ദളിത് സംവാദങ്ങളുടെ വര്‍ത്തമാനം

നവജനാധിപത്യത്തിന്റെ കാലത്ത് കേവലം ഹിന്ദുവിരോധവും അതിനോട് ചേര്‍ത്ത് മതാത്മക ബുദ്ധിസത്തെക്കുറിച്ചുള്ള പഴഞ്ചന്‍ ധാരണകളും അടിച്ചേല്‍പ്പിച്ചാല്‍ പുതു അംബേദ്ക്കര്‍ വാദമാകുമോ? തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട ഗൗരവമേറിയ വിഷയണാണിത്. പക്ഷേ, ഈ ചര്‍ച്ചകളുടെ പൊതുസ്വഭാവം നിരീക്ഷിച്ചാല്‍ വ്യക്തമാവുന്ന കാര്യം ആക്ടിവിസത്തോട് നിരുപാധികമായ അഭിനിവേശം പുലര്‍ത്തുകയും ധൈഷണികതയോടു തികഞ്ഞ അലംഭാവം സൂക്ഷിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കുമുമ്പ്, കേരളത്തിലെ ഭൂരിപക്ഷം ദളിതരും ആക്ടിവിസ്റ്റ് മനോഭാവമുള്ളവരും അതനുസരിച്ച് വിവിധ സംഘടനകള്‍ രൂപീകരിക്കുകയും അതില്‍ ആവേശത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തവരായിരുന്നു. എന്നാല്‍, മലയാളിയുടെ പൊതുബോധത്തെ തെല്ലു ചലിപ്പിക്കാന്‍ പോയിട്ടു അടിമുടി വരേണ്യമയ അതിന്റെ ദൃഢതയെ ഇളക്കുവാന്‍ ഇവര്‍ക്ക് സാധിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കേരളത്തിലെ ദളിത് സംവാദങ്ങള്‍ ജ്ഞാനപരവും പ്രായോഗികവുമായ തുറസ്സുകളിലക്കും പൊതുബോധത്തിലേക്കും ഒരു ‘വിഷയ’മെന്ന നിലയില്‍ പ്രവേശിച്ചത് കഴിഞ്ഞ ദശകത്തിലാണെന്നു പറയാം. 1990-കളോടെ സവിശേഷമായ സാന്നിദ്ധ്യം ദളിത് വ്യവഹാരങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നെങ്കിലും, ഒട്ടേറെ സന്ദേഹങ്ങള്‍ പുലര്‍ത്തിയതുകൊണ്ടും പൊതുഭാവനയിലേക്ക് കടക്കുന്നതിനു തടസ്സമായി നിന്ന ഭാഷാപരമായ ന്യൂനതകൊണ്ടും അവയ്ക്ക് സ്വീകാര്യത ലഭിച്ചിരുന്നില്ലെന്നും കാണാം. ഉത്തരാധുനിക സംവാദങ്ങള്‍ സൃഷ്ടിച്ച രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സംഘര്‍ഷങ്ങള്‍, കേരളീയ സാമൂഹിക ഭൂപടത്തില്‍ പുതിയതായി രൂപപ്പെട്ട പ്രക്ഷോഭങ്ങള്‍, അക്കാദമിക് ലോകത്തുണ്ടായ അറിവിന്റെ ജനാധിപത്യവല്‍ക്കരണം, നവസാമൂഹിക പ്രസ്ഥാനങ്ങളിലൂടെ വികസിച്ച പുതുസാഹോദര്യ ഭാവനകള്‍, വ്യവസ്ഥാപിത മാധ്യമ ഘടനകളില്‍നിന്നുള്ള കുതറല്‍ എന്നിവയെല്ലാം ചേര്‍ന്ന മണ്ഡലത്തിലാണ് ദളിതെഴുത്തും സാമുദായിക സംവാദങ്ങളും ഇടം കണ്ടെത്തിയതെന്ന് ചുരുക്കി പറയാവുന്നതാണ്. കൃത്യമായി നിരീക്ഷിച്ചാല്‍, ‘ജാതി’യനുഭവങ്ങളെ വിശദീകരിക്കുന്ന പഴയ ഫോര്‍മുലകളില്‍ നിന്നുമാറി പുതിയ ഭാഷയും ഭാവുകത്വവും സൃഷ്ടിച്ചുകൊണ്ടാണ് ഈ വിച്ഛേദം സാധ്യമായത്.
ജാതിസംഘര്‍ഷങ്ങളുടെ മൂര്‍ത്തരൂപങ്ങള്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി നിലനില്‍ക്കുന്നതുകൊണ്ടാവാം ഭാഷയിലെ സൂക്ഷ്മ ഘടകങ്ങളിലേയ്ക്ക് പ്രവേശിക്കാനും ഒച്ചപ്പാടുകളില്‍ നിന്നും അകലം പാലിക്കാനും കേരളത്തിലെ ദളിതെഴുത്ത് ശ്രദ്ധിച്ചത്. ‘നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നില്ലേ’ എന്ന കടമ്മനിട്ടയുടെ വരികള്‍ പുരോഗമനസമൂഹത്തെ പുളകം കൊള്ളിച്ചെങ്കിലും ദളിതരെയും കീഴാളരെയും സംബന്ധിച്ച് അതിശയോക്തിയില്‍ പുതഞ്ഞ പരിഹാസൃതയായി മാറുന്നതെന്നും കാണാം. കമ്മ്യൂണിസ്റ്റ് മാടമ്പിമാര്‍ പടച്ചുവിട്ട ‘ചാത്തന്മാരും’ ‘മാലമാരും’ ‘കുറത്തികളും’ ‘കാട്ടാളനു’മൊന്നും യഥാര്‍ത്ഥ ദളിതനുഭവങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ‘സൗമിനീ കറുപ്പഴകാണെന്നു നീ വെറുതെ പറയരുതെന്ന്’ ജി. ശശി മധുരവേലിക്ക് എഴുതേണ്ടിവന്നത്. ഇവിടെ സവിശേഷമായി ശ്രദ്ധിക്കേണ്ട വസ്തുത, പഴയ ഭാവനകളില്‍ നിന്നും ഭാവുകത്വത്തില്‍ നിന്നും മാറാന്‍ ദളിതരിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയിരിക്കുന്നുവെന്നാണ്. അതാവട്ടെ, സാമൂഹിക പ്രക്രിയകളില്‍ നിരന്തരമായി ഇടപെട്ടുകൊണ്ടും വിയോജിപ്പുകള്‍ പ്രകടിപ്പിച്ചുകൊണ്ടും എല്ലാത്തരം ആധിപത്യരൂപങ്ങളോടും കലഹിച്ചുകൊണ്ടുമാണ്. സാമുദായികതയോട് കലഹിച്ചുനിന്ന ജാതി – ഉപജാതി സംഘര്‍ഷങ്ങള്‍ ഇക്കാര്യത്തില്‍ വഹിച്ച പങ്ക് തിരിച്ചറിയാന്‍ ചരിത്രത്തിലേക്ക് തുറന്നുവെച്ച കണ്ണുകള്‍ മാത്രമേ നമുക്ക് ആവശ്യമുള്ളു. പുതുസാമൂഹികതയുടെ പേരില്‍ നവ മാധ്യമങ്ങളില്‍ നടക്കുന്ന സ്വത്വപരമായ പ്രഖ്യാപനങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍, ഉത്തരാധുനിക ദളിത് വ്യവഹാരങ്ങളെ ഇപ്പോഴും മനസ്സിലാക്കുന്നതിന്റെ ന്യൂനതകളും തെറ്റിദ്ധാരണകളും കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. സവര്‍ണ്ണര്‍ ജാതിവാലുകളിലേക്ക് തിരിച്ചു നടക്കുമ്പോള്‍ സമാന്തരമായി എന്തുകൊണ്ട് നമുക്കും ആയിക്കൂടാ എന്ന ദ്വന്ദ്വാത്മക യുക്തിയാണ് പുതുതലമുറയിലെ ഒരു വിഭാഗത്തെ നയിക്കുന്നതെന്ന് തോന്നുന്നു. ഉപജാതി പ്രതിനിധികള്‍ ബഹുജന സംവാദങ്ങളെ പോപ്പുലിസ്റ്റ് കമന്റുകളിലേക്കും ഫേസ്ബുക്കിന്റെ സാധ്യതകളെ ദുരുപയോഗം ചെയ്യുന്ന വിധത്തിലുള്ള ഭാഷാപ്രയോഗങ്ങളിലേക്കും, സവര്‍ണ മാടമ്പിത്തത്തിന്റെ എതിര്‍ നിലയിലേക്കും ചുരുക്കുമ്പോള്‍, കേരളീയ പൊതുബോധത്തില്‍ ദളിതെഴുത്തും പുതുഭാവുകത്വവും നിര്‍മ്മിച്ച ചരിത്രപരമായ പ്രാധാന്യത്തെ നിഷേധിക്കുകയാണെന്ന് പറയാതെ വയ്യ.

_____________________________
1970-ല്‍ കല്ലറ സുകുമാരന്റെ പ്രസ്ഥാനവും 80 കളുടെ ഒടുവില്‍ കേരള ദളിത് പാന്തര്‍ മൂവ്‌മെന്റുമെല്ലാം ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച മുന്നേറ്റങ്ങളില്‍ പങ്ക് വഹിച്ചിട്ടുണ്ട്. അക്കാലത്ത് എല്ലാവരേയും പോലെ മാര്‍ക്‌സിസത്തോട് പൂര്‍ണ്ണമായി വേര്‍പിരിയാത്തവരായിരുന്നു കെ. കെ. കൊച്ചും സീഡിയന്‍ പ്രവര്‍ത്തകരില്‍ പലരും. എന്നാല്‍ സാമുദായികതയുടെ പ്രശ്‌നമണ്ഡലത്തെ അഭിമുഖീകരിക്കാന്‍ പര്യാപ്തമല്ലാത്ത യാന്ത്രികവാദങ്ങളെ കയ്യൊഴിയാന്‍ കഴിയാത്തവര്‍ മാര്‍ക്‌സിസത്തിന്റെയും അല്‍പ്പംകൂടി കടന്നു നക്‌സലിസത്തിന്റെയും ഇല്ലാത്ത പരിവേഷം ചാര്‍ത്തി, കെ. കെ. കൊച്ചിനെ കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ആരാണ് കേരളത്തിലെ വ്യവസ്ഥാപിത മാര്‍ക്‌സിസത്തേയും നക്‌സല്‍-മാവോവാദങ്ങളെയും പ്രശ്‌നവല്‍ക്കരിച്ചതെന്ന വസ്തുത പരിശോധിക്കുമ്പോഴാണ് ഇത്തരം പഴിപറച്ചിലുകളുടെ പൊള്ളത്തരം വ്യക്തമാവുക.
_____________________________

ശുദ്ധതാവാദത്തിന്റെ വ്യത്യസ്ത രൂപങ്ങളോട് ഇടഞ്ഞുകൊണ്ടുതന്നെയാണ് ജ്ഞാനവ്യവഹാരമെന്ന നിലയില്‍ ദളിത് സംവാദങ്ങളെ കാണുന്നവര്‍ മുന്നോട്ടുപോകുന്നത്.  1970-ല്‍ കല്ലറ സുകുമാരന്റെ പ്രസ്ഥാനവും 80 കളുടെ ഒടുവില്‍ കേരള ദളിത് പാന്തര്‍ മൂവ്‌മെന്റുമെല്ലാം ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച മുന്നേറ്റങ്ങളില്‍ പങ്ക് വഹിച്ചിട്ടുണ്ട്. അക്കാലത്ത് എല്ലാവരേയും പോലെ മാര്‍ക്‌സിസത്തോട് പൂര്‍ണ്ണമായി വേര്‍പിരിയാത്തവരായിരുന്നു കെ. കെ. കൊച്ചും സീഡിയന്‍ പ്രവര്‍ത്തകരില്‍ പലരും. എന്നാല്‍ സാമുദായികതയുടെ പ്രശ്‌നമണ്ഡലത്തെ അഭിമുഖീകരിക്കാന്‍ പര്യാപ്തമല്ലാത്ത യാന്ത്രികവാദങ്ങളെ കയ്യൊഴിയാന്‍ കഴിയാത്തവര്‍ മാര്‍ക്‌സിസത്തിന്റെയും അല്‍പ്പംകൂടി കടന്നു നക്‌സലിസത്തിന്റെയും ഇല്ലാത്ത പരിവേഷം ചാര്‍ത്തി, കെ. കെ. കൊച്ചിനെ കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ആരാണ് കേരളത്തിലെ വ്യവസ്ഥാപിത മാര്‍ക്‌സിസത്തേയും നക്‌സല്‍-മാവോവാദങ്ങളെയും പ്രശ്‌നവല്‍ക്കരിച്ചതെന്ന വസ്തുത പരിശോധിക്കുമ്പോഴാണ് ഇത്തരം പഴിപറച്ചിലുകളുടെ പൊള്ളത്തരം വ്യക്തമാവുക.
മറ്റു പ്രസ്ഥാനങ്ങളുമായുള്ള ഭൂതകാല ചായ്‌വുകള്‍ ആയുധമാക്കി ദലിതെഴുത്തുകാര്‍ ശുദ്ധിയില്ലാത്തവരാണെന്ന് വിശ്വസിക്കുന്നവര്‍ ആശയമണ്ഡലത്തിലും പ്രായോഗിക പ്രവര്‍ത്തനങ്ങളിലും വിമര്‍ശനങ്ങളും സമരങ്ങളും ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് ഇവര്‍ വഹിച്ചിട്ടുണ്ടെന്നതാണ്. ഉത്തരകാല ദളിത് സംവാദങ്ങളെ മുന്നോട്ടു കൊണ്ടുപോയ ‘സൂചകം’ മുതല്‍ ഇപ്പോള്‍ ‘ഉത്തരകാലം വെബ് പോര്‍ട്ടലി’ല്‍ എത്തി നില്‍ക്കുന്ന മാധ്യമ ഇടപെടലുകളില്‍ നേതൃത്വപരമായ പങ്ക് വഹിച്ചതാര്? ഇതേസമയം ദലിതര്‍ക്കിടയില്‍ കൃത്യമായ വിമര്‍ശനാബോധം സൃഷ്ടിച്ചതിലൂടെ നിരവധി അധിനിവേശസങ്കല്‍പ്പങ്ങളെ പ്രതിരോധിക്കാനും കഴിയുന്നു. മുഖ്യധാരയെ അപകടമായി കാണുന്ന എഴുത്തുകാരുടെ ലേഖനങ്ങളും ഇതര സൃഷ്ടികളും പ്രസിദ്ധീകരിക്കുവാന്‍ ഈ മാധ്യമങ്ങള്‍ ശ്രദ്ധിച്ചിരുന്നു. പ്രക്ഷോഭങ്ങള്‍ക്കൊപ്പം സാംസ്‌കാരിക വിമര്‍ശനത്തിലും ചരിത്രാന്വേഷണത്തിലും അക്കാദമികള്‍ക്ക് പുറത്തുനടന്ന ഇടപെടലുകളാണ് പുതുദളിതാവബോധത്തിന്റെ വികാസവും പൊതു സംവാദങ്ങളില്‍ സ്വീകാര്യതയും ഉണ്ടാക്കിയതെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ഇക്കാര്യത്തില്‍ കെ. കെ. കൊച്ചിനെ കൂടാതെ സണ്ണി എം. കപിക്കാട്, കെ. കെ. ബാബുരാജ്, ജെ. രഘു തുടങ്ങിയവരുടെ പഠനങ്ങള്‍ അക്കാദമികളിലേക്ക് കടന്നുവന്ന പുതുതലമുറയെ വളരെയധികം സ്വീധീനിച്ചുവെന്ന് നിസ്സംശയം പറയാം.
2000 ത്തോടെ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ദളിതന്വേഷണങ്ങള്‍ സജീവമാകുകയും ഒട്ടേറെ ആക്ടിവിസ്റ്റുകളും വിരലിലെണ്ണാവുന്ന പുതുനിര എഴുത്തുകാരും ഉണ്ടാവുകയും ചെയ്തു. പ്രാദേശിക ചരിത്രം, സാഹിത്യത്തിലെ പാര്‍ശ്വവല്‍ക്കരണം, നവോത്ഥാന അനുഭവങ്ങളുടെ പുനര്‍വായന, സാമ്പത്തിക വികസനത്തിലെ             ദളിത് പ്രാധിനിത്യം, ലിംഗ രാഷ്ട്രീയത്തിന്റെ, വിശേഷിച്ചും ദളിത് ഫെമിനിസത്തിന്റെ വിനിമയങ്ങള്‍ തുടങ്ങിയവയെല്ലാം ഗൗരവമായ അന്വേഷണങ്ങള്‍ക്ക് വിധേയമായി.ഡോ. എം. ബി. മനോജ്, ഡോ. അജയ് ശേഖര്‍, എ. കെ. വാസു, രേഖാരാജ്, ബിനോയ് എ. എ., വിനില്‍ പോള്‍, അരുണ്‍ എ., ജെന്റില്‍ വര്‍ഗീസ്, സിമി കോരോട്ട്, ഹനു ജി. ദാസ് എ.എസ്. അജിത് കുമാര്‍, രൂപേഷ് കുമാര്‍, കെ. കെ. ശിവദാസ്, പ്രവീണ താളി, ജോബി മാത്യു (പേരുകള്‍ അപൂര്‍ണ്ണം) തുടങ്ങി അക്കാദമിക് രംഗത്ത് സജീവത പുലര്‍ത്തുന്നവരുടെ ഇടപെടലുകള്‍ ശ്രദ്ധിക്കപ്പെടുന്നതും ഇക്കാലത്തോടെയാണ്. ശ്രദ്ധേയമായ വസ്തുത, ശുദ്ധഅംബേദ്ക്കര്‍ അനുയായികള്‍ നല്‍കിയതിലേക്കാള്‍ പതിന്മടങ്ങ് ഊര്‍ജ്ജവും ആശയപരമായ ഉണര്‍വുമാണ് ഇവര്‍ സമൂഹത്തിന് നല്‍കിയതെന്ന വസ്തുത ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. വ്യക്തിപരതയിലേക്ക് വിശാലമായൊരു സംവാദ മണ്ഡലത്തെ ചുരുക്കുന്നത് പരിമിതിയാണെന്ന് അറിയാമെങ്കിലും, എ. കെ. വാസുവിനെ പോലുള്ളവര്‍ 90 കളെ ഓര്‍ത്ത് എടുക്കുന്നതിന്റെ പിന്നില്‍ ‘വ്യക്തിപരത’കൂടിയുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതൊരു പിശകല്ലതാനും.

  • ബഹുജനപ്രവര്‍ത്തനം

ബഹുജനപ്രവര്‍ത്തനവും ധൈഷണിക അന്വേഷണങ്ങലും വ്യത്യസ്തമല്ലെന്ന കാഴ്ച്ചപ്പാട് പുലര്‍ത്തുന്നവരാണ് ഈ ലേഖകന് വ്യക്തിപരമായി അറിയാവുന്ന മലയാളത്തിലെ ദളിതെഴുത്തുകാരെന്നു ഉറപ്പിച്ച പറയാനാവും. മാറിയ ലോകബോധവും ജീവിത സാഹചര്യങ്ങളും തങ്ങള്‍ ഇടപെടുന്ന സവിശേഷമായ പ്രശ്‌നമണ്ഡലങ്ങളുമെല്ലാം പലതരത്തിലുള്ള ‘ഫീല്‍ഡ്’ തെരഞ്ഞെടുക്കാന്‍ പലരെയും നിര്‍ബന്ധിതരാക്കിയെന്നത് വസ്തുതയാണ്. ഇതിനര്‍ത്ഥം ബഹുജനപ്രവര്‍ത്തനം നിലച്ചു എന്നാണോ? യഥാര്‍ത്ഥത്തില്‍ ബഹുജന പ്രവര്‍ത്തനത്തെക്കാള്‍ ഒട്ടും താഴെയല്ലല്ലോ അക്കാദമിക് വ്യവഹാരങ്ങള്‍. സമരങ്ങള്‍ക്കൊപ്പംതന്നെ പ്രാധാന്യമില്ലേ ആശയപരമായ സംഘര്‍ഷങ്ങള്‍ക്കും, രൂപപ്പെടലുകള്‍ക്കും. ദളിതര്‍ സമാന്തരജീവിതം മാത്രം നയിച്ച് ഇഹലോകം വെടിയണമെന്ന് പലരുടെയും ശാഠ്യം കാണുമ്പോള്‍ പഴയ വര്‍ഗസിദ്ധാന്തത്തിന്റെ ആദര്‍ശവല്‍ക്കരണമല്ലേ സംഭവിക്കുന്നത്?. ഈ വാദം സമുദായത്തിന്റെ ചലനാത്മകതയെ നിഷേധിക്കുന്നതിനു തുല്യമല്ലേ? യഥാര്‍ത്ഥത്തില്‍, ധൈഷണികമായ പിന്നോക്കാവസ്ഥയും പൊതുമണ്ഡലമെന്ന വ്യാജത്വത്തെ ചോദ്യം ചെയ്യാനുള്ള കഴിവില്ലായ്മയുമാണ് ഇത്തരം വാദങ്ങള്‍ക്ക് പിന്നിലെന്ന് കാണാനാവും. ഇപ്പോള്‍ നടക്കുന്ന പല വിവാദങ്ങള്‍ക്കും മറ്റൊരു വശം കൂടിയുണ്ടെന്ന് പറയാം. ചരിത്രബോധത്തിന്റെ അഭാവത്തോടൊപ്പം സ്വയം ജയിച്ചെന്ന് വരുത്തിത്തീര്‍ക്കാനുള്ള ദുര്‍ബലമായ ആഗ്രഹപ്രകടനങ്ങളും ഉണ്ടതില്‍. ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് നിരാശ മാത്രമാണ്.

________________________________
‘ബൗദ്ധികവ്യഭിചാരം’ പോലെ ഹീനമായ പ്രയോഗങ്ങള്‍ കാലഹരണപ്പെട്ടതാണെന്നു മാത്രമല്ല, എന്താണ് ബൗദ്ധികതയെന്നു വിശദീകരിക്കാന്‍ പോലും താല്‍പര്യം ഇതുയര്‍ത്തുന്നവര്‍ കാണിക്കുന്നില്ല എന്നതും ഖേദകരമാണ്. പുതിയ സൈബര്‍സ്‌പേസ് ജനാധിപത്യത്തിന്റെ മൂന്നാം തരംഗമാണെന്ന് നിരീക്ഷിക്കപ്പെടുന്നു. അഭിപ്രായങ്ങള്‍ക്കൊപ്പം ആഘോഷങ്ങളുടെ കൂടെ ഇടമായി പുതിയ സംവാദങ്ങള്‍ മാറുകയും, സാമൂഹിക മാറ്റങ്ങളുടെ പ്രേരണകള്‍ ഉല്‍പ്പാദിപ്പിക്കുന്ന മണ്ഡലമായി വികസിക്കുകയും ചെയ്യേണ്ടതാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ദളിത് ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന സമീപനം നിരാശപ്പെടുത്തുന്നതാണ്.
________________________________

‘ബൗദ്ധികവ്യഭിചാരം’ പോലെ ഹീനമായ പ്രയോഗങ്ങള്‍ കാലഹരണപ്പെട്ടതാണെന്നു മാത്രമല്ല, എന്താണ് ബൗദ്ധികതയെന്നു വിശദീകരിക്കാന്‍ പോലും താല്‍പര്യം ഇതുയര്‍ത്തുന്നവര്‍ കാണിക്കുന്നില്ല എന്നതും ഖേദകരമാണ്. പുതിയ സൈബര്‍സ്‌പേസ് ജനാധിപത്യത്തിന്റെ മൂന്നാം തരംഗമാണെന്ന് നിരീക്ഷിക്കപ്പെടുന്നു. അഭിപ്രായങ്ങള്‍ക്കൊപ്പം ആഘോഷങ്ങളുടെ കൂടെ ഇടമായി പുതിയ സംവാദങ്ങള്‍ മാറുകയും, സാമൂഹിക മാറ്റങ്ങളുടെ പ്രേരണകള്‍ ഉല്‍പ്പാദിപ്പിക്കുന്ന മണ്ഡലമായി വികസിക്കുകയും ചെയ്യേണ്ടതാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ദളിത് ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന സമീപനം നിരാശപ്പെടുത്തുന്നതാണ്.
വിയോജിപ്പുകള്‍ ഏതോ മഹാപാതകമാണെന്ന മട്ടില്‍ പഴയ കടലാസുകള്‍ പൊക്കിക്കാണിച്ചു ചിലര്‍ നടക്കുന്നുണ്ട്. ആഴത്തിലുള്ള വിയോജിപ്പുകള്‍ക്കും ചരിത്രത്തില്‍ ഇടമുണ്ടെന്ന കാര്യമാണ് ഇവര്‍ ഓര്‍ക്കാത്തത്. ധൈഷണിക സമൂഹത്തോട് പുലര്‍ത്തുന്ന തികഞ്ഞ ശത്രുത കുറേപ്പേരില്‍ ഉണ്ടെന്നു ഉറപ്പിച്ചു പറയാവുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. നവോത്ഥാന അനുഭവങ്ങളെ പാഠവല്‍ക്കരിക്കുകയും, ചരിത്രം വിസ്മരിച്ച ഒട്ടേറെ സാമൂഹിക ചലനങ്ങളെ ബഹുജനവല്‍ക്കരിക്കുകയും ചെയ്ത, മുഖ്യധാരാ ചര്‍ച്ചകളുടെ ഭാഗമായി ദളിത് വ്യവഹാരങ്ങളെ മാറ്റിയ കെ. കെ. കൊച്ചിനെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കേണ്ടത് ഈ സന്ദര്‍ഭത്തിലാണ്. വിമര്‍ശനങ്ങള്‍ക്ക് ആരെങ്കിലും അതീതരാണ് എന്നു കരുതുന്നത് ശരിയല്ല. എന്നാല്‍ അവയുടെ ലക്ഷ്യം, നീതിബോധവും, സാമൂഹിക പുരോഗതിയും അതിനുമപ്പുറം സമുദായത്തിന്റെ വൈജ്ഞാനിക വികാസവും ആയിരിക്കണം. എന്നാല്‍, വിലകുറഞ്ഞതും വ്യക്തിപരവുമായ ആരോപണങ്ങള്‍ ഉന്നയിച്ചു ധ്രുവീകരണം സാധ്യമാക്കിയ ഒട്ടേറെ പേര്‍ ഈ അടുത്തകാലത്ത് തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചുകൊണ്ടിരിക്കുന്നു. തങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത മതത്തില്‍ ഉള്‍പ്പെടുന്നവര്‍ എല്ലാവരും ‘ഹിന്ദുവാദി’കളാണെന്നാണ് ഇവരുടെ വാദം. ദളിത്‌വ്യവഹാരത്തെ അനേകം അടരുകള്‍ക്കുള്ളില്‍ വിന്യസിപ്പിക്കാന്‍ ഇവര്‍ കാണിക്കുന്ന ഉത്സാഹം ആരേയും അത്ഭുതപ്പെടുത്തും. നവജനാധിപത്യത്തിന്റെ കാലത്ത് കേവലം ഹിന്ദുവിരോധവും അതിനോട് ചേര്‍ത്ത് മതാത്മക ബുദ്ധിസത്തെക്കുറിച്ചുള്ള പഴഞ്ചന്‍ ധാരണകളും അടിച്ചേല്‍പ്പിച്ചാല്‍ പുതു അംബേദ്ക്കര്‍ വാദമാകുമോ? തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട ഗൗരവമേറിയ വിഷയണാണിത്.
പക്ഷേ, ഈ ചര്‍ച്ചകളുടെ പൊതുസ്വഭാവം നിരീക്ഷിച്ചാല്‍ വ്യക്തമാവുന്ന കാര്യം ആക്ടിവിസത്തോട് നിരുപാധികമായ അഭിനിവേശം പുലര്‍ത്തുകയും ധൈഷണികതയോടു തികഞ്ഞ അലംഭാവം സൂക്ഷിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കുമുമ്പ്, കേരളത്തിലെ ഭൂരിപക്ഷം ദളിതരും ആക്ടിവിസ്റ്റ് മനോഭാവമുള്ളവരും അതനുസരിച്ച് വിവിധ സംഘടനകള്‍ രൂപീകരിക്കുകയും അതില്‍ ആവേശത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തവരായിരുന്നു. എന്നാല്‍, മലയാളിയുടെ പൊതുബോധത്തെ തെല്ലു ചലിപ്പിക്കാന്‍ പോയിട്ടു അടിമുടി വരേണ്യമയ അതിന്റെ ദൃഢതയെ ഇളക്കുവാന്‍ ഇവര്‍ക്ക് സാധിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇടതുപക്ഷത്തിന്റെ സാംസ്‌കാരിക സാന്നിദ്ധ്യത്തെ വിമര്‍ശിക്കുമ്പോഴും, ധൈഷണിക ലോകത്തെ ഈ അഭാവം ദളിതരെ കൂടുതല്‍ ശബ്ദമില്ലാത്തവരായി മാറ്റുകയല്ലേ ചെയ്തത് എന്നു പരിശോധിക്കേണ്ടതാണ്. വാസ്തവത്തില്‍ ഈ ശൂന്യത നികത്തുവാന്‍ ഇന്ന് മറ്റേതൊരു എഴുത്തുകാരനെക്കാള്‍ ദളിത് പക്ഷത്തുനിന്ന് സംഭാവന ചെയ്തത് കെ. കെ. കൊച്ചാണെന്നത് ആര്‍ക്കും അറിയാവുന്ന വസ്തുത മാത്രമാണ് അദ്ദേഹത്തിന്റെ ‘കേരളചരിത്രവും സാമൂഹരൂപീകരണവും’ എന്ന ഗ്രന്ഥം അക്കാദമിക് രീതിശാസ്ത്രം ഉപയോഗിച്ച് എഴുതപ്പെട്ട ആദ്യത്തെ കീഴാള/ദളിത് പക്ഷ രചനയായി ഇന്ന് വായിക്കപ്പെടുന്നു. എന്നാല്‍  അപരവിദ്വേഷം പരത്തുന്നതും ഒരേ പുസ്തകത്തിന്റെ തന്നെ ആവര്‍ത്തനങ്ങളുമായ ഗ്രന്ഥങ്ങള്‍ ഇറക്കുന്ന ദളിത് ബന്ധു എന്‍. കെ. ജോസിനെ ബഹുമാനിക്കുന്നവര്‍ തങ്ങള്‍ക്കിടയിലെ ബൗദ്ധികശേഷിയുള്ളവരെ ഇകഴ്ത്തുന്നത് കാണുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങളില്‍ എത്താന്‍ നാം എത്രദൂരം താണ്ടണം എന്നാണ് വിചാരിക്കപ്പെടുന്നത്. ഇത് കേവലം നിരാശയുടെ മാത്രം പ്രശ്‌നമല്ല. പോത്തേരി കുഞ്ഞമ്പുവിന്റെ ‘സരസ്വതീവിജയം’ എന്ന നോവലിനെക്കുറിച്ചുള്ള ‘കേരളം മറന്ന സാമൂഹ്യപരിഷ്‌ക്കരണം’ സാഹിത്യവിമര്‍ശനത്തിലെ കീഴാളധാരയെ ശക്തിപ്പെടുത്തിയതിന്റെ മികച്ച മാതൃകയാണ്. കെ. കെ. കൊച്ചിന്റെ സംഭാവനയെക്കുറിച്ചുള്ള വാഴ്ത്തായി ഇതിനെ ആരും കാണേണ്ടതില്ല. എം. എ. യ്ക്ക് പഠിക്കുമ്പോള്‍ സിലബസിലുണ്ടായിരുന്ന ഈ പഠനം ഏറെ ശ്രദ്ധയോടെയാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. തീര്‍ച്ചയായും, ഷംസാദ് ഹുസൈനെ പോലുള്ള സ്ത്രീപക്ഷ സംസ്‌കാര വിമര്‍ശകര്‍ തങ്ങളുടെ സാഹിത്യബോധത്തെ പുതുക്കുന്നതില്‍ ഈ പഠനം ചെലുത്തിയ സ്വാധീനം തുറന്നു സമ്മതിക്കുന്നത് ഈ ലേഖകന്‍ കേട്ടിട്ടുണ്ട്. ഇക്കാര്യങ്ങളൊന്നും ആരേയും വിമര്‍ശനത്തിന് അതീതരാക്കുന്നില്ല എന്നു സമ്മതിച്ചാല്‍ പോലും, പൊതുഭാവനക്കുമേല്‍ ഇത്രമാത്രം കടന്നുകയറിയ ഒരാളെ വിലയിരുത്തുമ്പോള്‍ മിനിമം അദ്ദേഹത്തിന്റെ ബൗദ്ധികവും സാമൂഹികവുമായ ഇടപെടലുകളെ കേരളം എങ്ങനെ സ്വീകരിക്കുന്നു എന്നെങ്കിലും അറിയേണ്ടതുണ്ട്. ആര്‍ക്കും ആരേയും നിഷ്പ്രയാസം വിമര്‍ശിക്കാം. അവഹേളിക്കാം. അല്‍പ്പം കൂടി കഴിഞ്ഞാല്‍ കടന്നു ആക്രമിക്കാം. നവമാധ്യമങ്ങളെ ശബ്ദമില്ലാത്തവര്‍ ഉപയോഗിക്കുന്നത് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രമാവുമ്പോള്‍ പുതിയ കാലത്തും നമ്മള്‍ പരാജയപ്പെടുന്നു എന്നാണര്‍ത്ഥം.
സംവാദങ്ങളെ ഭയപ്പെടുകയോ അപകടകരമായി കാണുകയോ അല്ല ഈ  കുറിപ്പിന്റെ ലക്ഷ്യം. മറിച്ച് വിമര്‍ശനം അര്‍ഹിക്കുന്ന ഒട്ടേറെ വ്യവഹാരങ്ങള്‍ നടക്കുന്ന സന്ദര്‍ഭത്തില്‍ അതിലേക്ക് ഒട്ടും കടക്കാതെ ഞങ്ങളിതാ ദളിത് സമൂഹത്തെ നന്നാക്കുന്നു എന്ന മട്ടില്‍ പരനിന്ദ നടത്തുന്നത് ജനാധിപത്യത്തിന്റെ പേരിലാണെങ്കില്‍പോലും എതിര്‍ക്കപ്പെടേണ്ടതാണ്. ഈയടുത്ത കാലത്ത് അജയ്പുരം ജ്യോതിഷ് കുമാര്‍ ‘കാവ്യവിമര്‍ശനം’ എന്ന പേരില്‍ നടത്തിയ (മാധ്യമം 2014, ജൂലൈ 21) വംശവെറി, കേരളത്തിന്റെ പുതുഭാവുകത്വത്തോടും നവബോധ്യങ്ങളോടും ഉള്ള പുലഭ്യമായി തിരിച്ചറിയാന്‍ എത്രപേര്‍ക്ക് കഴിഞ്ഞു? മാവോയിസം പോലുള്ള കടപവിപ്ലവ വേഷങ്ങളെ അവഗണിക്കാന്‍ ദലിതരോട് ആഹ്വാനം ചെയ്യാന്‍ എത്രപേര്‍ നവമാധ്യമങ്ങളെ പ്രയോജനപ്പെടുത്തുന്നുണ്ട്? അരുന്ധതി റോയിയുടെഗാന്ധി – അയ്യങ്കാളി താരതമ്യത്തില്‍ അടങ്ങിയിട്ടുള്ള അയുക്തിയെ വൈകാരികമല്ലാതെ കാണുവാന്‍ ദളിതര്‍ക്ക് കഴിയേണ്ടതല്ലേ?. തീര്‍ച്ചയായും പുതിയകാലം ആവശ്യപ്പെടുന്നത് ജനാധിപത്യസമൂഹത്തോട് സംവാദിക്കാനുള്ള ഭാഷയാണ്. അല്ലാതെ എല്ലാവരെയും വധിക്കുന്ന ഭാഷയല്ല.
_______________________

Top