ദല്‍ഹി പ്രതിഷേധങ്ങളും ദേശീയതാ മാനദണ്ഡങ്ങളും

ദല്‍ഹി പ്രതിഷേധങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച ദേശീയതാ മാനദണ്ഡത്തിന്റെ അധികാരത്തെക്കുറിച്ചും അധീശത്വത്തെക്കുറിച്ചും നാം കൂടുതല്‍ പഠനം നടത്തേണ്ടതുണ്ട് എന്നു തോന്നുന്നു. ബ്രാഹ്മണ ഉന്നതജാതി ഗ്രൂപ്പുകള്‍ ഇത്തരം ചര്‍ച്ചകളില്‍ സ്വയം പ്രതിഷ്ഠിച്ച് ഒരു സാര്‍വലൌകീക സ്വത്വം (Universal self) എന്ന പദവിയേറ്റെടുക്കുകയും തങ്ങളുടെ ജാതിമേധാവിത്വം പുനസ്ഥാപിക്കാന്‍ ദേശത്തിന്റെ പേരില്‍ സ്വയം ഒരുങ്ങിപ്പുറപ്പെടുകയും ചെയ്യുന്നു. അണ്ണാഹസാരെ മൂവ്മെന്റ്, രണ്ടാം മണ്ഡല്‍വിരുദ്ധ സമരം തുടങ്ങിയ വര്‍ത്തമാനകാല കാംപെയിനുകളിലും ഇത്തരത്തിലുള്ള പ്രവണതകള്‍ ഉണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. ലിംഗ നീതിയുമായി ബന്ധപ്പെട്ട മുഖ്യധാരാ ചര്‍ച്ചകള്‍ എങ്ങിനെയാണ് ഇത്തരം അധീശത്ത്വത്തെ ഉറപ്പിക്കാന്‍ സഹായകരമാകുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കുകയും ഇന്ത്യന്‍ ദേശീയതയുടെ തന്നെ സമകാലിക രൂപങ്ങളുടെ ചരിത്രപരമായ വേരുകളെക്കുറിച്ചും നാം അന്വേഷിക്കേണ്ടിയിരിക്കുന്നു

കേരളത്തിലെ വിദൂരമായ ഒരു സ്ഥലത്ത് പൊട്ടിപ്പൊളിഞ്ഞ ടാറിട്ട റോഡില്‍,  ചോക്കുകൊണ്ട് ഇങ്ങനെ കുറിച്ചിരിക്കുന്നു. “സഹോദരീ നിനക്കുവേണ്ടി, ബാഡ് ന്യൂ ഇയര്‍”.

ദല്‍ഹിയില്‍, ബസില്‍വെച്ച് ക്രൂരമായ ബലാത്സംഗത്തിന് വിധേയമായി മരണമടഞ്ഞ പെണ്‍കുട്ടിയെ അഭിസംബോധന ചെയ്യുന്നതാണ്  ഈ പരാമര്‍ശം. ഡല്‍ഹി പ്രതിഷേധത്തെക്കുറിച്ച് സംഭ്രമിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന, ആ പെണ്‍കുട്ടിയെ “ദേശത്തിന്റെ പുത്രിയും” “സഹോദരിയുമായി” ചിത്രീകരിക്കുന്ന പ്രാദേശിക പത്രഭാഷയുടെ തനിപകര്‍പ്പായിരുന്നു അത്. എന്തായാലും, ഈ പ്രതിഷേധങ്ങള്‍ വളരെ ഉപരിപ്ളവവും ആലങ്കാരികവുമാണെന്ന് ഒരാള്‍ക്ക് തോന്നാത്ത വിധത്തില്‍ വിദൂരതകളില്‍പ്പോലും അതിന്റെ സാന്നിധ്യം  ദൃശ്യമാക്കിയിരുന്നു. ഭൂരിഭാഗം സ്ത്രീകളുടെ അത്യാവശ്യ വിഷയങ്ങളുമായി ബന്ധപ്പെട്ടതോ അവരുടെ ജീവിതത്തില്‍ എന്തെങ്കിലും സ്വാധീനം വരുത്താനോ ഈ സമരത്തിനു കഴിഞ്ഞെന്നു വരില്ല. അതായത് ബലാല്‍സംഗത്തെക്കുറിച്ചുള്ള  ഇത്തരം ചര്‍ച്ചകള്‍, അത് വളരെയധികം അനുഭവിക്കുന്ന ദലിത്-ആദിവാസി- ന്യൂനപക്ഷ സ്ത്രീകളെ കൂടാതെയുള്ളതും, കൂടുതല്‍ സുരക്ഷിതരായവരെ കുറിച്ചുള്ളതുമാണെന്നതാണ് അവയുടെ പരാജയം.1 അങ്ങ് വിദൂരമായ ഡല്‍ഹിയില്‍ നടന്നതിന്റെ അലയടികള്‍ വിചിത്രമായി സാധിച്ച ഇത്തരം തന്ത്രങ്ങളെ പരിഗണിച്ചുകൊണ്ട് ഈ പരാജയത്തക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നു.2

ഇതിന് ദല്‍ഹി പ്രതിഷേധങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച  ദേശീയതാ മാനദണ്ഡത്തിന്റെ അധികാരത്തെക്കുറിച്ചും അധീശത്വത്തെക്കുറിച്ചും നാം കൂടുതല്‍ പഠനം നടത്തേണ്ടതുണ്ട് എന്നു  തോന്നുന്നു. ബ്രാഹ്മണ ഉന്നതജാതി ഗ്രൂപ്പുകള്‍ ഇത്തരം ചര്‍ച്ചകളില്‍ സ്വയം പ്രതിഷ്ഠിച്ച്  ഒരു സാര്‍വലൌകീക സ്വത്വം (Universal self) എന്ന പദവിയേറ്റെടുക്കുകയും തങ്ങളുടെ ജാതിമേധാവിത്വം പുനസ്ഥാപിക്കാന്‍ ദേശത്തിന്റെ പേരില്‍ സ്വയം ഒരുങ്ങിപ്പുറപ്പെടുകയും ചെയ്യുന്നു. അണ്ണാഹസാരെ മൂവ്മെന്റ്  രണ്ടാം മണ്ഡല്‍വിരുദ്ധ സമരം തുടങ്ങിയ വര്‍ത്തമാനകാല കാംപെയിനുകളിലും ഇത്തരത്തിലുള്ള പ്രവണതകള്‍ ഉണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. ലിംഗനീതിയുമായി ബന്ധപ്പെട്ട മുഖ്യധാരാ ചര്‍ച്ചകള്‍ എങ്ങിനെയാണ് ഇത്തരം അധീശത്ത്വത്തെ ഉറപ്പിക്കാന്‍ സഹായകരമാകുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കുകയും  ഇന്ത്യന്‍ദേശീയതയുടെ തന്നെ സമകാലിക രൂപങ്ങളുടെ ചരിത്രപരമായ വേരുകളെക്കുറിച്ചും നാം അന്വേഷിക്കേണ്ടിയിരിക്കുന്നു.

ഹിന്ദു-ജാതിദേശം

ഇത്തരം പ്രക്ഷേഭണങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ വശം ഏതെന്നുവച്ചാല്‍, വ്യത്യസ്താഭിപ്രായങ്ങള്‍ ഉണ്ടായിരിക്കെത്തന്നെ (ബലാത്സംഗം, ബലാത്സംഗ വിരുദ്ധനിയമങ്ങള്‍, സ്ത്രീവാദം തുടങ്ങിയ വിഷയങ്ങളില്‍)  പ്രതിഷേധക്കാരുടെ ഒരുവിഭാഗം അച്ചടി-ദൃശ്യമാധ്യമങ്ങളുടെ  സഹായത്തോടെ തങ്ങളെ ദേശീയസ്വത്വമായി  സ്വയം അവരോധിക്കുകയാണ് ചെയ്യുന്നത്. ഏതെങ്കിലും ജാതിയിലേക്കോ സമുദായത്തിലേക്കോ ചുരുക്കപ്പെടാത്ത ആദര്‍ശാത്മക പെണ്‍ ഇരയായി ബലാല്‍സംഗത്തിന് വിധേയയായ പെണ്‍കുട്ടി ചിത്രീകരിക്കപ്പെടുന്നു. അവള്‍ പിന്നാക്ക(കുര്‍മി) സമുദായത്തില്‍പെട്ടവളാണെങ്കിലും എല്ലാ സ്വത്വചിഹ്നങ്ങളും നിരാകരിക്കപ്പെട്ട് ദേശീയതയുടെ ചരടുമാത്രം അവളെ അണിയിച്ചു. ദയനീയമായി മരിക്കുന്നതു വരേയും അവളുടെ സമുദായം ഏതാണെന്ന വസ്തുത മറച്ചുവയ്ക്കപ്പെട്ടു. ഏതെങ്കിലും സമുദായത്തിന്റെയോ പ്രദേശത്തിന്റെയോ ജാതിയുടേയോ അല്ല ദേശത്തിന്റെ മകളും സഹോദരിയുമായി അവള്‍ മാറി. അതിനാല്‍ത്തന്നെ രാജ്യത്തുടനീളം സമാനമായ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ കാരണമായ പ്രതികരണങ്ങള്‍ ഇതുണ്ടാക്കിയതില്‍ അത്ഭുതപ്പെടാനില്ല.
മാധുരി സല്‍സോ ഈയടുത്ത കാലത്ത് നിരീക്ഷിച്ചതുപോലെ, “അതിക്രമത്തിനെതിരെയും, നീതിക്കുംവേണ്ടിയുമുള്ള സമാനമായ പ്രക്ഷോഭണങ്ങള്‍ ദേശീയസമരങ്ങളായോ അല്ലെങ്കില്‍ നിലനില്‍ക്കത്തക്ക ഒരു സംവാദമായോ മാറുന്നതില്‍ പരാജയപ്പെടുന്നു.”3  കാശ്മീരിലേയും മണിപ്പൂരിലേയും സൈനിക കൂട്ടബലാത്സംഗങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍, ബട്ല ഹൌസ് വെടിവെപ്പിനുശേഷമുള്ള അതിക്രമങ്ങള്‍, ഹരിയാനയില്‍ ഉന്നതജാതി പുരുഷന്‍മാരുടെ ആസൂത്രിത കൂട്ട ബലാത്സംഗങ്ങള്‍ക്കെതിരെ ദലിത് സ്ത്രീകള്‍ നടത്തുന്ന  ശക്തമായ സമരം, ഇത്തരം ചെറുത്തുനില്‍പ്പുകളൊന്നുംതന്നെ ദേശീയപദവിയില്‍ പ്രവേശിക്കപ്പെട്ടില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ആദ്യം നമുക്ക് സമാനമായ വിധത്തിലുള്ള  ഉന്നതജാതി കാംപെയ്നുകളെ വിശകലനം  ചെയ്യാം.

സമകാലിക ഉന്നതജാതി രൂപീകരണവും അവയുടെ ദേശീയവാദ ഘടനയും

ദല്‍ഹി പ്രതിഷേധങ്ങള്‍ ഇത്തരത്തില്‍ ആദ്യത്തേതല്ല. ഈയടുത്ത് സമാനമായ സംഭവങ്ങള്‍ രണ്ടാം മണ്ഡല്‍വിരുദ്ധ സമരങ്ങളിലും, അണ്ണാഹസാരെ മൂവ്മെന്റിലും നാം കണ്ടു. 26/11 ലെ ബോംബെ അക്രമണത്തിനെതിരെയുള്ള ദേശീയവികാരവും, പിങ്ക്ജഡ്ഡി കാംപെയ്നും മേല്‍പ്പറഞ്ഞതുമായി ബന്ധപ്പെട്ടതാണ്. ഏറ്റെടുത്ത വിഷയങ്ങളിലും അതിന്റെ വിശദാംശങ്ങളിലും അവര്‍ക്കിടയില്‍ തീവ്രമായ അഭിപ്രായന്തരമുണ്ടെങ്കിലും ഈ കാംപെയിനുകളെല്ലാം അരാഷ്ട്രീയ ഉന്നതജാതി സമൂഹവും അവരുടെ യുവതലമുറയും  തെരുവിലിറങ്ങി. ഇവയെല്ലാം ഏതെങ്കിലും പ്രത്യേക സ്വത്വമെന്നുമുള്ള അടയാളമില്ലാതെ ദേശീയഗണമായിട്ടാണ് (national category)  പരിഗണിക്കപ്പെട്ടത്.4 രാജ്യത്തൊന്നാകെയുള്ള നീതിക്കും പ്രതികാരത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നു.  അച്ചടി-ദൃശ്യമാധ്യമങ്ങളുടെ പക്ഷപാതപരമായ പിന്തുണയോടുകൂടി, ദേശത്തിന്റെ ശബ്ദമായി ഇവയെ ചിത്രീകരിച്ച് വമ്പിച്ച ദേശീയ പ്രാധാന്യം ലഭിക്കുകയും ചെയ്തു. ഈ പ്രതിഷേധങ്ങളെല്ലാം തന്നെ പ്രത്യേക പ്രദേശങ്ങളില്‍ ചുരുക്കപ്പെടാതെ രാജ്യത്തുടനീളം വ്യാപരിക്കാന്‍ കഴിവുള്ളതായിരുന്നുവെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നില്ല.
ഉന്നതജാതിക്കാര്‍ അനുവദിച്ചുകൊടുത്ത ഇടത്തില്‍നിന്ന് വ്യതിചലിച്ച് ‘ദേശസ്വത്വം’ ഹിംസാത്മകമായി വഴിതെറ്റിപ്പോയിരിക്കുന്നു എന്ന പ്രതീതിയാണ് ഈ കാംപെയിനുകളെല്ലാം തന്നെ ഉല്‍പ്പാദിപ്പിച്ചത്.  മണ്ഡല്‍വിരുദ്ധ പ്രക്ഷോഭസമയത്ത് പിന്നാക്ക-ഒ ബി സി   സമുദായങ്ങളുടെ വിഭാഗീയമായ ആവശ്യങ്ങള്‍ക്കൊണ്ട് ഭീഷണിയിലായ സമത്വത്തിന്റെയും മെരിറ്റിന്റേയും ഇടമായി ദേശം ചിത്രീകരിക്കപ്പെട്ടു.  അണ്ണാഹസാരെ ക്യാപെയിനില്‍, വെള്ളസാരിയുടുത്ത ഭാരതമാതാവിന്റെ  പരിശുദ്ധി കവരാന്‍ വരുന്ന കറുത്ത അസുരന്‍മാരായി ചിത്രീകരിക്കപ്പെട്ടത് യഥാര്‍ത്ഥത്തില്‍ ആരെ ഉദ്ദേശിച്ചാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം5. 26/11ലെ ബോംബെ അക്രമണത്തിനുശേഷമുണ്ടായ ദേശീയവികാരത്തള്ളിച്ച ‘മുസ്ളീം മതമൌലികവാദി’ എന്നുവിളിക്കപ്പെടുന്ന, നിരന്തരം ആവര്‍ത്തിക്കപ്പടുന്ന വില്ലനുനേരെയായിരുന്നു,  പിങ്ക്ജഡ്ഢീ ക്യാംപെയിന്‍ (ശ്രീരാമസേനയുടെ) തെമ്മാടികൂട്ടങ്ങള്‍ക്ക് എതിരെയായിരുന്നുവെങ്കില്‍, ഡല്‍ഹി പ്രതിഷേധങ്ങള്‍, നഗരവാസികളായ ഉന്നതജാതി സ്ത്രീകള്‍ ആത്മവിശ്വാസത്തോടെ ഇറങ്ങിപ്പുറപ്പെടുന്ന പൊതുവിടങ്ങളില്‍ പതിയിരിക്കുന്ന ബലാല്‍സംഗ വീരന്മാര്‍ക്കെതിരെയായിരുന്നു. ഇത്തരത്തില്‍ ഭീഷണിയിലായ ‘ദേശീയ അഹ’ത്തിന്റെ ദൃശ്യവത്കരണം ഇവിടുത്തെ ഹിന്ദുവാദികളുടേയും ദേശീയവാദരാഷ്ട്രീയത്തിന്റെയും അടിവേരാണെന്നത് നാം ഓര്‍ത്തിരിക്കേണ്ടതുണ്ട്.6 ഈ പ്രക്രിയയുടെ ചരിത്രപരമായ വേരുകള്‍ അന്വേഷിക്കുന്നതിനുമുന്‍പ് അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ നമുക്ക് കണക്കിലെടുക്കേണ്ടതുണ്ട്. ലിംഗനീതിയെക്കുറിച്ചുള്ളള മുഖ്യാധാരവ്യവഹാരങ്ങള്‍ അധീശത്വ ദേശീയതയ്ക്ക് സഹായകമായി വര്‍ത്തിക്കുന്നതെങ്ങനെയെന്ന് അന്വേഷിക്കാന്‍ അത് പ്രധാനമാണ്.

അധീശത്വ ദേശീയതയുടെ ഒരു ഉപകരണമായി ലിംഗപരത മാറ്റപ്പെടുന്നതിനെപ്പറ്റി
ഉന്നതജാതി ഹിന്ദുരൂപീകരണങ്ങള്‍ (കൂട്ടായ്മകള്‍) എല്ലായ്പ്പോഴും ലിംഗപരതയെയും സ്ത്രീവിഷയങ്ങളെയും പറ്റി ചര്‍ച്ച ചെയ്യുന്നത് തങ്ങളുടെ ലക്ഷ്യ പൂര്‍ത്തീകരണത്തിനുതകുന്ന ഉപകരണങ്ങളായിട്ടാണ്. ഹിന്ദുത്വവാദികളും ദേശീയവാദകൂട്ടായ്മകളും ദേശത്തെ ചിത്രീകരിച്ചിട്ടുള്ളത് കൊള്ളയടിക്കാരായ ബ്രിട്ടീഷ്പുരുഷന്‍മാരില്‍നിന്നോ മുസ്ളീം പുരുഷന്‍മാരില്‍ നിന്നോ സംരക്ഷിക്കപ്പെടേണ്ട കുലീന ഹിന്ദുസ്ത്രീ എന്ന നിലയിലാണ്. ഇന്ത്യയിലെ സ്ത്രീപക്ഷ വ്യവഹാരങ്ങള്‍ അത്തരത്തിലുള്ള പുരുഷാധിപത്യപരമായ (പിതൃദായക്രമത്തിലുള്ള) ആഖ്യാനങ്ങളെ പ്രശ്നവത്കരിച്ചിട്ടുണ്ട്. എങ്കില്‍പ്പോലും ജാതിഹിന്ദുയിസത്തിന് വിമര്‍ശനംകൊണ്ടുവരാന്‍ കഴിയാത്തതിനാലും, അവരുടെ ഏകകേന്ദ്രബിന്ദു ഉന്നതജാതി ഹിന്ദുസ്ത്രീ ആയതിനാലും ഇത്തരം വ്യവഹാരങ്ങള്‍ ദേശീയവനിതയെ തന്നെ പുനരുത്പാദിപ്പിച്ച്  അവസാനിപ്പിക്കുകയാണുണ്ടായത്.

ഇന്ത്യയിലെ ഫെമിനിസ്റ് പ്രസ്ഥാനത്തെപ്പറ്റി ഫ്ളാവിയ ആഗ്നസ് എഴുതിയ വിമര്‍ശനം നമുക്കൊന്ന് ശ്രദ്ധിക്കാം.
‘ഈ സ്വതന്ത്രപ്രസ്ഥാനത്തിന്റെ നേതാക്കള്‍ എല്ലായ്പ്പോഴും നാഗരിക ഉന്നതജാതി ഹിന്ദുക്കളായിരുന്നു.  ശക്തയും സ്വതന്ത്രമായ അഭിപ്രായമുള്ളവളുമാണ് സ്ത്രീ എന്ന ആശയം  പ്രചരിപ്പിക്കാനും, പുതുതായി രൂപപ്പെട്ട സ്ത്രീപക്ഷ ആശയങ്ങളെ വികസിപ്പിക്കാനും ഇവര്‍ ഭൂരിപക്ഷ പൊതുബോധത്തേയും ശക്തി, കാളി തുടങ്ങിയ പുരാണഹൈന്ദവചിഹ്നങ്ങളെയുമാണ് ഉപയോഗിച്ചത്. ഇന്ത്യന്‍ തനിമ നിലനിര്‍ത്താന്‍ അവര്‍ ആശ്രയിച്ചത് ഹിന്ദു വിഗ്രഹവത്കരണത്തെയും സ്ത്രീശക്തിയെക്കുറിക്കുന്ന സംസ്കൃതപ്രയോഗങ്ങളെയുമായിരുന്നു’.7
ഇന്ത്യന്‍ ഫെമിനിസം എല്ലായ്പ്പോഴും ജാതി ഹിന്ദുക്കളുടെ കൂടെയാണ് നിലകൊണ്ടത്. ഉദാഹരണത്തിന്, സ്ത്രീധന മരണത്തിനെതിരെയുള്ള സ്ത്രീപക്ഷ സമരങ്ങള്‍ നടത്തിയത് ഉന്നതജാതി പുരുഷന്‍മാരുടെയും അവരെ പിന്തുണയ്ക്കുന്ന ഹിന്ദുഗ്രൂപ്പുകളുടെയും പിന്തുണയോടുകൂടിയായിരുന്നു. യഥാര്‍ത്ഥത്തില്‍ അവരൊരിക്കലും ജാതിവ്യവസ്ഥിതിയെ ചോദ്യംചെയ്തിട്ടില്ല. രാധാകുമാര്‍ ഇന്ത്യന്‍ ഫെമിനിസ്റ് പ്രസ്ഥാനങ്ങളെക്കുറിച്ച് അവരുടെ വ്യക്തമായ  പഠനത്തില്‍ പറയുന്നത് ശ്രദ്ധിക്കുക. “ആദ്യകാല ഫെമിനിസ്റ് പ്രവര്‍ത്തനങ്ങളില്‍ താഴെതട്ടിലുള്ള പ്രദേശിക സ്ത്രീകളും പങ്കെടുത്തിരുന്നു. മാസങ്ങള്‍ക്കകം ഉയര്‍ന്നതരത്തിലുള്ള താമസക്കാരും പ്രൊഫഷണലുകളും ഇത്തരം പ്രകടനങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. താല്‍ക്കാലികമായി ഇത് ഫെമിനിസ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടാക്കിയെങ്കിലും വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ ഗ്രൂപ്പുകള്‍ പലതും വലതുപക്ഷ ഹിന്ദുവംശീയവാദ ധാരയില്‍പ്പെട്ടവരായിരുന്നു’.8

ഉമാ ചക്രവര്‍ത്തി, തേജസ്വനി നിരഞ്ജന, സൂസിതാരു തുടങ്ങിയ മുഖ്യധാരാ ഫെമിനിസ്റുകള്‍ തിരിച്ചറിഞ്ഞപോലെ, മണ്ഡല്‍ വിരുദ്ധ സമരങ്ങളിലും ഷാബാനു ബീഗം കേസിനെത്തുടര്‍ന്നുള്ള പൊതുസിവില്‍ കോഡിനു വേണ്ടിയുള്ള ഹിന്ദുമുറവിളികളിലും സ്ത്രീപക്ഷവ്യവഹാരങ്ങളുടെ ദുരുപയോഗവും പ്രചാരണവും നാം കണ്ടതാണ്. പിങ്ക് ജഡ്ഢി ക്യാംപെയിനിലും  പീഡന വിരുദ്ധസമരങ്ങളിലും സമാനമായ പ്രവണതകള്‍ നാം കാണുന്നു. ഇവിടെയും ഏകാത്മകമായ തരത്തിലുള്ള  സ്ത്രീ സ്വത്വനിര്‍മ്മിതിയും അതിനുവേണ്ടിയുള്ള പ്രചാരണവും  പ്രോത്സാഹനവുമാണ് കാണുന്നത്. ലിംഗപരതയുമായി ബന്ധപ്പെട്ട മുഖ്യധാര സംവാദങ്ങള്‍ എല്ലായ്പ്പോഴും പുരുഷാധിപത്യത്തെ അടയാളപ്പെടുത്താതെ, അവ്യക്തമായി നിലനിര്‍ത്തുന്നതില്‍ ശ്രദ്ധിക്കുന്നു.  തന്മൂലം ഇത്തരം ചര്‍ച്ചകള്‍ ജാതിവ്യവസ്ഥയെ വിമര്‍ശിക്കുകയോ, അപരസ്ത്രീകളുടെ മേലും സ്വന്തംസമുദായത്തിലെ സ്ത്രീകളുടെമേലും ഉന്നതജാതിക്കാര്‍ നടത്തുന്ന  ഹിംസകളെ കാണുകയോ ചെയ്യുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍  ഉന്നതജാതി സ്ത്രീകള്‍ ഇടപെടേണ്ടിവരുന്ന പൊതുഇടങ്ങളില്‍ ശത്രുവായി പ്രത്യക്ഷപ്പെടുന്ന അപരപുരുഷനില്‍ നിന്നും അവരെ സ്ഥിരമായി സംരക്ഷിക്കപ്പെടേണ്ട പ്രശ്നത്തിലാണ് ഇത്തരം പഠനങ്ങളും പ്രതിരോധങ്ങളും  ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് എന്നതാണ് സുപ്രധാന കാര്യം. ഇവയെല്ലാംതന്നെ ദേശീയതയുടെ അധീശപരമായ സ്ഥാപനവല്‍ക്കരണത്തിനും ജാതി മേധാവിത്വത്തിലധിഷ്ഠിതമായ രാഷ്ട്രീയമുള്ള ഉന്നതജാതി ഗ്രൂപ്പുകള്‍ക്ക് അവയുടെ ഭാഗമാകാനും പങ്കുചേരാനും ഇടങ്ങളനുവദിക്കുന്നുണ്ട്.  ഇത്തരത്തിലാണ് ഇന്ത്യയിലും ലോകത്തും രാഷ്ട്രീയസ്വീകാര്യതനേടിയ സ്ത്രീപക്ഷവ്യവഹാരങ്ങള്‍ ദേശീയനിര്‍മ്മിതികളെ പരിപോഷിപ്പിക്കുന്നത്.
സമകാലീന ഉന്നതജാതിനിര്‍മ്മിതികളുടെ ചരിത്രപരമായ വേരുകള്‍
ഇന്ത്യന്‍ ദേശീയതയെക്കുറിച്ചുള്ള മുഖ്യധാര വിശകലനമെന്നത്  മര്‍ദ്ദകരായ കൊളോണിയല്‍ ഭരണാധികാരികള്‍ക്കെതിരെയുള്ള കോളനിജനതകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന  പ്രതിഭാസമായിട്ടാണ്.  അവയെല്ലാം മുന്നോട്ട് വയ്ക്കുന്നത്  ദേശീയത എന്നത്  ഉന്നതജാതികള്‍ക്ക് മാത്രം പ്രാപ്യമായിട്ടുള്ള ഒന്നായിട്ടാണ്. അതുകൊണ്ട്തന്നെ ഇത്തരം പഠനങ്ങള്‍ ന്യൂനപക്ഷങ്ങളെയും കീഴാളരെയും പുറന്തള്ളുകയും തന്മൂലം അവര്‍ ദേശീയതയുടെ പരിധിയില്‍നിന്നും  ഇന്ത്യന്‍ ആധുനികതയില്‍നിന്നും പുറത്തുനിറുത്തപ്പെടുകയും ചെയ്തു. ഫൂലെ, പെരിയോര്‍, അംബേദ്കര്‍ തുടങ്ങിയ ദലിത് ബഹുജന്‍ നേതാക്കളുടെ പ്രസംഗങ്ങളിലും എഴുത്തുകളിലും പിന്നീട് ജി. അലോഷ്യസ്, ബ്രജ്രജ്ഞന്‍ മണി തുടങ്ങിയ സൈദ്ധാന്തികരിലും  കെ.കെ.കൊച്ച് , ജെ. രഘു തുടങ്ങിയ കേരളത്തിലെ എഴുത്തുകാരിലും ദേശീയതയെക്കുറിച്ചുള്ള വ്യത്യസ്തമായ വീക്ഷണങ്ങള്‍ ഒരാള്‍ക്ക് കാണാന്‍കഴിയും. ഇന്ത്യയിലെ കീഴാള-ദലിത് വിഭാഗങ്ങളുടേയും ജാതിവിരുദ്ധ സ്വത്വങ്ങളുടെയും സമരത്തില്‍നിന്ന് ഉന്നതജാതികള്‍ക്ക്  തങ്ങളെ ഏകീകരിച്ചെടുക്കാനുള്ള തന്ത്രപരമായ സംഘടനോപാധിയാണ് ദേശീയതയെന്ന് ഇവരെല്ലാം ചിന്തിക്കാന്‍ തുടങ്ങി. കൂടാതെ ബ്രാഹ്മണ ഉന്നതജാതികള്‍ തങ്ങളുടെ സാംസ്കാരികമേധാവിത്വത്തിന് ആക്കംകൂട്ടാന്‍ കൊളോണിയലിസത്തെ ഉപയോഗിക്കുകയും, തങ്ങളുടെ ലാഭത്തിന് വേണ്ടി അധികാര കൈമാറ്റമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍,  ദേശീയതയിലൂടെയും ആധുനികതയിലൂടെയും മറ്റുള്ളവരെ അപരരാരായി പുറന്തള്ളാനും തങ്ങള്‍ക്ക് വളരെ യധികം നേട്ടങ്ങള്‍ ഉണ്ടാക്കാനും മേല്‍ജാതിക്കാര്‍ക്ക് കഴിഞ്ഞു. അവര്‍  ദേശീയതാ കാറ്റഗറിയിലൂടെ തങ്ങളെ സ്വയം പുനര്‍നിര്‍മ്മിച്ചു. ഇതിലൂടെ കൂടുതല്‍ സാര്‍വ്വലൌകീകവും വിശാലവുമായ ദേശീയസ്വത്വത്തോടുകൂടിയുള്ള ഇടങ്ങളും, സാമുദായിക കാറ്റഗറികളും മുന്നോട്ടുവച്ച കീഴാളസമൂഹങ്ങളെ ചെറുത്തു എന്നതാണ് ദലിത് ബഹുജന്‍ ചിന്താധാരയില്‍നിന്ന് ഇതിനുള്ള മറുവാദം. മൊത്തംദേശത്തെയും മതേതരത്വം, യോഗ്യത, പുരോഗതി, ആധുനികത തുടങ്ങിയ അതിന്റെ വിവിധ ആധിപത്യപരമായ കാറ്റഗറികളേയും കൈക്കലാക്കുകയും  അക്കാദമികരംഗം, ഭരണം, കല, ജനപ്രിയസംസ്കാരം തുടങ്ങിയ ദേശത്തിന്റെ വിവിധ സ്ഥാപനങ്ങളുടെ മേല്‍ ഇതിലൂടെ ബ്രാഹ്മണ ഉന്നതജാതികള്‍ പൂര്‍ണ്ണമായ നിയന്ത്രണം നേടുകയും ചെയ്തു.

ഉന്നതജാതി ഏകീകരണത്തിലും അത്തരത്തിലുള്ള രാഷ്ട്രീയത്തിലും മുഖ്യപങ്കാണ് ദേശീയതാ മാനദണ്ഡങ്ങള്‍ വഹിക്കുന്നത്. ഇതുമൂലം ഇന്നും ഉന്നതജാതികള്‍ ബുദ്ധിജീവികളുടെയും മാധ്യമങ്ങളുടെയും പിന്തുണയോടുകൂടി സമകാലിക ദലിത് ആദിവാസി ന്യൂനപക്ഷ/മുസ്ലീം കീഴാള രാഷ്ട്രീയ ഏകീകരണത്തെ മറച്ചുവെച്ചുകൊണ്ടും, പ്രാന്തവത്കരിച്ചും നിയമവിരുദ്ധമാക്കിയും, തങ്ങളുടെ രാഷ്ട്രീയസ്വത്വങ്ങളെ ദേശത്തിന്റെ പേരില്‍ എഴുന്നള്ളിക്കുകയും ചെയ്യുന്നു. മണ്ഡല്‍വിരുദ്ധ സമരമോ, പിങ്ക് ജഡ്ഢീ ക്യാംമ്പയിനോ, 26/11 തുടര്‍ന്നുണ്ടായ ദേശീയ വികാരത്തള്ളിച്ചയോ, ഇപ്പോഴത്തെ ദല്‍ഹിപ്രതിഷേധങ്ങളോ ഏതുതന്നെയായാലും  ഇത്തരത്തിലുള്ള ലക്ഷ്യത്തിന് വേണ്ടി ദേശീയപദവിയില്‍ കയറിക്കൂടുന്നു. ദേശീയത ഒരിക്കല്‍ ചെയ്തതുപോലെ ഇന്ന്  ഉന്നതജാതി ഗ്രൂപ്പുകള്‍ (തീവ്ര വലതുപക്ഷം മുതല്‍ തീവ്ര ഇടതുപക്ഷം വരെ) അവര്‍ തമ്മിലുള്ള  അനേകം വൈരുദ്ധ്യങ്ങളെ കണക്കാക്കാതെ ഒരുമിച്ചുകൂടുകയും അതുവഴി സമരത്തിന്റെയും  പ്രതിരോധത്തിന്റെയും പദാവലികള്‍ ഉപയോഗിക്കുകയും,  വര്‍ത്തമാനകാല കീഴാള രാഷ്ട്രീയത്തെ  തകര്‍ക്കാനും, നിശ്ബ്ദമാക്കാനും വേണ്ടി അവരുടെപേരില്‍ സംസാരിക്കുകയോ വസ്തുതകളെ മറവുചെയ്യുകയോ ചെയ്യുന്നു.

ഉദാഹരണത്തിന് ഹരിയാനയിലെ കൂട്ടബലാത്സംഗങ്ങള്‍ക്കെതിരെയുള്ള ദലിത് ചെറുത്ത്നില്‍പ്പില്‍ നിന്ന് കടംകൊണ്ട  പദാവലികള്‍ ഉപയോഗിക്കുന്ന ദല്‍ഹിയിലെ ഉന്നജാതി പ്രക്ഷോഭകരുടെ പീഢനവിരുദ്ധ വ്യവഹാരങ്ങള്‍ മുഴുവനായും ഇവരെ ഒഴിവാക്കുകയും ദേശീയ അധികാരം ഉപയോഗിച്ച് ഇത്തരം ചലനങ്ങളെ നിശ്ശബ്ദീകരിക്കുകയും ചെയ്യുന്നു. അവരുടെ ഉപരിപ്ളവവും മറ്റുള്ളവരെ ബഹിഷ്കരിക്കുന്ന തരത്തിലുള്ള രീതിയെ വിമര്‍ശച്ചതു കൊണ്ടു മാത്രമായില്ല, ദേശീയ രാഷ്ട്രീയ പ്ളാറ്റ്ഫോമും ശ്യംഖലകളുമുണ്ടാക്കി ഈ ഉന്നതജാതി രാഷ്ട്രീയവര്‍ഗ്ഗങ്ങള്‍ ഏകീകരിക്കപ്പെടുന്നതിനെ നാം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.
ബി.ജെ.പി.യെപ്പോലുള്ള അക്രമാസക്തവും ജാതീയവുമായ  സംഘങ്ങളുടെയും ആം ആദ്മിപോലുള്ള സമാന സംഘടനകളുടെയും (ഇവര്‍ക്കുവേണ്ടി സംസാരിക്കുന്ന സ്ത്രീവാദികള്‍ക്കോ വരേണ്യബുദ്ധിജീവികള്‍ക്കോ ഒന്നുംതന്നെ ഇതില്‍ അപവാദമുള്ളതായി തോന്നിയില്ല) അവരെ പിന്തുടരുന്ന ഐസ, ഡിഎസ്.ഒ തുടങ്ങിയ തീവ്ര ഇടതുപക്ഷ സംഘടനകളും, വിവിധ മുഖ്യധാരാ പത്രപ്രവര്‍ത്തകരും, ദേശീയതാ മാനദണ്ഡങ്ങളിലൂടെ തങ്ങളെ  സ്വയം അവരോധിക്കുന്ന ഉന്നതജാതികള്‍ എല്ലായ്പ്പോഴും അനുവര്‍ത്തിക്കുന്ന രീതിയല്ലാതെ മറ്റൊന്നുമല്ല ചെയ്യുന്നത്. ഇതുമൂലം, അവര്‍ക്ക് ഇന്ത്യാ മഹാരാജ്യത്തിലെ ദൃശ്യവും സാധുതയുള്ളതുമായ രാഷ്ട്രീയകര്‍ത്തൃത്വം  തങ്ങളുടേത്മാത്രമാണെന്ന് സ്ഥാപിക്കാനും രാജ്യത്തിനുമേല്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താനും കഴിയുന്നതാണ്. ഇത് ദല്‍ഹിയിലെ പ്രതിഷേധക്കാര്‍ എതിര്‍ക്കുന്ന ക്രൂര ബലാത്സംഗങ്ങളെക്കാള്‍ നൂറുമടങ്ങ് ഭീതിപ്പെടുത്തുന്നതും നമ്മുടേതല്ലാതായിത്തീരുന്ന ഈ രാജ്യത്ത് ലൈംഗികാതിക്രമങ്ങളടക്കമുള്ള സാമൂഹികനീതിനിക്ഷേധത്തിന്റെ അടിവേരുകളാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.

സൂചനകള്‍
1. Our battle appears to be different one.  – : -Anu Ramadas
2.  Study of sexual violence : A case of rape against Dalit women- J. Indira; J. Indira; University of Hyderabad 1997.
3. Delhi protests and the caste Hindu paradigm: Of sacred and Paraded bodies- Madhuri Xalxo, SAVARI.
4. ഒരു പ്രത്യേക ഐഡന്റിറ്റിയുമായി ചേര്‍ന്നുനില്ക്കുകയും, തുടര്‍ന്ന് മേധാവിത്വ ദേശീയസ്വത്വത്തോട് ഉരസുന്നതുമായ ഒരു രാഷ്ട്രീയം  നിങ്ങള്‍ രൂപപ്പെടുത്തുകയാണെങ്കില്‍ ഒന്നുകില്‍ അത് ദേശവിരുദ്ധമായി ചിത്രീകരിക്കപ്പടുകയോ, അല്ലെങ്കില്‍  നിയന്ത്രിതമായ  ഒരു ഇടത്തിലേയ്ക്ക് അതു ചുരുക്കപ്പെടുകയോ ചെയ്യും.
5. Critiques of Jan lokpal Bill and Anna Hazare protests on Round table India
6. യഥാര്‍ത്ഥത്തില്‍ ഡല്‍ഹി പ്രക്ഷോഭകരെ പ്രചോദിപ്പിച്ചത് ബലാത്സംഗ കുറ്റവാളികള്‍ക്ക് വധശിക്ഷയെന്ന അപകടകരമായ യുദ്ധാഹ്വാനവും ഇത്തരത്തിലുളള ഭീഷണിയോടുള്ള അക്രമാസക്തവും അല്ലാതെയുമുള്ള ദേശീയ പ്രതികരണവുമാണ്. അധീശമേല്‍ജാതി സ്വത്വത്തിന് ഭീഷണിയാകുന്ന അക്രമണകാരികളായ അപരരെ ശിക്ഷിക്കാനുള്ള ആവശ്യമല്ലാതെ മറ്റൊന്നുമല്ല ഈ മുറവിളിക്കുപിന്നിലുള്ളത്.  മുഖ്യധാരഫെമിനിസ്റുകളുടെ ആകെയുള്ളഭയം അത് ബലാത്സംഗകുറ്റവാളികളെ ശിക്ഷിക്കല്‍ എളുപ്പമല്ലാതാക്കും  എന്നതാണ്.  ലോക്പാല്‍ബില്‍ വന്നാല്‍ദലിത്-ആദിവാസി-ഒ ബി സി-മുസ്ലീം ന്യൂനപക്ഷവിഭാഗങ്ങളായിരിക്കും ശിക്ഷിക്കപ്പെടുക എന്ന് അണ്ണാഹസാരെ ക്യാംപെയിന്റെ സമയത്ത് നാമെല്ലാവരും ആശങ്കപ്പെട്ടതുപോല ഈ വിഭാഗത്തില്‍പെട്ട പുരുഷനാമാരായിരിക്കും തൂക്കിലേറ്റപ്പെടുകയോ ഷണ്ഡീകരിക്കപ്പെടുകയോ ചെയ്യുന്നത് എന്ന് നാം ഭയപ്പെടുന്നു.
7. Women’s movement within a secular framework – readefining the Agenda; Flavia Agnes, (Economic and Political Weekly May 7, 1994).
8. The history of doing- An illustrated account of movements for women’s rights and feminism in India, 1800-1900 by Radha Kumar.

(പരിഭാഷ : അബ്ദുള്‍ കബീര്‍ എം.)

Top