ജാതീയതയും മതേതരത്വവും – വെള്ളാപ്പള്ളിയുടെ രാഷ്ട്രീയരൂപാന്തരണങ്ങള്‍

വര്‍ഗ്ഗീയതയെ എതിര്‍ക്കുന്നു എന്ന പേരില്‍ ഇന്ത്യയെപ്പോലൊരു രാജ്യത്ത് ജാതി, മതം, ലിംഗം, എന്നിവയൊക്കെ കര്‍തൃത്വങ്ങളെ നിര്‍ണ്ണയിക്കുന്നതില്‍ വഹിക്കുന്ന പങ്കിനെ നിരസിക്കുകയാണ് പലരും ചെയ്യുന്നത്. കീഴാളര്‍ തങ്ങളുടെ സ്വത്വാഭിവാഞ്ഛകള്‍ പ്രകടിപ്പിച്ചും അവയെ സ്ഥാപിച്ചുമാണ് അധികാരത്തില്‍ പ്രവേശിച്ചിരിക്കുന്നത്. വരേണ്യര്‍ക്കും മതേതരവാദികള്‍ക്കും സ്വാഭാവികമായി കിട്ടുന്ന അപ്രമാദിത്വവും അധീശത്വവും അവര്‍ എത്ര ഒളിപ്പിക്കാന്‍ ശ്രമിച്ചാലും പിന്നാലെ ഒഴുകുന്ന ഹിന്ദുത്വവരേണ്യതയുടെ ആര്‍ജിതശേഷി കൊണ്ടാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?. ഇതിനെ ചരിത്രപരമായി തിരിച്ചറിയുകയെന്നതാണ് കീഴാളര്‍ക്കും, ദളിതര്‍ക്കും മറ്റ് പാര്‍ശ്വവല്‍കൃതര്‍ക്കും മുന്നിലുള്ള യഥാര്‍ത്ഥ വെല്ലുവിളി. പക്ഷേ, അത് ഹിന്ദുത്വത്തെ മറികടന്നായിരിക്കണം എന്നതാണ് സമകാലികമായി ഉന്നയിക്കപ്പെടേണ്ടത് എന്നു തോന്നുന്നു.

1999 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു കാലത്ത് ഡിഗ്രി വിദ്യാര്‍ത്ഥിയും കന്നിവോട്ടറുമായ ഞാന്‍ നേരിട്ട പ്രധാനപ്പെട്ട ചോദ്യം നിങ്ങള്‍ വര്‍ഗ്ഗീയതയ്ക്ക് വേണ്ടിയാണോ മതേതരത്വത്തിനു വേണ്ടിയാണോ വോട്ട് ചെയ്യുന്നത് എന്നൊക്കെയായിരുന്നു. അന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യം ബി.ജെ.പി. യെ അധികാരത്തില്‍ എത്തിക്കുന്നതിനു സഹായകമായിരുന്നുവെങ്കിലും മതേതരത്വത്തിനെ അനുകൂലിക്കാനായിരുന്നു ഭൂരിപക്ഷം ചെറുപ്പക്കാരും തീരുമാനിച്ചത് എന്നു തെരഞ്ഞെടുപ്പുഫലം തെളിയിച്ചു. വലിയ വ്യത്യാസങ്ങളൊന്നും കൂടാതെ മൂന്നോ നാലോ ശതമാനം വോട്ടു വിഹിതത്തില്‍ ഒതുങ്ങാനായിരുന്നു കേരളത്തിലെ ബി.ജെ.പിയുടെ വിധി. ഹിന്ദുത്വത്തിന്റെ മൃദുസാന്നിദ്ധ്യമായ അടല്‍ ബിഹാരി വാജ്‌പേയി അധികാരത്തില്‍ ഏറിയപ്പോള്‍ ഒറ്റപ്പെട്ട ചില ആഘോഷങ്ങളിലും സന്തോഷങ്ങളിലും കൂടുതലായി കേരളം നിര്‍വികാരത പങ്കുവച്ചു. പക്ഷേ, ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ഈ സന്ദര്‍ഭത്തില്‍ കേരളീയ മനസ്സ് വലിയ ദൃഢനിശ്ചയങ്ങളിലേക്കും ആഘോഷങ്ങളിലേക്കും ചെറുപ്പക്കാരെ വിട്ടുകൊടുക്കുകയും അവരുടെ പിതാക്കന്‍മാര്‍ നിഗൂഢമായി ചിരിക്കുകയും ചെയ്യുന്നവരായി മാറിയിരിക്കുന്നു.

  • സാമൂഹ്യഘടനയിലെ പിളര്‍പ്പുകള്‍

കഴിഞ്ഞ ഒന്നരദശകങ്ങള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയഘടനയിലും അധികാര സമവാക്യങ്ങളിലും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും, വ്യവസ്ഥാപിത രാഷ്ട്രീയത്തോട് വിമുഖത പുലര്‍ത്തുന്ന മനോഭാവം പൊതുവെ രൂപപ്പെട്ടു എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. വിവരസാങ്കേതിക വിദ്യയും, ദൃശ്യമാധ്യമങ്ങളുടെ വ്യാപനവും, പുത്തന്‍ തൊഴിലിടങ്ങളിലേക്കുള്ള മാറ്റവും അതിലൂടെ ലഭിക്കുന്ന വരുമാനവും എല്ലാം പുതുതലമുറയെ മറ്റൊരു സാമൂഹ്യബോധത്തിലേക്ക് നയിച്ചു എന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നവരും, പൊതുമേഖലയെക്കുറിച്ച് മതിപ്പില്ലാത്തവരും ഗവണ്‍മെന്റ് വിരുദ്ധവികാരം പങ്കിടുന്നവരും ചേര്‍ന്ന മറ്റൊരു വിഭാഗം രൂപപ്പെട്ടതും ഇക്കാലത്തുതന്നെ. ഇതിലെല്ലാമുപരി മതബോധവും, വിവിധതരത്തിലുള്ള സാമുദായിക ബോധവും ശക്തിപ്പെടുകയും പരമ്പരാഗത രാഷ്ട്രീയ സമൂഹത്തെക്കാള്‍ വിശ്വസനീയമായ ആശയവിനിമയ സംഘങ്ങള്‍ പൊതുമണ്ഡലത്തിന്റെ അവിഭാജ്യ ഭാഗമാവുകയും ചെയ്തു.
മറ്റൊരു പ്രധാനപ്പെട്ട മാറ്റം സംഭവിച്ചത്, നമ്മുടെ സിവില്‍ സമൂഹ സങ്കല്‍പ്പത്തിലാണ്. ജാതി, മതം, സ്വത്വം, ലിംഗം തുടങ്ങിയ സംവര്‍ഗങ്ങള്‍ അക്കാദമിക് ചര്‍ച്ചകളില്‍ മാത്രമല്ല, ബഹുജന സംവാദങ്ങളിലും ഇടംപിടിച്ചു. ദളിതര്‍, കീഴാളര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ലൈംഗികന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരിലെ ഉല്‍ബുദ്ധവിഭാഗങ്ങള്‍, പലതരത്തിലുള്ള അവകാശങ്ങളെക്കുറിച്ചും, ഇതുവരെ നേരിട്ട ഒഴിവാക്കലുകളെക്കുറിച്ചും സംസാരിച്ചു തുടങ്ങി. ദളിതരും ആദിവാസികളും അധികാരം, പദവി, വിഭവപങ്കാളിത്തം എന്നിവയിലൂന്നി നടത്തിയ പ്രക്ഷോഭങ്ങളും ആശയ സമരങ്ങളും, ഇടതുപക്ഷം അതുവരെ ഉയര്‍ത്തിക്കാണിച്ച് വികസന മോഡലുകളെ ചോദ്യംചെയ്യാന്‍ പര്യാപ്തമായിരുന്നു. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ദശകത്തില്‍ സംഭവിച്ച ജ്ഞാനപരമായ ഈ മാറ്റത്തെ വ്യവസ്ഥാപിത ഇടതുപക്ഷം ഇന്നും ഉള്‍ക്കൊണ്ടിട്ടില്ല എന്നത് വസ്തുതയാണ്. ‘മാര്‍ക്‌സിസ്റ്റ് സംവാദം’ എന്ന പേരില്‍ എം. എ ബേബിയും ദിനേശന്‍ പുത്തലത്തും നടത്തിയ നിരീക്ഷണങ്ങള്‍ ഈ വസ്തുതയെ അടിവരയിടുന്നു. ഇത് കൂടാതെ കേരളത്തില്‍ സ്ത്രീപക്ഷവാദികളും പരിസ്ഥിതി പ്രവര്‍ത്തകരും നടത്തിയ ആശയപരവും പ്രായോഗികവുമായ മുന്നേറ്റങ്ങള്‍, സിവില്‍ സമൂഹ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതല്ല. ഈ മാറ്റങ്ങളെയെല്ലാം അവഗണിക്കുകയോ, കുപ്രചാരണങ്ങളിലൂടെ അവഹേളിക്കുകയോ അതുമല്ലെങ്കില്‍ ഭരണകൂടസംവിധാനങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയോ ആണ് വ്യവസ്താപിത രാഷ്ട്രീയവും അതിനെ അനുകൂലിക്കുന്ന പൊതു സമൂഹവും ചെയ്തത്.

__________________________________
ബി.ജെ.പി യുമായി എസ്.എന്‍.ഡി.പി യോഗം നടത്തുന്ന സഖ്യനീക്കങ്ങള്‍ക്കുള്ള സാധൂകരണം അല്ല ലക്ഷ്യമെങ്കിലും, കേരളത്തില്‍ വലതിനും ഇടതിനുമപ്പുറം മറ്റൊരു രാഷ്ട്രീയത്തെ ഭാവനചെയ്യുന്നവര്‍ ധാരാളമുണ്ട് എന്നോര്‍ക്കേണ്ടതുണ്ട്. നിവര്‍ത്തന സമരത്തോടെ രൂപപ്പെട്ട സമുദായരാഷ്ട്രീയം ഘടനാപരമായി ഏറെയൊന്നും ഇന്നും മാറിയിട്ടില്ല എന്നതു യാഥാര്‍ത്ഥ്യമാണ്. അധീശസമുദായങ്ങള്‍ അധികാരത്തില്‍ പ്രവേശിക്കുകയും കീഴാളസാന്നിധ്യങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്ത ചരിത്രപരമായ ആ ഘട്ടത്തില്‍ ഈഴവസമുദായം രാഷ്ട്രീയമായി ശക്തരായിരുന്നു എന്നു കാണാം. ഒരേസമയം സമുദായത്തിലും വ്യവസ്ഥാപിത രാഷ്ട്രീയ സംഘടനകളിലും പ്രവര്‍ത്തിക്കുന്ന ഒട്ടേറെ നേതാക്കന്‍മാര്‍ ഉണ്ടായിരുന്ന പ്രസ്ഥാനമായിരുന്നത്. അതില്‍ നിന്നാണ് എസ്.എന്‍.ഡി.പി ഇന്നത്തെ അവസ്ഥയില്‍ എത്തിനില്‍ക്കുന്നത്.
___________________________________ 

ഭൗതികഘടനയില്‍ ഇത്തരം പ്രതിഫലനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെക്കാള്‍ തീവ്രമായി സമൂഹമനസ്സില്‍ പലതരത്തിലുള്ള പിളര്‍പ്പുകള്‍ സൃഷ്ടിക്കപ്പെട്ട കാലം കൂടിയായിരുന്നു ഇത്. ഗള്‍ഫ് കുടിയേറ്റത്തിലൂടെ സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധി നേടിയ മുസ്ലീം സമൂഹത്തോടും, സംവരണത്തിലൂടെയും മറ്റിതര രീതികളിലും സമുദായിക ചലനാത്മകത കൈവരിച്ച ദളിതരോടും, അവകാശങ്ങള്‍ക്കായി പൊതുസമൂഹത്തില്‍ ശബ്ദം ഉയര്‍ത്തുന്ന ആദിവാസികളോടും, ലിംഗവിവേചനങ്ങളെക്കുറിച്ച് സംസാരിക്കുന്ന സ്ത്രീകളോടും എല്ലാം അസഹിഷ്ണുത പുലര്‍ത്തുന്ന നവവരേണ്യ ബോധം ശക്തമായതും ഇക്കാലത്താണെന്നു കാണാം. നമ്മുടെ ജനപ്രിയ സിനിമകളും, നിഷ്പക്ഷമെന്നു നടിക്കുന്ന മാധ്യമങ്ങളും, മതേതരസംരക്ഷകരുടെ രക്ഷാകര്‍തൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സ്ഥാപനങ്ങളും എല്ലാം മേല്‍പ്പറഞ്ഞ പൊതുബോധത്തെ നിര്‍മ്മിക്കാന്‍ ചെറുതല്ലാത്ത മട്ടില്‍ സഹായിച്ചിട്ടുണ്ട്. ന്യൂനപക്ഷവിരുദ്ധതയും ദളിത് വിരുദ്ധതയും ഇപ്പോഴും വ്യാപിപ്പിക്കുന്നതില്‍ മതേതരത്വത്തിന്റെ ചിലവില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുവരേണ്യതയ്ക്കുള്ള പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. പര്‍ദ വിരോധത്തിലും, മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രി വിവാദത്തിലും, ചെങ്ങറ-മുത്തങ്ങ സമരത്തിലും എല്ലാം ഇത് പ്രകടമായതുമാണ്. പരമ്പരാഗതഘടനയ്ക്ക് വഴങ്ങാത്തവയെല്ലാം അപഭ്രംശങ്ങളോ സാമ്രാജ്യത്വ ഫണ്ടിങോങ്ങോ, അതുമല്ലെങ്കില്‍ മതേതരത്വത്തെ അപകടപ്പെടുത്താനുള്ള വര്‍ഗീയവാദമായോ പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് പഴയ മാര്‍ക്‌സിസ്റ്റുകളോടൊപ്പം വിമത മാര്‍ക്‌സിസ്റ്റുകളും മാവോയിസ്റ്റുകളുമാണെന്നു കാണാം. കേരളത്തില്‍ അധികാരത്തിലും സമ്പത്തിലും മുന്നില്‍ നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് ഇവ യൊന്നും ബാധകമല്ലെന്നും പറയാം. വലതുപക്ഷ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലാകട്ടെ ഇത്തരം ആശയസംവാദങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്ന് മാത്രമല്ല, വികസനം പോലുള്ള ജനപ്രിയ മരുന്നുകളാണ് അവര്‍ക്ക് പഥ്യമെന്നും കാണാം.

  • എസ്.എന്‍.ഡി.പി.യും ഹിന്ദുത്വവും

ജാതി, സമുദായം, വര്‍ഗം തുടങ്ങിയവ പലപ്പോഴും ഇടകലര്‍ത്തിയും സമാനതയുള്ളതാക്കിയും അല്‍പ്പം കടന്നു പുരോഗമന സമൂഹത്തിന്റെ വിമര്‍ശനത്തിനുള്ള ഉപാധിയായുമൊക്കെ പ്രയോഗിച്ച് അവയുടെ വിവക്ഷിതമായ അര്‍ഥം പലപ്പോഴും കൈമോശം വരാറുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ കൃത്യമായ സൂചനകള്‍ ഉള്ളടങ്ങുന്നവയാണ് ഇവയെങ്കിലും കീഴാളരുടെയും ദളിതരുടെയും കാര്യത്തില്‍ ജാതിവാദം എന്ന പ്രയോഗം നിര്‍ബന്ധിതമായി മാറുന്നത് പതിവാണ്. എന്‍.എസ്. എസ് ന്റെ ആഭ്യന്തര താല്‍പ്പര്യങ്ങളെ ‘പൊതുവായതായും എസ്.എന്‍.ഡി.പി. യുടെ നിലപാടുകളെ ‘ജാതിവാദ’മായും പരിഭാഷപ്പെടുത്തുന്ന യുക്തി ഇന്നും പ്രബലമാണ്. ‘ജാതിസംഘടനകള്‍’ എന്ന പ്രയോഗം പോലും കീഴാളത്വം പേറുന്ന ഒന്നായി മനസ്സിലാക്കേണ്ടതുണ്ട്. ഈയടുത്തകാലത്ത് തമിഴ്ബ്രാഹ്മണര്‍ സംവരണം ആവശ്യപ്പെട്ടപ്പോള്‍ അതില്‍ ജാതിവാദത്തിന്റെ അംശം കണ്ടെത്താന്‍ നമ്മുടെ പൊതുബോധത്തിനു കഴിഞ്ഞില്ല. ഭൂപരിഷ്‌ക്കരണം മൂലം നഷ്ടംവന്ന തങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന് യോഗക്ഷേമസഭ ആവശ്യപ്പെടുമ്പോഴും’ജാതി’ മറഞ്ഞുനില്‍ക്കുകയും സ്വീകാര്യമായ ”പൊതുവായത്” അതില്‍ ഉയര്‍ന്നുനില്‍ക്കുകയും ചെയ്യുന്നു. ഈഴവര്‍, പുലയര്‍, പറയര്‍, വേട്ടുവര്‍, വിശ്വകര്‍മ്മജര്‍ പോലുള്ള വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളും നിലപാടുകളും ജാതിവാദത്തിന്റെ ഉള്ളടക്കത്തിലേയ്ക്ക് വളരെ വേഗം മാറുകയും ചെയ്യുന്നു.

വരേണ്യഹിന്ദുക്കളുടെ പിന്തുണയില്ലാത്ത എസ്.എന്‍.ഡി.പി.യുടെ ഏതൊരു നീക്കവും ജാതി വ്യവഹാരങ്ങളായി പരിഗണിക്കുകയും മതേതര രാഷ്ട്രീയത്തിന്റെ നിശിതമായ വാദമുഖങ്ങളില്‍ തകര്‍ന്നുപോകുന്നതുമാണ് കേരളം കാണുന്നത്. ഹിന്ദുത്വവാദികളുമായി നടത്തുന്ന നീക്കുപോക്കുകള്‍ ഒട്ടേറെ വിമര്‍ശനങ്ങളെ ക്ഷണിച്ചുവരുത്തുന്നതും മനുഷ്യത്വത്തിന്റെയും നവോത്ഥാനമൂല്യങ്ങളുടെയും പേരില്‍ വിലാപങ്ങള്‍ ഉണ്ടാകുന്നതിന്റെയും പിന്നില്‍ സ്വയംനിര്‍ണ്ണയാധികാരമുള്ള സമുദായമായി ഈഴവരെ ഇന്നും അംഗീകരിക്കാത്തതിന്റെ താല്‍പ്പര്യങ്ങള്‍ കൂടിയും കാണാം. അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയിലെ അംഗമായിരുന്ന പി.സി. തോമസ് ഈയടുത്ത കാലംവരെ ഇടതുപക്ഷത്തായിരുന്നത് വര്‍ഗ്ഗീയതയുമായുള്ള സന്ധിയായി ആരും കണ്ടില്ല. ജനപക്ഷവും നമോമഞ്ചുമെല്ലാം ചേര്‍ന്ന രാഷ്ട്രീയം ഏതു പ്രത്യയശാസ്ത്രത്തിന്റെ പേരിലാണ് സാധൂകരിക്കപ്പെടുന്നത്?. ക്രൈസ്തവതാല്പര്യങ്ങളെ പ്രത്യക്ഷമായി പിന്തുണയ്ക്കുന്ന കേരള കോണ്‍ഗ്രസുകളുമായി പല സന്ദര്‍ഭങ്ങളിലും യോജിച്ചു അധികാരത്തിലെത്തിയത് മതേതരവും പുരോഗമനപരവുമാകുന്നത് എന്തുകൊണ്ട്? യഥാര്‍ത്ഥത്തില്‍ ജാതി, വര്‍ഗീയതപോലുള്ള പദാവലികളും വര്‍ഗീകരണങ്ങളും കീഴാളര്‍ക്കും ദളിതര്‍ക്കും മാത്രം ബാധകമാക്കുന്ന മാര്‍ക്‌സിസ്റ്റ്, മതേതരയുക്തി ശക്തമായി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
ബി.ജെ.പി യുമായി എസ്.എന്‍.ഡി.പി യോഗം നടത്തുന്ന സഖ്യനീക്കങ്ങള്‍ക്കുള്ള സാധൂകരണം അല്ല ലക്ഷ്യമെങ്കിലും, കേരളത്തില്‍ വലതിനും ഇടതിനുമപ്പുറം മറ്റൊരു രാഷ്ട്രീയത്തെ ഭാവനചെയ്യുന്നവര്‍ ധാരാളമുണ്ട് എന്നോര്‍ക്കേണ്ടതുണ്ട്. നിവര്‍ത്തന സമരത്തോടെ രൂപപ്പെട്ട സമുദായരാഷ്ട്രീയം ഘടനാപരമായി ഏറെയൊന്നും ഇന്നും മാറിയിട്ടില്ല എന്നതു യാഥാര്‍ത്ഥ്യമാണ്. അധീശസമുദായങ്ങള്‍ അധികാരത്തില്‍ പ്രവേശിക്കുകയും കീഴാളസാന്നിധ്യങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്ത ചരിത്രപരമായ ആ ഘട്ടത്തില്‍ ഈഴവസമുദായം രാഷ്ട്രീയമായി ശക്തരായിരുന്നു എന്നു കാണാം. ഒരേസമയം സമുദായത്തിലും വ്യവസ്ഥാപിത രാഷ്ട്രീയ സംഘടനകളിലും പ്രവര്‍ത്തിക്കുന്ന ഒട്ടേറെ നേതാക്കന്‍മാര്‍ ഉണ്ടായിരുന്ന പ്രസ്ഥാനമായിരുന്നത്. അതില്‍ നിന്നാണ് എസ്.എന്‍.ഡി.പി ഇന്നത്തെ അവസ്ഥയില്‍ എത്തിനില്‍ക്കുന്നത്.

________________________________
രംഗനാഥമിശ്ര കമമീഷന്‍ റിപ്പോര്‍ട്ടും അതിനെതിരെയുള്ള ഹിന്ദു പാര്‍ലമെന്റിന്റെ രൂപീകരണവും കേരളത്തിലെ ദളിത്-ആദിവാസി ഭൂസമരങ്ങളില്‍ വിശ്വഹിന്ദുപരിഷത്ത് നടത്തുന്ന ബോധപൂര്‍വ്വമായ ഇടപെടലുകളും ഈടയുത്തകാലത്ത് ദളിതര്‍ക്കിടയില്‍ കടന്നുകയറാന്‍ ഹിന്ദുത്വവാദികള്‍ക്കു സാഹചര്യമൊരുക്കിയ കാര്യങ്ങളാണ്. അനാവശ്യമായ ക്രൈസ്തവവിരോധവും അക്രമോല്‍സുകമായ മുസ്ലീം വിദ്വേഷവും ദളിത്-പിന്നാക്കവിഭാഗങ്ങള്‍ക്കിടയില്‍ ഉറപ്പിക്കുവാന്‍ സാമുദായികരംഗത്തും ധൈഷണിക മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍പോലും മുന്‍കൈയെടുത്തിട്ടുണ്ടെന്നു സമീപകാല വ്യവഹാരങ്ങല്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഇതിന്റെയൊക്കെ തുടര്‍ച്ചയായിവേണം കീഴാളര്‍ക്കിടയിലെയും ദളിതര്‍ക്കിടയിലെയും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വ്യാപനത്തെ തിരിച്ചറിയേണ്ടത്. വെള്ളാപ്പള്ളി നടേശന് രാഷ്ട്രീയ മോഹങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയുന്നതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല.
________________________________ 

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കേരളം പോലെ ഇത്രമാത്രം രാഷ്ട്രീയമരവിപ്പ് തുടരുന്ന സംസ്ഥാനം വേറെയുണ്ടോ എന്നത് സംശയമാണ്. വിശേഷിച്ചും, എണ്‍പതുകളും തൊണ്ണൂറുകളും പ്രാദേശികപാര്‍ട്ടികളുടെയും അവയുടെ അധികാര ആരോഹണങ്ങളുടെയും കാലം മാത്രമല്ല ജനാധിപത്യത്തെ വൈവിധ്യവല്‍ക്കരിക്കുകയും ജനങ്ങളുടെ പ്രതീക്ഷകളെ ഉണര്‍ത്തുകയും ചെയ്ത സന്ദര്‍ഭം കൂടിയായിരുന്നത്. ബി.എസ്.പി., ടി.ഡി.പി., അസംഗണ പരിഷത്ത്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, സമാജ് വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫ്രന്‍സ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യു, തുടങ്ങി ആം ആദ്മി പാര്‍ട്ടിവരെ എത്തി നില്‍ക്കുന്ന രാഷ്ട്രീയ സംഘടനങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യത്തെ ബഹുസ്വരമാക്കിയവയാണ്. തമിഴ് നാട്ടിലെ ദ്രാവിഡരാഷ്ട്രീയത്തിന്റെശാക്തികവിന്യാസങ്ങള്‍ക്കെതിരെ പുതിയ സാധ്യതകള്‍ ആലോചിച്ചു തുടങ്ങിയ സന്ദര്‍ഭം കൂടിയാണിതെന്നു ഓര്‍ക്കുക. കേരളത്തില്‍ ഇനിയും അത്തരമൊരു മാറ്റം പ്രതീക്ഷിക്കാനാവാത്ത വിധത്തില്‍ രാഷ്ട്രീയം വ്യവസ്ഥാപിതവും വരേണ്യ സമുദായ താല്പര്യങ്ങളുടെ ചിട്ടകളാല്‍ നിയന്ത്രിക്കുന്നതുമാണെന്ന് കാണാം.
ഇതിന് പരിഹാരം ഹിന്ദുത്വരാഷ്ട്രീയമല്ലെന്നു പ്രാഥമികമായി തിരിച്ചറിയേണ്ടത് കീഴാളരും ദളിതരുമാണ്. പക്ഷേ, കഴിഞ്ഞ ദശകങ്ങളില്‍ ഉണ്ടായ സാമൂഹികമാറ്റങ്ങള്‍ ദളിതര്‍ക്കിടയിലും അസംതൃപ്തികളോടൊപ്പം ഹിന്ദുബോധത്തിലേയ്ക്കും മാറുന്ന തരത്തിലേയ്ക്ക് പൊളിച്ചെഴുതപ്പെടുന്നത് കാണാതിരുന്നു കൂടാ. നരേന്ദ്രമോഡിയുടെ അധികാരാരോഹണം പൊള്ളയായ കീഴാളബോധത്തെയും അല്‍പ്പം കടന്നു ”പാവപ്പെട്ടവന്‍” എന്ന വര്‍ഗബോധത്തെയും ഉണര്‍ത്തിയെന്നതും യാഥാര്‍ത്ഥ്യമാണ്. കേരള പുലയര്‍ മഹാസഭയുടെ (ടി.വി. ബാബു വിഭാഗം) കൊച്ചിക്കായല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം വികാരതീവ്രമായി റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട് എന്നും പറയാം. രംഗനാഥമിശ്ര കമമീഷന്‍ റിപ്പോര്‍ട്ടും അതിനെതിരെയുള്ള ഹിന്ദു പാര്‍ലമെന്റിന്റെ രൂപീകരണവും കേരളത്തിലെ ദളിത്-ആദിവാസി ഭൂസമരങ്ങളില്‍ വിശ്വഹിന്ദുപരിഷത്ത് നടത്തുന്ന ബോധപൂര്‍വ്വമായ ഇടപെടലുകളും ഈടയുത്തകാലത്ത് ദളിതര്‍ക്കിടയില്‍ കടന്നുകയറാന്‍ ഹിന്ദുത്വവാദികള്‍ക്കു സാഹചര്യമൊരുക്കിയ കാര്യങ്ങളാണ്. അനാവശ്യമായ ക്രൈസ്തവവിരോധവും അക്രമോല്‍സുകമായ മുസ്ലീം വിദ്വേഷവും ദളിത്-പിന്നാക്കവിഭാഗങ്ങള്‍ക്കിടയില്‍ ഉറപ്പിക്കുവാന്‍ സാമുദായികരംഗത്തും ധൈഷണിക മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍പോലും മുന്‍കൈയെടുത്തിട്ടുണ്ടെന്നു സമീപകാല വ്യവഹാരങ്ങല്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഇതിന്റെയൊക്കെ തുടര്‍ച്ചയായിവേണം കീഴാളര്‍ക്കിടയിലെയും ദളിതര്‍ക്കിടയിലെയും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വ്യാപനത്തെ തിരിച്ചറിയേണ്ടത്. വെള്ളാപ്പള്ളി നടേശന് രാഷ്ട്രീയ മോഹങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയുന്നതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല.
തുടക്കത്തില്‍ സൂചിപ്പിച്ച പ്രശ്‌നത്തിലേക്ക് മടങ്ങിവരാം. ”വര്‍ഗ്ഗീയത” എന്ന സംവര്‍ഗ്ഗം തന്നെ തെറ്റായിരുന്നു എന്ന് പുതുകാല പഠനങ്ങള്‍ തെളിയിക്കുന്നു. വര്‍ഗ്ഗീയതയെ എതിര്‍ക്കുന്നു എന്ന പേരില്‍ ഇന്ത്യയെപ്പോലൊരു രാജ്യത്ത് ജാതി, മതം, ലിംഗം, എന്നിവയൊക്കെ കര്‍തൃത്വങ്ങളെ നിര്‍ണ്ണയിക്കുന്നതില്‍ വഹിക്കുന്ന പങ്കിനെ നിരസിക്കുകയാണ് പലരും ചെയ്യുന്നത്. കീഴാളര്‍ തങ്ങളുടെ സ്വത്വാഭിവാഞ്ഛകള്‍ പ്രകടിപ്പിച്ചും അവയെ സ്ഥാപിച്ചുമാണ് അധികാരത്തില്‍ പ്രവേശിച്ചിരിക്കുന്നത്. വരേണ്യര്‍ക്കും മതേതരവാദികള്‍ക്കും സ്വാഭാവികമായി കിട്ടുന്ന അപ്രമാദിത്വവും അധീശത്വവും അവര്‍ എത്ര ഒളിപ്പിക്കാന്‍ ശ്രമിച്ചാലും പിന്നാലെ ഒഴുകുന്ന ഹിന്ദുത്വവരേണ്യതയുടെ ആര്‍ജിതശേഷി കൊണ്ടാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?. ഇതിനെ ചരിത്രപരമായി തിരിച്ചറിയുകയെന്നതാണ് കീഴാളര്‍ക്കും, ദളിതര്‍ക്കും മറ്റ് പാര്‍ശ്വവല്‍കൃതര്‍ക്കും മുന്നിലുള്ള യഥാര്‍ത്ഥ വെല്ലുവിളി. പക്ഷേ, അത് ഹിന്ദുത്വത്തെ മറികടന്നായിരിക്കണം എന്നതാണ് സമകാലികമായി ഉന്നയിക്കപ്പെടേണ്ടത് എന്നു തോന്നുന്നു.

Top