അടിക്കാടുകളില്‍ നിന്ന് ഒരശരീരി

രണ്ടായിരത്തിരണ്ട് ഫെബ്രുവരിയിൽ നടന്ന ഗുജറാത്ത് വംശഹത്യ കഥയിലും ഡോക്യുമെന്ററികളിലും പെയിന്റിംഗുകളിലും വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. പതിനാറുവർഷം മുമ്പ് വംശഹത്യയുടെ ദിനങ്ങളൊന്നിൽ ഗുജറാത്തിലെ ബറോഡ എം. എസ്. സർവകലാശാലയിൽ ഗവേഷകനായിരുന്ന ബിനോയ് പി ജെ എഴുതിയ കഥയാണിത്.

മുയലുകളെ വെടിവെക്കാന്‍ പോകുന്നു. (നിയമമോ? ഇതെന്‍റ സ്വകാര്യവനം.) ഇവിടുത്തെ മുയലുകള്‍ ഞാന്‍ ഇലയും കിഴങ്ങും കൊടുത്തു വളര്‍ത്തിയവ) ചാരനിറത്തിലുള്ള ഒരെണ്ണം ഇതാ അടിക്കാടുകളില്‍ നിന്ന് നായാട്ടു നായുടെ സാമീപ്യമറിഞ്ഞു പിടഞ്ഞോടുന്നു. ഒരു വടാല്‍ ചുവട്ടില്‍ നിന്നും (അങ്ങനെയൊരു സസ്യമില്ലെന്നോ? ഇതെന്‍റെ സ്വകാര്യവനം. ഇവിടുത്തെ ചെടുകള്‍ക്കും മരങ്ങള്‍ക്കും പേരിടുന്നതു ഞാന്‍.) ഇതു പെട്ടെന്നു മുന്‍പിലേക്കു കുതിച്ചുചാടി ഓടുന്നു. ഞാന്‍ തോക്ക് ഉന്നം പിടിക്കുന്നു. ചുവപ്പുനിറമുള്ള, കാന്തികശക്തിയുള്ള അതിന്‍റെ കണ്ണുകള്‍. വെടിവച്ചാല്‍ അതിന്‍റെ മാംസം ചിതറിപ്പോവില്ലേ എന്നോ? അതേ; ഇത്ര അടുത്തുനിന്നു വെടിവച്ചാല്‍. അതുതന്നെയാണു വേണ്ടത്. മാംസമോ?അതെന്തിനാ? ഞാന്‍ മാംസം കഴിക്കാറില്ല. അതു നിഷിദ്ധമാണ്. എത്ര ഓമനത്തമുള്ള മുയലുകള്‍. ഒരു മൃഗയാവിനോദത്തിനല്ലെങ്കില്‍ ഞാനവയെ തൊടാന്‍ മടിക്കും. പക്ഷേ, ഇപ്പോള്‍ ഇതാ തോക്കുകൊണ്ട് ഉന്നംപിടിക്കുന്നു. ഒരു കൂചല്‍ ചെടിയുടെ വേരുകള്‍ക്കിടയിലടെ മുള്ളുകള്‍ നിറഞ്ഞ സകാര്‍ പൊന്തയ്ക്കടിയിലേക്ക് അതു നുഴഞ്ഞുകയറി ഇരിക്കുന്നു. എന്‍റെ നായകള്‍- അവ ഇരുപത്തിനാല് എണ്ണമുണ്ട്. ഈ കാട്ടില്‍, അവയുടെ പിടിയില്‍ നിന്നും ഒരു മുയലിനും രക്ഷപ്പെടാനാവില്ല. ഒന്നാമത് കൂട്ടില്‍ വളര്‍ന്ന ഈ മുയലുകള്‍ക്ക് കാട്ടിലൂടെ ഓടനറിഞ്ഞുകൂടാ. എന്‍റെ വേട്ടപ്പട്ടികള്‍ എത്രയോ കാലത്തെ വിദഗ്ധ പരിശീലനം ലഭിച്ചവ. അവ ഏതു പൊന്തപ്പടര്‍പ്പില്‍ നിന്നും ഒളിച്ചിരിക്കുന്ന മുയലുകളെ പായിക്കുന്നു. ഈ മുയലുകള്‍- ഇവയുടെ ക്രൗര്യത്തെക്കുറിച്ചു പറയാതിരുന്നുകൂടാ. (ഇതെന്‍റെ മുയല്‍. ഇതിന്‍റെ സ്വഭാവമെന്തെന്നു നിങ്ങളെങ്ങളെ അറിയും?) ആ കാരിഷ് ചെടി നോക്കൂ. അതിന്‍റെ ഇളം ഇലകളും തണ്ടും മുഴുവന്‍ തിന്നുമുടിച്ചതാര്? ഈ ഭീകരന്മാര്‍ തന്നെ. നമ്മളവര്‍ക്കു തഴച്ചുവളരാനുള്ള സാഹചര്യങ്ങള്‍ നല്കുന്നു. അവര്‍ നമ്മുടെ സ്വകാര്യവനത്തെ, അടിക്കാടുകളെ മുഴുവന്‍ വെട്ടി തുണ്ടം തുണ്ടമാക്കുന്നു. നമുക്കു തോക്കെടുക്കുകല്ലാതെ മറ്റെന്തു വഴി?പത്തടി അകലത്തുനിന്ന് ഒരൊറ്റ വെടി. ചാരനിറമുള്ള അതു മുകളിലേക്കൊന്നു കുതിച്ചു ചാടുന്നു. വെടിയുണ്ട അതിന്‍റെ ശിരസ്സു പിളര്‍ക്കുന്നു. തെച്ചിപ്പൊന്തയില്‍ എമ്പാടും ചോരയും മാംസവും തെറിച്ചുവീഴുന്നു. അതിന്‍റെ ചിതറാത്ത വലതുകണ്ണും. അതു നമ്മെ നോക്കി ക്രൂരമാം വിധം പരിഹസിച്ചു ചിരിക്കുന്നു. എന്‍റെ ചോര കുടിച്ചിട്ടാണ് ആ കണ്ണ് ഈ നിറമായത്. ഞാന്‍ വീണ്ടും തിര നിറയ്ക്കുന്നു. സകാര്‍ പൊന്തയില്‍ തൂങ്ങിക്കിടക്കുന്ന അതിന്‍റെ നീളന്‍ ചെവിയില്‍ ഇരുപതടി ദൂരത്തുനിന്നും ഒരു ദ്വാരമിടുന്നു.

എന്‍റെ വേട്ടപ്പട്ടികള്‍, ഓ, അവയെ ഞാന്‍ ഇനി കുരങ്ങുകള്‍ എന്നേ വിളിക്കുകയുള്ളൂ. എന്‍റെ കുരങ്ങന്മാര്‍- തവിട്ടുനിറമുള്ള മറ്റൊരു മുയലിനെ മണത്തു പുറത്തു ചാടിക്കുന്നു. ഞാന്‍ താടി ചൊറിയുന്നു. തവിട്ടും വെള്ളയും കലര്‍ന്ന നിറമുള്ള ഈ മുയലുകളെ ഞാന്‍ വെറുക്കുന്നു. അവ നീണ്ട ഭൂഗര്‍ഭ പാതകള്‍ തീര്‍ത്ത് എന്‍റെ അയല്‍വാസിയുടെ പുരയിടവുമായി ബന്ധം സ്ഥാപിക്കുന്നു. അയാളുടെ മൂന്നു വയസ്സുള്ള കുട്ടിയോടൊപ്പം കളികളിലേര്‍പ്പെടുന്നു. ഈ നിഗൂഢമായ ബന്ധത്തിന്‍റെ പേരില്‍ ഞാനവയെ ചാരമുയലുകള്‍ എന്നു വിളിക്കുന്നു. നിങ്ങളുടെ സംശയം ഇനിയും തീര്‍ന്നില്ല, അല്ലേ? ഓര്‍ത്തുകൊള്ളുക. ചാരമുയലുകളും ‘ചാര’മുയലുകളും ഉണ്ട്. ഇത് എന്‍റെ കാട്. ഇവിടുത്തെ മുയലുകള്‍ക്കു തീറ്റകൊടുക്കുന്നതും പേരിടുന്നതും ഞാന്‍. അവയെ കൊല്ലാനുള്ള അവകാശവും എനിക്കുതന്നെ.

ഒരു കുരങ്ങന്‍ ആ ഉണങ്ങിയ പൊന്തയ്ക്കു തീയിടുന്നു. പെട്രോള്‍ ഒഴിച്ച ശേഷം അവിടേക്കു ടെലിഫോണ്‍ ബീഡിയുടെ ഒരു കുറ്റി എറിയുന്നു. ആ കുരങ്ങന്‍റെ -അതൊരു പട്ടിയാണെന്നു മറക്കേണ്ട- വാലില്‍ തീപിടിക്കുന്നു. അതു വെള്ളം തേടി പായുന്നു. ഉണക്ക മരങ്ങളെല്ലാം ജലനിബിഡങ്ങളായ ചതുപ്പുകള്‍ ആണെന്ന് അവനു വിഭ്രമമുണ്ടാകുന്നു. കുരങ്ങന്‍റെ സ്ഥലജല ഭ്രാന്തിയില്‍ എന്‍റെ അട്ടഹാസം കൂടിക്കലരുന്നു. ഒരു ചത്ത മുയലിനെ മാറത്തടക്കിക്കൊണ്ട് വാലിനു തീടിപിച്ച കുരങ്ങന്‍ ഇരുന്നു സംസാരിച്ചു കൊണ്ടേയിരിക്കുന്നു. തെച്ചിപ്പൊന്തയിലെ ചുവന്ന മുയല്‍ക്കണ്ണില്‍ നിന്നാണ് എന്‍റെ കുരങ്ങന് ഈ ചെങ്കണ്ണു പകര്‍ന്നു കിട്ടിയത്.

ഞാന്‍ ഈ കാട്ടിലെ ഒരേയൊരു മനുഷ്യന്‍. വാലിനു തീപിടിക്കാത്ത കുരങ്ങന്‍. ഇപ്പോള്‍ ഞാന്‍ അരക്കില്ലങ്ങള്‍ പണിയുന്ന തിരക്കിലാണ്. കഥ തീരും മുന്‍പ് കുരങ്ങുകളെ അതില്‍ ചുട്ടെടുക്കണം. ഒരു കുരങ്ങിന്‍റെ തലച്ചോറ് കോരിയെടുത്തു തിന്നാന്‍-ക്ഷമിക്കണം; ഞാന്‍ ഇറച്ചി കഴിക്കാറില്ല എന്നല്ലേ പറഞ്ഞത്. കുരങ്ങുകള്‍ സസ്യങ്ങളാണ്. മെന്‍ഡലിന്‍റെ പുരാണപ്രകാരം അവയില്‍നിന്നൂര്‍ന്നുവീണാണ് എന്‍റെ വാല്‍ മുറിഞ്ഞുപോയത്. ഞാനിപ്പോള്‍ അതൊരു ക്രോസ്ബെല്‍റ്റായി ധരിക്കുന്നു. ഒരു വേട്ടക്കാരനു ക്രോസ്ബെല്‍റ്റ് കൂടാതെ പറ്റുമോ?

വന്നുവന്ന് ഒരു മുയല്‍വേട്ടക്കാരനായാരംഭിച്ച ഞാന്‍ കുരങ്ങുകളിക്കാരനായി മാറുകയാണോ?  നിറയെ കുരങ്ങുകള്‍ വിളഞ്ഞുകിടക്കുന്ന ഒരു മരത്തില്‍ ഞാന്‍ പൊത്തിപ്പിടിച്ചു കയറുന്നു. ഇപ്പോള്‍ എനിക്കും വാലുണ്ട്. വാല്‍-എത്ര സുന്ദരമനോഹരമായ പേര്‍. ഞാനൊരു വള്ളിയാകുന്നു. അലര്‍മേല വള്ളിയല്ല. മലര്‍മേലള്ളിപ്പിചിട്ടു കയറുന്നു. കുരങ്ങ് മരത്തിലെ കല്യാണസൗഗന്ധികപ്പൂവുകള്‍. നീ കുരങ്ങ്. നീ പട്ടി. നീ മുയല്‍. നീ മരം. ഞാന്‍ തോക്കിന്‍റെ നോക്കുപാടിലൂടെ നിന്‍റെ തല ഉന്നംപിടിക്കുന്നു. എന്നിട്ട് നിന്നെ അല്പമൊന്നോടാന്‍ അനുവദിക്കുന്നു. നീ പേടിച്ചു പായുന്നതെന്തിന്? വാലിനു തീപിടിച്ച എന്‍റെ കുരങ്ങന്മാര്‍ മരച്ചില്ലകളിലാടിക്കളിച്ച് ആകാശത്തിനു തീവെക്കുന്നതു കാണുന്നില്ലേ? സൂര്യന്‍ അതാ കത്തിയെരിയുകയാണ്. തീ വിളയുന്ന ഉണക്ക മരങ്ങള്‍. അവയുടെ പൊത്തുകളില്‍ കൂടുവെച്ചു പാര്‍ത്തിരുന്ന പച്ചക്കിളികള്‍ക്കു തീപിടിക്കുന്നു. കുറുകുറു എന്നു കുറുകിക്കൊണ്ട് അവ പിടഞ്ഞുവീഴുന്നു.

മുയലുകള്‍ കുരങ്ങന്മാരാകുന്നു. വേട്ടപ്പട്ടികള്‍ക്കു നീളന്‍ ചെവി പൊന്തുന്നു. ഞാന്‍ വനം ദഹിപ്പിക്കുന്നു. “അരുത് ശിക്കാരീ, അരുത്”- നിങ്ങളിപ്പോഴും അതുതന്നെ പറയുന്നു. എന്‍റെ ലക്ഷ്യം ഈ കാടിനെ നന്ദനോദ്യാനമാക്കുകയാണ്. കുരങ്ങന്മാര്‍, അണ്ണാന്മാര്‍, കരടികള്‍ എല്ലാം എന്‍റെ അനുയായികള്‍ പട്ടികളാണ്. പട്ടികള്‍ അണ്ണന്മാരും. വാലിനു തീപിടിച്ച കുരങ്ങന്മാര്‍ വാല് ക്രോസ്ബെല്‍റ്റാക്കിയ വേട്ടക്കാരന്‍. പക്ഷേ, കുരങ്ങന്മാര്‍ തവിട്ടുനിറമുള്ള ചാരമുയലിനെ ഉന്നം പിടിക്കുന്നു.

മുയലിന്‍റെ നനുത്ത കാല്‍ ഓടിമറയുന്നു. വാല്‍ അപകടം അടയാളപ്പെടുന്നു. വാല്‍ കൊടിയാവുന്നു. അടിക്കാടുകളിലേക്കു നായ്ക്കള്‍ പാഞ്ഞുകയറുകയാണ്. മുയലുകള്‍ ചിതറി ഓടുന്നു. പല്ലികള്‍, ഓന്തുകള്‍, അരണകള്‍, അവ വലുതായി വളരുന്നു. രക്തം കുടിക്കുന്നു. അരണകള്‍ അവയുടെ ദൂരദര്‍ശനിക്കണ്ണുകള്‍ അടിക്കാടുകള്‍ ഒപ്പിയെടുക്കുന്നു. മുയലുകളുടെ കാല്‍ച്ചുവട്ടില്‍നിന്നുള്ള ക്ലോസപ്പുകള്‍.

കുരങ്ങന്മാര്‍ എരിച്ച തീയിലിരുന്ന് അണ്ണാന്മാര്‍ ചിലയ്ക്കുന്നു. മരച്ചില്ലകള്‍ക്കിടയില്‍ ട്രിപ്പീസ് കളിക്കുന്ന പട്ടികള്‍- ഓ കുരങ്ങന്മാര്‍, പട്ടികള്‍. ഞാന്‍ ഒരു തവിട്ടു ചാരമുയലിന്‍റെ നെഞ്ചു ലാക്കാക്കി വെടി പൊട്ടിക്കുന്നു. ഇതെന്‍റെ തോക്ക്. എന്‍റെ ലാക്ക്. തീയുണ്ടകള്‍ എയ്തുവിടുന്നു. ഞാന്‍ വെള്ളക്കാരന്‍. എന്‍റെ തൊപ്പിക്കടിയില്‍ കാപ്പിരികള്‍ വിളയില്ല. നിന്‍റെ കസേരയില്‍ എന്‍റെ ചെരിപ്പ്. കുരങ്ങുകള്‍ അന്യോന്യം നിറങ്ങളെയ്തുവിടുന്നു. ഞാന്‍ കുരങ്ങുകളുടെ മാസ്റ്റര്‍പ്ലാന്‍, സൂപ്പര്‍ കമ്പ്യൂട്ടര്‍. നിന്‍റെ എരിയുന്ന വാലില്‍ എനിക്കുള്ള കൈത്തിരി. അതെനിക്കു പിള്ളകളി. എന്‍റെ വേട്ടനായ്ക്കള്‍ മണംപിടിക്കുന്നവ. മുയലുകളുള്ള ഓരോ പോതും അവയ്ക്കു കാണാപ്പാഠം. നനവുള്ള മൂക്കുകൊണ്ടു കാടിളക്കുന്നു. കത്തുന്ന വാലുകൊണ്ടു പൂരമെരിക്കുന്നു.

ബിനോയ്‌ പി ജെ

കാട്ടിലെ തീ അണയ്ക്കാന്‍ ഞാന്‍ പെട്രോള്‍ ടാങ്കറുകള്‍ വിടുന്നു. അടിക്കാടുകളില്‍ കത്തിവീണ കിളികളെയും മുയലുകളെയും സഞ്ചിയില്‍ പെറുക്കിയിട്ട് എന്‍റെ കുരങ്ങന്മാര്‍ പായുന്നു. പട്ടികള്‍ അവയുടെ പൊള്ളിയ പൃഷ്ഠങ്ങള്‍ തണുപ്പിക്കാന്‍ വെഞ്ചാമരങ്ങള്‍ വീശുന്നു. ഫയര്‍ എന്‍ജിനുകള്‍ വരുന്നു. സ്വന്തം വാല്‍കൊണ്ടു പൊള്ളിയ ചന്തികള്‍. ഞാനവയില്‍ കോഴി നെയ്യ് പുരട്ടുന്നു. താടിയില്‍ കരടിനെയ്യ് പുരട്ടുന്നു. കരിങ്കുരങ്ങ് രസായനം പകര്‍ന്നുകൊടുക്കുന്നു. മയിലെണ്ണ പുരട്ടി തടകുന്നു.

മുയലുകളെ വേട്ടയാടുവാന്‍ പോകുന്നു. കാക്കി നിക്കറിടുന്നു. പെന്‍ഡുലം കണക്കാടുന്ന കീഴ്നാവിനെ തോക്കിന്‍കുഴലാക്കുന്നു. മുയലുകളുടെ ആസനത്തിലേക്കു വെടിപൊട്ടിക്കുന്നു. കുടയെടുക്കുന്നു. വടിയെടുക്കുന്നു. മണം പിടിക്കുന്നു. ഒരു ചേര ഓടി മറയുന്നു. വടാലിന്‍റെ ചുവട്ടില്‍ അരണയിരിക്കുന്നു. അരണ രക്തം കുടിക്കുന്നു. ഞാന്‍ അരണയുടെ കണ്ണാണ്. എനിക്കു നിന്‍റെ ചോര വേണം. ഞാന്‍ ഉന്നംവെക്കുന്നതു നിന്‍റെ മുയല്‍ച്ചെവി. എന്‍റെ ചലനങ്ങള്‍ പിടിച്ചെടുക്കുന്ന നിന്‍റെ റഡാര്‍ച്ചെവി. നിന്‍റെ മൂക്ക്. എന്നെ മണത്തറിയുന്ന നിന്‍റെ ഗ്രന്ഥികള്‍. ഇതെന്‍റെ കാട്. നിന്നെത്തേടി വരുന്നത് എന്‍റെ വേട്ടനായ്ക്കള്‍. ഞാന്‍ മാറ്റമില്ലാത്തവന്‍. വേട്ടക്കാരന്‍. തവിട്ടുമുയലിന്‍റെ ചിതറിത്തെറിച്ച ഉടലില്‍ കൈവെച്ചിട്ട് എന്‍റെ തോക്കിന്‍കുഴല്‍ക്കണ്ണുകള്‍ കരയുന്നു. കണ്ണുനീര്‍ ആവിയായുയരുന്നു.

മുയലുകളുടെ ക്രൂരതയില്ലായിരുന്നുവെങ്കില്‍, കുറുനരികളെങ്ങനെ അവയെ എറിഞ്ഞുവീഴ്ത്തും? വെടിയുണ്ടകളെങ്ങനെ അവയെ നക്കിത്തിന്നും? കുരങ്ങന്മാരെങ്ങനെ അവയെ പെറുക്കിയെടുക്കും? മുയലുകളുടെ ക്രൂരത ഒരു മൃഗയാവിനോദത്തിലെ ആദ്യത്തെ ഇനമാണ്.വെടിയുണ്ടകളില്‍ പേരുകള്‍ കൊത്തുവാന്‍ അതു വേട്ടക്കാരനെ അനുവദിക്കുന്നു. വേട്ടക്കാരന്‍ എപ്പോഴും നിര്‍ദോഷിയാണെന്നോര്‍ക്കുക. അയാള്‍ക്കു രഹസ്യമായി കുരങ്ങുകളുടെ മാംസം ഇഷ്ടമാണെന്ന്, തലച്ചോറ് ഇഷ്ടമാണെന്ന്, തുടകള്‍ ഇഷ്ടമാണെന്ന് ആരാണു പറഞ്ഞത്? അടിക്കാടുകളില്‍ നിന്നും അങ്ങനെ ഒരശരീരി ഉയര്‍ന്നിരുന്നുവോ? മുയലുകളെ വേട്ടനായ്ക്കളില്‍ നിന്നും വേട്ടനായ്ക്കളെ കുരങ്ങുകളില്‍ നിന്നും കുരങ്ങുകളെ തൊപ്പിക്കാരനില്‍ നിന്നും വേര്‍തിരിക്കുന്ന ഒരഭ്യൂഹം.

ഞാനെങ്ങനെ, സുന്ദരചര്‍മ്മമുള്ള ഈ പുള്ളിപ്പുലി, ഈ വരയന്‍ കടുവ, ഈ താടിക്കാരന്‍ സിംഹം ആയി എന്നാണോ ? ഓര്‍ക്കുക. ഇതെന്‍റെ കാടാണ്. ഇവിടെ ഞാന്‍ സിംഹം. ഞാന്‍ പുലി, ഞാന്‍ വേട്ടക്കാരന്‍, മാനുകളെ വേട്ടയാടിപ്പിക്കും. നിന്‍റെ മായാമൃഗങ്ങളെ, മുയലുകളെ, ചാരമുയലുകള്‍ എന്‍റെ ഭക്ഷണമാണ്. ആദ്യം ഞാനവയെ ഭക്ഷണം കൊടുത്തിട്ട് തടിപ്പിക്കുന്നു. അവയുടെ ക്രൂരതയെക്കുറിച്ചു കഥകളുണ്ടാക്കുന്നു. തവിട്ടുമുയലുകളെ ചാരമുയലുകളാക്കുന്നു. ഈ കഥകളില്ലായിരുന്നുവെങ്കില്‍ ഒരു വേട്ടയെ എങ്ങനെ സ്വീകരിക്കാനാകും? പറഞ്ഞല്ലോ, ഞാന്‍ മുയലിറച്ചി തിന്നാറില്ല. ഇതെനിക്ക് ഒരു വിനോദം മാത്രം. നാല്പതു മുയലുകളെ വെടിവച്ചിട്ട് ഞാന്‍ നായാട്ടു നിറുത്തുന്നു.

ഇനി വേട്ടക്കാരന്‍റെ പതിവു ഫോട്ടോ. മുന്നില്‍ നിലത്തു വെടിയേറ്റ ഒരു മുയല്‍. അതിന് ഇരുപാടുമായി മൂന്നുവീതം നായകള്‍ (കുരങ്ങന്മാര്‍) ഇവയില്‍ അഞ്ചെണ്ണം പിന്‍കാലുകള്‍ മടക്കി. മുന്‍കാലുകള്‍ നേരെയാക്കി തല കാമറയ്ക്കു നേരെയാക്കി ഇരിക്കുന്ന പോസിലാണ്. വലത്തേയറ്റത്തെ നായമാത്രം പുറംതിരിഞ്ഞ് വലതുകാലുയര്‍ത്തി മൂത്രമൊഴിച്ചുകൊണ്ടു നില്ക്കുന്നു. രണ്ടാം നിരയില്‍ എട്ടു നായകള്‍ പിന്‍കാല്‍ മടക്കി മുന്‍കാലുകള്‍ നിവര്‍ത്തി ഇരിക്കുന്നു. അവയില്‍ നാലെണ്ണത്തിന്‍റെ മുഖം കാമറയുടെ നേര്‍ക്കും രണ്ടെണ്ണത്തിന്‍റേതു മുയലിന്‍റെ നേര്‍ക്കും ഇടത്തേയറ്റത്തിന്‍റേത് പിന്‍നിരയില്‍ മധ്യത്തിലായി നില്ക്കുന്ന വേട്ടക്കാരന്‍റെ നേര്‍ക്കും. വലതു വശത്തുനിന്നു രണ്ടാമത്തേതിന്‍റെ മുഖം ക്ലിക്ക് ചെയ്തപ്പോള്‍ അല്പം ഇളകുകയാല്‍ ചലിക്കുന്ന രൂപത്തിലും കാണപ്പെടുന്നു. മൂന്നാം നിരയില്‍ ഞാനും പത്തു നായ്ക്കളും. ഒരു വശത്ത് ആറ്. മറുവശത്ത് നാല് എന്നിങ്ങനെ. അവയില്‍ എന്‍റെ ഇടതുവശത്തുള്ള രണ്ടു നായ്ക്കള്‍ വലതുചെവിയുയര്‍ത്തി മണം പിടിച്ചും വലതുവശത്ത് മൂന്നാമത്തെ നായ അന്തരീക്ഷത്തില്‍ മൂക്കുയര്‍ത്തി മണം പിടിച്ചും ഇരിക്കുന്നു. എന്‍റെ തോക്ക് വലതുകൈയില്‍ മുയലിനു നേരെ ചൂണ്ടിയ മട്ടില്‍. അതേ, മുയല്‍രാക്ഷസനെ വെടിവച്ച വേട്ടക്കാരന്‍റെ ഫോട്ടോഗ്രാഫ്. എന്‍റെ സ്വകാര്യ വനത്തിന്‍റെ ഹരിതഭംഗിയില്‍ ആരാണതു ക്ലിക്ക് ചെയ്തത്.

Top