രണ്ടിടങ്ങഴി നെല്ലും അടിമത്തവും: തകഴിയുടെ രണ്ടിടങ്ങഴി എന്ന കൃതിയുടെ പശ്ചാത്തലത്തിൽ

കർമനിരതരായ, ക്രിയാത്മക ലോകത്ത് ഇടപെടുന്ന, തികഞ്ഞ സ്വത്വബോധം വഹിക്കുന്നവരായിട്ടാണ് നമുക്ക് പുലയരെയും പറയരെയും കൃതിയിൽ കാണാൻ സാധിക്കുന്നത്. കേവലം ഇരകൾ മാത്രമല്ല അവർ. ജന്മിത്തത്തിന് കീഴടങ്ങുമ്പോഴും സ്വയം ആരെന്നും എന്തെന്നും ചിന്തിക്കുന്നവരും കൂടിയാണ് കുട്ടനാട്ടിലെ അടിയാന്മാർ. ഈ സ്വത്വചിന്തകൾ ഉടലെടുക്കുന്നത് എല്ലാം തന്നെ ജന്മിമാരുടെയും രാഷ്ട്രീയ മേലാളന്മാരുടെയുമെല്ലാം ചൂഷണങ്ങൾ തിരിച്ചറിയപ്പെടുമ്പോഴാണ്. ബിജിത പി.ആർ എഴുതുന്നു.

“ആറ്റിന് നടുക്കെത്തിയ വള്ളത്തിൽ നിന്നു പത്രോസും കോരനും കൂടി ആ വൻഭാരം പൊക്കിയെടുത്ത് വെള്ളത്തിലിട്ടു. ആ കെട്ടു താണു. മൂന്നു നാലു കുമിളകൾ പൊങ്ങിപ്പൊട്ടി. അങ്ങനെ ആറടി സ്ഥലം കൂടി കിട്ടാതെ ആ സേവനചരിത്രം അവസാനിച്ചു.”

കുട്ടനാട്ടിലെ വൻകിട ജന്മിമാരുടെയും മുതലാളിമാരുടെയും അടിയാന്മാരായി ജീവിതം മുന്നോട്ടു നീക്കിയ പുലയരുടെയും പറയരുടെയും ജീവിതാനുഭവങ്ങളാണ് സുപ്രസിദ്ധ എഴുത്തുകാരൻ തകഴി ശിവശങ്കരപിള്ളയുടെ രണ്ടിടങ്ങഴി എന്ന പുസ്തകത്തിന് ആധാരം. 1948ൽ പ്രസിദ്ധീകരിക്കപ്പെട്ട നോവൽ ഇന്നും വായനക്കാരെ ആകർഷിച്ചു കൊണ്ടേയിരിക്കുന്നു. കുട്ടനാടിന്റെ രാഷ്ട്രീയ, കാർഷിക പശ്ചാത്തലങ്ങൾ വൈവിധ്യമാർന്ന മനുഷ്യ ജീവിതങ്ങളെ, അവയുടെ ദൈനംദിന നിലനിൽപ്പിന്റെ സംഘർഷങ്ങളെ തുറന്നു കാണിക്കുന്നു. കഥാപാത്രങ്ങൾ കടന്നു പോകുന്ന ജീവിത സാഹചര്യങ്ങൾ, ചൂഷണങ്ങൾ എന്നിവ ജാതി-വർഗ സങ്കീർണതകളുടെ ഭീകരരൂപങ്ങൾ വെളിപ്പെടുത്തുന്നു. സമുദായത്തിന്റെയും വ്യക്തികളുടെയും ആഖ്യാന ശൈലിക്കു പ്രാമുഖ്യം നൽകുന്നുണ്ടെങ്കിലും, എഴുത്തുകാരന്റെ കാഴ്ചയും ചിന്തകളും കഥാപാത്രങ്ങളോടും കഥാസന്ദർഭങ്ങളോടും ഒപ്പം സഞ്ചരിക്കുന്നു. പ്രാദേശികമായി നിലനിൽക്കുന്ന സംസാരശൈലി, കഥാപാത്രങ്ങളുടെ സംഭാഷണങ്ങളെ അവരുടെ സാംസ്കാരിക-പ്രാദേശിക ഇടങ്ങളിൽ കൂടുതൽ കൃത്യമായി പശ്ചാത്തലപ്പെടുത്തുന്നു (contextualize). എന്നിരുന്നാലും കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ മാത്രം അത് ഒതുങ്ങുന്നുണ്ട്. കഥാപാത്രങ്ങളുടെ ചിന്തകൾ അഥവാ ആന്തരിക ശബ്‌ദങ്ങൾ വരുന്നിടത്തെല്ലാം എഴുത്തുകാരന്റെ അച്ചടി മലയാളം കാണാം. അത്തരത്തിൽ കഥാപാത്രങ്ങളുടെ തനതു സംഭാഷണങ്ങളും ചിന്തകളും അസ്ഥിത്വവും, ഭാഷയുടെ രണ്ട് ശൈലികൾക്കും കഥാപാത്രങ്ങളുടെ ഇടയിലേക്കുള്ള എഴുത്തുകാരന്റെ ചിന്താ സങ്കൽപ്പങ്ങളുടെ കടന്നുവരവിന്റേയും ഇടയിൽ പെട്ട് പരസ്പരം വേർപ്പെടുന്നത് സൂക്ഷ്മ നിരീക്ഷണത്തിൽ കാണാം.

റൊളാന്റ് ബാർത്തസിന്റെ അഭിപ്രായത്തിൽ, എഴുത്തുകാരനാൽ ചമക്കപ്പെട്ട ഒരു ടെക്സ്റ്റിന്റെ അർഥങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അപ്പുറം (Death of the author), text-reader ദ്വയങ്ങൾക്ക് ഉള്ളിലേക്ക് വായന കടന്നു വരികയും, അതിലൂടെ ടെക്സ്റ്റിന്റെ സത്ത അഥവാ, അതിലടങ്ങിയിരിക്കുന്ന സാമൂഹിക യാഥാർഥ്യങ്ങളുടെ (social realities) സാധ്യമായ നാനാർത്ഥങ്ങൾ (plurality of meanings) കണ്ടെടുക്കുകയും ചെയ്യേണ്ടതുണ്ട്. അടിയാന്മാരുടെ ജീവിതത്തിന്റെ നാനാ തലങ്ങളിലേക്കു നമ്മെ എത്തിക്കുന്ന രീതിയിലാണ് ജീവിത സന്ദർഭങ്ങൾ കഥയിലുടനീളം കൂട്ടിയിണക്കിയിരിക്കുന്നത്. സാമുദായിക അധികാരശ്രേണി, പ്രണയഭംഗവും സാഫല്യവും, ഭാര്യ-ഭർതൃ ബന്ധത്തിന്റെ ഊഷ്മളതയും സംഘർഷങ്ങളും, അടിയായ്മ, ചൂഷണങ്ങളും കാർഷിക ലോകവും, ജന്മി-അടിയാൻ ബന്ധം, തലമുറകൾക്കിടയിലെ കണ്ണികളും വിടവുകളും, സ്വത്വബോധം, രാഷ്ട്രീയപരമായ ഉണർവും സംഘടനാ പ്രവർത്തനങ്ങളും, പുരുഷാധിപത്യവും സ്ത്രീത്വവും, പ്രാദേശികമായ സമൂഹ്യമാറ്റങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന കഥാസന്ദർഭങ്ങൾ ഏറെ ആഴത്തിലുള്ള വായനക്കും വിശകലനങ്ങൾക്കും നാം പരിഗണിക്കേണ്ടതുണ്ട്.

അടിയായ്മയും അടിയാന്മാരും

ആദ്യമായി, എങ്ങനെയാണ് കുട്ടനാടൻ കാർഷിക ജീവിതങ്ങളെ അടിയായ്മ സമ്പ്രദായം ബാധിച്ചത് എന്നു നോക്കാം. ആദ്യ അധ്യായത്തിൽ ഏറെക്കുറെ സമഗ്രമായ വിവരങ്ങൾ അടിയായ്മയെ കുറിച്ചു ലഭ്യമാണ്. തമ്പ്രാൻ-അടിയാൻ ബന്ധത്തിന്റെ സങ്കീർണമായ വശങ്ങൾ ഉടനീളം കാണാവുന്നതാണ്. ഓരോ കാലഘട്ടത്തിലും വന്നുചേർന്ന മാറ്റങ്ങൾ, ചൂഷണങ്ങൾ, വിരളമെങ്കിലും ചില മനുഷ്യത്വപരമായ സമീപനങ്ങൾ, എന്നിവയെല്ലാം വിവിധ രീതിയിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. പ്രധാന കഥാപാത്രമായ കോരന്റെ പിതാവ് മരണപ്പെടുമ്പോൾ ഉള്ള കഥാസന്ദർഭം ഏറെ ഉള്ളുലക്കുന്നതാണ്. “അങ്ങിനെ ആറടി സ്ഥലം പോലും കിട്ടാതെ ആ സേവനചരിത്രം അവസാനിച്ചു” (p.79), എന്ന വാക്യത്തിൽ അടിയായ്മ ചൂഷണത്തിന്റെ രൂക്ഷവും ക്രൂരവുമായ ചരിത്രവും സമകാലികതയും നമുക്കു മുന്നിൽ ഉൾകൊള്ളാൻ സാധിക്കാത്ത യാഥാർഥ്യമായി തെളിയുന്നു. ജന്മിമാരുടെ കീഴിൽ ഞെരിഞ്ഞമർന്ന ജീവിതങ്ങളുടെ ദയനീയ അന്ത്യം സംക്ഷിപ്തമായി എഴുതിയിരിക്കുന്നു. ഇതിന്റെ സന്ദർഭം എടുത്തു പറയേണ്ടതാണ്. ഒരു മനുഷ്യായുസ്സ് മുഴുവൻ ജന്മിമാർക്കും മുതലാളിമാർക്കും കീഴിൽ അടിമപ്പണിയെടുത്ത ഒരാൾക്ക് മരണശേഷം അടക്കം ചെയ്യപ്പെടാൻ ആറടി മണ്ണ് പോലും നൽകാൻ ജന്മിയോ പള്ളിയോ തയ്യാറാകുന്നില്ല. പായയിൽ പൊതിഞ്ഞ്, അതിർത്തിക്കല്ലു കൊണ്ട് കെട്ടിയുറപ്പിച്ച പിതാവിന്റെ മൃതശരീരവുമായി വള്ളം തുഴഞ്ഞു കായലിന് നടുവിലേക്ക് പോകുന്ന കോരൻ ഹൃദയഭേദകമായ വായനാനുഭവം നൽകുന്നു. ഇവിടെ കോരൻ വള്ളത്തിൽ കൊണ്ടുവന്ന അതിർത്തികല്ല് ഒരു “signifier” ആണ്. അടിയാന്മാർ കായലിലെ ചെളികുത്തി പൊക്കിയുണ്ടാക്കിയ ഇടങ്ങളെ സർവേ കല്ലുകൾക്കുള്ളിൽ ഒതുക്കി തങ്ങളുടെ അധികാരവാഴ്ച ഉറപ്പിച്ച ജന്മികളുടെ ചൂഷണത്തിന്റെ പ്രതിനിധിയാണ് ആ കല്ലെന്നു നമുക്ക് തോന്നിയേക്കാം. ആ അതിർത്തിക്കല്ലും, അതിൽ കെട്ടിയ പായിൽ പൊതിഞ്ഞ മൃതദേഹവും വരേണ്യ ജാതി-വർഗ നിർമിതികളുടെ/ബോധ്യങ്ങളുടെ/സമ്പ്രദായങ്ങളുടെ/ചൂഷണങ്ങളുടെ/മർദനങ്ങളുടെ വേരറുത്തു കൊണ്ട്, ജീവിച്ചിരിക്കുമ്പോഴും മരണപ്പെടുമ്പോഴും അതിർത്തി കല്ലുകൾക്കുള്ളിൽ ഇടമില്ലാത്ത അടിമകളുടെ ജീവിത യാഥാർഥ്യങ്ങളിലേക്കു വായനക്കാരെ എത്തിക്കുന്ന ഒരു deconstructive device ആണ്.

തകഴി

അടിയായ്മ വ്യവസ്ഥക്കുള്ളിലെ തൊഴിൽ സാഹചര്യങ്ങൾ, കർശന വ്യവസ്ഥകൾ, കുറ്റവും ശിക്ഷയും, അവകാശങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണങ്ങൾ, തമ്പ്രാനും അടിയനും തമ്മിലുള്ള ആദ്യകാല വൈകാരിക ബന്ധം, ശുദ്ധ-അശുദ്ധി വിശ്വാസങ്ങൾ, ഇവയിൽ എല്ലാം വരുന്ന മാറ്റങ്ങൾ എല്ലാം വിവരിക്കപ്പെട്ടിരിക്കുന്നു. 180 ദിവസമെങ്കിലും ഒരാണ്ടിൽ പണിയെടുക്കണം എന്നായിരുന്നു വ്യവസ്ഥ. ഒരു ദിവസത്തെ കൂലി രണ്ടു ഇടങ്ങഴി അഥവാ അഞ്ചു കൂലിയെൻ നെല്ല് ആയിരുന്നു. കളം പിരിയുമ്പോൾ 40 പറ നെല്ലിൽ നിന്നും കടമായി വാങ്ങിയത് കിഴിക്കുമായിരുന്നു. പ്രധാന കഥാപാത്രമായ കോരൻ ഓണപ്പണിക്കു നിൽക്കുന്ന ജന്മിയുടെ വ്യവസ്ഥകൾ കടുപ്പമേറിയതായിരുന്നു. മേൽപ്പറഞ്ഞതല്ലാതെ മറ്റു ആനുകൂല്യങ്ങൾ ചോദിക്കരുത്. തീർപ്പ്, കുത്തുപതം, പിടിപ്പതം, അളക്കിട, കാവൽ, ഓണം, മകം, വാവ് എന്നിങ്ങനെയുള്ള അവസരങ്ങളിലെ നാമമാത്രമായ അവകാശങ്ങൾ ഒന്നും നൽകില്ല എന്ന വ്യവസ്ഥയിലാണ് കോരൻ പുഷ്പവേലിൽ ഔസേപ്പ് മാപ്പിളയുടെ ഓണപ്പണിക്കാരൻ അഥവാ അടിമപ്പണിക്കാരൻ ആകുന്നത്. (P.16-17). വയറു നിറയെ വിശപ്പും, ഒഴിഞ്ഞ കൈകളുമുള്ള അടിയാൻ ഏതു വ്യവസ്ഥയും അംഗീകരിക്കാൻ നിർബന്ധിതനാകുന്നു.

തമ്പ്രാനും അടിയാനും നിത്യവൃത്തിക്കായി കൃഷി ചെയ്തിരുന്ന, ലാഭേച്ഛകൾക്കു മേൽ ദൈനംദിന ഭക്ഷ്യ ആവശ്യങ്ങൾ സാമൂഹിക ജീവിതങ്ങളെ കണ്ണിചേർത്തിരുന്ന കാലത്തെ കൂടുതൽ വൈകാരികവും, മനുഷ്യത്തവുമുള്ള ജന്മി-അടിയാൻ ബന്ധങ്ങളെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കപ്പെടുന്നുണ്ട്‌. പോയകാലത്ത് അനുവദിക്കപ്പെട്ടിരുന്ന അവകാശങ്ങൾ, അടിയാത്തി സ്ത്രീകളോടുള്ള തമ്പുരാക്കന്മാരുടെ മെച്ചപ്പെട്ട പെരുമാറ്റം, കുട്ടനാടൻ കൃഷിക്കാരനും പണിക്കാരും തമ്മിൽ നിലനിന്നിരുന്ന ഹൃദ്യമായ ബന്ധം, ശിക്ഷാ രീതികളിലെ മിതത്വം, എന്നിവയെല്ലാം കുഞ്ഞപ്പി-കോരൻ സംഭാഷണത്തിൽ ഓർമകളായി തെളിയുന്നു (p.32-33). എന്നാൽ, കാലം മാറിയപ്പോൾ സാമൂഹിക-ഉത്പാദന ബന്ധങ്ങൾ, സാമ്പത്തിക കൊടുക്കൽ-വാങ്ങലുകൾ എന്നിവ പുതിയ രീതികളിലേക്കു മാറിയപ്പോൾ ഉടമകളും അടിമകളും കൂടുതൽ ദുഷ്കരമായ സാമൂഹിക ലോകത്തേക്ക് പറിച്ചു നടപ്പെട്ടു. ജന്മിയുടെ അധികാര വാഴ്ചയും, അടിയാന്റെ മർദിത അനുഭവങ്ങളും അടിമത്തിന്റെ തീക്ഷ്ണത വർദ്ധിപ്പിച്ചു. ഒരു മണി നെല്ല് കിട്ടാത്ത കാലം, പറിച്ചെടുത്ത താള് പോലും പിടിച്ചു വാങ്ങിക്കുന്നവർ, രാത്രി മെതിക്കാൻ വരുന്ന സ്‌ത്രീകളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നവർ, വിളവിറക്കുന്ന കാലത്തും വിളവെടുക്കുന്ന കാലത്തും തമ്പ്രാന്റെ മുഖത്തെ ഭാവവ്യത്യാസങ്ങൾ- വിളവിറക്കുന്ന കാലം ചിരിക്കുകയും കുശലം പറയുകയും സഹതപിക്കുകയും ചെയ്യുന്ന പ്രസന്നമായ മുഖം, കൊയ്ത്തു നടക്കുന്ന കാലം അടിയാനെ തിരിച്ചറിയുന്നില്ല- അവനെ വെറുപ്പാണ്, എന്നിങ്ങനെയെല്ലാം പുതിയ തലമുറ തമ്പ്രാക്കന്മാരെ അടയാളപ്പെടുത്തുന്നു.

അടിയന്മാർ പാലിക്കേണ്ട സദാചാര, ശുദ്ധി/അശുദ്ധി നിയമങ്ങൾ എടുത്തു പറയേണ്ടതാണ്. മട വീണു കൃഷി നശിക്കുന്നതിനു പോലും കാരണമായേക്കാം എന്നാണ് ശുദ്ധ-അശുദ്ധി ചിന്തകൾ ചൂണ്ടികാണിക്കുന്നത്. ശുദ്ധി പാലിക്കാത്ത അടിയാൻ തങ്ങളുടെ തമ്പ്രാക്കന്മാർക്കും പുഞ്ചപ്പാടത്തിനും ദോഷം വരുത്തും എന്നാണ് വിശ്വസിക്കുന്നത്. തുലാമാസത്തിൽ പുറവേലിക്കു കട്ട കെട്ടുന്ന അന്നുമുതൽ പുഞ്ചപ്പാടത്തെ വേലക്കാരൻ പറയനും, പുലയനും ബ്രഹ്മചര്യത്തോട് കൂടിയ വ്രതമാണ്. പ്രണയബദ്ധരായ ഇണകളായ കോരനും ചിരുതയും ശുദ്ധി നിയമങ്ങൾ പാലിക്കാത്തത് കൊണ്ടാണ് പുഞ്ചപ്പാടത്തിൽ മടവീണു പുറവേലി തള്ളിപ്പോയത് എന്നു വിമർശിക്കപ്പെടുന്നുണ്ട്. പുഞ്ചപ്പാടം സത്യമുള്ളതാണെന്നും, കോരൻ തറയിൽ പോയി അശുദ്ധിയായി വരമ്പിൽ കൂടി നടന്നതു കൊണ്ടാണ് മട വീണത് എന്നു പറയുന്നു. ശുദ്ധിയും വൃത്തിയും നോക്കിയില്ലെങ്കിൽ മട വീഴുകയോ, പുഴു ബാധിക്കുകയോ ചെയ്യും. അതു തമ്പ്രാക്കന്മാരെയാണ് ബാധിക്കുന്നത് എന്നൊക്കെ മാണി, ചിരുതയെ കുറ്റപ്പെടുത്തുണ്ട്.

അടിയായ്മ സമ്പ്രദായത്തിന്റെ ഘടനാപരമായ രൂപങ്ങളിൽ (structural patterns) വരുന്ന മാറ്റങ്ങൾക്ക് കുട്ടനാട് സാക്ഷ്യം വഹിക്കുന്നുണ്ട്. ജന്മി-അടിയൻ ബന്ധത്തിൽ വരുന്ന മാറ്റങ്ങൾ, കൂലി വ്യവസ്ഥയിൽ വരുന്ന മാറ്റങ്ങൾ എന്നിങ്ങനെ പലതും. എങ്കിലും ചൂഷണം അടിസ്ഥാനപരമായ അനുഭവ യാഥാർഥ്യമായി തുടരുന്നു. കാരണം അടിയായ്മ സമ്പ്രദായ ഘടനയുടെ നിർമിതി, സമൂഹത്തിന്റെ ജാതി-വർഗ ഘടനയുമായി അടിസ്ഥാനപരമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ജാതി-വർഗ ഘടനയുടെ സമൂലമായ ഉന്മൂലനം സാധ്യമാകാത്തിടത്തോളം അടിമ ജാതികളുടെ ചൂഷണങ്ങൾ തുടരുന്നു.

അടിയാന്മാരുടെ സ്വത്വബോധം

കഥാപാത്രങ്ങളുടെ മനസ്സിന്റെ ഉള്ളറകളിലേക്ക് വായനക്കാരെ വലിച്ചിടുന്ന തരത്തിലാണ് കഥാപാത്ര സൃഷ്ടിയും വിന്യാസവും. ഓരോരുത്തരുടെയും മനോവ്യാപാരങ്ങൾ, വൈകാരിക സംഘർഷങ്ങൾ എന്നിവ ആഴത്തിൽ പകർത്തിയിരിക്കുന്നു. കഥാപാത്രങ്ങളുടെ കേവലം ബാഹ്യരൂപ വിവരണങ്ങൾക്കപ്പുറം അവരുടെ ചിന്തകളെ, നിലപാടുകളെ, നിസ്സഹായതയെ, വൈകാരിക പ്രതിസന്ധികളെയെല്ലാം ചേർത്തു വെച്ചുകൊണ്ട് മനുഷ്യ ജീവിതത്തിന്റെ ഭൗതികവും ചിന്താപരവും ആശയപരവും (thought and reality) ആയുള്ള സങ്കീർണതയെ പുറത്തു കൊണ്ടുവരാൻ നമുക്ക് സാധിക്കും. മനുഷ്യ ജീവിതത്തിന്റെ എല്ലാ അനുഭവങ്ങളും തലമുറകളിലൂടെ പങ്കുവെക്കപ്പെടുകയും സംവദിക്കപ്പെടുകയും ചെയ്യുന്നു. കർമനിരതരായ, ക്രിയാത്മക ലോകത്ത് ഇടപെടുന്ന, തികഞ്ഞ സ്വത്വബോധം വഹിക്കുന്നവരായിട്ടാണ് നമുക്ക് പുലയരെയും പറയരെയും ഇവിടെ കാണാൻ സാധിക്കുന്നത്. കേവലം ഇരകൾ മാത്രമല്ല അവർ. ജന്മിത്തത്തിന് കീഴടങ്ങുമ്പോഴും സ്വയം ആരെന്നും എന്തെന്നും ചിന്തിക്കുന്നവരും കൂടിയാണ് കുട്ടനാട്ടിലെ അടിയാന്മാർ. ഈ സ്വത്വചിന്തകൾ ഉടലെടുക്കുന്നത് എല്ലാം തന്നെ ജന്മിമാരുടെയും രാഷ്ട്രീയ മേലാളന്മാരുടെയുമെല്ലാം ചൂഷണങ്ങൾ തിരിച്ചറിയപ്പെടുമ്പോൾ ആണ്. അതായത്‌ സ്വന്തം സ്വത്വവും, തങ്ങളെ സമൂഹത്തിൽ അപരവത്കരിച്ചു നിർത്തുന്ന (സവർണ) അപരസ്വത്വങ്ങളും (self v/s other) തമ്മിലുള്ള ആന്തരിക, ബാഹ്യ സംഘട്ടനങ്ങളിലൂടെ അടിയന്മാരുടെ സ്വത്വബോധം പുതുക്കി നിർമിക്കപ്പെടുന്നു. കുട്ടനാടിന്റെ മനുഷ്യർക്ക്‌ വേണ്ടി വിതക്കുകയും കൊയ്യുകയും ചെയ്യുന്നവർ. തങ്ങളുടെ നിതാന്ത പരിശ്രമങ്ങളെ, തൊഴിലിനെ മഹത്വപൂർവ്വം കാണുന്നവർ. മാത്രമല്ല ഓണപ്പണിക്കാരായ പറയനും പുലയനും തങ്ങളെ സമൂഹത്തിന്റെ, കൃഷിയുടെ, ഭക്ഷ്യ ഉത്പാദനത്തിന്റെ മുഖ്യ കണ്ണികളായിട്ടാണ് സ്വയം അടയാളപ്പെടുത്തുന്നത്. പുഞ്ചകണ്ടത്തിൽ നെല്ലുണ്ടാകുന്നത് പറയന്റെയും പുലയന്റെയും മിടുക്കാണെന്നും, അവർ വേല ചെയ്യാതിരുന്നാൽ നാട് മുടിഞ്ഞു പോകുമെന്നും കോരൻ അഭിപ്രായപ്പെടുന്നുണ്ട്. കൂലിയില്ലെങ്കിലും ആദായമില്ലെങ്കിലും നെല്ലു വിളയിച്ചു കളത്തിൽ കയറ്റുന്നത് കുട്ടനാടൻ പുലയന്റെ കടമ ആയിട്ടാണ് കണക്കാക്കുന്നത്. നമ്മൾ പണിയെടുത്തില്ലെങ്കിൽ നമ്മളും തമ്പ്രാക്കന്മാരും നാട് മുഴുവനും പട്ടിണിയാകും എന്നു പറഞ്ഞു കൊണ്ട് ചിരിക്കുന്ന ഓണപ്പണിക്കാരെ നമുക്കിവിടെ കാണാം.

സമൂഹം, ജാതി, വർഗം

ഏറെ ചലനാത്മകമായ സാമൂഹിക അന്തരീക്ഷമാണ് കഥയിൽ നിറഞ്ഞു നിൽക്കുന്നത്. സാമൂഹിക മാറ്റങ്ങളുടെ സമഗ്രമായ വിവരണങ്ങൾ നമുക്കു വായിച്ചറിയാം. വർഗരഹിതമായ ഒരു സമൂഹ സൃഷ്ടിയെ ലക്ഷ്യമാക്കി വളരുകയും, വളർത്തപ്പെടുകയും ചെയ്യുന്ന വർഗ സമരത്തിന്റെ പശ്ചാത്തലത്തിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വ്യക്തികളെയും സമൂഹത്തെയും നമുക്കിവിടെ കാണാം. ആദ്യ അധ്യായത്തിൽ അടിമ ജീവിതങ്ങളുടെ ജീവിതവും ഓർമകളും ബന്ധങ്ങളും ഒരു ഫ്യൂഡൽ സാമൂഹിക വ്യവസ്ഥ അനാവരണം ചെയ്യുമ്പോൾ, പിന്നീട് വരുന്ന അധ്യായങ്ങൾ കൃത്യമായി ഒരു മാർക്സിസ്റ്റ്‌ വീക്ഷണത്തിന്റെ സാമൂഹിക അവലോകനം തുറന്നു കാണിക്കുന്നു. സ്റ്റേറ്റ് കോൺഗ്രസിന്റെ വളർച്ച, മതപരിവർത്തന പ്രവൃത്തികൾ, കർഷക തൊഴിലാളി യൂണിയന്റെ ഉദയം എന്നിങ്ങനെയുള്ള കുട്ടനാട്ടിലെ രാഷ്ട്രീയ അന്തരീക്ഷത്തിന്റെ പശ്ചാത്തലം ഇതിൽ സുപ്രധാന പങ്കുവഹിക്കുന്നു. കൃസ്ത്യൻ വിശ്വാസത്തിലേക്കും അവിടെ നിന്നു തിരിച്ച് ഹിന്ദു മതത്തിലേക്കുമുള്ള പരിവർത്തനങ്ങൾ എങ്ങനെ അടിയാന്മാരുടെ ജീവിതത്തിനെ അടിസ്ഥാനപരമായി പരിവർത്തനം ചെയ്യുന്നില്ല എന്നത് ഇനി പറയുന്ന വാക്യത്തിൽ നമുക്കു മനസിലാക്കാം. “പക്ഷേ അന്നും ഇന്നും അവന്റെ ദിനം 5 കൂലിയെൻ നെല്ലാണ് (P.49). “മാർക്കം കൂടിയിട്ടും ശമയൽ ഇപ്പോഴും പുലയൻ തന്നെയല്ലേ?” എന്ന നിരീക്ഷണവും ചോദ്യവും ഈ സാഹചര്യത്തിൽ പ്രസക്തമാകുന്നു.

റൊളാന്റ് ബാർത്തസ്

കർഷകത്തൊഴിലാളി യൂണിയന്റെ പ്രവർത്തനങ്ങളും അവകാശ സമരങ്ങളും പറയരുടെയും, പുലയരുടെയും പ്രശ്നങ്ങളെ വർഗസമരമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഫ്യൂഡൽ ജാതിലോകം നമുക്കു മുന്നിൽ തുറന്നിടുമ്പോഴും, അടിയമാരുടെ ജീവിത സമരങ്ങളെ അതിന്റെ ജാതിവ്യവസ്ഥയുമായുള്ള ബന്ധവുമായി നേരിട്ടു ഘടിപ്പിക്കുന്നില്ല. ‘ജാതി’ എന്ന പദം ഒരു സാമൂഹിക-ചരിത്ര യാഥാർഥ്യം അല്ലെങ്കിൽ വിശകലന മാതൃക (analytical category) ആയി എഴുത്തുകാരൻ ഉപയോഗിക്കുന്നില്ല. കൂടുതൽ വിമർശനാത്മകമായി പരിശോധിച്ചാൽ ജാതി അടിസ്ഥാനത്തിലുള്ള അയിത്തവും (untouchability) അടിമത്തവും (caste slavery) അവയെ സമ്പ്രദായവത്കരിക്കുന്ന സാമൂഹിക വിവേചനങ്ങളും അദൃശ്യമായതായി കാണാം. അടിയാന്മാർ അനുഭവിക്കുന്ന ചൂഷണങ്ങളെല്ലാം തൊഴിൽ ഘടനപരമായ വർഗവ്യത്യാസങ്ങളിൽ നിന്നും ഉടലെടുക്കുന്നതാണ് എന്ന കാഴ്ചപ്പാട് കാണാം. വിവിധ സമുദായങ്ങൾ തമ്മിലുള്ള അന്തരം വർഗ വ്യത്യാസങ്ങളായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. വർഗം, വർഗ ബോധം, വർഗ സമരം (class, class consciousness, class struggle) എന്നിങ്ങനെ മാർക്സിസ്റ്റ്‌ സാമൂഹിക വീക്ഷണമാണ് അടിസ്ഥാനപരമായി ഈ എഴുത്തിനെ സ്വാധീനിച്ചിരിക്കുന്നത് എന്നു കാണാം. ഇത്തരത്തിൽ നോക്കിയാൽ അടിമത്ത, അടിയായ്മ അനുഭവങ്ങളിൽ ജാതിയുടെ പങ്ക് നിസ്സാരവത്കരിക്കുകയും അതിലൂടെ അടിമജാതികളുടെ അനുഭവങ്ങളുടെ അപൂർണമായൊരു വർഗസിദ്ധാന്ത വിവരണം മാത്രമാണ് നമുക്കു ലഭിക്കുന്നത് എന്നു ചിന്തിക്കേണ്ടി വരും. കുട്ടനാട്ടിലെ ജാതി-അടിമത്ത ചരിത്രവും, ഈ കൃതി എഴുതപ്പെട്ട കാലഘട്ടത്തിലെ പ്രദേശത്തെ സമകാലിക ജാതിവ്യവസ്ഥയും, ജാതി-വർഗബോധ സംഘട്ടനങ്ങളും കുറച്ചുകൂടി വിശാലമായി ഉൾക്കൊള്ളിച്ചിരുന്നു എങ്കിൽ അടിമജാതികൾ കടന്നു വന്ന അയിത്തം അടക്കമുള്ള സാമൂഹികമായ അടിച്ചമർത്തലുകൾ, വിവേചനങ്ങൾ എന്നിവ കൂടുതൽ വെളിവാക്കപ്പെടുമായിരുന്നു എന്നു കരുതുന്നു.

പടച്ചാലിൽ നടന്ന വെടിവെപ്പും കൊലപാതകങ്ങളും ഉയർത്തിയ ചോദ്യങ്ങളുടെ സാഹചര്യത്തിൽ, മനുഷ്യത്വത്തിന്റെ (humanity) അല്ലെങ്കിൽ മനുഷ്യന്റെ അടിസ്ഥാന സവിശേഷതയെ കുറിച്ച് എഴുത്തുകാരൻ വിവരിക്കുന്നുണ്ട്. മനുഷ്യരെ തികഞ്ഞ സാമൂഹിക ജീവിയായിട്ടാണ് എഴുത്തുകാരൻ പരാമർശിക്കുന്നത്. മനുഷ്യൻ വാസ്തവത്തിൽ ഒരു നന്മയുള്ള ജീവിയാണ്. മനുഷ്യ സ്വഭാവത്തിന്റെ നന്മയിൽ വിശ്വസിക്കാം എന്നൊക്കെ എഴുത്തുകാരൻ പരാമർശിക്കുന്നുണ്ട്. മറ്റൊരിടത്ത് പറയന്റെയും പുലയന്റെയും സമര വ്യഗ്രതയിൽ മുതലാളി വർഗത്തിന്റെ ഭയത്തെ കുറിച്ചു പറയവേ, തകഴി ഇങ്ങനെ അഭിപ്രായപ്പെടുന്നു, “ഔസേപ്പും, കൃഷ്‌ണപിള്ളയും എല്ലാം മനുഷ്യരല്ലേ? സ്നേഹിക്കാനും സഹതപിക്കാനും കഴിയുന്ന മനുഷ്യർ! പാപത്തിന്റെ ഭാരം മനുഷ്യനെന്ന അനുഗൃഹീത ജീവിക്ക് എത്ര നാൾ താങ്ങികൊണ്ടു നടക്കാൻ കഴിയും? അവൻ അതു കുടഞ്ഞു കളഞ്ഞു പോകും. എങ്കിലും ഇത്തരത്തിൽ മനുഷ്യ പ്രകൃതത്തിന്റെ അടിസ്ഥാനം നന്മയാണ് എന്നു സ്ഥാപിക്കുന്നത്, കഥയിൽ ഉടനീളം പറഞ്ഞു പോകുന്ന ചൂഷിത-ചൂഷക സമസ്യകളുടെ വർഗ വ്യത്യാസങ്ങൾക്ക് വിരുദ്ധമായ നിലപാടായി ചിലപ്പോൾ വായനക്കാർക്ക് അനുഭവപ്പെട്ടേക്കാം. കാരണം മനുഷ്യന്റെ തനതു ഗുണമായ നന്മ സ്വയം തിരിച്ചറിഞ്ഞു കൊണ്ട്, മേലാളന്മാർക്കു ഹൃദയ പരിവർത്തനം സംഭവിച്ചിരുന്നു എങ്കിൽ, അവരാൽ അടിമജാതികൾ ആക്കപ്പെട്ടവരുടെ സ്വാതന്ത്ര്യത്തിനും അതിലൂടെ ബൃഹത്തായ സാമൂഹിക പരിണാമങ്ങൾക്കും വഴി വെച്ചിരുന്നേനെ. അങ്ങനെയായിരുന്നുവെങ്കിൽ, എന്തിന് ജാതി-വർഗ സമരങ്ങൾ ഉയർന്നു വന്നു? അങ്ങനെയായിരുന്നെങ്കിൽ പടച്ചാലിലെ വെടിവെയ്പ്പിൽ പുലയന്റെയും പറയന്റെയും ജീവൻ പൊലിയുകയില്ലായിരുന്നു. അവരിൽ ഉടലെടുത്ത മാനുഷിക നന്മയും ദുഃഖവും കൊല ചെയ്യപ്പെട്ടവർക്കു വേണ്ടി സഹതപിക്കാനും പ്രാർത്ഥന നടത്താനും, പിന്നെ കമ്യൂണിസത്തിൽ നിന്നു ലോകത്തെ രക്ഷിക്കാൻ ദിവ്യയോഗങ്ങളും, പ്രാർത്ഥന യോഗങ്ങളും നടത്താനും, പിന്നെ അവർക്കെതിരെ തൊഴിലാളികളേ ഇളക്കിവിട്ട യൂണിയനെ തകർക്കാനുമായിരുന്നു.

സമുദായം, കുടുംബം, അടിയാത്തി

സമുദായത്തെ ശക്തമായ അധികാര ഘടനയായാണ് ഈ കൃതിയിൽ ചിത്രീകരിചിരിക്കുന്നത്. കോരന്റെയും ചിരുതയുടെയും വിവാഹത്തോടനുബന്ധിച്ചുള്ള വഴക്കുകളിൽ, കുടുംബം, സമുദായം എന്നിവയുടെ തലപ്പത്തുള്ളവർ ചെലുത്തുന്ന സ്വാധീനം വ്യക്തമാണ്. ഗൃഹനാഥൻ എന്ന നിലയിൽ കാളി പറയന്റെയും കോരന്റെ ബന്ധുക്കളുടെയും തലപ്പുലയന്റെയും അധികാരം കുടുംബങ്ങൾക്കും സമുദായ അംഗങ്ങൾക്കും മേലുള്ള സ്വാധീനം നമുക്കു കാണാം. പെൺപണമടക്കമുള്ള സമുദായ നിയമങ്ങൾക്കും, മുതിർന്നവരുടെ അധികാരങ്ങൾക്കും ഇടയിൽപ്പെട്ട് കോരനും ചിരുതയും ഒറ്റപ്പെടുന്നുണ്ട്. വിവാഹം, കുടിൽ കെട്ടൽ, കാർഷിക ജോലികൾ തുടങ്ങിയവയിലെല്ലാം സമുദായ തലവന്മാരുടെ പങ്ക് വലുതാണ്. പുഞ്ചപ്പാടത്തെ പണിക്കിടയിലെ ചെറിയ ഇടവേളകളിലും, നിലാവുള്ള രാത്രികളിലും കായലിന്റെ ആഴങ്ങളിൽ മുങ്ങാംകുഴിയിട്ടു ചെളി കുത്തിയെടുത്തു, ഉയർത്തിയ തറകളിലെ ഓല കുത്തിചാരി ഉണ്ടാക്കിയെടുത്ത കുടിലുകളിലെ പട്ടിണിയും, വഴക്കുകളും, ഭയവും, ദാമ്പത്യവും, ഇണക്കങ്ങളും എല്ലാം അടിയാന്മാരുടെ ദരിദ്രവും, അരക്ഷിതവും എന്നാൽ വൈകാരിക കെട്ടുറപ്പും ഉള്ള കുടുംബ അന്തരീക്ഷം നമുക്ക് കാണിച്ചു തരുന്നു.

കുടുംബവും രാഷ്ട്രീയ ജീവിതവുമായിട്ടുള്ള സംഘർഷം നോവലിൽ ദൃശ്യമാണ്. ചൂഷണങ്ങളിൽ മനംമടുത്ത കോരൻ കുട്ടനാട്ടിൽ ആരംഭിച്ച കാർഷിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമാകുമ്പോൾ ഉടലെടുക്കുന്ന സംഭവങ്ങൾ ഇതിനുദാഹരണമാണ്. സമരം ചെയ്യാനും, കൊടി പിടിക്കാനും, നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിനും, സ്വയം സമർപ്പണത്തിനും കുടുംബം ഒരു തടസ്സവും ബാധ്യതയുമാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ചിരുതയിലൂടെ ഉയർന്നു വരുന്നുണ്ട്. ചിരുതയെ കോരൻ ഉപേക്ഷിക്കുന്നതും, അവളുടെ സമ്മതമില്ലാതെ അവളെ മറ്റൊരാളുടെ കയ്യിൽ ഏൽപ്പിക്കുന്നതും ഒരേസമയം കുടുംബ വ്യവസ്ഥയിൽ സ്ത്രീക്ക് മീതേയുള്ള പുരുഷ അധികാരവും, ഒരു ചൂഷണ സാമൂഹിക വ്യവസ്ഥയിൽ അടിച്ചമർത്തപ്പെട്ട പുരുഷാരങ്ങളുടെ നിലനിൽപ്പിന്റെ സമര വ്യഗ്രതയുമാണ് കാണിക്കുന്നത്. ജീവിതാനുഭവങ്ങൾ മനം മടുപ്പിച്ച, സാമൂഹിക വ്യവസ്ഥകൾക്ക് മാറ്റം വരണമെന്ന് നിശ്ചയദാർഢ്യം ഉൾക്കൊണ്ട കോരന് മുന്നിൽ ചിരുതയെന്ന നിസ്സഹായയായ സ്ത്രീയുടെ കണ്ണുനീരോ അപേക്ഷയോ വിലപ്പോവുന്നില്ല. ഉപേക്ഷിക്കപ്പെട്ട സ്ത്രീയുടെ തീവ്ര വൈകാരിക നിലകൾ നമുക്കിവിടെ ദൃശ്യമാണ്. ഭർത്താവിനെ സ്വാധീനിക്കാനോ, തിരുത്താനോ അവൾക്കു സാധിക്കുന്നില്ല. ചാത്തന്റെ നന്മ തിരിച്ചറിയുമ്പോഴും, വിശ്വസിക്കുമ്പോഴും, തീരുമാനങ്ങൾ എടുക്കാൻ അവൾക്കു സാധിക്കാതെ വരുന്നുണ്ട്. തന്നെ വേണ്ടെന്നു വെച്ച ഭർത്താവിനെ മറക്കാനോ, തന്നെ സംരക്ഷിക്കുന്ന ചാത്തൻ എന്ന സാധു മനുഷ്യനെ സ്വീകരിക്കാനോ, കുടിലിന്റെ ഉമ്മറത്ത് അയാൾ തണുപ്പിനോട് മല്ലിടുമ്പോഴും, ഉള്ളിലുള്ള മനുഷ്യ സഹജമായ ദയാവായ്പു പുറത്തു കാണിക്കുവാനോ അവൾക്കു ശക്തി കിട്ടുന്നില്ല, അല്ലെങ്കിൽ അവളുടെ പാതിവ്രത്യ-ചാരിത്ര്യബോധം അനുവദിക്കുന്നില്ല. പുരുഷ മേധാവിത്ത സങ്കൽപ്പങ്ങളുടെ കീഴിൽ ഞെരിഞ്ഞു തീരുന്ന സ്ത്രീയുടെ വാർപ്പുമാതൃക നമുക്കിവിടെ കാണാം.

തീരുമാനങ്ങൾ എടുക്കുന്നതിനും നടപ്പിലാക്കുന്നതിനും ചിരുത നേരിടുന്ന ആന്തരിക സംഘർഷങ്ങൾ മുൻ അധ്യായങ്ങളിലും കാണപ്പെടുന്നുണ്ട്. ജന്മിമാരേയും സമുദായ-കുടുംബ മാനാഭിമാന പ്രശ്നങ്ങളേയും, പ്രതികരിച്ചാൽ തങ്ങളുടെ പുരുഷന്മാർക്കു ഏൽക്കേണ്ടി വരുന്ന അക്രമങ്ങളേയും ഭയന്ന് തങ്ങൾക്ക് ഏൽക്കേണ്ടി വരുന്ന പീഡനങ്ങൾ മറച്ചുവെക്കാൻ അടിയാള സ്ത്രീകൾ നിർബന്ധിതരാകുന്നു. കുട്ടനാടൻ പറയന്റെയും, പുലയന്റെയും പരമ്പരാഗതമായ സംസ്കാരത്തിന്റെ ജീവനാഡി ചാരിത്ര്യബോധമാണ് എന്ന് കഥാകൃത്ത് പറഞ്ഞു വെക്കുന്നുണ്ട്. ഈ കാഴ്ചപ്പാട് സ്ത്രീ കഥാപാത്രങ്ങളുടെ സംഭാഷണ സാഹചര്യങ്ങളിൽ എടുത്തു കാണിക്കപ്പെടുന്നു. പുഷ്പവേലിൽ ചാക്കോയുടെ അക്രമണത്തിൽ നിന്നും രക്ഷപ്പെടുമ്പോഴും, അതു ഭർത്താവിനോട് തുറന്നു പറയാനോ, പ്രതികരിക്കാനോ സാധിക്കുന്നില്ല. പിന്നീട്, ഭർത്താവ് സമര മുഖത്തേക്ക് ഇറങ്ങിയപ്പോഴും തന്നെ പോലുള്ള അരക്ഷിതരായ പുലയ, പറയ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുമ്പോഴും അതെല്ലാം ചിന്തകളിൽ മാത്രം ഒതുങ്ങുന്നതായി നമുക്ക് കാണാം. കോരനെ താരതമ്യം ചെയ്യുമ്പോൾ ഏറെ നിശ്ശബ്ദനും, സാധുവുമായ ചാത്തന്റെ വിപ്ലവ നിഷ്‌ക്രിയത്വം അവളെ അലോസരപ്പെടുത്തുന്നു. എങ്കിലും കഥാന്ത്യത്തിലേക്കു എത്തുമ്പോൾ ചാത്തൻ പോലും തന്റെ ഉത്തരവാദിത്തം നിറവേറ്റി യൂണിയൻ പ്രവർത്തനത്തിന് ഇറങ്ങി തിരിക്കുമ്പോഴും, ചിരുതയുടെ വിപ്ലവ പങ്കാളിത്തം ചിന്തകളിൽ മാത്രം ഒതുങ്ങുന്നു.

കുടുംബവും രാഷ്ട്രീയ ജീവിതവുമായിട്ടുള്ള സംഘർഷം നോവലിൽ ദൃശ്യമാണ്. ചൂഷണങ്ങളിൽ മനംമടുത്ത കോരൻ കുട്ടനാട്ടിൽ ആരംഭിച്ച കാർഷിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമാകുമ്പോൾ ഉടലെടുക്കുന്ന സംഭവങ്ങൾ ഇതിനുദാഹരണമാണ്. സമരം ചെയ്യാനും, കൊടി പിടിക്കാനും, നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിനും, സ്വയം സമർപ്പണത്തിനും കുടുംബം ഒരു തടസ്സവും ബാധ്യതയുമാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ചിരുതയിലൂടെ ഉയർന്നു വരുന്നുണ്ട്.

എങ്കിലും കോരനോടുള്ള അവളുടെ സ്നേഹം ഉത്തമ ഭാര്യയും കുടുംബിനിയുമായി നിലനിൽക്കുന്നുണ്ട്. പാടത്തെ പണികളും വീട്ടുപണികളും ചെയ്യുന്നതിൽ സമർത്ഥയായ, പാടത്തെ പണിക്കിടയിൽ മധുരമായി പാടുന്ന, യുവ അടിയാന്മാർ വിവാഹം ചെയ്യാൻ കൊതിക്കുന്ന, നാട്ടുനടപ്പിലും കൂടുതൽ പെൻപണം കിട്ടാൻ സാധ്യതയുള്ള, ചെറുവാല്യക്കാരായ തമ്പ്രാക്കന്മാർ കണ്ണു വെച്ചിരിക്കുന്ന പറകിടാത്തി ആയിട്ടാണ് അവളെ അവതരിപ്പിച്ചിരിക്കുന്നത്. കോരനും, ചാത്തനും, കുഞ്ഞപ്പിയും എല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വത്വ-വ്യക്തിത്വ പുനർനിർമാണങ്ങൾക്ക് ഒരുമ്പെടുമ്പോൾ, ചിരുത തന്റെ സാമ്പ്രദായിക കുടുംബത്തിന് അകത്ത് ഒതുങ്ങി പോകുന്നു. തുടുത്തിരുന്ന കിടാത്തിയിൽ നിന്നും എല്ലുന്തിയ രൂപമായി അവൾ മാറുന്നു. തന്റെ എരിയുന്ന വയറിനെ അവഗണിച്ച് ഭർത്താവിനെയും ഭർതൃപിതാവിനെയും ഊട്ടുന്നവൾ ആകുന്നു. കോരൻ ഓണപ്പണിക്കാരൻ എന്നതിൽ നിന്നും കൂടുതൽ ശാക്തീകരിക്കപ്പെട്ട പ്രധാന തൊഴിലാളി നേതാക്കളിൽ ഒരാളായി മാറുമ്പോൾ, ചിരുത ആശങ്കാകുലയായ, അരക്ഷിതയായ, നിസ്സഹായ സ്ത്രീത്വമായി നിലനിൽക്കുന്നു. അതേസമയം കുടുംബം, ഭർത്താവ്, പിതാവ്, സമുദായ അംഗം എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തങ്ങളേയും, സംഘർഷങ്ങളെയും കോരൻ വൈകാരിക വിഷമതകൾക്കുള്ളിലും എളുപ്പത്തിൽ മറികടക്കുകയും, തുറന്നു പ്രതിഷേധിക്കുകയും ചെയ്യുന്നതായി കാണാം.

ചിരുത, കുഞ്ഞാളി, മാണി/മറിയ, ശമയലിന്റെ ഭാര്യ, കൊയ്ത്തുകാരി പെണ്ണാളർ എന്നിങ്ങനെ ചുരുക്കം ചില സ്ത്രീ കഥാപാത്രങ്ങൾ ഒഴിച്ചാൽ, നോവലിന്റെ ആകെ പശ്ചാത്തലം കൂടുതലും പുരുഷലോകത്തിലേക്കാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. ചിരുതക്കും മാണിക്കും ഇടയിലുള്ള സൗഹൃദവും വഴക്കും അവരുടെ സാഹോദര്യവും, പരസ്പരപൂരകമായുള്ള നിലനിൽപ്പിനെയും കാണിക്കുന്നു. ചെറുവാല്യക്കാരുടെ സ്വതന്ത്ര പ്രണയ വിഹാരങ്ങളെ സദാചാര നിയമങ്ങളുടെ പിൻബലത്തിൽ വിമർശിക്കുന്നവർ, പരസ്പരം രഹസ്യം കാത്തു സൂക്ഷിക്കുന്നവർ, സ്ത്രീ സുരക്ഷയെ കുറിച്ചുളള ആശങ്കകൾ, കഥകൾ പങ്കു വെക്കുന്നവർ, ചെറുപ്പക്കാരൻ ആയ ആണാളിന്റെ കാർക്കശ്യത്തിനെ ചോദ്യം ചെയ്യുന്ന, കളിയാക്കുന്ന പെണ്ണാളർ. അങ്ങിനെ വിവിധ തരത്തിൽ സ്ത്രീലോകങ്ങൾ നിര്മിക്കപ്പെടുന്നുണ്ട് എങ്കിലും നോവലിന്റെ സിംഹഭാഗവും നിറഞ്ഞു നിൽക്കുന്ന പുരുഷ ജീവിതങ്ങളിൽ ചിരുത ഒഴിച്ചുള്ള സ്ത്രീ കഥാപാത്രങ്ങൾക്ക് കാര്യമായ ശ്രദ്ധ ലഭിക്കുന്നില്ല.

ചരിത്രവും സമകാലികതയും ഇഴചേർന്നു നിൽക്കുന്ന, തലമുറകളിലൂടെ മനുഷ്യരുടെ ജീവിത യാഥാർഥ്യങ്ങൾ (lived realities) പരസ്പരം സംവദിച്ചു കൊണ്ടേയിരിക്കുന്നു. കോരന്റെയും ചിരുതയുടെയും പുനർസംഗമത്തിലൂടെയാണ് കഥ അവസാനത്തെ ഏടിലേക്ക് എത്തുന്നത്. പുതിയ തലമുറയിലെ ചെറിയ അംഗമായ, കോരന്റെയും ചിരുതയുടെയും പുത്രനായ വെളുത്ത, തന്റെ കുഞ്ഞു കരങ്ങൾ ഉയർത്തി വിപ്ലവ ഭൂമിയിലേക്കു പങ്കുചേരുന്നിടത്ത് കഥ പര്യവസാനിക്കുന്നു. അടിയാന്മാരുടെ ജീവിതം നമുക്കു മുന്നിൽ തുറന്നിടുമ്പോഴും, അടിമ ജീവിതങ്ങളുടെ വാർപ്പു മാതൃകകളും നിർമിച്ചു കൊണ്ടും, വർഗ സമര കാഹളങ്ങളുടെ അലകളിൽ പെട്ട് അടിമത്ത വ്യവസ്ഥയുടെ യഥാർഥ അടിത്തറയായ ജാതിയെ അദൃശ്യ-അപ്രസക്ത ലോകമാക്കി കൊണ്ടും മെനഞ്ഞെടുക്കപ്പെട്ട കഥാപാത്രങ്ങൾ വിപ്ലവ ഭൂമിയിലേക്ക് മറഞ്ഞു പോകുന്നു. സാഹിത്യ നിർമിതികളിലെ സമൂഹങ്ങളെ, കീഴാള-മേലാള, അടിമ-ഉടമ ബന്ധങ്ങളെ, അധികാരഘടനകളെ, ജാതി അടക്കമുള്ള സാമൂഹിക യാഥാർഥ്യങ്ങളുടെ അപ്രസക്തമാക്കപ്പെടലുകളുടെ വിമർശനാത്മകവും സാമൂഹികശാസ്ത്രപരവുമായ വായനകൾക്കും പഠനങ്ങൾക്കും ആഴമേറിയ സാധ്യതകൾ ഈ വായന നൽകുന്നു.

ബിജിത പി.ആർ– മുംബൈ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ ഗവേഷക വിദ്യാർഥിയാണ് ലേഖിക

Top