സമകാലീന ഹിംസകളും സവര്‍ണ്ണ ലിബറല്‍ പ്രതിഷേധങ്ങളിലെ പ്രതിസന്ധികളും

തന്റെ ബ്രാഹ്മണ ഐഡന്റിറ്റി വെളിവാക്കിക്കൊണ്ടാണ് സംഗീതരംഗത്തെ ഒരു ഉദാര പുരോഗമന ബ്രാഹ്മണനായി ടി.എം. കൃഷ്ണ ഇടം നേടുന്നത്. അതിന്റെ ഒരു കാരണം സംഗീതവേദിയില്‍ ബ്രാഹ്മണ ഐഡന്റിറ്റി മറക്കാന്‍ കഴിയാത്ത ഒന്നാണെന്നും അത് ആ മേഖലയില്‍ ഒരു ആനുകൂല്യവുമാണ് എന്നുംകൊണ്ട് കൂടിയാണ്. ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടയാളാണെങ്കിലും മറ്റ് ബ്രാഹ്മണരെപ്പോലെയല്ല താനെന്ന നിലയില്‍ വ്യക്തിപരമായി ഒരു അപവാദമായി അവകാശപ്പെടാന്‍ കഴിയുന്നു എന്നതും ഇതിലൂടെ ഉണ്ടാകുന്ന ഒരു നേട്ടമാണ്. ഇതേ തന്ത്രമാണ് ഡല്‍ഹിയിലെ ഒരു അധ്യാപകന്‍ തന്റെ പോര്‍ക്ക് പാര്‍ട്ടിയിലൂടെ പ്രകടമാക്കുന്നതും. താന്‍ മറ്റ് ‘യാഥാസ്ഥിതിക/ തീവ്രവാദ’ മുസ്ലീങ്ങളെപ്പോലെയല്ല എന്നും ‘ഒരു അപവാദം’ ആണെന്നവകാശപ്പെടാനും ലിബറല്‍ സെക്കുലര്‍ ഇടത് സമ്മതി നേടാനും അദ്ദേഹത്തിന് കഴിയുന്നു. മോഡിക്കുള്ള കത്തില്‍ കൃഷ്ണ തന്റെ ബ്രാഹ്മണ ഐഡന്റിറ്റി പൗരന്‍ എന്ന് ഒരു സമാന്യമായ ഗണത്തില്‍ മറച്ചുവയ്ക്കുന്നു. കത്തില്‍ തന്റെ ഭക്ഷണ ശീലത്തെക്കുറിച്ചോ ഭക്ഷണത്തിന്റെ ജാതിയെക്കുറിച്ചോ സംസാരിക്കുന്നില്ല. ആര്‍.കെ നാരായണന്‍ ജാതി മുദ്രയായ ഭക്ഷണശീലം കണിശമായ വെജിറ്റേറിയന്‍ അന്തരീക്ഷമായി പ്രച്ഛന്നവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ കൃഷ്ണ അതിനെ മറച്ചുവെച്ചുകൊണ്ടാണ് ഭക്ഷണത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. രണ്ടവസ്ഥയിലും കൃഷ്ണയ്ക്ക് ജാതിയുടെ സവിശേഷ ആനുകൂല്യങ്ങളെ കൈവിടാതെ പുരോഗമന വ്യക്തിയായി അംഗീകാരം നേടാന്‍ കഴിയുന്നു എന്നതാണ് ശ്രദ്ധേയം. കീഴാളര്‍ക്ക് ഇത് എളുപ്പവുമല്ല.

ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക് കൊലചെയ്യപ്പെട്ടു ഒരാഴ്ചയ്ക്ക്‌ശേഷം കര്‍ണാടക സംഗീതജ്ഞനായ ടി.എം. കൃഷ്ണ പ്രധാനമന്ത്രി മോഡിക്ക് ഒരു തുറന്ന കത്ത് എഴുതുകയുണ്ടായി. റാഡിക്കല്‍ ആയ സംഗീതജ്ഞന്‍ എന്നു ലിബറല്‍ ഇടങ്ങളില്‍ സമ്മതി നേടിയിട്ടുള്ള കൃഷ്ണയുടെ കത്ത് ഫേസ്ബുക്കിലും മറ്റും കൊണ്ടാടപ്പെട്ടു.

ഈ കത്ത് ഒരു പ്രത്യേക സന്ദര്‍ഭത്തിലെ ലിബറല്‍ സവര്‍ണ്ണ/ബ്രാഹ്മണ പ്രതിസന്ധികളെയും ധര്‍മ്മ സങ്കടങ്ങളെയും വെളിവാക്കുന്നു എന്നു ഞാന്‍ കരുതുന്നു. രണ്ട് തലങ്ങളില്‍ അതിനെക്കുറിച്ച് ആലോചിക്കാനാണ് ശ്രമിക്കുന്നത്. ഒന്നാമതായി സംഗീതരംഗത്ത് ടി.എം കൃഷ്ണയുടെ ലിബറല്‍ ബ്രാഹ്മണ വ്യവഹാരങ്ങള്‍ എന്താണ് വെളിവാക്കുന്നതെന്നും രണ്ടാമതായി, മുന്‍പേ നിലനിന്നിരുന്ന എന്നാല്‍ മോഡി ഭരണത്തിനുകീഴില്‍ സവിശേഷമായ മാനം കൈവരിക്കുകയും സാധുത നേടുകയും ചെയ്തുകൊണ്ടിരിക്കുന്ന ദലിതര്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരായ ഹിംസകളുടെ സാഹചര്യത്തിലുയരുന്ന സവര്‍ണ്ണ ലിബറല്‍ പ്രതിഷേധ ശബ്ദങ്ങളുടെ ധര്‍മ്മ സങ്കടങ്ങളെ, കൃഷ്ണയുടെ കത്തിന്റെ വെളിച്ചത്തില്‍ എങ്ങനെ മനസ്സിലാക്കാന്‍ കഴിയുമെന്നും ആലോചിക്കാന്‍ ശ്രമിക്കാം. അവാര്‍ഡ് മടക്കി കൊടുക്കുന്നതും ഭക്ഷണത്തെ ചുറ്റിപറ്റിയുള്ള ‘അസഹിഷ്ണുതയ്‌ക്കെ’തിരെ പന്നിമാംസം സത്ക്കരിക്കുന്നതുപോലുള്ള ‘പ്രതീകങ്ങള്‍’ സവര്‍ണ്ണ ലിബറല്‍ സ്വത്വങ്ങളുടെ എന്ത് പ്രതിസന്ധികളെയാണ് പ്രകടിപ്പിക്കുന്നത്. ?

ടി.എം. കൃഷ്ണയുടെ കത്ത് മുന്നോട്ടുവയ്ക്കുന്ന ചില വാദങ്ങള്‍ നോക്കാം. ഒരു രാഷ്ട്രത്തിലെ അധികാര സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് അയക്കപ്പെടുന്ന കത്തിലെ ഔദ്യോഗികമായ അഭിസംബോധനയ്ക്ക് അപ്പുറം അതീവ ബഹുമാനത്തോടെയാണ് കൃഷ്ണ സംസാരിക്കുന്നത്. കത്തില്‍ സംബോധന ചെയ്യപ്പെടുന്ന വ്യക്തിക്ക് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ ഒരു ഉത്തരവാദിത്വവും ഇല്ലാത്ത രീതിയില്‍ ഒരു വിദേശിയോടെന്നപോലെയാണ് കത്ത് സംസാരിക്കുന്നത്. ഗുജറാത്ത് വംശഹത്യയുടെ ചരിത്രവും അതിലെ മോഡിയുടെ പങ്കിനെക്കുറിച്ചും ഉയര്‍ന്നുവന്നിട്ടുളള രാഷ്ട്രീയ വ്യവഹാരങ്ങളെ മറച്ചുകൊണ്ടാണ് കത്ത് എഴുതപ്പെട്ടിട്ടുള്ളത്. പ്രധാനമന്ത്രിയില്‍ നിന്നും ഒരു അപലപിക്കലും സത്യസന്ധമായ ഇടപെടലുമാണ് കൃഷ്ണ ആവശ്യപ്പെടുന്നത്. മറ്റെവിടെയോ മറ്റാരോചെയ്ത കുറ്റത്തിന് ഒരു നിഷ്‌ക്കളങ്ക വ്യക്തിയോട് സംസാരിക്കുന്ന ഒരു സമീപനരീതിയാണ് കൃഷ്ണ സ്വീകരിച്ചിട്ടുള്ളത്. തൊട്ടു മുന്‍പ് പ്രധാനമന്ത്രിയായിരുന്ന വ്യക്തിയില്‍ നിന്നും വ്യത്യസ്തമായി മോഡി ഒരു മൂക ദൃക്‌സാക്ഷിയല്ലെന്നും അഭിസംബോധന ചെയ്യാനും മതിപ്പ് നേടാനും ആഗ്രഹിക്കുന്ന ഒരാളാണെന്നും മോഡിയെ അഭിന്ദിച്ചു കൊണ്ടാണ് കൃഷ്ണ തന്റെ ആവശ്യം മുന്നോട്ടുവയ്ക്കുന്നത്.

  • മതേതര/ദേശീയവാദ ഭാഷ

ഇന്ത്യയില്‍ അടുത്തകാലത്തുണ്ടായ ഹിന്ദുത്വ/ജാതീയ ഹിംസകളെ സാമാന്യവത്ക്കരിക്കപ്പെട്ട ലിബറല്‍ മതേതര യുക്തിയിലൂടെയാണ് കൃഷ്ണ സമീപിക്കുന്നത്. ‘വര്‍ഗീയത’ യുടെ പേരില്‍ എല്ലാ മതങ്ങളെയും മതസമുദായങ്ങളെയും പ്രതികളാക്കുന്ന ലിബറല്‍ മതേതര ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നത്. ‘പച്ച, കാവി, മറ്റ് എല്ലാ നിറങ്ങളുടെയും പല ഷേഡുകളിലുള്ള രാഷ്ട്രീയക്കാരാണ് ‘കുറ്റവാളികള്‍’ എന്ന ഒരു നിഷ്പക്ഷവാദം’ പറയുമ്പോള്‍ ഹിന്ദുത്വ ആക്രമണങ്ങള്‍ക്ക് ഇരയായവരും അവരുടെ വിധിക്ക് കാരണക്കാരാണെന്ന ഹിംസ അതിലടങ്ങിയിട്ടുണ്ട്. പച്ച ആദ്യം ഉന്നയിക്കപ്പെടുന്നു എന്നത് യാദൃശ്ചികമല്ല. ഗുജറാത്ത് കൂട്ടക്കൊലയെ ഒരു പ്രത്യാക്രമണമായി ന്യായീകരിക്കുന്ന വാദങ്ങളാണ് ഗുജറാത്തിലെ ഏകപക്ഷീയമായ ഹിന്ദുത്വ ആക്രമണങ്ങളെ ‘വര്‍ഗീയ ലഹള’ എന്നും ‘ഗോധ്രാനന്തര’ ലഹളയെന്നും മുഖ്യധാര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് ഇതേ മതേതര യുക്തിയില്‍ നിന്നാണ്. (ഭീകരമായ ഒരു ഹിന്ദുത്വപദ്ധതിയെ ബാബറി-മസ്ജിദ് രാമജന്‍മ ഭൂമി പ്രശ്‌നം എന്നു ‘നിഷ്പക്ഷ’മായി വിശേഷിപ്പിച്ച മാധ്യമങ്ങളെ ഇത് ഓര്‍മ്മിപ്പിക്കുന്നു). ഇതിലൂടെ ‘വര്‍ഗീയത’ എന്നത് മതേതര ലിബറല്‍ വ്യക്തികളുടെ ജീവിതത്തിനു പുറത്തു മറ്റെവിടെയോ നടക്കുന്ന ഒന്നായി മാറ്റി നിര്‍ത്താന്‍ കഴിയുന്നു. സ്വന്തം മതം/ജാതി സ്വത്വം സൃഷ്ടിക്കുന്ന പ്രതിസന്ധിയെ മറികടക്കുന്ന ഒരു രീതിയാണ്, ജാതി/മത പ്രശ്‌നങ്ങളെ മറ്റു സ്ഥലത്തും മറ്റുള്ളവരുടെ മേലും (അപരരുടെ) സ്ഥാപിക്കുക എന്നത്. ഇതിലൂടെ ഈ ‘വര്‍ഗീയത’യില്‍ പങ്കില്ലാത്തവരായും ‘അസഹഷ്ണുതയില്‍’ മനസ് വേദനിക്കുന്ന വ്യക്തികളായും അവര്‍ക്ക് അവതരിക്കാന്‍ കഴിയുന്നു.

ഈ നിഷ്‌കളങ്ക/നിഷ്പക്ഷ ലിബറല്‍ വ്യക്തി ഈ സാഹചര്യത്തില്‍ ഇടപെടാനുള്ള തങ്ങളുടെ അവകാശത്തെ സാധ്യമാക്കുന്നത് ദേശീയവാദ വ്യവഹാരത്തിലൂടെയാണ്. രാജ്യത്ത് ഇതൊക്കെ നടക്കുന്നു എന്നതാണ് അവരെ അലട്ടുന്നത്. സാമൂഹിക നീതിയുടെ തരത്തിലല്ല ‘നമ്മുടെ ബഹുസ്വരത’യെ കുറിച്ചാണ് ‘നമ്മള്‍ ‘ലക്ഷോപലക്ഷം ഇന്ത്യക്കാരുടെ മനസ്സിനെ അലട്ടുന്നത് ‘ എന്ന് കൃഷ്ണ പറയുന്നത് അതുകൊണ്ടാണ്. ഇന്ത്യ കുറ്റാരോപിതമല്ലാത്ത ഒരു രാഷ്ട്രമായി മാറണമെന്നതാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. രാഷ്ട്രത്തിന്റെ ഭാവിയാണ് അദ്ദേഹത്തിന്റെ ആശങ്ക. അവാര്‍ഡ് തിരിച്ച് നല്‍കുന്ന സാഹിത്യ സിനിമ രംഗത്തുള്ളവരും രാഷ്ട്രത്തെ രക്ഷിക്കുന്നതിനെക്കുറിച്ചാണ് ആശങ്കപ്പെടുന്നത്. ദേശ രാഷ്ട്രം/ഭരണകൂടം എന്നത് ഈ ഹിംസയ്ക്ക് പുറത്തുനില്‍ക്കുന്ന ഒന്നായി കാണുന്ന ഒരു സമീപനം ഇവയിലുണ്ട്. ഇതുവരെയും സഹിഷ്ണുതയുള്ളതായിരുന്ന ഒരു രാഷ്ട്രത്തെയും സമൂഹത്തെയും നശിപ്പിക്കുന്നു എന്ന തലത്തില്‍ കാണുന്ന ഒരു ദേശീയവാദ/ഭരണകൂട വ്യവഹാരം പല എഴുത്തുകാരും മുന്നോട്ടു വെയ്ക്കുന്നതായി കാണാം.

__________________________________
ഹിന്ദു ജാതിവ്യവസ്ഥതന്നെ ഒരു ഹിംസയാണെന്നതുകൊണ്ടുതന്നെയാണ് മതപരിവര്‍ത്തനം പോലുള്ള സമരജീവിതമാര്‍ഗ്ഗങ്ങള്‍ ദലിതര്‍ പല സന്ദര്‍ഭങ്ങളിലും സ്വീകരിച്ചത്. തീവ്ര ഹിന്ദുപക്ഷക്കാര്‍ എന്നരീതിയില്‍ ഒരു വിഭാഗത്തെ അടര്‍ത്തിമാറ്റി, ഹിന്ദുവെന്ന ആദര്‍ശവല്‍ക്കരിക്കപ്പെട്ട ഒന്നിനെ രക്ഷിച്ചെടുക്കുന്ന ലിബറല്‍ സവര്‍ണ്ണ ശ്രമങ്ങള്‍ ജാതിയുടെ മര്‍മ്മത്തെ നിരാകരിക്കുന്ന ഒന്നാണ്. കീഴാളര്‍ക്കെതിരായ ഹിംസകള്‍ ഘടനാപരമായും സാംസ്‌ക്കാരിക രൂപങ്ങളുമായാണ് നിലനില്‍ക്കുന്നത്. നേരിട്ടുള്ളതും പതിവായതുമായ ഈ ഹിംസകളെ പ്രതിരോധിക്കാന്‍ എന്ത് രൂപങ്ങളാണ് ആവിഷ്‌ക്കരിക്കേണ്ടതെന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു വെല്ലുവിളിയാണ്.ഹിംസകളില്‍ മനം നൊന്ത് പ്രതികരിക്കുന്ന ലിബറന്‍ വ്യക്തികളില്‍ നിന്നും വ്യത്യസ്തമായി കീഴാളര്‍ക്ക് ഈ വെല്ലുവിളി നേരിടുക എന്നത് അടിയന്തരവും ജീവന്‍ നിലനിര്‍ത്താനുള്ള ഒരു പ്രശ്‌നവുമാണ്.
__________________________________ 

കാശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും രാഷ്ട്രം നടത്തുന്ന സൈനികമായ ഹിംസയും ദലിത്, ആദിവാസി, മുസ്ലീം മറ്റു പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ക്കെതിരെയുള്ള ഭരണകൂട ഹിംസകളും നീതിനിഷേധവും തുടര്‍ന്ന് വരുന്ന ഒരു വലിയ കാലഘട്ടത്തിന്റെ ചരിത്രത്തിന്റെ വെളിച്ചത്തിലാണ് മോഡി കാലത്തെ സംഘപരിവാര്‍ ഹിംസയും മനസിലാക്കേണ്ടത്. കേന്ദ്രത്തില്‍ അധികാരം ഇല്ലാതെ തന്നെ ബാബറി മസ്ജിദും മറ്റനേകം ആസൂത്രിത കൂട്ടക്കൊലകളും സംഘപരിവാരത്തിനു നടത്താന്‍ കഴിഞ്ഞു എന്നത് സംഘപരിവാറിനെ കുറിച്ച് മാത്രമല്ല ഇന്ത്യ എന്ന രാഷ്ട്രത്തെ കുറിച്ച് തന്നെ പലതും പറയുന്നുണ്ട്. ഇന്ത്യയെ പുറത്തുനിര്‍ത്തിക്കൊണ്ട് ഈ ഹിംസകളെ മനസിലാക്കാന്‍ കഴിയില്ല. ഇടതു മതേതരം, ഹിന്ദുത്വം, ദേശീയവാദം, രാഷ്ട്രം എന്നീ അറകളില്‍ കൃത്യമായി ഒതുങ്ങാതെ പരസ്പരം കലരുന്ന ഒരു സങ്കീര്‍ണ്ണ വ്യവഹാരത്തിന്റെ ഉള്ളിലാണ് ദലിത്/മുസ്ലിം സമുദായങ്ങള്‍ക്കെതിരായ സംഘപരിവാര്‍ ഹിംസ സാധ്യമാകുന്നത്. തങ്ങള്‍ കൂടി പങ്കാളികളായ അധികാര രൂപങ്ങളെ തൊടാതെയാണ് പല എഴുത്തുകാരും സംസാരിക്കുന്നത്.

ലക്ഷോപലക്ഷം ഇന്ത്യക്കാരുടെ പ്രതിനിധി എന്ന നിലയിലാണ് കൃഷ്ണ ഈ കത്തില്‍ സംസാരിക്കുന്നത്. ‘ഞങ്ങള്‍ പൗരന്‍മാര്‍’ ‘വെറും സാധാരണക്കാരായ ജനങ്ങള്‍’ ‘ഞങ്ങള്‍ ലക്ഷോപലക്ഷം ഇന്ത്യക്കാര്‍’ എന്ന പ്രയോഗങ്ങള്‍ ഉടനീളമുണ്ട്. ഈ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനുള്ള അധികാരം അദ്ദേഹത്തിന് എങ്ങനെ/എവിടെ നിന്ന് കിട്ടുന്നു? ഞങ്ങള്‍ ഇന്ത്യന്‍ പൗരര്‍ എന്ന നിലയ്ക്ക് ദേശീയവാദ ഭാഷയില്‍ സംസാരിക്കുന്നതിലൂടെ എല്ലാ വ്യത്യസ്തതകളെയും മായ്ക്കുവാനും അതിലൂടെ സ്വന്തം ബ്രാഹ്മണ സ്വത്വത്തിന്റെ സവിശേഷാധികാരങ്ങളും സാമൂഹ്യ പദവിയും മറച്ച് വെക്കുവാനും കഴിയുന്നു. ഇതിലൂടെയാവാം, തങ്ങളനുഭവിക്കുന്ന ജാതീയമായ സവിശേഷാനുകൂല്യങ്ങള്‍ ഉണ്ടാകുന്ന നാണക്കേടില്‍നിന്നും പുരോഗമനവാദികളായ ബ്രാഹ്മണര്‍/സവര്‍ണ്ണര്‍ സ്വയം തടിയൂരുന്നത്. ഞങ്ങള്‍ പൗരര്‍ എന്ന് എളുപ്പത്തില്‍ സവര്‍ണ്ണഹിന്ദുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയുന്ന രീതിയില്‍ ഏതൊക്കെ സമുദായങ്ങള്‍ക്ക് കഴിയും? ആര്‍ക്കൊക്കെയാണ് പൗരത്വം നിഷേധിക്കപ്പെടുന്നത്? രാജ്യത്തോട് കൂറ് തെളിയിക്കാന്‍ എപ്പോഴും നിര്‍ബന്ധക്കപ്പെടുന്ന മുസ്ലീം സമുദായത്തിന്റെ പൗരത്വത്തിന്റെ പ്രതിസന്ധികളെന്ത്? ഇരകള്‍ക്ക് വേണ്ടി സംസാരിച്ചു സ്വയം ഒരു ‘ഇരയായി’ ‘പൗരനായി’ കൃഷ്ണ പ്രതിഷ്ഠിക്കുന്നതിലൂടെ ഈ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടാതെ പോകുന്നു.

  • ശാസ്ത്രീയ സംഗീതം എന്ന അധികാരം

ബ്രാഹ്മണന്‍ എന്ന നിലയില്‍ അനുഭവിക്കുന്ന സാമൂഹിക അധികാരവും ‘ശാസ്ത്രീയ സംഗീതം’ നല്‍കുന്ന അധികാരവുമാകണം മുഴുവന്‍ സാധാരണ ജനങ്ങളുടെ പ്രതിനിധിയായി സംസാരിക്കാനുള്ള അധികാരം അദ്ദേഹത്തിന് നല്‍കുന്നത്. ശാസ്ത്രീയ സംഗീതം ബ്രാഹ്മണരെ കൂടുതല്‍ ആധികാരികമായ ബ്രാഹ്മണന്‍ ആക്കുന്നു. ഉഷാ ഉതുപ്പ് സംഗീതരംഗത്ത് ഒരു ബ്രാഹ്മണ സ്ത്രീയായി ദ്യശ്യപ്പെടാത്തത് പാശ്ചാത്യ പോപ്പുലര്‍ സംഗീതത്തോടും മറ്റ് ലോക സംഗീതശൈലികളോടുമുള്ള അവരുടെ റാഡിക്കലായ ബന്ധം കൊണ്ടാവണം. സ്ത്രീകള്‍ ജീന്‍സ് ഇടരുത് എന്ന് കെ.ജെ. യേശുദാസിന് പറയാന്‍ കഴിയുന്നത് ശാസ്ത്രീയ സംഗീതത്തിന്റെ അധികാരവും ശരീരത്തോടുള്ള ആ സംഗീതശൈലിയുടെ പ്രശ്‌നവും കൊണ്ടാവണം. മറ്റൊന്ന് ശാസ്ത്രീയ സംഗീത രംഗത്ത് നില്‍ക്കുന്ന സെലിബ്രിറ്റികളുടെ വാക്കുകള്‍ക്ക് നല്‍കപ്പെടുന്ന ആധികാരികത മറ്റ് സംഗീത രംഗത്ത് നില്‍ക്കുന്നവര്‍ക്ക് ലഭിക്കില്ല. സംഗീതത്തിലെ ജാതിക്കെതിരായി ദലിതര്‍ സംസാരിക്കുന്നതിനേക്കാളും ടി എം കൃഷ്ണ പോലുള്ള ബ്രാഹ്മണ സംഗീതജ്ഞരുടെ വാക്കുകള്‍ ആധികാരികമായി അംഗീകരിക്കപ്പെടുന്നു എന്നുള്ളതാണ് അനുഭവം.

ടി.എം. കൃഷ്ണയുടെ എഴുത്തുകളും അഭിമുഖങ്ങളും വായിച്ചുനോക്കുമ്പോള്‍ എനിക്ക് തോന്നിയിട്ടുള്ളത് കര്‍ണ്ണാടക സംഗീതരംഗത്തെ ജാതിയെക്കുറിച്ചും ലിംഗപ്രശ്‌നത്തെക്കുറിച്ചും വളരെ ലിബറലായ വാദഗതികളാണ് അദ്ദേഹം മുന്നേട്ടുവെയ്ക്കുന്നത് എന്നാണ്. തന്റെ ബ്രാഹ്മണ സ്വത്വത്തിന്റെ ധര്‍മസങ്കടങ്ങളാണ് അദ്ദേഹത്തിന്റെ സംഗീത വ്യവഹാരങ്ങളില്‍ പ്രകടമാവുന്നത് എന്ന് തോന്നുന്നു. പുരോഗമനവാദികളാല്‍ ആഘോഷിക്കപ്പെടുന്ന അദ്ദേഹത്തിന്റെ വിപ്ലവകരമായ നിലപാടുകള്‍ സംഗീതത്തിലെ ജാതിഘടനയെയോ ബ്രാഹ്മനിസത്തെയോ ചോദ്യംചെയ്യുന്നില്ല. മറിച്ച് ബ്രാഹ്മണര്‍ കൂടുതല്‍ ഉദാരമനസ്‌കരും പുരോഗമന ചിന്താഗതിക്കാരുമായി മാറിക്കൊണ്ട് ദലിതര്‍ക്കും മറ്റും അവസരം കൊടുക്കണം എന്നപോലെയുള്ള ചിന്താഗതിയാണ് പ്രകടമാകുന്നത്. കഴിഞ്ഞ വര്‍ഷം പ്രമുഖ പത്രംമായ ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ വന്ന ഒരു അഭിമുഖത്തില്‍ കര്‍ണാടകസംഗീതരംഗത്തെ ജാതിയോടുള്ള ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഇടപെടലുകളെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി കൃഷ്ണ പറഞ്ഞത് ബ്രാഹ്മണരും മറ്റുള്ളവരും തമ്മിലുള്ള പ്രശ്‌നമായി മൊത്തം പ്രശ്‌നത്തെയും പെരിയാര്‍പ്രസ്ഥാനം ചുരുക്കിയെന്നും ആ കാലത്തിന്റെ കുരുക്കില്‍ സംഗീതം പെട്ടുപോയി എന്നുമാണ്. കര്‍ണാടക സംഗീതരംഗത്തെ ജാതിക്കെതിരായ ‘തമിഴ് ഇസൈ ഇയക്കം’ പോലുള്ള പ്രസ്ഥാനങ്ങളുടെ ഇടപെടലുകളെ അസാധുവാക്കിക്കൊണ്ട് തന്റെ ലിബറല്‍ ബ്രാഹ്മണവാദമാണ് കൃഷ്ണ മുന്നോട്ടുവയ്ക്കുന്നത്. ബ്രാഹ്മണ വിരുദ്ധമായി ജാതിയുടെ പ്രശ്‌നം ഉന്നിക്കരുത് എന്ന് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നത് ബ്രാഹ്മണിസത്തെ ഉലക്കാത്ത പരിഷ്‌ക്കരണ രീതിയിലുള്ള ഒരു ജാതിവിരുദ്ധത ആണ് അദ്ദേഹം ആഗ്രഹിക്കുന്നത് എന്നതാണ്. ശാസ്ത്രീയം എന്ന് വിളിക്കപ്പെടുന്ന സംഗീതസമ്പ്രദായത്തിന്റെ ഘടനയ്ക്കും സമ്പ്രദായത്തിനും ഉള്ളില്‍ത്തന്നെ ജാതി ഉണ്ടെന്ന് അദ്ദേഹം അംഗീകരിക്കുന്നില്ല. സാധാരണയായി ചര്‍ച്ചചെയ്യപ്പെടുന്നപോലെ വിവേചനത്തിന്റെ തലത്തില്‍ തന്നെയാണ് ജാതിയുടെ പ്രശ്‌നത്തെ അദ്ദേഹം ചുരുക്കി നിര്‍ത്തുന്നത്.

കൃഷ്ണയുടെ സംഗീത വ്യവഹാരങ്ങളില്‍ വെളിവാക്കപ്പെടുന്ന ഉദാര ബ്രാഹ്മണന്‍ മോഡിക്കുള്ള കത്തില്‍ പ്രകടമായി വരുന്നില്ല. കാരണം ബീഫ് പോലുള്ള ഭക്ഷണ ശീലത്തിന്റെ പ്രശ്‌നത്തില്‍ തന്റെ ഭക്ഷണ ശീലത്തെ കുറിച്ചു പറയേണ്ടി വരും അതാവണം. ഇവിടെ ഓര്‍മ വരുന്നത് ആര്‍.കെ. നാരായണന്റെ നൂറ്റിയെണ്‍പത്തിയാറ് പേജ് വരുന്ന ആത്മകഥയില്‍ രണ്ടിടത്ത് മാത്രമാണ് തന്റെ ജാതിയെക്കുറിച്ച് പരാമര്‍ശിക്കുന്നത് എന്ന എം.എസ്.എസ് പാണ്ഡ്യന്റെ നിരീക്ഷണമാണ്. രണ്ടും മറ്റുള്ളവര്‍ തന്റെ ജാതിയെ നിലവില്‍കൊണ്ടുവരുന്ന സന്ദര്‍ഭങ്ങളാണെന്ന് ‘വണ്‍ സ്‌റ്റെപ്പ് ഔട്ട്‌സൈഡ് മോഡേണിറ്റി’ എന്ന നിര്‍ണ്ണായകമായ ലേഖനത്തില്‍ പാണ്ഡ്യന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നാരായണന്റെ ആത്മകഥയിലുടനീളം ജാതി മറ്റെന്തോ ആയി പ്രച്ഛന്നവേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ള ഒരു സന്ദര്‍ഭം ആ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത് ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന വ്യവഹാരത്തെ കൂടുതല്‍ വ്യക്തമാക്കുമെന്ന് കരുതുന്നു. മൈസൂരില്‍ വാടകവീട് അന്വേഷിക്കുന്നതിന്റെ ഭാഗമായി അവരുടെ ആവശ്യങ്ങളെ കുറിച്ച് പറയുന്നിടത്ത് നാരായണന്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം മുറികള്‍ക്കൊപ്പം അവരുടെ വീട്ടിലെ ഗ്രേറ്റ് ഡെയ്ന്‍ വംശത്തില്‍പ്പെട്ട നായക്ക് വീടിനു പുറത്ത് ഒരു പ്രത്യേക ഇടം കണ്ടെത്തുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. അവള്‍ക്ക് വേണ്ടി ഇറച്ചി പാകം ചെയ്യുന്ന പാത്രത്തില്‍ നിന്നുമുയരുന്ന ആവി തങ്ങളുടെ കണിശമായ വെജിറ്റേറിയന്‍ അന്തരീക്ഷത്തെ മലിനപ്പെടുത്തരുത് എന്നതിനായിരുന്നു ഇത്. ഈ കണിശമായ വെജിറ്റേറിയന്‍ അന്തരീക്ഷമെന്നത് ജാതിതന്നെയാണെന്ന് പാണ്ഡ്യന്‍ ചൂണ്ടിക്കാട്ടുന്നു. ബ്രാഹ്മണര്‍ ജാതിയെ മറക്കുകയും വെളിവാക്കുകയും ചെയ്യുന്ന ആധുനിക ഇടപാടുകളെ മനസ്സിലാക്കാന്‍ ഈ നിരീക്ഷണം ഉപകാരപ്രദമാണെന്ന് എനിക്കു തോന്നുന്നു.

കൃഷ്ണയിലേക്ക് മടങ്ങി വരുമ്പോള്‍, സംഗീതരംഗത്തെ മറയ്ക്കാന്‍ കഴിയാത്ത തന്റെ ബ്രാഹ്മണ സ്വത്വത്തെ വെളിവാക്കിക്കൊണ്ടുതന്നെയാണ് ഉദാരമനസ്‌കനായ പുരോഗമനകാരിയായി അദ്ദേഹം സ്വയം സ്ഥാപിക്കുന്നത്. സംഗീതകച്ചേരികള്‍ക്കിടയില്‍ പെട്ടെന്നു പാട്ട് നിര്‍ത്തുകയും ചെന്നൈ സംഗീത സീസണില്‍ പാടിയില്ലെന്ന പ്രഖ്യാപനത്തിലൂടെയും മറ്റും ചില തുടര്‍ച്ചകളെ ലംഘിക്കുന്ന പ്രതീതി ഉണ്ടാക്കുന്നുവെങ്കിലും കീഴ്‌വഴക്കങ്ങളെ അദ്ദേഹം ലംഘിക്കുന്നില്ല.

തന്റെ ബ്രാഹ്മണ ഐഡന്റിറ്റി വെളിവാക്കിക്കൊണ്ടാണ് സംഗീതരംഗത്തെ ഒരു ഉദാര പുരോഗമന ബ്രാഹ്മണനായി അദ്ദേഹം ഇടം നേടുന്നത്. അതിന്റെ ഒരു കാരണം സംഗീതവേദിയില്‍ ബ്രാഹ്മണ ഐഡന്റിറ്റി മറക്കാന്‍ കഴിയാത്ത ഒന്നാണെന്നും അത് ആ മേഖലയില്‍ ഒരു ആനുകൂല്യവുമാണ് എന്നുംകൊണ്ട് കൂടിയാണ്.

_____________________________________
ലിബറല്‍ പ്രതിഷേധങ്ങള്‍ ഇത്തരം ധര്‍മ്മ സങ്കടങ്ങളെ പ്രകടമാക്കുന്നത് കാണാം. ഈ പ്രതിഷേധങ്ങള്‍ക്കിടയില്‍ ആര്‍.എസ്.എസിനെ ഐ സി സുമായി താരതമ്യം ചെയ്ത മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബും പ്രകടമാകുന്നത് ഇതേ ധര്‍മ്മ സങ്കടമാണ്. ആര്‍.എസ്.സിനെ എതിര്‍ക്കുമ്പോള്‍ ബാലന്‍സ് ചെയ്യാന്‍ ഒരു ഇസ്ലാമികമായ പ്രതീകത്തേക്കൂടി എതിര്‍ക്കേണ്ടിവരുന്ന ബാധ്യത ഈ ചരിത്രസന്ദര്‍ഭത്തില്‍ നടന്ന മിക്ക പ്രതിഷേധങ്ങളും ഇത്തരം ധര്‍മ്മസങ്കടങ്ങള്‍ പേറുന്നുണ്ട്. ലിബറല്‍ പ്രതിഷേധങ്ങളെ എതിര്‍ത്തതുകൊണ്ട് മോഡി അനുകൂലപ്രകടനം നടത്തിയ അനുപം ഖേറിനും രാജ്യത്തിന്റെ പേര് അന്താരാഷ്ട്രതലത്തില്‍ മോശമാകുന്നുഎന്നതാണ് ആശങ്ക. രാഷ്ട്രത്തെക്കുറിച്ചുള്ള ആശങ്ക തന്നെയാണ് രണ്ട്കൂട്ടരും പങ്കുവെക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. ദലിത് ആദിവാസി മുസ്ലീം സമുദായങ്ങളെ സംബന്ധിച്ച് അവരുടെ ദൈനംദിന ജീവിതത്തില്‍ നേരിടുന്ന ഹിംസകളെ എങ്ങനെ നേരിടാം പ്രതിരോധിക്കാം എന്നതാണ് പ്രശ്‌നം. 
_____________________________________ 

ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടയാളാണെങ്കിലും മറ്റ് ബ്രാഹ്മണരെപ്പോലെയല്ല താനെന്ന നിലയില്‍ വ്യക്തിപരമായി ഒരു അപവാദമായി അവകാശപ്പെടാന്‍ കഴിയുന്നു എന്നതും ഇതിലൂടെ ഉണ്ടാകുന്ന ഒരു നേട്ടമാണ്. ഇതേ തന്ത്രമാണ് ഡല്‍ഹിയിലെ ഒരു അധ്യാപകന്‍ തന്റെ പോര്‍ക്ക് പാര്‍ട്ടിയിലൂടെ പ്രകടമാക്കുന്നതും. താന്‍ മറ്റ് ‘യാഥാസ്ഥിതിക/ തീവ്രവാദ’ മുസ്ലീങ്ങളെപ്പോലെയല്ല എന്നും ‘ഒരു അപവാദം’ ആണെന്നവകാശപ്പെടാനും ലിബറല്‍ സെക്കുലര്‍ ഇടത് സമ്മതി നേടാനും അദ്ദേഹത്തിന് കഴിയുന്നു. മോഡിക്കുള്ള കത്തില്‍ കൃഷ്ണ തന്റെ ബ്രാഹ്മണ ഐഡന്റിറ്റി പൗരന്‍ എന്ന് ഒരു സമാന്യമായ ഗണത്തില്‍ മറച്ചുവയ്ക്കുന്നു. കത്തില്‍ തന്റെ ഭക്ഷണ ശീലത്തെക്കുറിച്ചോ ഭക്ഷണത്തിന്റെ ജാതിയെക്കുറിച്ചോ സംസാരിക്കുന്നില്ല. ആര്‍.കെ നാരായണന്‍ ജാതി മുദ്രയായ ഭക്ഷണശീലം കണിശമായ വെജിറ്റേറിയന്‍ അന്തരീക്ഷമായി പ്രച്ഛന്നവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ കൃഷ്ണ അതിനെ മറച്ചുവെച്ചുകൊണ്ടാണ് ഭക്ഷണത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. രണ്ടവസ്ഥയിലും കൃഷ്ണയ്ക്ക് ജാതിയുടെ സവിശേഷ ആനുകൂല്യങ്ങളെ കൈവിടാതെ പുരോഗമന വ്യക്തിയായി അംഗീകാരം നേടാന്‍ കഴിയുന്നു എന്നതാണ് ശ്രദ്ധേയം. കീഴാളര്‍ക്ക് ഇത് എളുപ്പവുമല്ല.

  • ലിബറല്‍ പ്രതിഷേധങ്ങള്‍

സാമുദായികമായ ആക്രമണങ്ങള്‍ നടക്കുമ്പോഴുള്ള വൈകാരിക അന്തരീക്ഷം പ്രധാനമാണ്. ഇരയാക്കപ്പെടുന്ന സമുദായങ്ങളുടെ ഇടയിലെ ഭീതിയും അരക്ഷിതാവസ്ഥയും പരിഗണിക്കാതെ അതിനെ മനസ്സിലാക്കാന്‍ കഴിയില്ല. പുറത്തുനിന്നുള്ളവര്‍ക്ക് അതിന്റെ തീവ്രത അവരനുഭവിക്കുന്നതുപോലെ കഴിയുമെന്ന് തോന്നുന്നില്ല. ദാദ്രിയിലെ കൊലപാതകത്തിന് ശേഷമുള്ള വൈകാരികമായ ഒരു സന്ദര്‍ഭത്തില്‍ തികച്ചും ചേരാത്ത ഒന്നായിരുന്നു ഡല്‍ഹിയിലെ അധ്യാപകന്‍ നടത്തിയ പോര്‍ക്ക് പാര്‍ട്ടിപോലുള്ള പ്രകടനങ്ങള്‍. ഇത് ഹിന്ദുത്വശക്തികളെ അഭിസംബോധന ചെയ്യുന്നതിനേക്കാള്‍ ‘ഇസ്ലാമിസ്റ്റുകള്‍’ എന്ന് അദ്ദേഹം കരുതുന്നവരെ അഭിസംബോധന ചെയ്യുന്നായിരുന്നു. ബീഫുമായി ബന്ധപ്പെട്ട സാംസ്‌ക്കാരിക രാഷ്ട്രീയത്തിന്റെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ചരിത്രത്തിന്റെയും പ്രശ്‌നങ്ങളെ വിസ്മരിച്ചുകൊണ്ട് ഒരു സമുദായം മറ്റൊരു സമുദായത്തിന്റെ ഭക്ഷണത്തോടുകാണിക്കുന്ന ഒരു അസഹിഷ്ണുതയുടെ പ്രശ്‌നമായി ചുരുക്കിക്കൊണ്ട്, എങ്ങനെ സഹിഷ്ണുതയുള്ള ഒരു മുസ്ലീമാകാമെന്ന് മുസ്ലീങ്ങളെത്തന്നെ അഭിസംബോധനചെയ്യുന്ന ഒരു മതേതര ഉല്‍ബോധനം ആയതുകൊണ്ടാകാം ലിബറല്‍ മതേതര ഇടങ്ങളില്‍ ഇത് ആഘോഷിക്കപ്പെട്ടത്. ദാദ്രിയുടെ വൈകാരിക അന്തരീക്ഷത്തില്‍ ഈ പ്രകടനാത്മക പരിപാടി ഒരു ഹിംസതന്നെയായിരുന്നു. പിന്നീട് ഹഫിങ്‌ടെന്‍പോസ്റ്റില്‍ എഴുതിയ കുറിപ്പില്‍ ഈ പരിപാടിയെ വിമര്‍ശിച്ച മുസ്ലീമുകളെ ഇസ്ലാമിസ്റ്റുകള്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. അദ്ദേഹം മുസ്ലീമും, വിമര്‍ശിച്ചവര്‍ ഇസ്ലാമിസ്റ്റുകളും ആകുന്നു എന്നത് ലിബറല്‍ മതേതര ഇടത്തില്‍ ഏത് തരം മുസ്ലീമിനാണ് മുസ്ലീമായിത്തന്നെ സമ്മതിയുള്ളതെന്ന് വ്യക്തമാക്കുന്നു. ലിബറല്‍ പ്രതിഷേധങ്ങള്‍ ഇത്തരം ധര്‍മ്മ സങ്കടങ്ങളെ പ്രകടമാക്കുന്നത് കാണാം. ഈ പ്രതിഷേധങ്ങള്‍ക്കിടയില്‍ ആര്‍.എസ്.എസിനെ ഐ സി സുമായി താരതമ്യം ചെയ്ത മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബും പ്രകടമാകുന്നത് ഇതേ ധര്‍മ്മ സങ്കടമാണ്. ആര്‍.എസ്.സിനെ എതിര്‍ക്കുമ്പോള്‍ ബാലന്‍സ് ചെയ്യാന്‍ ഒരു ഇസ്ലാമികമായ പ്രതീകത്തേക്കൂടി എതിര്‍ക്കേണ്ടിവരുന്ന ബാധ്യത ഈ ചരിത്രസന്ദര്‍ഭത്തില്‍ നടന്ന മിക്ക പ്രതിഷേധങ്ങളും ഇത്തരം ധര്‍മ്മസങ്കടങ്ങള്‍ പേറുന്നുണ്ട്. ലിബറല്‍ പ്രതിഷേധങ്ങളെ എതിര്‍ത്തതുകൊണ്ട് മോഡി അനുകൂലപ്രകടനം നടത്തിയ അനുപം ഖേറിനും രാജ്യത്തിന്റെ പേര് അന്താരാഷ്ട്രതലത്തില്‍ മോശമാകുന്നുഎന്നതാണ് ആശങ്ക. രാഷ്ട്രത്തെക്കുറിച്ചുള്ള ആശങ്ക തന്നെയാണ് രണ്ട്കൂട്ടരും പങ്കുവെക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. ദലിത് ആദിവാസി മുസ്ലീം സമുദായങ്ങളെ സംബന്ധിച്ച് അവരുടെ ദൈനംദിന ജീവിതത്തില്‍ നേരിടുന്ന ഹിംസകളെ എങ്ങനെ നേരിടാം പ്രതിരോധിക്കാം എന്നതാണ് പ്രശ്‌നം. ഹിന്ദു ജാതിവ്യവസ്ഥതന്നെ ഒരു ഹിംസയാണെന്നതുകൊണ്ടുതന്നെയാണ് മതപരിവര്‍ത്തനം പോലുള്ള സമരജീവിതമാര്‍ഗ്ഗങ്ങള്‍ ദലിതര്‍ പല സന്ദര്‍ഭങ്ങളിലും സ്വീകരിച്ചത്. തീവ്ര ഹിന്ദുപക്ഷക്കാര്‍ എന്നരീതിയില്‍ ഒരു വിഭാഗത്തെ അടര്‍ത്തിമാറ്റി, ഹിന്ദുവെന്ന ആദര്‍ശവല്‍ക്കരിക്കപ്പെട്ട ഒന്നിനെ രക്ഷിച്ചെടുക്കുന്ന ലിബറല്‍ സവര്‍ണ്ണ ശ്രമങ്ങള്‍ ജാതിയുടെ മര്‍മ്മത്തെ നിരാകരിക്കുന്ന ഒന്നാണ്. കീഴാളര്‍ക്കെതിരായ ഹിംസകള്‍ ഘടനാപരമായും സാംസ്‌ക്കാരിക രൂപങ്ങളുമായാണ് നിലനില്‍ക്കുന്നത്. നേരിട്ടുള്ളതും പതിവായതുമായ ഈ ഹിംസകളെ പ്രതിരോധിക്കാന്‍ എന്ത് രൂപങ്ങളാണ് ആവിഷ്‌ക്കരിക്കേണ്ടതെന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു വെല്ലുവിളിയാണ്.ഹിംസകളില്‍ മനം നൊന്ത് പ്രതികരിക്കുന്ന ലിബറന്‍ വ്യക്തികളില്‍ നിന്നും വ്യത്യസ്തമായി കീഴാളര്‍ക്ക് ഈ വെല്ലുവിളി നേരിടുക എന്നത് അടിയന്തരവും ജീവന്‍ നിലനിര്‍ത്താനുള്ള ഒരു പ്രശ്‌നവുമാണ്.
_____________________________ 

An open letter from a Dalit musician, to whomsoever it may concern

Written by Ajith Kumar A S
Published on 13 October 2015:-http://roundtableindia.co.in/

Top