ഞാന്‍ വര്‍ഗ്ഗീയ വാദിയാണ്

വലിയ ചരിത്രസാമൂഹിക വസ്തുതകളിലേക്ക് തിരിയാതെ തന്നെ നമുക്കോരോരുത്തര്‍ക്കും നിത്യാനുഭവമുള്ള ഒരു കാര്യമുണ്ട്. നമ്മുടെ വൈകാരിക ജീവിതത്തെ സ്പര്‍ശിക്കുന്ന കാര്യം. എന്റെ അ മ്മ, അച്ഛന്‍, സഹോദരി, സഹോദരന്മാര്‍ തുടങ്ങി എനിക്ക് രക്തബന്ധമുള്ളവരൊക്കെ എന്റെ ജാതിക്കാരാണ്. ആകാതെ സാധ്യവുമല്ല. രക്തബന്ധങ്ങളില്‍ നിന്നാണ് നമ്മുടെ വൈകാരിക ഘടനയുടെ അടിസ്ഥാനം രൂപം കൊള്ളുന്നതും. ചുരുക്കത്തില്‍ ഞാന്‍ വര്‍ഗീയമായ വൈകാരിക ഘടനയുള്ള ഒരാളാണ്. കേരളത്തിലെ ഓരോ മനുഷ്യനെക്കുറിച്ചും ഇത് സത്യമാണ്. പക്ഷേ, നാം വര്‍ഗീയതയെ നേരിടാന്‍ മുതിരുമ്പോള്‍ വര്‍ഗീയതയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ‘മറ്റവന്റെ വര്‍ഗീയത’യെ നേരിടാനാണ് മാര്‍ഗങ്ങള്‍ ആരായുന്നത്. അതു വിട്ട് പുതിയൊരു വിലയിരുത്തലും പുതിയൊരു സമീപനരീതിയും വര്‍ഗീയതയുടെ കാര്യത്തില്‍ നാം ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു.

പി.കെ. ബാലകൃഷ്ണന്‍

പൊതുപ്രവര്‍ത്തനരംഗത്തും നിന്നും വര്‍ഗ്ഗീയതയുടെ ദുഃസ്വാധീനത്തെ ഒഴിവാക്കുന്നതെങ്ങനെയെന്ന് ചിന്തിക്കുന്നതിനു മുമ്പ് ആ സ്വാധീനതയുടെ സ്വഭാവവും വലിപ്പവും എത്രയുണ്ടെന്ന് തിട്ടപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ വര്‍ഗ്ഗീയതയെ സംബന്ധിച്ചിടത്തോളം അവശ്യം ഓര്‍മ്മവയ്‌ക്കേണ്ട ഒന്നു രണ്ടു പ്രഥമിക വസ്തുതകളുണ്ട്. നമ്മുടെ ഈ രാജ്യത്ത് ഏറെക്കുറെ എല്ലാവരുടെയും മാനസിക ഘടനയുടെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ് വര്‍ഗ്ഗീയത. സമൂഹത്തിലെ നിലകളുടെ വ്യത്യാസമനുസരിച്ച് അതിന്റെ പ്രകടിത രൂപങ്ങള്‍ക്ക് തമ്മില്‍ വ്യത്യാസമുണ്ടന്നേയുള്ളൂ. വ്യക്തി സ്വഭാവ ഘടനയുടേതെന്നപോലെ തന്നെ നമ്മുടെ ദേശീയ മനോഭാവത്തിലും ഈ ദുഃസ്വാധീനമുണ്ട്.വര്‍ഗീയതയെ എതിര്‍ക്കാന്‍ നാം സ്വീകരിക്കുന്ന സമീപനരീതികളും പ്രതിവിധികളും പരിശോധിച്ചാല്‍ ഈ വസ്തുത വ്യക്തമാകും.

വര്‍ഗീയത ഒരു തിന്മയാണെന്നും ജീവിത രംഗങ്ങളില്‍ നിന്നെല്ലാം അതിന്റെ സ്വാധീനത തുടച്ചുമാറ്റണമെന്നും നാമെല്ലാം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരാണല്ലോ? ആവേശകരം കൂടിയാണ് എല്ലായ്‌പ്പോഴും ഈ ആഗ്രഹം. പക്ഷേ, മറ്റേതെങ്കിലും ഒരു പ്രശ്‌നത്തെ സമീപിക്കുമ്പോഴുള്ള വസ്തുനിഷ്ഠതയും സമചിത്തതയും ഈ പ്രശ്‌നത്തോടുള്ള സമീപനത്തില്‍ പുലര്‍ത്താന്‍ നമ്മുക്ക് കഴിയുന്നില്ല. അങ്ങനെ കഴിയുന്നില്ല എന്ന ബോധം പോലും നമ്മുക്ക് ഉണ്ടാകുന്നില്ല എന്നതിലാണ് ആ ദുഃസ്വാധീനതയുടെ ഗൗരവം ഞാന്‍ കാണുന്നത്.വര്‍ഗീയതയോടുള്ള നമ്മുടെ സമീപനം വികാരപരമായ ഒന്നാണ്. ഭാരതത്തിലെ ഉള്‍നാടുകളില്‍ ജാതിപരമായ വിവേചനവും അയിത്താചാരണവും മൂലമുള്ള മനുഷ്യയാതനയെ ചിത്രീകരിക്കുന്ന ഒരു അമേരിക്കന്‍ ഡോക്യുമെന്ററി ചിത്രത്തെപ്പറ്റി നാം ഇന്നു നില വിട്ടു ക്ഷോഭിക്കുന്നു. നമ്മുടെ രാജ്യത്തെ മനഃപൂര്‍വം അവമതിക്കലാണ് അതിന്റെ ലക്ഷ്യമെന്ന് നമ്മുടെ പത്രങ്ങളും ജനപ്രതിനിധിസഭകളും ധാര്‍മികരോഷം പൂണ്ട് പ്രഖ്യാപിക്കുകയും ചെയ്യുന്നു.ഡോക്യുമെന്ററി ഉണ്ടാക്കിയവരുടെ ഉദ്ദേശ്യത്തോടാണ്, ഡോക്യുമെന്ററിയിലുള്ള അനിഷേധ്യമായ സത്യങ്ങളോടല്ല നമ്മുടെ എതിര്‍പ്പ്. ദേശീയ മനോഭാവത്തില്‍ നിന്നും താഴോട്ട് വ്യക്തി മനോഭാവങ്ങളിലേ ക്കിറങ്ങിയാലും കാണാം ഇതേ തരക്കേട്. അവിടെയും ധാര്‍മ്മിക രോഷവും ചൂട് പിടിപ്പിച്ച ആദര്‍ശവാദവുമാണ്. സര്‍വത്ര സത്യാന്വേഷണപരമായ ഒരു സമീപനരീതി കാണാന്‍ വിഷമം.

  • എന്താണ് വര്‍ഗീയത

ജാതിവ്യവസ്ഥയെക്കുറിച്ചും ഭാരതീയ ചരിത്രത്തിലും സംസ്‌കാരത്തിനും അതിനുള്ള പങ്കിനെക്കുറിച്ചും പണ്ഡിതോജിതമായി പ്രതിപാദിക്കുന്ന കൃതികളുടെ കാര്യത്തിലുള്ള നമ്മുടെ നില നോക്കിയാല്‍ ഞാനിപ്പറയുന്നത് കൂടുതല്‍ വ്യക്തമാകും. വിദേശിയരായ പണ്ഡിതന്മാരാണ് ഇത്തരം കൃതികള്‍ രചിച്ചിട്ടുള്ളവരില്‍ ഏറെപ്പേരും. ഇന്ത്യയുടെ സംസ്‌കാരത്തെയും ചരിത്രത്തെയും പഠിക്കാന്‍ തുനിഞ്ഞ വിദേശീയരായ എല്ലാ പ്രഗല്‍ഭമതികളും (ഇന്ത്യയെക്കുറിച്ചല്ലാതെ കാര്യങ്ങള്‍ എഴുതുമ്പോള്‍ അവര്‍ നമ്മുക്കും പ്രഗല്‍ഭമതികളാണ്.) എന്തുകൊണ്ട് നമ്മുടെ സംസ്‌കാരത്തിലെ ഈ ഒരു പ്രത്യേക പ്രതിഭാസത്തിനുമേല്‍ ഊന്നി ചിന്തിച്ചുവെന്ന് നാം ആലോചിക്കാറേയില്ല. ഇത്തരത്തിലുള്ള സമീപനത്തിന്റെ കാരണം നമ്മെക്കുറിച്ചുള്ള സ്പര്‍ധ തന്നെ എന്നതാണ് നമ്മുടെയൊക്കെ നില. അയിത്താചരണവും അതിനാധാരമായ ജാതിവ്യവസ്ഥതിയും, അതില്‍ നിന്നും നമ്മുടെ സാമൂഹിക ജീവിതത്തില്‍ നടമാടുന്ന വര്‍ഗീയതയും നല്ലതാണെന്നു നാം വിശ്വസിക്കുന്നുവെന്നല്ല, ഈ പറഞ്ഞതിനര്‍ത്ഥം. നമ്മുടെ വിശ്വാസം നേരെ മറിച്ചാണ്. അത് എത്രയും ആവേശകരാമാണുതാനും. വര്‍ഗീയതയെ തുടച്ചു മാറ്റണമെന്നു നാം ആത്മാര്‍ത്ഥമായിതന്നെ വിശ്വസിക്കുന്നു. പക്ഷെ, എന്താണ് വര്‍ഗീയത? അതിന്റെ വലുപ്പവും പ്രധാന്യവും എന്തുവരെയുണ്ട്? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് സമാധാനം പറയേണ്ടിവരുന്നിടത്താണ് പ്രതിഭിന്നമായ നമ്മുടെ മാനസിക ഘടനകളുടെ വിശ്വരൂപം വെളിക്കു ചാടുന്നത്.

ജാതിയും അതിനെച്ചുറ്റിയുള്ള അനാചാരങ്ങളും അതിന്റെ ഫലമായി വര്‍ഗീയതയും ഭാരതീയസംസ്‌കാരത്തിന്റെ കാലക്രമത്തില്‍ കടന്നു കൂടിയ ചില ചീത്ത നടപടികളുടെ ഫലമല്ല. നമ്മുടെ പെരുമാറ്റക്രമങ്ങളില്‍ മനഃപൂര്‍വം വരുത്തുന്ന മാറ്റങ്ങള്‍ കൊണ്ട് അത് നിശ്ശേഷം ഇല്ലാതാകുകയില്ല. മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയുടെ സാമാന്യമായ ചരിത്രമറിയുന്നവര്‍ക്കെല്ലാം അറിയാവുന്ന ഒരു പ്രഥമിക സത്യങ്ങളുണ്ട്. ജോലിവിഭജനത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരുതരം ജാതിക്രമം ഏറിയുംകുറഞ്ഞും സ്പഷ്ടമായ രൂപത്തില്‍ ലോകത്ത് എല്ലായിടത്തും ഇണ്ടായിട്ടുണ്ട്. സാമൂഹിക പരിണാമത്തിന്റെ ആ ഒരു ഘട്ടം കടക്കാതെ മുമ്പോട്ട് നീങ്ങിയ ഒരു സംസ്‌കാരവിശേഷമോ, സമൂഹമോ ചരിത്രത്തിലില്ല. എന്നാല്‍, ഇന്ത്യ ഒഴിച്ച് ലോകത്തില്‍ മറ്റെല്ലായിടത്തും തൊഴില്‍വിഭജനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രാകൃത ജാതി വ്യവസ്ഥിതിയെ ചരിത്ര വസ്തുതയാക്കി പുറംതള്ളികൊണ്ട് പുതിയ രൂപങ്ങളിലേക്ക് വളര്‍ന്നു. ആ വളര്‍ച്ച സാമൂഹിക പരിണാമത്തിന്റെ സാമാന്യഗതി മാത്രമാണുതാനും. ഇന്ത്യയില്‍ പക്ഷെ അതുണ്ടായില്ല. തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക വിഭജനം ഇവിടെ ഒരു മതത്തിന്റെ അസ്തിവാരമായി മാറുകയോ മാറ്റപ്പെടുകയോ ആണുണ്ടായത്. ആര്‍ഷഭാരതത്തിന്റെ രാഷ്ട്രീയം, സാമൂഹികം, സാംസ്‌കാരികം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളുടെ ഗതിയെ ഒരു പ്രത്യേക രീതിയില്‍ വ്യത്യാസപ്പെടുത്തിയ ഒരു പുതു സംക്രമണമായിരുന്നില്ല ജാതി. മേല്‍പ്പറഞ്ഞതിന്റെയെല്ലാം അടിസ്ഥാശീലമായിരുന്നു അത്. ഹൈന്ദവ സംസ്‌കാരത്തിന്റെയും ഇന്ത്യയുടെയും അനന്തരകാല കെടുതികള്‍ക്കുമാത്രമല്ല ജാതിക്ക് ഉത്തരാവാദിത്വമുള്ളത്.

________________________________
കേരളത്തിന്റെ കാര്യത്തിലാണെങ്കില്‍ വിശേഷാല്‍ രൂക്ഷതയുള്ള ഒന്നാണ് ഇവിടത്തെ വര്‍ഗീയത. ഇവിടെ ഉണ്ടായ പ്രത്യേക തരം ജാതി ഘടനയെ അപഗ്രഥിക്കുന്നവര്‍ക്ക് ഇവിടത്തെ വര്‍ഗീയതയുടെ പ്രത്യേകമായ നിരുങ്കുശത്വത്തെപ്പറ്റി അത്ഭുതം തോന്നാനിടയില്ല. കേരളത്തില്‍ ജാതിവ്യവസ്ഥിതി എന്നു മുതല്‍ എങ്ങനെ ഉണ്ടായി? അത് ചരിത്രകാരന്റെ തര്‍ക്കപ്രശ്‌നമാണ്. പക്ഷെ സാമുഹിക വിദ്യാര്‍ത്ഥിക്ക് തര്‍ക്കം കൂടാതെ കാണാനാവുന്ന പ്രത്യക്ഷമായ ചില സത്യങ്ങള്‍ കേരളത്തിലെ ജാതിഘടനയിലുണ്ട്. കേരളത്തിലെ ഹിന്ദു സമുദായത്തിലെ ജാതിവ്യവസ്ഥ സാക്ഷാല്‍ ചാതുര്‍വര്‍ണ്യപ്രകാരമുള്ളതല്ല. ബ്രാഹ്മണനന്‍ കഴിഞ്ഞാല്‍ പിന്നെ ശൂദ്രനും, ശൂദ്രന്‍ കഴിഞ്ഞാല്‍ അയിത്തക്കാരായ അധമ വര്‍ഗങ്ങളുള്ള ഒരു വിചിത്രമായ ജാതിവ്യവസ്ഥ കേരളത്തിനു മാത്രമായെങ്ങനെയുണ്ടായി എന്നത് നമുക്ക് പ്രസക്തമായ ചോദ്യമല്ല.
________________________________

അതിന്റ പൂര്‍വകാല പ്രഭാവങ്ങള്‍ക്കും മേന്മകള്‍ക്കുമുള്ള ഉത്തരാവാദിത്വവും കുറെയൊക്കെ ജാതിവ്യവസ്ഥിതിക്കുള്ളതാണ്. ജാതി ഒരുവിഭാഗത്തിന്റെ ഏതാനും നടപടിക്രമങ്ങള്‍ മാത്രമായിരുന്നില്ലെന്നും, അത് ഒരു ജനവിഭാഗത്തിന്റെ രാഷ്ട്രീയം, സാമൂഹികം തുടങ്ങി എല്ലാ കാര്യങ്ങളും വ്യവസ്ഥ ചെയ്യുന്ന വിചിത്രപരമായ ഒരു മതമായിരുന്നെന്നും വേണമെങ്കില്‍ പറയാം. ഒരു സാമൂഹികവസ്തുത എന്ന നിലയില്‍ ഇന്നും നിരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ചില കാര്യങ്ങള്‍ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. സാര്‍വത്രികമായി ശഠിക്കപ്പെടുന്ന ഒരു വിശ്വാസക്രമവും ആരാധനാക്രമവും ഹിന്ദുമതത്തില്‍ ഇല്ല. വിശ്വാസങ്ങളുടെ കാര്യത്തിലും അതോട് ബന്ധപ്പെട്ട അനുഷ്ഠാനങ്ങളുടെ കാര്യത്തിലും ഹിന്ദുമതത്തിന്റെ നില ഭാരതീയ മതസഹിഷ്ണുതയുടെ ഫലവും തെളിവുമായിട്ടാണ് നാം വ്യവഹരിക്കാറ്. എന്നാല്‍ ജാതിവ്യവസ്ഥിതിയെന്ന ആ സാമൂഹിക-രാഷ്ട്രീയ ക്രമത്തിന്റെ നിലനില്‍പ്പ് പ്രധാനമതമായി കാണുന്ന ഒരു വിചിത്ര മതത്തിന്, വിശ്വാസത്തിന്റെ കാര്യത്തില്‍ മറ്റു മതങ്ങളെപ്പോലെ ഏകാഗ്രത വേണമെന്നു ശാസിക്കാന്‍ സാധ്യമല്ല എന്നതാണ് സത്യം. ഈ സത്യത്തിന് നമ്മുടെ ജാതിയെക്കുറിച്ചുള്ള പഠനത്തില്‍ വലിയ പ്രാധാന്യമുണ്ട്.

  • സഹിഷ്ണതയുടെ യഥാര്‍ത്ഥ മുഖം

മതപരിവര്‍ത്തനത്തിന്റെ കാര്യവും ഇതു തന്നെയാണ്. പുറത്തു നിന്നു വന്ന മതങ്ങളെ നാം സഹിഷ്ണുതയോടെ എന്നും സ്വീകരിച്ചെന്നു പറയുമ്പോള്‍ നമ്മുടെ സാമൂഹികനിഷ്ഠമായ മതാഭാസത്തിന്റെയൊരു അടിസ്ഥാനപരമായ കഴിവുകേടില്‍ നിന്നുകൊണ്ട് വലിപ്പം ഭാവിക്കുക മാത്രമാണ് നാം ചെയ്യുന്നത്. ഹിന്ദുമതത്തില്‍ നിന്നും (ഏത് ജാതിക്കാരനായാലും) ഒരാള്‍ക്ക് ഇസ്‌ലാമിലോ ക്രിസ്തുമതത്തിലോ ചേരാം. മതം മാറുമ്പോള്‍ അയാള്‍ മുസല്‍മാനോ ക്രിസ്ത്യാനിയോ ആവും. എന്നാല്‍ മുസല്‍മാനോ ക്രിസ്ത്യാനിക്കോ ഹിന്ദുവാകാനും, അയാളെ ഹിന്ദുവാക്കാനും സാധ്യമല്ല. ഒരു ജാതിയിലുംപെടാത്ത ഒരു ‘കേവലബിന്ദു’ ഇല്ല എന്നു തന്നെ തകരാറ്. മുസല്‍മാന് ഗത്യന്തരമില്ലാതായാല്‍ ഹിന്ദുമതത്തിലെ താഴ്ന്ന ജാതിയില്‍ ഏതെങ്കിലും ഒന്നിലേക്ക് അധഃപതിക്കാം. അയാള്‍ക്ക് ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഹിന്ദുവാകാന്‍ സാധ്യമല്ല. ആക്കാനും സാധ്യമല്ല. സാധ്യമെന്നു വന്നാല്‍ അധഃകൃതര്‍ തുടങ്ങിയവര്‍ക്ക് പ്രഥമതാ മുസല്‍മാനായി മതം മാറി തിരിച്ചിങ്ങോട്ട് ബ്രാഹ്മണനായി മതം മാറി തിരിച്ചുവരാന്‍ കഴിയുമെന്ന നില വരും. ഈ കഴിവുകേടാണ് ഭാരതീയന്റെ സഹിഷ്ണുതയുടെ കാതല്‍. സാമൂഹികമായ കാഴ്ച്ചപ്പാടിലൂടെ നോക്കുമ്പോള്‍ തര്‍ക്കപരമായ ഈ ചരിത്ര പ്രശ്‌നങ്ങളെക്കുറിച്ച് നമ്മുക്ക് സ്വഭാവികമായും ഭിന്നമായ അഭിപ്രായങ്ങള്‍ കാണാം. പക്ഷെ നമ്മുക്ക് പ്രസക്തമായ ജാതിയുടെ കാര്യത്തില്‍ ഇതിനുള്ള നിര്‍ണ്ണായക പ്രാധാന്യം, അഭിപ്രായ ഭേദപ്രകാരവും നിഷേധിക്കാന്‍ സാധ്യമല്ല. ഭാരതീയ സംസ്‌കാരമെന്നോ ഹൈന്ദവ സംസ്‌കാരമെന്നോ ഒക്കെ തരംപോലെ നാം പേരു വിളിച്ചാലും നമ്മുടെ അനേകം ശതാബ്ദക്കാലത്തെ സാംസ്‌കാരിക ജീ വിതത്തിലും മതജീവിതത്തിലും സാമൂഹികമായ ഒരൊറ്റ നിഷ്ഠയേ ഉണ്ടായിരുന്നുള്ളൂ- ജാതിവ്യവസ്ഥ നിലനില്‍ക്കുക. സാമൂഹിക- സാമ്പത്തിക മണ്ഡലങ്ങളിലെ ഉപസ്ഥിതിയും അധഃസ്ഥിതിയും ജനതയെക്കൊണ്ട് ഒരു മത വിശ്വാസമായി അംഗീകരപ്പിക്കുക. അതില്‍ നാം വിജയിച്ചുവെന്നത് നിശ്ചയമായും നേരാണ്. പക്ഷെ ഇന്ന് ജാതിയെയും വര്‍ഗീയതെയേയും പറ്റി പഠിക്കുകയും, വര്‍ഗീയതയെ പൊതു ജീവിതത്തില്‍ നിന്ന് തുടച്ചു മാറ്റുന്നതെങ്ങനെയെന്ന പ്രശ്‌നത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന നാം വര്‍ഗീയതക്ക് ആധാരമായ ചരിത്രവസ്തുക്കളേയും വര്‍ഗീയത എന്ന അംശത്തിന് നമ്മുടെ സംസ്‌കാരത്തിലുള്ള അടിസ്ഥാന പ്രാധാന്യവും കണക്കിലെടുക്കുക തന്നെ വേണം. അവിടെ വികാരങ്ങള്‍ക്കും സ്പര്‍ധകള്‍ക്കും സ്ഥാനമുണ്ടായിരിക്കരുത്. ജാതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്ത് എന്നത് അതിന്റെ ദൂഷ്യങ്ങള്‍ പരിഹരിക്കാന്‍ ഇറങ്ങുന്നതുവരെ സംബന്ധിച്ചിടത്തോളം നിര്‍ണയ പ്രാധാന്യമ്മുള്ള കാര്യമാണ്. പഴങ്കഥയായി മാറിയ അടിമത്ത വ്യവസഥതിയുടെ പരോക്ഷമായ ദുഃസ്വാധീനതകള്‍ യൂറോപ്യന്‍ സമൂഹത്തിന്മേല്‍ പല ശതാബ്ദം മാരകമായ ഫലത്തോടെ തുടര്‍ന്നു പ്രവര്‍ത്തിച്ചു വെങ്കില്‍ ഇന്ത്യയില്‍ അനേകം ശതാബ്ദമായി നില നിന്നതും ഇന്നും നിലനില്‍ക്കുന്നതുമായ ജാതിഘടനയുടെ സ്വാധീനത പ്രസംഗക്കാര്‍ക്ക് തോന്നുംപോലെ ലളിതമായതോ പ്രസംഗം കൊണ്ട് പരിഹരിക്കാവുന്നതോ ആയ ഒന്നല്ല. ഒരു പ്രശ്‌നമെന്തെന്നും അതിന്റെ പ്രാധാന്യം ഏതുവരെയുണ്ടെന്നും അതിന്റെ വേര് എവിടംവരെ താഴ്ന്നിറങ്ങിയിരിക്കുന്നു എന്നും വസ്തുതാപരമായി നിശ്ചയിക്കാന്‍ മിനക്കെടാതെ വര്‍ഗീയതയെപ്പറ്റി എതിരു പറഞ്ഞ് അലറുന്ന രീതി തലതിരിഞ്ഞ വര്‍ഗീയതയുടെ രീതി മാത്രമാണ്.

  • വര്‍ഗീയത കേരളത്തില്‍

കേരളത്തിന്റെ കാര്യത്തിലാണെങ്കില്‍ വിശേഷാല്‍ രൂക്ഷതയുള്ള ഒന്നാണ് ഇവിടത്തെ വര്‍ഗീയത. ഇവിടെ ഉണ്ടായ പ്രത്യേക തരം ജാതി ഘടനയെ അപഗ്രഥിക്കുന്നവര്‍ക്ക് ഇവിടത്തെ വര്‍ഗീയതയുടെ പ്രത്യേകമായ നിരുങ്കുശത്വത്തെപ്പറ്റി അത്ഭുതം തോന്നാനിടയില്ല. കേരളത്തില്‍ ജാതിവ്യവസ്ഥിതി എന്നു മുതല്‍ എങ്ങനെ ഉണ്ടായി? അത് ചരിത്രകാരന്റെ തര്‍ക്കപ്രശ്‌നമാണ്. പക്ഷെ സാമുഹിക വിദ്യാര്‍ത്ഥിക്ക് തര്‍ക്കം കൂടാതെ കാണാനാവുന്ന പ്രത്യക്ഷമായ ചില സത്യങ്ങള്‍ കേരളത്തിലെ ജാതിഘടനയിലുണ്ട്. കേരളത്തിലെ ഹിന്ദു സമുദായത്തിലെ ജാതിവ്യവസ്ഥ സാക്ഷാല്‍ ചാതുര്‍വര്‍ണ്യപ്രകാരമുള്ളതല്ല. ബ്രാഹ്മണനന്‍ കഴിഞ്ഞാല്‍ പിന്നെ ശൂദ്രനും, ശൂദ്രന്‍ കഴിഞ്ഞാല്‍ അയിത്തക്കാരായ അധമ വര്‍ഗങ്ങളുള്ള ഒരു വിചിത്രമായ ജാതിവ്യവസ്ഥ കേരളത്തിനു മാത്രമായെങ്ങനെയുണ്ടായി എന്നത് നമുക്ക് പ്രസക്തമായ ചോദ്യമല്ല.

എന്നാല്‍ ഈ ജാതി വ്യവസഥതിയുടെ പ്രത്യേകമായ പ്രവര്‍ത്തനരീതിയും അതിന്റെ പ്രത്യേകമായ വളര്‍ച്ചയും അതുളവാക്കിയ പ്രത്യേകമായ മാനസികഘടനയും കേരളത്തിലെ വര്‍ഗീയതയെപ്പറ്റി ചിന്തിക്കുന്നവര്‍ക്ക് വിഗണിക്കാന്‍ സാധ്യമല്ല. ഈ വശങ്ങളെക്കുറിച്ചൊന്നും ഞാന്‍ ഉപന്യസിക്കാന്‍ മുതിരുന്നില്ല. എങ്കിലും പെട്ടന്ന് ചിന്തയിലുദിക്കുന്ന ചില കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത് പ്രയോജനകരമായിരിക്കുമെന്ന് തോന്നുന്നു. സ്ത്രീകളുടെ പദവി, വിവാഹക്രമം എന്ന കാര്യത്തില്‍ത്തന്നെ കേരളത്തിലെ ഹിന്ദുജനതയുടെ ചരിത്രപരമായ നില എടുക്കുക. കേരളത്തിലെ സമൂഹത്തിന്റെ തലപ്പത്തുള്ളവര്‍ നമ്പൂതിരിമാരായിരുന്നു. അവരാണ് ആചാര്യന്മാരും പുരോഹിതന്മാരും. അവരാണ് മറ്റുള്ളവര്‍ക്ക് മാതൃക കാണിക്കുന്നവര്‍. ഈ നമ്പൂതിരിമാരുടെ സ്ത്രീകള്‍ പര്‍ദാസ്ത്രീകളാണ്. കര്‍ക്കശമായി പാലിക്കപ്പെടുന്ന ഒന്നാണ് പര്‍ദാ സമ്പ്രദായം. ദായക്രമം, വിവാഹം എന്നിവയുടെ കാര്യത്തി ലാണെങ്കില്‍ നമ്പൂതിരി സമുദായം പൊതുവെ മക്കത്തായികളും വേളി സമ്പ്രദായക്കാരുമാണ്.

തൊട്ടുവരുന്ന സവര്‍ണ വിഭാഗമാണ് നായര്‍. അവിടം സ്ത്രീക്ക് പര്‍ദയില്ലെന്ന് തന്നെയല്ല കിടപ്പറക്കു മറപാടില്ലെന്നു ശാസിക്കുന്ന തരത്തിലാണ് പണ്ട് നിയമങ്ങള്‍. അവര്‍ നിരപ്പെ മരുമക്കത്തായികളുമാണ്. ഈ രീതി വൈചിത്ര്യത്തിന്റെ ഗുണദോഷമല്ല നമ്മുടെ ചിന്താവിഷയം. ഒരു മതത്തില്‍ വിശ്വസിക്കുന്നുവെന്നു പറയുന്ന രണ്ടുകൂട്ടര്‍ അതില്‍ ആരാധ്യന്മായ മേലാളികളുടെ രീതി, തൊട്ടുതാഴേയുള്ള പ്രഭുക്കന്മാര്‍ എന്തുകൊണ്ട് അനുകരിച്ചില്ല എന്ന ചോദ്യം ഒട്ടേറെ സാമൂഹിക പ്രാധാന്യമുള്ള ചോദ്യമാണ്.

കേരളത്തിലെ വര്‍ഗീയപ്രശ്‌നത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ”കാസ്റ്റ് ആന്റ് ട്രൈബ്‌സി” നെക്കുറിച്ചുള്ള ഏ തെങ്കിലും ഒരു ഗ്രന്ഥത്തിന്റെ വിഷയവിവരപ്പട്ടികയെങ്കിലും മറിച്ചു നോക്കേണ്ടതാണെന്ന് എനിക്കു പക്ഷമുണ്ട്. നമ്പൂതിരി, നായര്‍, ഈഴ വര്‍ എന്നിങ്ങനെയുള്ള ജാതിയുടെ പ്രധാന തരംതിരിവുകള്‍ മാത്രമാണ് നമ്മുക്കിന്ന് അറിയാവുന്നത്. എന്നാല്‍ കേരളത്തിന്റെ ജാതിഘടനയുടെ അപ്രധാനവശം മാത്രമാണ് നാമറിയുന്ന ഈ പ്രധാന തരംതിരുവുകള്‍. അനന്തകൃഷണയ്യരുടെയോ തഴ്സ്റ്റന്റേയോ കാസ്റ്റ് ആന്റ് ട്രൈബ് ഗ്രന്ഥത്തില്‍ നമ്പൂതിരിയെപ്പറ്റിയോ നായരെപ്പറ്റിയോ ഉള്ള ക്രോഡീകരണങ്ങള്‍ ശ്രദ്ധിച്ചു നോക്കിയാല്‍ നമ്മുക്ക് അദ്ഭുതം തോന്നും.

_________________________________
 വര്‍ഗീയതയെക്കുറിച്ചുള്ള നമ്മുടെ പരിഗണനകള്‍ എന്താണ് വര്‍ഗീയതയെന്നുള്ള യഥാര്‍ത്ഥമായ വിലയിരുത്തലിന്റെ പിന്നാലെ വേണം എന്നതു മാത്രമാണ്. സര്‍ക്കാര്‍ സര്‍വീസില്‍ ഒരു ജാതിക്ക് ജോലി കൂടുതല്‍ കിട്ടുമെന്ന് പറയുന്നത് ഒരു തരത്തിലുള്ള വര്‍ഗീയതയാണ്. അസംബ്ലിയില്‍ ഒരു ജാതിക്ക് ഇത്ര സ്ഥാനം വേണമെന്ന് പറയുന്നത് ഒരു തരത്തിലുള്ള വര്‍ഗീയതയാണ്. എന്റെ ജാതിക്കാരനായ സ്ഥാനാര്‍ഥിക്ക് ഞാന്‍ വോട്ടു ചെയ്യണമെന്നു തീരുമാനിക്കുന്നത് വര്‍ഗീയതയാണ്.
പക്ഷെ, അത് വര്‍ഗീയതയുടെ ഏറ്റവും ദുര്‍ബലമായ ഭാഗിക പ്രകടനങ്ങള്‍ മാത്രമാണ്. അത്തരം പ്രകടനങ്ങളെക്കാള്‍ എത്രയോ ആഴത്തില്‍ പരന്നു കിടക്കുന്ന ഒന്നാണ് കേരളീയരായ നമ്മുടെ വര്‍ഗീയത. 
_________________________________ 

ജാതിവ്യവസ്ഥ- അസ്പൃശ്യതയുള്‍പ്പെടെയുള്ള അതിന്റെ തട്ടുകള്‍ എത്രയെത്ര അടുക്കുകളെയാണ് ആ ഓരോ സവര്‍ണ സമുദായങ്ങളിലും വാര്‍ത്തുവെച്ചിരിക്കുന്നത് എന്ന വസ്തുത ഇക്കാര്യത്തില്‍ നമ്മുടെ ചിന്തയെ കുറെകൂടി ഗൗരവവും താഴ്ചയുമ്മുള്ളതാക്കാന്‍ പര്യാപ്തമായ ഒന്നാണ്. നമ്മുടെ ജീവിതത്തിന്റെയും വികാര- വിചാരഭാവങ്ങളുടെ മൂല്യബോധത്തിന്റെ പരമാണുവരെ വര്‍ഗീയതയാല്‍ കരുപ്പിടിപ്പിക്കപ്പെട്ടതാണെന്ന സത്യം നമ്മുടെ ഭാഷയുടെ ഘടനാവൈചിത്ര്യത്തില്‍ വരെ കാണാം.

സാര്‍വത്രികമായി പ്രയോഗിക്കാവുന്ന ഒറ്റ സര്‍വനാമങ്ങള്‍ തന്നെ കുറവായ മലയാള ഭാഷ നമ്മുടെ സാമൂഹിക ചരിത്രത്തെപ്പറ്റിയും നമ്മുടെ മനസ്സിന്റെ പ്രത്യേകതയെപ്പറ്റിയും വാചാലമായി പലതും ഉപന്യസിക്കുന്ന ഒരു ഭാഷാ വിശേഷമാണ്.

ഞാന്‍ പറഞ്ഞു വരുന്നതിന്റെ ചുരുക്കം, വര്‍ഗീയതയെക്കുറിച്ചുള്ള നമ്മുടെ പരിഗണനകള്‍ എന്താണ് വര്‍ഗീയതയെന്നുള്ള യഥാര്‍ത്ഥമായ വിലയിരുത്തലിന്റെ പിന്നാലെ വേണം എന്നതു മാത്രമാണ്. സര്‍ക്കാര്‍ സര്‍വീസില്‍ ഒരു ജാതിക്ക് ജോലി കൂടുതല്‍ കിട്ടുമെന്ന് പറയുന്നത് ഒരു തരത്തിലുള്ള വര്‍ഗീയതയാണ്. അസംബ്ലിയില്‍ ഒരു ജാതിക്ക് ഇത്ര സ്ഥാനം വേണമെന്ന് പറയുന്നത് ഒരു തരത്തിലുള്ള വര്‍ഗീയതയാണ്. എന്റെ ജാതിക്കാരനായ സ്ഥാനാര്‍ഥിക്ക് ഞാന്‍ വോട്ടു ചെയ്യണമെന്നു തീരുമാനിക്കുന്നത് വര്‍ഗീയതയാണ്.
പക്ഷെ, അത് വര്‍ഗീയതയുടെ ഏറ്റവും ദുര്‍ബലമായ ഭാഗിക പ്രകടനങ്ങള്‍ മാത്രമാണ്. അത്തരം പ്രകടനങ്ങളെക്കാള്‍ എത്രയോ ആഴത്തില്‍ പരന്നു കിടക്കുന്ന ഒന്നാണ് കേരളീയരായ നമ്മുടെ വര്‍ഗീയത. അതു നാമാകുന്ന വ്യക്തികളുടെ വൈകാരിക ഘടനയുടെ തന്നെ അടിസ്ഥാനമാണെന്നും നാം കാണുകയും ആ അടിസ്ഥാനത്തില്‍ ചിന്തിക്കുകയും ആ ചിന്തയില്‍നിന്നും വളരെ സാവകാശത്തില്‍ ഉദിക്കുന്ന പരിഹാരമാര്‍ഗ്ഗങ്ങളെ നാം ചര്‍ച്ചചെയ്യുകയും വേണം.

വലിയ ചരിത്രസാമൂഹിക വസ്തുതകളിലേക്ക് തിരിയാതെ തന്നെ നമുക്കോരോരുത്തര്‍ക്കും നിത്യാനുഭവമുള്ള ഒരു കാര്യമുണ്ട്. നമ്മുടെ വൈകാരിക ജീവിതത്തെ സ്പര്‍ശിക്കുന്ന കാര്യം. എന്റെ അ മ്മ, അച്ഛന്‍, സഹോദരി, സഹോദരന്മാര്‍ തുടങ്ങി എനിക്ക് രക്തബന്ധമുള്ളവരൊക്കെ എന്റെ ജാതിക്കാരാണ്. ആകാതെ സാധ്യവുമല്ല. രക്തബന്ധങ്ങളില്‍ നിന്നാണ് നമ്മുടെ വൈകാരിക ഘടനയുടെ അടിസ്ഥാനം രൂപം കൊള്ളുന്നതും. ചുരുക്കത്തില്‍ ഞാന്‍ വര്‍ഗീയമായ വൈകാരിക ഘടനയുള്ള ഒരാളാണ്. കേരളത്തിലെ ഓരോ മനുഷ്യനെക്കുറിച്ചും ഇത് സത്യമാണ്. പക്ഷേ, നാം വര്‍ഗീയതയെ നേരിടാന്‍ മുതിരുമ്പോള്‍ വര്‍ഗീയതയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ‘മറ്റവന്റെ വര്‍ഗീയത’യെ നേരിടാനാണ് മാര്‍ഗങ്ങള്‍ ആരായുന്നത്. അതു വിട്ട് പുതിയൊരു വിലയിരുത്തലും പുതിയൊരു സമീപനരീതിയും വര്‍ഗീയതയുടെ കാര്യത്തില്‍ നാം ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു.
____________________________
(1987)

Top