എന്തുകൊണ്ട് വിനായകൻ? കെകെ ബാബുരാജ് സംസാരിക്കുന്നു

പോപ്പുലര്‍ കള്‍ച്ചറിലെ കീഴാള പ്രതിനിധാനങ്ങളെ ആഘോഷിക്കാമെങ്കിലും വല്ലാതെ ദലിത്‌വത്കരിക്കുന്നത് തെറ്റായ ദിശയിലേക്ക് മാത്രമേ കാര്യങ്ങളെ എത്തിക്കൂ. വിനായകന്‍ തന്നെ ‘ദലിതന്‍’ എന്നോ ‘കീഴാളന്‍’ എന്നോ പറയാതെ ‘പുലയന്‍’ എന്നാണ് സ്വയം സംബോധന ചെയ്തതെന്ന് ഓര്‍ക്കണം. പോപ്പുലര്‍ കള്‍ച്ചറില്‍ കാണുന്നതെല്ലാം പുതുതാണെന്ന വിചാരം അടിസ്ഥാനരഹിതമാണ്. ഒന്നിപ്പ് മാസിക കെകെ ബാബുരാജുമായി 2016ൽ നടത്തിയ ആഭിമുഖം.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളെ എങ്ങനെ കാണുന്നു?

ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ നിയോഗിച്ച അവാര്‍ഡ് നിര്‍ണയ സമിതിയാണ് കേരളത്തിലുണ്ടായിരുന്നത്. സ്വാഭാവികമായും അവരുടെ പരിഗണനയില്‍ ഇടതുപക്ഷ അനുകൂലികളും സഹയാത്രികരുമായ സിനിമാ പ്രവര്‍ത്തകര്‍ക്ക് വലിയ പ്രാതിനിധ്യം കിട്ടുകയുണ്ടായി. ‘കമ്മട്ടിപ്പാടത്തിനും’ ‘മാന്‍ഹോളിനും’ അവാര്‍ഡ് കിട്ടിയതില്‍ ഇത്തരം പരിഗണനകളും ഉണ്ടെന്നു തന്നെ പറയാവുന്നതാണ്. സാങ്കേതിക രംഗങ്ങളിലുള്ളവര്‍ക്ക് കിട്ടിയ അവാര്‍ഡുകളിലും ഇതു കാണാം. എന്നാല്‍, വിനായകനും മണികണ്ഠന്‍ ആചാരിക്കും അവാര്‍ഡ് കിട്ടിയതിലൂടെ മേല്‍പ്പറഞ്ഞ ഇടതുപക്ഷ ചായ്‌വ് മാഞ്ഞുപോവുകയും, അവാര്‍ഡ് നിര്‍ണയ കമ്മറ്റിയുടെ തീരുമാനങ്ങള്‍ക്ക് വലിയ ജനപ്രിയത ഉണ്ടാവുകയും ചെയ്തു. വിനായകന്‍ തന്നെ പറഞ്ഞതു പോലെ, വ്യവസ്ഥയോട് എതിര്‍പ്പുള്ള ഒരുപാട് യുവജനങ്ങളുടെയും സ്വതന്ത്ര നിലപാടുള്ള ആള്‍ക്കാരുടെയും അംഗീകാരം കിട്ടാന്‍ ഈ പുരസ്‌കാരം സഹായകരമായി മാറി.

കേന്ദ്രസര്‍ക്കാരിന്റെ സിനിമാ അവാര്‍ഡുകളെ ഇതിന്റെ എതിര്‍വശത്തു നിന്നാണ് നോക്കേണ്ടതെന്നാണ് തോന്നുന്നത്. ജാതിമേന്മവാദിയും വലതുപക്ഷ ചിന്താഗതിക്കാരനും, സിനിമയില്‍ വെറുതെ പരാജയപ്പെടുകയും മാത്രം ചെയ്തിട്ടുള്ള ആളുമായ പ്രിയദര്‍ശന്‍ നേതൃത്വം നല്‍കിയ സമിതിയാണ് കേന്ദ്രസര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. അവര്‍ മുന്‍കാലത്തേതു പോലെ ഹൈന്ദവ-ഹിന്ദി ദേശീയതക്കും കുത്തക മുതലാളിത്ത താൽപര്യങ്ങള്‍ക്കും സവര്‍ണ താരാധിപത്യത്തിനും വേണ്ടിയുള്ള പരിഗണനകളാണ് നല്‍കിയത്.

വിനായകന് അവാര്‍ഡ് കൊടുത്തതിലൂടെ മലയാള സിനിമ യാഥാസ്ഥിതിക സവര്‍ണ നിലപാടുകളെ തിരുത്തിയെന്നു പറയാമോ?

അങ്ങനെയൊന്നും ആലോചിക്കേണ്ടതില്ല. മലയാള സിനിമ എന്നത് ‘സവര്‍ണ സദാചാര പുരുഷനെയും’ അയാള്‍ക്ക് അനുരൂപയായ ‘സവര്‍ണ സദാചാര സ്ത്രീയെയും’ കേന്ദ്രത്തില്‍ പ്രതിഷ്ഠിച്ചു കൊണ്ടുള്ള ഒരു ഏര്‍പ്പാടാണെന്ന് ജെനി റൊവീനയെ പോലുള്ള ബഹുജന്‍ സ്ത്രീ എഴുത്തുകാരികള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. മേല്‍പ്പറഞ്ഞ തരത്തിലുള്ള ആണത്തത്തിന്റെയും പെണ്ണത്തത്തിന്റെയും പദവിക്ക് താഴെയുള്ളവരെ ഉപഗ്രഹമാക്കി മാറ്റുകയോ പുറന്തള്ളുകയോ ചെയ്യുന്ന വിധത്തിലുള്ള ഹിംസാത്മകമായ കാമനാ പൂര്‍ണതയാണ് സിനിമ പ്രക്ഷേപിക്കുന്നത്. ഇതിനെ തലതിരിച്ചുകൊണ്ട് ‘സദാചാര വിരുദ്ധനായ’ സവര്‍ണ-അവര്‍ണ-ന്യൂനപക്ഷ ആണിനെയും, അതുപോലുള്ള പെണ്ണിനെയും രംഗത്തു വരുത്തിയാലൊന്നും മേല്‍പ്പറഞ്ഞ ഹിംസാത്മകതക്ക് ഇളക്കം തട്ടുകയില്ല. അമല്‍ നീരദ്, രാജീവ് രവി, ആഷിക് അബു, സമീര്‍ താഹിര്‍ തുടങ്ങിയ ‘ന്യൂ ജനറേഷന്‍’ ലേബലുള്ള ഇടതുപക്ഷ സിനിമാ പ്രവര്‍ത്തകര്‍ ഇത്തരം തലതിരിച്ചിടലുകള്‍ നടത്തുന്നവരാണ്. ഇവരുടെ സിനിമകളിലും ചെറുതുകളോടും അപരരോടും കാണിക്കുന്ന ഹിംസാത്മകത തന്നെയാണ് ആനന്ദം ഉത്പാദിപ്പിക്കുന്ന ഘടകം.

യുവജനങ്ങളെ വല്ലാതെ ഭ്രമിപ്പിച്ച വിനീത് ശ്രീനിവാസന്റെ ‘തട്ടത്തിന്‍ മറയത്തിലെ’ ജാതി മേന്മവാദം എത്രയോ ലജ്ജാകരമാണ്. പി.കെ പ്രകാശിന്റെ സിനിമകളിലെ വ്യാജ ഉത്തരാധുനികത സ്വയം വെളിപ്പെടുത്തുന്നവയാണല്ലോ? സിനിമ സവര്‍ണ വംശീയതയുടെ ഭാഗമാകുന്നത് വെറും ദലിത്-മുസ്‌ലിം-സ്ത്രീ വിരുദ്ധത എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലല്ല. അത്തരം വിമര്‍ശനങ്ങളുയരുമ്പോള്‍ സിനിമക്കാര്‍, വേണമെങ്കില്‍ ദലിത്-മുസ്‌ലിം-സ്ത്രീ അനുകൂലരായി മാറിയേക്കാം. പ്രശ്‌നം അതല്ല. കാഴ്ച-കേള്‍വി- സംസ്‌കാരം-വാണിജ്യം മുതലായ ഇടപാടുകളില്‍ ആഴത്തിലുള്ള കോഡുകളും ചിഹ്നങ്ങളും നിക്ഷേപിക്കുന്ന വിധത്തിലാണ് സിനിമയിലെ അപരഹിംസയും ചെറുതുകളോടുള്ള അസഹിഷ്ണതുയും പ്രവര്‍ത്തിക്കുന്നത്. മതേതരത്വത്തിന്റേയോ ലിബറല്‍ ഫെമിനിസത്തിന്റെയോ സാമാന്യ യുക്തികൊണ്ട് ഇത്തരം കോഡുകളെയും ചിഹ്നങ്ങളെയും അഴിച്ചുമാറ്റാനാവില്ല.

ജെനി റൊവീന

സവര്‍ണ സദാചാര പുരുഷന്റെയും സവര്‍ണ സദാചാര സ്ത്രീയുടെയും അധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് ‘സദാചാര വിരുദ്ധരായ’ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ബദല്‍ ചിഹ്നങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു കേരളത്തില്‍ നടന്ന ‘ചുംബന സമരവും’ ‘മനുഷ്യ സംഗമവും’ മറ്റും. മതേതരത്വത്തിന്റെയും ലിബറല്‍ ഫെമിനിസത്തിന്റെയും സാമാന്യ യുക്തി ഉള്‍ക്കൊള്ളുന്ന ഇത്തരം കാര്യങ്ങളുടെ മുന്‍നിരയില്‍ അണിനിരന്നവരാണല്ലോ ആഷിക് അബു, ജയന്‍ ചെറിയാന്‍, ഉണ്ണി ആർ മുതലായ സിനിമക്കാര്‍. സിനിമയിലൂടെ പ്രക്ഷേപിക്കപ്പെടുന്ന പരമ്പരാഗത അധികാരങ്ങളോടും ചെറുതുകളോടും തുടര്‍ന്നു കൊണ്ടിരിക്കുന്ന ഹിംസാത്മകതയോടും എതിരിടാന്‍ ഇവര്‍ക്ക് താൽപര്യമില്ലയെന്നാണ് ഈ സാമാന്യ യുക്തികൾ നമ്മോട് വിളിച്ചു പറയുന്നത്. റിമ കല്ലിങ്കല്‍, ഊരാളി പോലുള്ള പ്രോമിസിങ്‌ ആയ ആര്‍ട്ടിസ്റ്റുകളെ ‘മനുഷ്യവാദികള്‍’ ആക്കി മാറ്റുന്ന വ്യാജ ഇടതുപക്ഷ ബോധവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

സിനിമക്കകത്തും പുറത്തുമുള്ള വംശീയതയുടെയും സ്ത്രീ-ന്യൂനപക്ഷ-ട്രാൻസ് വിരുദ്ധതയുടെയും കോഡുകള്‍, ഇത് ഉത്പാദിപ്പിക്കുന്ന കാമനകള്‍, സിനിമയുടെ മൂലധന വിനിയോഗം, താരാധിപത്യം, സാങ്കേതികത, ജാതീയത മുതലായ കാര്യങ്ങളെ അഭിസംബോധന ചെയ്യുന്ന പുതിയൊരു ‘കമ്യൂണിറ്റേറിയന്‍ കാഴ്ചപ്പാട്’ പ്രേക്ഷകരിലും സിനിമാ പ്രവര്‍ത്തകരിലും ഉണ്ടാവുമ്പോളായിരിക്കും സിനിമയുടെ സവര്‍ണതയും യാഥാസ്ഥിതികതയും ചോദ്യംചെയ്യപ്പെടുകയുള്ളൂ എന്നാണ് തോന്നുന്നത്.

അവാര്‍ഡ് കിട്ടിയതിനു ശേഷമുള്ള വിനായകന്റെ അഭിപ്രായ പ്രകടനങ്ങളെ എങ്ങിനെ കാണുന്നു?

സാമൂഹിക മാധ്യമങ്ങളിൽ മാത്രമല്ല, വിഷ്വല്‍ മീഡിയയിലും പ്രിന്റ് മീഡിയയിലും സൂപ്പര്‍ ഹിറ്റായല്ലോ വിനായകന്റെ പ്രതികരണം. താനൊരു കീഴാളനാണെന്നു തുറന്നു പറഞ്ഞു എന്നുമാത്രമല്ല, ചില വിസമ്മതങ്ങള്‍ പ്രകടിപ്പിച്ചത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് തന്നെ തിരിച്ചറിവ് നല്‍കുന്നതുമായിരുന്നു. പുതിയൊരു വാക്ക് വിനായകന്‍ പറഞ്ഞു എന്നതാണ് എനിക്ക് ഏറ്റവും പ്രധാനമായി തോന്നുന്നത്; “അയ്യൻകാളി ചിന്തയുള്ള ആളാണ് ഞാന്‍” എന്നതാണത്. ഇന്നും അയ്യൻകാളിയെ പോലുള്ള കീഴാള സമുദായിക പ്രതിനിധാനങ്ങള്‍ പ്രസരിപ്പിക്കുന്ന ഊര്‍ജ്ജം എത്ര വലുതാണെന്ന വസ്തുതയാണ് ആ വാക്കുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. ഫെറാറി കാറും സ്വര്‍ണ കീരീടവും എന്ന രൂപകങ്ങള്‍ ദലിതരുടെ സ്വാശ്രിത ജീവിതത്തെയും സാമൂഹികമായ ചലനാത്മകതയെയും സൂചിപ്പിക്കുന്നതാണ്. ഇതേസമയം, എറണാകുളത്തെ കീഴാള ജീവിത ഇടങ്ങളെപ്പറ്റിയുള്ള നേര്‍കാഴ്ചകള്‍ അദ്ദേഹം പറയുകയുണ്ടായി. മഴ പെയ്താല്‍ നഗരത്തിന്റെ അഴുക്ക് മുഴുവന്‍ തങ്ങളുടെ വീടുകളില്‍ അടിഞ്ഞു കൂടുന്നതിനെ പറ്റിയും, മുകളില്‍ നിന്നു നോക്കുമ്പോഴാണ് തങ്ങളുടെ വീടുകള്‍ കാണുന്നതെന്നും വല്ലാതെ നൊമ്പരമുളവാകുന്ന വിധത്തില്‍ അദ്ദേഹം പറഞ്ഞു. കീഴാളരായ യുവജനങ്ങള്‍ക്ക് ഒരുപാട് ഇന്റിമസി ഉണ്ടായതാണ് ആ വാക്കുകള്‍. മൈക്കൽ ജാക്‌സണ്‍, ഫയര്‍ ഡാന്‍സ്, പാട്ടുകള്‍, സിനിമ, കൂട്ടുകാര്‍ ഇതെല്ലാം കൂടി കേരളീയ ആധുനികതക്ക് പുറത്ത് അതിജീവനം നേടിയ ഒരു ‘നാഗരിക കീഴാളന്റെ’ ആത്മീയ ചൈതന്യവും സംഘര്‍ഷങ്ങളും ചലനങ്ങളുമാണ് വിനായകന്‍ ഓര്‍മപ്പെടുത്തിയതെന്നു തോന്നുന്നു.

മണിഘണ്ഠൻ ആചാരി

പുറത്തുള്ള ചര്‍ച്ചകളെ എങ്ങനെ വിലയിരുത്തുന്നു?

അവാര്‍ഡിന്റെ തുകയെക്കാള്‍ വലുപ്പം അതു തരുന്ന പ്രതീകാത്മക മൂലധനത്തിനാണ്. മമ്മുട്ടിയും മോഹന്‍ലാലും പോലുള്ളവര്‍ എത്ര അവാര്‍ഡുകള്‍ കിട്ടിയാലും നിരസിക്കാത്തത് അതുകൊണ്ടാണ്. മലയാളത്തിലെ താരവ്യവസ്ഥയും അതിനെ നിയന്ത്രിക്കുന്ന ജാതി-കുടുംബ പാരമ്പര്യങ്ങളും വെച്ചു നോക്കുമ്പോള്‍ വിനായകനും മണികണ്ഠന്‍ ആചാരിയുമെല്ലാം പുറമ്പോക്കിലുള്ളവരാണെന്നു പറയാം. ഇവര്‍ക്ക് അവാര്‍ഡ് കിട്ടുമ്പോള്‍ ഉണ്ടാകുന്ന ഇമോഷണല്‍ ഇംപാക്ട് വ്യത്യസ്തമായിരിക്കും. സവര്‍ണ താരവ്യവസ്ഥയുടെ ആരാധകര്‍ക്ക് ഇതു താങ്ങാന്‍ കഴിയുന്നതല്ല. വളരെ അപൂര്‍വമായ ഒരു എക്‌സെപ്ഷന്‍ ആയതിനാല്‍ ഇവര്‍ തങ്ങളുടെ വിദ്വേഷം മറച്ചുപിടിക്കുന്നു എന്നു മാത്രമേയുള്ളൂ. എങ്കിലും, കെ.ആര്‍ ഇന്ദിര എന്ന എഴുത്തുകാരിയടക്കം പലരും അതിക്രമ വാക്കുകള്‍ ഉപയോഗിച്ചുകൊണ്ട് വിനായകന്റെ അഭിനയത്തെ തരംതാഴ്ത്താന്‍ ശ്രമിച്ചു. അശോകന്‍ ചെരുവില്‍ അടക്കമുള്ളവരുടെ പ്രത്യാക്രമണത്തിന് മുൻപിൽ അത്തരം ശ്രമങ്ങള്‍ പതറിപ്പോവുകയായിരുന്നു. കേന്ദ്രഫിലിം അവാര്‍ഡിനെ പറ്റി വളരെ സത്യസന്ധമായ ചില അഭിപ്രായങ്ങള്‍ പറഞ്ഞ ഡോ. ബിജുവിനെതിരെ കനത്ത വംശീയ അധിക്ഷേപമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. കെ.ആര്‍ മനോജിന്റെ നല്ലൊരു പ്രതികരണം ഇതിനെ പറ്റിയുണ്ടായി.

ദലിത് പക്ഷത്തു നിന്നും മുഖ്യമായും സണ്ണി എം. കപിക്കാട് ഡ്യൂള്‍ ന്യൂസില്‍ എഴുതിയ പ്രതികരണമാണ് കാണാന്‍ കഴിഞ്ഞത്. വിനായകന്റെ എറണാകുളം നഗരത്തെ ലൊക്കേറ്റു ചെയ്യുന്നതിലോ ഫെറാറി കാര്‍ ഉള്‍ക്കൊള്ളുന്ന കീഴാള മൊബിലിറ്റിയേയും മൈക്കൽ ജാക്‌സന്റെ നൃത്തച്ചുവടുകളിലെ സ്പീഡിനെയും സാന്ദർഭികവത്കരിക്കാനോ ശ്രമിക്കാത്ത ദുര്‍ബലമായ ഒരു വായനയാണത്. ഇതേസമയം, സാമൂഹിക മാധ്യമങ്ങളിൽ ദലിത് ഗ്രൂപ്പുകള്‍ ആഘോഷത്തിന്റെ പൊടിപൂരം ഉയര്‍ത്തി.

ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എ.എസ് അജിത്കുമാറും, പ്രകാശ് രാംദാസും ഇത്തരം തിമിർപ്പുകളോട് വിയോജിച്ചു. ഇവരോട് ഞാനും യോജിക്കുകയാണ്. കാരണം, പോപ്പുലര്‍ കള്‍ച്ചറിലെ കീഴാള പ്രതിനിധാനങ്ങളെ ആഘോഷിക്കാമെങ്കിലും വല്ലാതെ ദലിത്‌വത്കരിക്കുന്നത് തെറ്റായ ദിശയിലേക്ക് മാത്രമേ കാര്യങ്ങളെ എത്തിക്കൂ. വിനായകന്‍ തന്നെ ‘ദലിതന്‍’ എന്നോ ‘കീഴാളന്‍’ എന്നോ പറയാതെ ‘പുലയന്‍’ എന്നാണ് സ്വയം സംബോധന ചെയ്തതെന്ന് ഓര്‍ക്കണം. പോപ്പുലര്‍ കള്‍ച്ചറില്‍ കാണുന്നതെല്ലാം പുതുതാണെന്ന വിചാരം അടിസ്ഥാനരഹിതമാണ്.

ജാതി-വര്‍ണ വിഭജനങ്ങളെ മറികടക്കാന്‍ സിനിമക്ക് കഴിയുമോ? എങ്ങനെയാവും അത് നടക്കുക?

ജാതി-വര്‍ണ വിഭജനങ്ങളെ മറികടക്കേണ്ടത് ആരുടെ ആവശ്യമാണ് എന്നതാണ് ഈ ചോദ്യം ഉന്നയിക്കുമ്പോള്‍ പ്രധാനമാകുന്നത്. ആദ്യമേ സൂചിപ്പിച്ചതു പോലെ മുഖ്യധാര സിനിമ പൊതുവില്‍ ജാതി-വര്‍ണ-ലിംഗ വിവേചനത്തില്‍ അടിയുറച്ചതും അപരരെ തരംതാഴ്ത്തിയും ഹിംസിച്ചും ആനന്ദം ഉത്പാദിപ്പിക്കുന്ന ഒരു വ്യവഹാരവുമാണ്. അതുകൊണ്ടുതന്നെ അതിന്റെ വക്താക്കള്‍ക്ക് ഇത്തരം തരംതിരിക്കലുകള്‍ ഇല്ലാതാവുന്നതില്‍ താൽപര്യം കാണില്ലല്ലോ. ഇതേസമയം ജാതിയും വര്‍ണവും ലിംഗമേധാവിത്വവും പ്രശ്‌നമാകുന്നവര്‍ക്ക് അതു പോകണമെന്ന താല്‍പര്യം ഉണ്ടായിരിക്കുകയും ചെയ്യും. ഏറ്റവും പ്രധാനമായ കാര്യമായി എനിക്കു തോന്നുന്നത്, സിനിമയുടെ താരവ്യവസ്ഥയില്‍ സവര്‍ണരാണ് കൂടുതലെങ്കിലും, സിനിമയുടെ കാഴ്ചക്കാരും സാങ്കേതിക വിദഗ്ദ്ധരും മൂലധന നിക്ഷേപകരും കൂടുതലും കീഴാളരോ ന്യൂനപക്ഷങ്ങളോ ആണെന്നതാണ്. അവര്‍ ശക്തമായ നിലപാട് എടുത്താല്‍ സിനിമക്ക് അതിന്റെ ഭാഷയും വ്യാകരണവും മാറ്റേണ്ടതായി വരും. നമ്മള്‍ കാഴ്ചക്കാര്‍ എന്നതിനുപരി, വിമര്‍ശകരും വിശകലനം ചെയ്യുന്നവരുമാവുകയാണ് ആദ്യപടി. ശക്തമായ പശ്ചാത്തല പിന്തുണയുണ്ടെങ്കില്‍ കീഴാളര്‍ക്ക് നല്ല മുഴക്കമുണ്ടാക്കാന്‍ കഴിയുമെന്നു മണിയും വിനായകനും മണികണ്ഠനും മറ്റുപലരും തെളിയിക്കുന്നുണ്ടല്ലോ?

Top