അപരിചിതത്വത്തിന്റെ ആഴങ്ങള്‍

ആഗോളീകരണം തൊഴില്‍വ്യവസ്ഥയില്‍ ഉണ്ടാക്കിയ മൂല്യബോധങ്ങലും വ്യക്തികളില്‍ അത് സൃഷ്ടിക്കുന്ന അപമാനവീകരണവും മാറിയകാലത്തിന്റെ ജീവിതആസക്തികളും എല്ലാം സവിശേഷമായ വിധത്തില്‍ അടയാളപ്പെടുത്താന്‍ ഡിജാന്‍ ലീ എന്ന നോവലിനുകഴിയുന്നു. സാങ്കേതികമായി ജീവിക്കുക എന്നതിന്റെ അര്‍ത്ഥം, മനുഷ്യവിരുദ്ധമാവുക എന്നത് മാത്രമല്ലെന്നും, അതിജീവനത്തിനു പുതിയ വഴികള്‍ കണ്ടെത്തേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും, അതാവട്ടെ മനുഷ്യകേന്ദ്രിതം എന്ന പഴയ കാഴ്ച്ചപ്പാടില്‍നിന്നും അകലെയാണെന്നും ഈ ചെറിയ നോവല്‍ പറയുന്നു. വ്യക്തമായും, മാറിയ ലോകബോധത്തെ ഇളക്കി നിര്‍മ്മിക്കുകയാണ് കെ.വി.പ്രവീണ്‍ ‘ഡിജാന്‍ ലീ’യിലുടെ എന്നും പറയാം.

പുസ്തകം :-
________________________________________________

കെ.വി. പ്രവീണിന്റെ ഡിജാന്‍ ലീ എന്ന നോവലിനെക്കുറിച്ചുള്ള പഠനം
________________________________________________
നുഷ്യാവസ്ഥകളെക്കുറിച്ചുള്ള സന്ദേഹങ്ങളാണ് ഏതൊരു കലാസൃഷ്ടിയുടേയും അടിത്തറ എന്നു പൊതുവെ പറയാറുണ്ട്. ജീവിതം സങ്കീര്‍ണ്ണമായ ചോദ്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ തീര്‍ച്ചയായും സ്വന്തം അസ്തിത്വത്തെക്കുറിച്ചുള്ള സംശയങ്ങള്‍ മനുഷ്യരെ വിടാതെ പിന്തുടര്‍ന്നു. പുതിയ കാലത്ത് അത് സാങ്കേതിക വിദ്യയെക്കുറിച്ചാകാം. ദേശത്തിന്റെ അതിര്‍ത്തികളെക്കുറിച്ചാകാം. സ്വന്തം വംശത്തിന്റെ നിലനില്‍പ്പിനെക്കുറിച്ചാകാം. അതുമല്ലെങ്കില്‍ പ്രതീതിലോകം ഉയര്‍ത്തുന്ന മനുഷ്യനിര്‍മ്മിത അപകടങ്ങളെ കുറിച്ചാകാം. ലോകത്തെമ്പാടും അധികാരം സൃഷ്ടിക്കുന്ന മനുഷ്യത്വ വിരുദ്ധതെയക്കുറിച്ചും ഒട്ടേറെ ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഇത്തരം പ്രമേയങ്ങള്‍ കൈകാര്യം ചെയ്യാന്‍ നമ്മുടെ സാഹിത്യം എത്രമാത്രം സജ്ജമാണ് എന്നത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. തീര്‍ച്ചയായും ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ന്യൂജനറേഷന്‍ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതുപോലെ അവ മുഖ്യധാരസംവാദങ്ങളില്‍ ഇടം പിടിക്കാറില്ല എന്നു മാത്രം. എങ്കിലും സാഹിത്യസംവാദങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ ചില ആലോചനകള്‍ നടക്കാറുണ്ട്.
നമ്മുടെ ഉത്തരാധുനിക നോവല്‍ ചര്‍ച്ചകള്‍ സൈബര്‍ സാന്നിധ്യവും അതിന്റെ വിനിമയങ്ങളെക്കുറിച്ചും രണ്ടായിരത്തിന്റെ തുടക്കം മുതല്‍തന്നെ പരിഗണിച്ചതിന്റെ പ്രധാനപ്പെട്ട കാരണം, എം.മുകുന്ദനെപ്പോലുള്ള എഴുത്തുകാരെ ആധുനികതയില്‍നിന്നും മാറ്റി പ്രതിഷ്ഠിക്കേണ്ടത് അനിവാര്യമായതുകൊണ്ടു കൂടിയായിരുന്നു. എന്നാല്‍, പിന്നീട് ലോകഭൂപടത്തിലേക്ക് നമ്മുടെ ഭാവനകള്‍ വികസിപ്പിച്ചപ്പോള്‍ ചെറിയ/പുതിയ എഴുത്തുകാര്‍ എന്ന പരിഗണനവെച്ച് പല കൃതികളെയും നമ്മള്‍ ഒഴിവാക്കുകയാണ് ചെയ്തത്. ടി.ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ മാറ്റിനിര്‍ത്തിയാല്‍ വേണ്ടവിധത്തില്‍ സൈബര്‍ സംവാദങ്ങള്‍ വികസിച്ചില്ലെന്നും കാണാം. ഇതിന്റെ പ്രധാനപ്പെട്ട കാരണം എഴുത്തുകാരെ സംബന്ധിച്ച് നാം പുലര്‍ത്തുന്ന താരസങ്കല്‍പ്പങ്ങളാണ്. മാധ്യമങ്ങള്‍ വിവേചനരഹിതമായി ഇത്തരം അധീശവ്യവഹാരങ്ങളെ ആണ് പിന്തുണക്കുന്നത്.
മനോഹരന്‍ വി.പേരകത്തിന്റെ ‘കേറ്റങ്ങളുടെ മൂന്നു ദശാബ്ദങ്ങള്‍’ എന്ന നോവല്‍ ചര്‍ച്ച ചെയ്യപ്പെടാത്തതും ഇത്തരം മൂല്യബോധങ്ങളില്‍ മലയാളി ഉറച്ചുപോയത് കൊണ്ടാണ്. എന്നാല്‍ ‘പുലയപ്പാട്ട്’ എന്ന പരാജയപ്പെട്ട കൃതിയെ നാം വീണ്ടും വീണ്ടും ആഘോഷിക്കുന്നു എന്ന വൈരുധ്യവും നിലനില്‍ക്കുന്നു. തീര്‍ച്ചയായും, പുതിയ കാലത്തിന്റെ ഉണര്‍വുകളെ എത്ര അവഗണിച്ചാലും അവ പില്‍ക്കാലത്ത് പരിഗണിക്കപ്പെട്ടതിന്റെ തെളിവുകള്‍ നമ്മുടെ സാഹിത്യ ചരിത്രത്തില്‍തന്നെ വേണ്ടുവോളമുണ്ട്. വി.എം. ദേവദാസിന്റെ ‘പന്നിവേട്ട’ (2010) എന്ന നോവല്‍ കാലഘട്ടത്തിന്റെ മാറ്റങ്ങളെ അടയാളപ്പെടുത്തുക മാത്രമല്ല, പുതിയ ആഖ്യാനതന്ത്രം സൃഷ്ടിച്ച അപൂര്‍വ കൃതികൂടി ആയിരുന്നു. സാങ്കേതിക ജീവിതം എത്രമാത്രം അപകടങ്ങള്‍ വരുത്തിവെയ്ക്കുമെന്നും മാറിയ കാലത്തിന്റെ അടയാളം വേഗതയാണെന്നും പറയുന്ന പന്നിവേട്ട പക്ഷേ വേണ്ടരീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. കാലഗണനാപരമായി നോക്കിയാല്‍ അതിനുംമുന്‍പ് എഴുതപ്പെട്ട നോവലാണ് കെ.വി. പ്രവീണിന്റെ ‘ഡിജാന്‍ ലീ'(2009). ആധുനികോത്തര തൊഴില്‍ സാഹചര്യങ്ങള്‍ മനുഷ്യരെ വെറും വസ്തുവായി കാണുകയും സ്വയം തീര്‍ത്ത ഈ അപമാനവീകരണം ലോക സാഹചര്യങ്ങളില്‍ ഉണ്ടാക്കുന്ന ആശങ്കകളും ഈ നോവല്‍ മറയില്ലാതെ വെളിപ്പെടുത്തുന്നു. അതിര്‍ത്തികള്‍ ഇല്ലാത്ത, പഴയ ദേശീയതയ്ക്ക് അപരമായി നില്‍ക്കുന്ന ഭരണകൂടത്തിന്റെ നിരീക്ഷണങ്ങള്‍ക്ക് കീഴില്‍മാത്രം ജീവിതം നയിക്കേണ്ടിവരുന്നവരാണ് ഈ നോവലിലെ മിക്ക കഥാപാത്രങ്ങളും. വ്യക്തികള്‍ക്ക് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തങ്ങളുടെ കാഴ്ചപ്പാടുകള്‍ മാറ്റേണ്ടിവരുന്നു. അതാവട്ടെ അവരവരുടെ മനസ്സിനോട് തന്നെ പടവെട്ടി പരാജയപ്പെട്ടുകൊണ്ടാണ്.
ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ ഗ്രൂപ്പുകള്‍ മാനവസമൂഹം നേരിടുന്ന വെല്ലുവിളികളെ തങ്ങളുടെ വ്യാവസായിക താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് ലോകത്തുനിന്നു മറച്ചുവെയ്ക്കുന്നത് അസാധാരണമല്ല. എന്നാല്‍ മൗലികമായും ജനങ്ങളോടാണ് ഉത്തരവാദിത്വം എന്നു വിശ്വസിക്കുന്ന ഡിജാന്‍ ലീ എന്ന മാഗസിന്‍ സബ് എഡിറ്റര്‍ ആണ്. ഈ നോവലില്‍ തന്റെ ജീവിതത്തെ ദുരൂഹമായ വിധത്തില്‍ ഒരു കൊലയാളിക്ക് മുന്‍പില്‍ വിട്ടുകൊടുക്കുന്നത്. ആ മരണം അവളുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഒരാളില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകളും അന്വേഷണങ്ങളുമാണ് ഈ നോവല്‍ എന്നു ചുരുക്കി പറയാം. രസകരമായ കാര്യം ഇതിലെ മനുഷ്യര്‍ തമ്മില്‍ പരസ്പരം പുലര്‍ത്തുന്ന അപരിചിതത്വമാണ്. യാന്ത്രികമായ അറിവുകളും അതിര്‍ത്തികള്‍ കടന്നുള്ള പരിചയങ്ങളും സൂക്ഷിക്കുന്ന ആഗോള പൗരത്വമുള്ളവരാണ് ഇവരില്‍ ഏറെപ്പേരും. എന്നാല്‍ തൊട്ടടുത്ത കസേര പങ്കിടുന്ന, കോഫിഹൗസില്‍ ഒരു മേശക്കിരുപുറവും സമയം ചിലവഴിക്കുന്ന, ഒരേ അപ്പാര്‍ട്ടുമെന്റില്‍ കിടക്ക പങ്കിടുന്ന ഇവര്‍ തമ്മില്‍ ഭയപ്പെടുത്തുന്ന അപരിചിതത്വം നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം. ഡിജാന്‍ ലീയെക്കുറിച്ചു ആകെയുള്ള അറിവ് വളരെ ചെറുതാവുമ്പോഴും മാനുഷികതയുടെ മുഖം നഷ്ടപ്പെടാതെ ജീവിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രകഥാപാത്രം, അതുകൊണ്ട് തന്നെ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കും.
ഇ-വേസ്റ്റിനെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലൂടെയാണ് ഡിജാനുമായി അയാള്‍ക്ക് കൂടുതല്‍ അടുക്കേണ്ടി വരുന്നത്. സ്വന്തം തൊഴിലിനോട് പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയും ഏതുവെല്ലുവിളികളെയും അതിജീവിക്കാനുള്ള കരുത്തും അതിലേറെ സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധതയും ഡിജാന്‍ കൂടുതല്‍ ശത്രുക്കളെ ഉണ്ടാക്കുന്നു എന്ന മട്ടിലാണ് ആഖ്യാനമെങ്കിലും, വാസ്തവത്തില്‍ അവളുടെ സ്വാകാര്യമായ താല്പര്യങ്ങളോടു ഇഴചേര്‍ന്നാണ് ദുരൂഹമായകൊല സംഭവിക്കുന്നത്. എന്നാല്‍ മീഡിയമാനേജ്‌മെന്റ് ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം ആരെയും അമ്പരപ്പിക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ ആര്‍ക്കും ആരോടും കമ്മിറ്റ്‌മെന്റുകളില്ലാത്ത ലോകം എന്നത് പുതിയൊരു നീതിബോധമായി തീര്‍ന്നിട്ടുണ്ട്. അത് വ്യാവസായിക ലോകത്ത് മാത്രമല്ല പ്രണയത്തിലും, രതിയിലും, മരണത്തിലും എല്ലാം കുരുക്കുകളില്ലാതെ സ്വാതന്ത്ര്യമാണ് ആരും ആഗ്രഹിക്കുന്നത്. തരുണ്‍ തേജ്പാലിന്റെ ‘എന്റെ ഘാതകരുടെ കഥ’  (Story of my Assasins) യിലെ തുറന്ന ബന്ധങ്ങള്‍ മികച്ച ഉദാഹരണമാണിതിന്.
എപ്പോഴും പേടിപ്പിക്കുന്ന ഘടനയോടുകൂടിയതും കര്‍ക്കശമായ നിയമങ്ങളുമൊക്കെയാണ് പുതിയ തൊഴില്‍ മേഖലകളില്‍ നിലനില്‍ക്കുന്നത്. വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും അപ്പുറം തന്ത്രങ്ങളാണ്/നെഗോഷിയന്‍സ് ആണ് ഇക്കാലത്തിന്റെ മാനിഫെസ്റ്റോ. കൊടുക്കല്‍ വാങ്ങലുകളും താല്‍ക്കാലികപരിഹാരങ്ങളുമൊക്കെ യാന്ത്രികവും അയഥാര്‍ത്ഥവുമാണ്. പത്രസ്ഥാപനത്തിലെ ഡിജാന്‍ ലീയുടെ സുഹൃത്ത് നേരിടുന്നതും തുറന്ന ഇത്തരം യാഥാര്‍ത്ഥ്യങ്ങലാണ് അതിജീവിക്കണമെങ്കില്‍, മനുഷ്യത്വത്തെ അകറ്റിനിര്‍ത്തി കൃത്രിമത്വത്തെ മുഖത്തണിയുക എന്ന എളുപ്പവഴി മാത്രമാണ് നവ കൊര്‍പ്പറൈറ്റിസം നമ്മുക്ക് മുന്‍പില്‍ തുറന്നു വെയ്ക്കുന്നത്. ഈ വസ്തുത കൈകാര്യംചെയ്യുന്നതില്‍ ഡിജാന്‍ ലീ എന്ന നോവല്‍ വിജയിക്കുന്നു.
സാങ്കേതിക ലോകത്തുനിന്നും റാഡിക്കല്‍ ആവാനുള്ള ശ്രമങ്ങള്‍ നടത്തുന്ന ഡിജാന്‍ ലീ. ഇ വേസ്റ്റിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ മനുഷ്യപക്ഷത്തുനിന്ന് പൊരുതാന്‍ ഒട്ടേറെ ന്യായങ്ങല്‍ കണ്ടത്തുന്നുണ്ട്. ലോകം വരുംകാലത്ത് നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വിപത്ത് ഇലക്‌ട്രോണിക് മാലിന്യം ആയിരിക്കുമെന്നും അത് പ്രകൃതിയില്‍ ഉണ്ടാക്കാനിരിക്കുന്ന ദുരന്തങ്ങള്‍ പ്രവചനാതീതമാണെന്നും തന്റെ റിപ്പോര്‍ട്ടില്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരുപക്ഷേ, ഇത്തരം ആശങ്കകള്‍ ലോകത്തോട് പറയാനല്ല മാധ്യമസ്ഥാപനം ആഗ്രഹിച്ചത്. അതുകൊണ്ട് ഡിജാന്‍ ലീയുടെ മരണം അവരെ സംബന്ധിച്ചിടത്തോളം വസ്തുതകളില്‍നിന്നു രക്ഷപ്പെടാനുള്ള സാധ്യതയായി തീരുന്നു. സ്വാഭാവികവും പ്രതീക്ഷിതവും എന്നപോലെ പെരുമാറാന്‍ സ്ഥാപനത്തിന് കഴിയുന്നതും അതുകൊണ്ടാണ്.
ഒരു കൊലപാതകത്തിന്റെ പിന്നാമ്പുറങ്ങളില്‍മാത്രം അലയുന്ന കഥാപാത്രമല്ല ഈ നോവലിലെ ഡിജാന്‍ ലീ യുടെ സുഹൃത്ത്. അയാള്‍ നവസാങ്കേതികതയുടെ കാലത്തെ പൗരനാണ്. മാത്രമല്ല, ലോകത്തിന്റെ തലങ്ങും വിലങ്ങും പായുന്ന ഫൈബര്‍ കേബിളുകളെപ്പോലെ നെട്ടോട്ടം ഓടുന്ന, തൊഴില്‍മാര്‍ക്കറ്റിന്റെ പ്രതിനിധി കൂടിയാണയാള്‍. ഡിജാന്‍ ലീയ്ക്ക് പകരംവന്ന റാല്‍ഫ് കൂപ്പര്‍ തികച്ചും കമ്പനിക്ക് ഇണങ്ങുന്ന തന്ത്രശാലിയും നിശബ്ദനും എന്നാല്‍ നിലപാടുകള്‍ എടുക്കേണ്ട സമയത്ത് വിട്ടുവീഴ്ചയില്ലാതെ പെരുമാറുന്ന ആളും ആയിരുന്നു. കാലം ആവശ്യപ്പെടുന്ന എല്ലാ ഗുണങ്ങളും തികഞ്ഞവന്‍. അതിജീവനം ഇത്തരക്കാരെ കാത്തിരിക്കുന്നു എന്നും പറയാം. ഡിജാന്‍ ലീയുടെ മരണം പലവിധത്തില്‍ ചര്‍ച്ചചെയ്യപ്പെടുമ്പോഴും അയാള്‍ നിര്‍മമതയോടെ തന്റെ ജോലിയില്‍ വ്യാപൃതനാവുന്നു. അവനിലേക്ക് മാത്രം നോക്കേണ്ടിവരുന്ന കാലത്തിന്റെ സമ്മര്‍ദങ്ങള്‍ ഒട്ടുംചോരാതെ അവതരിപ്പിക്കാന്‍ പ്രവീണിന് കഴിയുന്നതിന്റെ മികത്ത തെളിവാണിത്.
മനുഷ്യരും സാങ്കേതിക വിദ്യയും തമ്മിലുള്ള ബന്ധം തികച്ചും സാങ്കേതികം മാത്രമല്ല; സാമൂഹികം കൂടിയാണെന്ന കാഴ്ചപ്പാടാണ് മൗലികമായും പ്രവീണിന്റെ നോവല്‍ മുന്‍പോട്ടുവയ്ക്കുന്നതെന്ന് അവതാരികയില്‍ ഡോ.ടി.ടി ശ്രീകുമാര്‍ പറയുന്നുണ്ട്. മാനുഷികതയുടെ അടയാളങ്ങള്‍ വേണ്ടുവോളം ഡിജാന്റെ റിപ്പോര്‍ട്ടിലും അവളുടെ സുഹൃത്തിലും കാണാം. പ്രണയം എന്ന സാര്‍വലൗകിക വിനിമയം പുതിയ കാലത്തും സംഘര്‍ഷങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും കാരണമായിത്തീരുന്നത് നാം ഇവിടെയും കാണുന്നു. സ്വന്തം ഭര്‍ത്താവില്‍ (ട്രാന്‍)നിന്നും കെവിന്‍ വോങ്ങ് എന്ന് സുഹൃത്തിലേക്ക് ഡിജാന് ലീയുടെ ജീവിതം വഴിമാറി ഒഴുകിയതാണ് യഥാര്‍ത്ഥത്തില്‍ കൊലപാതകകാരണം എന്ന നിഗമനങ്ങളിലാണ് അന്വേഷണ ഏജന്‍സികള്‍ എത്തുന്നത്. മറ്റൊരു ഭാഗികമായ കണ്ടെത്തലാവട്ടെ, വിപ്ലവ പ്രസ്ഥാനങ്ങളുമായുള്ള ഡിജാന്‍ ലീയുടെ ബന്ധവും അതിലുണ്ടാകുന്ന തര്‍ക്കങ്ങളുമാണ്. എങ്കിലും അവസാനമായൊരു തീര്‍പ്പിലെത്താന്‍ ആര്‍ക്കും കഴിയുന്നില്ല. വാസ്തവത്തില്‍ ഡിജാന്റെ മരണം ആരെയും ആഴത്തില്‍ സ്പര്‍ശിക്കുന്നില്ല. സ്വന്തം കുടുംബംപോലും അത് പ്രതീക്ഷിച്ചിരുന്നു എന്നതിന്റെ സൂചനകള്‍ നോവലില്‍ നിന്നു വായിച്ചെടുക്കാം. അതുകൊണ്ട്തന്നെ സുഹൃത്തില്‍ ഉണ്ടാകുന്ന ഉത്കണ്ഠകളും ആശങ്കകളും താല്കാലികവും എപ്പോള്‍ വേമമെങ്കിലും പരിഹരിക്കാവുന്നതുമാണ്. ടി.ജെ. ബാറിനുള്ളിലെ സംഘ നൃത്തത്തോടെ അവസാനിക്കുന്ന ഡിജാന്‍ ലീയെന്നനോവല്‍, സംഘര്‍ഷങ്ങളില്‍നിന്നും വിമോചനം ആഗ്രഹിക്കുന്ന, പുതിയ കാലത്തിന്റെ പരിഹാരങ്ങളെതന്നെയാണ് മുന്നോട്ടുവയ്ക്കുന്നത്. അല്ലെങ്കില്‍ പരിഹാരങ്ങള്‍ ഒന്നുമില്ലാതെ അവസാനിക്കുക ആണെന്നും പറയാം.
ആഗോളീകരണം തൊഴില്‍വ്യവസ്ഥയില്‍ ഉണ്ടാക്കിയ മൂല്യബോധങ്ങലും വ്യക്തികളില്‍ അത് സൃഷ്ടിക്കുന്ന അപമാനവീകരണവും മാറിയകാലത്തിന്റെ ജീവിതആസക്തികളും എല്ലാം സവിശേഷമായ വിധത്തില്‍ അടയാളപ്പെടുത്താന്‍ ഡിജാന്‍ ലീ എന്ന നോവലിനുകഴിയുന്നു. സാങ്കേതികമായി ജീവിക്കുക എന്നതിന്റെ അര്‍ത്ഥം, മനുഷ്യവിരുദ്ധമാവുക എന്നത് മാത്രമല്ലെന്നും, അതിജീവനത്തിനു പുതിയ വഴികള്‍ കണ്ടെത്തേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും, അതാവട്ടെ മനുഷ്യകേന്ദ്രിതം എന്ന പഴയ കാഴ്ച്ചപ്പാടില്‍നിന്നും അകലെയാണെന്നും ഈ ചെറിയ നോവല്‍ പറയുന്നു. വ്യക്തമായും, മാറിയ ലോകബോധത്തെ ഇളക്കി നിര്‍മ്മിക്കുകയാണ് കെ.വി.പ്രവീണ്‍ ‘ഡിജാന്‍ ലീ’യിലുടെ എന്നും പറയാം.
______________________________________________________
(”ഉത്തരകാലം” പുസ്തകങ്ങളെയും എഴുത്തുകാരെയും പരിചയപ്പെടുത്തുന്ന പംക്തി തുടങ്ങുകയാണ്. എഴുത്തുകാരും പ്രസാധകരും പുസ്തകങ്ങള്‍ താഴെപ്പറയുന്ന വിലാസത്തില്‍ അയക്കണമെന്ന് അപേക്ഷിക്കുന്നു.

Dr. O.K. Santhosh
Assistant professor 
Dept. of Malayalam
Marina Campus - Chepauk
Chennai - Tamil Nadu - 600005
Ph: 91-8189956655
Top