തെരഞ്ഞെടുപ്പ് ഫലവും സാമൂഹിക ജനാധിപത്യത്തിന്റെ ഭാവിയും

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അതിദാരുണമായ പതനവും, വടക്കേ ഇന്ത്യന്‍ ഹൃദയ ഭൂമിയിലെ പ്രാദേശിക കക്ഷികളുടെ തകര്‍ച്ചയും, ബി.ജെ.പി. കൈവരിച്ച ഏകപക്ഷീയമെന്നു വിളിക്കാവുന്ന മുന്‍ കൈയ്യും ദേശീയ രാഷ്ട്രീയത്തില്‍ കടുത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബി.ജെ.പി. ഒഴികെയുള്ള മിക്കവാറും എല്ലാ പാര്‍ട്ടികളും ഈ സമ്മര്‍ദ്ദത്തില്‍ പെട്ടുഴലുന്ന കാഴ്ചയാണ് നാം കാണുന്നത്. സോണിയ-രാഹുല്‍ രാജിസന്നദ്ധത, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജി, അഖിലേഷ് യാദവിന്റെ മന്ത്രിസഭാപുനഃസംഘടന മായാവതിയുടെ പാര്‍ട്ടി കമ്മിറ്റികളുടെ പിരിച്ചുവിടല്‍, കെജ്‌രിവാളിന്റെ പരസ്യമാപ്പ് തുടങ്ങിയ നടപടികളെല്ലാം ഈ സമ്മര്‍ദ്ദത്തിന്റെ ഫലമാണ്.

പൊതു തെരഞ്ഞെടുപ്പ് ഫലവും അതെ തുടര്‍ന്നുണ്ടായ ദേശീയരാഷ്ട്രീയ സംഭവ വികാസങ്ങളും സവിശേഷ പരിഗണനയര്‍ഹിക്കുന്ന അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കുകയെന്നത് ഇന്ത്യയില്‍ അപൂര്‍വ്വമല്ലെങ്കിലും, ബി.ജെ.പി. ക്ക് ലഭിച്ച കേവല ഭൂരിപക്ഷം ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ കക്ഷികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുക തന്നെ ചെയ്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അതിദാരുണമായ പതനവും, വടക്കേ ഇന്ത്യന്‍ ഹൃദയ ഭൂമിയിലെ പ്രാദേശിക കക്ഷികളുടെ തകര്‍ച്ചയും, ബി.ജെ.പി. കൈവരിച്ച ഏകപക്ഷീയമെന്നു വിളിക്കാവുന്ന മുന്‍ കൈയ്യും ദേശീയ രാഷ്ട്രീയത്തില്‍ കടുത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബി.ജെ.പി. ഒഴികെയുള്ള മിക്കവാറും എല്ലാ പാര്‍ട്ടികളും ഈ സമ്മര്‍ദ്ദത്തില്‍ പെട്ടുഴലുന്ന കാഴ്ചയാണ് നാം കാണുന്നത്. സോണിയ-രാഹുല്‍ രാജിസന്നദ്ധത, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജി, അഖിലേഷ് യാദവിന്റെ മന്ത്രിസഭാപുനഃസംഘടന മായാവതിയുടെ പാര്‍ട്ടി കമ്മിറ്റികളുടെ പിരിച്ചുവിടല്‍, കെജ്‌രിവാളിന്റെ പരസ്യമാപ്പ് തുടങ്ങിയ നടപടികളെല്ലാം ഈ സമ്മര്‍ദ്ദത്തിന്റെ ഫലമാണ്.
ഇതിന് മുന്‍പ് നെഹ്‌റുവിന്റെയും, രാജീവ് ഗാന്ധിയുടെയും കാലത്ത് സമാനമായ വിജയങ്ങള്‍ കോണ്‍ഗ്രസ്സിനുണ്ടായിട്ടുണ്ടെങ്കിലും അപ്പോഴൊന്നും ഇതുപോലൊരു രാഷ്ട്രീയാന്തരീക്ഷം രൂപപ്പെട്ടിരുന്നില്ല. അപ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ചോദ്യം നരേന്ദ്രമോദി നയിക്കുന്ന ബി.ജെ.പി യുടെ വിജയം ദേശീയ രാഷ്ട്രീയത്തില്‍ സമ്മര്‍ദ്ദമായിത്തീരുന്നതെന്തുകൊണ്ടാണ് എന്നതാണ്. നരേന്ദ്രമോഡിയാണ് ഈ വിജയത്തിന്റെ ശില്പി എന്ന കാര്യത്തില്‍ ബി.ജെ.പി ക്ക് തര്‍ക്കമൊന്നുമില്ല. നരേന്ദ്രമോദിയുടെ നേതൃപാടവവും, അദ്ദേഹം അഞ്ചാം വയസ്സില്‍ ആരംഭിച്ച രാഷ്ട്രീയ പ്രവര്‍ത്തനവും, ആത്മീയാന്വേഷണത്തിന്റെ ഭാഗമായുള്ള നിഗൂഡമായ തിരോധാനവും തിരിച്ചുവരവും, സന്യാസജീവിതവുമെല്ലാം നിറം പിടിപ്പിച്ച കഥകളാക്കി പ്രാദേശിക-ദേശീയ മാധ്യമങ്ങള്‍ ആഘോഷിക്കുമ്പോള്‍ മോദി ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി മാത്രമല്ല, ഇന്ത്യയെ രക്ഷിക്കാന്‍ കാലം കണ്ടെടുത്ത രക്ഷകനായാണ് മാറുന്നത്. ഇത്തരം നിര്‍മ്മിതമായ പ്രതീതികള്‍ക്കകത്ത് യാഥാര്‍ത്ഥ്യബോധം നഷ്ടപ്പെട്ട ഒരു ആള്‍ക്കൂട്ടമായി നമ്മുടെ സമൂഹം മാറിക്കൊണ്ടിരിക്കുന്നു എന്നത് വളരെ ഗൗരവമായ പരിഗണനയര്‍ഹിക്കുന്നുണ്ട്.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. നേടിയത് തെരഞ്ഞെടുപ്പ് വിജയമാണെന്നും, അവര്‍ ഭാവിതെരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാനുള്ള സാദ്ധ്യതയാണ് ജനാധിപത്യത്തിന്റെതെന്നും നാം വിസ്മരിച്ചുകൂടാ. എന്നാല്‍ ഇത്തരമൊരു യാഥാര്‍ത്ഥ്യബോധം പരിപൂര്‍ണ്ണമായും നഷ്ടപ്പെട്ട ഒരു പ്രതിപക്ഷ നിരയാണ് നമുക്കുള്ളത് എന്നതാണ് ഇന്ത്യ രാഷ്ട്രീയമായി നേരിടുന്ന പ്രതിസന്ധി. ഇതിനാധാരമായി നില്ക്കുന്ന കാര്യങ്ങള്‍ നമ്മുടെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ സമീപനങ്ങളില്‍ മാത്രം അന്വേഷിക്കേണ്ടതല്ല. മറിച്ച് കഴിഞ്ഞ രണ്ടു ദശകങ്ങളെങ്കിലുമായി ഇന്ത്യന്‍ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളിലും അതിലിടപെടുന്ന സാമൂഹിക ശക്തികളിലുമാണ് അന്വേഷിക്കേണ്ടത്. ഇവിടെയാണ് നരേന്ദ്രമോദിയും ഗുജറാത്ത് മോഡല്‍ വികസനവും രാഷ്ട്രീയമായ വിശകലനത്തിന് വിധേയമാക്കപ്പെടേണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കേന്ദ്രപ്രമേയവും ഇവ രണ്ടുമായിരുന്നു എന്നതും ഇത്തരമൊരു വിശകലനത്തെ പ്രധാനമാക്കുന്നുണ്ട്.

_____________________________________
നെഹ്‌റുവിന്റെയും, രാജീവ് ഗാന്ധിയുടെയും കാലത്ത് സമാനമായ വിജയങ്ങള്‍ കോണ്‍ഗ്രസ്സിനുണ്ടായിട്ടുണ്ടെങ്കിലും അപ്പോഴൊന്നും ഇതുപോലൊരു രാഷ്ട്രീയാന്തരീക്ഷം രൂപപ്പെട്ടിരുന്നില്ല. അപ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ചോദ്യം നരേന്ദ്രമോദി നയിക്കുന്ന ബി.ജെ.പി യുടെ വിജയം ദേശീയ രാഷ്ട്രീയത്തില്‍ സമ്മര്‍ദ്ദമായിത്തീരുന്നതെന്തുകൊണ്ടാണ് എന്നതാണ്. നരേന്ദ്രമോഡിയാണ് ഈ വിജയത്തിന്റെ ശില്പി എന്ന കാര്യത്തില്‍ ബി.ജെ.പി ക്ക് തര്‍ക്കമൊന്നുമില്ല. നരേന്ദ്രമോദിയുടെ നേതൃപാടവവും, അദ്ദേഹം അഞ്ചാം വയസ്സില്‍ ആരംഭിച്ച രാഷ്ട്രീയ പ്രവര്‍ത്തനവും, ആത്മീയാന്വേഷണത്തിന്റെ ഭാഗമായുള്ള നിഗൂഡമായ തിരോധാനവും തിരിച്ചുവരവും, സന്യാസജീവിതവുമെല്ലാം നിറം പിടിപ്പിച്ച കഥകളാക്കി പ്രാദേശിക-ദേശീയ മാധ്യമങ്ങള്‍ ആഘോഷിക്കുമ്പോള്‍ മോദി ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി മാത്രമല്ല, ഇന്ത്യയെ രക്ഷിക്കാന്‍ കാലം കണ്ടെടുത്ത രക്ഷകനായാണ് മാറുന്നത്. ഇത്തരം നിര്‍മ്മിതമായ പ്രതീതികള്‍ക്കകത്ത് യാഥാര്‍ത്ഥ്യബോധം നഷ്ടപ്പെട്ട ഒരു ആള്‍ക്കൂട്ടമായി നമ്മുടെ സമൂഹം മാറിക്കൊണ്ടിരിക്കുന്നു എന്നത് വളരെ ഗൗരവമായ പരിഗണനയര്‍ഹിക്കുന്നുണ്ട്.
_____________________________________

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ അജണ്ട തീരുമാനിച്ചത് ബി.ജെ.പിയായിരുന്നു. ബി.ജെ.പി.യോടും നരേന്ദ്രമോദിയോടും പ്രതികരിക്കുകയെന്ന ജോലിയാണ് മറ്റു കക്ഷികള്‍ക്കുണ്ടായിരുന്നത്. ഇതില്‍ ഏറ്റവും പ്രധാനമായി ഉയര്‍ന്നുവന്നത് ഗുജറാത്ത് മോഡല്‍ ആയിരുന്നു. നരേന്ദ്രമോദഡിയുടെ ഭരണത്തില്‍കീഴില്‍ ഗുജറാത്ത് ഒരു അനുകരണീയ മാതൃകയായി മാറിയിരിക്കുന്നു എന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. എന്നാല്‍ വികസനത്തിന്റെ കാര്യത്തില്‍ ഗുജറാത്തിന് ഒന്‍പതാം സ്ഥാനം മാത്രമേയുള്ളൂവെന്നും, കുട്ടികളുടെ ആരോഗ്യം അടക്കമുള്ള വികസനസൂചികകള്‍ വെച്ചുനോക്കുമ്പോള്‍ ഗുജറാത്തിന്റെ സ്ഥിതി ഒട്ടും അഭിലഷണീയമായി അംഗീകരിക്കാനാവില്ലെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെയും അവരെ പിന്തുണയ്ക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞരുടെയും വിമര്‍ശനം. ഗുജറാത്തിന്റെ വികസനം വസ്തുതാപരമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ നിര്‍വചിക്കാമെന്നിരിക്കെ, അതിനെ ചുറ്റിപ്പറ്റി നടന്ന വിവാദങ്ങളില്‍ വലിയ കാര്യമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ സംഘപരിവാര്‍ ശക്തികളും ബി.ജെ.പിയും ഗുജറാത്ത് ഒരു മോഡലാണെന്നു പ്രഖ്യാപിച്ചത് നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ രൂപപ്പെട്ടുവന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തെ മുന്‍നിര്‍ത്തിയായിരുന്നു. ഗുജറാത്തില്‍ വളരെ വിജയകരമായി പരീക്ഷിക്കപ്പെട്ട നവഹിന്ദുത്വരാഷ്ട്രീയത്തിന്റെ സാമൂഹിക-സാമ്പത്തിക ഉള്ളടക്കം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടാണ് പ്രതിപക്ഷത്തിന് ബിജെപിക്കെതിരെ കാതലുള്ള പ്രതിരോധം സൃഷ്ടിക്കാന്‍ കഴിയാതിരുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കുണ്ടായ തിരിച്ചടിയുടെ പശ്ചാത്തത്തിലാണ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. അദ്ദേഹം അധികാരത്തിലേറി ദിവസങ്ങള്‍ക്കകമുണ്ടായ ഗോധ്രാസംഭവവും അതിനെ തുടര്‍ന്നുണ്ടായ മുസ്ലീം കൂട്ടക്കൊലയുമാണ് മോദിയെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത്. മോദി ഗവണ്‍മെന്റിന്റെ പിന്തുണയോടെ വളരെ ആസൂത്രിതമായി സംഘപരിവാര്‍ ശക്തികള്‍ നടത്തിയ മുസ്ലീം നരഹത്യ, മോദിയെ ഹിന്ദുത്വശക്തികള്‍ക്ക് ഏറെ പ്രിയങ്കരനാക്കുകയും മതേതരവാദികള്‍ക്ക് മോദി നിതാന്തശത്രുവായിത്തീരുകയും ചെയ്തു. അടിസ്ഥാനപരമായ ഈ വൈരുദ്ധ്യത്തെ കൂടുതല്‍ അഗാധവും വിപുലവുമാക്കുന്ന രാഷ്ട്രീയമാണ് നവഹിന്ദുത്വമുന്നേറ്റത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത്. തന്റെ ഭരണത്തില്‍ കീഴില്‍ ഭീകരമായൊരു നരഹത്യ നടന്നിട്ടും മോദി ഖേദിക്കാതിരുന്നത്, അത്തരമൊരു ഖേദം മേല്‍ സൂചിപ്പിച്ച വൈരുദ്ധ്യത്തെ ദുര്‍ബലപ്പെടുത്തും എന്ന ബോധ്യംകൊണ്ടുകൂടിയാണ്. യഥാര്‍ത്ഥത്തില്‍ മോദിക്കുമേല്‍ ആരോപിച്ച മുസ്ലീം കൊലയാളി എന്ന ആക്ഷേപത്തെ, ഒരു അലങ്കാരമായി ഏറ്റെടുത്തുകൊണ്ട് രാഷ്ട്രീയ ഹിന്ദുത്വത്തെ വിപുലപ്പെടുത്തുകയായിരുന്നു മോദി.
സംഘപരിവാര്‍ ശക്തികളുടെ അക്രമണോത്സുകമായ സാന്നിദ്ധ്യവും അവര്‍ക്ക് ലഭിക്കുന്ന അധികാര പിന്തുണയും സൃഷ്ടിക്കുന്ന ഭീതിതമായ അന്തരീക്ഷം ഗുജറാത്തില്‍ 9% വരുന്ന മുസ്ലീങ്ങളെ നിശബ്ദരും നിര്‍വീര്യമാക്കി ഹിന്ദുത്വരാഷ്ട്രീയത്തിന് വിധേയപ്പെടുത്താന്‍ സാഹചര്യമൊരുക്കി. ന്യൂനപക്ഷത്തിന്റെ മേല്‍ നേടിയ ഈ വിജയം ആത്യന്തികമായി ഉറപ്പിക്കപ്പെട്ടത് ഹിന്ദുത്വശക്തികളുടെ വിപുലീകരണത്തിലൂടെയാണ്. പഴയ ജനസംഘത്തിന്റെയും ആദ്യകാല ബിജെപിയുടെയും സവര്‍ണ്ണമുഖത്തില്‍ നിന്നും മാറി ആദിവാസികളെയും ദലിതരെയും പിന്നോക്ക വിഭാഗങ്ങളെയും ഹിന്ദുക്കളെന്ന നിലയില്‍ സ്വാംശീകരിക്കുന്ന ഒരു പ്രക്രിയ നവഹിന്ദുത്വരാഷ്ട്രീയത്തില്‍ നടക്കുന്നുണ്ട്. ഇതൊരു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനപ്പുറം, രണ്ടു ദശകങ്ങളെങ്കിലുമായി സംഘപരിവാര്‍ ശക്തികള്‍ ബോധപൂര്‍വ്വം നടത്തിവരുന്ന പ്രവര്‍ത്തനമാണ.് ഈ പുതിയ ഹിന്ദുത്വ നിര്‍മിതിക്ക് അനുകൂലമായ മറ്റൊരു സാഹചര്യം ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ജീര്‍ണ്ണതയും പരിമിതികളുമായിരുന്നു. ചുരുക്കത്തില്‍ ദേശീയപ്രസ്ഥാനത്തിന്റെ ജനവിരുദ്ധ അവസരവാദവും, ദലിത്, പിന്നാക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പരിമിതികളും, വിപുലമായ ജനവിഭാഗങ്ങളെ ഹിന്ദുത്വത്തിലേയ്‌ക്കെത്തിക്കുകയായിരുന്നു. ഇതിന്റെ ഫലം ന്യൂനപക്ഷങ്ങളെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തുകയും, സാമൂഹികമായ ഒരു പ്രതിപക്ഷത്തെ അസാദ്ധ്യമാക്കുകയും ചെയ്യുന്നു എന്നതാണ്.

_________________________________
നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന നവഹിന്ദുത്വത്തിന്റെ രാഷ്ട്രീയദൗത്യം കൂടുതല്‍ വ്യക്തമാകുന്നത് ന്യൂനപക്ഷ ഹിംസ മാത്രമല്ല, കീഴാളസമൂഹങ്ങളുടെ സ്വതന്ത്ര രാഷ്ട്രീയ കര്‍തൃത്വത്തിന്റെ നിരാകരണം കൂടിയാണ്. സമൂഹത്തിലെ വൈവിദ്ധ്യങ്ങളുടെ സക്രിയമായ നിലനില്പ് രാഷ്ട്രീയ ജനാധിപത്യത്തിന് മാത്രമല്ല സാമൂഹിക ജനാധിപത്യത്തിനും ഒഴിച്ചുകൂടാനാവാത്തതാണ്. ബ്രാഹ്മണര്‍ക്കും ആദിവാസികള്‍ക്കും ഒരേപോലെ ഭാഗമാകാവുന്ന നവഹിന്ദുത്വം ബലികഴിക്കുന്നത്; സാമൂഹികജനാധിപത്യത്തെ നിലനിര്‍ത്തുന്ന സാമൂഹികശക്തികളെയാണ്. സാമൂഹിക നീതിക്കുവേണ്ടിയുള്ള പോര്‍ നിലങ്ങളെ ഹിന്ദുത്വമെന്ന പ്രതീതികൊണ്ട് മറയ്ക്കുമ്പോള്‍ തകര്‍ന്നടിയുന്നത് ജനാധിപത്യത്തിന്റെ ആധാരശിലകളാണെന്ന് നാം മനസിലാക്കണം. നവഹിന്ദുത്വം ഉയര്‍ത്തിയിരിക്കുന്ന അടിസ്ഥാനപരമായ ഈ വെല്ലുവിളി ഏറ്റെടുക്കാനും, സാമൂഹ്യജനാധിപത്യത്തിന്റെയും രാഷ്ട്രീയ സാഹോദര്യത്തിന്റെയും ജനാധിപത്യഭാവനയെ മുന്നോട്ടുവയ്ക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണത്.
_________________________________

ഗുജറാത്തിലെ സിവില്‍ സമൂഹപ്രസ്ഥാനങ്ങളുടെ അപ്രത്യക്ഷമാകല്‍ ഇതിനോടു ചേര്‍ത്തുവച്ചു പരിശോധിക്കേണ്ടതാണ്. ഒരു സമൂഹത്തില്‍ ഏറ്റവും അടിസ്ഥാനപരമായ വിമര്‍ശനം രൂപപ്പെടുന്നത് സിവില്‍ സമൂഹത്തില്‍ നിന്നാണ്. ഇതിന്റെ അഭാവം ഗുജറാത്തിനെ വിമര്‍ശനരഹിത സമൂഹമാക്കി മാറ്റുന്നു. ഇതോടെ, നിശബ്ദമാക്കപ്പെട്ട ന്യൂനപക്ഷങ്ങളും, സാമൂഹിക വൈവിദ്ധ്യങ്ങളുടെ നിരാകരണവും, സിവില്‍സമൂഹത്തിന്റെ മരണവും ഗുജറാത്തിനെ പ്രതിപക്ഷമില്ലാത്ത സമൂഹമാക്കി മാറ്റി തീര്‍ത്തിരിക്കുന്നു. എതിര്‍പ്പുകളേതുമില്ലാത്ത ഭരണാധികാരത്തിന് പൂര്‍ണ്ണമായും വിധേയപ്പെട്ട ഈ അവസ്ഥയാണ് ഗുജറാത്തിനെ മൂലധനശക്തികളുടെ പറുദീസയാക്കി മാറ്റുന്നത്. നരേന്ദ്രമോദിക്കു പിന്നില്‍ കോര്‍പ്പറേറ്റുകള്‍ അണിനിരക്കുന്നതിതുകൊണ്ടാണ്. ഈ സാഹചര്യം ഒന്നു മാത്രമാണ് ഹിന്ദുത്വത്തിന്റെ നിലനില്പിന് അവശ്യമായിരിക്കുന്നത് എന്ന തിരിച്ചറിവാണ് ഈ രാഷ്ട്രീയമോഡലിനെ അഖിലേന്ത്യാടിസ്ഥാനത്തില്‍ നിലവില്‍ കൊണ്ടുവരാന്‍ സംഘപരിവാറിനെ പ്രചോദിപ്പിച്ചത്. അങ്ങനെ നവഹിന്ദുത്വത്തിന്റെ താല്പര്യങ്ങളും കോര്‍പ്പറേറ്റു താല്പര്യങ്ങളും സംഗമിക്കുന്ന ബിന്ദുവായി മാറാന്‍ നരേന്ദ്രമോദിക്ക് കഴിഞ്ഞതിലൂടെയാണ് പ്രതിപക്ഷമില്ലാത്ത അധികാരകേന്ദ്രമായി അദ്ദേഹം വാഴിക്കപ്പെട്ടത്.
മൂന്ന് പതിറ്റാണ്ടിനുശേഷം ഇന്ത്യയില്‍ സ്ഥിരതയുള്ള ഒരു ഗവണ്‍മെന്റ് ഉണ്ടായിരിക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത. ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം സ്ഥിരതയുള്ള ഗവണ്‍മെന്റ് ആവശ്യം തന്നെയാണ്. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അസ്ഥിരതയ്ക്ക് സവിശേഷമായ ഒരു ചരിത്രമുണ്ടെന്ന കാര്യം നാം വിസ്മരിച്ചുകൂടാ. ഇന്ത്യയിലെ രാഷ്ട്രീയസ്ഥിരത ദലിതര്‍ക്കും  പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ അധികാര രാഹിത്യത്തിനും മുകളിലാണ് നിര്‍മ്മിക്കപ്പെട്ടിരുന്നത്. ഇതിന്റെ മൂര്‍ദ്ധന്യതയിലാണ് ഞങ്ങള്‍ രാഷ്ട്രീയ അസ്ഥിരതയ്ക്കുവേണ്ടി നിലകൊള്ളുന്നു എന്ന് കാര്‍ഷികറാം പ്രഖ്യാപിച്ചത്. ഇപ്പോള്‍ മോദിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയസ്ഥിരത തിരിച്ചുപിടിക്കുമ്പോള്‍ സംഭവിക്കുന്നത് മുന്‍ചൊന്ന വിഭാഗങ്ങള്‍ രാഷ്ട്രീയമായി ചിതറി തെറിക്കുകയും സമൂഹത്തിന്റെ വൈവിദ്ധ്യങ്ങള്‍ മറയ്ക്കപ്പെടുകയുമാണ്. കഴിഞ്ഞ 25 വര്‍ഷമായി ഗുജറാത്തില്‍ നിന്നും ഒരു മുസ്ലീം പോലും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്ന വസ്തുത അവിടെ നടന്ന കൂട്ടക്കൊലയെക്കാള്‍ ഭീകരവും വിനാശകാരിയുമായ ഹിംസയാണെന്നു മനസിലാക്കാനുള്ള രാഷ്ട്രീയ വിവേകമാണ് കാലഘട്ടം നമ്മളോടാവശ്യപ്പെടുന്നത്.
ഇവിടെയാണ് നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന നവഹിന്ദുത്വത്തിന്റെ രാഷ്ട്രീയദൗത്യം കൂടുതല്‍ വ്യക്തമാകുന്നത്. അത് ന്യൂനപക്ഷ ഹിംസ മാത്രമല്ല, കീഴാളസമൂഹങ്ങളുടെ സ്വതന്ത്ര രാഷ്ട്രീയ കര്‍തൃത്വത്തിന്റെ നിരാകരണം കൂടിയാണ്. സമൂഹത്തിലെ വൈവിദ്ധ്യങ്ങളുടെ സക്രിയമായ നിലനില്പ് രാഷ്ട്രീയ ജനാധിപത്യത്തിന് മാത്രമല്ല സാമൂഹിക ജനാധിപത്യത്തിനും ഒഴിച്ചുകൂടാനാവാത്തതാണ്. ബ്രാഹ്മണര്‍ക്കും ആദിവാസികള്‍ക്കും ഒരേപോലെ ഭാഗമാകാവുന്ന നവഹിന്ദുത്വം ബലികഴിക്കുന്നത്; സാമൂഹികജനാധിപത്യത്തെ നിലനിര്‍ത്തുന്ന സാമൂഹികശക്തികളെയാണ്. സാമൂഹിക നീതിക്കുവേണ്ടിയുള്ള പോര്‍ നിലങ്ങളെ ഹിന്ദുത്വമെന്ന പ്രതീതികൊണ്ട് മറയ്ക്കുമ്പോള്‍ തകര്‍ന്നടിയുന്നത് ജനാധിപത്യത്തിന്റെ ആധാരശിലകളാണെന്ന് നാം മനസിലാക്കണം. നവഹിന്ദുത്വം ഉയര്‍ത്തിയിരിക്കുന്ന അടിസ്ഥാനപരമായ ഈ വെല്ലുവിളി ഏറ്റെടുക്കാനും, സാമൂഹ്യജനാധിപത്യത്തിന്റെയും രാഷ്ട്രീയ സാഹോദര്യത്തിന്റെയും ജനാധിപത്യഭാവനയെ മുന്നോട്ടുവയ്ക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണത്.

Top