യുവനടനുമായുള്ള അഭിമുഖം

ചോ: എന്നിട്ടും ആളുകള്‍ക്ക് നിങ്ങളൊക്കെ ഏതോ വിദൂര ഭൂതകാലത്ത് ജീവക്കുന്നവരാണ് എന്ന അഭിപ്രായമുണ്ടല്ലോ?
ഉ: ആളുകളുടെ അഭിപ്രായങ്ങളെ ഞങ്ങളങ്ങിനെ കണക്കിലെടുക്കാറില്ല. ഞങ്ങള്‍ക്കു വേണ്ട അഭിപ്രായങ്ങള്‍ ഞങ്ങള്‍ നിര്‍മ്മിച്ചെടുക്കാറുമുണ്ട്. പിന്നെ, ചില യാത്രകള്‍ അങ്ങിനെയാണ്. ഭാവികാലത്തെ വിദൂര ഭൂതകാലവുമായി ബന്ധിപ്പിക്കുന്നതിലൂടെ ഞങ്ങള്‍ ചാക്രികമായ ഒരു സമയസങ്കല്‍പത്തില്‍ സ്വയം ഉറപ്പിക്കുന്നു.

ചോ: പുതുതായി അഭിനയരംഗത്തെത്തിയ ഒരാളാണെങ്കിലും താങ്കള്‍ വളരെ വര്‍ഷങ്ങളിലെ നടന പരിചയമുള്ള ഒരാളിന്റെ മികവു കാട്ടുന്നുണ്ട്. അഭിനയരംഗത്തേക്കു വന്നതേക്കുറിച്ച് ഒന്നു വിശദീകരിക്കാമോ?

ഉ: വാസ്തവത്തില്‍ പഴയ നടന്മാരെ അപേക്ഷിച്ച് ഞങ്ങള്‍, വിശേഷിച്ച് ഞാനും എന്റെ തലമുറയും, വളരെയേറെ ഭാഗ്യം ചെയ്തവരാണെന്നുള്ള കാര്യം നിങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ എന്നെ അമ്മ പെറ്റിട്ടതു തന്നെ ഒരു ക്യാമറയുടെ മുന്നിലേക്കാണ്. ഒന്നു കൂടി കൃത്യമായി പറഞ്ഞാല്‍ നിരീക്ഷണ ക്യാമറയുള്‍പ്പെടെ മൂന്നു ക്യാമറകളുണ്ടായിരുന്നു അപ്പോള്‍ ആ മുറിയില്‍. അപ്പോഴത്തെ എന്റെ അഭിനയത്തെക്കുറിച്ച് ആ ഡോക്യുമെന്ററി സംവിധായകനു കാര്യമായ മതിപ്പൊന്നും ഉണ്ടായില്ല എന്നു തോന്നുന്നു. അതു കൊണ്ട് ആ ദൃശ്യം അയാളുടെ ഡോക്യുമെന്ററയില്‍ ഉള്‍പ്പെടുത്തപ്പെട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു നഷ്ടമാണെന്നു പറയാതിരിക്കാനാവില്ല. പിറന്നു വീണ നിമിഷം മുതല്‍ അഭിനയരംഗത്തുണ്ടായിരുന്ന ഒരേയൊരാള്‍ എന്ന വിലപ്പെട്ട ബഹുമതിയാണ് ഇങ്ങനെ എനിക്കു നഷ്ടമായത്. എങ്കിലും ഞാന്‍ ദു:ഖിക്കുന്നില്ല. സര്‍വൈലന്‍സ് (സാറന്മാരുടെ വയലന്‍സാണു സര്‍വൈലന്‍സ് എന്നു കേട്ടിട്ടുണ്ട്, എനിക്കതേക്കുറിച്ച് ആ അഭിപ്രായമില്ല.) ക്യാമറ അതു സാമാന്യം വിശദമായി പകര്‍ത്തിയിട്ടുണ്ട്. ഒരു യുവനടന്‍ എന്ന നിലയില്‍ എനിക്കിപ്പോള്‍ സാമാന്യം മോശമല്ലാത്ത റോളുകള്‍ ലഭിക്കുന്നുണ്ട്. ജനനം മുതല്‍ അഭിനയരംഗത്തുള്ള ഒരാളെന്ന നിലയ്ക്കുള്ള അഭിനയ സമ്പത്ത് ഈ ചെറുപ്രായത്തിലും എനിക്കൊരു മുതല്‍ക്കൂട്ടായി എന്നു പറയേണ്ടതില്ലല്ലോ.

ചോ: ജനനത്തെക്കുറിച്ചു പറഞ്ഞു. കുട്ടിക്കാലത്തെ അനുഭവങ്ങളെക്കുറിച്ചെന്തു തോന്നുന്നു?.

ഉ: കുട്ടിക്കാലം നിറയെ അനുഭവങ്ങളായിരുന്നു. ഒന്നും നഷ്ടപ്പെട്ടു പോകാതെയിരിക്കാനായി ഞാനവ പല നീളമുള്ള ഇരുപതിനായിരത്തോളം വീഡിയോകളിലായി സൂക്ഷിച്ചിട്ടുണ്ട്.

ചോ: അഭിനയിച്ചിട്ടുള്ളതില്‍ ഏറ്റവും അഭിമാനിക്കാവുന്ന ഒരു രംഗം പറയാമോ?

ഉ: തീര്‍ച്ചയായും. ഞാന്‍ ആദ്യമായി അഭിനയിച്ച പ്രസവ സീനിലെ കടന്നു വരവ് ഏതു ജയിംസ് ബോണ്ട് സിനിമയിലെ ആദ്യ രംഗത്തേക്കാളും ആവേശകരം ആണ് എന്നാണെന്റെ അഭിപ്രായം. പിറന്നു വീണ നിമിഷത്തില്‍ തന്നെയാണു ഞാനതു ചെയ്തത് എന്നോര്‍ക്കുമ്പോള്‍ അതിന്റെ മൂല്യം ഇരട്ടിക്കുന്നുണ്ട്.

ചോ: എപ്പോഴും ക്യാമറയുടെ മുന്‍പില്‍ നില്‍ക്കുന്ന ഒരാളെന്ന നിലയിലുള്ള നിങ്ങളുടെ ജീവതത്തെ എങ്ങിനെ വിലയിരുത്തുന്നു?

ഉ: ക്യാമറയ്ക്കു മുന്‍പിലല്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ എനിക്കു തലചുറ്റും. തീര്‍ത്തും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് അറിയാനിടയായാല്‍ ഞാന്‍ ഹൃദയം പൊട്ടി മരിച്ചു പോകാന്‍ ഇടയുണ്ട്.

ചോ: ഫിലാന്ത്രോപ്പിയോടുള്ള താങ്കളുടെ സമീപനമെന്താണ്? ആ നിലയ്ക്കുള്ള ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി കേട്ടിട്ടുണ്ട്.

(അശരീരി: ഹുന്ത്രാപ്പീ ബുസാട്ടോ!!)

ഉ: തീര്‍ച്ചയായും, തീര്‍ച്ചയായും. ഇക്കാര്യത്തിന്റെ വിശദാംശങ്ങള്‍ എന്റെ പബ്ലിസിറ്റി മാനേജറില്‍ നിന്നും ലഭിച്ചേക്കും. ഇത്തരം കാര്യങ്ങളില്‍ എനിക്കുള്ള താല്പര്യം വ്യക്തമാക്കാനായി എടുത്തു കാട്ടാവുന്നത് എന്റെ സാഫ്രണ്‍ കോണ്ടം പദ്ധതിയാണ്. ആദ്യമായാണ് ഗര്‍ഭധാരണം തടസ്സമില്ലാതെ നടക്കാന്‍ സഹായിക്കുന്ന ഒരു പെര്‍ഫറേറ്റഡ് കോണ്ടം ജനങ്ങള്‍ക്കു ലഭിക്കുന്നത്. അതും ആദായ വിലയില്‍!

ചോ: അഭിനയിക്കുമ്പോള്‍ ധാരാളം വസ്ത്രങ്ങള്‍ ഉപയോഗിക്കേണ്ടതായി വരുന്നുണ്ടല്ലോ. ഇവയൊക്കെ പിന്നീടെന്തു ചെയ്യും?

ഉ: ഞങ്ങള്‍ മൂന്നു തുണിക്കടകള്‍ നടത്തുന്നതായി നിങ്ങള്‍ കേട്ടിട്ടുണ്ടാവുമല്ലോ. ഞാന്‍ ഒരു തവണ ഇട്ട വസ്ത്രങ്ങള്‍ നനച്ചു തേച്ച് ഫാന്‍സിനു നല്‍കാനുള്ള ഔട്ട്‌ലെറ്റുകളായാണ് ഓരോ കടയും വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. അടുത്തിടെ ഒരു പെണ്‍കുട്ടി ഞാനിട്ട ഷര്‍ട്ട് ധരിക്കാന്‍ കഴിഞ്ഞതിലുള്ള പുളകം രേഖപ്പെടുത്തിയെഴുതിയ കത്ത് എറണാകുളത്തെ ഞങ്ങളുടെ ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ചോ: ഇപ്പോഴുള്ള സിനിമകളെ എങ്ങിനെ വിലയിരുത്തുന്നു?

ഉ: ഇന്ദ്രപ്രസ്ഥത്തില്‍ മുന്‍പ് സിനിമകള്‍ കാട്ടിയിരുന്നതായി കേട്ടിട്ടുണ്ടെങ്കിലും സിനമാക്കാര്‍ പൊതുവെ ഭാവിയില്‍ ജീവിക്കുന്നവരാണ് എന്നാണെന്റെ അഭിപ്രായം. ഇന്നു ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങളാണ് കുറച്ചുകാലം കഴിഞ്ഞ് നിങ്ങള്‍ കാണുന്നത്. നിങ്ങളവിടെ എത്തുമ്പോഴേക്കും ഞങ്ങള്‍ എത്രയോ ദൂരം പോയിട്ടുണ്ടാവും.

ചോ: എന്നിട്ടും ആളുകള്‍ക്ക് നിങ്ങളൊക്കെ ഏതോ വിദൂര ഭൂതകാലത്ത് ജീവക്കുന്നവരാണ് എന്ന അഭിപ്രായമുണ്ടല്ലോ?

ഉ: ആളുകളുടെ അഭിപ്രായങ്ങളെ ഞങ്ങളങ്ങിനെ കണക്കിലെടുക്കാറില്ല. ഞങ്ങള്‍ക്കു വേണ്ട അഭിപ്രായങ്ങള്‍ ഞങ്ങള്‍ നിര്‍മ്മിച്ചെടുക്കാറുമുണ്ട്. പിന്നെ, ചില യാത്രകള്‍ അങ്ങിനെയാണ്. ഭാവികാലത്തെ വിദൂര ഭൂതകാലവുമായി ബന്ധിപ്പിക്കുന്നതിലൂടെ ഞങ്ങള്‍ ചാക്രികമായ ഒരു സമയസങ്കല്‍പത്തില്‍ സ്വയം ഉറപ്പിക്കുന്നു.

ചോ: നിരന്തരമായി ക്യാമറയ്ക്കു മുന്‍പിലായതു കൊണ്ടുള്ള നേട്ടമെന്താണ്?

ഉ: എന്റെ വീഡിയോകളെല്ലാം മുഴുവനായി കണ്ടിട്ടുള്ള ആരുമില്ല. മികച്ച അനേകം ഗവേഷകര്‍ക്ക് ജീവിതകാലം മുഴുവന്‍ ഗവേഷണം ചെയ്യുവാനുള്ള വക അവയിലുണ്ട്. പഠിതാക്കളെ സംബന്ധിച്ച് ഇത് വലിയ ഒരു അനുഗ്രഹം ആയിരിക്കും.

ചോ: അഭിമുഖത്തിന് നന്ദി!

ഉ: ഈ ഉപയോഗത്തിന് ഞാന്‍ മറ്റു ചില മൃഗങ്ങളെയാണ് ഉപയോഗിക്കാറ്. ഏതായാലും വിട!
_____________________________
കാര്‍ട്ടൂണ്‍ കടപ്പാട്: Gallery:Cartoons 

Top