മതവും നീതിയും പാർശ്വവത്കൃത സമൂഹങ്ങളും

ദൈവം അഥവാ ദിവ്യത എന്നത് അഭൗമികമായ അനുഭൂതിയൊന്നുമല്ല. നാം ജീവിക്കുന്ന ലോകത്തിന്റെ ഉള്ളിൽ ഉൾച്ചേർന്നിരിക്കുന്ന സ്‌നേഹത്തിന്റെ, സഹനത്തിന്റെ, നീതിയുടെ, സർഗാത്മകതയുടെ, വിമോചനത്തിന്റെ അനുഭവമാണത്. മനുഷ്യ ജീവിതത്തിലെ ദൈനംദിന ബന്ധുത്വത്തിന്റെ ഇഴകളാണത്. അതുകൊണ്ടാണ്, “ജഡം വചനമായിത്തീർന്നതാണ് ക്രിസ്തു” എന്ന് ഫാദർ കാപ്പൻ തിരുത്തിപ്പറഞ്ഞത്. ഫാ. വൈ.ടി വിനയരാജ് എഴുതുന്നു.

മാനവ സംസ്കൃതിയെ നീതിയുക്തമാക്കുന്നതിൽ മതങ്ങൾക്ക് ഗൗരവമായ പങ്കാണുള്ളത്. അതു തന്നെയാണ് സാമൂഹിക ജീവിതത്തിൽ മതങ്ങളെ സംഗതമാക്കുന്നതും സജീവമാക്കുന്നതും. എന്നാൽ മതങ്ങൾ പലപ്പോഴും പ്രസ്തുത സാമൂഹിക ഉത്തരവാദിത്വത്തിൽ നിന്നും പിന്മാറുകയും കേവലം അനുഷ്ഠാന-അധികാര ഘടനയായി ചുരുങ്ങുകയും ചെയ്യുന്നുണ്ട്. ‘സാമൂഹിക നീതി’ എന്ന ഘടകത്തെ മാറ്റിനിർത്തുന്ന ഏതൊരു വ്യവസ്ഥയും മനുഷ്യ സംസ്കൃതിക്കു ഗുണകരമല്ല. മതങ്ങൾക്കും അത്തരമൊരു അവസ്ഥയാണോ സംഭവിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അനുഷ്ഠാന-അധികാര ഘടനകൾ, അതു മതപരമായാലും രാഷ്ട്രീയപരമായാലും പുന്തള്ളപ്പെടുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു അവസ്ഥ നിരാശാജനകവും ദുഃഖകരവുമാണ്. ഇതാണ് നാമിന്ന് അഭിമുഖീകരിക്കുന്ന ഗൗരവതരമായ വിശ്വാസ-രാഷ്ട്രീയ പ്രതിസന്ധി.

മാനവ സംസ്‌കൃതിയുടെ ആരംഭം മുതൽ തന്നെ മതങ്ങളുടെ സാന്നിധ്യവും നമുക്കു കാണാൻ കഴിയും. അതു മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധത്തിന്റെ നൂലിഴകൾ കൊണ്ട് ചേർത്തു വെച്ചതായിരിന്നുവെങ്കിലും, അധികാരത്തിന്റെ- പ്രത്യേകിച്ചും പുരുഷാധികാരത്തിന്റെ- ഘടനകൾ രൂപപ്പെടുന്ന മുറക്ക് മതങ്ങളും ശ്രേണീബദ്ധതയുടെ കൂടാരങ്ങളായി മാറ്റപ്പെടുന്നതു കാണാം. പൗരോഹിത്യാധികാരം നിലനിർത്തപ്പെടുന്നതിനായി പിന്നീട് ശുദ്ധാശുദ്ധ നിയമങ്ങളും സ്ത്രീവിരുദ്ധ-കീഴാളവിരുദ്ധ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിർമിക്കപ്പെടുന്നു. ക്രമേണ മതങ്ങളും പുറന്തള്ളലിന്റെ സാമൂഹിക ക്രമമായി മാറുന്നു. ഈ അവസ്ഥാന്തരം എല്ലാ മതങ്ങളിലും കാണാൻ സാധിക്കും. പല ഘടകങ്ങളും അതിനു പ്രേരകമായിട്ടുണ്ട്.

ഉദാഹരണത്തിന്, ക്രിസ്തുമതം തന്നെ എടുക്കാം. റോമൻ സാമ്രാജ്യത്തിന്റെ കാലത്ത് സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയപരമായും പുറന്തള്ളപ്പെടുന്ന ജനസമൂഹങ്ങളെ സംഘടിപ്പിക്കുകയും, നീതിയുക്തമായ ലോകക്രമം മുന്നോട്ടു വെക്കുകയും ചെയ്ത ‘യേശു പ്രസ്ഥാനം’ പിൽക്കാലത്ത് സാമ്രാജ്യങ്ങൾ നിലനിർത്തുന്നതിനുള്ള ഉപാധിയായി മാറ്റപ്പെടുന്നതാണ് നാം കണ്ടത്. ദൈവവും, ദൈവശാസ്ത്രവും ആരാധനയും ആത്മീയതയും ചക്രവർത്തിയെയും, സാമ്രാജ്യത്ത്വത്തെയും പിന്താങ്ങുന്നതിനു വേണ്ടി വ്യാഖ്യാനിക്കപ്പെടുകയാണ്. ക്രൂശിതനായ ക്രിസ്തുവിന്റെ സഭ ‘കുരിശു യുദ്ധങ്ങൾ’ നടത്തുകയും അധികാര ഘടനകൾ രൂപപ്പെടുത്തുന്നതുമാണ് പിന്നെ നാം കാണുന്നത്. ഈ അധികാരത്തിന്റെ ഘടനകളെ നീതീകരിക്കാനുള്ള തത്രപ്പാടിലാണ് പിന്നെ ദൈവശാസ്ത്രജ്ഞർ പ്രവർത്തിക്കുന്നത്. വിധേയത്വത്തിനും അടിമപ്പെടുത്തലിനും മത-ആത്മീയ പാഠങ്ങളും ധ്യാനങ്ങളും ഉപയോഗപ്പെടുത്തി. ക്രിസ്തുമതം അതിൽ തന്നെ ശ്രേണീബദ്ധമായ ഒരു ഘടനാരൂപമായി.

ആധുനിക കാലത്തിലാകട്ടെ യൂറോപ്യൻ സാംസ്കാരിക മുന്നേറ്റത്തിന്റെയും കൊളോണിയലിസത്തിന്റെയും ചിറകിലേറി യൂറോപ്പിതര ജനസമൂഹങ്ങളിലേക്കും ക്രിസ്തുമതം സഞ്ചരിച്ചു. സുവിശേഷത്തോടൊപ്പം ആധുനിക മൂല്യങ്ങളുടെ പങ്കുവെക്കലും സാമൂഹിക, സാംസ്കാരിക മാറ്റങ്ങൾക്കു കാരണമായി. അധികാര കേന്ദ്രീകൃത മതധാരക്കപ്പുറം തദ്ദേശീയ-കീഴാള പരിപ്രേഷ്യങ്ങളും രൂപപ്പെട്ടു. അങ്ങനെ വ്യത്യസ്ത ക്രിസ്തീയതകളും ഉരുവംകൊണ്ടു. ക്രിസ്തുമതം എല്ലാ കാലത്തേക്കുമായി നിർണയിക്കപ്പെട്ട ഒരു വ്യവസ്ഥയാണെന്നും, ഏതെങ്കിലുമൊരു ദേശ സംസ്കാരവുമായി മാത്രം ചുറ്റിവരിഞ്ഞു കിടക്കുന്നതാണെന്നുമുള്ള ധാരണ ഇവിടെ അട്ടിമറിക്കപ്പെട്ടു. അതുകൊണ്ടുതന്നെ, ക്രിസ്തുമതം ഇന്ന് ആധിപത്യപരവും അതേസമയം, ആധിപത്യ വിരുദ്ധവുമായ സംസ്കൃതികളുടെ സമ്മിശ്രവും സങ്കലനവുമാണ്. ഈ ആന്തരിക സംഘർഷത്തിന്റെ ഗതിവിഗതികൾ തന്നെയാണ് ക്രിസ്തു മതത്തിന്റെ ഭാവി നിർണയിക്കുന്നതും.

ക്രിസ്തു മതത്തെപ്പോലെ തന്നെയുള്ള ‘പരിണാമ ചരിത്രം’ സെമിറ്റിക് മതങ്ങളായ ഇസ്‌ലാം മതത്തിനും യഹൂദ മതത്തിനും പറയാനുണ്ട്. നിരാലംബരോടും നിസ്സഹായരോടും അനുകമ്പ പ്രഖ്യാപിക്കുന്ന മതം പലപ്പോഴും വംശീയതയിൽ ഊന്നിയതും, സ്ത്രീ വിരുദ്ധവും കീഴാള വിരുദ്ധവുമായ ക്രമങ്ങളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്നു ചോദിക്കാതെ വയ്യ. “ലോകമേ തറവാടെന്ന” സാർവലൗകിക കാഴ്ചപ്പാട് മുന്നോട്ടു വെക്കുന്ന ഹിന്ദുമതം പോലുള്ള ഒരു പൗരാണിക മതസംസ്കൃതിക്ക് എങ്ങനെയാണ് ജാതി വിവേചനത്തെ ന്യായീകരിക്കാൻ കഴിയുക. അല്ലെങ്കിൽ ഹിന്ദു മതത്തെ എങ്ങനെയാണ് കീഴ്ജാതി വിരുദ്ധ പ്രയോഗങ്ങൾക്കു ഉപയുക്തമാക്കാൻ കഴിയുക. ‘കരുണ’ തൻ്റെ മതമായി രൂപപ്പെടുത്തിയ ബുദ്ധന്റെ മതത്തിനെങ്ങനെയാണ് ശ്രീലങ്കയിലും മ്യാന്മറിലും മനുഷ്യരെ അഭയാർഥികളാകുന്ന രാഷ്ട്രീയ വൈകൃതത്തെ പിന്താങ്ങാനാവുക. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ മാത്രമേ ഇക്കാലത്തു മതങ്ങൾക്ക് വിശ്വാസ്യത വീണ്ടെടുക്കാനാവുകയുള്ളൂ.

മ്യാന്മറിലെ റോഹിങ്ക്യൻ അഭയാർത്ഥികൾ

പാർശ്വവത്കൃത ജനസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ പുരോഗമന മത സംസ്കൃതികളിലും സാമൂഹിക-രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിലും അവർ പ്രതീക്ഷയർപ്പിച്ചിരുന്നു. ഇൻഡ്യൻ പൗരാണിക ചരിത്രത്തിലെ ചാർവാകന്മാരുടെ പ്രതികരണം പരിശോധിച്ചാൽ പൗരോഹിത്യാധികാരത്തിന്റെ ദൈവ-മതബോധ്യങ്ങളെ തന്നെ തള്ളിപ്പറയുന്നതായി കാണാം. എന്നാൽ പിൽകാലത്ത് ബുദ്ധനിലെത്തിച്ചേരുമ്പോൾ വ്യവസ്ഥാപിത മതബോധങ്ങളുടെ വിമർശനമായും മാനവികതയുടെ സംസ്കൃതിയായും ഇതു രൂപപ്പെടുന്നു. ദൈവത്തിനു പകരം കരുണയും അനുഷ്ഠാനങ്ങൾക്കു പകരം അനുകമ്പയുമായി മതബോധം രൂപാന്തരപ്പെടുന്നു. പാർശ്വവത്കൃതരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം കൊളോണിയൽ ആധുനികതയുടെ കാലത്തു രൂപപ്പെടുത്താൻ അംബേഡ്കറെ സഹായിക്കുന്നത് മേൽപറഞ്ഞ പ്രതിസംസ്കൃതികളും പിന്നെ മാർക്സിയൻ പ്രത്യയശാസ്ത്രവുമാണ്. അംബേഡ്കറിൽ എത്തുമ്പോൾ നാം കാണുന്നത് മതത്തിനും മതവിമർശനത്തിനുമിടയിലുള്ള കീഴാള ജീവിതമാണ്. ബുദ്ധമതത്തെ നീതിയുടെ ധാർമിക പ്രയോഗമായി പുനർവ്യാഖ്യാനം ചെയ്തുകൊണ്ടാണ് അംബേഡ്കർ പാർശ്വവത്കൃതരുടെ രാഷ്ട്രീയ ദൈവശാസ്ത്രം വെളിപ്പെടുത്തുന്നത്.

ഇൻഡ്യയിലെ അടിസ്ഥാന മതം എന്ന നിലയിൽ ജാതിവ്യവസ്ഥയെ മുൻനിർത്തി ഹിന്ദു മതത്തോടുള്ള ഗൗരവമായ വിമർശനമാണ് അംബേഡ്കർ ഉയർത്തുന്നത്. മതം എന്ന പദം തന്നെ ഉപയോഗിക്കാൻ അദ്ദേഹം മടി കാണിക്കുന്നു. ‘ധർമ’ എന്ന പദമാണ് അംബേഡ്കർ ഉപയോഗിക്കുന്നത്. ധർമ, മതത്തെപ്പോലെ ധാർമികതയുടെ അടിസ്ഥാനത്തെ അതിഭൗതിക വ്യവഹാരങ്ങളിലേക്കു കൂട്ടിക്കെട്ടുന്നില്ല. ധാർമികത മനുഷ്യബന്ധങ്ങളിലെ സൗകുമാര്യമാണ്. കരുണയും കരുതലും സ്നേഹവും ബഹുമാനവും അനുഭവവേദ്യമാകുന്നിടത്തു മാത്രം സാക്ഷാത്കരിക്കപ്പെടുന്ന രാഷ്ട്രീയ ബോധമാണത്. അതിന് അതിഭൗതിക പ്രേരണയോ ലിറ്റർജിക്കൽ ക്രമങ്ങളോ ആവശ്യമില്ല. മറിച്ചായാൽ അതിൽ പൗരോഹിത്യാധികാരം കടന്നുവരികയും ശ്രേണീബദ്ധമായ മതബോധ്യമായി മാറുകയും ചെയ്യും. ദുർബലരുടെ അരികുവത്കരണത്തെ ത്വരിതപ്പെടുത്താനേ അതുപകരിക്കൂ. അതുകൊണ്ടുതന്നെ, ഉൾക്കൊള്ളലിന്റെയും ചേർത്തു പിടിക്കലിന്റെയും രാഷ്ട്രീയ പ്രക്രിയയായി മതബോധം നിരന്തരം തിരുത്തപ്പെടേണ്ടതുണ്ട്. അംബേഡ്കറുടെ മത-രാഷ്ട്രീയ പ്രത്യയശാസ്ത്രം വ്യവസ്ഥാപിത മതബോധ്യങ്ങളെ പാർശ്വവത്കൃതർക്ക് അനുകൂലമായി പുനരാഖ്യാനം നൽകാൻ സഹായകരമായ ഒരു രീതിശാസ്ത്രം കൂടിയാണ്.

ജോർജ് റെയ്‌ഗർ, മാർക്ക്‌ ലൂയിസ് ടൈലർ

വ്യവസ്ഥാപിത മതങ്ങളുടെ ആചാര-അനുഷ്ഠാനങ്ങൾ എങ്ങനെയാണ് കീഴാളരെയും സ്ത്രീകളെയും കുട്ടികളെയും അരികുവത്കരിക്കുന്നത് എന്നു പരിശോധിക്കാൻ അംബേഡ്കറുടെ മത-രാഷ്ട്രീയ-കീഴാള രീതിശാസ്ത്രം നമ്മെ സഹായിക്കും. ഉദാഹരണമായി, ശബരിമലയിലെ സ്ത്രീ പ്രവേശന വിരുദ്ധതയും, ക്രിസ്ത്യൻ-ഇസ്‌ലാം മത കൂടിവരവുകളിലെ സ്ത്രീ വിവേചനവുമൊക്കെ അഴിച്ചുപണിയാൻ അതു നമ്മെ നിർബന്ധിതമാകും. എന്നാൽ, പുരുഷാധികാരത്തിന്റെയും പൗരോഹിത്യാധികാരത്തിന്റെയും വിഭവാധികാരത്തിന്റെയും ഉപഭോക്താക്കൾ അതിനെ നിഷ്കരുണം എതിർക്കുക തന്നെ ചെയ്യും. മതവിശ്വാസികളല്ലാത്തവർ ഇതിനെ പ്രതിരോധിക്കാൻ ശ്രമിച്ചാൽ മത-വിശ്വാസ സംരക്ഷകരായി അവർ മാറും. കലാപങ്ങളിലൂടെ പൊതുസമൂഹത്തെ നിസ്സംഗരാക്കും. അതുകൊണ്ടുതന്നെ, ഇതു പരിഹരിക്കപ്പെടേണ്ടത് മതത്തിനുള്ളിൽ നിന്നു തന്നെയാണ്. മതങ്ങളെ നീതിയുക്തമായി നവീകരിക്കുക എന്നതു മാത്രമാണ് ഇവിടെ കരണീയമായിട്ടുള്ളത്. നിരന്തരം നവീകരിക്കപ്പെടാത്തതും പുനരാവിഷ്കരിക്കപ്പെടാത്തതുമായ മത ബോധ്യങ്ങൾ സമ്മാനിക്കുന്നത് ജീർണതയുടെ സംസ്കാരവും ജീവിത ക്രമവുമായിരിക്കും.

സെക്കുലർ എന്നു വിളിക്കപ്പെടുന്ന പ്രത്യയശാസ്ത്ര ബോധങ്ങളും പലപ്പോഴും രാഷ്ട്രീയ അധികാരത്തിനായി പ്രീണന നയം സ്വീകരിക്കാറുണ്ട്. അതു കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഒന്നുകിൽ മതവിരോധമോ അല്ലെങ്കിൽ മത പ്രീണനമോ പ്രയോഗിക്കുന്ന അവർ, താത്കാലിക രാഷ്ട്രീയ ലാഭം മാത്രമാണ് ലക്ഷ്യമാക്കുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇതിന്റെ മറ്റൊരു പതിപ്പാണ്. വംശീയ-രാഷ്ട്രീയ അധികാരത്തിനായി വെറുപ്പും പുറത്താക്കലും വംശഹത്യയും അവർ അനുവർത്തിക്കുന്നു. ഫാഷിസം അവസാനിക്കുകയല്ല; പുതിയ പുതിയ വേഷങ്ങളിൽ അവതരിക്കപ്പെടുകയാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ മതം ഒരു മറയായി ഉപയോഗിക്കപ്പെടുന്നു എന്നുള്ളത് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. മതത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയോ രാഷ്ട്രീയത്തെ മതപരമായി ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നുണ്ട്. ഏതായാലും നീതിയുക്തമായൊരു മാനവ സംസ്കൃതിക്കു മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പുനരാഖ്യാനം അനിവാര്യമാണ് എന്ന അംബേഡ്കർ സിദ്ധാന്തം കൂടുതൽ കൂടുതൽ ബലപ്പെടുന്നുവെന്നു സാരം. മാനവ സംസ്‌കൃതിയെ പുരോഗമനപരമായി മുന്നോട്ടു നയിക്കുന്ന മത ബോധ്യങ്ങൾക്കു അനുഗുണമായൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രവും ഉണ്ടാവേണ്ടതുണ്ടെന്ന അംബേഡ്കറിന്റെ കാഴ്ചപ്പാട് സാമൂഹിക ജീവിതത്തെ, അഥവാ വ്യാവഹാരിക ലോകത്തെ അപരത്വമായി വ്യാഖ്യാനിക്കുന്ന യാഥാസ്ഥിതിക മതബോധങ്ങൾക്കു വലിയ തിരിച്ചടിയാണ്. ലോകം മായയാണെന്നോ അഥവാ അതിഭൗതിക യാഥാർഥ്യത്തിന്റെ കേവലം അനുബന്ധമാണെന്നോ ഉള്ള ജ്ഞാനവാദങ്ങളെ അതു തിരുത്തുന്നു. പൗരോഹിത്യ ഹിന്ദു മതത്തിനെന്ന പോലെ ക്രിസ്തു മതത്തിനും ഈ ജ്ഞാനവാദം ദോഷമുണ്ടാക്കിയിട്ടുണ്ട്. ജോർജ് റെയ്‌ഗർ (Joerg Rieger) മാർക്ക് ലൂയിസ് ടെയ്‌ലർ (Mark Lewis Taylor) എന്നീ ദൈവശാസ്ത്രജ്ഞമാർ അവരുടെ പഠനങ്ങളിൽ അതു വ്യക്തമാക്കിയിട്ടുണ്ട്. ഒരു അതീത യാഥാർഥ്യത്തിന്റെ (Transcendent) ജൈവബന്ധമില്ലാത്ത കേവല അപരത്വമായി മാത്രം വ്യാവഹാരിക ലോകത്തെ (secular world) വ്യാഖ്യാനിച്ച ക്രിസ്തുമതം പിൽക്കാലത്ത്, സാമ്രാജ്യത്ത-ഏകാധിപത്യ രാഷ്ട്രീയ ഘടനയുടെ നീതീകരണമായി മാറി എന്നവർ വ്യക്തമാക്കുന്നു. ഇവിടെ ദൈവത്തെയും പ്രപഞ്ചത്തെയും ജൈവപരമായി കണ്ണിചേർക്കുന്ന മതബോധമാണ് ക്രിസ്തുമതത്തിനു അനിവാര്യമായിരിക്കുന്നത്. അത് കേരളക്കരയിൽ സധൈര്യം പ്രഖ്യാപിച്ച ദൈവശാസ്ത്രജ്ഞരാണ് ഫാദർ സെബാസ്റ്റ്യൻ കാപ്പനും ഫാദർ സാമുവേൽ രായനും.

ഫാ. സെബാസ്റ്റ്യൻ കാപ്പൻ, ഫാ. സാമുവേൽ രായൻ

ഭൂമാതാവിനെയും അതിൽ അധിവസിക്കുന്ന ഏറ്റവും ചെറിയ മനുഷ്യരെയും നെഞ്ചോട് ചേർത്തുപിടിക്കുന്ന ഹരിത ആത്മീയതയെക്കുറിച്ചാണ് ഫാദർ കാപ്പൻ നമ്മോടു പറഞ്ഞത്. ദൈവം എന്ന വാക്കിനു പകരം ദിവ്യത എന്ന് കാപ്പൻ ഉപയോഗിക്കുമ്പോൾ, അതു നാം അധിവസിക്കുന്ന ലോകത്തിന്റെ ആഴപ്പൊരുളാണ് എന്നാണ് അദ്ദേഹം അർഥമാക്കുന്നത്. ദൈവം അഥവാ ദിവ്യത അഭൗമികമായ അനുഭൂതിയൊന്നുമല്ല. നാം ജീവിക്കുന്ന ലോകത്തിന്റെ ഉള്ളിൽ ഉൾച്ചേർന്നിരിക്കുന്ന സ്‌നേഹത്തിന്റെ, സഹനത്തിന്റെ, നീതിയുടെ, സർഗാത്മകതയുടെ, വിമോചനത്തിന്റെ അനുഭവമാണത്. മുകളിൽ നിന്ന് കെട്ടിയിറക്കുന്ന ദൈവികതയല്ലിത്. മനുഷ്യ ജീവിതത്തിലെ ദൈനംദിന ബന്ധുത്വത്തിന്റെ ഇഴകളാണത്. അതുകൊണ്ടാണ്, “ജഡം വചനമായിത്തീർന്നതാണ് ക്രിസ്തു” എന്ന് ഫാദർ കാപ്പൻ തിരുത്തിപ്പറഞ്ഞത്. കാപ്പന്റെ ക്രിസ്തുവിജ്ഞാനീയം ചരിത്രപരമാണ്. ആധിപത്യത്തിന്റെ ഘടനകളെ ന്യായീകരിക്കാനാണ് ചരിത്രവിമുക്തമായ ക്രിസ്തുവിനെക്കുറിച്ച് സഭ ദൈവശാസ്ത്രങ്ങൾ രൂപപ്പെടുത്തിയതെന്ന് അദ്ദേഹം വാദിക്കുന്നു. ബൈബിളിലെ ക്രിസ്തു ആധിപത്യ ഘടനയുടെ ഇരയാണ്. അധികാര ഘടനയുടെ ഇരകളോടൊപ്പമുള്ള ഐക്യദാർഢ്യമാണ് ക്രിസ്തീയത എന്നും കാപ്പൻ പറഞ്ഞുവെച്ചു. ഫാദർ സെബാസ്റ്റ്യൻ കാപ്പൻ മുന്നോട്ടുവെച്ച ബദൽ ആത്മീയ ദർശനത്തെക്കുറിച്ചു തന്നെയാണ് ഫാദർ സാമുവേൽ രായനും സംസാരിച്ചത്. ഫാദർ രായൻ പറഞ്ഞത് ദൈവം അഥവാ ദൈവീകത അന്തഃസ്ഥിതമായൊരു (immanent) വിമോചനാനുഭവമാണ് എന്നാണ്. അത് എല്ലാറ്റിലും കുടികൊള്ളുന്നു. പരിശുദ്ധാത്മാവിനെ കുറിച്ചുള്ള വേദപഠന ക്ലാസ്സിൽ ഫാദർ രായൻ വിശദീകരിച്ചത് ഇപ്രകാരമാണ്: “പുറത്തുനിൽക്കുന്ന ചെറു ചെടിയെ പറിച്ചെറിഞ്ഞു നോക്കൂ, നാളെ അവിടെ വീണ്ടും പുതിയ കിളിർപ് ഉണ്ടാകുന്നതുകാണാം. ഒരിക്കലും മരണമില്ലാത്ത, നാശത്തെ നിരന്തരം എതിർത്ത് ഉയർത്തെഴുന്നേക്കുന്ന ചരിത്രത്തിന്റെ പ്രത്യാശയാണ് പരിശുദ്ധാത്മാവ്”. നിരന്തരം രൂപാന്തരത്തിനായി ഉള്ളിൽ നിന്നും പ്രേരിപ്പിക്കുന്ന വിമോചനത്തിന്റെ ദൈവാനുഭവമാണ് പരിശുദ്ധാത്മാവ്. പ്രസ്തുത ദൈവാനുഭവത്തിനു ചെവി കൊടുക്കുമ്പോഴാണ് അർത്ഥവത്തായ ആത്മീയത മനസ്സിലാക്കാനാവുകയെന്നു ഫാദർ രായൻ പഠിപ്പിച്ചു.

ഫാദർ കാപ്പനും രായനുമൊക്കെ പഠിപ്പിക്കുന്ന ആത്മീയത ആധിപത്യ ഘടനകളെ ന്യായീകരിക്കുന്ന ആചാര-അനുഷ്ഠാനങ്ങളോ ലിറ്റർജികളോ അല്ല; പ്രത്യുത മനുഷ്യബന്ധങ്ങളെ നീതിയുക്തമായി പുനരാഖ്യാനം ചെയ്യാൻ നിരന്തരം പ്രേരിപ്പിക്കുന്ന സർഗാത്മകതയുടെ ആഘോഷമാണ്. അത് പാർശ്വവത്കരിക്കപ്പെട്ടവരെ ഉൾച്ചേർക്കുന്നതും പ്രാപഞ്ചിക നീതിക്കായി നിലകൊള്ളുന്നതുമായിരിക്കും. കരുണയാണതിന്റെ ദൈവശാസ്ത്രം, നീതിയാണതിന്റെ രാഷ്ട്രീയം. ആചാരവും അനുഷ്ടാനവും അല്ല ധാർമികതയാണതിന്റെ ലിറ്റർജി. അത് പരസ്പര ബഹുമാനത്തിന്റേതും തുല്യതയുടെയും പ്രത്യയശാസ്ത്രമായിരിക്കും. അതുകൊണ്ടുതന്നെ അത് അതിരുകളെ ഉല്ലംഘിക്കുന്നതും ബഹുലവുമായിരിക്കും. അത് ദൈവത്തിനും ലോകത്തിനും ആത്മീയതക്കും ഭൗതികതക്കും വിശ്വാസത്തിനും ചരിത്രത്തിനും മതത്തിനും നിരീശ്വരത്വത്തിനും ആണിനും പെണ്ണിനും കറുത്തവനും വെളുത്തവനും ദേശവാസിക്കും പ്രവാസിക്കും ഇടയിലുള്ള അതിർവരമ്പുകളെ മായ്ചുകളയുന്നതും മാനവികതയുടെ പൂത്തുലയൽ സ്വപ്നം കാണുന്നതുമായിരിക്കും. അതിനായി കാത്തിരിക്കുകയല്ല; ജഡം ധരിക്കുകയാണ്‌ വേണ്ടത്. പൊതുനിരത്തിലെ സുവിശേഷ ഘോഷണമായിട്ടല്ല; നീതിക്കായുള്ള ചുവടുവെപ്പുകളായിട്ടാണ് അത് ഉടലെടുക്കേണ്ടത്. അതെ, ശരീരത്തിന്റെ, സാമൂഹിക ശരീരത്തിന്റെ നീതി ഭാവനകളാണിനി മാനവ സംസ്‌കൃതിയുടെ ഭാവി നിർണയിക്കുന്നത്; മതങ്ങളുടെയും.

വൈ.ടി വിനയരാജ്: ഫാദർ ഡോ. വൈ.ടി വിനയരാജ് മാർത്തോമാ സഭയിലെ വൈദികനാണ്. ഡൽഹിയിലെ ധർമ ജ്യോതി സെമിനാരിയിലും കോട്ടയത്തെ മാർത്തോമാ സെമിനാരിയിലും ദൈവശാസ്ത്ര അധ്യാപകനായിരുന്നു. ഇപ്പോൾ ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് റിലീജിയൻ ആൻഡ് സൊസൈറ്റിയുടെ’ ഡയറക്ടറാണ്. രാഷ്ട്രീയ ദൈവശാസ്ത്രം, ദലിത് ദൈവശാസ്ത്രം, പോസ്റ്റ്‌-കൊളോണിയൽ രീതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഹെൻറി മാർട്ടിൻ ഇൻസ്റ്റിറ്റ്യൂട്ട്, ബാംഗ്ലൂർ യുണൈറ്റഡ്‌ തിയളോജിക്കൽ കോളേജ്, കോട്ടയത്തെ ഫെഡറേറ്റഡ് ഫാക്കൽറ്റി ഫോർ ദി റിസർച്ച് ഇൻ റിലീജിയൻ ആൻഡ് കൾച്ചർ എന്നിവിടങ്ങളിൽ വിസിറ്റിംഗ് ഫാക്കൽറ്റിയായും പ്രവർത്തിക്കുന്നു.

Top