ജാതി വിരുദ്ധതയുടെ പരമാധികാരം

അരുന്ധതി റോയിയുടെ വായനയുടെ അപര്യാപ്തതകളെ മുന്‍നിര്‍ത്തി, ആദിവാസി വിരുദ്ധനായിരുന്നു അംബേദ്കര്‍ എന്നു വരുത്തുന്ന പുതിയൊരുപ്രചാരണ യുദ്ധത്തിന് സലിംകുമാര്‍ അടക്കമുള്ളവര്‍ തുടക്കം കുറിച്ചിട്ടുണ്ട്. വാസ്തവത്തില്‍, മുന്‍കാല കമ്മ്യൂണിസ്റ്റുകള്‍ക്ക് അവരുടെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ പരിമിതികളുടെ ഭാഗമായി ആരോപിക്കേണ്ടിവന്ന കാര്യങ്ങള്‍ക്ക് ഉപരിയായി ഒന്നും തന്നെ അരുന്ധതി റോയി പുതുതായി കണ്ടുപിടിച്ചിട്ടില്ല. തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തെ കുന്തമുനയാക്കി, അദ്ദേഹത്തെ വൈദേശിക സാമ്രാജ്യത്വത്തിന്റെ ചാരനാക്കുകയായിരുന്നു മാര്‍ക്‌സിസ്റ്റുകള്‍. അതേതുടര്‍ച്ചയില്‍, ആദിവാസി സമരങ്ങളെ കുന്തമുനയാക്കി ആഭ്യന്തര സാമ്രാജ്യത്വത്തിന്റെ ചാരനാക്കി മാറ്റുന്നു എന്നതാണ് ഈ വായനയുടെ മഹത്തായ ”നേട്ടം.”

”ജാതിഉന്മൂലനം” എന്ന കൃതിക്ക് അരുന്ധതിറോയി എഴുതിയ ആമുഖത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് കെ.എം. സലിംകുമാര്‍ ”മാധ്യമം വാരികയില്‍” എഴുതിയ വിമര്‍ശനത്തിനുള്ള വിശദീകരണം.
ലോകാവസാനം വരെ ഗാന്ധിസത്തെ (മാര്‍ക്‌സിസത്തെയും) പഴിപറയുകയോ, വര്‍ണ്ണിച്ചു പുനര്‍നിര്‍മ്മിക്കുകയോ ആണ് ദലിതര്‍ ചെയ്യേണ്ടതെന്നു വിചാരിക്കാനുള്ള സ്വാതന്ത്ര്യം കെ.എം.സലിംകുമാറിനുണ്ട്. അതേപോലെ, തന്റെ നക്‌സല്‍ ഭൂതകാലാഭിരതിക്ക് അന്യമായ മുഴുവന്‍ കാര്യങ്ങളെയും വില കുറച്ചു കാണാനുള്ള അദ്ദേഹത്തിന്റെ അവകാശത്തേയും അംഗീകരിക്കുന്നു. എന്നാല്‍, പുറത്ത് ജാതി വിരുദ്ധത പറയുകയും അകത്ത് മതേതര അസഹിഷ്ണുത കൊണ്ടുനടക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ പൊരുത്തങ്ങളും പൊരുത്തക്കേടുകളും ദലിത് ജനതയെ ബാധിക്കുന്നവയല്ലെന്നു തിരിച്ചുപറയാന്‍ സാമാന്യബുദ്ധി മാത്രമേ ആവശ്യമുള്ളു എന്നാണ് തോന്നുന്നത്. ഏതായാലും, സമകാലീന സംവാദങ്ങളില്‍ ഇടപെടുകയാണ് എന്ന പേരില്‍ ചിലരെ കുറ്റപ്പെടുത്താന്‍ മാത്രം ശ്രമിക്കുന്ന ഒരാളുടെ വൈഷമ്യങ്ങളാണ് അദ്ദേഹത്തിന്റെ അരുദ്ധതി റോയി വായന അനുഭവപ്പെടുത്തുന്നത്.1

മുമ്പ്, മാര്‍ക്‌സിസം മുമ്പോട്ടുവെച്ച വര്‍ഗ്ഗസമരം എന്ന സങ്കല്പനത്തിന്റെ പരമാധികാരത്തില്‍ ഊന്നിയാണ് സലിംകുമാറിനെ പോലുള്ള വിപ്ലവപാതക്കാര്‍ ദലിത് പക്ഷത്തുനിന്നുണ്ടായ ആക്ടിവിസങ്ങളെ ‘കൂട്ടിക്കൊടുപ്പും’ ‘അഴിമതിയും’ ‘ചത്തമീനു’കളുമൊക്കെയായി നിര്‍ണ്ണയിച്ചത്. ഇപ്പോള്‍, ലിബറല്‍ ചിന്താഗതിക്കാരുടെ പുത്തന്‍ പടവാളായ ”ജാതിവിരുദ്ധത”യുടെ ബലത്തില്‍ പഴയ കുറ്റാരോപണങ്ങളെ അദ്ദേഹം തുടര്‍ന്നു നടത്തുകയാണ് എന്നതാണ് ശരി. ‘കമ്മട്ടിപ്പാടം’ എന്ന സിനിമയിലെ ജനപ്രിയ ഇടതുബോധം, ജാതിവിരുദ്ധ സമരങ്ങളുടെ കീഴാള ധാരയെ ലിബറല്‍ പരമാധികാരത്തിലേക്ക് മാറ്റിമറിയ്ക്കുന്നതായി കാണാം. ഇതിലൂടെ ദലിതര്‍ സംവാദ രഹിതരായി ചരിത്രത്തിനു പിന്നില്‍ ജീവിക്കുകയാണെന്ന കാഴ്ചയും കാഴ്ചപ്പാടുമാണ് പോപ്പുലര്‍ കള്‍ച്ചറിന്റെ ഭാഗമാകുന്നത്. ഈ കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് കെ.പി. രതീഷ് നടത്തിയ ഉജ്വലമായ ഇടപെടല്‍ ഇവിടെ ഓര്‍ക്കാവുന്നതാണ്.2

ചുംബനസമരത്തെ പറ്റി ഞാന്‍ ചില വിയോജിപ്പുകള്‍ ഉന്നയിച്ചത്, മൗദൂദിയുടെ സ്വാധീനംകൊണ്ടാണെന്ന വാദമാണ് സലിംകുമാര്‍ വെച്ചത്. ഇതിലൂടെ ”മതേതരമായ ഒരു കെണി” ഉണ്ടാക്കി എന്റെ ആശയങ്ങളെ എന്നന്നേക്കുമായി പിശാചുവല്‍ക്കരിക്കാന്‍ കഴിയുമെന്നദ്ദേഹം കരുതിയിരിക്കണം. ഇപ്പോള്‍ എന്റെ ഒരു ലേഖനത്തിലെ ‘ജിപ്‌സി ഗേള്‍’, ‘അര്‍ബന്‍ ലെജന്റ്’ എന്നീ പ്രയോഗങ്ങളെ മുന്‍നിര്‍ത്തി ആദിവാസി വിരുദ്ധതയും, ആണത്തവും ആരോപിക്കുകയാണ് അദ്ദേഹം. തീര്‍ച്ചയായും, കീഴാള- ന്യൂനപക്ഷ അറിവധികാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരേയും അമാനവര്‍ ആക്കാന്‍ സാര്‍വ്വലൗകിക പ്രതിച്ഛായയുള്ള ലിബറല്‍ ആണുങ്ങളും പെണ്ണുങ്ങളും ഉപയോഗിക്കുന്ന ശകാരപദങ്ങള്‍ തന്നെയാണിവ. അംബേദ്കര്‍ക്ക് നേരെയും വിമര്‍ശനമെന്നു പറഞ്ഞുകൊണ്ട് സലിംകുമാര്‍ വലിച്ചെറിയുന്നത് ഇതേ ശകാരവാക്കുകള്‍ തന്നെയാണ്.

അരുന്ധതിറോയിയുടെ കീഴാളകര്‍ത്തൃത്വം ഇന്ത്യയിലെ നാഗരിക സവര്‍ണ്ണരുടെ ഒരു കല്പനയാണെന്നും, സ്വന്തം ക്രിസ്ത്യന്‍ മതന്യൂനപക്ഷസ്ഥാനത്തേക്കോ ഏതെങ്കിലും ഫെമിനിസ്റ്റ് ചിന്തയുടെ / ആക്ടിവിസത്തിന്റെ ഭാഗമായോ അവര്‍ മാറിയാല്‍ ഈ കല്പന പൊട്ടിപ്പിളരുമെന്നതാണ് വാസ്തവം. അതിനാല്‍ ‘ജിപ്‌സിഗേള്‍’ ‘പെണ്‍ഗറില്ല’ മുതലായ സ്വരൂപങ്ങളെ സ്വാംശീകരിച്ചുകൊണ്ടുള്ള രൂപാന്തരണങ്ങള്‍ അവരുടെ ഇമേജ്‌നിര്‍മ്മിതിയുടെ അനിവാര്യ ഭാഗമാണ്. ഷാഹിദ് അമീന്റെ ഗാന്ധിവായനയുടെ അടിസ്ഥാനത്തില്‍, ഞാന്‍ ഉന്നയിച്ച ഈ കാര്യം ട്രൈബല്‍ ജനതയെ അധമസ്ഥാനത്ത് നിറുത്തുന്നുവെന്നും സ്ത്രീനിന്ദയാണെന്നും എന്തുകൊണ്ടാണ് സലിംകുമാര്‍ പറഞ്ഞുപരത്തുന്നത്? ‘നവജനാധിപത്യ പ്രസ്ഥാനം’ എറണാകുളത്ത് നടത്തിയ സമ്മേളന വേദിയില്‍, വിശുദ്ധ ഖുറാനെയും, മുസ്ലിം സമുദായത്തെയും നിന്ദിച്ചുകൊണ്ട് ”മതേതര അസഹിഷ്ണുത” പ്രകടിപ്പിച്ച സലിംകുമാറിനെ ഞാനും അവിടെയുണ്ടായിരുന്ന മുഴുവന്‍ ദലിത് ആക്ടിവിസ്റ്റുകളും ചോദ്യം ചെയ്യുകയുണ്ടായി. അതാണ്‌ അദ്ധേഹത്തിന്റെ പ്രശ്നമെന്ന് തോന്നുന്നു.

പലരും തെറ്റിദ്ധരിപ്പിക്കുന്നതുപോലെ, ഇവിടെ ആരും അരുന്ധതിറോയിക്ക് അംബേദ്ക്കറെ വായിക്കാന്‍ പാടില്ലെന്നോ പുകഴ്ത്താനോ ഇകഴ്ത്താനോ പറ്റില്ലെന്നോ പറഞ്ഞിട്ടില്ല. അവരുടെ നിലപാടുകള്‍ ബ്രാഹ്മണ്യത്തിന് അനുകൂലമാണോ പ്രതികൂലമാണോ എന്ന കാര്യത്തിലുള്ള തര്‍ക്കവുമല്ല ഉണ്ടായത്.

ഇന്ത്യയില്‍ സവര്‍ണ്ണരായ അനേകം സമുന്നത പണ്ഡിതരും ആക്ടിവിസ്റ്റുകളുമുണ്ട്. ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റ്’ എന്ന പുസ്തകത്തിന് ആമുഖമെഴുതുക എന്നൊരു നിര്‍ദ്ദേശം വന്നാല്‍, അവരില്‍ ഒരാള്‍പോലും അതിനു മുതിരില്ലെന്നാണ് ഞാന്‍ കരുതുന്നത്. അംബേദ്കറിന്റെ ദൈവപദവിയോടുള്ള ഭയമോ, അയിത്ത ജാതിക്കാരനോടുള്ള അകല്‍ച്ചയോ അല്ല ഇതിനു കാരണം. മറിച്ച്, ഇന്ത്യയിലെ ദലിതരെയും ലോകത്തിലെ പാര്‍ശ്വവല്‍കൃതരെയും സംബന്ധിച്ച സൈദ്ധാന്തികമായ ദുരൂഹതകള്‍ ഒട്ടും വിട്ടകന്നിട്ടില്ലെന്നതാണ് പ്രശ്‌നം. ഈ അവസ്ഥയില്‍, സ്വന്തം നിലയില്‍ പഠന ഗവേഷണങ്ങള്‍ നടത്തി പ്രസിദ്ധപ്പെടുത്തുകയോ, വിവിധ ഗ്രൂപ്പുകളും സംഘടനകളുമായി കൂട്ടുചേര്‍ന്നു പ്രവര്‍ത്തിക്കുകയോ ചെയ്തുകൊണ്ട് ജാതിവ്യവസ്ഥയെ പറ്റിയുള്ള പുതുനിഗമനങ്ങള്‍ മുന്നോട്ടുവെക്കുകയാണ് സാധ്യമായിട്ടുള്ളത്. ഇത്തരം ശ്രമങ്ങള്‍ക്ക് പകരം, ചിന്താശേഷിയുള്ളവര്‍ക്ക് അവിശ്വസനീയമായി തോന്നുന്ന ഒരു ദൗത്യമാണ് അരുന്ധതി റോയി ഏറ്റെടുത്തത്. ഇതിന് അവരെ പ്രേരിപ്പിച്ച ഘടകം, ജാതിവിരുദ്ധ സമരങ്ങളെ അന്യവല്‍ക്കരിച്ച് ലിബറല്‍ പരമാധികാരത്തിന്റെ ഭാഗമാക്കിയതും ഒപ്പം, മാവോയിസത്തോടുള്ള അഭിനിവേശവുമാണെന്നു ഞാന്‍ വിചാരിക്കുന്നു. ഇവിടെയാണ് ദലിത് ക്യാമറ ഉന്നയിച്ച ”പ്രതിനിധാനപ്രശ്‌നം” കനത്ത വിള്ളലായി മാറിയത്.

മുമ്പ്, മാര്‍ക്‌സിസം മുമ്പോട്ടുവെച്ച വര്‍ഗ്ഗസമരം എന്ന സങ്കല്പനത്തിന്റെ പരമാധികാരത്തില്‍ ഊന്നിയാണ് സലിംകുമാറിനെ പോലുള്ള വിപ്ലവപാതക്കാര്‍ ദലിത് പക്ഷത്തുനിന്നുണ്ടായ ആക്ടിവിസങ്ങളെ ‘കൂട്ടിക്കൊടുപ്പും’ ‘അഴിമതിയും’ ‘ചത്തമീനു’കളുമൊക്കെയായി നിര്‍ണ്ണയിച്ചത്. ഇപ്പോള്‍, ലിബറല്‍ ചിന്താഗതിക്കാരുടെ പുത്തന്‍ പടവാളായ ”ജാതിവിരുദ്ധത”യുടെ ബലത്തില്‍ പഴയ കുറ്റാരോപണങ്ങളെ അദ്ദേഹം തുടര്‍ന്നു നടത്തുകയാണ് എന്നതാണ് ശരി. ‘കമ്മട്ടിപ്പാടം’ എന്ന സിനിമയിലെ ജനപ്രിയ ഇടതുബോധം, ജാതിവിരുദ്ധ സമരങ്ങളുടെ കീഴാള ധാരയെ ലിബറല്‍ പരമാധികാരത്തിലേക്ക് മാറ്റിമറിയ്ക്കുന്നതായി കാണാം. ഇതിലൂടെ ദലിതര്‍ സംവാദ രഹിതരായി ചരിത്രത്തിനു പിന്നില്‍ ജീവിക്കുകയാണെന്ന കാഴ്ചയും കാഴ്ചപ്പാടുമാണ് പോപ്പുലര്‍കള്‍ച്ചറിന്റെ ഭാഗമാകുന്നത്. ഈ കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് കെ.പി. രതീഷ് നടത്തിയ ഉജ്വലമായ ഇടപെടല്‍ ഇവിടെ ഓര്‍ക്കാവുന്നതാണ്.

സവര്‍ണ്ണരുടെ ലിബറല്‍ രാഷ്ട്രീയത്തിന്റെ മെജോറിറ്റിസവും കീഴാളരുടെ അതിജീവന സമരങ്ങളുടെ മൈനോറിട്ടിസവും തമ്മിലുള്ള ഉരസലായി രൂപപ്പെട്ട ഈ വിള്ളല്‍, പുതുതലമുറ ദലിത് ആക്ടിവിസ്റ്റുകളിലൂടെയും ഇതര സമുദായങ്ങളിലെ സാമൂഹിക ചിന്തകരിലൂടെയും ദേശാന്തരീയമായ വിവാദമായി മാറുകയാണുണ്ടായത്.

അരുന്ധതി റോയിയുടെ ദണ്ഡകാരണ്യ റിപ്പോര്‍ട്ടും, ബ്രോക്കന്‍ റിപ്പബ്ലിക് പോലുള്ള പുസ്തകങ്ങളും ചുരുക്കംചില മാവോയിസ്റ്റ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും, അക്കാദമിക് പണ്ഡിതര്‍ക്കും അത്ഭുതകരമായി തോന്നിയേക്കാം. എന്നാല്‍, സ്ഥാപനവല്‍കൃതമായ കൊലപാതകങ്ങളെ അഭിമുഖീകരിക്കുകയും, അപ്പോള്‍ തന്നെ സോഷ്യല്‍ മൊബിലിറ്റിയില്‍ അസാധാരണ മുന്നേറ്റം നടത്തുകയും ചെയ്യുന്നവരായ കീഴാള-ന്യൂനപക്ഷ സമുദായങ്ങളിലെ യുവജനങ്ങള്‍ക്ക് ഇത്തരം ലിബറല്‍ ഇനിഷ്യേറ്റീവുകള്‍ക്ക് പിന്നിലെ പരമാധികാര പ്രയോഗം അധിനിവേശപരമായിട്ടാവും അനുഭവപ്പെടുക.

ലിബറല്‍-ഇടത് വ്യവഹാരങ്ങള്‍ക്ക് ഒരിക്കലും കഴിയാത്ത പൊളിച്ചെഴുത്തുകളുമായി ഇന്ത്യയിലെ ബഹുജന്‍ -ന്യൂനപക്ഷ സ്ത്രീകളുടെ സൈദ്ധാന്തിക പക്ഷവും ഉയര്‍ന്നുവരികയാണ്. ജാതി ഉന്മൂലനത്തിന്റെ ആമുഖത്തോടുള്ള സമീപനത്തില്‍ അവരുടെ നിലപാടും വ്യത്യസ്തമായിരുന്നില്ല. അരുന്ധതി റോയിയുടെ ഇടപെടലിനെ കുറിച്ച് ശ്രുതിഹെര്‍ബര്‍ട്ട് എഴുതുന്നു. ‘അതിന്റെ കലര്‍പ്പില്ലാത്ത ധിക്കാരം അവിശ്വസനീയമായിരുന്നു. അജ്ഞത ക്രൂരമായിരുന്നെങ്കില്‍ ആദരവില്ലായ്മ ഞെട്ടിപ്പിക്കുന്നതാണ്.’3

ഗാന്ധിജിയെയും മാര്‍ക്‌സിനെയും അവരുടെ ജ്ഞാനമണ്ഡലത്തില്‍ നിന്നും വേര്‍പെടുത്തി വിമര്‍ശിക്കുന്നതിനെയും, അനാദരവ് കാണിക്കുന്ന തരത്തിലുള്ള എതിര്‍പ്പുകളോടും എപ്പോഴും വിയോജിച്ചിട്ടുണ്ട്. ഗാന്ധി-മാര്‍ക്‌സ്-സവര്‍ണ്ണ ”വിരുദ്ധത” അല്ലെങ്കില്‍ ”അനുകൂലത”യില്‍ അഭിരമിക്കുക എന്നത് വൈരുദ്ധ്യചിന്തയുടെ ഒരു പരിമിതിയാണ്. വൈവിധ്യങ്ങളെയും സാംസ്‌കാരിക ബഹുത്വങ്ങളെയും ഉള്‍ക്കൊള്ളുന്ന പുത്തന്‍ ജ്ഞാനമണ്ഡലത്തില്‍ ഇത്തരം ഇരുധ്രുവ വീക്ഷണങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടാകാന്‍ സാധ്യതയില്ല.

കെ. വേണുവിന്റെ പ്രഭാവലയത്തില്‍ ഉദയം കൊണ്ടതും, പഴയ സി.പി.ഐ.(എം.എല്‍) പ്രവര്‍ത്തകരുടെ ദയാവായ്പു മൂലം നിലനിന്നിരുന്നതുമായ ‘അധഃസ്ഥിത നവോത്ഥാന മുന്നണി’യാണ് ചരിത്രം എന്നു വിശ്വസിക്കുന്നവര്‍ക്ക് വൈവിധ്യങ്ങളെപറ്റിയുള്ള ദലിത് ചര്‍ച്ചകള്‍ ബ്രാഹ്മണിക് ലോജിക്ക് ആയി തോന്നുന്നതില്‍ അസ്വഭാവികതയില്ല. മാത്രമല്ല; അധികാരം, വ്യത്യാസം, ആനന്ദം മുതലായ വിഷയങ്ങളെ കേന്ദ്രീകരിച്ച പുതുവീക്ഷണങ്ങള്‍ കീഴാള ജ്ഞാനമണ്ഡലത്തില്‍ നിന്നുയര്‍ന്നുവരുന്നതും; ഇസ്ലാം, ബുദ്ധിസം, നവമുതലാളിത്തം, സദാചാരം, ധാര്‍മ്മികത, ലൈംഗികത തുടങ്ങിയവയിലെല്ലാം ഇടപെടലുകള്‍ ഉണ്ടാവുന്നതും ഇത്തരക്കാര്‍ക്ക് താങ്ങാവുന്നതില്‍ അപ്പുറമാണ്.

അരുന്ധതിറോയിയോടുള്ള എന്റെ വിമര്‍ശനം, ജാതി ഉന്മൂലനത്തിന്റെ ആമുഖത്തിനുശേഷമുള്ള ഒരു പൊട്ടിത്തെറിയാണെന്നു വരുത്തുന്നത് വെറുതെയാണ്. ഉന്നത മൂല്യങ്ങളുള്ള ഒരു സ്ത്രീയും എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമെന്ന നിലയില്‍ അവരോട് അത്യന്തം ആദരവാണുള്ളത്. വിയോജിപ്പുകള്‍ സൈദ്ധാന്തികവും രാഷ്ട്രീയപരവുമാണ്. ഈ അര്‍ത്ഥത്തിലുള്ള ഒരു കുറിപ്പ് 2002 ല്‍ ‘മാധ്യമം ആഴ്ചപ്പതിപ്പി’ലൂടെ പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ ദേശരാഷ്ട്രത്തോടും ആഗോളീകരണ സമ്പദ്‌വ്യവസ്ഥയോടും സംഘര്‍ഷപ്പെടുന്ന ലോകത്തിലെ പാര്‍ശ്വവല്‍കൃത ജനതകളുടെ വക്താക്കളായി അരുന്ധതി റോയിയെ പോലുള്ളവരെ മാറ്റുന്ന മാധ്യമ തന്ത്രങ്ങളെ ‘പ്രതിനിധാന ഹിംസയുടെ ക്ഷണക്കുറിപ്പുകളായി വായിക്കണമെന്നു സൂചിപ്പിച്ചിരുന്നു.

അരുന്ധതി റോയിയുടെ വായനയുടെ അപര്യാപ്തതകളെ മുന്‍നിര്‍ത്തി, ആദിവാസി വിരുദ്ധനായിരുന്നു അംബേദ്കര്‍ എന്നു വരുത്തുന്ന പുതിയൊരു പ്രചാരണ യുദ്ധത്തിന് സലിംകുമാര്‍ അടക്കമുള്ളവര്‍ തുടക്കം കുറിച്ചിട്ടുണ്ട്. വാസ്തവത്തില്‍, മുന്‍കാല കമ്മ്യൂണിസ്റ്റുകള്‍ക്ക് അവരുടെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ പരിമിതികളുടെ ഭാഗമായി ആരോപിക്കേണ്ടിവന്ന കാര്യങ്ങള്‍ക്ക് ഉപരിയായി ഒന്നും തന്നെ അരുന്ധതി റോയി പുതുതായി കണ്ടുപിടിച്ചിട്ടില്ല. തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തെ കുന്തമുനയാക്കി, അദ്ദേഹത്തെ വൈദേശിക സാമ്രാജ്യത്വത്തിന്റെ ചാരനാക്കുകയായിരുന്നു മാര്‍ക്‌സിസ്റ്റുകള്‍. അതേതുടര്‍ച്ചയില്‍, ആദിവാസി സമരങ്ങളെ കുന്തമുനയാക്കി ആഭ്യന്തര സാമ്രാജ്യത്വത്തിന്റെ ചാരനാക്കി മാറ്റുന്നു എന്നതാണ് ഈ വായനയുടെ മഹത്തായ ”നേട്ടം.”

സണ്ണി എം. കപിക്കാട് ‘വികാരപരമായി’ (കീഴാളരും ബഹുജന്‍ സ്ത്രീകളും സാമൂഹിക പ്രമേയങ്ങള്‍ ഉന്നയിക്കുന്നത് വികാര പരമായിരിക്കുമെന്നത് മുഴുത്ത ഒരു കൊളോണിയന്‍/ സവര്‍ണ്ണ മുന്‍വിധിയാണ്) മധ്യേന്ത്യയിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും ജന നേതാക്കളും ആദിവാസികള്‍ തന്നെയാണെന്നു പറഞ്ഞതില്‍ എന്താണ് കുഴപ്പം? ഇന്ത്യന്‍ റിപ്പബ്‌ളിക് ആദിവാസികള്‍ക്ക് മേലുള്ള ഒരു അധിനിവേശ സാമ്രാജ്യമാണെന്നും, അവര്‍ നയിക്കുന്ന വിമോചന പോരാട്ടങ്ങളാണ് ദേശ രാഷ്ട്രത്തെ ശുദ്ധീകരിക്കുന്നതെന്നും രാഷ്ട്രീയമായി സ്ഥാപിക്കുന്നതാണ് ജാതി ഉന്മൂലനത്തിന്റെ ആമുഖം. ഈ യുദ്ധമേഖലയില്‍ അംബേദ്കറുടെ സ്ഥാനം കോളനി മേധാവികള്‍ക്ക് ഒപ്പമായിരിക്കുമെന്ന ദീര്‍ഘ ദര്‍ശനവും അതിലുണ്ട്. ഇത്തരത്തിലുള്ള അധിനിവേശ ഭാവനകളെ ദലിത് ആക്ടിവിസ്റ്റുകള്‍ രാഷ്ട്രീയമായും സൈദ്ധാന്തികമായും വായിക്കാന്‍ പാടില്ലത്രെ. വിമര്‍ശനങ്ങളും വിശകലനങ്ങളും ഉണ്ടാവുന്നത് അരുന്ധതി റോയിയുടെ വ്യക്തി സ്വാതന്ത്യത്തിനും അഭിപ്രായസ്വാതന്ത്യത്തിനും വിലക്ക് ഏര്‍പ്പെടുത്താനാണത്രെ.

ഇന്ത്യന്‍ ഭരണകൂടത്തെയും ദേശരാഷ്ട്രത്തെയും കാണേണ്ടത് ആദിവാസികള്‍ക്ക് എതിരെ ആഭ്യന്തര യുദ്ധം നയിക്കുന്ന ഒരു സൈനിക വ്യൂഹമായിട്ടാണോ? മധ്യേന്ത്യയിലെ ആദിവാസികള്‍ ദേശീയ വിമോചന യുദ്ധത്തിലും കോര്‍പ്പറേറ്റ് വിരുദ്ധപോരാട്ടത്തിലും ഏര്‍പ്പെട്ടിരിക്കു കയാണോ? പാര്‍ശ്വവല്‍കൃത ജനതകളുടെ അതിജീവന സമരങ്ങളെയും സിവില്‍ ഗവണ്‍മെന്റാലിറ്റിയെയും പറ്റി ഏറ്റവും കുറഞ്ഞ ഉള്‍കാഴ്ചയുള്ള മാവോയിസ്റ്റ് അനുഭാവികള്‍ ദിവാസ്വപ്നം കാണുന്നതാണ് ഇതൊക്കെ. അവിടെ നടക്കുന്ന ഭീകരമായ സഹോദരഹത്യയെപ്പറ്റി വിവിധ ആദിവാസി നേതാക്കളും ഗോപാല്‍ ഗുരു, കാഞ്ച ഐലയ്യ, ആദിത്യ നിഗാം പോലുള്ള സാമൂഹിക ചിന്തകരും പലപ്പോഴും മുന്നറിയിപ്പ് തന്നിട്ടുണ്ട്. തങ്ങളുടെ അണികളെ വകവരുത്തുകയും ബഹുജന പ്രക്ഷോഭങ്ങളെ അസാധ്യമാക്കുകയുമാണ് മാവോയിസ്റ്റുകള്‍ എന്ന് വിവിധ എം.എല്‍ ഗ്രൂപ്പുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ സംഘപരിവാറുകളെ പ്രതിരോധിക്കാന്‍ ലിബറലുകള്‍ മുമ്പില്‍ നില്‍ക്കാറുണ്ട്. എന്നാല്‍ മാവോയിസം പോലുള്ള പ്രതിധാരകളെ പ്രശ്‌നവത്ക്കരിക്കുന്നതില്‍ അവര്‍ വിമുഖരാണ്. മാര്‍ക്‌സിസത്തിന്റെ സൈദ്ധാന്തിക സുരക്ഷിതത്വം മാവോയിസ്റ്റുകള്‍ക്ക് ഉണ്ട് എന്നതിലാണ് ഈ വിമുഖത. മാത്രമല്ല, ആദിവാസികളുടെയും ദലിതരുടെയും പിന്നാക്കക്കാരുടെയും സോഷ്യല്‍ മൊബിലിറ്റിയിലാണ് മാവോയിസ്റ്റുകള്‍ നാശം വരുത്തുന്നതെന്ന വസ്തുതയെ ഇക്കൂട്ടര്‍ വലിയ കാര്യമായി കാണുന്നില്ലെന്നും തോന്നുന്നു.

ബ്രിട്ടീഷ് ഇന്ത്യയില്‍ ഏറെക്കുറെ 77-ഓളം വലിയ ആദിവാസി കലാപങ്ങള്‍ നടന്നിട്ടുണ്ട്. അവയുടെ ഫലമായി കോളനിമേധാവികള്‍ക്ക് ആദിവാസിജനതയുടെ തനതായ അസ്തിത്വത്തെ അംഗീകരിക്കേണ്ടിയും, കോളനിനിയമങ്ങള്‍ പരിഷ്‌കരിക്കരിക്കേണ്ടിയും വന്നു.

മഹത്തായ സന്താള്‍ കലാപത്തിന്റെ ബാക്കിപത്രമായിട്ടാണ് ബംഗാളിലെ ഇരുപത്തിനാല് പര്‍ഗാനാസ് എന്ന ജില്ല രൂപപ്പെട്ടതെന്ന് രാഘവേന്ദ്ര എഴുതുന്നു. ആദിവാസി സ്വയംഭരണ പ്രദേശങ്ങള്‍, സ്വതന്ത്ര ഹില്‍ കൗണ്‍സിലുകള്‍ മുതലായവ നിരവധി വകുപ്പുകള്‍ 1930-ലെ ഇന്ത്യാ ആക്ടില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. ഇതില്‍ നിന്നുമാണ് പുതിയ ഭരണ ഘടന പിറവിയെടുത്തത് തന്നെ.4

ഇന്ത്യന്‍ ഭരണകൂടത്തെയും ദേശരാഷ്ട്രത്തെയും കാണേണ്ടത് ആദിവാസികള്‍ക്ക് എതിരെ ആഭ്യന്തര യുദ്ധം നയിക്കുന്ന ഒരു സൈനിക വ്യൂഹമായിട്ടാണോ? മധ്യേന്ത്യയിലെ ആദിവാസികള്‍ ദേശീയ വിമോചന യുദ്ധത്തിലും കോര്‍പ്പറേറ്റ് വിരുദ്ധപോരാട്ടത്തിലും ഏര്‍പ്പെട്ടിരിക്കു കയാണോ? പാര്‍ശ്വവല്‍കൃത ജനതകളുടെ അതിജീവന സമരങ്ങളെയും സിവില്‍ ഗവണ്‍മെന്റാലിറ്റിയെയും പറ്റി ഏറ്റവും കുറഞ്ഞ ഉള്‍കാഴ്ചയുള്ള മാവോയിസ്റ്റ് അനുഭാവികള്‍ ദിവാസ്വപ്നംകാണുന്നതാണ് ഇതൊക്കെ. അവിടെ നടക്കുന്ന ഭീകരമായ സഹോദരഹത്യയെപ്പറ്റി വിവിധ ആദിവാസി നേതാക്കളും ഗോപാല്‍ ഗുരു, കാഞ്ച ഐലയ്യ, ആദിത്യ നിഗാം പോലുള്ള സാമൂഹിക ചിന്തകരും പലപ്പോഴും മുന്നറിയിപ്പ് തന്നിട്ടുണ്ട്. തങ്ങളുടെ അണികളെ വകവരുത്തുകയും ബഹുജന പ്രക്ഷോഭങ്ങളെ അസാധ്യമാക്കുകയുമാണ് മാവോയിസ്റ്റുകള്‍ എന്ന് വിവിധ എം.എല്‍ ഗ്രൂപ്പുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊളോണിയലിസത്തിന്റെ പിന്മാറ്റത്തിനു ശേഷവും ആദിവാസികളുടെ കലാപങ്ങള്‍ നടക്കുന്നുണ്ട്. ഇതേ സമയം ‘ദേശരാഷ്ട്രം’ അവരുമായി നിരവധിയായ കരാറുകളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. നോര്‍ത്ത്- ഈസ്റ്റേണ്‍ സംസ്ഥാനങ്ങളിലെ ഒട്ടേറെ ”തീവ്ര വാദ-ദേശ വിരുദ്ധ” സംഘടനകളുമായി നെഹ്രു മുതല്‍ മന്‍മോഹന്‍ സിംഗ് വരെയുള്ളവര്‍ ഉടമ്പടികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ബംഗാളില്‍ ജോതി ബാസു സര്‍വ്വശക്തനായിരുന്നപ്പോഴാണ് ‘ശൂര്‍ഖ വിമോചന മുന്നണി’ യുടെ കലാപങ്ങളും തുടര്‍ന്നു ഹില്‍ കൗണ്‍സിലുകളുടെ രൂപീകരണവും നടന്നത്. നരേന്ദ്രമോധി അധികാരത്തില്‍ വന്നതിനുശേഷവും ആദിവാസി സംഘടനകളുമായി ഉടമ്പടികള്‍ ഉണ്ടായിട്ടുണ്ട്.

ഇത്തരം കലാപങ്ങളെയും കരാറുകളെയും മാത്രമല്ല, ആദിവാസികളുടെ പ്രാദേശികകേന്ദ്രീകരണത്തെയും സമുദായവല്‍ക്കരണത്തെയും അന്യവല്‍ക്കരിച്ചുകൊണ്ട്, മാവോയിസ്റ്റുകള്‍ നടത്തുന്ന രാഷ്ട്രീയനീക്കങ്ങളെ ആദിവാസി വിപ്ലവമാക്കി തലതിരിച്ചു വായിക്കുകയാണ് അരുന്ധതിറോയി. തല്‍ഫലമായിട്ടാണ്, അധിനിവേശ സാമ്രാജ്യം വേട്ടയാടി പിടിക്കുന്ന ശത്രുരാജ്യത്തെ പ്രജകളായി മാത്രം അവര്‍ ആദിവാസികളെ സ്ഥാനപ്പെടുത്തുന്നത്. ഈ ശത്രുരാജ്യത്തിന്റെ ഭരണഘടന ഉണ്ടാക്കുന്നതില്‍ പങ്കുവഹിക്കുകയും ”സ്വതന്ത ആദിവാസി റിപ്പബ്ലിക്കുകള്‍ക്ക്”വേണ്ടി നിലകൊള്ളാതെ, പ്രാതിനിത്യ ജനാധിപത്യത്തിന് വേണ്ടി വാദിക്കുകയും ചെയ്തതിലൂടെ അംബേദ്കര്‍ ഭരണകൂടാധികാരത്തിന്റെ ഭാഗവും ആദിവാസി വിരുദ്ധനുമായി മാറ്റപ്പെട്ടിരിക്കുകയാണത്രേ.

ചുരുക്കിപറഞ്ഞാല്‍, കൊളോണിയലിസത്തോടും ദേശ രാഷ്ട്രങ്ങളോടും സമരം നടത്തുകയും കരാറുകളില്‍ ഏര്‍പ്പെടുകയും, സ്വയം ശാക്തീകരിക്കുകയും ചെയ്യുന്ന ആദിവാസികള്‍ അടക്കമുള്ള പാര്‍ശ്വവല്‍കൃതരിലൂടെ ലോകചരിത്ര പ്രാധാന്യത്തിലേക്ക് അംബേദ്കര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍, ആധുനികതക്കും ഭരണകൂടമര്‍ദ്ദന സംവിധാനങ്ങള്‍ക്കുമൊപ്പം കാലഹരണപ്പെട്ട ഒരാളായാണ് അദ്ദേഹത്തെ അരുന്ധതി റോയി കാണുന്നത്. തീര്‍ച്ചയായും, ആധുനികതയുടെ കടന്നുകയറ്റത്തിന് ഉപശാന്തിയായി ‘സ്വതന്ത്ര ആദിവാസി റിപ്പബ്ലിക്കുകള്‍’ പോലുള്ള സവര്‍ണ്ണ നാഗരിക കൗതുകങ്ങള്‍ക്ക് അംബേദ്കര്‍ ചിന്തയില്‍ ഇടമില്ലാത്തതിനാലാണ് ഈ കുറ്റപ്പെടുത്തല്‍.

ശക്തമായ കേന്ദ്രത്തിന് വേണ്ടി വാദിച്ചതിലൂടെ അംബേദ്കര്‍ ഫെഡറലിസത്തിന് എതിരായിരുന്നു എന്നൊക്കെയുള്ള പ്രചാരണങ്ങളെയും അംഗീകരിക്കാന്‍ കഴിയില്ല. ഇന്ത്യയുടെ സവിശേഷമായ രാഷ്ട്രീയ സമ്പദ്ഘടനയെയും, പ്രാദേശിക മൂലധന കേന്ദ്രീകരണങ്ങളെയും, ജാതി വ്യവസ്ഥയെയും പരിഗണിച്ചുകൊണ്ടുള്ള പ്രായോഗിക നിലപാടാണ് അംബേദ്കര്‍ വെച്ചതെന്നതാണ് വസ്തുത. ഈ വിഷയത്തിലുള്ള ചില വെളിപ്പെടുത്തലുകള്‍ നരേന്ദ്ര ജാതേവിനെപ്പോലുള്ള വിദഗ്ധര്‍ മുമ്പേതന്നെ നല്‍കിയിട്ടുണ്ട്.5

ഈ പറഞ്ഞതിനൊക്കെ അര്‍ത്ഥം, അംബേദ്ക്കറിന്റെ എല്ലാ ആശയങ്ങളും ശാശ്വത സത്യങ്ങളായി സ്ഥിരീകരിക്കപ്പെട്ടവയാണെന്നല്ല. മറിച്ച്, അദ്ദേഹത്തിന്റെ ചിന്തകളെ വിമര്‍ശിക്കാനും വിശകലനം ചെയ്യാ നും, ലിബറല്‍-സവര്‍ണ്ണറാഡിക്കല്‍ ”പരമാധികാര പൊസിഷനുകള്‍” ഒട്ടും ഫലപ്രദമല്ലെന്നേ സൂചിപ്പിക്കുന്നുള്ളൂ.

  • മാധ്യമം ആഴ്ചപ്പതിപ്പ്, ലക്കം 953, ജൂണ്‍ 6, 2016
  • കമ്മട്ടിപ്പാടം അതിദളിതം, ആസ്വാദനം ആഘോഷം- പി.കെ.രതീഷ് (ഉത്തരകാലം വെബ് പോര്‍ട്ടല്‍, ജൂണ്‍ 7, 2016)
  • Baba saheb: Unravelling and Rebuilding my world- Sruthi Herbert (www.Savari: April 27, 2016)
  • Mavoist Presence in Kerala- Beyond Revolutionary Folklorism- K.K. Baburaj, (Roundable India 31-8-2015- Translation: J.M. Jayachandran.)
  • അംബേദ്കര്‍ ജീവിതവും ദൗത്യവും - എഡിറ്റര്‍ കെ.കെ. കൊച്ച് (പ്രയാഗ ബുക്‌സ്, പറവൂര്‍, 1990)
  • (കടപ്പാട് - മാധ്യമം ആഴ്ചപ്പതിപ്പ്)
Top