തലകീഴായ ജലപിരമിഡ്

കടലിലേയ്‌ക്കെറിയപ്പെട്ട ഒരു മഴു കേരളത്തെ ബ്രാഹ്മണ്യത്തിനു സംഭാവന ചെയ്ത ഒരുല്പത്തികഥയിലെ ഘടകമാണെങ്കില്‍, ഒരു മഴുവിനെ നെയ്ത്തുകാരന്റെ തുന്നോട (Weaver’s Shuttle)ത്തില്‍ ഘടിപ്പിച്ചുകൊണ്ട് അതിന്റെ തുടര്‍യാത്രകളെ ദൃശ്യമാക്കുകയും ഉടമസ്ഥതയെക്കുറിച്ചുള്ള ആ കല്പനയിലടങ്ങിയിട്ടുള്ള അധിനിവേശപരതയെ തുറന്നുകാട്ടി അതിനെ തിരിച്ചെറിയുകയും ചെയ്യുന്നുണ്ട് ‘L’aller retour’’ (1995) എന്ന രചന. കേരളതീരത്തു താരതമ്യേന വൈകിമാത്രം എത്തിച്ചേര്‍ന്ന ബ്രാഹ്മണര്‍ ഈ പ്രദേശത്തെ ഭൂതകാലപ്രാബല്യത്തോടെ കയ്യടക്കുവാന്‍ നടത്തിയ ഒരു ശ്രമമായി അത് പരശുരാമകഥയെ തിരിച്ചറിയുന്നു.

പേരുകള്‍കൊണ്ടുള്ള ഒരു കളി വത്സന്‍ കൂര്‍മ്മ കൊല്ലേരിയുടെ കലയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. സര്‍വ്വസാധാരണമായ കാര്യങ്ങളിലേയ്ക്ക് സവിശേഷമായ ഒരു ഫലിതബോധത്തോടെ ഉള്‍ക്കാഴ്ചകള്‍ നല്‍കുവാന്‍ അത് ഇടയാക്കുന്നു. ഉദാഹരണമായി ചരിത്രത്തിലെ വിശാലഘട്ടങ്ങളെക്കുറിക്കുവാന്‍ ഉപയോഗിക്കുന്ന ചില പരികല്പനകളെ- ശിലായുഗം (Stone Age), വെങ്കലയുഗം (Bronze Age), അവയോടൊപ്പം ശില്പിയെന്ന നിലയ്ക്ക് താന്‍ നടന്നുതീര്‍ത്ത ചില കാലങ്ങളെക്കുറിച്ചുള്ള സൂചനകളടങ്ങുന്ന ശില്പയുഗം (Sculpture Age), ‘വാര്‍ന്നു പോകുന്നയുഗം’ അല്ലെങ്കില്‍ ‘ഓട യുഗം’ (Drain Age) എന്നിങ്ങനെയുളളവ ചേര്‍ത്തുവെച്ച് തന്റേതായ ഒരു കാലസങ്കല്പത്തെതന്നെ അദ്ദേഹം മുന്‍പോട്ടുവെക്കുന്നു. തന്റെ വ്യക്തിഗത ചരിത്രത്തെക്കൂടി ഉള്‍ച്ചേര്‍ത്ത് അദ്ദേഹം പുന:സംഘടിപ്പിക്കുന്ന ഈ കാലഗണനപ്രകാരം വെങ്കലയുഗം ചിലപ്പോള്‍ ശിലായുഗത്തിന് മുന്‍പേയുള്ളതായിരിക്കാം, പുതിയ വ്യക്തതയുടെ യുഗം (Newclear Age) ആണവയുഗത്തെ (Nuclear age) പാരഡി ചെയ്യുമ്പോഴും അതിനെ നിരാകരിച്ച് കൊണ്ട് പുതിയ സൂക്ഷ്മരാഷ്ട്രീയത്തിന്റേതായ ഒരു സ്ഥലത്തെ/കാലത്തെ വിഭാവനം ചെയ്യുന്നുമുണ്ട്. നടക്കാതെപോയ ഒരു പ്രദര്‍ശനത്തിന് നല്കിയ പേരിലും ഇതേ നര്‍മ്മബോധം പ്രകടമാണ്. New Sense (പുതിയ തിരിച്ചറിവ്) എന്നപേര് ശബ്ദംകൊണ്ട് Nuisance (അസംബന്ധം) എന്നതിനോടടുത്തു നില്‍ക്കുന്നു. ഒരേ സമയം അത് രണ്ടുകാര്യങ്ങളേയും കാഴ്ചക്കാരന്റെ ഓര്‍മ്മയിലേക്കു കൊണ്ടുവരുന്നു. പുതിയ തിരിച്ചറിവിനെ ആളുകള്‍ പലപ്പോഴും ‘അസംബന്ധം’ ആയാണു കാണുന്നതെന്ന വസ്തുത ഈ കലാകാരനെ തളര്‍ത്തുന്നില്ല. ‘പഴയ തിരിച്ചറിവുകള്‍’ നല്കുന്ന വിശ്രാന്തി കയ്യൊഴിഞ്ഞുകൊണ്ട് പുതുമയുടെ വഴിയേ തന്റെ അന്വേഷണം തുടരുവാനാണ് അയാളുടെ തീരുമാനം.

ഒരു കൂട്ടം കസേരകളുടെ (Curiosit) നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുമ്പോഴോ ഒരു ഛായാചിത്രം (Portriat)വരയ്ക്കുമ്പോഴോ ഒക്കെത്തന്നെ അദ്ദേഹത്തിന്റെ ശൈലി മിനിമലിസം പ്രദാനം ചെയ്യുന്ന ‘വൃത്തി’യെ നിരാകരിക്കുകയും കേവലം ആശയവിനിമയത്തിലോ ‘അലങ്കാരപരത’യിലോ അഭിരമിക്കാതെ കൂടുതല്‍ സങ്കീര്‍ണ്ണവും അവ്യക്തവുമായ രൂപഘടനകളിലേക്കു സഞ്ചരിക്കുകയും ചെയ്യുന്നു. സൗന്ദര്യവും വൈരൂപ്യവും എന്ന പഴക്കം ചെന്ന ദ്വന്ദ്വത്തില്‍ കക്ഷിചേരാന്‍ വിസമ്മതിച്ചുകൊണ്ട് വത്സന്റെ രചനകള്‍ സൗന്ദര്യത്തിനുള്ളിലെ ‘വൈരൂപ്യ’ത്തേയും വിരൂപമായതിലെ ‘സൗന്ദര്യ’ത്തേയും മുന്‍പോട്ടുകൊണ്ടുവന്നുകൊണ്ട് നമ്മുടെ പരമ്പരാഗതമായ ദൃശ്യബോധത്തെ തകിടം മറിക്കുന്നു. ഘടനയുടെ നേര്‍ക്ക് കലാസൃഷ്ടി നടത്തുന്ന ചലനങ്ങളോടൊപ്പം തന്നെ അവ്യവസ്ഥയ്ക്കായുള്ള ഉദ്യമത്തേയും കൂട്ടിച്ചേര്‍ക്കുന്നതിലൂടെ ആത്യന്തികമായി സ്ഥാപിക്കപ്പെടേണ്ട ആധികാരികരൂപം എന്ന നിലവിട്ട് നിര്‍മ്മാണത്തോടൊപ്പം തന്നെ അഴിച്ചെടുക്കലുമടങ്ങുന്ന ഒരു പ്രക്രിയയായി ആ കലാപ്രവര്‍ത്തനം മാറുന്നു. ലോകകലയില്‍ Conceptualism  (പരികല്പനകളെ പരിശോധിക്കുന്ന കല) പലപ്പോഴും സ്വീകരിച്ചുകാണാറുള്ള അസാമാന്യമായ വൃത്തിയെ പ്രശ്‌നവത്കരിച്ചുകൊണ്ട് ‘ദര്‍ശനത്തെ’ കലയ്ക്കുമീതെ പ്രതിഷ്ഠിക്കുന്നതിനു പകരം ‘കാഴ്ചയുടേതായ ഒരു കലയെ’ (a ‘Perceptual Art) മുന്‍പോട്ടുകൊണ്ടുവന്നുകൊണ്ട് ദൃശ്യചിന്തയെ പുതിയ മാനങ്ങള്‍ നല്‍കി വികസിപ്പിക്കുകയും അതു വഴി നിര്‍മ്മാണപ്രക്രിയയ്ക്കും അദ്ധ്വാനത്തിന്റെ അടയാളങ്ങള്‍ക്കും, ഇനിയും ചിന്തിക്കപ്പെടാത്ത കാര്യങ്ങളടങ്ങുന്ന നിഴലിടങ്ങള്‍ക്കും സാധുതയുള്ള ഒന്നായി അതിനെ മാറ്റുകയും ചെയ്യുന്നു.

തലശ്ശേരിയ്ക്കടുത്തുള്ള പാട്യം സ്വദേശിയായ വത്സന്‍ ചെറുപ്പകാലത്ത് വാഗ്ഭാടാനന്ദനെ പോലെയുള്ളവര്‍ നടത്തിയ ജാതിവിരുദ്ധസമരങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിട്ടുള്ള ഒരാളാകയാല്‍ കലയിലെ കൊളോണിയല്‍ പദ്ധതികളെ തള്ളിക്കളയുന്നതോടൊപ്പം തന്നെ ജാതിയുടെ സൂക്ഷ്മാധികാരരൂപങ്ങളേയും പ്രശ്‌നവത്ക്കരിക്കേണ്ടതിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നുണ്ട്.

_________________________________
ഏതുതരം നിര്‍മ്മാണവസ്തുക്കളേയും ഉള്‍ക്കൊള്ളുന്ന കൂടുതല്‍ അയവുള്ളതും ചിന്താപരമായി സജീവവുമായ ഒരു പ്രക്രിയ വത്സന്റെ കലയില്‍ ഇതോടെ കൂടുതല്‍ തെളിമ നോടി. പനങ്കുലയ്ക്കും, ഓലയ്ക്കും, എല്ലിനും, കയറിനും, കൊട്ടയ്ക്കും, പള്‍പ്പിനും, കരിയിലകള്‍ക്കും, ഘടികാരത്തിന്റെ സ്പ്രിംഗുകള്‍ക്കും, കളിമണ്ണിനും, മണലിനും, നെല്ലിനും, വെട്ടുകല്ലിനും, മാര്‍ബിളിനും, ഗ്രാനൈറ്റിനും, ചെമ്പിനും, വെങ്കലത്തിനും, സ്റ്റീലിനും ഇനിയും കണ്ടെത്തപ്പെടാവുന്ന ഒരു അസംസ്‌കൃത പദാര്‍ത്ഥത്തിനുമെല്ലാം ഒരേ പദവിയോടെ പങ്കെടുക്കാന്‍ കഴിയുന്ന ഒന്നായി ആ ശില്പനിര്‍മ്മാണ പ്രക്രിയ മാറി. ഒരു വസ്തു, അതിനെ ചുറ്റിപ്പറ്റിയുള്ള പ്രാദേശികമോ ഭാഷാപരമോ ആയ വിനിമയങ്ങള്‍, ദാര്‍ശനികമായ ഉള്‍ക്കാഴ്ചകള്‍, സൂക്ഷ്മമായ നര്‍മ്മബോധം തുടങ്ങിയവയെല്ലാം ഈ പുതുഭാവുകത്വത്തില്‍ ഇടം പിടിച്ചു. ചൂണ്ടപ്പനയുടെ ഒരു പൂങ്കുല അല്പം പിന്നിയിട്ട് പനങ്കുലപോലുള്ള മുടിയെന്ന നാട്ടുപ്രയോഗത്തെ അത് ഓര്‍മ്മയിലേക്കു കൊണ്ടുവന്നു. 
_________________________________

കടലിലേയ്‌ക്കെറിയപ്പെട്ട ഒരു മഴു കേരളത്തെ ബ്രാഹ്മണ്യത്തിനു സംഭാവന ചെയ്ത ഒരുല്പത്തികഥയിലെ ഘടകമാണെങ്കില്‍, ഒരു മഴുവിനെ നെയ്ത്തുകാരന്റെ തുന്നോട (Weaver’s Shuttle)ത്തില്‍ ഘടിപ്പിച്ചുകൊണ്ട് അതിന്റെ തുടര്‍യാത്രകളെ ദൃശ്യമാക്കുകയും ഉടമസ്ഥതയെക്കുറിച്ചുള്ള ആ കല്പനയിലടങ്ങിയിട്ടുള്ള അധിനിവേശപരതയെ തുറന്നുകാട്ടി അതിനെ തിരിച്ചെറിയുകയും ചെയ്യുന്നുണ്ട് ‘L’aller retour’’ (1995) എന്ന രചന. കേരളതീരത്തു താരതമ്യേന വൈകിമാത്രം എത്തിച്ചേര്‍ന്ന ബ്രാഹ്മണര്‍ ഈ പ്രദേശത്തെ ഭൂതകാലപ്രാബല്യത്തോടെ കയ്യടക്കുവാന്‍ നടത്തിയ ഒരു ശ്രമമായി അത് പരശുരാമകഥയെ തിരിച്ചറിയുന്നു.

അദ്ദേഹത്തിന്റെ രചനകളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന നിര്‍മ്മാണഘടകങ്ങളും ചില അടയാളങ്ങളും ജ്യാമിതീയ രൂപങ്ങളുമുണ്ട്. പല തലങ്ങള്‍ക്കിടയിലുള്ള സഞ്ചാരം സാധ്യമാക്കുന്ന ഗോവണി ഇത്തരത്തില്‍ നിരവധിരചനകളില്‍ ആവര്‍ത്തിച്ചുകാണാം. ഇങ്ങനെതന്നെ സംരക്ഷണം നല്കുന്ന ഒരു അടയാളമായി പല സൃഷ്ടികളിലും ആവര്‍ത്തിക്കുന്ന ഒരുരൂപമാണ് മഴുത്തല (Axe- head) സമചതുരക്കട്ടകള്‍, ഗോളങ്ങള്‍, പിരമിഡല്‍ രൂപങ്ങള്‍ എന്നിവയെല്ലാം ആ രചനകളില്‍ സജീവത കൈവരിക്കുന്നുണ്ട്. കൊച്ചിയിലെ സുഭാഷ്പാര്‍ക്കിലെ ‘തലകീഴായ ജലപിരമിഡ്’ 2014-15 ലെ കൊച്ചി – മുസിരിസ് ബിനാലയിലെ രചനയിലും വ്യത്യസ്തതകളോടെ ആവര്‍ത്തിക്കപ്പെടുന്നതു കാണാം. (തലകീഴായി കുത്തി നിര്‍ത്തിയ ഒരു പിരമിഡിന്റെ ആകാരമുള്ള ഈ കുളത്തിലെ ജലത്തിന്റെ മുനയിന്മേലാണ് ഭൂമിയുടെ നില്പ് എന്നു വല്‍സന്‍ പറയും.)

പായനെയ്ത്ത്, കൊട്ട, മുറം, വട്ടി മുതലായവകെട്ടുന്നതും ഓലമെടയുന്നതുമെല്ലാം കേരളത്തിലെ കീഴാളരുടെ ഇടയില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന കൈത്തൊഴിലുകളാണല്ലോ. 1998ല്‍ നിര്‍മ്മിച്ച ‘ഒരു തൂവല്‍’ (A Feather) എന്ന സൃഷ്ടിയില്‍ രണ്ട് കൊട്ടകളെ ഒരു കയര്‍ കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. നാരുകളിലൂടെയുള്ള ഒരു പരസ്പരവിനിമയവും, ഭൂമിയുമായി തന്നെയുള്ള ഒരു ആശയവിനിമയവും ആണവിടെ നടക്കുന്നത്. ഭൂമിയുടെ ഹൃദയത്തിലേക്ക് അതിന്റെ സ്പന്ദനങ്ങളറിയുവാനായി ചേര്‍ത്തുവെക്കപ്പെട്ടിട്ടുള്ള ഒരു ഉപകരണം എന്നോണമാണതിന്റെ നില, അതില്‍ കുത്തിയിട്ടുള്ള തൂവല്‍ ആ രചനയ്ക്ക് ഒരു ആദിമനിവാസിയുടെ ശിരോഅലങ്കാരമെന്നോണം പ്രൗഢിനല്‍കുന്നു. കൊട്ടനെയ്ത്തിന്റെ പാരമ്പര്യങ്ങളോടുള്ള ഈ വിനിമയം മലയാളകവിതയില്‍ എസ്. ജോസഫിന്റെ കൊട്ട എന്നകവിത നിറവേറ്റിയതിനോട് സമാനതയുള്ള ഒരു പുതുലോകത്തെ തുറന്നു വെയ്ക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍പുരമേയുന്നതിനും മറ്റുമായി തെങ്ങോലകള്‍ മെടഞ്ഞിരുന്നതിനെ അനുസ്മരിപ്പിച്ചുകൊണ്ട് പച്ചയോല മെടഞ്ഞ് അദ്ദേഹം നിര്‍മ്മിച്ച രചനയും ഇതേ വഴക്കങ്ങളെ പിന്‍പറ്റുന്നതാണ്.

പൊതുവെ സ്ത്രീകളുടേതെന്നു കരുതപ്പെടുന്ന സൂക്ഷ്മവും ശ്രദ്ധാപൂര്‍ണ്ണവും നാടോടി പാരമ്പര്യങ്ങളുടെ നൈരന്തര്യത്തെ സ്പര്‍ശിക്കുന്നതുമായ നെയ്ത്ത്, തുന്നല്‍ തുടങ്ങിയവയൊക്കെ കൊണ്ട് തന്റെ കലയുടെ അടിസ്ഥാനങ്ങളെ തന്നെ മാറ്റിപ്പണിയുവാന്‍ വത്സന്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധേയങ്ങളാണ്. പലതരത്തിലുള്ള ചരടുകള്‍, കെട്ടുകള്‍, പാഴ് വസ്തുക്കള്‍, വെട്ടുകല്ല്, പനങ്കുല, എല്ല്, ചെമ്പ്, വെള്ളോട്, മാര്‍ബിള്‍, കരിയിലകള്‍, കളിമണ്ണ്, മണല്‍, നെല്ല്, അരി തുടങ്ങി ഏതു വസ്തുവിനേയും തന്റെ ശില്പ-പ്രതിഷ്ഠാപനങ്ങളുടെ ഘടനയില്‍ ഉള്‍ച്ചേര്‍ക്കാന്‍ കഴിയുന്ന ഒരു രീതിയാണ് വത്സന്റേത്. ഒരു നെല്ലിന്‍ കൂനയും, ചത്തപാമ്പും, തന്റെ തന്നെ നേരിയ സമാനതയുള്ള മൃതശരീരത്തിന്റെ രൂപവും എല്ലാം 2012ലെ കൊച്ചി-മുസിരിസ് ബിനാലയിലെ പ്രതിഷ്ഠാപനത്തില്‍ ഉള്‍ച്ചേര്‍ത്തു കൊണ്ട് ശില്പഭാഷയെ അദ്ദേഹം അതിന്റെ പരമ്പരാഗത ചേരുവകളില്‍ നിന്നും വിമോചിപ്പിക്കുന്നു.

നെയ്ത്തുമായുള്ള ഈ ഇടപാട് വലിയ മുത്തശ്ശന്‍ ക്ലോക്കുകളിലെ നല്ല ടെമ്പറുള്ള സ്പ്രിംഗുകള്‍ ഉപയോഗിച്ച് ഒരു പാത്രം മെനഞ്ഞെടുക്കാനുള്ള ശ്രമത്തിലും തുടരുന്നുണ്ട്. (How goes the enemy?). ഇവിടെ സ്പ്രിംഗിന്റെ മുറുക്കം ക്ലോക്കിനു ചുറ്റുമുള്ള സമയത്തിന്റെ വിഭിന്നങ്ങളായ ക്രമങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്നുണ്ട്. ഘടികാരത്തിലെ സമയം കാലത്തിന് പ്രയോജനവാദപരമായ ഒരു സുനിശിച്തത്വം പ്രദാനം ചെയ്യുന്നതാണ്. ഇരു ദിശകളില്‍ ഓരേ പാളത്തിലൂടെ നീങ്ങുന്ന തീവണ്ടികള്‍ തമ്മില്‍ കൂട്ടിമുട്ടാതിരിക്കാന്‍ ഈ സമയബോധം ആവശ്യമാണ്. എന്നാല്‍ അതോടൊപ്പം തന്നെ ഒരു വെങ്കലശില്പം വാര്‍ത്തെടുക്കുന്നതിനോ ഒരു കെട്ടുകെട്ടുന്നതിനോ ആവശ്യമായി വരുന്ന മറ്റു സമയങ്ങളും നിലനില്‍ക്കുന്നു എന്ന വസ്തുതയ്ക്ക് അത് അടിവരയിടുന്നു. ഒരേകാലത്തുതന്നെ നിലനില്‍ക്കുന്ന പലകാലങ്ങളെക്കുറിച്ച് (Co-evalness) ജോഹന്നാസ് ഫേബിയന്‍ സൂചിപ്പിക്കുന്നുണ്ട്. കരകൗശലം എന്നുപേരുവിളിച്ച് ഇകഴ്ത്തപ്പെട്ടതിന്റെ കാലം വത്സന്റെ രചനകളില്‍ പലവട്ടം തെളിഞ്ഞുമായുന്നുണ്ട്, തുടര്‍ച്ചയും വിച്ഛേദവും ഒരു ചെടിയില്‍ പുതിയ ഒരുശാഖ മുളയ്ക്കുമ്പോഴെന്നപോലെ അതിനെ മാറ്റിപണിതുകൊണ്ടേയിരിക്കുന്നു. നെയ്ത്തിനുള്ളിലെ ക്ലോക്ക് സ്പ്രിംഗുകള്‍ അവയുടെ ആദ്യരൂപത്തിലേയ്ക്ക് തിരികെയെത്തുവാന്‍ ശ്രമിക്കുന്നുണ്ട്, അവയുടെ ഇക്കാര്യത്തിലുള്ള പരാജയങ്ങളും നെയ്‌തെടുക്കപ്പെട്ട വസ്തുവിന്റെ ആകാരത്തെ നിര്‍ണ്ണയിക്കുന്നു.

സമയം, ആവര്‍ത്തനം, നിര്‍മ്മാണം, അതില്‍തന്നെ അടങ്ങിയിട്ടുള്ള പ്രതിസന്ധികള്‍ എന്നിവയെല്ലാം പ്രകടമായിരുന്ന വത്സന്റെ പ്രദര്‍ശിപ്പിക്കപ്പെടാത്ത മറ്റൊരു രചന ചെമ്പുവളയങ്ങള്‍ കൂട്ടിച്ചേര്‍ത്തുചേര്‍ത്തുണ്ടാക്കിയ ഒരു നീളന്‍ ചങ്ങലയായിരുന്നു. ദീര്‍ഘകാലം ചെമ്പുകൊണ്ട് വളയങ്ങളുണ്ടാക്കിചേര്‍ത്ത് നീളം കൂട്ടിക്കൊണ്ടേയിരുന്ന ആ ചങ്ങലകൊണ്ട് ഒരു ഗ്യാലറി നിറയ്ക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ സങ്കല്പം. ചെമ്പുവളയങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനം ആവര്‍ത്തിക്കുന്ന ഒന്നായിരിക്കുമ്പോള്‍ തന്നെ അത് സമയത്തിലൂടെയുള്ള ഒരു യാത്രയും, ഉല്പാദനവും, നിര്‍മ്മാണപരമായ അച്ചടക്കവും, ആത്യന്തികമായി അനിശ്ചിതമായ ഒരു ഫലത്തെ – ഒരു ‘ചങ്ങലയെ’ ഉല്പാദിപ്പിക്കലുമായിരുന്നു. ‘ചങ്ങല’ ഇവിടെ ഒരു തുടര്‍ച്ചയും നൈരന്തര്യവും പരസ്പരബന്ധവും അടയാളപ്പെടുന്ന ശൃംഖലയാണ്, നാം നിത്യവും സ്വന്തം പ്രവൃത്തിയിലൂടെ ഉല്പാദിപ്പിക്കുന്ന ഒന്ന്. അതു നമ്മെ മറ്റുകണ്ണികളുമായി ബന്ധപ്പെടുത്തുന്നു. അതേ സമയം തന്നെ അത് നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന പഴക്കം ചെന്ന ഒരുപകരണവുമാണ് (ചങ്ങല). ആത്യന്തികമായി നമ്മെത്തന്നെ അടിമപ്പെടുത്തിയേക്കാവുന്ന ഒരു വസ്തുവാണത് എന്നറിഞ്ഞുകൊണ്ടുതന്നെ അതിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടേണ്ടിവരുന്ന വിപര്യയം, അതിന്റെ irony മനുഷ്യരുടെ പല പ്രവൃത്തികളേയും വലയം ചെയ്യുന്നുണ്ടെന്ന് അത് സൂചിപ്പിക്കുന്നു. മറ്റെന്തും അസാധ്യമായ കാലത്തെ നിര്‍മ്മാണത്തെ സാധ്യമാക്കുന്നത് ശൃംഖലയാണെന്ന വസ്തുതയെ അതു മറച്ചുവെക്കുന്നതുമില്ല.

____________________________________
പലപ്പോഴും പ്രാദേശികമായ അതീതകല്പനകള്‍ അവയിലൊരു അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആ ധാരകളെ മേധാവിത്വ ഭാവനകളുമായി കൂട്ടിയിണക്കുവാനല്ല, മറിച്ച് അവയേയും ഉള്‍ച്ചേര്‍ക്കുന്ന പുതുഭാവനകള്‍ മെനയുവാനാണ് വത്സന്റെ ശ്രമം.
പാരിസ്ഥിതികമായ ഉത്കണ്ഠകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ആ ചിന്താപ്രക്രിയയില്‍ നിര്‍ണ്ണായകമായ പ്രാധാന്യമുണ്ട്. 1996-ല്‍ രചിച്ച ‘Mummified Tree’ പോലെയുള്ള രചനകളിലൂടെ മരിച്ച മനുഷ്യശരീരങ്ങളെ മമ്മികളാക്കി സൂക്ഷിക്കുന്ന പ്രാചീന സമ്പ്രദായങ്ങളെ ഓര്‍മ്മിപ്പിക്കും മട്ടില്‍ മരിച്ച മരങ്ങള്‍ക്ക് ഒരു സ്മാരകം പണിയുവാന്‍ അതുകൊണ്ടാവും ഈ ശില്പിക്ക് കഴിഞ്ഞത്.
____________________________________ 

ഗോവന്‍ തീരത്തുകൂടിയുള്ള ഒരുയാത്രയില്‍ കണ്ടെടുത്ത് ബറോഡയിലെത്തിച്ച ഒരു കാളയുടെ എല്ലുകള്‍ ചണവും, പേപ്പര്‍ പള്‍പ്പുമൊക്കെയുപയോഗിച്ച് കെട്ടിയുണ്ടാക്കിയ ‘ചട്ടക്കൂട്’ (Armature) വത്സന്റെ രചനകളിലെ ironyയുടെ ഉപയോഗത്തിന്റെ മറ്റൊരു മികച്ച ഉദാഹരമാണ്.ഹെന്റി മൂര്‍ മുതല്‍ അനിതാ ദുബെ വരെയുള്ള ശില്പികളുടെ രചനകളില്‍ എല്ല് ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും വത്സന്റെ രീതി അതില്‍ നിന്നും തികച്ചും ഭിന്നമാണ്. ശില്പികളെ സംബന്ധിച്ചിടത്തോളം Armature ശില്പ നിര്‍മ്മാണ പ്രക്രിയയിലെ ഒരടിസ്ഥാന ഘടകമാണ്. നട്ടെല്ലികളെ സംബന്ധിച്ചിടത്തോളം എല്ല് അവയുടെ രൂപത്തെ നിര്‍ണ്ണയിക്കുന്ന ചട്ടക്കൂടും. ജീവരൂപങ്ങളുടെ നിര്‍മ്മാണത്തെ എടുത്തുകാട്ടിക്കൊണ്ട് അവയിലെ അടിസ്ഥാന ഘടകങ്ങളെ വ്യക്തമാക്കുകയും അവയിലെ നിര്‍മ്മാണ പ്രക്രിയയിലെ ശില്പചാതുരിയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുന്ന ഒരടയാളമായി അങ്ങനെ ഈ ശില്പം മാറുന്നു. അസംസ്‌കൃത വസ്തു, ഭാഷ, രൂപം നിര്‍മ്മാണ പ്രക്രിയ, എന്നിവയിലെല്ലാം മനന പ്രക്രിയയുടെ ഭാഗമാക്കുന്ന ഒരു സങ്കീര്‍ണ്ണമായ രീതി വത്സന്റെ രചനകളിലൂടനീളം കാണാം. ദൃശ്യകലയിലെ ചിന്തയുടെ സവിശേഷമായ രൂപത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ഉള്‍ക്കാഴ്ച പ്രദാനം ചെയ്യുന്ന ഈ ആവിഷ്‌കാര സമ്പ്രദായത്തില്‍ അതുകൊണ്ടുതന്നെ പൂര്‍ത്തിയാക്കിയ രൂപത്തോടൊപ്പമോ അതിലുമേറെയോ പ്രാധാന്യം അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ചിന്താപരവും നിര്‍മ്മാണപരവുമായ പ്രക്രിയകള്‍ക്കുമുണ്ട്.

ആദ്യകാലത്ത് ഏറിയ പങ്കും വെങ്കലത്തില്‍ ശില്പങ്ങള്‍ ചെയ്തിരുന്ന വത്സന്‍, വെങ്കലമെന്ന മാധ്യമത്തിനു കല്പിക്കപ്പെട്ടിട്ടുള്ള പരമ്പരാഗതമായ അധിക മൂല്യത്തെ പ്രശ്‌നവത്കരിച്ചും കാഴ്ചശക്തിയില്ലാത്തവരുടെ കാഴ്ചയെ ഭാവനാത്മകമായി അടയാളപ്പെടുത്തുവാന്‍ ശ്രമിച്ചും നിര്‍മ്മിച്ച ശില്പമാണ് ‘മിത്ത്’ (1994). കയറിനിന്ന് ചവുട്ടി കാല്‍കൊണ്ട് ബ്രെയിലിലെന്നോണം സ്പര്‍ശത്തിലൂടെയറിയാവുന്ന ഒന്നായി ഈ ശില്പത്തെ വിഭാവനം ചെയ്യുവാന്‍ കഴിഞ്ഞതിലൂടെ വെങ്കലത്തിന്റെ ഈ അധിക പദവിയെ ജനാധിപത്യപരമായ ചോദ്യം ചെയ്യലിനു വിധേയമാക്കുവാന്‍ ഈ ശില്പത്തിനു കഴിഞ്ഞു.

ഏതുതരം നിര്‍മ്മാണവസ്തുക്കളേയും ഉള്‍ക്കൊള്ളുന്ന കൂടുതല്‍ അയവുള്ളതും ചിന്താപരമായി സജീവവുമായ ഒരു പ്രക്രിയ വത്സന്റെ കലയില്‍ ഇതോടെ കൂടുതല്‍ തെളിമ നോടി. പനങ്കുലയ്ക്കും, ഓലയ്ക്കും, എല്ലിനും, കയറിനും, കൊട്ടയ്ക്കും, പള്‍പ്പിനും, കരിയിലകള്‍ക്കും, ഘടികാരത്തിന്റെ സ്പ്രിംഗുകള്‍ക്കും, കളിമണ്ണിനും, മണലിനും, നെല്ലിനും, വെട്ടുകല്ലിനും, മാര്‍ബിളിനും, ഗ്രാനൈറ്റിനും, ചെമ്പിനും, വെങ്കലത്തിനും, സ്റ്റീലിനും ഇനിയും കണ്ടെത്തപ്പെടാവുന്ന ഒരു അസംസ്‌കൃത പദാര്‍ത്ഥത്തിനുമെല്ലാം ഒരേ പദവിയോടെ പങ്കെടുക്കാന്‍ കഴിയുന്ന ഒന്നായി ആ ശില്പനിര്‍മ്മാണ പ്രക്രിയ മാറി. ഒരു വസ്തു, അതിനെ ചുറ്റിപ്പറ്റിയുള്ള പ്രാദേശികമോ ഭാഷാപരമോ ആയ വിനിമയങ്ങള്‍, ദാര്‍ശനികമായ ഉള്‍ക്കാഴ്ചകള്‍, സൂക്ഷ്മമായ നര്‍മ്മബോധം തുടങ്ങിയവയെല്ലാം ഈ പുതുഭാവുകത്വത്തില്‍ ഇടം പിടിച്ചു. ചൂണ്ടപ്പനയുടെ ഒരു പൂങ്കുല അല്പം പിന്നിയിട്ട് പനങ്കുലപോലുള്ള മുടിയെന്ന നാട്ടുപ്രയോഗത്തെ അത് ഓര്‍മ്മയിലേക്കു കൊണ്ടുവന്നു. ബറോഡയിലെ ഫൈനാന്‍സ് ഫാക്കല്‍റ്റി ഓഫീസിന്റെ ടെറസ്സില്‍ ചുറ്റുപാടുമുള്ള മരങ്ങളില്‍ നിന്നും വീണുകിടന്നിരുന്ന ഇലകള്‍ ടെറസ്സിലെ ചെറുഭിത്തികള്‍ക്കിടയിലൂടെ കാറ്റുകടന്നുപോകുന്ന വഴികളില്‍ നിന്നും തെളിച്ചുമാറ്റിയിട്ട് അത് കുട്ടികളെ വിളിച്ചുകാട്ടി വിശദീകരിക്കുന്ന, ജീവിതത്തിലെ സൂക്ഷ്മപ്രക്രിയകളിലെമ്പാടും ഭാവനാത്കമായ ഉടച്ചുവാര്‍ക്കലുകള്‍ നടത്താന്‍ ശ്രമം നടത്തുന്ന ഒരു കലാകാരനെ ഇവിടെ കാണാം. തന്റെ രചനകള്‍ ലോകാവസാനം വരേയ്ക്കും നിലനില്ക്കണമെന്ന നിര്‍ബന്ധബുദ്ധിക്കു പകരം അനുവാചകരുടെ മനസ്സുകളില്‍ മാത്രം തുടര്‍ജ്ജീവിതം സാധ്യമാകുന്ന സര്‍ഗ്ഗപ്രക്രിയകള്‍ക്ക് രൂപം നല്കുവാന്‍ കഴിഞ്ഞതാണ് വത്സന്റെ ഒരു സവിശേഷത.ഇത് കലാസൃഷ്ടിയുടെ ഉപഭോഗസാധ്യതയെ പരിമിതപ്പെടുത്തുകയും അതിന്റെ വ്യാവഹാരികമായ സാധ്യതയെ വിപുലപ്പെടുത്തുകയും ചെയ്യുന്നു. ഭക്ഷണം പാകം ചെയ്യുന്ന കാര്യത്തിലുള്‍പ്പെടെ ഈയൊരു സര്‍ഗ്ഗാത്മകത വെച്ചു പുലര്‍ത്തുവാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട് എന്ന് വത്സന്റെ മീന്‍വിരുന്നുകളില്‍ ഒത്തുചേര്‍ന്നിട്ടുളളവര്‍ക്കൊക്കെ അറിയാം.

വൃത്തിയുള്ളതും അവതരണയോഗ്യവും ആയ പൂര്‍ത്തിയായ രചനകളിലല്ല, അതിനു പിന്നിലെ ബൗദ്ധികവും ഉല്പാദനപരവുമായ പ്രക്രിയകളിലാണ് ഊന്നല്‍ എന്നതുകൊണ്ട് വെങ്കലശില്പങ്ങള്‍ വാര്‍ത്തെടുക്കുന്നതുമുതല്‍ ഒരു ചെറിയകെട്ടു കെട്ടുന്നതുവരെയുള്ള കാര്യത്തില്‍ വരേയും ഈ കലാകാരന്‍ ഉടനീളം സന്നിഹിതനാണ്. പലപ്പോഴും പ്രാദേശികമായ അതീതകല്പനകള്‍ അവയിലൊരു അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആ ധാരകളെ മേധാവിത്വ ഭാവനകളുമായി കൂട്ടിയിണക്കുവാനല്ല, മറിച്ച് അവയേയും ഉള്‍ച്ചേര്‍ക്കുന്ന പുതുഭാവനകള്‍ മെനയുവാനാണ് വത്സന്റെ ശ്രമം.

പാരിസ്ഥിതികമായ ഉത്കണ്ഠകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ആ ചിന്താപ്രക്രിയയില്‍ നിര്‍ണ്ണായകമായ പ്രാധാന്യമുണ്ട്. 1996-ല്‍ രചിച്ച ‘Mummified Tree’ പോലെയുള്ള രചനകളിലൂടെ മരിച്ച മനുഷ്യശരീരങ്ങളെ മമ്മികളാക്കി സൂക്ഷിക്കുന്ന പ്രാചീന സമ്പ്രദായങ്ങളെ ഓര്‍മ്മിപ്പിക്കും മട്ടില്‍ മരിച്ച മരങ്ങള്‍ക്ക് ഒരു സ്മാരകം പണിയുവാന്‍ അതുകൊണ്ടാവും ഈ ശില്പിക്ക് കഴിഞ്ഞത്.

Top