അധികാര ഫെമിനിസം

ജാതിവ്യവസ്ഥയെ ഒരുതരത്തിലും ചോദ്യംചെയ്യാതെ, അതിന്‍െറ ലിബറല്‍ സെക്കുലര്‍ ഘടനക്കുള്ളില്‍ ഒരു പ്രശ്നവുമില്ലാതെ നില്‍ക്കാന്‍ കഴിയുന്ന ചുരുക്കം ചില (മേലാള) സ്ത്രീകളുടെ ജാതി അധികാരത്തെ ഉറപ്പിക്കാനാണ് ഇന്നത്തെ ഫെമിനിസ്റ്റ് പ്രതിഷേധങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കീഴാള ശരീരങ്ങളുടെ മുറിവുകള്‍പോലും അപഹരിച്ച് സ്വന്തമാക്കി, മേലാള അധികാരങ്ങളെ തുണക്കുകയും അതിലൂടെ കീഴാളരെ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ/അധികാരസ്ഥാനമാണ് ഇതിലൂടെ ഉണ്ടായിവരുന്നത്. ഇതുകൊണ്ടാണ്, മുഖ്യധാരാ മാധ്യമങ്ങളും മറ്റു അധീശസ്ഥാനങ്ങളും ഇങ്ങനെയൊരു ‘അധികാര ഫെമിനിസത്തെ’ ഇത്രമാത്രം ഉയര്‍ത്തിപ്പിടിക്കുന്നത്. ഇതിനെതിരെ എന്തുപറഞ്ഞാലും, സ്ത്രീവിരുദ്ധരായി മുദ്രകുത്തപ്പെടുമെന്ന ഭയം കാരണമാണ് പലരുമിതിനെ ചോദ്യംചെയ്യാതെ വളരാന്‍ അനുവദിക്കുന്നത്.

ല്‍ഹിയില്‍ ഒരു വിദ്യാര്‍ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതിനെതിരെയുള്ള ദേശവ്യാപകമായ പ്രതിഷേധത്തിനുശേഷം, സ്ത്രീപക്ഷ വ്യവഹാരങ്ങള്‍ പൂര്‍വാധികം ശക്തിയോടെ മുഖ്യധാരയിലേക്കുയര്‍ന്നുവരാന്‍ തുടങ്ങിയിരിക്കുകയാണ്. ഇതിന്‍െറ പിന്തുടര്‍ച്ചയായാണ് ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയയിലെ ചില വിദ്യാര്‍ഥികള്‍, സാനിറ്ററി പാഡുകളില്‍ ബലാത്സംഗത്തിനും ആണ്‍കോയ്മക്കുമെതിരെയുള്ള സന്ദേശങ്ങള്‍ എഴുതി, കാമ്പസാകെ ഒട്ടിച്ചുവെക്കുന്ന കാമ്പയിന്‍ തുടങ്ങുന്നത്. കേരളത്തിലും ഈയടുത്താണ് ചുംബനസമരം നടന്നത്. അതുപോലെ, അസ്മ റബര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ജോലിചെയ്യുന്ന സ്ത്രീകളെ (ബാത്ത്റൂമില്‍ സാനിറ്ററി നാപ്കിന്‍ ഉപയോഗിച്ചതിന്‍െറ പേരില്‍) തുണിയൂരി പരിശോധിച്ചതും ‘ശബരിമലയിലേക്ക് പോകുന്ന ബസില്‍നിന്ന് അയ്യപ്പന്മാരെ അശുദ്ധമാക്കുമെന്ന പേരില്‍ (ആര്‍ത്തവമുണ്ടെങ്കില്‍) രണ്ട് സ്ത്രീകളെ ഇറക്കിവിട്ടതും, നിരവധി പ്രതിഷേധങ്ങള്‍ക്കും സ്ത്രീപക്ഷ സംഭാഷണങ്ങള്‍ക്കും വഴിവെച്ചു.
സ്ത്രീയവകാശങ്ങളെ തടഞ്ഞുനിര്‍ത്തുന്ന ആണ്‍ അധികാരത്തിനെതിരെയുള്ള, മാറ്റത്തിന്‍െറയും പുരോഗമനത്തിന്‍െറയും ഫെമിനിസ്റ്റ് ശബ്ദമായാണ് പൊതുവ്യവഹാരങ്ങള്‍ ഇത്തരം സമരങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍, ആണ്‍കോയ്മ എന്ന ഒരൊറ്റ അധികാരത്തെക്കുറിച്ച് മാത്രം പറയുന്ന, സെക്കുലര്‍-ലിബറല്‍ മൂല്യങ്ങളെ വിമര്‍ശമില്ലാതെ ഉപയോഗിക്കുന്ന, ജാതി ഹിന്ദുവ്യവസ്ഥയെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്ന, മുഖ്യധാരയിലെ മാധ്യമങ്ങളിലൂടെ സ്വയം ഒരു അധീശസ്ഥാനത്തേക്കുയരുന്ന ഒരു ‘അധികാര ഫെമിനിസ’മാണ് വാസ്തവത്തിലിവിടെ ഉണ്ടായിവരുന്നത്.
ആര്‍ത്തവത്തെക്കുറിച്ചിന്ന് നടന്നുവരുന്ന ചര്‍ച്ചകള്‍ തന്നെയെടുക്കുക. ഇവിടെ, പുരുഷാധിപത്യവും പഴഞ്ചന്‍ (മത) വിശ്വാസങ്ങളും അശുദ്ധമാക്കി മാറ്റിനിര്‍ത്തുന്നുവെന്ന് പറയപ്പെടുന്ന ആര്‍ത്തവത്തെ പരസ്യമാക്കാനും അതിനെക്കുറിച്ചുള്ള നാണക്കേട് ഇല്ലാതാക്കാനുമുള്ള ആഹ്വാനങ്ങളാണ് വീണ്ടും വീണ്ടും ഉയര്‍ന്നുവരുന്നത്. ഈയടുത്ത് മീഡിയവണിന്‍െറ ‘കേരള സമ്മിറ്റ്’ ദേവഗിരി കോളജില്‍ സംഘടിപ്പിച്ച ‘ആര്‍ത്തവം ഒരു കുറ്റകൃത്യമാണോ?’ എന്ന പ്രോഗ്രാം കേരളം ആര്‍ത്തവത്തെക്കുറിച്ച്ഇന്ന് ചര്‍ച്ചചെയ്യുന്ന ചില പ്രധാനപ്പെട്ട രീതികള്‍ വെളിപ്പെടുത്തുന്നു.

______________________________
സ്ത്രീയവകാശങ്ങളെ തടഞ്ഞുനിര്‍ത്തുന്ന ആണ്‍ അധികാരത്തിനെതിരെയുള്ള, മാറ്റത്തിന്‍െറയും പുരോഗമനത്തിന്‍െറയും ഫെമിനിസ്റ്റ് ശബ്ദമായാണ് പൊതുവ്യവഹാരങ്ങള്‍ ഇത്തരം സമരങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍, ആണ്‍കോയ്മ എന്ന ഒരൊറ്റ അധികാരത്തെക്കുറിച്ച് മാത്രം പറയുന്ന, സെക്കുലര്‍-ലിബറല്‍ മൂല്യങ്ങളെ വിമര്‍ശമില്ലാതെ ഉപയോഗിക്കുന്ന, ജാതി ഹിന്ദുവ്യവസ്ഥയെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്ന, മുഖ്യധാരയിലെ മാധ്യമങ്ങളിലൂടെ സ്വയം ഒരു അധീശസ്ഥാനത്തേക്കുയരുന്ന ഒരു ‘അധികാര ഫെമിനിസ’മാണ് വാസ്തവത്തിലിവിടെ ഉണ്ടായിവരുന്നത്.
______________________________ 

നിരവധി ജാതികള്‍ക്ക് മേലെ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പിക്കപ്പെടുന്ന ഒരു നിര്‍മിതിയാണ് ഹിന്ദുമതം എന്നിരിക്കെ, ജാതിയെക്കുറിച്ച് ഒന്നും പറയാതെ ‘ഹിന്ദുമതം’ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് മേലെ ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തെക്കുറിച്ച് മാത്രമാണ് പരിപാടി ചര്‍ച്ചചെയ്യുന്നത്. വ്യത്യസ്ത ജാതികളും സമുദായങ്ങളും വ്യത്യസ്തമായ രീതിയിലാണ് ആര്‍ത്തവത്തെ കാണുന്നതെന്നും പലപ്പോഴും ഈ വ്യത്യാസങ്ങള്‍ക്ക് മേലെ ബ്രാഹ്മണ വ്യവസ്ഥയുടെ (ആണ്‍കോയ്മയുടെ മാത്രമല്ല) സമ്പ്രദായങ്ങളാണ് കീഴാള സമുദായങ്ങള്‍ സ്വീകരിക്കുന്നതെന്നും ഈ ചര്‍ച്ച കാണുന്നില്ല.
അതുപോലെ, ഇസ്ലാംമതം ആര്‍ത്തവത്തെ സമീപിക്കുന്ന രീതിയുടെ വ്യത്യാസത്തെ മനസ്സിലാക്കാന്‍ ശ്രമിക്കാതെ-ഇതില്‍ പങ്കെടുത്ത ഫാമിലി കൗണ്‍സലര്‍ സുലൈഖ അസീസ് നിരവധിതവണ ഇതിലേക്ക് ശ്രദ്ധക്ഷണിക്കാന്‍ ശ്രമിച്ചിട്ടും -ഇസ്ലാമും ആര്‍ത്തവത്തെ അശുദ്ധമായി കാണുന്നുവെന്ന അഭിപ്രായമാണിവിടെ നിര്‍ബന്ധപൂര്‍വം നിര്‍മിക്കപ്പെടുന്നത്. അസ്മ റബറിലെ സ്ത്രീകളുടെ കുപ്പായമൂരിയതും ‘മതത്തിന്‍െറ യുക്തിയും’ ഒന്നാണെന്നുപോലും ഈ പരിപാടിയുടെ അവതാരകന്‍ ഒരവസരത്തില്‍ പറയുന്നു!
ഇന്‍റര്‍നെറ്റിലും മറ്റു പത്ര-ദൃശ്യമാധ്യമങ്ങളിലും നടക്കുന്ന ചര്‍ച്ചകളും ഇതുപോലെ ആര്‍ത്തവ സമയത്തുണ്ടാവുന്ന നിയന്ത്രണങ്ങളെക്കുറിച്ച് തന്നെയാണ് വേവലാതിപ്പെടുന്നത്. ശബരിമലയിലേക്ക് പോകുന്ന സര്‍ക്കാര്‍ ബസിനെ ജാതി ആചാരങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്ന കേരളത്തിലെ മതേതരത്വം, ആര്‍ത്തവകാലത്തുള്ള നിയന്ത്രണങ്ങള്‍ക്കപ്പുറം നിരവധി സ്ത്രീകള്‍, പ്രത്യേകിച്ചും കീഴാളസ്ത്രീകള്‍ നേരിടുന്ന വ്യത്യസ്ത തരത്തിലുള്ള പ്രശ്നങ്ങള്‍-ഇത്തരം വിഷയങ്ങളൊന്നും ഇന്നത്തെ ആര്‍ത്തവ ചര്‍ച്ചകളില്‍ പ്രാധാന്യം നേടുന്നില്ല. വാസ്തവത്തില്‍, തൊഴിലിടത്തില്‍വെച്ച് തങ്ങളുടെ കുപ്പായമൂരുന്ന തരത്തിലുള്ള ലൈംഗിക പീഡനം അനുഭവിക്കേണ്ടിവരുന്ന സ്ത്രീകളുടെ പ്രശ്നത്തേക്കാള്‍, ആര്‍ത്തവരക്തത്തിന്‍െറ ശുദ്ധാശുദ്ധിയെക്കുറിച്ചാണ് എല്ലാവരുമിന്ന് ചര്‍ച്ചചെയ്യുന്നത്. ഇതിന്‍െറ ഭാഗമായാണ് ഉപയോഗിച്ച സാനിറ്ററി നാപ്കിനുകള്‍ അസ്മ റബറിലേക്ക് അയക്കാനുള്ള ആഹ്വാനമുണ്ടാകുന്നത്. തുടര്‍ന്ന്, ഇത്തരം പാഡുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളിലൂടെ, പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നതിനെക്കാളുപരി, സമൂഹത്തിലെ ആര്‍ത്തവവിലക്കുകളെ വ്യക്തിപരമായി എതിര്‍ക്കുന്ന ഒരു സമരരീതിയാണ് ഇവിടെ പ്രചാരത്തില്‍ വരുന്നത്. വേറെവിധത്തില്‍ പറഞ്ഞാല്‍, അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ ഉന്നയിച്ച്, സമൂഹത്തിലെ അധികാര ഘടനകളെ ചോദ്യംചെയ്യുന്നതിനു പകരം, ചുരുക്കം ചില സ്ത്രീകളുടെ ലിബറല്‍-സെക്കുലര്‍ തെരഞ്ഞെടുപ്പുകളിലേക്കും സ്വാതന്ത്ര്യത്തിലേക്കും എല്ലാ രാഷ്ട്രീയങ്ങളെയും ചുരുക്കിയെഴുതുന്ന ഒരു പ്രക്രിയയാണ് ഇവിടെ വീണ്ടും വീണ്ടും ഉണ്ടായിവരുന്നത്. ഡല്‍ഹി റേപ്പിനെതിരെയുള്ള പ്രതിഷേധങ്ങളും ചുംബനസമരവും ഇതേരീതിയിലാണ് മുന്നോട്ടുപോയത്.
ഡല്‍ഹിയിലെ കൂട്ട ബലാത്സംഗത്തില്‍ കൊല്ലപ്പെട്ടത് വളരെ പാവപ്പെട്ട ഒരു കീഴ്ജാതി കുടുംബത്തിലെ പെണ്‍കുട്ടിയാണ്. അതുപോലെ, അനാശാസ്യം ആരോപിച്ചുകൊണ്ട് യുവമോര്‍ച്ചക്കാര്‍ കോഴിക്കോട്ട് ഒരുസംഘം മുസ്ലിം സമുദായക്കാര്‍ നടത്തുന്ന ഒരു ഹോട്ടല്‍ തല്ലിത്തകര്‍ത്തതിനെതിരെയുള്ള പ്രതിഷേധത്തിന്‍െറ ഭാഗമായാണ് ചുംബനസമരം തുടങ്ങുന്നത്. എന്നാല്‍, ജാതിയും ബലാത്സംഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വളരുന്ന മുസ്ലിം വിരുദ്ധതയെക്കുറിച്ചുമുള്ള സംഭാഷണങ്ങളല്ല ഇവിടെ ഉണ്ടായിവന്നത്. പകരം, കീഴാള സ്ത്രീകളുടെ വീക്ഷണങ്ങള്‍ ഒന്നുംതന്നെ ഉള്‍പ്പെടുത്താതെയുള്ള ഒരു പ്രതിഷേധമാണിവിടെ ഉണ്ടായിതീര്‍ന്നത്.

_____________________________
ഡല്‍ഹിയിലെ കൂട്ട ബലാത്സംഗത്തില്‍ കൊല്ലപ്പെട്ടത് വളരെ പാവപ്പെട്ട ഒരു കീഴ്ജാതി കുടുംബത്തിലെ പെണ്‍കുട്ടിയാണ്. അതുപോലെ, അനാശാസ്യം ആരോപിച്ചുകൊണ്ട് യുവമോര്‍ച്ചക്കാര്‍ കോഴിക്കോട്ട് ഒരുസംഘം മുസ്ലിം സമുദായക്കാര്‍ നടത്തുന്ന ഒരു ഹോട്ടല്‍ തല്ലിത്തകര്‍ത്തതിനെതിരെയുള്ള പ്രതിഷേധത്തിന്‍െറ ഭാഗമായാണ് ചുംബനസമരം തുടങ്ങുന്നത്. എന്നാല്‍, ജാതിയും ബലാത്സംഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വളരുന്ന മുസ്ലിം വിരുദ്ധതയെക്കുറിച്ചുമുള്ള സംഭാഷണങ്ങളല്ല ഇവിടെ ഉണ്ടായിവന്നത്. പകരം, കീഴാള സ്ത്രീകളുടെ വീക്ഷണങ്ങള്‍ ഒന്നുംതന്നെ ഉള്‍പ്പെടുത്താതെയുള്ള ഒരു പ്രതിഷേധമാണിവിടെ ഉണ്ടായിതീര്‍ന്നത്.
_____________________________ 

അതുപോലെ കോഴിക്കോട്ട് നടന്ന മുസ്ലിം വിരുദ്ധ ആക്രമണവും-സ്വാതന്ത്ര്യം, ചുംബനം, സദാചാരം എന്നിങ്ങനെയുള്ള വിഷയങ്ങളിലേക്ക് ചുരുക്കിയെഴുതപ്പെടുന്ന ഒരു കാഴ്ചയാണ് നാം കണ്ടത്. ഇങ്ങനെയൊരു രാഷ്ട്രീയത്തിന്‍െറ കേന്ദ്ര സ്ഥാനത്തേക്കുയര്‍ന്നുവന്നത്, തങ്ങളുടെ വ്യക്തിപരമായ സുരക്ഷയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ആകാംക്ഷപുലര്‍ത്തുന്ന മേലാള സ്ത്രീകള്‍ തന്നെയാണ്. തങ്ങളുടെ സെക്കുലര്‍ ഫെമിനിസ്റ്റ് സ്ഥാനങ്ങളില്‍നിന്ന് സാമ്പ്രദായിക/മതപരമായ എല്ലാതരം സംരക്ഷണത്തെയും പുച്ഛിച്ചുതള്ളുന്ന സമയത്തുതന്നെ, ഭരണകൂടത്തില്‍നിന്ന് കൂടുതല്‍ കൂടുതല്‍ സംരക്ഷണം ആവശ്യപ്പെട്ടാണ് ഇവര്‍ തങ്ങളുടെ രാഷ്ട്രീയം മെനയുന്നത്. ഇങ്ങനെയൊരു സംരക്ഷണം തങ്ങള്‍ക്കൊരിക്കലും നേടാന്‍ കഴിയില്ല എന്ന് ഇവിടത്തെ കീഴാള സ്ത്രീകള്‍ക്ക് അറിയാം. മാത്രമല്ല, ഫ്ളേവിയ ആഗ്നസ് (Flavia Agnes) ഒരു ലേഖനത്തില്‍ പറയുന്നതുപോലെ, ഡല്‍ഹി പ്രതിഷേധങ്ങള്‍ക്കുശേഷം (സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ വേണ്ടി) റേപ്പിനെതിരെയുള്ള നിയമങ്ങളില്‍ വന്ന കര്‍ശനമായ ഭേദഗതികള്‍, കീഴാള പുരുഷന്മാരെ തന്നെയാണ് വളരെ എളുപ്പത്തില്‍ ജയിലുകളിലേക്ക് അയക്കുക എന്നത് വ്യക്തമാണ്.
ചുരുക്കിപ്പറഞ്ഞാല്‍, ജാതിവ്യവസ്ഥയെ ഒരുതരത്തിലും ചോദ്യംചെയ്യാതെ, അതിന്‍െറ ലിബറല്‍ സെക്കുലര്‍ ഘടനക്കുള്ളില്‍ ഒരു പ്രശ്നവുമില്ലാതെ നില്‍ക്കാന്‍ കഴിയുന്ന ചുരുക്കം ചില (മേലാള) സ്ത്രീകളുടെ ജാതി അധികാരത്തെ ഉറപ്പിക്കാനാണ് ഇന്നത്തെ ഫെമിനിസ്റ്റ് പ്രതിഷേധങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കീഴാള ശരീരങ്ങളുടെ മുറിവുകള്‍പോലും അപഹരിച്ച് സ്വന്തമാക്കി, മേലാള അധികാരങ്ങളെ തുണക്കുകയും അതിലൂടെ കീഴാളരെ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ/അധികാരസ്ഥാനമാണ് ഇതിലൂടെ ഉണ്ടായിവരുന്നത്. ഇതുകൊണ്ടാണ്, മുഖ്യധാരാ മാധ്യമങ്ങളും മറ്റു അധീശസ്ഥാനങ്ങളും ഇങ്ങനെയൊരു ‘അധികാര ഫെമിനിസത്തെ’ ഇത്രമാത്രം ഉയര്‍ത്തിപ്പിടിക്കുന്നത്. ഇതിനെതിരെ എന്തുപറഞ്ഞാലും, സ്ത്രീവിരുദ്ധരായി മുദ്രകുത്തപ്പെടുമെന്ന ഭയം കാരണമാണ് പലരുമിതിനെ ചോദ്യംചെയ്യാതെ വളരാന്‍ അനുവദിക്കുന്നത്.
_____________
കടപ്പാട്:- മാധ്യമം

Top