വിപ്ലവത്തിന്റെ പോസ്റ്റുമാര്‍ട്ടം

സവിശേഷമായ ചരിത്രസന്ദര്‍ഭത്തില്‍ ദളിതരോടും ആദിവാസികളോടൊപ്പം ചേര്‍ന്നും, ലിംഗരാഷ്ട്രീയത്തെക്കുറിച്ച് ഉന്നയിച്ചും, സാമൂഹികമാറ്റങ്ങളെ ആഹ്ലാദകരമായ കൂടിച്ചേരലുകളിലേക്ക് ചുരുക്കുന്ന പ്രവണതകളില്‍, അതുവരെ നിലനിന്നിരുന്ന ആശയപരമായ ഭിന്നതകള്‍ ഒഴിവാക്കപ്പെടുകയാണ് പതിവ്. മൗലികവും അതിശക്തവുമായ രാഷ്ട്രീയചോദ്യങ്ങളെ ബഹുതലങ്ങളും സെലിബ്രിറ്റി സാന്നിധ്യങ്ങള്‍ക്കൊണ്ടും നിര്‍വീര്യമാക്കാമെന്ന ഭാവന സാമൂഹിക ചലനാത്മകതയില്‍ ഊന്നിയതല്ലെന്നുള്ള വസ്തുത കാണേണ്ടതുണ്ട്. വിപ്ലവം തന്നെ പ്രച്ഛന്നവ്യവഹാരങ്ങളുടെ ലോകമാണെന്ന് തിരിച്ചറിയാനുള്ള ഉപാധിയാണ് ചരിത്രത്തിലൂടെ സൂക്ഷ്മമായി നടത്തുന്ന യാത്രകള്‍. ബിജുരാജിന്റെ പുസ്തകം പിന്തുടരുന്ന ഏതൊരാള്‍ക്കും വ്യത്യസ്തമായ ആലോചനകള്‍ക്ക് വഴിയുണ്ടെങ്കിലും ഇന്ത്യയിലെ ദളിത് കീഴാള ബഹുജന്‍ രാഷ്ട്രീയത്തെ പ്രതീക്ഷയോടെ നോക്കിക്കാണാന്‍ നിര്‍ബന്ധിതമായ സന്ദര്‍ഭങ്ങള്‍ ആയിരിക്കാം ഭാവിയെ നിര്‍ണ്ണയിക്കുന്നതെന്നു സമകാലികത സൂചിപ്പിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍, നിനച്ചിരിക്കാത്ത സന്ദര്‍ഭങ്ങളില്‍ പ്രത്യക്ഷപ്പെട്ട്, വെടിയൊച്ചകള്‍ മുഴക്കി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാവോയിസ്റ്റ് പ്രസ്ഥാനം ചരിത്രത്തിലെ ഫലിതമോ ദുരന്തമോ ആയി പരിണമിക്കാനാണ് സാധ്യത. കനുല്‍ദായയുടെയും കൊണ്ടപ്പള്ളി സീതാരാമയ്യയുടെയും കെ.ജി. സത്യമൂര്‍ത്തിയുടെയും അവസാന കാലങ്ങളെപ്പറ്റി സൂചന നല്‍കുന്ന ഈ പുസ്തകം, യാഥാര്‍ത്ഥത്തില്‍ അതിലേക്കല്ലേ വഴിചൂണ്ടുന്നത്?

കേരളത്തിലെ നക്‌സലൈറ്റ് ചരിത്രത്തെ വിലയിരുത്തുവാന്‍, ഉപാദാനസാമഗ്രികളായി ഇതുവരെയുണ്ടായിരുന്നത് ജീവചരിത്രങ്ങളും ആത്മകഥകളും, സൈദ്ധാന്തിക ഗ്രന്ഥങ്ങളും ചില ചര്‍ച്ചകളും മാത്രമായിരുന്നതിന്റെ പരിമിതിയെ മറികടക്കാനുള്ള ശ്രമമാണ് ആര്‍. കെ. ബിജുരാജ് നക്‌സല്‍ ദിനങ്ങള്‍ എന്ന ബൃഹദ്രചനയിലൂടെ നടത്തിയിരിക്കുന്നത്. പത്രപ്രവര്‍ത്തകന്റെ ജിജ്ഞാസയും ചരിത്രാന്വേഷകന്റെ സൂക്ഷ്മതയും ആക്ടിവിസ്റ്റിന്റെ പ്രതിബദ്ധതയും ഒക്കെ ചേര്‍ന്ന രചനാവ്യക്തിത്വം ആണ് ഈ ഗ്രന്ഥത്തിലൂടെ മുന്നോട്ടു പോകുന്ന ഒരാള്‍ക്ക് കാണാന്‍ കഴിയുക. വാദത്തിനും പ്രതിവാദത്തിനും ഇടം നല്‍കുന്ന ആമുഖത്തില്‍, കേരളത്തിന്റെ ചരിത്രത്തെ നക്‌സലൈറ്റ് പ്രസ്ഥാനം എങ്ങനെ മാറ്റിമറിച്ചു എന്ന കാര്യത്തിലാണ് താന്‍ പ്രധാനമായും ഊന്നുന്നതെന്ന് പറയുന്നതിലൂടെ ഗ്രന്ഥരചനയുടെ ലക്ഷ്യത്തെ കൂടുതല്‍ കൃത്യമാക്കാന്‍ ബിജുരാജ് ശ്രദ്ധിക്കുന്നുണ്ട്. നിരവധിയാളുകളുമായി നടത്തിയ അഭിമുഖങ്ങള്‍, പാര്‍ട്ടികളുടെ രഹസ്യവും പരസ്യവുമായ രേഖകളുടെ പരിശോധന, ലഭ്യമായ ഒട്ടേറെ ഗ്രന്ഥങ്ങള്‍ എന്നിങ്ങനെ ചരിത്രരചനയ്ക്കാവശ്യമായ കോപ്പുകളും പതിനഞ്ചിലേറെ വര്‍ഷത്തെ പരിശ്രമവുമൊക്കെ ചേരുന്നതാണ് ഈ പുസ്തകം എന്നുള്ളത് അതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്. കൂടാതെ, വിവിധ നക്‌സല്‍ഗ്രൂപ്പുകള്‍ തമ്മിലുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ വ്യതിരിക്തതകളെ പക്ഷം പിടിക്കാതെ അവതരിപ്പിക്കുവാന്‍ കഴിയുന്നതിലൂടെ എല്ലാ വിഭാഗത്തിന്റെയും പിന്തുണയും വായനയും ഒരു പരിധിവരെ ഉറപ്പിക്കുവാന്‍ എഴുത്തുകാരന് സാധിക്കുന്നു. പക്ഷേ, ഇപ്പറഞ്ഞ കാര്യങ്ങളൊന്നും നക്‌സലിസത്തെയും ഇപ്പോള്‍ ശക്തിയാര്‍ജിച്ചിരിക്കുന്ന മാവോയിസത്തെയും ചരിത്രപരവും സാമൂഹികവുമായും വിലയിരുത്തുന്നതില്‍നിന്നും പിന്തിരിപ്പിക്കുന്ന ഘടകങ്ങളല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

  • ആക്ഷനുകള്‍, ആസൂത്രണങ്ങള്‍, പിഴവുകള്‍

സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയുന്നതില്‍ ഇന്ത്യയിലെ നക്‌സലൈറ്റുകള്‍ പരാജയപ്പെട്ടുവെന്നത് മുന്‍ നക്‌സലൈറ്റുകളെപ്പോലെ നിരവധി സാമൂഹ്യശാസ്ത്രജ്ഞരും ചൂണ്ടിക്കാണിച്ചിട്ടുള്ള വസ്തുതയാണ്. അമിതമായ വൈകാരികതയും വ്യക്തികേന്ദ്രിതത്വവും വിശ്വാസരാഹിത്യവും അധികാര മോഹവും നൈതികരാഹിത്യവും ഹിംസാവാസനയും എല്ലാം ചേര്‍ന്നതായിരുന്നു സംഘടനാപരമായ നക്‌സലൈറ്റുകളുടെ ചരിത്രമെന്നുള്ള സൂചനകള്‍ സൂക്ഷ്മമായ വായനയിലൂടെ കണ്ടെത്താവുന്നതാണ്.
ഓരോ മുന്നേറ്റങ്ങളും പരീക്ഷണവിജയങ്ങളായി കൊണ്ടാടുന്ന പ്രവണതയും ചൈനീസ് മാതൃകയിലേക്ക് സമീകരിക്കാനുള്ള വാസനയും കാണിക്കുന്നത്, ഇന്ത്യയിലെ പാര്‍ട്ടികള്‍ക്കു ആഗോളമായി കിട്ടാവുന്ന അംഗീകാരത്തിലായിരുന്നു മുഖ്യമായും ഇവര്‍ ഊന്നിയതെന്നാണ്. അതിനു വേണ്ടിയുള്ള തീവ്രമായ പരീക്ഷണവേദികളായി ഇന്ത്യയിലെ ഗ്രാമങ്ങളെ, വിശേഷിച്ചും ദളിതരും ആദിവാസികളും തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് കാണാം. ചില സന്ദര്‍ഭങ്ങളില്‍ പ്രാദേശികമായി ഉയര്‍ന്നുവന്ന പ്രതിരോധങ്ങളെ ഉപയോഗപ്പെടുത്തി തങ്ങളുടെ വിപ്ലവശ്രമങ്ങള്‍ക്കു സാധൂകരണം നേടാനും പിന്നീട് അതിന്റെ പേരില്‍ സംഘടനാശേഷി വര്‍ദ്ധിപ്പിക്കുവാനും വിവിധ ഗ്രൂപ്പുകള്‍ക്ക് അസ്തിത്വം ഉറപ്പിക്കുവാനും കഴിയുന്ന തരത്തില്‍ ഓപ്പറേഷനുകള്‍ ആസൂത്രണം ചെയ്യുകയുമായിരുന്നു നക്‌സലൈറ്റുകളുടെ കേരളത്തിലെ രീതിയെന്ന് വ്യക്തമാണ്. താല്‍ക്കാലികമായി നേടിയ ചില വിജയങ്ങളെ അസാധാരണമായ വിധത്തില്‍, അണികള്‍ക്കിടയില്‍ പെരുപ്പിച്ചു കാണിക്കുകയും അവരെ മറ്റൊരു ഉന്മൂലനത്തിന് സജ്ജരാക്കുകയുമായിരുന്നു മറ്റൊരു രീതി. ബംഗാളിലെ ഡാര്‍ജിലിങ് ജില്ലയില്‍ ആദ്യകാലത്തുണ്ടായ ജനകീയ മുന്നേറ്റങ്ങളില്‍ നിന്നു ആവേശത്തോടെ സംസാരിച്ച ചാരുമജുംദാര്‍ ഹിംസയെ ന്യായീകരിച്ചത്, ”നാം അഞ്ചോ പത്തോ പേരെ വകവരുത്തുകയാണെങ്കില്‍ അത്രയും തന്നെ റൈഫിളുകള്‍ നമ്മുടെ കൈയില്‍വരും. റൈഫിള്‍ ലഭിക്കുമ്പോള്‍ സമരം ചെയ്യാനുള്ള മനോവീര്യം വര്‍ധിക്കും എന്നാണ്.” കേരളത്തിലെ ആദ്യകാല വിപ്ലവശ്രമങ്ങളും ഈ വാക്കുകളെ പ്രയോഗവത്കരിക്കാനുള്ള നീക്കങ്ങളായിരുന്നുവെന്നു ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. വിശേഷിച്ചും തലശ്ശേരി പോലീസ് സ്റ്റേഷന്‍ ആക്രമണം.
”അടിയോരുടെ പെരുമന്‍” എന്നു വിശേഷിപ്പിക്കപ്പെടുന്ന നക്‌സല്‍ വര്‍ഗീസിന് വയനാട്ടിലെ അടിമപ്പണിയെക്കുറിച്ചും ആദിവാസിസ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ചും കിട്ടിയ ഒരു കത്തിനപ്പുറം, കേരളത്തില്‍ നടന്ന മറ്റു ഉന്മൂലനങ്ങളെ ന്യായീകരിക്കാനാവുന്ന ഒരു രേഖയും ഇല്ലെന്ന യാഥാര്‍ത്ഥ്യം കാണേണ്ടതുണ്ട്. പ്രത്യേകിച്ചും, നക്‌സലൈറ്റുകള്‍ക്കു പ്രാദേശികമായി അംഗബലമുള്ള ഇടങ്ങളെ ആക്ഷനുവേണ്ടി മാര്‍ക്ക് ചെയ്യുകയും, സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഉള്ളവര്‍ അവിടയെത്തുകയും ചെയ്യുന്ന ശൈലിയായിരുന്നു ഇവര്‍ സ്വീകരിച്ചത്. മറ്റൊരു ശ്രദ്ധേയമായ കാര്യം, ഉന്മൂലനത്തിനായി നിയോഗിക്കപ്പെട്ട പലര്‍ക്കും തങ്ങള്‍ ചെയ്യേണ്ട കാര്യത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലായിരുന്നുവെന്നതാണ്. അതായത്, കണിശമായ ആസൂതത്രണമോ ആശയപരമായ സാധൂകരണമോ ഒന്നുമില്ലാതെ നടന്ന പ്രകടനങ്ങള്‍ക്കപ്പുറം കേരളത്തെ ഭീതിയിലാഴ്ത്തിയ നക്‌സല്‍ മുന്നേറ്റങ്ങള്‍ക്ക് രാഷ്ട്രീയമായ ഉള്ളടക്കം കുറവായിരുന്നു എന്നാണിത് കാണിക്കുന്നത്. പിഴവുകള്‍ ഇല്ലാതെ നടത്തിയ വിപ്ലവങ്ങള്‍ കേരളത്തില്‍ ഇല്ലെന്നുതന്നെ പറയാവുന്ന തരത്തിലാണ് അതിന്റെ വ്യാപ്തി. തലശ്ശേരി പോലീസ്‌സ്റ്റേഷന്‍ ആക്രമണത്തില്‍ ആരംഭിക്കുന്ന ഭയം കലര്‍ന്ന പിഴവുകള്‍ കേരളത്തിന്റെ പലഭാഗങ്ങളിലേക്കും പടരുന്നതാണ്.

___________________________________
1996 ഒക്‌ടോബര്‍ 4 നു പാലക്കാട് കലക്ടറെ ബന്ദിയാക്കിയതു മുതല്‍ വിപ്ലവത്തിന്റെ ഈ പ്രച്ഛന്ന രൂപം കേരളീയര്‍ക്ക് പരിചിതമാണ്. അത് 2015 ല നില്‍പ്പ് സമരത്തില്‍വരെ തുടര്‍ന്നു. വിപ്ലവകാരികളുടെ നുഴഞ്ഞുകയറ്റങ്ങളെ സ്വീകാര്യമാക്കുന്ന പ്രധാനപ്പെട്ട ഘടകമാകട്ടെ, ഒരേ സമയം സാമുദായിക ഭാവനകളിലും വിപ്ലവപാരമ്പരത്തിലും അഭിരമിക്കുന്ന രക്ഷാകര്‍ത്തൃത്വങ്ങളുടെ സാന്നിധ്യമാണെന്ന് പറയാം. ആദിവാസികളുടെയും ദലിതരുടെയും വിമോചനാത്മക സമങ്ങങ്ങള്‍ക്കുള്ളില്‍ തങ്ങളുടൈ പൂര്‍വ്വ കാല ഭാവനകളുടെ ശേഷിപ്പുകളുടെ കടത്തിവിടുക മാത്രമാണ് ഇവര്‍ ചെയ്യുന്നത്. തരാതരപോലെ ദലിത് വ്യവഹാരങ്ങളെ പിളര്‍ത്തിയും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അപരത്വത്തെ അദൃശ്യമാക്കിയും ഉള്ള ഒരു വിപ്ലവ ഹിന്ദു പ്രതിച്ഛായയാണ് പലപ്പോഴും ഈ പരിഷ്‌കരമവാദികളായ പിതാക്കന്മാര്‍ മുന്നോട്ടുവെയ്ക്കുന്നതെന്ന് പറയാം. ഇവര്‍ക്ക് സോഷ്യല്‍ മീഡിയായില്‍ ഉള്‍പ്പെടെ ലഭിക്കുന്ന പിന്തുണയെ വിപ്ലവധാരകളെ ശക്തിപ്പെടുത്തുന്നതിനായി വിനിയോഗിക്കുന്നതതില്‍ നിന്നും ഈ പാരസ്പര്യത്തിന്റെ ധാരയെ തിരിച്ചറിയാന്‍കഴിയും. 
___________________________________ 

ബിജുരാജിന്റെ പുസ്തകത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ കണ്ടെത്താന്‍ കഴിയുന്ന മറ്റൊരു കാര്യം, ആശയപരമായി ആക്ഷനുകള്‍ക്ക് തയ്യാറാകുമ്പോഴും, പ്രായോഗികമായ അജ്ഞത പല സന്ദര്‍ഭങ്ങളിലും അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്നുള്ളതാണ്. തിരുനെല്ലിയിലേക്കുള്ള യാത്രയ്ക്കിടയിലെ കിസാന്‍ തൊമ്മന്റെ അതിദയനീയമായ വേര്‍പാടും, മറ്റ് ഉന്മൂലനങ്ങള്‍ക്കിടയില്‍ അണികള്‍ക്ക് സംഭവിച്ച മുറിവുകളുമൊക്കെ ഇതിന്റെ ഫലമായുണ്ടായതാണ്. തിരുനെല്ലി കലാപത്തില്‍ പങ്കെടുത്ത എട്ട് ആദിവാസികളില്‍ ഏഴുപേരും നിരക്ഷരായിരുന്നുവെന്ന കാര്യവും സംഘടനാരംഗത്തു സജീവമായവരില്‍ ഭൂരിപക്ഷവും താഴെത്തട്ടിലുള്ള തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു എന്ന യാഥാര്‍ത്ഥ്യവും ചേര്‍ത്തുവെച്ചാല്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആക്ഷനുകളില്‍ ഉണ്ടാകാവുന്ന പാളിച്ചകളെ ഊഹിക്കാനാവും. ഇതിനര്‍ത്ഥം, പല നിര്‍ണ്ണായകമായ പ്രായോഗിക പ്രവര്‍ത്തനങ്ങളിലും സൈദ്ധാന്തികമായി അടിത്തറയുള്ള സവര്‍ണ്ണ മധ്യവര്‍ഗനേതൃത്വം ആസൂത്രകരുടെ റോളിലേക്കു ചുരുങ്ങി, ആക്ഷനുകള്‍ക്കായി യഥാര്‍ത്ഥ തൊഴിലാളിവര്‍ഗ്ഗത്തെ ഉപയോഗിച്ചുവെന്നാണ്. നേതൃത്വത്തിലുള്ള ഓരോ വിപ്ലവകാരിയും സംഘടനയ്ക്കുള്ളിലെ നില ഭദ്രമാക്കാനും, ഇതര സഖാക്കളോടൊപ്പം അഭിമാനത്തോടെ പ്രവര്‍ത്തിക്കാനും നിരവധി ആക്ഷനുകളെ പ്രയോജനപ്പെടുത്തിയതായി ചരിത്രത്തില്‍നിന്നും വ്യക്തമാണ്. ഗ്രന്ഥകാരന്റെ വാക്കുകളില്‍, ”സമാന്തര കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വെള്ളത്തൂവല്‍ സ്റ്റീഫനും എം.എന്‍. രാവുണ്ണിയും തങ്ങളുടേതായ രീതിയില്‍, തങ്ങളുടെ നേതൃത്വത്തില്‍ വ്യത്സ്ത ഇടങ്ങളില്‍ രാഷ്ട്രീയലൈന്‍ നടപ്പാക്കാന്‍ ഒരുങ്ങി”. തങ്ങളുടേതായ രീതിയില്‍ അരങ്ങേറിയ ആക്ഷനുകളില്‍ പലതും ലക്ഷ്യത്തെയും മറികടന്ന ഹിംസകളായതിന്റെ മികച്ച ഉദാഹരണമാണ് ഇടുക്കി കല്ലാര്‍കുട്ടിയില്‍ നടന്ന ഉന്മൂലനം. യഥാര്‍ത്ഥത്തില്‍, പണവും തോക്കും കൈവശപ്പെടുത്തി താക്കീതു നല്‍കി അവസാനിപ്പിക്കുവാന്‍ പദ്ധതിയിട്ട ആ ആക്ഷന്‍ കൊലപാതകത്തില്‍ കലാശിക്കുകയാണ് ചെയ്യുന്നത്. വര്‍ഗ്ഗപരമായി ശത്രുവാകാനുള്ള യോഗ്യതയൊന്നും അരുംകൊല ചെയ്യപ്പെട്ട പി.എം. ജോസഫിനില്ലായിരുന്നുവെന്ന് പിന്നീട് പാര്‍ട്ടി വിലയിരുത്തുകയും ചെയ്തതായി ഗ്രന്ഥകാരന്‍ വെള്ളത്തൂവല്‍ സ്റ്റീഫനെ ഉദ്ധരിച്ചുകൊണ്ട് എഴുതുന്നു. തീര്‍ത്തും മത്സരബോധത്തോടെ സമാനമായ ആക്ഷന്‍ നടപ്പാക്കിയതിന്റെ മറ്റൊരുസന്ദര്‍ഭമായിരുന്നു ചാരുമജുംദാറിന്റെ കണ്ണൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു നടത്തിയ താവാത്തെ ഉന്മൂലനം. ബിജുരാജ് വിശദീകരിക്കുന്നതു പോലെ, കേരളത്തില്‍ ജന്മിത്വത്തെ അടിച്ചുടച്ചു നീക്കം ചെയ്യുക എന്ന ഔദ്യോഗിക ലൈന്‍ അനുസരിച്ച് ഒരു ഉന്മൂലമെങ്കിലും നടന്നില്ലെങ്കില്‍ ക്ഷീണമാകും എന്നു ഔദ്യോഗിക സംസ്ഥാനനേതൃത്വവും വിലയിരുത്തി. അവരതിനു കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ സമ്മര്‍ദ്ദം ചെലുത്തി. അങ്ങനെ ഉന്മൂലനത്തിനു സ്ഥലം തീരുമാനിക്കപ്പെട്ടു. അമ്പാടി ശങ്കരന്‍കുട്ടി മേനോന്റെ നേതൃത്വത്തിലുള്ള ഔദ്യോഗികവിഭാഗം കേരളത്തില്‍ നടപ്പിലാക്കിയ ഏക ഉന്മൂലനം ഇതായിരുന്നു.

  • ബഹുജനവിരുദ്ധതയുടെ രാഷ്ട്രീയം

ഉന്മൂലനങ്ങളുടെ ലക്ഷ്യവും നടപ്പാക്കിയ രീതികളും വ്യക്തമാക്കുന്നതുപോലെ, കേരളത്തിലെ നക്‌സല്‍ മുന്നേറ്റങ്ങള്‍ വ്യത്യസ്തങ്ങളായ ആശയസംഘര്‍ഷങ്ങളുടെയും വ്യക്തികേന്ദ്രിത താല്‍പ്പര്യങ്ങളുടെയും ആവിഷ്‌കാരങ്ങളായിരുന്നുവെന്ന് പറയാം. ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു കാര്യം, ബഹുജനപിന്തുണയുള്ളവര്‍ ഇവരില്‍ കുറവായിരന്നു എന്ന വസ്തുതയാണ്. തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രസ്ഥാനങ്ങളോടുള്ള അതൃപ്തിയും, സാമൂഹികമായ ബഹിഷ്‌കൃതാവസ്ഥയും, ആധുനികതാവാദംപോലുള്ള ആശയധാരകളോടുള്ള ചിന്താശൂന്യമായ വിധേയത്വവും, മതപരമായ അനുഷ്ഠാനത്തോളം പോന്ന മാവോയിസ്റ്റ് രാഷ്ട്രീയത്തോടുള്ള ചായ്‌വുമൊക്കെയാണ് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരെ നയിച്ചതെന്ന് പ്രകടമാണ്. ഇവരുടെ പിന്നണിയില്‍ നിന്നവരാകട്ടെ, സാമൂഹികവിമോചനത്തെപ്പറ്റി പുതിയ ഭാവനകള്‍ ഉള്ളവരും അരക്ഷിതമായ ജീവിതസാഹചര്യങ്ങളാല്‍ വിപ്ലവകാരികളായി മാറിയവരും ആണെന്നു പറയാം.
മതപരതയോളം പോന്ന അന്ധമായ മാവോ ആരാധനയ്ക്ക് ഉദാഹരണമായി, കിസാന്‍ തൊമ്മന്റെ ദാരുണമായ അന്ത്യനേരത്ത് ജനങ്ങളെ സേവിക്കുക എന്ന മാവോയുടെ ലേഖനം ആവര്‍ത്തിച്ച് ഉരുവിടുന്ന ഒരു പ്രവര്‍ത്തകനെക്കുറിച്ച് ഗ്രന്ഥകാരന്‍ തന്നെ എഴുതുന്നുണ്ട്. സ്വാഭാവികവും, സമൂര്‍ത്ത സാഹചര്യങ്ങളുടെ പ്രേരണയാല്‍ വിപ്ലവത്തില്‍ പൂര്‍ണ്ണമായി മുഴുകിയ ഇവരെപ്പോലുള്ളവര്‍, ചരിത്രത്തില്‍ നിന്നുതന്നെ അപ്രത്യക്ഷമാവുകയും ചിലര്‍ ജീവിതത്തില്‍നിന്നു തന്നെ പിന്‍വാങ്ങുകയും ചെയ്തതായി കാണാം. ബഹുജന സ്വീകാര്യതയുടെ അഭാവം അനാഥത്വവും സ്വയം പിഢനാസക്തിയുള്ള വലിയൊരു വിഭാഗത്തെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചെന്നു നിസ്സംശയം പറയാം. ഫ്രാന്‍സിസ്, കൊച്ചുരാജന്‍, അലക്‌സാണ്ടര്‍, ഇ.വി. കൃഷ്ണന്‍കുട്ടി തുടങ്ങിയ ഒരുപിടിയാളുകളുടെ ജീവിതം ചൂണ്ടിക്കാണിക്കുന്ന വസ്തുതയിതാണ്. സുബ്രഹ്മണ്യ ദാസിന്റെ ജീവിതംപോലെ ഇവരൊന്നും ആഘോഷിക്കപ്പെട്ടില്ല എന്നുമാത്രം. പ്രാദേശികമായി പിന്തുണ ലഭിച്ചില്ലെന്നു മാത്രമല്ല, അകാരണമായ ഭീതിയും രാഷ്ട്രീയ ഇടപെടലുകളെക്കാള്‍ സാമൂഹിക ജീവിതത്തിന്റെ നീതിബോധങ്ങളെ ചോദ്യം ചെയ്യുന്ന, പച്ചയായ കൊലപാതകങ്ങളാണ് നക്‌സലൈറ്റുകള്‍ നടത്തുന്നതെന്ന ധാരണയും പൊതുജനങ്ങള്‍ക്കിടയില്‍ ശക്തിപ്പെടുന്നതാണ് പിന്നീട് നമ്മള്‍ കാണുന്നത്. ഇതിന്റെ പ്രധാനപ്പെട്ട കാരണം മധ്യവര്‍ഗ്ഗത്തിന്റെ അരാഷ്ട്രീയബോധമാണ് എന്ന വിമര്‍ശനം ഉന്നയിക്കുമ്പോഴും, യാഥാര്‍ത്ഥ്യം അതായിരുന്നില്ല എന്ന വസ്തുത കാണേണ്ടതുണ്ട്. നഗരൂര്‍, കുമ്മിള്‍, കിളിമാനൂര്‍ ആക്ഷനുകള്‍ പൂര്‍ത്തീകരിക്കുമ്പോഴേക്കും പൊതുഭാവനയില്‍ ചില നിക്ഷിപ്ത സംഘങ്ങളുടെ അക്രമണങ്ങള്‍ക്കപ്പുറം രാഷ്ട്രീയമുന്നേറ്റങ്ങളായി പരിഗണിക്കപ്പെടാത്തതിനു മറ്റുചില കാരണങ്ങള്‍ കൂടിയുണ്ടെന്ന് സൂക്ഷ്മമായി ഈ ചരിത്രപുസ്തകത്തിലൂടെ കടന്നുപോയാല്‍ കാണാം. ഈ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ യഥാര്‍ത്ഥ പ്രതികളാണോ എന്നറിയില്ല. ഭൂരിപക്ഷവും വര്‍ഗ്ഗപരമായി തൊഴിലാളികളും ദരിദ്രരുമായിരുന്നു. കൂടാതെ, പതിനേഴുവയസ്സുള്ള അബ്ദുള്‍ അസീസ്, ദാമോദരന്‍ എന്ന ദലിതന്‍ എന്നിവരടങ്ങിയ വിപ്ലവമുന്നേറ്റങ്ങളെ പൊതുസമൂഹം എങ്ങനെ വിലയിരുത്തുമെന്നുള്ളത് ഊഹിക്കാവുന്നതേയുള്ളു.
ജനാധിപത്യകേരളത്തില്‍ പല തരത്തിലുള്ള സാമൂഹിക ജാഗ്രതകളും സംവാദങ്ങളും വികസിച്ചുതുടങ്ങിയ കാലത്താണ് ഇപ്പറഞ്ഞ അപക്വമതികളെ ഇരകളാക്കി നക്‌സലൈറ്റ് നേതൃത്വത്തിന്റെ വ്യത്യസ്ത ലൈനുകള്‍ക്ക് പ്രായോഗികരൂപം നല്‍കിയതെന്ന് ഗൗരവമായി കാണേണ്ടതുണ്ട്. വെള്ളത്തൂവല്‍ സ്റ്റീഫന്‍ ഐക്യശ്രമങ്ങളെ മുഴുവന്‍ തകര്‍ത്ത് ഉന്മൂലനം എന്ന അഖിലേന്ത്യാനയം നടപ്പിലാക്കാന്‍ കൊടുങ്കാറ്റുപോലെ പാഞ്ഞു നടന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ആഖ്യാനത്തില്‍ ഒരു ഉന്മാദിയെ നമുക്ക് കാണാം. വിശേഷിച്ചും അയാള്‍ക്കത് ചെയ്യാതിരിക്കാന്‍ കഴിയുമായിരുന്നില്ല എന്നു തീര്‍പ്പ് കല്‍പ്പിക്കുന്നിടത്ത്. വളരെപ്പെട്ടെന്ന് സ്റ്റീഫന്റെ ആക്രമണോല്‍സുകത അല്ലാതാവുകയും, എറണാകുളം നഗരത്തിനുള്ളിലെ പുഞ്ചപ്പാടത്തിനു നടുവില്‍ കര്‍ഷകത്തൊഴിലാളികളുടെ കുടിലുകള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന അദ്ദേഹം പോലീസിന്റെ പിടിയിലാവുകയുമാണ്. എതിര്‍പ്പുകളൊന്നുമില്ലാത്ത സ്റ്റീഫന്റെ കീഴടങ്ങലോടെ കേരളത്തിലെ ഒന്നാംഘട്ട നക്‌സല്‍ പ്രവര്‍ത്തനം നിര്‍ജീവമായതായി ബിജുരാജ് രേഖപ്പെടുത്തുന്നു. ദളിതരുടെയും ആദിവാസികളുടെയും വിശ്വാസ്യതയും വിധേയത്വവും വിപ്ലവത്തോടുള്ള അയഥാര്‍ത്ഥമായ സമീപനവുമൊക്കെയായിരുന്നു കേരളത്തിലെ വിപ്ലവകാരികളുടെ ഷെല്‍ട്ടറുകള്‍ എന്ന് ഒരിക്കല്‍കൂടി തെളിയിച്ച സംഭവമായി, നഗരമധ്യത്തിലെ കുടിലില്‍ നടന്ന ഈ അറസ്റ്റിനു കാണാം.

  • ആശയസംവാദങ്ങളുടെ രണ്ടാംഘട്ടം

ജനകീയസാംസ്‌കാരികവേദിയുടെ പ്രവര്‍ത്തനം സജീവമായ രണ്ടാംഘട്ടമാണ് നക്‌സല്‍ രാഷ്ട്രീയത്തിനുള്ളില്‍ ആശയപരമായ സംവാദങ്ങളുടെ കാലമായി കണക്കാക്കപ്പെടുന്നത്. പ്രായോഗികമായി പല തിരിച്ചടികളും നേരിട്ട സന്ദര്‍ഭത്തില്‍ ഉണ്ടായ ഈ ഉണര്‍വ്, തീവ്രഇടതുപക്ഷത്തിന്റെ രാഷ്ട്രീയവിജയമായി മാത്രം അടയാളപ്പെടുത്തുന്നത് ചരിത്രപരമായി ശരിയല്ല. കാരണം, ആശയപരമായ ഒട്ടേറെ കൊടുക്കല്‍ വാങ്ങലുകള്‍ സാഹിത്യത്തിലും ഇതര കലാമേഖലകളിലും, പ്രത്യേകിച്ച് സിനിമ നാടകം പോലുള്ളവയില്‍ ഉണ്ടായതിന്റെ പ്രതിഫലനം കൂടിയായിരുന്നു അത്. കേരളത്തില്‍, ചില പ്രതികബോധമനുഷ്യരും ചിന്തകരും ഉണ്ടായപ്പോള്‍ സ്വാഭാവികമായും അവര്‍ക്ക് കൂടിച്ചേരാനും, തങ്ങളുടെ ആവിഷ്‌കാരങ്ങളെ അവതരിപ്പിക്കുവാനും പറ്റിയ പ്രയോജനകരമായ വേദിയായി ജനകീയ സംസ്‌കാരവേദിയെ മാറ്റിയതിന്റെ ഫലം കൂടിയാണ് ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്ന ഉണര്‍വ്വുകള്‍ എന്നു പറയാം. ഇവരില്‍ പലരും പ്രയോജനകരമായ മറ്റു മേഖലകള്‍ ലഭിച്ചപ്പോള്‍ വളരെപ്പെട്ടെന്നു തന്നെ വിപ്ലവപാതയെ തള്ളിപ്പറഞ്ഞതും കേരളം കണ്ടതാണ്.

____________________________________
വിവിധ ഗ്രൂപ്പുകളും വ്യത്യസ്ത ലൈനുകളും കൊണ്ടു തുടക്കംമുതല്‍ തന്നെ അടയാളപ്പെട്ട തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആശയപരമായ സംഘര്‍ഷം രൂക്ഷമായ സന്ദര്‍ഭം ജാതിയെക്കുറിച്ചുള്ള ചര്‍ച്ചകളും അതിനെത്തുടര്‍ന്നുണ്ടായ ധ്രുവീകരണങ്ങളുമായിരുന്നുവെന്ന് പറയാം. ഈ സംവാദം ഇതര മേഖലകളെക്കുറിച്ചുള്ള യാന്ത്രികവാദങ്ങളുടെ പരിമിതിയും അതു നിലനിര്‍ത്തുന്നതില്‍ കമ്മ്യൂണിസ്റ്റുകള്‍ വഹിച്ചപങ്കും വിമര്‍ശനവിധേയമാവുകയും ചെയ്തു. എണ്‍പതുകളില്‍ നാമ്പിട്ട് തൊണ്ണൂറുകളില്‍ വികസിച്ച ബഹുജന്‍ രാഷ്ട്രീയത്തിന്റെ വ്യാപനവും, വരേണ്യസമുദായത്തിന്റെ സംവറണ വിരുദ്ധപ്രക്ഷോഭങ്ങളും അതിനെതിരെ രൂപപ്പെട്ട അവര്‍ണ്ണ ബഹുജനങ്ങളുടെ അവബോധപരവും പ്രായോഗികവുമായ ഉയിര്‍ത്തെഴുന്നേല്പും, ഇതിലെല്ലാമുപരി അംബേദ്കര്‍ ചിന്തകളുടെ വീണ്ടെടുപ്പുമെല്ലാം നക്‌സലൈറ്റുകള്‍ക്ക് മുന്‍പില്‍ ഉയര്‍ത്തിയ സൈദ്ധാന്തികവും പ്രായോഗികവുമായ പ്രശ്‌നങ്ങളില്‍ തിരിച്ചറിവ് നേടിയ തലമുറ, കാല്പനികവും വരേണ്യാധീശത്വത്തിന്റെ മറ്റൊരു ഒളിപ്പുരയായ ”വിപ്ലവധാര”കളെ കാര്യമായിട്ട് കണക്കാക്കുന്നില്ലെന്നും പറയാം.
____________________________________ 

‘പ്രസക്തി’ മാസികയുടെ ആദ്യപത്രാധിപരായ പി.എന്‍. ദാസിനെപ്പോലുള്ളവര്‍ ഭരണകൂട നടപടികളില്‍ അസംതൃപ്തരായി വളരെപ്പെട്ടെന്നുതന്നെ പ്രവര്‍ത്തനം അവസാനിപ്പച്ചു. ‘യെനാന്‍’ പത്രാധിപസമിതി അംഗമായിരുന്ന വി.സി ശ്രീജനെപ്പോലുള്ള വിദ്യാര്‍ത്ഥികള്‍ അക്കാലത്തെ രാഷ്ട്രീയത്തിന്റെ അനുഭവങ്ങളെ പില്‍ക്കാലത്ത് കുട്ടിക്കാലത്തിന്റെ വിവരക്കേടായി തള്ളിപ്പറഞ്ഞിട്ടുണ്ട്. സര്‍ഗാത്മക രചനകളില്‍ ഏര്‍പ്പെട്ടവരാകട്ടെ വരാനിരിക്കുന്ന വിമോചനകാലത്തെ ഭാവന ചെയ്യുകയും കുറഞ്ഞയളവില്‍ സംഘടനാപ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്തു എന്നു കാണാം. ലോകസാഹിത്യഭൂപടത്തിലെ ഏറ്റിറക്കങ്ങള്‍ക്കനുസരിച്ച് തുഴയുന്ന സച്ചിദാനന്ദനെപ്പോലുള്ളവര്‍ പിന്നീട് ബ്ലാക്ക് സാഹിത്യം, സ്ത്രീസാഹിത്യം, ദളിത് സാഹിത്യം, സൈബര്‍സാഹിത്യം തുടങ്ങിയ വ്യത്യസ്ത മേഖലകളുടെ പ്രമോട്ടറായി മാറുകയും ചെയ്തു. ഇതെല്ലാം കാണിക്കുന്നത്, സവിശേഷമായ ആശയ പ്രചാരണത്തിന്റെ വേദിയായി നക്‌സല്‍ രാഷ്ട്രീയത്തിന്റെ സാംസ്‌കാരിക ഭൂമിക വികസിച്ചില്ലെന്നു മാത്രമല്ല, അവയുടെ യാന്ത്രികതയെ അതിവര്‍ത്തിക്കുന്ന സര്‍ഗ്ഗാത്മകവും വൈജ്ഞാനികവുമായ മറ്റൊരുമണ്ഡലം കേരളസമൂഹത്തില്‍ രൂപപ്പെട്ടുവെന്നുമാണ്. ഇത് തിരിച്ചറിയാനുള്ള യാഥാര്‍ത്ഥ്യബോധം നക്‌സലുകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും ഇപ്പോഴും കൈവന്നിട്ടില്ലെന്നും പറയാം.
രാഷ്ട്രീയമായി ഉയര്‍ന്നുവന്ന സംവാദങ്ങള്‍, വിപ്ലവത്തിന്റെ വിവിധങ്ങളായ അന്തര്‍ദേശീയ മാതൃകകളുമായി കണ്ണി ചേര്‍ക്കാനുള്ള പ്രായോഗിക തര്‍ക്കങ്ങള്‍ മാത്രമായിരുന്നുവെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. ഒരു ഘട്ടത്തില്‍, ചൈനീസ് മാതൃകയെ തള്ളിപ്പറഞ്ഞ് അല്‍ബേനിയന്‍ പാര്‍ട്ടിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നവര്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്ന കാര്യം ശ്രദ്ധിക്കപ്പെടേണ്ടതാണ്. കൂടാതെ, ദേശീയ വിപ്ലവത്തെ നയിക്കേണ്ടത് സായുധമായാണോ, ജനാധിപത്യപരമായാണോ, ഇന്ത്യയില്‍ നിലനില്‍ക്കുന്ന വ്യവസ്ഥ അര്‍ദ്ധഫ്യൂഡല്‍ അര്‍ദ്ധകൊളോണിയല്‍ ആണോ, എന്നു തുടങ്ങി കലാപത്തില്‍ സ്വീകരിക്കേണ്ടത് ചാരു മജുംദാര്‍ ലൈനാണോ അതോ മറ്റേതെങ്കിലുമാണോ എന്നിങ്ങനെയുള്ള തര്‍ക്കങ്ങളല്ലാതെ സമൂഹത്തിനു പ്രയോജനപ്രദമായ കാര്യങ്ങള്‍ ചിന്തയില്‍ കാര്യമായി ഉരുത്തിരിഞ്ഞില്ല. ആന്ധ്രാപ്രദേശിന്റെ സാമൂഹിക സാഹചര്യങ്ങള്‍ ഗൗരവമായി പഠിച്ചു വിശകലനം ചെയ്ത് കെ.ബാലഗോപാലിനെപ്പോലുള്ളവര്‍ എഴുതിയ പ്രബന്ധങ്ങള്‍പോലെ ഒന്നുപോലും കേരളത്തെക്കുറിച്ച് ഇല്ലായെന്നത് കാണേണ്ടതുണ്ട്. കെ.വേണു സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചശേഷം എഴുതിയ ചില ഗ്രന്ഥങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ താത്ത്വികപദകോശം കൊണ്ടു നടത്തുന്ന ഉപരിപ്ലവ കസര്‍ത്തല്ലാതെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ സാംസ്‌കാരിക വൈജ്ഞാനിക സംഭാവനകള്‍ ശൂന്യമാണെന്ന് കാണാം.
എഴുത്തിലും മറ്റു സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും തുടക്കക്കാരായ കലാകാരന്‍മാര്‍ക്ക് സ്വാതന്ത്ര്യത്തോടെ ചുവടുറപ്പിക്കുവാന്‍ ജനകീയ സാംസ്‌കാരികവേദിയും സമാന്തര മാസികകളും ഉപകരിച്ചു എന്ന വസ്തുതയെ കാണാതിരിക്കാനാവില്ല. ഇന്നത്തെ മുഖ്യധാരാ എഴുത്തുകാരിലും വിമര്‍ശകരിലും ഈ പ്രസ്ഥാനത്തെയും അതിന്റെ രാഷ്ട്രീയത്തെയും അഭിമുഖീകരിക്കാത്തവര്‍ ചുരുക്കമാണെന്നതും വസ്തുതയാണ്. അടിയന്തരാവസ്ഥപോലെ അതുവരെ അനുഭവിക്കാത്ത ചില രാഷ്ട്രീയസന്ദര്‍ഭങ്ങളെ നേരിട്ടത് ഈ പ്രവണതയ്ക്ക് ആക്കം കൂട്ടിയെന്നും പറയാം. സ്വേച്ഛാധിപത്യം, ഫാസിസം, മതനിരപേക്ഷത തുടങ്ങിയ പ്രശ്‌നമേഖലകള്‍ ആയിരുന്നു സായുധപോരാട്ടത്തെക്കാള്‍ എഴുത്തുകാരെയും കലാകാരന്മാരെയും ആകര്‍ഷിച്ചതെന്ന കാര്യവും അവരുടെ രചനകളിലൂടെയും കലാരൂപങ്ങളിലുടെയും കടന്നുപോകുന്ന ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. അതായത്, സായുധകലാപവും ഭരണകൂടത്തെ മറിച്ചിടാനുള്ള നക്‌സല്‍ പ്രസ്ഥാനങ്ങളുടെ അഭിനിവേശവുമൊന്നുമല്ല മറിച്ച്, സാര്‍വ ലൗകികമായ ചില പ്രമേയങ്ങളില്‍ ആണ് എഴുപതുകളിലെ എഴുത്തുകാര്‍ പ്രധാനമായും ഊന്നിയതെന്ന വസ്തുത തീവ്ര ഇടതുപക്ഷ ആഖ്യാനങ്ങളില്‍ അദൃശ്യമാകുന്ന പതിവ് ഈ പുസ്തകത്തിലും ആവര്‍ത്തിച്ചിരിക്കുന്നു. അടിമത്തം, അന്യവല്‍ക്കരണം, ദാരിദ്ര്യം, പ്രകൃതിചൂഷണം, പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെ അതിജീവനം, തുടങ്ങിയ പ്രമേയങ്ങളായിരുന്നു മുഖ്യമായും സാഹിത്യവും നാടകങ്ങളുമൊക്കെ കൈകാര്യം ചെയ്തതെന്ന യാഥാര്‍ത്ഥ്യം, ലോകസാഹിത്യവും ഭാവുകത്വവുമായി കേരള സമൂഹം പുലര്‍ത്തിയ കൊടുക്കല്‍വാങ്ങലുകളുടെകൂടി പ്രതിഫലനമായി കാണണം.

  • പുതിയ പ്രവര്‍ത്തനരീതികള്‍, ചരിത്രത്തിന്റെ ആവര്‍ത്തനം

എഴുപതുകളിലെ ആക്ഷനുകളില്‍നിന്നും വ്യത്യസ്തമായി, പുതിയ കാലത്തെ സംഘടനാപ്രവര്‍ത്തനങ്ങളില്‍ കാതലായ മാറ്റങ്ങളൊന്നും വന്നിട്ടില്ലെങ്കിലും, പ്രവര്‍ത്തനമേഖലയിലുണ്ടായ പരിണാമങ്ങളെപ്പോലും അവഗണിക്കുന്ന ശൈലിയാണ് നക്‌സലൈറ്റ് പ്രസ്ഥാനങ്ങളും മാവോയിസ്റ്റ് ഗ്രൂപ്പുകളും സ്വീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. നഗരങ്ങള്‍ വികസിക്കാത്ത എഴുപതുകളിലെ പ്രവര്‍ത്തനപദ്ധതികളില്‍നിന്നും, അതിന്റെ ഗറില്ലാരൂപങ്ങളില്‍ നിന്നും മാറി മറ്റൊന്ന് പരീക്ഷിക്കാന്‍ പറ്റാത്തവിധത്തിലുള്ള മരവിപ്പും പ്രകടമാണ്. അപ്രതീക്ഷിതമായ നീക്കങ്ങളിലൂടെ, ഭരണകൂടത്തെയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെയും ഞെട്ടിക്കുകയും, തങ്ങളുടെ സാന്നിധ്യമറിയിക്കുകയുമാണ് ഇവരുടെ രീതി. പണ്ട് മറ്റൊരുവിധത്തില്‍ ജന്മിമാരുടെയും, ഭരണകൂട മര്‍ദ്ദക സംവിധാനങ്ങള്‍ക്കും നേരെ പ്രയോഗിച്ചതിന്റെ ആവര്‍ത്തനം മാത്രമാണിതെന്നും പറയാം. ഇതുകൂടാതെ, ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു പ്രവണതയും ഈയടുത്തകാലത്ത് സജീവമാകുന്നതു കാണാം. ഒരുപക്ഷേ, സാമൂഹികവും സാമ്പത്തികവുമായ ചൂഷണം നേരിടുന്ന, ദലിതരെയും ആദിവാസികളെയും കൂടുതല്‍ അരക്ഷിതമാക്കുകയെന്ന വര്‍ഗതാല്‍പര്യം നക്‌സലൈറ്റുകള്‍ക്കും മാവോയിസ്റ്റുകള്‍ക്കുമുണ്ടോ എന്നു സംശയിക്കാവുന്ന തരത്തിലുള്ള രീതികളാണ് ഇവയില്‍ മുഖ്യം.
1996 ഒക്‌ടോബര്‍ 4 നു പാലക്കാട് കലക്ടറെ ബന്ദിയാക്കിയതുമുതല്‍ വിപ്ലവത്തിന്റെ ഈ പ്രച്ഛന്ന രൂപം കേരളീയര്‍ക്ക് പരിചിതമാണ്. അത് 2015 ല നില്‍പ്പ് സമരത്തില്‍വരെ തുടര്‍ന്നു. വിപ്ലവകാരികളുടെ നുഴഞ്ഞുകയറ്റങ്ങളെ സ്വീകാര്യമാക്കുന്ന പ്രധാനപ്പെട്ട ഘടകമാകട്ടെ, ഒരേ സമയം സാമുദായിക ഭാവനകളിലും വിപ്ലവപാരമ്പരത്തിലും

https://www.youtube.com/watch?v=gIlOhvoso7c

അഭിരമിക്കുന്ന രക്ഷാകര്‍ത്തൃത്വങ്ങളുടെ സാന്നിധ്യമാണെന്ന് പറയാം. ആദിവാസികളുടെയും ദലിതരുടെയും വിമോചനാത്മക സമങ്ങങ്ങള്‍ക്കുള്ളില്‍ തങ്ങളുടൈ പൂര്‍വ്വ കാല ഭാവനകളുടെ ശേഷിപ്പുകളുടെ കടത്തിവിടുക മാത്രമാണ് ഇവര്‍ ചെയ്യുന്നത്. തരാതരപോലെ ദലിത് വ്യവഹാരങ്ങളെ പിളര്‍ത്തിയും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അപരത്വത്തെ അദൃശ്യമാക്കിയും ഉള്ള ഒരു വിപ്ലവ ഹിന്ദു പ്രതിച്ഛായയാണ് പലപ്പോഴും ഈ പരിഷ്‌കരമവാദികളായ പിതാക്കന്മാര്‍ മുന്നോട്ടുവെയ്ക്കുന്നതെന്ന് പറയാം. ഇവര്‍ക്ക് സോഷ്യല്‍ മീഡിയായില്‍ ഉള്‍പ്പെടെ ലഭിക്കുന്ന പിന്തുണയെ വിപ്ലവധാരകളെ ശക്തിപ്പെടുത്തുന്നതിനായി വിനിയോഗിക്കുന്നതതില്‍ നിന്നും ഈ പാരസ്പര്യത്തിന്റെ ധാരയെ തിരിച്ചറിയാന്‍കഴിയും. ബിജുരാജ് എഴുതുന്നതുപോലെ, 1975 ലെ ആദിവാസി ഭൂനിയമം ഭേദഗതിക്കെതിരെ നടന്ന നാലു യുവാക്കളുടെ ഇടപെടല്‍, അതുവരെയുണ്ടായ ചെറുതും വലുതുമായ പ്രക്ഷോഭങ്ങളെക്കാള്‍ കേരളീയജനതയെ ചിന്തിപ്പിച്ചു. വാസ്തവത്തില്‍, നൂലുണ്ട കാണിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കിയ പാലക്കാട് സംഭവം മുതല്‍ ഇന്നോളം തുടരുന്ന പ്രക്രിയയില്‍ ഇരകളുടെയും ചൂഷിതരുടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെന്നു മാത്രമല്ല; അവരെ ഭരണകൂടത്തിന്റെ ബലപ്രയോഗങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നതെന്നു പറയാം. അയ്യങ്കാളിപ്പടയുടെ ആക്രമണങ്ങള്‍ കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയാവബോധത്തിലും ജനാധിപത്യ പ്രക്രിയകളിലും ഉണ്ടായ മാറ്റങ്ങളെക്കാള്‍ വിപുലമാണ് ആദിവാസികളുടെയും ദളിതരുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയുമൊക്കെ മുന്‍കൈയില്‍ ഉണ്ടായ പരിവര്‍ത്തനങ്ങളെന്നു കാണുമ്പോഴേ ചരിത്രവായനകള്‍ ശരിയായ ദിശയിലാകൂ.

_____________________________________
കെ.എന്‍ രാമചന്ദ്രന്‍ നേതൃത്വം കൊടുക്കുന്ന റെഡ്ഫ്‌ളാഗാണ് കെ.വി പോള്‍ എന്ന മുപ്പത്തിയേഴുകാരനെ പ്രസംഗിച്ചുകൊണ്ടിരുന്ന വേദിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഘടന. അതിന്റെ പിന്നിലുള്ള കാരണം ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്നത്, ബ്രിട്ടീഷ്‌രാജ്ഞിയുടെ കേരളസന്ദര്‍ശനത്തില്‍ സുരക്ഷാവലയം ഭേദിച്ച് പോള്‍ നടത്തിയ പ്രതിഷേധത്തിനു കിട്ടിയ മാധ്യമശ്രദ്ധയിലുണ്ടായ അസൂയയാണെന്നാണ്. മറ്റൊരു പ്രത്യക്ഷകാരണവും ആ അരുകൊലയ്ക്കു പിന്നിലില്ലെന്ന വസ്തുതയില്‍ നിന്നുമാണ് ഇങ്ങനെയൊരു നിഗമനത്തിലേക്ക് എത്തിയതെന്നു വിചാരിക്കാം. ”ഒറ്റുകാര്‍” എന്ന പേരില്‍ നക്‌സലൈറ്റ് മാവോയിസ്റ്റ് മൂവ്‌മെന്റില്‍ ഒട്ടേറെ ഭാതൃഹത്യകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ ഒരു സഖാവിനെ കൊലപ്പെടുത്തുന്നത് ആദ്യമായാണെന്നു തോന്നുന്നു. അതിനു തെരഞ്ഞെടുത്ത സ്ഥലമാകട്ടെ, കേരളീയ നവോത്ഥാന ചരിത്രത്തില്‍ അടയാളപ്പെട്ട വൈക്കവും. അധസ്ഥിത നവോത്ഥാനമുന്നണി മനുസ്മൃതി കത്തിച്ചതിന്റെ ഒരു പതിറ്റാണ്ടിനു ശേഷമാണ് ഈ സംഭവം നടന്നതെന്നത് ശ്രദ്ധേയമാണ്.
_____________________________________ 

അയ്യങ്കാളിപ്പടയുടെ ചരിത്രപരമായ പ്രസക്തിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഗ്രന്ഥകാരന്‍ തികച്ചും വസ്തുതാപരമായ ചില നിരീക്ഷണങ്ങള്‍ നടത്തുന്നത് അവഗണിക്കാനാവില്ല. അതിപ്രകാരമാണ്. ഒരു ഇടപെടലിലൂടെ ആദിവാസി ഭൂസരമത്തിന്റെ മുന്‍നിരയില്‍ വരിക, മറ്റു നക്‌സലൈറ്റ് ഗ്രൂപ്പുകളെക്കാള്‍ പ്രശസ്തമാവുക എന്നീ ലക്ഷ്യങ്ങളും അയ്യങ്കാളിപ്പടയ്ക്കും കെ.സി.പി. യ്ക്കുമുണ്ടായിരുന്നു ഇതിന്റെ തുടര്‍ച്ചയെന്നോണം, അയ്യങ്കാളിപ്പടയെക്കുറിച്ച്, അക്രമ ആക്ഷന്‍ സംഘടനയെന്ന് പാര്‍ട്ടിക്കുള്ളില്‍തന്നെ വിമര്‍ശനമുയര്‍ന്നുവെന്നും സൂചിപ്പിക്കുന്നു.

ഈ ആരോപണങ്ങളെ നേര്‍പ്പിക്കാന്‍ ‘പോരാട്ടം’ പോലുള്ള പ്രസ്ഥാനങ്ങളിലൂടെ ശ്രമിച്ചെങ്കിലും, പാലക്കാട് കളക്ടറെ ബന്ദിയാക്കിയ നാലുയുവാക്കളും അധികംവൈകാതെ നാലു ഗ്രൂപ്പുകളിലായിയെന്നത് വിപ്ലവപാരമ്പര്യത്തില്‍നിന്നും പുതുസംഘടനാരൂപങ്ങളും വ്യതിചലിക്കുന്നില്ലെന്നതിന്റെ ഉദാഹരണമായി കാണാം. കേരളത്തിലെ നക്‌സല്‍ മാവോയിസ്റ്റ് മൂവ്‌മെന്റുകളില്‍, ആദിവാസികളെ മുന്നില്‍ നിര്‍ത്തിയതല്ലാതുള്ള വിപ്ലവശ്രമങ്ങളെല്ലാം ജനകീയ സാധ്യത്തെക്കാള്‍ അക്രമകാരികളുടെയും ഇതര ഗ്രൂപ്പുകളെക്കാള്‍ ഒരുപടി മുന്നിലെത്താന്‍ ആഗ്രഹിക്കുന്നവരുടെയുമൊക്കെ മോഹമുന്നേറ്റങ്ങളായിരുന്നുവെന്നു കാണാം. നാലുപേരില്‍നിന്നും മാറി ഇരുപതുപേരില്‍ എത്തുന്ന എറണാകുളത്തെ കൊക്കോകോള മൊത്തവിതരണ കേന്ദ്രത്തിന്റെ തകര്‍ക്കല്‍ ഒഴിവാക്കിയാല്‍ നഗരകേന്ദ്രങ്ങളിലെ ആക്ഷനുകള്‍ക്ക് പ്രതീകാത്മക മൂല്യത്തിനപ്പുറം പ്രാധാന്യമൊന്നുമില്ലെന്നും കാണേണ്ടതുണ്ട്. എന്നാല്‍ സംഘടനാപരമായി, മറ്റുപലനേട്ടങ്ങളും ലക്ഷ്യം വച്ചാണ് ഇവയൊക്കെ പ്രായോഗികമാക്കിയതെന്നു തിരിച്ചറിയാന്‍ ബിജുരാജിന്റെ പുസ്തകത്തിന്റെ സൂക്ഷ്മവായന സഹായിക്കും. വര്‍ഗ്ഗവിരുദ്ധതയുടെ നേര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉയരാവുന്ന ആയുധം ലീഗ് എന്ന ചെറിയ സംഘടനയുടെ നേതാവിന്റെ ജീവനെടുത്ത ചരിത്രവും, കേരളത്തിന്റെ വിപ്ലവ ചരിത്രത്തിലുണ്ടെന്ന വസ്തുതയാണ് ശ്രദ്ധേയം. കെ.എന്‍ രാമചന്ദ്രന്‍ നേതൃത്വം കൊടുക്കുന്ന റെഡ്ഫ്‌ളാഗാണ് കെ.വി പോള്‍ എന്ന മുപ്പത്തിയേഴുകാരനെ പ്രസംഗിച്ചുകൊണ്ടിരുന്ന വേദിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഘടന. അതിന്റെ പിന്നിലുള്ള കാരണം ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്നത്, ബ്രിട്ടീഷ്‌രാജ്ഞിയുടെ കേരളസന്ദര്‍ശനത്തില്‍ സുരക്ഷാവലയം ഭേദിച്ച് പോള്‍ നടത്തിയ പ്രതിഷേധത്തിനു കിട്ടിയ മാധ്യമശ്രദ്ധയിലുണ്ടായ അസൂയയാണെന്നാണ്. മറ്റൊരു പ്രത്യക്ഷകാരണവും ആ അരുകൊലയ്ക്കു പിന്നിലില്ലെന്ന വസ്തുതയില്‍ നിന്നുമാണ് ഇങ്ങനെയൊരു നിഗമനത്തിലേക്ക് എത്തിയതെന്നു വിചാരിക്കാം. ”ഒറ്റുകാര്‍” എന്ന പേരില്‍ നക്‌സലൈറ്റ് മാവോയിസ്റ്റ് മൂവ്‌മെന്റില്‍ ഒട്ടേറെ ഭാതൃഹത്യകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ ഒരു സഖാവിനെ കൊലപ്പെടുത്തുന്നത് ആദ്യമായാണെന്നു തോന്നുന്നു. അതിനു തെരഞ്ഞെടുത്ത സ്ഥലമാകട്ടെ, കേരളീയ നവോത്ഥാന ചരിത്രത്തില്‍ അടയാളപ്പെട്ട വൈക്കവും. അധസ്ഥിത നവോത്ഥാനമുന്നണി മനുസ്മൃതി കത്തിച്ചതിന്റെ ഒരു പതിറ്റാണ്ടിനു ശേഷമാണ് ഈ സംഭവം നടന്നതെന്നത് ശ്രദ്ധേയമാണ്.

  • സമകാലികതയുടെ അടയാളങ്ങള്‍

വിവിധ ഗ്രൂപ്പുകളും വ്യത്യസ്ത ലൈനുകളും കൊണ്ടു തുടക്കംമുതല്‍ തന്നെ അടയാളപ്പെട്ട തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആശയപരമായ സംഘര്‍ഷം രൂക്ഷമായ സന്ദര്‍ഭം ജാതിയെക്കുറിച്ചുള്ള ചര്‍ച്ചകളും അതിനെത്തുടര്‍ന്നുണ്ടായ ധ്രുവീകരണങ്ങളുമായിരുന്നുവെന്ന് പറയാം. ഈ സംവാദം ഇതര മേഖലകളെക്കുറിച്ചുള്ള യാന്ത്രികവാദങ്ങളുടെ പരിമിതിയും അതു നിലനിര്‍ത്തുന്നതില്‍ കമ്മ്യൂണിസ്റ്റുകള്‍ വഹിച്ചപങ്കും വിമര്‍ശനവിധേയമാവുകയും ചെയ്തു. എണ്‍പതുകളില്‍ നാമ്പിട്ട് തൊണ്ണൂറുകളില്‍ വികസിച്ച ബഹുജന്‍ രാഷ്ട്രീയത്തിന്റെ വ്യാപനവും, വരേണ്യസമുദായത്തിന്റെ സംവറണ വിരുദ്ധപ്രക്ഷോഭങ്ങളും അതിനെതിരെ രൂപപ്പെട്ട അവര്‍ണ്ണ ബഹുജനങ്ങളുടെ അവബോധപരവും പ്രായോഗികവുമായ ഉയിര്‍ത്തെഴുന്നേല്പും, ഇതിലെല്ലാമുപരി അംബേദ്കര്‍ ചിന്തകളുടെ വീണ്ടെടുപ്പുമെല്ലാം നക്‌സലൈറ്റുകള്‍ക്ക് മുന്‍പില്‍ ഉയര്‍ത്തിയ സൈദ്ധാന്തികവും പ്രായോഗികവുമായ പ്രശ്‌നങ്ങളില്‍ തിരിച്ചറിവ് നേടിയ തലമുറ, കാല്പനികവും വരേണ്യാധീശത്വത്തിന്റെ മറ്റൊരു ഒളിപ്പുരയായ ”വിപ്ലവധാര”കളെ കാര്യമായിട്ട് കണക്കാക്കുന്നില്ലെന്നും പറയാം. ഈയൊരു പ്രതിഭാസത്തെ ജാതീയത, വര്‍ഗ്ഗീയത, സാമ്രാജ്യത്വം, തുടങ്ങിയ അത്യന്തം വിഭാഗീയമെന്നു പൊതുബോധത്തില്‍ ഉറപ്പിക്കപ്പെട്ട കാറ്റഗണികളുമായി കൂട്ടിച്ചേര്‍ക്കാനാണ് തീവ്ര ഇടതുപക്ഷങ്ങള്‍ എപ്പോഴും ശ്രമിക്കുന്നത്. അതിപ്പോഴും തുടരുന്നു.
നക്‌സല്‍ ചരിത്രത്തെ സമകാലികമായി രേഖപ്പെടുത്തുന്ന ‘നക്‌സല്‍ ദിനങ്ങള്‍’ എന്ന പുസ്തകം തന്നെ, ഒടുവിലെത്തിചേരുന്ന പ്രതീക്ഷകള്‍, മാവോയിസത്തിന്റെ പ്രായോഗിക വീണ്ടെടുപ്പിലാണെന്നത് അത്യന്തം ഗൗരവമായി കാണേണ്ട സംഗതിയാണ്. സാമൂഹിക ചലനാത്മകതയെക്കുറിച്ചുള്ള വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെ നേരിടാനുള്ള വിമുഖതയോടൊപ്പം, മാവോയിസം അഭിമുഖീകരിച്ച വര്‍ത്തമാനകാല പ്രതിസന്ധികള്‍ താത്കാലികം മാത്രമാണെന്ന വിശ്വാസം പുലര്‍ത്തുന്നുമുണ്ട് ഗ്രന്ഥകാരന്‍. ഇവിടെ സവിശേഷമായ മറ്റൊരുപ്രശ്‌നം ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. ബഹുജനപ്രക്ഷോഭങ്ങളില്‍ തങ്ങള്‍ നുഴഞ്ഞുകയറാറുണ്ടെന്ന് അറസ്റ്റിനുമുന്‍പ് രൂപേഷ് എഴുതിയ ലേഖനങ്ങളില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അത്യന്തം പുരോഗമനപരമായ പ്രക്ഷോഭങ്ങള്‍ മാവോയിസ്റ്റുകളാണ് നയിക്കുന്നതെന്ന ഭരണകൂട ഭാഷ്യങ്ങളെ ന്യായീകരിക്കുന്നതിന്റെ സൂചനകള്‍ ഇത്തരം പ്രസ്താവനകളില്‍ ഉള്ളടങ്ങിയിട്ടുമുണ്ട്. മാവോയിസ്റ്റ് രാഷ്ട്രീയത്തോട് അനുഭാവമുണ്ടെങ്കിലും തങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാത്രമാണെന്ന് ആണയിട്ടു പറയുന്നുവരുമുണ്ട്. സവിശേഷമായ ചരിത്രസന്ദര്‍ഭത്തില്‍ ദളിതരോടും ആദിവാസികളോടൊപ്പം ചേര്‍ന്നും, ലിംഗരാഷ്ട്രീയത്തെക്കുറിച്ച് ഉന്നയിച്ചും, സാമൂഹികമാറ്റങ്ങളെ ആഹ്ലാദകരമായ കൂടിച്ചേരലുകളിലേക്ക് ചുരുക്കുന്ന പ്രവണതകളില്‍, അതുവരെ നിലനിന്നിരുന്ന ആശയപരമായ ഭിന്നതകള്‍ ഒഴിവാക്കപ്പെടുകയാണ് പതിവ്. മൗലികവും അതിശക്തവുമായ രാഷ്ട്രീയചോദ്യങ്ങളെ ബഹുതലങ്ങളും സെലിബ്രിറ്റി സാന്നിധ്യങ്ങള്‍ക്കൊണ്ടും നിര്‍വീര്യമാക്കാമെന്ന ഭാവന സാമൂഹിക ചലനാത്മകതയില്‍ ഊന്നിയതല്ലെന്നുള്ള വസ്തുത കാണേണ്ടതുണ്ട്. വിപ്ലവം തന്നെ പ്രച്ഛന്നവ്യവഹാരങ്ങളുടെ ലോകമാണെന്ന് തിരിച്ചറിയാനുള്ള ഉപാധിയാണ് ചരിത്രത്തിലൂടെ സൂക്ഷ്മമായി നടത്തുന്ന യാത്രകള്‍. ബിജുരാജിന്റെ പുസ്തകം പിന്തുടരുന്ന ഏതൊരാള്‍ക്കും വ്യത്യസ്തമായ ആലോചനകള്‍ക്ക് വഴിയുണ്ടെങ്കിലും ഇന്ത്യയിലെ ദളിത് കീഴാള ബഹുജന്‍ രാഷ്ട്രീയത്തെ പ്രതീക്ഷയോടെ നോക്കിക്കാണാന്‍ നിര്‍ബന്ധിതമായ സന്ദര്‍ഭങ്ങള്‍ ആയിരിക്കാം ഭാവിയെ നിര്‍ണ്ണയിക്കുന്നതെന്നു സമകാലികത സൂചിപ്പിക്കുന്നു.
അങ്ങനെ നോക്കുമ്പോള്‍, നിനച്ചിരിക്കാത്ത സന്ദര്‍ഭങ്ങളില്‍ പ്രത്യക്ഷപ്പെട്ട്, വെടിയൊച്ചകള്‍ മുഴക്കി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാവോയിസ്റ്റ് പ്രസ്ഥാനം ചരിത്രത്തിലെ ഫലിതമോ ദുരന്തമോ ആയി പരിണമിക്കാനാണ് സാധ്യത. കനുല്‍ദായയുടെയും കൊണ്ടപ്പള്ളി സീതാരാമയ്യയുടെയും കെ.ജി. സത്യമൂര്‍ത്തിയുടെയും അവസാന കാലങ്ങളെപ്പറ്റി സൂചന നല്‍കുന്ന ഈ പുസ്തകം, യാഥാര്‍ത്ഥത്തില്‍ അതിലേക്കല്ലേ വഴിചൂണ്ടുന്നത്?
____________________________ 

Top