വിദേശ സിനിമകളുടെ ഹിന്ദി പതിപ്പുകൾ ഹിന്ദുത്വ പദ്ധതിയോട് കൈകോർക്കുന്നത് എങ്ങനെ?

ഫ്രെയിം ടു ഫ്രെയിം പകർത്തുക എന്നതിനെക്കാൾ, വിദേശ സിനിമകളെ ഇൻഡ്യൻ പ്രേക്ഷകരുടെ രസങ്ങളിലേക്ക് പരുവപ്പെടുത്തുക എന്നതാണ് അവയുടെ ഇൻഡ്യൻ പതിപ്പുകൾ നിർമിക്കുമ്പോൾ ചെയ്യേണ്ടതെന്ന് രാകേഷ് റോഷൻ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ, ഈ രസങ്ങൾ ബ്രാഹ്മണിക വിശ്വാസങ്ങളെ പ്രതിഫലിപ്പിക്കുന്നത് കൂടാതെ, മുസ്‌ലിംകളെ ഭീകരവത്കരിക്കൽ, ജനാധിപത്യത്തെ നിരാകരിക്കൽ, ജാതിയെ അദൃശ്യമാക്കൽ, സ്ത്രീകളെ ഇകഴ്ത്തൽ തുടങ്ങിയ പ്രക്രിയകളിലാണ് കേന്ദ്രീകരിക്കപ്പെടുന്നത്. അക്ഷത് ജെയിൻ എഴുതുന്നു.

ഒരേസമയം തങ്ങളുടെ രാജ്യം സുരക്ഷിതവും സ്വതന്ത്രവുമാകണമെന്ന് ആഗ്രഹിക്കുകയും എന്നാൽ അതിലടങ്ങിയിയിരിക്കുന്ന വൈരുധ്യത്തെ കുറിച്ച് ചിന്തയില്ലാതിരിക്കുകയും ചെയ്യുന്ന ശരാശരി അമേരിക്കക്കാനരനെ ലക്ഷ്യം വെച്ചുള്ളതാണ് 1992ൽ പുറത്തിറങ്ങിയ “എ ഫ്യൂ ഗുഡ് മെൻ” എന്ന സിനിമയിലെ “നിങ്ങൾക്ക് സത്യത്തെ ഉൾക്കൊള്ളാനാവില്ല” എന്ന പ്രശസ്തമായ വാചകം. ജാക്ക് നിക്കോൾസൺ അവതരിപ്പിച്ച കേണൽ നതാൻ ജെസപ് എന്ന കഥാപാത്രം, ഒരു യുവ നാവികന്റെ മരണത്തിലേക്ക് നയിച്ച ക്രൂരമായ ഒരു പാതകത്തിന്റെ പേരിൽ കോടതിയിൽ നിൽക്കുന്നതാണ് ചിത്രത്തിന്റെ ക‌ളൈമാക്സിൽ കാണിച്ചിരിക്കുന്നത്. നാവികരിൽ അച്ചടക്കം അടിച്ചേൽപ്പിക്കുന്ന ഈ രീതിയെ ന്യായീകരിച്ചു കൊണ്ട് ജെസപ് പറയുന്നത്, “യുവ നാവികന്റെ മരണം ദാരുണമാണെങ്കിലും അതൊരുപക്ഷേ ഒരുപാട് ജീവനുകൾ രക്ഷിച്ചിട്ടുണ്ടാകാം” എന്ന യാഥാർഥ്യം തന്നെ ചോദ്യം ചെയ്യുന്ന വക്കീലിന് (ടോം ക്രൂയിസ് അവതരിപ്പിച്ച കഥാപാത്രം) മനസ്സിലാവില്ല എന്നാണ്. തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ വില സക്രിയമായ സൈന്യമാണെന്ന് ശരാശരി അമേരിക്കക്കാരന് അറിയാവുന്നതാണ്, സൈന്യത്തിന്റെ ജനാധിപത്യവിരുദ്ധമായ പ്രകൃതമാണ് അധികാരത്തെ താങ്ങിനിർത്തുന്നതിൽ പലപ്പോഴും നിർണായകമായിട്ടുള്ളത്, എന്നാൽ ഈ യാഥാർഥ്യം അന്തർവഹിക്കാൻ ഇവർക്ക് കഴിയുന്നില്ല എന്നും ജെസപ് കുറ്റപ്പെടുത്തുന്നു. ജെസപ് പിന്നീട് ജയിലിലാകുന്നു. അദ്ദേഹത്തെ പോലുള്ള സൈനിക നേതാക്കൾ വളരെ കുറച്ച് ചീത്ത മനുഷ്യരിൽ ഒരാൾ മാത്രമാണ്, കുറച്ച് നല്ലവർക്ക് ചേർന്ന് അവരെ ശരിപ്പെടുത്താൻ കഴിയുന്നതുമാണ് എന്ന ധാരണയാണ് ചിത്രം അവശേഷിപ്പിക്കുന്നത്. ഇതു പക്ഷേ മുട്ടൻ നുണയാണ് എന്നാണ് വിമർശകരും മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കട്ടുന്നത്. അപവാദം എന്നതിനെക്കാൾ പലപ്പോഴും പതിവുകളാണ് ജെസപുമാർ.

ഈ സിനിമയുടെ ഇൻഡ്യൻ പതിപ്പിൽ (ശൗര്യ), ജെസപിന്റെ റോൾ അവതരിപ്പിച്ചിരിക്കുന്ന ബ്രിഗേഡിയർ രുദ്ര പ്രതാപ് സിങും (കേ കേ മേനോൻ അവതരിപ്പിച്ച കഥാപാത്രം) പറയുന്നത് ശരാശരി ഇൻഡ്യക്കാരന് സത്യം ഉൾക്കൊള്ളാൻ കഴിയില്ല എന്നു തന്നെയാണ്. കാശ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയതായി കാണിച്ചിരിക്കുന്ന സൈനിക യൂണിറ്റിന്റെ നേതാവായ സിങ് ഒരു ഇസ്‌ലാമോഫോബ് കൂടിയാണെന്ന് തുടർന്നുള്ള വാചകങ്ങളിൽ തെളിയുന്നു: “ഒറ്റ മുസ്‌ലിമിനെയും വിശ്വസിക്കാൻ കൊള്ളില്ല, അവർക്ക് അവരുടെ സമുദായത്തോട് മാത്രമേ കൂറുള്ളൂ, അതാകട്ടെ മുചൂടും വിഷമയമാണ് താനും”. അതുകൊണ്ട്, രാജ്യത്തു നിന്ന് ഈ ഭീഷണിയെ തുരത്താൻ ആരെങ്കിലും (ഒരുപക്ഷേ ബ്രിഗേഡിയർ തന്നെ) ഉത്തരവാദിത്വം ഏൽക്കേണ്ടിയിരുന്നു. അമേരിക്കൻ അധികാരത്തെ താങ്ങിനിർത്തുന്ന ജനാധിപത്യവിരുദ്ധമായ മിലിറ്ററിയാണ് ഒരു വശത്തുള്ള അസ്വസ്ഥജനകമായ സത്യം. മറുവശത്താകട്ടെ, ദേശ സുരക്ഷയുടെ പേരിൽ വിദ്വേഷം മുറ്റിയ ഒരു സൈന്യം മുസ്‌ലിംകളെയാകെ ദേശവിരുദ്ധരായി കാണുന്നു എന്നതാണ് ഇൻഡ്യൻ യാഥാർഥ്യം. കേന്ദ്ര ഗവണ്മെന്റിന്റെ സകല വാദങ്ങളും മറിച്ചാണെങ്കിലും, ഈ മുൻവിധി ‘കാശ്മീരിൽ’ നിന്ന് ഉരുവം കൊള്ളുന്നതാണ്. ‘ശൗര്യ’യിൽ അവസാനം കാശ്മീരികൾക്ക് എതിരെയുള്ള അക്രമങ്ങളുടെ പേരിൽ സിങ് ശിക്ഷിക്കപ്പെടുന്നുണ്ട്, എന്നാൽ, യഥാർഥ ഇൻഡ്യൻ സൈനിക നേതാക്കളിൽ ഇതുവരെ ഒരാളുടെ മേലിലും വന്നു പതിക്കാത്ത ഒരു വിധി തന്നെയാണിത്!

സംഘടിത ശ്രമങ്ങൾ എന്ന നിലക്ക്, ദേശീയ സംസ്കാരത്തിന്റെ സങ്കേതമായാണ് സിനിമകൾ വ്യാപകമായി പഠിക്കപ്പെട്ടിട്ടുള്ളത്. “അധീശ മനഃശാസ്ത്ര താൽപര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു സ്തംഭമാണ് ഹിന്ദി സിനിമ, ലക്ഷക്കണക്കിന് സ്ത്രീ-പുരുഷന്മാർ അതിന്റെ വിശ്വസ്തരും ഭക്തരുമായ ഇടപെടുകാരുമാണ്” എന്ന് സൈക്കോ-അനലിസ്റ്റായ സുധീർ കക്കാർ നിരീക്ഷിക്കുന്നുണ്ട്. മിത്ത്-നിർമാണത്തിന്റെ ഏറ്റവും സമ്പന്നവും പുരാതനവുമായ സമ്പ്രദായത്തെയാണ് അത് പിന്തുടരുന്നത്, കഥകളും സാരോപദേശങ്ങളുമായി യഥാർഥ സാമൂഹിക പ്രശ്നങ്ങൾക്കുള്ള ‘പരിഹാരങ്ങൾ’ അവ നൽകുന്നുണ്ട്. നവ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ശക്തികൾ ഉത്പാധിപ്പിക്കുന്ന സംഘർഷങ്ങൾക്കുള്ള പരിഹാരങ്ങൾ മുന്നോട്ട് വെക്കുന്ന “പുതിയ മിത്തുകൾ” ഹിന്ദി സിനിമകൾ നിർമിക്കുന്നുണ്ടെന്നാണ് കാക്കർ അഭിപ്രായപ്പെടുന്നത്. പലപ്പോഴും യാഥാർഥ്യങ്ങൾ പരിമിതപ്പെടുത്താറുള്ള കാഴ്ചക്കാരുടെ കാമനകളെ ദൃശ്യപ്പെടുത്തുന്ന “സംഘടിത ഫാന്റസി”യാണ് സിനിമ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. “ഫാന്റസിയുടെ ശക്തി അപ്പോൾ നമ്മുടെ രക്ഷക്കെത്തുന്നു” എന്ന് കാക്കർ എഴുതുന്നുണ്ട്. ലോകത്തെ മാറ്റിമറിക്കാൻ ‘ഇന്ത്യക്കാർ’ ആഗ്രഹിക്കുന്ന രീതികളെ പ്രതിഫലിപ്പിക്കുന്നതാണ് ഹിന്ദി സിനിമയിലെ ഫാന്റസികൾ. ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ, “ഭൂതകാലത്തെ പുനർനിർമിക്കുകയും ഭാവിയെ സൃഷ്‌ടിക്കുകയും ചെയ്യുക”.

ഹിന്ദി സിനിമകൾ ഹിന്ദു സാംസ്‌കാരിക ഭാവനകളുടെ (അധീശ ജാതി ഹിന്ദുക്കളുടെ ഫാന്റസികളെ പ്രതിഫലിപ്പിക്കുന്ന) എളിയ പ്രതിനിധാനങ്ങളാണ് എന്നും കാക്കർ എഴുതിയിട്ടുണ്ട്. പക്ഷേ, എന്താണ് ആ ഭാവനകൾ? എങ്ങനെയാണ് ഹിന്ദി സിനിമകൾ അവയെ പോറ്റുന്നത്? “ഇൻഡ്യൻ” സിനിമകളെ ആഗോള സാംസ്‌കാരിക വൃത്തത്തിൽ നിന്നും വ്യത്യാസപ്പെടുത്തുന്നത് എന്താണ്? വിദേശ സിനിമകളുടെ ഇൻഡ്യൻ പതിപ്പുകൾ (adaptations) ഇവയെ വിശകലനം ചെയ്യാനുള്ള റിസോഴ്സുകളാണ്.

സുധീർ കാക്കർ

വിദേശ സിനിമകളുടെ ഇൻഡ്യൻ പതിപ്പുകൾ ഉണ്ടാകുന്നത് സംബന്ധിച്ച് ഫിലിം മേക്കർ രാകേഷ് റോഷൻ ഇപ്രകാരം നിരീക്ഷിക്കുന്നുണ്ട്: “ഫ്രെയിം ടു ഫ്രെയിം പകർത്തുക എന്നത് നടപ്പുള്ള കാര്യമല്ല, അത്തരം സിനിമകളെ ഇൻഡ്യൻ പ്രേക്ഷകരുടെ രസങ്ങളിലേക്ക് പാകപ്പെടുത്തി എടുക്കേണ്ടതുണ്ട്”. ഈ മാറ്റങ്ങൾ/പാകപ്പെടുത്തൽ, ഇൻഡ്യക്കാരുടെയും അവരുടെ സാംസ്‌കാരിക ഭാവനകളുടെയും സവിശേഷമായ ചില മാനസിക താത്പര്യങ്ങളെ വെളിപ്പെടുത്തുന്നുണ്ട്. പലപ്പോഴും, ഇവയെല്ലാം ബ്രാഹ്മണിക വിശ്വാസങ്ങളെ മാത്രമാണ് പ്രതിഫലിപ്പിക്കുന്നത്. ജനാധിപത്യത്തെ നിരാകരിക്കുന്നതു കൂടാതെ, മുസ്‌ലിംകളെ ഭീകരവത്കരിക്കൽ, ജാതിയെ അദൃശ്യമാക്കൽ, സ്ത്രീകളെ അധീനപ്പെടുത്തൽ തുടങ്ങിയവയും ഇവയുടെ പരിധിയിൽ പെടും.

അടുത്തിടെ പുറത്തിറങ്ങിയ “ലാൽ സിങ് ചദ്ധ” എന്ന സിനിമയെടുക്കാം, 1994ൽ പുറത്തിറങ്ങിയ ഹോളിവുഡ് ക്ലാസിക് ‘ഫോറസ്റ്റ് ഗംബിന്റെ’ ഔദ്യോഗിക ഇൻഡ്യൻ അഡാപ്റ്റേഷനാണ് ഈ സിനിമ. തന്റെ ദയാവായ്പ്പും നന്മയും കൊണ്ട് അമേരിക്കൻ ചരിത്രത്തെ സ്വാധീനിച്ച ലളിത ചിത്തനായ ഒരു വെള്ളക്കാരന്റെ കഥയാണ് ഒറിജിനൽ സിനിമ പറയുന്നത്. ഉത്തര നാട്ടിൻ പുറങ്ങളിൽ നിന്നുള്ള ഈ വെള്ളക്കാരനെ ഇൻഡ്യൻ സാഹചര്യങ്ങളിലേക്ക് വിവർത്തനം ചെയ്യുമ്പോൾ ലഭിക്കുന്ന സ്വാഭാവിക ചിത്രം ഉത്തർപ്രദേശിൽ നിന്നോ ഹരിയാനയിൽ നിന്നോ ഉള്ള അധീശ ജാതി ഹിന്ദു പുരുഷന്റേതായിരിക്കും. എന്നാൽ, ആമിർ ഖാൻ അവതരിപ്പിച്ചിരിക്കുന്ന ചദ്ധ എന്നയാൾ പഞ്ചാബി നാട്ടിൻപുറത്ത് നിന്നുള്ള ഒരു സിഖുകാരനാണ്. യുഎസ് പോപ്പ് കൾച്ചറിൽ തെക്ക് നിന്നുള്ള വെള്ളക്കാരെ ‘പതുങ്ങികളയാണ്’ ചിത്രീകരിക്കാറ്, സിക്കുകാരുടെ ബുദ്ധിയെ ചുറ്റിപ്പറ്റി പ്രതിലോമകരമായ തമാശകളും ഏറെയുണ്ടല്ലോ. നായകനായി ഒരു പഞ്ചാബിയെ തെരഞ്ഞെടുത്തത് ഇവയുടെ പ്രേരണ മൂലമാവാനേ വഴിയുള്ളൂ.

ഗംബിന്റെ ബാലികമായ നിഷ്കളങ്കത വംശീയത പോലുള്ള യുഎസിലെ തിന്മകളെ നിരാകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു. യുഎസിലെ വെള്ള വംശീയ സംഘമായ കൂ ക്‌ളക്സ് ക്ലാനിന്റെ സ്ഥാപകരിൽ ഒരാളായ ഒരു പൂർവികന്റെ പേരാണ് ഗംബിന് നൽകപ്പെട്ടിരിക്കുന്നത്, എന്നാൽ പിന്നീട് വിയറ്റ്‌നാമിലേക്ക് അയക്കപ്പെട്ടപ്പോൾ ഒരേ സ്റ്റേറ്റിൽ നിന്നു തന്നെയുള്ള കറുത്തവനായ ബുബ്ബയുമായി തങ്ങൾക്കിടയിലുള്ള വംശീയവും ചരിത്രപരവുമായ സംഘർഷങ്ങളെ മാറ്റിനിർത്തിക്കൊണ്ട് അയാൾ ചങ്ങാത്തം സ്ഥാപിക്കുന്നുണ്ട്. എന്നാൽ, ലാൽ സിങ് ചദ്ധ പുരോഗമനപരമായ ഈ വശത്തെ മായ്ച്ചു കളയുന്നു. ബുബ്ബയെ ഇൻഡ്യൻ സാഹചര്യത്തിൽ ഒരു ദലിതനായി കാണിക്കാമായിരുന്നു, അതുവഴി ഇൻഡ്യൻ സാമൂഹികതയിലെ സർവവ്യാപിയായ ഘടനാ വിഭജനത്തെ ചിത്രീകരിക്കാമായിരുന്നു. എന്നാൽ, ആന്ധ്രാപ്രാദേശിൽ നിന്നുള്ള ഒരു സവർണ പുരുഷനായാണ് ബുബ്ബ ഇൻഡ്യൻ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. അധിക ഹിന്ദി സിനിമകളിലെയും പോലെ, ജാതി പൂർണമായും ഇവിടെ അവഗണിക്കപ്പെടുന്നു.

ആമിർ ഖാൻ ലാൽ സിങ് ചദ്ധയുടെ ചിത്രീകരണത്തിനിടെ

ഹിന്ദു വൈകാരികതയോട് യോജിക്കുന്ന മറ്റനേകം കഥാപാത്രങ്ങൾ കൊണ്ട് നിറഞ്ഞതാണ് സിനിമ. ഗമ്പിന്റെ പ്രണയിനി, ദുരിതപൂർണമായ ബാല്യമുള്ള, യുദ്ധവിരോധിയായ ജെനി എന്ന ഹിപ്പി പെൺകുട്ടി, ഇൻഡ്യൻ സിനിമയിൽ എത്തുമ്പോൾ രൂപ ഡിസൂസയായി മാറുന്നു. നടിയാവാൻ ആഗ്രഹിക്കുകയും തെറ്റായ കൂട്ടത്തിൽ പെട്ടു പോവുകയും ചെയ്യുന്ന കഥാപാത്രമാണ് സിനിമയിൽ രൂപ. ജെനിയുടെ അച്ഛൻ അവളെ തല്ലുകയും അസഭ്യം പറയുകയും ചെയ്യുന്നുണ്ട്. അതിൽ നിന്നു ഭിന്നമായി, രൂപ ഒരു ഭിന്നമത വിവാഹത്തിൽ പിറന്ന പെൺകുട്ടിയാണ്. അവളുടെ അച്ഛൻ അമ്മയെ മർദിക്കുന്ന ക്രിസ്ത്യാനിയായ ആളാണ്. അഭിനയത്തിനപ്പുറത്ത്, അന്യമത വിവാഹങ്ങൾക്കും മതപരിവർത്തനത്തിനുമെതിരെയുള്ള ബോധവത്കരണമാണ് ഇതിലുള്ളത്. സമാനമായി, ജെനിയുമായി ഇഷ്‌ടത്തിലാവുന്ന ഒരു കമ്യൂണിസ്റ്റ് ബുദ്ധിജീവി അവളെ അധിക്ഷേപിക്കുമ്പോൾ (കമ്യൂണിസത്തിനെതിരെയുള്ള യുഎസ് മനോഭാവത്തെ പ്രതിനിധീകരിക്കുന്ന തരത്തിൽ), രൂപയെ അധിക്ഷേപിക്കുന്നത് ഒരു മുസ്‌ലിം ഗാങ്സ്റ്ററാണ്.

ഫോറസ്റ്റ് ഗമ്പിൽ ലെഫ്റ്റനന്റ് ഡാൻ എന്ന കഥാപാത്രം ഏറെ പ്രിവിലേജുകളുള്ള, എബിൾ-ശരീരമുള്ള ഒരു മനുഷ്യനാണ്, പിന്നീട് അയാൾക്ക് യുദ്ധത്തിൽ പരിക്കേൽക്കുകയും തന്റെ ഡിസബിലിറ്റിയുമായി പൊരുത്തപ്പെടേണ്ടി വരികയും ചെയ്യുന്നു. അയാളുടെ ഇൻഡ്യൻ അവതാരമായ മുഹമ്മദാവട്ടെ, ഹിന്ദു ദേശീയവാദ ഭാവനകളാൽ വക്രീകരിക്കപ്പെട്ട ഒരു കഥാപാത്രമാണ്. പാകിസ്ഥാനിൽ നിന്നോ കാശ്മീരിൽ നിന്നോ ഉള്ള ഒരു മിലിറ്റന്റ് ആയാണ് അയാളെ ചിത്രീകരിച്ചിരിക്കുന്നത്- എന്തു തന്നെയായാലും അയാളുടെ ഉത്ഭവം സംശയാസ്പദമാണ്. ശത്രുവായി ഗണിച്ചിട്ടു കൂടി യുദ്ധമുഖത്തു വെച്ച് ചദ്ധ മുഹമ്മദിന്റെ ജീവൻ രക്ഷിക്കുന്നു. അയാളുടെ ദയ മുഹമദിന്റെ കണ്ണുതുറപ്പിക്കുകയും, ഇൻഡ്യയുടെ ശത്രു എന്നതിൽ നിന്ന് ബോധോദയമുണ്ടായി, ഒരു രാജ്യസ്നേഹിയായി മാറുകയും ചെയ്യുന്നു! പിന്നീട് അയാളുടെ ജീവിത ലക്ഷ്യം തന്നെപോലെ ‘മറുവശത്തുള്ള’ ആളുകളെ ബോധവത്കരിക്കുക എന്നതായി മാറുന്നു. ഇപ്രകാരം ചിത്രീകരിക്കപ്പെടുമ്പോൾ, അയാളുടെ മുസ്‌ലിം സ്വത്വത്തിലുള്ള മുഴുവൻ സങ്കീർണതകളും വഴിമാറുന്നു, അയാൾ പാകിസ്ഥാനിയോ കാശ്മീരിയോ എന്ന ചർച്ച പോലും അപ്രസക്തമാവുന്നു. അതേസമയം, ദയാദീനുവായ ചദ്ധയെ ഇൻഡ്യക്കാരുടെ പ്രതിനിധിയായി ചിത്രീകരിക്കുമ്പോൾ, അവരുടെ മുസ്‌ലിംവിരുദ്ധ കാഴ്ചപ്പാടുകളിൽ നിന്ന് അതവരെ മുക്തമാക്കുകയും ചെയ്യുന്നു.

വിവേക് അഗ്നിഹോത്രി

മുസ്‌ലിംകളോടുള്ള ഹിന്ദു ആകുലതകളാവം ദി യൂഷ്വൽ സസ്പെക്ട്സ് (1995) എന്ന സിനിമ 2005ൽ ചോക്ലേറ്റ് എന്ന പേരിൽ പുറത്തിറക്കിയപ്പോൾ വെളിപ്പെട്ടത്. കൈസർ സോസേ എന്ന തുർക്കിയിലെ ഒരു മയക്കുമരുന്ന് പ്രഭുവിനെ ഹിന്ദുത്വ പ്രൊപഗണ്ട സംവിധായകനായ വിവേക് അഗ്നിഹോത്രി പരാവർത്തനം ചെയ്തപ്പോൾ മുർതസാ അർസായി എന്ന മുസ്‌ലിം തീവ്രവാദിയായി മാറി (മുസ്‌ലിം ലോകത്ത് എവിടെ നിന്ന് വേണമെങ്കിലും ആവാം ഈ കഥാപാത്രത്തിന്റെ ഉത്ഭവം). യൂഷ്വൽ സസ്പെക്ട്സിന്റെ പ്ലോട്ട് നിലകൊള്ളുന്നതു തന്നെ സോസേയുടെ നിലനിൽപ്പിന്റെ വിശ്വാസ്യതയിലാണ്. മയക്കുമരുന്നിനെതിരെയുള്ള യുഎസിന്റെ പോരാട്ടത്തിൽ (war on drugs) അവർ പ്രയോഗിച്ച രാഷ്ട്രീയ കൗശലങ്ങൾ ഈ മയക്കുമരുന്ന് പ്രഭുവിനെ ഒരു മാസ്റ്റർമൈൻഡായി ചിത്രീകരിക്കാൻ സഹായകമായി. ഇൻഡ്യൻ രാഷ്ട്രീയ പരിസരമാകട്ടെ എപ്പോഴും മുസ്‌ലിംകളെ കുറിച്ച പേടി ഉത്പാധിപ്പിച്ചു കൊണ്ടിരുന്നു. മനുഷ്യത്വ രഹിതമായ സ്വഭാവങ്ങൾ ഉള്ളവരായും ഭീകര സംഘങ്ങളുമായി അടുത്ത് ബന്ധമുള്ളവരെന്നും അവരെ കുറിച്ച് എടുത്തു കാണിച്ചു കൊണ്ടിരുന്നു. 1990കളോടെ ഈ പ്രവണത അധികരിച്ചു വന്നു. പോരാത്തതിന്, 1993ൽ ബോംബെ സ്ഫോടനം നടക്കുകയും ചെയ്തു. മറ്റൊരു പ്രധാന കാരണം, കാശ്മീരിന് സ്വയംഭരണം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന മിലിറ്റന്റ് ഗ്രൂപ്പുകളുടെ പെരുപ്പമാണ്, ഇവയെല്ലാം പലപ്പോഴും ഹിംസാത്മക ഇസ്‌ലാമിസ്റ്റ് സംഘങ്ങളിലേക്കാണ് കണ്ണി ചേർക്കാറ്. ഇതിന്റെയെല്ലാം പുറമെയാണ് സെപ്റ്റംബർ 11 സംഭവിച്ചത്. മുസ്‌ലിംകൾക്ക് യുഎസിനെ ആക്രമിക്കാമെങ്കിൽ, അവർക്ക് ചെയ്യാൻ കഴിയാത്തതായി എന്തുണ്ട്?

ചോക്ലറ്റിലെ അർസായിയുടെ കഥാപാത്രം ഈ ഭീതിയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇർഫാൻ ഖാൻ അവതരിപ്പിച്ചിരിക്കുന്ന പിപി പറയുന്നത്, ഏതൊരു മുസ്‌ലിമിനും, അതൊരു കഴുതയെ തെളിക്കുന്നവനായാൽ പോലും അവന് ഒസാമയാവാൻ കഴിയും എന്നാണ്. പിന്നീട് അൽ ഖാഇദ, എൽ.ടി.ടിഇ, ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ തുടങ്ങിയ തുടങ്ങിയ സംഘടനകളുമായുള്ള ബന്ധം അയാൾ തന്റെ വക്കീലിനോട് (തുടർന്ന് പ്രേക്ഷകരോടും) ആരായുന്നുണ്ട്. ലോകത്തെ തീവ്രവാദ ആക്രമങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന കണ്ണിയാണ് മുർതസ അർസായി എന്നയാൾ വാദിക്കുന്നു. ഇതൊരു അർഥശൂന്യമായ കൽപനയാണെങ്കിലും, സർവവ്യാപിയായ ഒരു ക്രിമിനൽ മുസ്‌ലിം മാസ്റ്റർമൈൻഡിനെ കുറിച്ച് ഇന്ത്യൻ പ്രേക്ഷകരെയും സിനിമയിലുള്ള ഹിന്ദു വക്കീലിനെയും പറഞ്ഞു വിശ്വസിപ്പിക്കാൻ അയാൾക്ക് കഴിയുന്നു. ഈ മുസ്‌ലിം സൂപ്പർ ക്രിമിനൽ ആരുമാവ- നിങ്ങളുടെ അയൽവാസി, കൂട്ടുകാരൻ, ഒരുപക്ഷെ പിപി തന്നെയാവാം എന്നും ഇത് എളുപ്പം പറഞ്ഞുവെക്കുന്നു.

ഇൻഡ്യൻ സാംസ്‌കാരിക വീക്ഷണങ്ങൾ എപ്പോഴും സ്വേച്ഛാധിപതികളായ നേതാക്കൾ മുതൽ പ്രതികാരദാഹികളായ നായകർ വരെയുള്ള എക്സ്ട്രാ-ജൂഡിഷ്യൽ വ്യക്തികളെ പെരുപ്പിച്ചു കാണിക്കാറുണ്ട്. ഇത് ഹിന്ദു ഭാവനകളോട് ചേർന്നു നിൽക്കുന്നതാണ്, ‘ധർമ’ത്തിന്റെ സംരക്ഷകരായി സ്വയം അവകാശപ്പെടുന്ന ഇത്തരം നായകന്മാർ സമൂഹത്തെ നിയന്ത്രിക്കാൻ മാത്രമല്ല, നിയമനത്തിനപ്പുറം പ്രവർത്തിക്കാൻ കൂടി കഴിവുള്ളവരാണ്.

1972ൽ പുറത്തിറങ്ങിയ സിനിമ ഗോഡ്ഫാദറിലെയും അതിന്റെ ഹിന്ദി പതിപ്പായ സർക്കാറിലെയും (2005) സമാന്തര സീനുകൾ ഇതിനു തെളിവാണ്. രണ്ടു ഗാങ്സ്റ്റർമാരുടെയും ആൺമക്കളോടും (മൈക്കൽ കോർലിയോണിയും ശങ്കർ നാഗ്രെയും) അവരുടെ കാമുകിമാർ തർക്കിക്കുന്നുണ്ട്. അച്ഛന്റെ പോലെ മൈക്കൽ ആവുന്നത് താൻ ഇഷ്ടപ്പെടുന്നില്ല എന്ന് അയാളുടെ കാമുകി കേ പറയുമ്പോൾ, അച്ഛൻ വിറ്റോ കോർലിയോണിയെ ന്യായീകരിക്കുകയാണ് മൈക്കൽ ചെയ്യുന്നത്. “എന്റെ അച്ഛനും ശക്തരായ മറ്റു വ്യക്തികൾക്കുമിടയിൽ യാതൊരു അന്തരവുമില്ല, മറ്റുള്ളവരോട് ബാധ്യതകളുള്ള ഏതു മനുഷ്യരെയും പോലെത്തന്നെയാണ് എന്റെ അച്ഛനും, ഒരു സെനറ്റരെയോ പ്രസിഡന്റിനെയോ ഒക്കെ പോലെ”, അയാൾ പറയുന്നു. യുദ്ധം ചെയ്യുന്ന പ്രസിഡന്റിനെ പോലെ തന്നെയാണ് അധികാരം നിലനിർത്താൻ കൊല ചെയ്യുന്ന തന്റെ അച്ഛനും എന്നതാണ് അയാളുടെ പക്ഷം (സിനിമ ഇറങ്ങുന്നത് വിയറ്റ്‌നാം യുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയത്താണ്. സമകാലിക അധികാരങ്ങളെ കുറിച്ചുള്ള വിമർശനങ്ങളിലും ഈ താരതമ്യം ഉപയോഗിക്കാം). കേ അതുകൊണ്ടൊന്നും തൃപ്തയാകുന്നില്ല, അതുകൊണ്ട് കോർലിയോണി കുടുംബം അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പൂർണമായും നിയമവിധേയമാകുമെന്ന് മൈക്കൽ അവളോട് പറയുന്നുണ്ട്. പിന്നീടുള്ള കാലം അതു സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളിലാണ് അയാൾ. ചിലപ്പോൾ നിയമം ലംഘിക്കുന്നുണ്ട് എങ്കിലും തന്നെയും, ജനാധിപത്യവും നിയമവാഴ്ചയുമാണ് അധികാര പ്രയോഗത്തിന്റെ സാധുവായ മാർഗം എന്ന് അയാൾ തിരിച്ചറിയുന്നുന്നുണ്ട്.

എന്നാൽ, തികച്ചും ഭിന്നമായി ‘സർക്കാരിൽ’ ശങ്കർ അർഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നത് തന്റെ അച്ഛൻ എല്ലാ ശക്തരായ ആളുകളെക്കാളും മുകളിലാണെന്നാണ്, കാരണം നിയമവിരുദ്ധമായ മാർഗങ്ങൾ അവലംബിക്കുമെങ്കിലും അതെല്ലാം പൊതു നന്മക്കു വേണ്ടിയാണ്. ശങ്കർ തന്റെ കാമുകിയായ പൂജയോട് പറയുന്നുണ്ട് (പൂജയുടെ അച്ഛൻ കച്ചവടക്കാരനാണ്) “നിന്റെ അച്ഛൻ വ്യവസ്ഥക്കുള്ളിൽ നിന്ന് തനിക്കു വേണ്ടി തന്നെ പണിയെടുക്കുന്ന, എന്റെ അച്ഛൻ വ്യവസ്ഥക്കു പുറത്ത് നിന്ന് മറ്റുള്ളവർക്ക് വേണ്ടി പണിയെടുക്കുന്നു”. കാക്കർ ഇപ്രകാരം എഴുതുന്നുണ്ട്: ഹിന്ദു സാംസ്‌കാരിക ഭാവനകളിൽ സ്റ്റേറ്റോ ജനാധിപത്യമോ ഗവൺമെന്റോ ഒന്നുമല്ല പരമാധികാരികളായിട്ടുള്ളത്, ‘ധർമ’മാണ് അവയുടെയെല്ലാം മേൽ പരമാധികാരമേറുന്നത്. സുഭാഷ് നാഗ്രെ അതിന്റെ മൂർത്ത ഭാവമാണ്. നിയമവ്യവസ്ഥയെ നിരാകരിക്കുകയും, അതിനു സാമാന്തരമായി മറ്റൊരു അധികാരം സ്ഥാപിച്ചുകൊണ്ട് ജനങ്ങളെ സേവിക്കുകയും ചെയ്യുന്ന രക്ഷകൻ! എല്ലാ നിയമങ്ങളുടെയും മുകളിലാണ് അച്ഛൻ എന്ന് താണ് കരുതുന്നുണ്ടോ എന്ന് പൂജ ശങ്കറിനോട് ചോദിക്കുന്നുണ്ട്. “എന്റെ അച്ഛൻ അങ്ങനെ കരുതുന്നില്ല, എന്നാൽ അച്ഛന്റെ സഹായമെത്തുന്ന ആളുകൾ അങ്ങനെ കരുതുന്നുണ്ട് എന്നാണ് ശങ്കർ മറുപടി പറയുന്നത്. സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ ‘ഗോവിന്ദ’ വിളികളോടെ (ഹിന്ദു ആരാധനാമൂർത്തിയായ കൃഷ്ണന്റെ മറ്റൊരു പേര്) ദൈവികമായ ചമയമാണ് സുഭാഷിന് ലഭിക്കുന്നത്. ‘നിയമപരമാവുന്നതിന്റെ’ യാതൊരു സ്വപ്നങ്ങളെയും മേൽജാതി നാഗ്രെ കുടുംബം ഉൾക്കൊള്ളുന്നില്ല. അതൊന്നും അത്ര സാരമുള്ള കാര്യമല്ല എന്നതാണ് സുബാഷിന്റെ ‘ധർമ’പരമായ ഗുണങ്ങൾ തെളിയിക്കുന്നത്.

മുതലാളിത്വം, നാഗരികത തുടങ്ങിയവയാൽ വഞ്ചിക്കപ്പെട്ട ആളുകളെ കുറിച്ചുള്ള കഥയാണ് 1999ൽ പുറത്തിറങ്ങിയ കൾട്ട് ക്ലാസ്സിക്‌ സിനിമയായ ഫൈറ്റ് ക്ലബ് പറയുന്നത്. കഠിനാധ്വാനം ചെയ്‌താൽ ഭൗതികമായ വിജയം കരഗതമാവും എന്നതായിരുന്നു ‘അമേരിക്കൻ സ്വപ്നത്തിന്റെ’ (american dream) വാഗ്ദാനം. എന്നാൽ, ‘ഇഷ്ടമില്ലാത്ത ജോലികളിൽ ആളുകൾ കുടുങ്ങിപ്പോയി എന്നതായിരുന്നു’ അതു പരാജയപ്പെട്ടപ്പോൾ യഥാർഥത്തിൽ സംഭവിച്ചത്, എത്ര അധ്വാനിച്ചാലും അവരുടെ അവസ്ഥകൾ മെച്ചപ്പെടാൻ പോവുന്നുമില്ല. തങ്ങൾക്ക് നൽകപ്പെട്ട സമൂഹത്തിൽ യാതൊരു ഭാവിയും കണ്ടെത്താനാകാതെ, ‘അടിക്കൂട്ട’ത്തിലേക്ക് നയിക്കപ്പെടുന്ന ആളുകളെയാണ് സിനിമ ചിത്രീകരിക്കുന്നത്.

ഇത് പൂർണമായും ഹിന്ദി പതിപ്പിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നില്ല, മറിച്ച് ‘അരാജകപരമെന്ന്’ തോന്നുന്ന പ്രമേയങ്ങൾ അതിൽ നിന്ന് ഒഴിവാക്കപ്പെടുകയാണ് ചെയ്യുന്നത്. ‘കർമ’ത്തിന്റെ പേരിൽ അനുവദിച്ച് കിട്ടുന്നതും, ജാതി സ്ഥാനങ്ങൾ നിർണയിക്കുന്നതുമായ ഒന്നായാണ് ‘സ്വധർമം’ അഥവാ സാമൂഹിക ബാധ്യത എന്നതിനെ ഹിന്ദുക്കൾ മനസ്സിലാക്കുന്നത്. മറുത്തൊരു വാഗ്ദാനം ഹിന്ദുയിസം നൽകുന്നില്ല എന്നതു കൊണ്ടുതന്നെ, സമൂഹത്തിലെ മർദനപരമായ വ്യവസ്ഥകളാണ് തങ്ങളുടെ പതിതാവസ്ഥക്ക് കാരണം എന്ന് ആരും മനസ്സിലാക്കാറില്ല. അതുകൊണ്ടാണ് 2006ൽ പുറത്തിറങ്ങിയ ‘ഫൈറ്റ് ക്ലബ്: മെംബേർസ് ഒൺലി’ എന്ന സിനിമയിലെ നായകരാരും വിപ്ലവത്തോട് യാതൊരു ചായ്വും കാണിക്കാത്തത്, എന്നാൽ അവരെല്ലാവരും സേവന മേഖലയിൽ തൊഴിലെടുക്കുന്നവരുമാണ് (ഒരാൾ ബാർ അറ്റൻഡർ, ഒരു ജിം ട്രൈനർ, ഒരാൾ ബൗൺസർ). പകരം അവരെല്ലാവരും തങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താൻ പണം സമ്പാദിക്കുന്നതിൽ മുഴുകിയവരാണ്.

പുരോഗമനപരമെന്ന് കരുതപ്പെടുന്ന സമകാലിക ഹിന്ദി റീമേക്കുകൾ പോലും യഥാസ്ഥിതികമായ ഹിന്ദു ആശയങ്ങളെയാണ് അന്തർവഹിക്കുന്നത്. 1998ൽ പുറത്തിറങ്ങിയ ജർമൻ പരീക്ഷണ ത്രില്ലർ ചിത്രമായ ‘റൺ ലോല റണ്ണിൽ’ ഒരു ക്രിമിനൽ പ്രവർത്തനം ചെയ്തു പോയതിനു ശേഷം തങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള തന്ത്രപ്പാടിൽ അകപ്പെടുന്ന നായകയെയും അയാളുടെ കാമുകനെയുമാണ് കാണുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലോലയും അവളുടെ കാമുകൻ മന്നിയും തങ്ങൾ അകപ്പെട്ട ദുരവസ്ഥക്ക് കാരണം തങ്ങൾ തന്നെയാണെന്ന് മനസ്സിലാക്കുന്നു. ഒരേ ഇരുപത് മിനിറ്റിന്റെ പല ആവർത്തനങ്ങളാണ് സിനിമ കാണിക്കുന്നത്, മിനിട്ടുകളിൽ മാറ്റങ്ങളുമുണ്ട്. ആദ്യത്തെ രണ്ട് ഓട്ടങ്ങളിൽ, ലോല തന്റെ അച്ഛന്റെ അടുക്കൽ ചെന്ന് സഹായം ചോദിക്കുന്നുണ്ടെങ്കിലും അവളാഗ്രഹിച്ച സഹായം ലഭിക്കുന്നില്ല. അയാളുടെ അടുത്ത് എത്താൻ സാധിക്കാത്ത മൂന്നാമത്തെ ഓട്ടത്തിൽ മാത്രമാണ് അവൾക്ക് മന്നിയെ രക്ഷിക്കാൻ സാധിക്കുന്നത്. ലോലയുടെ വിജയകരമായ ഓട്ടത്തിൽ ഉൾക്കൊണ്ടിരിക്കുന്നത് പുരുഷാധിപത്യത്തിന്റെ നിരാകരണവും, വ്യക്തിപരമായ തെരഞ്ഞെടുപ്പിന്റെ വിജയവുമാണ്.

ഈ വർഷം ആദ്യം പുറത്തിറങ്ങിയ അതിന്റെ ഔദ്യോഗിക ഹിന്ദി റീമേക്കായ ലൂപ് ലപെട്ടയിൽ തപ്സീ പന്നു അവതരിപ്പിച്ചിരിക്കുന്ന സവി എന്ന കഥാപാത്രം, തന്റെ കാമുകന്റെ ക്രിമിനൽ പ്രവർത്തനങ്ങളെ കുറിച്ച് ബോധവതിയായിരുന്നില്ല. എന്നാൽ, അതേ കുറിച്ച് മനസ്സിലാക്കുമ്പോൾ ആ പ്രശ്നത്തിൽ നിന്ന് അവനെ രക്ഷിക്കാൻ സവി തയ്യാറെടുക്കുന്നു. വിവാഹം കഴിക്കാതെ ഒരുമിച്ചു കഴിയുന്ന, മയക്കുമരുന്ന് ഉപയോഗിക്കുന്ന, ലിബറൽ ആശയങ്ങൾ സ്വീകരിച്ച് ഗോവയിൽ കഴിയുന്ന ജോഡിയായാണ് സവിയെയും സത്യയെയും (കാമുകൻ) സിനിമ ചിത്രീകരിക്കുന്നത്. എങ്കിലും, തന്റെ ഭർത്താവിനെ മറുചോദ്യങ്ങളില്ലാതെ സഹായിക്കാനും ക്രിമിനൽ കുരുക്കിൽ നിന്ന് രക്ഷപ്പെടുത്താനും ബാധ്യസ്ഥയായ മാതൃകാ ഭാര്യയായാണ് പിന്നീട് സവിയെ സിനിമ ചിത്രീകരിക്കുന്നത്.

ഹിന്ദു മിത്തുകളിൽ നിന്നുള്ള സാവിത്രി, സത്യവാൻ എന്നീ കഥാപാത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സവി, സത്യ എന്നിവരെ നിർമിച്ചിരിക്കുന്നത്. തന്റെ സാമാർഥ്യം ഉപയോഗപ്പെടുത്തിക്കൊണ്ട് ഭൗതികമായ സീമകളെ അതിലംഘിക്കുകയും തന്റെ ഭർത്താവിനെ അകാല മരണത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്ന ഭാര്യായാണ് സാവിത്രി എന്ന കഥാപാത്രം. ഈ പ്ലോട്ടിൽ നിന്നുകൊണ്ട് കഥയെ പുനരവതരിപ്പിക്കുകയാണ് സിനിമ ചെയ്യുന്നത്. ലോലയിൽ നിന്ന് ഭിന്നമായി, മൂന്ന് ലൂപ്പിലും സവി പോവുന്നത് അച്ഛന്റെ അടുത്തേക്കാണ്. മൂന്നാമത്തെ തവണ അച്ഛന്റെ അടുത്ത് ചെല്ലുമ്പോൾ അച്ഛന്റെ (പുരുഷ) അധികാരത്തെ നിരാകരിക്കുന്നതിന് പകരം, അദ്ദേഹത്തോട് മാപ്പു പറയുകയും തന്റെ ബന്ധത്തിനു വേണ്ടി പ്രതീകാത്മകമായ അനുഗ്രഹം വാങ്ങുകയുമാണ് ചെയ്യുന്നത്. അപ്പോഴാണ് അവൾക്ക് സത്യയുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നത്.

സാർവലൗകികമായ സദാചാരം എന്ന ആശയം ഇല്ലെങ്കിലും, ചോദ്യത്തിലുള്ള വ്യക്തിയുടെ ഐഡൻ്റിറ്റി/സ്വത്വവുമായി അഭേദ്യമായ ബന്ധം ഹിന്ദു സദാചാരത്തിനുണ്ട്. ഉയർന്ന ജാതിയിൽപ്പെട്ട ഹിന്ദു സ്വത്വത്തിനു മേൽ ഉണ്ടാവുന്ന ഏതൊരു വെല്ലുവിളിയും അധാർമികമായാണ് കണക്കാക്കപ്പെടുന്നത്. ‘സർക്കാരി’ൽ തൻ്റെ ഹിന്ദു അനുയായികളെ സംരക്ഷിക്കാൻ വേണ്ടി ഹിംസ പ്രയോഗിക്കുന്ന നഗ്രെയെ നല്ലവനായി കണക്കാക്കുകയും, എന്നാൽ അതേ രീതി പിന്തുടരുന്നതിന് കാശ്മീരി നേതാക്കളെ ദുഷ്ടരായി മുദ്ര കുത്തുകയും ചെയ്യുന്നു. എല്ലാ മുസ്‌ലിംകളെ കുറിച്ചും ഭീകരവാധികളെന്ന് കരുതുക എന്നത് ഹിന്ദു രാഷ്ട്രത്തിൻ്റെ ഐക്യത്തിന് അനിവാര്യമാണെന്നാണ് ശൗര്യയിൽ ചിത്രീകരിക്കുന്നത്- സമീപകാല ഇൻഡ്യൻ ഭരണകൂടത്തിൻ്റെ കൂടി ഒരു സമീപനമാണിത്. എന്നാൽ, എല്ലാ ഹിന്ദുക്കളെയും ജാതിവാദികളായി കരുതുന്ന അംബേഡ്കറൈറ്റുകളെ വിഭാഗീയത സൃഷ്ടിക്കുന്നവരെന്ന് ഇക്കൂട്ടർ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

ഈ സദാചാരബോധം ‘സ്വഭാവ’ (ആളുകളുടെ സഹജമായ ഗുണങ്ങളെ) എന്ന ഹിന്ദു വിശ്വാസത്തിൽ നിന്ന് ഉത്ഭവിക്കുന്നതാണ്. ഓൾഡ്ബോയ് (2003), മെമെൻ്റോ (2000) എന്നീ ചിത്രങ്ങളിലെ മുഖ്യ കഥാപാത്രങ്ങൾ പക വീട്ടാനായി കൃത്യമായ ലക്ഷ്യത്തോടു കൂടിയുള്ള തുടക്കത്തിൽ നിന്നും തങ്ങളുടെ പ്രവർത്തികളിലൂടെ വ്യതിചലിച്ച സങ്കീർണ്ണമായ കഥാപാത്രങ്ങളാണ്. എന്നാൽ സിന്ദ (2006)യിലെയും ഗജിനി(2005)യിലെയും ഉയർന്ന ജാതിയിൽപ്പെട്ട ഹിന്ദു നായകർക്ക് തങ്ങളുടെ അക്രമാസക്തമായ പ്രതികാര നടപടികൾ അവസാനിപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങി വരുമ്പോൾ ‘നല്ലവൻ’എന്ന പദവി നൽകിയിരിക്കുന്നു. നിയമത്തിൽ അധിഷ്ഠിതമായ ഒരു സമൂഹത്തിൻ്റെ സ്ഥിരതക്ക് കോട്ടംതട്ടിക്കുന്നതിനു പകരം ധാർമിക ലോകത്തിൻ്റെ സ്ഥിരതയെ പുനഃസ്ഥാപിക്കാനുള്ള ഒരു വാഹനമായി അവരുടെ ‘പ്രതികാരം’ മാറുന്നു.

വ്യത്യസ്തരായ ആളുകൾ വ്യത്യസ്തമായ നിലയിൽ തന്നെ കൈകാര്യം ചെയ്യപ്പെടുക എന്ന ഫാന്റസിയാണ് ഹിന്ദുയിസം, അവിടെ അധികാരമുള്ള ചുരുക്കം ചിലയാളുകൾ- അധികവും മേൽജാതിക്കാർ- മറ്റുള്ളവരെ ഭരിക്കും. ഹിന്ദു രാഷ്ട്രത്തിൽ ഇതൊരു സാധ്യത മാത്രമല്ല, മറിച്ച് സാധുതയുള്ള ഒരു സ്റ്റേറ്റ് നയം കൂടിയാണ്. ഹിന്ദു സാംസ്കാരിക ആശയങ്ങളെ ഊട്ടുക വഴി ഹിന്ദി സിനിമകൾ വളരെ കാലം ഈ പദ്ധതിയെ സഹായിച്ചിട്ടുണ്ട്. ആ നിലക്ക്, വിദേശ സിനിമകളുടെ ഇൻഡ്യൻ പതിപ്പുകളും ഹിന്ദി സിനിമയിൽ നിന്ന് ഒട്ടും ഭിന്നമല്ല. അവയുടെ അന്താരാഷ്ട്ര പതിപ്പുകളുമായി തട്ടിച്ചു നോക്കുമ്പോൾ, ബോളിവുഡിന്റെ ബ്രാഹ്മണിക പദ്ധതികളെയാണ് അവ വെളിപ്പെടുത്തുന്നത്.

Top