രി ഏറ്റെടുത്ത് സ്ഥാപിച്ച് മെഡിക്കല്‍ കോളേജിനോട് വരെ ഈ വിവേചനം തുടരുന്നുണ്ട്. കിടത്തി ചികിത്സ സംവിധാനങ്ങള്‍, ആശുപത്രികളുടെ എണ്ണം, മരുന്നിന്റെ ലഭ്യത, ഡോക്ടര്‍മാരുടെ ലഭ്യത തുടങ്ങി ആംബുലന്‍സിന്റെ എണ്ണത്തില്‍ വരെ വലിയ അപര്യാപ്തതയും വിവേചനവും ജില്ല നേരിടുന്നുണ്ട്. സ്വാഭാവികമായും ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയില്‍ ആവശ്യമായി ആരോഗ്യ സംവിധാനങ്ങള്‍ കൂടി ഇല്ലാതിരുന്നാല്‍ രോഗപ്രതിരോധം അസാധ്യമായി തീരും. അതൊന്നും പരിഹരിക്കാന്‍ ശ്രമിക്കാതെ വാക്‌സിന്‍ വിരോധം കാരണമാണ് രോഗങ്ങളുണ്ടാവുന്നതെന്ന പ്രചാരണത്തിന്റെ രാഷ്ട്രീയത്തെയും സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്.
വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ നാട്ടില്‍ നടക്കുന്നുണ്ട്. അലോപ്പതി ഒഴികെയുള്ള വൈദ്യശാസ്ത്രമേഖലകളില്‍ നിന്നടക്കം വാക്‌സിനേഷനെതിരെ വലിയ വിമര്‍ശനങ്ങള്‍ ലോകത്ത് നിലനില്‍ക്കുന്നുണ്ട്. നിരവധി ശാസ്ത്രജ്ഞരും വൈദ്യശാസ്ത്ര വിദഗ്ദ്ധരും ധാരാളം പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുള്ള ഒരു കാര്യത്തില്‍സ വാക്‌സിന്‍ നല്‍കാന്‍ നിര്‍ബന്ധിക്കരുതെന്ന് നിയമമുള്ള നാട്ടിലാണ് മലപ്പുറത്തുകാര്‍ വലിയ എന്തോ അപരാധം ചെയ്യുന്നു എന്ന തരത്തിലുള്ള പ്രചാരണമുണ്ടായത്. ഈ പ്രാചരണവും ശത്രുപക്ഷത്ത് നിര്‍ത്തിയത് മുസ്ലീം സംഘടനകളെയും ഇസ്ലാം മത വിശ്വാസത്തെയും തന്നെയായിരുന്നു. ഈ വിഷയത്തില്‍ മാതൃഭൂമി മുഖപ്രസംഗം മുസ്ലീം സംഘടനകളെ ലക്ഷ്യമിട്ടായിരുന്നു. മുസ്ലീം സംഘടനകള്‍ തങ്ങള്‍ വാക്‌സിനെതിരല്ലെന്ന് വ്യക്തമാക്കിയ ശേഷവും ഈ പ്രചാരണം തുടര്‍ന്നു. പ്രചാരണത്തിന് കൊഴുപ്പ് കൂട്ടാന്‍ മലപ്പുറത്ത് നിന്ന് തുടരെ തുടരെ ഡിഫിതീരിയ വാര്‍ത്തകള്‍ ഒന്നാം പേജില്‍ ഇടം പിടിച്ചു.. പ്രചാരണ സമയത്ത് മാത്രമായി രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ രാഷ്ട്രീയത്തെ കുറിച്ച് ആര്‍ക്കും സംസാരിക്കാന്‍ സാധിക്കാത്ത സ്ഥിതി. വാക്‌സിന്‍ നല്‍കിയ കുട്ടികളിലടക്കം രോഗം പിടിപെടുന്നുവെന്ന വെളിച്ചം കാണാത്ത വാര്‍ത്തകള്‍ കൂട്ടി വായിച്ചാല്‍ കച്ചവട താല്പര്യം കൂടി ഈ പ്രചാരണത്തെ നയിച്ചുവെന്ന് വ്യക്തം. ഇവിടെയും കരുവാക്കപ്പെട്ടതും വേട്ടയാടപ്പെട്ടതും മലപ്പുറം ജില്ലയും മുസ്ലീം സമുദായവും. ലോകത്ത് വ്യത്യസ്ത വീക്ഷണമുള്ള ഒരു വിഷയത്തിലാണ് വിയോജിപ്പുകളെ മതാന്ധതയായി ചിത്രീകരിച്ച് ഒരു ദേശത്തെയാകെ വേട്ടയാടിയത്.
ചുരുക്കത്തില്‍ മലപ്പുറത്തെക്കുറിച്ചുള്ള അതിശയ വെണ്ടക്കകളുടെയും മാധ്യമ വ്യാജങ്ങളുടെയും ഉറവിടം മുസ്ലീം വിരുദ്ധതയുടെയും ഇസ്ലാം ഭീതിയുടെയും തുടര്‍ച്ചയാണെന്ന് കാണാം. ഒരു വശത്ത് ജില്ലയുടെ വികസനത്തെ എതിര്‍ക്കുകയും മറുവശത്ത് അപസര്‍പ്പക കഥകള്‍ മെനഞ്ഞ് ജില്ലക്ക് ഭീകരപരിവേശം നല്‍കുകയും ചെയ്യുന്ന മാധ്യമ ശ്രമങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ഈ അതിശയ വെണ്ടക്കകളുടെ ചിലവിലാണ് റമദാന്‍ മാസത്തില്‍ മലപ്പുറത്ത് നാരാങ്ങാസോഡാ പോലും ലഭിക്കുന്നതെന്ന പ്രചാരണം വിറ്റഴിഞ്ഞുപോകുന്നത്. വര്‍ഗ്ഗീയ കലാപങ്ങളോ കലഹങ്ങളോ ഒട്ടും തന്നെയില്ലാത്ത മലപ്പുറത്തെ ഹിന്ദുക്കള്‍ പിഢീപ്പിക്കപ്പെടുന്നുവെന്ന് വ്യാജം ദേശീയ ചാനലുകളില്‍ അടക്കം പതിവായി വിളമ്പി വിശ്വസിപ്പിച്ചെടുക്കാന്‍ സുബ്രഹ്മണ്യ സ്വാമിക്ക് എളുപ്പം സാധിക്കുന്നതും ഈ പ്രചാരണങ്ങളുടെ ചിലവിലാണ്. സംസ്ഥാന ബജറ്റില്‍ നിന്ന് ഒന്നും ലഭിക്കാറില്ലെങ്കിലും സംസ്ഥാനത്തെ ഭീകരവിരുദ്ധ കേന്ദ്രം മലപ്പുറത്തിന് സമ്മാനിക്കാന്‍ ഭരണകൂടത്തിന് രണ്ടാമതൊന്നും ആലോചിക്കേണ്ടിവരാതായി തീരുന്നു.
ഒരു മതത്തെ, സമുദായത്തെ, ദേശത്തെ, അതിന്റെ ചിഹ്നങ്ങളെ, അവിടുത്തെ മനുഷ്യരെ ഇത്തരത്തില്‍വ്യാജ പ്രചരണങ്ങളിലൂടെ അപരവത്ക്കരിച്ച് നിരന്തരമായി വേട്ടയാടുന്നത് നാടിന് എന്താണ് സമ്മാനിക്കുകയെന്ന ഗൗരവപൂര്‍ണ്ണമായ ചോദ്യം ജനാധിപത്യവാദികളെ അലോസരപ്പെടുത്തേണ്ട സന്ദര്‍ഭമാണിത്.