“പ്രേമം” ആണത്തങ്ങളുടെ ഘോഷയാത്ര

പ്രേമം എന്ന സിനിമയിലെ ഓര്‍മ്മ, പ്രണയം, സന്തോഷം, നിഷ്‌കളങ്കത, സൂപ്പര്‍ ഹിറ്റ് എന്നൊക്കെയുള്ള അവകാശവാദങ്ങള്‍ അംഗീകരിച്ചുകൊടുക്കുമ്പോള്‍ ഈ ലേഘനത്തില്‍ പരാമര്‍ശിക്കുന്ന രാഷ്ട്രീയ പരിണാമങ്ങള്‍ കൂടി രേഖപ്പെടുത്താതെ തള്ളപ്പെട്ടുപോകരുത്, അതായത് പ്രേമം പോലുള്ള സാംസ്‌കാരിക രാഷ്ട്രീയ നിര്‍മ്മിതികള്‍ ഉണ്ടാകുമ്പോള്‍ പല വൈവിധ്യങ്ങളും തള്ളപ്പെട്ടുപോകുന്നത് അപകടം തന്നെയാണ്. ജാതിയും/മതവും/ആണത്തവും/ദളിത് വിരുദ്ധതയും/സിറിയന്‍ ക്രിസ്ത്യന്‍ മഹിമയും സംവിധാനത്തിലൂടെയും, കാഴ്ചയിലൂടെയും, ഷോട്ടുകളിലൂടെയും, സിനിമയുടെ വിവിധ തലങ്ങളിലൂടെ ഉള്ള രാഷ്ട്രീയ ടൂളുകളിലൂടെയും പ്രേമം മഹത്വവല്ക്കരിക്കുമ്പോള്‍ അതൊരപകടം തന്നെയാണ്. കോയ എന്ന ഒരു മുസ്ലീം സ്വത്വം ഒരു നായര്‍ സ്ത്രീയെ കല്യാണം കഴിക്കുന്നത് ഒരു വര്‍ത്തമാനത്തിലൂടെ പറഞ്ഞുപോകുമ്പോള്‍, ജാതിയെ ഒട്ടും ചോദ്യം ചെയ്യാത്ത ജോര്‍ജിന്റെ ഒരു സിറിയന്‍ ക്രിസ്ത്യന്‍ വിവാഹം ആഘോഷിച്ച് അവിടെ മാത്രമായി അവസാനിക്കുന്നത് തന്നെയാണ് ഈ സിനിമയുടെ രാഷ്ട്രീയം പ്രശ്‌നവും.

പ്രേമം എന്ന സിനിമ തുടങ്ങുന്നത് ജോര്‍ജ് എന്ന് ഒരു കൗമാരക്കാരന്‍ രണ്ടായിരമാണ്ടില്‍ ഒരു പ്രേമലേഖനം എഴുതി തുടങ്ങുന്നതിലൂടെയാണ്. ഓറഞ്ച് എന്ന വാക്ക് പ്രേമലേഖനത്തില്‍ എഴുതാന്‍ നിവിന്‍പോളിയുടെ കഥാപാത്രം ബുദ്ധിമുട്ടുന്നുണ്ടെങ്കിലും, വീട്ടില്‍ എന്ത് മീന്‍ വാങ്ങിക്കണം എന്നതും വാങ്ങുന്ന മീന്‍ തന്റെ ഇഷ്ടത്തിനനുസരിച്ചാവണം എന്നും അവന്‍ നിഷ്‌കര്‍ഷ വെക്കുന്നുണ്ട്. തന്റെ സഹോദരിക്ക് മീന്‍ കൊടുക്കേണ്ട എന്നും അവന്‍ പറയുന്നു. ഒരു കൗമാരക്കാരന്റെ നിഷ്‌കളങ്കമായ അഹങ്കാരമായിട്ടാണ് ഈ സീന്‍ നിര്‍മ്മിക്കപ്പെട്ടതെങ്കിലും, അത് അത്ര നിഷ്‌കളങ്കമൊന്നുമല്ല. ജോര്‍ജ്ജ് എന്ന കഥാപാത്രത്തിനെ സിനിമയില്‍ എസ്റ്റാബ്ലിഷ് ചെയ്യുന്നത് തന്നെ ഈ മീന്‍ വാങ്ങിക്കുന്നതിലേയും അത് വീതം വെക്കുന്നതിനെക്കുറിച്ചും ഉള്ള ”അമ്മ- മകന്‍” സംസാരങ്ങളിലൂടെയാണ്.
ആ സീന്‍ ഇങ്ങനെയാണ് തുടരുന്നത്. ജോര്‍ജ് വീടിന്റെ സ്ഥല പരിസരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങള്‍, അല്ലെങ്കില്‍ കാറ്റും വെളിച്ചവും ഒക്കെ കിട്ടുന്ന ഒരു ഏരിയയില്‍ ഇരുന്നു പ്രേമലേഖനം എഴുതുന്നു. അപ്പോള്‍ അയാളോട് സംസാരിക്കുന്ന അമ്മയുടെ ശബ്ദം മാത്രമാണ് കേള്‍ക്കുന്നത്. ”മോനെ, ചാള വാങ്ങ്‌ട്ടെടാ…” എന്നാണ് അമ്മ ചോദിക്കുന്നത്. അവിടെ ഏതുതരം ചാള വാങ്ങണം/ തനിക്കെത്ര വേണം തന്റെ സഹോദരി ചാള കഴിച്ചില്ലെങ്കിലും കുഴപ്പമില്ല എന്നു ജോര്‍ജ്ജ് തന്നെയാണ് നിര്‍ണ്ണയിക്കുന്നത്. പിന്നീട് പ്രേമലേഖനത്തില്‍ ചാള എന്ന വാക്ക് വന്നത് ജോര്‍ജിനെ അസ്വസ്തതപ്പെടുത്തുന്നുമുണ്ട്. ജോര്‍ജിന്റെ അമ്മയെ സീനില്‍ കാണിക്കാതെ അടുക്കളയില്‍ നിന്നോ അതിനും പുറത്ത് നിന്നുള്ള ഒരു ശബ്ദമായാണ് സിനിമ രേഖപ്പെടുത്തുന്നത്. സ്ത്രീകളെ കുടുംബത്തിലെ അധികാര സ്ഥാനങ്ങളില്‍ നിന്നും പുറന്തള്ളി വീടിന്റെ തന്നെ സ്ഥലപരിസരങ്ങളില്‍, അടുക്കളയില്‍ കൃത്യമായി പ്രതിഷ്ഠിച്ചുകൊണ്ട് ഇത് മുന്നോട്ട് പോകുന്നത്.
ഈ സിനിമയിലെ സ്ത്രീകളുടെ പ്രതിനിധാനത്തില്‍ സവര്‍ണ ആണ്‍കോയ്മയുടെ ഭാഷ ശക്തമായി പുതിയ രീതിയില്‍ പിന്തുടരുകയാണ് ചെയ്യുന്നത്. മേരി എന്ന കഥാപാത്രത്തിന്റെ ഗോഡ് ഫാദര്‍ ആയി അച്ചന്‍ ഉണ്ട്. കൂടെ എന്നും ഒരു ആണ്‍ സംരക്ഷകനുമുണ്ട്. അവസാനം അവര്‍ കല്യാണം കഴിച്ച് അമേരിക്കയിലേക്ക് പോവുകയാണ്. ഇതിലൂടെ സ്ത്രീകളുടെ അധികാരത്തിനു കൂച്ചുവിലങ്ങിടുന്ന ആണത്ത മനസ്സിനെ സിനിമയുടെ ടെക്സ്റ്റിലേക്ക് സന്നിവേശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തെ ഒക്കെ ചോദ്യം ചെയ്യുക എന്നത് സിനിമ നിര്‍മാതാക്കളുടെ ഉത്തരവാദിത്തമായി കാണാന്‍ പറ്റില്ലെങ്കിലും ഈ ആണ്‍കോയ്മയെ പിന്‍പറ്റി സ്ത്രീ പക്ഷത്ത് നിന്നുള്ള ചോദ്യങ്ങള്‍ ഉണ്ടാകുന്നില്ല എന്നത് ഒരു വാസ്തവം തന്നെയാണ്.
മലര്‍ എന്ന കഥാപാത്രത്തില്‍ തന്റെ വിദ്യാര്‍ത്ഥിയുമായുള്ള പ്രണയം വിദ്യാര്‍ത്ഥി/അധ്യാപകര്‍ എന്ന സിസ്റ്റത്തിന്റെ വ്യവസ്ഥാപിതമായ സങ്കേതങ്ങളെ തകര്‍ക്കുന്നുണ്ട്. പക്ഷെ അതും മലരിന്റെ ഓര്‍മ്മ നഷ്ടപ്പെടുത്തുന്നതിലൂടെ ഇല്ലായ്മചെയ്യുകയാണ്. അവിടെയും മലരിനെയാണ് ഇരയാക്കുന്നത്. അതുപോലെ മിശ്രവിവാഹത്തിന്റെ സാധ്യതയെ അടയ്ക്കുന്നതിലൂടെ രണ്ട് ജാതികള്‍ തമ്മിലുള്ള മിശ്രജീവിതത്തിനെ ഒഴിവാക്കുന്നു. ഇന്ത്യയില്‍ ജാതിയെ തകര്‍ക്കുന്നതിനു മിശ്ര വിവാഹത്തിന്റെ സാധ്യതകള്‍ ശക്തമായി ചര്‍ച്ച ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് ഇത്തരം പ്രതിലോമപരമായ സൃഷ്ടികള്‍ പടച്ചുവിടുന്നത്. മലരും കുടുംബത്തിലെ കസിനും ആയുള്ള കല്യാണത്തിലൂടെ അവളെയും കൃത്യമായ പുരുഷ സംരക്ഷണയില്‍ തന്നെ തളച്ചിടുകയാണ്. സെലിന്‍ എന്ന സിറിയന്‍ ക്രിസ്ത്യാനി പെണ്‍കുട്ടിയെ നന്നായി സിനിമ താലോലിച്ചു ഒരു ചോദ്യം ചെയ്യപ്പെടലിനും മുതിരാത്ത, നല്ല പെണ്‍കുട്ടിയായി അച്ചില്‍ വാര്‍ക്കുന്നുമുണ്ട്. ഇന്റീരിയര്‍ ഡിസൈനിംഗ് കഴിഞ്ഞ, ഷോപ്പിംഗ് ചെയ്യുന്ന, കേക്ക് വാങ്ങി പിറന്നാള്‍ ആഘോഷിക്കുന്ന, നല്ല സാമ്പത്തിക ഭദ്രതയുള്ള, സിറിയന്‍ ക്രിസ്ത്യന്‍ സാമൂഹിക ബാധ്യതയുടെ ഉള്ളില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയായി അവസാനം കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്ന ഒരു സര്‍ക്കിളില്‍ അവള്‍ അങ്ങനെ ചുരുക്കപ്പെടുന്നു. അവളോട് മോശമായി പെരുമാറുന്ന, അവളുടെ ജീവിതപങ്കാളി ആകാന്‍ പോകുന്ന ആളോട് നല്ല നാല് വര്‍ത്തമാനം പോലും അവള്‍ പറയുന്നില്ല. അയാളെ ഡീല്‍ ചെയ്യുന്നതും ജോര്‍ജ്ജിന്റെ തന്നെ സംഘമാണ്. ജോര്‍ജിന്റെ സഹോദരിയാവട്ടെ ഈ സിനിമയില്‍ ഒരു ഒറ്റ ഷോട്ടില്‍ മാത്രമാണുള്ളത്. അതും ജോര്‍ജിനെ മറികടന്ന ഫ്രെയിമില്‍ അപ്രധാനമായ ഒരു ഷോട്ട്. ജോര്‍ജിന്റെ അമ്മയാവട്ടെ സിനിമയുടെ അവസാനം അമ്മക്ക് ശബ്ദം കൊടുത്തത് രഞ്ജിനി ചാണ്ടി എന്ന എഴുതിക്കാണിക്കലായി ആയി അവസാനിക്കുന്നു. കോളേജിലെ പെണ്‍കുട്ടികള്‍ ജോര്‍ജിന്റെയും കൂട്ടരുടെയും ആണത്ത റാഗിങ്ങിന് ഇരയായി ഒറ്റക്ക് പ്രതികരിക്കാതെ നില്‍ക്കുന്ന പ്രതിനിധാനങ്ങളാണ്. ജോര്‍ജിന്റെ പ്രേമലേഖനത്തില്‍ ചാള എന്ന പേര് കേറി വരുമ്പോള്‍, ആ … അതെഴുതുമ്പോള്‍ മീന്‍കാരി വന്നിരുന്നു എന്നുള്ള ജോര്‍ജിന്റെ സുഖകരമല്ലാത്ത പറച്ചിലില്‍, അരയ-മുക്കുവ സമുദായ സ്ത്രീ ജീവിതങ്ങളോടുള്ള അസഹിഷ്ണുതയും പ്രകടമാകുന്നുണ്ട്.
സിനിമയിലെ ഒരു ക്ലാസ് മുറിയുടെ കണ്‍സ്ട്രക്ഷന്‍ തന്നെ ആണ്‍കുട്ടികള്‍ താളം കൊട്ടി പാട്ട് പാടുമ്പോള്‍, അവരുടെ ഉടലും ശബ്ദവും ഒക്കെ പൊട്ടിത്തെറിക്കുമ്പോള്‍, പെണ്‍കുട്ടികള്‍ സ്വയം ഒതുങ്ങി അവരുടെ ശാരീരിക ചലനത്തിനും നോട്ടത്തിനും ചിരിക്കും ഒക്കെ നിയന്ത്രണം രേഖപ്പെടുത്തി ഇരിക്കുന്ന മട്ടിലാണ്. അങ്ങനെ പല തരത്തിലും സ്ത്രീകള്‍ക്ക് നിയന്ത്രണരേഖകള്‍ നിര്‍മിച്ചുകൊണ്ട് ഈ സിനിമ ”നിഷ്‌കളങ്കമായി” ആയി മുന്നോട്ടുപോകുന്ന രാഷ്ട്രീയ ടെക്സ്റ്റാണ്. ഇത് തൊണ്ണൂറുകളിലും രണ്ടായിരത്തിലും ഉണ്ടായ മമ്മൂട്ടി/മോഹന്‍ലാല്‍/സുരേഷ്‌ഗോപി/ജയറാം/ദിലീപ് സിനിമകളിലൂടെ പ്രത്യക്ഷമായ സ്ത്രീ വിരുദ്ധതയുടെ /ദളിത് വിരുദ്ധതയുടെ തുടര്‍ച്ച തന്നെയാണ്.

_____________________________________
സിനിമയിലെ ഒരു ക്ലാസ് മുറിയുടെ കണ്‍സ്ട്രക്ഷന്‍ തന്നെ ആണ്‍കുട്ടികള്‍ താളം കൊട്ടി പാട്ട് പാടുമ്പോള്‍, അവരുടെ ഉടലും ശബ്ദവും ഒക്കെ പൊട്ടിത്തെറിക്കുമ്പോള്‍, പെണ്‍കുട്ടികള്‍ സ്വയം ഒതുങ്ങി അവരുടെ ശാരീരിക ചലനത്തിനും നോട്ടത്തിനും ചിരിക്കും ഒക്കെ നിയന്ത്രണം രേഖപ്പെടുത്തി ഇരിക്കുന്ന മട്ടിലാണ്. അങ്ങനെ പല തരത്തിലും സ്ത്രീകള്‍ക്ക് നിയന്ത്രണരേഖകള്‍ നിര്‍മിച്ചുകൊണ്ട് ഈ സിനിമ ”നിഷ്‌കളങ്കമായി” ആയി മുന്നോട്ടുപോകുന്ന രാഷ്ട്രീയ ടെക്സ്റ്റാണ്. ഇത് തൊണ്ണൂറുകളിലും രണ്ടായിരത്തിലും ഉണ്ടായ മമ്മൂട്ടി/മോഹന്‍ലാല്‍/സുരേഷ്‌ഗോപി/ജയറാം/ദിലീപ് സിനിമകളിലൂടെ പ്രത്യക്ഷമായ സ്ത്രീ വിരുദ്ധതയുടെ /ദളിത് വിരുദ്ധതയുടെ തുടര്‍ച്ച തന്നെയാണ്.
_____________________________________

പക്ഷെ പുതിയ കാലഘട്ടത്തില്‍ വളരെ സബ്റ്റിലായി ഇത് ആവര്‍ത്തിക്കുന്നു എന്നെയുള്ളൂ.
സാമൂഹ്യ മുന്നേറ്റങ്ങളിലെ ഇടപെടലുകളും ചിന്താപരമായ ഉണര്‍വ്വുകളും ബ്ലാക്ക് ഫെമിനിസം അടക്കമുള്ള സ്ത്രീവാദങ്ങളും മാത്രമല്ല, പുതിയ വിദ്യാഭ്യാസവും വേതനവും ആഗോളവല്‍ക്കരണത്തിനു ശേഷമുള്ള സ്ത്രീകളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. കമ്മ്യൂണിക്കേഷന്‍ (മൊബൈല്‍ഫോണ്‍ പോലുള്ള) വിപ്ലവങ്ങളും നിര്‍ണ്ണായകമാണ്. ജാതിയെയും കുടുംബത്തെയും പുരുഷാധികാര വ്യവസ്ഥയെയും മറികടക്കാന്‍ ഇത്തരം മാറ്റങ്ങള്‍ സ്ത്രീക്ക് കുറെയൊക്കെ പ്രാപ്തി നല്‍കിയിട്ടുണ്ട്. മാത്രമല്ല, കുടുംബം എന്ന വ്യവഹാരത്തില്‍ തന്നെ, അതിന്റെ അധികാര ഘടനയില്‍ സ്ത്രീകളുടെ ഇടപെടലില്‍ ഒക്കെ സ്വാഭാവികമായ രാഷ്ട്രീയ പരിണാമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു ചെറിയ ഉദാഹരണത്തിന് 90-കളിലെ കേബിള്‍ ടീവി കേരളത്തിലെ കുടുംബങ്ങളില്‍ സ്ഥാനം പിടിച്ചപ്പോള്‍ സ്ത്രീകളുടെ വീട്ടിലെ അധികാരഘടനയില്‍ വിള്ളല്‍ വീഴുകയുണ്ടായി. അവര്‍ കൂടുതലായി സാറ്റലൈറ്റ് ചാനലുകളിലെ വാര്‍ത്തകളും സീരിയലുകളും സിനിമയും ഒക്കെ കാണാന്‍ തുടങ്ങി. സീരിയലുകളുടെ സമയത്തിനനുസരിച്ചു വീടുകളിലെ രാത്രി ഭക്ഷണത്തിന്റെ സമയം മാറുകയുണ്ടായി. അതിനു കണക്കായി അധികാരം കുടുംബത്തില്‍ കയ്യാളുന്ന പുരുഷന്‍ രാത്രി ഭക്ഷണത്തിനൊക്കെ കാത്തു നില്‍ക്കേണ്ടതായും വന്നു. അല്ലെങ്കില്‍ പുരുഷന്‍ അതിനോടൊക്കെ യോജിച്ചു നില്‍ക്കേണ്ടതായും വന്നു. കോളേജ് വിദ്യാഭ്യാസം, സ്വകാര്യ കമ്പനി ജോലികള്‍ കേരളത്തിനു പുറത്തെ വിദ്യാഭ്യാസം, ബാംഗ്ലൂര്‍ പോലുള്ള മെട്രോ സിറ്റികളിലെ ജീവിതം, വിദേശ വാസം എന്നിവയിലൂടെ മറ്റു വ്യവസ്ഥാപിതമായ രാഷ്ട്രീയ ധാരകളുടെ മുന്നേറ്റങ്ങള്‍ക്കൊപ്പം സ്വന്തം ജീവിതത്തിലും മാറ്റങ്ങള്‍ വന്നുതുടങ്ങി. (മറുപക്ഷത്ത് ഓരോ കാലഘട്ടങ്ങളിലും ഇവ ആക്രമിക്കപ്പെട്ടിരുന്നു എന്നത് വാസ്തവം). അങ്ങനെ കേരളത്തിലെ സ്ത്രീകള്‍ കുടുംബം, സമൂഹം, വ്യവസ്ഥിതി എന്നി ഇടങ്ങളിലെ സ്വകാര്യമായ പല തച്ചുതകര്‍ക്കലും നടത്തമ്പോള്‍ അതിനെ ഒക്കെ നിരാകരിച്ചാണ്, ഒരു സഹോദരിയുടെ മീന്‍ കഷണങ്ങളുടെ എണ്ണം, അക്ഷരം നേരാവണ്ണം എഴുതാന്‍ അറിയാത്ത ജോര്‍ജ് നിര്‍ണ്ണയിക്കുന്നത്. ജോര്‍ജ് കാമ്പസിലൊക്കെ പ്രേമിച്ചു പോയി വിലസുമ്പോള്‍ ജോര്‍ജിന്റെ സഹോദരിയുടെ സ്വത്വം പാടെ ഈ സിനിമ നിരാകരിച്ചു കളയുന്നുണ്ട്. ഇതൊക്കെ വെറും ജോര്‍ജ്ജ് എന്ന മനുഷ്യന്റെ വെറും പൊട്ടത്തരവും നിഷ്‌കളങ്കതയും കണക്കാക്കപ്പെടുകയല്ലേയെന്നു ചോദിക്കപ്പെടാം. എന്നാല്‍ ഇത്രയധികം സ്ത്രീകളുടെ പൊട്ടിത്തെറികള്‍ ഉണ്ടായിട്ടും അതൊന്നും കാണാതെ ജോര്‍ജിന്റെ നിഷ്‌കളങ്കതയുമായി കുടുംബത്തിന്റെ അധികാരഘടനയും ചേര്‍ത്ത് വെച്ചു ആണ്‍കോയ്മയുടെയും ജാതി മേന്മയുടെയും സ്ഥാപനവല്കരണത്തിനുവേണ്ടി ഉണ്ടാക്കിയ സിനിമ മാത്രമാണ് പ്രേമം.
എണ്‍പതുകള്‍ക്ക്മുമ്പും അതിനുശേഷവും കാലാകാലങ്ങളായി താലോലിച്ചു പോരുന്ന, അല്ലെങ്കില്‍ അങ്ങനെ വിശ്വസിച്ചുപോരുന്ന ആണത്ത സ്വരൂപങ്ങളെ ഈ സിനിമയും പൂജിച്ചു പൊലിപ്പിക്കുന്നുണ്ട്. മേരി എന്ന പെണ്‍കുട്ടിയോട് ജോര്‍ജ് പ്രണയം പറയുമ്പോള്‍ തന്റെ പ്രണയഭാവനകളെ മോഹന്‍ലാല്‍ എന്ന കേരളത്തിന്റെ റൊമാന്റിക് സ്വത്വത്തിലേക്ക് ചേര്‍ത്ത് വെക്കുക കൂടിയാണ് ചെയ്യുന്നത്. മോഹന്‍ലാലിന്റെ പഴയ പ്രണയ വിക്ഷേപണങ്ങള്‍ മിക്കവാറും സ്ത്രീ വിരുദ്ധവും അതേ സമയവും ദളിത് വിരുദ്ധവും ഒക്കെ ആയി പ്രവര്‍ത്തിച്ചിരുന്നവയാണ്. മോഹന്‍ലാല്‍ അഭിനയിച്ച ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പു’കളിലെ സോളമന്റെ ഉത്തമ ഗീതകത്തിലെ ‘നമുക്ക് മുന്തിരിവള്ളികള്‍ തേടി പോകാം’ എന്ന വരികളൊക്കെയാണ് നിവിന്‍ പോളിയുടെ ജോര്‍ജ് ഉരുവിട്ട് പഠിക്കുന്നത്. ഗ്രാമം/മുന്തിരിവള്ളി/മുന്തിരി വള്ളിയെ ‘റൊമാന്റൈസ്’ ചെയ്യുക എന്നീ വ്യവഹാരങ്ങള്‍ക്കിടയില്‍ ഗ്രാമത്തിലെ ജാതി, മുന്തിരി വള്ളി സൃഷ്ടിക്കപ്പെടുന്നതിലെ തൊഴില്‍ ശക്തി, അതിന്റെ ദളിത് അവസ്ഥകള്‍ ഒക്കെ നിരാകരിക്കപ്പെടുന്നുണ്ട്. അതായത്, മുന്തിരിവള്ളികള്‍ നിര്‍മ്മിക്കപ്പെടുന്നതിലെ ദളിത് അല്ലെങ്കില്‍ ദളിത് സ്ത്രീ ജീവിതങ്ങളെ നിരാകരിച്ചുകൊണ്ടാണ് സോളമന്റെ ഉത്തമ ഗീതത്തിലെ ഗ്രാമം, മുന്തിരിപ്പാടങ്ങള്‍, പ്രണയം എന്നിവപോലും നിര്‍മ്മിക്കപ്പെടുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പ്രണയം, മുന്തിരിപ്പാടം, ഗ്രാമം എന്നിവയൊക്കെ ചേര്‍ത്ത് വെച്ചു പുറമോടിയില്‍ പ്രേമത്തിനെ വെച്ചുകാച്ചുമ്പോള്‍ ഗ്രാമം എന്ന ആശയത്തിലെ ജാതി തുടച്ചു മാറ്റപ്പെടുന്നുണ്ട്.
ഇതിവിടെ മാത്രം നിക്കുന്നില്ല. ഇത്തരം ആണത്ത സ്വരൂപങ്ങളെ പല ഇടത്തിലും പല രൂപങ്ങളിലും ഈ സിനിമ ക്യത്യമായി പ്രതിഷ്ഠിച്ചു വെയ്ക്കാനും ശ്രമിക്കുന്നുണ്ട്. മാത്രമല്ല; മലയാള സിനിമ തന്നെ വളര്‍ത്തിയെടുത്ത ദളിത് വിരുദ്ധ സ്ത്രീ/ദളിത് സ്ത്രീ വിരുദ്ധ അധികാരങ്ങളെ കൊണ്ട്; അപരങ്ങളായ ന്യൂനപക്ഷ ദളിത് സ്വരൂപങ്ങളെ ഇല്ലയ്മ ചെയ്യാനും ശ്രമിക്കുന്ന ആണത്തങ്ങളുടെ ഘോഷയാത്രയും ഈ സിനിമ നടത്തുന്നുണ്ട്. സിനിമയിലെ ഒരു സീനില്‍ ജോര്‍ജ് തന്റെ കൂട്ടുകാരായ കോയയെയും ശംബുവിനേയും ഫോണ്‍ ചെയ്യാന്‍ പോകുമ്പോള്‍ ജോര്‍ജിന്റെ സഹോദരി ”അമ്പാടി പയ്യുകള്‍ മേയും കാണാതീരത്ത്” എന്ന പാട്ട് ടിവിയില്‍ കണ്ടുകൊണ്ടിരിക്കുകയാണ്.ടിവി വെച്ചിരിക്കുന്ന വീട്ടിലെ പ്രധാന ഇടം ഷൂട്ട് ചെയ്തിരിക്കുന്നത് ജോര്‍ജിനേയും മറികടന്നുള്ള ഒരു അങ്കിളിലൂടെയാണ്.

__________________________________
മലയാള സിനിമ തന്നെ വളര്‍ത്തിയെടുത്ത ദളിത് വിരുദ്ധ സ്ത്രീ/ദളിത് സ്ത്രീ വിരുദ്ധ അധികാരങ്ങളെ കൊണ്ട്; അപരങ്ങളായ ന്യൂനപക്ഷ ദളിത് സ്വരൂപങ്ങളെ ഇല്ലയ്മ ചെയ്യാനും ശ്രമിക്കുന്ന ആണത്തങ്ങളുടെ ഘോഷയാത്രയും ഈ സിനിമ നടത്തുന്നുണ്ട്. സിനിമയിലെ ഒരു സീനില്‍ ജോര്‍ജ് തന്റെ കൂട്ടുകാരായ കോയയെയും ശംബുവിനേയും ഫോണ്‍ ചെയ്യാന്‍ പോകുമ്പോള്‍ ജോര്‍ജിന്റെ സഹോദരി ”അമ്പാടി പയ്യുകള്‍ മേയും കാണാതീരത്ത്” എന്ന പാട്ട് ടിവിയില്‍ കണ്ടുകൊണ്ടിരിക്കുകയാണ്.ടിവി വെച്ചിരിക്കുന്ന വീട്ടിലെ പ്രധാന ഇടം ഷൂട്ട് ചെയ്തിരിക്കുന്നത് ജോര്‍ജിനേയും മറികടന്നുള്ള ഒരു അങ്കിളിലൂടെയാണ്.
__________________________________ 

ആ ഷോട്ടില്‍ ജോര്‍ജിന്റെ ടെലിഫോണ്‍ ചെയ്യാനുള്ള അഭ്യാസങ്ങള്‍ പ്രധാനമായും ഇതേ സമയം അപ്രധാനമായ ഒരു സാനിധ്യമായാണ് ജോര്‍ജിന്റെ സഹോദരിയെ കാണിക്കുന്നത്. ഇപ്രകാരം ഷോട്ടുകളിലൂടെ പോലും അപരവല്‍കരണം നടത്തുന്നുണ്ട് ഈ സിനിമ. എഡിറ്റിങ്ങിലും സ്‌ക്രിപ്റ്റിങ്ങിന്റെ രീതിയിലും ഡയലോഗിലും ഒക്കെ ഈ സിനിമ പുതിയ ഒരു ഭാഷ മലയാളത്തിനു നല്‍കുന്നുണ്ടെങ്കിലും അതിനും മേല്‍ അപരസ്വത്വങ്ങളുടെ തിരസ്‌ക്കാരങ്ങളാണ് ഈ സിനിമ നടത്തുന്നത്.
ഒരു പക്ഷേ മോഹന്‍ലാല്‍ ഉണ്ടാക്കി എന്നറിയപ്പെടുന്ന ആണ്‍പ്രണയങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ദിലീപ് അഭിനയിച്ച ”അമ്പാടി പയ്യുകള്‍”് എന്ന ഒരു പാട്ട് കേള്‍പ്പിക്കുന്നതിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്. ഓര്‍മകളിലൂടെ,പ്രണയത്തിലൂട, പാട്ടിലൂടെ ജോര്‍ജ് അവസാനം നടത്തുന്ന ബിസിനസ്സിലൂടെ, കല്ല്യണത്തിലൂടെ കേരളത്തിലെ സവര്‍ണ നായര്‍/സിറിയന്‍, തമിഴ് വിരുദ്ധ ആണത്തങ്ങളുടെ എസ്റ്റാബ്‌ളിമെന്റിന്റെ തുടര്‍ച്ച ഈ സിനിമ കാണിച്ചുവെക്കുന്നുണ്ട്. ഇതിനുവേണ്ടി രാജമാണിക്യം എന്ന സിനിമയെ പൊക്കിയെടുത്ത് ”തള്ളേ…….കലിപ്പ് തീരുന്നില്ല” എന്ന ഡയലോഗിലൂടെയാണ് രണ്ടായിരത്തി അഞ്ച് എന്ന വര്‍ഷം കാണിക്കുന്നത്.രാജമാണിക്യത്തിലെ ഡയലോഗ് മമ്മൂട്ടിയുടെ കഥാപാത്രം ഒരു തമിഴന്‍ പോത്ത് കച്ചവടക്കാരനോട് പറയുന്നതാണ്. അതില്‍ തമിഴന്‍ രാജമാണിക്യത്തിന്റെ തല്ലു വാങ്ങിച്ചു കൂട്ടുന്നുമുണ്ട്. തമിഴര്‍ എന്നത് മലയാളിക്ക് പലപ്പോഴും തല്ല് കൊടുക്കാനും കളിയാക്കാനും പാണ്ടി എന്ന് വിളിക്കാനുമുള്ള ഉരുപ്പടികള്‍ ആണല്ലോ.അതുപോലെ ജോര്‍ജിന്റെ അച്ഛനായി വരുന്ന രഞ്ജി പണിക്കരുടെ ഇംഗ്ഗീഷ് ഡയലോഗും തൊണ്ണൂറുകളില്‍ അദ്ദേഹത്തിന്റെ തന്നെ എഴുത്തിന്‍ വന്ന സുരേഷ് ഗോപിയുടെ ആണ്‍ഡയലോഗുകളുടെ ആവര്‍ത്തനമാകുന്നുണ്ട്. തൊണ്ണൂറുകളിലെ സുരേഷ്‌ഗോപിയുടെ ആണ്‍ ഡയലോഗുകള്‍ എത്രമാത്രം ജനാധിപത്യവിരുദ്ധവും സ്ത്രി വിരുദ്ധവും മുസ്സീം വിരുദ്ധവും ദളിത് വിരുദ്ധവും ആണെന്നത് ആ സിനിമകളിടെ ചരിത്രം പരിശോധിച്ചാല്‍ മതിയാകും.ഡയലോഗുകള്‍ക്കും ബലാല്‍സംഗങ്ങള്‍ക്കും പ്രത്യക്ഷമായ വയലന്‍സുകള്‍ക്കുമപ്പുറം കടന്നു സ്ഥലം/സീന്‍/ഷോട്ട്/പ്രേമം/ഇടപെടല്‍ അങ്ങനെയുള്ള വിവിധ ഘടകങ്ങളിലൂടെ ആണത്ത രൂപങ്ങളെ വിവിധ കാലങ്ങളിലായി മോഹലാലിലൂടെയും ദിലീപിലൂടെയും മമ്മുട്ടിയിലൂടെയും സുരേഷ്‌ഗോപിയിലൂടെയും ക്യത്യമായി എസ്റ്റാബ്‌ളിഷ് ചെയ്തു കൊണ്ടാണ് ഈ സിനിമയും മുന്നോട്ടു പോകുന്നത്.

ജോര്‍ജിന്റേയും കൂട്ടരുടെയും കോളേജ് ജീവിത്തിന്റെ ഒരു ഘട്ടത്തിലെ എന്‍ട്രി സീന്‍തന്നെ മുണ്ടും കറുത്ത ഷര്‍ട്ടും ഇട്ടുകൊണ്ട് ഒരു സംഘര്‍ഷം ഉണ്ടാകുന്ന രംഗത്തിലൂടെയാണ്.സ്‌ളോമോഷനും ഒക്കെ ചേര്‍ത്ത് ആ സീന്‍ ഒരു ആണത്തത്തിന്റെ ആഘോഷം തന്നെ ആക്കി മാറ്റുന്നുണ്ട്.ഇത് ‘ക്‌ളാസ്സമേറ്റ്‌സ്’ തുടങ്ങിയ കാമ്പസ് സിനിമകളില്‍ മുമ്പ് ചെയ്തുകൂട്ടിയതുമാണ്.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകള്‍ക്ക് ശേഷവും അതിനിമുമ്പും പുതിയ നൂറ്റാണ്ടിലും ഒക്കെ വ്യവസ്ഥാപിതമായ ആണത്ത ശരീര ഭാഷയെ ചോദ്യം ചെയ്ത്‌കൊണ്ട് പല രാഷ്ട്രീയ സംവാദങ്ങളും കേരളത്തിലെ കാമ്പസുകളില്‍ ഉണ്ടായിട്ടുണ്ട്.എഴുപതുകളിലെ ഹിപ്പി ശരീരഭാഷകള്‍,ബോബ് മേര്‍ളിയെ അനുകരിച്ചു കൊണ്ടുള്ള ശരീരഭാഷകള്‍,ബാബു ആന്റിണിയെ പോലുള്ള നടന്‍മാരെ അനുകരിച്ചുകൊണ്ടുള്ള ശരീരഭാഷ,ജെറ്റ് ലി, ജാക്കി ചാന്‍ പോലുള്ളവരുടെ കുങ്ങ്ഫു/കരാട്ടെ ശരീരഭാഷ എന്നിവയൊക്കെ ചേര്‍ന്നു കേരള കാമ്പസിലെ എസ് എഫ് ഐ/കെ എസ് യുകാര്‍ പ്രചരിപ്പിച്ച മുണ്ട്‌പോലുള്ള വസ്ത്ര സങ്കല്‍പ്പങ്ങള്‍ പൊളിയുന്നുണ്ട്. അതിനുമപ്പുറം ഗാന്ധിയുടെയൊക്കെ വേഷവിധാനത്തിന്റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്തു കൊണ്ട് ആത്മാഭിമാനത്തിന്റെ വേഷമായി അംബേദ്കര്‍ തെരഞ്ഞെടുത്ത വേഷങ്ങളെക്കുറിച്ചും ഈ കാലഘട്ടങ്ങളില്‍ ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. അത് ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുക, പെണ്‍കുട്ടികളും ജീന്‍സ് ധരിക്കുകയും മറ്റു പല വസ്ത്രധാരണങ്ങളുടെ പരീക്ഷണങ്ങളും ആയാണ് മുന്നോട്ടുപോയത്. പക്ഷെ, പ്രേമം എന്ന സിനിമയില്‍ കാമ്പസിന്റെ ആണത്തങ്ങളെ രേഖപ്പെടുത്തുന്നത് മുണ്ടും ഷര്‍ട്ടും (എസ് എഫ് ഐ/കെ.എസ്.യു നേതാക്കളുടെ അല്ലെങ്കില്‍ കേരളത്തിന്റെ സവര്‍ണ ആണത്ത വേഷം) എന്നത് കൊണ്ട് തന്നെ ആണ്. ‘പുത്തന്‍ കാലം’ ‘പുതുപുത്തന്‍ ജനറേഷന്‍’ എന്നൊക്കെ സിനിമയില്‍ ഇടക്കിടക്കൊക്കെ പാട്ട് പാടുന്നുണ്ടെങ്കിലും, കാമ്പസിനെയും ആണത്തത്തെയും ഒക്കെ രേഖപ്പെടുത്തുന്നത് ഇത്തരം മുണ്ട്/ഓണം/പെണ്‍കുട്ടികളെ റാഗ്‌ചെയ്യല്‍/ക്ലാസ്സില്‍ കയറുന്നതിനു മുമ്പുള്ള കള്ളുകുടി/ടീച്ചറോടുള്ള പ്രേമം എന്ന അധികാരം എന്നിങ്ങനെയുള്ള പഴയ രീതികളിലൂടെയാണ്.
രണ്ടായിരത്തിനുശേഷം പല കാമ്പസുകളിലും, കാമ്പസുകളിലെ കീഴാള-ദളിത് വിരുദ്ധതയും അതിനെ പ്രതിരോധിക്കേണ്ട രീതികളെയും ഒക്കെ കുറിച്ച് ചര്‍ച്ച ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. ഒരു പക്ഷേ അതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ദളിതരുടെ രാഷ്ട്രീയ കര്‍തൃത്വം നിര്‍വഹിക്കപ്പെടുന്നത് അവരുടെ വിദ്യാഭ്യാസത്തിലൂടെ ആയിരിക്കും എന്ന് കരുതുന്ന സമൂഹം അയ്യങ്കാളിയുടെയും അംബേദ്കറുടെയും ഒക്കെ രാഷ്ട്രീയം പിന്‍പറ്റി ക്ലാസ്സിലേക്ക് കയറുമ്പോള്‍ കള്ള് കുടിക്കാതെ പഠിച്ചു കയറാന്‍ വിചാരിച്ച രാഷ്ട്രീയ സമൂഹങ്ങളും ഉണ്ടായിട്ടുണ്ട്. അതിനെ ഒക്കെ നിരാകരിച്ചുകൊണ്ടാണ് കള്ള് കുടിക്കുന്ന ആണുങ്ങളെ ഈ സിനിമ ആഘോഷിക്കുന്നത്. ജോര്‍ജ് എന്ന ക്രിസ്ത്യന്‍ ഐഡന്റിറ്റി ഉള്ള വ്യക്തിക്ക് മലര്‍ എന്ന ടീച്ചറോടുള്ള പ്രണയം ”ക്ലിയര്‍” ആകുമ്പോള്‍ വിമല്‍ എന്ന മുസ്ലീം അധ്യാപകന്‍, പാന്റും ഷര്‍ട്ടും ഒക്കെ ഇട്ട കേരളീയ വസ്ത്രങ്ങളോട് കലഹിക്കുന്ന വസ്ത്രം ധരിച്ച അദ്ദേഹത്തിന്റെ പ്രേമത്തെക്കുറിച്ച് ഇപ്പോഴും സംശയമാണ്.

______________________________________
പ്രണയം തകര്‍ക്കാനും സ്ത്രീകളെ ശിക്ഷിക്കാനും പലപ്പോഴായി മലയാളി ഉപയോഗിച്ചിട്ടുള്ള ഒരു ടെക്‌നിക്കാണിത്. പക്ഷെ, അതിനുമപ്പുറം ഒരു മിശ്ര വിവാഹത്തിന്റെ രാഷ്ട്രീയത്തിനെയും അതിന്റെ സാധ്യതകളെയും തള്ളിക്കളയുകയാണ് ഈ സിനിമ. അംബേദ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട് ഇന്ത്യയിലെ ജാതി വ്യവസ്ഥയെ തകര്‍ക്കാനുള്ള പ്രധാനപ്പെട്ട ടൂളുകളില്‍ ഒന്നാണ് മിശ്ര വിവാഹം എന്നത്. പക്ഷെ ഈ സിനിമയിലെ ഏറ്റവും വലിയ ആധിയെന്നത് അവര്‍ തമിഴത്തി ആണെന്നതാണ്. അത് കൊണ്ടാണ് അവരുടേത് വേറെ രാജ്യം/അല്ലെങ്കില്‍ സംസ്ഥാനം ആണ് എന്ന് പറയുന്നത്. ജോര്‍ജിനെ മിശ്ര വിവാഹത്തില്‍ നിന്നും രക്ഷിക്കാന്‍ നല്ല നൈസ് ആയിട്ട് മലരിന്റെ ഓര്‍മ്മ അങ്ങ് നഷ്ടപ്പെടുത്തിക്കളഞ്ഞു. ഇത് നടത്തുന്നത് സിനിമയുടെ മുന്നോട്ടുള്ള പോക്കിന്റെയും കഥയുടെയും ഒക്കെ സെ്ട്രച്ചറിലൂടെയാണ്. മലര്‍ തന്റെ കസിനെ തന്നെ കല്യാണം കഴിച്ചു. ജോര്‍ജ് തന്റെ ജാതിയില്‍ നിന്ന് തന്നെ ഒരു കല്യാണം കഴിച്ചു. അങ്ങനെ ജാതിയെ ഒരു തരത്തിലും ചോദ്യം ചെയ്യാതെ, മിശ്ര വിവാഹത്തിനു എതിര്‍ നില്‍ക്കുന്ന ഒരു സമൂഹത്തിനെ നന്നായി തൃപ്തിപ്പെടുത്തുന്ന രീതിയില്‍ അവസാനിപ്പിച്ചുവെച്ചു ഈ സിനിമ. 
______________________________________ 

അത് അദ്ദേഹം പങ്കുവെക്കുന്നത് കേരളത്തിലെ കാമ്പസ് സിനിമകളില്‍ ഇപ്പോഴും അപരവല്‍ക്കരിച്ച് തമാശക്കാരായി ചിത്രീകരിക്കപ്പെടുന്ന ഒരു പി ടി മാഷിനോടാണ്. തന്റെ പ്രണയം പറയാനുള്ള ഗട്‌സ് ഇല്ലാത്ത, അത് നിര്‍ണയിക്കാന്‍ കഴിവില്ലാത്ത, പഠിപ്പിക്കാനറിയാത്ത ഒരു അദ്ധ്യാപകനായി അയാള്‍ തമാശവല്ക്കരിക്കപ്പെടു ന്നു. ബാബറി മസ്ജിദിനു ശേഷവും മണ്ഡല്‍ കമ്മീഷന് ശേഷവും ഉണ്ടായിട്ടുള്ള ദളിത് മുസ്ലീം രാഷ്ട്രീയ ഉയര്‍ച്ചയും സംവാദങ്ങളും മറ്റും കേരളത്തിലെ അക്കാദമിക് മേഖലയില്‍ മുസ്ലീങ്ങളും ദളിതരും ഒക്കെ ഗസ്റ്റ് ലക്‌ച്ചേഴ്‌സ് ആയി കടന്നുവരാന്‍ സഹായിച്ചിട്ടുണ്ട്. മുസ്ലീം വന്നു ക്ലാസ് എടുത്താല്‍ ഇത്രയൊക്കെയെ ഉള്ളൂ എന്ന ഒരു എസ്ടാബ്ലിഷ്‌മെന്റ് ആണ് ”ജാവ…ജാവ…” എന്ന് പറഞ്ഞു ബ ബബ്ബ ബ്ബ അടിക്കന്ന മാഷമ്മാരെ സൃഷ്ടിക്കുന്ന രീതി. ഇതിലേക്ക് തന്നെയാണ് മുസ്ലീം സ്വത്വത്തെ ഈ സിനിമയെ എത്തിച്ചത്. വിമല്‍ എന്ന അദ്ധ്യാപകന്‍ തന്റെ പ്രണയത്തെക്കുറിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കണ്ടെത്തുന്നത് വരുന്നത് ജോര്‍ജിനും കൂട്ടര്‍ക്കും ഭക്ഷണം വാങ്ങിച്ചു കൊടുത്തിട്ടാണ.് അവര്‍ തമിഴ് ഡാന്‍സ് കളിച്ചു തകര്‍ക്കുമ്പോള്‍ വിമല്‍ അവിടെ പാട്ട് പാടി നാണംകെടുകയാണ്. പി.ടി മാഷ് ആണെങ്കില്‍ എപ്പോഴും മീന്‍ കൊതിയനായ ഒരു വിഡ്ഡി കഥാപാത്രവും. കേരളത്തിലെ കോളേജകളിലെ അധ്യാപക സംസ്‌കാരം മാറി തുടങ്ങിയിട്ടുണ്ട്. അസംഘടിത മേഖലയിലെ ഗസ്റ്റ് ലക്ചറര്‍മാര്‍ പല കോളേജുകളിലും പല രാഷ്ട്രീയപരമായ വിദ്യാഭ്യാസ മാറ്റത്തിനു സംഭാവനകളും നല്‍കിയിട്ടുണ്ട്. പക്ഷെ അതൊക്കെ നിരാകരിച്ചു പുതിയ തലമുറയിലെ ഒരു മുസ്ലീം അധ്യാപകനെ കളിയാക്കുന്നതിലൂടെ കോളേജ് എന്നാല്‍ ”മാതാ പിതാ ഗുരു ദൈവം” എന്ന പഴയ ഗുരുക്കന്മാരുടെ കളരി എന്ന സങ്കല്പത്തിനെ തിരിച്ചു വെക്കുകയോ മറച്ചു വെക്കുകയോ ചെയ്യുന്നു
മലര്‍ എന്ന സ്ത്രീ കഥാപാത്രം പലയിടത്തും അവരുടേതായ പൊട്ടിത്തെറികള്‍ നടത്തുന്നുണ്ട് ഈ സിനിമയില്‍. ഒരു വിദ്യാര്‍ത്ഥിയെ പ്രണയിക്കുക/സിനിമാറ്റിക് ഡാന്‍സ് പഠിപ്പിക്കുക/ വിദ്യാര്‍ത്ഥികളെ വൈകുന്നേരങ്ങളില്‍ മൊബൈല്‍ ഫോണില്‍ മെസ്സേജ് ചെയ്യുക, സ്‌നേഹിക്കുക, അതൊക്കെ വ്യവസ്ഥാപിതമായ സ്ത്രീ/ടീച്ചര്‍ എന്ന കേരള കണ്‍സെപ്ടിനോട് കലഹിക്കുന്നവ തന്നെയാണ്. പക്ഷെ ജോര്‍ജും മലരും തമ്മിലൂടെ പ്രണയം തകര്‍ക്കുന്നത് അവളുടെ ഓര്‍മ്മ നഷ്ടപ്പടുത്തുന്നതിലൂടെയാണ്. പ്രണയം തകര്‍ക്കാനും സ്ത്രീകളെ ശിക്ഷിക്കാനും പലപ്പോഴായി മലയാളി ഉപയോഗിച്ചിട്ടുള്ള ഒരു ടെക്‌നിക്കാണിത്. പക്ഷെ, അതിനുമപ്പുറം ഒരു മിശ്ര വിവാഹത്തിന്റെ രാഷ്ട്രീയത്തിനെയും അതിന്റെ സാധ്യതകളെയും തള്ളിക്കളയുകയാണ് ഈ സിനിമ. അംബേദ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട് ഇന്ത്യയിലെ ജാതി വ്യവസ്ഥയെ തകര്‍ക്കാനുള്ള പ്രധാനപ്പെട്ട ടൂളുകളില്‍ ഒന്നാണ് മിശ്ര വിവാഹം എന്നത്. പക്ഷെ ഈ സിനിമയിലെ ഏറ്റവും വലിയ ആധിയെന്നത് അവര്‍ തമിഴത്തി ആണെന്നതാണ്. അത് കൊണ്ടാണ് അവരുടേത് വേറെ രാജ്യം/അല്ലെങ്കില്‍ സംസ്ഥാനം ആണ് എന്ന് പറയുന്നത്. ജോര്‍ജിനെ മിശ്ര വിവാഹത്തില്‍ നിന്നും രക്ഷിക്കാന്‍ നല്ല നൈസ് ആയിട്ട് മലരിന്റെ ഓര്‍മ്മ അങ്ങ് നഷ്ടപ്പെടുത്തിക്കളഞ്ഞു. ഇത് നടത്തുന്നത് സിനിമയുടെ മുന്നോട്ടുള്ള പോക്കിന്റെയും കഥയുടെയും ഒക്കെ സെ്ട്രച്ചറിലൂടെയാണ്. മലര്‍ തന്റെ കസിനെ തന്നെ കല്യാണം കഴിച്ചു. ജോര്‍ജ് തന്റെ ജാതിയില്‍ നിന്ന് തന്നെ ഒരു കല്യാണം കഴിച്ചു. അങ്ങനെ ജാതിയെ ഒരു തരത്തിലും ചോദ്യം ചെയ്യാതെ, മിശ്ര വിവാഹത്തിനു എതിര്‍ നില്‍ക്കുന്ന ഒരു സമൂഹത്തിനെ നന്നായി തൃപ്തിപ്പെടുത്തുന്ന രീതിയില്‍ അവസാനിപ്പിച്ചുവെച്ചു ഈ സിനിമ. രണ്ടായിരത്തിനുശേഷം ആണ് ഇന്ത്യയില്‍ മിശ്രവിവാഹത്തിനെതിരെ ഉള്ള അഭിമാനക്കൊലകള്‍ നടക്കുന്നത്. ഇപ്പോഴും നടക്കുന്നത്. ജോര്‍ജ് കല്യാണം കഴിച്ച രണ്ടായിരത്തി പതിനാലിന് ഒരു വര്‍ഷത്തിനു ശേഷമാണ് ഒരു ബിഷപ്പ് കേരളത്തില്‍ മിശ്രവിവാഹത്തിനെതിരെ പ്രസംഗിക്കുന്നത്.
ഈ സിനിമയുടെ അവസാനഭാഗത്ത് ജോര്‍ജ് ഒരു ബിസിനസുകാരനായി മാറുകയാണ്. തൊണ്ണൂറുകളിലെ കാമ്പസില്‍ കള്ള് കുടിക്കുകയും പഠിക്കാതിരിക്കുകയും റാഗ്ഗ് ചെയ്യുകയും വയലന്‍സ് കാണിക്കുകുയം ഒക്കെ ചെയ്ത ജോര്‍ജ് അവസാനം ഒരു ബിസിനസ്സുകാരനായി സാമ്പത്തിക സുരക്ഷിതത്വത്തില്‍ ജീവിക്കുന്നു. ഇതേ കാലത്ത് സംവരണത്തിന്റെ രാഷ്ട്രീയം ഉപയോഗിച്ച് ,അപരത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കി കീഴാള സ്വത്വങ്ങള്‍ കേരളത്തില്‍ പിടിച്ചു കയറിയിട്ടുണ്ട്. അവരിലെ ഭൂരിഭാഗവും ഗവണ്‍മെന്റ് ഉദ്യോഗം/വിദേശ ജീവിതം എന്നിവയിലൂടെ ഒക്കെയാണ് മുന്നേറിയത്. അവര്‍ പല രാഷ്ട്രീയ പ്രക്ഷോഭണങ്ങളിലും ഇടപെട്ടിട്ടുണ്ട്. ഇവര്‍ക്കൊപ്പം കേരളത്തിലെ മുസ്ലീം, എല്‍.ജി.ബി.ടി, ആദിവാസികള്‍ അങ്ങനെ പല അപര സമൂഹങ്ങളും മുന്നേറ്റം നടത്തിയിട്ടുമുണ്ട്. അവര്‍ പ്രണയിച്ചിട്ടുണ്ട്. അതൊന്നും രേഖപ്പെടുത്തല്‍ ഈ സിനിമയുടെ ഉത്തരവാദിത്തമായിരിക്കില്ല. പക്ഷെ; പ്രേമം എന്ന സിനിമയിലെ ഓര്‍മ്മ, പ്രണയം, സന്തോഷം, നിഷ്‌കളങ്കത, സൂപ്പര്‍ ഹിറ്റ് എന്നൊക്കെയുള്ള അവകാശവാദങ്ങള്‍ അംഗീകരിച്ചുകൊടുക്കുമ്പോള്‍ മുകളില്‍ പറഞ്ഞ രാഷ്ട്രീയ പരിണാമങ്ങള്‍ കൂടി രേഖപ്പെടുത്താതെ തള്ളപ്പെട്ടുപോകരുത്, അതായത് പ്രേമം പോലുള്ള സാംസ്‌കാരിക രാഷ്ട്രീയ നിര്‍മ്മിതികള്‍ ഉണ്ടാകുമ്പോള്‍ പല വൈവിധ്യങ്ങളും തള്ളപ്പെട്ടുപോകുന്നത് അപകടം തന്നെയാണ്. ജാതിയും/മതവും/ആണത്തവും/ദളിത് വിരുദ്ധതയും/സിറിയന്‍ ക്രിസ്ത്യന്‍ മഹിമയും സംവിധാനത്തിലൂടെയും, കാഴ്ചയിലൂടെയും, ഷോട്ടുകളിലൂടെയും, സിനിമയുടെ വിവിധ തലങ്ങളിലൂടെ ഉള്ള രാഷ്ട്രീയ ടൂളുകളിലൂടെയും പ്രേമം മഹത്വവല്ക്കരിക്കുമ്പോള്‍ അതൊരപകടം തന്നെയാണ്. കോയ എന്ന ഒരു മുസ്ലീം സ്വത്വം ഒരു നായര്‍ സ്ത്രീയെ കല്യാണം കഴിക്കുന്നത് ഒരു വര്‍ത്തമാനത്തിലൂടെ പറഞ്ഞുപോകുമ്പോള്‍, ജാതിയെ ഒട്ടും ചോദ്യം ചെയ്യാത്ത ജോര്‍ജിന്റെ ഒരു സിറിയന്‍ ക്രിസ്ത്യന്‍ വിവാഹം ആഘോഷിച്ച് അവിടെ മാത്രമായി അവസാനിക്കുന്നത് തന്നെയാണ് ഈ സിനിമയുടെ രാഷ്ട്രീയം പ്രശ്‌നവും.

Top