ഈ.ഡബ്ല്യൂ.എസ് സംവരണം, ഭരണഘടനാ ഭേദഗതി, അടിസ്ഥാന ഘടനാ സിദ്ധാന്തം: ചില മറുവാദങ്ങൾ
സാമ്പത്തിക സംവരണത്തെ പ്രതിയുള്ള യൂണിയന്റെ ന്യായീകരണങ്ങൾ മുഴുവനും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് “ദാരിദ്യ നിർമാർജനം” എന്നതിലാണ്. സാമ്പത്തിക ശേഷി എന്നത്തിൽ നിന്ന് ഭിന്നമായി വിശാലമായ ഒരു പ്രതലമാണ് ദാരിദ്യ നിർമാർജനത്തിനുള്ളത്. ജാതിയോ വിശ്വാസമോ പരിഗണിക്കാതെ ദാരിദ്ര്യത്തെ വായിക്കുന്ന പ്രവണത യഥാർഥത്തിൽ നമ്മുടെ രാജ്യത്തിന് വലിയൊരു സിഗ്നൽ കൊടുക്കുന്നുണ്ട്. സുപ്രീംകോടതിയിൽ ജി. മോഹൻ ഗോപാൽ അവതരിപ്പിച്ച മറുവാദം.
ഇത്തരത്തിലൊരു അവസരം ലഭിച്ചതിലുള്ള എന്റെ വലിയ സന്തോഷവും നന്ദിയും അറിയിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗപെടത്തുന്നു. സര്‍, താങ്കളുടെ സമ്മതത്തോടെ ഞാന്‍ ഈ നിയമവഴിയിലെ നിര്‍ണായകമായ മൂന്ന് ഘട്ടങ്ങള്‍ വളരെ പെട്ടെന്ന് പറഞ്ഞ് പോകുകയും, പിന്നീട് ഞാന്‍ അടിസ്ഥാന ഘടനയില്‍ വല്ല ക്രമകേടും സംഭവിച്ചിട്ടുണ്ടോ എന്നറിയാനുള്ള ഒരു മെത്തഡോളജില്‍ ശ്രദ്ധയൂന്നാനും ആഗ്രഹിക്കുന്നു. അത് ഞാന്‍ ഉണ്ടാക്കിയെടുത്തത് നാഗരാജ് കേസിലെ ചീഫ് ജസ്റ്റിസ് കപാഡിയയുടെ വിധിയില്‍ നിന്നാണ്. അതില്‍ അദ്ദേഹം ഇതിനായി മികച്ച ഒരു ഘടന തന്നെ വിവരിച്ചിട്ടുണ്ട്. അതിനാല്‍ അതില്‍ ഞാന്‍ കുറച്ച് അധികം സമയമെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ട്, കാരണം മെത്തഡോളജിയെ കുറിച്ച് നമ്മള്‍ നന്നായി തന്നെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അവസാനമായി പെട്ടെന്ന് തന്നെ സാധ്യമായ പരിഹാര മാര്‍ഗങ്ങളും മുന്നോട്ടു വെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.
ഈ നിയമയുദ്ധത്തിന്റെ മൂന്ന് പ്രധാന വഴിത്തിരിവുകള്‍ പെട്ടെന്ന് തന്നെ ഞാന്‍ പറയാം. അതില്‍ ആദ്യത്തേത്. ചില കാര്യങ്ങള്‍ മനപൂര്‍വമായി തന്നെ യൂണിയന്റെ ഭാഗത്തും നിന്നും മാനിപുലേറ്റ് ചെയ്യാന്‍ ശ്രമിക്കപ്പെട്ടിരിക്കുന്നു, ഉദാഹരണത്തിന് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നയാൾക്ക് ലഭിക്കുന്ന സംവരണത്തെ ജാതി സംവരണമെന്ന് പ്രയോഗിക്കുന്നതു പോലെ, അതിനാല്‍ തന്നെ വളരെ പെട്ടെന്ന് ഒരു സമുദായത്തെ പിന്നാക്കം നില്‍ക്കുന്ന സമുദായമെന്ന് വിലയിരുത്താനുള്ള നാഷണല്‍ കമ്മീഷന്‍ ഫോര്‍ ബാക്വാര്‍ഡ് ക്ലാസെസിന്റെ വെബ്‌സൈറ്റിലുള്ള നിബന്ധനകള്‍ എന്തൊക്കെയാണെന്ന് ഞാന്‍ വായിക്കാം. ഈ ക്രൈറ്റീരിയ മൂന്ന് വിധമാണുള്ളത്. സാമൂഹികം, സാമ്പത്തികം, കൂടാതെ സാംസ്‌കാരികം എന്നീ മൂന്ന് വിധമാണത്. അവര്‍ ഏത് ജാതിയോ മതമോ ആകാം. ഒന്നാമത്തേത് പ്രധാനമായും കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുകയും പറയത്തക്ക മറ്റു വരുമാന മാര്‍ഗങ്ങളൊന്നും തന്നെയില്ലാത്ത ജാതി, മത വിഭാഗങ്ങള്‍.
പൊതുവായി തന്നെ സ്ത്രീകള്‍ കാര്‍ഷിക വൃത്തിയുടെ ഭാഗമാകുന്ന, പ്രധാനമായും കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുകയും പറയത്തക്ക മറ്റ് വരുമാന മാര്‍ഗങ്ങളൊന്നും തന്നെയില്ലാത്ത ജാതി, മത വിഭാഗങ്ങള്‍
പൊതുവായി തന്നെ കുട്ടികള്‍ കാര്‍ഷിക വ്യത്തിയുടെ ഭാഗമാകുന്ന, പ്രധാനാമായും കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുകയും പറയത്തക്ക മറ്റ് വരുമാന മാര്‍ഗങ്ങളൊന്നും തന്നെയില്ലാത്ത ജാതി, മത വിഭാഗങ്ങള്‍.
ജാതിഘടനയുടെ ഭാഗമായി അഭിമാനത്തിന് അര്‍ഹരായി പരിഗണിക്കപ്പെടാത്തവരും പാരമ്പര്യ തൊഴിലുകളിലും, കരകൗശല മേഖലകളിലും ജോലി ചെയ്യുകയും, പരിഗണിക്കാവുന്ന വിധത്തില്‍ വരുമാനമില്ലാത്തതുമായ എല്ലാ ജാതികളും സമൂഹങ്ങളും.
ജാതിഘടനയുടെ ഭാഗമായി പാരമ്പര്യ തൊഴിലുകളിലും, കരകൗശലമേഖലകളിലും കൈതൊഴിലുകളുടെയും ഭാഗമായി ജോലി ചെയ്യുകയും, പരിഗണിക്കാവുന്ന വിധത്തില്‍ വരുമാനമില്ലാത്തതുമായ, ജാതി ഘടനയുടെ ഭാഗമായി അശുദ്ധരായി കണക്കാക്കപെടുന്ന എല്ലാ ജാതികളും സമൂഹങ്ങളും.
എല്ലാ തരത്തിലുള്ള നാടോടികളായ ജാതികളും സമൂഹങ്ങളും. വിമുക്ത ജാതി, സമുദായങ്ങളും.
സംസ്ഥാന നിയമസഭകളിലും, ജില്ലാ തല അധികാരകേന്ദ്രങ്ങളിലും പ്രാധിനിധ്യമില്ലാത്തതോ, കുറഞ്ഞ പ്രാതിനിധ്യമുള്ളതോ (25%ത്തിൽ കുറവ്) ജാതികളും സമുദായങ്ങളും.
ഇവയെല്ലാം സമൂഹിക-രാഷ്ട്രീയ മാനങ്ങളിലുള്ളതാണ്. അടുത്തത് വിദ്യഭ്യാസവുമായി ബന്ധപ്പെട്ടത്. സംസ്ഥാന ശരാശരി സാക്ഷരതയുടെ എട്ട് ശതമാനത്തെക്കാള്‍ കുറവ് സാക്ഷരതയുള്ള എല്ലാ ജാതികളും സമുദായങ്ങളും, പത്താം ക്ലാസ് കഴിഞ്ഞവരുടെ സംസ്ഥാന ശരാശരിയില്‍ നിന്നും 25 ശതമാനത്തെക്കാള്‍ കുറവുള്ള എല്ലാ ജാതികളും സമുദായങ്ങളും, ബിരുദദാരികളുടെ എണ്ണത്തിലെ സംസ്ഥാന ശരാശരിയില്‍ നിന്നും 20 ശതമാനത്തെക്കാള്‍ കുറവുള്ള എല്ലാ ജാതികളും സമുദായങ്ങളും.
സാമ്പത്തിക മാനങ്ങള്‍, സാമൂഹികവും, സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിലുള്‍പ്പെടാന്‍ ചില സാമ്പത്തിക മാനങ്ങള്‍ കൂടിയുണ്ട്.
പരിഗണിക്കപ്പെടാവുന്ന ശതമാനം ആളുകള്‍ ചെറ്റകുടിലുകളില്‍ താമസിക്കുന്ന ജാതി-സമുദായ വിഭാഗങ്ങള്‍.
കാര്‍ഷികഭൂമി നിയമത്തിന്റെ ഭാഗമായി തങ്ങളുടെ ഭൂമി നഷ്ടപെടുകയോ,
കേസുകളിരിക്കുകയോ ആയ ജാതി-സമുദായ വിഭാഗങ്ങള്‍.
സര്‍ക്കാര്‍ തസ്തികകളില്‍ എ, ബി ഗ്രേഡുകളിരിക്കുന്ന ആളുകളുടെ പ്രാതിനിധ്യാ അനുപാതം ജനസംഖ്യാനുസൃതമായിട്ടല്ലാത്ത ജാതി-സമുദായ വിഭാഗങ്ങള്‍.
അതായത്, ഈ മാനങ്ങളില്‍ ഉള്‍പെടുന്ന എല്ലാ ജാതി, മത, സമുദായ വിഭാഗങ്ങളും തന്നെ സമൂഹിക-സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പട്ടികയിലുള്‍പ്പെടാന്‍ അര്‍ഹരാണ്. അതിനാലാണ് ഈ കോടതി പൂര്‍ണമായ അംഗീകാരത്തോടെ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ ഓബീസിയിലുള്‍പ്പെടുത്താന്‍ ഉത്തരവിട്ടത്. അതുപോലെ തന്നെ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ അനാഥരായവരെയും ഓബിസി വിഭാഗത്തില്‍ ഉള്‍പെടുത്താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
നമ്മുടെ ഭരഘടനാ ശില്‍പികളുണ്ടാക്കി വെച്ച ഈ മാനങ്ങള്‍, അവരുദ്ദേശിച്ച ഫലമുണ്ടാക്കാന്‍ അവരെ സഹായിച്ചിട്ടുണ്ട്. മാത്രമല്ല ജാതിക്കും മതത്തിനുമപ്പുറം സാധാരണ ജനങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്ന ഒന്നായി ഇത് പ്രവര്‍ത്തിക്കുന്നുമുണ്ട്, തങ്ങളുടെ പ്രതിനിധാനത്തിന് വേണ്ടിയുള്ള ഒന്നായി. അവരുടെ ശബ്ദമായി ഇതു മാറുന്നു. ഞാന്‍ നേരത്തെ പറഞ്ഞതു പോലെ എല്ലാ വര്‍ണവും ഇതില്‍ പ്രതിനിധീകരിക്കപെടുന്നു, എല്ലാ ജാതിയും, എല്ലാ മതവും ഇതില്‍ പ്രതിനിധീകരിക്കപ്പെടുന്നു. കേരളത്തില്‍ നിന്നുള്ള എല്ലാ മുസ്‌ലിംകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കാരണം അവര്‍ ശരിക്കും നിഷേധങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്. അതിനാല്‍ തന്നെ എന്റെ ആ പോയിന്റുകളിലേക്ക് ഞാന്‍ വളരെ വ്യക്തമായി തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നു.
ഒന്നാമതായി, ഇത്തരത്തില്‍ എല്ലാ തരത്തിലുമുള്ള സമുദായങ്ങളെ ഉള്‍കൊള്ളുന്ന സംവരണം തുടര്‍ച്ചയായി ജാതിയുടെ പേരിലുള്ള ഒന്നായി ചിത്രീകരിക്കപ്പെടുകയാണ്. അതിന്റെ അടിസ്ഥാനമെന്താണ്? ഒരു ജാതിയെന്നത് പലപ്പോഴും ഒരു ക്ലാസില്‍ തന്നെ പെടുന്ന വിഭാഗമാണ്. എന്നാല്‍ ജാതീയതയെന്നാല്‍ ഒരു മനോഭാവവും. അതിനാല്‍ അത്തരത്തിലുള്ള മനോഭാവമുള്ളവര്‍ എല്ലായ്‌പ്പോഴും ജാതി മാത്രമാണ് കാണുന്നത്. അവര്‍ ക്ലാസ് കാണുന്നില്ല, കാരണം അവര്‍ ജാതിയല്ലാതെ മറ്റൊന്നും കാണുന്നില്ല. അതിനാല്‍ ഏകോപിക്കപെടുന്ന ഈ വിഭാഗത്തിന്റെ വില നമ്മള്‍ മനസ്സിലാക്കണം, വിവിധ തലരത്തിലുള്ള വ്യത്യാസങ്ങളെ മറികടക്കുന്ന ഈ വിഭാഗീയതയെ നമ്മള്‍ ശക്തിപ്പെടുത്തുകയും വേണം. അപ്പോഴുള്ള ചോദ്യം ഇത് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്നതാണ്. ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നതാണ് ഉത്തരം.
പക്ഷേ, എന്താണിവിടെ ദുരുപയോഗം ചെയ്യപ്പെടാത്തത്. അതിനാലാണ് ദേശീയ പിന്നാക്കാവകാശ കമ്മീഷന്‍ ജാട്ടുകളെ ഓബീസിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തത്. എന്നാല്‍ സര്‍ക്കാര്‍ രാഷ്ട്രീയ കാരണങ്ങളാല്‍ അതിനെ മറികടന്ന് അവരെ ഓബീസിയില്‍ ഉള്‍പ്പെടുത്തി. അതിനാല്‍ തന്നെ എനിക്ക് ആദ്യമായി ആവശ്യപ്പെടാനുള്ള കാര്യം, ഈ മാനങ്ങള്‍ അതിശക്തമായി തന്നെ ഉപയോഗിക്കപ്പെടണം എന്നാണ്. അതിന്റെ പ്രധാന കാരണം ഈ അവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് ശബ്ദം നല്‍കുകയെന്നത് തന്നെയാണ്. അത് പരിശോധിക്കപ്പെടുകയും നിരീക്ഷിക്കപ്പെടുകയുമെല്ലാം വേണം. ഈ അവസ്ഥകളില്‍ ജീവിക്കുന്ന മനുഷ്യരെ കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ എന്റെ കണ്ണുകള്‍ നിറയുന്നുണ്ട് സര്‍. ഈ മനുഷ്യര്‍ക്ക് ശബ്ദം നല്‍കാനായില്ലെങ്കില്‍ നമ്മുടെ രാജ്യത്തെ സ്വാതന്ത്രത്തിന്റെയും ജനാധിപത്യത്തിന്റെയും അര്‍ഥമെന്താണ്?
രണ്ടാമതായി എനിക്കു പറയാനുള്ളത് അവശ വിഭാഗങ്ങളും (weaker sections) പിന്നാക്കാവസ്ഥയും (backwardness) തമ്മിലുള്ള ബന്ധമെന്താണെന്നുള്ളതാണ്. ഇവ രണ്ടും തീര്‍ത്തും എതിര്‍ ചേരിയില്‍ നില്‍ക്കുന്നവയാണ്. ബഹുമാനപ്പെട്ട ജസ്റ്റിസ് ഭട്ട് മുന്നോട്ട് വെച്ച മൂന്ന് സര്‍ക്കിളുകളുള്ള ഫോര്‍മുല ഞാന്‍ കണ്ടപ്പോള്‍, എന്നെ എറ്റവും ആകര്‍ഷിച്ചത് ആ ഫോര്‍മുലയുടെ എല്ലാ ഘട്ടത്തിലും ഉയര്‍ന്ന് വന്ന വീക്‌നെസ്സ് (അവശത) എന്ന വാക്കാണ്. ഒരു പ്രോട്ടോ-ജെര്‍മന്‍ വാക്കായ wykuവില്‍ നിന്നാണ് weakness എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിന്റെ അര്‍ഥം മൃദുവായത് എന്നാണ്. അത് ചാഞ്ഞു കൊണ്ടിരിക്കും, അതിന് പ്രതിരോധിക്കാനുള്ള കഴിവില്ല. ജസ്റ്റിസ് ഭട്ടിന്റെ സര്‍ക്കിള്‍ പരിഗണിക്കുകയാണെങ്കില്‍ അതിന്റെ മധ്യത്തില്‍ എസ്.സി/എസ്.റ്റി വിഭാഗങ്ങളുടെ അവശത ഏറ്റവും കൂടുതലായി കാണാം. പുറത്തേക്കു വരുന്തോറും ഈ അവശത കുറയുകയും പ്രതിരോധിക്കാനുള്ള ശക്തി കൂടുകയും ചെയ്യുന്നു. ഏറ്റവും പുറത്തുള്ള ഭാഗങ്ങളിലാണ് അവശേഷിക്കുന്ന വിഭാഗങ്ങള്‍. അവരെ കുറിച്ച് ജസ്റ്റിസ് ഭട്ട് പറഞ്ഞതും, ഡോ. അംബേഡ്കര്‍ പറഞ്ഞതും ഏകദേശം ഒരു പോലെയാണ്.
ഇത്തരത്തിലുള്ള വിഭാഗങ്ങളിലൊന്നും തന്നെ പെടാതെ അവശേഷിക്കുന്ന സമുദായങ്ങളുണ്ട്. അവര്‍ ഒരിക്കലും തന്നെ സമാന സ്വഭാവമുള്ളവരല്ല. അവരുടെ അവശതകൾ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായതും ആഴമേറിയതുമാണ്. അവര്‍ തികച്ചും അനാരോഗ്യകരമായ ശീലങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരാണ്. പരസ്പരം പോലും വലിയ ക്രൂരതകള്‍ കാണിക്കുന്നവരാണ്. ആ കൂട്ടത്തില്‍ മനുഷ്യര്‍ക്ക് വലിയ കഷ്ടപ്പാടുകളുണ്ട്. അവരെ ഏകജാതീയരെന്ന് വിളിക്കുന്നത് അവര്‍ക്ക് നേരെയുള്ള കടുത്ത അനീതിയാണ്. അവശത ഒരു ഗുണമാണ് (quality) മൃദുവമായ ഗുണം, എന്നാല്‍ പിന്നാക്കാവസ്ഥ ഒരു പദവിയുമാണ്. അവശത റാങ്ക് ഉണ്ടാക്കുന്നു. നിങ്ങള്‍ മുന്നാക്കമാണോ? അതോ പിന്നാക്കാമോ? പക്ഷേ, നിങ്ങള്‍ക്ക് ഇവ രണ്ടും വിപരീതമായി സ്ഥാപിക്കാന്‍ സാധിക്കില്ല. അവശതക്കെതിരെ പോരാടാന്‍ നിങ്ങള്‍ക്ക് പിന്നാക്കാവസ്ഥ ഉപയോഗിക്കാന്‍ കഴിയില്ല, നേരെ തിരിച്ചും. കാരണം ഇവ രണ്ടും തികച്ചും വ്യത്യസാതമായ രണ്ടു വിഭാഗമാണ്. ഈ മൂന്നു സര്‍ക്കിളുകളില്‍ അവശ വിഭാഗങ്ങളുടെ റാങ്കും അംഗീകാരവും ഞാന്‍ കണ്ടതാണ്.
എന്റെ അവസാനത്തെ വാദമിതാണ്: ദയവായി സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മേഖലകളിൽ ഒന്നാകുന്ന കുടംബത്തെ പരസ്പരം വിഭജിക്കരുത്. അവശേഷിക്കുന്ന ലോകം ഇത് തിരിച്ചറിയാന്‍ തുടങ്ങിയിട്ടേ ഉള്ളൂ, എന്താണോ സാമ്പത്തികമായത്, അത് സാമൂഹികവുമാണ്. എന്താണോ രാഷ്ട്രീയമായത് അത് സാമ്പത്തികമാണ്. എന്താണോ സാമൂഹികമായത് അത് രാഷ്ട്രീയവുമാണ്… ഇവയെല്ലാം കൂടി കലര്‍ന്നതാണ്. ഇവയെല്ലാം തന്നെ സങ്കീര്‍ണമായ ഒരു മാനുഷിക അവസ്ഥയുടെ പല ഭാഗങ്ങളാണ്. കഴിഞ്ഞ എഴുപത് വര്‍ഷങ്ങള്‍ക്കിടയില്‍ ദാരിദ്യം എന്നാല്‍ ഉപഭോഗ ലഭ്യത എന്നതിനപ്പുറമുള്ള വിവിധമായ മാനങ്ങള്‍ കൊണ്ട് കണക്കാവുന്ന ഒരു പ്രശ്‌നമായി മാറിയിട്ടുണ്ട്. ദാരിദ്ര്യം സാമ്പത്തിക ശാസ്ത്രത്തിന് അതീതമായ ഒരു ബഹുമുഖ പ്രശ്‌നമാണ്. നമ്മുടെ ഭരണഘടന എപ്പോഴും തന്നെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക മാനങ്ങള്‍ പരിഗണിക്കുകയും ഊന്നല്‍ കൊടുക്കുകയും ചെയ്യുന്ന ഒന്നാണ്. അതില്‍ നിന്നും സാമ്പത്തികമായി മാത്രം കാര്യങ്ങള്‍ വേര്‍തിരിച്ച് കാണാന്‍ സാധ്യമല്ല.
ഇന്ദ്രാ സാഹ്നിയിൽ നിന്നും ഭിന്നമായി ഇന്നു നിങ്ങള്‍ സാമൂഹിക കാരണങ്ങള്‍ മാത്രം മുന്‍നിര്‍ത്തി സംവരണം നിര്‍ണയിക്കുകയാണെങ്കില്‍, അതിനെ ആദ്യം എതിര്‍ക്കുന്നത് ഞാനായിരിക്കും. ഒരിക്കലും രാഷ്ട്രീയ കാരണങ്ങളെ അവഗണിക്കാന്‍ സാധിക്കില്ല. അതേസമയം രാഷ്ട്രീയ മാനങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയാണെങ്കില്‍ അതിനെയും ഞാന്‍ എതിര്‍ക്കും. ഞാനൊരിക്കലും സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണത്തിന് എതിരല്ല. പക്ഷേ, സംവരണം ഏകമാനത്തിന്റെ അടിസ്ഥാനത്തിൽ ആകുന്നതിന് ഞാൻ എതിരാണ്. ദാരിദ്ര്യമെന്നത് സങ്കീര്‍ണമായ ഒരു പ്രശ്‌നമായി അവശേഷിക്കെ, മനുഷ്യരുടെ ബുദ്ധിമുട്ടുകളെ, ദാരിദ്രത്തെ അളക്കാന്‍ ഒറ്റ മാനദണ്ഡത്തിനാലാവില്ല. നമ്മള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള വളര്‍ച്ചയുണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ സങ്കീര്‍ണതകളെ ചുരുക്കാനല്ല, അത് തിരിച്ചറിയാനാണ് നാം ശ്രമിക്കേണ്ടത്. ദാരിദ്ര്യമെന്നാല്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെയും ബാങ്കിലുള്ള ഒരു തുകയുടെയും അടിസ്ഥാനത്തിലാണ് ഇപ്പോഴും നമ്മള്‍ കണക്കാക്കുന്നത് എന്നു വന്നാല്‍, ഇതാണ് മനുഷ്യരുടെ ദുരിതങ്ങള്‍ക്ക് നേരെയുള്ള നമ്മുടെ സമീപനം ഇത്തരത്തിലാണെന്ന് വന്നാല്‍, അത് ലോകത്തിന് മുന്നില്‍ ഇൻഡ്യക്കു തന്നെ നാണക്കേടാണ്. ഇത്രയുമാണ് എന്റെ മൂന്ന് മറുവാദങ്ങള്‍.
ഇനി സാമ്പത്തിക സംവരണം എന്ന ആശയത്തിലെ ഘടനാപരമായ മൂന്ന് പ്രശ്‌നങ്ങള്‍ കൂടെ പറയാന്‍ ആഗ്രഹിക്കുകയാണ്. എന്റെ സഹപ്രവര്‍ത്തകരെല്ലാം എന്നെക്കാള്‍ ഈ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ അറിവുള്ളവരും അര്‍ഹരുമാണ്. എതിര്‍കക്ഷികള്‍ നമ്മളെ രണ്ട് വിഷയങ്ങളിലേക്ക് മാത്രം ചുരുക്കാന്‍ ശ്രമിച്ചപ്പോഴും സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം നടപ്പിലാക്കണോ വേണ്ടയോ എന്നുള്ളത്, അത് ഭരണഘടനാപരമായി സാധൂകരിക്കപ്പെടുന്നതാണോ, സംവരണം അന്‍പത് ശതമാനത്തില്‍ കൂടുതല്‍ ആകുമോ എന്നതെല്ലാം തന്നെ നമ്മള്‍ ചര്‍ച്ച ചെയ്തു. അതില്‍ തന്നെയും പല രീതിയിലുള്ള ഘടനാപരമായ പ്രശ്‌നങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ അവയെല്ലാം തന്നെ കൂടുതല്‍ ഒഴിവാക്കലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഞാനിവിടെ ഉള്‍പ്പെടുത്തലിനെ മുന്‍നിർത്തിയാണ് സംസാരിക്കാന്‍ ആഗ്രഹിക്കുന്നത്.
ചരിത്രത്തിലാദ്യമായി സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നാക്കം നില്‍ക്കുന്ന വര്‍ഗമാവുകയെന്നത് ഗവണ്‍മെന്റ് സഹായം ലഭിക്കാനുള്ള മുന്നുപാധിയായി മാറുകയാണ്. അതായത് ഞാന്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായി ഉയര്‍ന്നു നില്‍ക്കുന്ന വിഭാഗമാണെങ്കില്‍ മാത്രമേ ഈ സംവരണം ലഭിക്കുകയുള്ളു. എങ്ങനെയാണ് ഒരാള്‍ക്ക് സാമൂഹികവും വിദ്യഭ്യാസപരവുമായി ഉയര്‍ന്ന് നില്‍ക്കുന്ന വിഭാഗമാകാന്‍ സാധിക്കുക? ഈ രാജ്യത്തിന്റെ ചരിത്രത്തിലൊരിക്കല്‍ പോലും സര്‍ക്കാരിന്റെ ആനുകൂല്യം ലഭിക്കാന്‍ നിങ്ങള്‍ സാമൂഹികമായും വിദ്യാഭ്യാസപരവുമായി ഉയര്‍ന്ന വര്‍ഗത്തിലാവണമെന്ന ഒരാവശ്യം ഉണ്ടായിട്ടില്ല. ഈ അടുത്ത സമയം വരെ ഇത് സാമ്പത്തിക പരാധീനതകളെ മറികടക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. ഇവിടെ സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടുന്ന കുടുംബങ്ങളുണ്ട്. തികച്ചും വാസ്തവമായ, എനിക്ക് നേരിട്ടറിയാവുന്ന കുടുംബങ്ങളുണ്ട്. എന്റെ തന്നെ ഒരു സുഹൃത്ത് അവരുടെ സംസ്ഥാനത്തെ രാജകുടുംബാഗമായ അവന്‍ ചെറുപ്പത്തില്‍ ദാരിദ്ര്യം കാരണം വേരുകള്‍ തിന്നേണ്ടി വന്നതിനെ പറ്റി എന്നോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തോട് അപ്പോള്‍ ഞാന്‍ പറഞ്ഞത്, അതെ നിങ്ങള്‍ക്കത് ചെയ്യേണ്ടി വന്നു. ഒരിക്കലും ഒരു കുട്ടിയും അത്തരത്തിലുള്ള ഒരു ദുരിതത്തിലൂടെ കടന്നു പോകേണ്ടി വരരുത്. നിങ്ങള്‍ സഹിച്ചെതെല്ലാം തന്നെ കഠിനമാണ്. പക്ഷേ, നിങ്ങളോര്‍ക്കണം, സമൂഹത്തിന്റെ ഒരു വാതിലും നിങ്ങള്‍ക്ക് മുന്നില്‍ കൊട്ടിയടക്കപെട്ടിട്ടില്ലായിരുന്നു!
എന്റെ മറ്റൊരു സുഹൃത്തുണ്ട്, അവര്‍ കുടുംബപരമായി തന്നെ അമ്പലങ്ങളില്‍ ആരാധന നടത്തുന്നവരായിരുന്നു. അവന്റെ അപ്പൂപ്പനും പിതാവും അമ്പലവാസികളായി ദൈവത്തെ സേവിച്ച് ജീവിക്കുമെന്ന് തീരുമാനമെടുത്തവരായിരുന്നു. അവര്‍ സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നവരായിരുന്നു. എന്നാല്‍ പിന്നീട് ഈ കുട്ടികള്‍ തങ്ങള്‍ക്കിതല്ല വേണ്ടതെന്നും പഠനമാണ് വേണ്ടതെന്നും തീരുമാനിച്ചു. ശേഷം എല്ലാ വാതിലുകളും അവര്‍ക്ക് വേണ്ടി തുറക്കപ്പെട്ടു. സ്‌കൂളുകളില്‍, കോളേജുകളില്‍, സ്ഥാപനങ്ങളില്‍, രാജ്യത്തിനകത്തും പുറത്തുമായി എല്ലാ വാതിലുകളും അവർക്കു തുറക്കപ്പെട്ടു. ഇപ്പോഴവര്‍ വളരെ മെച്ചപ്പെട്ട ജോലിയും ഉയര്‍ന്ന ജീവിത നിലവാരമുള്ളവരുമാണ്. ഞങ്ങളുടെ പ്രശ്‌നം ഈ സമൂഹം ഞങ്ങള്‍ക്ക് മുന്നില്‍ അടക്കുന്ന വാതിലുകളാണ്. അങ്ങനെ അടക്കപ്പെടുന്ന വാതിലുകള്‍ തുറക്കാന്‍ സംവരണമെന്ന ബലം പ്രയോഗിക്കേണ്ടി വരും.
മൂന്നു രീതിയിലാണ് ഈ ആവശ്യം സംവരണത്തിന്റെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നത്. അതില്‍ ആദ്യത്തേത്, സാമ്പത്തിക സംവരണത്തിന് അര്‍ഹരാവാന്‍ നിങ്ങള്‍ സാമൂഹികമായും വിദ്യഭ്യാസപരമായും ഉയര്‍ന്ന സമുദായത്തില്‍ ജനിക്കണമെന്നുള്ള നിബന്ധനയാണ്. രണ്ടാമതായി, അടിസ്ഥാന ഘടനയിൽ (basic structure) ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ, ഇതിനു വേണ്ടി തിരുത്തപ്പെടേണ്ട രണ്ടോ മൂന്നോ ഭരണഘടനാ ഭേദഗതികളാണ്. സംവരണം ഒരു അപകടം പിടിച്ച ഉപകരണമാണ്. കാരണം അത് ആന്തരികമായി തന്നെ പുറംതള്ളലിന് കാരണമാകുന്ന ഒന്നാണ്. അത് സാധാരണമായി തന്നെ സ്ഥാനമാറ്റവും വേര്‍തിരിവും അടങ്ങിയതാണ്. ഒരാള്‍ക്ക് നിര്‍ബന്ധിതമായ അവസരം നല്‍കാന്‍ മറ്റൊരാളുടെ അവസരം നഷ്ടപെടുത്തിയേ സാധ്യമാകൂ. അതേ കാരണത്താലാണ് നമ്മള്‍ ഇന്ന് ഇവിടെ ഇത് ചര്‍ച്ച ചെയ്യേണ്ടി വന്നതും. സംവരണം നടപ്പിലാക്കുന്നത് സ്പഷ്ടമായും ന്യായമായുമാണോ എന്നുള്ളതാണ് നമുക്കു മുന്നിലുള്ള ചോദ്യം. സംവരണം ഒരു അപകടം പിടിച്ച ഉപകരണമാണ് എന്നു ഞാൻ പറഞ്ഞു കഴിഞ്ഞല്ലോ. അതിനാലാണ് ഡോ
അംബേഡ്കര്‍ തന്നെ സംവരണം ഒരിക്കലും അന്‍പത് ശതമാനത്തില്‍ കൂടുതലാവരുത് എന്നു പറഞ്ഞത്.
അതൊരിക്കലും മാറ്റാനാവാത്ത ഒരു കണക്കായി നിര്‍ത്തി, അര്‍ഹതപ്പെട്ടവര്‍ക്ക് സംവരണം നഷ്ടപെടുത്താന്‍ വേണ്ടിയല്ല. എന്റെ ചില സഹപ്രവര്‍ത്തകരുടെ ആഗ്രഹം അതാണെങ്കില്‍ കൂടെ. അതിന് കാരണം അദ്ദേഹം സംവരണത്തിന്റെ അപകടം തിരിച്ചറിയുകയും, എല്ലാ ഇൻഡ്യക്കാര്‍ക്കും തുല്യ അവസരം ലഭ്യമാവണമെന്ന് ആഗ്രഹിക്കുകയും ചെയ്തതുകൊണ്ടാണ്. സത്യത്തില്‍ ഈ മുന്നേറ്റം കൊണ്ട് എന്നും ആഗ്രഹിക്കപ്പെട്ടത് അവസര സമത്വം തന്നെയാണ്. അതൊരിക്കലും നിയന്ത്രണാതീതമാകരുതെന്ന ആവശ്യം കൊണ്ടുതന്നെ അവര്‍ സംവരണമെന്ന ഉപകരണത്തെ നിയന്ത്രിച്ചു. അതിനെ ബന്ധിച്ചു നിർത്തി. ആ ബന്ധനമാണ് പ്രതിനിധാനം. സംവരണമെന്നത് സമൂഹത്തില്‍ നിന്ന് വിവിധ തരത്തിലുള്ള വിവേചനങ്ങള്‍ നേരിട്ട സമുദായങ്ങളുടെ പ്രാതിനിധ്യം ഉറപ്പു വരുത്താനുള്ള ഒരുപാധിയായാണ് അവര്‍ കണ്ടത്. നിങ്ങള്‍ക്ക് വേറെ പലരീതിയില്‍ ജനങ്ങളെ സഹായിക്കാം. എന്നാല്‍ ഈ ഉപാധി, ഈ അപകടരമായ ഉപകരണം സമൂഹം ഒരിക്കല്‍ ചില വിഭാഗങ്ങള്‍ക്ക് നേരെ കൊട്ടിയടച്ച വാതിലുകള്‍ തുറക്കാനാല്ലാതെ മറ്റൊന്നിനും വേണ്ടി ഉപയോഗിക്കാന്‍ പാടുള്ളതല്ല.
എന്താണ് ക്ളോസ് 103 എന്നറിയുമോ? അത് സംവരണത്തിനു മുകളിലുള്ള പടചട്ടയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതിൽ പറയുന്നത് ആളുകളെ ഉയര്‍ത്തുക എന്നത് മാത്രമാണ്. അതില്‍ നിങ്ങള്‍ വിവേചനം അനുഭവിക്കുന്നുണ്ടോ ഇല്ലയോ എന്നതൊന്നും പരിഗണിക്കപ്പെടുന്നില്ല. അത് സംവരണത്തെ കയറൂരി വിടുന്നു. ഈ ഭേദഗതി അംഗീകരിക്കപ്പെട്ടാല്‍ വളരെ പെട്ടെന്നു തന്നെ രാജ്യത്താകമാനമുള്ള വിവിധ വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കാനുള്ള സഹായം വാഗാദാനം ചെയത് പതിനായിരകണക്കിന് ഗൂഡാലോചനകള്‍ നടക്കും. സംവരണം കെട്ടഴിഞ്ഞ ഒന്നായി മാറുകയും അത് രാജ്യത്തിന് തന്നെ കളങ്കമാവുകയും ചെയ്യും. സംവരണത്തെ മിതപ്പെടുത്തി, അത് അര്‍ഹരായ, പ്രാതിനിധ്യം ഉറപ്പ് വരുത്തേണ്ട വിഭാഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി ശക്തിപ്പെടുത്തുകയെന്നതാണ് ചെയ്യേണ്ടത്. സംവരണം എല്ലാവര്‍ക്കും ലഭ്യമാക്കുകയും, കൂടുതല്‍ വിഭാഗീകരിക്കുകയും ചെയ്യുന്നതിലൂടെ നമ്മള്‍ അതിന്റെ ആത്മാവിന് എതിരാവുകയാണ് ചെയ്യുന്നത്. സംവരണം എന്നതില്‍ തന്നെ അന്തര്‍ലീനമായ ഒരു വിവേചനുണ്ട് എന്നത് ശരിയാണ്. നമ്മുക്കത് കൂടുതല്‍ രൂക്ഷമാവാതെ നോക്കാം.
ഇവിടെ വിഭാഗീകരണത്തെ പറ്റിയുള്ള വാദം കേട്ടപ്പോള്‍ എനിക്ക് ഓര്‍മ വന്നത് 1896ല്‍ സുപ്രീം കോര്‍ട്ട് ഓഫ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സല്‍ നടന്ന ഒരു കേസാണ്. ലൂസിയാന സ്റ്റേറ്റ് ഒരു നിയമം കൊണ്ടു വരികയുണ്ടായി. ട്രെയിൻ കംപാർട്ട്മെന്റുകൾ ‘വംശ’ത്തിന്റെ അടിസ്ഥാനത്തിൽ സംവരണം ചെയ്തുകൊണ്ടുള്ള നിയമമായിരുന്നു അത്. ഒരു കംപാർട്ട്മെന്റ് വെള്ളക്കാർക്കും മറ്റൊന്ന് കറുത്തവർക്കും. ഒരു കറുത്ത വർഗക്കാരൻ വെളുത്തവർക്ക് വേണ്ടി സംവരണം ചെയ്ത കംപാർട്ട്മെന്റിൽ കയറിയാൽ, അയാൾ പ്രോസിക്യൂട്ട് ചെയ്യപ്പെടുകയും ഫൈൻ അടക്കേണ്ടി വരികയും ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ, ചില പൗരവാകാശ പ്രവർത്തകർ ഈ നിയമത്തെ ഒന്ന് ടെസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. പകുതി വെളുപ്പും പകുതി കറുപ്പുമായ ഒരാളെ അവർ കംപാർട്ട്മെന്റിൽ പ്രവേശിപ്പിക്കുകയും, അയാൾ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. അയാൾ അപ്പീലിനു പോയി. കേസ് യുഎസിന്റെ പരമോന്നത കോടതിയിലെത്തി. ബ്ലെസ്സി വേഴ്സസ് ഫെർഗൂസൻ എന്ന പേരിൽ 1896ലാണ് കേസ് നടന്നത്. വേർതിരിച്ചാണെങ്കിലും തുല്യമായ കംപാർട്ട്മെന്റുകളാണ് ഞങ്ങൾ നിങ്ങൾക്ക് തരുന്നത് എന്നായിരുന്നു ആ കേസിൽ സ്റ്റേറ്റിന്റെ പ്രതിവാദം. ഒരേ ഗുണഗണങ്ങളുള്ള കംപാർട്ട്മെന്റുകൾ നിങ്ങൾക്കും അവർക്കും ലഭിക്കുന്നു, നിങ്ങൾ അവരുടെയോ അവർ നിങ്ങളുടെയോ പങ്കു പറ്റുന്നില്ല, പിന്നെ എന്താണ് പ്രശ്നം? യുഎസ് സുപ്രീംകോടതി അതിനെ ശരിവെക്കുകയും ചെയ്തു. യുഎസ് പരമോന്നത കോടതിയുടെ ഏറ്റവും ലജ്ജാവഹമായ രണ്ടു വിധികളിലൊന്ന് എന്നാണ് ഇന്ന് ആ കേസ് മനസ്സിലാക്കപ്പെടുന്നത്. ആ വിധി പിൻവലിക്കാൻ ഏതാണ്ട് 60 വർഷത്തോളമെടുത്തു. 1954ൽ “ബ്രൗൺ വേഴ്‌സസ് ബോർഡ് ഓഫ് എഡ്യൂക്കേഷൻ” കേസിലാണ് അത് പിൻവലിക്കപ്പെട്ടത്. നമ്മുടെ യൂണിയൻ നടത്തിയ ചില പരാമർശങ്ങൾ കേട്ടപ്പോൾ എനിക്കോർമ വന്നത് ബ്ലെസ്സി വേഴ്സസ് ഫെർഗൂസൻ കേസാണ്.നമുക്ക് വെവ്വേറെ കംപാർട്ട്മെന്റുകൾ വേണം, ആരും പരാതിപ്പെടരുത് എന്ന വാദം നമ്മുടെ രാജ്യത്തിന്റെ ഐക്യം, ഉദ്ഗ്രഥനം, മൈത്രി, സഹോദര്യം എന്നീ ആശയങ്ങളുടെ മൗലികമായ ലംഘനമാണ്. രാജ്യത്തിന്റെ ആറ്റോർണി ജനറൽ ഇപ്പോൾ വെവ്വേറെയായ, എന്നാൽ തുല്യമായ കംപാർട്ട്മെന്റുകൾ വേണം എന്ന ആവശ്യം സുപ്രീം കോടതിക്കു മുന്നിൽ സമർപ്പിച്ചിരിക്കുകയാണ്. “വെവ്വേറെ എന്നാൽ തുല്യമായത്” എന്നാൽ യഥാർഥത്തിൽ “വെവ്വേറെ, എന്നാൽ തുല്യമല്ലാത്തത്” മാത്രമാണെന്ന് മനസ്സിലാവാൻ യുഎസിന് 60 വർഷങ്ങൾ വേണ്ടിവന്നു. അതുകൊണ്ട് തന്നെ, കംപാർട്ട്മെന്റലൈസേഷനും സംവരണത്തെ സമൂഹത്തിൽ പരന്നു നടക്കുന്ന ഒരു ഫ്രീ ഏജന്റ് വൈറസ് പോലെയാക്കും. ഇതാണ് അടിസ്ഥാനപരമായ വ്യവസ്ഥാ ലംഘനത്തെ കുറിച്ച എന്റെ പരിമിതമായ പോയിന്റുകൾ.
ഇനി രീതിശാസ്ത്രത്തെ (methodology) കുറിച്ച അവസാനത്തെ ഭാഗത്തേക്ക് കടക്കുകയാണ്. ജസ്റ്റിസ് കപാഡിയയുടെ മനോഹരമായ ജഡ്ജ്മെന്റ് നോക്കാം. വ്യക്തതയുടെയും ഉയർന്ന വിവേകത്തിന്റെയും ഉടമയായ വ്യക്തി എന്ന നിലക്ക് നിങ്ങൾക്ക് അദ്ദേഹത്തെ അറിയാവുന്നതാണല്ലോ. ഞാൻ ഒരു ക്വട്ടേഷൻ വായിക്കാം: “ഭരണഘടനാ ഭേദഗതികളെ അടിസ്ഥാന ഘടനാ തത്വത്തിന്റെ (basic structure doctrine) പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ പ്രയോഗിക്കേണ്ട ജുഡീഷ്യൽ റിവ്യൂകളുടെ സ്വഭാവത്തെ കുറിച്ചുള്ള ചോദ്യമാണ് നമുക്കു മുന്നിൽ ഉയരുന്നത്.” ഇതു തന്നെയാണ് പോയിന്റ്. ഭരണഘടനാ ഭേദഗതികളെ അടിസ്ഥാന ഘടനാ തത്വത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താനുള്ള രീതിശാസ്ത്രമാണ് ജസ്റ്റിസ് കപാഡിയ നൽകുന്നത്. പാര 23ൽ മറ്റൊരു മനോഹരമായ വിലയിരുത്തൽ കാണാം: “ഭേദഗതികളുടെ സാഹചര്യത്തിൽ അടിസ്ഥാന ഘടനയയെ അംഗീകരിക്കുന്നത്, നിശ്ചിത വ്യവസ്ഥകളുടെ വാക്യങ്ങൾക്ക് പുറകിൽ ഭരണഘടനാ വ്യവസ്ഥകൾ അന്തർവഹിക്കുന്ന വ്യവസ്ഥാപിതമായ തത്വങ്ങളുണ്ട് എന്ന ഉൾക്കാഴ്ച്ച നൽകുന്നുണ്ട്.” അപ്പോൾ, അടിസ്ഥാന ഘടനയോട് ഇടയുന്നത് വ്യവസ്ഥകൾ (provisions) സ്വയമല്ല, മറിച്ച് ഈ വ്യവസ്ഥകൾ അന്തർവഹിക്കുന്ന തത്വങ്ങളാണ് എന്നാണ് ജസ്റ്റിസ് കപാഡിയ നമ്മെ ഓർമപ്പെടുത്തുന്നത്. “ഈ തത്വങ്ങൾ ഭരണഘടനക്ക് പൊരുത്തം നൽകുന്നു, അങ്ങനെ അതിനെ തികഞ്ഞ ജൈവിക രേഖയാക്കി മാറ്റുകയും ചെയ്യുന്നു. “നിയമങ്ങളുടെ രൂപത്തിൽ വ്യക്തമായി പറയപ്പെട്ടില്ലെങ്കിലും ഭരണഘടനാ നിയമങ്ങളുടെ ഭാഗം തന്നെയാണ് ഈ തത്വങ്ങൾ.” ഒരു വ്യവസ്ഥ അന്തർവഹിക്കുന്ന ഏതെങ്കിലും ഒരു തത്വത്തെ അടിസ്ഥാന ഘടനയുടെ ഭാഗമാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് നിലവിൽ തന്നെ കോടതി അംഗീകരിക്കുകയും ലെജിസ്ലേച്ചറിനു മേൽ ബാധകമാവുകയും ചെയ്യുന്ന ഭരണഘടനാ നിയമങ്ങളുടെ ഭാഗമായിരിക്കുകയും വേണം. ഭരണഘടനയിലേക്ക് കേവലമായി ഉൾച്ചേർത്തു കൊണ്ട് ഏതെങ്കിലും തത്വങ്ങൾ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് വാദിക്കുന്നതിൽ നിന്ന് ഇത് തടയുന്നു. അഥവാ, ഒരു വ്യവസ്ഥയുടെ സ്വഭാവത്തിന് പ്രത്യേകത ലഭിക്കുന്നത് അത് അന്തർവഹിക്കുന്ന തത്വങ്ങളിൽ നിന്നാണ്. ഇതൊരു കാറിന്റെ ഘടകങ്ങൾ പോലെയാണ്. അതിനൊരു സ്റ്റിയറിങ്ങ് വീൽ ഉണ്ടാകും, ബ്രേക്ക് ഉണ്ടാകും, റേഡിയോ ഉണ്ടാകും. ഇതെല്ലാം അതിന്റെ ഘടകങ്ങളാണ്. എന്നാൽ ചില ഘടകങ്ങൾ സവിശേഷവും അത്യാവശ്യവുമായിരിക്കും. ബ്രേക്കും സ്റ്റിയറിങും അത്യാവശ്യമാവുമ്പോഴും, റേഡിയോ അത്യാവശ്യമാവത്തതു പോലെ. നിങ്ങൾ ഒരു വ്യവസ്ഥ എടുക്കുക, എന്നിട്ട് അത് അന്തർവഹിക്കുന്ന തത്വങ്ങളെ മനസിലാക്കുക, അതിൽ നിന്നാണ് തത്വങ്ങൾക്ക് സവിശേഷത ലഭിക്കുന്നത് എന്നാണ് കപാഡിയ പറയുന്നത്. എങ്ങനെയെങ്കിൽ, വിശാലമായ ഭരണഘടനാ പദ്ധതികകത്ത് എവിടെയാണ് ഈ തത്വങ്ങൾ പാകമാവുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. ഭരണഘടനാ നിയമങ്ങളുടെ ഭാഗമാവാത്തിടത്തോളം കാലം, അവക്ക് ഭരണഘടനയുടെ അനിവാര്യമല്ലാത്ത (non-essential) ഘടകം പോലും ആവാൻ കഴിയില്ല എന്ന സംരക്ഷണവും ഇതു നൽകുന്നുണ്ട്. മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഞാൻ താത്പര്യപെടുന്നില്ല. എങ്കിലും, പാര 22, 23, 25, 28, 37 എന്നിവ ആണ് ഞാൻ ഊന്നിപ്പറയുന്നത്.
തത്വങ്ങൾ ഭരണഘടനാ നിയമങ്ങളുടെ ഭാഗമാവുകയും, അത് ലെജിസ്ലെച്ചറിനു മേൽ ബാധകമാവുകയും വേണം എന്ന് ഊന്നിപ്പറഞ്ഞു എന്നതാണ് ജസ്റ്റിസ് കപാഡിയയുടെ സംഭാവന. അവസാനമായി, ഈ തത്വത്തെ നമുക്ക് 15(6), 16(6) വകുപ്പുകളുടെ കാര്യത്തിൽ പ്രയോഗിച്ചു നോക്കാം. എന്താണ് ഈ വകുപ്പുകളുടെ അന്തർവഹിക്കുന്ന അടിസ്ഥാന തത്വങ്ങൾ? പാവപ്പെട്ടവരും എന്നാൽ സാമൂഹികവും വിദ്യാഭ്യാസപരവുമായി മുന്നാക്കക്കാരുമായ, അതിനാൽ തന്നെ സംവരണത്തിന് അർഹരല്ലാത്ത ആളുകൾക്ക് സംവരണം ലഭിക്കണം എന്നാണ് അതു പറയുന്നത്. ഇതാണ് അത് അന്തർവഹിക്കുന്ന തത്വം. ഈ തത്വം ഭരണഘടനാ നിയമങ്ങളുടെ ഭാഗമായി അംഗീകരിക്കപ്പെട്ട/സ്ഥാപിക്കപ്പെട്ട ഒന്നല്ല. അത് ലെജിസ്ലേച്ചറിനു മേൽ ബാധകവുമല്ല. ഇത് സമത്വം (equality) എന്ന, നിലവിൽ തന്നെ സ്ഥാപിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായ തത്വത്തോട് മുചൂടും സംഘർഷത്തിൽ ഏർപ്പെടുന്നതുമാണ്.
അപ്പോൾ, ഈ തത്വത്തെ ചർച്ചയിലേക്ക് കൊണ്ടുവന്നാൽ, എളുപ്പം ഒരു തീർപ്പിലെത്താൻ സാധിക്കും. ഈ മൂന്ന് വ്യവസ്ഥകളും- അഥവാ കംപാർട്ട്മെന്റ്വത്കരണം (compartmentalisation), ഗവൺമെന്റ് അസിസ്റ്റസ് ലഭിക്കാനുള്ള മുന്നുപാദിയായി മുന്നാക്കത്തെ (forwardness) പ്രതിഷ്ഠിക്കൽ, യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സംവരണത്തെ ഒരു ക്ഷേമ പ്രവർത്തനം എന്ന നിലക്ക് കയറൂരി വിടുക എന്നിവ- ഭരണഘടനയുടെ അടിസ്ഥാന ഘടനയോട് തീർത്തും സംഘർഷത്തിൽ ഏർപ്പെടുന്നതാണ്.
അവസാനമായി, കോടതിയുടെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ ഇനി മുന്നോട്ടുള്ള വഴി എന്താണെന്ന ചോദ്യമാണ് അവശേഷിക്കുന്നത്. രണ്ടു വഴികളാണ് മുന്നിൽ വരുന്നത്. ഒന്നാമത്തേത് അതിനെ നീക്കം ചെയ്യുക എന്നതും, രണ്ടാമത്തേത് അതിനെ അതേപടി നിലനിർത്തുക എന്നതുമാണ്. എന്നാൽ, മൂന്നാമതൊരു വഴി കൂടിയുണ്ട് എന്ന് ഞാൻ കരുതുന്നു. ആ വഴി പ്രകാരം അതിനെ നീക്കം ചെയ്യേണ്ടതുമില്ല, അതേപടി നിലനിർത്തേണ്ടതുമില്ല, എന്നാൽ അടിസ്ഥാന ഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ പരിഹരിക്കാനും കഴിയും. ഈ ഭേദഗതി രണ്ടാഴ്ച്ച നീണ്ട ചർച്ചകൾക്ക് ശേഷം രണ്ടു രൂപങ്ങളിലായാണ് (versions) താങ്കൾക്ക് മുന്നിൽ ഉള്ളത്. ഒന്നാമത്തെ രൂപത്തെ ഞാൻ വിളിക്കുന്നത് ഭരണഘടനാപരമായ രൂപം (constitutionalist version) എന്നാണ്. രണ്ടാമത്തേതിനെ ഞാൻ വിളിക്കുന്നത് മുന്നാക്കവർഗ രൂപം (forward-class version) എന്നും. 15(6), 16(6)ൽ രണ്ടു ഭാഗങ്ങൾ എടുക്കുകയും അവ രണ്ടും എങ്ങനെയാണ് മേൽപ്പറഞ്ഞ രണ്ടു രീതികളിൽ വ്യാഖ്യാനിക്കപ്പെടുന്നത് എന്ന് നോക്കാം. “Economically weaker section” (സാമ്പത്തിക അവശ വിഭാഗം) എന്ന ഉപവാക്യം എടുക്കാം. മുന്നാക്കവർഗ വേർഷനിൽ അത് വ്യാഖ്യാനിക്കപ്പെടുന്നത് “ക്രീമിലെയർ ബഹിഷ്കരണമുള്ള, സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നാക്കക്കാരായ, 15(4) 16(4) ക്ലാസ്സുകളിൽ പെടാത്തവർ” എന്നാണ്. എന്നാൽ, ഭരണഘടനാപരമായ (constitutionalist) വേർഷനിൽ economic weaker sections (economic എന്നാണ് പറയുന്നത്. Financial അല്ല) എന്നതിനെ ദാരിദ്ര്യം എന്ന അവസ്ഥയോട് ബന്ധപ്പെടുത്തിയാണ് കാണാൻ കഴിയുന്നത്. യൂണിയന്റെ ന്യായീകരണങ്ങൾ മുഴുവനും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് “ദാരിദ്യ നിർമാർജനം” (poverty alleviation) എന്ന പോയന്റിലാണ്. സാമ്പത്തിക ശേഷി എന്നത്തിൽ നിന്ന് ഭിന്നമായി വിശാലമായ ഒരു പ്രതലമാണ് ദാരിദ്യ നിർമാർജനത്തിനുള്ളത്. ജാതിയോ വിശ്വാസമോ (caste and creed) പരിഗണിക്കാതെ Below poverty line (ദാരിദ്യ രേഖക്ക് താഴെ)നെ വായിക്കുന്ന പ്രവണത യഥാർഥത്തിൽ നമ്മുടെ രാജ്യത്തിന് വലിയൊരു സിഗ്നൽ കൊടുക്കുന്നുണ്ട്. ജാതിയോ വിശ്വാസമോ പരിഗണിക്കാതെ ദാരിദ്ര്യത്തെ മനസ്സിലാക്കുന്ന അവസ്ഥയിലേക്ക് നമ്മൾ എത്തിച്ചേർന്നിരിക്കുന്നു.
ഇനി രണ്ടാമത്തെ ഭാഗം, ഇതാണ് ഏറ്റവും ബുദ്ധിമുട്ടേറിയതും. 4,5 “ക്ളോസുകളിൽ പരാമർശിക്കപ്പെട്ട ക്ലാസുകളിൽ പെടാത്തത്”. ഇതിലെ മുന്നാക്കവർഗ വേർഷന്റെ വ്യാഖ്യാനം കാണാം. ഇത് നാസികൾ ജൂതർക്ക് നൽകിയിരുന്നു ‘മഞ്ഞ നക്ഷത്രം’ പോലെയാണ്. അത് നിങ്ങൾ നെഞ്ചിൽ പതിക്കണം. നിങ്ങൾ എവിടെ പോയാലും നിങ്ങൾ ജൂതൻ തന്നെയാണ്. ഈ മഞ്ഞ നക്ഷത്രം ഒരു സാമൂഹിക ഐഡന്റിറ്റിയാണ്. എസ്.സി/എസ്.റ്റി, ഒബിസി എന്നീ സ്റ്റാറ്റസുകളുടെ പ്രാധാന്യം അവർക്ക് സംവരണം അവകാശപ്പെടുന്നുണ്ടെങ്കിൽ/ലഭിക്കുന്നുണ്ടെങ്കിൽ മാത്രമാണ്. നിങ്ങൾ ആനുകൂല്യം അവകാശപ്പെടാൻ കഴിയാത്ത ഇടത്താണെങ്കിൽ, നിങ്ങളൊരു മനുഷ്യൻ മാത്രമാണ്. മഞ്ഞ നക്ഷത്രമല്ല, വെറും മനുഷ്യൻ. ഒരു സാമൂഹിക വിഭാഗം (പേരു പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല) അവർ കർണാടകയിൽ പട്ടിക ജാതിയാണ്, മഹാരാഷ്ട്രയിൽ ഓബീസിയും. അതിർത്തി കടന്നാൽ അയാൾ മാറുമോ, ഇല്ല, അയാൾ മനുഷ്യൻ മാത്രമാണ്. മാറുന്നത് അയാളുടെ സാമൂഹിക അവകാശവാദങ്ങളും അർഹതകളും മാത്രമാണ്. അപ്പോൾ, മുന്നാക്കവർഗ വ്യാഖ്യാനങ്ങൾ class (വർഗം) എന്നതിനെ caste (ജാതി) ആക്കി പരിവർത്തിപ്പിക്കുകയാണ്. എസ്.സി/എസ്.റ്റി, ഓബീസി എന്നിവയെ ഒരു ജാതിയായി നമ്മുടെ മേൽ ഏൽപ്പിക്കുകയാണ് അവ. അത് നിങ്ങളുടെ മേൽ തുടരുന്നു, ഇനി മനുഷ്യരായി നമ്മെ കാണുക സാധ്യമല്ല. ഓബീസിയോ എസ്.സി/എസ്.റ്റിയോ ആയി മാത്രമാണ് അവർ നമ്മെ ഇനിമേൽ കാണുന്നത്. അതുകൊണ്ട് നമ്മൾ ഈ സമീപനത്തെ നിരാകരിക്കുകയും ഭരണഘടനാപരമായ സമീപനത്തെ സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. എന്താണ് ഈ വിഷയയത്തിലെ ഭരണഘടനാപരമായ സമീപനം? “ക്ലോസ് 4,5 എന്നതിൽ പരാമർശിക്കപ്പെട്ട ക്ലാസ്സുകൾ ഒഴികെ” എന്നതിന്റെ അർഥം, 15(6), 16(6) എന്നിവയിലുള്ള സെക്ഷനുകളുടെ രൂപീകരണത്തിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ, 15(4), 15(5), 16(4)ൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ക്ലാസുകളുടെ രൂപീകരണത്തിന്റെ യോഗ്യതാ മാനദണ്ഡങ്ങളിൽ പെടാത്തതായിരിക്കണം. ഉദാഹരണത്തിന്, 16(4), 16(5) എന്നിവയിൽ, പിന്നാക്കമായിരിക്കണം എന്ന മാനദണ്ഡമുണ്ട്. അതുകൊണ്ടുതന്നെ, 16(6)ൽ അതുപയോഗിക്കാൻ കഴിയില്ല. നിങ്ങൾക്ക് വേണമെങ്കിൽ ദാരിദ്ര്യത്തെ മാനദണ്ഡമാക്കാം. സർ, ഭരണഘടന എന്നത് എപ്പോഴും മാനദണ്ഡങ്ങളുടെ തലത്തിലാണ് ഉള്ളത്, മനുഷ്യരെ തിരിച്ചറിയുക എന്ന തലത്തിലല്ല. ഇവയെല്ലാം മാനദണ്ഡങ്ങളാണ്. ഈ.ഡബ്ല്യൂ.എസ് ആയാലും ഓബീസീ ആയാലും, എല്ലാം മാനദണ്ഡങ്ങളാണ്. എന്തുകൊണ്ടാണ് ആളുകളെ റെഫർ ചെയ്യുന്നു എന്ന അർത്ഥത്തിൽ നമ്മൾ ഭരണഘടനയെ വായിക്കുന്നത്? എന്തുകൊണ്ടാണ് നമ്മൾ ഇതിനെ മാനദണ്ഡങ്ങളായി വായിക്കാത്തത്. ഉദാഹരണത്തിന്, ഒരു സ്‌പോർട്സ് വ്യക്തിയുടെ മാനദണ്ഡങ്ങളായിരിക്കുകയില്ല ഒരു ഡിസേബ്ൾഡ് വ്യക്തിയുടെ മാനദണ്ഡം. ഒരുപക്ഷേ ഒരു വ്യക്തി പട്ടികജാതിക്കാരിയും സ്പോർട്സ് വ്യക്തിയും ഡിസേബ്ൾഡുമാകാം. അങ്ങനെയെങ്കിൽ, അവർക്ക് 4 തരത്തിലുള്ള മാനദണ്ഡങ്ങളുണ്ടാകാം. നിങ്ങൾക്ക് ബഹു യോഗ്യതകൾ ഉണ്ടാകാൻ പാടില്ല എന്ന അർഥത്തിലുള്ള തീർപ്പൊന്നും സംവരണത്തിന്റെ കാര്യത്തിലില്ല. അതുകൊണ്ട്, ഞാൻ പറയുന്നതെന്തെന്നാൽ, പിന്നാക്ക വിഭാഗവും സാമ്പത്തിക അവശ വിഭാഗവും പരസ്പര ബന്ധമുള്ളതും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണെന്നും പറയാവതല്ല എന്നാണ്. യോഗ്യതാ മാനദണ്ഡങ്ങളും അവ്വിധം വ്യക്തമായും വ്യത്യസ്തമാണ്.
ഞാൻ പറയാൻ ആഗ്രഹിക്കുന്ന അവസാനത്തെ കാര്യം ഇതാണ്: ഒരു സാമൂഹിക വിഭാഗത്തിന് പ്രത്യേകമായ കംപാർട്ട്മെന്റ് നൽകുന്നതിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങൾ ഒരുപക്ഷേ പൂർത്തീകരിക്കപ്പെടില്ലായിരിക്കും. പക്ഷേ ഒരു കോടതിയുടെ പരിഗണനാ വിഷയം അതൊന്നുമല്ല. അതൊരിക്കലും ആവുകയുമില്ല. ജസ്റ്റിസ് കെ.കെ മാത്യൂ നടത്തിയ ഒരു ജഡ്ജ്മെന്റിൽ “എല്ലാ ഭരണഘടനാ വ്യവസ്ഥകളും തമ്മിൽ പൊരുത്തമുള്ളതായിരിക്കേണ്ടതിന്റെ” ആവശ്യകതയെ വളരെ മനോഹരമായി പരാമർശിച്ചത് ഞാനോർക്കുന്നു. അതുകൊണ്ടുതന്നെ, അതിന്റെ പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങൾ എന്തായിരുന്നാലും, 15(6), 16(6)ഉം ഭരണഘടനയിലേക്ക് പ്രവേശിച്ചാൽ, അതിന് ഭരണഘനയുടെ എല്ലാ സ്വഭാവങ്ങളും ലഭിക്കുന്നതാണ്. 21, 19, 14, 16 എന്നിങ്ങനെ എല്ലാ വകുപ്പുകളുടെയും പരിഗണന അതിനു ലഭിക്കും. ഇവയെല്ലാം പരസ്പരം പൊരുത്തത്തിൽ കഴിയേണ്ടവയാണല്ലോ. അതുകൊണ്ട് തന്നെ “ഒഴികെ” എന്നതിന്റെ അർഥം മാനദണ്ഡങ്ങൾ വ്യത്യസ്തമായിരിക്കണം എന്നത് തന്നെയാണ്. ഇങ്ങനെയായാൽ, സംവരണത്തെ കയറൂരി വിടുന്നതിൽ നിന്നും, പിന്നാക്കത്തിൽ നിന്ന് സംവരണത്തെ വേർപ്പെടുത്തുന്നതിൽ നിന്നും രക്ഷിക്കാനാവും.
മൊഴിമാറ്റം: ജാസ്മിൻ പി.കെ, അപർണ കെ.കെ
- https://youtu.be/6DQAWTfl7Mg