മായ ഏഞ്ചലോ: അപരാജിതമായ ജീവിതവും ഭാഷണവും

ആഖ്യാനത്തിലും ഭാവനയിലും സര്‍ഗാത്മകതയിലും കൂടിയുള്ള ഈ സാംസ്‌കാരിക അതിജീവനവും മനുഷ്യവല്‍ക്കരണവുമാണ് ആഫ്രിക്കനമേരിക്കന്‍ സാഹിത്യത്തിന്റെ പരിവര്‍ത്തന ചേതന. അതാണ് അന്തരിച്ച മായ ഏഞ്ചലോയുടെ (1928-2014) എഴുത്തിനേയും ജീവിതത്തേയും വ്യതിരിക്തമാക്കുന്നതും. അടിമയാഖ്യാനങ്ങളുടെ അഗാധമായ ഖേദവും വേദനയും സാംസ്‌കാരിക രോദനവും നമുക്കവരുടെ ഭാവനാഖ്യാനങ്ങളിലും കല്‍പ്പിത ആത്മകഥനങ്ങളിലും കാണാം. കുമ്പസാരവും പരാതിയും പരിഭവവും കാമനയും കലരുന്ന ഭാവനാത്മകമായ പുതിയ രൂപഭാവങ്ങളാണ് അവരുടെ ആത്മകഥനങ്ങള്‍ക്കുള്ളത്.


മായരും ഇന്‍കരും ആസ്തക്കുകളും ആയിരുന്നു അമേരിക്കയിലെ പ്രമുഖ പ്രാചീന ഗോത്രങ്ങള്‍.  കൊളമ്പസിനെ തുടര്‍ന്ന് പതിനാറാം നൂറ്റാണ്ടുമുതല്‍ പത്തൊമ്പതാം നൂറ്റാണ്ടുവരെ തുടര്‍ന്ന യൂറോപ്യന്‍ അധിനിവേശത്തില്‍ ഈ ചുവന്ന ആദിമസോദരരുടെ നാഗരികതകള്‍ തുടച്ചു നീക്കപ്പെട്ടു. അമേരിക്കന്‍ തോട്ടപ്പണിക്കായി പതിനാറാം നൂറ്റാണ്ടില്‍ തന്നെ ആഫ്രിക്കയില്‍ നിന്നുമുള്ള അടിമക്കച്ചവടവും അറ്റ്‌ലാന്റിക് മഹാസമുദ്രത്തിനു കുറുകേയുള്ള മനുഷ്യക്കടത്തും കൊളോണിയലിസം നിര്‍ബാധം തുടര്‍ന്നു.  യൂറോപ്പിലും അമേരിക്കയിലുമുള്ള കറുത്തവരുടെ നിര്‍ബന്ധിതമായ പ്രവാസജീവിതവും അടിമത്താനുഭവവും അറ്റ്‌ലാന്റിക്കിനെ തന്നെ കറുപ്പിക്കുന്നതായി പോള്‍ ഗില്‍റോയി എന്ന ആഫ്രോ ബ്രിട്ടീഷ് ചിന്തകന്‍ പറയുന്നു.  ചുരുങ്ങിയത് അഞ്ചു നൂറ്റാണ്ടുകളുടെയെങ്കിലും കുല്‍സിതമായ മൗനവും ദമിത ഹിംസയും അമേരിക്കന്‍ സംസ്‌കാരത്തെ ചൂഴുന്നതായി ആഫ്രിക്കനമേരിക്കന്‍ എഴുത്തുകാരിയായ റ്റോണി മോറിസണും നിരീക്ഷിച്ചിട്ടുണ്ട്.
അടിമത്താനുഭവത്തേയും വംശീയവിവേചനത്തേയും കുറിച്ചുള്ള ദമിത ഹിംസാചരിത്രങ്ങളാണ് ഇവിടെ സൂചിതമാകുന്നത്.  അടിമയാഖ്യാനങ്ങളുടെ വിമോചന വംശാവലിയില്‍ നിന്നാണ് ആഫ്രിക്കനമേരിക്കന്‍ സാഹിത്യം ഉയര്‍ന്നു വന്നത്.  ഡുബോയിസും, എല്ലിസണും, ബാള്‍ഡ്വിനും, റൈറ്റും, വാക്കറും, മോറിസണുമെല്ലാമടങ്ങുന്ന അതിന്റെ ബഹുസ്വരമായ സര്‍ഗാവിഷ്‌കാരങ്ങള്‍ അടിമത്താനുഭവത്തിന്റേയും അധിനിവേശ ഹിംസയുടെ അപമാനവീകരണത്തിന്റേയും സാംസ്‌കാരികവും മാനസികവുമായ തലങ്ങളെ അടരടരായി അനാവരണം ചെയ്യുന്ന അതിജീവനതന്ത്രം കൂടിയാണ്.  മനുഷ്യരായി ജീവിക്കാന്‍ സാധിക്കാത്തവിധം തകര്‍ക്കപ്പെട്ടവരും ചിതറിക്കപ്പെട്ടവരുമാണ് ലോകമെമ്പാടുമുള്ള അടിമത്താനുഭവം പേറുന്ന കീഴാള ജനതകള്‍.  ഇന്ത്യയിലെ അവര്‍ണരായ ദലിതബഹുജനങ്ങളേയും കറുത്തവരേയും ബന്ധിപ്പിക്കുന്ന ഒരു ചരിത്ര സാമൂഹ്യ സമാന്തര പ്രകരണമാണിത്.  ശരണ്‍കുമാര്‍ ലിംബാലേയും മറ്റും ഈ സഹജ സാഹോദര്യ ബന്ധത്തെ പിന്നീട് സിദ്ധാന്തവല്‍ക്കരിക്കുക തന്നെയുണ്ടായി.  അമേരിക്കയിലെ കറുത്തവരുടെ വിമോചന പ്രസ്ഥാനവും മഹാരാഷ്ട്രയിലെ ദലിതരുടെ അറുപതുകള്‍ക്കു ശേഷമുള്ള സാംസ്‌കാരിക പോരാട്ടങ്ങളും തമ്മില്‍ ശക്തമായ ഉഭയ ബന്ധങ്ങളും താരതമ്യങ്ങളുമുണ്ട്.  1930 കളില്‍ അംബേദ്കര്‍ തന്നെ പഠിച്ച കൊളമ്പിയ സര്‍വകലാശാലയുടെ വിളിപ്പാടകലത്തിലായിരുന്നു കറുത്തവരുടെ ഹാര്‍ലം നവോത്ഥാനം തിളച്ചു മറിഞ്ഞു കൊണ്ടിരുന്നത്.  അമേരിക്കന്‍ അടിമകളുടെ സാംസ്‌കാരിക സമരം ഇന്ത്യയിലെ തൊട്ടുകൂടാത്തവരുടെ അതിജീവന സമരവുമായി ബന്ധിപ്പിക്കാന്‍ ഇന്ത്യയുടെ നവബുദ്ധന് നിരവധി സംസ്‌കാര രാഷ്ട്രീയ മാതൃകകള്‍ പരോക്ഷമായും വിദ്യാഭ്യാസപരമായും നല്‍കിയിട്ടുണ്ടെന്നത് അനിഷേധ്യമായ വ്യാവഹാരിക സത്യമാണ്.
ആഖ്യാനത്തിലും ഭാവനയിലും സര്‍ഗാത്മകതയിലും കൂടിയുള്ള ഈ സാംസ്‌കാരിക അതിജീവനവും മനുഷ്യവല്‍ക്കരണവുമാണ് ആഫ്രിക്കനമേരിക്കന്‍ സാഹിത്യത്തിന്റെ പരിവര്‍ത്തന ചേതന.  അതാണ് അന്തരിച്ച മായ ഏഞ്ചലോയുടെ (1928-2014) എഴുത്തിനേയും ജീവിതത്തേയും വ്യതിരിക്തമാക്കുന്നതും.  അടിമയാഖ്യാനങ്ങളുടെ അഗാധമായ ഖേദവും വേദനയും സാംസ്‌കാരിക രോദനവും നമുക്കവരുടെ ഭാവനാഖ്യാനങ്ങളിലും കല്‍പ്പിത ആത്മകഥനങ്ങളിലും കാണാം. കുമ്പസാരവും പരാതിയും പരിഭവവും കാമനയും കലരുന്ന ഭാവനാത്മകമായ പുതിയ രൂപഭാവങ്ങളാണ് അവരുടെ ആത്മകഥനങ്ങള്‍ക്കുള്ളത്.  ആത്മകഥയേയും ഫിക്ഷനേയും പൊളിച്ചടുക്കുന്ന വിമര്‍ശ പ്രയോഗവും കൂടിയാണ് അവരുടെ ഭാവന.
അധിനിവേശത്തേയും അടിമത്തത്തേയും അതിജീവിക്കാനും മനുഷ്യരാകാനുമുള്ള സംഘചേതനയും നൈതികാഭിലാഷവും അവരുടെ ഓരോ കൊച്ചുകവിതയിലും ഭാഷണത്തിലും നുരയുകയാണ്.

____________________________________
അടിമത്താനുഭവത്തിന്റേയും അധിനിവേശ ഹിംസയുടെ അപമാനവീകരണത്തിന്റേയും സാംസ്‌കാരികവും മാനസികവുമായ തലങ്ങളെ അടരടരായി അനാവരണം ചെയ്യുന്ന അതിജീവനതന്ത്രം കൂടിയാണ്.  മനുഷ്യരായി ജീവിക്കാന്‍ സാധിക്കാത്തവിധം തകര്‍ക്കപ്പെട്ടവരും ചിതറിക്കപ്പെട്ടവരുമാണ് ലോകമെമ്പാടുമുള്ള അടിമത്താനുഭവം പേറുന്ന കീഴാള ജനതകള്‍.  ഇന്ത്യയിലെ അവര്‍ണരായ ദലിതബഹുജനങ്ങളേയും കറുത്തവരേയും ബന്ധിപ്പിക്കുന്ന ഒരു ചരിത്ര സാമൂഹ്യ സമാന്തര പ്രകരണമാണിത്.  ശരണ്‍കുമാര്‍ ലിംബാലേയും മറ്റും ഈ സഹജ സാഹോദര്യ ബന്ധത്തെ പിന്നീട് സിദ്ധാന്തവല്‍ക്കരിക്കുക തന്നെയുണ്ടായി.  അമേരിക്കയിലെ കറുത്തവരുടെ വിമോചന പ്രസ്ഥാനവും മഹാരാഷ്ട്രയിലെ ദലിതരുടെ അറുപതുകള്‍ക്കു ശേഷമുള്ള സാംസ്‌കാരിക പോരാട്ടങ്ങളും തമ്മില്‍ ശക്തമായ ഉഭയ ബന്ധങ്ങളും താരതമ്യങ്ങളുമുണ്ട്.
____________________________________

നൂറ്റാണ്ടുകളുടെ അടിമജീവിതവും വര്‍ത്തമാനത്തിലും തുടരുന്ന വരേണ്യമായ വംശീയ, ലിംഗ വിവേചനങ്ങളും മൃഗസമാനരാക്കിയ അധ്വാന ജനതതികളുടെ അതിജീവിനക്കുതിപ്പുകളും കിതപ്പുകളും നമുക്കവരുടെ രചനയില്‍ കാണാം.  ജീവിതത്തെ കുറിച്ചുള്ള ആഖ്യാനങ്ങളിലൂടെ സ്വയം മനുഷ്യ വിഷയിയാവുകയും പുതിയ ജീവിതം സാധ്യമാണെന്ന സാമൂഹ്യ ഭാവനയെ കിനാവുകാണുകയും അക്ഷരങ്ങളിലൂടെ കുടിയിരുത്തുകയുമാണവര്‍.  അടിമത്താനുഭവത്തെ തന്റെ ആത്മീയ ഭാഷണങ്ങളിലും പോരാട്ടപ്പാട്ടുകളിലും ആഴത്തില്‍ ഉണര്‍ത്തിയെടുത്ത പൊയ്കയില്‍ അപ്പച്ചന്റെ അഗാധമായ ഖേദവും വിഛേദവും നമുക്കു മായയില്‍ കാണാം.  മോറിസണും വാക്കറും കഥനത്തില്‍ എഴുതിയതുപോലുള്ള അഗമ്യഗമനമടക്കമുള്ള ദാരുണാനുഭവങ്ങളിലൂടെ കടന്നു പോയ ഒരു കറുത്ത പെണ്‍കുട്ടിയുടെ കര്‍തൃത്വാനുഭവവും ജീവിതാര്‍ജവവും അവരുടെ രചനകളില്‍ തുടിക്കുന്നു.  ബ്ലൂവെസ്റ്റ് ഐയിലും കളര്‍ പര്‍പ്പിളിലും കാണുന്നതു പോലെ ചെറുപ്പത്തിലേ തന്നെ ലൈംഗികപീഡനത്തിനും ഇരയാക്കലിലും ഊമയാക്കലിനും വിധേയയായ മായ പിന്നീട് പലതരം പണികളെടുത്താണ് ജീവിച്ചതും വളര്‍ന്നതും.  പാചകം, നിശാനര്‍ത്തനം, കൂട്ടിക്കൊടുപ്പ്, ലൈംഗികത്തൊഴില്‍, പാട്ടും നടനവും, എഴുത്ത്, പത്രപ്രവര്‍ത്തനം, അധ്യാപനം എന്നിങ്ങനെയുള്ള നിരവധി പണികള്‍ അവര്‍ ചെയ്തു പോന്നു. കഴിഞ്ഞ അമ്പതു വര്‍ഷമായി എഴുത്തിലും പൊതുജീവിതത്തിലും സജീവമായിരുന്നു.  ഏഴോളം അത്മകഥനങ്ങളും മൂന്നോളം ലേഖനസമാഹാരങ്ങളും നിരവധി കവിതകളും അവരുടേതായുണ്ട്. ഇന്ത്യയിലേയും മറ്റും ദലിത് ആത്മകഥകളുടെ സര്‍ഗസാഹോദര്യം വിരിയുന്ന പൂര്‍വമാതൃകയായി ഏഞ്ചലോയുടെ ആത്മകഥനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സി. അയ്യപ്പന്റെ ചെറുകഥനത്തിലെ ആഖ്യാന ശബ്ദമായ ഞാനും മായയുടെ ആത്മകഥനങ്ങളിലെ നാമാകുന്ന ഞാനും തമ്മില്‍ കാലാന്തരവും സ്ഥലാന്തരവും ഒക്കെയായ ചില സാംസ്‌കാരിക സമാനതകളും സമാന്തരതകളും കാണാനാവും. സ്വത്വത്തേയും സമുദായത്തേയും സാമൂഹ്യ യാഥാര്‍ഥ്യങ്ങളേയും പ്രതിനിധാനം ചെയ്യുന്നതില്‍ സി. അയ്യപ്പനും മായ ഏഞ്ചലോവും കാട്ടുന്ന കഥനാഖ്യാന സാധ്യതകള്‍ പ്രത്യേക താരതമ്യ പഠനങ്ങളര്‍ഹിക്കുന്നു. കേരളത്തില്‍ തന്നെ നിരവധി ഗവേഷകര്‍ മായയുടെ രചനകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്.  എന്നാല്‍ ആഫ്രിക്കനമേരിക്കന്‍ സംസ്‌കാര രാഷ്ട്രീയത്തേയും കേരളത്തിലേയോ ഇന്ത്യയിലേയോ ദലിതബഹുജന സാംസ്‌കാരിക പോരാട്ടങ്ങളേയും ജനായത്ത സാമൂഹ്യ സമരങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കാനോ, എന്തിന് സമാനമായ വംശീയ അധിനിവേശ അടിമത്തത്തിന്റെ ചെറുചരിത്രങ്ങള്‍ ഇവിടെയുണ്ടെന്നു തിരിച്ചറിയാനോ വര്‍ഗ തിമിരവും വരേണ്യാഭിരുചികളും പേറുന്ന നമ്മുടെ ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പലപ്പോഴും കഴിയാറില്ല. മോറിസണേയും ഏഞ്ചലോവിനേയും കാണുന്നവര്‍ മറിയാമ്മച്ചേടത്തിയേയോ കണ്ടല്‍ പൊക്കൂടനേയോ അറിയുന്നില്ല, അറിഞ്ഞാല്‍ തന്നെ അത്തരം ഒരു സംസ്‌കാരാന്തര താരതമ്യം നിര്‍വഹിക്കുന്നില്ല.
വംശീയ ലിംഗാധീശമെന്ന ബെല്‍ ഹുക്‌സിനെ പോലുള്ള ആഫ്രിക്കനമേരിക്കന്‍ വുമണിസ്റ്റ് സൈദ്ധാന്തികര്‍ വിളിക്കുന്ന ശ്വേതാധീശ മൂലധന ആണ്‍കോയ്മയ്ക്കു (വൈറ്റ് സുപ്രീമസിസ്റ്റ് ക്യാപിറ്റലിസ്റ്റു പേട്രിയാര്‍ക്കി) സമാനമായ ബ്രാഹ്മണിക ആണ്‍കോയ്മ (ബ്രാഹ്മണിക് പേട്രിയാര്‍ക്കി) യാണ് ഇന്ത്യയിലെ സംസ്‌കാരാധീശത്വമെന്ന് മുഖ്യാരാ സാമൂഹ്യ ചരിത്ര സൈദ്ധാന്തികരായ ഉമാ ചക്രവര്‍ത്തിയും ഷര്‍മിളാ റെഗേയും തന്നെ നിരവധി പുസ്തകങ്ങളിലൂടെ വിശദീകരിക്കുകയാണിന്ന്. ഏഗേന്‍സ്റ്റ് ദ മാഡ്‌നസ് ഓഫ് മനു: അംബേദ്കര്‍ ഓണ്‍ ബ്രാഹ്മണിക് പേട്രിയാര്‍ക്കി (2013) എന്ന അവസാന പുസ്തകത്തിലും റെഗെ ഈ ആശയത്തെ അംബേദ്കര്‍ പാഠങ്ങളിലൂടെ വികസിപ്പിക്കുകയാണ്.
ജെയിസ് ബാള്‍ഡ്വിനുമായുള്ള സൗഹൃദത്തിലൂടെയാണ് പുതിയ കീഴാള ലൈംഗികതകളേയും വിമോചനാത്മകമായ ആത്മകഥനത്തേയും കൂടുതല്‍ വികസിപ്പിക്കാനും പ്രസിദ്ധീകരിക്കാനും തന്നെ മായയ്ക്കു സാധിച്ചത്. ബാള്‍ഡ്വിനെ പോലെ തന്നെ മായയും പുതിയ പഠനങ്ങള്‍ക്കും വായനകള്‍ക്കും വഴിയൊരുക്കി വിടവാങ്ങിയിരിക്കുന്നു.  അവരുടെ പാഠങ്ങളും ജീവിതങ്ങളും നമ്മുടെ തന്നെ കാലികമായ യാഥാര്‍ഥ്യങ്ങളും പ്രശ്‌നങ്ങളുമാണ് നമ്മുടെ മുമ്പിലുള്ളത്. കവിതയ്ക്കും കഥനത്തിനുമപ്പുറം പാട്ടും ആട്ടവും തിരപ്പടവും ടെലിവിഷനും എല്ലാം പ്രൊഫസര്‍ മായ ഏഞ്ചലോ ജീവിതാന്ത്യം വരെ ഉപയോഗിച്ചു. നവമാധ്യമങ്ങളില്‍ പോലും അവര്‍ അന്ത്യം വരെ നിറഞ്ഞു നിന്നു.  1982 മുതല്‍ നോര്‍ത്ത് കാരൊലീനയിലെ വെയിക് ഫോറസ്റ്റ് സര്‍വകലാശാലയിലെ അമേരിക്കന്‍ പഠനങ്ങളുടെ സവിശേഷ അധ്യാപികയും കൂടിയായിരുന്നു ഈ ലൈംഗിക തൊഴിലാളി. ചെറുപ്പത്തിലേ ലൈംഗിക പീഡനത്തിലൂടെ ഊമയായ ആ കറുത്തപെണ്ണിന്റെ കവിതകളും കഥനവും ഇന്നു ലോകമെമ്പാടുമുള്ള സര്‍വകലാശാലകളില്‍ പുതിയ കുട്ടികള്‍ പഠിച്ചു വളരുന്നു. പൗരാവകാശ പ്രക്ഷോഭത്തില്‍ മാര്‍ടിന്‍ ലൂതര്‍ കിങ്ങിനോടും മാല്‍ക്കം എക്‌സിനോടും ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുള്ള ഒരു വിമോചന പോരാളിയും കൂടിയാണവര്‍. അവരുടെ പോരാട്ടവും ജീവിതവും അപരിമേയവും അവസാനിക്കാത്തതുമാകുന്നു. മായ യഥാര്‍ഥത്തില്‍ ആരായിരുന്നു എന്നത് വരും കാലങ്ങളിലായിരിക്കും വിലയിരുത്തപ്പെടുക.

_________________________________________

Top