കലാഭവന്‍ മണി : താരവും സംഘര്‍ഷങ്ങളും

ദാരിദ്ര്യത്തിന്റെയും നന്മയുടെയും നാടന്‍ മനുഷ്യത്വത്തിന്റെയും നിര്‍വചനത്തിനുള്ളില്‍ മാത്രം കലാഭാവന്‍ മണിയെന്ന കലാകാരനെ ആഖ്യാനം ചെയ്യുമ്പോള്‍-ഉത്തരാധുനികമായ കര്‍തൃത്വവ്യവസ്ഥയില്‍ നിന്നു അദ്ദേഹം അദൃശ്യമായി പുറത്താക്കപ്പെടുകയാണ്. കീഴാള- ബഹുജനസമൂഹങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന താരപദവി സ്വായത്തമാക്കിയവരെ പാരമ്പര്യവുമായി ബന്ധിപ്പിക്കാനുള്ള തൃഷ്ണയും വാസനയും സമകാലികതയെ നിഷേധിക്കുവാനുള്ള ഉപാധികൂടിയായി മാറുന്നുണ്ട്. ബാബ്‌റി മസ്ജീദ് തകര്‍ത്ത അവസരത്തിലും ഗുജറാത്ത് കലാപകാലത്തും എടുത്ത ഉജ്ജ്വലമായ തീരുമാനങ്ങളിലൂടെ കെ. ആര്‍ നാരായണന്‍ എന്ന രാഷ്ട്രപതിയെ ഓര്‍മ്മിപ്പിക്കുന്നതിനു പകരം, കോട്ടയം സി. എം. എസ്. കോളേജില്‍ പഠിക്കുന്ന കാലത്ത് അനുഭവിച്ച ദാരിദ്ര്യത്തിലൂടെ വരുംതലമുറ അദ്ദേഹത്തെ അടയാളപ്പെടുത്തുന്ന രീതിയാണിത്. കീഴാള-ബഹുജനങ്ങളെ മാത്രം കാത്തിരിക്കുന്ന വരേണ്യവിശകല യുക്തിയാണിത്. അസാധാരണവും, പ്രതിഭാശാലിത്തവുമുള്ള കലാകാരനായി, കേരളത്തില്‍ പുതിയൊരു സൗന്ദര്യബോധവും, താളവും, ചുവടുകളും, അതിലുപരി ബഹുജനവത്കരണത്തിന്റെ ഇതുവരെയില്ലാത്ത മാതൃകയും സൃഷ്ടിച്ച മഹാനായ കേരളീയനായി മണിയെ അടയാളപ്പെടുത്തുകയാണ് ചെയ്യേണ്ടത്.

കലാഭവന്‍ മണിയും തമിഴിലെയും തെന്നിന്ത്യയിലെയും താരമായ വിക്രമവും തമ്മിലുള്ള അസാധാരണവും സ്വാഭാവികവുമായ സമാനതകളില്‍ പ്രധാനപ്പെട്ടത് ബഹുജനങ്ങള്‍ക്കിടയില്‍ അവര്‍ പുലര്‍ത്തുന്ന വേറിട്ട പെരുമാറ്റങ്ങളാണെന്നു പറയാം. ഒരുപക്ഷേ, മറ്റു നടന്മാര്‍ക്കൊന്നും സാധ്യമല്ലാത്ത വിധത്തില്‍ ”ഉയരങ്ങ”ളില്‍ നില്‍ക്കുമ്പോഴും ഏറ്റവും സാധാരണക്കാരെപ്പോലും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഈ നാട്യമില്ലായ്മ പ്രേക്ഷകര്‍ക്കിടയിലെ ഇവര്‍ക്കുള്ള സ്വീകാര്യത വര്‍ദ്ധിപ്പിച്ച ഘടകമാണ്. ഈയടുത്ത കാലത്ത്, ഒരു അവാര്‍ഡ് ദാന ചടങ്ങിനിടയില്‍ വിക്രമിനെ കെട്ടിപ്പിടിക്കാനാഞ്ഞ കറുത്ത ചെറുപ്പക്കാരനൊപ്പം, മറ്റുതാരങ്ങളുടെയും സെക്യൂരിറ്റികളുടെയും വിലക്കുകള്‍ അവഗണിച്ചു സെല്‍ഫിയെടുക്കുകയും ഉമ്മ വെയ്ക്കുകയും ചെയ്യുന്നത് സോഷ്യല്‍ മീഡിയായില്‍ വൈറലായിരുന്നല്ലോ. കലാഭവന്‍ മണിയുടെ സ്റ്റേജ് ഷോകളിലെ ഏറ്റവും ആകര്‍ഷണീയമായ ഘടകം വേദിക്ക് പുറത്തുള്ള അദ്ദേഹത്തിന്റെ ബഹുജനസംവാദത്തിന്റെ തലമാണ്. അതു ചിലപ്പോള്‍ ആട്ടമാവാം, പാട്ടാകാം, സ്വതസിദ്ധമായ പൊട്ടിച്ചിരിയാകാം. കൊച്ചുകുട്ടികളോട് കാണിക്കുന്ന അടുപ്പമാകാം, ചെറുപ്പക്കാരോട് ശാരീരിക ചലനത്തിലൂടെ തീര്‍ക്കുന്ന പ്രകോപനപരമായ ചുവടുകളാവാം. എന്താണെങ്കിലും അവയെ സ്വീകരിക്കാന്‍ പ്രേക്ഷകന്‍ തയ്യാറാകുന്നത് അതൊരു താരത്തില്‍ നിന്നും ലഭിക്കുന്നതായതു കൊണ്ടല്ല മറിച്ച്, തങ്ങളില്‍ ഒരാളുടെ സ്‌നേഹവായ്പ് അതിലുള്ളത് കൊണ്ടാണ്. വിക്രവുമായി നടത്തുന്ന ഇന്റര്‍വ്യൂകള്‍ ശ്രദ്ധിച്ചാല്‍ ഇതിന്റെ മറ്റൊരു രൂപം കാണാം. മുന്‍പിലിരിക്കുന്നവര്‍ തങ്ങള്‍ക്കു സമാനരാണെന്നു ബോധം നിലനിര്‍ത്തുന്നതില്‍ ഈ രണ്ടു നടന്മാരും പുലര്‍ത്തുന്ന സാജാത്യങ്ങള്‍ക്ക് പിന്നില്‍ സാമൂഹികബോധത്തിന്റെയും ജീവിതവീക്ഷണങ്ങളുടെയും ആഴമേറിയ സ്വാധീനം ഉണ്ട്. മറ്റൊരു പ്രധാനപ്പെട്ട കാര്യം, അഭിനയപൂര്‍ണ്ണതയ്ക്ക് വേണ്ടി തങ്ങളുടെ ശരീരത്തെ ഇവരെപ്പോലെ വിട്ടുകൊടുത്ത നടന്മാര്‍ ചുരുക്കമാണെന്ന് പറയാം.

  • ബഹുജനസംസ്‌കാരവും പ്രതിനിധാനങ്ങളും

ജനപ്രിയസംസ്‌കാരത്തിന്റെ സൈദ്ധാന്തികന്‍ ജോണ്‍ സ്റ്റോര്‍ണി, സാമീപ്യം (Availabiltiy) ത്തിലൂടെയുണ്ടാകുന്ന സ്വീകാര്യത ജനപ്രിയതയുടെ അടിസ്ഥാനഘടകങ്ങളില്‍ ഒന്നാണെന്ന് വിലയിരുത്തുന്നുണ്ട്. ഉന്നത ജീവിതങ്ങളുടെ വിലക്കുകളെയും സ്ഥലപരമായ പരിധികളെയും ഉല്ലംഘിക്കുന്ന സവിശേഷത കൂടി ഇതില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കലയുടെയും സംസ്‌കാരത്തിന്റെയും ജനപ്രിയ നിയമങ്ങളെ സ്വയം നിര്‍ണ്ണയിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന അയവേറിയ (Flexible)സമീപനത്തിലൂടെയാണ് ഇത് സാധ്യമാകേണ്ടത്. ഒരുപക്ഷേ, മലയാളത്തിലെ ചലച്ചിത്ര- താരസംസ്‌കാരത്തിനു സ്വയം നിയമങ്ങള്‍ തീര്‍ത്തയാളെന്ന നിലയ്ക്ക് കലാഭവന്‍ മണിയെ വിലയിരുത്തുന്നതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതും ജനപ്രിയതയുടെ ഈ വിസ്തൃതിയാണെന്നു സൂചിപ്പിക്കേണ്ടതുണ്ട്. ഈ ജനപ്രിയതയെ അംഗീകരിക്കുവാന്‍ കഴിയാത്ത വിധത്തില്‍ ഇടുങ്ങിയതും, അകന്നബോധവും നിലനിര്‍ത്തുന്ന വരേണ്യത മലയാള സിനിമയില്‍ സജീവമാണെന്നു സമ്മതിക്കാന്‍ തയ്യാറല്ലെങ്കിലും മണിയുടെ മരണത്തിനുമേല്‍ ഉയര്‍ന്നു വന്ന പല സംവാദങ്ങളും അതിലേക്കാണ് വിരല്‍ ചൂണ്ടിയത്. പ്രധാനമായും ജീവിതവുമായി ബന്ധിക്കപ്പെടുന്ന സെലിബ്രിറ്റി ചര്‍ച്ചകളുടെ കാര്യത്തില്‍ സിനിമയും നടനവുമായി മുഖം തിരിഞ്ഞുനിന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ബഹുജനസംസ്‌കാരത്തിന്റെ ഉത്തരാധുനികമായ മുഖമായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കലര്‍പ്പുകളും ബഹുലതകളും അതു തീര്‍ത്ത സങ്കീര്‍ണ്ണതകളും ഗൗരവമായ ആലോചനകള്‍ക്കു വഴിവെയ്‌ക്കേണ്ടതാണ്. കലയും ജീവിതവും മാത്രമല്ല, മണി അതിലൂടെ നിര്‍മ്മിച്ച കലര്‍പ്പുകളും (അദ്ദേഹത്തിനു സിനിമയില്‍ ലഭിച്ച വേഷങ്ങളില്‍ ഈ വൈവിധ്യം അത്രത്തോളം പ്രകടമല്ല) മലയാളത്തില്‍ ഒരു താരത്തിനും അവകാശപ്പെടാനാവാത്ത വിധത്തില്‍ സങ്കീര്‍ണ്ണവുമാണെന്നു കാണാം. വളരെ സാധാരണ നിലയില്‍ തുടങ്ങി അസാധാരണവും ഉന്നതവുമായ പദവിയിലേക്ക് മാറിയ സിനിമാ ജീവിതം അതുകൊണ്ടുതന്നെ പല വിവാദങ്ങളിലേക്കും വലിച്ചിഴയ്ക്കപ്പെട്ടു. വരേണ്യതയുടെ ചിട്ടവട്ടങ്ങളെ അതിലംഘിക്കാനുള്ള ശ്രമങ്ങള്‍ വിനയാന്വിതമാകുമ്പോഴും മണി സൂക്ഷിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു ഈ കരുതലുകള്‍. പാട്ടും ആട്ടവും ആഘോഷവും രാവേറെ നീളുന്ന സൗഹൃദസദസ്സുകളും അഹന്തയുടെയും താന്‍പോരിമയുടെയും അടയാളങ്ങളായി ഇപ്പോള്‍ ചര്‍ച്ചചെയ്യുമ്പോള്‍, വിസ്മരിക്കുന്ന യാഥാര്‍ത്ഥ്യമായി ഈ അതിലംഘനങ്ങള്‍ നിലനില്‍ക്കും. കീഴാള ആണത്തത്തിന്റെ എല്ലാ സങ്കീര്‍ണ്ണതകളും പല സന്ദര്‍ഭങ്ങളിലും പ്രകടിപ്പിക്കുമ്പോള്‍ അത് സ്വാഭാവികമായി ജനങ്ങള്‍ ഏറ്റെടുത്തതിന്റെ അടയാളമായിരുന്നു മലയാള സിനിമ ഇന്നുവരെ കാണാത്ത ജനക്കൂട്ടപ്പെരുപ്പം മണിയെ യാത്രയയ്ക്കുവാന്‍ എത്തിയത്.
ഒരു നടനെന്ന നിലയില്‍ മണിയുടെ പെര്‍ഫോര്‍മന്‍സുകള്‍ക്കു പൂര്‍ണ്ണതയില്ലായിരുന്നു എന്ന വിമര്‍ശനം ഉയരുമ്പോഴും അദ്ദേഹത്തെപ്പോലൊരള്‍ക്ക് സിനിമാപോലൊരു ഇന്‍ടസ്ട്രിയില്‍ രണ്ടു ദശകത്തോളം ഒരേ മട്ടിലല്ലെങ്കിലും നിലനില്‍ക്കാനായത് അത്ഭുതകരം തന്നെയാണ്. രണ്ടായിരത്തിന്റെ പകുതിയോടെ മലയാള സിനിമാവ്യവസായം പലവിധ കാരണങ്ങളാല്‍ പ്രതിസന്ധിയിലായപ്പോള്‍ അതിനെ കുറച്ചെങ്കിലും പിടിച്ചു നിര്‍ത്തിയത് മണിയായിരുന്നുവെന്ന് സി. എസ്.വെങ്കിടേശ്വരനെപ്പോലുള്ളവര്‍ ഈയടുത്തകാലത്ത് എഴുതിയ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നു മണിക്ക് എല്ലാക്കാലത്തും നിശ്ചിത പ്രേക്ഷകരെ ഉറപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ്. ശരീരവും നിറവും പലപ്പോഴും ബാധ്യതയായി മാറിയ ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം, വരേണ്യകാമനകള്‍ക്കു പുറത്തുള്ള സാധ്യതകള്‍ ഊന്നുക മാത്രമായിരുന്നു പോംവഴി. നായകവേഷങ്ങളില്‍ അവസാനം അഭിനയിച്ച ചിത്രങ്ങളില്‍ ഈയൊരു പകര്‍പ്പ് പ്രേക്ഷകര്‍ക്ക് മനസ്സിലാകും. ആദ്യകാലത്ത് മണിചിത്രങ്ങളും അവസാനകാലത്തെ ചിത്രങ്ങളും വര്‍ത്തുളമായൊര ഘടനയിലക്ക് ചുരുങ്ങുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കണ്ടെത്താവുന്നതാണ്. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ (1999), കരുമാടിക്കുട്ടന്‍, തുടങ്ങിയ സിനിമകളും ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐ.പി. എസ്., ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കുടുംബം, അബ്രഹാം ലിങ്കണ്‍, തുടങ്ങിയവയിലും ഈ പാറ്റേണ്‍ പ്രവര്‍ത്തിക്കുന്നത് കാണാം.

__________________________________
ബഹുജനസംസ്‌കാരത്തിന്റെ ഉത്തരാധുനികമായ മുഖമായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കലര്‍പ്പുകളും ബഹുലതകളും അതു തീര്‍ത്ത സങ്കീര്‍ണ്ണതകളും ഗൗരവമായ ആലോചനകള്‍ക്കു വഴിവെയ്‌ക്കേണ്ടതാണ്. കലയും ജീവിതവും മാത്രമല്ല, മണി അതിലൂടെ നിര്‍മ്മിച്ച കലര്‍പ്പുകളും (അദ്ദേഹത്തിനു സിനിമയില്‍ ലഭിച്ച വേഷങ്ങളില്‍ ഈ വൈവിധ്യം അത്രത്തോളം പ്രകടമല്ല) മലയാളത്തില്‍ ഒരു താരത്തിനും അവകാശപ്പെടാനാവാത്ത വിധത്തില്‍ സങ്കീര്‍ണ്ണവുമാണെന്നു കാണാം. വളരെ സാധാരണ നിലയില്‍ തുടങ്ങി അസാധാരണവും ഉന്നതവുമായ പദവിയിലേക്ക് മാറിയ സിനിമാ ജീവിതം അതുകൊണ്ടുതന്നെ പല വിവാദങ്ങളിലേക്കും വലിച്ചിഴയ്ക്കപ്പെട്ടു. വരേണ്യതയുടെ ചിട്ടവട്ടങ്ങളെ അതിലംഘിക്കാനുള്ള ശ്രമങ്ങള്‍ വിനയാന്വിതമാകുമ്പോഴും മണി സൂക്ഷിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു ഈ കരുതലുകള്‍. പാട്ടും ആട്ടവും ആഘോഷവും രാവേറെ നീളുന്ന സൗഹൃദസദസ്സുകളും അഹന്തയുടെയും താന്‍പോരിമയുടെയും അടയാളങ്ങളായി ഇപ്പോള്‍ ചര്‍ച്ചചെയ്യുമ്പോള്‍, വിസ്മരിക്കുന്ന യാഥാര്‍ത്ഥ്യമായി ഈ അതിലംഘനങ്ങള്‍ നിലനില്‍ക്കും.
__________________________________ 

തുടക്കത്തില്‍ അധികാരത്തോടു വിധേയപ്പെട്ടെങ്കില്‍ ഒടുവില്‍ അതിനോട് കലഹിക്കാനുള്ള കരുത്തുനേടുന്ന കഥാപാത്രങ്ങളായി മണി മാറിയെന്നു മാത്രം. പക്ഷേ, ഇവിടെയൊക്കെ മണിയുടെ കഥാപാത്രങ്ങള്‍ നേരിടുന്ന സ്വത്വസംഘര്‍ഷങ്ങള്‍ വ്യക്തിപരം മാത്രമായി ചുരുക്കുന്നതും പ്രതിനിധാനപരമായി അവയെ കാണാതിരിക്കുന്നതും ശരിയല്ല. ഒരുപക്ഷേ, മണി കേരളസമൂഹത്തോടു പറഞ്ഞ പയ്യാരങ്ങളിലും, കണ്ണുനിറച്ച തമാശകളിലും ഒളിപ്പിച്ചുവെച്ച വിമര്‍ശനങ്ങളെ ”നാട്ടുമനുഷ്യന്റെ നന്മയായും നിഷ്‌ക്കളങ്കത”യായും ആവര്‍ത്തിച്ചുറപ്പിക്കുന്നതിനും ഈയൊരു യുക്തി പ്രവര്‍ത്തിക്കുന്നുണ്ടെന്നു പറയാവുന്നതാണ്.

  • ഇമേജുകള്‍ തീര്‍ക്കുന്ന അദൃശ്യതകള്‍

കലാഭവന്‍ മണിയെന്ന കലാകാരനെയും അഭിനയ പ്രതിഭയെയും വേണ്ടവിധത്തില്‍ അംഗീകരിക്കാന്‍ കേരളത്തിലെ ഔദ്യോഗിക സ്ഥാപനങ്ങള്‍ക്കോ പ്രേക്ഷകരിലെ വരേണ്യഭാവുകത്വത്തിനോ കഴിഞ്ഞിട്ടില്ലായെന്നതിന്റെ തെളിവുകളാണ് പലകോണുകളില്‍ നിന്നും ഉയര്‍ന്ന വിമര്‍ശനങ്ങള്‍. സലിം കുമാര്‍, സുരാജ് വെഞ്ഞാറുംമൂട് തുടങ്ങിയവര്‍ക്ക് ലഭിച്ച ദേശീയ അവാര്‍ഡിനെ പരാമര്‍ശിച്ചുകൊണ്ടു സിനിമാ രംഗത്തു സജീവമായ ബഹുമാനിതനായ വ്യക്തി സ്വകാര്യമായി പറഞ്ഞത്, അതൊക്കെയും undeserved ആയവര്‍ക്കാണ് കിട്ടിയതെന്നാണ് അതിനു അദ്ദേഹം പറഞ്ഞ കാരണം ‘നെടുമുടിവേണുചേട്ടനെപ്പോലെ ഒരാള്‍ക്കു കിട്ടാത്തത്’ ഇവര്‍ക്കെങ്ങനെ ലഭിച്ചുവെന്നാണ്. 2010 ല്‍ ഐ.എഫ്. എഫ്. കെ. ബുള്ളറ്റിനുവേണ്ടി സംവിധായകന്‍ ഡോ. ബിജുവുമായി ഈ ലേഖകന്‍ നടത്തിയ അഭിമുഖം ചൂണ്ടിക്കാണിച്ച് മലയാളത്തിലെ മുതിര്‍ന്ന സംവിധായകരിലൊരാള്‍ ദേഷ്യപ്പെട്ടുകൊണ്ടു ചോദിച്ചത്. ‘നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ, ഇവനെപ്പോലെയുള്ളവരുടെ ഇന്റര്‍വ്യ എടുക്കാന്‍’എന്നാണ്. ഈ രണ്ടു ചോദ്യങ്ങളിലും ഒളിച്ചിരിക്കുന്ന സമാനത കേരളത്തില്‍ അടിത്തട്ടില്‍ നിന്നും ഉയര്‍ന്നുവരുന്നവരോട് നിലനില്‍ക്കുന്ന ജാതിയിലധിഷ്ഠിതമായ വിവേചന ബോധത്തിന്റെ വൃത്തികെട്ടതും പച്ചയായ സമീപനവുമാണ്. യാദൃശ്ചികമല്ലെന്നു പറയട്ടെ, ഈ പ്രതികരിച്ച രണ്ടുപേരും ജാതിവാലുകള്‍ അലങ്കാരമായി പേരിനൊപ്പം ചേര്‍ത്തവരായിരുന്നു. അതിലൊരാള്‍ കേരളത്തിലെ മധ്യവര്‍ത്തി- പുരോഗമന സിനിമകളുടെ ശക്തനായ വക്താവും ആയിരുന്നുവെന്നതാണ് വസ്തുത.
പാരമ്പര്യത്തിന്റെ പിന്‍ബലമോ സാമുദായികതയുടെയും ‘സൗന്ദര്യ’ത്തിന്റെയും അധിക സാധ്യതയോയില്ലാതെ മണിയെപോലെ കടന്നുവന്ന പലര്‍ക്കും മുന്‍പില്‍ മലയാള സിനിമ തീര്‍ത്ത ദൂരങ്ങല്‍ മുന്‍പ് സൂചിപ്പിച്ച വരേണ്യധികാരത്തിന്റേതായിരുന്നു. ആധുനികവും സാങ്കേതികവുമായ കലയെന്ന നിലയില്‍ സിനിമ അംഗീകരിക്കപ്പെടുമ്പോഴും മണിക്കൊപ്പം അഭിനയിക്കില്ലെന്നു തീരുമാനിച്ച മലയാളത്തിലെ മുന്‍നിര നായികമാരുടെ മനോഭാവത്തിലും ഇതിന്റെ തന്നെ മറ്റൊരുരൂപമാണ് ദൃശ്യമാകുന്നത്. പക്ഷേ, ഇത്തരം പ്രതിസന്ധികള്‍ക്ക് ശേഷമാണ് മണിയുടെ കരിയറിലെ വലിയ മുന്നേറ്റങ്ങള്‍ സാധ്യമായതെന്നു കൂടി കാണേണ്ടതുണ്ട്. അടിച്ചമര്‍ത്തപ്പെടുന്നുവെന്നും അന്യവത്ക്കരിക്കപ്പെടുന്നുവെന്നും തോന്നുന്ന സന്ദര്‍ഭങ്ങളിലെല്ലാം തനിക്കു സ്വന്തമായ ധാരാളിത്തത്തിന്റെ പ്രകടനങ്ങളിലൂടെ അതിനെ മറികടക്കാനുള്ള അഭിവാജ്ഞയായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചത്. സ്റ്റേജ് ഷോകളിലും, നാട്ടുകാര്യങ്ങളിലും, മനുഷ്യകാരുണ്യ പ്രവര്‍ത്തനങ്ങളിലും സിനിമാലോകത്തിനപ്പുറത്ത് എക്കാലവും സൂക്ഷിച്ച സൗഹൃദങ്ങളിലും ‘പാടി’യിലെ വെപ്പിലുംവിളമ്പിലുമെല്ലാം ബഹുജനവത്കരണത്തിന്റേതു മാത്രമല്ല കീഴ്ത്തട്ടില്‍ നിന്നുയര്‍ന്നു വരുന്നവര്‍ക്കെതിരെ വരേണ്യര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടികൂടിയുണ്ടായിരുന്നു. ‘വന്ന വഴി മറക്കുന്നവര്‍’ ‘ദേശ’ത്തിനും ‘കുടുംബത്തിനും വേണ്ടാത്തവര്‍’ ‘സഹോദരഹത്യ’ നടത്തുന്നവര്‍ തുടങ്ങിയ വരേണ്യയുക്തികളെ നേരിടുന്നതിന്റെ ബോധപൂര്‍വ്വമായ സാധൂകരണം ഇവിടെ കാണാം. സിനിമയും സിനിമക്കാരും കുടിയേറുന്ന സ്വാഭാവികമായ ഇടങ്ങളായി മെട്രോനഗരങ്ങള്‍ വികസിച്ച കാലത്ത് ചാലക്കുടിയും അതിന്റെ സൗഹൃദങ്ങളും മണി വിട്ടുകളയാതിരുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച യുക്തിയും മറ്റൊന്നല്ല. അച്ഛന്‍ രാമന്‍ പണിയെടുത്ത പുരയിടം വിലകൊടുത്ത വാങ്ങിയ മണി ലോകത്തെവിടെയുമുള്ളവര്‍ക്കു വരാനുള്ളിടമായി അതിനെ മാറ്റിത്തീര്‍ക്കുകയായിരുന്നു എന്നുമോര്‍ക്കണം.
കേരളത്തിലെ കീഴാള -ബഹുജനങ്ങളുടെ ആത്മബോധത്തെ കലാകാരനെന്ന നിലയില്‍ വികസിപ്പിക്കുകയും, അവര്‍ക്ക് മുന്‍പില്‍ സാധ്യതകളുടെ ലോകം തുറന്നിടുകയും, മൂലധനത്തിന്റെ ചലനാത്മകതയില്‍ തങ്ങള്‍ക്കും എത്തിപ്പിടിക്കാന്‍ ഇടമുണ്ടെന്നു കാണിച്ചുതന്നയാളെന്ന നിലയ്ക്ക് കലാഭവന്‍ മണിയ്ക്കുള്ള പ്രതീകാത്മക മൂല്യം വളരെയാണ്. നാടന്‍പാട്ടുകളിലെ മണിയുടെ പൊളിച്ചെഴുത്തിനുശേഷം കേരളത്തില്‍ വിദ്യാസമ്പന്നരായ എത്രയോ ചെറുപ്പക്കാര്‍ അതിനെ ഒരുപ്രൊഫഷനായി സ്വീകരിച്ചിട്ടുണ്ടെന്ന് കാണാം. നാടന്‍പാട്ടുകള്‍ എന്നാല്‍ ഏതോഭൂതകാലത്ത് നിശ്ചലമായിപ്പോയ ഒന്നാണെന്ന വരേണ്യസാഹിത്യത്തിന്റെ തീര്‍പ്പുകളെ നിഷേധിച്ച് അവയെ പുതുകാലത്തിന്റെ ഭാവനകളുമായി ബന്ധിപ്പിക്കുവാന്‍ കഴിഞ്ഞതിലൂടെയും, അതിനെ ബഹുജനപ്രീതിയുണ്ടാക്കിയതിലൂടെയാണ് മണിയത് സാധ്യമാക്കിയത്. കാവാലം നാരായണപ്പണിക്കരെപ്പോലെയുള്ളവര്‍ നിര്‍മ്മിച്ച മന്ദതാളത്തിനും ഹൃദയവേദനയ്ക്കും പകരം ചടുലവും ആഘോഷാത്മകവുമായ ചുവടുകള്‍ക്കുവേണ്ടി മെനഞ്ഞെടുത്ത നാടന്‍പാട്ടുകള്‍ കാസറ്റ്/സി.ഡി വിപണിയിലുണ്ടാക്കിയ കുതിപ്പുകള്‍ അവഗണിക്കാനാവില്ല. സങ്കടങ്ങള്‍ക്ക് മേലെ തീര്‍ത്ത വിമോചനത്തിന്റെയും പുതിയ സൗന്ദര്യബോധത്തിന്റെയും പ്രണയസാധ്യതകളുടെയും, തിരസ്‌കാരങ്ങളുടെയും കുഴമറിച്ചിലുകള്‍ കാണാമെങ്കിലും ശരീരത്തെയും ശരീരത്തെയും ത്രസിപ്പിക്കുന്ന പുതുകാലത്തിന്റെ അടയാളങ്ങളായി കേരളീയ സമൂഹത്തില്‍ അവ നിലനില്ക്കുമെന്നുറപ്പാണ്. മറ്റൊരു പ്രധാനപ്പെട്ടകാര്യം, കലയും വിപണിയും വിപരീതമാണേന്ന യാഥാസ്ഥിതിക യുക്തിയെ പലമട്ടിലും എതിര്‍ക്കുവാന്‍ ധൈര്യംകാണിച്ച കലാകാരന്‍ കൂടിയായിരുന്നു മണിയെന്നുള്ളതാണ്. കീഴാള- ദളിത് ബഹുജനങ്ങള്‍ അതുണ്ടാക്കിയ ആത്മവിശ്വാസത്തിന്റെ ദൃഢതയും വിശാലതയും ഇനിയും വിലയിരുത്തപ്പെടേണ്ടതുണ്ട്.
ദാരിദ്ര്യത്തിന്റെയും നന്മയുടെയും നാടന്‍ മനുഷ്യത്വത്തിന്റെയും നിര്‍വചനത്തിനുള്ളില്‍ മാത്രം കലാഭാവന്‍ മണിയെന്ന കലാകാരനെ ആഖ്യാനം ചെയ്യുമ്പോള്‍-ഉത്തരാധുനികമായ കര്‍തൃത്വവ്യവസ്ഥയില്‍ നിന്നു അദ്ദേഹം അദൃശ്യമായി പുറത്താക്കപ്പെടുകയാണ്. കീഴാള- ബഹുജനസമൂഹങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന താരപദവി സ്വായത്തമാക്കിയവരെ പാരമ്പര്യവുമായി ബന്ധിപ്പിക്കാനുള്ള തൃഷ്ണയും വാസനയും സമകാലികതയെ നിഷേധിക്കുവാനുള്ള ഉപാധികൂടിയായി മാറുന്നുണ്ട്. ബാബ്‌റി മസ്ജീദ് തകര്‍ത്ത അവസരത്തിലും ഗുജറാത്ത് കലാപകാലത്തും എടുത്ത ഉജ്ജ്വലമായ തീരുമാനങ്ങളിലൂടെ കെ. ആര്‍ നാരായണന്‍ എന്ന രാഷ്ട്രപതിയെ ഓര്‍മ്മിപ്പിക്കുന്നതിനു പകരം, കോട്ടയം സി. എം. എസ്. കോളേജില്‍ പഠിക്കുന്ന കാലത്ത് അനുഭവിച്ച ദാരിദ്ര്യത്തിലൂടെ വരുംതലമുറ അദ്ദേഹത്തെ അടയാളപ്പെടുത്തുന്ന രീതിയാണിത്. കീഴാള-ബഹുജനങ്ങളെ മാത്രം കാത്തിരിക്കുന്ന വരേണ്യവിശകല യുക്തിയാണിത്. അസാധാരണവും, പ്രതിഭാശാലിത്തവുമുള്ള കലാകാരനായി, കേരളത്തില്‍ പുതിയൊരു സൗന്ദര്യബോധവും, താളവും, ചുവടുകളും, അതിലുപരി ബഹുജനവത്കരണത്തിന്റെ ഇതുവരെയില്ലാത്ത മാതൃകയും സൃഷ്ടിച്ച മഹാനായ കേരളീയനായി മണിയെ അടയാളപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ചാലക്കുടിയെന്ന ദേശം ആ ഭൂപടത്തിലെ കേന്ദ്രവും, പലതുകൊണ്ടും കേരളത്തിന്റെ നടുഭാഗവുമാണല്ലോയത്. കലാഭവന്‍ മണിയുടെ വേര്‍പാടിന്റെ വേദനകള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ സാമൂഹ്യചിന്തകനും എഴുത്തുകാരനുമായ കെ.കെ. ബാബുരാജ് സൂചിപ്പിച്ചതുപോലെ ‘ദളിതനായ ജനിച്ചു ദളിതനായി മരിക്കാത്ത’ വളരെ കുറച്ചുപേരില്‍ ഒരാളാണ് അദ്ദേഹം. നമ്മുടെ മാധ്യമവിശകലനങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കുമിടയില്‍ ഇത്തരം വിലയിരുത്തലുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
_______________________________

Top