ജാതി നിര്‍മൂലനത്തിന്റെ ആമുഖം അരുന്ധതി റോയി: കപടയുക്തിയുടെ അപകടങ്ങള്‍

അംബേദ്ക്കര്‍ മുന്നോട്ടുവച്ച സാമൂഹിക ജനാധിപത്യസങ്കല്പവും പ്രതിനിധാന രാഷ്ട്രീയത്തിന്റെ ഉള്ളടക്കവും ലോകത്തിന് മാതൃകയായതുകൊണ്ടാണ് യൂറോപ്പിലെ ബഹിഷ്‌കൃതരും അംബേദ്കറിലേക്ക് ഉറ്റുനോക്കുന്നത്. സമകാലീന ലോകം അംബേദ്കറിലൂടെ നേടിയെടുത്തിരിക്കുന്ന വൈജ്ഞാനികവും രാഷ്ട്രീയവുമായ ബോധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ, മുപ്പതുകളുടെ ഗാന്ധിയുടെ നിഴലില്‍ അംബേദ്കറെ അന്വേഷിക്കുന്നവര്‍ക്കുണ്ടാകുന്ന സ്വഭാവിക ദുരന്തമാണ് അരുന്ധതിയുടെ ആമുഖത്തിനും സംഭവിച്ചിരിക്കുന്നത്.

അരുന്ധതിറോയി സൃഷ്ടിച്ച ഗാന്ധി-അംബേദ്കര്‍-അയ്യന്‍കാളി വിവാദത്തില്‍ അരുന്ധിതി റോയിയെ പിന്തുണയ്ക്കാന്‍ ദലിത് പക്ഷത്തുനിന്നും മുന്നോട്ടുവന്നവര്‍ വൈജ്ഞാനികമായി ഭൂതകാലത്തില്‍ സ്തംഭിച്ചുപോയ വരാണെന്ന് ഉറപ്പിച്ച് പറയാനാകും. ഈ സ്തംഭനാവസ്ഥയുടെ വേരുകള്‍ ദലിത് പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ തന്നെയാണുള്ളത്. എണ്‍പതുകളിലെ ദലിത് പ്രസ്ഥാനങ്ങളുടെ മുഖമുദ്രകളിലൊന്ന് വൈകാരികമായ ഗാന്ധിവിരുദ്ധതയായിരുന്നു. ഇക്കാലയളവില്‍ ഇന്ത്യയിലെ ഏറ്റവും പ്രാമാണികനായ ആക്ടിവിസ്റ്റും എഴുത്തുകാരനുമായിരുന്ന വി.ടി. രാജശേഖര്‍, (എഡിറ്റര്‍, ദലിത് വോയ്‌സ്, ബാംഗ്‌ളൂര്‍) അദ്ദേഹത്തിന്റെ എല്ലാ പ്രസംഗങ്ങളിലും ആവര്‍ത്തിക്കുന്ന ഒരു വാക്യം. ”ഗാന്ധിയാണ് നമ്മുടെ ഒന്നാം നമ്പര്‍ ശത്രു” എന്നതായിരുന്നു. ഈ വാചകം സദസ്സിനെ കൊണ്ട് ഏറ്റുപറയിക്കുകയെന്നതും അദ്ദേഹത്തിന്റെ ഒരു രീതിയായിരുന്നു. ഈ വൈകാരിക ലോകത്ത് സ്തംഭിച്ച് നില്ക്കുന്നവരാണ് അരുന്ധതിറോയിക്കുവേണ്ടി മുന്‍-പിന്‍ നോക്കാതെ രംഗത്തിറങ്ങിയത്. എന്നാല്‍ തൊണ്ണൂറുകളാകുമ്പോള്‍ കേവലമായ ഗാന്ധിവിരോധത്തിന്റെയും, ആര്യന്‍ വംശാധിപത്യത്തിന്റെയും അതിവൈകാരികലോകം കാലഹരണപ്പെടുകയും, ചരിത്രപരമായ ബോദ്ധ്യങ്ങളുടെയും വിമര്‍ശനാവബോധത്തിന്റെയും സുശക്തമായ അടിസ്ഥാനമുള്ള പുതിയൊരു ദലിത് വിജ്ഞാനീയം ഇന്ത്യയില്‍ രൂപപ്പെടുന്നുണ്ട്. ജനകീയവും-അക്കാദമികവുമായ വിപുലമായ അന്വേഷണങ്ങളുടെയും, കാന്‍ഷിറാമിന്റെ വിധ്വംസകശേഷിയുള്ള രാഷ്ട്രീയ പരീക്ഷണങ്ങളുടെയും ഊര്‍ജ്ജമാണ് പുതിയ ദലിത് ഉള്‍ക്കാഴ്ചകള്‍ അടിസ്ഥാനമായിരിക്കുന്നത്. അതിവൈകാരികമായ ഗാന്ധിവിരോധത്തിനപ്പുറം ദലിത്ചരിത്രത്തില്‍ രൂപപ്പെട്ട വിചാരപ്പെടലിന്റെയും വിജ്ഞാനത്തിന്റെയും പുതിയ ഭൂമികയില്‍ നിന്നാണ് അരുന്ധതി റോയിക്ക് നേരെ തീക്ഷ്ണമായ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നത്.
അരുന്ധതിറോയിക്കുവേണ്ടി രംഗത്തിറങ്ങിയവര്‍ അവര്‍ ജാതിനിര്‍മൂലനത്തിനെഴുതിയ ആമുഖം വായിച്ചിട്ട് എന്താണ് മനസ്സിലാക്കിയത് എന്നത് തികച്ചും ദുരൂഹമാണ്. അംബേദ്ക്കര്‍ കൃതികളെപ്പറ്റി സാമാന്യ ധാരണയുള്ള ഒരാള്‍ ഈ ആമുഖത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രാഥമികമായി ബോദ്ധ്യപ്പെടുന്ന ഒരു കാര്യം, ഇത് ജാതി നിര്‍മൂലനത്തിനുള്ള ആമുഖമേ അല്ല എന്നുള്ളതാണ്. ഡോ. അംബേദ്കറുടെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ജാതി നിര്‍മൂലനം. ഈ കൃതിയിലൂടെ അംബേദ്കര്‍ ധീരമായി അഭിസംബോധന ചെയ്യാന്‍ ശ്രമിച്ച സാമൂഹിക-ധാര്‍മ്മിക സമസ്യകളെ പിന്‍പറ്റാനോ, അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളെ സമകാലീനതയിലേക്ക് പരാവര്‍ത്തനം ചെയ്യുവാനോ ഈ ആമുഖം ശ്രമിക്കുന്നതേയില്ല. മറിച്ച്, തികച്ചും ഭിന്നമായ മറ്റൊരു പുസ്തകമാണ് അരുന്ധതി റോയി എഴുതിയിരിക്കുന്നത്. ആ പുസ്തകം മുപ്പതുകളിലെ അംബേദ്ക്കര്‍-ഗാന്ധി വിവാദത്തിലാണ് ഊന്നുന്നത്. ഗാന്ധിയാണോ അംബേദ്കറാണോ ശരിയെന്ന അന്വേഷണമാണ് അതെന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും മാവോയിസ്റ്റുകളുടെ ശരികളിലേക്ക് നിരന്തരം തെന്നിവീഴുന്ന വിനാശകാരിയായ ഭാവനാലോകമാണ് ഈ ആമുഖത്തിന്റെ അന്തര്‍ധാരയായി നിലകൊള്ളുന്നത്.
വര്‍ണ്ണാശ്രമധര്‍മ്മത്തെയും ജാതിയെയും കുറിച്ച് ഗാന്ധി സ്വീകരിച്ചിരുന്ന നിലപാടുകളും, ദക്ഷിണാഫ്രിക്കയിലെ കറുത്തവരോടും ഇന്ത്യന്‍ തൊഴിലാളികളോടും ഗാന്ധി പുലര്‍ത്തിയിരുന്ന വംശീയ വിവേചനവും ഈ ആമുഖത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അരുന്ധതിറോയിയുടെ ആമുഖത്തില്‍ നിന്നും ആദ്യമായി വായിക്കുന്നവര്‍ക്ക് ഇതെല്ലാം പുതിയതായി തോന്നിയേക്കാമെങ്കിലും ഗാന്ധിയെ സൂക്ഷ്മമായി പഠിച്ചിട്ടുള്ളവര്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ മാത്രമാണവ. ഇക്കാര്യങ്ങളില്‍ എന്തെങ്കിലും പുതിയ നിരീക്ഷണമോ നിഗമനങ്ങളോ അരുന്ധതിറോയി നടത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഗാന്ധി പുലര്‍ത്തിയിരുന്ന വംശീയ വിവേചനങ്ങളെ കുറിച്ചുള്ള ദീര്‍ഘപഠനങ്ങള്‍ മലയാളത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലും വന്നിട്ടുണ്ട്. (ജെ.രഘുവിന്റെ പഠനങ്ങള്‍) ഇതുപോലും വായിക്കാന്‍ ശ്രമിക്കാത്തവരാണ് എന്തോ പുതിയ കാര്യം മനസ്സിലായിരിക്കുന്നു എന്ന മട്ടില്‍ അരുന്ധതിറോയിയുടെ വെള്ളി വെളിച്ചത്തില്‍ മയങ്ങിവീഴുകയും, അവരുടെ വാക്കുകളില്‍ ഉന്‍മാദികളാവുകയും ചെയ്യുന്നത് എന്നതുറപ്പാണ്. ഗാന്ധി ഒരു ജാതിവാദിയാണെന്ന് അരുന്ധതി പറഞ്ഞതിലൂടെ ദലിതര്‍ക്കൊരു പുതിയലോകം തുറന്നുകിട്ടിയിരിക്കുകയാണെന്നും, അന്തര്‍ദേശീയതലത്തില്‍ ഈ വിവാദം എത്തിച്ചേരുമെന്നും, അങ്ങനെ അംബേദ്കര്‍ ഗാന്ധിക്ക് മുകളില്‍ ആഘോഷിക്കപ്പെടുമെന്നും കരുതുന്ന അപകടകരവും ചിന്താശൂന്യവുമായ നിഷ്‌കളങ്കതയാണ് ഇക്കൂട്ടരുടെ കൈമുതല്‍.
വിജ്ഞാന നിര്‍മ്മിതിയിലുപയോഗിക്കുന്ന സംവര്‍ഗ്ഗങ്ങള്‍ സാര്‍വലൗകികവും, സ്വതന്ത്രവും, വസ്തുനിഷ്ഠവുമാണെന്ന സങ്കല്പം കാലഹരണപ്പെട്ടുകഴിഞ്ഞു. പ്രതിനിധാനം എന്നത് എല്ലാ സാമൂഹിക ഇടപാടുകളുടെയും ആണിക്കല്ലാണെന്ന് തിരിച്ചറിയപ്പെട്ട ലോകത്താണ് നാം ജീവിക്കുന്നതെന്ന കാര്യം മറന്നുപോകരുത്. വിജ്ഞാനവുമായി ബന്ധപ്പെട്ടും പ്രതിനിധാനപരമായ ചോദ്യങ്ങളുടെ ഒരു സമുച്ചയം തന്നെയുണ്ട്. സാമൂഹിക ശരീരത്തിന്റെ ഏതിടങ്ങളില്‍ നിന്നാണ് പുതിയ ശബ്ദങ്ങള്‍ രൂപപ്പെട്ടുവരുന്നത്? അതിന്റെ സംവാഹകര്‍ ആരാണ്? ഇവ വിജ്ഞാനവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ചോദ്യങ്ങളാണ്. അതായത് പറയുന്ന ആള്‍ സമൂഹത്തിന്റെ ഏതിടത്ത് നില്ക്കുന്നു എന്നത് പറയപ്പെടുന്ന കാര്യത്തെ നിര്‍ണ്ണയിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇത് തിരിച്ചറിയാത്തവരാണ്, പ്രതിനിധാനത്തിന്റെ ചോദ്യമുന്നയിച്ച ദലിതര്‍ വലിയ പാപം ചെയ്യുകയാണെന്ന മട്ടില്‍ പ്രതികരിച്ചത്. അരുന്ധതിറോയിയുടെ ആമുഖത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഒട്ടേറെ വിഷയങ്ങളില്‍ ദലിതരടക്കമുള്ള പാര്‍ശ്വവല്കൃത സമൂഹങ്ങള്‍ നിരന്തരം ഉന്നയിക്കുന്നതാണ് പ്രതിനിധാനത്തിന്റെ രാഷ്ട്രീയം. അരുന്ധതിറോയി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പുതിയ വിജ്ഞാനം സമൂഹത്തിന്റെ ഏതിടത്തില്‍ നിന്നാണ് രൂപപ്പെട്ടുവരുന്നത് എന്നത് പ്രധാനമാണ്. ഇക്കാര്യമാണ് ‘ദലിത് ക്യാമറ’, ‘റൗണ്ട് ടേബിള്‍’ ഇന്ത്യ അടക്കമുള്ളവര്‍ ഉന്നയിക്കാന്‍ ശ്രമിച്ചത്. ‘ജാതിനിര്‍മൂലനം എന്ന അംബേദ്കര്‍ കൃതിക്ക് ആമുഖമെഴുതാന്‍ യോഗ്യയാണെന്ന് താങ്കള്‍ സ്വയം കരുതുന്നുണ്ടോ?’ ‘ഉണ്ടെങ്കില്‍ എന്തുകൊണ്ട്?’ എന്ന നിര്‍ണ്ണായക ചോദ്യമാണ് അവര്‍ അരുന്ധതിറോയിയുടെ മുന്നില്‍ ഉയര്‍ത്തിയത്. ഇത്തരം ചോദ്യങ്ങളുടെ പ്രതിനിധാനപരവും രാഷ്ട്രീയവുമായ പ്രാധാന്യം മനസ്സിലാക്കാന്‍ വിസമ്മതിക്കുന്നതുകൊണ്ടാണ്, ‘ഞങ്ങളുടെ അംബേദ്കറെകുറിച്ച് നിങ്ങളെന്തിനാണ് പറയുന്നതെന്ന ജാതിക്കുശുമ്പാണ് ദലിതര്‍ക്കുള്ളതെന്നും, അവര്‍ക്ക് അരുന്ധതിയുടെ  പ്രശസ്തിയില്‍ അസൂയ’യാണെന്നും പ്രചരിപ്പിച്ചത്.

_____________________________
ഇന്ത്യയിലെ ദലിത് രാഷ്ട്രീയത്തെക്കുറിച്ചും, ദലിത് സമുദായത്തെക്കുറിച്ചും, അംബേദ്കറിസത്തെക്കുറിച്ചും സമര്‍ഥമായ  ദുര്‍വായനയാണ് ഈ ആമുഖത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത്. ഇത് ഒരു ആരോപണമല്ല. മറിച്ച് അരുന്ധതിറോയി നടത്തുന്ന ദുര്‍വായനകള്‍ സ്വയം വെളിപ്പെടുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഈ ആമുഖത്തിലുണ്ട്. അതിലൊന്നാണ് ഇന്ത്യയില്‍ രൂപപ്പെട്ടിരിക്കുന്ന ദലിത്‌രാഷ്ട്രീയ മുന്നേറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നഭാഗം. ഈ മുന്നേറ്റത്തിലെ പ്രധാന സംഭവമായ ബി.എസ്.പി.യുടെ പ്രാധാന്യത്തെപ്പറ്റിയും ബി.എസ്.പി യോടു വാര്‍ത്താമാധ്യമങ്ങള്‍ പുലര്‍ത്തുന്ന അസഹിഷ്ണുതയെപ്പറ്റിയും അവര്‍ വിശദീകരിക്കുന്നു. എന്തെല്ലാം കുഴപ്പങ്ങളുണ്ടെങ്കിലും ദലിതര്‍ ബി.എസ്.പിയിലൂടെ നേടിയ രാഷ്ട്രീയ വിജയം പ്രധാനമാണെന്നു തന്നെ അവര്‍ പറയുന്നു.
_____________________________

ഇത്തരം വിവാദങ്ങളെ മാറ്റിനിര്‍ത്തി, ആമുഖത്തിലേക്ക്  കടക്കുമ്പോഴാണ് അരുന്ധതിറോയിയുടെ വിശ്വബൗദ്ധികതയുടെ കൗശലങ്ങള്‍ കൂടുതല്‍ വെളിപ്പെടുന്നത്. ഇന്ത്യയിലെ ദലിത് രാഷ്ട്രീയത്തെക്കുറിച്ചും, ദലിത് സമുദായത്തെക്കുറിച്ചും, അംബേദ്കറിസത്തെക്കുറിച്ചും സമര്‍ഥമായ  ദുര്‍വായനയാണ് ഈ ആമുഖത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത്. ഇത് ഒരു ആരോപണമല്ല. മറിച്ച് അരുന്ധതിറോയി നടത്തുന്ന ദുര്‍വായനകള്‍ സ്വയം വെളിപ്പെടുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഈ ആമുഖത്തിലുണ്ട്. അതിലൊന്നാണ് ഇന്ത്യയില്‍ രൂപപ്പെട്ടിരിക്കുന്ന ദലിത്‌രാഷ്ട്രീയ മുന്നേറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നഭാഗം. ഈ മുന്നേറ്റത്തിലെ പ്രധാന സംഭവമായ ബി.എസ്.പി.യുടെ പ്രാധാന്യത്തെപ്പറ്റിയും ബി.എസ്.പി യോടു വാര്‍ത്താമാധ്യമങ്ങള്‍ പുലര്‍ത്തുന്ന അസഹിഷ്ണുതയെപ്പറ്റിയും അവര്‍ വിശദീകരിക്കുന്നു. എന്തെല്ലാം കുഴപ്പങ്ങളുണ്ടെങ്കിലും ദലിതര്‍ ബി.എസ്.പിയിലൂടെ നേടിയ രാഷ്ട്രീയ വിജയം പ്രധാനമാണെന്നു തന്നെ അവര്‍ പറയുന്നു. തുടര്‍ന്ന് അരുന്ധതിറോയി ഒരു ആശങ്ക പങ്കുവയ്ക്കുന്നു. അതിങ്ങനെയാണ് ”കീഴാള വിഭാഗങ്ങള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി മാറിയിട്ടുണ്ടെങ്കിലും, ജനാധിപത്യം തന്നെ ഗുരുതരവും ഘടനാപരവുമായ തകര്‍ച്ചയെ നേരിടുന്നു എന്നത് ആശങ്കാകുലമാണ്” (പേജ് 27) ഇതേ തുടര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തകര്‍ച്ചക്ക് ആധാരമായിരിക്കുന്ന കാരണങ്ങളിലേക്ക്, കണക്കുകളും രേഖാചിത്രങ്ങളും നിരത്തി പണ്ഡിതോചിതമായി കടക്കുകയാണ് അരുന്ധതിറോയി. ആഗോളവത്ക്കരണം, കുത്തകവത്ക്കരണം, മാധ്യമകുത്തകകള്‍, വൈശ്യജാതിയുടെ വ്യാപാരകുത്തക, ജാതിയും മൂലധനവുമായുള്ള ബന്ധമെല്ലാം വിശദമാക്കിയശേഷം അരുന്ധതി എത്തിച്ചേരുന്ന നിഗമനം ഇതാണ്. ”ജനാധിപത്യം ജാതിയെ ഉന്‍മൂലനം ചെയ്തില്ല അത് ജാതിയെ ആധുനികവത്ക്കരിക്കുകയും ദൃഢീകരിക്കുകയും ചെയ്തു. അതുകൊണ്ട് അംബേദ്കറെ വായിക്കേണ്ട സമയമാണിത്.” (പേജ് 37)
ഇന്ത്യന്‍ ജനാധിപത്യം വിരലിലെണ്ണാവുന്ന കുത്തകകളുടെ വിഹാരരംഗമായിരിക്കെ, ഭരണകൂടം അവര്‍ക്ക് പാദസേവ ചെയ്തുകൊണ്ടിരിക്കെ, ജനാധിപത്യം ഘടനാപരമായ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കെ, കീഴാളസമൂഹങ്ങള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ ശക്തിയാകുന്നതിലെ ഉപയോഗ ശൂന്യതയും അനൗചിത്യവും ബോദ്ധ്യപ്പെടുത്താനാണ് അരുന്ധതി ശ്രമിക്കുന്നത്. ദലിതരെന്നൊക്കെ അധികാരത്തിലേക്കും സമ്പത്തിലേക്കും പ്രവേശിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ഇത്തരം വിചിത്ര യുക്തികളുമായി ”മഹാത്മാക്കള്‍” രംഗത്തുവന്നിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിലെ മധ്യപ്രോവിന്‍സില്‍ ഒരു ദലിതനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ എതിര്‍ത്തുകൊണ്ടു ഗാന്ധി നിരത്തിയ ന്യായം പട്ടികജാതിക്കാര്‍ അധികാരത്തിന്റെ ദുഷിപ്പുകള്‍ ബാധിക്കാത്ത ശുദ്ധ മനുഷ്യരാണ്. അവരെ അധികാരത്തിലേക്ക് കൊണ്ടുവന്ന് ദുഷിപ്പിക്കരുത് എന്നായിരുന്നു. അതുപോലെ തന്നെ കേരളത്തില്‍ നടന്ന ഭൂപരിഷ്‌കരണത്തിലൂടെ കൃഷിഭൂമി ലഭിക്കാതെപോയ ദലിതരോടു ഇ.എം.എസ്  പറഞ്ഞത്, കര്‍ഷകതൊഴിലാളികള്‍ക്ക് കൃഷിഭൂമി ലഭിച്ചില്ലെങ്കിലും വര്‍ഗ്ഗബോധം നേടാനായത് മഹത്തായ കാര്യമാണെന്നായിരുന്നു. മറ്റുള്ളവര്‍ക്ക് കൃഷിഭൂമിയും ദലിതര്‍ക്കു വര്‍ഗ്ഗബോധവുമെന്ന ഈ വിചിത്രയുക്തി, ചരിത്രത്തിലെ വലിയ ചതിയെമൂടി വയ്ക്കാനായിരുന്നു എന്ന് ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ദേശീയ സ്വത്തിലും രാഷ്ട്രീയാധികാരത്തിലും പങ്കാളിത്തം വേണമെന്ന ദലിത് മുദ്രാവാക്യത്തോട് എണ്‍പതുകളിലെ നക്‌സലൈറ്റുകള്‍ പരിഹാസത്തോടെ പ്രതികരിച്ചിരുന്നത്, ദേശീയ സ്വത്ത് കൊള്ളമുതലാണ്. കൊള്ള മുതലില്‍ പങ്കു ചോദിക്കുന്നവര്‍ കള്ളന്‍മാരാണ് എന്നായിരുന്നു. മേല്‍ സൂചിപ്പിച്ച സമീപനങ്ങളില്‍ നിന്നും ഒട്ടും ഭിന്നമല്ല അരുന്ധതിറോയിയുടെ വാദഗതിയും. നൂറ്റാണ്ടുകളായി ബഹിഷ്‌കൃതരായിരുന്ന ഒരു ജനത അധികാരത്തിനുവേണ്ടി നടത്തുന്ന പരിശ്രമങ്ങളെ നിങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് തകര്‍ന്നതും ജനവിരുദ്ധവുമായ ജനാധിപത്യമാണെന്ന് സാക്ഷ്യപ്പെടുത്തിയും, ആഗോളമൂലധന ശക്തികളെ കുറിച്ചുള്ള ഭീതി പരത്തിയും പ്രതിരോധിക്കാനാണ് അരുന്ധതി ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ അരുന്ധതിറോയിയുടെ സ്ഥാനം ഗാന്ധിക്കും ഇ.എം.എസിനും നക്‌സലൈറ്റുകള്‍ക്കു മൊപ്പമാണെന്ന് പറയാതെ വയ്യ.
ജനാധിപത്യത്തിന്റെ തകര്‍ച്ചയെ സംബന്ധിച്ച ഇത്തരം ഭ്രമകല്പനകളുടെ യഥാര്‍ത്ഥ ഉറവിടം മാവോയിസത്തോടുള്ള അഭിനിവേശമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ജനാധിപത്യത്തെ ഒരു ഭരണക്രമമായി മാത്രമല്ല, ജീവിതരീതി കൂടിയായി മനസ്സിലാക്കിയ അംബേദ്കറിന്റെ ജനാധിപത്യസങ്കല്പങ്ങളോട് വിദൂരബന്ധം പോലും അരുന്ധതി പുലര്‍ത്തുന്നില്ല. യഥാര്‍ത്ഥത്തില്‍, ഡോ.അംബേദ്കറുടെ ഏറ്റവും മഹത്തായ സംഭാവന ജനാധിപത്യത്തെ ഘടനാപരമായി വികസിപ്പിക്കാന്‍ കഴിയുന്ന ആശയാവലികള്‍ മുന്നോട്ടുവയ്ക്കാന്‍ കഴിഞ്ഞു എന്നതാണ്. അദ്ദേഹത്തിന്റെ സാമൂഹിക ജനാധിപത്യം എന്ന സങ്കല്പം ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന സാമൂഹ്യ-രാഷ്ട്രീയ പുനഃസംഘടനയുടെ സിദ്ധാന്തവും പ്രയോഗവും ഉള്‍ക്കൊള്ളുന്നുണ്ട്. ഇതിനെ വിസ്തൃതമായ അര്‍ഥത്തില്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഇങ്ങനെ ഒരഭിപ്രായം അരുന്ധതിക്കുണ്ടാകുമായിരുന്നില്ല. കീഴാള സമൂഹങ്ങളെ പ്രതിനിധാനപരമായി എങ്ങനെ പാര്‍ലമെന്റിലെത്തിക്കാമെന്ന് സ്വന്തം ജീവിതംകൊണ്ട് ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഡോ.അംബേദ്കര്‍ക്കെതിരെ അരുന്ധതിയെന്ന പ്രഛന്ന മാവോയിസ്റ്റ് നടത്തുന്ന  ഒളിയുദ്ധമാണ് ഈ ആമുഖമെന്ന് നാം മനസ്സിലാക്കണം. അപ്പോള്‍ മാത്രമേ ചിന്താശീലരായ ദലിതര്‍ ദേശവ്യാപകമായി ഈ ആമുഖത്തിനെതിരെ രംഗത്തുവന്നതെന്തുകൊണ്ടാണെന്ന് നമുക്ക് ബോദ്ധ്യപ്പെടും.
അംബേദ്ക്കറെ വായിക്കേണ്ട സമയമാണിതെന്നു പ്രഖ്യാപിക്കുന്ന അരുന്ധതിറോയി എഴുതുന്നതു നോക്കുക ”ഭരണഘടനയെ വിധ്വംസകമായി ഉപയോഗിക്കുന്നതും ഭരണഘടനയാല്‍ പരിമിതപ്പെടുന്നതും രണ്ടു കാര്യങ്ങളാണ്. അംബേദ്കറുടെ സാഹചര്യം ഒരു വിപ്ലവകാരി ആയിരിക്കുവാനും അതേ സമയം തന്നെ ലഭിക്കുന്ന അവസരങ്ങളിലെല്ലാം വ്യവസ്ഥയുടെ ഭാഗമായിരിക്കാനും നിര്‍ബന്ധിക്കുന്നതായിരുന്നു. ഈ രണ്ടുവശങ്ങളെയും സമര്‍ഥമായും ഫലപ്രാപ്തിയോടെയും ഉപയോഗിക്കാന്‍ കഴിഞ്ഞു എന്നിടത്താണ് അംബേദ്കറുടെ പ്രതിഭ നിലകൊള്ളുന്നത്. വര്‍ത്തമാനകാല പരിസരത്തുനിന്നു നോക്കുമ്പോള്‍ ദ്വന്ദാത്മകവും ദുര്‍ഗ്രഹവുമായ ഒരു പാരമ്പര്യത്തെയാണ് അംബേദ്കര്‍  അവശേഷിപ്പിച്ചിരിക്കുന്നത് എന്ന് കാണാം. അംബേദ്കര്‍ എന്ന വിപ്ലവകാരി, അംബേദ്കര്‍ എന്ന ഭരണഘടനാശില്പി” (പേജ് 44) ഡോ. അംബേദ്കറെപ്പറ്റി അരുന്ധതിറോയ് പുലര്‍ത്തുന്ന അബദ്ധധാരണകളുടെയും അതിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ദുര്‍വായനയുടെയും ഉത്തമദൃഷ്ടാന്തമാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വരികള്‍. ഡോ. അംബേദ്കറുടെ പ്രതിഭയെ കണ്ടെത്തിയെന്ന പ്രതീതിക്കകത്ത് അദ്ദേഹത്തില്‍ അപരിഹാര്യമായ ഒരു പിളര്‍പ്പാണ് അരുന്ധതി ദര്‍ശിക്കുന്നത്. വിപ്ലവകാരിയായ അംബേദ്ക്കറും, ഭരണഘടനാ ശില്പിയായ അംബേദ്കറും. ഈ വിഭജനത്തിലൂടെ അരുന്ധതി ലക്ഷ്യം വയ്ക്കുന്നത് ഭരണഘടനാശില്പിയെന്നപദവി അംബേദ്ക്കറിലെ വിപ്ലവകാരിയെ പരിചിതപ്പെടുത്തിയെന്ന് സ്ഥാപിക്കാനാണ്.

_________________________________
ഇന്ത്യയിലെ അയിത്തജാതിക്കാരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ഡോ. അംബേദ്കര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ തന്നെ കൊളോണിയല്‍ ഭരണാധികാരികളുമായി സംസാരിച്ചുകൊണ്ടും അവര്‍ക്കുമുന്നില്‍ തന്റെ ആവശ്യങ്ങള്‍ യുക്തിഭദ്രമായി അവതരിപ്പിച്ചുകൊണ്ടുമായിരുന്നു. സൗത്ത് ബോറോ കമ്മിറ്റിക്കുമുന്നിലും (1919) സൈമണ്‍ കമ്മീഷന്റെ മുന്നിലും (1928) വട്ടമേശസമ്മേളനങ്ങളിലും (1930-32) എല്ലാം ഈ സമീപനമാണ് അംബേദ്കര്‍ പുലര്‍ത്തിയിരുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു കാലഘട്ടത്തിലും കേവലമായ വ്യവസ്ഥാവിരുദ്ധതയോ, നിയമവിരുദ്ധതയോ പുലര്‍ത്തിയിരുന്നില്ലയെന്നത് യാദൃശ്ചികമല്ല. മറിച്ച് വ്യവസ്ഥയെ പരിഷ്‌കരിക്കുക, അതിനെ നിമയവല്ക്കരിക്കുക എന്നതാണ് സാമൂഹ്യ-രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ വഴിയെന്ന അടിസ്ഥാന ബോദ്ധ്യമായിരുന്നു അംബേദ്ക്കറ്ക്കുണ്ടായിരുന്നത്.
_________________________________

എന്നാല്‍ യാഥാര്‍ത്ഥ്യെമെന്താണ്? ഇന്ത്യയിലെ അയിത്തജാതിക്കാരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ഡോ. അംബേദ്കര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ തന്നെ കൊളോണിയല്‍ ഭരണാധികാരികളുമായി സംസാരിച്ചുകൊണ്ടും അവര്‍ക്കുമുന്നില്‍ തന്റെ ആവശ്യങ്ങള്‍ യുക്തിഭദ്രമായി അവതരിപ്പിച്ചുകൊണ്ടുമായിരുന്നു. സൗത്ത് ബോറോ കമ്മിറ്റിക്കുമുന്നിലും (1919) സൈമണ്‍ കമ്മീഷന്റെ മുന്നിലും (1928) വട്ടമേശസമ്മേളനങ്ങളിലും (1930-32) എല്ലാം ഈ സമീപനമാണ് അംബേദ്കര്‍ പുലര്‍ത്തിയിരുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു കാലഘട്ടത്തിലും കേവലമായ വ്യവസ്ഥാവിരുദ്ധതയോ, നിയമവിരുദ്ധതയോ പുലര്‍ത്തിയിരുന്നില്ലയെന്നത് യാദൃശ്ചികമല്ല. മറിച്ച് വ്യവസ്ഥയെ പരിഷ്‌കരിക്കുക, അതിനെ നിമയവല്ക്കരിക്കുക എന്നതാണ് സാമൂഹ്യ-രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ വഴിയെന്ന അടിസ്ഥാന ബോദ്ധ്യമായിരുന്നു അംബേദ്ക്കറ്ക്കുണ്ടായിരുന്നത് ഇത്തരത്തില്‍ വേറിട്ടതും അഗാധവുമായ അവബോധങ്ങളാണ് അംബേദ്ക്കറിലെ വിപ്ലവകാരിയെ രൂപപ്പെടുത്തിയത് എന്നതുകൊണ്ടാണ് ഭരണഘടനയുടെ പിതാവ് എന്ന പദവി അദ്ദേഹത്തിനൊരുഭാരമോ, അദ്ദേഹത്തിലെ വിപ്ലവകാരിയുടെ പതനമോ അല്ലെന്ന് പറയാന്‍ കഴിയുന്നത്. ഇത്തരത്തിലുള്ള ബോധ്യങ്ങളുടെ അഭാവമാണ് അരുന്ധതിയുടെ മായകാഴ്ചകള്‍ക്കും ദുര്‍വായനയ്ക്കും അടിസ്ഥാനമായിരിക്കുന്നത്.
1927-ല്‍ മനുസ്മൃതി കത്തിക്കുന്നതിന് മുന്‍പ് അംബേദ്ക്കര്‍ നടത്തുന്ന ദീര്‍ഘ പ്രസംഗത്തില്‍ ലോകത്തിന് സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന ആദര്‍ശം സംഭാവന ചെയ്ത ഫ്രഞ്ചു വിപ്ലവത്തെ പരാമര്‍ശിക്കുന്നുണ്ട്. അതായത് ലോകത്തിന്റെ വിമോചനാനുഭവങ്ങളുടെ ഭൂമികയില്‍ നിന്നുകൊണ്ടാണ് ഇന്ത്യയെ ജനാധിപത്യവല് ക്കരിക്കുന്നതിനെപ്പറ്റി അദ്ദേഹം ചിന്തിച്ചത്. ഇന്ത്യയിലെ പരമ്പരാഗത നിയമപുസ്തകമായ മനുസ്മൃതി കത്തിക്കുക മാത്രമല്ല, പകരം മുഴുവന്‍ മനുഷ്യര്‍ക്കും സമത്വം നീതിയും ഉറപ്പുവരുത്തുന്ന ഭരണഘടന ഇന്ത്യക്ക് വാഗ്ദാനം ചെയ്തുകൊണ്ടാണ് ആ പ്രസംഗം അവസാനിപ്പിക്കുന്നത്. മറ്റൊരവസരത്തില്‍ ഡോ. അംബേദ്കര്‍ ബ്രിട്ടീഷ് അധികാരികള്‍ക്ക് കൊടുത്ത ഒരു നിവേദനത്തിന്റെ തലക്കെട്ട് തന്നെ ”ഭാവി ഭരണഘടനയില്‍ ഇന്ത്യയിലെ പട്ടികവിഭാഗങ്ങളുടെ അവകാശങ്ങളെന്തായിരിക്കണം. അവ എങ്ങനെ സംരക്ഷിക്കപ്പെടണം” എന്നതായിരുന്നു. ഏറ്റവും രസകരമായ കാര്യം ഈ മെമ്മോറാണ്ഡം തയ്യാറാക്കപ്പെട്ടതുതന്നെ ഭരണഘടനയുടെ രൂപത്തിലായിരുന്നു എന്നതാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് ജനതയുടെ അവകാശങ്ങളെ നിയമവല്ക്കരിക്കുകയെന്നത് അംബേദ്കറുടെ അടിസ്ഥാന നിലപാടായിരുന്നു എന്നാണ്. കാര്യങ്ങള്‍ ഇത്രയും വ്യക്തമായിരിക്കെ, ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് എന്ന പദവി ഡോ. അംബേദ്കറിലെ വിപ്ലവകാരിയുമായി ഇടഞ്ഞു നില്ക്കുന്നതാണെന്ന അരുന്ധതിയുടെ വാദം ഫലത്തില്‍ അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ വിസ്മൃതിയിലാഴ്ത്തി പകരം പ്രയോഗിക്കാന്‍ കഴിയാതെ പോയൊരു വിപ്ലവബോധത്തിന്റെ നിരാശാഭരിതമായ ജന്‍മമായിരുന്നു അംബേദ്കറുടേതെന്ന് സ്ഥാപിക്കാനുള്ള കുത്സിതശ്രമം മാത്രമാണ്.
ഒരു കാര്യംകൂടി ഇതിനോടനുബന്ധമായി മനസ്സിലാക്കേണ്ടതുണ്ട്. ഒരു ഭരണഘടന, അത് ഏതു രാഷ്ട്രത്തിന്റേതായാലും ആ സമൂഹത്തില്‍ സക്രിയമായിരിക്കുന്ന സാമൂഹിക-രാഷ്ട്രീയ ബലാബലങ്ങളെയാണ് പ്രതിഫലിക്കുന്നത്. ഇന്ത്യന്‍ ഭരണാഘടനാ  അസംബ്ലിയും ഇത്തരം താല്പര്യങ്ങളുടെ സംഘര്‍ഷഭൂമിയായിരുന്നു എന്ന യാഥാര്‍ത്ഥ്യം   നാം മനസ്സിലാക്കണം. ആ യുദ്ധഭൂമിയില്‍ ഇന്ത്യയിലെ കീഴാള ജനതകളുടെയും, ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ക്കുവേണ്ടി അചഞ്ചലമായി നിലകൊള്ളാനും, ആധുനിക ജനാധിപത്യമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും കഴിഞ്ഞതാണ് ഡോ. അംബേദ്ക്കറുടെ മഹത്വം. ഇതിലൂടെ മേല്‍ സൂചിപ്പിച്ച വിഭാഗങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ ഒരു പരിധിവരെയെങ്കിലും സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു എന്നത് മഹത്തായ നേട്ടമായാണ് വിലയിരുത്തപ്പെടേണ്ടത്. ഭരണകൂടം ജനങ്ങളെ അടിച്ചമര്‍ത്താനുള്ള ഉപകരണം മാത്രമാണെന്നു കരുതുന്ന ഇടതുപക്ഷ ബോധത്തിനോ, ആധുനികനിയമം തന്നെ അനാവശ്യമാണെന്നു കരുതുന്ന ഫ്യൂഡല്‍ ഭീതികള്‍ക്കോ, അംബേദ്ക്കര്‍ എന്തുകൊണ്ടാണ് ഭരണഘടന എഴുതാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തതെന്ന് മനസ്സിലാക്കാനാവില്ല. ഇതേ അവബോധത്തില്‍ ജീവിക്കുന്ന അരുന്ധതിറോയിക്കും ഇത് മനസ്സിലാകാതെ പോകുകയും അവര്‍ അംബേദ്കറെ പരോക്ഷമായി കുറ്റാരോപിതനാക്കുകയും ചെയ്യുന്നു.
ഭരണഘടനയുടെ അവസാനകരടിലെത്തുമ്പോള്‍ അംബേദ്കര്‍ കടുത്ത നിരാശയിലായിരുന്നു എന്ന് അരുന്ധതി എഴുതുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ പൂര്‍ണ്ണ തൃപ്തനല്ലെങ്കിലും അദ്ദേഹം നിരാശനായിരുന്നു എന്നു പ്രഖ്യാപിക്കാന്‍ വസ്തുനിഷ്ഠമായ അടിസ്ഥാനമെന്താണെന്നത് അജ്ഞാതമാണ്. ഇന്ത്യക്ക് കൈവന്നിരിക്കുന്ന രാഷ്ട്രീയ ജനാധിപത്യം നിലനില്ക്കണമെങ്കില്‍, സമൂഹം ജനാധിപത്യപരമായി പുന:സംഘടിപ്പി ക്കപ്പെടണമെന്ന വാക്കുകള്‍ നിരാശയില്‍ നിന്നല്ല അംബേദ്ക്കര്‍ പുലര്‍ത്തിയിരുന്ന യാഥാര്‍ത്ഥ്യബോധത്തില്‍ നിന്നാണ് വരുന്നത്. രാഷ്ട്രീയമായ സമത്വവും സാമൂഹികമായ അസമത്വവുമെന്ന പുതിയൊരു വൈരുദ്ധ്യത്തിലേക്കാണ് ഇന്ത്യ പ്രവേശിക്കുന്നതെന്ന പ്രഖ്യാപനം, സാമൂഹിക പരിഷ്‌കരണത്തിന്റെ അനിവാര്യത അടിവരയിടുകയാണ് ചെയ്യുന്നത്. ഹിന്ദുകോഡ് ബില്‍ പരാജയപ്പെടുമ്പോഴും, ഇന്ത്യയിലെ ജാതിഹിന്ദുക്കള്‍ സാമൂഹിക പരിഷ്‌കരണ ശ്രമങ്ങളെ അട്ടിമറിക്കുന്നതെങ്ങനെയെന്ന പാഠമാണ് വെളിപ്പെടുത്തുന്നത്. ഇതൊന്നും തന്നെ അംബേദ്ക്കര്‍ ഭരണഘടനയുടെ കാര്യത്തില്‍ നിരാശനായിരുന്നു എന്നതിന് തെളിവല്ല. പിന്നെ, ഇല്ലാത്ത നിരാശാബോധം അംബേദ്കറില്‍ ആരോപിക്കുന്നതിന് പിന്നില്‍ ഗുഡലക്ഷ്യമാണുള്ളത്. അത് ഇന്ത്യന്‍ഭരണഘടനയെ പ്രതിസ്ഥാനത്തു നിര്‍ത്താനുള്ള മുന്നൊരുക്കമാണെന്ന് ആദിവാസി പ്രശ്‌നം ചര്‍ച്ച ചെയ്യുന്ന ഭാഗത്ത് വെളിപ്പെടുന്നുണ്ട്.
ഇന്ത്യയിലെ ആദിവാസിപ്രശ്‌നം ചര്‍ച്ച ചെയ്യുന്ന വേളയിലാണ്, ചരിത്രത്തെക്കുറിച്ചും സാമൂഹികശാസ്ത്രത്തെക്കുറിച്ചും അരുന്ധതി പുലര്‍ത്തുന്ന മധ്യവര്‍ഗ്ഗ കാല്പനിക ഭാവനകള്‍ അണപൊട്ടിയൊഴുകുന്നത്. ഇവിടെ ഡോ. അംബേദ്കറും ഇന്ത്യന്‍ ഭരണഘടനയും പ്രതികൂട്ടിലാണ്. അരുന്ധതി എഴുതുന്നു ”ഇന്ന് ആധുനിക മുതലാളിത്തത്തിന്റെ ദയാരഹിതമായ മുന്നേറ്റത്തിന് മുന്നില്‍ പ്രതിരോധം തീര്‍ത്തിരിക്കുന്നത് ആദിവാസികളാണ്. ജാതിവ്യവസ്ഥയില്‍ നിന്നും പുറത്തുകടക്കാന്‍ അംബേദ്കര്‍ സ്വീകരിച്ച വഴികളായ ആധുനികതയെയും വികസനത്തെയും വിപ്ലവകരമായി ചോദ്യം ചെയ്യുന്നതാണ് ആദിവാസികളുടെ നിലപാട്.

________________________________
ഇന്ത്യയിലെ ആദിവാസിപ്രശ്‌നം ചര്‍ച്ച ചെയ്യുന്ന വേളയിലാണ്, ചരിത്രത്തെക്കുറിച്ചും സാമൂഹികശാസ്ത്രത്തെക്കുറിച്ചും അരുന്ധതി പുലര്‍ത്തുന്ന മധ്യവര്‍ഗ്ഗ കാല്പനിക ഭാവനകള്‍ അണപൊട്ടിയൊഴുകുന്നത്. ഇവിടെ ഡോ. അംബേദ്കറും ഇന്ത്യന്‍ ഭരണഘടനയും പ്രതികൂട്ടിലാണ്. അരുന്ധതി എഴുതുന്നു ”ഇന്ന് ആധുനിക മുതലാളിത്തത്തിന്റെ ദയാരഹിതമായ മുന്നേറ്റത്തിന് മുന്നില്‍ പ്രതിരോധം തീര്‍ത്തിരിക്കുന്നത് ആദിവാസികളാണ്. ജാതിവ്യവസ്ഥയില്‍ നിന്നും പുറത്തുകടക്കാന്‍ അംബേദ്കര്‍ സ്വീകരിച്ച വഴികളായ ആധുനികതയെയും വികസനത്തെയും വിപ്ലവകരമായി ചോദ്യം ചെയ്യുന്നതാണ് ആദിവാസികളുടെ നിലപാട്. നിര്‍ഭാഗ്യവശാല്‍, പാശ്ചാത്യാധുനികതയുടെ കണ്ണടയിലൂടെ ആദിവാസികളെ നോക്കിക്കാണാന്‍ ശ്രമിച്ച അംബേദ്കറുടെ എഴുത്തുകള്‍ മറ്റു പല കാര്യങ്ങളിലും ഇപ്പോഴും പ്രസക്തമായിരിക്കെ, ആദിവാസികളുടെ കാര്യത്തില്‍ കാലഹരണപ്പെട്ടിരിക്കുന്നു.” നീണ്ട അഞ്ചുവര്‍ഷം അംബേദ്കര്‍ കൃതികളില്‍ ഗവേഷണം നടത്തിയ അരുന്ധതി കണ്ടെത്തിയ കാര്യമാണിത്. ബാക്കി കാര്യങ്ങളില്‍ അംബേദ്കര്‍ പ്രസക്തനാണെങ്കിലും ആദിവാസി പ്രശ്‌നത്തില്‍ അംബേദ്കര്‍ കാലഹരണപ്പെട്ടിരിക്കുന്നു.
________________________________

നിര്‍ഭാഗ്യവശാല്‍, പാശ്ചാത്യാധുനികതയുടെ കണ്ണടയിലൂടെ ആദിവാസികളെ നോക്കിക്കാണാന്‍ ശ്രമിച്ച അംബേദ്കറുടെ എഴുത്തുകള്‍ മറ്റു പല കാര്യങ്ങളിലും ഇപ്പോഴും പ്രസക്തമായിരിക്കെ, ആദിവാസികളുടെ കാര്യത്തില്‍ കാലഹരണപ്പെട്ടിരിക്കുന്നു.” നീണ്ട അഞ്ചുവര്‍ഷം അംബേദ്കര്‍ കൃതികളില്‍ ഗവേഷണം നടത്തിയ അരുന്ധതി കണ്ടെത്തിയ കാര്യമാണിത്. ബാക്കി കാര്യങ്ങളില്‍ അംബേദ്കര്‍ പ്രസക്തനാണെങ്കിലും ആദിവാസി പ്രശ്‌നത്തില്‍ അംബേദ്കര്‍ കാലഹരണപ്പെട്ടിരിക്കുന്നു.
മൂലധനവിരുദ്ധ സമരത്തിന്റെ കുന്തമുനയായി  ആദിവാസികളെ തിരിച്ചറിയുകയും, അംബേദ്കറെ കാലഹരണപ്പെടുത്തുകയും ചെയ്തതിന്റെ ആഹ്ലാദത്തില്‍ അരുന്ധതി അറിയാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളും ഇനിയും പരിഷ്‌കരിക്കപ്പെടേണ്ടതുണ്ടെന്ന അചഞ്ചലമായ വിശ്വാസം അംബേദ്കര്‍ക്കുണ്ടായിരുന്നു. ആദിവാസികള്‍ മാത്രമല്ല, ഇന്ത്യയിലെ സവര്‍ണ്ണരും പരിഷ്‌കരിക്കപ്പെ ടേണ്ടവരാണെന്ന് തുറന്ന് പ്രഖ്യാപിച്ച അപൂര്‍വ്വം ഇന്ത്യന്‍ നേതാക്കളില്‍ ഒരാളായിരുന്നു അംബേദ്കര്‍ എന്ന കാര്യം നാം വിസ്മരിച്ചുകൂടാ. മാത്രവുമല്ല പാശ്ചാത്യ ലിബറല്‍ ആശയങ്ങളെ പിന്‍പറ്റുമ്പോഴും ഇന്ത്യന്‍ സമൂഹത്തിന്റെ വൈവിദ്ധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ രാഷ്ട്രീയ ചിന്തകനായിരുന്നു അദ്ദേഹം. സാമൂഹികമായി വേര്‍തിരിക്കപ്പെട്ടവര്‍. രാഷ്ട്രീയമായും വേര്‍തിരിക്കപ്പെടണമെന്ന അംബേദ്കര്‍ സിദ്ധാന്തം ഇന്ത്യയിലെ ആദിവാസികളടക്കം എല്ലാ വൈവിദ്ധ്യങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്. ഇത്തരമൊരു തിരിച്ചറിവ് അംബേദ്കറിന്റെ കാലത്തെ പാശ്ചാത്യലിബറല്‍ സിദ്ധാന്തങ്ങള്‍ക്കില്ലായിരുന്നു എന്നുകൂടി നാമോര്‍ക്കണം. ഡോ. അംബേദ്കര്‍ ജീവിതത്തിലുടനീളം ബഹിഷ്‌കൃതരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്കുവേണ്ടി നിലയുറപ്പിച്ചത് രാഷ്ട്രീയമായ ഈ തിരിച്ചറിവ് മൂലമാണ്. മാത്രവുമല്ല, ഇന്നത്തെ വിഭവകൊള്ളയുടെയും മൂലധനാക്രമണത്തിന്റെയും കഥകള്‍ നിരത്തി ആധുനികതയെയും വികസനത്തെയും ഏകപക്ഷീയമായി തള്ളിപ്പറയുന്നത് ചിന്താശൂന്യമായ നടപടിയാണ്. ആധുനികത, ഇന്ത്യന്‍ സമൂഹത്തില്‍ സൃഷ്ടിച്ച അഗാധമായ പിളര്‍പ്പുകളെയും കുതിപ്പുകളെയും എക്കാലത്തും ഭീതിയോടെ മാത്രം കണ്ടിരുന്ന ഫ്യൂഡല്‍-സവര്‍ണ്ണ ജ്ഞാനബോധത്തിന്റെ പടുകുഴിയില്‍ കിടന്നു നോക്കുന്നതുകൊണ്ടാണ് അരുന്ധതിക്ക് അംബേദ്കര്‍ ഒരു അജ്ഞാതദേശമായി മാറുന്നതും, ആദിവാസികള്‍ മുതലാളിത്തവിരുദ്ധ കലാപകാരികളായി മാത്രം അടയാളപ്പെടുന്നതും.
ഗാന്ധിക്ക് പട്ടികജാതിക്കാരോടുണ്ടായിരുന്ന ഉദാരസമീപനം തന്നെയാണത്രേ അംബേദ്കര്‍ക്ക് ആദിവാസികളോടുണ്ടായിരുന്നത്. ഇത്തരം ഉദാരതകളെ നിഷേധിച്ച ആദിവാസികള്‍ മധ്യേന്ത്യയില്‍ ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ആഭ്യന്തര യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണെന്ന് അരുന്ധതി ആവേശത്തോടെ എഴുതുന്നുണ്ട്. ”മധ്യേന്ത്യയിലെ കാടുകളില്‍ കേന്ദ്ര ഗവണ്‍മെന്റ് നിയോഗിച്ചിരിക്കുന്ന ആയിരക്കണക്കിന് വരുന്ന സൈനികശക്തിയോടേറ്റുമുട്ടുന്ന മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൈനികവിഭാഗമായ ജനകീയ വിമോചന ഗറില്ലാ സൈനിക ദളത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ആദിവാസികളാണ്.” ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ അവരുടെ സങ്കല്പത്തിലുള്ള തൊഴിലാളിവര്‍ഗ്ഗ ഭരണകൂടം സൃഷ്ടിക്കാന്‍ നടത്തുന്ന സായുധസമരത്തെ, ഏതോ ആദിവാസിക കാര്യമാണെന്ന മട്ടില്‍ കെട്ടിയെഴുന്നെള്ളിക്കുമ്പോള്‍ ഇന്ത്യയിലെ ആദിവാസികള്‍ക്കുമുന്നിലുള്ള ഒരേ ഒരു വഴി മാവോയിസമാണെന്ന് സ്ഥാപിക്കാനാണ് അരുന്ധതി ശ്രമിക്കുന്നത്.
എന്നാല്‍ അരുന്ധതിയെ പോലുള്ളവര്‍ മനസ്സിലാക്കേണ്ട കാര്യം, ഡോ. അംബേദ്കറെ സംബന്ധിച്ചിടത്തോളം ദലിതരും ആദിവാസികളും മൂലധന വിരുദ്ധ കലാപകാരികളായിരുന്നില്ല, മറിച്ച് തുല്യനീതിക്കവേണ്ടി നിലകൊള്ളുന്ന ജനതയായിരുന്നു. ഇന്ത്യാചരിത്രത്തെ കുറിച്ചുള്ള അംബേദ്കറുടെ സങ്കല്പങ്ങള്‍ക്കാധാരമായിരിക്കന്നത് കാര്‍ഷികകലാപങ്ങളോ, ഗോത്രവര്‍ഗ്ഗ കലാപങ്ങളോ അല്ല എന്നത് യാദൃശ്ചികമല്ലെന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും അരുന്ധതി പുലര്‍ത്തണമായിരുന്നു. ഡോ. അംബേദ്ക്കര്‍ മറ്റൊരു അഭിപ്രായമാണ് രേഖപ്പെടുത്തിയിള്ളത് ”ഇന്ത്യയിലെ ആദിവാസികള്‍ ജനസംഖ്യാപരമായി കേന്ദ്രീകരണമുള്ളതുകൊണ്ട് അവര്‍ക്ക് രാഷ്ട്രീയാധികാരത്തിലേക്ക് കടന്നുവരാന്‍ എളുപ്പമാണ്. എന്നാല്‍, അയിത്തജാതിക്കാര്‍ ചിതറപ്പെട്ടവരായതുകൊണ്ട് അവര്‍ക്കുമുന്നില്‍ വലിയ പ്രതിസന്ധിയാണുള്ളത്.’‘ വടക്കുകിഴക്കന്‍ ഇന്ത്യയിലും മധ്യേന്ത്യയിലും ആദിവാസികള്‍ക്ക് പാര്‍ലമെന്ററി രാഷ്ട്രീയത്തിലൂടെ അധികാരത്തിലേക്ക് വരാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് അംബേദ്കറുടെ അഭിപ്രായത്തെ ശരിവയ്ക്കുന്നുണ്ട്. ദലിതര്‍ക്കാണെങ്കില്‍ ബി.എസ്.പി നടത്തിയ മുന്നേറ്റമല്ലാതെ മറ്റൊന്നും ചൂണ്ടിക്കാണിക്കാനുമില്ല. ആദിവാസിയായ ഷിബുസോറനും, ദലിതയായ മായാവതിയും പാര്‍ലമെന്ററി രാഷ്ട്രീയത്തിലിടപെടുന്നത് ദലിതരെയും ആദിവാസികളെയും കബളിപ്പിക്കാനാണെന്ന് പ്രചരിപ്പിക്കുകയും, ദലിതരുടെയും ആദിവാസികളുടെയും വഴി സായുധസമരത്തിന്റേതു മാത്രമാണെന്നും വിശ്വസിക്കുകയും ചെയ്യുന്ന മധ്യവര്‍ഗ്ഗ-സവര്‍ണ്ണ ഭാവനകളില്‍ ജീവിക്കുന്ന അരുന്ധതിറോയിക്ക് അംബേദ്ക്കറെ മനസ്സിലാക്കാന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടിവരും.
ഇന്ത്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നു എന്നും ഗ്രാമസ്വരാജ് ആണ് ഇന്ത്യയുടെ മുന്നിലുള്ള വഴിയെന്നും ഗാന്ധി പ്രഖ്യാപിച്ചപ്പോള്‍, ഇന്ത്യന്‍ ഗ്രാമങ്ങള്‍ അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും സങ്കുചിതത്വത്തിന്റെയും ചളിക്കുണ്ടാണെന്ന അഭിപ്രായമാണ് അംബേദ്കറിനുണ്ടായിരുന്നത്. ഈ സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി അരുന്ധതി ചില അഭിപ്രായങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഗാന്ധി പാരമ്പര്യത്തെ പിന്‍പറ്റിയപ്പോള്‍ അംബേദ്കര്‍ ആധുനികതയെ സ്വീകരിച്ചു എന്നവര്‍ നിരീക്ഷിക്കുന്നു. എന്നാല്‍ സമകാലീനാവസ്ഥയില്‍ ആധുനികത സൃഷ്ടിച്ച വികസന സങ്കല്പനം ലോകത്തിന്റെ നിലനില്പിന് ഭീഷണിയായതോടെ ഗാന്ധിയുടെ ആധുനികതാ വിമര്‍ശനം ലോകത്തിന് സ്വീകാര്യമാകുകയും അംബേദ്കറുടെ ആധുനികതാവാദം തള്ളിപ്പോവുകയും ചെയ്തിരിക്കുന്നു. ജാതി വിവേചനത്തിന്റെ മതില്‍ക്കെട്ട് തകര്‍ത്തു മുന്നേറാനുള്ള തിടുക്കത്തില്‍ പാശ്ചാത്യാധുനികതയുടെ കുഴപ്പങ്ങള്‍ മനസ്സിലാക്കാന്‍ അംബേദ്കര്‍ക്ക് കഴിഞ്ഞിരുന്നില്ല എന്ന ഗുരുതരമായ ആരോപണമാണ് അംബേദ്കര്‍ക്കെതിരെ അരുന്ധതി ഉന്നയിക്കുന്നത്. അവര്‍ എഴുതുന്നു ”ഭൗമതാപം വര്‍ദ്ധിക്കുകയും, ഹിമകൊടുമുടികള്‍ ഉരുകുകയും, കാടുകള്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്ന സമകാലീന സാഹചര്യത്തില്‍ ഗാന്ധിയുടെ വാക്കുകള്‍ പ്രവചന സ്വഭാവമുള്ളതായി മാറുകയാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നീതിപൂര്‍വ്വകവും സുന്ദരവുമായ ഇന്ത്യന്‍ ഭൂതകാലത്തെ ആദര്‍ശവല്ക്കരി ക്കുന്നുതിലേക്ക് ആണ് ആധുനിക സംസ്‌കാരത്തോടുള്ള ഭീതി അദ്ദേഹത്തെ കൊണ്ടു ചെന്നെത്തിച്ചത്. ഭൂതകാലത്തിന്റെ കൊടിയ വിവേചനങ്ങളെ കുറിച്ച് വേദനാകരമായ തിരിച്ചറിവ് അംബേദ്കര്‍ക്കുണ്ടായിരുന്നെങ്കിലും അതില്‍നിന്നും രക്ഷ നേടാനുള്ള തിടുക്കത്തില്‍ പാശ്ചാത്യാധുനികതയുടെ ദുരന്തപൂര്‍ണ്ണമായ അപകടങ്ങളെ തിരിച്ചറിയുന്നതില്‍ അംബേദ്കര്‍ പരാജയപ്പെടുകയായിരുന്നു.” (പേജ് 50)
ഡോ. അംബേദ്കര്‍ പാശ്ചാത്യ ആധുനികതയുടെ ഏകപക്ഷീയമായ സ്വീകര്‍ത്താവും വക്താവുമാണെന്ന വാദം തന്നെ അതിശയോക്തിപരമാണ്. ഇത്തരം അതിശയോക്തികളിലാണ് അംബേദ്കര്‍ ബ്രിട്ടീഷ്ചാരനായും ഒറ്റുകാരനായും മുദ്രകുത്തപ്പെടുന്നതെന്ന ചരിത്രാനുഭവം നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ അരുന്ധതി മനസ്സിലാക്കേണ്ട കാര്യം, ഡോ. അംബേദ്കര്‍ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ കീഴാള നേതൃത്വങ്ങളും കൊളോണിയല്‍ ആധുനികതയോട് സവിശേഷമായ രീതിയില്‍ സംവദിച്ചിട്ടുണ്ട്. ഫൂലെയും, ശ്രീനാരായണഗുരുവും, അയ്യന്‍കാളിയും, പൊയ്കയില്‍ അപ്പച്ചനുമെല്ലാം ഈ ധാരയിലുള്ളവരാണ്. ജീര്‍ണ്ണവും നിശ്ചലവുമായ ഇന്ത്യന്‍ സമൂഹത്തെ കൂടുതല്‍ ചലന ക്ഷമമാക്കാനുള്ള ഉപാധിയെന്ന നിലയ്ക്കാണ് അവര്‍ ആധുനികതയെ സ്വീകരിച്ചത്. ഇത്തരം പ്രശ്‌ന സങ്കീര്‍ണ്ണതകളെ കാണാതെ, ആധുനിക വികസനം സൃഷ്ടിച്ച ദുരന്തങ്ങള്‍ അംബേദ്കറിലും കീഴാള നേതൃത്വങ്ങളിലും ആരോപിക്കാന്‍ കഴിയുന്നൊരു യുക്തിയെ വികസിപ്പിക്കാനാണ് അരുന്ധതി ശ്രമിക്കുന്നത്. പാശ്ചാത്യാധുനികതയുടെ കുഴപ്പങ്ങളുടെയും കുഴപ്പമില്ലായ്മയുടെയും ആധുനികാനന്തര കാലത്തെ തിരിച്ചറിവിന്റെ യുക്തിയിലല്ല മുപ്പതുകളില്‍ അംബേദ്കറും ഗാന്ധിയും സംസാരിച്ചിരുന്നതെന്ന ലളിതസത്യം അരുന്ധതി കണ്ടില്ലെന്നു നടിക്കുന്നതെന്തുകൊണ്ടാണ്? ഇന്ത്യ ഗ്രാമങ്ങളിലേക്ക് മടങ്ങണമെന്ന് ഗാന്ധി പറഞ്ഞപ്പോള്‍, ഇന്ത്യന്‍ ഗ്രാമങ്ങള്‍ അജ്ഞതയുടെയും സങ്കുചിതത്വത്തിന്റെയും ചളിക്കുണ്ടാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞതുകൊണ്ടാണ് അംബേദ്കര്‍ ആധുനികതയെ സ്വീകരിച്ചത്. മാത്രവുമല്ല മുപ്പതുകളില്‍ ലിബറല്‍ ജനാധിപത്യത്തിന്റെ ഉത്തമമാതൃകയായിരുന്ന ക്ഷേമരാഷ്ട്രസങ്കല്പത്തെയാണ് അംബേദ്കര്‍ പിന്‍പറ്റാന്‍ ശ്രമിച്ചത് എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അല്ലാതെ അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്ന മറ്റൊരു വഴി മാര്‍ക്‌സിസത്തിന്റേതായിരുന്നെങ്കിലും, ഒരു സിദ്ധാന്തമെന്ന നിലയില്‍ മാര്‍ക്‌സിസത്തെ നിഷേധിക്കാന്‍ കഴിഞ്ഞു എന്നത് അംബേദ്കര്‍ നടത്തിയ മഹത്തായ വിപ്ലവമായിരുന്നു എന്ന് പില്ക്കാല ചരിത്രം തെളിയിച്ചിട്ടുണ്ട്.

______________________________
ഗാന്ധിക്ക് പട്ടികജാതിക്കാരോടുണ്ടായിരുന്ന ഉദാരസമീപനം തന്നെയാണത്രേ അംബേദ്കര്‍ക്ക് ആദിവാസികളോടുണ്ടായിരുന്നത്. ഇത്തരം ഉദാരതകളെ നിഷേധിച്ച ആദിവാസികള്‍ മധ്യേന്ത്യയില്‍ ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ആഭ്യന്തര യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണെന്ന് അരുന്ധതി ആവേശത്തോടെ എഴുതുന്നുണ്ട്. ”മധ്യേന്ത്യയിലെ കാടുകളില്‍ കേന്ദ്ര ഗവണ്‍മെന്റ് നിയോഗിച്ചിരിക്കുന്ന ആയിരക്കണക്കിന് വരുന്ന സൈനികശക്തിയോടേറ്റുമുട്ടുന്ന മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൈനികവിഭാഗമായ ജനകീയ വിമോചന ഗറില്ലാ സൈനിക ദളത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ആദിവാസികളാണ്.” ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ അവരുടെ സങ്കല്പത്തിലുള്ള തൊഴിലാളിവര്‍ഗ്ഗ ഭരണകൂടം സൃഷ്ടിക്കാന്‍ നടത്തുന്ന സായുധസമരത്തെ, ഏതോ ആദിവാസിക കാര്യമാണെന്ന മട്ടില്‍ കെട്ടിയെഴുന്നെള്ളിക്കുമ്പോള്‍ ഇന്ത്യയിലെ ആദിവാസികള്‍ക്കുമുന്നിലുള്ള ഒരേ ഒരു വഴി മാവോയിസമാണെന്ന് സ്ഥാപിക്കാനാണ് അരുന്ധതി ശ്രമിക്കുന്നത്.
______________________________

സാമ്പത്തിക ശാസ്ത്രചിന്തകളെ സാമൂഹികനീതിയുമായി ബന്ധിപ്പച്ചു കാണേണ്ടതിന്റെ പ്രാധാന്യം എനിക്ക് ബോദ്ധ്യപ്പെട്ടത് ഡോ. അംബേദ്കറുടെ കൃതികളില്‍ നിന്നാണെന്ന് ലോകപ്രശസ്ത സമ്പദ്ശാസ്ത്രകാരനും നോബല്‍ ജേതാവുമായ അമര്‍ത്യാസെന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതു സൂചിപ്പിക്കുന്നത് ഇന്ത്യയിലെ വലിയ അണക്കെട്ടുകളുടെയും, ഖനികളുടെയും, നഗരങ്ങളുടെയും ദുരന്തങ്ങളുടെ ഉത്തരവാദിത്വം അരുന്ധതി ആഗ്രഹിക്കുന്നതുപോലെ അംബേദ്കറുടെ തലയില്‍ കെട്ടിവയ്ക്കാനാവില്ല എന്നു തന്നെയാണ് സനാതന ഹിന്ദുത്വത്തിന്റെ സംരക്ഷണാര്‍ത്ഥം ഗാന്ധി നടത്തിയ ആധുനികതാ വിമര്‍ശനങ്ങള്‍ പില്ക്കാലത്ത് ശരിയായി തീര്‍ന്നതായി അരുന്ധതി  നിരീക്ഷിക്കുന്നുണ്ട്. ഗാന്ധി വലിയ തിരിച്ചുവരവ് നടത്തിക്കൊണ്ടിരക്കുന്നു എന്ന് ഗാന്ധിയന്‍മാരും അവകാശപ്പെടാറുണ്ടെങ്കിലും, ലോകത്തിലെ ഏതെങ്കിലും ഒരു ജനത ഗാന്ധിയെ തങ്ങളുടെ നേതാവായി ഏറ്റെടുത്തതിന്റെ ചരിത്രമില്ല.  പ്രതിജീവിതബോധമുള്ള വ്യക്തികളാണ് ഗാന്ധിയന്‍മാരായി പ്രത്യക്ഷപ്പെടുന്നത്. അതിസമ്പന്നന്‍മാര്‍, വന്‍കിട ബ്യൂറോക്രാറ്റുകള്‍, ഔദ്യോഗിക സൗകര്യങ്ങള്‍ ആശയപ്രചാരണത്തനായി ഉപയോഗിക്കുന്നവര്‍, വലിയ പദവികളുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളിലെ പ്രതിജീവിതബോധമാണ് ഗാന്ധിയിലൂടെ ആഘോഷിക്കപ്പെടുന്നത്. എന്തുകൊണ്ടാണ് ഇന്ത്യയിലെ ദരിദ്രനാരായണന്‍മാര്‍ കൂട്ടത്തോടെ ഗാന്ധിയന്‍മാരായി പ്രത്യക്ഷപ്പെടാത്തത് എന്ന ചോദ്യം നാം ചോദിക്കാതിരിക്കരുത്. എന്നാല്‍ അംബേദ്ക്കറുടെ ചരിത്രം അതല്ല. 1956-ല്‍ ഡോ. അംബേദ്ക്കര്‍ മരിക്കുമ്പോള്‍ വളരെ ചെറിയ അനുയായി വൃന്ദമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഇന്ന് ലോകവ്യാപകമായി തന്നെ ജനതകള്‍, പ്രത്യേകിച്ച് ബഹിഷ്‌കൃത വിഭാഗങ്ങള്‍ സ്വീകരിക്കുന്ന നേതൃത്വമായി അംബേദ്കര്‍ മാറിയിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും ബഹിഷ്‌കൃതരായ വിഭാഗങ്ങള്‍ അംബേദ്കറാണ് ഞങ്ങളുടെ വഴികാട്ടിയും നേതാവുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അംബേദ്ക്കര്‍ മുന്നോട്ടുവച്ച സാമൂഹിക ജനാധിപത്യസങ്കല്പവും പ്രതിനിധാന രാഷ്ട്രീയത്തിന്റെ ഉള്ളടക്കവും ലോകത്തിന് മാതൃകയായതുകൊണ്ടാണ് യൂറോപ്പിലെ ബഹിഷ്‌കൃതരും അംബേദ്കറിലേക്ക് ഉറ്റുനോക്കുന്നത്. സമകാലീന ലോകം അംബേദ്കറിലൂടെ നേടിയെടുത്തിരിക്കുന്ന വൈജ്ഞാനികവും രാഷ്ട്രീയവുമായ ബോധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ, മുപ്പതുകളുടെ ഗാന്ധിയുടെ നിഴലില്‍ അംബേദ്കറെ അന്വേഷിക്കുന്നവര്‍ക്കുണ്ടാകുന്ന സ്വഭാവിക ദുരന്തമാണ് അരുന്ധതിയുടെ ആമുഖത്തിനും സംഭവിച്ചിരിക്കുന്നത്.

Top