അനിശ്ചിതത്വങ്ങളും ആത്മസത്തയുടെ ശാന്തതയും

”പോയ മധുവിധുക്കാലത്തിനേക്കാളുമേറെ പ്രിയമുണ്ടെനിക്കുനിന്നോടെടൊ”- എന്ന്- നഗരത്തിലെ യക്ഷനില്‍ ആറ്റൂര്‍ എഴുതും പോലെ, ”നമുക്കന്യോന്യം ഊന്നുവടികളായി നില്‍ക്കാം”’ എന്ന് കക്കാട് എഴുതുന്നതു പോലെ സ്ത്രീ എത്രമേല്‍ പുരുഷന്റെ ഭാഗമായേ ഇരിക്കുന്നു എന്ന്, പറയാത്തതും എഴുതാത്തതുമായ രൂപത്തില്‍ ഇവിടെ എഴുതുന്നു. വ്യവസ്ഥാപിത പുരുഷന്റെ പുറം പൂച്ചുകളെല്ലാം പുറത്തെറിഞ്ഞ ഒരു പുരുഷന്‍. ആണ്‍ കരച്ചില്‍ കരയുന്ന ഒരു പുരുഷന്‍ ഇവിടെ കവിതയിലുണ്ട്. അയാളുടെ ലോകം പെണ്ണിന്റെ ലോകം തന്നെയാകുന്നു. അവളില്ലാത്ത ഒരു ലോകം അയാള്‍ക്കില്ലാതെ പോകുന്നു. അത് എത്രമാത്രം സ്‌നേഹമായിരിക്കാം അവളില്‍ അയാളോടായി നിറച്ചിട്ടുണ്ടാവുക.

”അവളില്ലാത്ത ദിവസം
വെറുതെ അവളുടെ
ചുവപ്പു തട്ടം
കഴുത്തില്‍ ചുറ്റും
പുതപ്പില്‍ അവളുടെ മണം തിരയും
എന്നിട്ട് കതകടച്ച് ഒരു
ആണ്‍ കരച്ചില്‍ കരയും’‘ (അവളില്ലാത്ത ദിവസം)

വിചിത്രമായ ഒരു പുരുഷബോധമാണ് ഈ കവിതയിലെ ഭര്‍ത്താവിന്റേത്. അയാള്‍ക്കൊപ്പം അവളങ്ങിനെ സഞ്ചരിക്കുന്നു. അതില്‍ നിന്നും വേറിട്ടൊരു ലോകം അയാള്‍ക്ക് അസാധ്യമാകുന്നു. അവളുടെ ചുവപ്പു തട്ടം കഴുത്തില്‍ച്ചുറ്റി, കല്ല്യാണകാലത്തെ ആല്‍ബം മറിച്ചു നോക്കി, അവളുടെ ചെറുകാലത്തെ ഫോട്ടോകള്‍ കണ്ട്, അവളുടെ വസ്ത്രങ്ങള്‍ കണ്ട്, അവളുടെ മണം തിരഞ്ഞ്, ആണ്‍കരച്ചില്‍ കരഞ്ഞ്, അവളില്ലാത്ത ദിവസത്തെക്കടന്നു പോകല്‍ കുറച്ച് പ്രയാസപ്പെട്ടതായി ഇതിലെ ഭര്‍ത്താവിന് അനുഭവപ്പെടുന്നു. ”പോയ മധുവിധുക്കാലത്തിനേക്കാളുമേറെ പ്രിയമുണ്ടെനിക്കുനിന്നോടെടൊ”- എന്ന്- നഗരത്തിലെ യക്ഷനില്‍ ആറ്റൂര്‍ എഴുതും പോലെ, ”നമുക്കന്യോന്യം ഊന്നുവടികളായി നില്‍ക്കാം”’ എന്ന് കക്കാട് എഴുതുന്നതു പോലെ സ്ത്രീ എത്രമേല്‍ പുരുഷന്റെ ഭാഗമായേ ഇരിക്കുന്നു എന്ന്, പറയാത്തതും എഴുതാത്തതുമായ രൂപത്തില്‍ ഇവിടെ എഴുതുന്നു. വ്യവസ്ഥാപിത പുരുഷന്റെ പുറം പൂച്ചുകളെല്ലാം പുറത്തെറിഞ്ഞ ഒരു പുരുഷന്‍. ആണ്‍ കരച്ചില്‍ കരയുന്ന ഒരു പുരുഷന്‍ ഇവിടെ കവിതയിലുണ്ട്. അയാളുടെ ലോകം പെണ്ണിന്റെ ലോകം തന്നെയാകുന്നു. അവളില്ലാത്ത ഒരു ലോകം അയാള്‍ക്കില്ലാതെ പോകുന്നു. അത് എത്രമാത്രം സ്‌നേഹമായിരിക്കാം അവളില്‍ അയാളോടായി നിറച്ചിട്ടുണ്ടാവുക.
ഇരുട്ടിന്റെ സന്ദിഗ്ധതകള്‍ അറിയാതെ പുറത്തു വരുന്നു. ”ഇരുട്ടുമുറി” എന്ന കവിതയില്‍. കവിത പുലര്‍ത്തുന്ന അശാന്തി ഭൗതികമാണെന്ന് പറയാനാവില്ല. അത് വ്യവസ്ഥയില്‍ നിന്നും സംഭവിച്ചിട്ടുള്ള പ്രതിസന്ധികളുടേതു തന്നെയാണ്. ”വയലിന്‍ വായിക്കുമ്പോള്‍ ഏതെങ്കിലും ഒരു തന്ത്രി പൊട്ടി വിലങ്ങി നെഞ്ചത്ത് കുത്തിക്കയറുമോ എന്ന്, ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ നാളത്തെ ഉണര്‍ച്ച ഏത് ഘോരാന്ധകാരത്തിലേയ്ക്കാണ് എന്ന്, കുടയും തുളച്ച് എത്തിയേക്കാവുന്ന പെരുമഴ, മിന്നല്‍, കത്തിക്കരിക്കട്ടയാക്കുന്ന വൈദ്യുതിക്കമ്പിക്കു താഴെ നില്‍ക്കും മനുഷ്യന്‍, ഒലിച്ചു പോയേക്കാവുന്ന ഗ്രാമം, ചുരമിറങ്ങുമ്പോള്‍ വളവിനപ്പുറം ഉണര്‍ന്നിരിക്കും മരണം, വെറുതേയിരിക്കുമ്പോള്‍ വന്നെത്തുന്ന ആയുസ്സൊടുങ്ങാത്ത മരണം.” മരണത്തോടുള്ള ആകുലതയല്ല, അത് ജീവിതത്തിന്റെ സന്ദിഗ്ധതകള്‍ തന്നെയാണ്.
വി.ഹിക്മത്തുല്ലയുടെ കവിതകളില്‍ ഈ സന്ദിഗ്ധതകള്‍ പല രൂപത്തില്‍ സഞ്ചരിക്കുന്നുണ്ട്. അത് നിരവധി ചോദ്യങ്ങളും പ്രശ്‌നങ്ങളും ഉന്നയിക്കുന്നുണ്ട്. ദേശീയതയുടെ സന്നിഗ്ധതകള്‍ മുന്നോട്ടു വയ്ക്കുന്ന കവിതകളാണ് ”ജനാലച്ചില്ലുകളടച്ചു’ ‘ഇന്ത്യയെക്കണ്ടെത്തല്‍”മുഗളേ അഅ്‌സം” തുടങ്ങിയവ.
‘തീവണ്ടിയിലിരുന്ന്
മങ്ങിയ ചില്ലിനപ്പുറം
ഞാന്‍, കരിഞ്ഞു ചിതറിയ
കര്‍ഫ്യു മണത്തു, (ജനാലച്ചില്ലുകളടച്ച്)
എന്ന കവിത നിരവധി പ്രശ്‌നലോകങ്ങള്‍, ദേശരാഷ്ട്രത്തിന്റെ, ചോദ്യങ്ങള്‍ നിരത്തുന്നുണ്ട്. ഹോളി ചവച്ചു തുപ്പിയ കടും നിറങ്ങള്‍, ഷട്ടറുകളടഞ്ഞു കിടക്കുന്ന മരുഭൂമി, ‘ചോരച്ചുകപ്പുള്ള ദാവണിയുടുത്ത പൂക്കാരി,’വിഷക്കണ്ണുള്ള തെരുവുവിളക്കുകള്‍, മിലിട്ടറിവാനുകള്‍’ എന്നിങ്ങനെ ആ ചോദ്യങ്ങള്‍ കവിതയിലുണ്ട്. സൈഗാളിന്റെ പതിഞ്ഞ ഗാനങ്ങള്‍ ആശ്രയവും ആശ്വാസവുമായിത്തീരുന്നുണ്ട്. ‘ഇന്ത്യയെക്കണ്ടെത്തല്‍’ എന്ന കവിത ദേശരാഷ്ട്രത്തെ പാരായണപ്പെട്ടുത്തന്നതിന്റെ മറ്റൊരു കാഴ്ചപ്പാടായി മാറിത്തീരുന്നുണ്ട്. ‘ഈച്ചപൊതിഞ്ഞ റെട്ടിക്കു ചുറ്റും കൂടിയിട്ടുള്ള ബിജിലീഗഢിലെ പന്നികള്‍, ഇടിച്ചു പരത്തിയ ഒരു മൂത്രപ്പുര പോലെ ആഗ്ര, കുഷ്ഠ രോഗിയുടെ ഭാണ്ഡം പോലെ ഗ്വാളിയോര്‍, കറുത്ത വിഷപ്പുക അവശേഷിപ്പിച്ച് ഭോപ്പാല്‍, ജവാന്മാര്‍മേയുന്ന ഇറ്റാര്‍സി, തീവണ്ടിപ്പാട്ടുപോലെ കേള്‍ക്കുന്ന ഹിജഡകളുടെ നിലവിളി, ഹിന്ദി സിനിമയിലെ പണക്കെഴുപ്പിന്റെ അവയവങ്ങളാകുന്ന കല്ല്യാണ്‍, ആന്ധ്രയിലെ വെയില്‍പ്പറമ്പുകളില്‍ അനിശ്ചിതമായി നിര്‍ത്തിയിട്ട തീവണ്ടി, ഇന്ത്യന്‍ ദേശരാഷ്ട്രത്തെ അടയാളപ്പെടുത്തുമ്പോള്‍, ഡോ. ഉമര്‍ തറമോലിന്റെ നിരീക്ഷണം ഓര്‍മ്മ വരുന്നു. ”തീവണ്ടി ഒരു ദേശിയ മൃഗമാണ്” എന്ന് അദ്ദേഹം വിലയിരുത്തുന്നു. ദേശരാഷ്ട്രത്തിന്റെ അടരുകളെയും അംശങ്ങളെയും അടയാളപ്പെടുത്തുന്നത് തീവണ്ടിയാണ്. ദേശാരാഷ്ട്രത്തോട്ടുള്ള ഭിന്നിപ്പുകള്‍ കൊണ്ടാവാം ചിലപ്പോള്‍ തീവണ്ടി അള്ളു വെച്ച് മറിക്കപ്പെടുന്നത്. ഒരര്‍ത്ഥത്തില്‍ ദേശരാഷ്ട്രത്തിന്റെ വിള്ളലുകളുടെ പ്രതിഷേധങ്ങളാവാം അവയെന്ന് അദ്ദേഹം വിലയിരുത്തുന്നുണ്ട്.
തീര്‍ച്ചയായും ദേശീയതയുടെ ഈ സന്നിഗ്ധതയില്‍ നമ്മള്‍ ചില മനുഷ്യരെ കണ്ടെത്തുന്നുണ്ട.്’മുഗളേ അഅ്‌സം’ എന്ന കവിത നോക്കുക.
ഇത്രമേല്‍ ഉടഞ്ഞു ചിതറിയിട്ടും
നിനക്ക്
മുഗള്‍ ബാദുഷയുടെ
ആ ചുവന്ന മുഖം
വച്ചു മാറാന്‍ തോന്നിയില്ലല്ലോ ‘
ദേശരാഷ്ട്രത്തിനുള്ളിലെ മുസ്ലീം ജനസമൂഹത്തിന്റെ സ്വത്വബോധത്തിന്റെ ചോദ്യങ്ങള്‍ ഈ കവിതയില്‍ പതിഞ്ഞു കിടക്കുന്നുണ്ട്. മുഗളരെക്കുറിച്ചുള്ള ഇതിഹാസം പറയുന്ന സിനിമ (മുഗളേ അഅ്‌സം) അതിന്റെ സമകാലികതയെ കൂടി പാരായണപ്പെടുത്തുന്നതായി കവിത വ്യക്തമാക്കുന്നു. ”വജ്രത്തിളക്കമുള്ള ശവകുടീരങ്ങള്‍ക്കകത്ത്, നിസ്സഹായരായി ചോര വാര്‍ന്നു കിടക്കുകയാണ് ചക്രവര്‍ത്തിമാര്‍, പന്നികള്‍ കെട്ടിപ്പുളയുന്ന അഴുക്കുചാലുകള്‍ക്കു മീതെയാണ് അവരുടെ പുരാതന സ്വര്‍ഗ്ഗങ്ങള്‍” എന്ന് കവിത വ്യക്തമാക്കുന്നു. ഭൂമിയുടെ അറ്റത്തു നിന്നും പച്ചക്കൊടിയുമായി ഒരാള്‍ എത്തുമോ എന്ന പ്രതീക്ഷ, (ഇന്ത്യയെക്കണ്ടെത്തല്‍) ഓര്‍മ്മയുടെ പതിഞ്ഞ സൈഗാള്‍ മൂളുന്ന നോര്‍ത്തിന്ത്യന്‍ ഖയാല്‍ (ജനാലച്ചില്ലുകളടച്ച്) റിക്ഷ വലിക്കുന്ന അബ്ബാജാന്‍ എന്ന ദലിതമുസ്ലിമിന്റെ നെഞ്ചിടിപ്പുതന്നെയാണ് നിന്റെ ഡോലക്ക് (മുഗളേ അഅ്‌സം) എന്നും വ്യക്തമാക്കുമ്പോള്‍ ദേശരാഷ്ടത്തിന്റെ ഓരങ്ങളിലെ മനുഷ്യനും അവരുടെ അതി സങ്കീര്‍ണ്ണതകളും നമുക്കു മുന്നില്‍ നിരക്കുന്നു.
കവിതയിലേയ്ക്കുള്ള വേറിട്ട അന്വേഷണങ്ങളായി മാറുന്നു’പനിച്ച ജലാശങ്ങള്‍, കുമ്പസാരം,’ശില്പശാലയിലെ ട്രൗസര്‍’കുളം/കര, കര/കുളം,’നിത്യസമാസം,’വിവേകി,’ലൗകിക ബന്ധനം’, ‘ഉറുമ്പില്‍ വഴി’ തുടങ്ങിയ കവിതകള്‍.
പനിച്ചു പകച്ച വിഭ്രമങ്ങളുടെ പകലില്‍ ഞാന്‍
പയര്‍ മരങ്ങള്‍ ആകാശത്തേക്ക്
പടര്‍ന്നു കയറുന്നത് കണ്ടു (പനിച്ച ജലാശയങ്ങള്‍)

_________________________________
പിന്‍തിരിയല്‍ ഒരു പരാജയമല്ല, അത് നിലനില്‍പിന് ആവശ്യം വരുന്ന ഘട്ടത്തില്‍ ഉപയോഗിക്കേണ്ട ഒന്നു കൂടിയാണ്. മുന്നോട്ടുള്ള കുതിച്ചു ചാട്ടം പോലെ പ്രാധാന്യമുള്ളതാണ് പിന്‍മടക്കങ്ങളും. പല അര്‍ത്ഥത്തിലും വി.ഹിക്മത്തുല്ലയുടെ കവിതകള്‍ പുതു രചനാനുഭവങ്ങള്‍ സാധ്യമാക്കുന്നുണ്ട്. ദാര്‍ശനികമായ ഒരു ശാന്തത കവിതകളില്‍ ഉടനീളം പ്രതിഫലിക്കുന്നുണ്ട്. ആത്മസത്താപരമായ വഴികള്‍ അവയിലുണ്ട്. ദേശീതയുടെ സന്ദിഗ്ധതകളെ അത് അഭിമുഖീകരിക്കുന്നുണ്ട്. ചരിത്രത്തെയും വര്‍ത്തമാന കാലത്തെയും അത് കണ്ടെടുക്കുന്നു. പ്രശ്‌നപ്പെടുത്തുന്നു. ഉമ്മയും ഭാര്യയും, ശിശുക്കളും, സുഹൃത്തുക്കളും പ്രവാചകന്‍മാരും കവിതയില്‍ സ്ഥാനപ്പെടുന്നുണ്ട്. വിഭ്രമങ്ങളുടെയും സന്ദിഗ്ധതകളുടെയും അനിശ്ചിതത്വന്റേത്തിയും ലോകം കവിതകളില്‍ പലയിടങ്ങളിലായി വായനക്കാരെ പിടിച്ചുലയ്ക്കുന്നുണ്ട്.
_________________________________

മരണത്തിന്റെ കറുത്ത നിറങ്ങളാണ് ഈ കവിതയുടേത്. കറുത്ത മാനം കടന്ന് വരുന്ന മരിച്ചവരുടെ രാത്രി, ഇരുണ്ട വനദ്വീപുകള്‍, കരിന്തോലു കൊണ്ടു പൊതിഞ്ഞ ആഫ്രിക്കന്‍ പറച്ചെണ്ട, മാന്ത്രിക വിളക്കുകളുടെ പുക, ദുര്‍വിചാരങ്ങളുടെ കരിം പടര്‍പ്പ്, വിഭ്രമങ്ങളുടെ പകല്‍, മരണത്തിന്റെ മരവിപ്പിനെ കറുപ്പിന്റെ വര്‍ണ്ണങ്ങളുമായി സന്ധിചെയ്യിക്കുമ്പോള്‍, മരണം ഒറ്റക്കിരിക്കുന്ന ഇരുട്ടിനെ ഓര്‍മ്മിപ്പിക്കുന്നു. മണ്ണിനടിയിലേയ്ക്കു വെച്ച ജഢം മൂടിമൂടിയ മണ്ണിനടിയില്‍ ഇരുട്ടു കാണുന്നു. പനിച്ച ജലാശയങ്ങള്‍ മരിച്ച ദിവസങ്ങളാകുന്നു.
അക്കാദമിക്ക് അന്തരീക്ഷങ്ങളുടെ പൊള്ളത്തരങ്ങളെ കുടഞ്ഞു വെളിയിലിടുന്നുണ്ട് ”കുമ്പസാരം”’ശില്‍പ്പ ശാലയിലെ ട്രൗസര്‍”എന്നീ കവിതകള്‍. ‘വെള്ളം ചോരാത്ത – ചേരാത്ത – അറകളില്‍ നിന്നും പൊരിച്ച പ്രമേയങ്ങള്‍ പൊങ്ങുന്നത് ഓസോണ്‍ വിള്ളലുകള്‍ക്ക് കാരണമാകുന്നു'(കുമ്പസാരം), ‘ശില്പ ശാലകളുടെ ബാനറു കൊണ്ട് തയ്ച്ച ട്രൗസറുടുത്ത്, നൂറ്റൊന്നാമത്തെ ഫയലും പേനയും പെട്ടിയിലടുക്കി വച്ച അയാള്‍…..’ (‘ശില്പ ശാലയിലെ ട്രൗസര്‍’).
‘കുളം/കര, കര/കുളം’എന്ന കവിത ആഖ്യാനം കൊണ്ടും പറയുവാനുള്ള കാര്യങ്ങള്‍ കൊണ്ടും മറ്റൊരു വഴി സൃഷ്ടിക്കുന്നുണ്ട്. ‘ധ്യാനത്തിന്റെ ഒരു കുളിര്‍ത്ത ആലില’പോലെയാണ് കുളത്തിനരികില്‍ നില്‍ക്കുമ്പോള്‍ തോന്നുന്നത്’. കുളത്തിനെ – പിതാസമാനമായി കവിത വിലയിരുത്തുന്നു. പലയിനം നാട്ടുമനുഷ്യരെ, മക്കളെയെന്ന പോലെ, കഴുകിത്തോര്‍ത്തിയ അച്ഛാ’എന്ന് വിളിക്കുന്നുണ്ട.് കുളത്തിനെ പലയിനം മുനുഷ്യരെ എന്ന കാഴ്ച്ചപ്പാട് പ്രധാനപ്പെട്ടതാകുന്നു. ആലും കുളവും അമ്പലവും എന്ന കുളത്തിന്റെ വ്യവസ്ഥാപിത ധ്വനികളെ അത് ഒഴിവാക്കി നിര്‍ത്തുന്നു.
‘ഉടലിന്റെ ഗ്രീഷ്മങ്ങളെ ഈ ജലകാനനത്തില്‍ ഉരിഞ്ഞു കളയണം’ (കുളം/കര, കര/കുളം) ഉടല്‍പേറും ചൂട്, ജലം പേറും ഹരിതകാനനം ഉരിഞ്ഞറയും ഉടല്‍ത്തുകല്‍, കുളത്തിലേയ്ക്കു നോക്കി, കവിത, ഭൂതകാലത്തെയും ജനതതിയെയും കണ്ടെടുക്കുന്നു. അതില്‍ മുങ്ങി മരിച്ചു പോയവരുണ്ട്. മുങ്ങി നിവരുന്നത് എണ്ണാനിരുന്നവരുണ്ട്, വലിയ കുളങ്ങളും ഒരാളുടെ വലിപ്പം മാത്രമുള്ളവയുമുണ്ട്, എന്നാല്‍ അത് വര്‍ത്തമാന കാലത്തില്‍ കരയില്‍ നില്‍ക്കുന്നയാളോട് ചില കാര്യങ്ങള്‍ പറയുന്നുണ്ട്. കരഞ്ഞു തന്നെയാണ് പറയുന്നത്.
‘വേനലേ
എന്ന ഒറ്റിക്കൊടുക്കരുതേ…..
എന്റെ രഹസ്യങ്ങളെ
പച്ചയ്ക്ക് ഉണക്കാനിടരുതേ'(കുളം/കര, കര/കുളം) കര/കുളം എന്ന കുട്ടികളുടെ കളി ഈ പേരിനുള്ളില്‍ ഓര്‍മ്മയിലേക്കു വരുന്നു. കുളവും കരയും രണ്ട് ഭേദങ്ങളില്‍ നിന്നും വഴുതി, വേനലില്‍ ഒന്നായി വര്‍ത്തമാന കാലത്ത് അടയാളമേതുമില്ലാതാക്കിയേക്കാം എന്ന ഭയവും, കുളം അത് വേനലിനാല്‍ വിവസ്ത്രയായി അപ്രത്യക്ഷമായേക്കാം എന്ന വേവലാതിയും അതില്‍പ്പെടുന്നു.
‘ശ്മശാനങ്ങള്‍ക്കു മുകളില്‍ മാത്രം
ഒരു പതിഞ്ഞ ഈണത്തില്‍
നിലാവിന്റെ മേല്‍പ്പാട കാണാമായിരുന്നു'(കടപുഴകുമ്പോള്‍)
മരണത്തെ ശന്തത കൊണ്ട് അഭിമുഖീകരിക്കുന്ന ഒരു ദാര്‍ശനികത തുളുമ്പി നില്‍ക്കുന്ന കവിതയാണ് ‘(കടപുഴകുമ്പോള്‍)’,. ഇതേ ശാന്തത ആത്മസത്തയുടെ ആഖ്യാനമായി വരുന്ന വേറെയും കവിതകളുണ്ട്. ‘വരണ്ട മണ്ണ്”’യൂസുഫ് നബിയുടെ കുപ്പായം’തുടങ്ങിയ കവിതകള്‍ ഉദാഹരണങ്ങളാണ്.
‘എത്ര കനല്‍കട്ടകള്‍ വിഴുങ്ങിയാണ്
നീ എനിക്കായി
ആലിപ്പഴം കൊണ്ടു തന്നത്
എത്ര ആഴത്തില്‍ പൊള്ളിയാണ്
നീ ഈ പൂക്കളൊക്കെയും വിരിയിച്ചെടുത്തത്'(യൂസുഫ് നബിയുടെ കുപ്പായം)
എന്നീ വരികള്‍ ദാര്‍ശനികതയുടെ ആത്മസത്തയെ വ്യക്തമാക്കിത്തരുന്നു. വിദൂരമാകും തോറും കൂടുതല്‍ കൂടുതല്‍ അണഞ്ഞടുക്കുന്നതിന്റെയും (യൂസുഫ് നബിയുടെ കുപ്പായം) , ഇടി മിന്നലിനും ആലോസരപ്പെടുത്താനാവാതെ പോകുന്നതിന്റെ (കട പുഴകുമ്പോള്‍) ആത്മബലവും, പലയിനം മേല്‍ക്കൂരകള്‍ക്കു കീഴെ, പലയിനം വയസ്സന്‍മാരായി, നാം ഭാഗം വെച്ച് പിരിയും (വരണ്ട മണ്ണ്) എന്ന ദാര്‍ശനികതയും ആരെങ്കിലും ഒന്ന്, പ്രശംസിച്ചിരുന്നെങ്കില്‍, അവനാപുഴയില്‍, മുങ്ങിത്താഴില്ലായിരുന്നു (വിവേകി) എന്ന തിരിച്ചറിവും കവിതയുടെയും ദര്‍ശനങ്ങളുടെയും ഒരു വഴി തുറന്നിടുന്നുണ്ട്. ജീവന്‍ഗഢിലെ കടുകുപാടങ്ങള്‍ ഹോട്ടല്‍ത്തൊഴിലാളിയായ ആ മുഗളപ്പെണ്‍കുട്ടിക്ക് സാന്ത്വനമാകും എന്ന് എഴുതുന്നിടത്ത് പ്രത്യാശ കടന്നുവരുന്നു.
കര്‍മ വ്യാപൃതരായിരുന്ന
ഉറുമ്പില്‍ നിര
ഇടയ്ക്കു പാതയിടിഞ്ഞതിന്റെ
സ്തബ്ധതയില്‍
വിപരീതത്തിലേക്ക് ചിതറുന്നത് പോലെ
ഒരാള്‍ മരിക്കുമ്പോള്‍
അയാള്‍ക്കു പിറകെ, ഉണ്ടായിരുന്നവര്‍
നിശ്ചലരാവുന്നു’ (ഉറുമ്പിന്‍ വഴി)
‘ഉറുമ്പിന്‍ വഴി” എന്ന കവിതയില്‍ ആ വഴിയുടെ തുടര്‍ച്ചയാണ് നാം കാണുന്നത്. പാതയടഞ്ഞയവസ്ഥയില്‍ വിപരീതത്തിലേയ്ക്കുള്ള ഒരു ചിതറല്‍ നാം കാണുന്നു. ഒരാളുടെ മരണം ചിലരെയെങ്കിലും നിശ്ചലരാക്കുന്നു. പിന്നെയും ഉറുമ്പുകള്‍ക്ക് അന്നം വീണു കിട്ടുന്നു. ഇടിയാന്‍ പാകത്തില്‍ വീണ്ടും വഴികള്‍ തുറക്കപ്പെടുന്നു. അനിശ്ചിതത്വത്തെ ദാര്‍ശനികമായി കാണാന്‍ കഴിയുന്ന ഒരു പ്രാപ്തതയാണ് ഈ കവിത നല്‍കുന്ന കരുത്ത്.
എസ്.ജോസഫിന്റെ ”കീരി” എന്ന കവിത ഇവിടെ ഓര്‍മ്മയിലെത്തുന്നു. കീരിയുടെ മുന്നോട്ടുള്ള പാതയ്ക്കു കുറുകെ മറ്റൊരു പാതകാണുന്നു. അതിനെ കടന്നു പോകുവാന്‍ കഴിയാതെ പോകുന്നതിനാല്‍ പിന്‍മടങ്ങുകയാണ് അവിടെ ആ ജീവി. പിന്‍തിരിയല്‍ ഒരു പരാജയമല്ല, അത് നിലനില്‍പിന് ആവശ്യം വരുന്ന ഘട്ടത്തില്‍ ഉപയോഗിക്കേണ്ട ഒന്നു കൂടിയാണ്. മുന്നോട്ടുള്ള കുതിച്ചു ചാട്ടം പോലെ പ്രാധാന്യമുള്ളതാണ് പിന്‍മടക്കങ്ങളും.
പല അര്‍ത്ഥത്തിലും വി.ഹിക്മത്തുല്ലയുടെ കവിതകള്‍ പുതു രചനാനുഭവങ്ങള്‍ സാധ്യമാക്കുന്നുണ്ട്. ദാര്‍ശനികമായ ഒരു ശാന്തത കവിതകളില്‍ ഉടനീളം പ്രതിഫലിക്കുന്നുണ്ട്. ആത്മസത്താപരമായ വഴികള്‍ അവയിലുണ്ട്. ദേശീതയുടെ സന്ദിഗ്ധതകളെ അത് അഭിമുഖീകരിക്കുന്നുണ്ട്. ചരിത്രത്തെയും വര്‍ത്തമാന കാലത്തെയും അത് കണ്ടെടുക്കുന്നു. പ്രശ്‌നപ്പെടുത്തുന്നു. ഉമ്മയും ഭാര്യയും, ശിശുക്കളും, സുഹൃത്തുക്കളും പ്രവാചകന്‍മാരും കവിതയില്‍ സ്ഥാനപ്പെടുന്നുണ്ട്. വിഭ്രമങ്ങളുടെയും സന്ദിഗ്ധതകളുടെയും അനിശ്ചിതത്വന്റേത്തിയും ലോകം കവിതകളില്‍ പലയിടങ്ങളിലായി വായനക്കാരെ പിടിച്ചുലയ്ക്കുന്നുണ്ട്.

Top