അംബേദ്കറുടെ സാമ്പത്തികവീക്ഷണം – ഒരു വിലയിരുത്തല്‍

മനുഷ്യാവകാശങ്ങളുടെ സംരക്ഷകനെന്ന നിലയില്‍ അംബേദ്ക്കര്‍ അയിത്തത്തെ തള്ളിപ്പറഞ്ഞു. അംബേദ്ക്കറെ സംബന്ധിച്ചിടത്തോളം അയിത്തം കേവലം മതാചാരത്തിന്റെ ഭാഗമായിരുന്നില്ല. മറിച്ച് അടിമത്ത വ്യവസ്ഥയെക്കാള്‍ ഹീനമായ ഒരു സമ്പദ്‌വ്യവസ്ഥകൂടിയായിരുന്നു. അടിമത്ത സമ്പ്രദായത്തില്‍ അടിമയുടെ ഭക്ഷണത്തിന്റെയും, വസ്ത്രത്തിന്റെയും, വീടിന്റെയും ഉത്തരവാദിത്വവും ഉടമയ്ക്കായിരുന്നു. നല്ല പരിസ്ഥിതിയില്‍ സൂക്ഷിക്കുന്നില്ലെങ്കില്‍ അടിമയുടെ മാര്‍ക്കറ്റ് വില കുറയുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി അയിത്ത സമ്പ്രദായത്തില്‍ അയിത്ത ജാതിക്കാരെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം മേല്‍ ജാതിക്കാര്‍ക്കുണ്ടായിരുന്നില്ല. ‘കോണ്‍ഗ്രസ്സും ഗാന്ധിയും അയിത്ത ജാതിക്കാര്‍ക്ക് ചെയ്തതെന്ത്’? എന്ന ഗ്രന്ഥത്തില്‍ അംബേദ്ക്കര്‍ നിരീക്ഷിക്കുന്നു. ‘ഒരു സാമ്പത്തിക വ്യവസ്ഥയെന്ന നിലയില്‍ ജാതിവ്യവസ്ഥ യാതൊരു ബാദ്ധ്യതയുമില്ലാത്ത ചൂഷണം അനുവദിക്കുന്നു’.
അയിത്തസമ്പ്രദായം ദുസ്സഹമായ സാമ്പത്തിക ചൂഷണത്തിന്റേതുമാത്രമല്ല, നിയന്ത്രണമില്ലാത്ത സാമ്പത്തിക ചൂഷണത്തിന്റെയും കൂടി വ്യവസ്ഥയായിരുന്നു.

ടിസ്ഥാന വിദ്യാഭ്യാസംകൊണ്ട് അംബേദ്കര്‍ ഒരു സാമ്പത്തികശാസ്ത്രജ്ഞനായിരുന്നു. 1917-ല്‍ അദ്ദേഹം അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. 1921-ല്‍ സാമ്പത്തികശാസ്ത്രത്തില്‍ നടത്തിയ ഗവേഷണങ്ങളെ മാനിച്ചുകൊണ്ട് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് ഡോക്ടര്‍ ഓഫ് സയന്‍സ് (ഉരെ) ബിരുദം നല്‍കി. ഔപചാരിക വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ഈ പഠനങ്ങള്‍ കൂടാതെ ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയെ ഗ്രസിച്ചിരുന്ന കുഴപ്പങ്ങളുടെ സാമ്പത്തികമാനങ്ങളെ അദ്ദേഹം വിശകലനംചെയ്തു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ സാമ്പത്തിക ശാസ്ത്രചിന്തകളാല്‍ സമ്പന്നമായിരുന്നു. ഗവണ്‍മെന്റിനു സമര്‍പ്പിക്കപ്പെട്ട നിരവധി നിവേദനങ്ങളും പ്രസ്താവനകളും ഇന്ത്യയുടെ സാമ്പത്തികപ്രശ്‌നങ്ങളെക്കുറിച്ച് അംബേദ്ക്കറിനുണ്ടായിരുന്ന അഗാധമായ ഉള്‍ക്കാഴ്ചയെ സൂചിപ്പിക്കുന്നതാണ്. ഈ പശ്ചാത്തലത്തിന് വിരുദ്ധമായി ഒരു സാമ്പത്തികവിദഗ്ദന്‍ എന്ന നിലയില്‍ അംബേദ്ക്കറുടെ സംഭാവനകളെക്കുറിച്ചുള്ള വ്യാപകമായ അജ്ഞത തികച്ചും നിര്‍ഭാഗ്യകരമാണ്. മതം, നിയമം, രാഷ്ട്രമീമാംസ, സാമൂഹ്യശാസ്ത്രം എന്നീ രംഗങ്ങളില്‍ അദ്ദേഹം നല്‍കിയ അസാമാന്യമായ സംഭാവനകള്‍കൊണ്ട് സാമ്പത്തികശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍കൊണ്ട്,  മൂടപ്പെട്ടിരിക്കുന്നു എന്ന് ഒരാള്‍ക്ക് വിശദീകരിക്കാവുന്നതാണ്. എങ്കിലും, ഇന്ത്യന്‍ സമ്പദ്ശാസ്ത്ര വികാസത്തെക്കുറിച്ചുള്ള വിദഗ്ദപഠനങ്ങള്‍ നടത്തിയവര്‍ എന്നറിയപ്പെടുന്ന മദനയേയും ഗാംഗുലിയേയും പോലുള്ളവര്‍പോലും അംബേദ്ക്കറുടെ സംഭാവനകളെക്കുറിച്ച് വേണ്ടത്ര തിരിച്ചറിവ് നേടിയില്ല എന്നത് അത്ഭുതകരമാണ്. (B.N. Ganguli, Indian Economic thought: Nineteeth Century Perspective, Tata Malgraw Hill 1977, and B.K. Madan, Economic Thinking in India, S Chand, 1966)

  • പണസമ്പദ്ശാസ്ത്രത്തിനും പൊതുധനകാര്യത്തിനും അംബേദ്കറുടെ സംഭാവനകള്‍

നാണയപ്രശ്‌നം – ഉത്ഭവവും പരിഹാരവും (The Problem of Rupee – its Origin and Solution)  എന്ന ഡോക്ടര്‍ ഓഫ് സയന്‍സ് പ്രബന്ധത്തിലും, ഇന്ത്യന്‍ നാണയവ്യവസ്ഥയെയും പൊതുകാര്യത്തെയും കുറിച്ച് റോയല്‍ കമ്മീഷന് മുമ്പില്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടറുകളിലും തെളിവുകളിലും പണസമ്പദ്ശാസ്ത്രത്തിന് (Monetary Economics) അംബേദ്കര്‍ നല്‍കിയ സംഭാവനകള്‍ സുവ്യക്തമാണ്. (ഈ വസ്തുതകള്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ രൂപീകരണത്തിലേക്ക് നയിച്ചു.)

വിനിമയോപാധിയുടെ രൂപമെന്നനിലയില്‍ ഇന്ത്യന്‍ കറന്‍സിയുടെ പരിണാമത്തേയും അതിന്റെ സമമൂല്യമെന്ന നിലയില്‍ സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ അമൂല്യലോഹങ്ങളേയും കുറിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ ഈ ഉജ്ജ്വല ഗ്രന്ഥത്തില്‍ അംബേദ്കര്‍ മുന്നോട്ടുവെക്കുന്നു. അതുവരെയുള്ള പഠനങ്ങളില്‍ നിന്നും വ്യത്യസ്തമായി അംബേദ്കര്‍, ഇന്ത്യന്‍ നാണയവ്യവസ്ഥയുടെ ചരിത്രത്തില്‍ ഏറ്റവും അവഗണിക്കപ്പെട്ടിരുന്ന 1800 മുതല്‍ 1921 വരെയുള്ള കാലഘട്ടത്തിലേക്ക് കടന്നു ചെന്നു. 1920 വരെയുള്ള കാലഘട്ടത്തെ ചരിത്രപരമായ ഈ വീക്ഷണത്തിലൂടെ പരിശോധിച്ചുകൊണ്ട്, ശുദ്ധസ്വര്‍ണമാനത്തിനു (Pure Gold Standard) പകരം സ്വര്‍ണവിനിമയമാനം (Gold Exchange Standard) സ്വീകരിക്കുന്നതിലൂടെ അക്കാലത്ത് നിലവില്‍വന്ന സാമ്പത്തികപ്രതിസന്ധിയിലേക്ക് അദ്ദേഹം വെളിച്ചം വീശുകയുണ്ടായി.

ശുദ്ധസ്വര്‍ണമാനത്തില്‍ സ്വര്‍ണത്തെതന്നെ ചില രൂപങ്ങളില്‍, പ്രത്യേകിച്ച് നാണയരൂപത്തില്‍, വിനിമയോപാധിയായി സ്വീകരിക്കുന്നു. ഇതിന്റെ വ്യത്യാസമാനമായ സ്വര്‍ണപരിവര്‍ത്തിക മാനത്തില്‍ (Gold-Convertible Standard) സ്വര്‍ണനാണയങ്ങളോടൊപ്പം സ്വര്‍ണമായി തിരിച്ചെടുക്കാമെന്ന വ്യവസ്ഥയില്‍ കടലാസുപണം (നോട്ടുകള്‍) കൂടി വിതരണം ചെയ്യപ്പെടുന്നു. ഇതിനു വിപരീതമായി സ്വര്‍ണവിനിമയത്തിനു കീഴില്‍, സ്വര്‍ണമാനം നിലവിലുള്ള രാജ്യങ്ങളിലെ വിദേശനാണ്യത്തിന്റെ കരുതല്‍ ശേഖരത്തിന്റെ പിന്തുണയോടുകൂടി, സ്വര്‍ണ്ണത്തിന്റെ സ്ഥിരമൂല്യവുമായി വിനിമയം ചെയ്യാവുന്ന തരത്തില്‍ പേപ്പര്‍നോട്ടുകള്‍ മാത്രം വിതരണംചെയ്യുന്നു.

ഇന്ത്യനവസ്ഥയില്‍ നാണയവ്യവസ്ഥയുടെ നേട്ടങ്ങളും കോട്ടങ്ങളും ആയി ബന്ധപ്പെട്ട വിവാദത്തില്‍ അംബേദ്ക്കര്‍ക്ക്; പ്രസിദ്ധ സാമ്പത്തിക വിദഗ്ദ്ധനായ കെയിന്‍സുമായി ഏറ്റുമുട്ടേണ്ടിവന്നു. ‘ഇന്ത്യന്‍ കറന്‍സിയും ധനകാര്യവും’ എന്ന തന്റെ പ്രബന്ധത്തില്‍ കെയിന്‍സ് സ്വര്‍ണ വിനിമയമാനത്തെ അനുകൂലിക്കുകയും ഭാവിയിലെ മാതൃകാപരമായ വിനിമയവ്യവസ്ഥയുടെ ഒരവശ്യഘടകം ഇതില്‍ ഉള്‍ക്കൊള്ളുന്നുവെന്ന് വാദിക്കുകയും ചെയ്തു. അംബേദ്ക്കറാവട്ടെ സ്വര്‍ണ്ണ വിനിമയ മാനത്തെ അനുകൂലിക്കുന്ന കെയിന്‍സിനേയും ഇതര സാമ്പത്തിക വിദഗ്ദന്മാരെയും ശക്തമായി എതിര്‍ക്കുകയും പരിഷ്‌കൃത രൂപത്തിലുള്ള ഒരു സ്വര്‍ണ്ണമാനത്തിനുവേണ്ടി വാദിക്കുകയും ചെയ്തു.

സ്വര്‍ണ്ണവിനിമയ മാനത്തിന് സ്വര്‍ണ്ണമാനത്തിനുള്ള സ്ഥിരതയുണ്ടായിരിക്കില്ലെന്ന് അംബേദ്ക്കര്‍ വാദിച്ചു. സ്വര്‍ണ്ണമാനത്തിനു കീഴില്‍ കറന്‍സിയുടെ അധികവിതരണം സ്ഥിരതയെ ബാധിക്കാത്ത തരത്തില്‍ കുറവായിരിക്കും. നേരെമറിച്ച്, സ്വര്‍ണ്ണവിനിമയ വ്യവസ്ഥയില്‍ കറന്‍സിയുടെ അധികവിതരണം നാണയമിറക്കുന്നവരുടെ തീരുമാനത്തെ മാത്രം ആശ്രയിക്കുകയും നാണയസ്ഥിരതയെ തകര്‍ക്കുന്ന പരിധിവരെ എത്തുകയും ചെയ്യാവുന്നതാണ്. ഇന്ത്യന്‍ പരിതസ്ഥിതിയില്‍ വിലകളുടെ ഏറ്റക്കുറച്ചിലുകള്‍ സ്വര്‍ണ്ണ വിനിമയമാനത്തേക്കാള്‍ സ്വര്‍ണ്ണമാനത്തില്‍ തന്നെ കുറവായിരുന്നുവെന്ന് സ്ഥിതിവിവരകണക്കുകളുടെ പിന്‍ബലത്തോടെ അദ്ദേഹം ചൂണ്ടിക്കാണിച്ചു. കെയിന്‍സിനെപ്പോലുള്ള സ്വര്‍ണ്ണവിനിമയമാനത്തെ പിന്തുണയ്ക്കുന്നവര്‍ സ്വര്‍ണ്ണമാനം ഒരു ദുസ്സഹമായ മാനദണ്ഡമായതിനാല്‍ അത് മനുഷ്യനെ പ്രകൃതിയുടെ ചക്രത്തിന്മേല്‍ കെട്ടിയിരുന്നുവെന്നും വാദിച്ചു. സ്വര്‍ണ്ണവിനിമയമാനമാകട്ടെ ഈ ജഡത്വത്തില്‍ നിന്നുള്ള മോചനത്തെ സഹായിക്കുന്നു. നാണയമിറക്കുന്നവരുടെ വിവേചനാധികാരത്തെ നിയന്ത്രിക്കുന്ന ചില നിയന്ത്രണാധികാരങ്ങളുണ്ടായിരിക്കണം എന്നതായിരുന്നു അംബേദ്ക്കറുടെ എതിര്‍വാദം. സ്വര്‍ണ്ണവിനിമയ വ്യവസ്ഥയില്‍ നാണയമിറക്കുന്നവരുടെ വിവേചനാധികാരം അനിയന്ത്രിതമാണ് എന്നതുകൊണ്ടുതന്ന ഇത് ആശ്വാസ്യമല്ല. സ്വര്‍ണ്ണവിനിമയമാനം സ്വര്‍ണ്ണത്തെ കരുതിവെക്കുന്നു എന്ന വാദത്തെ അദ്ദേഹം യുക്തിപൂര്‍വ്വം ചോദ്യം ചെയ്തു. സ്വര്‍ണ്ണത്തെ കരുതല്‍ ധനമാക്കുന്നതിലൂടെ അതിന്റെ വിതരണം വര്‍ദ്ധിക്കുന്നതുവഴി മൂല്യത്തകര്‍ച്ചയിലൂടെ വിലകുറഞ്ഞ ചരക്കാവുകയും ഒരു മൂല്യ മാനദണ്ഡമെന്ന നിലയില്‍ നിലനില്‍ക്കുവാന്‍ അനുയോജ്യമല്ലാതാവുകയും ചെയ്യുന്നു.

__________________________________
കൂടുതല്‍ രൂപയുടെ നിര്‍മ്മാണം എന്നന്നേക്കുമായി നിറുത്തിവെയ്ക്കുകയും അനുയോജ്യമായ ഒരു സ്വര്‍ണ്ണനാണയം അടിക്കുകയും വേണം. രൂപയും സ്വര്‍ണ്ണനാണയവും തമ്മിലുള്ള അനുപാതം നിയമം മൂലം സ്ഥിരപ്പെടുത്തുകയും, രൂപയും സ്വര്‍ണ്ണനാണയവും തമ്മിലുള്ള കൈമാറ്റം നിര്‍ത്തലാക്കുകയും വേണം. കാലക്രമേണ ഇന്ത്യയ്ക്ക് നിയമപരമായി കരാര്‍ ചെയ്യപ്പെട്ട സ്വര്‍ണ്ണനാണയങ്ങളുടെയും രൂപയുടെയും വലിയൊരു ശേഖരമുണ്ടാകും. സ്വര്‍ണ്ണനാണയങ്ങളുടെയും രൂപയുടെയും അനുപാതം നിയമപരമായി സ്ഥിരപ്പെടുത്തുന്നതിലും സ്വര്‍ണ്ണവിതരണം നിയന്ത്രിക്കുന്നതിലൂടെ വിലനിലവാരത്തെയും നാണയസ്ഥിരതയേയും ഉറപ്പുവരുത്താനാവുമെന്ന് അംബേദ്ക്കര്‍ വാദിച്ചു.
__________________________________

കൂടുതല്‍ രൂപയുടെ നിര്‍മ്മാണം എന്നന്നേക്കുമായി നിറുത്തിവെയ്ക്കുകയും അനുയോജ്യമായ ഒരു സ്വര്‍ണ്ണനാണയം അടിക്കുകയും വേണം. രൂപയും സ്വര്‍ണ്ണനാണയവും തമ്മിലുള്ള അനുപാതം നിയമം മൂലം സ്ഥിരപ്പെടുത്തുകയും, രൂപയും സ്വര്‍ണ്ണനാണയവും തമ്മിലുള്ള കൈമാറ്റം നിര്‍ത്തലാക്കുകയും വേണം. കാലക്രമേണ ഇന്ത്യയ്ക്ക് നിയമപരമായി കരാര്‍ ചെയ്യപ്പെട്ട സ്വര്‍ണ്ണനാണയങ്ങളുടെയും രൂപയുടെയും വലിയൊരു ശേഖരമുണ്ടാകും. സ്വര്‍ണ്ണനാണയങ്ങളുടെയും രൂപയുടെയും അനുപാതം നിയമപരമായി സ്ഥിരപ്പെടുത്തുന്നതിലും സ്വര്‍ണ്ണവിതരണം നിയന്ത്രിക്കുന്നതിലൂടെ വിലനിലവാരത്തെയും നാണയസ്ഥിരതയേയും ഉറപ്പുവരുത്താനാവുമെന്ന് അംബേദ്ക്കര്‍ വാദിച്ചു.

അംബേദ്ക്കര്‍ മുന്നോട്ടുവച്ച നാണയ പരിഷ്‌കരണത്തിന്റെ പരിതസ്ഥിതികള്‍ ഇന്ന് പാടെ മാറിയിട്ടുണ്ട്. ഇന്നത്തെ ഇന്ത്യന്‍ സമ്പദ്ഘടനയുടെ രൂപഘടന തികച്ചും വ്യത്യസ്തമാണ്. എങ്കിലും അംബേദ്ക്കറുടെ സന്ദേശത്തിന്റെ സത്ത ഇന്നും കാലത്തിനനീതമായി നിലനില്‍ക്കുന്നുവെന്നത് ആശ്ചര്യജനകമാണ്. നാണയമിറക്കുന്നവരുടെ വിവേചനാധികാരത്തെ നിയന്ത്രിക്കുന്ന ഒരു നിയന്ത്രണാധികാരശക്തി ഉണ്ടായിരിക്കണം എന്നതായിരുന്നു അംബേദ്ക്കറുടെ വാദം. അനിയന്ത്രിതമായ ഗവണ്‍മെന്റ് കമ്മിയുടെ വളര്‍ച്ചയും കൂടുതല്‍ നാണയനിര്‍മ്മാണത്തിലൂടെയുള്ള പരിഹാരവും നിലനില്‍ക്കുന്ന ഇന്നത്തെ സാമ്പത്തിക പരിസ്ഥിതിയില്‍, ഇത്തരം നാണയനിര്‍മ്മാണത്തെ ഫലപ്രദമായി തടയുക എന്നത് അന്നത്തെപ്പോലെ തന്നെ ഇന്നും അനുപേക്ഷണീയമാണ്.

പൊതുധനകാര്യത്തിനുള്ള അംബേദ്ക്കറുടെ സംഭാവനകളും തുല്യപ്രാധാന്യമര്‍ഹിക്കുന്നതാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ പ്രവിശ്യാധനകാര്യത്തിന്റെ പരിണാമം (The Evolution of Provincial Finance in India) എന്ന അദ്ദേഹത്തിന്റെ പി. എച്ച്. ഡി. പ്രബന്ധം ഇന്ത്യയിലെ പൊതു ധനകാര്യത്തിന് വലിയൊരു സംഭാവനയാണ്. 1866 മുതല്‍ 1921 വരെയുള്ള കാലഘട്ടത്തില്‍ ബ്രിട്ടീഷിന്ത്യയിലെ കേന്ദ്ര-നാട്ടുരാജ്യ ഗവണ്‍മെന്റുകളുടെ ധനകാര്യബന്ധത്തെക്കുറിച്ച് അത് വിശദീകരിക്കുന്നു.

പ്രശ്‌നപരിഹാരം തികച്ചും പരിചിതമായതു തന്നെയാണ്. ഗവണ്‍മെന്റിന്റെ അധികാരപങ്കാളിത്തം നികുതി ചുമത്തലിലൂടെയുള്ള അധികവരുമാനം ആവശ്യപ്പെടുന്നു. എന്നാല്‍ ഇന്ത്യയെപ്പോലുള്ള ഒരു ദരിദ്രരാജ്യത്തിന് ഇത്തരം നികുതി ചുമത്തലിന് വലിയ പരിധിയുണ്ട്. തല്‍ഫലമായി കേന്ദ്ര-സംസ്ഥാന-പ്രാദേശിക ഗവണ്‍മെന്റുകള്‍ക്കിടയില്‍ സാമ്പത്തികഭാരത്തിന്റെ തുല്യവിതരണം എന്ന പ്രശ്‌നത്തിന് വളരെയേറെ പ്രാധാന്യം കൈവരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ കേന്ദ്ര-നാട്ടുരാജ്യഗവണ്‍മെന്റുകളുടെ ധനകാര്യബന്ധങ്ങളെക്കുറിച്ച് വിശദവും ചരിത്രപരമായ ഉള്‍ക്കാഴ്ചയുള്ളതുമായ ധാരണ അംബേദ്ക്കര്‍ക്കുണ്ടായിരുന്നു.

1833 മുതല്‍ 1871 വരെ നിലനിന്ന ഗവണമെന്റിന്റെ ധനകാര്യകേന്ദ്രീകരണം പ്രത്യുല്പാദനപരമല്ലാത്ത ദുര്‍ച്ചിലവും അതിഭീമമായ നികുതിചുമത്തല്‍ വഴിയുള്ള തെറ്റായ ധനസമാഹരണവും കൊണ്ട്, എങ്ങനെ പരാജയപ്പെട്ടുവെന്ന് അംബേദ്ക്കര്‍ കാണിച്ചുതരുന്നു. 1833 ല്‍ ഇന്ത്യയില്‍ നിലവില്‍ വന്ന ബ്രിട്ടീഷ് സാമ്രാജ്യത്വ ഗവണ്‍മെന്റ് ഏറ്റവും ദുര്‍ബലമായ കേന്ദ്രീകരണത്തെയാണ് പ്രതിഫലിപ്പിച്ചത്. നിയമപരമായി ഒരു സാമ്രാജ്യത്വ ഭരണസമ്പ്രദായമായിരുന്നുവെങ്കിലും നാട്ടുരാജ്യങ്ങളുടെ താഴെ തലത്തിലുള്ള ഗവണ്‍മെന്റ്ഉദ്യോഗസ്ഥന്മാരായിരുന്നു യഥാര്‍ത്ഥത്തില്‍ ഭരണം നടത്തിയിരുന്നത്. ഗവണ്‍മെന്റ് ഓഫ് ഇന്ത്യയാകട്ടെ ഈ ഭരണസമ്പ്രദായത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു അധികാരകേന്ദ്രം മാത്രമായിരുന്നു. നിയമനിര്‍വ്വഹണത്തിന്റെ ഉത്തരവാദിത്വം ബ്രിട്ടീഷ് ഗവണ്‍മേന്റിനായിരുന്നുവെങ്കിലും അവര്‍ എവിടെയും ഭരിച്ചില്ല: പ്രവിശ്യാഗവണ്‍മെന്റുകള്‍ രാജ്യത്ത് ഭരണം നടത്തിയെങ്കിലും അവര്‍ക്ക് നിയമനിര്‍വ്വഹണത്തിന് ഉത്തരവാദിത്വമില്ലായിരുന്നു.

ഈ ദ്വിഭാഗീകരണം ഗവണ്‍മെന്റ് ധനകാര്യത്തിന് വിനാശകരമായ അനന്തരഫലങ്ങളാണ് ഉളവാക്കിയത്. സാമ്രാജ്യത്വവ്യവസ്ഥയില്‍ ബജറ്റ് ചെലവുകള്‍ നിര്‍വഹിച്ചിരുന്നത് പ്രവിശ്യാഗവണ്‍മെന്റുകളായിരുന്നു. പക്ഷേ, പണത്തിനുള്ള വഴികളും വിഭവങ്ങളും കണ്ടെത്തുന്ന ചുമതല ഗവണ്‍മെന്റ് ഓഫ് ഇന്ത്യയില്‍ നിക്ഷിപ്തമായിരുന്നു. ഇന്ത്യാ ഗവണ്‍മെന്റിന് ഈ ആവശ്യങ്ങളെ തിരിച്ചറിയുവാനും ചെലവുകളെ ചുരുക്കുവാനുള്ള സംവിധാനമില്ലാതിരുന്നതിനാല്‍ അനാവശ്യമായ ധൂര്‍ത്തിന് പലപ്പോഴും കീഴടങ്ങേണ്ടിവന്നു. ഇതിന്റെ അനിവാര്യഫലമായി ഗവണ്‍മെന്റ് ധനകാര്യങ്ങള്‍ക്ക് കടുത്ത ഞെരുക്കം അനുഭവപ്പെടുകയും പ്രവിശ്യാഗവണ്‍മെന്റുകള്‍ സ്വന്തം നിലയില്‍ വരവു ചെലവു ബജറ്റുകള്‍ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. ഇതിനനുസൃതമായി 1871 ല്‍ പ്രവിശ്യാബജറ്റുകളുടെ ഭരണക്രമം നിലവില്‍ വരുകയും ചെയ്തു. ആരംഭത്തില്‍ 1871 – 72 മുതല്‍ 1876 -77വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിലവിലിരുന്ന ഉത്തരവാദിത്വ ബജറ്റ് എന്ന് അംബേദ്ക്കര്‍ വിളിക്കുന്ന രൂപത്തിലാണ് പ്രവിശ്യാ ധനസമാഹരണം നടന്നത്. ഈ പദ്ധതിയനുസരിച്ച് ഭരണക്രമത്തിലെ ചില വകുപ്പുകളുടെ ഭരണച്ചുമതലയും അതിലൂടെ ധനസമാഹരണവും പ്രവിശ്യകള്‍ക്കായിരുന്നിവെങ്കിലും മൊത്തവരുമാനം ബ്രിട്ടീഷ് ഖജനാവിലേക്ക് മുതല്‍ കൂട്ടായിരുന്നു.

ഈ പദ്ധതി വര്‍ദ്ധിച്ച നികുതി ചുമത്തലിലേക്ക് നയിച്ചുവെന്നുമാത്രമല്ല, നികുതി ചുമത്തല്‍ കൂടുതല്‍ കൂടുതല്‍ അന്യായമായിരുന്നുവെന്ന് അംബേദ്ക്കര്‍ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക ഭാരത്തിന്റെ ഒരു ഭാഗം നാട്ടുരാജ്യങ്ങളിലേക്ക് നീക്കം ചെയ്തതോടൊപ്പം തന്നെ, നികുതി വര്‍ദ്ധനവിനെതിരെയുള്ള സമ്പന്നരുടെ പ്രതിഷേധത്തെ നിശബ്ദമാക്കുവാന്‍ ഇന്ത്യാഗവണ്‍മെന്റ് ആദായ നികുതി എടുത്തുകളയുകയും ചെയ്തു. തത്ഫലമായി നേരത്തെതന്നെ വന്‍തോതിലുള്ള നികുതി നല്‍കിക്കൊണ്ടിരുന്ന ഭൂവുടമകള്‍ക്ക് നാട്ടുരാജ്യ ബജറ്റുകളുടെ കമ്മി നികത്തുന്നതിനുള്ള നികുതി കൂടി നല്‍കേണ്ടിവന്നു. ‘ഭരണകൂടത്തിനും നികുതിദായകര്‍ക്കും ഒരാശ്വാസമെന്ന നിലയില്‍ ആദായ നികുതി തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷേ, ഇന്ത്യാഗവണ്‍മെന്റിന്റെ ധനകാര്യ സെക്രട്ടറിയേറ്റ് വളരെക്കാലമായി നീതിബോധം ഇല്ലാത്തവരായിരുന്നു.’

ഇതോടൊപ്പം 1877 – 78 മുതല്‍ 1881 – 82 വരെയുള്ള കാലയളവില്‍ ഉത്തരവാദിത്വ റവന്യൂബജറ്റ് (Budget by Assigned Revenue) നിലവില്‍ വന്നു. ഈ സമ്പ്രദായത്തില്‍, റെവന്യു സ്രോതസുകളെ കേന്ദ്രത്തിനും നാട്ടുരാജ്യങ്ങള്‍ക്കും പ്രത്യേകം വിഭജിക്കപ്പെട്ടു. പുതിയ വ്യവസ്ഥയില്‍ ബ്രിട്ടീഷ് ഖജനാവില്‍ നിന്നുള്ള വിഹിതം നല്‍കുന്നത് തുടര്‍ന്നുവെങ്കിലും അത് സ്ഥിരമായിരുന്നില്ല. നവീകരിക്കപ്പെട്ട ഈ സമ്പ്രദായത്തില്‍ മുന്‍ വര്‍ഷങ്ങളിലെ ധനാഗമമാര്‍ഗ്ഗങ്ങളുടെയും വരുമാനത്തിന്റെയും ശരാശരി കണ്ടെത്തിക്കൊണ്ട് അതിന്റെ അടിസ്ഥാനത്തിലാണ് വിഹിതം നിശ്ചയിച്ചിരിക്കുന്നത്. മൂല്യനിര്‍ണ്ണയത്തില്‍ വരുന്ന അപാകതകള്‍ പരിഹരിക്കുന്നതിന് വിശദമായ ഒരു തന്ത്രം പ്രയോഗിക്കപ്പെട്ടു. യഥാര്‍ത്ഥ വരുമാനം, നിശ്ചയിക്കപ്പെട്ട വരുമാനത്തില്‍ നിന്നും വ്യതിചലിക്കുകയാണെങ്കില്‍ വ്യത്യാസം വരുത്തുന്ന തുക കേന്ദ്രപ്രവിശ്യാഗവണ്‍മെന്റുകള്‍ക്കിടയില്‍ തുല്യമായി പങ്കുവെയ്ക്കണമെന്ന് കരാര്‍ ചെയ്യപ്പെട്ടിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, യഥാര്‍ത്ഥ വരവ് നിശ്ചയിക്കപ്പെട്ട വരവിനെക്കാള്‍ കൂടുതലാണെങ്കില്‍ നേരത്തെ നിശ്ചയിച്ചിരുന്ന ഗവണ്‍മെന്റ് വിഹിതം മിച്ചത്തിന്റെ പകുതിയായി കുറയുകയും, അത് നിശ്ചിത വരുമാനത്തേക്കാള്‍ താഴെയാണെങ്കില്‍ കുറവുവരുന്നതിന്റെ പകുതിയോളം കേന്ദ്രവിഹിതം ഉയര്‍ത്തുകയും ചെയ്തു.

________________________________________
പൊതുധനകാര്യത്തിന് അംബേദ്ക്കര്‍ നല്‍കിയ സംഭാവനകളുടെ സമകാലീന പ്രസക്തിയെന്തെന്ന് ഒരാള്‍ ചോദിച്ചേക്കാം. ഒന്നാമതായി അതൊരു മാര്‍ഗ്ഗ ദര്‍ശനഗ്രന്ഥമായിരുന്നു. അംബേദ്ക്കറുടെ ഗവേഷണ മാര്‍ഗ്ഗനിര്‍ദ്ദേശകനായിരുന്ന സെലിഖ്മാന്‍, അംബേദ്ക്കറുടെ പുസ്തകത്തില്‍ മുഖവുരയില്‍ എഴുതിയത്, ‘ചരിത്രപ്രാധാന്യമുള്ള ഈ കൃതി ബ്രിട്ടീഷിന്ത്യയിലെ കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധത്തിന് അടിത്തറയിടുന്നതില്‍ അംബേദ്ക്കറുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തതായിരുന്നു എന്നതാണ്’. ‘എന്റെ അറിവില്‍ അടിസ്ഥാന തത്വങ്ങളെക്കുറിച്ചുള്ള ഇത്രയും വിശദമായ പഠനം നടന്നിട്ടില്ല’ എന്നും ‘വിജയകരമായി പ്രവര്‍ത്തിച്ച ധനകാര്യ കമ്മീഷനുകള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിയ വെളിച്ചമായിരുന്നു ഇത് എന്നതില്‍ സംശയമില്ല’ എന്നും എഴുതുന്നു.
________________________________________

 

സ്വാഭാവികമായി ഉണ്ടായേക്കാവുന്ന കമ്മി നികത്തിപ്പിന്റെ പകുതിഭാഗം വഹിച്ചുകൊള്ളാമെന്ന പ്രവിശ്യാ ഗവണ്‍മെന്റുകളില്‍ നിന്നും കിട്ടിയ ഉറപ്പുപരിഹരിക്കപ്പെടുന്ന റെവന്യുവിന് സാമ്പത്തികവും നിയമപരവുമായ ഒരു പാരിതോഷികമായിരുന്നു എന്ന് അംബേദ്ക്കര്‍ വാദിച്ചു. എന്തെന്നാല്‍, ഉണ്ടാകുന്ന കമ്മിയുടെ പകുതി നല്‍കേണ്ടിവരുന്ന ബാധ്യത വലിയൊരനുപാതം വരുമെന്നുള്ള ഭയം കൊണ്ട്, മറ്റൊരു സാഹചര്യത്തില്‍ ഉണ്ടാകുമായിരുന്നതിനെക്കാള്‍ ധനസമാഹരണത്തില്‍ ജാഗ്രത പുലര്‍ത്തുവാന്‍ അവരെ പ്രേരിപ്പിച്ചു. അല്ലെങ്കില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് സാധാരണ ചെയ്യുന്നതുപോലെ മുഴുവന്‍ മിച്ചവും കയ്യടക്കുന്നതിനപ്പുറം, അസാധാരണമായി മിച്ചത്തിന്റെ പകുതി നേടിയെടുക്കാമെന്ന പ്രതീക്ഷ തങ്ങളുടേതായ വിഭവങ്ങളെ വികസിപ്പിച്ചെടുക്കുന്ന കാര്യത്തില്‍ പ്രവിശ്യകള്‍ക്ക് പ്രചോദനമായിത്തീര്‍ന്നു.

പ്രവിശ്യാധനകാര്യത്തിന്റെ പരിണാമ പ്രക്രിയയുടെ അടുത്തഘട്ടം ‘വരുമാന വിഭജിത ബജറ്റ്’ (Budger by shared Revenue) എന്ന സമ്പ്രദായമായിരുന്നു. അംബേദ്ക്കറെ സംബന്ധിച്ചിടത്തോളം പ്രവിശ്യാ ധനകാര്യത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുളള വികാസസങ്കോചത്തിന്റെ കാര്യത്തില്‍ അപര്യാപ്തമായിരുന്നതിനാല്‍ നേരത്തെയുള്ള സമ്പ്രദായങ്ങള്‍ അപൂര്‍ണ്ണമായിരുന്നു. അതായത് പ്രവിശ്യകള്‍ക്ക് നല്‍കിയിരുന്ന ധനാഗമ മാര്‍ഗ്ഗങ്ങള്‍ കാലാനുസൃതമായി വികസിക്കുവാനുള്ള സാധ്യതയുള്ളതായിരുന്നില്ല. വിഭജിത വരുമാനത്തിന്റേതായ പുത്തന്‍ സമ്പ്രദായത്തില്‍, നിശ്ചിതമായ നികുതി പിരിവുകള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റോ നാട്ടുരാജ്യങ്ങളോ നടത്തുകയും പരസ്പരം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ‘ഉത്തരവാദ ഗവണ്‍മെന്റ് ഇതിന്റെ പുരോഗമന വശത്തെ തിരിച്ചറിയുകയും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അവിഭാജ്യ ഭാഗമായിമാറുകയും ചെയ്തു’. (ഇത് ഒരു യുഗത്തിന്റെ അന്ത്യവും മറ്റൊന്നിന്റെ തുടക്കവുമായിരുന്നു). 1920-21 വരെയുള്ള 38 വര്‍ഷക്കാലം ഈ സമ്പ്രദായം വിജയകരമായി തുടര്‍ന്നുപോന്നു. 1921 ല്‍ ആരംഭിച്ച മുഖ്യധനകാര്യ പരിഷ്‌കാരങ്ങള്‍ സാമ്പത്തിക വ്യവസ്ഥയുടെ ഏതെങ്കിലും സഹജമായ ന്യൂനതകളാല്‍ പ്രചോദിപ്പിക്കപ്പെട്ടതായിരുന്നില്ല എന്നതായിരുന്നു അംബേദ്ക്കറുടെ അഭിപ്രായം. ഈ സമ്പ്രദായം വേണ്ടത്ര പ്രായോഗികമായിരുന്നുവെങ്കിലും, പരിഷ്‌കരണ നിയമ (Reforms Act) ത്തിലൂടെ രാജ്യത്തെ ഭരണവ്യവസ്ഥയില്‍ നടന്ന മഹത്തായ വിപ്ലവമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. നല്‍കേണ്ടിവരുന്നതുകൊണ്ടുള്ള ബാദ്ധ്യത വലിയൊരനുപാതം വരുമെന്നുള്ള ഭയം കൊണ്ട് മറ്റുതരത്തില്‍ ഉണ്ടാവുന്നതിനേക്കാള്‍ നികുതി പിരിവിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുവാന്‍ അവരെ പ്രേരിപ്പിച്ചു.
പൊതുധനകാര്യത്തിന് അംബേദ്ക്കര്‍ നല്‍കിയ സംഭാവനകളുടെ സമകാലീന പ്രസക്തിയെന്തെന്ന് ഒരാള്‍ ചോദിച്ചേക്കാം. ഒന്നാമതായി അതൊരു മാര്‍ഗ്ഗ ദര്‍ശനഗ്രന്ഥമായിരുന്നു. അംബേദ്ക്കറുടെ ഗവേഷണ മാര്‍ഗ്ഗനിര്‍ദ്ദേശകനായിരുന്ന സെലിഖ്മാന്‍, അംബേദ്ക്കറുടെ പുസ്തകത്തില്‍ മുഖവുരയില്‍ എഴുതിയത്, ‘ചരിത്രപ്രാധാന്യമുള്ള ഈ കൃതി ബ്രിട്ടീഷിന്ത്യയിലെ കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധത്തിന് അടിത്തറയിടുന്നതില്‍ അംബേദ്ക്കറുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തതായിരുന്നു എന്നതാണ്’. ‘എന്റെ അറിവില്‍ അടിസ്ഥാന തത്വങ്ങളെക്കുറിച്ചുള്ള ഇത്രയും വിശദമായ പഠനം നടന്നിട്ടില്ല’ എന്നും ‘വിജയകരമായി പ്രവര്‍ത്തിച്ച ധനകാര്യ കമ്മീഷനുകള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിയ വെളിച്ചമായിരുന്നു ഇത് എന്നതില്‍ സംശയമില്ല’ എന്നും എഴുതുന്നു.

  • ജാതിവ്യവസ്ഥയുടെയും അയിത്തത്തിന്റെയും സാമ്പത്തികശാസ്ത്രം

പരമ്പരാഗതമായി ഹിന്ദുസമുദായം ബ്രാഹ്മണര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ നാലുവര്‍ണ്ണങ്ങളടങ്ങിയ ചാതുര്‍വര്‍ണ്ണ്യത്തില്‍ അധിഷ്ഠിതമായിരുന്നു. ഇന്ത്യയിലെ ജാതികളുടെ ബാഹുല്യം ഈ നാലുവര്‍ണ്ണങ്ങളുടെ കൂടിച്ചേരലുകളുടെ ഫലമായി ഉണ്ടായതാണെന്ന് അംബേദ്ക്കര്‍ വിശ്വസിച്ചു. നാലു വര്‍ണ്ണങ്ങളായുള്ള ഈ വിഭജനത്തെ സാമൂഹ്യഘടനയുടെ ആദര്‍മാതൃകയായി വേദശാസനങ്ങള്‍ കരുതുന്നു. അംബേദ്ക്കറുടെ കാലഘട്ടത്തില്‍ ഇവയ്ക്ക് പുത്തന്‍ ന്യായീകരണങ്ങളും, യുക്തിവല്‍ക്കരണങ്ങളും നഷ്ടപ്പെട്ടു. കാലഘട്ടത്തിനനുസൃതമായ സാമ്പത്തിക സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ട തൊഴില്‍ വിഭജനമായിരുന്നു ജാതിവ്യവസ്ഥ എന്നതായിരുന്നു ചാതുര്‍വര്‍ണ്ണ്യത്തെ പിന്തുണക്കുന്നവരുടെ സാമാന്യമായ വാദം. മഹാത്മാഗാന്ധിയെ പോലുള്ളവര്‍ പോലും ഈ വീക്ഷണത്തോട് അനുഭാവം പുലര്‍ത്തിയിരുന്നു. അതേസമയം നെസ്ഫീല്‍ഡിനെപ്പോലുള്ള സമകാലീന പണ്ഡിതന്മാര്‍ തൊഴിലാളികളുടെ മേന്മയും നീചത്വവും ജാതിവ്യവസ്ഥയിലെ ഉച്ചനീചത്വങ്ങളിലേക്ക് ആത്യന്തികമായി നയിക്കുമെന്ന് വാദിച്ചുകൊണ്ട് ജാതികളുടേതായ ഒരു തൊഴില്‍ സിദ്ധാന്തം മുന്നോട്ടുവെച്ചു.

ഇത്തരം യുക്തിവല്‍ക്കരണങ്ങള്‍ക്കും താര്‍ക്കിക പ്രദര്‍ശനങ്ങള്‍ക്കുമെതിരെ ശക്തമായി വിമര്‍ശനമുയര്‍ത്തിക്കൊണ്ട് അംബേദ്ക്കര്‍ ജാതിനശീകരണം (Annihilation of Cast) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ജാതിവ്യവസ്ഥയില്‍ അടങ്ങിയിട്ടുള്ളത് കേവലം തൊഴിലുകളുടെ വിഭജനം മാത്രമല്ലെന്നും, മറിച്ച് തൊഴിലാളികളുടെ വിഭജനം കൂടിയാണെന്നും അംബേദ്ക്കര്‍ ചൂണ്ടിക്കാണിച്ചു. മാത്രമല്ല തൊഴിലാളികളുടെ ഈ വിഭജനം അവരുടെ സ്വാഭാവികമായ അഭിരുചികളുടേയോ, അവര്‍ നേടിയിട്ടുള്ള വൈദഗ്ദ്യത്തിന്റെയോ അടിസ്ഥാനത്തിലായിരുന്നില്ല, മറിച്ച് പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. തൊഴില്‍ വിഭജനം എന്ന ആശയത്തില്‍ ഒരു തെറ്റുമില്ലാതിരിക്കെ, ലോകത്തിലെ ഒരു പരിഷ്‌കൃതസമൂഹത്തിലും തൊഴില്‍ വിഭജനത്തോടൊപ്പം ഇത്തരം അനാശാസ്യമായ തൊഴിലാളികളുടെ വിഭജനം ഉണ്ടായിട്ടില്ല. നെസ്ഫീല്‍ഡിന്റെ സിദ്ധാന്തത്തിനു സമാനമായി, വേദശാസ്ത്രങ്ങള്‍ക്കനുസൃതമായ ചില മതവിശ്വാസങ്ങളുടെ സ്വാഭാവിക ഉല്‍പ്പന്നമാണ് ജാതിയെന്ന് അംബേദ്ക്കറും വാദിച്ചു. അതുപോലെ തൊഴിലല്ല, ജാതിയെ നിര്‍ണ്ണയിക്കുന്നത് പകരം തൊഴില്‍ നിര്‍ണ്ണയത്തിന്റെ അടിസ്ഥാനം ജാതിയാണ്.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചക്കും വികാസത്തിനും മുഖ്യമായ തടസ്സം ജാതിവ്യവസ്ഥയാണെന്ന് അംബേദ്ക്കര്‍ വിശ്വസിച്ചു. ജാതിവ്യവസ്ഥ തങ്ങളുടെ ജാതിക്കാരുടെ തൊഴില്‍ വൈദഗ്ദ്യം അന്യ ജാതിയില്‍പ്പെട്ടവരെ പഠിക്കുവാന്‍ അനുവദിച്ചിരുന്നില്ല. ഒരാള്‍ ഒരു തൊഴിലില്‍ എത്ര വിദഗ്ദനായിരുന്നാല്‍പ്പോലും തന്റെ കീഴ്ജാതിയില്‍പ്പെട്ട ഒരു തൊഴില്‍ ചെയ്യുവാന്‍ തയ്യാറായിരുന്നില്ല. ജാതി ബദ്ധമായ ഒരു സമൂഹത്തില്‍ തങ്ങളുടെ കഴിവിനനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് വ്യക്തികള്‍ സന്നദ്ധരായിരിക്കുകയില്ല. ഇത് അനിവാര്യമായും തൊഴിലിന്റെ ചലനാത്മകതയെ തടയുന്നു. തൊഴില്‍ ജാതീയ പാരമ്പര്യത്താല്‍ നിര്‍ണ്ണയിക്കപ്പെടുന്നതുകൊണ്ട് ജാതിവ്യവസ്ഥ മൂലധനത്തിന്റെയും ചലനാത്മകതയെ തടയുന്നുണ്ട്. തന്റെ പാരമ്പര്യത്തിന് അനുസൃതമായ തൊഴില്‍ മേഖലയില്‍ മാത്രമേ ഒരു വ്യവസായ സംരംഭകന് മൂലധനം നിക്ഷേപിക്കുവാന്‍ കഴിയുമായിരുന്നുള്ളു. മൂലധനത്തിന്റെ നിശ്ചലാവസ്ഥ അനുകൂല സാഹചര്യങ്ങളില്‍ മൂലധനം നിക്ഷേപിക്കുന്നതിന് തടസ്സമായിത്തീര്‍ന്നു.

തൊഴിലിന്റേതെന്നപോലെ മൂലധനത്തിന്റെയും നിശ്ചലാവസ്ഥ ഉല്‍പ്പാദനത്തെ തകരാറിലാക്കുകയും അതുവഴി സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വിശാലമായ അര്‍ത്ഥത്തില്‍, സാമ്പത്തിക വികാസ പ്രക്രിയയുടെ സത്ത പരിവര്‍ത്തനമാണ്. അത് സാമൂഹ്യ-സാമ്പത്തിക ഘടനയില്‍ നിരന്തരമായ മാറ്റം ആവശ്യപ്പെടുന്നു. മറുവശത്താകട്ടെ ജാതിവ്യവസ്ഥ പരമ്പരാഗതമായ സാമൂഹ്യ-സാമ്പത്തിക ഘടനയെ ശാശ്വതമാക്കുകയും, അതുവഴി സാമ്പത്തിക വികാസത്തിന് ഹാനികരമായിത്തീരുകയും ചെയ്തു.

____________________________________
അംബേദ്ക്കര്‍ അദ്ദേഹത്തിന്റെ സാമ്പത്തികശാസ്ത്ര ദര്‍ശനത്തിലൂടെ അതുല്യമായ സാമൂഹ്യപ്രതിബദ്ധതയും, ചൂഷണത്തോടുള്ള ശക്തമായ എതിര്‍പ്പും പുലര്‍ത്തുമ്പോള്‍ തന്നെ, അക്രമത്തെയും ഭീകരപ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുകയും ചെയ്തു. സാമ്പത്തികവും സാമൂഹ്യവുമായ സമത്വത്തിന്റെ അഭാവത്തില്‍, രാഷ്ട്രീയ സമത്വത്തിന് യാതൊരര്‍ത്ഥവുമില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക മര്‍ദ്ദനത്തിനെതിരെയുള്ള സന്ധി ചെയ്യാത്ത പോരാളിയായിരിക്കെത്തന്നെ തൊഴിലാളിവര്‍ഗ്ഗത്തിന്റേതുള്‍പ്പെടെയുള്ള സര്‍വ്വാധിപത്യത്തെ തള്ളിപ്പറയുകയും ചെയ്തു. അംബേദ്ക്കറുടെ സാമ്പത്തിക ചിന്തകളും ആശയങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല എന്നത് തീര്‍ച്ചയായും നിര്‍ഭാഗ്യകരമാണ്.

____________________________________

മനുഷ്യാവകാശങ്ങളുടെ സംരക്ഷകനെന്ന നിലയില്‍ അംബേദ്ക്കര്‍ അയിത്തത്തെ തള്ളിപ്പറഞ്ഞു. അംബേദ്ക്കറെ സംബന്ധിച്ചിടത്തോളം അയിത്തം കേവലം മതാചാരത്തിന്റെ ഭാഗമായിരുന്നില്ല. മറിച്ച് അടിമത്ത വ്യവസ്ഥയെക്കാള്‍ ഹീനമായ ഒരു സമ്പദ്‌വ്യവസ്ഥകൂടിയായിരുന്നു. അടിമത്ത സമ്പ്രദായത്തില്‍ അടിമയുടെ ഭക്ഷണത്തിന്റെയും, വസ്ത്രത്തിന്റെയും, വീടിന്റെയും ഉത്തരവാദിത്വവും ഉടമയ്ക്കായിരുന്നു. നല്ല പരിസ്ഥിതിയില്‍ സൂക്ഷിക്കുന്നില്ലെങ്കില്‍ അടിമയുടെ മാര്‍ക്കറ്റ് വില കുറയുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി അയിത്ത സമ്പ്രദായത്തില്‍ അയിത്ത ജാതിക്കാരെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം മേല്‍ ജാതിക്കാര്‍ക്കുണ്ടായിരുന്നില്ല. ‘കോണ്‍ഗ്രസ്സും ഗാന്ധിയും അയിത്ത ജാതിക്കാര്‍ക്ക് ചെയ്തതെന്ത്’? എന്ന ഗ്രന്ഥത്തില്‍ അംബേദ്ക്കര്‍ നിരീക്ഷിക്കുന്നു. ‘ഒരു സാമ്പത്തിക വ്യവസ്ഥയെന്ന നിലയില്‍ ജാതിവ്യവസ്ഥ യാതൊരു ബാദ്ധ്യതയുമില്ലാത്ത ചൂഷണം അനുവദിക്കുന്നു’.
അയിത്തസമ്പ്രദായം ദുസ്സഹമായ സാമ്പത്തിക ചൂഷണത്തിന്റേതുമാത്രമല്ല, നിയന്ത്രണമില്ലാത്ത സാമ്പത്തിക ചൂഷണത്തിന്റെയും കൂടി വ്യവസ്ഥയായിരുന്നു (പേജ് 196-67). ‘അയിത്ത ജാതിക്കാര്‍’ എന്ന പുസ്തകത്തില്‍ അംബേദ്ക്കര്‍ വാദിച്ചു. ‘ജാതിവ്യവസ്ഥ മനുഷ്യവംശത്തെ അടിച്ചമര്‍ത്തുന്നതിനും ചങ്ങലക്കിടുന്നതിനും വേണ്ടിയുള്ള ക്രൂരമായ ഒരു തന്ത്രമായിരുന്നു. അതിന്റെ ശരിയായ പേര് നീചത്വമെന്നായിരിക്കും’ (ആമുഖം; പേജ് 9).

  • #

ഇന്ത്യയുടെ സാമ്പത്തിക വികാസത്തിനുള്ള തന്ത്രങ്ങള്‍ ഊന്നല്‍ കണ്ടത് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, അസമത്വം ഇല്ലാതാക്കല്‍, ജനങ്ങളെ ചൂഷണം ചെയ്യുന്നതവസാനിപ്പിക്കല്‍ എന്നിവയിലായിരിക്കണം എന്ന് അംബേദ്ക്കര്‍ വിശ്വസിച്ചു. ലോകത്തില്‍ ചൂഷണം നിലനില്‍ക്കുന്നുവെന്ന മാര്‍ക്‌സിയന്‍ വീക്ഷണത്തെ അംബേദ്ക്കര്‍ അംഗീകരിച്ചു; ദരിദ്രര്‍ ധനികരാല്‍ ചൂഷണം ചെയ്യപ്പെടുന്നു. വരേണ്യരായ ഒരു വിഭാഗം ജനങ്ങളെ അടിമകളാക്കുകയും ശാശ്വതമായ ദാരിദ്ര്യത്തിന്റെയും ദുരിതങ്ങളുടെയും ഉടമകളാക്കി അവരെ മാറ്റുകയും ചെയ്യുന്നു. എന്നിരുന്നാലും അംബേദ്ക്കര്‍ക്ക് മാക്‌സിയന്‍ വികസന സിദ്ധാന്തങ്ങളുമായി യോജിപ്പുണ്ടായിരുന്നില്ല.
‘ബുദ്ധിസവും കമ്മ്യൂണിസവും’ എന്ന ലേഖനത്തില്‍ അംബേദ്ക്കറുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ബന്ധങ്ങളാണ് മനുഷ്യരുടെ ആദ്യാവസാന ബന്ധങ്ങളെന്നും ലാഭേഛയാണ് മനുഷ്യ പ്രവര്‍ത്തനങ്ങളുടെ പിന്നിലെ പ്രേരകശക്തി എന്നുമുള്ള മാര്‍ക്‌സിയന്‍ വീക്ഷണത്തെ അംബേദ്ക്കര്‍ നിരാകരിച്ചു. ചൂഷണത്തിന് സാമ്പത്തികമെന്നപോലെതന്നെ, സാമൂഹ്യവും രാഷ്ട്രീയവും മതപരവുമായ മാനങ്ങളും ഉണ്ടെന്ന് അംബേദ്ക്കര്‍ തറപ്പിച്ചുപറഞ്ഞു. വാസ്തവത്തില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ സാമൂഹ്യവും മതപരവുമായ ചൂഷണം സാമ്പത്തിക ചൂഷണത്തേക്കാള്‍ ഒട്ടും ശക്തി കുറഞ്ഞതല്ല.
എല്ലാ ഉല്പാദനോപാധികളുടെയും മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നുള്ള മാര്‍ക്‌സിയന്‍ സമീപനത്തെ അംബേദ്ക്കര്‍ നിരാകരിച്ചു. സ്വകാര്യ സ്വത്തിന്റെ ഉന്മൂലനം ദരിദ്രരുടെ ദാരിദ്ര്യത്തെയും കഷ്ടപ്പാടുകളെയും ഇല്ലായ്മ ചെയ്യുമെന്നുള്ള മാര്‍ക്‌സിയന്‍ സമീപനത്തെയും അദ്ദേഹം സ്വീകരിച്ചില്ല. ഭരണകൂടം ഒരു താല്‍ക്കാലികമായ സംവിധാനമാണെന്നും കാലക്രമേണ അത് കൊഴിഞ്ഞുപോകും എന്നുള്ള മാര്‍ക്‌സിന്റെ പ്രവചനത്തെയും അദ്ദേഹം നിരാകരിച്ചു.
അംബേദ്ക്കര്‍ ഒരു വര്‍ഗ്ഗരഹിത സമൂഹത്തെ അംഗീകരിച്ചുവെങ്കിലും ഭരണകൂടമില്ലാത്ത ഒരു സമൂഹത്തെ അംഗീകരിച്ചിരുന്നില്ല. മനുഷ്യസമൂഹം അതിജീവിക്കുന്നിടത്തോളം തന്നെ ഭരണകൂടവും നിലനില്‍ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. സ്വകാര്യ വ്യവസായ സംരംഭങ്ങളെ പൂര്‍ണ്ണമായും നിറുത്തലാക്കാതെയും ഏറ്റവും ഉയര്‍ന്ന തോതിലുള്ള ഉല്പാദനത്തിനുവേണ്ടി ജനങ്ങളുടെ സാമ്പത്തിക ജീവിതത്തെ ആസൂത്രണം ചെയ്യുന്നതോടൊപ്പം സമ്പത്തിന്റെ തുല്യമായ വിതരണവും ഭരണകൂടത്തിന്റെ കടമയാണെന്ന് ‘ഭരണകൂടവും ന്യൂനപക്ഷങ്ങളും’ എന്ന പുസ്തകത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
മറ്റുവാക്കുകളില്‍ പറയുകയാണെങ്ങില്‍, ഭരണകുത്തകയും മാര്‍ക്‌സിയന്‍ സര്‍വ്വാധിപത്യവും കൂടാതെയുള്ള, സാമ്പത്തിക വികാസത്തില്‍ ഭരണകൂടത്തിന്റെ സജീവമായ ഇടപെടലിനെ അംബേദ്ക്കര്‍ കാംക്ഷിച്ചു. മേല്‍ സൂചിപ്പിച്ച പുസ്തകത്തില്‍, ജനാധിപത്യപരമായ കൂട്ടുകൃഷി സമ്പ്രദായത്തിലൂടെ കൃഷി ഭൂമിയുടെ ദേശസാല്‍ക്കരണത്തിനും, ഘനവ്യവസായത്തെയും വന്‍കിട ജനകീയ ആവശ്യമേഖലകളെയും നിയന്ത്രിക്കുന്നതിനും വേണ്ടി അംബേദ്ക്കര്‍ വാദിക്കുന്നു. ഭരണകൂട സോഷ്യലിസം (State Socialism) ത്തെക്കുറിച്ചുള്ള അംബേദ്ക്കറുടെ ധാരണകള്‍ മൂന്ന് അടിസ്ഥാന പ്രമാണങ്ങളെ ആസ്പദമാക്കിയുള്ളതാണ്.

  • 1. സമൂഹത്തിലെ ദരിദ്രവിഭാഗത്തിന്റെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് കൃഷി ഭൂമിയുടേയും മുഖ്യവ്യവസായങ്ങളുടെയും ദേശസാല്‍ക്കരണം.
    2. ഉല്‍പാദനക്ഷമതയുള്ള വിഭവങ്ങളുടെ ഉപയോഗം ഭരണകൂടം ഏറ്റെടുക്കല്‍.
    3. ജാതി-വംശ വ്യത്യാസമില്ലാതെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉല്‍പ്പന്നങ്ങ ളുടെ നീതിപൂര്‍വ്വമായ വിതരണം

രാജ്യത്തിന്റെ സാമ്പത്തികകാര്യങ്ങളില്‍ ഭരണകൂടത്തിന്റെ സുനിശ്ചിതവും സജീവവുമായ പങ്കാളിത്തത്തിനുവേണ്ടി അംബേദ്ക്കര്‍ വാദിച്ചു. സാമ്പത്തിക പ്രക്രിയയില്‍ നിയമപരമായ മേധാവിത്വം സ്ഥാപിക്കുന്നതിനെ അദ്ദേഹം അംഗീകരിച്ചില്ല. സാമ്പത്തിക ക്ഷേമത്തിനുവേണ്ടി വ്യക്തികള്‍ക്കുള്ള ഭൗതിക പ്രചോദനത്തെ പാടെ ഉപേക്ഷിക്കുന്നതിനോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. സോവിയറ്റ് യൂണിയന്‍, ചൈന, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലുണ്ടായ സംഭവവികാസങ്ങളും, പ്രത്യേകിച്ച് ആ രാജ്യങ്ങളില്‍ കൂടുതല്‍ സാമ്പത്തിക പ്രോത്സാഹനം കൊടുക്കുവാനുള്ള നീക്കങ്ങള്‍ നടക്കുന്ന പരിതസ്ഥിതിയില്‍, സര്‍വ്വാധിപത്യത്തിന്റെ കോട്ടങ്ങളെക്കുറിച്ചുള്ള അംബേദ്ക്കറുടെ നിരീക്ഷണങ്ങള്‍ പ്രവചനാത്മകമായി തീര്‍ന്നിരിക്കുന്നു.

അംബേദ്ക്കര്‍ അദ്ദേഹത്തിന്റെ സാമ്പത്തികശാസ്ത്ര ദര്‍ശനത്തിലൂടെ അതുല്യമായ സാമൂഹ്യപ്രതിബദ്ധതയും, ചൂഷണത്തോടുള്ള ശക്തമായ എതിര്‍പ്പും പുലര്‍ത്തുമ്പോള്‍ തന്നെ, അക്രമത്തെയും ഭീകരപ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുകയും ചെയ്തു. സാമ്പത്തികവും സാമൂഹ്യവുമായ സമത്വത്തിന്റെ അഭാവത്തില്‍, രാഷ്ട്രീയ സമത്വത്തിന് യാതൊരര്‍ത്ഥവുമില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക മര്‍ദ്ദനത്തിനെതിരെയുള്ള സന്ധി ചെയ്യാത്ത പോരാളിയായിരിക്കെത്തന്നെ തൊഴിലാളിവര്‍ഗ്ഗത്തിന്റേതുള്‍പ്പെടെയുള്ള സര്‍വ്വാധിപത്യത്തെ തള്ളിപ്പറയുകയും ചെയ്തു. അംബേദ്ക്കറുടെ സാമ്പത്തിക ചിന്തകളും ആശയങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല എന്നത് തീര്‍ച്ചയായും നിര്‍ഭാഗ്യകരമാണ്.
_________________________________
(അംബേദ്ക്കര്‍ : ജീവിതവും ദൗത്യവും എന്ന പുസ്തകത്തില്‍ നിന്നും – എഡിറ്റര്‍ : കെ. കെ. കൊച്ച് – പരിഭാഷ : ഗോപി വള്ളോന്‍/ പ്രയാഗാ ബുക്‌സ്, 1991 – എന്‍.പറവൂര്‍)   

Top