ബീഫ് നിരോധനകാലത്തെ വിശുദ്ധപശു

August 7, 2015

ഭക്ഷണം സ്വയം തിരഞ്ഞെടുക്കാനുളള വ്യക്തിയുടെ സ്വാതന്ത്ര്യത്തിനുമേല്‍ നടത്തുന്ന കൈയേറ്റം എന്നതിനപ്പുറം ഭക്ഷണത്തെ വംശീയ-രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കാനുളള ശ്രമമാണ് മോദി ഗവണ്‍മെന്റ് നടത്തുന്നത്. ഭാരതീയര്‍ സസ്യഭുക്കുകളായിരുന്നുവെന്ന കല്പിത ചരിത്രം നിര്‍മിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. വെജിറ്റേറിയന്‍ ഭക്ഷണം മഹനീയവും, ശുദ്ധവുമാണെന്ന ധാരണകളെ പുണര്‍ന്നുകൊണ്ട് സുവര്‍ണവും, സവര്‍ണവുമായ ഒരു ഗതകാലത്തെ മെനഞ്ഞെടുക്കുന്നതിന്റെ ഭാഗമാണ് ഇത്തരം നീക്കങ്ങള്‍. ഈ ‘വെജിറ്റേറിയന്‍ ചരിത്രനിര്‍മിതിക്കു’ പിന്നില്‍ സുനിശ്ചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ നോക്കുമ്പോള്‍ മാട്ടിറച്ചിയെന്നത് ഒരു മാംസഭക്ഷണം മാത്രമല്ല ‘രാഷ്ട്രീയ ഭക്ഷണം കൂടിയായി മാറുന്നു’. വരും കാലങ്ങളില്‍ നാമെന്ത് കഴിക്കണം, ഏത് വസ്ത്രം ധരിക്കണം, ഏത് പുസ്തകം വായിക്കണം എന്നതെല്ലാം ഇനി ഭരണകൂടം നിശ്ചയിക്കും. ഈയൊരു രാഷ്ട്രീയ പരിസ്ഥിതിയല്‍ ഈ ഗ്രന്ഥം കൂടുതല്‍ വായന ആവശ്യപ്പെടുന്നുണ്ട്.

ഡല്‍ഹി സര്‍വ്വകലാശാലയിലെ ചരിത്ര അധ്യാപകനും ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിലെ അംഗവുമായിരുന്ന ഡോ. ഡി.എന്‍.ഝാ (ദ്വിജേന്ദ്രനാരായണ്‍ ഝാ) പ്രാചീനേന്ത്യയിലെ ഗോംമാംസഭോജനത്തെപ്പറ്റി 2001-ല്‍ എഴുതിയ ഗ്രന്ഥമാണ് ‘ദ മിത്ത് ഓഫ് ഹോളി കൗ’. ഇതിന് പുറമേ Studies in Early Indian Economic History, Ancient India in Historical outline എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ഝാ. വിദ്യാഭ്യാസരംഗത്തെ കാവിവത്കരണത്തിനെതിരെയും, ചരിത്രത്തിന്റെ വംശീയവത്ക്കരണത്തിനെതിരെയും നിരന്തരമായി പ്രതിഷേധിക്കുന്ന ചരിത്രകാരന്‍കൂടിയാണ് അദ്ദേഹം. ‘ദ മിത്ത് ഓഫ് ഹോളി കൗ’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചപ്പോള്‍ ബീഹാറിലെ ബ്രാഹ്മണസമുദായത്തില്‍ നിന്നും RSS, VHP എന്നീ സംഘടനകളില്‍ നിന്നും അദ്ദേഹത്തിന് കടുത്ത എതിര്‍പ്പ് നേരിടേണ്ടിവന്നു. ഈ ഗ്രന്ഥം വ്യാപകമായ ചര്‍ച്ചയ്ക്കും, നിരോധനത്തിനും വരെ വഴിയൊരുക്കി. ഡല്‍ഹിയിലെ സി.ഡി. പബ്ലിക്കേഷന്‍ പുറത്തിറക്കിയ ഈ ഗ്രന്ഥം എം.പി.സദാശിവന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. വിചാരം ബുക്‌സാണ് ഗ്രന്ഥം മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന ഈ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ ഗ്രന്ഥത്തിന് വീണ്ടും പ്രസക്തിയേറുന്നു. അധികാരത്തിലേറി ഏറെനാള്‍ കഴിയും മുമ്പുതന്നെ മോദി നടപ്പില്‍ വരുത്തിയ ഗോവധനിരോധനം/ബീഫ് നിരോധനം വളരെയേറെ വിവാദങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും സാഹചര്യമൊരുക്കി. ദീര്‍ഘനാളായി RSS ഉം VHP യും അടക്കമുള്ള ഹിന്ദുത്വവാദികള്‍ നടത്തിവരുന്ന പരിശ്രമം ഇതോടെ വിജയം കണ്ടു. 1995-ല്‍ ശിവസേന – ബി.ജെ.പി സഖ്യസര്‍ക്കാരാണ് ആദ്യമായി മഹാരാഷ്ട്രയില്‍ ‘ആനിമല്‍ പ്രിസര്‍വേഷന്‍ ബില്ല്’ കൊണ്ട് വരാന്‍ ശ്രമിച്ചത്. 19 വര്‍ഷങ്ങള്‍ക്കു ശേഷം രാഷ്ട്രപതി ഈ ബില്ല് പാസ്സാക്കിയിരിക്കുന്നു. ഇത് പ്രകാരം ആടുമാടുകളെ കൊല്ലുന്നതും കൈവശം വെക്കുന്നതും ജാമ്യമില്ലാകുറ്റമാണ്. നിയമം ലംഘിച്ചാല്‍ അഞ്ചു വര്‍ഷം തടവും 10000 രൂപ പിഴയും നല്‍കണം.

മോദി ഗവണ്മെന്റിന്റെ ഈ നയം പൗരന്മാരുടെ ഭക്ഷണശീലത്തിന് മേലുള്ള ഭരണകൂടത്തിന്റെ കൈകടത്തലാണ്. മുസ്ലീം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈദുല്‍ഫിത്ത്വര്‍ അടക്കമുള്ള ആഘോഷങ്ങളില്‍ ബീഫ് ഒരു മുഖ്യവിഭവംതന്നെയാണ്. മറ്റു മതവിഭാഗക്കാരും ബീഫ് കഴിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ബീഫ് നിരോധനം സാധാരണ ജനവിഭാഗത്തിന്റെ ഭക്ഷണശീലത്തിന്മേലുള്ള കടന്നാക്രമണമാണ്. സാധാരണ പൗരന്‍ എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കുവാനുള്ള അവകാശത്തിനുമേലാണ് ഭരണകൂടം ഇടപെടുന്നത്.

ബീഫ് നിരോധനത്തിനെതിരെ ചിലയിടങ്ങളിലെല്ലാം പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. കേരളത്തില്‍ DYFI യുടെ കീഴില്‍ ‘ബീഫ് ഫെസ്റ്റിവെല്‍’വരെ അരങ്ങേറി. സമാനസംഭവങ്ങള്‍ ഹൈദരാബാദില്‍ നേരത്തെതന്നെ നടക്കുകയുണ്ടായി. IIT കളില്‍ സസ്യഭക്ഷണം കഴിക്കുന്നവര്‍ക്കും, മാംസഭക്ഷണം കഴിക്കുന്നവര്‍ക്കും വ്യത്യസ്ത കാന്റീനുകള്‍ കൊണ്ട് വരാനും, മാംസഭക്ഷണം നിരോധിക്കാനുമുള്ള ശ്രമത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഗോമാംസം തങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. അത് കാമ്പസ്സുകളില്‍ കഴിക്കാനനുവാദം തരണമെന്ന് അവര്‍ വാദിച്ചു.

ഗോവധം നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കുക, പശുവിന് രാഷ്ട്രമാതാവ് പദവി നല്‍കുക, ഗോസംരക്ഷണത്തിനു വേണ്ടി എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക മന്ത്രാലയങ്ങള്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളാണ് സംഘപരിവാര്‍ ഇന്ന് പ്രധാനമായും ഉന്നയിക്കുന്ന ആവശ്യങ്ങള്‍. ഗോവധ നിരോധനത്തെ സാധൂകരിക്കാന്‍ ബി.ജെ.പി. ഗവണ്‍മെന്റ് മുന്നോട്ട് വെക്കുന്ന വാദങ്ങളും രസകരമാണ്.

___________________________________
ഗോവധം നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കുക, പശുവിന് രാഷ്ട്രമാതാവ് പദവി നല്‍കുക, ഗോസംരക്ഷണത്തിനു വേണ്ടി എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക മന്ത്രാലയങ്ങള്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളാണ് സംഘപരിവാര്‍ ഇന്ന് പ്രധാനമായും ഉന്നയിക്കുന്ന ആവശ്യങ്ങള്‍. ഗോവധ നിരോധനത്തെ സാധൂകരിക്കാന്‍ ബി.ജെ.പി. ഗവണ്‍മെന്റ് മുന്നോട്ട് വെക്കുന്ന വാദങ്ങളും രസകരമാണ്.
___________________________________ 

1. പശു ഭാരതത്തിന്റെ സംസ്‌ക്കാരത്തെ പ്രതീകവത്ക്കരിക്കുന്ന മൃഗമാണ്.
2. അത് വിശുദ്ധ മൃഗമാണ്.
3. ഗോമാതാവ് – അത് ദൈവമാണ്.
4. മാംസഭക്ഷണം പാശ്ചാത്യസംസ്‌കാരത്തിന്റെ ഭാഗമാണ്.; അത് ഭാരതീയസംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്നിങ്ങനെയുള്ള വാദങ്ങളാണ് പ്രധാനമായും അവര്‍ നിരത്തുന്നത്. ഇതോടൊപ്പം പശു=മുസ്ലീം എന്ന വേര്‍തിരിവും അവര്‍ അവതരിപ്പിക്കുന്നു. ‘പശു മുസ്ലീംങ്ങളുടെ ആഹാരമാണ്, മുസ്ലീംങ്ങള്‍ പശുഘാതകരാണ്, പശു നമ്മുടെ മാതാവാണ്; മുസ്ലീംങ്ങള്‍ നമ്മുടെ മാതാവിനെ കൊന്നുതിന്നുന്നു’ – എന്ന മുദ്രാവാക്യം അവര്‍ നിരന്തരം ആവര്‍ത്തിക്കുന്നു. പക്ഷേ ഇന്ത്യയിലെ ദളിതുകളും, ക്രിസ്ത്യാനികളും, കേരളത്തിലെ നായന്മാരും, നാടാന്മാരും, ചെട്ട്യാന്മാരും ഉള്‍പ്പെടെയുള്ള വിഭാഗക്കാര്‍ അവരുടെ ഭക്ഷണത്തിന്റെ ഭാഗമായി ബീഫ് കഴിക്കുന്നുണ്ടെന്ന കാര്യം ഇവര്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. ഇന്ത്യയില്‍ത്തന്നെ 60% ആളുകള്‍ മാംസാഹാരം കഴിക്കുന്നവരും 9% പേര്‍ സസ്യാഹാരം കഴിക്കുന്നവരുമാണ് എന്നാണ് കണക്ക്.

ഇത്തരത്തിലുള്ള ഒരു സാമൂഹ്യസാഹചര്യത്തിലാണ് പശു എന്നത് ഒരു വിശുദ്ധ മൃഗമല്ല എന്നും അത് തികച്ചും മിഥ്യാപരമായ സങ്കല്പമാണെന്നും ഡി.എന്‍. ഝാ തന്റെ കൃതിയിലൂടെ സമര്‍ത്ഥിക്കുന്നത്. ഇതിനുവേണ്ടി രാമായണം, മഹാഭാരതം, പുരാണങ്ങള്‍, ഉപനിഷത്തുകള്‍, സാഹിത്യകൃതികള്‍ എന്നിവയില്‍നിന്നും തെളിവുകള്‍ ശേഖരിക്കുകയും ഗോമാംസഭക്ഷണം ഭാരതത്തില്‍ ഉണ്ടായിരുന്നുവെന്ന് സമര്‍ത്ഥിക്കുകയും ചെയ്യുന്നു. ആറ് അദ്ധ്യായങ്ങള്‍ അടങ്ങിയ ഈ ഗ്രന്ഥത്തില്‍ ജൈന-ബുദ്ധമത ഗ്രന്ഥങ്ങളിലേയും – ഇതിഹാസങ്ങളിലേയും തെളിവുകളും, പുരാവസ്തു വിജ്ഞാനപരമായ തെളിവുകളും ഝാ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തിലുള്ള ചരിത്രപരമായ തെളിവുകള്‍ ഉണ്ടായിട്ടുപോലും R.S.S നെപ്പോലുള്ള സംഘടനകള്‍ പറയുന്നത് പശു എക്കാലത്തും പവിത്രമായ ഒരു മൃഗമായിരുന്നുവെന്നും, തങ്ങളുടെ പൂര്‍വ്വികര്‍, വേദകാലത്തെ ഭാരതീയര്‍പോലും ഗോമാംസം ഭക്ഷിച്ചിരുന്നില്ല എന്നുമാണ്. ഗോപൂജ ഹിന്ദുമതത്തിന്റെ അവിഭാജ്യഘടകമാണെന്നും ഇവര്‍ വാദിക്കുന്നു. ഭാരതീയര്‍ പണ്ടുമുതല്‍ക്കുതന്നെ മാട്ടിറച്ചി കഴിച്ചിരുന്നുവെന്നും നമ്മുടെ സ്വന്തം പുരാണങ്ങളും, മതഗ്രന്ഥങ്ങളും അതിനുള്ള തെളിവുകള്‍ നല്‍കുന്നുണ്ടെന്ന് പശുവിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നവര്‍ മനസ്സിലാക്കുന്നില്ല.

കുതിരയേയും, പശുവിനേയും ബലിയര്‍പ്പിക്കുന്നത് (അശ്വമേധവും, ഗോമേധവും) ആദ്യകാല ഹിന്ദുമതത്തിലെ ഒരു ചടങ്ങായിരുന്നുവെന്ന് ഝാ പൗരാണിക ഗ്രന്ഥങ്ങളിലെ ഉദാഹരണങ്ങങ്ങള്‍ സഹിതം വിശദീകരിക്കുന്നു. പുരാതന ഭാരതീയര്‍ കന്നുകാലികളുടെ മാംസം ഭക്ഷിച്ചിരുന്നു എന്ന് ആര്‍ക്കിയോളജിസ്റ്റ് ആയ എച്ച്. ഡി. ഡങ്കാലിയ എന്ന ചരിത്രപണ്ഡിതന്‍ പുരാവസ്തു തെളിവുകളുടെ അടിസ്ഥാനത്തില്‍ തെളിയിച്ചിട്ടുണ്ട്.

_______________________________
കുതിരയേയും, പശുവിനേയും ബലിയര്‍പ്പിക്കുന്നത് (അശ്വമേധവും, ഗോമേധവും) ആദ്യകാല ഹിന്ദുമതത്തിലെ ഒരു ചടങ്ങായിരുന്നുവെന്ന് ഝാ പൗരാണിക ഗ്രന്ഥങ്ങളിലെ ഉദാഹരണങ്ങങ്ങള്‍ സഹിതം വിശദീകരിക്കുന്നു. പുരാതന ഭാരതീയര്‍ കന്നുകാലികളുടെ മാംസം ഭക്ഷിച്ചിരുന്നു എന്ന് ആര്‍ക്കിയോളജിസ്റ്റ് ആയ എച്ച്. ഡി. ഡങ്കാലിയ എന്ന ചരിത്രപണ്ഡിതന്‍ പുരാവസ്തു തെളിവുകളുടെ അടിസ്ഥാനത്തില്‍ തെളിയിച്ചിട്ടുണ്ട്.
_______________________________ 

ഗ്രന്ഥത്തിന്റെ ഒന്നാം അധ്യായത്തില്‍ ഗോമാംസ ഭക്ഷണവുമായി ബന്ധപ്പെട്ട് ഋഗ്വേദത്തില്‍ നിന്നുള്ള സൂചനകള്‍ അദ്ദേഹം എടുത്തുകാണിക്കുന്നു. പശു എന്നര്‍ത്ഥമുള്ള’ഗോവ്’ എന്ന പദം ഋഗ്വേദത്തില്‍ 176 തവണ പരാമര്‍ശിക്കുന്നുണ്ട്. കന്നുകാലികളുമായി ബന്ധപ്പെട്ട എഴുന്നൂറോളം പദങ്ങള്‍ ഇതില്‍ കാണാം. ആദ്യകാലത്ത് ആര്യന്മാരുടെ വിലപിടിച്ച സ്വത്ത് കന്നുകാലികളായിരുന്നു. കൂടുതല്‍ കന്നുകാലികള്‍ ഉള്ള ആളെ ‘ഗോമാത്’എന്നാണ് വിളിച്ചിരുന്നത്. മൃഗബലി ആദ്യകാല ആര്യന്മാര്‍ക്കിടയില്‍ വ്യാപകമായിരുന്നു. ഇന്ദ്രന്‍, അഗ്നി, സോമ എന്നീ ദേവന്മാര്‍ക്ക് ബലിയര്‍പ്പിക്കപ്പെട്ട കന്നുകാലികളുടെ മാംസം പ്രിയപ്പെട്ടതായിരുന്നുവെന്നും ഋഗ്വേദം പറയുന്നുണ്ട്. ഇന്ദ്രന് നിവേദിക്കാന്‍ കാളയിറച്ചി വേവിക്കുന്നതിനെപ്പറ്റി ഋഗ്വേദത്തില്‍ പറയുന്നുണ്ട്. അഗ്നിദേവനെ ‘കാളയേയും മച്ചിപ്പശുവിനേയും ഭക്ഷണമാക്കിയിട്ടുള്ളവന്‍’എന്നാണ് ഋഗ്വേദത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. യാഗങ്ങള്‍ക്കുവേണ്ടി മാത്രമല്ല കൃഷിയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും വേണ്ടി മൃഗബലി നടത്തിയിരുന്നതായി ഋഗ്വേദത്തില്‍ പറയുന്നു. ഉത്തരേന്ത്യയില്‍ മറ്റും നടത്തിയ ഉത്ഖനനങ്ങളില്‍ നിന്ന് ധാരാളം മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഹാരപ്പന്‍ സംസ്‌ക്കാരത്തിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ മാംസഭക്ഷണം കഴിച്ചിരുന്നതിന് തെളിവുണ്ട്. ഇതില്‍നിന്നൊക്കെ മനസ്സിലാക്കാവുന്ന കാര്യം ഋഗ്വേദകാലത്ത് ഗോമാംസം ഒരു ജനപ്രിയ ഭക്ഷണമായിരുന്നു എന്നതാണ്. അക്കാലത്ത് പശു ഒരു വിശുദ്ധമൃഗമായിരുന്നില്ല എന്ന് അനുമാനിക്കാം.

ബൗദ്ധ-ജൈനമത ഗ്രന്ഥങ്ങളില്‍നിന്നും കിട്ടുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രാചീനേന്ത്യയിലെ ഗോമാംസ ഭക്ഷണത്തെപ്പറ്റി വിവരിക്കുകയാണ് ഗ്രന്ഥത്തിന്റെ രണ്ടാം അധ്യായത്തില്‍ ഡി.എന്‍. ഝാ ചെയ്യുന്നത്. ബുദ്ധമതം അഹിംസയെ മുറുകെ പിടിക്കുന്നു. ആദ്യകാലത്ത് ബുദ്ധമതം മൃഗബലിയെ എതിര്‍ത്തിരുന്നു. പക്ഷേ പാലി ഭാഷയിലുള്ള കൃതികള്‍ പറയുന്നത് ബുദ്ധമതത്തില്‍ ഗോ മാംസ ഭക്ഷണവും ഗോവധവും ഉണ്ടായിരുന്നുവെന്നാണ്. ബുദ്ധമത ഗ്രന്ഥങ്ങള്‍ ഇതിന് തെളിവു നല്‍കുന്നുണ്ട്. പന്നിയിറച്ചി കഴിച്ചത് കൊണ്ടാണ് ബുദ്ധന്‍ മരണപ്പെട്ടത് എന്ന് ബുദ്ധഭിക്ഷുക്കള്‍ വിശ്വസിക്കുന്നു. രോഗനിവാരണത്തിന് മാംസഭക്ഷണങ്ങള്‍ ഉചിതമാണെന്ന് ബുദ്ധന്‍ ഭിക്ഷുക്കളെ ഉപദേശിച്ചിരുന്നു. പശു ഒരു വിശുദ്ധമൃഗമാണെന്നോ, അതിനെ കൊല്ലാന്‍ പാടില്ല എന്നതിന് അര്‍ത്ഥശാസ്ത്രം പോലുള്ള കൃതികളില്‍പോലും സൂചനയില്ല. മഹാവീരന്‍ ഒരു പൂവന്‍കോഴിയുടെ ഇറച്ചി കഴിച്ചിരുന്നു എന്ന് ജൈനമതഗ്രന്ഥങ്ങളില്‍ സൂചനയുണ്ട്.

പുരാണങ്ങളില്‍ നിന്നും, ഉപനിഷത്തുക്കളില്‍ നിന്നും കിട്ടുന്ന തെളിവുകളാണ് പിന്നീടുള്ള അധ്യായങ്ങളില്‍ ഝാ നിരത്തുന്നത്. യാഗം നടത്തുമ്പോള്‍ മൃഗങ്ങളെ ബലികൊടുക്കുന്നത് ദൈവിക കര്‍മ്മമാണെന്ന് മനുസ്മൃതിയില്‍ പറയുന്നുണ്ട്. വിഷ്ണുപുരാണം, സ്‌കന്ദപുരാണം, ഗരുഡപുരാണം എന്നീ ഗ്രന്ഥങ്ങളിലും മറ്റും ശവസംസ്‌കാരത്തിന്റെ ഭാഗമായി ബ്രാഹ്മണര്‍ക്ക് മാട്ടിറച്ചി വിളമ്പിയിരുന്നു എന്നുള്ള പരാമര്‍ശം കാണാം. രാമായണത്തിലും, മഹാഭാരതത്തിലും മാംസഭക്ഷണമായി ബന്ധപ്പെട്ട നിവധി പരാമര്‍ശങ്ങള്‍ ഉള്ളടങ്ങിയിരിക്കുന്നു. ഹിംസയെ അപലപിക്കുന്ന യുധിഷ്ഠിരന്‍ പാഞ്ചാലിക്കും സഹോദരന്മാര്‍ക്കും വേണ്ടി അശ്വമേധയാഗത്തിനായി ബ്രാഹ്മണര്‍ക്ക് അനേകം കാളകളെ ബലികൊടുത്തിരുന്നു എന്ന സൂചനകാണാം. രാമായണത്തില്‍ സന്താനലബബ്ധിക്കുവേണ്ടി ദശരഥന്‍ മൃഗബലി നടത്തുന്നതിന്റെ സൂചനകള്‍ കാണാവുന്നതാണ്. ഭക്ഷണത്തിനും, ബലിക്കും വേണ്ടി രാമ-ലക്ഷ്മണന്മാര്‍ അനേകം മൃഗങ്ങളെ വേട്ടയാടുന്നതിന്റെ കഥകള്‍ രാമായണത്തില്‍ ദര്‍ശിക്കാവുന്നതാണ്. സീത മാംസഭക്ഷണം ഇഷ്ടപ്പെട്ടിരുന്നു എന്ന് തെളിയിക്കുന്ന പരാമര്‍ശം രാമായണത്തിലുണ്ട്. ചരകന്‍, സുശ്രുതന്‍ എന്നീ പ്രാചീന വൈദ്യ പണ്ഡിതന്മാര്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ രോഗനിവാരണത്തിനായി നിര്‍ദ്ദേശിക്കുന്ന മരുന്നുകളുടെ കൂട്ടത്തില്‍ ഭൂരിഭാഗം വരുന്നതും മാംസ ഭക്ഷണമാണ്. ഈ ഗ്രന്ഥങ്ങളൊന്നും തന്നെ പശുവിനെ ഒരു വിശുദ്ധ മൃഗമായി പരിഗണിക്കുന്നില്ല എന്ന് സാരം.

__________________________________

ഒരു പശു ദേവതയോ, പശുവിനെ പ്രതിഷ്ഠിച്ചുള്ള ഒരു ക്ഷേത്രമോ ഇന്ത്യയിലൊരിടത്തും കാണാന്‍ സാധിക്കില്ല എന്ന് ഏ.എല്‍. ബാഷാം എന്ന പണ്ഡിതന്‍ ‘The Wonder that was India’ എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പക്ഷേ ഹിന്ദുത്വ വാദികള്‍ ഈ ചരിത്രസത്യങ്ങളെ നിരാകരിക്കുകയും ഗോപൂജയും മറ്റും നടത്തി പശുവിനെ വിശുദ്ധമൃഗമായി കാണുകയും ചെയ്യുന്നു. പശിവിന്റെ പവിത്രത ഒരു സങ്കല്പ സൃഷ്ടിയാണെന്നും, പുരാതന ഭാരതത്തിലെ മതപരവും മതേതരവുമായ രചനകളില്‍ മാംസഭക്ഷണത്തോടുള്ള വ്യത്യസ്തങ്ങളായ സമീപനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടെങ്കില്‍പ്പോലും ഗോമാംസം ഇന്ത്യന്‍ സസ്യേതരഭക്ഷണത്തിന്റെ ഒരവിഭാജ്യഘടകമായിരുന്നുവെന്നും ഈ കൃതി സമര്‍ത്ഥിക്കുന്നു.
__________________________________ 

ഗോമാംസവുമായി ബന്ധപ്പെട്ട് ഭാരതീയ സാഹിത്യകൃതികളില്‍ നിന്നുള്ള തെളിവുകള്‍ ശേഖരിക്കുകയാണ് ഡി.എന്‍. ഝാ പിന്നീടുള്ള അധ്യായത്തില്‍. കാളിദാസന്റെ മേഘദൂത്, ഭവഭൂതിയുടെ മഹാവീരചരിതം, ഉത്തരരാമചരിതം, രാജശേഖരന്റെ ബാലരാമായണം, പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായ നൈഷധചരിതം എന്നീ സംസ്‌കൃത കാവ്യങ്ങളിലെല്ലാം ഗോവധത്തെക്കുറിച്ചും, ഗോമാംസത്തെപ്പറ്റിയും പറയുന്നുണ്ടെന്ന് ഝാ ചൂണ്ടിക്കാണിക്കുന്നു. പിന്നീട് ആധുനികഘട്ടത്തില്‍ ഗോവധം എങ്ങിനെയാണ് ഗോസംരക്ഷണമായി മാറിയത് എന്ന് ഝാ അന്വേഷിക്കുന്നു. ആധുനികഘട്ടത്തിലേക്ക് സമൂഹം മാറിയപ്പോള്‍ ഫ്യൂഡല്‍ വ്യവസ്ഥിതി നിലവില്‍ വരികയും, സാമൂഹികവും, സാംസ്‌കാരികവുമായ നിരവധി പരിവര്‍ത്തനങ്ങള്‍ സംഭവിക്കുകയും ചെയ്തു. ‘കലിയുഗം’ എന്നാണ് പുരാണങ്ങള്‍ ഈ കാലഘട്ടത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. കാര്‍ഷികവൃത്തിക്ക് കന്നുകാലി സംരക്ഷണം ആവശ്യമാണെന്ന് ജനവിഭാഗം മനസ്സിലാക്കി. മൃഗബലി കുറഞ്ഞു, കാര്‍ഷികസംസ്‌കൃതിയുടെ ഭാഗമായി പശുവും കാളയുമെല്ലാം സംരക്ഷിക്കപ്പെടേണ്ട ഒന്നാണെന്ന ബോധ്യം വന്നു.

പശുവിനെ ഒരു പ്രതീകമാക്കി രാഷ്ട്രീയ സംഘടനം നടക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തിലാണ്. 1880 -90 കാലഘട്ടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി വംശീയ കലാപങ്ങള്‍ ഇന്ത്യയില്‍ നടന്നു. ക്രമേണ ഒരു വിശുദ്ധ മൃഗമായി പശു മാറുകയും ഗോപൂജയും മറ്റും നിലവില്‍ വരികയും ചെയ്തു. ഋഗ്വേദം, ഉപനിഷത്തുകള്‍, മനുസ്മൃതി, രാമായണ – മഹാഭാരത പുരാണ ഇതിഹാസങ്ങള്‍, ജൈന-ബൗദ്ധ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍, സാഹിത്യകൃതികള്‍ എന്നിവ പരിശോധിച്ച് പ്രാചീന ഭാരതത്തില്‍ ഗോമാംസഭോജനം ഉണ്ടായിരുന്നു എന്നും പശുവിന്റെ പവിത്രത ഒരു മിഥ്യയാണ്, പശു ഒരു പുണ്യമൃഗമല്ല എന്നും ഈ ഗ്രന്ഥത്തിലൂടെ ഡി.എന്‍. ഝാ സമര്‍ത്ഥിക്കുന്നു.

ഒരു പശു ദേവതയോ, പശുവിനെ പ്രതിഷ്ഠിച്ചുള്ള ഒരു ക്ഷേത്രമോ ഇന്ത്യയിലൊരിടത്തും കാണാന്‍ സാധിക്കില്ല എന്ന് ഏ.എല്‍. ബാഷാം എന്ന പണ്ഡിതന്‍ ‘The Wonder that was India’ എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പക്ഷേ ഹിന്ദുത്വ വാദികള്‍ ഈ ചരിത്രസത്യങ്ങളെ നിരാകരിക്കുകയും ഗോപൂജയും മറ്റും നടത്തി പശുവിനെ വിശുദ്ധമൃഗമായി കാണുകയും ചെയ്യുന്നു. പശിവിന്റെ പവിത്രത ഒരു സങ്കല്പ സൃഷ്ടിയാണെന്നും, പുരാതന ഭാരതത്തിലെ മതപരവും മതേതരവുമായ രചനകളില്‍ മാംസഭക്ഷണത്തോടുള്ള വ്യത്യസ്തങ്ങളായ സമീപനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടെങ്കില്‍പ്പോലും ഗോമാംസം ഇന്ത്യന്‍ സസ്യേതരഭക്ഷണത്തിന്റെ ഒരവിഭാജ്യഘടകമായിരുന്നുവെന്നും ഈ കൃതി സമര്‍ത്ഥിക്കുന്നു.

ഇന്ത്യയില്‍ മുസ്ലീം ഭരണാധികാരികളുടെ വരവോടെയാണ് ഗോമാംസ ഭക്ഷണസമ്പ്രദായമാരംഭിച്ചതെന്ന് സംഘപരിവാര്‍ ശക്തികള്‍ വാദിക്കുന്നു. എന്നാല്‍ ഗോമാംസഭക്ഷണം ഇസ്ലാമില്‍നിന്ന് ഇന്ത്യയിലേക്ക് പകര്‍ന്നു കിട്ടിയ ശാപഗ്രസ്തമായൊരു ദുശിലമല്ലെന്നും അതില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുന്നതാണ് ഹിന്ദുവിന്റെ സവിശേഷ ധര്‍മ്മമെന്നും മറ്റുമുള്ള ഹിന്ദുത്വശക്തികളുടെ വാദം പൊള്ളയാണെന്ന് ഈ കൃതി സ്ഥാപിക്കുന്നു. ഗോംമാംസ നിരോധനവും അതിനോടുള്ള അയിത്തവും യഥാര്‍ത്ഥത്തില്‍ സാംസ്‌കാരിക ഫാസിസമാണ്. ഭക്ഷണം സ്വയം തിരഞ്ഞെടുക്കാനുളള വ്യക്തിയുടെ സ്വാതന്ത്ര്യത്തിനുമേല്‍ നടത്തുന്ന കൈയേറ്റം എന്നതിനപ്പുറം ഭക്ഷണത്തെ വംശീയ-രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കാനുളള ശ്രമമാണ് മോദി ഗവണ്‍മെന്റ് നടത്തുന്നത്. ഭാരതീയര്‍ സസ്യഭുക്കുകളായിരുന്നുവെന്ന കല്പിത ചരിത്രം നിര്‍മിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. വെജിറ്റേറിയന്‍ ഭക്ഷണം മഹനീയവും, ശുദ്ധവുമാണെന്ന ധാരണകളെ പുണര്‍ന്നുകൊണ്ട് സുവര്‍ണവും, സവര്‍ണവുമായ ഒരു ഗതകാലത്തെ മെനഞ്ഞെടുക്കുന്നതിന്റെ ഭാഗമാണ് ഇത്തരം നീക്കങ്ങള്‍. ഈ ‘വെജിറ്റേറിയന്‍ ചരിത്രനിര്‍മിതിക്കു’ പിന്നില്‍ സുനിശ്ചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ നോക്കുമ്പോള്‍ മാട്ടിറച്ചിയെന്നത് ഒരു മാംസഭക്ഷണം മാത്രമല്ല ‘രാഷ്ട്രീയ ഭക്ഷണം കൂടിയായി മാറുന്നു’. വരും കാലങ്ങളില്‍ നാമെന്ത് കഴിക്കണം, ഏത് വസ്ത്രം ധരിക്കണം, ഏത് പുസ്തകം വായിക്കണം എന്നതെല്ലാം ഇനി ഭരണകൂടം നിശ്ചയിക്കും. ഈയൊരു രാഷ്ട്രീയ പരിസ്ഥിതിയല്‍ ഈ ഗ്രന്ഥം കൂടുതല്‍ വായന ആവശ്യപ്പെടുന്നുണ്ട്.
________________________________
(കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മലയാള-കേരള പഠനവിഭാഗത്തിലെ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

Top