സവര്‍ണതയുടെ നിറമേത്? : ലിബറല്‍ ജാതി വിരുദ്ധ വ്യവഹാരങ്ങളും ആവിഷ്കാരങ്ങളും

ഒരു ‘ഇടതുപക്ഷ’ ഇടത്താണ് ഈ പ്രതിസന്ധികള്‍ കൂടുതല്‍ വെളിവാകുന്നത്. വര്‍ഗം/ ആഗോളവത്കരണം/ സാമ്പത്തിക ചൂഷണം/സാമ്രാജ്യത്വം തുടങ്ങിയ ഇടതു ഭാഷയില്‍ രചിച്ചിരുന്ന ഇടതു പുരോഗമന സവര്‍ണ്ണ മധ്യ വര്‍ഗ്ഗത്തെ സംബന്ധിച്ച് കഴിഞ്ഞ ഒരു പത്തു വര്‍ഷം കൊണ്ടുണ്ടായ കീഴാള രാഷ്ട്രീയ വ്യവഹാരങ്ങളിലെ മുന്നേറ്റം അത്യന്തം പ്രതിസന്ധി ഉണ്ടാക്കി. ജാതിവിരുദ്ധ വ്യവഹാരങ്ങള്‍ സവര്‍ണ്ണ പുരോഗമനകാരികളെ പ്രതിസന്ധിയിലാക്കിയത് മൂന്നു വിധത്തിലാണ്. പ്രാധാനമായും അത് അവരുടെ ഐഡന്റിറ്റിയും സവിശേഷ ജാതി ആനുകൂല്യങ്ങളേയും മറയ്ക്കാന്‍ കഴിയാത്ത കുരുക്കിലാക്കി. ഒരേ സമയം ലോകത്തെ എല്ലാ വിവേചനങ്ങളേയും ചൂഷണങ്ങളേയും എതിര്‍ക്കുന്ന ഒരു ”വിപ്ലവകാരി” പരിവേഷത്തെ അത് ഉലച്ചു. ഒരേ സമയം സവര്‍ണ്ണാനുകൂല്യങ്ങള്‍ അനുഭവിക്കുന്നവരാണ് എന്ന ബോധവും വിപ്ലവവും തമ്മിലുള്ള പൊരുത്തക്കേട് എങ്ങനെ മറികടക്കാമെന്നായിരുന്നു പ്രശ്‌നം. അതിനു ഒന്നുകില്‍ ‘ഞങ്ങള്‍ ഞങ്ങളുടെ ജാതിയില്‍ പെട്ടവരെ പോലെയല്ല വ്യത്യസ്തരാണ്’ എന്നോ അല്ലെങ്കില്‍ കുറ്റബോധത്തിന്റെ തലത്തിലോ ഉള്ള ഇടപെടല്‍ നടത്താനാണ് പല പുരോഗമന ലിബറലുകളും ചെയ്യുന്നത്.

ഏനുണ്ടോടി അമ്പിളി ചന്തം?/’ (സെല്ലുലോയിഡ് (2013) ലെ ഗാനം)

കമല്‍ സംവിധാനം ചെയ്ത ‘സെല്ലുലോയിഡ് (2013) എന്ന സിനിമയിലെ ഏനുണ്ടോടി അമ്പിളി ചന്തം’എന്ന ഗാനം സിനിമയില്‍ വരുന്നത് പി. കെ റോസിക്ക് മലയാളത്തിലെ ആദ്യ നായികയാകാന്‍ ക്ഷണിക്കപ്പെട്ടപ്പോഴുള്ള മാനസികാവസ്ഥയെ പ്രേക്ഷകര്‍ക്ക് മനസ്സിലായോ എന്നുറപ്പിക്കാനാവണം. ‘ആദ്യ നായിക’ എന്നത് തന്നെ സിനിമാചരിത്രത്തിന്റെ മറ്റൊരു ഘട്ടത്തിലിരുന്നു ആലോചിക്കുന്ന ഒരുകാര്യമാണ്. അന്നത്തെ സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ സിനിമയ്ക്ക് പറ്റിയ സൗന്ദര്യം തനിക്കുണ്ടോ എന്ന് ആശങ്കപ്പെടുന്നുവെന്ന ആലോചന വിചിത്രം തന്നെ. മലയാള സിനിമയുടെ സാങ്കേതികമായ വികാസം, കാലഘട്ടങ്ങളിലെ പ്രേക്ഷകാത്വങ്ങളുടെ നിര്‍മിതി എന്നിവയടക്കമുള്ള ചരിത്രപരമായ മാറ്റങ്ങളിലൂടെയാണല്ലോ സൗന്ദര്യ സങ്കല്പങ്ങള്‍ നിര്‍മിക്കപ്പെട്ടത്. ”വെളുപ്പ്” എന്നത് സൗന്ദര്യത്തിന്റെ അളവുകോലായി, അടയാളമായി മലയാള സിനിമയില്‍ നിര്‍മിക്കപ്പെട്ടതിനു ഒരു ചരിത്രമുണ്ടാവുമല്ലോ. നായികമാരേയും നായകന്മാരേയുമൊക്കെ ‘വെളുത്ത’ നിറമുള്ളവരെ തെരഞ്ഞെടുക്കുന്ന കമല്‍ അടക്കമുള്ള സംവിധായകര്‍ക്ക്‌ എങ്ങനെയാണ് പി. കെ. റോസിയുടെ മനസ്സില്‍ ഇത്തരം ഒരു ആശങ്കയുണ്ട് എന്നു സ്ഥാപിക്കാന്‍ കഴിയുന്നത്?
ഇവിടെ പറയാന്‍ ശ്രമിച്ചത് ”കറുപ്പ്” ”വെളുപ്പ്” എന്നിവയെ സംബന്ധിച്ച വ്യവഹാരങ്ങളുടെ നിര്‍മ്മിതി ഒട്ടേറെ ഘടകങ്ങളെയും ചരിത്ര സന്ദര്‍ഭങ്ങളെയും ആശ്രയിച്ചതാണ് എന്നതാണ്. സിനിമ ഭാഷ, ഫോട്ടോഗ്രാഫി, പാഠപുസ്തകങ്ങള്‍, ചിത്രകഥകള്‍, പോലീസ് വ്യവഹാരങ്ങള്‍, പരസ്യങ്ങള്‍ തുടങ്ങി ഒട്ടേറെ ആധുനിക വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടാണ് ”കറുപ്പ്/വെളുപ്പ്” എന്ന സങ്കല്‍പ്പങ്ങളും സൗന്ദര്യ മാനദണ്ഡങ്ങളുമുണ്ടാകുന്നത്. അതുകൊണ്ടുതന്നെ വളരെ സങ്കീര്‍ണ്ണമായ സാംസ്‌കാരിക ഇടപാടുകള്‍ക്കുള്ളിലാണ് ഇവയുടെ പ്രശ്‌നങ്ങളെ അന്വേഷിക്കേണ്ടത്. ”വെളുത്ത/കറുത്ത” വര്‍ഗ്ഗങ്ങളുടെ നിര്‍മ്മിതിയെ കുറിച്ച് ധാരാളം പഠനങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഒരു ചോദ്യം നിലനില്‍ക്കുന്നു. ”വെളുപ്പ്/കറുപ്പ്” എന്ന ദ്വന്ദം എന്ന് മുതലാണ് /എങ്ങനെയാണ് ജാതിയുടെ വ്യവഹാരത്തിന്റെ ഭാഗമായത്? അത് വളരെ ആഴത്തില്‍ മനസ്സിലാക്കേണ്ട ഒന്നാണ്. പക്ഷേ, ഒരു കാര്യമുറപ്പ്. അത് ജാതി വ്യവസ്ഥയുടെ മുന്‍കാലത്തെ രൂപങ്ങളുമായി മാത്രം ബന്ധപ്പെട്ടു നില്‍ക്കുന്ന ഒന്നല്ല, മറിച്ച് ആധുനികമായ ഒരു നിര്‍മിതി കൂടിയാണ്. വര്‍ണ്ണത്തെ കുറിച്ചുള്ള ആധുനിക /കൊളോണിയല്‍ /കൊളോണിയാനന്തര വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ് എന്നാതാണത്.
സമീപകാലത്ത് പൊടുന്നനെ ഉണ്ടായ ”കറുപ്പിന്റെ” ദൃശ്യതയെ കുറിച്ച് ആലോചിക്കുവാനാണ് ഈ കുറിപ്പിലൂടെ ശ്രമിക്കുന്നത്. പ്രത്യേകിച്ചും പി. എസ് ജയ എന്ന ചിത്രകാരി സ്വന്തം ശരീരത്തില്‍ കറുപ്പ് ചായം പൂശി നടത്തിയ പ്രകടനവുമായി ബന്ധപ്പെട്ടുയര്‍ന്നു വന്ന ചര്‍ച്ചകളോടുള്ള ഇടപെടലാണ് ഉദ്ദേശിക്കുന്നത്.

”സമരമല്ല ഇത് വര്‍ക്ക് ഓഫ് ആര്‍ട്ടാണ്” പി. എസ് ജയ (മാതൃഭൂമി ചാനല്‍ അഭിമുഖം)

പി. എസ്. ജയയുടെ ‘കലാപ്രതിഷേധം’ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടു. ദലിത് സമൂദായ വൃത്തങ്ങളില്‍ നിന്നുമടക്കം ശക്തമായ പ്രതികരണങ്ങള്‍ തന്നെയുണ്ടായി. പി. എസ്. ജയ എന്ത് കൊണ്ട് ”കറുപ്പ്” തെരഞ്ഞെടുത്തു എന്നത് മുതല്‍ തന്നെ ചര്‍ച്ചചെയ്യേണ്ടതുണ്ട് എന്നാണു എനിക്ക് തോന്നുന്നത്. ഒരു പ്രശ്‌നം എന്ന നിലയില്‍ അല്ലെങ്കില്‍ സമൂഹത്തില്‍ തെളിഞ്ഞുനിലനില്‍ക്കുന്ന ഒരു പ്രശ്‌നം എന്ന നിലയില്‍, എന്ത് കൊണ്ട് കറുപ്പിനെ മാത്രം കാണുന്നു? കറുപ്പ് ഈ രീതിയില്‍ ഒരു പ്രത്യേകതയായി കാണുന്നതിലൂടെ, ഒരിക്കലും ഒരു പ്രത്യേകതയായി അല്ലെങ്കില്‍ എടുത്തു കാണിക്കുന്ന ഒന്നായി പ്രകടിപ്പിക്കാതെ ”സ്വാഭാവികം” എന്ന പേരില്‍ നിലനില്‍ക്കുന്ന ”വെളുപ്പിനെ” കാണാതെ പോകുന്നു? വെളുപ്പിന്റെ ഈ ഒരു ”സ്വാഭാവികമായ” സാന്നിദ്ധ്യത്തിലേക്കല്ലേ ശ്രദ്ധ തിരിയേണ്ടത്? വെളുപ്പ് ഒരു തരത്തില്‍ ”അദൃശ്യം” ആയി നിലനില്ക്കുന്നതെങ്ങനെ എന്ന് അന്വേഷിക്കേണ്ടതുണ്ട്.
ജയയുടെ പ്രതിഷേധം പ്രത്യേകമായി അടയാളപ്പെടുത്തുന്നത് ‘കറുപ്പിനെയാണ്’. കറുപ്പിനെ ദലിത് ജീവിത അനുഭവമായി വളരെ എളുപ്പത്തില്‍ ബന്ധപ്പെടുത്തുന്നുമുണ്ട്. ദലിത് എന്നതിന് ഒരു പര്യായ പദം പോലെ കറുപ്പിനെ ഉപയോഗിക്കുന്ന യുക്തിയെ ദലിത് പക്ഷത്തു നിന്ന് ചോദ്യം ചെയ്യപ്പെട്ടു. കറുപ്പിനെ ഒരു ദുരനുഭവം ഇല്ലെങ്കില്‍ വിധി എന്ന നിലയിലാണ് ജയയുടെ അനുഭവ വിവരണങ്ങള്‍ കാണുന്നത്. ഇതില്‍ രണ്ടു പ്രശ്‌നങ്ങളുണ്ട്. ഒന്ന്. കറുത്ത ശരീരങ്ങള്‍ ഉള്ളവര്‍ക്ക് ദുരനുഭവങ്ങള്‍ മാത്രമേയുള്ളൂ എന്ന ധാരണയുണ്ടാക്കുന്നു. ഈ ഒരു നിറത്തിന്റെ അനുഭവങ്ങളോട് പല രീതിയില്‍ ഇടപെട്ടു കൊണ്ടാണ് പലരുംജീവിക്കുന്നത് എന്നത് മറന്നു പോകുന്നു. ഒപ്പം എല്ലാ സമയത്തും കറുത്ത നിറമുള്ളവരെ അലട്ടി കൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമായി സ്വന്തം നിറം നില്‍ക്കുന്നു എന്ന മുന്‍വിധി ഇതിനുണ്ട് എന്നതാണ്. എല്ലാ സമയത്തും ഉള്ളില്‍ ഈ ഒരു ബോധവുമായി നടക്കുകയാണോ കറുത്ത നിറമുള്ളവര്‍? അല്ല എന്നാണ് എനിക്കു തോന്നുന്നത്. കറുപ്പ് നിറം ഒരു പ്രശ്‌നമായി നിലവില്‍ കൊണ്ടുവരുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോഴാണ് ഈ ബോധമുണ്ടാകുന്നത്. അല്ലാതെ എപ്പോഴും അതിനെ കുറിച്ച് ആശങ്കപ്പെട്ട് നടക്കുന്നവരാണെന്നു പറയാന്‍ കഴിയില്ല. രണ്ടാമതായി കറുപ്പ് ഈ നിലയ്ക്ക് ഒരു വലിയ പ്രശ്‌നമാക്കുന്നതിലൂടെ ‘വെളുപ്പ്’ എന്നതിന്റെ സാമൂഹ്യസൃഷ്ടി/ വ്യാവഹാരികമായ സൃഷ്ടി എന്നതിനെ അത് അഭിസംബോധന ചെയ്യുന്നില്ല എന്നതാണ്.
അമേരിക്കയിലും യൂറോപ്പിലുമുള്ള വര്‍ണ്ണ വെറി/വംശീയത എന്നിവയുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ”വെളുത്ത വര്‍ണ്ണ”ത്തിന്റെ നിര്‍മ്മിതിയെ കുറിച്ചുള്ള പഠനങ്ങള്‍ (വൈറ്റ് സ്റ്റഡീസ്). വെളുത്ത വര്‍ഗ്ഗക്കാരുടെ പ്രിവിലേജ്, ആധുനിക വെളുത്ത ഐഡന്റിറ്റികള്‍ എങ്ങനെയാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് എന്നിവയെ കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട്. വര്‍ണ്ണം/വംശം എന്നിവയുമായി ബന്ധപ്പെട്ട് മറ്റെല്ലാ സാമൂഹ്യ ഗണങ്ങളെയും അപരരായി നര്‍മ്മിക്കുമ്പോഴും ‘വെളുപ്പ്’ മാത്രമെങ്ങനെ സ്വാഭാവികമായതും സംസാരിക്കപ്പെടാത്ത ഒന്നായി നിലനില്‍ക്കുന്നു എന്നുള്ള അന്വേഷണങ്ങള്‍ ഇവ മുന്നോട്ടു വെക്കുന്നു. ഇതേ പോലെ ഇന്ത്യന്‍ ഭൂഖണ്ഡത്തില്‍ ഒരു സ്വാഭാവികതയായി നിലനില്‍ക്കുന്ന ജാതി/നിറം എന്നിവയുമായി ബന്ധപ്പെട്ട പ്രവിലേജുകളെ കൂടുതല്‍ വെളിവാക്കേണ്ടതുണ്ട്. സംവരണ വിരുദ്ധ വ്യവഹാരങ്ങളുടെ ചുവടു പിടിച്ചു സവര്‍ണ്ണ സമുദായങ്ങള്‍ ”ജനറല്‍ കാറ്റഗറിയായി” അവകാശപ്പെടുന്നത് കാണാം. പട്ടികജാതി/പട്ടികവര്‍ഗ്ഗം എന്നതിനെ ആണ് ഒരു പ്രത്യേകതയായി കാണുന്നത്. ജാതി അടയാളം ഇല്ലാത്തവരായി സ്വയം അവകാശപ്പെടുന്ന സവര്‍ണ്ണ വിഭാഗങ്ങളില്‍ ഇതിനോടൊപ്പം സവര്‍ണ്ണരുടെ സവിശേഷ സാമൂഹികാനുകൂല്യങ്ങളെ മറച്ചു വെക്കുന്നു എന്നത് ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ഇതേ നിലയ്ക്ക് തന്നെയാണ് വെളുത്ത നിറത്തിന്റെ കാര്യവും വരുന്നത്.

_______________________________________
ദലിതര്‍ തങ്ങളില്‍ നിന്നും വ്യത്യസ്തമായി രൂപവും നിറവും ഉള്ളവരാണെന്ന ഒരു അപരത്വത്തിന്റെ നിര്‍മ്മിതിയിലൂടെ സവര്‍ണ്ണ ജാതികള്‍ വെളുത്തവരും സൗന്ദര്യമുള്ളവരും മനുഷ്യരൂപത്തെ കുറിച്ചുള്ള സ്റ്റാന്‍ഡേര്‍ഡിനു അടുത്തെത്തിയവരാണെന്നും സ്ഥാപിക്കുന്നു. പൊതുവായ നിറം വെളുപ്പാണെന്നോ അതില്‍ നിന്നുള്ള വ്യതിയാനങ്ങള്‍ കുറവോ ആധിക്യമോ ഒക്കെയായി കറുപ്പിനെ കാണുന്നു. പി. എസ്. ജയ തന്നെ സ്വന്തം ശരീരത്തില്‍ കറുപ്പ് പൂശുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്. വെളുത്ത സ്വാഭാവികമായ ഒരുശരീരത്തില്‍ കറുപ്പ് അധികമായി തേക്കേണ്ടി വരുന്നു. സാധാരണ വെളുത്ത നിറമുള്ളവരോട് ‘നീയങ്ങു കറുത്തുപോയല്ലോ’ എന്ന് പറയുന്നത് തന്നെ ഈ സ്വാഭാവികമായ നിറം കുറഞ്ഞല്ലോ എന്ന നിലയ്ക്കാണ്. പണ്ട് നാട്ടിലെ ഒരു നായര്‍ സ്ത്രീ മകനെ വഴക്ക് പറയുന്നത് കേട്ടതോര്‍ക്കുന്നു. വൈകുന്നേരം കളിക്കാന്‍ പോയി വൈകി വന്നെ കുട്ടിയോട് ആ സ്ത്രീ പറഞ്ഞത് ‘വെയിലു കൊണ്ട് കറുത്ത് ഒരു മാതിരി പെലപിള്ളേരെ പോലെ വന്നു നില്‍ക്കുന്നു’ എന്നാണു.
_______________________________________ 

ദലിതര്‍ തങ്ങളില്‍ നിന്നും വ്യത്യസ്തമായി രൂപവും നിറവും ഉള്ളവരാണെന്ന ഒരു അപരത്വത്തിന്റെ നിര്‍മ്മിതിയിലൂടെ സവര്‍ണ്ണ ജാതികള്‍ വെളുത്തവരും സൗന്ദര്യമുള്ളവരും മനുഷ്യരൂപത്തെ കുറിച്ചുള്ള സ്റ്റാന്‍ഡേര്‍ഡിനു അടുത്തെത്തിയവരാണെന്നും സ്ഥാപിക്കുന്നു. പൊതുവായ നിറം വെളുപ്പാണെന്നോ അതില്‍ നിന്നുള്ള വ്യതിയാനങ്ങള്‍ കുറവോ ആധിക്യമോ ഒക്കെയായി കറുപ്പിനെ കാണുന്നു. പി. എസ്. ജയ തന്നെ സ്വന്തം ശരീരത്തില്‍ കറുപ്പ് പൂശുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്. വെളുത്ത സ്വാഭാവികമായ ഒരു ശരീരത്തില്‍ കറുപ്പ് അധികമായി തേക്കേണ്ടി വരുന്നു. സാധാരണ വെളുത്ത നിറമുള്ളവരോട് ‘നീയങ്ങു കറുത്തുപോയല്ലോ’ എന്ന് പറയുന്നത് തന്നെ ഈ സ്വാഭാവികമായ നിറം കുറഞ്ഞല്ലോ എന്ന നിലയ്ക്കാണ്. പണ്ട് നാട്ടിലെ ഒരു നായര്‍ സ്ത്രീ മകനെ വഴക്ക് പറയുന്നത് കേട്ടതോര്‍ക്കുന്നു. വൈകുന്നേരം കളിക്കാന്‍ പോയി വൈകി വന്നെ കുട്ടിയോട് ആ സ്ത്രീ പറഞ്ഞത് ‘വെയിലു കൊണ്ട് കറുത്ത് ഒരു മാതിരി പെലപിള്ളേരെ പോലെ വന്നു നില്‍ക്കുന്നു’ എന്നാണു. വെളുപ്പിനെ കുറിച്ചുള്ള ഈ ആശങ്കകള്‍ ജാതിയുമായി ബന്ധപ്പെട്ടു വെളുപ്പ് നിര്‍മ്മിക്കപ്പെട്ടതിനെ സൂചിപ്പിക്കുന്നു.
ആധുനികയിടങ്ങളിലെ ജാതി പല തരത്തിലാണ്. ചില സമയങ്ങളില്‍ അത് പ്രത്യക്ഷമായ ”പരമ്പരാഗത ജാതി’ രൂപങ്ങളിലൂടെ പ്രകടമാകുമ്പോള്‍, മറ്റു സമയങ്ങളില്‍ ദൈനം ദിന ജീവിതത്തിന്റെ സ്വാഭാവികതയ്ക്കുള്ളില്‍ നിശബ്ദമായി വിവേചനം, പുറന്തള്ളല്‍, നിസ്സംഗത എന്നിവയിലൂടെ നിലനില്‍ക്കും. പലപ്പോഴും സമ്പന്നത/ വരേണ്യത എന്നത് ജാതിയായി പെട്ടെന്ന് അവകാശപ്പെടാതെ നിലനില്‍ക്കുന്നു. ഇത്തരം ഇടങ്ങളില്‍ മധ്യവര്‍ഗ്ഗ ദലിതര്‍ അതിസങ്കീര്‍ണ്ണമായ സ്വത്വപ്രതിസന്ധികളില്‍ വീര്‍പ്പുമുട്ടാറുണ്ട്. ‘നിറം’ ജാതിയെ അടയാളപ്പെടുത്തുന്ന ഒന്നായി വരാവുന്ന ഇടങ്ങളാണിവ. പലപ്പോഴും ‘ഇരുണ്ട’ നിറമുള്ള ദലിതര്‍ ഈ ‘വെളുത്ത’യിടങ്ങളില്‍ വളരെ പാടുപെട്ടായിരിക്കും പൊരുതി നില്‍ക്കുന്നത്. സിനിമയിലായാലും സമ്പത്ത്, വെളുത്ത നിറം എന്നിവ ഒരു ‘സെറ്റ്’ ആയിട്ടാണ് കാണുന്നത്. ഈ അവസരത്തില്‍ അത്രയൊന്നും പരാമര്‍ശിക്കപ്പെടാതെ പോയ ഒരു കാര്യം. ജയ കറുത്ത ചായം പൂശുക മാത്രമായിരുന്നില്ല. മറിച്ച് ‘ദളിതത്തം’ എന്ന സങ്കല്‍പത്തെ ധ്വനിപ്പിക്കാനുള്ള വസ്ത്രങ്ങളും ധരിച്ചിരുന്നു എന്നാണു തോന്നുന്നത്. കറുത്ത നിറത്തോടൊപ്പം ഒരു ‘താഴ്ന്ന’ ഒരു വര്‍ഗ്ഗത്തെ അടയാളപ്പെടുത്താനും ശമിക്കുന്നു.
സ്റ്റുവര്‍ട്ട് ഹാള്‍ ബ്രിട്ടണിലെ വര്‍ണ്ണ വിവേചനത്തെ കുറിച്ചു പറഞ്ഞത് ഇവിടെ ഓര്‍ക്കാവുന്നതാണ്. ‘കറുത്ത വര്‍ഗ്ഗ’ക്കാരെ വെറുക്കുന്നത് കൊണ്ടല്ല, ഇംഗ്ലീഷുകാര്‍ വര്‍ണ്ണവെറിയുള്ളവരാകുന്നത്. മറിച്ച് കറുത്ത വര്‍ഗ്ഗക്കാരെ കൂടാതെ അവരെന്താണ് എന്ന് അവര്‍ക്ക് അറിയില്ലെന്നത് കൊണ്ടാണ്. അത് പോലെ കേരളത്തിലെ ഈ ഇടങ്ങളില്‍ കീഴാളരും, കറുത്തവരും, വേലക്കാരും, കോളനിക്കാരും എല്ലാം വേണം ഈ സവര്‍ണ്ണ ലോകത്തിനു അവരെ തിരിച്ചറിയാന്‍. ”കറുത്ത’ നിറമുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അപ്പോള്‍ ഈ സവര്‍ണ്ണമായ/ ജാതീയമായ ‘വെളുപ്പിന്റെ’ വ്യവഹാരങ്ങള്‍ കാരണമാണ്.

‘ഇപ്പോഴത്തെ സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ മറ്റൊരു കറുത്ത കാലത്തിന്റെ തുടക്കമല്ലേയെന്ന് തോന്നുന്നു.’രാജീവ് രവി

ഈയടുത്ത കാലത്തെ രണ്ടു ഉദാഹരണങ്ങള്‍ ഭാഷയില്‍ ”കറുപ്പ് /വെളുപ്പ്” എന്നിവ എന്താണെന്നു വ്യക്തമാക്കുമെന്ന് കരുതുന്നു. ഒന്ന്, ജിഷയുടെ കൊലപാതകിയെന്ന് പോലീസ് സംശയിക്കുന്നയാളെ പോലീസ് വാഹനത്തില്‍ കറുത്ത തുണി കൊണ്ട് മുഖം മറച്ചു പോകുന്ന ഫോട്ടോയ്ക്ക് മലയാള മനോരമ കൊടുത്ത അടിക്കുറിപ്പാണ്. ‘ഉള്ളിലും കറുത്ത മുഖം’എന്നതായിരുന്നു അടിക്കുറിപ്പ്. രണ്ട്. ‘അഴിമുഖം’ എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച രാജീവ് രവിയുടെ അഭിമുഖത്തിലെ ഒരു പ്രയോഗം. ‘ഉല്‍ത്താ പഞ്ചാബി’നുണ്ടായ അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ‘ഇപ്പോഴത്തെ സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ മറ്റൊരു കറുത്ത കാലത്തിന്റെ തുടക്കമല്ലേയെന്ന് തോന്നുന്നു” എന്നാണു രാജീവ് രവി ഉത്തരം പറഞ്ഞത്. ഈ രണ്ടു ഉദാഹരണങ്ങളും വ്യക്തമാക്കുന്നത് ഭാഷയില്‍ വെളുപ്പിനേയും കറുപ്പിനേയും സംബന്ധിച്ച മൂല്യ വ്യവസ്ഥ ആഴത്തില്‍ നിലനില്‍ക്കുന്നു എന്നതാണ്. ”കുറ്റകൃത്യം” അല്ലെങ്കില്‍ ഭരണകൂടാധികാരം എന്നിവയെ ഒക്കെ സൂചിപ്പിക്കാന്‍ ”കറുപ്പ്” ഒരു ഉപമയായി വരുന്നു എന്നുള്ളതാണ്. ‘ഇരുണ്ട ഭൂഖണ്ഡം’ ‘കറുത്ത യുഗം’ തുടങ്ങിയ കൊളോണിയല്‍ ആധുനിക വ്യവഹാരങ്ങളിലെ കറുപ്പിന്റെ നിര്‍മ്മിതി പോലെ. ജയയുടെ പ്രതിഷേധം ഒരുബോധവത്കരണ യുക്തിയില്‍ നില്‍ക്കുന്നത് കൊണ്ട് ഒരു സാമൂഹ്യ നിര്‍മ്മിതി എന്ന നിലയില്‍ പരിഗണിക്കുന്നില്ല. അതുകൊണ്ട് തന്നെ ഭാഷ എങ്ങനെ ഈ ബോധത്തെ നിലനിര്‍ത്തുന്നു എന്ന് പരിശോധിക്കപ്പെടുന്നില്ല.

സിനിമയിലും, സാഹിത്യത്തിലും, സംഗീതത്തിലും, പത്രങ്ങളിലും, ഭാഷയിലും എല്ലാം ഈ വെളുപ്പ് സ്വാഭാവികമാണെന്ന നിലയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. മലയാള സിനിമയിലെ ഈ വെളുപ്പിനെ കുറിച്ച് പ്രത്യേകം പറയാതെ തന്നെ മലയാള സിനിമാ പ്രേക്ഷകര്‍ക്കറിയാം. ജാതി അഭിമാനത്തിന്റെ , ജാതി സ്വത്വത്തിന്റെ സ്വാഭാവികമായ ഒരു മാനമായി ഈ വെളുത്ത നിറം നില്‍ക്കുന്നത് കാണാം. എന്നാല്‍ ഈയടുത്ത കാലത്തെ ദലിത് പ്രതിനിധാനങ്ങള്‍ പ്രത്യക്ഷത്തില്‍ വ്യത്യസ്തത തോന്നിപ്പിക്കുന്നവയാണ്. എന്നാല്‍ അത് കണ്ടു ശീലിച്ചു വന്ന ദലിത് പ്രതിനിധാനങ്ങളെ തകിടം മറിക്കുന്നുണ്ടോ? ഇല്ലായെന്ന് എനിക്ക് തോന്നുന്നത്. പുതിയ’ദലിത് ദൃശ്യത’ ദലിതരെ കുറിച്ചുള്ള വാര്‍പ്പ് മാതൃകകളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളവ തന്നെയാണ്. പി. എസ്. ജയയുടെ പ്രകടനത്തിന്റെ വ്യവഹാരം തന്നെയാണ് ഇവയില്‍ പലതും കൈപ്പറ്റുന്നത്. ‘കമ്മട്ടിപ്പാടം’ എന്ന സിനിമയില്‍ ‘കറുത്ത് പല്ലുന്തിയ’ ദലിതര്‍ എന്ന എത്‌നോഗ്രാഫിക് മാതൃകകളെ ചായം പൂശല്‍ പോലെ തന്നെ വെളുപ്പ് നിറത്തെ/ വെളുത്ത പ്രവിലേജ് സ്വാഭാവികമാക്കി നിലനിര്‍ത്തുന്നുണ്ട്. ഇതില്‍ രസകരമായ ഒരു കാര്യം രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന സിനിമയിലെ ഒരു ‘ദലിത്’ ചിത്രീകരണം റിയലിസമായി ആയി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ ജയയുടെ കറുപ്പ് പ്രതിഷേധം ‘കലയായി’ അവകാശപ്പെടുന്നു എന്നുള്ളതാണ്. കറുപ്പ് തേച്ചു പൊതുയിടത്തല്‍ നടക്കുന്നത് (ജീവനോടെയുള്ള ഇടപെടല്‍) ‘കലയും’ എന്നാല്‍ കമ്മട്ടിപ്പാടത്തെ ദലിത് പ്രതിനിധാന സിനിമയല്ലാതെ ‘യഥാതഥം’ ആയി കാണപ്പെടുന്നു.

”ഉയര്‍ന്ന ജാതിയുടേയും വെളുത്ത നിറത്തിന്റെയും പ്രിവിലേജുകള്‍ ഇടപെടുന്ന രാഷ്ട്രീയത്തില്‍ എല്ലായ്‌പ്പോഴും ഭാരമാണ്”. ബി. അരുന്ധതി (ഫേസ്ബുക്ക് നോട്ട്)

ഈ അവസരത്തില്‍ ചിന്തിക്കേണ്ട ഒരു കാര്യം എന്ത് കൊണ്ട് ഇപ്പോള്‍ ജയയുടെ പ്രതിഷേധവും, കമ്മട്ടിപ്പാടവും ഉണ്ടാവുന്നു എന്നുള്ളതാണ്. ഇപ്പോള്‍ ശക്തമാകുന്ന ഒരു ഇടത് സവര്‍ണ്ണ ലിബറല്‍ രാഷ്ട്രീയത്തിന്റെ ഭാഗം തന്നെയാണിത് എന്നാണ് മനസ്സിലാകുന്നത്. ”ചുംബന സമരം” ”മനുഷ്യ സംഗമം”, ”അസഹിഷ്ണുതാ സംവാദങ്ങള്‍” എന്നിവയുടെ ഒക്കെ തുടര്‍ച്ചയായിരിക്കാം ഇത്. ജാതിവിരുദ്ധ വ്യവഹാരങ്ങള്‍, ലിബറല്‍ രാഷ്ട്രീയത്തിന് എതിരായ രാഷ്ട്രീയ വ്യവഹാരങ്ങള്‍ എന്നിവ സവര്‍ണ്ണ പുരോഗമന കാരികള്‍ക്ക് ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധിയാണ് ഈ ‘കലാ’ പ്രകടനങ്ങള്‍ തെളിയിക്കുന്നത്. സ്വത്വരാഷ്ട്രീയത്തിനെതിരെ പ്രതികരിക്കുമ്പോഴും സ്വന്തം ‘സ്വത്വവും’ സവിശേഷാനുകൂല്യങ്ങളും അസ്വസ്ഥരാക്കുന്നത് കൊണ്ട് തന്നെ ആ ധര്‍മ്മ സങ്കടങ്ങളാണ് പലരും പ്രകടിപ്പിക്കുന്നത്. എന്നാല്‍ പുതിയ കാലത്തെ ദലിത് ദൃശ്യത ഒരു പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കെ.പി.എ. സി നാടകങ്ങളിലും മറ്റും കണ്ടിരുന്ന കീഴാള ജാതി വാര്‍പ്പ് മാതൃകകളില്‍ ഇത് ഒതുങ്ങുന്നില്ല. ഈ കാലഘട്ടത്തില്‍ ദളിതരെ എങ്ങനെയാണ് ‘ആവിഷ്‌കരിക്കുക’ എന്ന പ്രതിസന്ധി തന്നെയാണ് പി. എസ് ജയയുടെ പ്രകടനവും, കമ്മട്ടിപ്പാടം പോലുള്ള സിനിമകളും പ്രകടിപ്പിക്കുന്നത്. അത് കൊണ്ടു തന്നെ ചില വ്യക്തികളുടെ പ്രശ്‌നമെന്നതിനപ്പുറം ഒരു ചരിത്ര മുഹൂര്‍ത്തത്തിന്റെ പ്രതിസന്ധികളെയാണ് ഇവ അടയാളപ്പെടുത്തുന്നത്.
ഇവിടെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന സവര്‍ണ്ണ ലിബറല്‍ പ്രതിസന്ധികളെ കുറിച്ച് നേരത്തെ പല സന്ദര്‍ഭങ്ങളിലും ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ടി.എം. കൃഷ്ണ. ബി. അരുന്ധതി എന്നിവരുടെ ജാതി വിരുദ്ധ വ്യവഹാരങ്ങളെ കുറിച്ചും മനുഷ്യ സംഗമം, കമ്മട്ടിപ്പാടം എന്നിവയെ കുറിച്ചുള്ള കുറിപ്പുകളില്‍ ഈ പ്രതിസന്ധികളെ കുറിച്ച് എഴുതിയിട്ടുണ്ട്. ചില പ്രശ്‌നങ്ങളെ വീണ്ടും ഇവിടെ ചര്‍ച്ച ചെയ്യാം.
ഒന്ന്. പ്രധാനമായും ഒരു ‘ഇടതുപക്ഷ’ ഇടത്താണ് ഈ പ്രതിസന്ധികള്‍ കൂടുതല്‍ വെളിവാകുന്നത്. വര്‍ഗം/ ആഗോളവത്കരണം/ സാമ്പത്തിക ചൂഷണം/സാമ്രാജ്യത്വം തുടങ്ങിയ ഇടതു ഭാഷയില്‍ രചിച്ചിരുന്ന ഇടതു പുരോഗമന സവര്‍ണ്ണ മധ്യ വര്‍ഗ്ഗത്തെ സംബന്ധിച്ച് കഴിഞ്ഞ ഒരു പത്തു വര്‍ഷം കൊണ്ടുണ്ടായ കീഴാള രാഷ്ട്രീയ വ്യവഹാരങ്ങളിലെ മുന്നേറ്റം അത്യന്തം പ്രതിസന്ധി ഉണ്ടാക്കി. ജാതിവിരുദ്ധ വ്യവഹാരങ്ങള്‍ സവര്‍ണ്ണ പുരോഗമനകാരികളെ പ്രതിസന്ധിയിലാക്കിയത് മൂന്നു വിധത്തിലാണ്.

______________________________________
നൂറ്റിയിരുപത്തഞ്ചു ദിവസം കറുത്ത ചായം പൂശിയുള്ള നടത്തില്‍ നിന്നും ഉണ്ടായ അനുഭവങ്ങളെ വിവരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ രണ്ടു(അ) സാധ്യതകളെ കുറിച്ച് ചിന്തിക്കാം. ഒരു വെളുത്ത /സവര്‍ണ്ണ വ്യക്തി ഇതുവരെയുള്ളപ്രിവിലേജിന്റെ വിവരണം ഒരു പുസ്തകമായി ഇറക്കുമോ? രണ്ടാമത്; ഒരു കറുത്ത ശരീരമുളളയാള്‍ക്ക് ഇത് പോലെ വെളുത്ത ചായം പൂശി ഇത്തരം ഒരു പ്രകടനം സാധ്യമാണോ? സാധ്യമല്ലെങ്കില്‍ എന്ത് കൊണ്ടായിരിക്കും ‘വെളുപ്പ്’ പൂശല്‍ കൃത്രിമമായി തന്നെ നിലനില്‍ക്കുന്നത്? ചെസ് ബോര്‍ഡിലെ കറുപ്പും വെളുപ്പും കരുക്കളെ പോലെയല്ല ഈ കറുപ്പ്/വെളുപ്പ് സങ്കല്പം നിലനില്‍ക്കുന്നത് എന്ന് നമുക്കറിയാം. പക്ഷേ, കറുപ്പ് തേച്ചു കറുപ്പിക്കാന്‍ പറ്റുന്ന പോലെയല്ല ”വെളുപ്പിന്റെ” കാര്യം. ആ നിറം ജന്മത്തിലൂടെ കിട്ടേണ്ട ഒന്നാണെന്ന് കരുതുന്നുണ്ടാവും. അത് കൊണ്ടല്ലേ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന ഒരു ചൊല്ല് നിലനില്‍ക്കുന്നത്.
______________________________________ 

പ്രാധാനമായും അത് അവരുടെ ഐഡന്റിറ്റിയും സവിശേഷ ജാതി ആനുകൂല്യങ്ങളേയും മറയ്ക്കാന്‍ കഴിയാത്ത കുരുക്കിലാക്കി. ഒരേ സമയം ലോകത്തെ എല്ലാ വിവേചനങ്ങളേയും ചൂഷണങ്ങളേയും എതിര്‍ക്കുന്ന ഒരു ”വിപ്ലവകാരി” പരിവേഷത്തെ അത് ഉലച്ചു. ഒരേ സമയം സവര്‍ണ്ണാനുകൂല്യങ്ങള്‍ അനുഭവിക്കുന്നവരാണ് എന്ന ബോധവും വിപ്ലവവും തമ്മിലുള്ള പൊരുത്തക്കേട് എങ്ങനെ മറികടക്കാമെന്നായിരുന്നു പ്രശ്‌നം. അതിനു ഒന്നുകില്‍ ‘ഞങ്ങള്‍ ഞങ്ങളുടെ ജാതിയില്‍ പെട്ടവരെ പോലെയല്ല വ്യത്യസ്തരാണ്’ എന്നോ അല്ലെങ്കില്‍ കുറ്റബോധത്തിന്റെ തലത്തിലോ ഉള്ള ഇടപെടല്‍ നടത്താനാണ് പല പുരോഗമന ലിബറലുകളും ചെയ്യുന്നത്. ഇതിന്റെ ഒരു നല്ല ഉദാഹരണമാണ് ബി. അരുന്ധതി ഫേസ്ബുക്കില്‍ നോട്ടിലെഴുതിയത്. ”ഉയര്‍ന്ന ജാതിയുടെയും വെളുത്ത നിറത്തിന്റെയും പ്രിവിലേജുകള്‍ ഇടപെടുന്ന രാഷ്ട്രീയത്തില്‍ എല്ലായ്‌പ്പോഴും ഭാരമാണ്” ആഗ്രഹിക്കാതെ വന്നു ചേര്‍ന്ന ഈ പ്രിവിലേജിനെ കുറിച്ചുള്ള വാദം ജെയിംസ് ബാള്‍ഡ്വിന്‍ വെളുത്ത വര്‍ഗ്ഗക്കാരുടെ കുറ്റബോധത്തെ കുറിച്ച് എഴുതിയതിനെ ഓര്‍മ്മിപ്പിക്കുന്നു. വെളുത്ത വര്‍ഗ്ഗക്കാരുടെ പ്രിവിലേജിനുള്ള ന്യായീകരണം ഇങ്ങനെയാകാമെന്ന് എന്ന് അദ്ദേഹം അനുമാനിക്കുന്നു, ‘എന്നെ പഴിക്കരുത്. ഞാനില്ലായിരുന്നു അപ്പോള്‍. ഞാനല്ല ചെയ്തത്. യൂറോപ്പുമായോ അടിമ കച്ചവടവുമായോ എന്റെ ചരിത്രത്തിന് യാതൊരു ബന്ധവുമില്ല’ (ജെയിംസ് ബാള്‍ഡ്വിന്‍-വൈറ്റ് മാന്‍സ് ഗില്‍റ്റ് 1965). ചരിത്രത്തെ നമ്മള്‍ കൊണ്ടു നടക്കുന്നുവെന്നും നമ്മള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളേയും അത് നിയന്ത്രിക്കുന്നുവെന്നും അത് നമ്മള്‍ ചെയ്യുന്ന ഏരോ കാര്യങ്ങളിലും പ്രെസന്റ് ആണെന്നും ബാള്‍ഡ്വിന്‍ പറയുന്നു. ഭൂതകാലത്തിലേക്ക് ജാതിയെ പ്രതിഷ്ഠിക്കുന്ന ലിബറലുകള്‍ വെളുപ്പിന്റെയും ജാതി പ്രിവിലേജിന്റെയും ചരിത്രപരമായ വികാസത്തെ മറക്കുകയും ആധുനിക കാലത്തെ അതിന്റെ നിലനില്‍പ്പിനെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നു.
രണ്ട്; ഇടതു ഭാഷ/ വാചോടാപം തന്നെ അപ്രസക്തമായി തീരുന്നുവെന്ന ആശങ്ക. ”ജാതീയത” ”ദലിത് ന്യൂനപക്ഷാവകാശങ്ങള്‍”, ‘അംബേദ്ക്‌റിസം’ തുടങ്ങിയ പ്രമേയങ്ങള്‍, വ്യത്യസ്ത രാഷ്ട്രീയ ഭാഷകള്‍ എന്നിവ കൂടുതല്‍ മുന്നോട്ടു വന്നതോടു കൂടി തങ്ങളുടെ ഭാഷ അപ്രസക്തമാകുന്നുവെന്നത് ഇടതുപക്ഷത്തെ അലട്ടുന്നുണ്ട്. ‘സ്വത്വ രാഷ്ട്രീയം എന്ന് അവര്‍ തള്ളി കളയുമ്പോഴും ഈ പുതിയ രാഷ്ട്രീയ ഭാഷകള്‍ ഇടതു വാചോടാപത്തെ പിളര്‍ത്തുന്നുണ്ട്. അതു കൊണ്ട് തന്നെ ഈ വ്യാവഹാരിക മണ്ഡലത്തില്‍ നിലനില്‍ക്കാന്‍ ഒരേ സമയം ദലിത് പക്ഷത്തെ അംഗീകരിക്കുന്നുവെന്നു പറയേണ്ടി വരുകയും, ഒപ്പം ‘മനുഷ്യന്‍’ പോലുള്ള സാര്‍വലോകികത അവകാശപ്പെടുകയും ചെയ്യേണ്ടി വരുന്നുണ്ട്. ‘ചുംബന സമരം’ ‘മനുഷ്യ സംഗമം’ പോലുള്ള പരിപാടികള്‍ ഈ ഇടതു പ്രതിസന്ധിയുടെ പ്രകടനമാണെന്ന് ഇത് വെളിവാക്കുന്നു. ഇതിന്റെ ഭാഗമായാണ് ഈ വ്യാവഹാരിക മണ്ഡലത്തില്‍ സാന്നിദ്ധ്യം പ്രകടിപ്പിക്കാനായി അമിതമായ പ്രകടനങ്ങള്‍ ചെയ്യേണ്ടി വരുന്നത്.
ഇതേ സമയം തന്നെയാണ് സിനിമയിലെ ജാതീയതയെ, വിവേചനങ്ങളെ, പ്രതിനിധാനത്തെ, പ്രേക്ഷകത്വങ്ങളൊക്കെ അഭിസംബോധന ചെയ്യുന്ന ദലിത് വിമര്‍ശനങ്ങള്‍ വരുന്നത്. അത് കൊണ്ടു അതുതന്നെ ആ വിമര്‍ശനങ്ങളോടുള്ള പ്രതികരണം എന്ന നിലയിലാണ് പൊടുന്നനെയുള്ള ‘ദലിത്’ ദൃശ്യത മലയാള സിനിമയില്‍ വരുന്നത്. കമലിന്റെ ‘സെല്ലുലോയ്ഡ്’, ജയന്‍ ചെറിയാന്റെ ‘പാപിലിയോ ബുദ്ധ’, രാജീവ് രവിയുടെ ‘കമ്മട്ടിപ്പാടം’ എന്നിവ ഇത്തരം ശ്രമങ്ങളാണ്. ദലിതര്‍ ആധുനിക ഇടത്ത് ഉണ്ടാക്കിയിട്ടുള്ള വ്യത്യസ്തമായ ഈ മുന്നേറ്റത്തെ എങ്ങിനെയാണ് ആവിഷ്‌ക്കരിക്കുക എന്നത് മനസ്സിലാകാതെ ഈ സംവിധായകര്‍ ഒക്കെ തന്നെ പ്രതിസന്ധിയിലാവുന്നതാണ് കാണുന്നത്. ‘ജാതി ‘ എപ്പോഴും അടയാളപ്പെടുത്തുന്നത് ഈ ‘ദലിത്’ ശരീരങ്ങളുടെ മുകളില്‍ ആണ്. പി. കെ. രതീഷ് ചൂണ്ടി കാട്ടിയ പോലെ ‘അതി ദളിത’ത്തം പേറുന്നവരാണ് ഈ കഥാപാത്രങ്ങള്‍.
മൂന്ന്; മറ്റുള്ളവരില്‍, മറ്റിടങ്ങളില്‍ ഒക്കെയാണ് ഇവര്‍ ജാതിയെ പ്രതിഷ്ഠിക്കുന്നത്. ജയ അത് കൊണ്ടു തന്നെയാണ് പൊതുയിടത്തിന്റെ ജാതിയോട് ഇടപെടാന്‍ നോക്കുന്നത്. ഈ ജാതിയുടെ വ്യവഹാരത്തിന് പുറത്തു സ്വയം പ്രകടിപ്പിച്ചു കൊണ്ടാണ് മറ്റുള്ളവരുടെ ബോധമായി അതിനെ നേരിടുന്നത്.
സവര്‍ണ്ണ ലിബറല്‍ ആക്ടിവിസം നിലനില്‍ക്കുന്ന ഒരു ലിബറല്‍ പരിസരത്തെ കുറിച്ചാണ് ഇപ്പോള്‍ പറഞ്ഞത്. ഈ ആക്ടിവിസം ‘രക്ഷാകര്‍തൃത്വം’എന്നതിനെക്കാളും സ്വന്തം സ്വത്വ പ്രതിസന്ധിയില്‍ നിന്നും ഉണ്ടാകുന്നതാണെന്ന് കണ്ടു. ഈ പ്രതിസന്ധിയെ ദലിത് /കീഴാള രാഷ്ട്രീയത്തിന്റെ ഒരു വിജയമായാണ് കാണേണ്ടത്. കാരണം, ഇത് നിരന്തരം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ് ഇത്തരം പ്രകടനാത്മക ആക്ടിവിസത്തിലേക്ക് ഇവരെ കൊണ്ടെത്തിക്കുന്നത്.
നൂറ്റിയിരുപത്തഞ്ചു ദിവസം കറുത്ത ചായം പൂശിയുള്ള നടത്തില്‍ നിന്നും ഉണ്ടായ അനുഭവങ്ങളെ വിവരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ രണ്ടു(അ) സാധ്യതകളെ കുറിച്ച് ചിന്തിക്കാം. ഒരു വെളുത്ത /സവര്‍ണ്ണ വ്യക്തി ഇതുവരെയുള്ള പ്രിവിലേജിന്റെ വിവരണം ഒരു പുസ്തകമായി ഇറക്കുമോ? രണ്ടാമത്; ഒരു കറുത്ത ശരീരമുളളയാള്‍ക്ക് ഇത് പോലെ വെളുത്ത ചായം പൂശി ഇത്തരം ഒരു പ്രകടനം സാധ്യമാണോ? സാധ്യമല്ലെങ്കില്‍ എന്ത് കൊണ്ടായിരിക്കും ‘വെളുപ്പ്’ പൂശല്‍ കൃത്രിമമായി തന്നെ നിലനില്‍ക്കുന്നത്? ചെസ് ബോര്‍ഡിലെ കറുപ്പും വെളുപ്പും കരുക്കളെ പോലെയല്ല ഈ കറുപ്പ്/വെളുപ്പ് സങ്കല്പം നിലനില്‍ക്കുന്നത് എന്ന് നമുക്കറിയാം. പക്ഷേ, കറുപ്പ് തേച്ചു കറുപ്പിക്കാന്‍ പറ്റുന്ന പോലെയല്ല ”വെളുപ്പിന്റെ” കാര്യം. ആ നിറം ജന്മത്തിലൂടെ കിട്ടേണ്ട ഒന്നാണെന്ന് കരുതുന്നുണ്ടാവും. അത് കൊണ്ടല്ലേ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന ഒരു ചൊല്ല് നിലനില്‍ക്കുന്നത്.
________________________________

Top