ചിരിരൂപങ്ങളുടെ ജാതീയത

ജനപ്രിയസംസ്‌ക്കാരപഠനമേഖലയില്‍ കാര്‍ട്ടൂണുകളെ കേന്ദ്രീകരിച്ചുള്ള ദലിത് കാഴ്ചപ്പാടുകള്‍ വിരളമാണ്. ദൃശ്യകലാ മാധ്യമങ്ങളിലെ കീഴാള-ദലിത് ബന്ധത്തെ ചുറ്റിപ്പറ്റി ധാരാളം പഠനങ്ങളും, പുത്തന്‍പരിപ്രേക്ഷ്യങ്ങളും നിലവിലുണ്ട് വിമര്‍ശനാത്മക സിദ്ധാന്തത്തിന്റെ പിന്‍ബലത്തോടുകൂടിയോ, അല്ലെങ്കില്‍ അവയുടെ പഠനമാതൃകയെ പിന്‍തുടര്‍ന്നുകൊണ്ടോ, കേരളത്തിലെ ജനപ്രിയസംസ്‌കാരത്തിന്റെ സാമൂഹ്യഇടങ്ങളെയും, ഇടപെടലിനെയും കീഴാള-ദലിത് സാമൂഹ്യക്രമവുമായി ചേര്‍ത്ത് വായിക്കുകയുണ്ടായി. ഇത്തരത്തില്‍ രൂപീകൃതമായ പഠനങ്ങള്‍ എല്ലാം തന്നെ സംസ്‌കാരങ്ങളെ അപഗ്രഥിച്ചുകൊണ്ട് അതിന്റെയുള്ളില്‍ ഒളിച്ചിരിക്കുന്ന അപകടകരമായ ജാതീയതയെ വളരെവേഗം വലിച്ചുപുറത്തിടുകയുംചെയ്തു. സാമൂഹ്യശാസ്ത്രപഠനത്തിന്റെ യുക്തികൊണ്ട് ഖണ്ഡിക്കപ്പെട്ട ജനപ്രിയ സംസ്‌ക്കാരങ്ങളെ കീഴാള പരിപ്രേഷ്യയില്‍ പൊതിഞ്ഞുകൊണ്ട് പിന്നീട് ധാരാളം പഠനങ്ങള്‍ വിജ്ഞാനമേഖലയെ സമ്പന്നമാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ബഹുഭൂരിപക്ഷവും സിനിമയുടെ കീഴാളത്തത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. അതായത് സിനിമകളോടുള്ള പക്ഷപാതം മാത്രമായിത്തീര്‍ന്നു ഈ വിമര്‍ശനമുന്നേറ്റം. എന്നാല്‍ ഇതേ പഠനചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട്‌പോലും കാര്‍ട്ടൂണുകളിലൂടെ തമസ്‌കരിക്കപ്പെടുന്ന ദലിതവസ്ഥയെ വേണ്ടവിധേന വിശകലനം ചെയ്തിട്ടില്ല.

ജനപ്രിയ സംസ്‌ക്കാരഭാഗമായ കാര്‍ട്ടൂണികളിലെ ജാതീയ പ്രതിനിധാനത്തെകുറിച്ചുള്ള ഒരു കുറിപ്പാണിത്. കേരളത്തിന്റെ സവര്‍ണ്ണതയേയും, രാഷ്ട്രീയ വന്‍സംഭവങ്ങളേയും മാത്രം പ്രതിഫലിച്ചുകൊണ്ടിരിക്കുന്ന – സവര്‍ണര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന – കാര്‍ട്ടൂണ്‍ എന്നജനപ്രിയ സംസ്‌ക്കാരം കീഴേക്കിടയിലേക്ക് ഇറങ്ങി വന്നിട്ടില്ലാ എന്നത് ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസിലാക്കാന്‍ സാധിക്കും. ഇന്നോളം നിലവിലുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ ഉണ്ടാക്കിയ കാര്‍ട്ടൂണ്‍ സംസ്‌കാരത്തിന്റെയും, അതിന്റെ ഉല്പന്നങ്ങളുടെയും ഇടയില്‍നിന്നു ദലിത് പ്രതിനിധാനങ്ങളെയും, പ്രതിനിധികളെയും കണ്ടെത്തുക എന്നത് ശ്രമകരമായ ഒരു കാര്യവുമാണ്. അധീശത്വം നിലനിര്‍ത്താനും, പുലര്‍ത്താനും സവര്‍ണവര്‍ഗങ്ങള്‍ മുഖ്യമായും ഉപയോഗിക്കുന്ന രണ്ട് തന്ത്രമാര്‍ഗം തന്നെയാണ് മാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന കാര്‍ട്ടൂണുകളും, ഫലിതങ്ങളും. ഉന്നത വിഭാഗത്തിന്റെ സാമൂഹ്യലോകം തുറന്നതാണെന്നും, ഏതൊരു വ്യക്തിക്കും മനസിലാക്കുന്നതാണെന്നും, ദലിത് – കീഴാള ലോകം അടഞ്ഞതാണെന്നുമുള്ള ഒരു അര്‍ത്ഥം ഈ സാംസ്‌കാരിക ഉല്പന്നങ്ങള്‍ വരയിലൂടെ പൊതുജനത്തിന് നല്‍കുന്നുമുണ്ട്. ഈ അധീശനിര്‍മിതിയില്‍ കീഴേക്കിടയില്‍ അകപ്പെട്ട ദലിത് ഭൂതകാലങ്ങളുടെ പക്ഷം ചേര്‍ന്നുകൊണ്ട് നോക്കുമ്പോള്‍, അതിന്റെ ഇല്ലായ്മയില്‍ നിന്നും ഉയര്‍ന്നുവരുന്ന ചില ആശയങ്ങള്‍ പുത്തന്‍ സംവാദങ്ങള്‍ക്കു കാരണമാകും എന്നുള്ള സാഹചര്യത്തില്‍ നിന്നാണ് ഈ കുറുപ്പ് എഴുതപ്പെടുന്നത്. കേരള സമൂഹം ഒരിക്കലും കൃത്യമായി വേദി നല്‍കിയിട്ടില്ലാത്തതും, അവഗണിച്ചതുമായ ദലിത്-കീഴാള സാമൂഹ്യലോകത്തെക്കുറിച്ചുള്ള ചിന്തകളെക്കാള്‍ ഒരു പക്ഷേ കൂടുതല്‍ സ്വീകാര്യം സവര്‍ണതയുടെ സ്ഥിരപ്രതിഷ്ഠയെ തുടരുന്നതാണ്.

ഒരു രാഷ്ട്രീയപാര്‍ട്ടിയിലും, ഭരണതലത്തിലും ദലിത് സാന്നിധ്യം വേണ്ടവിധേന ഇല്ലാത്തതിനാല്‍ ദിനപത്രങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയ കാര്‍ട്ടൂണുകളില്‍ ഒരിക്കലും ദലിതര്‍ കടന്നുവരാറില്ല. ജനസംസ്‌ക്കാരഭാഗമായി മാറിയ മറ്റ് കാര്‍ട്ടൂണ്‍മേഖലയിലൂടെ ഒന്നുവട്ടം കറങ്ങിയാല്‍ വളരെ വേഗം തന്നെ നമ്മള്‍ക്ക് ഇല്ലായ്മയെ കൂടുതല്‍ സ്ഥിരീകരിക്കാനും, സ്ഥിരപ്രതിഷ്ഠകളെ അടുത്തറിയാനും സാധിക്കും. ജനപ്രിയസംസ്‌ക്കാരപഠനമേഖലയില്‍ കാര്‍ട്ടൂണുകളെ കേന്ദ്രീകരിച്ചുള്ള ദലിത് കാഴ്ചപ്പാടുകള്‍ വിരളമാണ്. ദൃശ്യകലാ മാധ്യമങ്ങളിലെ കീഴാള-ദലിത് ബന്ധത്തെ ചുറ്റിപ്പറ്റി ധാരാളം പഠനങ്ങളും, പുത്തന്‍പരിപ്രേക്ഷ്യങ്ങളും നിലവിലുണ്ട് വിമര്‍ശനാത്മക സിദ്ധാന്തത്തിന്റെ പിന്‍ബലത്തോടുകൂടിയോ, അല്ലെങ്കില്‍ അവയുടെ പഠനമാതൃകയെ പിന്‍തുടര്‍ന്നുകൊണ്ടോ, കേരളത്തിലെ ജനപ്രിയസംസ്‌കാരത്തിന്റെ സാമൂഹ്യഇടങ്ങളെയും, ഇടപെടലിനെയും കീഴാള-ദലിത് സാമൂഹ്യക്രമവുമായി ചേര്‍ത്ത് വായിക്കുകയുണ്ടായി. ഇത്തരത്തില്‍ രൂപീകൃതമായ പഠനങ്ങള്‍ എല്ലാം തന്നെ സംസ്‌കാരങ്ങളെ അപഗ്രഥിച്ചുകൊണ്ട് അതിന്റെയുള്ളില്‍ ഒളിച്ചിരിക്കുന്ന അപകടകരമായ ജാതീയതയെ വളരെവേഗം വലിച്ചുപുറത്തിടുകയുംചെയ്തു. സാമൂഹ്യശാസ്ത്രപഠനത്തിന്റെ യുക്തികൊണ്ട് ഖണ്ഡിക്കപ്പെട്ട ജനപ്രിയ സംസ്‌ക്കാരങ്ങളെ കീഴാള പരിപ്രേഷ്യയില്‍ പൊതിഞ്ഞുകൊണ്ട് പിന്നീട് ധാരാളം പഠനങ്ങള്‍ വിജ്ഞാനമേഖലയെ സമ്പന്നമാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ബഹുഭൂരിപക്ഷവും സിനിമയുടെ കീഴാളത്തത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. അതായത് സിനിമകളോടുള്ള പക്ഷപാതം മാത്രമായിത്തീര്‍ന്നു ഈ വിമര്‍ശനമുന്നേറ്റം. എന്നാല്‍ ഇതേ പഠനചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട്‌പോലും കാര്‍ട്ടൂണുകളിലൂടെ തമസ്‌കരിക്കപ്പെടുന്ന ദലിതവസ്ഥയെ വേണ്ടവിധേന വിശകലനം ചെയ്തിട്ടില്ല.

___________________________
ചിരിപ്പിക്കുന്നതിനും, ചിന്തിപ്പിക്കുന്നതിനും വേണ്ടി മാത്രം വരയ്ക്കപ്പെടുന്ന ഒന്നല്ല കാര്‍ട്ടൂണുകള്‍. കൃത്യമായി ലക്ഷ്യം ഇട്ട് കൊണ്ട് ഇറങ്ങുന്ന വിമര്‍ശനമാണ്, അല്ലെങ്കില്‍ പ്രതികരണമാണ് കാര്‍ട്ടൂണുകള്‍. കാര്‍ട്ടൂണുകള്‍ പ്രേക്ഷകനെ അനുകരക്കാനും, പ്രതിഫലിപ്പിക്കാനും നിര്‍ബന്ധിക്കുന്നില്ല. വാസ്തവികതയുടെ ഭൂതകാലമാണിതെന്ന ബോധ്യമുണ്ടാക്കുന്നതുമാണ് കാര്‍ട്ടൂണുകള്‍. പ്രത്യേകിച്ച് പത്രങ്ങളുടെ ആദ്യപേജിലെ ചെറിയകോളത്തില്‍ കാണുന്ന കാര്‍ട്ടൂണ്‍ എന്നത് തലേദിവസത്തെ പ്രധാനസംഭവമാണെന്നുള്ള ഒരു വ്യാഖ്യാനം കൂടിയുണ്ട്. എന്നാല്‍ ദിനപത്രങ്ങള്‍ ഒഴിച്ചുള്ളമറ്റ് കാര്‍ട്ടൂണ്‍ സംസ്‌കാരത്തില്‍, വിമര്‍ശനവബോധം സമുദായത്തിനുള്ളില്‍ ഉണ്ടാകണമെന്ന പ്രതീക്ഷയില്‍ സ്വത്വപുന:ക്രമീകരണത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളെയാണ് ചിരിയിലൂടെ ബഹുഭൂരിപക്ഷവും അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. 
___________________________

ചിരിപ്പിക്കുന്നതിനും, ചിന്തിപ്പിക്കുന്നതിനും വേണ്ടി മാത്രം വരയ്ക്കപ്പെടുന്ന ഒന്നല്ല കാര്‍ട്ടൂണുകള്‍. കൃത്യമായി ലക്ഷ്യം ഇട്ട് കൊണ്ട് ഇറങ്ങുന്ന വിമര്‍ശനമാണ്, അല്ലെങ്കില്‍ പ്രതികരണമാണ് കാര്‍ട്ടൂണുകള്‍. കാര്‍ട്ടൂണുകള്‍ പ്രേക്ഷകനെ അനുകരക്കാനും, പ്രതിഫലിപ്പിക്കാനും നിര്‍ബന്ധിക്കുന്നില്ല. വാസ്തവികതയുടെ ഭൂതകാലമാണിതെന്ന ബോധ്യമുണ്ടാക്കുന്നതുമാണ് കാര്‍ട്ടൂണുകള്‍. പ്രത്യേകിച്ച് പത്രങ്ങളുടെ ആദ്യപേജിലെ ചെറിയകോളത്തില്‍ കാണുന്ന കാര്‍ട്ടൂണ്‍ എന്നത് തലേദിവസത്തെ പ്രധാനസംഭവമാണെന്നുള്ള ഒരു വ്യാഖ്യാനം കൂടിയുണ്ട്. എന്നാല്‍ ദിനപത്രങ്ങള്‍ ഒഴിച്ചുള്ളമറ്റ് കാര്‍ട്ടൂണ്‍ സംസ്‌കാരത്തില്‍, വിമര്‍ശനവബോധം സമുദായത്തിനുള്ളില്‍ ഉണ്ടാകണമെന്ന പ്രതീക്ഷയില്‍ സ്വത്വപുന:ക്രമീകരണത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളെയാണ് ചിരിയിലൂടെ ബഹുഭൂരിപക്ഷവും അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. വരയ്ക്കുന്ന വ്യക്തിയുടെ സമുദായത്തിനെയാണ് ചിത്രീകരിക്കുന്നത് എന്നുള്ള ഇളവും, പരിഗണനയുമാണ് പൊതുസമൂഹത്തില്‍നിന്നും കാര്‍ട്ടൂണിസ്റ്റിനുലഭിക്കുന്നത്. എന്നാല്‍ ഇതിനെ സൂക്ഷമവിശകലനം നടത്തിയാല്‍ ജാതീയതയെ ദൃഢപ്പെടുത്തുകയാണ് മിക്ക കാര്‍ട്ടൂണുകളും ചെയ്യുന്നത് എന്ന് വളരെ വേഗം മനസിലാക്കാന്‍ സാധിക്കും.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട (ഷിബി പീറ്റര്‍) ഒരു കുറിപ്പ് ഈ വിഷയത്തെ കൂടുതല്‍ വ്യക്തമാക്കിത്തരുന്നതാണ്. ”കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നസ്രാണി സാമുദായിക സ്വത്വത്തെ വാര്‍ത്തെടുക്കുന്നതില്‍ നിവര്‍ത്തനപ്രക്ഷോഭത്തിനും, വിമോചനസമരത്തിനും ഒപ്പമോ, അതിലേറയോ പങ്ക് വഹിച്ചിട്ടുള്ളതാണ് ‘ബോബനും മോളിയും.” നസ്രാണി ജീവിതവ്യവസ്ഥിതിയേയും, ലോകത്തെയുമാണ് പൊതുസമൂഹം എന്നകാഴ്ചപ്പാടിലൂടെ ടോംസ് അവതരിപ്പിക്കുന്നതെന്നാണ് മുഖ്യ ആരോപണം. അതായത് പൊതുമൂഹം നസ്രാണികള്‍ മാത്രമാണെന്ന വാദം. കഥാപാത്രങ്ങളായ പോത്തന്‍ വക്കീലും, ഇട്ടുണ്ണിയും, കോരസാറും, അപ്പി ഹിപ്പിയും, നേതാവും, തകിടഗുണാരിയും തുടങ്ങി എല്ലാ കഥാപാത്രങ്ങളും ടോംസിന്റെ സാമൂഹ്യലോകത്തെ കാണിക്കുമ്പോള്‍, കീഴാളരെ ഇദ്ദേഹം മുഖമില്ലാത്തവരയിലൂടെ അല്ലെങ്കില്‍ കോറി വരഞ്ഞു സൂചിപ്പിക്കുന്നതിലൂടെ ഒരു ജാതീയവികാരത്തെ ഒളിച്ചു കടത്തുന്നു എന്നതാണ് മറ്റൊരു ആരോപണം. അതായത് നര്‍മ്മത്തിലൂടെ ഒളിച്ചു കടത്തുന്നതു വംശീയതയുടെ സൂക്ഷമരൂപങ്ങളാണ്. ഇത്തരം ഒരു കാഴ്ചപ്പാടില്‍, ഒരു കാലഘട്ടത്തെ പ്രതിനിധികരിച്ച ജി. അരവിന്ദന്റെ ‘ചെറിയമനുഷ്യരും വലിയ ലോകവും’ ടോംസിന്റെ ജാതീയനിര്‍മ്മിതിക്ക് സമം നില്‍ക്കുന്ന ഒന്നാണ്. സാമൂഹ്യവിമര്‍ശനപരമ്പര എന്ന ലേബലില്‍ പരമ്പരയായി ചിത്രീകരിക്കപ്പെട്ട ഈ കാര്‍ട്ടൂണ്‍ 1950 കള്‍ക്കുശേഷമുള്ള കേരളീയ സവര്‍ണബുദ്ധിജീവികളുടെ പരിണാമത്തെയും, പരിസരത്തെയും കുറിച്ച് സൂചിപ്പിക്കുന്നതാണ്. ഇടതുപക്ഷബുദ്ധിജീവികളുടെ പിന്തുണകൂടി ലഭിച്ചതോടെ ‘രാമു’ എന്ന കഥാനായകന്‍ ചെറിയമനുഷ്യനില്‍ നിന്നും വലിയ മനുഷ്യനായി മാറ്റപ്പെട്ടു. സവര്‍ണബുദ്ധിജീവികള്‍ക്കുവേണ്ടി വരയ്ക്കപ്പെട്ട ഈ കാര്‍ട്ടൂണ്‍ നായര്‍ കുടുംബത്തിന്റെ പശ്ചാത്തലവും, നായരായ ഒരു ചെറുപ്പക്കാരന്റെ ജീവിതഘട്ടങ്ങളെയും മാത്രമാണ് അവതരിപ്പിച്ചത്. ഈ ജീവിതപരിണാമത്തെ കേരളസമൂഹപരിണാമസമമായിട്ടാണ് പലരും വ്യാഖ്യാനിച്ചത്.

ടോംസും, അരവിന്ദനും അവതരിപ്പിച്ച സമൂഹം സവര്‍ണതയുടെ മാത്രമാണെന്നു എല്ലാവര്‍ക്കും വ്യക്തമാണ്. സ്വാതന്ത്ര്യാനന്തര കേരളത്തിലെ സാമുദായിക സ്വത്വത്തിന്റെ സൃഷ്ടിയില്‍ അല്ലെങ്കില്‍ ശക്തിപ്പെടുത്തുന്നതില്‍ സുറിയാനി, നായര്‍സമുദായത്തിന്റെ ചവിട്ടുപടികള്‍തന്നെയായിരുന്നു ദിവസവും, കേരളാജനതയെ ചിരിപ്പിച്ചുകൊണ്ടുവളര്‍ന്നുവന്ന ഇവരുടെ കാര്‍ട്ടൂണുകള്‍. അതായത് ഇത്തരത്തിലുള്ള കാര്‍ട്ടൂണുകള്‍ നമ്പൂതിരി, നായര്‍, സുറിയാനി ലോകത്തെ കൂടുതല്‍ ജനായത്തമാക്കുകയും, എല്ലാവരുടെയും മുമ്പില്‍ തുറന്നിടുകയും ചെയ്തതിലൂടെ അവരുടെ ജാതീയമതിലുകള്‍ വളരെ കൃത്യമായി സൃഷ്ടിക്കപ്പെടുകയും, ഇതരസമുദായങ്ങളുമായി വേര്‍തിരിവ് ഉണ്ടാക്കിയെടുക്കാനും സാധിച്ചു. ‘ചിരി’ എന്ന മറ ഉള്ളതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളും, ഇതരസംഘടനകളും ഇതില്‍ കൈകടത്താന്‍ ശ്രമിച്ചതുമില്ല. വളരെ വിശാലമായ ഒരുവഴിയാണ് ഈ കാര്‍ട്ടൂണുകള്‍ക്ക് ലഭിച്ചത്. എതിരുകള്‍ ഇല്ലാതെ ഇവ വളരെ വേഗം തന്നെ പൊതുസമൂഹത്തെ കീഴടക്കു കയും, സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തു. ഉപ്പായി മാപ്ലയും, കുഞ്ചുകുറുപ്പും, മിസീസ് നായരുമെല്ലാം ഈ പ്രതിഷ്ഠയെ ശക്തമാക്കുകയും ചെയ്തു.

________________________________
കുട്ടികളുടെ വാരികകളില്‍ മുഖ്യസ്ഥാനം പിടിച്ചിട്ടുള്ളത് ഹൈന്ദവകഥകളുടെയും, അതിലെ ധീരന്മാരേയും അടര്‍ത്തിയെടുത്തതുകൊണ്ടുള്ള കാര്‍ട്ടുണുകളാണ്. ഇതിന്റെ അപ്പുറത്ത് പോകാന്‍ ഇവ ഒന്നുംതന്നെ ശ്രമിക്കുന്നുമില്ല. ഫലിതങ്ങളുടെ അവസ്ഥയും ഇങ്ങനെ തന്നെയാണ്. നമ്പൂതിരി ഫലിതമായാലും, മാര്‍ക്രിസോസ്റ്റം തിരുമേനിയുടെ ഫലിതമായാലും പൊതുസമൂഹത്തിനു മുകളില്‍ ഒരു ജാതീയ വലയം തീര്‍ക്കുന്നുണ്ട്. എല്ലാവരിലും ചിരി ഉണര്‍ത്തുന്നെങ്കിലും, സമുദായശാക്തീകരണംകൂടി ഇതോടൊപ്പം നടക്കുന്നുമുണ്ട്. അതായത് കേരളപൊതുസമൂഹത്തെ അടക്കിവാഴുന്ന ഈ സവര്‍ണവിഭാഗങ്ങള്‍ അവരുടെ നിലപാടുകളും, പ്രതിഷേധങ്ങളും എല്ലാം അറിയിക്കുന്നതിനുള്ള മാധ്യമമായിട്ടാണ് കാര്‍ട്ടൂണുകളെയും, ഫലിതങ്ങളെയും ഉപയോഗിക്കുന്നത്. 
________________________________

കേരളപഠനരംഗത്ത് ചില വിശകലനങ്ങള്‍ കീഴാള സ്ത്രീപക്ഷസമീപനത്തില്‍പ്പെടുത്താറുണ്ട്. ഇവ എത്രമാത്രം സ്ത്രീപക്ഷ ഉപാധികളനുസരിക്കുന്നു എന്നും, അവര്‍ അവര്‍ മുന്നോട്ടുവയ്ക്കുന്ന സ്ജ്ഞകളെയും (ചില തെറ്റായ) തരംതിരിവുകളെയും ഉദാഹരിച്ചു ചര്‍ച്ചചെയ്യുവാന്‍ ഇവിടെ മുതിരുന്നില്ല. സ്ത്രീവിഭാഗത്തിനനുകൂലമായ പക്ഷംപിടിച്ചുകൊണ്ടെഴുതുന്നവര്‍ ആരുംതന്നെ കാര്‍ട്ടൂണുകളിലൂടെ മോശമായി ചിത്രീകരിക്കപ്പെടുന്ന സ്ത്രീകളെ സംസ്‌കാരപഠനങ്ങളില്‍ ഉള്‍പ്പെടുത്തി കണ്ടിട്ടില്ല. (സവര്‍ണ)സ്ത്രീകള്‍ സാമൂഹ്യമേഖലയില്‍ കൈവരിക്കുന്ന മേധാവിത്വത്തിനെയും, അതുല്യതയേയും (uniqueness) ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന സ്ത്രീപക്ഷമാസികകള്‍ കീഴാള സ്ത്രീകളെ കണ്ടില്ലെന്നു നടിക്കുകയും, വസ്ത്രത്തിന്റെയും, നിറത്തിന്റെയും ഒഴച്ചുകൂടാനാവാത്ത വിധത്തിലുള്ള ഒരു വികാത്തിനെയും നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്. ഒരു നല്ല സ്ത്രീയ്ക്കുവേണ്ടി എന്ന ലേബലില്‍ ഇറങ്ങുന്ന ഇത്തരം സ്ത്രീമാസികകളുടെ രാഷ്ട്രീയതയെ ഇതില്‍ ചര്‍ച്ച ചെയ്യുന്നില്ല. എന്നാല്‍ ഈ മാസികകള്‍ മുന്നോട്ടുവെയ്ക്കുന്ന ഒരു മോശമായ സംസ്‌കാര പ്രതിനിധാനമാണ് കാര്‍ട്ടൂണുകളില്‍ കാണാന്‍ കഴിയുന്നത്. പ്രത്യേകിച്ച് കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെടുന്ന വേലക്കാരി സ്ത്രീകളെ നേരായ മാര്‍ഗത്തിലൂടെയല്ലാ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ഏവര്‍ക്കും വ്യക്തമായ ഒരു കാര്യമാണ്. മോഷണ ശ്രമങ്ങളും, ലൈംഗീകതയും, അശ്ലീലസംഭാഷണങ്ങളും മാത്രമാണ് ഇവര്‍ക്കായി നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ വിമര്‍ശിക്കപ്പെടേണ്ട പ്രധാന കാര്‍ട്ടൂണ്ട പരമ്പര എന്നത് വനിതയില്‍ വന്നുകൊണ്ടിരുന്ന മിസ്സിസ് നായര്‍ എന്ന യേശുദാസന്റെ സൃഷ്ടിയേയാണ്. ഒരുപക്ഷേ കാര്‍ട്ടൂണുകളിലൂടെ ചിത്രീകരിക്കപ്പെട്ടിരുന്നതില്‍ ഏറ്റവും മോശമായ കഥാപാത്രം എന്നത് മിസ്സിസ് നായരുടെ വീട്ട് വേലക്കാരിയാണ്. ഇത്തരം കാര്‍ട്ടൂണുകളിലൂടെ നാം കേള്‍ക്കുന്ന ശബ്ദം എന്നത് വരേണ്യകുടുംബ പശ്ചാത്തലത്തിന്റെ പ്രതിനിധാനവും , കീഴാളരോടുള്ള അവരുടെ സമീപനരീതിയുമാണ്. സവര്‍ണ ജീവിത-സാമൂഹ്യവ്യവഹാരത്തിന്റെ സൂചകമാണ് സ്ത്രീപക്ഷ മാഗസിനുകളില്‍ വരുന്ന കാര്‍ട്ടൂണുകള്‍.

കുട്ടികളുടെ വാരികകളില്‍ മുഖ്യസ്ഥാനം പിടിച്ചിട്ടുള്ളത് ഹൈന്ദവകഥകളുടെയും, അതിലെ ധീരന്മാരേയും അടര്‍ത്തിയെടുത്തതുകൊണ്ടുള്ള കാര്‍ട്ടുണുകളാണ്. ഇതിന്റെ അപ്പുറത്ത് പോകാന്‍ ഇവ ഒന്നുംതന്നെ ശ്രമിക്കുന്നുമില്ല. ഫലിതങ്ങളുടെ അവസ്ഥയും ഇങ്ങനെ തന്നെയാണ്. നമ്പൂതിരി ഫലിതമായാലും, മാര്‍ക്രിസോസ്റ്റം തിരുമേനിയുടെ ഫലിതമായാലും പൊതുസമൂഹത്തിനു മുകളില്‍ ഒരു ജാതീയ വലയം തീര്‍ക്കുന്നുണ്ട്. എല്ലാവരിലും ചിരി ഉണര്‍ത്തുന്നെങ്കിലും, സമുദായശാക്തീകരണംകൂടി ഇതോടൊപ്പം നടക്കുന്നുമുണ്ട്. അതായത് കേരളപൊതുസമൂഹത്തെ അടക്കിവാഴുന്ന ഈ സവര്‍ണവിഭാഗങ്ങള്‍ അവരുടെ നിലപാടുകളും, പ്രതിഷേധങ്ങളും എല്ലാം അറിയിക്കുന്നതിനുള്ള മാധ്യമമായിട്ടാണ് കാര്‍ട്ടൂണുകളെയും, ഫലിതങ്ങളെയും ഉപയോഗിക്കുന്നത്. ചുരക്കിപ്പറഞ്ഞാല്‍ കാര്‍ട്ടൂണുകളിലൂടെ പുറത്തുവരുന്ന ജാതീയ വേര്‍തിരിവിന്റെ വലിയ ഒരു ശ്രേണിതന്നെ നമ്മള്‍ക്ക് ഇവയുടെ ചരിത്രം പരിശോധച്ചാല്‍ കാണാന്‍ സാധിക്കും. ദലിത്-കീഴാള ശബ്ദം കേള്‍ക്കാത്ത ജനപ്രിയസംസ്‌ക്കാര ഉല്പന്നങ്ങളില്‍ നിന്നും ഒരിക്കലും ദലിതര്‍ക്ക് തങ്ങളുടെ സ്വരം കേള്‍ക്കാന്‍ സാധിക്കയില്ല എന്നാണ് സമകാലീക കാര്‍ട്ടൂണുകള്‍ എല്ലാം കാട്ടിത്തരുന്നത്.
_____________

Top