ചിത്രലേഖയുടെ സമരം

ഒരുകാലത്ത് ജാതിക്കെതിരെ നീങ്ങിയിരുന്ന കീഴാളരെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം, ‘കര്‍ഷകത്തൊഴിലാളി’, ‘തൊഴിലാളി’ എന്നിങ്ങനെയുള്ള ‘വര്‍ഗ’പരമായ നിര്‍വചനങ്ങളിലേക്ക് തിരിച്ചുവിടുന്നത്. ഇതിലൂടെ പിന്നാക്കവിഭാഗക്കാരനും പുരുഷനും തന്‍െറ കായികശക്തികൊണ്ട് (തനിക്ക് കിട്ടുന്ന ആധുനികസ്വത്വത്തിന് പകരമായി) ഇടതുപക്ഷത്തെ സേവിക്കാന്‍ തയാറായ ഒരു ‘തൊഴിലാളി’യുടെ ആണ്‍/ജാതി സ്ഥാനമാണ് ഇവിടെ നിര്‍വചിക്കപ്പെടുന്നത്. ഇത്തരത്തില്‍ സി.പി.എം ശക്തിപ്പെടുത്തുന്ന കീഴ്ജാതി ആണ്‍ തൊഴിലാളിയാണ് ദലിതയും സ്ത്രീയുമായ ചിത്രയെ ഇത്ര ക്രൂരമായി പുറന്തള്ളുന്നത്. ഇങ്ങനെയൊരു ഉത്തമ തൊഴിലാളിയാകാന്‍ വിസമ്മതിച്ച്, ചിത്രലേഖയുടെ കൂടെനില്‍ക്കാന്‍ തയാറാവുന്നതുകൊണ്ടാണ് ചിത്രയുടെ പിന്നാക്കജാതിക്കാരനായ ഭര്‍ത്താവ് ശ്രീഷ്കാന്ത് ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത്.

പയ്യന്നൂരിലെ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ എടാട്ട് ഓട്ടോ സ്റ്റാന്‍ഡിലെ ആദ്യത്തെ ദലിത് സ്ത്രീ ഓട്ടോ ഡ്രൈവറാണ് എരമംഗലത്ത് ചിത്രലേഖ. ആദ്യംമുതലേ, യൂനിയനില്‍ മെംബര്‍ഷിപ് നിഷേധിച്ചും ജാതിപ്പേര് വിളിച്ചാക്ഷേപിച്ചും വണ്ടിയുടെ ഹുഡ് കീറിയും ഓട്ടോ കുത്തി കൊല്ലാന്‍ശ്രമിച്ചും സ്റ്റാന്‍ഡിലെ ഒ.ബി.സി വിഭാഗത്തില്‍പെട്ട സി.ഐ.ടി.യുക്കാര്‍ ചിത്രലേഖയെ നിരവധി തരത്തില്‍ ആക്രമിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചപ്പോള്‍, ചിത്രലേഖക്കെതിരെ അപമാനകരമായ പോസ്റ്ററുകള്‍ ഒട്ടിച്ചാണ് സി.പി.എം പ്രതികരിച്ചത്. അവസാനം, 2005 ഡിസംബര്‍ 30ന് രാത്രി, ചിത്രലേഖയുടെയും കുടുംബത്തിന്‍െറയും ഒരേയൊരു വരുമാനമാര്‍ഗമായ ഓട്ടോറിക്ഷ, സി.പി.എമ്മിന്‍െറ ഗുണ്ടകള്‍ കത്തിച്ച് നശിപ്പിച്ചു. ഇതിനുശേഷം കഴിഞ്ഞ 10 കൊല്ലമായി ചിത്രലേഖ പയ്യന്നൂരിലെ സി.പി.എമ്മിന്‍െറ സ്വേച്ഛാധിപത്യത്തിനെതിരെ, തൊഴില്‍ചെയ്ത് ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പൊരുതുന്നു.
ഈ കാലയളവില്‍ ചിത്രലേഖയും കുടുംബവും സി.പി.എമ്മില്‍നിന്ന് നേരിട്ട ആക്രമണങ്ങള്‍ നിരവധിയാണ്. ഒരു പ്രാവശ്യം, ചിത്രലേഖയുടെ ഭര്‍ത്താവാണെന്ന് തെറ്റിദ്ധരിച്ച്, അനിയത്തിയുടെ ഭര്‍ത്താവിന് കുത്തേറ്റു. നിരവധിതവണ ചിത്രലേഖയും ഭര്‍ത്താവും പൊതുനിരത്തില്‍ ക്രൂരമായി മര്‍ദിക്കപ്പെട്ടു. കഴിഞ്ഞകൊല്ലം ഒരുകൂട്ടം പാര്‍ട്ടി പ്രവര്‍ത്തകര്‍ ചിത്രലേഖയുടെ വീട് വളഞ്ഞ് ആക്രമിച്ചു. ചിത്രലേഖയുടെയും ഭര്‍ത്താവിന്‍െറയും പേരില്‍ നിരവധി കേസുകള്‍ ചുമത്തപ്പെട്ടു. ഇതിന്‍െറ ഭാഗമായി ഒരുതവണ ചിത്രലേഖയും 32 ദിവസം ഭര്‍ത്താവ് ശ്രീഷ്കാന്തും ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു.
പലതരത്തില്‍ ഇതിനെയെല്ലാം പ്രതിരോധിച്ചെങ്കിലും, ആക്രമണങ്ങള്‍ നേരിടാതെ ചിത്രലേഖക്ക് പയ്യന്നൂരില്‍ ഓട്ടോ ഓടിച്ച് ജീവിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ചിത്രലേഖ പയ്യന്നൂര്‍ വിടാന്‍ തീരുമാനിക്കുന്നത്. ഇതിന്‍െറ ഭാഗമായി ചിത്രലേഖ 122 ദിവസം കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ സമരംചെയ്തു. കണ്ണൂര്‍ ടൗണിലേക്കു മാറിത്താമസിക്കാന്‍ വേണ്ടി അവിടെ അഞ്ച് സെന്‍റ് ഭൂമിയും വീടുണ്ടാക്കാനുള്ള ധനസഹായവും ഓട്ടോ ഓടിക്കാനുള്ള പെര്‍മിറ്റും അനുവദിക്കാമെന്നും കള്ളക്കേസുകള്‍ നീക്കാമെന്നും മുഖ്യമന്ത്രിതന്നെ രേഖാമൂലം ഉറപ്പുകൊടുത്തതിനുശേഷമാണ് ചിത്രലേഖ തന്‍െറ നീണ്ടസമരം പിന്‍വലിച്ചത്. എന്നാല്‍, ഏപ്രിലായിട്ടും ഇതൊന്നും നടക്കാത്തതുകണ്ട്, താന്‍ ഇനിയും സമരം ചെയ്യാന്‍ തയാറാണെന്ന പത്രവാര്‍ത്തക്കുശേഷമാണ് (മാധ്യമം, ഏപ്രില്‍ 28) ചിത്രലേഖക്ക് കഴിഞ്ഞയാഴ്ച കണ്ണൂരില്‍ ഓട്ടോ ഓടിക്കാനുള്ള പെര്‍മിറ്റ് കിട്ടിയത്. വരുന്ന മേയ് 15ന് കണ്ണൂരില്‍ വരുമ്പോള്‍ മുഖ്യമന്ത്രിതന്നെ ഭൂമിയുടെ പട്ടയം കൈമാറുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഇത് നടന്നില്ളെങ്കില്‍ ഇനിയും സമരം ചെയ്യുകയല്ലാതെ തനിക്ക് വേറെ മാര്‍ഗമില്ളെന്നാണ് ചിത്രലേഖ പറയുന്നത്.
വാസ്തവത്തില്‍ ചിത്രലേഖ നടത്തിവരുന്ന ഈ നീണ്ട സമരം, കേരളാധുനികതയെ തന്നെയാണ് നമുക്കുമുന്നില്‍ തുറന്നുകാണിക്കുന്നത്. തന്‍െറ സമരത്തിന്‍െറ ഭാഗമായി, നീതികിട്ടാനായി, ചിത്രലേഖ സമീപിക്കുന്ന ആധുനിക സ്ഥാപനങ്ങള്‍ നിരവധിയാണ്-പൊലീസ്, കോടതി, കലക്ടര്‍, സംസ്ഥാന മനുഷ്യാവകാശ കമീഷന്‍, പട്ടികജാതി/വര്‍ഗ കമീഷന്‍… ജാതിമത ഭേദമന്യേ ജനാധിപത്യം ഉറപ്പാക്കാന്‍ സ്ഥാപിച്ച ഈ സ്ഥാപനങ്ങള്‍ക്കൊന്നുംതന്നെ, ന്യായമായി പ്രവര്‍ത്തിക്കാനോ, ചിത്രലേഖക്ക് നീതി നല്‍കാനോ കഴിഞ്ഞില്ല. എന്നാല്‍, ചിത്രലേഖതന്നെ വീണ്ടുംവീണ്ടും പറയുന്നതുപോലെ, ഇതൊരാളുടെ മാത്രം കഥയല്ല. കണ്ണൂരില്‍തന്നെ, കഴിഞ്ഞ 10 കൊല്ലമായി എസ്.സി/എസ്.ടി അട്രോസിറ്റീസ് പ്രിവന്‍ഷന്‍ വകുപ്പ് പ്രകാരമെടുത്ത 500’ല്‍പരം കേസുകളില്‍, ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടില്ല. ദലിത്, ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്തതിനും ക്രൂരമായി പീഡിപ്പിച്ചതിനും ദലിത് പുരുഷന്മാരെ കൊലചെയ്തതിനും ആക്രമിച്ചതിനുമെതിരെയാണ് ഈ കേസുകള്‍. എന്നിട്ടും, ഇന്നുവരെ ഒന്നും നടന്നിട്ടില്ല. ഇതിനെതിരെ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ ‘സ്റ്റേറ്റ് പട്ടികജാതി സമാജം’ സംഘടിപ്പിച്ച നിരാഹാര സമരത്തില്‍ അവസാനംവരെ ചിത്രലേഖയും നിരാഹാരമനുഷ്ഠിച്ചിരുന്നു.

_________________________________
ചിത്രലേഖതന്നെ വീണ്ടുംവീണ്ടും പറയുന്നതുപോലെ, ഇതൊരാളുടെ മാത്രം കഥയല്ല. കണ്ണൂരില്‍തന്നെ, കഴിഞ്ഞ 10 കൊല്ലമായി എസ്.സി/എസ്.ടി അട്രോസിറ്റീസ് പ്രിവന്‍ഷന്‍ വകുപ്പ് പ്രകാരമെടുത്ത 500’ല്‍പരം കേസുകളില്‍, ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടില്ല. ദലിത്, ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്തതിനും ക്രൂരമായി പീഡിപ്പിച്ചതിനും ദലിത് പുരുഷന്മാരെ കൊലചെയ്തതിനും ആക്രമിച്ചതിനുമെതിരെയാണ് ഈ കേസുകള്‍. എന്നിട്ടും, ഇന്നുവരെ ഒന്നും നടന്നിട്ടില്ല. ഇതിനെതിരെ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ ‘സ്റ്റേറ്റ് പട്ടികജാതി സമാജം’ സംഘടിപ്പിച്ച നിരാഹാര സമരത്തില്‍ അവസാനംവരെ ചിത്രലേഖയും നിരാഹാരമനുഷ്ഠിച്ചിരുന്നു. ഇതേപോലെ, കണ്ണൂരില്‍തന്നെ നിരവധി കീഴ്ജാതി, മുസ്ലിം സ്ത്രീ ഓട്ടോ ഡ്രൈവര്‍മാര്‍ ചിത്രലേഖയെപ്പോലെ തന്നെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ചിത്രയുടെ ഓട്ടോ കത്തിക്കുന്നതിനു കുറച്ചുകൊല്ലം മുമ്പ്, ശ്യാമള എന്ന ദലിത് സ്ത്രീയുടെ ഓട്ടോറിക്ഷ, ഇതേപോലെ കണ്ണൂരില്‍ കത്തിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കും ഇന്നുവരെ നീതി ലഭിച്ചിട്ടില്ല.
_________________________________ 

ഇതേപോലെ, കണ്ണൂരില്‍തന്നെ നിരവധി കീഴ്ജാതി, മുസ്ലിം സ്ത്രീ ഓട്ടോ ഡ്രൈവര്‍മാര്‍ ചിത്രലേഖയെപ്പോലെ തന്നെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ചിത്രയുടെ ഓട്ടോ കത്തിക്കുന്നതിനു കുറച്ചുകൊല്ലം മുമ്പ്, ശ്യാമള എന്ന ദലിത് സ്ത്രീയുടെ ഓട്ടോറിക്ഷ, ഇതേപോലെ കണ്ണൂരില്‍ കത്തിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കും ഇന്നുവരെ നീതി ലഭിച്ചിട്ടില്ല.
വാസ്തവത്തില്‍, ചിത്രലേഖയുടെ ദലിത്-സ്ത്രീ സ്ഥാനം പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കി തീര്‍ക്കുന്നു. കീഴ്ജാതി സ്ത്രീകളെക്കുറിച്ച് പ്രത്യേകിച്ച്, ദലിത് സ്ത്രീകളെക്കുറിച്ച് പ്രചരിക്കുന്ന വാര്‍പ്പുമാതൃകകളെ നിരന്തരം നേരിട്ടാണ് ചിത്രലേഖ തന്‍െറ സമരം തുടര്‍ന്നുപോവുന്നത്. ഒരുകാലത്ത് സി.പി.എം ചിത്രലേഖയെക്കുറിച്ച് പ്രചരിപ്പിച്ച അപവാദങ്ങള്‍ വിശ്വസിച്ച പലപത്രങ്ങളിലെയും റിപ്പോര്‍ട്ടര്‍മാര്‍ പോലും ചിത്രലേഖയുടെ വാര്‍ത്തകള്‍ കൊടുക്കാന്‍ വിസമ്മതിക്കുമായിരുന്നു. അതുപോലെ സവര്‍ണ ലിബറല്‍ സ്ത്രീ സ്വത്വത്തിലൂന്നി, തൊഴിലാളിയെന്നതിനപ്പുറം (കല്യാണ്‍ സില്‍ക്സ് സമരത്തില്‍ കണ്ടതുപോലെ) കീഴാള സ്ത്രീകളുടെ ജാതി-മത സ്ഥാനങ്ങളെ ഉള്‍ക്കൊള്ളാനുള്ള സിദ്ധാന്തങ്ങള്‍തന്നെയില്ലാതെ, കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനവും ചിത്രലേഖയുടെ പക്ഷത്ത് ദൃഢമായി നിന്നില്ല. സവര്‍ണ ഫെമിനിസ്റ്റ് ആഭിമുഖ്യത്തില്‍ നടക്കുന്ന സ്ത്രീ സമരങ്ങള്‍ക്കുമാത്രം ഇടംകൊടുക്കുന്ന മാധ്യമങ്ങള്‍ക്കും പലപ്പോഴും കീഴാള സ്ത്രീകള്‍ക്കെതിരെയുള്ള ഹിംസയെക്കുറിച്ച് പറയാന്‍ ഒട്ടുംതന്നെ താല്‍പര്യമില്ല. ഇങ്ങനെയൊരു സാഹചര്യത്തോട് പലരീതിയില്‍ പൊരുതിയാണ് ചിത്രലേഖ തന്‍െറ ദലിത്-സ്ത്രീ സ്ഥാനം ഊന്നിപ്പറയുന്നത്. വാസ്തവത്തില്‍, ദലിത് സ്ത്രീകളെക്കുറിച്ചും ജാതിയും സ്ത്രീകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പറയാന്‍ പുതിയ പദാവലി ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന കീഴാള/ദലിത് സ്ത്രീ വ്യവഹാരങ്ങളെയാണ് ചിത്രലേഖയുടെ സമരം ശക്തിപ്പെടുത്തുന്നത്.
ഇതുപോലെ, ചിത്രലേഖയുടെ സമരം ഉയര്‍ത്തുന്ന ഏറ്റവും പ്രധാനമായ പ്രശ്നം, കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ചാണ്. ഭൂപരിഷ്കരണത്തിലൂടെയും മറ്റും കീഴാളരുടെ അവകാശങ്ങള്‍ നിലനിര്‍ത്താന്‍ സഹായിച്ചെന്നാണ് ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍, കേരളത്തിലെ ഭൂപരിഷ്കരണം ദലിതരെ വന്‍തോതില്‍ കോളനിവത്കരിച്ച് പുറന്തള്ളുകയാണ് ചെയ്തതെന്നാണ് ദലിത്പക്ഷം വാദിക്കുന്നത്. സത്യത്തില്‍, ചിത്രലേഖ തന്നെ ഇങ്ങനെയൊരു കോളനിവത്കരണത്തിന്‍െറ ഇരയാണ്. പിന്നാക്ക വിഭാഗമായ മണിയാണി സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന എടാട്ടില്‍ എല്ലാവഴികളും അവസാനിക്കുന്ന ഒരുമൂലയില്‍ സര്‍ക്കാര്‍ തന്‍െറ അമ്മമ്മക്കു നല്‍കിയ അഞ്ചുസെന്‍റ് ഭൂമിയില്‍ തീര്‍ത്തും പ്രാന്തവത്കരിക്കപ്പെട്ട ഒരുരീതിയിലാണ് ചിത്രലേഖ ജനിച്ചുവളര്‍ന്നത്. ഇതിനെക്കാളുപരി, ശക്തമായ പിന്നാക്കജാതി (തിയ്യ) സാന്നിധ്യമുള്ള കണ്ണൂരില്‍, തീര്‍ത്തും സ്വേച്ഛാധിപത്യപരമായ ഒരു ഇടതുപക്ഷ സാമൂഹിക ഘടനയാണ് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്.
ഇതിന്‍െറ ഭാഗമായി ഉണ്ടായിവന്ന പാര്‍ട്ടിഗ്രാമങ്ങള്‍ വാസ്തവത്തില്‍ സവര്‍ണര്‍ മേലെ, പിന്നാക്കജാതികള്‍ നടുക്ക്, ദലിതര്‍ ഏറ്റവുംതാഴെ എന്നിങ്ങനെയുള്ള ജാതിവ്യവസ്ഥയുടെ ശ്രേണികളെ തന്നെയാണ് ആധുനികാവസ്ഥയിലും നിലനിര്‍ത്തുന്നത്. ഇവിടെ ഒരുകാലത്ത് ജാതിക്കെതിരെ നീങ്ങിയിരുന്ന കീഴാളരെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം, ‘കര്‍ഷകത്തൊഴിലാളി’, ‘തൊഴിലാളി’ എന്നിങ്ങനെയുള്ള ‘വര്‍ഗ’പരമായ നിര്‍വചനങ്ങളിലേക്ക് തിരിച്ചുവിടുന്നത്. ഇതിലൂടെ പിന്നാക്കവിഭാഗക്കാരനും പുരുഷനും തന്‍െറ കായികശക്തികൊണ്ട് (തനിക്ക് കിട്ടുന്ന ആധുനികസ്വത്വത്തിന് പകരമായി) ഇടതുപക്ഷത്തെ സേവിക്കാന്‍ തയാറായ ഒരു ‘തൊഴിലാളി’യുടെ ആണ്‍/ജാതി സ്ഥാനമാണ് ഇവിടെ നിര്‍വചിക്കപ്പെടുന്നത്. ഇത്തരത്തില്‍ സി.പി.എം ശക്തിപ്പെടുത്തുന്ന കീഴ്ജാതി ആണ്‍ തൊഴിലാളിയാണ് ദലിതയും സ്ത്രീയുമായ ചിത്രയെ ഇത്ര ക്രൂരമായി പുറന്തള്ളുന്നത്. ഇങ്ങനെയൊരു ഉത്തമ തൊഴിലാളിയാകാന്‍ വിസമ്മതിച്ച്, ചിത്രലേഖയുടെ കൂടെനില്‍ക്കാന്‍ തയാറാവുന്നതുകൊണ്ടാണ് ചിത്രയുടെ പിന്നാക്കജാതിക്കാരനായ ഭര്‍ത്താവ് ശ്രീഷ്കാന്ത് ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍, കേരളാധുനികതയുടെതന്നെ അടിസ്ഥാനപരമായ തകരാറുകള്‍ കാരണമാണ് ചിത്രലേഖയിങ്ങനെ വേട്ടയാടപ്പെടുന്നത്. എന്നാല്‍, ഇന്നും ഇടതുപക്ഷമില്ളെങ്കില്‍ കേരളം തകരുമെന്നുപറയുന്ന ഒരു പൊതുബോധമാണ് നമ്മുടേത്. ഇങ്ങനെയൊരവസ്ഥയിലാണ് കഴിഞ്ഞ 10 കൊല്ലമായി ചിത്രലേഖ തന്‍െറ ചരിത്രപരമായ സമരം തുടരുന്നത് ഇനിയങ്ങോട്ട് എന്തുതന്നെ നടന്നാലും, അവസാനംവരെ ചിത്രലേഖയുടെ സമരത്തിന്‍െറ കൂടെനില്‍ക്കുക എന്നത് കേരളസമൂഹത്തെക്കുറിച്ച് ആകാംക്ഷയുള്ള ഓരോരുത്തരുടെയും ആവശ്യമാണ്.

Top