നിദ്രാമോഷണം : ഭാവനയുടെ ഉന്മാദം

നിഷ്‌കളങ്കമായ ജൈവപ്രേരണകളും, സ്വകാര്യമായ സംതൃപ്തികളും എല്ലാം ചേര്‍ന്ന വിശദീകരണങ്ങള്‍ക്കു വഴങ്ങാത്ത എത്രയോ വിപുലമായ ലോകമാണ് മനുഷ്യഭാവനയ്ക്കു മുമ്പില്‍ കീഴടങ്ങിയിട്ടുള്ളത്. എഴുതപ്പെട്ട ചരിതങ്ങള്‍ മുഴുവന്‍ ഈ ഭാവനയുടെ പ്രഖ്യാപനങ്ങള്‍ ആണ്. ഇനി വരാനിരിക്കുന്നവയും അതുകൊണ്ടുതന്നെ ഉറക്കം വരാത്ത ഒരു രാത്രിയില്‍ വായിച്ചു തുടങ്ങിയ നിദ്രാമോഷണം എന്ന നോവല്‍ ഭാവനയെന്ന ശാപത്തെക്കുറിച്ചല്ല മറിച്ച്, ഉന്മാദിയായി മാറുന്ന മനുഷ്യഭാവനയുടെ വിചിത്രവും നിഗൂഡവുമായ തുടര്‍ച്ചകളെക്കുറിച്ചാണെന്നു ഉറപ്പിച്ചു പറയാം.

പരമ്പരാഗത വായനയും എഴുത്തും മലയാളത്തില്‍ നിന്നു പതിയെ അപ്രത്യക്ഷമാകുന്നതിന്റെ സൂചനകള്‍ ഫിഷന്‍ സാഹിത്യത്തിലെങ്കിലും കാണാമെന്നത് യാഥാര്‍ത്ഥ്യമാണ്. സമകാലിക ജീവിതത്തില്‍ മനുഷ്യര്‍ പുലര്‍ത്തുന്ന ലാഘവത്വങ്ങളും കളികളും പ്രശ്‌നങ്ങളോടുള്ള ഉദാസീന സമീപനങ്ങളും, കൂടാതെ മാധ്യമനിര്‍മ്മിത വ്യക്തികളെന്ന നിലയ്ക്ക് നേരിടുന്ന സങ്കീര്‍ണ്ണതകളും എല്ലാം ഈയൊരു മാറ്റത്തിന്റെ അടിസ്ഥാനമായി കരുതാം. ഒന്നിനും ഒരു തീര്‍പ്പില്ലാത്ത കാലത്തെയാണ് നാം അഭിമുഖീകരിക്കുന്നത്. സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മില്‍, കാഴ്ചയും ഭാവനയും തമ്മില്‍, വിചാരവും വികാരവും തമ്മില്‍ പൊരുതി, താല്ക്കാലിക വിജയങ്ങളും പരാജയങ്ങളും സ്വന്തമാക്കി പിന്‍വാങ്ങുന്ന അനിവാര്യതകളുടെ കാലമെന്നുകൂടി വര്‍ത്തമാനത്തെ വിശേഷിപ്പിക്കാം. വിചിത്രങ്ങളായ വഴികളിലൂടെ മുന്നോട്ടുപോകുന്ന മനുഷ്യഭാവന ഒട്ടൊക്കെ പതറുകയും, ആധുനികത ഉപയോഗിച്ചു ദുര്‍ഗ്രഹതയുടെ ഭാഷയുടെ ചെടിപ്പില്‍ നിന്നും വിമോചിക്കപ്പെടണമെന്ന ആഗ്രഹം ശക്തമാവുകയും ചെയ്തു. പുതുതലമുറയെന്നു എഴുത്തില്‍ പറയാവുന്നവര്‍ ഫിക്ഷനില്‍ അധികമില്ലെങ്കിലും -മാധ്യമപരിഗണനകളും വായനയിലെ മേല്‍ക്കോയ്മയും ഔദ്യോഗിക അംഗീകാരങ്ങളും ഒക്കെ കണക്കിലെടുത്ത് – നമുക്കെടുത്തു കാണിക്കാവുന്ന ഒരു പിടി എഴുത്തുകാര്‍ ഉണ്ട്. ടി.ഡി. രാമകൃഷ്ണന്‍, ദേവദാസ് വി.എം., കെ.വി. പ്രവീണ്‍, എസ്.എ. ഷൂജാദ്, വി.എച്ച്. നിഷാദ്, അമല്‍ തുടങ്ങിയവരാണ് പെട്ടെന്നു ഓര്‍മ്മയിലെത്തുക. വിപുലമായ കൃതികളുടെ പിന്‍ബലമില്ലെങ്കിലും എഴുത്തിന്റെയും വായനയുടേയും ഭാവി ഇവര്‍ തീര്‍ക്കുന്ന ആഖ്യാനങ്ങളില്‍ കുറെക്കാലമെങ്കിലും കുടുങ്ങിക്കിടക്കുമെന്നതു ഉറപ്പാണ്.
മലയാളത്തിലെ സയന്‍സ് എഴുത്തുകാരനും കോളമിസ്റ്റും ഗവേഷകനുമായ ജീവന്‍ ജോബ് തോമസിന്റെ നിദ്രാമോഷണം എന്ന പുതുതലമുറ നോവല്‍, ഈ മാറ്റങ്ങളെ അതിന്റെ ആഴത്തിലും സൂക്ഷ്മതയിലും ഉള്‍ക്കൊള്ളുന്ന ശ്രദ്ധേയമായ മറ്റൊരു ചുവടുവയ്പാണെന്നുപറയാം. ശാസ്ത്രത്തിന്റെ വിവിധമണ്ഡലത്തില്‍ അദ്ദേഹം നടത്തിയ അന്വേഷണങ്ങള്‍ സര്‍ഗാത്മകമായി പുനസൃഷ്ടിക്കുമ്പോള്‍ ഉണ്ടാകാവുന്ന സ്വഭാവികമായ മുഴച്ചുനില്‍ക്കലുകളെ ഭാഷയിലും ആഖ്യാനത്തിലും അനായാസമായി മറികടക്കാന്‍ കഴിഞ്ഞത് വായനക്കാരനെന്ന നിലയ്ക്ക് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. സയന്‍സ് അല്ല ഈ നോവലിന്റെ കേന്ദ്രപ്രമേയമെങ്കിലും മനുഷ്യാവസ്ഥകളിലെക്കുള്ള നിഗൂഡവും സൂക്ഷ്മവുമായ സഞ്ചാരങ്ങളില്‍ ഭാവനയാണ് മനുഷ്യന്റെ ഏറ്റവും വലിയ ശാപമെന്ന് ആവര്‍ത്തിച്ച് പറയാന്‍ ശ്രമിക്കുമ്പോഴും വിസ്മയകരമായ ഭാവനകളെ തന്നെ കൂട്ടുപിടിക്കേണ്ട അനിവാര്യതയെ ഉറപ്പിക്കുവാന്‍ ഈ രചനയ്ക്ക് കഴിയുന്നു. അതായത്; എത്ര നിഷേധിച്ചാലും ഭാഷയും ഭാവനയും നല്‍കുന്ന സ്വാതന്ത്ര്യവിസ്ത്രിതി മറ്റൊന്നിനും തരാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. അതിലേയ്ക്ക് ഗ്രീക്ക് പുരാണങ്ങളും കേരളചരിത്രവും വാമൊഴിമിത്തുകളും സമകാലിക രാഷ്ട്രീയവും തുടങ്ങി ടി.ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര വരെയുള്ള രചനകളെ വരെ പാഠത്തിലേക്ക് ഒരു ശസ്ത്രക്രിയാവിദഗ്ദ്ധന്റെ (നോവലിലെ കേന്ദ്രകഥാപാത്രം ചിദംബരം സേതുനാഥ് എന്ന ശസ്ത്രക്രിയാ ഡോക്ടറാണ്)സൂക്ഷമതയോടെ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞു എന്നതിലാണ് ജീവന്‍ ജോബ് തോമസ് എന്ന എഴുത്തുകാരന്റെ വിജയം.

__________________________________
വിനായകമൂര്‍ത്തിയുടെ ഓപറേഷന്‍ കഴിഞ്ഞ് വിശ്രമിച്ച ഇരുപതുമിനിട്ടുകള്‍ മാത്രമാണ് ആഖ്യാനത്തിന്റെ ഓരോ തിരിവുകളെയും നിര്‍ണ്ണയിച്ചതെന്നു നോവലിന്റെ ഒടുവിലത്തെ പേജില്‍ എത്തുമ്പോഴാണ് വായനക്കാര്‍ തിരിച്ചറിയുക. വിഭ്രാന്തിയും ആയുക്തികവുമായി സഞ്ചരിക്കുന്ന നമ്മുടെ ന്യൂറോണ്‍ വഴികള്‍ എത്ര വിചിത്രവും ഭാവനാനിര്‍ഭരവുമാണെന്ന് വെളിപ്പെടുത്തുന്ന പുസ്തകം കൂടിയാണിത്. സംസ്‌ക്കാരത്തിന്റെ ഭദ്രവും വിശുദ്ധവുമായ മേലാപ്പിനുള്ളില്‍ മനുഷ്യര്‍ എന്ന പരിഷ്‌കൃതനിര്‍വചനത്തിന്റെ ഭയരഹിത സ്വത്വം പേറി, ചരിത്രാരംഭം മുതലുള്ള അവന്റെ /അവളുടെ യാത്രയുടെ ആഖ്യാനം കൂടിയാണ് നിദ്രാമോഷണം.
__________________________________ 

  • യന്ത്രഭാവനകളില്‍ ഒരു ജീവിതം

വ്യക്തികള്‍ എന്ന നിലയ്ക്ക് ആധുനികോത്തര മനുഷ്യര്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളില്‍ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത് സ്വകാര്യതയും അതിന്റെ വൈവിധ്യം നിറഞ്ഞ സംഘര്‍ഷങ്ങളുമാണ്. എത്രയേറെ ആഗ്രഹിച്ചാലും പിടിതരാത്ത ഒന്നായി വേഷപകര്‍ച്ചയാടുന്ന സ്വകാര്യത, പല വിധത്തിലാണ് ഇന്ന് സങ്കീര്‍ണ്ണവിഷയമായി മാറുന്നത്. ടെക്‌നോളജിയുടെ വികാസമായും, ഭരണകൂടത്തിന്റെ അതിരുകടന്ന നിയന്ത്രണമായും വ്യക്തികളിലെ തന്നെ വിശ്വാസരാഹിത്യമായും വിപണിയുടെയും ബഹുരാഷ്ട്രഭീമന്മാരുടെയും നിക്ഷിപ്തതാല്പര്യമായുമൊക്കെ പല വിധത്തില്‍ വ്യാഖ്യാനിക്കപ്പെടാവുന്ന ഇത് മനുഷ്യഭാവനയെ സമീപകാലത്തു പിടികൂടിയ സങ്കീര്‍ണ്ണ സമസ്യയാണെന്നതില്‍ തര്‍ക്കമില്ല. സ്വാഭാവികമായ നോട്ടങ്ങള്‍ക്ക് പിന്നില്‍ സംശയത്തിന്റെ മുനയൊളിപ്പിച്ചും, പരിചിതമായ പുഞ്ചിരിക്കൊപ്പം കൗശലത്തിന്റെ കെണിയൊരുക്കിയും ഒന്നിച്ചുള്ള നടപ്പിനൊപ്പം പിന്നില്‍ ഒരു കണ്ണു സൂക്ഷിച്ചുമൊക്കെ നാം സര്‍വലെന്‍സിനെ മറികടക്കാന്‍ ശ്രമിക്കുന്നു. സാങ്കേതികവികാസം സമൂഹത്തില്‍ ഉണ്ടാക്കിയ അഗാധമായ പിളര്‍പ്പുകള്‍ മനുഷ്യനിര്‍മ്മിതികളെ തന്നെ ചിലപ്പോള്‍ തിരിഞ്ഞുനിന്നു പരിഹസിക്കുന്നതായി തോന്നും. സഹജീവികളെക്കാള്‍ ജീവിതത്തിന്റെ നിയന്ത്രണം യന്ത്രങ്ങള്‍ ഏറ്റെടുത്ത സന്ദര്‍ഭം കൂടിയാണിത്. ഇന്നേറ്റവും കൂടുതല്‍ സമയം നമ്മള്‍ വികാരവൈവിധ്യങ്ങള്‍ കൊണ്ടു അടുപ്പം തീര്‍ക്കുന്നത് മനുഷ്യസമൂഹത്തോട് അല്ലെന്നതും പുതുമയുള്ള കാഴ്ചയല്ല. മൊബൈല്‍ ഫോണ്‍, ഈയൊരു മാറ്റത്തില്‍ വഹിക്കുന്ന പങ്കിലോളം വലുതല്ല മനുഷ്യര്‍ ഇതുവരെ ആര്‍ജ്ജിച്ച സാങ്കേതിക സൗകര്യങ്ങള്‍ എന്നു പറഞ്ഞാലും അതിശയോക്തിയല്ല.
പുതുകാലത്തിന്റെ ഈ സങ്കീര്‍ണ്ണതകള്‍ അപരിചിതമായ വേഗത്തിലും അപ്രതീക്ഷമായ ഗതിമാറ്റങ്ങളിലും അതിലേറെ അതിശയകരമായ പ്രതീതികളിലും കൊരുത്ത് യുക്തിഭദ്രവും ഘടനാബദ്ധവുമായി അവതരിപ്പിക്കുന്ന നോവലാണ് നിദ്രാമോഷണം. ചിദംബരം സേതുനാഥ് എന്ന മെഡിക്കല്‍ ഡോക്ടര്‍ ചെറുപ്പം മുതല്‍ തന്നെ പലവിധത്തിലുള്ള അടിമത്വം സ്വീകരിക്കാന്‍ നിര്‍ബന്ധിതനായ വ്യക്തിയാണ്. എല്ലാത്തിനെയും ഭൗതികമായി മാത്രം കാണുന്ന സ്വഭാവം പതിയെ പതിയെ അയാളില്‍ നാമ്പിടുകയും അമ്മ, ഭാര്യ, മകള്‍ തുടങ്ങി കുടുംബബന്ധങ്ങളുടെ പതിവ് ചേരുവകള്‍ക്ക് വഴങ്ങാനാവാത്ത വിധത്തില്‍ അയാളുടെ ലോകം ചുരുങ്ങുകയും ചെയ്യുന്നു. എന്നാല്‍ അയാളിലെ സ്വാതന്ത്ര്യദാഹിയും സാമൂഹ്യജീവിയും പലപ്പോഴും പുറത്തുവരാന്‍ ശ്രമിക്കുന്നുണ്ട്. ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്ന കച്ചവടമത്സരങ്ങളും മരുന്നകള്‍ ഉണ്ടാക്കുന്ന വിപത്തുകളും ഒക്കെ പൊതുജനശ്രദ്ധയില്‍ എത്തണമെന്ന് അഗാധമായി ആഗ്രഹിക്കുന്നുണ്ട് അയാള്‍. പക്ഷേ സ്വകാര്യമായ ജീവിതത്തില്‍ ചിദംബരം മറ്റൊരു വിചിത്രജീവിയാണ്. നിലയ്ക്കാത്ത ആസക്തികളും, പൂര്‍ത്തീകരിക്കപ്പെടാത്ത പ്രണയാഭിലാഷങ്ങളും, ലഹരിയോടുള്ള കടുത്ത വിധേയത്വവും അതിലുപരി വിചിത്രമായ ഭാവനാലോകത്തു സാഹസികമായി സഞ്ചരിക്കുകയും ചെയ്യുന്ന രീതി കാണാം. തന്റെ ആസക്തികള്‍ക്കും സന്ദേഹങ്ങള്‍ക്കും അയാള്‍ ഉത്തരം തേടുന്നത് മൊബൈല്‍ ഫോണിലാണ്. അതിലെ നിഗൂഢമായ ഫോള്‍ഡറുകള്‍ അസാധാരണമായ സിഗ്നലുകളിലേക്കും അതുവഴി ജീവിതത്തിലെ അവിശ്വസനീയമായ പ്രതിസന്ധികളിലേക്കും അയാളെ നയിക്കുന്നു.
ചാരിറ്റി ഹോസ്പിറ്റലിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനായ ചിദംബരം, വിനായകമൂര്‍ത്തിയെന്ന രക്ഷപെടാന്‍ ഒട്ടും സാധ്യതയില്ലാത്ത രോഗിയെ മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശപ്രകാരം ഓപറേഷന്‍ നടത്തിയതിന്റെ സങ്കര്‍ഷത്തില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. അധാര്‍മ്മികതയും നൈതികരാഹിത്യവും കൊണ്ടു ഭ്രാന്തിലോളം എത്തിയ അയാള്‍ക്ക് ഏക ആശ്രയം പോണ്‍ സൈറ്റുകളായിരുന്നു. അതിന്റെ തീവ്രാഭിനിവേശങ്ങളില്‍ തൃപ്തികണ്ടെത്തിയ ചിദംബരം, മറ്റൊരു ലോകത്തേയ്ക്കും അനുഭവമണ്ഡലത്തിലേക്കും പ്രവേശിക്കുകയാണ്. അവിടെ യാഥാര്‍ത്ഥ്യമെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള നിരവധിയാളുകളെ വായനക്കാര്‍ക്ക് കണ്ടെത്താം. ദമയന്തി നായര്‍ എന്ന ഗവേഷക, പത്രപ്രവര്‍ത്തകനായ തേജസ്, പോലീസ് ഓഫീസര്‍ പ്രവീണ്‍ കുമാര്‍, ചരിത്രകാരനും ഗവേഷകനുമായ രവീന്ദ്രന്‍ കര്‍ത്താവ്, രാഷ്ട്രീയനേതാക്കളായ സി. ശ്രീകുമാര്‍, ജോസഫ് തോമസ് അങ്ങനെ ഒട്ടേറെപ്പേര്‍. കൂടാതെ ആന്റിക് വസ്തുക്കള്‍ കടത്തുന്ന പരിഷിത്തും ബഷീറും.
അബ്ദുള്‍ മക്കാര്‍ എന്ന വ്യവസായിയുടെ മരണവും അതിന്റെ പിന്നിലെ അധോലോകവും ഒക്കോ പോലീസിന്റെ ഭാഷ്യമനുസരിച്ച് വിശദീകരിക്കപ്പെടുമ്പോഴും, അതിലേക്കു സ്വയം എടുത്തെറിയപ്പെടുകയാണ് ചിദംബരം. കൊലചെയ്യപ്പെട്ട നിലയില്‍ കമിഴ്ന്നുകിടന്ന അബ്ദുള്‍ മക്കാറിന്റെ ശരീരത്തില്‍ പതിച്ച ടാറ്റൂവും ചിദംബരത്തിന്റെമേല്‍ പതിഞ്ഞ ടാറ്റൂവും തമ്മിലുള്ള സാദൃശ്യമാണ് പോലീസിന്റെ അന്വേഷണം അയാളിലേക്ക് എത്തിയത്. ലൈംഗികകേളികള്‍ മാത്രം ലക്ഷ്യം വയ്ക്കുന്ന നഗരകേന്ദ്രിത ഓര്‍ഗിഗ്രൂപ്പുകള്‍ക്കിടയിലെ കുടിപ്പകയാണ് അബ്ദുള്‍ മക്കാറിന്റെ കൊലയ്ക്കു പിന്നിലെന്നാണ് അന്വേഷകര്‍ ഒടുവില്‍ വിശദീകരിച്ചത്. എന്നാല്‍ പോലീസിന്റെ പതിവ് ഉദാസീനതകളെ പൊളിക്കേണ്ട ഉത്തരവാദിത്വവും ചിദംബരത്തില്‍ തന്നെയെത്തുന്നു. ഇവിടെ സവിശേഷമായി ശ്രദ്ധിക്കപ്പെടേണ്ട കാര്യം ദമയന്തിയെന്ന കഥാപാത്രത്തിന്റെ നിര്‍മ്മിതിയാണ്. പല വേഷങ്ങള്‍ കെട്ടിയാടുന്നവള്‍ എന്ന പ്രതീതിയുളവാക്കി മുന്നേറുന്ന അവള്‍ ചിദംബരത്തിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുന്ന, അഥവാ അയാളുടെ കാമനകളില്‍ പൂത്തുതളിര്‍ക്കുന്ന ഒരാളായി അവസാനം വരെ നിറഞ്ഞുനില്‍ക്കുന്നു. മൊബൈലും ദമയന്തിയും തനിക്കു ഒരുപോലെ പ്രിയപ്പെട്ടവര്‍ ആണെന്ന സൂചന നോവലില്‍നിന്നു തന്നെ ലഭിക്കും. കൂടാതെ, ഇവ രണ്ടും അപൂര്‍ണ്ണവും അവിശ്വസിക്കപ്പെടേണ്ടതുമാണെന്നും തിരിച്ചറിയാവുന്ന തരത്തിലാണ് ആഖ്യാനഘടന വികസിക്കുന്നതും.

  • ദൃശ്യലോകത്തിന്റെ പകര്‍പ്പുകള്‍

സമകാലിക കേരളീയജീവിതം, പ്രത്യേകിച്ചും കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ നേടിയ പ്രധാന സൂചകങ്ങളിലൊന്നു കാഴ്ചാസമൂഹമെന്ന നിലയ്ക്കുള്ള അതിന്റെ വിസ്മൃതിയാണ്. ഒന്നിനു പിന്നാലെ മറ്റൊന്നായി അവതരിക്കുന്ന ചാനലുകള്‍ വിഷയവൈവിധ്യങ്ങള്‍ക്കും മത്സരത്തില്‍ പിടിച്ചുനില്‍ക്കാനും വേണ്ടി ഒരുക്കുന്ന വിഭവങ്ങളില്‍ പലതും വ്യാജവും തിരക്കഥയ്ക്കനുസരിച്ചു തയ്യാറാക്കപ്പെട്ടതുമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. കാഴ്ചകള്‍ പോലും കള്ളം പറയുന്ന വക്രീകരിക്കപ്പെട്ട വാക്കുകളാല്‍ കബളിക്കപ്പെടുന്ന സ്ഥിതിവിശേഷത്തിലേക്ക് വാര്‍ത്താചാനലുകള്‍ പ്രേക്ഷകരെ എത്തിക്കുന്നതും അപൂര്‍വമല്ല. കെട്ടുകാഴ്ചകളുടെ കാര്‍ണിവലുകള്‍ ആയിമാറുന്ന ഇത്തരം ചരിത്രസന്ദര്‍ഭങ്ങളെ പുനര്‍ഗോത്രീകരണം (re-tribalisation  ) എന്ന പരികല്‍പ്പനയിലൂടെ സ്റ്റുവര്‍ട്ട് ഹാളിനെപ്പോലുള്ള സാംസ്‌ക്കാരിക വിമര്‍ശകര്‍ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

_________________________________
സമകാലിക കേരളീയജീവിതം, പ്രത്യേകിച്ചും കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ നേടിയ പ്രധാന സൂചകങ്ങളിലൊന്നു കാഴ്ചാസമൂഹമെന്ന നിലയ്ക്കുള്ള അതിന്റെ വിസ്മൃതിയാണ്. ഒന്നിനു പിന്നാലെ മറ്റൊന്നായി അവതരിക്കുന്ന ചാനലുകള്‍ വിഷയവൈവിധ്യങ്ങള്‍ക്കും മത്സരത്തില്‍ പിടിച്ചുനില്‍ക്കാനും വേണ്ടി ഒരുക്കുന്ന വിഭവങ്ങളില്‍ പലതും വ്യാജവും തിരക്കഥയ്ക്കനുസരിച്ചു തയ്യാറാക്കപ്പെട്ടതുമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. കാഴ്ചകള്‍ പോലും കള്ളം പറയുന്ന വക്രീകരിക്കപ്പെട്ട വാക്കുകളാല്‍ കബളിക്കപ്പെടുന്ന സ്ഥിതിവിശേഷത്തിലേക്ക് വാര്‍ത്താചാനലുകള്‍ പ്രേക്ഷകരെ എത്തിക്കുന്നതും അപൂര്‍വമല്ല. 
__________________________________ 

ചിദംബരം സേതുനാഥിന്റെ ഇരുണ്ട ലോകവും മാധ്യമവ്യവസ്ഥയക്കനുസരിച്ചു ചുവടുമാറുന്ന ഒന്നായാണ് നമ്മള്‍ കാണുന്നത്. അതിനു ചുക്കാന്‍ പിടിക്കുന്ന തേജസിനെപ്പോലുള്ള പത്രപ്രവര്‍ത്തകര്‍ ഏതു സ്‌ക്രൂപ്പിനുവേണ്ടിയും നൈതികബോധ്യങ്ങളെ കൈവിടുന്ന പുതുതലമുറ ജേര്‍ണലിസ്റ്റുകളുടെ പ്രതിനിധിയാണ്. (കെ.ആര്‍ മീരയുടെ ആരാച്ചാരിലെ സഞ്ജീവ്കുമാര്‍ മിശ്രയെ പെട്ടെന്നു ഓര്‍മ്മ വരും) കച്ചവടത്തിന്റെ സാധ്യതകളില്‍ മാത്രം ഊന്നുന്ന വ്യവഹാരമണ്ഡലങ്ങള്‍, പതിവ് നിഗൂഡതകളാല്‍ വിശദീകരിക്കപ്പെടാതെ പോവുന്നതാണ് നിദ്രാമോഷണത്തിന്റെ മറ്റൊരു പ്രമേയമെന്നു പറയാം. വസ്തുതകള്‍ക്കും വിശദീകരണങ്ങള്‍ക്കും പ്രസക്തിയില്ലാത്ത, കാഴ്ചകള്‍ക്കും അയുക്തികമായ ചര്‍ച്ചകള്‍ക്കും പ്രാധാന്യമുള്ള കേരളത്തിന്റെ കഴിഞ്ഞ ദശകത്തെ നന്നായി അവതരിപ്പിക്കാന്‍ നിദ്രാമോഷണത്തിനു കഴിഞ്ഞിട്ടുണ്ട്. കൂടാതെ, വിപണിക്കു വഴങ്ങുന്ന ആത്മീയവ്യവസായം, അറിവുല്‍പ്പാദനത്തിലെ വിശേഷിച്ചും സര്‍വകലാശാല ഗവേഷണരംഗത്തെ അനഭിലഷണീയമായ പ്രവണതകള്‍ തുടങ്ങി ഇന്നീക്കാണുന്ന ലോകത്തിന്റെ മറുപുറം വായിക്കാനുള്ള ശ്രമം കൂടിയാണിത്. പരിഷിത്ത് എന്ന കഥാപാത്രത്തിന്റെ പരിഹാസം പൊതിഞ്ഞ വാക്കുകള്‍ ഈ നോവലിന്റെ ആന്തരികതയെ നഗ്നമായി വെളിപ്പെടുത്തുന്നുണ്ട്. ”’അധോലോകമാണ് യഥാര്‍ത്ഥ ലോകം. അവിടെയാണ് ഒരു വസ്തുവിന്റെ യഥാര്‍ത്ഥ മൂല്യം ലഭിക്കുക. ഒരു മനുഷ്യന് അയാളുടെ യഥാര്‍ത്ഥ മൂല്യം ലഭിക്കുക. ഓരോ മനുഷ്യനും അവന്റെ അധോലോകങ്ങളില്‍ ആണ് സ്വന്തം സ്വത്വം ഏറ്റവും മുന്തിയ വിധത്തില്‍ അടയാളപ്പെടുത്തുക. ബാക്കി ലോകങ്ങള്‍ എല്ലാം കപടജീവിതത്തിന്റെ നാടകലോകമാണ്. മുകള്‍പ്പരപ്പില്‍ കാണുന്ന മുഖംമൂടി ലോകം.” (പുറം 170)

  • സ്വന്തം ബോധത്തിന്റെ ഇണ

വിനായകമൂര്‍ത്തിയുടെ ഓപറേഷന്‍ കഴിഞ്ഞ് വിശ്രമിച്ച ഇരുപതുമിനിട്ടുകള്‍ മാത്രമാണ് ആഖ്യാനത്തിന്റെ ഓരോ തിരിവുകളെയും നിര്‍ണ്ണയിച്ചതെന്നു നോവലിന്റെ ഒടുവിലത്തെ പേജില്‍ എത്തുമ്പോഴാണ് വായനക്കാര്‍ തിരിച്ചറിയുക. വിഭ്രാന്തിയും ആയുക്തികവുമായി സഞ്ചരിക്കുന്ന നമ്മുടെ ന്യൂറോണ്‍ വഴികള്‍ എത്ര വിചിത്രവും ഭാവനാനിര്‍ഭരവുമാണെന്ന് വെളിപ്പെടുത്തുന്ന പുസ്തകം കൂടിയാണിത്. സംസ്‌ക്കാരത്തിന്റെ ഭദ്രവും വിശുദ്ധവുമായ മേലാപ്പിനുള്ളില്‍ മനുഷ്യര്‍ എന്ന പരിഷ്‌കൃതനിര്‍വചനത്തിന്റെ ഭയരഹിത സ്വത്വം പേറി, ചരിത്രാരംഭം മുതലുള്ള അവന്റെ /അവളുടെ യാത്രയുടെ ആഖ്യാനം കൂടിയാണ് നിദ്രാമോഷണം. ഉറക്കത്തിനും തെളിച്ചത്തിനുമിടയില്‍, സ്വപ്നത്തിനും ജാഗ്രത്തിനുമിടയില്‍ മനുഷ്യര്‍ അലഞ്ഞുതീര്‍ത്ത വഴികളെ സമകാലികതയുമായി കണ്ണിചേര്‍ക്കുക കൂടിയാണ് ജീവന്‍ ചെയ്തത്. ഉറങ്ങി തെളിയുമ്പോള്‍ അവസാനിക്കുന്ന ഉത്കണ്ഠകള്‍ മാത്രം കൈമുതലാക്കിയ സമൂഹത്തോടുള്ള വിമര്‍ശനം മറ്റൊരു ആഖ്യാനതന്ത്രത്തിലൂടെ പ്രകടിപ്പിക്കുകയായിരുന്നുവെന്നും പറയാം.
ഭാവനയുടെ അന്ത്യം പ്രവചിക്കുന്ന യാന്ത്രികജീവിതത്തിന്റെ മടുപ്പിലും മനുഷ്യരുടെ വഴികള്‍ ഭിന്നവും വിചിത്രവും അപ്രവചനീയവുമാണ്. രതിയുടെ ഉത്സവങ്ങളും അധികാരത്തിന്റെ ആസക്തികളും പ്രണയത്തിന്റെ കാല്‍പ്പനികതയും, വിധേയത്വത്തിന്റെ പ്രതിഷേധങ്ങളും, ആത്മശുദ്ധീകരണത്തിന്റെ സാഫല്യവും
നിഷ്‌കളങ്കമായ ജൈവപ്രേരണകളും, സ്വകാര്യമായ സംതൃപ്തികളും എല്ലാം ചേര്‍ന്ന വിശദീകരണങ്ങള്‍ക്കു വഴങ്ങാത്ത എത്രയോ വിപുലമായ ലോകമാണ് മനുഷ്യഭാവനയ്ക്കു മുമ്പില്‍ കീഴടങ്ങിയിട്ടുള്ളത്. എഴുതപ്പെട്ട ചരിതങ്ങള്‍ മുഴുവന്‍ ഈ ഭാവനയുടെ പ്രഖ്യാപനങ്ങള്‍ ആണ്. ഇനി വരാനിരിക്കുന്നവയും അതുകൊണ്ടുതന്നെ ഉറക്കം വരാത്ത ഒരു രാത്രിയില്‍ വായിച്ചു തുടങ്ങിയ നിദ്രാമോഷണം എന്ന നോവല്‍ ഭാവനയെന്ന ശാപത്തെക്കുറിച്ചല്ല മറിച്ച്, ഉന്മാദിയായി മാറുന്ന മനുഷ്യഭാവനയുടെ വിചിത്രവും നിഗൂഡവുമായ തുടര്‍ച്ചകളെക്കുറിച്ചാണെന്നു ഉറപ്പിച്ചു പറയാം.

Top