ബുദ്ധിജിവി മുസ്‌ലിം ആവുമ്പോള്‍: ഒ. അബ്ദുറഹ്മാന്റെ മുസ്‌ലിം പ്രതിനിധാനം

ഇടതു വരേണ്യത നിര്‍ണയിക്കുന്ന അതിര്‍ത്തികളിലല്ല കീഴാളര്‍ രാഷ്ട്രീയം പറയുന്നത് എന്ന് വിമര്‍ശകര്‍ മനസിലാക്കേണ്ടതുണ്ട്. കാന്‍ഷിറാമിനെപ്പോലുള്ളവര്‍ ദലിത് ബഹുജന്‍ രാഷ്ട്രീയത്തിന്റെ സാധ്യതയെക്കുറിച്ച് സംസാരിച്ചുതുടങ്ങുന്ന കാലത്ത് അദ്ദേഹത്തെ ഏറ്റവുമധികം ഇകഴ്ത്താന്‍ ശ്രമിച്ചത് തന്റെ ജെഎന്‍യു. സന്ദര്‍ശനങ്ങള്‍ മുതലെടുത്ത് ഇഎംഎസ്. നടത്തിയ പ്രസംഗങ്ങളിലൂടെ ആയിരുന്നുവെന്നും ഇഎംഎസ് അടക്കമുള്ളവരുടെ ഇകഴ്ത്തല്‍ മറികടന്നാണ് യുപിയിലടക്കം കീഴാള ജനാധിപത്യ മുന്നേറ്റങ്ങള്‍ ഉണ്ടായതെന്നും ആരും മറന്നുപോകേണ്ട. പക്ഷേ, സംഭവങ്ങളുടെ ശരിക്കുമുള്ള ഗൗരവം അവിടെയല്ല. ഒ. അബ്ദുറഹ്മാന്‍ തന്റെ രാഷ്ട്രീയത്തിന്റെ ഭാഗമായി ഇവിടം കാലങ്ങളായി പറഞ്ഞത് ദലിത്-ബഹുജന രാഷ്ട്രീയത്തെപ്പറ്റിയല്ല. അദ്ദേഹം ഏറെ എഴുതിയത് ഇടതു-മുസ്‌ലിം ഐക്യത്തെക്കുറിച്ചാണ്. പലകാലത്തും യാതൊരു മടിയുമില്ലാതെ ഇടതിനോട് അദ്ദേഹം ചേര്‍ന്നിരുന്നു. അദ്ദേഹത്തെ തള്ളിക്കളയാന്‍ കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ അതു ചെയ്ത ഇടതു/മതേതര വിമര്‍ശകര്‍ മുസ്‌ലിം പൊതുവ്യക്തിത്വത്തോടുള്ള തങ്ങളുടെ ശത്രുതയുടെ ആഴം ശരിക്കും വെളിപ്പെടുത്തിയെന്നുമാത്രം.

മാധ്യമം എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ മാധ്യമം ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ച ‘സംവരണം ഒരു വിയോജനം’ എന്ന ലേഖനത്തെപ്പറ്റി വിവിധ കോണുകളില്‍ ചര്‍ച്ചകള്‍ നടന്നു കണ്ടു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വിലയിരുത്തപ്പെടേണ്ടതും സമകാലിക സാമൂഹിക സാഹചര്യത്തില്‍ സവിശേഷിച്ചും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളുമായി പൂര്‍ണമായി വിയോജിക്കുന്നവനാണ് ഈ ലേഖകന്‍. ആ ലേഖനത്തിലെ ശരി തെറ്റുകള്‍ രേഖപ്പെടുത്താനല്ല, മറിച്ച് പ്രസ്തുത ലേഖനത്തെ മുന്‍ നിര്‍ത്തി നടന്ന ചര്‍ച്ചകള്‍ രൂപപ്പെടുത്തിയ മുസ്‌ലിം പ്രതിനിധാനത്തിന്റെ പ്രശ്‌നങ്ങള്‍ പരിശോധിക്കാനാണ് ഞാനിവിടെ ശ്രമിക്കുന്നത്.

വ്യക്തി സ്വത്വവും മുസ്‌ലിം പൊതു വ്യക്തിത്വങ്ങളും

ഇപ്പോഴത്തെ അവസ്ഥയില്‍ വ്യക്തിസ്വത്വം ഒ.അബ്ദുറഹ്മാന് ഏതെങ്കിലും അര്‍ത്ഥത്തില്‍ സാധ്യമാണോ എന്ന ആലോചനയ്ക്ക് ഏറെ പ്രസക്തിയുണ്ട്. ഒ. അബ്ദുറഹ്മാന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനം അദ്ദേഹത്തിന്റെ തന്റെ അവകാശവാദമനുസരിച്ച് സ്വന്തം വ്യക്തിപരമായ ഉത്തരവാദിതത്വത്തിലാണ് പുറത്തുവരുന്നത്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പത്രത്തിനോ പാര്‍ട്ടിക്കോ അതില്‍ ഉത്തരവാദിത്തം ഇല്ല എന്നും പറയുന്നുണ്ട്. എം.പി. വീരേന്ദ്രകുമാറിനും മാമ്മന്‍ മാത്യുവിനും വകവെച്ചുകൊടുക്കുന്ന മാധ്യമവ്യക്തിത്വം എന്ന തൊഴില്‍പരമായ ഐഡന്റിറ്റി എന്ത് കൊണ്ട് ഒ. അബ്ദുറഹ്മാന്‍ എന്ന് മാധ്യമപ്രവര്‍ത്തകന് ലഭിക്കുന്നില്ല.എന്ന അന്വേഷണവും ഇവിടെ ഗൗരവപ്പെട്ടതാണ്. ഒരു മുസ്ലീം മാധ്യമപ്രവര്‍ത്തകന്‍ ആയതുകൊണ്ടാണോ അദ്ദേഹത്തിന് ഒരു പ്രൊഫഷണല്‍ ഐഡന്റിറ്റി ഇവിടെ അനുവദിച്ച് കൊടുക്കാത്തത്.? കേരളമാധ്യമപ്രവര്‍ത്തനരംഗത്ത മൂന്നു പതിറ്റാണ്ടിലധികം പ്രവര്‍ത്തനപരിചയമുള്ള ഒരാള്‍ക്ക് മുസ്ലീമായതിന്റെ പേരില്‍, ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ഭാഗമായതിന്റെ പേരില്‍ പക്ഷേ വ്യക്തിരപരമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ സാധ്യമല്ല എന്ന ജനാധിപത്യവിരുദ്ധ ബോധങ്ങളും/ബോധ്യപ്പെടുത്തലുകളുമാണ് ഇത്തരം വിമര്‍ശനങ്ങളുടെ ഉള്ളടക്കം എന്ന് കാണാം.

ഒ. അബ്ദുറഹ്മാന്‍ ബന്ധപ്പെട്ട മാധ്യമസ്ഥാപനവുമായും സംഘടനയുമായും ഈ അഭിപ്രായങ്ങളെ സമീകരിച്ചു വായിക്കുകയാണ് ഈ വിശകലനങ്ങള്‍ പലതും ചെയ്യുന്നത്. മാത്രമല്ല, ഈ സംഘടനയുമായും മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട് മുഖ്യധാരാ/മതമൗലികവാദികള്‍/സ്ത്രീ വിരുദ്ധര്‍/ആര്‍.എസ്. എസിന്റെ മുസ്ലിം പതിപ്പ് തുടങ്ങിയ സ്ഥിരം കുറ്റാപോപണങ്ങള്‍ വീണ്ടും വീണ്ടും ഉന്നയിക്കാനാണ് പലരും ഇവിടെ ശ്രമിച്ചത്.

ലൗജിഹാദ്, യത്തീംഖാന വിവാദം, ഇ-മെയില്‍ ചോര്‍ത്തല്‍, ബീമാപള്ളി വെടിവെപ്പ് തുടങ്ങിയ കേരളത്തിലെ മുസ്‌ലിം വിരുദ്ധ പ്രോപഗണ്ടകള്‍ ശക്തമായിരുന്നപ്പോള്‍ പല ബുദ്ധിജീവികളും എന്ത് നിലപാടാണെടുത്തത് എന് പരിശോധിക്കാന്‍ പറഞ്ഞാല്‍ അതവരുടെ വ്യക്തിപരമായ ചോയ്‌സ് എന്നു പറഞ്ഞാണ് പലരും ബുദ്ധിജീവികളുടെ വ്യക്തിത്വം എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. പക്ഷെ അന്നെല്ലാം ബുദ്ധിജീവികളുടെ വ്യക്തിപരമായ ചോയ്‌സ് എനന് പറഞ്ഞ് മിണ്ടാതിരുന്ന പലരും ഇന്ന് ഒ. അബ്ദുറഹ്മാന് പക്ഷെ വ്യക്തിപരമായ ചോയ്‌സ് അനുവദിച്ചുകൊടുക്കാന്‍ തയ്യാറല്ല എന്ന വൈരുദ്ധ്യം കാണാതിരുന്നുകൂടാ.

പൊതുവ്യക്തികള്‍ക്ക് മേലുള്ള ആക്ഷേപങ്ങള്‍: വിമര്‍ശനത്തിലെ വേര്‍തിരിവുകള്‍

സംവരണം കാലങ്ങളായി ഇന്ത്യയിലെ സാമൂഹിക മണ്ഡലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. അതിനെ എതിര്‍ത്തും അനുകൂലിച്ചും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇന്ത്യയില്‍ കാണാന്‍ സാധിക്കും. ഗാന്ധിയന്‍മാര്‍, ഇടത് ലിബറല്‍ എഴുത്തുകാര്‍, സംഘ്പരിവാര്‍ തുടങ്ങി വ്യത്യസ്ത കോണിലുള്ളവര്‍ സംവരണവിരുദ്ധ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. സാറാ ജോസഫ്, സി.ആര്‍ പരമേശ്വരന്‍ അടക്കമുള്ളവര്‍ പിന്തുണക്കുന്ന അണ്ണാഹസാരെ എന്ന ഗാന്ധിയന്‍ ഈയടുത്ത കാലത്ത് സംവരണത്തെക്കുറിച്ച് പറഞ്ഞത് അത് രാജ്യത്തിന് ഭീഷണിയാണെന്നും നീക്കപ്പെടേണ്ടതാണെന്നുമാണ്. കേരളത്തിലെ പല സാംസ്‌ക്കാരികപ്രവര്‍ത്തകരുടെയും റോള്‍മോഡലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഈ ലേഖകന്‍ പഠിച്ചുകൊണ്ടിരിക്കുന്ന ജെ.എന്‍.യു. കാമ്പസിലടക്കം സംവരണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ‘യൂത്ത് ഫോര്‍ ഇക്വാലിറ്റി’ എന്ന സംഘടനയുടെ വക്താവായി വന്ന വ്യക്തിയാണ്. ഇടതുപക്ഷ ഹിസ്റ്റോറിയനായ ബിപന്‍ ചന്ദ്രയെപ്പോലുള്ളവരാകട്ടെ ഇന്ത്യയിലെ സംവരണ വിരുദ്ധ പോരാട്ടത്തിന്റെ പതാകവാഹകരായിരുന്നു. പക്ഷെ, ഇവരോടൊന്നും ആരും ഒ.അബ്ദുറഹ്മാനെ സമീകരിച്ചുകണ്ടില്ല. അദ്ദേഹത്തെ പക്ഷെ സമീകരിച്ചത് ആര്‍എസ്എസ് നേതാവായ മോഹന്‍ ഭഗവതിനോടായിരുന്നു. അതുകൊണ്ടാണ് ഇടതുമതേതര വിമര്‍ശകരുടെ ഒ. അബ്ദുറഹ്മാന്‍ വിമര്‍ശനം പ്രശ്‌നകരമാണ് എന്ന് പറയേണ്ടിവരുന്നത്. മോഹന്‍ഭഗവതും ഒ. അബ്ദുറഹ്മാനും ഒന്നുതന്നെയാണെന്ന് പറഞ്ഞ് സ്ഥാപിക്കാനുള്ള പല എഴുത്തുകാരുടെയും ശ്രമം മുസ്‌ലിമിന്റെ അപരസ്ഥാനത്തെ നിരാകരിക്കുന്ന ഇടത്/മതേതര സമീകരണ യുക്തി മാത്രമാണ്.

ബ്രാഹ്മണാധികാരത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസും അതില്‍ നിന്ന് വളരെ വ്യത്യസ്തമായി ഇസ്ലാമിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒ.അബ്ദുറഹ്മാനും ഒരേ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണെന്ന മതേതര വിശകലനം സവര്‍ണാധിപത്യത്തെ സാധൂകരിക്കാനേ ഉപകരിക്കൂ.

സംവരണം മാത്രമല്ല കീഴാള രാഷ്ട്രീയത്തിന്റെ പ്രതിനിധാനങ്ങളെയും മുന്നേറ്റങ്ങളെയും ചെറുത്തുതോല്പ്പിക്കാന്‍ ഇവിടത്തെ ഇടതു/ മതേതര/ലിബറല്‍ കുപ്പായമണിഞ്ഞ സവര്‍ണ്ണ ബുദ്ധിജീവികള്‍ എന്നും ശ്രമിച്ചിരുന്നു. ചെങ്ങറഭൂസമരത്തെ മാഫിയകളുടെ സമരമാണ് എന്ന് പറഞ്ഞത് വി.എസ്. അച്യുദാനന്ദന്‍ എന്ന മാര്‍ക്‌സിസ്റ്റ് നേതാവായിരുന്നു. ആദിവാസികളുടെ നേതൃത്വത്തില്‍ നടന്ന നില്‍പ്പ് സമരത്തെ അരാജകസമരമെന്ന് സി.പി.എം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പുച്ഛിച്ചിരുന്നുവല്ലോ. അതൊന്നും ഒരിക്കലും അവരുടെ സമുദായവുമായി/ജാതിയുമായി ബന്ധപ്പെടുത്തി സംസാരിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. ഇസ്‌ലാമിനെതിരെ ഓറിയന്റലിസ്റ്റ് കെട്ടുകഥകള്‍ പുനരുല്‍പ്പാദിപ്പിക്കുന്ന ആനന്ദ് മുതല്‍ ഇന്ത്യയിലെ ക്രൂരമായ ജാതി വിവേചനങ്ങളെ/ കീഴാളസമൂഹങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ സുന്ദരമായി മറന്നുകൊണ്ട് ആം ആദ്മിയുടെ ജൈവ രാഷ്ട്രീയം എല്ലാം പരിഹരിക്കുമെന്ന് കരുതുന്ന ബി. രാജീവനെപ്പോലുള്ള വരണ്ട ബുദ്ധിജീവികള്‍ വരെയുള്ളവര്‍ നമ്മുടെ പൊതുചര്‍ച്ചകളില്‍ അപൂര്‍വ്വമായേ വ്യക്തിപരമായിപ്പോലും വിമര്‍ശിക്കപ്പെടാറുള്ളൂ. യഥാര്‍ഥത്തില്‍, കണ്‍സിസ്റ്റന്റ് ആയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ പൊതുവ്യക്തിത്വങ്ങളുടെ മേലെ നടത്താന്‍ അപൂര്‍വ്വമായേ കേരളത്തില്‍ സാധ്യമാവുന്നുള്ളൂ. അതുകൊണ്ടാണ് മുസ്‌ലിം രാഷ്ട്രീയ ചലനവുമായി കഴിഞ്ഞ അമ്പത് വര്‍ഷമായി ബന്ധമുള്ള ഒരു വ്യക്തി നടത്തിയ ചില നിരീക്ഷണങ്ങളുടെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് എങ്ങനെ എന്നത് പരിശോധിക്കേണ്ടി വരുന്നത്

കേരളത്തില്‍ ടി.ടി. ശ്രീകുമാര്‍ മുതല്‍ എം.ടി. വാസുദേവന്‍ നായര്‍ വരെയുള്ളവര്‍ക്കെതിരെ ഏതെങ്കിലും കോണില്‍ നിന്നുവരുന്ന പരിമിതമായ വിമര്‍ശനങ്ങള്‍പോലും ആ വ്യക്തികളെ/അവരുടെ ആശയങ്ങളെ മാത്രമേ കേന്ദ്രീകരിക്കുന്നുള്ളൂ എന്ന് കാണാം. അവരുടെ വ്യക്തിസ്വത്വത്തിനപ്പുറം ജാതി അടക്കമുള്ള മറ്റൊന്നും അവിടെ പരാമര്‍ശിക്കപ്പെടുന്നില്ല. പക്ഷെ വിമര്‍ശനങ്ങള്‍ ഒ. അബ്ദുറഹ്മാനിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ ഐഡന്റിറ്റിയല്ല പരിഗണിക്കുന്നത്. ഒ. അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടിട്ടും അതനുവദിച്ച് കൊടുക്കാതെ, അദ്ദേഹത്തിന്റെ പിന്തുണയുള്ള എസ്ഐഒ, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ തള്ളിക്കളഞ്ഞിട്ടുപോലും പല വിമര്‍ശകരും അദ്ദേഹത്തിന് വ്യക്തി സ്വത്വം അനുവദിച്ചുകൊടുക്കാന്‍ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്.

ഒ. അബ്ദുറഹ്മാനും പിന്നാക്ക രാഷ്ട്രീയത്തിന്റെ സാധ്യതയും

ഒ. അബ്ദുറഹ്മാന്റെ സംവരണവുമായി ബന്ധപ്പെട്ട് നിലപാട് മുന്നില്‍വെച്ച് കൊണ്ട് പിന്നാക്ക സമൂഹങ്ങളുടെ രാഷ്ട്രീയ ഐക്യം അപ്രസക്തമാണ് എന്ന വാദവും പലരും ആവേശത്തോടെ ഉന്നയിക്കുന്നത് കാണാം. “ദലിത് സ്വത്വവാദി ക്വട്ടേഷന്‍ ടീമുകള്‍”, “ഹറാം പിറപ്പ് മുസ്‌ലിം നേതാക്കള്‍” എന്നിത്യാദി വംശീയ വിദ്വേഷം തിളയ്ക്കുന്ന വാക്കുകളിലൂടെയാണ് കെ.കെ. ഷാഹിന എന്ന മാധ്യമപ്രവര്‍ത്തക ദലിത്-മുസ്‌ലിം-പിന്നാക്ക രാഷ്ട്രീയത്തെ ഇകഴ്ത്താന്‍ ശ്രമിച്ചത്. സിപിഎം അടക്കമുള്ള സവര്‍ണ രാഷ്ട്രീയ കക്ഷികളുടെ കീഴാള വിരുദ്ധ നിലപാടിനെ സാധൂകരിക്കാനാണ് പലപ്പോഴും മുന്‍ എസ്എഫ്ഐക്കാരായ പല മാധ്യമപ്രവര്‍ത്തകരും ഈ സന്ദര്‍ഭത്തെ ഉപയോഗിച്ചത്.

കീഴാള രാഷ്ട്രീയ ഐക്യം എന്ന മുദ്രാവാക്യം ഇടത്/സവര്‍ണ/ദേശീയ വാദികളുടെ മുന്‍കൈയില്‍ രൂപപ്പെട്ടതല്ല. മറിച്ച് അത്തരം അധീശബോധങ്ങളോട് പോരാടാന്‍വേണ്ടിയുള്ള സാഹോദര്യത്തിന്റെ പേരാണത്. അതുകൊണ്ട് അത്തരമൊരു കൂട്ടായ്മയുടെ സാധ്യതയില്‍ അസ്വസ്ഥപ്പെടുന്നവര്‍ കീഴാള ബുദ്ധിജീവി വ്യവഹാരത്തിന്റെ ചരിത്രത്തെ പേടിക്കുന്നവരും കീഴാള ഐക്യത്തിന്റെ ചരിത്രപരമായ ദൗത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരുമാണ്. ഇടതു വരേണ്യത നിര്‍ണയിക്കുന്ന അതിര്‍ത്തികളിലല്ല കീഴാളര്‍ രാഷ്ട്രീയം പറയുന്നത് എന്ന് വിമര്‍ശകര്‍ മനസിലാക്കേണ്ടതുമുണ്ട്.

കാന്‍ഷിറാമിനെപ്പോലുള്ളവര്‍ ദലിത് ബഹുജന്‍ രാഷ്ട്രീയത്തിന്റെ സാധ്യതയെക്കുറിച്ച് സംസാരിച്ചുതുടങ്ങുന്ന കാലത്ത് അദ്ദേഹത്തെ ഏറ്റവുമധികം ഇകഴ്ത്താന്‍ ശ്രമിച്ചത് തന്റെ ജെഎന്‍യു സന്ദര്‍ശനങ്ങള്‍ മുതലെടുത്ത് ഇ.എം.എസ്. നടത്തിയ പ്രസംഗങ്ങളിലൂടെ ആയിരുന്നുവെന്നും ഇഎംഎസ് അടക്കമുള്ളവരുടെ ഇകഴ്ത്തല്‍ മറികടന്നാണ് യുപിയിലടക്കം കീഴാള ജനാധിപത്യ മുന്നേറ്റങ്ങള്‍ ഉണ്ടായതെന്നും ആരും മറന്നുപോകേണ്ട. പക്ഷേ, സംഭവങ്ങളുടെ ശരിക്കുമുള്ള ഗൗരവം അവിടെയല്ല. ഒ. അബ്ദുറഹ്മാന്‍ തന്റെ രാഷ്ട്രീയത്തിന്റെ ഭാഗമായി ഇവിടം കാലങ്ങളായി പറഞ്ഞത് ദലിത്-ബഹുജന രാഷ്ട്രീയത്തെപ്പറ്റിയല്ല. അദ്ദേഹം ഏറെ എഴുതിയത് ഇടതു-മുസ്‌ലിം ഐക്യത്തെക്കുറിച്ചാണ്. പലകാലത്തും യാതൊരു മടിയുമില്ലാതെ ഇടതിനോട് അദ്ദേഹം ചേര്‍ന്നിരുന്നു. അദ്ദേഹത്തെ തള്ളിക്കളയാന്‍ കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ അതു ചെയ്ത ഇടതു/മതേതര വിമര്‍ശകര്‍ മുസ്‌ലിം പൊതുവ്യക്തിത്വത്തോടുള്ള തങ്ങളുടെ ശത്രുതയുടെ ആഴം ശരിക്കും വെളിപ്പെടുത്തിയെന്നുമാത്രം.

 

ലേഖകന്‍ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റുയൂണിവേഴ്‌സിറ്റിയില്‍ ലോ ആന്‍ഡ് ഗവര്‍ണന്‍സ് വിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്.

Top