ചുംബനസമരം : ഒരു കീഴാള സ്ത്രീപക്ഷ വായന

വാസ്തവത്തില്‍, ചുംബനസമരവും അത് മുന്നോട്ടുവയ്ക്കുന്ന വാദങ്ങളും കേരളസമൂഹത്തെ ആഴത്തില്‍ നിര്‍മ്മിക്കുന്ന ജാതി ഹിന്ദു അധികാരത്തെയാണ് കണ്ടില്ലെന്ന് നടിക്കുന്നത്. കീഴാള സ്ത്രീകളുടെ ലൈംഗികസ്ഥാനത്തേയും പ്രശ്‌നങ്ങളെയും പൂര്‍ണമായും കണ്ടില്ലെന്ന് നടിക്കുമ്പോള്‍ മാത്രമാണ് ചുംബനസമരക്കാര്‍ക്ക് ആണ്‍കോയ്മയെക്കുറിച്ചും എല്ലാവര്‍ക്കും വേണ്ടി ഏകപക്ഷീയമായും സംസാരിക്കാന്‍ കഴിയുന്നത്. വെളുത്ത സ്ത്രീ രാഷ്ട്രീയത്തില്‍ നിന്നും സവര്‍ണ സ്ത്രീ പക്ഷത്തുനിന്നും കടം വാങ്ങിക്കൊണ്ട് ജാതിവ്യവസ്ഥയുടെ അധികാരങ്ങളെ കാണാതിരിക്കുന്ന ചുംബനസമരം സവര്‍ണരുടെ വസന്തകാലം തന്നെയാണ്. ചുംബനസമരക്കാര്‍ക്ക് എത്രതന്നെ കീഴാളരെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞാലും, ഒരു കീഴാള സ്ത്രീപക്ഷത്തുനിന്നു നോക്കുമ്പോള്‍ കാണാന്‍ കഴിയുന്നത് ഇതുതന്നെയാണ്. –

ചുംബനസമരം അസന്നിഹിതമാക്കുന്നവരെ കുറിച്ചും അത് ഉയര്‍ത്തുന്ന നിരവധി ചോദ്യങ്ങളെക്കുറിച്ചും അതില്‍ അന്തര്‍ലീനമായ മുസ്ലീംവിരുദ്ധതയെ കുറിച്ചും നിരവധി വായനകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ വായനകളെല്ലാം തന്നെ ചുംബനസമരം മുമ്പോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെയാണു പ്രശ്‌നവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്. ഇതിനോടൊപ്പം തന്നെ ഈ സമരത്തെ ഉണ്ടാക്കിയെടുത്ത പ്രത്യേകമായ സാഹചര്യങ്ങളെക്കുറിച്ചും അതിനെ സാദ്ധ്യമാക്കുന്ന സിദ്ധാന്തങ്ങളെക്കുറിച്ചും ചിന്തിക്കുന്നതും പ്രധാനമാണ്. ഈ സമരത്തെ ഒരു പോസ്റ്റ്-മണ്ഡല്‍ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗമായി സ്ഥാനപ്പെടുത്തിക്കൊണ്ട്, കീഴാള സ്ത്രീപക്ഷത്തുനിന്നു വിശകലനം ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്.

ബലാല്‍സംഗം, സ്ത്രീധനം, പീഢനം എന്നിങ്ങനെയുള്ള അനീതികള്‍ക്കെതിരെ സംഘടിച്ചുകൊണ്ടാണ് ഇന്ത്യയിലെ ഫെമിനിസ്റ്റ് രാഷ്ട്രീയം വളര്‍ന്നത്. വളരെ വ്യക്തമായ പ്രത്യയശാസ്ത്ര പദ്ധതികളും കീഴാളസ്ത്രീ ലോകവുമായുള്ള ബന്ധങ്ങളും ഈ രാഷ്ട്രീയത്തിനു പ്രധാനമായിരുന്നു. എന്നാല്‍, മണ്ഡല്‍ കമ്മീഷനെതിരെ പത്രമാധ്യമങ്ങളുടെ വിപുലമായ പിന്തുണയോടെ സവര്‍ണ ചെറുപ്പക്കാര്‍ തങ്ങളുടെ സവര്‍ണാവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യാന്‍ തുടങ്ങിയപ്പോള്‍; സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥയാകെ മാറി. അതുവരെ തൊഴിലാളി, ദലിതര്‍, ആദിവാസികള്‍, മുസ്ലീംങ്ങള്‍, സ്ത്രീകള്‍ എന്നിങ്ങനെ പ്രത്യേകമായ ഒരു സ്വത്വത്തിന്റെ ഭാഗമായി മാത്രം പ്രസക്തമായിരുന്ന ഒരു പ്രതിഷേധ രാഷ്ട്രീയം ഇപ്പോള്‍, സവര്‍ണരായ – ഇന്ത്യാധുനികതയുടെ എല്ലാത്തരം സൗകര്യങ്ങളും അനുഭവിച്ചുപോന്ന – ഒരു പുതിയ രാഷ്ട്രീയസ്ഥാനത്തിനും സാധ്യതമായി.

ഈ സാധ്യതയെ ഏറ്റവും പിന്തുണച്ചത് സവര്‍ണര്‍ കൈയ്യടക്കിവച്ചിരിക്കുന്ന യൂണിവേഴ്‌സിറ്റികളും പത്രമാധ്യമങ്ങളുമാണ്. രണ്ടാമത്തെ മണ്ഡല്‍ കാലത്ത്, കേബിള്‍ ടി.വി.യും സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും ഈ സാധ്യത വലിയ തരത്തില്‍ മുമ്പോട്ടുകൊണ്ടുപോയി. നിരവധി യൂണിവേഴ്‌സിറ്റികള്‍ സവര്‍ണ പ്രതിഷേധത്തിന്റെ ഇടങ്ങളായി മാറി. 2009-ല്‍ പ്രമോദ് മുത്താലിക്കിന്റെ ശ്രീരാമസേന, മംഗളൂരുവിലെ ഒരു പബ്ബില്‍ പോയ ചില പെണ്‍കുട്ടികളെ ആക്രമിച്ചപ്പോള്‍ സോഷ്യല്‍മീഡിയ വഴി യാതൊരു തരത്തിലുള്ള സംഘടിതമായ ഫെമിനിസ്റ്റ് കൂട്ടായ്മയുടെയും പ്രത്യക്ഷമായ പിന്തുണയില്ലാതെ നടത്തിയ ‘പിങ്ക് ചഡ്ഡി കാംപയിന്‍’ മണ്ഡല്‍കാലത്തെ സവര്‍ണയുവാക്കളുടെ സമരത്തോട് സാമ്യമുള്ളതായിരുന്നു.

ഈ സമരവും യൂണിവേഴ്‌സിറ്റികള്‍, സോഷ്യല്‍ മീഡിയ എന്നിവയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ഇതിനെയും ഏറ്റവും പിന്തുണച്ചത് സവര്‍ണരുടെ പത്ര-ദൃശ്യമാധ്യമങ്ങള്‍ തന്നെയായിരുന്നു. ഈ സമരവും കൂടുതലായും സവര്‍ണ സ്ത്രീകളുടെ കൂട്ടായ്മകളാണ് മുമ്പോട്ടുകൊണ്ടുപോയത്. ഡിസംബര്‍ 16 ന് ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടി കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടപ്പോള്‍ അതിനെതിരെയുണ്ടായ ദേശീയതലത്തിലുള്ള പ്രതിഷേധങ്ങളും പിങ്ക് ചഡ്ഡി കാംപയിനുമായി അടുത്ത സാമ്യം പുലര്‍ത്തി.

ഇതുപോലെ പോസ്റ്റ് മണ്ഡല്‍ സവര്‍ണ ഫെമിനിസ്റ്റ് മുന്നേറ്റത്തിന്റെ എല്ലാ പ്രത്യേകതകളും പേറുന്ന ഒന്നാണ് ചുംബനസമരവും. പ്രത്യക്ഷമായി ഫെമിനിസ്റ്റ് രാഷ്ട്രീയത്തെക്കുറിച്ച് പറയാതെ തന്നെ സ്ത്രീപ്രശ്‌നങ്ങള്‍ ഉന്നയിച്ച്, യൂണിവേഴ്‌സിറ്റികളിലും മറ്റും കേന്ദ്രീകരിച്ച്, പത്ര – ദൃശ്യ മാധ്യമങ്ങളുടെ പൂര്‍ണമായ പിന്തുണയോടെ, പ്രവര്‍ത്തിക്കാന്‍ വളരെ കുറച്ചുപേര്‍ മാത്രം ഉണ്ടായിട്ടുപോലും കേരളസമൂഹത്തില്‍ വളരെ എളുപ്പത്തില്‍ പ്രാമുഖ്യം നേടാന്‍ കഴിഞ്ഞ ഒന്നാണ് ചുംബനസമരം. ആദിവാസികള്‍, ദലിതര്‍, മുസ്ലീംങ്ങള്‍ എന്നിവര്‍ തങ്ങളുടെ പ്രത്യേകമായ പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് സംഘടിക്കുമ്പോള്‍ തന്നെ, ഇവരെക്കുറിച്ചൊന്നും പറയാതെ, സംഘടിത സ്ത്രീപക്ഷത്തും നില്‍ക്കാതെ കേരളസമൂഹത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമായി ‘സദാചാരപോലീസ്’ എന്ന പ്രതിഭാസത്തെ ഉയര്‍ത്തിക്കാണിക്കാനും ഇതിന്റെ പേരില്‍ എല്ലാവര്‍ക്കും വേണ്ടി സംസാരിക്കാനും ഇതിലൂടെ ഏറ്റവും പുരോഗമനപരവും റാഡിക്കലുമായ ഒരു പുത്തന്‍ രാഷ്ട്രീയം എന്ന പേരു നേടാനും ചുംബനസമരത്തിനു കഴിഞ്ഞിരുന്നു. ഈ സമരം പുനരുല്‍പ്പാദിപ്പിക്കുന്ന അധീശ രാഷ്ട്രീയത്തെ കൂടുതല്‍ ശക്തമായി പ്രതിരോധിക്കാന്‍ അതിന്റെ വാദങ്ങളും അവയുടെ ചരിത്രവും പരിശോധിക്കുന്നതു പ്രധാനമാണ്.

_____________________________________________________
സദാചാരലംഘനം നടന്നുവെന്ന പേരില്‍ നിരവധി ആക്രമണങ്ങളുടെ കഥകള്‍ മുമ്പോട്ടു വച്ചുകൊണ്ടാണ് സദാചാരപോലീസ്, സദാചാരഗുണ്ടായിസം എന്നിങ്ങനെയുള്ള പരികല്‍പ്പനകള്‍ പ്രാബല്യത്തില്‍ വരുന്നത്. സ്വതന്ത്രലൈംഗികതയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സാമുദായിക ശക്തികളാണ് സദാചാരപ്പോലീസ് ചമഞ്ഞ് ആക്രമണങ്ങള്‍ നടത്തുന്നത് എന്നാണ് ചുംബനസമരത്തെ തുണയ്ക്കുന്നവര്‍ പറയുന്നത്. ഇവരുടെ പല പ്രസ്താവനകളും ആണ്‍കോയ്മയും ഇത്തരത്തിലുള്ള നിയന്ത്രണങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ജാതി, മതം, സമുദായം എന്നിങ്ങനെയുള്ള സാമൂഹിക ഘടനകള്‍ ആണ്‍കോയ്മയെ തുണയ്ക്കുന്നതിനെ കുറിച്ചുമാണ് നിരന്തരം പറയുന്നത്. –
_____________________________________________________

‘സദാചാരപോലീസ്’ അല്ലെങ്കില്‍ ‘സദാചാര ഗുണ്ടായിസം’ എന്ന സാമൂഹിക വിപത്താണ് ചുംബനസമരം മുന്നോട്ടുവയ്ക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. ചുംബനസമരക്കാര്‍ പറയുന്നതുപോലെ ഈ ‘സദാചാരപോലീസ്’ തങ്ങളുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പുകളെ തടയുകയും വ്യക്തിസ്വാതന്ത്ര്യത്തെ നിരാകരിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു സദാചാര ഗുണ്ടായിസത്തെ എതിര്‍ക്കാന്‍ ചുംബിച്ചുകൊണ്ടൊരു പ്രതീകാത്മകമായ പ്രതിഷേധമാണ് ഇവര്‍ മുമ്പോട്ടുവച്ചത്.

സദാചാരലംഘനം നടന്നുവെന്ന പേരില്‍ നിരവധി ആക്രമണങ്ങളുടെ കഥകള്‍ മുമ്പോട്ടു വച്ചുകൊണ്ടാണ് സദാചാരപോലീസ്, സദാചാരഗുണ്ടായിസം എന്നിങ്ങനെയുള്ള പരികല്‍പ്പനകള്‍ പ്രാബല്യത്തില്‍ വരുന്നത്. സ്വതന്ത്രലൈംഗികതയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സാമുദായിക ശക്തികളാണ് സദാചാരപ്പോലീസ് ചമഞ്ഞ് ആക്രമണങ്ങള്‍ നടത്തുന്നത് എന്നാണ് ചുംബനസമരത്തെ തുണയ്ക്കുന്നവര്‍ പറയുന്നത്. ഇവരുടെ പല പ്രസ്താവനകളും ആണ്‍കോയ്മയും ഇത്തരത്തിലുള്ള നിയന്ത്രണങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ജാതി, മതം, സമുദായം എന്നിങ്ങനെയുള്ള സാമൂഹിക ഘടനകള്‍ ആണ്‍കോയ്മയെ തുണയ്ക്കുന്നതിനെ കുറിച്ചുമാണ് നിരന്തരം പറയുന്നത്.

‘കിസ് ഓഫ് ലൗ”എന്ന ഫേസ്ബുക്ക് പേജ് തുടങ്ങിയ രാഹുല്‍ പശുപാലന്‍ ഈ വാദത്തെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കുക:
”…… ലൈംഗിക ദാരിദ്ര്യം എന്ന അവസ്ഥ ഏതു പൊതുബോധം മൂലമാണോ ഉണ്ടായത്, അതേ പൊതുബോധമാണ് സദാചാരഗുണ്ടകളെയും നിര്‍മ്മിക്കുന്നത്. അതിന്റെ വേരുകള്‍ ചികഞ്ഞുപോയാല്‍ ചെന്നെത്തുക പുരുഷമേധാവിത്വ (പാട്രിയാര്‍ക്കല്‍) വ്യവസ്ഥയിലാവും. ഭരിക്കുന്നവന്‍ (പുരുഷന്‍), ഭരിക്കപ്പെടുന്നവള്‍ (സ്ത്രീ) എന്ന ക്രയവസ്തുവിനെ തനിക്കനുകൂലമായി ഉപയോഗപ്പെടുത്തേണ്ടതെങ്ങനെ എന്നു നിര്‍വചിച്ചുവെച്ചതാണ് സദാചാരം എന്ന പേരില്‍ ആചരിക്കപ്പെടുന്നത്. സ്ത്രീ എന്ന ക്രയവസ്തു ഇല്ലാതെ സദാചാരം എന്ന വാക്കിനു പോലും പ്രസക്തിയില്ല. ഇതേ പാട്രിയാര്‍ക്കല്‍ വ്യവസ്ഥിതി തന്നെയാണ് സകല പാശ്ചാത്യ – പൗരസ്ത്യ മതങ്ങളുടെയും നിയമങ്ങള്‍ എഴുതിയുണ്ടാക്കിയത്. മതങ്ങളും ജാതികളും സ്ത്രീ വിരുദ്ധമാവുന്നതിന്റെ കാരണവും മറ്റൊന്നല്ല. സ്ത്രീ ക്രയവസ്തു ആവുന്നതുകൊണ്ടാണ് അവളെ ‘സംരക്ഷിക്കേണ്ടി’വരുന്നത്. സദാചാരബോധത്തിന്റെ വക്താക്കള്‍ ആ മൊറാലിറ്റി കോഡ് അനുസരിക്കുന്നത് അവരുടെ ‘കമ്മോഡിറ്റി’യെ കേടുകൂടാകെ സൂക്ഷിക്കാന്‍ മാത്രമാണ്.”

ഇതേവാദമാണ് ‘സദാചാരപ്പോലീസിനെ’ എതിര്‍ക്കുന്ന മിക്കവാറുമെല്ലാ വായനകളും മുമ്പോട്ടുവയ്ക്കുന്നത്. കേരളത്തില്‍ സദാചാരത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ ലൈംഗിക നിയന്ത്രണത്തിന്റെയും ആണ്‍കോയ്മയുടെയും സ്ത്രീവിരുദ്ധതയുടെയും അനന്തരഫലമായി മനസ്സിലാക്കാനാണ് ചുംബനസമരക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍, പ്രമാദമായ പല സദാചാര സംഭവങ്ങളെയും മനസ്സിലാക്കാന്‍ ആണ്‍കോയ്മ എന്ന വിശകലം മാത്രം മതിയാവില്ല. കാരണം, ജാതി, മതം, പ്രദേശം, ഭാഷ തുടങ്ങിയ അധികാരഘടനകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശമാണ് കേരളം. ഡൗണ്‍ ടൗണ്‍ സംഭവം തന്നെയെടുക്കുക. ആ ഹോട്ടലില്‍ അനാചാരം നടന്നുവെന്നു കാണിക്കാന്‍ മോര്‍ഫ് ചെയ്ത ഫോട്ടോകളും വീഡിയോ ക്ലിപ്പുകളുമാണ് ഉപയോഗിക്കപ്പെടുന്നത്. എങ്ങനെ നോക്കിയാലും, രാഹുല്‍ പശുപാല്‍ പറയുന്നതുപോലെ ആണ്‍കോയ്മയുടെ മൊറാലിറ്റി കോഡ് നിലനിര്‍ത്താന്‍ വേണ്ടിയല്ല, ഡൗണ്‍ ടൗണ്‍ ആക്രമിക്കപ്പെടുന്നത്. പകരം പലരും ചൂണ്ടിക്കാണിച്ച പോലെ, കോഴിക്കോടുള്ള നിരവധി മുസ്ലീം സ്ഥാപനങ്ങളെ നിരന്തരമായി ആക്രമിക്കുന്ന ഹിന്ദുസംഘടനകളുടെ മുസ്ലീംവിരുദ്ധതയാണ് ഇവിടെ ആക്രമണത്തിനു കാരണമാവുന്നത്. ഇതുതന്നെയാണു പ്രമാദമായ ചിത്രലേഖ എന്ന ദലിത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും സംഭവിക്കുന്നത്. പയ്യന്നൂരിലെ മണിയാണി സമുദായത്തിലെ സി.ഐ.ടി.യുക്കാര്‍ അവരെ ആക്രമിക്കുന്നത് ഒരുതരത്തിലുള്ള സദാചാരപ്രശ്‌നം കാരണവുമല്ല. അവരുടെ ദളിത് ജാതിസ്ഥാനത്തു നിന്നുയര്‍ന്നുവന്ന് ആ പ്രദേശത്തെ പ്രമുഖ ഒ.ബി.സി. സമുദായമായ മണിയാണികള്‍ക്കൊപ്പം ഉയരാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് ചിത്രലേഖ ആക്രമിക്കപ്പെടുന്നത്.

ഇതുപോലെ പ്രദേശം, ജാതി, വര്‍ഗം, മതം എന്നിങ്ങനെ നിരവധി അധികാരങ്ങളുടെ നിലനില്‍പ്പിനുവേണ്ടിയുള്ള ആക്രമണങ്ങളാണ് പലപ്പോഴും ആണ്‍കോയ്മയ്ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന സദാചാരഗുണ്ടായിസം എന്ന പരികല്‍പ്പനയ്ക്ക് കീഴെ വായിക്കപ്പെടുന്നത്. ഇത്തരത്തില്‍ ചുംബനസമരക്കാര്‍ ആണ്‍കോയ്മയെന്ന ഒരൊറ്റ വിശകലനത്തിലേക്കു തങ്ങളുടെ വായനകളെ ഒതുക്കുന്നതിനെക്കുറിച്ച് കൂടുതല്‍ പറയുന്നതിനുമുമ്പ് ഇങ്ങനെയൊരു രീതിയുടെ ചരിത്രപരമായും സൈദ്ധാന്തികവുമായ അടിത്തറയെക്കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടിയിരിക്കുന്നു.

________________________________________________
പ്രദേശം, ജാതി, വര്‍ഗം, മതം എന്നിങ്ങനെ നിരവധി അധികാരങ്ങളുടെ നിലനില്‍പ്പിനുവേണ്ടിയുള്ള ആക്രമണങ്ങളാണ് പലപ്പോഴും ആണ്‍കോയ്മയ്ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന സദാചാരഗുണ്ടായിസം എന്ന പരികല്‍പ്പനയ്ക്ക് കീഴെ വായിക്കപ്പെടുന്നത്. ഇത്തരത്തില്‍ ചുംബനസമരക്കാര്‍ ആണ്‍കോയ്മയെന്ന ഒരൊറ്റ വിശകലനത്തിലേക്കു തങ്ങളുടെ വായനകളെ ഒതുക്കുന്നതിനെക്കുറിച്ച് കൂടുതല്‍ പറയുന്നതിനുമുമ്പ് ഇങ്ങനെയൊരു രീതിയുടെ ചരിത്രപരമായും സൈദ്ധാന്തികവുമായ അടിത്തറയെക്കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടിയിരിക്കുന്നു.
________________________________________________

വെളുത്ത ഫെമിനിസത്തിന്റെയും അതിനെ അപ്പാടെ ഏറ്റെടുക്കുന്ന ഇന്ത്യന്‍ സവര്‍ണ ഫെമിനിസത്തിന്റെയും, കേരളത്തില്‍ തന്നെ സവര്‍ണസ്ത്രീകളുടെ ജാതി-സ്ത്രീ മുന്നേറ്റത്തിന്റെയും വീക്ഷണങ്ങളാണ് ചുംബനസമരത്തിനൊരു സൈദ്ധാന്തിക – രാഷ്ട്രീയ അടിത്തറയുണ്ടാകുന്നത്. കറുത്ത സ്ത്രീകളുടെ വോട്ടവകാശത്തെ എതിര്‍ത്തുകൊണ്ട് (ബെല്‍ ഹുക്‌സ് ചൂണ്ടിക്കാട്ടുന്നതുപോലെ) വെളുത്ത സ്ത്രീകളുടെ വോട്ടവകാശത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി സംഘടിച്ചുകൊണ്ടാണ് വെളുത്ത ഫെമിനിസ്റ്റ് രാഷ്ട്രീയമുണ്ടായിവന്നത്.

1960 കളിലാണ് ലൈംഗികതയെ കുറിച്ചുള്ള സംവാദങ്ങള്‍ സ്ത്രീരാഷ്ട്രീയത്തിന്റെ ഭാഗമാവുന്നത്. ഈ സമയത്താണ് അടിമത്തം നിരോധിച്ചിട്ടും കടുത്ത വിവേചനപൂര്‍ണമായ നിയമങ്ങള്‍ക്കു കീഴെ ജീവിച്ചുപോന്ന ആഫ്രോ-അമേരിക്കന്‍ സമുദായങ്ങള്‍ പൗരാവകാശമുന്നേറ്റങ്ങളിലൂടെയും മറ്റു പല സാംസ്‌കാരിക – രാഷ്ട്രീയ സംഘടനകളിലൂടെയും അമേരിക്കന്‍ വംശീയതയെ വലിയ തോതില്‍ എതിര്‍ക്കാന്‍ തുടങ്ങിയത്. കറുത്ത വംശജരുടെ മുദ്രാവാക്യങ്ങളും വിശകലന ശൈലികളും സംഘടനാരീതികളും കടമെടുത്തുകൊണ്ടാണ് ലൈംഗികതയെക്കുറിച്ചുള്ള ചോദ്യങ്ങളിലൂന്നിയ വെളുത്ത ഫെമിനിസത്തിന്റെ രണ്ടാമത്തെ തരംഗം ഈ സമയത്തുണ്ടാവുന്നത്.

സ്വകാര്യ മീഡിയയുടെയും മുഖ്യധാരാ പത്രങ്ങളുടെയും പൂര്‍ണമായ സഹായത്തോടെ ഫെമിനിസത്തിന്റെ ബലത്തില്‍ ലൈംഗിക സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുന്നേറ്റവും വിപുലപ്പെടുന്നത് ഇങ്ങനെയാണ്. ഇതിന്റെ ഭാഗമായാണ് ആണ്‍കോയ്മയുടെ ഘടനകള്‍ ലൈംഗികതയെ നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍ ശക്തിപ്പെടുന്നത്.

ലൈംഗികതയുടെ ചരിത്രമെഴുതിയ ഫൂക്കോ പോലും കറുത്ത രാഷ്ട്രീയത്തിന്റെ സ്വാധീനത്തിലാണ് 70 കള്‍ക്കു ശേഷമുള്ള തന്റെ വിശകലനങ്ങള്‍ മുമ്പോട്ടുവയ്ക്കുന്നതെന്നു പുതിയ പഠനങ്ങള്‍ പറയുന്നു. ബ്രാഡി തോമസ് ഹൈനര്‍ ‘ഫൂക്കോ ആന്റ് ദ ബ്ലാക്ക് പാന്തര്‍’ എന്ന തന്റെ ലേഖനത്തില്‍ പറയുന്നതുപോലെ, ഫൂക്കോ മുമ്പോട്ടുവച്ച ജയില്‍ സംവിധാനത്തെ കുറിച്ചുള്ള വിശകലനങ്ങള്‍, അധികാരം/അറിവ്, വംശാവലി എന്നിങ്ങനെയുളള ആശയങ്ങളെല്ലാം തന്നെ കറുത്ത വംശത്തിനുവേണ്ടി പോരാടുകയും ജയിലില്‍ കിടക്കുകയും ചെയ്ത ആന്‍ജല ഡേവിസ്, ജോര്‍ജ് ജാക്‌സന്‍, ഹുയേ പി. ന്യൂട്ടന്‍, ബോബി സ്‌കേല്‍ എന്നിവരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഉണ്ടായിവന്ന ആശയങ്ങളാണ്.

എന്നാല്‍ ബ്രാഡി തോമസ് ഹൈനര്‍ പറയുന്നതുപോലെ, വംശത്തെക്കുറിച്ചുള്ള എല്ലാ റഫറന്‍സുകളും എടുത്തുകളഞ്ഞ്, ആ സ്ഥാനത്ത് ലൈംഗികതയെ പ്രതിഷ്ഠിച്ചുകൊണ്ടാണ് ഫൂക്കോ തന്റെ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്നത്. ഇതുതന്നെയാണ് ഫെമിനിസത്തിന്റെ രണ്ടാം തരംഗവും അതിലൂടെ വിപുലപ്പെട്ടുവന്ന ലൈംഗിക സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള രാഷ്ട്രീയവും ചെയ്യുന്നത്. കറുത്ത രാഷ്ട്രീയത്തില്‍ നിന്ന് കടം വാങ്ങിക്കൊണ്ട്, അതിന്റെ അറിവുകള്‍ പാടേ ഇല്ലാതാക്കി, ലൈംഗികതയെക്കുറിച്ചും ആണ്‍കോയ്മയെക്കുറിച്ചും മാത്രം പറയുന്ന ഒരു അധികാരരാഷ്ട്രീയമാണ് ഇവര്‍ മുന്നോട്ടുവച്ചത്. ഇതിലൂടെ കറുത്തവരുടെ പൗരാവകാശമുണ്ടാക്കിയ രാഷ്ട്രീയ ചലനങ്ങളെ നിശബ്ദീകരിക്കുന്ന ഒരു രാഷ്ട്രീയസ്ഥാനമാണ് ഫെമിനിസവും മുഖ്യധാരാ മീഡിയയുമെല്ലാം ചേര്‍ന്ന് വെളുത്തവര്‍ക്കുണ്ടാക്കിക്കൊടുത്തത്.

ഇതോടുകൂടി പാശ്ചാത്യസമൂഹം പെട്ടെന്ന് ദാമ്പത്യത്തിനപ്പുറമുള്ള ലൈംഗികത, ഗര്‍ഭഛിദ്രം, ഒന്നില്‍ കൂടുതല്‍ പങ്കാളികളുമായുള്ള ബന്ധം എന്നിങ്ങനെയുള്ള നിരവധി നൂതന ആശയങ്ങളിലൂടെ ലൈംഗികതയെ കാണാന്‍ തുടങ്ങി. സ്വവര്‍ഗ ലൈംഗികതയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയവും എല്‍.ജി.ബി.ടി. മുന്നേറ്റങ്ങളുമെല്ലാം ഇതിന്റെ ഭാഗമായാണ് വളര്‍ന്നുവകുന്നത്. ലൈംഗികതയെ ഒരു പ്രത്യേക തരത്തില്‍ സമീപിക്കുന്ന ചരിത്രപരമായ ഒരു പുതിയ വീക്ഷണത്തിന്റെ ഭാഗം മാത്രമായിരുന്നു ഈ മാറ്റങ്ങളെല്ലാം. മാത്രമല്ല, മാറുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും നിയോ കൊളോണിയല്‍ വിപണിയുടെ ആവശ്യങ്ങളും ഇങ്ങനെയൊരു മാറ്റത്തെ വലിയ തോതില്‍ നയിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ചരിത്രപരതയെ നിഷേധിച്ചുകൊണ്ട് ആണ്‍കോയ്മയുടെ പിടിയില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്കു നീങ്ങുന്ന എല്ലാ സ്ത്രീകളുടെയും മുന്നേറ്റമായാണ് വെളുത്ത വ്യവഹാരങ്ങള്‍ ഇതിനെ കണ്ടത്.

ആ കാലത്തുതന്നെ തങ്ങള്‍ക്ക് വേണ്ടത് ലൈംഗിക ചൂഷണത്തില്‍ നിന്നുള്ള സംരക്ഷണമാണ്, സ്വാതന്ത്ര്യമല്ല എന്നു പറഞ്ഞുകൊണ്ട് നിരവധി സ്ത്രീകള്‍ ഈ പുതിയ ലൈംഗിക വ്യവസ്ഥയില്‍ നിന്നു മാറിനിന്നിരുന്നു. അതുപോലെ തന്നെ, ലൈംഗിക സ്വാതന്ത്യം തങ്ങളെ കൂടുതല്‍ ചൂഷണം ചെയ്യുകയാണെന്നും ഇത് ആണ്‍കോയ്മയെ തന്നെയാണ് തുണയ്ക്കുന്നതെന്നും പറഞ്ഞു നിരവധി നേറ്റീവ് അമേരിക്കന്‍ സ്ത്രീകളും മുന്നോട്ടുവന്നിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, നിരവധി തരത്തില്‍ പ്രശ്‌നകരമായ ഒരു വെളുത്ത സ്ത്രീ ലൈംഗിക രാഷ്ട്രീയമാണ് അറിഞ്ഞോ അറിയാതെയോ ചുംബനസമരങ്ങളുടെ വ്യവഹാരങ്ങളില്‍ പ്രതിഫലിക്കുന്നത്. ഇതുകൊണ്ടായിരിക്കണം, കേരളം പോലൊരു സമൂഹത്തിലെ ജാതിവ്യവസ്ഥയും ലൈംഗികതയും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് ചിന്തിക്കാതെയാണ് ചുംബനസമരക്കാര്‍ തങ്ങളുടെ വിശകലനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.

____________________________________________
വാസ്തവത്തില്‍, ചുംബനസമരവും അത് മുന്നോട്ടുവയ്ക്കുന്ന വാദങ്ങളും കേരളസമൂഹത്തെ ആഴത്തില്‍ നിര്‍മ്മിക്കുന്ന ജാതി ഹിന്ദു അധികാരത്തെയാണ് കണ്ടില്ലെന്ന് നടിക്കുന്നത്. കീഴാള സ്ത്രീകളുടെ ലൈംഗികസ്ഥാനത്തേയും പ്രശ്‌നങ്ങളെയും പൂര്‍ണമായും കണ്ടില്ലെന്ന് നടിക്കുമ്പോള്‍ മാത്രമാണ് ചുംബനസമരക്കാര്‍ക്ക് ആണ്‍കോയ്മയെക്കുറിച്ചും എല്ലാവര്‍ക്കും വേണ്ടി ഏകപക്ഷീയമായും സംസാരിക്കാന്‍ കഴിയുന്നത്. വെളുത്ത സ്ത്രീ രാഷ്ട്രീയത്തില്‍ നിന്നും സവര്‍ണ സ്ത്രീ പക്ഷത്തുനിന്നും കടം വാങ്ങിക്കൊണ്ട് ജാതിവ്യവസ്ഥയുടെ അധികാരങ്ങളെ കാണാതിരിക്കുന്ന ചുംബനസമരം സവര്‍ണരുടെ വസന്തകാലം തന്നെയാണ്. ചുംബനസമരക്കാര്‍ക്ക് എത്രതന്നെ കീഴാളരെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞാലും, ഒരു കീഴാള സ്ത്രീപക്ഷത്തുനിന്നു നോക്കുമ്പോള്‍ കാണാന്‍ കഴിയുന്നത് ഇതുതന്നെയാണ്.
____________________________________________

ജാതി, മതം എന്നിങ്ങനെ തീര്‍ത്തും വ്യത്യസ്തമായ സാമൂഹിക വ്യവസ്ഥകള്‍ ഒരേപോലെ സ്ത്രീലൈംഗികതയെ നിയന്ത്രിക്കുന്നുവെന്നും, ഇത്തരം ഘടനകള്‍ക്കപ്പുറം നീങ്ങി സ്വതന്ത്രമായ ഒരു ലൈംഗിക സ്വത്വം ഉണ്ടാക്കിയെടുക്കുമെന്നുമാണ് ചുംബനസമരം നിര്‍ദേശിക്കുന്നത്. ജാതി വ്യവസ്ഥ മനുഷ്യരെ പലതായി വിഭജിച്ചുകൊണ്ട് അതികഠിനമായി ചൂഷണം ചെയ്യുന്ന ഒരു വ്യവസ്ഥയാണെന്നും ജാതിയുടെ ഹിംസയില്‍ നിന്നു പുറത്തുകടക്കാന്‍ ഡോ. അംബേദ്ക്കറെ പോലുള്ളവര്‍ ഹിന്ദുവ്യവസ്ഥയില്‍ നിന്ന് മാറി മറ്റു മതങ്ങളെ ആശ്രയിക്കാനാണ് ആഹ്വാനം ചെയ്തതെന്നും ഇത്തരം കാഴ്ച്ചപ്പാടുകള്‍ കാണുന്നില്ല.

ചുരുക്കിപ്പറഞ്ഞാല്‍, എല്ലാവരേയും ഒരുപോലെ കാണുന്ന മതവ്യവസ്ഥകളില്‍ നിന്നു വ്യത്യസ്തമായി, മനുഷ്യരെ ജാതികളായി വേര്‍തിരിക്കുന്ന ജാതിവ്യവസ്ഥയുടെ വിഭജനങ്ങളുടെ ഹിംസാത്മകതയും ഇതു വ്യത്യസ്ത സ്ത്രീകളുടെ ലൈംഗികതയെ വ്യത്യസ്ത തരത്തില്‍ നിര്‍വചിക്കുന്ന രീതികളും ഇത്തരം വായനകള്‍ കാണുന്നില്ല.

ജാതി വ്യവസ്ഥയ്ക്കു കീഴെ സവര്‍ണ-മേലാള സ്ത്രീകളുടെ ലൈംഗികതയാണ് കര്‍ശനമായി നിയന്ത്രിക്കപ്പെടുന്നത്. കാരണം, അവരുടെ ചാരിത്ര്യവും പാതിവ്രത്യവും കാത്തുസൂക്ഷിക്കുന്നതിലൂടെ മാത്രമാണ് ജാതിയുടെ പരിശുദ്ധി സൂക്ഷിക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് മേലാള സ്ത്രീകള്‍ അകത്തളങ്ങളില്‍ ജീവിച്ചുപോന്നതും പുലപ്പേടി, മണ്ണാപ്പേടി എന്നിങ്ങനെയുള്ള സമ്പ്രദായങ്ങള്‍ അവരെ കീഴാള പുരുഷന്മാരില്‍ നിന്ന് അകറ്റി നിര്‍ത്തിയതും.

എന്നാല്‍, ഇതേ വ്യവസ്ത തന്നെ കീഴാള സ്ത്രീകളുടെ കാര്യത്തില്‍ ഇത്തരം നിബന്ധനകള്‍ പാലിച്ചിരുന്നില്ല. പകരം, മാറു മറയ്ക്കാന്‍ പോലും സമ്മതിക്കാതെ ഇവരെ സവര്‍ണ പുരുഷന്മാരുടെ ലൈംഗിക ഹിംസയ്ക്കിരയാക്കുകയാണ് ജാതിവ്യവസ്ഥ ചെയ്തത്. ഇങ്ങനെയൊരു ചൂഷണത്തിന് അവരെ വിധേയരാക്കാനായി, അനിയന്ത്രിതമായ ലൈംഗികതയുടെ ചിഹ്നമായാണ് കീഴാള സ്ത്രീകള്‍ കാണപ്പെട്ടിരുന്നത്. ഇത്തരത്തില്‍ മേലാള പുരുഷന്മാര്‍ക്കുവേണ്ടി ‘സ്വതന്ത്രരാക്കപ്പെട്ട’ കീഴാള സ്ത്രീകളില്‍ നിന്നു വ്യത്യസ്തമായി സവര്‍ണ സ്ത്രീകള്‍ അന്യപുരുഷന്റെ സാമീപ്യത്തില്‍ നിന്നു കര്‍ശനമായി മാറ്റിനിര്‍ത്തപ്പെട്ടു.

കൊളോണിയല്‍ ആധുനികതയുടെ സാധ്യതകള്‍ ഉപയോഗിച്ച് തങ്ങള്‍ക്കു മേലുള്ള അനിയന്ത്രിതമായ ആണ്‍-മേലാള ലൈംഗിക കൈയേറ്റത്തെ തന്നെയാണ് ‘മാറു മറയ്ക്കല്‍’ സമരത്തിലൂടെ കീഴാള സ്ത്രീകള്‍ എതിര്‍ത്തിരുന്നത്. അതേസമയം തന്നെ സ്വജാതി വിവാഹങ്ങളിലൂടെ ജാതിയുടെ പരിശുദ്ധി നിലനിര്‍ത്താന്‍ വേണ്ടി അകത്തളങ്ങളില്‍ ഒതുക്കിനിര്‍ത്തപ്പെട്ട മേലാള സ്ത്രീകള്‍ ആഗ്രഹിച്ചത് ഇതില്‍ നിന്ന് പുറത്തുവന്ന് – അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കു വന്നു- കൂടുതല്‍ സ്വാതന്ത്ര്യം നേടിയെടുക്കാനാണ്.

എന്നും പൊതു ഇടങ്ങളിലും തൊഴില്‍ സ്ഥലങ്ങളിലും മേലാളരുടെ വീടുകളിലും കാണപ്പെട്ട മേലാളരുടെ ലൈംഗിക ഹിംസകള്‍ക്കും കടന്നുകയറ്റത്തിനും ചൂഷണത്തിനുമിരയായിരുന്ന കീഴാള സ്ത്രീകള്‍ ആഗ്രഹിച്ചിരുന്നത്, മേലാള സ്ത്രീകള്‍ ഉപേക്ഷിക്കാന്‍ ആഗ്രഹിച്ച അകത്തളങ്ങളുടെ സംരക്ഷണം തന്നെയായിരുന്നു. ഈഴവ സമുദായത്തെക്കുറിച്ച് പഠിച്ച ഫിലിപ്പോ, കാരലൈന്‍ ഒസെല്ല എന്നിവരുടെ പഠനങ്ങള്‍ കാണിക്കുന്നതുപോലെ കീഴാള സമുദായങ്ങളുടെ മേലോട്ടുള്ള സാമൂഹിക ചലനം

ചിത്രകാരന്‍ മുരളി

(സോഷ്യല്‍ മൊബിലിറ്റി) അടയാളപ്പെട്ടത്, അവരുടെ സ്ത്രീകള്‍ പൊതുഇടങ്ങളിലെ ജോലിസ്ഥലങ്ങളില്‍ നിന്നു പിന്‍മാറി, ലൈംഗിക ചൂഷണത്തില്‍ നിന്നു വിമുക്തമായി, കുടുംബത്തിന്റെ സംരക്ഷണം തേടുന്നതിലൂടെയാണ്.

ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. സദാചാരം എന്നതിനെ തള്ളിപ്പറഞ്ഞ് സ്വതന്ത്രമായ ഒരു ലൈംഗിക സ്ഥാനത്തേക്ക് നീങ്ങാനുള്ള ചുംബനസമരക്കാരുടെ ആഹ്വാനം, വെളുത്ത ഫെമിനിസത്തിന്റെ പ്രശ്‌നകരമായ നിര്‍വചനങ്ങളില്‍ നിന്നും കേരളത്തിലെ സവര്‍ണ സ്ത്രീകളുടെ സാമൂഹികസ്ഥാനത്തുനിന്നുമാണ് ഉണ്ടായിവരുന്നത്. ഇത് എല്ലാ സ്ത്രീകളുടെയും രാഷ്ട്രീയമായി സ്വയം അവതരിക്കുന്നുണ്ടെങ്കില്‍, ജാതിവ്യവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ വിസമ്മതിക്കുന്ന സവര്‍ണ സ്ത്രീപക്ഷങ്ങളുടെ ജാതീയമായ അധീശത്വം കാരണമാണത്.

വാസ്തവത്തില്‍, ചുംബനസമരവും അത് മുന്നോട്ടുവയ്ക്കുന്ന വാദങ്ങളും കേരളസമൂഹത്തെ ആഴത്തില്‍ നിര്‍മ്മിക്കുന്ന ജാതി ഹിന്ദു അധികാരത്തെയാണ് കണ്ടില്ലെന്ന് നടിക്കുന്നത്. കീഴാള സ്ത്രീകളുടെ ലൈംഗികസ്ഥാനത്തേയും പ്രശ്‌നങ്ങളെയും പൂര്‍ണമായും കണ്ടില്ലെന്ന് നടിക്കുമ്പോള്‍ മാത്രമാണ് ചുംബനസമരക്കാര്‍ക്ക് ആണ്‍കോയ്മയെക്കുറിച്ചും എല്ലാവര്‍ക്കും വേണ്ടി ഏകപക്ഷീയമായും സംസാരിക്കാന്‍ കഴിയുന്നത്. വെളുത്ത സ്ത്രീ രാഷ്ട്രീയത്തില്‍ നിന്നും സവര്‍ണ സ്ത്രീ പക്ഷത്തുനിന്നും കടം വാങ്ങിക്കൊണ്ട് ജാതിവ്യവസ്ഥയുടെ അധികാരങ്ങളെ കാണാതിരിക്കുന്ന ചുംബനസമരം സവര്‍ണരുടെ വസന്തകാലം തന്നെയാണ്. ചുംബനസമരക്കാര്‍ക്ക് എത്രതന്നെ കീഴാളരെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞാലും, ഒരു കീഴാള സ്ത്രീപക്ഷത്തുനിന്നു നോക്കുമ്പോള്‍ കാണാന്‍ കഴിയുന്നത് ഇതുതന്നെയാണ്.

Top