വിചാരണ ഇരകള്‍ക്കു നേരെയോ……

‘ഞാനും ഇന്ത്യയുടെ പുത്രിയല്ലേ… ഭര്‍ത്താവ് ഭാര്യയെ സംരക്ഷിക്കുന്നു… എന്നെ ആരു സംരക്ഷിക്കും’ പ്രതി മുകേഷ് സിംഗിന്റെ ഭാര്യയുടെ ചോദ്യം മറ്റൊരര്‍ത്ഥത്തില്‍ പരിഗണന അര്‍ഹിക്കുന്നു. ഇത് ഇരയാക്കപ്പെട്ട മറ്റൊരു സ്ത്രീയാണ്. യഥാര്‍ത്ഥ പ്രശ്‌നത്തിന്റെ നിറംകെട്ട മറ്റൊരു മുഖം. പലപ്പോഴും ഇത്തരം കുറ്റവാളികളുടെ ഭാര്യമാര്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ തികച്ചും ആത്മഹത്യാപരമാണ്. പലപ്പോഴും കുറ്റവാളിയായ ഭര്‍ത്താവിനെ തള്ളിക്കളയാന്‍ ഇത്തരം സ്ത്രീകള്‍ തയ്യാറാകാത്തത് യഥാര്‍ത്ഥ പ്രശ്‌നത്തെ ലഘൂകരിക്കാനുള്ള ആയുധമായി മാറുന്നു. ഒരു സ്ത്രീക്ക് എന്തിനാണ് ഇത്തരം നിവൃത്തികെട്ട- നാണംകെട്ട ദാമ്പത്യം. ഇത്തരം പുരുഷന്‍മാരില്‍ നിന്ന് ഒരിക്കലും സ്‌നേഹവും പരിഗണനയും സുരക്ഷയും അവര്‍ക്കോ കുട്ടികള്‍ക്കോ ലഭിക്കുന്നില്ലെന്നിരിക്കെ എന്തിനാണ് സ്ത്രീ സ്വയം ഇരയാവുന്നത്. സത്യത്തില്‍ ഇത്രയും പ്രശ്‌നകലുഷിതമായ ദാമ്പത്യ ചുറ്റുപാടുകളില്‍ നിന്ന് അവരുടെ കുട്ടികളെ രക്ഷപ്പെടുത്തുകയല്ലേ വേണ്ടത്.

ല്‍ഹി ബലാത്സംഗക്കേസ് ആധാരമാക്കി ബി.ബി.സി.ക്കുവേണ്ടി ലെസ്ലി ഉഡ്വിന്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയാണ് ഇന്‍ഡ്യാസ് ഡോട്ടര്‍. ഇര തന്നെ കുറ്റവാളിയായി ചിത്രീകരിക്കപ്പെടുന്ന ഇന്ത്യന്‍ വ്യവസ്ഥിതിയുടെ വസ്തുനിഷ്ഠമായ ഒരു വിശകലനമാണ് ഇന്‍ഡ്യാസ് ഡോട്ടര്‍. വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന പ്രതികള്‍, അവരുടെ ചുറ്റുപാടുകള്‍, കൊല്ലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ചുള്ള തികച്ചും സമഗ്രവും വസ്തുനിഷ്ഠവും വിശാലവുമായ ഒരു സമീപനമാണ് ലെസ്ലി ഈ ഡോക്യുമെന്ററി ചിത്രീകരിക്കുന്നതില്‍ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അത് സംപ്രേക്ഷണം ചെയ്യരുതെന്ന ഇന്ത്യയുടെ അഭ്യര്‍ ത്ഥന തള്ളിക്കളഞ്ഞുകൊണ്ടുള്ള ബി.ബി.സി.യുടെ പ്രതികരണവും തുടര്‍ന്നുള്ള ഡോക്യുമെന്ററി സംപ്രേക്ഷണവും കൂടുതല്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചു.
അവളെ കണ്ടെത്തിയ ചുറ്റുപാടും അവളുടെ വസ്ത്രധാരണരീതിയുമാണ് തന്നെ ബലാത്സംഗത്തിന് പ്രേരിപ്പിച്ചതെന്നും തന്നോട് സഹകരിക്കാതെ ഉറക്കെ നിലവിളിച്ചതുകൊണ്ടാണ് കൊല്ലാന്‍ ശ്രമിച്ചതെന്നും വിളിച്ചുപറയുന്ന കേസ്സിലെ ഒന്നാം പ്രതി മുകേഷ് സിംഗിന്റെ വാക്കുകള്‍ ഇതിനോടകം വലിയ കോളിളക്കം ഉണ്ടാക്കിക്കഴിഞ്ഞു. അയാളുടെ വാക്കുകള്‍ പ്രത്യക്ഷത്തില്‍ വെളിവാക്കുന്നത് അയാള്‍ക്ക് തെല്ലും കുറ്റബോധമില്ലയെന്ന യാഥാര്‍ത്ഥ്യത്തെയാണ്. ഇത്രനാളത്തെ ജയില്‍ ശിക്ഷ അയാളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നുറപ്പാണ്.
സ്ത്രീ സ്വയം പൂര്‍ണ്ണമായും മറച്ചുകൊണ്ട് തലകുനിച്ച് നടക്കണമെന്നും അല്ലാത്തപക്ഷം അവള്‍ ആക്രമിക്കപ്പെടുമെന്നും ഏതു ജീവശാസ്ത്ര പുസ്തകത്തിലാണുള്ളതെന്ന് ഇവിടത്തെ റേപ്പിസ്റ്റുകളായി കഴിഞ്ഞിട്ടില്ലാത്ത മുകേഷ് സിംഗുമാര്‍ പറയട്ടെ. മനുഷ്യന്‍ ഒരു ജീവിയാണ്. അവന്റെ രൂപത്തെയും നിറത്തെയും സ്വഭാവരീതികളെയും ഭക്ഷണത്തെയും ഒക്കെ നിശ്ചയിക്കുന്നത് അവന്റെ ജൈവികവും ഭൗതികവുമായ പ്രകൃതിയാണ് അതുകൊണ്ടുതന്നെ ഇത്തരമൊരപകടം സ്ത്രീക്കു ചുറ്റുമുണ്ട് എങ്കില്‍ തീര്‍ച്ചയായും പ്രകൃതി അവളെ ശല്‍ക്കങ്ങള്‍ കൊണ്ട് പൊതിയുകയോ ഓന്തുകളെപ്പോലെ നിറംമാറ്റാനുള്ള കഴിവ് നല്‍കുകയോ ചെയ്‌തേനെ. ഇതിന് പ്രകൃതിയുടെ അനുകൂലനങ്ങള്‍ (Natural adaptations) എന്നു പറയും. ശരീരം മുഴുവന്‍ പര്‍ദ്ദകൊണ്ട് മൂടി സ്ത്രീ അവളുടെ കണ്ണുകള്‍ കൊണ്ട് പുരുഷനെ വശീകരിക്കുന്നുവെന്ന് പറയുന്നവര്‍ സ്വയം അപഹാസ്യരാകുന്നതോര്‍ത്ത് നമുക്ക് ചിരിക്കാം. നിങ്ങളുടെ സാമീപ്യം ഞാന്‍ അറിയരുതെ എനിക്ക് എന്നെ നിയന്ത്രിക്കാനാവില്ല എന്ന പുരുഷന്റെ തുറന്നുപറച്ചിലും നാണമില്ലാത്ത വീമ്പിളക്കലുമാണ് അത്. സ്ത്രീയുടേതെന്ന് തോന്നുന്ന കണ്ണുകളോടും വിരലുകളോടു പോലും ഇത്തരം ആസക്തി തോന്നുന്നത് എന്തുകൊണ്ടാണ്? അതൊരുതരം മാനസികവൈകല്യമാണെന്ന് മന:ശാസ്ത്രം എത്രയോ മുമ്പുതന്നെ നിര്‍വ്വചിച്ചുകഴിഞ്ഞു. എന്തിനേയും ഭോഗിക്കുന്നത് ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ചില ചിമ്പാന്‍സികളില്‍ കണ്ടുവരുന്ന ലൈംഗികവൈകൃതമാണ്. അവയില്‍ നിന്നാണത്രേ എയ്ഡ്‌സ് പകര്‍ന്നത്.

_______________________________
സ്ത്രീ അമ്മയാണ്, ദേവിയാണ്, സഹോദരിയാണ്. അവളെ സംരക്ഷിക്കേണ്ടത് പുരുഷന്റെ കടമയാണ് എന്ന്. ഇതിന് ഒറ്റ അര്‍ത്ഥമേയുള്ളൂ. ഒരു സ്ത്രീയുടെ ഏറ്റവും അടുത്ത ജീവിതവൃത്തത്തിനുള്ളില്‍ അച്ഛനായോ ഭര്‍ത്താവായോ മകനായോ ഒരു പുരുഷനുണ്ടാകണം. ഒരു പുരുഷ രക്ഷാകര്‍ത്താവ് ഇല്ലാതിരിക്കുകയോ പകരം കൂടെയുള്ളത് കാമുകനോ സുഹൃത്തോ ആവുകയാണെങ്കില്‍ അവളൊരു പൊതു ഉപഭോഗവസ്തുവായി പരിഗണിക്കപ്പെടാം. ഇതാണ് കാലാകാലങ്ങളായി ഭാരതീയ സാമൂഹ്യവ്യവസ്ഥിതി ഇവിടത്തെ സ്ത്രീസമൂഹത്തെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്ന ആത്മീയ ഭീഷണി. ജാതീയവും സാമൂഹികവും സാമ്പത്തികവുമായ ഈ അസമത്വം തുടച്ചുമാറ്റാതെ ലിംഗസമത്വം എങ്ങിനെ സാദ്ധ്യമാകും.
_______________________________ 

എന്താണ് ശരിക്കും ഈ ബലാത്സംഗത്തിന്റെ ശാസ്ത്രവശമെന്ന് പരിശോധിക്കുമ്പോള്‍ വെളിപ്പെടുന്നത് ബലാത്സംഗം അതിന്റെ നേരായ അര്‍ത്ഥത്തില്‍ ഒരു ജൈവികമായ ലൈംഗിക ചോദനയല്ല എന്നതാണ്. ഒരു റേപ്പിസ്റ്റിനും ബലാത്സംഗത്തിലൂടെ ഇത്തരത്തിലുള്ള കാമപൂരണം സാദ്ധ്യമാകുന്നില്ല. കാരണം മനുഷ്യരിലെ ലൈംഗികത മറ്റു ജീവികളില്‍ നിന്നും തികച്ചും വ്യത്യസ്തമായി അവന്റെ സാമൂഹിക ചുറ്റുപാടുകളുമായും മാനസിക ചുറ്റപാടുകളുമായും ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെയാണ് സ്ത്രീ പാലിക്കേണ്ട മര്യാദകളും അവളുടെ വസ്ത്രധാരണരീതികളും പുരുഷന്‍ സ്വയംസൃഷ്ടിക്കുന്ന മാനസിക ചുറ്റുപാടുകളായി പരിണമിക്കുന്നത്. അവന്റെ മതപരമായ വിശ്വാസങ്ങളും സാമൂഹികമായ കാഴ്ചപ്പാടുകളും അന്ധമായ നിലപാടുകളും ചിട്ടപ്പെടുത്തിയിരിക്കുന്ന മനസ്സ് സ്ത്രീയെ ഒരു ലൈംഗിക ഉപകരണം മാത്രമായി ഉള്‍ക്കൊള്ളാനാണ് പ്രേരിപ്പിക്കുന്നത്. അത് എതിര്‍ക്കപ്പെടാതെ സാദ്ധ്യമാക്കേണ്ടത് അവന്റെ അധികാര വിന്യാസത്തിന്റെ ആവശ്യമായി അവനില്‍ വേരുറപ്പിക്കുന്നു. ഇതിനെ പോഷിപ്പിക്കുന്ന ഉപഘടകങ്ങളായ ജാതി- മത- വര്‍ണ്ണ- വര്‍ഗ്ഗ- സാമ്പത്തിക അസമത്വങ്ങള്‍, അവ സൃഷ്ടിക്കുന്ന മനോഘടനകള്‍ കൂടിയാകുമ്പോള്‍ ഈ അധികാരവിന്യാസത്തിന്റെ അവസരം തേടലായി മാറുന്നു അവന്റെ ജീവിതലക്ഷ്യം. അത്തരം അധികാരമുറപ്പിക്കലിന്റെ ഉപ ഉത്പന്നമാണ് ബലാത്സംഗമെന്ന അതിക്രമപരമായ കുറ്റകൃത്യം. ശരിയായ വിശ്വാസങ്ങളോ സത്യസന്ധമായ നിലപാടുകളോ ഇല്ലാത്ത അവന് കുറ്റബോധത്തിന്റെ ആവശ്യമില്ല. മുകേഷ് സിംഗിന്റെ അഭിഭാഷകന്റെ വാക്കുകളുമായി ചേര്‍ത്തുവായിക്കുന്നതാണ് ഇത് മനസ്സിലാക്കാന്‍ കൂടുതല്‍ എളുപ്പം. ‘ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ സംസ്‌കാരമാണ് ഭാരതത്തിലേത്. ഇവിടെ സ്ത്രീക്ക് യാതൊരു സ്ഥാനവുമില്ല. വീട്ടുപണികളും കുട്ടികളെ നോക്കലുമാണ് സ്ത്രീയുടെ ജോലി. രാത്രി 9 മണി കഴിഞ്ഞാല്‍ നല്ല സ്ത്രീകളാരും പുറത്തിറങ്ങില്ല.’ എന്നു തുടങ്ങി തന്റെ കുടുംബത്തിലെ ഏതെങ്കിലുമൊരു പെണ്‍കുട്ടി വിവാഹപൂര്‍വ്വ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അവളെ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് വരെ ആ അഭിഭാഷകന്‍ പറയുന്നു. (വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പുരുഷന്മാരെ ഇപ്രകാരം കത്തിച്ചാല്‍ ഭൂമി നിന്നുകത്തുകയേ നിവൃത്തിയുള്ളൂ.) സൂര്യ നെല്ലി പെണ്‍കുട്ടിയെ ബാലവേശ്യയെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് ബസന്തിന്റെ നിലപാടുകളും ഇതിന് സമാനമാണ്.
ഈ അഭിഭാഷകര്‍ പറഞ്ഞത് കുറച്ചുകൂടി ചതുരഭാഷയില്‍ നമ്മുടെ മതമേലധ്യക്ഷന്മാരും ഭരണ-അധികാര ഭൂരിപക്ഷവും പറയുന്നു. സ്ത്രീ അമ്മയാണ്, ദേവിയാണ്, സഹോദരിയാണ്. അവളെ സംരക്ഷിക്കേണ്ടത് പുരുഷന്റെ കടമയാണ് എന്ന്. ഇതിന് ഒറ്റ അര്‍ത്ഥമേയുള്ളൂ. ഒരു സ്ത്രീയുടെ ഏറ്റവും അടുത്ത ജീവിതവൃത്തത്തിനുള്ളില്‍ അച്ഛനായോ ഭര്‍ത്താവായോ മകനായോ ഒരു പുരുഷനുണ്ടാകണം. ഒരു പുരുഷ രക്ഷാകര്‍ത്താവ് ഇല്ലാതിരിക്കുകയോ പകരം കൂടെയുള്ളത് കാമുകനോ സുഹൃത്തോ ആവുകയാണെങ്കില്‍ അവളൊരു പൊതു ഉപഭോഗവസ്തുവായി പരിഗണിക്കപ്പെടാം. ഇതാണ് കാലാകാലങ്ങളായി ഭാരതീയ സാമൂഹ്യവ്യവസ്ഥിതി ഇവിടത്തെ സ്ത്രീസമൂഹത്തെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്ന ആത്മീയ ഭീഷണി. ജാതീയവും സാമൂഹികവും സാമ്പത്തികവുമായ ഈ അസമത്വം തുടച്ചുമാറ്റാതെ ലിംഗസമത്വം എങ്ങിനെ സാദ്ധ്യമാകും.
‘ഞാനും ഇന്ത്യയുടെ പുത്രിയല്ലേ… ഭര്‍ത്താവ് ഭാര്യയെ സംരക്ഷിക്കുന്നു… എന്നെ ആരു സംരക്ഷിക്കും’ പ്രതി മുകേഷ് സിംഗിന്റെ ഭാര്യയുടെ ചോദ്യം മറ്റൊരര്‍ത്ഥത്തില്‍ പരിഗണന അര്‍ഹിക്കുന്നു. ഇത് ഇരയാക്കപ്പെട്ട മറ്റൊരു സ്ത്രീയാണ്. യഥാര്‍ത്ഥ പ്രശ്‌നത്തിന്റെ നിറംകെട്ട മറ്റൊരു മുഖം. പലപ്പോഴും ഇത്തരം കുറ്റവാളികളുടെ ഭാര്യമാര്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ തികച്ചും ആത്മഹത്യാപരമാണ്. പലപ്പോഴും കുറ്റവാളിയായ ഭര്‍ത്താവിനെ തള്ളിക്കളയാന്‍ ഇത്തരം സ്ത്രീകള്‍ തയ്യാറാകാത്തത് യഥാര്‍ത്ഥ പ്രശ്‌നത്തെ ലഘൂകരിക്കാനുള്ള ആയുധമായി മാറുന്നു. ഒരു സ്ത്രീക്ക് എന്തിനാണ് ഇത്തരം നിവൃത്തികെട്ട- നാണംകെട്ട ദാമ്പത്യം.

_____________________________
ഡല്‍ഹിയില്‍ സംഭവിച്ചതും, ഇന്ത്യയില്‍ അങ്ങോളമിങ്ങോളം സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇവിടത്തെ മാധ്യമങ്ങളും സമൂഹവും പറയുന്നതുപോലെ വെറുമൊരു സാംസ്‌കാരിക അധ:പതനമല്ല. മറിച്ച് പുരുഷകേന്ദ്രീകൃത വ്യവസ്ഥിതി തന്ത്രപരമായും മന:ശാസ്ത്രപരമായും സ്ത്രീയെ അമര്‍ച്ചചെയ്യുന്ന പ്രാകൃതരീതിയാണ്. ഇതിന്റെ ചുവടുപിടിച്ചു നടക്കുന്ന ചര്‍ച്ചകളും പരസ്പരമുള്ള പഴിചാരലും അതേ പ്രതിഭാസത്തിന്റെ തന്നെ വെള്ളപൂശിയ അതിനൂതന വിപണന തന്ത്രവുമാണെന്ന് സ്ത്രീ സ്വയം തിരിച്ചറിയുക.
_____________________________ 

ഇത്തരം പുരുഷന്‍മാരില്‍ നിന്ന് ഒരിക്കലും സ്‌നേഹവും പരിഗണനയും സുരക്ഷയും അവര്‍ക്കോ കുട്ടികള്‍ക്കോ ലഭിക്കുന്നില്ലെന്നിരിക്കെ എന്തിനാണ് സ്ത്രീ സ്വയം ഇരയാവുന്നത്. സത്യത്തില്‍ ഇത്രയും പ്രശ്‌നകലുഷിതമായ ദാമ്പത്യ ചുറ്റുപാടുകളില്‍ നിന്ന് അവരുടെ കുട്ടികളെ രക്ഷപ്പെടുത്തുകയല്ലേ വേണ്ടത്. ഏതെങ്കിലുമൊരു മതമോ വിശ്വാസമോ സമൂഹമോ ഭരണസംവിധാനമോ മാത്രമാണ് ശരിയെന്ന് പഠിപ്പിക്കുന്നത് അവരുടെ ചിന്താശേഷിയെയും ക്രിയാത്മകതയെയുമെല്ലാം നശിപ്പിച്ചുകളയും. ഇത്തരം ഓടകളുടെ നാറുന്ന പരിസരങ്ങളിലിട്ട് മലിനപ്പെടുത്താതെ, സ്വതന്ത്രമായി ചിന്തിക്കുവാനും സഹജീവികളെ തിരിച്ചറിയാനും പരിഗണിക്കാനും അംഗീകരിക്കാനും അവനെ (ആ കുട്ടികളെ) പഠിപ്പിക്കുവാന്‍ അമ്മ മാത്രം മതി. സ്ത്രീ എന്തിനും ഏതിനും പുരുഷനെ ആശ്രയിക്കുന്നതിനു പകരം സ്വന്തം ഉത്തരവാദിത്വങ്ങള്‍ സ്വയം ഏറ്റെടുത്ത് ഇത്തരം മുകേഷ് സിംഗുമാരെ സ്വന്തം ജീവിത പരിസരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് വേണ്ടത്. അങ്ങനെ വരുമ്പോള്‍ സ്ത്രീക്ക് ഈ സമൂഹത്തിന് ഗുണകരമായ മാറ്റങ്ങളുണ്ടാക്കുന്ന പലതും ചെയ്യാനാകും. അതിന് പുതിയ മുകേഷ് സിംഗുമാര്‍ ഉണ്ടാകാതിരിക്കുകയാണ് വേണ്ടത്. കാര്യപ്രാപ്തിയും ചിന്താശേഷിയും സര്‍വ്വോപരി ഉയര്‍ന്ന മാനസികതലവുമുള്ള ഒരു പുതിയ സമൂഹത്തെ സ്ത്രീക്ക് സൃഷ്ടിക്കാവുന്നതേയുള്ളൂ. ഇത്തരം നിവൃത്തികെട്ട ദാമ്പത്യങ്ങള്‍ ഒഴിവാക്കി കൂടുതല്‍ മെച്ചപ്പെട്ട മാനസിക, ഗാര്‍ഹിക, സാമൂഹ്യ ചുറ്റുപാടുകള്‍ കണ്ടെത്താന്‍ സ്ത്രീക്ക് കഴിയും. കാരണം മുകേഷ് സിംഗുമാരല്ലാത്ത യഥാര്‍ത്ഥ പുരുഷന്മാരും സമൂഹത്തിലുണ്ട്.
സ്ത്രീയുടെ വസ്ത്രധാരണ രീതിയെയും പെരുമാറ്റത്തെയും നിയന്ത്രിക്കണമെന്നു പറയുമ്പോള്‍ അതിനെ ഭയക്കുക തന്നെവേണം. പാക്കിസ്ഥാനിലെയും സോമാലിയയിലെയും സ്ത്രീകളെ പുരുഷന്‍ നിയന്ത്രിച്ചു നിയന്ത്രിച്ച് സ്വന്തമായി ഒരസ്തിത്വമില്ലാത്തവളാക്കിയത് എങ്ങനെയെന്ന് നാം അന്വേഷിച്ചറിയേണ്ട യാഥാര്‍ത്ഥ്യമാണ്. അതിന്റെ ഏറ്റവും വിശ്വസനീയമായ തെളിവാണ് അവിടെ സ്ത്രീകളില്‍ നടത്തുന്ന ചേലാകര്‍മ്മം എന്ന പ്രാകൃത ശസ്ത്രക്രിയ. സ്ത്രീയുടെ ലൈംഗികമായ ആസക്തിയെ നിയന്ത്രിക്കുന്നതിനായിട്ടാണ് അത് നടത്തുന്നത്. ഡല്‍ഹി പെണ്‍കുട്ടിയുടെ പിതാവിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. ‘സമൂഹത്തിന്റെ മാനസികാവസ്ഥയിലേക്ക് പിടിച്ച ഒരു കണ്ണാടിയാണ് ഈ ഡോക്യുമെന്ററി… അത് എല്ലാവരും കാണണം.’
ഡല്‍ഹിയില്‍ സംഭവിച്ചതും, ഇന്ത്യയില്‍ അങ്ങോളമിങ്ങോളം സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇവിടത്തെ മാധ്യമങ്ങളും സമൂഹവും പറയുന്നതുപോലെ വെറുമൊരു സാംസ്‌കാരിക അധ:പതനമല്ല. മറിച്ച് പുരുഷകേന്ദ്രീകൃത വ്യവസ്ഥിതി തന്ത്രപരമായും മന:ശാസ്ത്രപരമായും സ്ത്രീയെ അമര്‍ച്ചചെയ്യുന്ന പ്രാകൃതരീതിയാണ്. ഇതിന്റെ ചുവടുപിടിച്ചു നടക്കുന്ന ചര്‍ച്ചകളും പരസ്പരമുള്ള പഴിചാരലും അതേ പ്രതിഭാസത്തിന്റെ തന്നെ വെള്ളപൂശിയ അതിനൂതന വിപണന തന്ത്രവുമാണെന്ന് സ്ത്രീ സ്വയം തിരിച്ചറിയുക.
__________________________________
(ഒന്നിപ്പ് മാസികയില്‍ സബ് എഡിറ്ററാണ് ലേഖിക)

Top