ഹിന്ദു റാഡിക്കലൈസേഷൻ ഉയർത്തുന്ന വെല്ലുവിളി: പ്രൊഫ. ഇർഫാൻ അഹ്‌മദ് സംസാരിക്കുന്നു
ഇൻഡ്യ നേരിടുന്ന മാരകമായ വെല്ലുവിളി യഥാർഥത്തിൽ ‘ഹിന്ദു-റാഡിക്കലൈസേഷനാണ്’. ഹരിദ്വാറിലെ ധർമ സന്‍സദില്‍ ഹിന്ദു സന്യാസിമാര്‍ ഇൻഡ്യൻ മുസ്‌ലിംകൾക്കെതിരെ നടത്തിയ തുറന്ന വംശഹത്യാ ആഹ്വാനം അതിന്റെ സൂചനയാണ്. സ്റ്റേറ്റിന്റെയും പ്രബലരായ രാഷ്ട്രീയക്കാരുടെയും ജുഡീഷ്യറി ഘടകങ്ങളുടെ പോലും കൃത്യമായ പിന്തുണയുള്ളതു കൊണ്ടുതന്നെ മാരകമായ വെല്ലുവിളിയാണ് ഇത് ഉയർത്തുന്നത്. പ്രൊഫ. ഇർഫാൻ അഹ്‌മദ് സംസാരിക്കുന്നു.
ഇൻഡ്യയിലെ മുസ്‌ലിം യുവാക്കള്‍ രാഷ്ട്രീയമായി റാഡിക്കലൈസ് ചെയ്യപ്പെടുകയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഉണ്ടെങ്കിൽ, എങ്ങനെയാണ് ഈ പ്രക്രിയയുടെ ഉത്ഭവം? ഇതില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ (1941ല്‍ രൂപീകൃതമായ) പങ്കെന്താണ്?
“റാഡിക്കലൈസേഷൻ” എന്ന വാക്ക് വളരെ മോശമായി മനസ്സിലാക്കപ്പെടുകയും, വലിയ രീതിയില്‍ രാഷ്ട്രീയവത്കരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. പ്രത്യേകിച്ചും 9/11ലെ യുഎസിനെതിരായ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം പാശ്ചാത്യര്‍ ആ വാക്കിനെ മുസ്‌ലിംകളുമായി ബന്ധിപ്പിച്ച സാഹചര്യത്തിൽ. ഇൻഡ്യൻ മാധ്യമങ്ങള്‍ അവരുടെ പാശ്ചാത്യ പ്രതിരൂപങ്ങളെ പകര്‍ത്തുകയും ചെയ്തിരിക്കുന്നു. ഇപ്രകാരം പ്രയോഗിക്കുമ്പോൾ, റാഡിക്കലൈസേഷന്‍ എന്നത് ഒരു അധിക്ഷേപ വാക്കാണ്: അഥവാ, ഒരു കോംബാറ്റ് കൺസെപ്റ്റ്! അതിനർഥം, ഇസ്‌ലാം ഒരു വിശ്വാസം എന്ന നിലക്ക് അക്രമാസക്തവും പിന്നാക്കവും, ആധുനികതയോടും ജനാധിപത്യത്തിനോടും വിരോധം പുലർത്തുന്നതും ആണെന്നാണ്. എന്നാൽ, ഇതേ വാക്ക് നമ്മള്‍ ഗാന്ധിയുടെയും മറ്റും പശ്ചാത്തലത്തില്‍ ഉപയോഗിക്കുമ്പോള്‍ “റാഡിക്കല്‍” എന്നത് പോസിറ്റീവായി മാറുന്നു. ഉദാഹരണത്തിന്, രചയിതാവ് മീരാ കാംദാറിനെ സംബന്ധിച്ചിടത്തോളം ‘ഗാന്ധി ജീവിച്ചിരുന്നവരില്‍ ഏറ്റവും റാഡിക്കൽ ചിന്താഗതിക്കാരനായ’ ഒരാളായിരുന്നു. ഈയർഥത്തില്‍ റാഡിക്കല്‍ എന്ന വാക്ക് ജൂഡിത്ത് ബട്ട്ലര്‍, ഴാക് ദേറീദ തുടങ്ങിയവരുടെ കാര്യത്തിലും ഉപയോഗിക്കപെടുന്നു. അവരുടെ പുസ്തകങ്ങളെ ബ്രിട്ടീഷ് പ്രസാധകനായ വെര്‍സോ ‘റാഡിക്കല്‍ തിങ്കേഴ്സ്’ എന്ന പേരില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു.
ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചുള്ള എന്റെ ആദ്യ പുസ്തകത്തില്‍ (ഇസ്‌ലാമിസം ആൻഡ് ഡെമോക്രസി ഇൻ ഇൻഡ്യ: ദ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് ജമാഅത്തെ ഇസ്‌ലാമി, പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി പ്രസ്സ്, 2009), ഞാൻ അവതരിപ്പിച്ചിരിക്കുന്ന വാദം ഇതാണ്: “ഏതെങ്കിലും പ്രസ്ഥാന പ്രവര്‍ത്തകര്‍ എത്രമാത്രം മോഡറേറ്റുകളോ റാഡിക്കലുകളോ ആകുന്നു എന്നത് അവരെ മാത്രമല്ല ആശ്രയിച്ചിരിക്കുന്നത്, സ്വയം മാറാനുള്ള സ്റ്റേറ്റിന്റെ ഇച്ഛയെയും സ്റ്റേറ്റ് ഘടനയുടെ പരിധികളെയും ഇത് തുല്യമായി ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം എന്റെ വാദത്തെ തിരുത്താനുള്ള യാതൊരു കാരണവും ഞാന്‍ കാണുന്നില്ല. വാസ്തവത്തില്‍, ഇൻഡ്യ നേരിടുന്ന മാരകമായ വെല്ലുവിളി “ഹിന്ദു റാഡിക്കലൈസേഷൻ” ആണ്. ഹരിദ്വാറിലെ ധർമ സന്‍സദില്‍ (2021ല്‍) ഹിന്ദു സന്യാസിമാര്‍ നടത്തിയ മുസ്‌ലിംകൾക്കെതിരെ നൽകിയ തുറന്ന വംശഹത്യാ ആഹ്വാനം അതിന്റെ സൂചനയല്ലേ? ഹിന്ദു റാഡിക്കലൈസേഷൻ ഒരു യഥാര്‍ഥ ഭീഷണിയാണ്, കാരണം അതിന് സ്റ്റേറ്റിന്റെയും, പ്രബലരായ രാഷ്ട്രീയക്കാരുടെയും, ജുഡീഷ്യറി ഘടകങ്ങളുടെ പോലും കൃത്യമായ പിന്തുണയുണ്ട്.
ബാബരി മസ്ജിദ് തകര്‍ത്തതാണ് ഇൻഡ്യയിൽ മുസ്‌ലിംകളുടെ അരക്ഷിതാവസ്ഥയും, ഇസ്‌ലാമിക തീവ്രവാദവും വളരാന്‍ ഉത്തേജകമായതെന്ന് പറയപ്പെടുന്നു. ഇതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്?
തീര്‍ച്ചയായും, 1992ലെ ബാബരി മസ്ജിദിരായ ആസൂത്രിത അക്രമം ഇൻഡ്യയിലെ മുസ്‌ലിംകളുടെ അരക്ഷിതാവസ്ഥ വര്‍ധിപ്പിച്ചു. എന്നാല്‍, ഇതിനര്‍ഥം മുസ്‌ലിംകൾ മുൻപ് സുരക്ഷിതരായിരുന്നു എന്നല്ല. 1992ന് മുൻപു തന്നെ മുസ്‌ലിംവിരുദ്ധ വംശഹത്യകളുടെ പരമ്പരകള്‍ അരങ്ങേറിയിരുന്നു; മുറാദാബാദില്‍ (1980), നെല്ലി (1983), ഹാഷിംപുര (1987), ഭഗല്‍പൂര്‍ (1989). ഇവയെ ഞാന്‍ ബോധപൂര്‍വമാണ് വംശഹത്യയെന്ന് (pogrom) വിളിക്കുന്നത്. കാരണം, ഇവയൊന്നും തന്നെ കലാപങ്ങളല്ല, ആസൂത്രിതമായ വംശഹത്യകളാണ്. ഭഗല്‍പൂര്‍ വംശഹത്യ രണ്ട് മാസങ്ങളോളം തുടര്‍ന്നു. ഏതെങ്കിലും അക്രമങ്ങൾ മാസങ്ങളോളം തുടരണമെങ്കില്‍ സൂക്ഷ്മമായ സംഘാടനം ആവശ്യമാണ്. പ്രത്യേകിച്ച്, ഭരണനിര്‍വഹണ കേന്ദ്രങ്ങളുടെ അംഗീകാരമോ അല്ലെങ്കില്‍ നിഷ്‌ക്രിയത്വമോ അതിനാവശ്യമാണ്.
ഇന്ന് മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥക്ക് നിരവധി വശങ്ങളുണ്ട്: അവര്‍ എങ്ങനെ പെരുമാറണം, എന്ത് ചെയ്യണം, കഴിക്കണം, മുസ്‌ലിം സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണം, അവര്‍ക്ക് എങ്ങനെ നടക്കാം, പൊതു ഇടങ്ങളില്‍ എങ്ങനെ പെരുമാറാം, മുസ്‌ലിംകൾ താടി വെക്കണോ വേണ്ടയോ, തൊപ്പി ധരിക്കണോ വേണ്ടയോ മുതലായ വിഷയങ്ങളെ കുറിച്ചെല്ലാം ആശങ്കകള്‍ 1992ന് മുൻപും ഉണ്ടായിരുന്നു. തികഞ്ഞ മതേതരനെന്ന് വിളിക്കപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മതേതര കാലഘട്ടത്തിൽ പോലും. എന്നാല്‍, അവയുടെ അളവും ക്രൂരതയും ഇന്ന് നമ്മള്‍ കാണുന്നതായിരുന്നില്ല എന്നു വ്യക്തം. ഈ ദൈനംദിന അരക്ഷിതാവസ്ഥകളെ മനസ്സിലാക്കണമെങ്കില്‍, നിലവിലെ രാഷ്ട്ര നയങ്ങളെ നമ്മള്‍ കൃത്യമായി നിരീക്ഷിക്കേണ്ടിയിരിക്കുന്നു. മതേതരനും അജ്ഞേയവാദിയും യുക്തിവാദിയായും ശാസ്ത്രബോധമുള്ളയാളുമായി ചിത്രീകരിക്കപ്പെടുന്ന ഐതിഹ്യങ്ങളും നമുക്കുണ്ട്. എന്നാല്‍, ഭരണഘടനാപരമായി ഇൻഡ്യയെ മതേതരവത്കരിക്കാന്‍ നെഹ്‌റു യാതൊരു ശ്രമവും നടത്തിയിട്ടില്ല. നെഹ്‌റുവിന്റെ മരണത്തിന് കാലങ്ങള്‍ക്കു ശേഷമാണ് ഭരണഘടനയില്‍ ”മതേതരത്വം” എന്ന വാക്ക് ചേര്‍ക്കപ്പെട്ടത്. നെഹ്‌റു മതേതരനായിരുന്നെങ്കില്‍ എന്തു കൊണ്ടാണ് 1949ല്‍ ബാബരി മസ്ജിദില്‍ നിയമവിരുദ്ധമായി ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ സ്ഥാപിക്കപെട്ടപ്പോള്‍ നടപടിയെടുക്കാതിരുന്നത്. എന്തു കൊണ്ടാണ് 1959ല്‍ സോമനാഥ് ക്ഷേത്രത്തിന്റെ നിര്‍മാണത്തെ പരോക്ഷമായി പിന്തുണച്ചത്? മാത്രമല്ല, നെഹ്‌റുവിന്റെ ഭൂരിപക്ഷ ഹിന്ദു വികാരം പൂര്‍ണമായി ദൃശ്യമാകുന്നത് ദലിതര്‍ മതംമാറുമ്പോള്‍ അവരുടെ സംവരണാവകാശങ്ങള്‍ എടുത്തുകളയാന്‍ ശുപാര്‍ശ ചെയ്ത 1950ലെ പ്രസിഡന്റിന്റെ ഓര്‍ഡിനന്‍സിനെ അദ്ദേഹം പിന്തുണച്ചതിലാണ്.
1992ന് ശേഷമുള്ള അരക്ഷിതാവസ്ഥ ഇസ്‌ലാമിക തീവ്രവാദത്തെ ഉത്തേജിപ്പിക്കുന്നു എന്ന വാദം കണക്കിലെടുത്താല്‍, ഇൻഡ്യൻ രാഷ്ട്രീയം പൊതുവേ കേവലം സമൂലമായ ഹിന്ദുത്വ പ്രീണന നിലപാടിലേക്കെത്തുകയും, ഇസ്‌ലാമോഫോബിയ അതിന്റെ അച്ചുതണ്ടായി മാറുകയും ചെയ്തുവെന്ന യാഥാർഥ്യത്തെ അവഗണിച്ചുകൊണ്ട് നമ്മുക്കതിനെ മനസ്സിലാക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് ജാതിപ്രശ്‌നം. മണ്ഡൽ കമ്മീഷനും അതിനെ തുടര്‍ന്നുള്ള വി.പി.സിങിന്റെ ഉയര്‍ച്ചയും, ലാലു-യാദവ്-മായാവതി തുടങ്ങിയ നിരവധി നേതാക്കളും അതുപോലെ തന്നെ ഈ ജാതി ഗ്രൂപ്പുകളുടെ സാമൂഹിക അടിസ്ഥാനങ്ങളും വിവിധ തരത്തില്‍ ദേശീയവാദിയുമായി ചേര്‍ന്ന് ഇസ്‌ലാമോഫോബിയക്ക് ആക്കം കൂട്ടി.
കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് അച്ചടി മാധ്യമമടക്കം വിപുലമായ മാധ്യമ ശൃംഖലയുണ്ട്. അതിന്റെ ഇടപെടലുകള്‍ പലപ്പോഴും പുരോഗമന സ്വഭാവമുള്ളതായി കാണപ്പെടുന്നു. പക്ഷേ അവര്‍ യഥാർഥത്തിൽ അത്രയും പുരോഗമന സ്വഭാവക്കാരാണോ?
ജമാഅത്തെ ഇസ്‌ലാമിയുടെ ഇടപെടലുകള്‍ ‘ശരിക്കും’ പുരോഗമനപരമല്ല എന്ന് വിശ്വസിക്കാന്‍ നിലവില്‍ തെളിവുകളൊന്നുമില്ല. ഒരു സ്ഥാപനത്തെ അതിന്റെ പ്രയോഗത്തിലാണ് നാം വിലയിരുത്തേണ്ടത്. ഉദ്ദേശത്തേക്കാള്‍ പ്രയോഗങ്ങള്‍ തന്നെയാണ് പ്രധാനം. ജമാഅത്തും കേരളത്തിലെ അതിന്റെ അഫിലിയേറ്റ്സും നിരവധി പുരോഗമനപരമായ സമരങ്ങൾക്ക് മുന്‍കൈയ്യെടുത്തിട്ടുണ്ട്. കൊക്കകോളക്കെതിരെ പ്രചാരണം നടത്തി, ആദിവാസികളെ ലക്ഷ്യമിട്ടുള്ള ‘വികസന’ പദ്ധതികള്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കെതിരെയായ മുന്നേറ്റങ്ങള്‍ തുടങ്ങിയവയില്‍ അവര്‍ മുന്നിരയില്‍ തന്നെയുണ്ടായിരുന്നു. എന്നാൽ, ജമാഅത്തിന്റെ എല്ലാ നടപടികളും പുരോഗമനപരമാവണം എന്ന ശാഠ്യം നൈറതികമാവണമെങ്കിൽ, ജമാഅത്ത് കൂടി ഭാഗമായ വിശാല രാഷ്ട്രീയ അന്തരീക്ഷം പുരോഗമനപരവും ഇസ്‌ലാമോഫോബിയ രഹിതവുമാകണം എന്ന നിർബന്ധം കൂടിയുണ്ടാകണം.
അതേസമയം, ത്രിവര്‍ണ പതാകയോടുള്ള ആര്‍എസ്എസിന്റെ പ്രതിബദ്ധതയെ ആരും സംശയിക്കുന്നില്ല എന്നത് കൗതുകകരമല്ലേ. കാരണം അടല്‍ ബിഹാരി വാജ്പേയിയുടെ കാലം വരെ ആര്‍എസ്എസ് അതൊരിക്കലും രാഷ്ട്ര പതാകയായി ഉയര്‍ത്തിയിട്ടില്ല, പകരം കാവി പതാകയെ തങ്ങളുടെ സമാന്തര പതാകയായി കാണുകയാനുണ്ടായത്.
ഇൻഡ്യന്‍ മുസ്‌ലിംകളും തെരഞ്ഞെടുപ്പു രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള അഭിപ്രായം?
വിഭജനത്തിനു ശേഷം പുതിയ മുസ്‌ലിം പാര്‍ട്ടി ഉണ്ടായില്ല. എന്തിനേറെ, രണ്ടു തവണ കോണ്‍ഗ്രസ് പ്രസിഡന്റായ അബ്ദുല്‍ കലാം ആസാദ് പോലും മുസ്‌ലിംകൾ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്ന് ഉപദേശിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ആദ്യത്തെ മുസ്‌ലിം പാര്‍ട്ടി രൂപീകരിക്കപ്പെട്ടത് 1960കളുടെ അവസാനത്തിലാണ്. മുസ്‌ലിം പ്രശ്‌നങ്ങളെ അതിന്റെ പ്രധാന്യത്തോടെയെടുക്കാത്ത സംയുക്ത വിധായക് ദളിനോടുള്ള ഡോക്ടർ ജലീല്‍ ഫരീദിയുടെ വിയോജിപ്പില്‍ നിന്നാണ് ‘മുസ്‌ലിം മജ്‌ലിസ്’ എന്ന പേരിലുള്ള പാര്‍ട്ടി രൂപീകൃതമായത്. അതിന്റെ ഏറ്റവും മികച്ച വിജയം 1977 ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ നേടിയതാണ്. തീര്‍ച്ചയായും, ഉത്തര്‍പ്രദേശില്‍ മുസ്‌ലിം ലീഗ് നിലനിന്നിരുന്നു, എന്നാല്‍ കേരളത്തില്‍ നിന്ന് വ്യത്യസ്തമായി അത് വളരെ കുറഞ്ഞ സ്വാധീനമാണ് ചെലുത്തിയത്. 2008ല്‍ മറ്റൊരു ഡോക്ടറായ മുഹമ്മദ് അയ്യൂബ് ‘പീസ് പാര്‍ട്ടി ഓഫ് ഇൻഡ്യ’ രൂപീകരിച്ചു. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടി നാല് സീറ്റുകള്‍ നേടി. എന്നാല്‍ 2017ല്‍ ആ പാര്‍ട്ടിക്ക് സീറ്റുകളൊന്നും തന്നെ നേടാനായില്ല. എന്നാല്‍ ഓള്‍ ഇൻഡ്യാ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) ചരിത്രപരമായി ഹൈദരാബാദില്‍ തന്നെ ഒതുങ്ങി. ഇപ്പോള്‍, ഇത് ബിഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നു. എന്നാല്‍ ഈ പാര്‍ട്ടിയുടെയും തെരഞ്ഞെടുപ്പ് സ്വാധീനം ഇതുവരെ വളരെ പരിമിതമാണ്. അതായത്, ഇൻഡ്യൻ രാഷ്ട്രീയത്തിൽ നിലവിലെ ഒരു മുസ്‌ലിം പാര്‍ട്ടിക്കും ഒരു രീതിയിലുള്ള പ്രാമുഖ്യവുമില്ല, മാത്രമല്ല സ്വാധീനം പോലുമില്ല, അവര്‍ വെറും കാഴ്ച്ചക്കാര്‍ മാത്രമാണ്.
എല്ലാ മുസ്‌ലിംകൾക്കും പൊതുവായുള്ള വ്യക്തമായ അജണ്ടയിലാണ് പാര്‍ട്ടികള്‍ നിലനില്‍ക്കുന്നതെന്ന് ഊഹിക്കാന്‍ പോലും സാധ്യമല്ല. എന്നിരുന്നാലും, പൊതുവായി കാണപ്പെടുന്നത് മുസ്‌ലിംകളുടെ വിദ്യാഭ്യാസപരവും സാമൂഹിക-രാഷ്ട്രീയവുമായ ശാക്തീകരണത്തെക്കുറിച്ചും, ജീവിതത്തിന്റെ എല്ലാ പ്രധാന മേഖലകളിലും പ്രതിനിധാനത്തിലുള്ള കുറവിനെകുറിച്ചുള്ള ആശങ്കകളും മാത്രമാണ്. ഒരു പ്രത്യേക പ്രശ്‌നത്തിലൊഴിച്ച് സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ്സ് പാര്‍ട്ടി മുസ്‌ലിം പ്രശ്‌നങ്ങളെ കുറിച്ച് കൂടുതലും അധരവ്യായാമം നടത്തുക മാത്രമാണ് ചെയ്തത്. 2006ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചു. എന്നിരുന്നാലും, ഇവ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടില്ല. എന്നാല്‍ 2014ലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പാര്‍ട്ടിയുടെ ഒരു ആഭ്യന്തര അവലോകനം അതിന്റെ കാരണമായി “ന്യൂനപക്ഷ പ്രീണനം” എന്ന നിഗമനത്തിലെത്തി. അതിന് ശേഷം ഒരിക്കലും തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി ‘സച്ചാര്‍’ അല്ലെങ്കില്‍ ‘മതേതര’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. പകരം തങ്ങള്‍ ബിജെപിയേക്കാള്‍ വലിയ ഹിന്ദുത്വ അനുകൂലികളാണെന്ന് തെളിയിക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസ്.
ജമാഅത്തെ ഇസ്‌ലാമിയുടെ ഉടമസ്ഥതയിലുള്ള മീഡിയ വൺ ചാനലിലെ കേന്ദ്ര-സര്‍ക്കാര്‍ രാഷ്ട്രാ സുരക്ഷാ കാരണങ്ങളാരോപിച്ച് വിലക്കുകയുണ്ടായി, കേരള ഹൈകോടതി ആ വിലക്കിനെ ശരിവെക്കുകയുമാണ് ചെയ്തത്. സര്‍ക്കാരിന്റെയും, നിയമസംവിധാനത്തിന്റെയും ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരത്തിലുള്ള നീക്കത്തെ താങ്കള്‍ എങ്ങനെ നോക്കി കാണുന്നു?
മീഡിയ വണ്‍ ചാനലിന് നേരെയുണ്ടായ വിലക്ക് തികച്ചും ജനാധിപത്യവിരുദ്ധവും ഏകപക്ഷീയവുമാണ്. സര്‍ക്കാര്‍ മീഡിയവണ്ണിനെ ലക്ഷ്യംവെച്ചതിന്റെ കാരണം വളരെ ലളിതമാണ്. അത് വിശാലമായ തലത്തില്‍ സ്വതന്ത്രമായി നില്‍ക്കുന്നതും, പ്രബലമായ അധികാര ശക്തിയോട് ചേർന്നുനില്‍ക്കാൻ വിസമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഏതൊരു അധികാരത്തിന് കീഴിലും ഒരു മാധ്യമം പ്രവര്‍ത്തിക്കേണ്ടത് ഇങ്ങിനെയാണ്, അത് ബിജെപിയാകട്ടെ, കോണ്‍ഗ്രസ്സ് ആകട്ടെ, സോഷ്യലിസ്റ്റുകളെന്ന് അവകാശപ്പെടുന്ന നിതീഷ് കുമാറാകട്ടെ… തീര്‍ച്ചയായും കേരള ഹൈകോടതി ഇത്തരത്തില്‍ വിലക്കിനെ ശരിവെച്ചത് തികച്ചും നിരാശകരമായ നിലപാടാണ്. അതുകൊണ്ടാണ് രാഷ്ട്രീയത്തില്‍ സമൂലമായ പരിവര്‍ത്തനങ്ങളുണ്ടാകുന്നതു വരെ, ശോഭയുള്ള, മാനുഷികമായ ഭാവി നമുക്ക് ഉണ്ടാകില്ലെന്ന് ഞാന്‍ നേരത്തെ വാദിച്ചത്.
മുസ്‌ലിംകൾ നടപ്പില്‍ വരാനിരിക്കുന്ന യുണിഫോം സിവില്‍ കോഡിനെ അംഗീകരിക്കേണ്ടതുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ഈ ചോദ്യം മുസ്‌ലിംകളോട് മാത്രം ചോദിക്കേണ്ട ഒന്നല്ല, ഹിന്ദുക്കളും, ആദിവാസി-ഗോത്ര വര്‍ഗങ്ങളുമടക്കമുള്ള എല്ലാ സമൂദായങ്ങളോടും ചോദിക്കേണ്ട ഒന്നാണ്. ഇത്തരത്തില്‍ വൈവിദ്യങ്ങളുള്ള ഒരു രാജ്യത്ത് യൂസിസി (യൂണിഫോം സിവില്‍ കോഡ്) രൂപീകരിക്കുകയെന്നത് ഒട്ടും എളുപ്പമല്ല. സാംസ്‌കാരിക വൈവിധ്യത്തെ മാനിച്ചുകൊണ്ടുള്ള ലിംഗ സമത്വമാണ് അത് ഉദ്ദേശിക്കുന്നതെങ്കില്‍, ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന, നിർബന്ധബുദ്ധിയില്ലാത്ത ഒരു ചര്‍ച്ചാന്തരീക്ഷമാണ് ആദ്യം ഉറപ്പ് വരുത്തേണ്ടത്. എന്നാല്‍ അവിടെയും ഏകതാനത കൊണ്ടുവരാനായുള്ള തത്വം എന്താണെന്നുള്ളതില്‍ നമുക്ക് യാതൊരു വ്യക്തതയുമില്ല. ഐക്യമെന്നതുകൊണ്ട് ഏകതാനതയെ അന്തർവഹിക്കുക എന്നതാണ് ലക്ഷ്യമെങ്കില്‍, ഈ നീക്കം മാരകമായ ഒന്നാണ്. ഈ യുക്തിയനുസരിച്ച്, നമുക്ക് ഭാഷകളില്‍ ഏകീകൃതത ഉണ്ടായിരിക്കണം. ആചാരങ്ങള്‍, പാചകരീതികള്‍, മതങ്ങള്‍ തുടങ്ങിയവയിലെല്ലാം തന്നെ അതുണ്ടായിരിക്കണം. ഈ ഏകീകൃത ധാരണ ദേശീയതയുടെ യുക്തിയില്‍ നിന്ന് ഉത്ഭവിക്കുന്നതാണ്. അതായത് ഏകതയാണ് മുന്‍പ് നിലവിലുണ്ടായിരുന്നതെന്നും, അതിലേക്ക് മടങ്ങുന്നതിലുടെയുള്ള വിശുദ്ധിയുമാണ് ഇതിന്റെ ലക്ഷ്യം.
എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തുന്നത്, യുസിസിക്ക് വേണ്ടി വാദിക്കുന്ന ആരും തന്നെ ഏകീകൃത ആരോഗ്യ സംവിധാനത്തെ കുറിച്ച് സംസാരിക്കുന്നില്ല എന്നതാണ്. എന്തുകൊണ്ടാണ് അതിസമ്പന്നരായവര്‍ക്ക് വേണ്ടി പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഹോസ്പിറ്റല്‍ ശൃംഖലകളും, എന്നാല്‍ ഇൻഡ്യയിലെ ഗ്രാമീണ മേഖലയിലുള്ള സാധാരക്കാര്‍ക്കായി അരോഗ്യ സംവിധാനങ്ങളൊന്നും തന്നെയില്ലാത്തതും?
ഇൻഡ്യൻ മുസ്‌ലിം സമൂഹം നിലവിലെ മാറുന്ന ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ തന്ത്രങ്ങള്‍ മാറ്റണമെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടൊ? പുതിയ സാഹചര്യങ്ങള്‍ സ്വാംശീകരിക്കുന്നതിലെ പരാജയത്തിന് മുസ്‌ലിംകൾ എന്ത് വിലകൊടുക്കേണ്ടി വരുമെന്നാണ് താങ്കള്‍ കരുതുന്നത്?
വിവേകമുള്ള ഒരു വ്യക്തിയോ സമൂഹമോ മാറ്റത്തെയോ പൊരുത്തപ്പെടലിനെയോ എതിര്‍ക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല നിര്‍ണായകമായ ചോദ്യം ഇതാണ്: മുസ്‌ലിംകളോട് സ്വാംശീകരിക്കാനാവശ്യപെടുന്ന ‘ദേശീയ സാഹചര്യം’, നീതി, സമത്വം, ബഹുസ്വരത, തുടങ്ങി ജനാധിപത്യത്തിന്റെ ഏതെങ്കിലും അടിസ്ഥാന മൂല്യങ്ങളിൽ അടിസ്ഥിതമാണോ? ‘ഇൻഡ്യയിലെ മാറുന്ന സാഹചര്യം’ ഏതെങ്കിലും തരത്തില്‍ അവരുടെ പ്രതീക്ഷകളെയും പാരമ്പര്യങ്ങളെയും പ്രതിനിധീകരിക്കുന്നുണ്ടോ? അതല്ല എങ്കില്‍ ആ മാറ്റങ്ങളെ സ്വാംശീകരിക്കാന്‍ അവരോട് നല്‍കുന്ന ഉപദേശം തികച്ചും അന്യായമാണ്. അവരുടെ പാരമ്പര്യങ്ങളെയും അഭിലാഷങ്ങളെയും ക്ഷേമത്തെയും പ്രതിനിധീകരിക്കാത്ത ഒരു രാഷ്ട്രീയം ഒരു ജനാധിപത്യമല്ല. സമ്മതവും- അധികാരത്തില്‍ പങ്കാളിത്തവുമാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. അല്ലാതെ ബലപ്രയോഗം, അധികാരം പങ്കാളിത്തം തടയാൽ എന്നിവയല്ല.
മുസ്‌ലിം സമുദായത്തിന്റെ പൊതുവായുള്ള പിന്നാക്കാവസ്ഥയുടെ കാരണങ്ങളെന്തൊക്കെയാണ്?
മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥക്ക് കാരണമായ ഘടകങ്ങളിലേക്ക് വരുന്നതിന് മുൻപ്, ആദിവാസികളുടെയും ദലിതരുടെയും പിന്നാക്കാവസ്ഥയുടെ വിശദീകരണങ്ങള്‍ പരിഗണിക്കുക. അവരുടെ സംസ്‌കാരമോ മതമോ അപൂര്‍വമായി മാത്രമാണ് അതിനു കാരണമായി ആരോപിക്കപ്പെടുന്നത്. നേരെമറിച്ച്, മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ മതത്തിലേക്കോ, നരവംശശാസ്ത്രജ്ഞനായ തോമസ് ഉപയോഗിച്ച ഒരു വാചകം കടമെടുത്താല്‍ ‘മുസ്‌ലിംകളുടെ അന്തര്‍മുഖത്വത്തിലേക്കോ’ ആണ് ചേര്‍ത്തുവെക്കപ്പെടുന്നത്. മഹമൂദ് മംദാനി ‘സംസ്‌കാര സംവാദം’ എന്നു പേരിട്ട് വിളിച്ചതിന് സമാനമാണിത്. ഇസ്‌ലാം ആന്‍ഡ് മുസ്‌ലിംസ് ഓഫ് ഇൻഡ്യ എന്ന പുസ്തകത്തില്‍ (2008) എസ്.എസ് ഗില്‍ ആധുനികതയിലേക്കുള്ള അദ്ധ്യാത്മിക പ്രതിബദ്ധങ്ങളെ മുസ്‌ലിംകൾ മറികടക്കേണ്ട ഒരു അനിവാര്യ പ്രശ്‌നമായി കണ്ടെടുക്കുന്നുണ്ട്. അതുപോലെ, മുസ്‌ലിംകൾ മദ്ധ്യകാലത്തില്‍ മയങ്ങി കിടക്കുകയാണെന്നാണ് ഇന്ത്യന്‍ മുസ്‌ലിംസ് ഇന്‍ എ വേള്‍പൂൾ (2008) എന്ന പുസ്തകത്തിൽ രാമാശ്രേ ഉപാധ്യായ അഭിപ്രായപ്പെടുന്നുണ്ട്. ഉപാധ്യയയുടെ പുസ്തകത്തിന്റെ ആമുഖത്തില്‍ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണറായിരുന്ന ജഗ്മോഹനും അതേ ചിന്താഗതി ആവര്‍ത്തിക്കുന്നുണ്ട്. സാമൂഹിക ശാസ്ത്രജ്ഞന്‍ എന്‍. ജയറാമും ഏതാണ്ട് സമാനമായൊരു നിലപാടിലാണ് നില്‍ക്കുന്നത്. ഈയൊരു വാദം പ്രബലമായിരിക്കെ തന്നെ മൗലികമായ ഒന്നല്ല. ഇസ്‌ലാമിനെ കുറിച്ച കൊളോണിയലിസത്താല്‍ പ്രചോദിപ്പിക്കപ്പെട്ട ഓറിയന്റലിസ്റ്റ് വീക്ഷണം നല്‍കുന്ന അറിവില്‍ നിന്നുണ്ടാകുന്നതാണത്. അതുകൊണ്ടുതന്നെ, ആദിവാസികളുടെയും ദലിതരുടെയും പിന്നാക്കാവസ്ഥക്ക് ഒരു തരത്തിലും, മുസ്‌ലിംകളുടേതിന് മറ്റൊരു രീതിയിലും വിശദീകരണ മാനദണ്ഠങ്ങള്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ട് എന്നതിൽ നാം പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. നിലവിലെ വസ്തുതകളില്‍ നിന്ന് ഏറെ അകലെയായിരിക്കെ തന്നെ ഈ വിശദീകരണങ്ങള്‍ക്കൊക്കെ ഒരു രാഷ്ട്രീയമില്ലേ?
മദ്രസാ വിദ്യഭ്യാസം മുസ്‌ലിംകളുടെ മതമൗലികവാദത്തോടുള്ള ചായ്വിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കരുതുന്നതില്‍ എന്തെങ്കിലും വസ്തുതകളുണ്ടോ? മദ്രസാ വിദ്യാഭ്യാസത്തിന്റെ ആധുനികവത്കരണത്തെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ?
നിങ്ങളുടെ ആദ്യ ചോദ്യത്തിന്, എന്റെ മറുപടി “ഇല്ല” എന്നതാണ്.
പരിഷ്‌കരണങ്ങള്‍ ആവശ്യമായ നിരവധി പ്രശ്നങ്ങള്‍ മദ്റസാ സംവിധാനത്തിലുണ്ട്. ഉദാഹരണത്തിന്, അതിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ കാലഹരണപ്പെട്ടതും അധ്യാപകരുടെ ശമ്പളം വളരെ മോശവുമാണ്. ഏറ്റവും പ്രധാനമായാത് എത്ര മദ്റസ ബിരുദധാരികള്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടുന്നു എന്നതാണ്. മദ്രസകള്‍ മതമൗലികവാദം അല്ലെങ്കില്‍ തീവ്രവാദം പഠിപ്പിക്കുന്നുവെന്ന ധാരണ പാശ്ചാത്യ ഓറിയന്റലിസത്തില്‍ നിന്ന് പകര്‍ത്തിയതാണ്. ഹരിദ്വാറില്‍ മുസ്‌ലിംകൾക്കെതിരെ വംശഹത്യക്ക് ആഹ്വാനം ചെയ്ത ഹിന്ദു സന്യാസിമാര്‍ പഠിച്ചത് ഏത് മദ്രസയിലാണെന്ന് ചോദിക്കേണ്ടത് പ്രധാനമാണ്.
മദ്രസകളുടെ ‘ആധുനികവത്കരണം’ എന്നത് സ്വാഗതാര്‍ഹമാണ്. പക്ഷേ നമ്മള്‍ അതില്‍ ചോദിക്കേണ്ടത് ആരാണ് പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെടുന്നത് എന്നാണ്, അവരുടെ ഉദ്ദേശങ്ങള്‍ എന്തൊക്കെയാണ് എന്നും. എന്റെ കാഴ്ചപ്പാടില്‍, സര്‍ക്കാരിനെയും, സ്വകാര്യ സര്‍വ്വകലാശാല സംവിധാനങ്ങളെയും നവീകരിക്കുകയെന്ന് അത്യാവശ്യമാണ്. പക്ഷേ എന്തുകൊണ്ടാണ് ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത്? അതുപോലെതന്നെ എന്തുകൊണ്ട് ഗുരുകുലങ്ങള്‍, വേദപാഠശാലകള്‍ മുതലായവ ആധുനികവത്കരിക്കാന്‍ ആരും ആവശ്യപ്പെടുന്നില്ല? 2014ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രികയിലാണ് മദ്രസകള്‍ നവീകരിക്കുകയെന്ന ആവശ്യം ഉയര്‍ന്നതെന്നത് ശ്രദ്ധേയമാണ്.
ഇന്നത്തെയും വരാനിരിക്കുന്നതുമായ വെല്ലുവിളികള്‍ നേരിടാനായി മുസ്‌ലിം സമുദായത്തെ ശക്തിപെടുത്താനായി താങ്കള്‍ മുന്നോട്ടുവെക്കുന്ന അഞ്ച് നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമായിരിക്കും?
ഞാന്‍ നാല് കാര്യങ്ങള്‍ നിര്‍ദ്ദേശിക്കാം. ആദ്യമായി മനസ്സിലാക്കേണ്ടത് സംഗതി, നിലവില്‍ നമ്മള്‍ നടത്തിക്കൊണ്ടിരിക്കുന്ന സംഭാഷണത്തെ ‘മുസ്‌ലിം പ്രശ്നം’ എന്നാണ് കൊളോണിയല്‍ ഇൻഡ്യയില്‍ വിളിക്കപ്പെട്ടത്. എന്നാൽ, സസൂക്ഷം പരിശോധിക്കുകയാണെങ്കില്‍ ‘മുസ്‌ലിം പ്രശ്‌നം’ എന്നാല്‍ യഥാര്‍ഥത്തില്‍ ‘ഹിന്ദു പ്രശ്‌നമാണ്’ എന്നു മനസ്സിലാകും. അതേ രീതിയില്‍ യൂറോപ്പിലെ ജൂതപ്രശ്‌നം (കാള്‍ മാര്‍ക്‌സ് എഴുതിയത്) പ്രാഥമികമായി ക്രിസ്ത്യൻ പ്രശ്‌നമായിരുന്നു. അതേ പ്രകാരം കന്നെ ഇൻഡ്യൻ സ്വാതന്ത്ര സമര കാലത്ത് ഉയര്‍ന്ന ‘സത്രീ പ്രശ്‌നം’ യഥാര്‍ഥത്തില്‍ പുരുഷ പ്രശ്‌നമായിരുന്നു. സ്ത്രീകളുടെ വിദ്യഭ്യാസത്തിനുള്ള അവകാശത്തെ എതിര്‍ത്തുകൊണ്ട് ബാലഗംഗാധര തിലക് പറഞ്ഞത് അത് അവരിലെ സ്ത്രീത്വത്തെ എടുത്തു കളയുമെന്നായിരുന്നു. അതുകൊണ്ടുതന്നെ, മുസ്‌ലിംകൾ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആദ്യ ചുവടവെപ്പ് ‘ഹിന്ദു പ്രശ്‌നം’ എന്നതിനെ പൊളിക്കുകയെന്നതാണ്. അതില്ലാതാക്കാതെ മുസ്‌ലിം സമുദായത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താൻ മറ്റൊരു വഴിയുമില്ലന്നതാണ് സത്യം.
രണ്ടാമതായി, മുസ്‌ലിംകൾക്കുള്ള തെരഞ്ഞെടുപ്പുകള്‍, അല്ലെങ്കില്‍ അവരുടെ മുന്നിൽ അവശേഷിക്കുന്ന തെരഞ്ഞെടുപ്പുകൾ വളരെ കുറവാണ് എന്നതാണ്. മുസ്‌ലിംകൾ ഭാഗമായിരിക്കുന്ന ഒരു രാഷ്ട്രം മുസ്‌ലിംകൾക്ക് അവരുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പുകൾ സ്വീകരിക്കാനുള്ള അവകാശം ആത്മാർഥമായി വകവെച്ചു നൽകുമ്പോൾ മാത്രമാണ് അത്തരം തെരഞ്ഞെടുപ്പുകൾക്ക് ഫലമുണ്ടാവുക. അതുകൊണ്ടുതന്നെ, രണ്ടാമത്തെ പടി, മുസ്‌ലിംകൾക്ക് അവരുടെ തെരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യം നൽകാൻ രാഷ്ട്രത്തെ നിർബന്ധിക്കുക എന്നതാണ്. ഇന്ത്യയിലെ വ്യത്യസ്ത ഭാഗങ്ങളിലായി വസിക്കുന്ന മുസ്‌ലിംകളുടെ വൈവിധ്യങ്ങൾ അത്തരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കേണ്ടതുണ്ട്. അവരുടെ മത പാരമ്പര്യങ്ങളോട് ചേർന്നു നിൽക്കുന്നതും, നിങ്ങൾ ഇന്ത്യന്യാണോ അതോ മുസ്‌ലിമാണോ എന്ന വിരസമായ ചോദ്യങ്ങളിൽ നിന്ന് മുക്തവുമായിരിക്കണം അവ.
മൂന്നാമതായി, വിദ്വേഷത്തിന്റെ രാഷ്ട്രീയ വ്യവസ്ഥിതിയെ ശുദ്ധീകരിക്കേണ്ടതിന്റെ ഭീകരമായ ആവശ്യകതയുണ്ട്. വളര്‍ന്നു വരുന്ന ദേശീയതാ വ്യവഹാരങ്ങളുടെ സിംഹഭാഗവും മുസ്‌ലിംകളെ അപരവത്കരിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് നിലനിൽക്കുന്നത്.
നാലാമതായി, മുസ്‌ലിംകൾ നിലവിലെയും, വരാനിരിക്കുന്നതുമായ തലമുറകള്‍ക്ക് വിദ്യഭ്യാസം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വിദ്യഭ്യാസമെന്നാല്‍ ഞാന്‍ ഉദ്ദേശിക്കുന്നത് കേവലം ഡിഗ്രികളല്ല, രാഷ്ട്രീയ വിദ്യാഭ്യാസമാണ്. ഭരണഘടന, പൗരാവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തമായ അവബോധമുണ്ടാക്കേണ്ടതും അത് പ്രയോജനപെടുത്തേണ്ടതും, ഇവയുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മറ്റു സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. ഇത് കൃത്യമായി നടപ്പില്‍ വരാന്‍ നിയമസഭകളിലും സാമ്പത്തിക രംഗങ്ങളിലും മതിയായ പ്രാതിനിധ്യം ആവശ്യമാണ്. അതിനായി അവര്‍ക്ക് രാഷ്ട്രീയ വിദ്യഭ്യാാസം അത്യാവശ്യമാണ്, ഇതിനായി നീതിബോധവും സമത്വ-സ്വാതന്ത്ര ബോധവുമുള്ള അമുസ്‌ലിംകളുടെ സഹായം മുസ്‌ലിംകൾ തേടേണ്ടതാണ്.
ഒരിക്കല്‍ സജ്ജരായാല്‍, പിന്നീട് അവര്‍ അവരുടെ വിശ്വാസത്തിനപ്പുറം അല്ലെങ്കില്‍ വംശ, ജാതി ഭേദങ്ങള്‍ക്കപ്പുറം, മറ്റു പാര്‍ശ്വവത്കരിക്കപ്പെട്ട സംഘങ്ങളെയും ഈ വിദ്യാഭ്യാസം നേടാനായി സഹായിക്കണം. അനുരൂപമായ ഐക്യദാര്‍ഢ്യവും സൗഹൃദവും ഇല്ലാതായാല്‍, നമ്മളാഗ്രഹിക്കുന്ന ജനാധിപത്യം അതിന്റെ നേര്‍വിപരീതമായി മാറിയേക്കാം. നമ്മളിലുള്ള മനോഹരമായ, എന്നാല്‍ ഇപ്പോള്‍ പൊതുജീവിതത്തില്‍ നിന്നും അപ്രത്യക്ഷമായ എല്ലാത്തിനെയും കെടുത്തിക്കളയാതിരിക്കട്ടെ എന്നാണ് എന്റെ പ്രതീക്ഷ.
പൊളിറ്റിക്കൽ ആന്ത്രോപോളജിസ്റ്റായ പ്രൊഫ. ഇർഫാൻ അഹ്‌മദ് നിലവിൽ ഇസ്താബൂൾ ഇബ്നു ഖൽദൂൻ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി-ആന്ത്രോപോളജി വിഭാഗം അധ്യാപകനാണ്.