എയ്ഡഡ് കോളേജ് നിയമനങ്ങളിലെ സംവരണം : കോടതിവിധി അട്ടിമറിക്കാന്‍ സാമുദായിക മേധാവിത്വ ശക്തികള്‍ രംഗത്ത്

August 10, 2015

റിസര്‍വേഷന്‍ സംബന്ധിച്ച കേസില്‍ തങ്ങള്‍ ഇതുവരെ എസ്.സി./എസ്.ടി ക്കാരെ ജോലിക്കെടുക്കാത്തതിന്റ കാരണം യൂണിവേഴ്‌സിറ്റികളോ കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റോ അത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കാതിരുന്നതുകൊണ്ടാണെന്നാണ് മുഴുവന്‍ എയ്ഡഡ് കോളേജുകളുടെയും എതിര്‍വാദം. കേരളസര്‍ക്കാര്‍ പറഞ്ഞില്ല എന്നതനാല്‍ യുജിസിയുടെ പല നിയമങ്ങളും മറികടന്ന ചരിത്രവും തങ്ങള്‍ക്കുണ്ടെന്ന് ഉദാഹരണസഹിതം അവര്‍ എതിര്‍വാദം ഉന്നയിക്കുന്നുണ്ട്. കേസില്‍ അന്‍പത് ശതമാനം കമ്മ്യൂണിറ്റ് ക്വോട്ടയും ബാക്കി അന്‍പതു ശതമാനം മെറിറ്റ് എന്നും, പറയുമ്പോള്‍ മെറിറ്റ് എന്ന സങ്കല്‍പ്പനത്തില്‍ സംവരണം പാലിക്കണം എന്ന് എഴുതി ചേര്‍ത്തില്ലെന്നതും എയ്ഡഡ് കോളേജുകളുടെ എതിര്‍വാദമാണ്. എന്നാല്‍ ഇവരുടെ തന്നെ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ ഈ ഫിഫ്റ്റി ഫിഫ്റ്റിയില്‍ മേല്‍പ്പറഞ്ഞ സംശയം അവരെ ബാധിക്കുന്നില്ല എന്നതും അത്ഭുതമായി തോന്നുന്നു.

”അസ്പര്‍ശ്യരുടെ ദുരിതങ്ങള്‍ക്ക് കാരണം കരിനിമയനങ്ങളേക്കാള്‍ ഹിന്ദുക്കള്‍ നിയന്ത്രിച്ചു പോരുന്ന ഭരണക്രമങ്ങളായിരുന്നു. അസ്പര്‍ശ്യര്‍ക്കെതിരായി യുഗങ്ങളായുള്ള മുന്‍വിധികളാണ് ഹിന്ദുക്കള്‍ ഭരണക്രമത്തില്‍ ഇറക്കിമതി ചെയ്തത്. പൊതുസേവനത്തുറകള്‍ ഹിന്ദുക്കള്‍ കൈകാര്യം ചെയ്യുന്നിടത്തോളം അസ്പര്‍ശ്യര്‍ക്ക് പോലീസില്‍ നിന്നുള്ള സംരക്ഷണമോ കോടതിയില്‍ നിന്ന് നീതിയോ ഭരണത്തില്‍ നിന്ന് നിയമാനുകൂല്യമോ ലഭിക്കുമെന്ന് ആശിക്കുവാന്‍ ഒരിക്കലുമാകില്ല. പൊതുസേവനതുറകളുടെ വിദ്രോഹബുദ്ധി കുറയ്ക്കാനും അവയെ അസ്പര്‍ശ്യരുടെ ആവശ്യങ്ങളോട് കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കാന്‍ കഴിയണമെങ്കില്‍ അസ്പര്‍ശ്യരുടെ പ്രതിനിധികള്‍ ഭരണത്തിന്റെ ഉന്നതതലങ്ങളില്‍ ഉണ്ടായിരിക്കണം” എന്ന് ഡോ.ബി.ആര്‍. അംബേദ്കര്‍ സിദ്ധാന്തിക്കുന്നതില്‍ നിന്നു സംവരണ എന്നത് കേവലം തൊഴില്‍ദാന പദ്ധതിയല്ല; മറിച്ച് അതു വിദ്യാഭ്യാസവും ഭരണപരവുമായ സമസ്ത മേഖലകളിലുമുള്ള ഒരു ജനതയുടെ അധികാര പങ്കാളിത്തം കൂടിയാണ് എന്ന് വ്യക്തമാണ്. സ്വത്തില്‍ നിന്നും അധികാരത്തില്‍ നിന്നും വിദ്യാഭ്യാസ രംഗത്തു നിന്നും മാത്രമല്ല, പൊതുവഴിയില്‍ നിന്നുപോലും നൂറ്റാണ്ടുകളായി ആട്ടിയകറ്റപ്പെട്ട ഒരു ജനവിഭാഗത്തിന് രാഷ്ട്രം നല്‍കി പോരുന്ന ജനാധിപത്യ അവകാശമായ വിദ്യാഭ്യാസ, തൊഴില്‍-അധികാര സംവരണത്തെ തികച്ചും അസഹിഷ്ണുതയോടെയാണ് മേല്‍ത്തട്ടുകാര്‍ എക്കാലത്തും കണക്കാക്കിപ്പോരുന്നത്. മണ്ഡല്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ പോലുള്ള നിരവധി ഉദാഹരണങ്ങള്‍ സംവരണ വിരുദ്ധതയുടെ വിളിച്ചുപറയലായി നമുക്ക് മുന്നിലുണ്ട്. തങ്ങള്‍ക്ക് മാത്രം അര്‍ഹമായത് അര്‍ഹതയില്ലാത്തവര്‍ തട്ടിയെടുക്കുന്നു എന്ന് തികച്ചും ചരിത്രബോധമില്ലാത്ത ഒരു തോന്നലാണ് സംവരണത്തെക്കുറിച്ച് എക്കാലത്തും മേല്‍ത്തട്ടുകാര്‍ പുലര്‍ത്തിപോരുന്നത്. അതുകൊണ്ടുതന്നെ സംവരണം എന്ന ഭരണഘടനാവകാശത്തെ അധികാരഗര്‍വ്വും ഇവര്‍ എല്ലായിടത്തും അധികാരവര്‍ഗ്ഗം ആള്‍ബലം കൊണ്ടും ആവുന്നത്ര തടഞ്ഞുവെച്ചു പോന്നു.

ഒരു മതേതര രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്തരത്തില്‍ ആകരുത് എന്നതിന് ഉദാഹരണമാക്കാനുതകുന്ന വിദ്യാലയങ്ങളും കലാലയങ്ങളും മാത്രമാണ് സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് മേഖലയില്‍ ഇന്ന് നമുക്ക് കാണാന്‍ കഴിയുന്നത്. തൂപ്പുകാര്‍ മുതല്‍ പ്രിന്‍സിപ്പല്‍ വരെ മുഴുവന്‍പേരും സ്ഥാപനനടത്തിപ്പുകാരുടെ ജാതിക്കാര്‍ മാത്രമായി പോകുന്ന ദുരവസ്ഥയാണ് കേരളത്തിലെ മുഴുവന്‍ എയ്ഡഡ് മേഖലയിലും കാണാവുന്നത്. അവിടുത്തെ ശമ്പളം സര്‍ക്കാര്‍ നല്കുക മാത്രമല്ല, അറ്റകുറ്റപണികള്‍ക്കും മറ്റിതര അക്കാദമിക് ആവശ്യങ്ങള്‍ക്കുമായി കോടിക്കണക്കിന് പൊതുമുതലും ഇത്തരം സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരുന്നു. ഇപ്പോള്‍ ഒരു അധ്യാപക നിയമനത്തിന് 40ലക്ഷം രൂപയാണ് കോഴയെന്ന് അറിയുമ്പോള്‍ എത്രമാത്രം സാമൂഹ്യനീതി നിഷേധമാണ് ഇവര്‍ നടത്തുന്നതെന്ന് ഓര്‍ക്കാവുന്നതാണ്.

എസ്.സി വിഭാഗത്തിന് 15 ശതമാനവും എസ്.ടി വിഭാഗത്തിന് 7.5 ശതമാനവും നിയമനങ്ങളില്‍ സംവരണം നല്‍കണമെന്ന യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടുപോലും എയ്ഡഡ് കോളേജ് മാനേജുമെന്റുകള്‍ ഈ ഉത്തരവിനെ പുല്ലുവില കല്‍പ്പിച്ച് കാറ്റില്‍ പറത്തി. അതിനെയെല്ലാം കണ്ടില്ലെന്ന് നടിക്കാന്‍ മാറിമാറി വന്ന ഇടത് വലത് ഭരണകൂടങ്ങളും ഉദ്യോഗസ്ഥ ലോബിയും സന്മനസ് കാണിക്കുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 15(4) 16(4) 46, 253 പട്ടികജാതി/വര്‍ഗ്ഗങ്ങളുടെ പ്രത്യേക അവകാശങ്ങളുടെ അടിസ്ഥാനത്തിലാണ് സാമൂഹ്യനീതി നടപ്പാക്കുന്നതിനായുള്ള യുജിസിയുടെ ഈ നിര്‍ദ്ദേശങ്ങള്‍. സംവരണവ്യവസ്ഥ, ലക്ചറര്‍, റീഡര്‍, പ്രൊഫസര്‍ മറ്റ് സാങ്കേതിക സജ്ഞയിലൂടെ സൂചിപ്പിക്കുന്ന തസ്തികകള്‍ക്കെല്ലാം ബാധകമായിരിക്കുമെന്നും 6.30/2005-U-5 dated 6th December 2005എന്ന ഉത്തരവില്‍ ഇപ്രകാരം വ്യക്തമാക്കുന്നുണ്ട. “The policy of the central Government is that in the cental universities and institutions which are denied to be universities receiving grants in aid from the public exchequer the percentage of reservation in admissions and recruitments in teaching and non-teaching posts to be 15% for scheduled castes and 7.5% for scheduled tribes”. ഇത്തരത്തില്‍ ഒരു ഉത്തരവ് നിലനില്‍ക്കെ തിരുവനന്തപുരത്തുള്ള കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ 22.12.2009 ല്‍ ദളിത് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (ഡിഎസ്എം) ഭാരവാഹി അനില്‍ അമരക്ക് (മി. സ്റ്റാറ്റ് 56857/09 കോ.യി.വ) എന്ന നമ്പറായി നല്‍കിയ വിവരാവകാശ മറുപടിയില്‍ നാലാവമതായി ലഭിച്ച ഉത്തരം ഉദ്യോഗസ്ഥ ലോബിയുടെ കള്ളക്കളി പുറത്തു കൊണ്ടുവരുന്നതാണ് ”എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപക നിയമനത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ സംവരണത്തിന് യു.ജി.സി യുടെയോ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെയോ നിയമങ്ങള്‍ നിലവിലില്ല” എന്ന് ഉത്തരവാദിത്തപ്പെട്ട ഒരു കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ എഴുതിക്കൊടുത്തത് കുറ്റകരമായ സംവരണ വിരുദ്ധതയാണ് പുറത്തുകൊണ്ടുവരുന്നത്.

____________________________________
ഇന്ന് അനില്‍ അമരയെന്ന ദലിത് പ്രവര്‍ത്തകന്‍ വിവാവകാശം കൊണ്ടുനേടിയ അറിവുകളാണ് കേസിന്റെ നടത്തിപ്പിന് ആധാരമായത്. എന്നാല്‍ ചരിത്ര പ്രധാനമായ ഈ വിധിയ്‌ക്കെതിരെ നായര്‍ സര്‍വ്വീസ് സൊസൈറ്റി സ്റ്റേ വാങ്ങിച്ചിരിക്കുകയാണ്. കേരള ഗവണ്‍മെന്റിന്റെ ഉത്തരവുകള്‍ ഇല്ലെന്ന വിചിത്ര യുക്തിയിലൂന്നിയാണ് അവര്‍ ഇപ്രകാരമൊരു നീക്കം നടത്തിയിരിക്കുന്നത്. സാമൂഹികനീതിക്ക് നിരക്കാത്ത ഈ നടപടിയിലൂടെ കീഴാള-പാര്‍ശ്വവല്‍കൃത സമുദായങ്ങളുടെ നിലനില്പിനെതിരെ തങ്ങളുടെ കുപ്രസിദ്ധമായ ജാതീയ മേധാവിത്വമുഖമാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ അട്ടിമറിക്കെതിരെ ദലിത് -സ്ത്രീ ന്യൂനപക്ഷ- പിന്നോക്ക പക്ഷത്തുള്ള എല്ലാവര്‍ക്കുമൊപ്പം മൊത്തം ജനാധിപത്യസമൂഹവും ഒന്നിച്ചണിനിരന്നുള്ള പോരാട്ടവും തുടര്‍നിയമനടപടികളും അടിയന്തിരമായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.
____________________________________

റിസര്‍വേഷന്‍ സംബന്ധിച്ച കേസില്‍ തങ്ങള്‍ ഇതുവരെ എസ്.സി./എസ്.ടി ക്കാരെ ജോലിക്കെടുക്കാത്തതിന്റ കാരണം യൂണിവേഴ്‌സിറ്റികളോ കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റോ അത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കാതിരുന്നതുകൊണ്ടാണെന്നാണ് മുഴുവന്‍ എയ്ഡഡ് കോളേജുകളുടെയും എതിര്‍വാദം. കേരളസര്‍ക്കാര്‍ പറഞ്ഞില്ല എന്നതനാല്‍ യുജിസിയുടെ പല നിയമങ്ങളും മറികടന്ന ചരിത്രവും തങ്ങള്‍ക്കുണ്ടെന്ന് ഉദാഹരണസഹിതം അവര്‍ എതിര്‍വാദം ഉന്നയിക്കുന്നുണ്ട്. കേസില്‍ അന്‍പത് ശതമാനം കമ്മ്യൂണിറ്റ് ക്വോട്ടയും ബാക്കി അന്‍പതു ശതമാനം മെറിറ്റ് എന്നും, പറയുമ്പോള്‍ മെറിറ്റ് എന്ന സങ്കല്‍പ്പനത്തില്‍ സംവരണം പാലിക്കണം എന്ന് എഴുതി ചേര്‍ത്തില്ലെന്നതും എയ്ഡഡ് കോളേജുകളുടെ എതിര്‍വാദമാണ്. എന്നാല്‍ ഇവരുടെ തന്നെ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ ഈ ഫിഫ്റ്റി ഫിഫ്റ്റിയില്‍ മേല്‍പ്പറഞ്ഞ സംശയം അവരെ ബാധിക്കുന്നില്ല എന്നതും അത്ഭുതമായി തോന്നുന്നു.

1997-ല്‍ കോളേജുകളില്‍ നിന്നും പ്രീഡിഗ്രി വേര്‍പെടുത്തിയതിലൂടെ ഒഴിവുണ്ടായ 1599 അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നതിലുള്ള അനുമതി 2010 ഓഗസ്റ്റ് മാസത്തില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് കോളേജ് മാനേജുമെന്റുകള്‍ക്ക് നല്‍കുകയുണ്ടായി. (G.O (MS) No. 260/2010/H.Edn. Dt. 20-08-2010 TVM) ഏകദേശം 300 കോടി രൂപയെങ്കിലും കോഴയിനത്തില്‍ വിവിധ സാമുദായിക ജാതിമേധാവികള്‍ നയിക്കുന്ന മാനേജുമെന്റുകളുടെ പോക്കറ്റില്‍ വീണ ഈ നിയമന മാമാങ്ക ഉത്തരവില്‍ യുജിസി നിര്‍ദ്ദേശപ്രകാരമുള്ള സംവരണത്തെക്കുറിച്ച് മൗനം പാലിക്കുന്നു. M.Phil PhD N.E.T ഉള്ള അനേകം ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ രഹിതരായിരിക്കുന്ന സമയത്താണ് ജനാധിപത്യ സര്‍ക്കാര്‍ സംവരണം അട്ടിമറിച്ചുകൊണ്ട് നിയമന ഉത്തരവ് നല്‍കിയത് എന്നതും, സംവരണത്തിനെതിരെ തന്നെയാണ് തങ്ങളും എന്ന് ഇടതുപക്ഷവും നയം വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ കോളേജ് അധ്യാപകരാകാന്‍ യോഗ്യതയുള്ള ദളിത് ആദിവാസി ഉദ്യോഗാര്‍ത്ഥികളെ സംഘടിപ്പിച്ച് ദളിത് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് എയ്ഡഡ് മേഖലാ സംവരണ പ്രക്ഷോഭസമിതി രൂപീകരിച്ച് അഡ്വ.കാളീശ്വരംരാജ് മുഖാന്തിരം കേരളാ ഹൈക്കോടതിയെ സമീപിക്കുന്നത്. കേസ് നടത്തുന്നതിനൊപ്പം വിവിധ സമരപരിപാടികളും കണ്‍വെന്‍ഷനുകളും ഡി.എസ്.എം നടത്തുകയുണ്ടായി. WP (C) No.32393 of 2010 Y dated 8-11-201 എന്ന ഓര്‍ഡര്‍ നമ്പറോടെ ബഹു.ജസ്റ്റീസ് കെ.ടി.ശങ്കരന്‍ ഇടക്കാല ഉത്തരവില്‍ 1599 അധ്യാപകരെ എയ്ഡഡ് കോളേജുകള്‍ നിയമിച്ചാലും ഈ കേസിന്റെ അന്തിമവിധി നിയമനങ്ങളില്‍ ബാധകമായിരിക്കുമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു. എങ്കിലും അന്തിമവിധിയില്‍ ഇക്കാര്യം പരാമര്‍ശിക്കാതെ പോയത് നിരാശാജനകമാണ്. എന്നിരുന്നാലും സംഘടിതരായ കോര്‍പ്പറേറ്റ് ജാതി മാനേജ്‌മെന്റുകളുടെ നീതി നിഷേധത്തിനെതിരെ വിധി പ്രഖ്യാപിക്കാന്‍ കഴിഞ്ഞ കോടതി അതിന്റെ അന്തസത്തയും നീതിബോധവും ശക്തമായി നിലനിര്‍ത്തി എന്നതും അഭിമാനകരമാണ്.

ഇന്ന് അനില്‍ അമരയെന്ന ദലിത് പ്രവര്‍ത്തകന്‍ വിവാവകാശം കൊണ്ടുനേടിയ അറിവുകളാണ് കേസിന്റെ നടത്തിപ്പിന് ആധാരമായത്. എന്നാല്‍ ചരിത്ര പ്രധാനമായ ഈ വിധിയ്‌ക്കെതിരെ നായര്‍ സര്‍വ്വീസ് സൊസൈറ്റി സ്റ്റേ വാങ്ങിച്ചിരിക്കുകയാണ്. കേരള ഗവണ്‍മെന്റിന്റെ ഉത്തരവുകള്‍ ഇല്ലെന്ന വിചിത്ര യുക്തിയിലൂന്നിയാണ് അവര്‍ ഇപ്രകാരമൊരു നീക്കം നടത്തിയിരിക്കുന്നത്. സാമൂഹികനീതിക്ക് നിരക്കാത്ത ഈ നടപടിയിലൂടെ കീഴാള-പാര്‍ശ്വവല്‍കൃത സമുദായങ്ങളുടെ നിലനില്പിനെതിരെ തങ്ങളുടെ കുപ്രസിദ്ധമായ ജാതീയ മേധാവിത്വമുഖമാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ അട്ടിമറിക്കെതിരെ ദലിത് -സ്ത്രീ ന്യൂനപക്ഷ- പിന്നോക്ക പക്ഷത്തുള്ള എല്ലാവര്‍ക്കുമൊപ്പം മൊത്തം ജനാധിപത്യസമൂഹവും ഒന്നിച്ചണിനിരന്നുള്ള പോരാട്ടവും തുടര്‍നിയമനടപടികളും അടിയന്തിരമായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.
__________________________________________

വാസു എ.കെ.,ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ആലുവ

Top