ഇരുട്ടിലെ കണ്ണാടി: പുതു ദലിത്കവിതയും സമകാലീന ജ്ഞാന സിദ്ധാന്തത്തിലെ തകരാറുകളും

ആധുനികമായ ജ്ഞാനാധികാരങ്ങളുടെ കേന്ദ്രവും അരികുകളും തമ്മില്‍ വലിയ പിളര്‍പ്പാണ് നിലനിന്നിരുന്നത്. ഈഘട്ടത്തില്‍, സംസ്‌ക്കാരത്തിന്റെ ഈടുവെപ്പുകളായി കരുതപ്പെട്ട സാഹിത്യകൃതികള്‍ മിക്കവയും ദേശീയപൗരത്വത്തെയും പ്രാദേശികമായ വരേണ്യതയെയും അവലംബമാക്കിയവയാണ്. ഇത്തരം പ്രതിപാദനങ്ങളുടെ താന്‍പോരിമയെ വെല്ലുവിളിച്ചത് ആധുനികതയുടെ അരികുകളില്‍ നിന്നുമുയര്‍ന്ന സ്വരങ്ങളാണ്. ഇവ യൂറോകേന്ദ്രീകൃത/ പൗരസ്ത്യവാദ നെടുംപാരമ്പര്യം അപരത്വവല്‍ക്കരിച്ച ജനങ്ങളെയും പ്രദേശങ്ങളെയും സമയങ്ങളെയും ഉള്‍ക്കൊളളുന്ന പുതിയൊരു പരിക്രമണ മണ്ഡലത്തെ (trajectory) നിര്‍മ്മിച്ചെടുത്തു. ‘ചെറുസാഹിത്യങ്ങള്‍’ എന്ന പേരില്‍ ലോകമെമ്പാടും തിരിച്ചറിയപ്പെടുന്ന ഈ സാംസ്‌ക്കാരിക മണ്ഡലത്തിലാണ് ജോസഫിന്റെയും നിരവധി പുതുമലയാള കവികളുടെയും രചനകള്‍ സ്ഥാനപ്പെടുന്നത്. പുറംവേലക്കാരുടെയും പുറന്തളളപ്പെട്ടവരുടെയും ഇടപെടലായി സംസ്‌ക്കാരത്തെ വീണ്ടെഴുതുന്നുവെന്നതാണ് ചെറുസാഹിത്യങ്ങളെ നിര്‍വ്വചിക്കുന്ന പ്രധാനവശം.

 അമേരിക്കന്‍ സാഹിത്യഭാവന മൊത്തത്തില്‍ ദൃശ്യപ്പെടുന്നത് വെളുപ്പിന്റെ സര്‍വ്വാധിപത്യത്തെ അതിജീവിക്കാന്‍ കഴിയില്ലെന്ന പ്രതീതി ജനിപ്പിക്കുന്ന വിധത്തിലാണെന്നു ടോണിമോറിസണ്‍ എഴുതുകയുണ്ടായി. ഈ സ്ഥിതി രൂപപ്പെട്ടത്, വ്യത്യസ്തതകളെ ബോധപൂര്‍വ്വം ഒഴിവാക്കിയ തത്വചിന്തയുടെയും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും മാധ്യമങ്ങളുടെയും പ്രവര്‍ത്തന ഫലമായിട്ടാണ്. എമേഴ്‌സണ്‍നെപോലുള്ള ദേശീയപ്രതീകങ്ങള്‍ പോലും എല്ലാവിഭാഗം ജനങ്ങളിലും വിവേകം (Wisdom) നിലനില്ക്കുന്നില്ലെന്നും, അത് ക്രൈസ്തവ മതചട്ടക്കൂടില്‍ ജീവിക്കുന്ന വെളുത്ത ആണിനു മാത്രമുള്ള ‘ഗുണ’മായാണ് കണ്ടതെന്നും ഈ എഴുത്തുകാരി ചുണ്ടിക്കാട്ടുന്നു.(1) സമാനമായവിധത്തില്‍, ഗാന്ധിജിയടക്കമുള്ള നമ്മുടെ പ്രധാനപ്പെട്ട ദേശീയപ്രതീകങ്ങളും വിവേകത്തെ കണ്ടത് ഹൈന്ദവാശയങ്ങളുടെ ചട്ടക്കൂടില്‍ ജീവിക്കുന്ന ഉത്തമസവര്‍ണ്ണപുരുഷന്റെ ഗുണമായിട്ടാണ്.(2)

വിവേകത്തെപോലെ തന്നെ ‘വ്യക്തിപരതയെയും’ (persona) ‘പ്രതിഭയെയും’ (Genius) കുറിച്ചുള്ള നിര്‍വ്വചനങ്ങളും പടിഞ്ഞാറന്‍ നാടുകളില്‍ വെളുത്തപുരുഷനെയും, ഇന്ത്യയില്‍ ബ്രാഹ്മണപുരുഷനെയും കര്‍ത്തൃത്വസ്ഥാനത്ത് നിറുത്തിക്കൊണ്ടാണ് വികസിച്ചത്. ആധുനികമായ പൗരത്വ സങ്കല്പനങ്ങളിലും, സംസ്‌കാരിക വിഭവത്തെപറ്റിയുള്ള ധാരണകളിലും വമ്പിച്ചതരത്തിലുള്ള വിവേചനങ്ങളും അവസര സമത്വനിഷേധങ്ങളും നിലനിറുത്തുന്നതില്‍ ഇത്തരം നിര്‍വ്വചനങ്ങളുടെ പങ്ക് ചെറുതല്ല.

യൂറോപ്പില്‍ , വെളുത്ത ദേശീയതക്കൊപ്പം ആണധികാരവും പടിപടിയായി വികസിച്ച രാഷ്ട്രീയ പരിവര്‍ത്തനങ്ങളാണ് നടന്നത്. ഈ ഓരോഘട്ടത്തിലും, കറുത്തവരും ജൂതരും മുസ്ലീങ്ങളും ജിപ്‌സികളും പോലുള്ള ജനവിഭാഗങ്ങളെ വിവേകമില്ലാത്തവരും വ്യക്തിത്വമില്ലാത്തവരുമായി അരിച്ചു മാറ്റുകയാണുണ്ടായത്. സാമ്രാജ്യത്വ വികസനത്തിന്റെ കാലത്ത് ഏഷ്യന്‍-ആഫ്രിക്കന്‍ നാടുകളിലെ പിന്നണിജനതകളും ഇതേ പട്ടികയിലുള്‍പ്പെട്ടു. ഒപ്പം, ഈ ജനവിഭാഗങ്ങളുടെ സാന്നിധ്യത്തെ വിവിധതരം പകര്‍ച്ചവ്യാധികളുടെ ഉറവിടമായി വിലയിരുത്തിയ ജൈവശാസ്ത്ര സിദ്ധാന്തങ്ങളും വൈദ്യശാസ്ത്രപഠനങ്ങളും വ്യാപകമായി പ്രചരിപ്പിച്ചു.(3) പതിനെട്ടാംനൂറ്റാണ്ടിന്റെ മധ്യത്തോടെ, മുതലാളിത്തപരമായ വികസനവും ഉച്ചസാങ്കേതികവിദ്യയുടെ വിനിയോഗവുമാണ് പുരോഗതിയുടെ അവസാനവാക്കെന്നു പരക്കെ അംഗീകരിക്കപ്പെടുകയായിരുന്നു. ഈ കാലയളവില്‍ രൂപംകൊണ്ട പരിണാമസിദ്ധാന്തം, രാഷ്ട്രീയസമ്പദ്ശാസ്ത്രം, രാഷ്ട്രമീമാംസ പോലുള്ള വിഷയങ്ങളില്‍ ജനസംഖ്യാപെരുപ്പത്തെ പറ്റിയുള്ള വരേണ്യരുടെ ഭീതി നിര്‍ണ്ണായകമാവുന്നതായി കാണാം. ഇത്തരം അങ്കലാപ്പുകളുടെ ആത്യന്തികഫലം, യൂറോപ്പിലെയും പുറത്തെയും അപരജനതകള്‍ വംശഹത്യകളിലൂടെ തുടച്ചുമാറ്റപ്പെടേണ്ടവരാണെന്ന പൊതുബോധത്തിന്റെ രൂപീകരണമായിരുന്നു.
ആധുനിക മലയാള വിമര്‍ശനവും മേല്പറഞ്ഞ പോലുള്ള കൊളാണിയല്‍ നിര്‍വ്വചനങ്ങളുടെ സ്വാധീനത്തിലും ഉത്തമസവര്‍ണ്ണപുരുഷന്റെ ആശയരൂപീകരണശേഷിയിലും അടിയുറച്ച സാംസ്‌ക്കാരിക വിഭവമാണ്. കീഴാളരുടെയും സ്ത്രീകളുടെയും അപരത്വവല്‍ക്കരണത്തെയും ആഭ്യന്തരകോളനീകരണത്തെയും പ്രതിരോധിക്കുന്നതില്‍ നിര്‍വീര്യമാണ് ഈ വിമര്‍ശനപദ്ധതി. മുഖ്യധാര മലയാളവിമര്‍ശനത്തില്‍ പണ്ടേയുള്ള ഭവശാസ്ത്രപരമായ ഈ ‘മയക്ക’ത്തെ സ്വാഭാവികമായി ഉള്‍ക്കൊള്ളുകയായിരുന്നു എം. എന്‍. വിജയനെപോലുള്ള നിരൂപകന്‍. തന്മൂലം, മാര്‍ക്‌സിയന്‍ – ഗാന്ധിയന്‍ പ്രത്യയശാസ്ത്ര ശാഠ്യങ്ങളും കേരളത്തിലെ ‘ശൂദ്രപുരുഷ’ന്റെ ഏകാധിപത്യപ്രവണതകളും ഇദ്ദേഹത്തിന്റെ രചനകളില്‍ സാധാരണമായി. കെ.പി. അപ്പനാകട്ടെ, പ്രതിരോധത്തിന്റെയും ജ്ഞാനോല്‍പ്പാദനത്തിന്റെയും സാധ്യതയെ തന്നെ നിരാകരിച്ചുകൊണ്ട് കേവലാസ്വാദനത്തിന്റെ ജനപ്രിയമായ കെട്ടുകഥയാക്കി നിരൂപണത്തെ മാറ്റി.
മലയാള സാഹിത്യ-ചലച്ചിത്ര-സംഗീത ഭാവന മൊത്തത്തില്‍ ദൃശ്യപ്പെടുന്നത് സവര്‍ണ്ണതയുടെ കെട്ടുകാഴ്ചകളായിട്ടാണ്. വൈവിധ്യങ്ങള്‍ അമര്‍ത്തപ്പെടുകയും അപരങ്ങള്‍ ഹിംസിക്കപ്പെടുകയും ചെയ്യുന്നതിന്റെ പ്രതിനിധാനമാണ് ഈ ദൃശ്യത. ചരിത്രപരമായി തന്നെ സ്ഥിരീകരിച്ചിട്ടുള്ള ഈ പ്രതിനിധാനവല്‍ക്കരണത്തെ ചോദ്യം ചെയ്യാന്‍ സാഹിത്യഭാവനയിലെ വിഷയി-വിഷയബന്ധങ്ങളെയും ഭാഷകസ്ഥാനങ്ങളെയും പുനര്‍നിര്‍വ്വചിക്കേണ്ടത് അത്യാവശ്യമാണ്.

അതിര്‍ത്തികള്‍ ; അകലങ്ങള്‍

പെരുംധാര മലയാള കവിതയിലെ ‘ഞാന്‍ ‘ ‘നീ’ ‘നമ്മള്‍’ പോലുള്ള പൊതുനാമങ്ങള്‍ ദേശമെന്ന പൂര്‍വ്വകല്പനയോട് കണ്ണിചേര്‍ക്കപ്പെടുന്നവയാണ്. ചില വരേണ്യ വിഭാഗങ്ങളുടെ സന്നിഹിതത്വവും അതിനെ കേന്ദ്രമാക്കിയ തൃഷ്ണയുടെ ഇഡിപ്പല്‍ കെട്ടുപാടുകളുമാണ് ദേശത്തെ മിക്കപ്പോഴും ഭാവനാത്മകമായി നിലനിറുത്തുന്നത്. തികഞ്ഞതും മികച്ചതുമായ പൗരത്വമില്ലാത്തവരും വ്യക്തിപരതയെയും പ്രതിഭാശേഷിയെയും സംബന്ധിച്ച കല്പിത മാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ളവരും ഈ ഭാവനകളില്‍ അസന്നിഹിതരും അധികപറ്റുകളുമാണെന്നതാണ് വസ്തുത. ഇപ്രകാരം അപരരാക്കപ്പെടുന്നവരുടെ മേല്‍ നിതാന്തമായ ശത്രുതയും ഹിംസാത്മകതയും നിലനിറുത്തേണ്ടത് അത്യാവശ്യമാണ്. ദേശത്തിന്റെ ഈടുവെപ്പുകളായി കൊണ്ടാടപ്പെടുന്ന, പെരുംസാഹിത്യത്തിലെ ആഹ്ലാദസ്ഥാനങ്ങളെ (Pleasure Point)േ നിര്‍മ്മിക്കുന്നത് അപരങ്ങളുടെ മേലുള്ള ഹിംസാത്മകയാണെന്നതിന് കാരണവും മറ്റൊന്നല്ല.
കേരളീയമായ കവിതാപാരമ്പര്യത്തിന്റെ സമുന്നത വക്താക്കളായി അറിയപ്പെടുന്നവരാണ് ഉള്ളൂര്‍, വള്ളത്തോള്‍, കുമാരനാശാന്‍ മുതലായവര്‍. ഇവരുടെ രചനകളില്‍ പുതിയതായി കരുത്ത് നേടിയ ‘ഹിന്ദു പുരുഷ അഹം’ ഭാഷകസ്ഥാനത്തെ കയ്യടക്കുന്നതായി കാണാന്‍ കഴിയും. ഈ അഹം വികസിക്കുന്നതനുസരിച്ച് നിര്‍വീര്യമാവുന്ന അശുദ്ധവസ്തുക്കളെ പോലെയാണ് കീഴാളരും ന്യൂനപക്ഷങ്ങളും കീഴാളസ്ത്രീകളും പ്രത്യക്ഷപ്പെടുന്നത്. ഈ ദേശീയവാദ-പുരോഗമന കവിതാപാരമ്പര്യത്തെ ഇടതുപക്ഷ-ജനകീയ സംസ്‌കാരമായി പരിവര്‍ത്തനപ്പെടുത്തിയെന്ന ബഹുമതി നേടിയിട്ടുള്ളവരാണ് വയലാര്‍ മുതല്‍ ഒ.എന്‍.വി.വരെയുള്ളവര്‍. ഇവരുടെ ജനപ്രിയമായ പാട്ടുകവിതകളിലൂടെ സവര്‍ണ്ണ ഭൂതകാലാഭിരതികളും മാടമ്പി ഉടലുകളുടെ പ്രകീര്‍ത്തനങ്ങളും തിരിച്ചടിക്കപ്പെടുകയായിരുന്നുവെന്നത് യാദൃശ്ചികതയല്ല.
ഇതേസമയം ‘കേരളീയത’ എന്നു അടയാളപ്പെട്ടവയാണ് പി.കുഞ്ഞിരാമന്‍ നായര്‍, ഇടശ്ശേരി, വൈലോപ്പള്ളി, കെ.ജി.ശങ്കരപ്പിള്ള മുതലായവരുടെ കവിതകള്‍. ഇവയില്‍ സവര്‍ണ്ണമായ സാംസ്‌കാരിക സൂചകങ്ങളും ജീവിതാവസ്ഥകളും പ്രതിപാദിക്കപ്പെടുന്നത് വര്‍ത്തമാനകാല ജീവിതയാഥാര്‍ത്ഥ്യങ്ങളായിട്ടാണ്. എന്നാല്‍, ദലിത്-ന്യൂനപക്ഷാവസ്ഥകളും അനുഭവങ്ങളും ഭാവന ചെയ്യുന്നതാകട്ടെ അനക്കമറ്റും അകന്നുമാറിയുമാണ്.
മലയാളകവിതയില്‍ വ്യക്തമായൊരു നവബ്രാഹ്മണിക തൃഷ്ണാമണ്ഡലത്തെ പുനരുല്‍പ്പാദിപ്പിച്ച കക്കാട്, ആറ്റൂര്‍ മുതലായവരുടെ രചനകളില്‍ അപര-കീഴാളസ്ത്രീലോകങ്ങള്‍ പിശാചവല്‍ക്കരിക്കപ്പെടുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, മുഖ്യധാര മലയാള കവിതാസ്ഥാപനം അരികുവല്‍ക്കരണത്തിലൂടെ/ആഭ്യന്തരകോളനീകരണത്തിലൂടെ/അപരത്വവല്‍ക്കരണത്തിലൂടെ വൈവിധ്യങ്ങളെ നിരാകരിക്കുകയാണ് ചെയ്തുവരുന്നത്. ഇത്തരം നിരാകരണത്തിന്റെ യുക്തികളെ അപ്പാടെ നിഷേധിക്കുന്നതാണ് സമകാലീനമായ ഒട്ടേറെ കവിതകള്‍. ഇക്കൂട്ടത്തില്‍, നിലനില്ക്കുന്ന സാംസ്‌കാരിക പിതൃാധിപത്യത്തിന്റെ വശീകരണത്തില്‍ നിന്നും (seduction of cultural patriarchy) ആപല്‍ക്കരമായി വേറിട്ടുകൊണ്ട് ‘ചെറുസാഹിത്യ’ത്തെ രൂപീകരിക്കുന്നതില്‍ സവിശേഷ പ്രധാന്യമുള്‍ക്കൊള്ളുന്നു എന്ന നിലയിലാണ് എസ്.ജോസഫിന്റെ കവിതകളെ ഇവിടെ പരിഗണിക്കുന്നത്.
ഈ വരികള്‍ക്കിടയില്‍

ചിലപ്പോള്‍ ഞാനും ചിലപ്പോള്‍ താങ്കളും
ഇല്ലാതാകും.
നാം തമ്മില്‍ പരിചിതരല്ല.
പട്ടണത്തില്‍ വച്ചോ കടല്‍ത്തീരത്തുവച്ചോ
കണ്ടിട്ടുണ്ടാകാം.
** ഈ വരികള്‍ക്കിടയില്‍: ഐഡന്റിറ്റി കാര്‍ഡ്**

മലയാളകവിതയുടെ പൊതുഭാഷകത്വത്തെ (General Speakership) നിയന്ത്രിക്കുന്നത് ‘ഓര്‍മ്മിക്കാന്‍ കഴിയുന്ന ഭൂതകാലവും നിയോഗപരമായ വര്‍ത്തമാനവുമുള്ളവരാണ്'(4) എന്നു കാണാന്‍ വിഷമമില്ല. ഇവിടെ സവര്‍ണ്ണമായ ഓര്‍മ്മകളും ദമിതമായ കാമനകളുമില്ലാത്തവര്‍ സംസാരിക്കുന്നത് കളത്തിനു വെളിയിലാവുന്ന കാര്യമാണ്.
ഇപ്രകാരം പുറന്തള്ളപ്പെട്ടവരായ രണ്ടുപേര്‍ പരസ്പരം സംവദിക്കുന്ന സന്ദര്‍ഭത്തെ കുറിക്കുന്നതാണീ വരികള്‍. അവരില്‍ ഒരാള്‍ കവിയാണ്. ഇവര്‍ രണ്ടുപേരുടെയും വര്‍ത്തമാനാവസ്ഥ ‘വരികള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷപ്പെടുകയും ചെയ്യുന്ന’ ‘ചെറുവിഷയ’മായി ആഖ്യാനത്തിലേക്കു കടന്നുവന്നിരിക്കുകയാണ്. ഇത്തരം പ്രതിപാദനങ്ങളുടെ പൊതുസമ്മതി കുറവായതിനാലാണ് ‘എഴുത്തില്‍ ഞാനും വായനയില്‍ താങ്കളും നഷ്ടപ്പെട്ടേക്കാമെന്ന’ മുന്നറിയിപ്പ് തരുന്നത്. ഒരേ അവസ്ഥയും വര്‍ത്തമാനവുമുള്ളവരാണെങ്കിലും ‘നാം തമ്മില്‍ പരിചിതരല്ലെന്ന’ തിരിച്ചറിവാണ് കവിതയെ അലട്ടുന്നത്. എങ്കിലും ‘നാമെല്ലാം എത്ര സാധാരണക്കാരാണ്’ എന്ന സാക്ഷ്യപ്പെടുത്തലിലൂടെ കവിതയിലെ ഭാഷകന്‍, തന്റെയും അപരത്തിന്റെയും നിലനില്‍പ്പിന് സാധൂകരണം തേടുന്നു.
എപ്പോഴും വിഷമപ്രശ്‌നമായി നിലനില്ക്കുന്ന അപരിചിതത്വത്തെ ‘തന്മ’യുടെ ആഘോഷമായി കാണുന്ന നവീന മധ്യവര്‍ഗ്ഗഭാവുകത്വത്തിലുള്ള അവിശ്വാസം കവിതയുടെ അടിയൊഴുക്കായുണ്ട്. അപരവുമായുള്ള അഭിമുഖീകരണത്തിലൂടെ മറികടക്കാവുന്നതും മറികടക്കേണ്ടതുമായ അവസ്ഥയായി അപരിചിതത്വം പ്രശ്‌നവല്‍ക്കരിക്കപ്പെടുകയാണിവിടെ.

അയല്‍വീട്ടിലെ പെണ്ണുങ്ങള്‍
അതിരാവിലെ അലക്കുന്നത് കേട്ടാണ്
പലപ്പോഴും ഉണരുക.
അവരിലൊരാള്‍ തിണ്ണയിലൂടെ
അങ്ങോട്ടുമിങ്ങോട്ടും നടക്കാറുണ്ട്.
…………………………….
അകലങ്ങള്‍
അകലങ്ങള്‍
അകലങ്ങള്‍
പിന്നിടുകയാവും അല്ലേ.
**അകലങ്ങള്‍: ഐഡന്റിറ്റി കാര്‍ഡ്**

അപരമെന്നത് അകലവും കൂടിയാണ്. അകലം കൂടുന്നതനുസരിച്ചാണ് ‘അഹം’ വികസിക്കുന്നതെന്നതാണ് ഇന്ത്യയുടെ ജ്ഞാനസങ്കല്പത്തിന്റെ കാതല്‍. അപരത്തിന്റെ കളങ്കമില്ലാത്ത, അഹത്തിനുവേണ്ടിയുള്ള ദാഹം ആത്മസാക്ഷാല്‍ക്കാരത്തിന്റെ മുന്നുപാധിയത്രേ. ‘അവനവനാത്മ സുഖത്തിനായി ആചരിക്കുന്നവ അപരനും സുഖത്തിനായി വരേണം’ എന്ന സങ്കല്പനം മുന്‍കാല കീഴാളചിന്താധാരയില്‍ രൂപപ്പെട്ടെങ്കിലും അതൊരു ദലിത്‌വിവേകമായി പരിവര്‍ത്തനപ്പെട്ടിരുന്നില്ല. ഈ അസാധ്യതയില്‍ അപരം, മൗനത്തിലും മറവിയിലും മുങ്ങിയ വസ്തുവായി തുടരുകയായിരുന്നു ഫലം.
ഈ കവിതയിലെ പെണ്ണുങ്ങളിലൂടെ പ്രതിപാദിക്കപ്പെടുന്ന അകലം ജാതിപരവും ലിംഗപരവും പ്രദേശപരവുമാകാം. ഇവര്‍ക്ക് സ്വയം വെളിപ്പെടുത്താനോ മറ്റുള്ളവരോട് സംവദിക്കാനോ പൂര്‍വ്വകല്പനയുടെ താങ്ങില്ലെന്ന അറിവ് കവിതയെ സന്നിഗ്ദ്ധമാക്കുന്നു. രാവിലെ മുറിപൂട്ടി പുറത്തുപോവുകയും, വൈകുന്നേരം തിരിച്ചെത്തുകയും ചെയ്യുന്ന ആളും അയല്‍വീട്ടിലെ പെണ്ണുങ്ങളും തമ്മിലുള്ള ബന്ധം നിരീക്ഷണവസ്തുവും നിരീക്ഷക പദവിയും തമ്മിലുള്ളതല്ല. അയാളുടെ ‘വര്‍ണ്ണനാവൈഭവ’ത്തിലേക്ക് സാംശീകരിക്കപ്പെടുന്നവരുമല്ല ഈ പെണ്ണുങ്ങള്‍. അയാള്‍ സ്വയമുള്‍ക്കൊള്ളുന്ന അപരിചിതത്വത്തെ തിരിച്ചറിഞ്ഞുകൊണ്ട് മറ്റുള്ളവരെ നോക്കുകയാണ്. ഈ നോട്ടം, സംവഹിക്കാനോ സാംശീകരിക്കാനോ വിസമ്മതിച്ചുകൊണ്ട് അകലത്തെ സംബന്ധിച്ച ആലോചനയായി കവിതയെ രൂപപ്പെടുത്തുന്നു.

___________________________________
നവോത്ഥാനാനന്തര കേരളത്തിന്റെ സാംസ്‌ക്കാരികകാലാവസ്ഥയില്‍ , നവഹൈന്ദവതയും നവമാര്‍ക്‌സിസവും അധികാര നിര്‍വ്വാഹകസ്ഥാനം കയ്യാളുന്നവയാണ്. ഈ രണ്ട് പ്രത്യയശാസ്‌ത്രോപാധികളും അപരങ്ങളോട് സംവദിക്കുന്നവയല്ല. മറിച്ച്, അവയെ നിയന്ത്രിച്ചോ സാംശീകരിച്ചോ ഇല്ലാതാക്കണമെന്ന നിലപാട് പുലര്‍ത്തുന്നവയാണ്. തന്മൂലം, കീഴാളമായ എല്ലാ പ്രത്യക്ഷതകളെയും ശത്രുതയോടെ കാണുന്ന വിധത്തില്‍ നമ്മുടെ പൊതുഭാവുകത്വം സമ്മര്‍ദ്ദപ്പെടുന്നു. സാഹിത്യഭാവനയിലെ വലിയ നിശബ്ദതകളെ കാണേണ്ടത് ഈ സമ്മര്‍ദ്ദത്തിന്റെ പ്രതിഫനലമായിട്ടാണ്. ഇന്നും കേരളത്തിലെ സാംസ്‌കാരികരംഗത്ത്, കീഴാള-ന്യൂനപക്ഷ ആണത്തങ്ങളുടെയും പെണ്ണത്തങ്ങളുടെയും സ്ഥാനത്ത് വലിയ നിശബ്ദതയോ അപരിഷ്‌കൃതരും വികലസ്വാഭാവികളുമായ പാതിമനുഷ്യരോ കാണപ്പെടുന്നതിന് കാരണവും മറ്റൊന്നല്ല.
___________________________________

 

വിഷയവും വിഷയിയും
അപരത്തെ തിരസ്‌ക്കരിക്കുക അല്ലെങ്കില്‍ സംവഹിക്കുക എന്ന പ്രക്രിയയിലൂടെയാണ് ‘അധീശപുരുഷ അഹ’ത്തെ ശാശ്വതമായും സാര്‍വ്വത്രികമായും നിലനിറുത്തുന്നത്. മുഖ്യധാരാസാഹിത്യത്തിലൂടെ നിരന്തരമായി നടക്കുന്ന ഈ തന്ത്രത്തോട് ഇടഞ്ഞുകൊണ്ട് മറ്റൊരു വീണ്ടുവിചാരത്തിലേയ്ക്ക് കടക്കുന്ന പുതുകവിതയുടെ വഴി എളുപ്പമുള്ളതല്ല. കാരണം, നവലോകക്രമവും അതിന്റെ ജ്ഞാനാധികാര പദ്ധതികളും നിലനില്‍ക്കുന്നത് തന്നെ മേല്‍പ്പറഞ്ഞ രീതിയിലുള്ള തിരസ്‌ക്കാര-സംവഹന ഉപാധികളിലൂടെയാണ്.
നവോത്ഥാനാനന്തര കേരളത്തിന്റെ സാംസ്‌ക്കാരികകാലാവസ്ഥയില്‍ , നവഹൈന്ദവതയും നവമാര്‍ക്‌സിസവും അധികാര നിര്‍വ്വാഹകസ്ഥാനം കയ്യാളുന്നവയാണ്. ഈ രണ്ട് പ്രത്യയശാസ്‌ത്രോപാധികളും അപരങ്ങളോട് സംവദിക്കുന്നവയല്ല. മറിച്ച്, അവയെ നിയന്ത്രിച്ചോ സാംശീകരിച്ചോ ഇല്ലാതാക്കണമെന്ന നിലപാട് പുലര്‍ത്തുന്നവയാണ്. തന്മൂലം, കീഴാളമായ എല്ലാ പ്രത്യക്ഷതകളെയും ശത്രുതയോടെ കാണുന്ന വിധത്തില്‍ നമ്മുടെ പൊതുഭാവുകത്വം സമ്മര്‍ദ്ദപ്പെടുന്നു. സാഹിത്യഭാവനയിലെ വലിയ നിശബ്ദതകളെ കാണേണ്ടത് ഈ സമ്മര്‍ദ്ദത്തിന്റെ പ്രതിഫനലമായിട്ടാണ്. ഇന്നും കേരളത്തിലെ സാംസ്‌കാരികരംഗത്ത്, കീഴാള-ന്യൂനപക്ഷ ആണത്തങ്ങളുടെയും പെണ്ണത്തങ്ങളുടെയും സ്ഥാനത്ത് വലിയ നിശബ്ദതയോ അപരിഷ്‌കൃതരും വികലസ്വാഭാവികളുമായ പാതിമനുഷ്യരോ കാണപ്പെടുന്നതിന് കാരണവും മറ്റൊന്നല്ല.

ഇത്തരം വലിയ നിശബ്ദതകളുടെ പിന്നിലെ കാര്യ-കാരണ ബന്ധങ്ങളോടും ഹേതുവാദത്തോടും തീവ്രമായി ഇടഞ്ഞുകൊണ്ടാണ് ജോസഫിന്റെ കവിതകളിലെ വിഷയങ്ങളും പുതുവിഷയിയും സന്നിഹിതമായിട്ടുള്ളത്. കീഴ്ജാതിക്കാരും, ചെറിയജോലികള്‍ ചെയ്യുന്ന ചെറുപ്പക്കാരും, മീന്‍കാരും, പങ്കുകൃഷിക്കാരും, ലൈംഗീകവേലക്കാരും, സമകാലീന പുറമ്പോക്കുകളും കവിതയിലിടം നേടുന്നതിങ്ങിനെയാണ്. ആന, പോത്ത്, പശു, പന്നി മുതലായ മൃഗങ്ങളും കോഴി, താറാവ്, കൊറ്റി, ഉപ്പന്‍ തുടങ്ങിയ പക്ഷികളും ആരോന്‍ , ചില്ലോന്‍ , വരാല്‍ പോലുള്ള മത്സ്യങ്ങളും താന്നി, ആഞ്ഞില് , പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളും കുന്നുകള്‍ , പാടങ്ങള്‍ , ഇടവഴികള്‍ , കുളങ്ങള്‍ അടക്കമുള്ള ഭൂമേഖലകളും ‘വെറക്’ ‘പനറാതല്‍ ‘ ‘ശരണക്കേട്’ പോലുള്ള നാട്ടുവഴക്കങ്ങളും സാമ്പ്രദായിക കവിതയിലെ ഗൃഹാതുരത്വത്തെ പ്രതിഫലിപ്പിക്കുന്നവയല്ല. നേരേമറിച്ച്, പൊതുധാരയുടെ തിരസ്‌ക്കാര-നിയന്ത്രണ-സംവഹന ഉപാധികളെ പൊളിച്ചുകൊണ്ട് രൂപപ്പെടുന്ന ജൈവികസാന്നിധ്യങ്ങളും ഇടങ്ങളുമാണ്.
സാര്‍വ്വലൗകിക ചോദന (Universal spirit)യുടെ ഘടകങ്ങളില്‍നിന്നും പാര്‍ശ്വവല്‍കൃതരെ അകറ്റിമാറ്റിയ പാശ്ചാത്യജ്ഞാനവിഷയവും (ഹെഗല്‍) കീഴാളര്‍ക്കും സ്ത്രീകള്‍ക്കും അറിവും അധികാരവും വിലക്കിയ പൗരസ്ത്യ ജ്ഞാനവിഷയവും പരസ്പരം പൂരിപ്പിക്കുന്നവയാണ്. ‘പൊതുവായത്’ എന്നു വിവക്ഷിക്കപ്പെടുന്ന ഒന്നും തന്നെ ഈ വിഭാഗങ്ങളില്‍ നിന്നും രൂപപ്പെടുകയില്ലെന്ന മുന്‍ നിശ്ചയമാണ് ഈ ജ്ഞാനാധികാരങ്ങളെ ഭരിക്കുന്നത്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍,

ഉപ്പന്റെ കൂവല് വരയ്ക്കുന്നു

അധീശത്വഅഹത്തെ സാക്ഷാല്‍ക്കരിക്കുന്ന വ്യവഹാരങ്ങളെ ‘പൊതുവായ’തായും അപരത്തെ സാക്ഷ്യപ്പെടുത്തുന്നവയെ ‘പ്രത്യേക ഇന'(6)മായും കാണുകയെന്ന നിലപാടാണ് പാശ്ചാത്യവാദത്തിലും പൗരസ്ത്യവാദത്തിലും ഒരേപോലെ കാണാവുന്നത്. ഭവശാസ്ത്രപരമായ ഇത്തരം തടസ്സങ്ങള്‍ നമ്മുടെ പൊതുഭാവുകത്വത്തെ വലിഞ്ഞുമുറുക്കുന്നത് മൂലമാണ്, സവര്‍ണ്ണമായ ഉള്ളടക്കവും കാമനകളുമുള്ള കൃതികളും സിനിമകളും മാത്രം ഇവിടെ ജനപ്രിയത ഉള്ളവയായി പരിഗണിക്കപ്പെടുന്നത്. അധീശത്വ ആണത്തങ്ങളും അതിനു അനുബന്ധമായ സവര്‍ണ്ണപെണ്ണത്തങ്ങളും ആഘോഷിക്കപ്പെടുകയും, അതേ അനുപാതത്തില്‍ അപര-കീഴാളസ്ത്രീലോകങ്ങള്‍ ചരിത്രരഹിതമായും വളര്‍ച്ചയറ്റും അവസ്ഥാന്തരപ്പെടുകയാണ് (ransmuted) ഈ ജനപ്രിയതയുടെ മറുപുറമെന്നത്.(7)
അപരങ്ങളുടെ അതിജീവനത്തിലുള്ള ഉല്‍ക്കണ്ഠയും അടിത്തട്ടിലെ ജീവിതാസക്തി (lust for life) യുമാണ് ജോസഫിന്റെ കവിതകളിലെ വിഷയി മണ്ഡലമെന്നു കാണാം. ഏതെങ്കിലും മതത്തിനോടോ പ്രത്യയശാസ്ത്രത്തോടോ ഉള്ള കൂറിനുപരി തീവ്രമായ സ്ഥല-സമയബോധവും, ജന്തു-സസ്യ-ഭൗമമണ്ഡലത്തിന്റെ നിലനില്‍പിനെ കുറിച്ചുള്ള സന്ദേഹങ്ങളുമാണ് ഇവിടെ വിഷയങ്ങള്‍. ഇവയിലൂടെ ‘പൊതുവായത്’ ‘പ്രത്യേക’ ഇനം എന്ന യൂറോകേന്ദ്രീകൃത/പൗരസ്ത്യവാദ വര്‍ഗ്ഗീകരണപദ്ധതി അസാധുവാക്കപ്പെടുന്നു.

ജയില്‍ എന്ന കവിതയില്‍ കാണുന്ന ഉറച്ച ഭാഷകസ്വരം പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

ഒരുപക്ഷേ, ജയിലിനുള്ളില്‍ നിന്നും ഒരു കുറ്റവാളി
പുറം ലോകത്തെക്കുറിച്ചും എന്നെക്കുറിച്ചും
പലതും ഓര്‍ത്തുനിന്നേക്കാം.
എന്നെ അയാള്‍ അറിയില്ല.
എങ്കിലും ജയിലില്‍ നിന്നും തുടരുന്ന അയാളുടെ ഓര്‍മ്മ
മുന്നോട്ടുപോയാല്‍ എപ്പോഴെങ്കിലും
മതം, ജാതി, നിറം എന്നിങ്ങനെ അറകളുള്ള
വലിയ ജനലിനുള്ളിലെ
ഞാനീവാക്കുകള്‍ എഴുതിയിടുന്ന
അറയില്‍ വന്നു മുട്ടി നിന്നേക്കം.
**ജയില്‍ , ഐഡന്റിറ്റികാര്‍ഡ്**

കവിതയിലെ ഭാഷകന്‍ ജയിലില്‍ പോയിട്ടില്ല. തടവുകാരെ കണ്ടിട്ടില്ല. എങ്കിലും ജയിലിലടക്കപ്പെട്ട ഒരു തടവുപുള്ളിയുടെ ഓര്‍മ്മകളാരംഭിക്കുന്നതിലൂടെ തന്റെ സ്വരം ഉയരുകയാണെന്നു അയാള്‍ പ്രഖ്യാപിക്കുന്നു. അഹത്തില്‍ തളം കെട്ടാതെ, അപരത്തിലൂടെ പ്രത്യക്ഷീകരിക്കുന്ന തന്റെ സ്വരം/എഴുത്ത് മറ്റുള്ളവരിലെത്തുമ്പോള്‍ യാഥാര്‍ത്ഥ്യവും കല്പനയും വേര്‍തിരിയുമെന്ന ബോധ്യമാണ് ഭാഷകശബ്ദത്തിന്റെ ദൃഢതയ്ക്ക് കാരണം.
മധ്യവര്‍ഗ്ഗആഖ്യാനങ്ങളില്‍ പൊതുവേയുള്ള കാമനകളും ജനപ്രിയതയുടെ ഉത്തരാധുനിക ചേരുവകളും വളരെ കുറച്ചുമാത്രമേ ജോസഫിന്റെ കവിതകളില്‍ കാണപ്പെടുന്നുള്ളു. ഇക്കാരണത്താല്‍ , ഇവയുടെ സമകാലീനതയെ തര്‍ക്കവിഷയമാക്കിയിട്ടുള്ള എതിര്‍പ്രചാരണം അതീവശക്തമായി നടക്കുന്നുണ്ട്. പ്രതിരോധപരമായി ഉന്നയിക്കപ്പെട്ടിട്ടുള്ള ‘വാക്കിന്റെ തായ്‌വേരുകള്‍'(8) ‘കവിതയുടെ നാട്ടെഴുത്ത്'(9) ‘തുടക്കം മുതല്‍ സംസ്‌കൃതഭിന്നമായിരിക്കുന്നതില്‍ പിടിവാശി'(10) തുടങ്ങിയ നിരീക്ഷണങ്ങളാകട്ടെ, മുഖ്യധാരയുടെ അതിജീവനതന്ത്രങ്ങളെ ചെറുസാഹിത്യത്തില്‍ അത്യാരോപിക്കുന്നവയാണ്. ഇപ്രകാരം ലളിതവല്‍ക്കരിക്കപ്പെട്ട പ്രമേയങ്ങളായി കാണുകയല്ല, നമ്മുടെ കാലഘട്ടത്തിലെ കര്‍ത്തൃത്വ സ്ഥാനങ്ങളൊന്നുമില്ലാതെ വഴിമുട്ടിയവരുടെ തുറസ്സായി ഈ കവിതകളെ തിരിച്ചറിയുകയാണ് വേണ്ടത്.

_____________________________________
ദലിതരുടേയും ബഹുജനങ്ങളുടേയും ജീവിതത്തെ ‘ഇല്ലായ്മ’കളിലൂടെ (lacks) കാണുന്ന വ്യവഹാരങ്ങള്‍ക്കാണ് ജനപ്രിയതയുളളത്. പട്ടിണിക്കാര്‍ , പാവങ്ങള്‍ , നിഷ്‌ക്കളങ്കര്‍ , കലഹപ്രിയര്‍ , മനസാക്ഷിയും മനസ്സാന്നിധ്യവുമില്ലാത്തവര്‍ , അനുഷ്ഠാനകലകളിലൂടെ ആത്മാവിഷ്‌ക്കാരം നടത്തുന്നവര്‍ എന്നിങ്ങനെയുളള പ്രതിനിധാനങ്ങള്‍ ഇപ്പോഴും സര്‍വ്വശക്തമാണ്. കേവല ജനപ്രിയതയോട് കലഹിച്ചുകൊണ്ട്, കല്പിതമായ ഇല്ലായ്മകളില്‍നിന്നും ആരോപിതമായ കുറവുകളില്‍നിന്നും വിടുതല്‍ നേടിയവരായി അടിത്തട്ടിലെ ജനതയെ തിരിച്ചെഴുതുകയാണ് ജോസഫിന്റെ കവിതകൾ
_____________________________________

‘മതം, ജാതി, നിറം എന്നിങ്ങനെ അറകളുള്ള വലിയ ജനലിനുള്ളിലെ ഞാനീ വാക്കുകള്‍ എഴുതിയിടുന്ന അറ’ (ജയില്‍) എന്ന പ്രതിപാദനത്തെ ശ്രദ്ധിച്ചാല്‍ മേല്‍പ്പറഞ്ഞ വസ്തുത കൂടുതല്‍ വ്യക്തമാവും. അപാര്‍ത്തീഡിനെക്കുറിച്ച് ദെറിദ എഴുതി. ‘ആ വാക്ക് വേര്‍തിരിയലിലൂന്നുന്നു. അത് സ്ഥലത്തില്‍ പുറം രേഖകളിട്ടു വെക്കുന്നു. താമസിക്കാനുള്ള സ്ഥലം നിശ്ചയിക്കുവാനോ അതിര്‍ത്തികള്‍ അടയ്ക്കുവാനോ ആയി. അത് വ്യത്യാസങ്ങളെ തിരിച്ചറിയുന്നില്ല. പകരം വിവേചനങ്ങളെ നിലവില്‍ വരുത്തുന്നു.'(11) വംശീയതയുടെ അവസാന വാക്കായ അപാര്‍ത്തീഡ് പോലുള്ള സ്ഥാപനമാണ് ജാതിവ്യവസ്ഥയെന്നും അതിന്റെ ആഭ്യന്തരകോളനീകരണത്തെ അദൃശ്യമാക്കുന്നതില്‍ മധ്യവര്‍ഗ്ഗ ആഖ്യാനങ്ങളുടെ കാമനവലയങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ലെന്നതും ഇന്നത്തെ തിരിച്ചറിവാണ്. ഈ തിരിച്ചറിവിലൂന്നിക്കൊണ്ട് അദൃശ്യമായ നിരവധി ജയിലറകളെ വെളിപ്പെടുത്തുകയും തടവുകാരുടെ കാഴ്ചയുറപ്പിക്കുകയുമാണ് ജോസഫിന്റെ കവിതകള്‍. ഇവ ‘അതിര്‍ത്തികള്‍ അടക്കുകയും അകലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും’ ചെയ്യുന്ന അധീശ അഹത്തില്‍ നിന്നുള്ള വിമോചനത്തെ പ്രതിനിധാനം ചെയ്യുന്നതിനൊപ്പം മധ്യവര്‍ഗ്ഗആഖ്യാനപദ്ധതികള്‍ സ്ഥിരീകരിച്ചിട്ടുള്ള ‘സ്റ്റാന്‍ഡേര്‍ഡു’കളോട് വിടപറയുകയും ചെയ്യുന്നു.

പാമ്പാകില്‍ ഭൂമിതന്‍ മാറില്‍ തലയുയര്‍ത്തിപ്പിടിച്ചിഴയാം

വരേണ്യമായ പദവികള്‍ക്ക് ഭീഷണിയല്ലാത്ത വെറും കൗതുകവസ്തുക്കളെപ്പോലെയായിരുന്നു നവോത്ഥാനത്തിലും ആധുനികതയിലും പാര്‍ശ്വവല്‍കൃതര്‍ സ്ഥാനപ്പെട്ടിരുന്നത്. ഇപ്പോള്‍, മേല്‍ജാതിക്കാര്‍ക്കും ഉപരിവര്‍ഗ്ഗങ്ങള്‍ക്കും ദേശത്തിനുമേലുള്ളതായി അവര്‍ കല്പിച്ചിരുന്ന അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്ന വിധത്തില്‍ ദലിത്-ന്യൂനപക്ഷവിഭാഗങ്ങളുടെയും സ്ത്രീകളുടെയും വിഷയിസ്ഥാനത്തില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. ഈമാറ്റത്തെ നിയമരാഷ്ട്രത്തിന്റെയും മതേതര സങ്കല്പനങ്ങളുടെയും തകര്‍ച്ചയായും, അപരരും അന്യരും പെരുകുന്നതിലൂടെ ഉണ്ടാവുന്ന സാംസ്‌ക്കാരികമായ ദുഷിപ്പായും കാണുന്ന ചിത്രീകരണങ്ങള്‍ക്ക് വമ്പിച്ച ജനപ്രിയതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇത്തരം ജനപ്രിയ ആഖ്യാനങ്ങളുടെ പെരുകലില്‍ കീഴാളരുടെയും ന്യൂനപക്ഷങ്ങളുടെയും അതിജീവനം തന്നെയാണ് അപരത്വവല്‍ക്കരണത്തിന് വിധേയമാകുന്നത്. ഈ വസ്തുതയെ ഒന്നുകൂടെ വിശദീകരിക്കാം.
ദേശീയ (ഹൈന്ദവ) മൂല്യങ്ങളെയും സവര്‍ണ്ണ ഉദാരമാനവികതയെയും പറ്റിയുള്ള നിരവധി അവകാശവാദങ്ങളുടെ അടിത്തറയിലാണ് ദേശമെന്ന ഭാവന രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. സ്വാതന്ത്ര്യാനന്തരഘട്ടത്തിലെ കീഴ്ജാതിക്കാരുടെ രാഷ്ട്രീയവല്‍ക്കരണവും, ന്യൂനപക്ഷപ്രശ്‌നങ്ങളും, സ്ത്രീകളുടെ സ്വതന്ത്ര കര്‍ത്തൃത്വരൂപീകരണവും ദേശീയമൂല്യങ്ങളില്‍ നിന്നുള്ള ‘പതന’മായിട്ടാണ് മതേതരഭരണവര്‍ഗ്ഗവും ഹിന്ദുത്വപുനരുത്ഥാനശക്തികളും കണ്ടത്. ‘അകറ്റിമാറ്റി നിറുത്തപ്പെട്ടവയുടെ തിരിച്ചുവരവാണ്’ പുതുസാമൂഹികവിഭാഗങ്ങളും പ്രസ്ഥാനങ്ങളുമെന്ന് ഇക്കൂട്ടര്‍ അങ്കലാപ്പിലായി. സാമൂഹികരൂപീകരണപ്രക്രിയയെ അധഃപതനത്തിന്റെ (degeneration) ചിഹ്നങ്ങളിലൂടെ വിലയിരുത്തുന്ന ഭാഷണങ്ങള്‍ക്ക് വമ്പിച്ച പൊതുസമ്മതി കിട്ടിയതിന്റെ പശ്ചാത്തലമിതാണ്. എഴുപതുകളിലെ വ്യക്തിവാദചിന്താഗതികളിലാണ് പിറവിയെടുത്തതെങ്കിലും പില്‍ക്കാലത്തെ ജനപ്രിയസാഹിത്യത്തിലും സോഷ്യലിസ്റ്റ്/തീവ്രഇടതുപക്ഷ ആഖ്യാനങ്ങളിലും ‘അധഃപതന’ത്തിന്റെ രൂപകങ്ങള്‍ സര്‍വ്വസാധാരണമായി മാറി.
കോളനിയനന്തരഘട്ടത്തിലെ വിപണിയുടെ കടന്നുകയറ്റം, നഗരവല്‍ക്കരണം, ഉപഭോഗതൃഷ്ണ മുതലായ കാര്യങ്ങളെ പ്രമേയമാക്കിയ നിരവധി കൃതികളും സിനിമകളും രൂപപ്പെടുകയുണ്ടായി. സവര്‍ണ്ണരുടെ പദവി നഷ്ടത്തെക്കുറിച്ചുള്ള ആശങ്കകളായിരുന്നു ഇവ മിക്കവയും. ‘മുതലാളിത്ത തിന്മ’കള്‍ക്കും ‘സാമ്രാജ്യത്വ പകര്‍ച്ചവ്യാധി’കള്‍ക്കു മെതിരെ എന്ന പേരില്‍ ഉല്‍പ്പാദിക്കപ്പെട്ട ഈ നഷ്ടബോധത്തിന് ഉപശാന്തിയായി ഗാന്ധിസം പോലുള്ള പൗരസ്ത്യബദലുകള്‍ വീണ്ടെടുക്കണമെന്ന വാദം ശക്തമായി. ഒപ്പം, ദേശീയതക്ക് വേണ്ടി അര്‍പ്പിക്കപ്പെട്ട ബലികളുടെയും ത്യാഗാനുഭവങ്ങളുടെയും ഓര്‍മ്മകള്‍ മായാതെ നിലനിറുത്തണമെന്നും ഉല്‍ഘോഷിക്കപ്പെട്ടു. ‘ബ്രാഹ്മണിക്കല്‍ അഹ’ത്തിനു പുനര്‍നിര്‍മ്മതി പ്രദാനം ചെയ്യാന്‍ കഴിയുന്ന ശമനകാരിയോ വിശുദ്ധസ്ഥലിയോ ആണ് കലയുംസാഹിത്യവുമെന്ന വംശീയ കാഴ്ചപ്പാടിനെ ജനപ്രിയമാക്കിയെന്നതാണ് ഇത്തരം വ്യവഹാരങ്ങളുടെ പ്രധാനവശം(12). നിരവധി സവര്‍ണ്ണഭീകരവാദസിനിമകളും പെരുംമുതല്‍മുടക്ക് സീരിയലുകളും ഭക്തി-പുരാണ-ഉത്തരാധുനിക കെട്ടുകാഴ്ചകളും സാംസ്‌ക്കാരികരംഗം കീഴടക്കിയത് ഈ നഷ്ടബോധത്തിന്റെ മറവിലാണ്. ദേശമെന്ന ജൈവപിണ്ഡത്തെ ജീര്‍ണ്ണിപ്പിക്കുന്ന ഘടകങ്ങളായി ഇവ അപരങ്ങളെയും ന്യൂനപക്ഷങ്ങളെയും പ്രതിഷ്ഠിച്ചു. ഭരിക്കുന്നവരുടെ ഭയങ്ങളായി മാധ്യമവല്‍ക്കരിക്കപ്പെടുന്ന, ഇത്തരം പുനരുല്‍പ്പാദന പ്രക്രിയയിലൂടെ പാര്‍ശ്വവല്‍കൃതരുടെ ശരീരങ്ങളും ആവാസവ്യവസ്ഥകളും ‘പുതുനരകചിഹ്ന’ങ്ങളായി പരിവര്‍ത്തനപ്പെടുകയാണ്.
രണ്ടാംലോകയുദ്ധത്തിനു മുമ്പുള്ള യൂറോപ്പില്‍ , വെളുത്ത ദേശീയതയ്ക്കും ക്ലാസ്സിക്കല്‍ കലാഭിരുചികള്‍ക്കും പുറത്തായിരുന്ന സാമൂഹികവിഭാഗങ്ങളെ വംശഹത്യക്ക് വിധേയമാക്കണമെന്ന വരേണ്യബോധം നീതീകരിക്കപ്പെടുകയുണ്ടായി. സമാനമായ വിധത്തിലുളള ഘടനാപരമായ മാറ്റങ്ങളാണ് ഇവിടെയും സംഭവിക്കുന്നതെന്നു കാണാന്‍ വിഷമമില്ല. ഈ പരിസ്ഥിതിയില്‍, കീഴാളരുടെയും പുറന്തള്ളപ്പെട്ടവരുടെയും സാന്നിധ്യത്തെ കേവലമായ പ്രതിപാദ്യമായല്ല, അതിജീവനത്തിന്റെ പാഠങ്ങളായിട്ടാണ് ജോസഫിന്റെ കവിതകള്‍ ആവിഷ്‌ക്കരിക്കുന്നത്.

പോക്കടമില്ല അല്ലേ എന്ന വാക്യമാണ്
ഞാന്‍ പ്രയോഗിച്ചിട്ടുള്ള
ഏറ്റവും വലിയ ധ്വനിയെന്നു തോന്നുന്നു.
കവിതയിലായാലും ജീവിതത്തിലായാലും.
**ധ്വനി: ഐഡന്റിറ്റി കാര്‍ഡ്**

അപ്പനോടും ആണ്‍മക്കളോടും കലഹിച്ചു ശരണക്കേട്മൂലം വീടുവിട്ടിറങ്ങുന്ന അമ്മ, ചായന്തെങ്ങിനു കീഴേയുള്ള കൂത്തുകല്ലില്‍ കുറേനേരമിരുന്നിട്ട് തിരിച്ചുവരും. അപ്പോള്‍ മക്കള്‍ ‘പോക്കടമില്ല അല്ലേ’ എന്നു കളിയാക്കി ചോദിക്കും. കൂകിച്ചിരിക്കും. ചെറുപ്രായത്തില്‍ അമ്മയെ കളിയാക്കി ചോദിച്ചത് കവിതയെയും ജനതയെയും സംബന്ധിച്ച ഏറ്റവുംവലിയ ധ്വനിയായി മാറുകയാണെന്ന് കവി സത്യപ്രസ്താവന നടത്തുന്നു. അനേകായിരങ്ങള്‍ക്ക് പോക്കടമില്ലെന്ന തിരിച്ചറിവിനൊപ്പം അവരുടെ അതിജീവനത്തിനു താങ്ങാവുന്ന ചെറുപഴുതുപോലും എത്രയും വിലപ്പെട്ടതാണെന്ന പൊതുബോധത്തെ രൂപീകരിക്കാന്‍ പൊരുതുകയാണ് കവിത.

പുഴുവില്‍ നിന്ന് മരപ്പൊത്തുകള്‍ എടുക്കല്ലേ
മരപ്പൊത്തില്‍ നിന്ന് കിളി കാണും മാനം എടുക്കല്ലേ.
കാറ്റില്‍ നിന്ന്
അകലങ്ങളെ.
അകലങ്ങളില്‍ നിന്ന്
കക്ക നീറ്റുമിടം കഴിഞ്ഞുള്ള അമ്മവീടിനെ.
ഓരോ വീട്ടിലും ഒരുഗ്രാമം
അത് എടുക്കല്ലേ.
ഗ്രാമത്തില്‍ നിന്ന്
കളയും വിളയും നിറഞ്ഞ
കുളക്കോഴികളുടെ പാടങ്ങള്‍ എടുക്കല്ലേ.
കവലയിലെ ചായക്കട
**എടുക്കല്ലേ. ഇടം : മീന്‍ കാരന്‍ * *

പരമ്പരാഗതമായി മലയാള കവിതയില്‍ പ്രതിപാദിക്കപ്പെടുന്ന വിശുദ്ധിനഷ്ടത്തിലുള്ള ഖേദമല്ല. മറിച്ച്, അതിജീവനത്തെപറ്റിയുള്ള ഉള്ളുലക്കുന്ന സാക്ഷ്യപ്പെടുത്തലാണ് ഈ കവിത.
‘ഒരുക്കം’ എന്ന കവിതയില്‍ റെയില്‍വേസ്റ്റേഷനിലെ ബഞ്ചിലിരുന്നുകൊണ്ട് കവി സി.. അയ്യപ്പന്റെ കഥകള്‍ വായിക്കുകയാണ്. അപ്പോള്‍ സമകാലീന ‘പുറമ്പോക്കി’ലെ ഒരമ്മയും കുഞ്ഞും കടന്നുവരുന്നു. അവരുടെ സാമീപ്യത്തെ പുതിയൊരാനന്ദമായി അനുഭവിപ്പിക്കുകയാണ് കവിത. ‘പൊട്ട്’ എന്ന കവിതയില്‍ കൂലിപ്പണിക്ക് പോകുന്നവളുടെ നെറ്റിയിലെ പൊട്ടിനെ അവളുടെ ശാക്തീകരണത്തിന്റെ അടയാളമായി കവിത അഭിമാനത്തോടെ നോക്കുന്നു.
അമ്മയും മകളും മാത്രമുള്ള വീട്ടിലെ ദരിദ്രയായ പെണ്‍കുട്ടിയോട് കവിത സംസാരിക്കുന്നതിങ്ങനെയാണ്.
നീയെന്തൊരു കോലമായി?

ഒന്നു വൃത്തിയായി നടന്നുകൂടെ നിനക്ക്.
മുടികെട്ടിവെച്ചുകൂടെ?
നിന്റെ അമ്മ പണിയെടുത്തു നിന്നെ തീറ്റിപ്പോറ്റി.
പിന്നെ നീ വീട്ടുവേലക്ക് പോയി,
അമ്മ മരിക്കുമ്പോള്‍ നീ ഒറ്റപ്പെടും.
ഇതെല്ലാമോര്‍ത്തിട്ടാണോ നീ കെട്ടുപോകുന്നത്.
എനിക്ക് നിന്നോട് പറയാനുള്ളത് മറ്റൊരു കാര്യമാണ്.
നിരാശപ്പെട്ട് നാമങ്ങനെ കുളിക്കാതേം പിളിക്കാതേം
ഇരിക്കുമ്പോഴാകും ഒരു വഴിത്തിരിവ് ഉണ്ടാവുക.
അതു കൊണ്ട് കരയരുത്.
വൃത്തിയായി നടക്ക്. തലമുടികെട്ടിവെക്ക്.
എണ്ണയും സോപ്പും കണ്‍മഷിയും ചീപ്പും മൈലാഞ്ചിയും
കുപ്പിവളകളും വരവുകമ്മലും കണ്ണാടിയുമൊക്കെ
പിടിച്ചുനില്‍ക്കാന്‍ വേണ്ടിവരുന്നുണ്ട്…
അല്ല നീ കരയുകയാണോ? കരയുകയാണോ?
**ഒരു ഗ്രാമീണ പെണ്‍കുട്ടി: ഐഡന്റിറ്റി കാര്‍ഡ്**

വരേണ്യാവബോധങ്ങളെയും ശരീരങ്ങളെയും സ്വാഭാവികവും ജൈവികവുമായി ചിത്രീകരിക്കുന്നുവെന്നതാണ് യൂറോകേന്ദ്രീകൃത കാഴ്ചയുടെ പ്രധാനവശം. ഇതേസമയം, കീഴാളാവബോധങ്ങളെയും ശരീരങ്ങളെയും ഈ നോട്ടം അടയാളപ്പെടുത്തുന്നത് കൃത്രിമവും സൗന്ദര്യവര്‍ദ്ധകഉല്‍പ്പന്നങ്ങളോട് കണ്ണിചേര്‍ത്തുമാണ്.(13) ആദ്യകാലഹാസ്യകൃതികള്‍ മുതല്‍ ഇപ്പോഴത്തെ കോമഡിസിനിമകള്‍ വരെയും പൊന്നമ്മസൂപ്രണ്ട്, ബോബനും മോളിയും മുതലായ കാര്‍ട്ടൂണ്‍ പരമ്പരകളിലേയും നിലക്കാത്ത വിഭവമാണ് വീട്ടുവേലക്കാര്‍ക്കും കീഴ്ജാതിക്കാര്‍ക്കും സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളോടുള്ള ഭ്രമം. സാറാജോസഫിന്റെ ‘കണ്ണാടികള്‍ ഉടയുന്നത്’ എന്ന കഥയിലെ ദലിതയും ദരിദ്രയുമായ പെണ്‍കുട്ടി, സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ കൊണ്ട് കുറവുകള്‍ നികത്താമെന്ന് കരുതുന്നത്രയും സാമ്രാജ്യത്വപകര്‍ച്ചവ്യാധി പിടിപെട്ടവളാണ്. കണ്ണാടിയും പൗഡറും ഉപയോഗിക്കുന്നത് ‘രാഷ്ട്രീയമായി’ ശരിയല്ലാത്തതിനാല്‍ അവള്‍ ശകാരിക്കപ്പെടുന്നു. എന്നാല്‍ ജോസഫിന്റെ കവിത അവളോട് തിരിച്ചുപറയുന്നത്, കണ്ണാടിയും പൗഡറും വരവുകമ്മലുമെല്ലാം പിടിച്ചുനില്‍ക്കാന്‍ വേണ്ടിവരുമെന്നാണ്.
ഇതേ പ്രകാരത്തില്‍ ശകാരിക്കപ്പെടുന്നവരാണ് കീഴാള ആണുങ്ങളും.

പൂവരശിന്റെ ചോട്ടില്‍ ഒരു പെണ്‍കുട്ടി നില്‍ക്കുന്നു.
അങ്ങ് വളവിനപ്പുറത്തു നിന്നു
വണ്ടിവരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ട്.
ഞാനും വണ്ടി കാത്തു നില്‍പ്പാണ്.
ഒരു ചീത്തയാള്‍ എന്നു കരുതിയാവാം
അവള്‍ അസ്വസ്ഥയാവുന്നുണ്ട്.
**പൂവരശിന്റെ ചോട്ടില്‍: മീന്‍കാരന്‍ **

മുഖ്യധാര സവര്‍ണ്ണ (സദാചാര) പുരുഷന്റെ ലക്ഷണങ്ങളില്ലാത്ത ഒരാള്‍ ബസ്സുകാത്തുനില്‍ക്കുമ്പോള്‍, പൊതുബോധത്തിന്റെ സമ്മര്‍ദ്ദംകൊണ്ട് മാത്രം സംശയിക്കപ്പെടുന്നതിന്റെ കാഴ്ചയാണ് ഈ കവിത.
അമേരിക്കയില്‍ വെളുത്ത ആണധീശത്വത്തെ ഉറപ്പിക്കാന്‍ ‘ബ്ലാക്ക്ബീസ്റ്റ് റേപ്പിസ്റ്റിനോടുള്ള'(14) ഉള്‍ക്കിടിലവും വംശീയമായ അകല്‍ച്ചയും ഉല്‍പ്പാദിപ്പിച്ചിരുന്നു. അതേപോലെ സവര്‍ണ്ണസ്ത്രീശരീരങ്ങളില്‍ ലൈംഗീകമായി കൊതിയൂറുന്നവരും, മേലാളിത്ത സുഖഭോഗങ്ങളാസ്വദിക്കുന്നതില്‍ നിര്‍വൃതിയടയുന്നവരുമായി കീഴാളആണുങ്ങളെ ചിത്രീകരിക്കുന്നത് നമ്മുടെ ജനപ്രിയസാഹിത്യത്തിന്റെയും സിനിമകളുടെയും പണ്ടേയുള്ള ശീലമാണ്.(15) സവര്‍ണ്ണ ‘ഗുണ’ങ്ങള്‍ക്ക് അപരരായവര്‍ വംശീയമായി അകറ്റി മാറ്റപ്പെടുകയാണ് ഇത്തരം വ്യവഹാരങ്ങളുടെ ആത്യന്തികഫലം.

ഐഡന്റിറ്റി കാര്‍ഡിലെ തിരിച്ചെഴുത്തുകള്‍
ഫലസ്റ്റീനിയന്‍ മഹാകവിയായ മുഹമ്മദ് ദാര്‍വീഷിന്റെ പ്രശസ്തമായ കവിതയാണ് ‘ഐഡന്റിറ്റി കാര്‍ഡ്’. 1964-ല്‍ രചിച്ച ഈ കവിത മധ്യപൂര്‍വ്വേഷ്യയിലെ ജനങ്ങളുടെ അധിനിവേശ വിരുദ്ധപോരാട്ടങ്ങളെ പിന്തുണക്കുന്നതിലൂടെയാണ് പ്രസക്തി നേടിയിട്ടുളളത്. എന്നാല്‍ കേവലമായ രാഷ്ട്രീയപ്രമേയത്തിനുപരി, ഈ പ്രദേശത്തെ ഏറ്റവും പിന്നണിജനതയുടെ സാമുദായികമായ അന്യവല്‍ക്കരണത്തെ അടയാളപ്പെടുത്തുന്നതാണ് കവിതയുടെ ഉള്‍തലം. താന്‍ , ഒരറബിയാണെന്ന വസ്തുതയെ രേഖപ്പെടുത്തിക്കൊളളാനും ഈ കാര്യത്തില്‍ കോപിക്കാനെന്തുണ്ട് എന്ന ചോദ്യവും കവിതയുന്നയിക്കുന്നു. ഫലസ്റ്റീനിയന്‍ ഗ്രാമീണവേലക്കാരുടെ ഭൂതവും വര്‍ത്തമാനവുമാണ് തന്റെ സാമുദായികതയെന്നും അറേബ്യന്‍വരേണ്യതയുടെ അവകാശവാദങ്ങളില്‍ അഭിരമിക്കുന്നതായ യാതൊന്നും തന്നെയില്ലെന്നും കവി തുറന്നെഴുതുന്നു.
ജോസഫിന്റെ ‘ഐഡന്റിറ്റികാര്‍ഡ്’ എന്ന കവിതയും കേവലാര്‍ത്ഥത്തിലുളള ഒരു രാഷ്ട്രീയപ്രമേയമല്ല. എന്നാല്‍ സമകാലീന ദലിത്ജീവിതാവസ്ഥയുടെ സാമൂദായികമായ അന്യവല്‍ക്കരണത്തെ രേഖപ്പെടുത്തുമ്പോള്‍ ‘കോപിക്കാനെന്തുണ്ട്’ എന്ന രാഷ്ട്രീയമായ ചോദ്യമുന്നയിക്കാന്‍ മടിക്കുന്നുമില്ല.

______________________________________
നവലോകക്രമത്തിന്റെ വികാസം ഏറ്റവും ഉച്ചാവസ്ഥയിലെത്തിയ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ അമേരിക്കയില്‍, വെളുപ്പിന്റെ സര്‍വ്വാധിപത്യമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. അക്കാലത്ത് ഡബ്‌ളിയു. ഇ.ബി.ഡ്യൂബോയ്‌സിനെപ്പോലുള്ള ചിന്തകര്‍ ലോകത്ത് കറുത്തവര്‍ അടക്കമുള്ള നിരവധി ജനസഞ്ചയങ്ങളുണ്ടെന്നും, അവരിലും അറിവും ആത്മാവുമുണ്ടെന്നും പ്രചരിപ്പിച്ചു. ഇതേ കാലത്ത് കേരളത്തിന്റെ പൊയ്കയിലപ്പച്ചനും കീഴാളരുടെ അറിവിലും ആത്മാവിലും വിശ്വാസമര്‍പ്പിച്ചു.
ഇവരുടെ ചിന്തകളോട് ചേര്‍ന്നുനിന്നുകൊണ്ട്, നമ്മുടെ കാലത്തെ പുറംവേലക്കാര്‍ക്കും പുറമ്പോക്കുകള്‍ക്കും അറിവും ആത്മാവുമടക്കം പലതുമുണ്ടെന്നാണ് ജോസഫിന്റെ കവിതകള്‍ പറയുന്നത്. ഈ ‘പലതുകള്‍ ‘ നമ്മുടെ ജ്ഞാന സിദ്ധാന്തത്തെയാണ് തകരാറിലാക്കുന്നത്. 
______________________________________

 

ഈ കവിതയിലെ ആണ്‍കഥാപാത്രം പഠിക്കുന്നകാലത്ത് ഒരു പെണ്‍കുട്ടിയുമായി അടുത്തു. ഹിന്ദു-ക്രിസ്ത്യന്‍ പേരുകളുടെ മതസാഹോദര്യത്തിനു കീഴില്‍ ഒരു കുടുംബം പോലെയായി. ഒരുമിച്ചു ഭക്ഷണം കഴിച്ചു. ഇതിനിടെ അയാളുടെ ഐഡന്റിറ്റികാര്‍ഡ് കളഞ്ഞുപോയി. അതു കിട്ടിയ അവള്‍ സ്റ്റൈപ്പന്‍ഡ് മേടിച്ചതിന്റെ ചുവന്ന കുറിക്കലുകള്‍ കണ്ട് പതുക്കെ പിന്‍വലിഞ്ഞു. ഈ പ്രമേയത്തെ അവതരിപ്പിക്കുമ്പോള്‍ പഴിപറച്ചിലോ പാരവശ്യം പുലമ്പലോ കവിതയുടെ വിഷയമല്ല.മറിച്ച്, ഹിന്ദു-ക്രിസ്ത്യന്‍ മതങ്ങളുടെ (പേരുകളുടെ) സ്വത്വമേഖലയിലേക്ക് ജാതി കടന്നുവരുമ്പോള്‍ അരിച്ചുമാറ്റപ്പെടുന്നവരും കുറച്ചിലനുഭവിക്കുന്നവരും ആരാണെന്ന ഉറഞ്ഞ യാഥാര്‍ത്ഥ്യത്തിനു അടിവരയിടുകയാണ് കവിത.

മതസൗഹാര്‍ദ്ദത്തിന്റെ പാഠശാലയില്‍നിന്ന കവിത, പെട്ടെന്നു വര്‍ത്തമാനകാലത്തെ യുവ കൂട്ടായ്മകളിലേക്ക് വഴിതുറക്കുന്നു.
ഇക്കാലത്ത് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമിരുന്നു മറക്കുന്നത് നോക്കാറില്ല.

അല്പം കഴിഞ്ഞവര്‍ പിരിഞ്ഞുപൊയ്‌ക്കൊളളും.
ഇനി അവര്‍ ഒരുമിച്ചാലും അത്ഭുതമില്ല.
അവരുടെ ഐഡന്റിറ്റികാര്‍ഡില്‍ ചുവന്നകുറിക്കലുകള്‍ ഉണ്ടാവില്ല..

കീഴാള ആണത്തങ്ങളെയും പെണ്ണത്തങ്ങളെയും മാത്രമല്ല വ്യത്യസ്ത ലൈംഗീകതകളെയും അപശകുനമായി കാണുന്ന ജനിതകയുക്തിയിലാണ് നമ്മുടെ ‘പുരോഗമനം ‘ അടിയുറപ്പിക്കപ്പെട്ടിട്ടുളളത്. ‘ആരും മറക്കുന്നത് നോക്കാറില്ലെന്ന’ മുന്‍ നിശ്ചയമാണ് ഇവിടെ എല്ലായ്‌പ്പോഴും രാഷ്ട്രീയമായ ശരിയായി കണക്കാക്കപ്പെടുന്നത്. ഈ മുന്‍ നിശ്ചയത്തിന് അനുബന്ധമായി പുനര്‍വിന്യസിക്കപ്പെടുന്ന മുഖ്യധാര ‘യൂത്തുകള്‍ച്ചര്‍’വരേണ്യാവബോധങ്ങളെയും സവര്‍ണ്ണ ഉടലുകളെയും വിവര്‍ത്തനം ചെയ്യുന്നതില്‍ മാത്രമൊതുങ്ങുന്നു. കീഴാളമായ അവസ്ഥകളെയും ഉടലുകളെയും പ്രത്യക്ഷപ്പെടുത്തുന്ന, പുതിയ ബഹുജന-യൂത്ത് കള്‍ച്ചറിനുവേണ്ടിയുളള മുന്‍കൂര്‍ ആലോചനയായും ‘ഐഡന്റിറ്റി കാര്‍ഡ്’ എന്ന കവിതയെ വായിക്കാവുന്നതാണ്.
സാമാന്യബോധത്തോട് കലഹിച്ചുകൊണ്ട് പുറന്തള്ളപ്പെട്ടവരുടെ ഇടം വികസിപ്പിക്കുന്നതിനോടൊപ്പം, നിലനില്‍ക്കുന്ന ശരികളില്‍ നിന്നും തെറ്റിപ്പിരിഞ്ഞ കാഴ്ചകളും ഈ കവിതകള്‍ ഉള്‍ക്കൊള്ളുന്നതെന്തുകൊണ്ടാണ്? ദേശത്തിന്റെ മായാക്കാഴ്ചകളായി അവസ്ഥയെ പുനരുല്‍പ്പാദിപ്പിക്കുകയും വിഷയി/വിഷയ ബന്ധങ്ങളെ തിരസ്‌ക്കരിക്കുകയുമാണ് മുഖ്യധാര രചനകള്‍ പൊതുവെ ചെയ്യുന്നത്. കര്‍ത്തൃത്വസ്ഥാനങ്ങളൊന്നുമില്ലാത്ത ജനവിഭാഗങ്ങളെ അപരരാക്കി മാറ്റുന്ന പ്രക്രിയ ഈ തിരസ്‌ക്കാരത്തിന്റെ യുക്തിയിലാണ് പ്രവര്‍ത്തിക്കുന്നത്.
പെരുംസാഹിത്യത്തില്‍ പൊതുവെ നിലനില്‍ക്കുന്ന, പുറന്തളളലിന്റെ യുക്തികളെ ചോദ്യം ചെയ്യാന്‍ ഏറ്റവും നിരസിക്കപ്പെട്ടവരായ ജനങ്ങളുടെ പക്ഷത്തുനിന്നുളള നോട്ടത്തെ അവലംബമാക്കേണ്ടതുണ്ട്. ഇതിനുവേണ്ടി പൊതുബോധത്തിന്റെ ചുഴിനോട്ടങ്ങളെ ചോദ്യം ചെയ്യുകയും പേരിടലുകളില്‍ നിന്നും കുതറി മാറുകയും ചെയ്യേണ്ടതാവിശ്യമാണ്. ഇതേസമയം കീഴാളരായ ജനത, പരസ്പരം നോക്കുന്നവരായി മാറിക്കൊണ്ട് മനുഷ്യപദവികളെക്കുറിച്ച് ബോധ്യമുള്ളവരാകേണ്ടതുണ്ടെന്നും ബെല്‍ഹുക്‌സ് (16)ചൂണ്ടിക്കാട്ടുന്നു.
ഒരു ചലച്ചിത്രത്തെ നമ്മള്‍ ഇരുട്ടില്‍ കാണുമ്പോള്‍, യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് കാഴ്ചയുടെ ഇരട്ടിപ്പാണ്. നോട്ടത്തെ ചലച്ചിത്രമായും ഇരുട്ടിലെ കണ്ണാടിയായും രൂപകല്പന ചെയ്യുന്ന ‘ഇരുട്ടിലെ കണ്ണാടി’ എന്ന കവിത (ഐഡന്റിറ്റികാര്‍ഡ്) ഏറ്റവും നിരസിക്കപ്പെട്ടവരുടെ നോട്ടത്തിന്റെ സന്നിഗ്ദ്ധതകളെയും അതില്‍ തന്നെയുള്ള പരസ്പര നോട്ടത്തിന്റെ സാധ്യതകളെയും വെളിപ്പെടുത്തുന്നതാണ്.
കീഴാളരുടെ നോട്ടത്തെ ഒളിനോട്ടമെന്നു പേരിട്ടു അകറ്റിമാറ്റുകയാണ് അധീശത്വതന്ത്രം. അധികാരത്തിന്റെ ചുഴിഞ്ഞുനോട്ടവും കീഴാളരുടെ സന്ദിഗ്ദ്ധമായ നോട്ടങ്ങളും വേറിട്ട കാര്യങ്ങളാണ്. പരസ്പര നോട്ടത്തിന്റെ സന്ദിഗ്ദ്ധതകളാണ് പലപ്പോഴും ഒളിനോട്ടമെന്ന പേരില്‍ അധിക്ഷേപിക്കപ്പെടുന്നത്. സി.അയ്യപ്പന്റെ ‘അരുന്ധതീദര്‍ശനന്യായം’ എന്ന കഥയിലെ ദലിതനായ ചെറുപ്പക്കാരന്‍ ഗീത.എസ്.നായര്‍ എന്ന സവര്‍ണ്ണ പെണ്‍കുട്ടിയെ ഒളിനോക്കിയതിന്റെ പേരില്‍ പിടിക്കപ്പെട്ടു. എന്നാല്‍, അയാളുടേതുപോലെ തന്നെ അവളുടേയും അവസ്ഥ ചിതറിയതായിരുന്നുവെന്നാണ് ആഖ്യാനം വെളിപ്പെടുത്തുന്നത്. ഇവിടെ ഒളിനോട്ടം, പരസ്പരനോട്ടത്തിന്റെ ദുഷിച്ച ഒരു രൂപാന്തരത്വമായി മാറുകയാണുണ്ടായത്. കാഴ്ചയുടെ ഈ ഏങ്കോണിപ്പിനെ തിരിച്ചറിയാതെ, ജാതി- ലിംഗ വ്യവസ്ഥയുടെ(അ) യുക്തികള്‍ക്ക് മുമ്പില്‍ കീഴടങ്ങിയത് മൂലമാണ് പിന്നീട് ഇരുവര്‍ക്കും ആത്മഹത്യ ചെയ്യേണ്ടിവന്നത്.
‘മലയാളകവിതക്ക് ഒരു കത്ത്'(മീന്‍കാരന്‍) എന്ന കവിത തീര്‍ച്ചയായും ഒളിനോട്ടമെന്നു അധിക്ഷേപിക്കപ്പെടാവുന്ന ഒരു പ്രമേയമാണ്. വണ്ടിയില്‍ തന്റെ ചാക്കുകെട്ട് കയറ്റാനാവാത്ത പെറുക്കിയായ കവി കൊട്ടാരത്തില്‍ കഴിയുന്ന മലയാള കവിതയെന്ന സവര്‍ണ്ണസ്ത്രീയെ നോക്കുകയാണ്. സി. അയ്യപ്പന്റെ കഥാപാത്രത്തെ പോലെ പിടിക്കപ്പെടുമ്പോള്‍ ഒഴികഴിവ്പറഞ്ഞ് ഊരിപ്പോരാമെന്ന വികാരത്തിലുള്ളതല്ല ഈ നോട്ടം. ‘ജയിലും ജനലും’ കവിഞ്ഞുളള അവളുടെ നോട്ടവും’ തുറന്നുകിടക്കുന്ന ഇടങ്ങ’ളില്‍ നിന്നുളള തന്റെ നോട്ടവും പുതിയ പ്രതീക്ഷകളും സാധ്യതകളും ഉണര്‍ത്തുന്നുവെന്ന വിവേകമാണ് ഇതിനാധാരം. ചുഴിഞ്ഞുനോട്ടക്കാരായ, സംസ്‌ക്കാരത്തിന്റെ മേലധികാരികള്‍ ഇത്തരം പരസ്പരനോട്ടങ്ങളെ ഒളിനോട്ടമെന്നു തന്നെയാവും വിളിക്കുക.

ഇരുട്ടിലെ കണ്ണാടി
ആധുനികമായ ജ്ഞാനാധികാരങ്ങളുടെ കേന്ദ്രവും അരികുകളും തമ്മില്‍ വലിയ പിളര്‍പ്പാണ് നിലനിന്നിരുന്നത്. ഈഘട്ടത്തില്‍, സംസ്‌ക്കാരത്തിന്റെ ഈടുവെപ്പുകളായി കരുതപ്പെട്ട സാഹിത്യകൃതികള്‍ മിക്കവയും ദേശീയപൗരത്വത്തെയും പ്രാദേശികമായ വരേണ്യതയെയും അവലംബമാക്കിയവയാണ്. ഇത്തരം പ്രതിപാദനങ്ങളുടെ താന്‍പോരിമയെ വെല്ലുവിളിച്ചത് ആധുനികതയുടെ അരികുകളില്‍ നിന്നുമുയര്‍ന്ന സ്വരങ്ങളാണ്. ഇവ യൂറോകേന്ദ്രീകൃത/ പൗരസ്ത്യവാദ നെടുംപാരമ്പര്യം അപരത്വവല്‍ക്കരിച്ച ജനങ്ങളെയും പ്രദേശങ്ങളെയും സമയങ്ങളെയും ഉള്‍ക്കൊളളുന്ന പുതിയൊരു പരിക്രമണ മണ്ഡലത്തെ (trajectory) നിര്‍മ്മിച്ചെടുത്തു. ‘ചെറുസാഹിത്യങ്ങള്‍’ എന്ന പേരില്‍ ലോകമെമ്പാടും തിരിച്ചറിയപ്പെടുന്ന ഈ സാംസ്‌ക്കാരിക മണ്ഡലത്തിലാണ് ജോസഫിന്റെയും നിരവധി പുതുമലയാള കവികളുടെയും രചനകള്‍ സ്ഥാനപ്പെടുന്നത്. പുറംവേലക്കാരുടെയും പുറന്തളളപ്പെട്ടവരുടെയും ഇടപെടലായി സംസ്‌ക്കാരത്തെ വീണ്ടെഴുതുന്നുവെന്നതാണ് ചെറുസാഹിത്യങ്ങളെ നിര്‍വ്വചിക്കുന്ന പ്രധാനവശം.
ഇതേവരെ പ്രസിദ്ധീകരിച്ചിട്ടുളള ജോസഫിന്റെ നാല് കവിതാസമാഹാരങ്ങളും നെടുംസംസ്‌ക്കാരത്തിന്റെ സൂചകവ്യവസ്ഥയില്‍ നിന്നും പുറത്തിറങ്ങി അവസ്ഥയെ തിരിച്ചെഴുതാന്‍ നടത്തുന്ന ശ്രമങ്ങളാണ്. ‘കൊട്ട’ എന്ന അടയാളകവിത, കൈവേലക്കാരുടെ ഇടപെടലുകളിലൂടെ സംസ്‌ക്കാരം ജൈവികമായി മാറുന്നതിന്റെ വാങ്മയഭൂപടമാണ്.

പറമ്പുകളിലേക്ക് കേറി കിടക്കുന്ന
പാടങ്ങളില്‍ നിന്നും ഒട്ടലുകൊണ്ടുവന്നു.
വഴുകവളളിയും തേരും ചേര്‍ത്ത്
പാട്ടു ചേര്‍ത്ത്
കൊട്ടകെട്ടുന്നു.
അലകു പാകി
പൊളിചുറ്റി
ചവിട്ടി പിടിച്ചു തുടക്കുമ്പോള്‍
അതൊരു കൂഞ്ഞുസൂര്യനാണ്.
………………………
കിഴക്ക് വെളളകീറി വരുന്നുണ്ടൊരു കൊട്ട.
**കൊട്ട:മീന്‍കാരന്‍ **

ദലിതരുടേയും ബഹുജനങ്ങളുടേയും ജീവിതത്തെ ‘ഇല്ലായ്മ’കളിലൂടെ (lacks) കാണുന്ന വ്യവഹാരങ്ങള്‍ക്കാണ് ജനപ്രിയതയുളളത്. പട്ടിണിക്കാര്‍ , പാവങ്ങള്‍ , നിഷ്‌ക്കളങ്കര്‍ , കലഹപ്രിയര്‍ , മനസാക്ഷിയും മനസ്സാന്നിധ്യവുമില്ലാത്തവര്‍ , അനുഷ്ഠാനകലകളിലൂടെ ആത്മാവിഷ്‌ക്കാരം നടത്തുന്നവര്‍ എന്നിങ്ങനെയുളള പ്രതിനിധാനങ്ങള്‍ ഇപ്പോഴും സര്‍വ്വശക്തമാണ്. കേവല ജനപ്രിയതയോട് കലഹിച്ചുകൊണ്ട്, കല്പിതമായ ഇല്ലായ്മകളില്‍നിന്നും ആരോപിതമായ കുറവുകളില്‍നിന്നും വിടുതല്‍ നേടിയവരായി അടിത്തട്ടിലെ ജനതയെ തിരിച്ചെഴുതുകയാണ് ജോസഫിന്റെ കവിതകള്‍.
നവലോകക്രമത്തിന്റെ വികാസം ഏറ്റവും ഉച്ചാവസ്ഥയിലെത്തിയ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ അമേരിക്കയില്‍, വെളുപ്പിന്റെ സര്‍വ്വാധിപത്യമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. അക്കാലത്ത് ഡബ്‌ളിയു. ഇ.ബി.ഡ്യൂബോയ്‌സിനെപ്പോലുള്ള ചിന്തകര്‍ ലോകത്ത് കറുത്തവര്‍ അടക്കമുള്ള നിരവധി ജനസഞ്ചയങ്ങളുണ്ടെന്നും, അവരിലും അറിവും ആത്മാവുമുണ്ടെന്നും പ്രചരിപ്പിച്ചു. ഇതേ കാലത്ത് കേരളത്തിന്റെ പൊയ്കയിലപ്പച്ചനും കീഴാളരുടെ അറിവിലും ആത്മാവിലും വിശ്വാസമര്‍പ്പിച്ചു.
ഇവരുടെ ചിന്തകളോട് ചേര്‍ന്നുനിന്നുകൊണ്ട്, നമ്മുടെ കാലത്തെ പുറംവേലക്കാര്‍ക്കും പുറമ്പോക്കുകള്‍ക്കും അറിവും ആത്മാവുമടക്കം പലതുമുണ്ടെന്നാണ് ജോസഫിന്റെ കവിതകള്‍ പറയുന്നത്. ഈ ‘പലതുകള്‍ ‘ നമ്മുടെ ജ്ഞാന സിദ്ധാന്തത്തെയാണ് തകരാറിലാക്കുന്നത്.

(പെയിന്റിങ്ങ്സ്:- ഷൈൻ നാരായണൻ) 

 • സൂചനകള്‍
 1. Playing in the Dark: Toni Morrison – Haward University Press 1992
 2. അംബേദ്ക്കര്‍ ഒരു ബ്രാഹ്മണപണ്ഡിതനാണെന്ന ധാരണയിലായിരുന്നു ‘ജാതി ഉന്മൂലനം’ എന്ന ഗ്രന്ഥത്തെപറ്റിയുള്ള വിവാദത്തില്‍ ഗാന്ധിജി ഇടപെട്ടത്. ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചതിന് ശേഷവും ഇന്ത്യയിലെ അവര്‍ണ്ണജ്ഞാന മണ്ഡലത്തെപറ്റി അദ്ദേഹത്തിന് തിരിച്ചറിവുണ്ടായതായി കാണുന്നില്ല.
 3.  Freud, Race, and Gender: Sander L Gilman- Princeston University Press 1993.
 4. മലബാര്‍: ദേശീയതയുടെ ഇട- പാടുകള്‍ എന്ന പുസ്തകത്തിന് എഴുതിയ ആമുഖം:- കെ.കെ. കൊച്ച് – ഡി.സി. ബുക്‌സ് കോട്ടയം 2005.
 5.  Female Grotosque:  Mary Russo-Routledge 1992.
 6.  സ്വത്വത്തിന്റെ ചാഞ്ചാട്ടങ്ങള്‍: ബിനോയ് പി.ജെ. (ആഖ്യാനത്തിലെ അപരസ്ഥലികള്‍- എഡിറ്റര്‍ അരുണ്‍ എ- സബ്ജക്ട് ആന്റ് ലാംഗ്വേജ് പ്രസ്സ്, കോട്ടയം2009.)
 7. Fear of the Dark- Lola Young: Routledge 1995.
 8. വാക്കുകളുടെ തായ്‌വേരുകള്‍: എന്‍. ശശിധരന്‍ (മീന്‍കാരന്‍ എന്ന കവിതാ സമാഹാരത്തിനെഴുതിയ ആമുഖ പഠനം)- ഡിസി. ബുക്‌സ് കോട്ടയം 2003.
 9.  കവിതയുടെ നാട്ടെഴുത്ത്- കെ. രാജന്‍ – പാഠഭേദം ലക്കം 25, 2008
 10. കെ.വി. സജയ്: (ഐഡന്റിറ്റികാര്‍ഡ് എന്ന പുസ്തകത്തെക്കുറിച്ചുളള സംഭാഷണം) – ഡി.സി.ബുക്‌സ് കോട്ടയം 2008.
 11. Racism’s last word: Jacques Derrida-critical Enquiry (12) 1985.
 12. 12. തൊണ്ണൂറുകള്‍ക്കുശേഷമുണ്ടായ ‘ദേവാസുരം’ മുതലായ പെരും നായകസിനിമകളും ജനപ്രിയസീരിയലുകളും ദേശസ്‌നേഹത്തെ പ്രകടിപ്പിക്കാന്‍ മാത്രമല്ല, ഉത്തമകലയെ സംരക്ഷിക്കാനും ഹിംസ അനിവാര്യമാണെന്ന് സ്ഥാപിക്കുകയായിരുന്നു. ഹിറ്റ്‌ലറെപ്പോലുള്ള ഏകാധിപതികള്‍ ‘ഉത്തമകല’യെ ജിപ്‌സികളും അരാജകവാദികളും ജൂതരും തൊഴിലാളികളും കളങ്കപ്പെടുത്തുന്നതില്‍ ആശങ്കപ്പെട്ടിരുന്നു.
 13. Unthinking Euro Centrism: Ella shahat/ Robert stram- Routledge 1994
 14. Race, Rape, and Lynching: Sandra Gunning – Oxford University Press 1996
 15. ശങ്കറിന്റെ ‘യന്തിരന്‍’ എന്ന സിനിമയിലെ കലാഭവന്‍മണി യുടെ കഥാപാത്രത്തെ സവര്‍ണ്ണസ്ത്രീ ശരീരങ്ങളില്‍ ആര്‍ത്തിപൂണ്ട പാതിമനുഷ്യരായി കീഴാള ആണു ങ്ങളെ പ്രതിഷ്ഠിക്കുന്ന ജനപ്രിയ-സവര്‍ണ്ണകല്പന യായികാണാവുന്നത്
 16.  Race and Representation. Bell hooks -south end press-1992

17/7/2011 (ഇരുട്ടിലെ കണ്ണാടി എന്ന സമാഹാരത്തില്‍നിന്നും: കടപ്പാട് ഡി.സി ബുക്‌സ്, കോട്ടയം.)

Top