ആദ്യത്തെ ചുവടുകള്‍ (അയ്യങ്കാളിക്ക്)

നടപ്പ് നിരോധിക്കപ്പെട്ട വഴിയിലൂടെ
വില്ലുവണ്ടിയോട്ടി
ചക്രത്തിലുരഞ്ഞു തിരിയുന്ന
ഉടലിന്റെ ഡൈനാമോ കൊണ്ടാണ്
നീ ആദ്യത്തെ വിളക്ക് തെളിച്ചത്
ആര്‍ക്കും കാണാവുന്ന മട്ടില്‍
ആകാശം അതേറ്റുവാങ്ങി
പുലര്‍ക്കാലങ്ങളില്‍ കൊളുത്തിവെച്ചു.

നടപ്പ് നിരോധിക്കപ്പെട്ട വഴിയിലൂടെ
വില്ലുവണ്ടിയോട്ടി
ചക്രത്തിലുരഞ്ഞു തിരിയുന്ന
ഉടലിന്റെ ഡൈനാമോ കൊണ്ടാണ്
നീ ആദ്യത്തെ വിളക്ക് തെളിച്ചത്
ആര്‍ക്കും കാണാവുന്ന മട്ടില്‍
ആകാശം അതേറ്റുവാങ്ങി
പുലര്‍ക്കാലങ്ങളില്‍ കൊളുത്തിവെച്ചു.

കന്നുപൂട്ടുന്നവര്‍ക്കിടയില്‍നിന്ന്
ആരോ ഒരാള്‍
താനൊരു കാളയല്ല
എന്നു പറഞ്ഞുകൊണ്ട്
വരമ്പത്തു കയറി നിന്നു
യജമാനന്റെ മൂക്കിന്‍ തുമ്പ്
കോപത്താല്‍ വിറപ്പിച്ചുകൊണ്ട്

ജന്മിയുടെ
തുരുമ്പിച്ച ഉടവാള്‍
കൊയ്ത്തിനു പോന്നതല്ലെന്ന്
ആരൊക്കെയോ
അടക്കം പറഞ്ഞത്
നാട്ടില്‍ പാട്ടായി

ചെമ്പന്‍ കുഞ്ഞിന്റെ
കച്ചത്തോര്‍ത്ത്
പള്ളിക്കൂടത്തിന്റെ പടികടന്നപ്പോള്‍
ഇറങ്ങിപ്പോയ കുട്ടികളെ കണ്ട്
നിന്റെ ഉള്ളം പിടഞ്ഞിരിക്കണം
കുഞ്ഞുങ്ങളുടെ ഉള്ളില്‍ നിന്നുപോലും
നിഷ്‌കളങ്കതയെ പടിയിറക്കിവിട്ട
പൂണൂനൂലിന്റെ

ആ ഭ്രാന്തന്‍ നീതിശാസ്ത്രങ്ങളെ ഓര്‍ത്ത്
കല്ലുമാലകള്‍ക്കൊപ്പം
അവയും പറിച്ചെറിയാനായിരുന്നെങ്കിലെന്ന്
നീ കൊതിച്ചിരിക്കണം.
കൊയ്ത്തുകഴിഞ്ഞ പാടത്ത്
ഓലയും മുളങ്കാലുകളും കയറും വാരിക്കഷണങ്ങളും
നിന്റെ ജനതയുടെ വിയര്‍പ്പും ചേര്‍ന്നുയര്‍ത്തിയ
സ്വപ്നത്തിന്റെ പാഠശാലകളിലേക്ക്
സൂര്യന്റെ നിഴല്‍ വീണ
കരിനീല ഉടലുകളുള്ള
കുഞ്ഞുങ്ങള്‍ വന്നു.
ചാമ്പലില്‍ നിന്നും പാഠശാലയെ വീണ്ടെടുത്ത
കരളുറപ്പുള്ള കുട്ടികള്‍
അറിവിന്റെ ചിറകുകളില്‍ പറക്കാന്‍ കാത്തിരുന്നു.
തോല്വിയടഞ്ഞ ജന്മിയുടെ തീപ്പന്തങ്ങളെ
ചൂണ്ടിക്കാട്ടി നീ പറഞ്ഞു
അരുമക്കിടാങ്ങളേ,
ഈ തീവെട്ടികളില്‍നിന്നും
നമുക്ക് ചിലതു പഠിക്കാനുണ്ട്,
ഇരയ്ക്ക് മാത്രം പഠിക്കേണ്ടുന്ന
നിലനില്പ്പിന്റേതായ ചില പാഠങ്ങള്‍.

മണ്ണും വിയര്‍പ്പും മണക്കുന്ന
കവിതയുടെ വിത്തുകള്‍ പാടത്തെമ്പാടും ചിതറിക്കിടക്കുന്നത്
ചെമ്പരുന്തിന്റെ കണ്ണില്‍ തറഞ്ഞു.
ആദ്യത്തെ പ്രഭാകിരണങ്ങള്‍
വിതയ്ക്കുന്നവനായി
നിന്നേയും.

(സഞ്ചാരം : അകലങ്ങള്‍ എന്ന സമാഹാരത്തില്‍നിന്ന്)

Top