കറുത്ത നക്ഷത്രവും മുസ്‌ലിം ചന്ദ്രികയും

മാല്‍കം എക്സിന്‍റെ രാഷ്ട്രീയ സൌന്ദര്യമുള്ള വാകുകളുടെ ജിഹാദ് (word jihad) അറുപതുകളിലും എഴുപതുകളിലും അതിനെ തുടര്‍ന്നും ആഫ്രോ അമേരിക്കന്‍ സാമൂഹ്യ ഭാവനകളെ ഉത്തേജിപ്പിക്കുകയും അമേരിക്കന്‍ വംശീയ സമുച്ചയത്തെ മറികടക്കുന്ന പുതിയ ലോകത്തെ വാക്കുകള്‍ കൊണ്ട് ആവിഷ്കരിക്കുകയും ചെയ്തു. ഭാഷയുടെ കൊളനീകരണത്തെ തന്നെയാണ് ഇവിടെ മാല്‍കം എക്സ് ചെറുത്തത് എന്ന് മാത്രമല്ല അദേഹത്തിന്റെ പ്രഭാഷങ്ങണങ്ങള്‍ പുത്തന്‍ അപകോളനീകരണ ഭാഷയുടെ ഉദ്ഘാടനം കൂടിയായിരുന്നു. മാല്‍കം എക്സ് സംസാരിച്ച ഭാഷ ഹിപ് ഹോപ്‌ പോലെ പാടി പറഞ്ഞു നടക്കാന്‍ സുഖമുള്ള ഭാഷ ആയിരുന്നു. അധികാര വിരുദ്ധത അതിന്‍റെ മുഖമുദ്ര ആയതോടെ അത് ഭൂമിയിലെ നിന്ധിതരുടെയും പീഡിതരുടെയും സാംസ്കാരിക അവബോധത്തെ പിടിച്ചു കുലുക്കി.

പതിനഞ്ചാം നൂറ്റാണ്ടില്‍ അറ്റ്ലാന്റിക് മഹാ സമുദ്രത്തിനു   കുറുകെ പോര്ച്ചുഗീസ് – സ്പാനിഷ് കൊളോണിയലിസം നടത്തിയ  അടിമവ്യാപാരത്തിലൂടെയാണ് ഇസ്ലാം അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തുന്നത്.  അടിമത്വം , നിറം ഒക്കെ ഉത്ഭവം  മുതല്‍ അമേരിക്കയിലെ ഇസ്ലാമിനെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ ആണ് . കഴിഞ്ഞ അഞ്ഞൂറ് വര്ഷം അമേരിക്കന്‍ ഇസ്ലാമിനെ നിരവധി കൈവഴികള്‍ ഉണ്ടെങ്കിലും  ചരിത്രത്തിലെ ഏറ്റവും നിര്‍ണായക  മുസ്ലിം ശബ്ദം മാല്‍കം എക്സ് ആണെന്ന് പറയാം . അമ്പതുകളിലും അറുപതുകളിലും  മാല്‍കം എക്സ് നടത്തിയ സമാനതകളില്ലാത്ത  പ്രഭാഷണങ്ങള്‍ ലോകം മുഴുന്‍ ഉള്ള മുസ്ലിം സമൂഹത്തെ മാത്രമല്ല പീഡിത സമൂഹങ്ങളെ ഒന്നാകെ തന്നെ  അനീതിക്കെതിരായ പോരാട്ടത്തില്‍ പ്രചോദിപ്പിച്ചുവന്നത് ചരിത്രം  . സമകാലിക ലോകത്തെ മേല്‍കോയ്മ അധികാര വ്യവസ്ഥയുടെ ഭാഗമായി,  വെളുത്ത ഭരണ വര്‍ഗ ലോകം നടത്തുന്ന അപമാനവീകരണങ്ങള്‍ക്കെതിരായ ചെറുത്തുനില്പിന് മാല്കമിലൂടെയും അദേഹം പ്രതിനിധാനം ചെയ്ത  അമേരിക്കന്‍ കറുത്ത ഇസ്ലാമിലൂടെയും  പുതിയ വഴിത്തിരിവുകള്ക്  കാരണമായി .

മാല്‍കം എക്സ് എല്ലാ അര്‍ത്ഥത്തിലും ലോക പൌരനായിരുന്നു. മാല്‍കം എക്സില്‍ നിന്ന് ഊര്‍ജം ഉള്‍കൊള്ളുന്ന അമേരിക്കന്‍ ബ്ലാക്ക് ഇസ്ലാമും മാല്‍കം എകസിനെ പോലെ ലോക പൌരത്വം തന്നെയാണ്  ആവ്ഷികരിക്കുന്നത് എന്ന സുഹൈല്‍ ദൌലറ്റ്സായ് എഴുതിയ  Black Star, Crescent Moon : Muslim International and Black Freedom Beyond America (Minnesota Press 2012)  പോലുള്ള  പുതിയ പഠനങ്ങള്‍  പറയുന്നു . ഈ പഠനം  എഴുതാനുള്ള അടിയന്തിര സാഹചര്യം എന്നത് അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്ത്തില്‍ ആദ്യമായി ബരാക് ഹുസൈന്‍ ഒബാമ എന്ന പേരുള്ള കറുത്ത/ആഫ്രിക്കന്‍ / മുസ്ലിം പശ്ചാത്തലമുള്ള ഒരാള്‍ രാജ്യത്തിന്‍റെ പരമോന്നത പദവിയില്‍ വരികയും എന്നാല്‍ അങ്ങിനെയുള്ള സാമൂഹിക പശ്ചാത്തലങ്ങളെ മുഴുവന്‍ നിരാകരിച്ചു അമേരിക്കന്‍ മഹാസാമ്രാജ്യത്തിന്‍റെ സേവകനായി മാറുന്ന രാഷ്ട്രീയ പാശ്ചാതലത്തിലാണ്. ഈ പഠനം  പറയുന്നത് മറ്റൊരു രാഷ്ട്രീയ കഥയാണ് . ശരിക്കും എങ്ങിനെയാണ് അമേരിക്കന്‍ കറുത്ത രാഷ്ട്രീയ  പ്രസ്ഥാനവും മുസ്ലിം മൂന്നാം ലോകവും ചരിത്രപരമായി തന്നെ യുറോ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ഐക്യമുന്നണികള്‍ തീര്‍ത്തതെന്ന മറക്കപെട്ട ചരിത്രമാണ് പുസ്തകം പുറത്തുകൊണ്ട്വരുന്നത് .

കറുത്ത രാഷ്ട്രീയ ഭാവന

രണ്ടാം ലോകയുദ്ധത്തിനു ശേഷം  മക്ക എന്ന ലോക ആത്മീയ കേന്ദ്രം , അള്‍ജീരിയന്‍ വിമോചന  പോരാട്ടം , ഇന്‍ഡോനീസ്യയില്‍ നടന്ന ബന്ദൂന്ഗ് സമ്മേളനം ,  സയനിസത്തിനെതിരായ  ഫലസ്തീന്‍ ചെറുത്തുനില്പ് , ഈജ്പ്ത്തിലെ   കോളനി വിരുദ്ധ സമരം, ഇറാനിയന്‍ ഇസ്ലാമിക വിപ്ലവം   ഒക്കെ കറുത്ത രാഷ്ട്രീയത്തിന്‍റെ ഭാവനകളുടെ നിര്‍മിതിയില്‍ പങ്കുവഹിച്ചുവന്നു ഈ പുസ്തകം പറയുന്നു .

ഒരു സംഘം  വിദ്യാര്‍ഥികള്‍ ടെഹ്രാനിലെ അമേരിക്കന്‍ എംബസി കയ്യേറിയത്  1979 ല്‍ നടന്ന  ഇറാനിയന്‍ ഇസ്ലാമിക  വിപ്ലവ സംഭവങ്ങളിലെ  വഴിത്തിരിവ് എന്ന് പറയാവുന്ന സംഭവമായിരുന്നു. പക്ഷെ കയ്യേറിയ ഉടനെ തന്നെ അമേരിക്കന്‍ എംബസിയിലെ തൊഴിലാളികളായിരുന്ന  ആഫ്രിക്കന്‍ അമേരിക്കക്കാരെയും സ്ത്രീകളെയും അവര്‍ വിട്ടയച്ചു. അത്  അക്കാലത്തെ അമേരിക്കയില്‍  പോരാട്ടത്തില്‍ ഏര്‍പെട്ടിരുന്ന  ആഫ്രോ അമേരിക്കന്‍ ആക്ടിവിസ്റ്റുകളെ ഏറെ പ്രചോദിപ്പിച്ച ഐക്യദാര്‍ട്യ പ്രകടനമായിരുന്നു. ഇസ്ലാമിക വിപ്ലവനന്തരമുള്ള  ഇറാന്‍ ആയിരുന്നു മാല്‍കം എക്സിന്‍റെ  പേരില്‍ ആദ്യമായി സ്റ്റാമ്പ്‌ പുറത്തിറക്കിയ ലോകരാജ്യം എന്നും നാം അറിയുക . ഈ പഠനം  ഇങ്ങിനെയുള്ള ഏറെയൊന്നും പറയപ്പെടാത്ത നിരവധി രാഷ്ട്രീയ അനുഭവങ്ങളെ കോര്‍ത്തിണക്കുന്ന വായനകളാല്‍ സമ്പന്നമാണ്.

കറുത്ത ഇസ്ലാമിന്റെ ലോകരാഷ്ട്രീയം  : മാല്‍കം എക്സ് മുതല്‍ ഹിപ് ഹോപ്‌ വരെ

അമേരിക്കകത്ത് നിന്ന് എഴുപതുകളില്‍  മാല്‍കം എക്സ് , എന്‍പതുകളില്‍ ഹിപ് ഹോപ്‌ കലാകാരന്മാരായ മുസ്ലിംകള്‍ , തോന്നൂറുകളില്‍ മുഹമ്മദ്‌ അലി , രണ്ടായിരത്തിനു ശേഷം ഭീകരവേട്ടയും അതിനെ ചുറ്റിപറ്റിയുള്ള രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കെതിരായ ചെറുത്തുനില്പും എന്ന തരത്തില്‍ കൂടി കാണാവുന്ന ചരിത്ര അനുഭവങ്ങളെ കൂടി ഈ പുസ്തകം പരിഗണിക്കുന്നു. ലോക രാഷ്ട്രീയ ഘടനയില്‍  മുസ്ലിം എന്നത് മറ്റു പീഡിത വിഭാഗങ്ങളുമായി സംവദിക്കുന്ന ഇടമായി ഈ പുസ്തകം കാണുന്നു. ഇവിടെ രാഷ്ട്രീയം മാത്രമല്ല കലയും സംസ്കാരവും ഈ പുത്തന്‍ മേല്‍കോയ്മ വിരുദ്ധ ഭാവനയുടെ ഭാഗമായി മാറുന്നു.

മുഹമ്മദ്‌ അലിയും മാല്‍കം എക്സും ഉള്‍പെട്ട കറുത്ത  ജനകീയ പ്രതിരോധ ധാരയുടെ  ഏറ്റവും വലിയ ഉദാഹരണമാണ്  അമേരിക്കന്‍ ബ്ലാക്ക് മുസ്ലിം യുവസംസ്കാരത്തിന്‍റെ പ്രധാന ആവിഷ്കാര മാധ്യമമായ ഹിപ് ഹോപ്‌ . മാല്‍കം എക്സ് വാക്കുകളുടെ അതീന്ദ്രിയ ശക്തിയെ നന്നായി ഉപയോഗിച്ച തെരുവ് പോരാളി ആയിരുന്നു . മാല്‍കം എക്സ് ഒക്കെ നടത്തിയ പ്രഭാഷണകലയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് എഴുപതുകളില്‍ ന്യൂ യോര്‍ക്ക്‌ സിറ്റിയില്‍ ഹിപ് ഹോപ്‌ ബദല്‍ യുവസംസ്കാരത്തിന്‍റ സ്വന്തം മുദ്രയായി  മാറുന്നത്. മാല്‍കം എക്സ്‌ – ഹിപ് ഹോപ്‌  ഇസ്ലാം – കറുത്ത രാഷ്ട്രീയം – സാമ്രാജ്യത്വ വിരുദ്ധത ഒക്കെ സമന്വയിപ്പിക്കുന്ന യുവസംസ്കാരം ഇപ്പോള്‍ ധാരാളമായി ഗവേഷണം ചെയ്യപ്പെടുകയും പുസ്തകങ്ങള്‍ പുറത്തിറങ്ങുകയും ചെയ്യുന്നു. ഹിപ് ഹോപ്പിന്‍റെ മക്കയും മദീനയും എന്നത് കറുത്ത മുസ്ലിംകള്‍ ധാരാളമുള്ള  ബ്രോങ്ക്സും ഹാര്‍ലാമും ആണെന്ന് കാണാം. ഈ പഠനങ്ങള്‍ കാണിക്കുന്നത്  മാല്‍കം എക്സിന്‍റെ തത്വ ചിന്ത ആയിരുന്ന ജിഹാദ് നഫ്സും (സ്വന്തത്തിനെതിരായ പോരാട്ടം)  ജിഹാദ് ഫീ സബീലില്ല (ദൈവിക മാര്‍ഗത്തിലെ പോരാട്ടം) യുമാണ്‌ ഇന്നത്തെ ഹിപ് ഹോപുന്‍റെയും ചലന നിയമങ്ങളെ നിയന്ത്രിക്കുന്നത് .

സുഹൈല്‍ ദൌലതസായിയുടെ ഈ ഗവേഷണ പഠനം  ഈ അര്‍ത്ഥത്തില്‍ ഏറെ ശ്രദ്ധേയമായ വായനകള്‍ നല്‍കുന്നു . രണ്ടാം ലോക യുദ്ദത്തിനു ശേഷം ശക്തിപെട്ട അമേരിക്കന്‍ മഹാസാമ്രാജ്യത്തിന്‍റെ സൈദ്ധാന്തിക ഉപാധികളുടെ ഭാഗമായിരുന്നു  വംശീയ രാഷ്ട്രീയം. ഏഷ്യന്‍ , ആഫ്രിക്കന്‍ , ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ അമേരിക്കന്‍ ഐക്യനാടുകള്‍ നടത്തിയ രാഷ്ട്രീയ ഇടപെടലുകള്‍ സവിശേഷമായ വംശീയ രാഷ്ട്രീയത്തെ മുന്‍നിറുത്തിയാണെന്ന് മാല്‍കം എകസിനെ തുടര്‍ന്ന് സുഹൈല്‍ ദൌല്‍ത്സായി വാദിക്കുന്നു. അമേരിക്കന്‍ വംശീയതയുടെ ആന്തരിക ഇരകള്‍ എന്ന നിലക്ക് ആഫ്രോ അമേരിക്കന്‍ സമൂഹങ്ങള്‍ ശീത യുദ്ധകാലത്ത് തങ്ങളുടെ പൌരവാകാശ രാഷ്ട്രീയത്തെ വിശാലമായ ഏഷ്യന്‍/ ആഫ്രിക്കന്‍/ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രീയ പോരാട്ടവുമായി സമന്വയിപ്പിച്ചിരുന്നുവന്നു ഈ പുസ്തകം കാണിച്ചുതരുന്നു.

വാക്കുകളുടെ ജിഹാദ്

മാല്‍കം എക്സിന്‍റെ രാഷ്ട്രീയ സൌന്ദര്യമുള്ള വാകുകളുടെ ജിഹാദ് (word jihad) അറുപതുകളിലും എഴുപതുകളിലും അതിനെ തുടര്‍ന്നും  ആഫ്രോ അമേരിക്കന്‍ സാമൂഹ്യ  ഭാവനകളെ ഉത്തേജിപ്പിക്കുകയും അമേരിക്കന്‍ വംശീയ സമുച്ചയത്തെ മറികടക്കുന്ന പുതിയ ലോകത്തെ വാക്കുകള്‍ കൊണ്ട് ആവിഷ്കരിക്കുകയും ചെയ്തു. ഭാഷയുടെ കൊളനീകരണത്തെ  തന്നെയാണ് ഇവിടെ മാല്‍കം എക്സ് ചെറുത്തത് എന്ന് മാത്രമല്ല അദേഹത്തിന്റെ പ്രഭാഷങ്ങണങ്ങള്‍ പുത്തന്‍ അപകോളനീകരണ ഭാഷയുടെ ഉദ്ഘാടനം കൂടിയായിരുന്നു. മാല്‍കം എക്സ് സംസാരിച്ച ഭാഷ ഹിപ് ഹോപ്‌   പോലെ പാടി പറഞ്ഞു നടക്കാന്‍ സുഖമുള്ള ഭാഷ ആയിരുന്നു. അധികാര വിരുദ്ധത അതിന്‍റെ മുഖമുദ്ര ആയതോടെ അത് ഭൂമിയിലെ നിന്ധിതരുടെയും പീഡിതരുടെയും സാംസ്കാരിക അവബോധത്തെ പിടിച്ചു കുലുക്കി.

മാല്‍കം എക്സ് പറഞ്ഞത് കോങ്ഗോയും ഫലസ്തീനും  കോളനിവല്കരിച്ച  അതെ “ വെളുത്ത മനുഷ്യന്‍” തന്നെയാണ് ന്യൂയോര്കും ജോര്ജിയയും മിഷിഗനും അടക്കി ഭരിക്കുന്നത്‌. വെളുത്ത വംശീയ അധികാരം അതിന്‍റെ സ്വന്തം പ്രതി ബിംബത്തില്‍ ലോകം ഭരിക്കുന്നത്‌ മാല്‍കം എക്സ്‌ അമേരിക്കകത്തും പുറത്തും ദര്‍ശിച്ചു. മാല്‍കം എക്സിന്‍റെ പ്രസംഗങ്ങളില്‍ ഉടനീളം നിറഞ്ഞു നിന്നത് ലോകം മുഴുവന്‍ നില നില്‍ക്കുന്ന വെളുത്ത വംശീയ ആധിപത്യത്തിനെതിരായ  ഐക്യ മുന്നണിയുടെ സന്ദേശമാണ്. അമേരിക്കയില്‍ റീഗന്‍ കാലഘട്ടത്തില്‍ നില നിന്ന സാമ്രാജ്യത്വ വംശീയ വിരുദ്ധ ചെറുത്തുനില്പ് മാല്കം എക്സ് നല്‍കിയ ലോകഭാവനയുടെ ചുവടുപിടിച്ചായിരുന്നു.

ഹിപ് ഹോപിന്റെ പിറവി

മാല്‍കം  എക്സ് വാക്കുകള്‍ കൊണ്ടുള്ള ജിഹാദ് നടക്കുന്ന കാലത്താണ്  ഹിസ്പാനിക് , ബ്ലാക്ക് യുവസംസ്കാരത്തിന്‍റെ ഭാഗമായി ഹിപ് ഹോപ്‌ ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ വരുന്നത്. അങ്ങിനെ  ഇസ്ലാം ഹിപ് ഹോപിന്‍റെ “അനൌദ്യോഗിക മതം’ ആയി തീര്‍ന്നു. മാല്‍കം എക്സ് രക്തസാക്ഷി ആയതിനു ശേഷം  ആഫ്രോ അമേരിക്കന്‍ ഹിപ് ഹോപ്‌ കലാകാരന്മാര്‍ വാക്കുകള്‍ കൊണ്ടുള്ള ജിഹാദ് സംസ്കാരത്തെ പുതിയ രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുകയുണ്ടായി. മാല്‍കം നല്‍കിയ രാഷ്ട്രാന്തരീയ അവബോധങ്ങള്‍ അവര്‍ക്ക് ഏറെ പ്രധാനമാണ് . രകിം അല്ലാഹ് എന്ന ഹിപ് ഹോപ്‌ കലാകാരന്‍ തന്‍റെ Causalities of War  എന്ന റാപ്പില്‍ പറയുന്നത് This is Asia I came from  എന്നാണ്. നാസ് എന്ന മറ്റൊരു  റാപ്പര്‍ പറയുന്നത് “Afro-centric Asian, half man, half amazing.” എന്നാണ്.

സെപ്തംബര്‍ പതിനൊന്നിനു ശേഷമുള്ള ലോക സാഹചര്യത്തില്‍ ഇസ്ലാമിനെ  പ്രതിരോധ രാഷ്ട്രീയത്തിന്‍റെയും ചെറുത്തുനില്പ് കലയുടെയും ഊര്‍ജമായി കാണുന്ന പ്രവണത  ഏറെ പ്രബലമാണ്. ആഫ്രിക്കകാര്‍  , ലാറ്റിന്‍ അമേരിക്കക്കാര്‍  , അറബികള്‍ , തുടങ്ങിയ നിരവധി വിഭാഗങ്ങള്‍ ഒന്നിക്കുന്ന പുത്തന്‍ പ്രതിരോധ  രാഷ്ട്രീയം വംശീയത വിരുദ്ധതയും നീതിയില്‍ അധിഷ്ടിതമായ പ്രാപഞ്ചിക ബോധ്യവും ഉള്ള ഇസ്ലാമിനെ പുതിയ യുവസംസ്കാരത്തിന്‍റെ ആകര്ഷണത്തിലേക്ക് കൊണ്ട് വരുന്നു. ഈ മാതൃകയില്‍ നിന്ന് ആവേശം ഉള്കൊണ്ട് മുസ്ലിം ലോകത്തിന്‍റെ വിവധ ഭാഗങ്ങളില്‍ ഈ പുതിയ ആവിഷ്കാര രൂപം ഏറ്റെടുതിരിക്കുന്നു .  ഉദാഹരണമായി Narcycist (Iraqi-Canadian), Omar Offendum (Syrian-American), and Shadia Mansour (Palestinian-British), ഒക്കെ അറബ് ലോകത്ത് നിന്ന് വരുന്ന ഹിപ് ഹോപ്‌ കലാകാരന്മാരാണ്.

മോസ് ടെഫിന്റെ ഇസ്ലാമിക് ഹിപ് ഹോപ്‌ 

മുസ്ലിം ഹിപ് ഹോപ്‌ കലാകാരന്മാര്‍ എങ്ങിനെ അവരുടെ വിശ്വാസവുമായി ബന്ധപെട്ടിരിക്കുന്നുവെന്ന പരിശോധന എച് സമി അലിം എഴുതിയ Roc the Mic Right: The Language of Hip Hop Culture (Taylor & Francis 2006) എന്ന പുസ്തകത്തില്‍ വായിക്കാം.  ഹിപ് ഹോപ്‌ കലാകാരന്മാര്‍ തങ്ങളുടെ രചനകളില്‍ ഖുര്‍ആനിക സന്ദേശങ്ങള്‍   ശ്രദ്ധയോടെ സമന്വയിപ്പിക്കുന്നു. മോസ് ടെഫ് എന്ന കലാകാരന്‍  പറയുന്നത് തന്‍റെ രചനകളില്‍ ഖുര്‍ആനിക സന്ദേശങ്ങള്‍ നല്‍കുന്നത് വലിയ കാര്യങ്ങള്‍ ഗൌരവം ചോര്‍ന്നു  പോകാതെ പറയാന്‍ സഹായിക്കുന്നു. മാത്രമല്ല ഖുര്‍ആന്‍ ഏറെ പാരായണ ക്ഷമമായത് കൊണ്ട് തന്നെ ഹിപ് ഹോപ്‌  ഏറെ ആകര്ഷമാകുന്നു. ഹിപ് ഹോപിന്‍റെ രീതികള്‍ ഖുര്‍ആനുമായും അതിന്റെ പാരായണ സംസ്കാരവുമായും  ഏറെ ബന്ധമുണ്ട് . മോസ് ടെഫ് പറയുന്നു ; “ അല്‍ ഫാത്തിഹ (ഖുര്‍ആനിലെ ആദ്യത്തെ  അദ്ധ്യായം) നിങ്ങള്‍ ആദ്യം കേള്‍കുന്നു . പിന്നെ കാണാതെ പഠിക്കുന്നു . ഓരോ പ്ര്വാവശ്യം ഒതുമ്പോഴും പുതിയ  അര്‍ഥം നിരന്തരം നിങ്ങളുടെ ഉള്ളിലേക്ക്  കയറി വരുന്നു”. ഇതേ രീതി തന്നെയാണ് ഹിപ് ഹോപ്‌ കലാകാരന്മാര്‍  പിന്തുടരുന്നത്. ആളുകള്‍ കേട്ടും കാണാതെ പറഞ്ഞുമാണ് ഹിപ് ഹോപ്‌ ഇങ്ങിനെ പ്രചരിക്കുന്നത്.. മാത്രമല്ല ഈ വാമൊഴി കലാരൂപം വേറെ രീതികളില്‍  ഇസ്ലാമിക ചരിത്രത്തില്‍ ധാരാളമുണ്ട്  എന്ന അവകാശവും ഉന്നയിക്കുന്നു. പ്രവാചകന്‍റെ സദസ്സുകളില്‍ കവികള്‍ സംസാരിച്ചതിന്‍റെ രീതികള്‍ അവര്‍ ഇതിനായി എടുത്തു പറയുന്നു.

ഭീകരവേട്ടക്കാലത്തെ ഹിപ് ഹോപ്‌

ഹിപ് ഹോപ്‌ നേരത്തെ സൂചിപ്പിച്ചത് പോലെ കലാവിഷ്കാരം എന്നതിലുപരി രാഷ്ട്രീയ പ്രതിരോധത്തിന്‍റെ പുത്തന്‍ ഉപാധി തന്നെയായി മാറിയിരിക്കുന്നു. ഇപ്പോള്‍ അമെരിക്കന്‍ ഭരണകൂടം തടവിലിട്ട ജമാല്‍ അല്‍ അമീന്‍ എന്ന മുസ്ലിം ഹിപ് ഹോപ്‌ കലാകാരന്‍റെ ജീവിതം അതിന്‍റെ ഉദാഹരണമാണ്.  എച് റാപ് ബ്രൌണ്‍ അല്ലെങ്കില്‍ ജമീല്‍ അല്‍ അമീന്‍ ഇന്നത്തെ അമേരിക്കയിലെ ഹിപ് ഹോപ്‌ കലാകാരന്മാരില്‍  ഏറെ പ്രസിദ്ധനാണ് . ജമീലിന്‍റെ റാപ് ബ്ലാക്ക് ഇന്‍റര്‍നാഷനലിസത്തെയും മൂന്നാം ലോകരാഷ്ട്രീയത്തെയും സമന്വയിപ്പികുന്ന രാഷ്ട്രീയ ശബ്ദമാണ്. രണ്ടായിരത്തി ഒന്നില്‍ അമീനെ വ്യാജകൊലപാതകക്കേസില്‍ പെടുത്തി ജോര്‍ജിയയിലെ പോലിസ് അറസ്റ്റ് ചെയ്തതോടെ അദേഹത്തിന്‍റെ ജീവിതം തന്നെ മറ്റൊന്നായി തീര്‍ന്നു . കെട്ടിച്ചമച്ച ഈ കേസില്‍  പ്രതിഷേധിച്ചു രണ്ടായിരത്തി ഒന്ന് മെയ് മാസത്തില്‍ Mos Def, Talib Kweli, Jurassic Park, Dilated People,  Zion I  തുടങ്ങിയ ഹിപ് ഹോപ്‌  കലാകാരന്മാര്‍  ചേര്‍ന്ന് നടത്തിയ പ്രതിഷേധ പരിപാടി ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പക്ഷെ എല്ലാ രാഷ്ട്രീയ പ്രക്ഷോഭങ്ങളെയും അവഗണിച്ചു  രണ്ടായിരത്തി രണ്ടില്‍ ജമീല്‍ അല്‍ അമീന്‍ അമേരിക്കന്‍  കോടതി ജീവപര്യന്തം തടവിനു വിധിച്ചു . അല്‍ അമീന്‍ ഭീകരവേട്ട കാലത്ത് ലോകത്ത് പല സ്ഥലത്തും അന്യായമായി തടവില്‍ കിടക്കുന്ന മുസ്ലിംകളുടെ വിധി ഏറ്റുവാങ്ങുക മാത്രമല്ല കറുത്തവര്‍, മുസ്ലിംകള്‍ തുടങ്ങിയ സ്വത്വ സ്ഥാനങ്ങള്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ അനുഭവിക്കുന്ന അന്യായമായ തടവിന്‍റെയും വംശീയമായ ചരിത്രവിധിയുടെയും  ഭാഗമാണെന്നു സുഹൈല്‍ ദൌല്റ്റ്സായി തന്‍റെ പുസ്തകത്തില്‍  പറയുന്നു. മുസ്ലിംകള്‍ക്കെതിരായ വാര്‍ ഓണ്‍ ടെററും കറുത്തവര്‍ക്കെതിരായ വാര്‍ ഓണ്‍ ക്രയിമും ഒന്നുചേര്‍ന്ന് കറുത്ത മുസ്ലിംകളില്‍ ഭീകരവേട്ടക്കാലത്ത് ലക്ഷണമൊത്ത ഇരകളെ സൃഷ്ടിക്കുകയായിരുന്നുവെന്നു കാണാം. അമേരിക്കകത്തു ശക്തമായ  ബ്ലാക്ക് ഇസ്ലാമിനെ ലക്ഷ്യമിടുക  വഴി അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ അകത്തുനിന്ന്  വരുന്ന ശബ്ദങ്ങളെ തന്നെയാണ് അവര്‍ ലക്ഷ്യമിട്ടത്.

പക്ഷെ ജയില്‍ വാസം ഒന്നും അല്‍ അമീനെ തളര്തിയിട്ടില്ല . ജയിലില്‍ നിന്നും അമീന്‍ പൂര്‍വാധികം ശക്തിയായി എഴുതുന്നു . ജയിലിനകത്ത് സഹതടവുകാരെ സംഘടിപ്പിക്കുന്നു. റാപ് ഡി എന്‍ എ എന്ന ജയിലില്‍; വെച്ചെഴുതിയ  രചന വായിക്കാം.

Your kind of hatin ain’t new

In ’68 Congress was hating too

Passed a law named after me

Trying to stop the flow of the R-A-P

For the first time in history of their ten most wanted list

The FBI changed it to eleven

And before the manhunt could even start

They moved Rap to the top of the chart

And Rap became public enemy number one

And I ain’t talking about Billboard son.

ഈ രചനയില്‍ അമീന്‍ വിമര്‍ശിക്കുന്നത് അമേരിക്കയിലെ വംശീയ നിയമങ്ങളെ മാത്രമല്ല വിപണിയുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങുന്ന റാപ് സമകാലിക സംഗീതജ്ഞരെ കൂടിയാണ് . ജമീല്‍ അല്‍ ആമീന്‍റെ ഈ രചന സ്ഥാപിത അധികാരത്തിനു വഴങ്ങുന്ന സംസ്കാര വിപണിയെ വിമര്‍ശിക്കുന്നുവെന്ന രീതിയില്‍ ഏറെ ശ്രദ്ധേയമാണ്. അമീന്‍ പറയുന്നത് അധികാരികളെ  നിങ്ങളുടെ വെറുപ്പ്‌ പുതിയതല്ല എന്നെനിക്കറിയാം. അതിന്റെ വേരുകള്‍ അറ്റ്‌ലാന്റിക് സമുദ്രത്തിനു കുറുകെ നിങ്ങള്‍ നടത്തിയ അടിമവല്‍കരണത്തോളം പഴക്കമുണ്ട്. ആധുനിക അമേരിക്കന്‍ ഭരണഘടന തന്നെ കറുത്തവര്‍ മുസ്ലിംകള്‍ തുടങ്ങിയ ന്യൂനപക്ഷസ്വരങ്ങളെ അടിച്ചമര്‍ത്തുന്ന രാഷ്ട്രീയ പരിപാടിയാണ്. ഇപ്പോള്‍ അവര്‍ ഹിപ് ഹോപിനെ തന്നെ  തേടിയെത്തിയിരിക്കുന്നു. പക്ഷെ ഇതൊന്നും തെരുവിലെ പരസ്യപലകയില്‍ ഫോട്ടോ വരണമെന്ന് താല്പര്യമുള്ളവര്‍ സംസാരിക്കില്ലെന്നും അല്‍ അമീന്‍ ഓര്‍മിപ്പിക്കുന്നു.

സുഹൈല്‍ ദൌലത്സായിയുടെയും  സാമി അലിമിന്റെയും പഠനങ്ങളുടെ   ചില വശങ്ങള്‍ മാത്രമേ ഇവിടെ പരിചയപെടുത്തിയിട്ടുള്ളൂ  ആധുനിക ഇസ്ലാമിക രാഷ്ട്രീയ  ചരിത്രത്തില്‍ ഏറെ പരിചിതമല്ലാത്ത, മുഖ്യധാര ഇസ്ലാമില്‍ നിന്ന്  മറഞ്ഞു കിടക്കുന്ന,   മുസ്ലിം യുവ സംസ്കാരത്തെ കുറിച്ചാണ് ഈ പഠനങ്ങള്‍  സംസാരിക്കുന്നത്  . അമേരിക്കന്‍ ഇസ്ലാമിക സമൂഹങ്ങളില്‍ വേരോടിയ ഈ പ്രതിരോധ സംസ്കാരം വരും കാലങ്ങളില്‍ അക്രമത്തിനും അനീതിക്കും എതിരായ പോരാട്ടം എന്ന ഇസ്ലാമിക ബാധ്യതയെ ഉയര്‍ത്തി പിടിക്കുന്നവര്‍ അന്വേഷിക്കാതെ തരമില്ല.
_______________________

Top