നമ്മളില്‍ ചിലര്‍ പിടിച്ചു നിന്നു, ചിലര്‍ മരിച്ചു, നമുക്കെല്ലാം ഒരേ മനസ്സായിരുന്നു.

സ്ത്രീസ്വാതന്ത്ര്യമെന്നാല്‍ എപ്പോഴും അര്‍ത്ഥം ലൈംഗികസ്വാതന്ത്ര്യമെന്നായിരുന്നു, അത് സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ നോക്കിയാല്‍ പ്രത്യേകിച്ചും. ഹന്ന പീസിന്റെ ലൈംഗിക സ്വാതന്ത്ര്യത്തിലൂടെയാണ് ഈ വിഷയത്തില്‍ എന്റെ കഥയിലേക്കുള്ള പ്രവേശനം. അത് എന്റെ നാട്ടുകാരായ സ്ത്രീകള്‍ ചില സ്ത്രീകളെ അസൂയയും അത്ഭുതം കലര്‍ന്ന അംഗീകാരവും കണ്ണില്‍ നിറച്ച് നോക്കുന്നതിന്റെ ഓര്‍മ്മകളില്‍നിന്ന് സൃഷ്ടിച്ചെടുത്ത ചിത്രമാണ്. ഹന്നയുടെ എളിയ സ്വാതന്ത്ര്യപ്രഖ്യാപനങ്ങള്‍ക്കെതിരേയാണ് കഥയില്‍ യാഥാസ്ഥിതികമായ സ്വാതന്ത്ര്യങ്ങളെയും അരാജകത്വം നിറഞ്ഞ സ്വാതന്ത്ര്യങ്ങളെയും സ്ഥാപിച്ചിരിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യത്തിനു വേണ്ടി ഈവ നടത്തുന്ന ശരീരത്യാഗം, വിവാഹം ഉറപ്പുനല്കുന്ന സംരക്ഷണങ്ങള്‍ക്കുവേണ്ടി നെല്‍ ചെയ്യുന്ന പൊരുത്തപ്പെടലുകള്‍, പൊരുത്തപ്പെടലുകള്‍ക്കോ ത്യാഗങ്ങള്‍ക്കോ വഴങ്ങിക്കൊടുക്കാത്ത സുല. ഹന്നയുടെ രീതികള്‍ ആ നാട്ടില്‍ സ്വീകാര്യമായിരുന്നു. കാരണം അവ പണത്തെ സംബന്ധിക്കുന്നതോ മറ്റു ഭീഷണികളുയര്‍ത്തുന്നതോ ആയിരുന്നില്ല. അവള്‍ മറ്റു കുടുംബങ്ങളുടെ സാമ്പത്തികദ്രതയെ തകര്‍ക്കുകയോ ചോദ്യംചെയ്യുക പോലുമോ ചെയ്തിരുന്നില്ല. പണവും അധികാരവുമുള്ള ഈയവയുടെ സംരക്ഷത്തില്‍ കഴിയുന്നതുകൊണ്ടുതന്നെ അവള്‍ ഒരു വലിയ പ്രശ്‌നമായിരുന്നില്ല.

അന്‍പതുകളില്‍ ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത്, രാഷ്ട്രീയ എഴുത്തുകാര്‍ എന്നറിയപ്പെടുന്നതൊക്കെ വലിയ നാണക്കേടായിരുന്നു. വിമര്‍ശനങ്ങള്‍ കാരണം തങ്ങളുടെ സര്‍ഗശക്തിയെ സ്വന്തം രാജ്യത്തിന്റെ സാമൂഹികാവസ്ഥയ്ക്കു നേരെ വഴിതിരിച്ചുവിടാന്‍ ആളുകള്‍ ഭയന്നിരുന്നു. ഇതെന്താണ് ഇങ്ങനെ എന്നത്ഭുതപ്പെട്ടുകൊണ്ട് ഞാന്‍ ഈ വേവലാതിയുടെ ഉറവിടവും എഴുത്തുകാര്‍ അതിനെ എങ്ങനെയാണ് നേരിടുന്നതെന്നുമൊക്കെ അന്വേഷിച്ചുതുടങ്ങി. സാമൂഹികപ്രതിബദ്ധതയും രാഷ്ട്രീയബോധവുമുള്ള എഴുത്തുകാരാവുന്നതില്‍ എന്താണ് തെറ്റ്? യാഥാസ്ഥിതിക ജ്ഞാനം പറയുന്നത് രാഷ്ട്രീയമുള്ള കഥകള്‍ക്ക് കലാമൂല്യം ഇല്ലെന്നാണ്. രാഷ്ട്രീയമുള്ളിടത്ത് കലയുണ്ടാകില്ലെന്നും എല്ലാ രാഷ്ട്രീയവും അജന്‍ഡയാണെന്നും അതിന്റെ സാന്നിധ്യം സൗന്ദര്യപൂര്‍ണമായ സൃഷ്ടികളെ നശിപ്പിക്കുമെന്നും ഒക്കെയായിരുന്നു വാദം.
ചോസര്‍, ഡാന്റെ, കാറ്റലസ്, സോഫോക്ലിസ്, ഷേക്‌സ്പിയര്‍, ഡിക്കന്‍സ് എന്നിവരെയൊന്നും ബാധിച്ചിട്ടില്ലാത്ത ഈ ചോദ്യം ഇപ്പോഴും ആഫ്രിക്കന്‍ അമേരിക്കന്‍ എഴുത്തുകാരുടെ ഇടയിലാണുള്ളത്. 1969-ലും നമ്മുടെമേല്‍ വളരെ വലിയ ഒരു വിഴുപ്പുകെട്ടുപോലെ. നമ്മള്‍ രാഷ്ട്രീയത്തിലൊന്നും താല്‍പര്യമില്ലാത്തവരായാലും ശരി, നമ്മെ വിലയിരുത്തുക രാഷ്ട്രീയത്തിന്റെ ചുവടുപിടിച്ചു മാത്രമായിരിക്കും. നിങ്ങളോ നിങ്ങളുടെ കഥാപാത്രമോ ഉള്‍പ്പെടുന്ന വംശം ഏതാണ് എന്നതു മാത്രമാണ് വിലയിരുത്തലുകളുടെ മാനദണ്ഡം. ഫില്ലിസ് വീറ്റ്‌ലി ‘നീലാകാശം’ എന്നെഴുതിയാല്‍ വിമര്‍ശകര്‍ അതില്‍ കാണുന്ന ഏറ്റവും വലിയ ചോദ്യം കറുത്ത വര്‍ഗ്ഗക്കാരിയായ ഒരു അടിമസ്ത്രീയും നീലാകാശം എന്നാല്‍ എന്താണ്? എന്നതായിരിക്കും. ജീന്‍ ടൂമര്‍ ഇരുമ്പിന് ചൂടാണ് എന്നെഴുതിയാല്‍ ഉണ്ടാവുന്ന ചോദ്യം എത്ര നന്നായി, അല്ലെങ്കില്‍ എത്ര മോശമായി അയാള്‍ അടിമച്ചങ്ങലകളെ അവതരിപ്പിച്ചു എന്നതാവും. ഈ വിഴുപ്പിന്റെ ഭാരം വിമര്‍ശകരില്‍ മാത്രമല്ല, വായനക്കാരിലുമുണ്ടായിരുന്നു. ഏത് വംശത്തില്‍പ്പെടുന്ന വായനക്കാരനായാലും അയാള്‍ ഒരു കറുത്ത എഴുത്തുകാരന്റെ ലോകത്തെ സമീപിക്കുമ്പോള്‍ തന്റെ സ്വത്വത്തെ എവിടെയാണ് സ്ഥാപിക്കേണ്ടത്? വായനക്കാരെ പറ്റി ആ കൃതിയില്‍ എന്തൊക്കെയാണ് വെളിപ്പെടാന്‍ പോകുന്നത് എന്നതിനെപ്പറ്റി ഒരു ആശങ്ക എപ്പോഴുമുണ്ടായിരിക്കില്ലേ?
1970-ല്‍ ഞാന്‍ സുല എഴുതാന്‍ തുടങ്ങുമ്പോള്‍ത്തന്നെ എന്റെ ആദ്യനോവല്‍ ദി ബ്ലൂവെസ്റ്റ് ഐ (നീലിമയേറിയകണ്ണുകള്‍) യ്ക്ക് കറുത്തവരും വെളുത്തവരും നല്കിയ വിശകലനങ്ങളുടെ വേദനകള്‍ മനസ്സിലുണ്ടായിരുന്നു. രണ്ടെണ്ണം ഒഴികെ, ഈ വിമര്‍ശനങ്ങളൊന്നും വലിയ വിലയര്‍ഹിച്ചിരുന്നില്ല. കാരണം, ഈ വിമര്‍ശനങ്ങളില്‍ അവര്‍ സ്ഥിരം ഉദ്‌ഘോഷിക്കാറുള്ള സൗന്ദര്യശാസ്ത്രം മാത്രം എന്ന വാദത്തെ അവര്‍തന്നെ മുഴുവനായും അവഗണിച്ചുകളഞ്ഞിരുന്നു. ഒരുനോവല്‍ നല്ലതാണെങ്കില്‍ അത് അതിന്റെ രാഷ്ട്രീയത്തോട് വിശ്വസ്തത കാട്ടിയതുകൊണ്ട്; മോശമാണെങ്കില്‍ ആ വിശ്വസ്തത കാട്ടാത്തതുകൊണ്ടും, കറുത്തവര്‍ ശരിക്കും ഇങ്ങനെയാണോ അല്ലയോ എന്നതുമാത്രം വച്ചായിരുന്നു നോവലിന്റെ വിധി നിര്‍ണ്ണയിച്ചിരുന്നത്. ഇത്തവണയും ഞാന്‍ ഇത്തരം ആഴം കുറഞ്ഞ വിമര്‍ശനങ്ങളെ അവഗണിച്ചു. കഥയെ വീണ്ടും നിലനില്ക്കുന്നതുകൊണ്ടുതന്നെ ദുഷിച്ചതായി കരതപ്പെടുന്ന അതിന്റെ ഭൂപ്രകൃതിയിലാഴ്ത്തി. എന്റെ ആദ്യത്തെ പുസ്തകം വാങ്ങിയ ആയിരത്തിയഞ്ഞൂറ് പേരില്‍ ഒരു ചെറിയ ശതമാനം മാത്രമേ ഈ പുസ്തകം വായിക്കാന്‍ താല്‍പര്യമെടുത്തേക്കൂ എന്ന് ഞാന്‍ കരുതി.
ഈ കഥ എഴുതുന്നത് എനിക്ക് വളരെ പ്രധാനമായിരുന്നു. അതുകൊണ്ടുതന്നെ, ആളുകള്‍ എന്നെ ഗൗരവത്തോടെ കണ്ടേക്കില്ല എന്നു കരുതി ഇതെഴുതാതിരിക്കാന്‍ കഴിയില്ലായിരുന്നു. വായിക്കേണ്ട ഒരു എഴുത്തുകാരി എന്നല്ലാതെ, പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നം എന്നൊക്കെ നിങ്ങളെ കാണുന്നത് സങ്കല്പിക്കാന്‍കൂടി ഇന്ന് ബുദ്ധിമുട്ടാണ്. ജയിംസ് ബാള്‍ഡ്‌വിന്‍, റാല്‍ഫ് എല്ലിസണ്‍, റിച്ചാര്‍ഡ് റൈറ്റ്, സോറ നീല്‍ ഹര്‍സ്റ്റണ്‍ എന്നിവരോടെല്ലാം ഒരു നീഗ്രോ എഴുത്തുകാരനാവുന്നതിലെ പ്രശ്‌നത്തെപ്പറ്റി എഴുതാന്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയപ്രാതിനിധ്യമുള്ള ക്യാന്‍വാസ് തിരയുകയാണ് എന്നൊക്കെ പറയുമെങ്കിലും ഇത്തരം സംരംഭങ്ങള്‍ സത്യസന്ധതയില്ലാത്തതും നിരുത്തരവാദപരവുമാണ്. കഥാപാത്രങ്ങളുടെ സ്വഭാവമളക്കല്‍ മാത്രമായിത്തീര്‍ന്നിരുന്ന ഇത്തരം അവസ്ഥകളാല്‍ എഴുത്ത് പാര്‍ശ്വവത്കരിക്കപ്പെടുമ്പോള്‍ എന്റെ മുന്നിലുണ്ടായിരുന്ന ഏകമാര്‍ഗം എന്റെതന്നെ സംവേദനത്വത്തോട് വിശ്വസ്തത പുലര്‍ത്തുക എന്നതായിരുന്നു. എന്റെ സ്വന്തം താല്‍പര്യങ്ങളിലേക്കും ചോദ്യങ്ങളിലേക്കും വെല്ലുവിളികളിലേക്കും കൂടുതല്‍ ഇറങ്ങിച്ചെല്ലുക. എന്റെ സംവേദനത്വം ഒരേ പോലെ രാഷ്ട്രീയബോധവും സൗന്ദര്യബോധവും നിറഞ്ഞതായതുകൊണ്ട്, ഒരു പരാതിക്കും ഇടകൊടുക്കാതെ അതെന്റെ കൃതിയിലും പ്രതിഫലിക്കും. കലയെ സംബന്ധിക്കുന്നതല്ലാതെ മറ്റൊരു പ്രശ്‌നത്തെയും വിശദീകരിക്കാനോ പരിഗണിക്കാന്‍പോലുമോ ഞാന്‍ വിസമ്മതിച്ചു. എനിക്ക് പ്രധാനമെന്നു തോന്നിയ മറ്റു പല പ്രശ്‌നങ്ങളുമുണ്ടായിരുന്നു. പുരുഷന്മാരുടെ ഇടപെടലില്ലാതെ സ്ത്രീകള്‍ തമ്മിലുണ്ടാവുന്ന സൗഹൃദം എങ്ങനെയാണ്? സ്വന്തം സമൂഹത്തിന്റെ അംഗീകാരത്തിനു പുറത്തായാല്‍ നീഗ്രോസ്ത്രീകള്‍ക്ക് മുന്നില്‍ മറ്റെന്ത് മാര്‍ഗങ്ങളാണുള്ളത്‌യ ദൃഢമായ വൈയക്തികതയും വംശപരമായ ഒരുമയും സാമൂഹികസ്ഥിരതയുമുള്ള ഒരു സമൂഹത്തില്‍ സ്വന്തംവ്യക്തിത്വം പ്രദര്‍ശിപ്പിച്ചാല്‍ എന്ത് സംഭവിക്കും?
സ്ത്രീസ്വാതന്ത്ര്യമെന്നാല്‍ എപ്പോഴും അര്‍ത്ഥം ലൈംഗികസ്വാതന്ത്ര്യമെന്നായിരുന്നു, അത് സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ നോക്കിയാല്‍ പ്രത്യേകിച്ചും. ഹന്ന പീസിന്റെ ലൈംഗിക സ്വാതന്ത്ര്യത്തിലൂടെയാണ് ഈ വിഷയത്തില്‍ എന്റെ കഥയിലേക്കുള്ള പ്രവേശനം. അത് എന്റെ നാട്ടുകാരായ സ്ത്രീകള്‍ ചില സ്ത്രീകളെ അസൂയയും അത്ഭുതം കലര്‍ന്ന അംഗീകാരവും കണ്ണില്‍ നിറച്ച് നോക്കുന്നതിന്റെ ഓര്‍മ്മകളില്‍നിന്ന് സൃഷ്ടിച്ചെടുത്ത ചിത്രമാണ്. ഹന്നയുടെ എളിയ സ്വാതന്ത്ര്യപ്രഖ്യാപനങ്ങള്‍ക്കെതിരേയാണ് കഥയില്‍ യാഥാസ്ഥിതികമായ സ്വാതന്ത്ര്യങ്ങളെയും അരാജകത്വം നിറഞ്ഞ സ്വാതന്ത്ര്യങ്ങളെയും സ്ഥാപിച്ചിരിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യത്തിനു വേണ്ടി ഈവ നടത്തുന്ന ശരീരത്യാഗം, വിവാഹം ഉറപ്പുനല്കുന്ന സംരക്ഷണങ്ങള്‍ക്കുവേണ്ടി നെല്‍ ചെയ്യുന്ന പൊരുത്തപ്പെടലുകള്‍, പൊരുത്തപ്പെടലുകള്‍ക്കോ ത്യാഗങ്ങള്‍ക്കോ വഴങ്ങിക്കൊടുക്കാത്ത സുല. ഹന്നയുടെ രീതികള്‍ ആ നാട്ടില്‍ സ്വീകാര്യമായിരുന്നു. കാരണം അവ പണത്തെ സംബന്ധിക്കുന്നതോ മറ്റു ഭീഷണികളുയര്‍ത്തുന്നതോ ആയിരുന്നില്ല. അവള്‍ മറ്റു കുടുംബങ്ങളുടെ സാമ്പത്തികദ്രതയെ തകര്‍ക്കുകയോ ചോദ്യംചെയ്യുക പോലുമോ ചെയ്തിരുന്നില്ല. പണവും അധികാരവുമുള്ള ഈയവയുടെ സംരക്ഷത്തില്‍ കഴിയുന്നതുകൊണ്ടുതന്നെ അവള്‍ ഒരു വലിയ പ്രശ്‌നമായിരുന്നില്ല.

_______________________________
വഴിപിഴച്ച സ്ത്രീകള്‍ എന്നും ആകര്‍ഷണീയമായ ഒന്നായിരുന്നു അവരുടെ പെരുമാറ്റംകൊണ്ട് മാത്രമല്ല ഇത്, പുരുഷന്റെ ഭരണത്തിനു കീഴിലല്ലെങ്കില്‍ സ്ത്രീ നശിക്കുമെന്നും അവരുടെ പദവി ജന്മനാല്‍ത്തന്നെ നിയമ സാധുത ഇല്ലാത്തതാണെന്നുമാണ് ചരിത്രം. മിക്കവാറും എല്ലാ സാഹിത്യകൃതികളിലും പുരുഷാധിപത്യത്തില്‍നിന്ന് ഓടിരക്ഷപ്പെട്ട സ്ത്രീകളൊക്കെയും പരിപൂര്‍ണദുരിതത്തിലോ പശ്ചാത്താപത്തിലോ കഷ്ടപ്പാടുകളിലോ ഒക്കെയാണ് അവസാനിച്ചിട്ടുള്ളത്. സുലയില്‍ അത്തരം ഒരു രക്ഷപ്പെടല്‍ യാഥാസ്ഥിതികമായ കറുത്തവര്‍ഗ്ഗസമൂഹത്തെയും സ്ത്രീകള്‍ തമ്മിലുള്ള സൗഹൃദത്തെയും എങ്ങനെ ബാധിക്കുന്നു എന്നാണ് ഞാന്‍ നോക്കുന്നത്. 1969-ല്‍ ക്യൂന്‍സിലിരുന്ന്, സ്വാതന്ത്ര്യം നേടിയതിനെപ്പറ്റി സംസാരിക്കുന്നത് വിഷയമല്ല. നമ്മളില്‍ ചിലര്‍ പിടിച്ചുനിന്നു. ചിലര്‍ മരിച്ചു. നമുക്കെല്ലാം ഒരേ മനസ്സായിരുന്നു.
_______________________________ 

പക്ഷേ, ഈവയുടേതുപോലുള്ള ദുഷ്ടതകളൊന്നും ചെയ്യാതിരുന്നിട്ടുകൂടി സുലയെ നാട്ടുകാര്‍ വെറും പ്രശ്‌നമായല്ല, ഒരു വന്‍ ദുഷ്ടശക്തിയായിത്തന്നെ കണ്ടിരുന്നു. നെല്‍ ആവട്ടെ, ഇതിനെല്ലാം ഇടയിലെ നിശ്ശബ്ദമായ അളവുകോലും.
ഹന്ന, നെല്‍, ഈവ, സുല ഇവരെല്ലാം ഒരു കുരിശിന്റെ വിവിധ ദിശയിലെ ബിന്ദുക്കളായിരുന്നു. ഒരേ വംശത്തിന്റെയും ലിംഗത്തിന്റെയും ഉള്ളിലുള്ള വ്യത്യസ്തതകള്‍. ഈ വ്യത്യസ്ത ബിന്ദുക്കളെ യോജിപ്പിക്കുന്നതാവട്ടെ, ഈ സ്ത്രീകള്‍ തമ്മിലുള്ള ഒരു യുദ്ധവും. ഉത്തരവാദിത്വവും സ്വാതന്ത്രേ്യച്ഛയും ഇടകലരുന്ന ആ യുദ്ധം ജയിക്കാന്‍ കഴിയാത്ത കുറെ സ്ത്രീകള്‍. ഈ കുരിശിന്റെ കൈകളില്‍ പിണഞ്ഞുകിടക്കുന്ന പിന്നെയും സ്ത്രീകള്‍. ഈ കുരിശിന്റെ കൈകളില്‍ പിണഞ്ഞുകിടക്കുന്ന പിന്നെയും മറ്റനവധി യുദ്ധങ്ങളും – മുതിര്‍ന്നവര്‍, അനാഥര്‍, ഭര്‍ത്താവ്, ജോലികള്‍- ഈ കഷ്ടപ്പാടുകള്‍ സൃഷ്ടിക്കുന്ന അതേ ശക്തികളാണ് അവരെ ആ ഗ്രാമത്തില്‍ കെട്ടിയിടുന്നത്. അപ്പോള്‍ അവര്‍ക്ക് സാധ്യമായ ഏകവിജയം ഭാവനയിലൂടെ മാത്രമാവും.
ഇവയൊക്കെ ഭാഷയില്‍ ആവിഷ്‌കരിക്കാന്‍ വേണ്ട അവബോധം ഉണ്ടാക്കിയെടുക്കുകയായിരുന്നു എന്റെ ജോലി. ഭാഷയിലെ പേരു നഷ്ടമായ ഒരു പദാവലിയെ വിശ്വസനീയതയോടെയും ചാരുതയോടെയും കൈകാര്യം ചെയ്യാന്‍ സുല കാരണം സാധിച്ചു. ഒരു പ്രാദേശിക സംസാരഭാഷയെ വിചിത്രമായോ തമാശയായോ സൂക്ഷ്മമായോ സ്ഥൂലമായോ ഒന്നുമല്ലാതെ അവതരിപ്പിക്കാന്‍ സാധിച്ചു. ആഫ്രിക്കന്‍ അമേരിക്കന്‍ എഴുത്തുകാരെപ്പറ്റിയുള്ള രാഷ്ട്രീയവും സാംസ്‌കാരികവും കലാപരവുമായ മുന്‍ധാരണകളെ തിരുത്തിയെഴുതുകയായിരുന്നു എന്റെ ഉദ്ദേശ്യം.
സുല എഴുതുന്ന കാലത്ത് ഞാന്‍ ക്യൂന്‍സിലായിരുന്നു താമസിച്ചിരുന്നത്. കുട്ടികളെ വേനല്‍ക്കാലത്ത് അച്ഛനമ്മമാരുടെ അടുത്തും അല്ലാത്തപ്പോള്‍ സ്‌കൂളിലും ഒക്കെയായി മന്‍ഹാട്ടനിലെ എന്റെ ഓഫീസിലേക്കുള്ള ഓട്ടമായിരുന്നു സ്ഥിരം. പണത്തിന്റെ ഞെരുക്കം കരുതിക്കൂട്ടിയുള്ള പിരിമുറുക്കത്തില്‍നിന്നും തമാശയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഓരോ വീട്ടുവാടക അടയ്ക്കലും ഒരു വന്‍സംഭവമായിരുന്നു. സാധനങ്ങള്‍ വാങ്ങാനുള്ള ഓരോ യാത്രയും മിച്ചം പിടിയ്ക്കലിന്റെ ആഘോഷങ്ങളായിരുന്നു. എല്ലാ അവിവാഹിതയായ വിവാഹമോചിതയായ അമ്മയുടെയും അവസ്ഥ ഇതുതന്നെയായിരുന്നു എന്നത് മാത്രമായിരുന്നു ഒരാശ്വാസം. ഞങ്ങള്‍ കച്ചവടം ചെയ്യേണ്ടിവന്നത് എന്തെല്ലാമായിരുന്നു- സമയം, ഭക്ഷണം, പണം, വസ്ത്രങ്ങള്‍, ചിരി, ഓര്‍മ്മകള്‍- വല്ലാത്ത ധൈര്യമായിരുന്നു ഞങ്ങള്‍ക്ക്. അറുപതുകളില്‍, അത്രയധികം മരണങ്ങള്‍ക്കും തടങ്കലുകള്‍ക്കും നിശബ്ദതകള്‍ക്കും ശേഷം തിരിഞ്ഞുനോക്കാനൊന്നും കഴിയില്ലായിരുന്നു. തിരിഞ്ഞു നോക്കാന്‍ യാതൊന്നും ഇല്ലായിരുന്നുതാനും. ആരും വഴികാണിക്കാനില്ലാതെ, ഞങ്ങള്‍ പലതും ചിന്തിച്ചു. പലതും പരീക്ഷിച്ചു, പലതും അന്വേഷിച്ചുനടന്നു. അറിയുന്നതെല്ലാം ഉപയോഗിച്ചു. അറിഞ്ഞുകൂടാത്തതെല്ലാം കണ്ടുപിടിച്ചു. ആരുടെയും പ്രതീക്ഷകളുടെ പരിധിക്കുള്ളില്‍ ഒതുങ്ങിനില്ക്കാതെ. നാടകങ്ങളെഴുതി, നാടകക്കമ്പനി തുടങ്ങി, ഉടുപ്പുകള്‍ തുന്നി, നോവലെഴുതി. മറ്റാരും ശ്രദ്ധിക്കാനില്ലാത്തതുകൊണ്ട് ഞങ്ങളുടെ കാര്യം ഞങ്ങള്‍ തന്നെ ശ്രദ്ധിച്ചു. നിങ്ങളെ നോക്കാനും ശാസിക്കാനുമൊന്നും ആരുമില്ലെങ്കില്‍ നിങ്ങളെന്താവും ചെയ്യുക? എന്ന ചോദ്യം മാത്രമുയരുന്ന ആ അന്തരീക്ഷത്തില്‍നിന്നാണ് ഞാന്‍ നാല്പതുകൊല്ലം മുമ്പ് ആ അവസ്ഥയിലുള്ള കറുത്ത സ്ത്രീകളുടെ സ്വാതന്ത്ര്യത്തെപ്പറ്റി ചിന്തിച്ചത്. സ്വന്തം മോക്ഷത്തെപ്പറ്റി ചിന്തിക്കാനും അവരവരുടെ ആത്മസുഹൃത്തായിരിക്കാനും ഞങ്ങള്‍ ഉത്സുകരായി. 1920-കളില്‍ ഇല്ലാത്ത എന്ത് അര്‍ത്ഥമാണ് 1969-ല്‍ ഉണ്ടാവുക? അസൂയയോടെയും മുന്‍വിധിയോടെയും സൂക്ഷിച്ചിരുന്ന സ്ത്രീയുടെ രൂപം മനസ്സില്‍ തെളിഞ്ഞു.
മറ്റൊരിടത്ത്, (unspeakable things unspoken)എന്ന ഉപന്യാസത്തില്‍്യൂഞാന്‍ സുലയുടെ ഘടന ഒരുക്കിയെടുക്കുന്നതിനെപ്പറ്റിയുള്ള എന്റെ ചിന്തകള്‍ വിശദീകരിച്ചിരുന്നു. ”ആദ്യം, രണ്ടാം ലോകമഹായുദ്ധമല്ലാതെ മറ്റൊന്നും ദേശീയ ആത്മഹത്യാദിനത്തെ തടസ്സപ്പെടുത്തിയിരുന്നില്ല എന്നു പറഞ്ഞാണ് സുല ആരംഭിച്ചിരുന്നത്”. കുറച്ചൊന്നാലോചിച്ചപ്പോള്‍ അതൊരു തെറ്റായ തുടക്കമാണെന്ന് എനിക്ക് തോന്നി. തെറ്റെന്നാല്‍ ഇവിടെ ചേര്‍ച്ചയില്ലാത്തതെന്ന് അര്‍ത്ഥം. കഥാപാത്രങ്ങളുടെ യാത്രകള്‍ പരിചയപ്പെടുത്തും മുമ്പ് വായക്കാരനെ സ്ഥാപിക്കാന്‍ അതില്‍ ഒരു സ്ഥലവുമില്ലായിരുന്നു. ഞാന്‍ അതിലെഴുതിയതുപോലെ, സുല എഴുതിയ സമയത്ത് നോവലില്‍ വേണമെന്ന് ഞാന്‍ കരുതിയിരുന്ന വായനക്കാരും കറുത്തവര്‍ഗ്ഗമെന്ന വിഷയത്തിനും ഇടയില്‍ ഉണ്ടാവേണ്ട ഇടം, സുലയ്ക്ക് മാത്രമാണ് അത്തരം ഒരു പ്രവേശനകവാടം ഉണ്ടായിരുന്നത്. മറ്റെല്ലാ പുസ്തകങ്ങളിലും എന്റെ താല്‍പര്യം അത്തരം ഇടങ്ങളെ തകര്‍ത്തുകളയുക എന്നതായിരുന്നു. എന്റെ മറ്റുള്ള കഥകള്‍ എല്ലാംതന്നെ അത്തരമൊരു പ്രവേശികയെ എതിര്‍ത്തു. സുരക്ഷിതമായ ഒരു തുറമുഖത്തെ നിരസച്ചു. നമുക്കും അവര്‍ക്കും ഇടയിലെ വേര്‍തിരിവിന്റെ വരയെ നിഷേധിച്ചു. അത്തരം നിരാസങ്ങള്‍ വായനക്കാരന്റെ പ്രതീക്ഷകളെ തകിടം മറിച്ചു. അവന്‍ ഒരു കറുത്തവര്‍ഗക്കഥയിലേക്ക് ചുമന്നുകൊണ്ടുവരുന്ന വൈകാരിഭാരത്തെയും.. ഒടുവില്‍ സുലയുടെ തുടക്കത്തില്‍ ഞാന്‍ ആ സമൂഹത്തെപ്പറ്റിയുള്ള ഒരു വീക്ഷണമാണ് എഴുതിയെതെങ്കിലും… അത് ഉള്ളില്‍നിന്നുള്ള ഒരു കാഴ്ചയായിരുന്നില്ല. ഒരു അപരിചിതന്റെ വഴിതെറ്റിക്കയറി വരുന്ന ഒരു താഴ്‌വരക്കാരന്റെ വിചിത്രമായ കാഴ്ച..
എന്റെ പുതിയ ആദ്യവാചകത്തില്‍ ഞാന്‍ ഈ വൃത്തത്തിനുള്ളിലേക്ക് ഒരു അപരിചിത വായനക്കാരനെ പരിചയപ്പെടുത്തുകയാണ്. അജ്ഞാതമായതിനെ ഞാന്‍ നിശ്ചിതമാക്കുകയാണ്. ഒരുസ്ഥലത്തെ ഒരു ഇടമാക്കി മാറ്റുകയാണ്. അവിടെയെത്താന്‍ അനുവദിക്കപ്പെട്ട ഒരു അപരിചിതന്റെ കണ്ണിലൂടെ അവിടം നോക്കിക്കാണുകയാണ്. വെള്ളക്കാരന്റെ നോട്ടത്തിനു നേരേയുള്ള ഈ പരിഗണനയില്‍ മാത്രമാണ് ഞാന്‍ പ്രശ്‌നത്തെ സംബോധന ചെയ്തത്.
ഈ ചെറിയ സ്വാഗതം വേണ്ടെന്നുവച്ച് ആദ്യം തിരുമാനിച്ചിരിക്കുന്നതു പോലെ ഷാഡ്‌റാക്കില്‍നിന്നും തുടങ്ങിയിരുന്നെങ്കില്‍ വായനക്കാര്‍ക്ക് ഷാഡ്‌റാക്കിന്റെ മുറിവേറ്റ മനസ്സിനെ വളരെ പെട്ടെന്ന് നേരിടേണ്ടിവരുമായിരുന്നു. ആ ഭീകരമായ മുതലാളിത്തയുദ്ധം, കറുത്തവര്‍ഗ്ഗക്കാരെ പറിച്ചു നട്ടതിനെ പറ്റിയും അതിനെ അതിജീവിക്കാന്‍ അവര്‍ കണ്ടെത്തുന്ന നിരാശ നിറഞ്ഞ മാര്‍ഗ്ഗങ്ങളെപ്പറ്റിയും ആയിത്തീരുമായിരുന്നു വായനക്കാരന്റെ ശ്രദ്ധ. ഈ പുതിയ തുടക്കത്തില്‍ ഞാന്‍ വിവേചനം നിറഞ്ഞ വംശ അടിമത്തവും ഒരു സമൂഹത്തിന്റെ നിലനില്പിനായുള്ള ശ്രമങ്ങളും ചിത്രീകരിച്ചു. ആ ചുറ്റുവട്ടം മുഴുവനും കച്ചവടതാല്പര്യങ്ങളുടെ കീഴിലായിക്കഴിഞ്ഞിരുന്നു. (ഗോള്‍ഫ് കോഴ്‌സ്), എന്നാല്‍ ബാക്കി നിലനില്ക്കുന്നതൊക്കെയാണ് (പാട്ട്, നൃത്തം, കരകൗശലം, മതം, ഫലിതം) താഴ്‌വക്കാരാ’നായ അപരിചിതന്‍ കാണുക അല്ലെങ്കില്‍ കണ്ടേക്കുക. ഷാഡ്‌റാക്കിന്റെ സംഘടിത പരസ്യ ഭ്രാന്തിനേക്കാള്‍ വായനക്കാരെ സ്വാഗതം ചെയ്യുക ഇതായിരിക്കും. സുലയുടെ അരാജകത്വം അതിനെ വെല്ലുവിളിക്കും വരെ ഈ ചിത്രം ഈ ഗ്രാമത്തെ ഒന്നിച്ചു നിറുത്തുന്നു.
വഴിപിഴച്ച സ്ത്രീകള്‍ എന്നും ആകര്‍ഷണീയമായ ഒന്നായിരുന്നു അവരുടെ പെരുമാറ്റംകൊണ്ട് മാത്രമല്ല ഇത്, പുരുഷന്റെ ഭരണത്തിനു കീഴിലല്ലെങ്കില്‍ സ്ത്രീ നശിക്കുമെന്നും അവരുടെ പദവി ജന്മനാല്‍ത്തന്നെ നിയമ സാധുത ഇല്ലാത്തതാണെന്നുമാണ് ചരിത്രം. മിക്കവാറും എല്ലാ സാഹിത്യകൃതികളിലും പുരുഷാധിപത്യത്തില്‍നിന്ന് ഓടിരക്ഷപ്പെട്ട സ്ത്രീകളൊക്കെയും പരിപൂര്‍ണദുരിതത്തിലോ പശ്ചാത്താപത്തിലോ കഷ്ടപ്പാടുകളിലോ ഒക്കെയാണ് അവസാനിച്ചിട്ടുള്ളത്. സുലയില്‍ അത്തരം ഒരു രക്ഷപ്പെടല്‍ യാഥാസ്ഥിതികമായ കറുത്തവര്‍ഗ്ഗസമൂഹത്തെയും സ്ത്രീകള്‍ തമ്മിലുള്ള സൗഹൃദത്തെയും എങ്ങനെ ബാധിക്കുന്നു എന്നാണ് ഞാന്‍ നോക്കുന്നത്. 1969-ല്‍ ക്യൂന്‍സിലിരുന്ന്, സ്വാതന്ത്ര്യം നേടിയതിനെപ്പറ്റി സംസാരിക്കുന്നത് വിഷയമല്ല. നമ്മളില്‍ ചിലര്‍ പിടിച്ചുനിന്നു. ചിലര്‍ മരിച്ചു. നമുക്കെല്ലാം ഒരേ മനസ്സായിരുന്നു.
_____________________________
(വിവര്‍ത്തനം : പ്രഭാ സക്കറിയാസ്)

Top