13 പോയിന്റ് റോസ്റ്റര്‍ സംവിധാനം: സാമൂഹിക നീതിയെ അട്ടിമറിക്കുന്നതെങ്ങനെ?

യു.ജി.സിയുടെ കീഴിലുള്ള കോളേജുകളിലെയും യൂണിവേഴ്സിറ്റികളിലെയും അധ്യാപകര്‍ക്കായുള്ള സംവരണസീറ്റുകള്‍ അനുവദിക്കുന്നതിനു നിലവിലുള്ള 200 പോയിന്‍റ് സിസ്റ്റത്തിനു പകരം 13 പോയിന്‍റ് റോസ്റ്റര്‍ സിസ്റ്റം എന്ന പുതിയ ഫോര്‍മുല ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനു പിന്നിലെ ഗൂഢലക്ഷ്യങ്ങളെ കുറിച്ചും അതെങ്ങനെയാണു വിദ്യാഭ്യാസരംഗത്തെ സാമൂഹികനീതിയെ അട്ടിമറിക്കുന്നത് എന്നതിനെ കുറിച്ചും അഫീഫ് താമരശ്ശേരി എഴുതുന്നു.

മുന്നോക്കവിഭാഗത്തിലെ പിന്നോക്കക്കാര്‍ക്കു പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള എന്‍.ഡി.എ ഗവണ്‍മെന്റിന്റെ തീരുമാനം സ്വാഭാവികമായും വിവാദമായിരിക്കുന്ന ഒരു സന്ദര്‍ഭമാണിത്. ഈ തീരുമാനത്തിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങളെക്കുറിച്ചും ഭരണഘടനയുടെ താല്‍പര്യങ്ങള്‍ക്ക് ഈ തീരുമാനം ഏല്‍പ്പിക്കുന്ന പരിക്കുകളെക്കുറിച്ചും ഇഴകീറിമുറിച്ചുകൊണ്ടുള്ള ചര്‍ച്ചകളും സംവാദങ്ങളും ഇന്ത്യയിലുടനീളവും കേരളത്തില്‍ പ്രത്യേകിച്ചും നടന്നുകൊണ്ടിരിക്കുന്നു. പത്ര-ദൃശ്യ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സാമ്പത്തികസംവരണത്തിന്റെ ഇരുവശത്തും നിന്നുകൊണ്ടു സംസാരിക്കുവാനും സംവദിക്കുവാനും ഒരുപാടാളുകള്‍ കടന്നുവരികയും ന്യൂസ്ചാനലുകളിലെ അന്തിച്ചര്‍ച്ചകളിലും ഫേസ്ബുക്ക് വാളുകളിലും പത്രങ്ങളുടെ എഡിറ്റോറിയല്‍ പേജുകളിലും പലതരത്തിലും വിധത്തിലുള്ള അഭിപ്രായങ്ങളും വിമര്‍ശനങ്ങളും വന്നുപോവുകയും ചെയ്തു. ഇത്രയൊക്കെ നടന്നിട്ടും മറ്റൊരു ഭാഗത്ത് ഇതൊന്നുമറിയാത്ത ഭാവത്തില്‍ കേന്ദ്രസര്‍ക്കാറും വളരെ പെട്ടെന്നു തന്നെ ഓര്‍ഡിനന്‍സ് ഇറക്കി പല സംസ്ഥാനസര്‍ക്കാറുകളും സാമ്പത്തികസംവരണത്തിന്റെ ‘നേട്ടങ്ങള്‍’ ‘സാധാരണ’ക്കാരായ ജനങ്ങളിലെത്തിക്കാന്‍ അക്ഷീണം പരിശ്രമിക്കുകയാണ്.

എന്നാല്‍ അധികമൊന്നുമാരുമറിയാതെ, അല്ലെങ്കില്‍ അറിഞ്ഞിട്ടും മനസ്സിലാവാത്തതു കൊണ്ടു ശ്രദ്ധിക്കാതെപോവുന്ന വളരെ ഗുരുതരമായ മറ്റൊരു വിധികൂടി സുപ്രീംകോടതിയില്‍നിന്നും വന്നിരിക്കുന്നു. സാമൂഹികസംവരണത്തിന്റെ തലയിലൊരു കൊട്ടുകൂടി കൊടുക്കുന്ന തരത്തിലാണു യു.ജി.സി ഉടനെതന്നെ നടപ്പില്‍വരുത്താന്‍ പോവുന്ന ഈ തീരുമാനം വന്നിരിക്കുന്നത്. യു.ജി.സിയുടെ കീഴിലുള്ള കോളേജുകളിലെയും യൂണിവേഴ്സിറ്റികളിലെയും അധ്യാപകര്‍ക്കായുള്ള സംവരണസീറ്റുകള്‍ അനുവദിക്കുന്നതിനുള്ള ഫോര്‍മുല അഥവാ റോസ്റ്റര്‍ സംവിധാനത്തില്‍ കാര്യമായ മാറ്റം വരുത്തുന്നതാണു പുതിയ ഉത്തരവ്. നിലവിലുള്ള 200 പോയിന്‍റ് സിസ്റ്റത്തിനു പകരം 13 പോയിന്‍റ് റോസ്റ്റര്‍ സിസ്റ്റം എന്ന പുതിയ ഫോര്‍മുല ആണ് ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. യു.ജി.സിയുടെ ഇന്ത്യയിലുടനീളമുള്ള കോളേജുകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും ഇതു ബാധകമാവുകയും ചെയ്യും. ഇതിനുമുന്‍പു വരെ ഉപയോഗിച്ചിരുന്ന 200 പോയിന്‍റ് റോസ്റ്റര്‍ എന്ന ഫോര്‍മുല ഒരു കോളേജിനെയാകെ ഒരു യൂണിറ്റ് ആയി പരിഗണിച്ചു കൊണ്ടായിരുന്നു സംവരണസീറ്റുകള്‍ എത്രയെന്നു കണക്കുകൂട്ടിയിരുന്നതെങ്കില്‍ പുതിയ റോസ്റ്റര്‍ സംവിധാനത്തില്‍ ഒരോ ഡിപ്പാര്‍ട്ടുമെന്റുകളെയും ഓരോ യൂണിറ്റുകളായിട്ടാണു പരിഗണിക്കുന്നത്. ഇതാണോ ഇത്ര വലിയ മാറ്റമെന്നു കരുതാന്‍ വരട്ടെ. എന്നാല്‍ കൂടുതല്‍ വ്യക്തമായി പഠിക്കുമ്പോള്‍ ഇതിനുപിന്നിലെ ഗൂഢമായ ലക്ഷ്യങ്ങള്‍ കൃത്യമായി ബോധ്യമാകും.

ബഹുജന്‍വിഭാഗങ്ങളുടെ നിരന്തരമായ പരിശ്രമങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷം 2013ല്‍ കൊണ്ടുവന്ന 200 പോയിന്‍റ് റോസ്റ്റര്‍ സംവിധാനത്തില്‍ ഒരു കോളേജിലെ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളെയും ഒരുമിച്ചെടുത്തു കോളേജിലെ ആകെ സീറ്റുകളില്‍ ഏകദേശം 50% ( കൃത്യമായി പറഞ്ഞാല്‍ 49.5%) സീറ്റുകളെ സംവരണസീറ്റുകളായി മാറ്റിവെക്കുകയും പിന്നീട് ഓ.ബി.സി (27%), എസ്.സി ( 15%), എസ്.ടി ( 7.5%) എന്നീ വിധത്തില്‍ ആനുപാതികമായി വിഭജിക്കുകയും ചെയ്യും. എന്നാല്‍ പുതിയ 13 പോയിന്‍റ് റോസ്റ്റര്‍ സംവിധാനത്തില്‍ ഓരോ ഡിപ്പാര്‍ട്ടുമെന്റുകളെയും ഓരോ യൂണിറ്റുകളായി തിരിക്കുകയും വരുന്ന ഒഴിവുകളില്‍ ഓരോ നാലാമത്തെ വേക്കന്‍സി (100/27=3.7 അഥവാ 4th pos.) ഓ.ബി.സിക്കും അതു പോലെ ഏഴാമതു വേക്കന്‍സി ( 100/15=6.7 അഥവാ 7th pos.) പട്ടികജാതി വിഭാഗത്തിനും പതിനാലാമതു വേക്കന്‍സി (100/7.5=13.3 അഥവാ 14th pos.) പട്ടികവര്‍ഗവിഭാഗത്തിനും അനുവദിക്കും. ഒറ്റനോട്ടത്തില്‍ വലിയ പ്രശ്നമൊന്നും തോന്നില്ല. എന്നാല്‍ ശ്രദ്ധിക്കേണ്ടത് ഇതാണ്; ഓരോ കോളേജിനെയും മൊത്തത്തില്‍ ഒരു യൂണിറ്റ് ആയി പരിഗണിക്കുന്നതിനു പകരം ഓരോ ഡിപ്പാര്‍ട്ടുമെന്റുകളെയാണ് ഒരു യൂണിറ്റ് ആയി പരിഗണിക്കുന്നത്. ഇതുപ്രകാരം മിനിമം നാലു ഫാക്കല്‍ട്ടി പോസ്റ്റുകളെങ്കിലുമില്ലാത്ത ഡിപ്പാര്‍ട്ടുമെന്റുകളില്‍ സംവരണമേ ബാധകമാവുകയില്ല! ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഏഴു സീറ്റുകളില്‍ താഴെയാണു കപാസിറ്റിയെങ്കില്‍ പട്ടികജാതിവിഭാഗത്തിനും, പതിനാലില്‍ താഴെയാണു കപാസിറ്റിയെങ്കില്‍ പട്ടിഗവര്‍ഗവിഭാഗത്തിനും സംവരണമേയുണ്ടാവുകയില്ല! യൂണിറ്റുകള്‍ പിന്നീട് അസിസ്റ്റന്‍റ് പ്രഫസര്‍, അസ്സോസിയേറ്റ് പ്രഫസര്‍, പ്രഫസര്‍ എന്നിങ്ങനെ വിഭജിക്കുകയാണെങ്കില്‍ പ്രശ്നം വീണ്ടും ഗുരുതരമാകും. അങ്ങനെ വന്നാല്‍ മിനിമം 3 അസ്സി. പ്രഫസര്‍മാരോ അസ്സോ. പ്രഫസര്‍മാരോ ഇല്ലാത്ത ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കു സംവരണം ബാധകമല്ലാതാവും. പതിനാലു പോസ്റ്റുകളുള്ള ഡിപ്പാര്‍ട്ടുമെന്റുകളില്‍ പഴയ 200 പോയിന്‍റ് റോസ്റ്റര്‍ സിസ്റ്റവും പുതിയ 13 പോയിന്‍റ് റോസ്റ്റര്‍ സിസ്റ്റവും ഒരേയെണ്ണം സംവണസീറ്റുകളാണു നല്‍കുക. പക്ഷേ 14 പോസ്റ്റുകളുള്ള ഡിപ്പാര്‍ട്ടുമെന്റുകള്‍ കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ വളരെ ചുരുങ്ങിയ കോളേജുകളില്‍ മാത്രമേയുള്ളു എന്നതാണു സത്യം. എല്ലാതരം സംവരണ പോസ്റ്റുകളെയും ഇതു ബാധിക്കുമെങ്കിലും ഏറ്റവും കൂടുതല്‍ ഇതു ബാധിക്കുക എസ്.ടി വിഭാഗത്തിനെയാണ്. ഒരു ഡിപ്പാര്‍ട്ടുമെന്റില്‍ 13 പ്രഫസര്‍മാരെങ്കിലുമുണ്ടെങ്കില്‍ മാത്രമാണു പതിനാലാമതായി പുതിയ എസ്.ടി സംവരണ പോസ്റ്റ് നീക്കിവെക്കുക. നന്നേ ചുരുങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകളില്‍ മാത്രമേ ഇത്രയും അംഗബലം (strength) ഉണ്ടാവുകയുള്ളൂ. ഇത്രയും അംഗബലം ഉണ്ടെങ്കില്‍തന്നെ ഇത്ര വേക്കന്‍സി ഒരുമിച്ചു വരാനും യാതൊരു സാധ്യതയുമില്ല. ഫലത്തില്‍ യൂണിവേഴ്സിറ്റികളിലെയും കോളേജുകളിലെയും എസ്.ടി സംവരണം എന്ന സാധ്യത തന്നെ പാടെ ഇല്ലാതാവും!

ഒറ്റനോട്ടത്തില്‍ വലിയ പ്രശ്നമൊന്നും തോന്നില്ല. എന്നാല്‍ ശ്രദ്ധിക്കേണ്ടത് ഇതാണ്; ഓരോ കോളേജിനെയും മൊത്തത്തില്‍ ഒരു യൂണിറ്റ് ആയി പരിഗണിക്കുന്നതിനു പകരം ഓരോ ഡിപ്പാര്‍ട്ടുമെന്റുകളെയാണ് ഒരു യൂണിറ്റ് ആയി പരിഗണിക്കുന്നത്. ഇതുപ്രകാരം മിനിമം നാലു ഫാക്കല്‍ട്ടി പോസ്റ്റുകളെങ്കിലുമില്ലാത്ത ഡിപ്പാര്‍ട്ടുമെന്റുകളില്‍ സംവരണമേ ബാധകമാവുകയില്ല! ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഏഴു സീറ്റുകളില്‍ താഴെയാണു കപാസിറ്റിയെങ്കില്‍ പട്ടികജാതിവിഭാഗത്തിനും, പതിനാലില്‍ താഴെയാണു കപാസിറ്റിയെങ്കില്‍ പട്ടിഗവര്‍ഗവിഭാഗത്തിനും സംവരണമേയുണ്ടാവുകയില്ല!

ഇതിന്റെ പിന്നിലെ ഗുരുതരമായ അവസ്ഥ മനസ്സിലാകണമെങ്കില്‍ ഏപ്രില്‍ 14ന് ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലെ പത്താം പേജില്‍ വന്ന ഇന്ദിരാ ഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റിയുടെ ( IGNTU) വേക്കന്‍സി പരസ്യം നോക്കിയാല്‍ മതി. പുതിയ 13 പോയിന്‍റ് റോസ്റ്റര്‍ സംവിധാനം നിലവില്‍ വന്നാല്‍ ഇപ്പോഴുള്ള സംവരണ സീറ്റുകളില്‍ 95 ശതമാനവും ജനറല്‍ സീറ്റുകളായി മാറും എന്ന് ഫിഗര്‍ 1 കൃത്യമായി കാണിച്ചുതരുന്നു.

രാജ്യത്തെ വിവിധ സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍ ഈയൊരു തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്തിടെ നല്‍കിയ വേക്കന്‍സി പരസ്യങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നും കിട്ടിയ ഫിഗര്‍ ആണ് താഴെ.

 

ഇതുപ്രകാരം, പുതിയ റോസ്റ്റര്‍ സംവിധാനം വന്നാല്‍, 9 യൂണിവേഴ്സിറ്റികളില്‍ 6 എണ്ണത്തിലെയും 90 ശതമാനത്തിലധികം സംവരണ സീറ്റുകള്‍ ജനറല്‍
സീറ്റുകളായി കണ്‍വേര്‍ട്ട് ചെയ്യപ്പെടും. ഫലത്തില്‍ രാജ്യത്തുടനീളമുള്ള കോളേജുകളിലെയും യൂണിവേഴ്സിറ്റികളിലെയും അധ്യാപകനിയമനങ്ങളിലെ സംവരണം അവസാനിപ്പിക്കുകയും ഇപ്പോള്‍തന്നെയുള്ള സവര്‍ണ മേല്‍ക്കോയ്മ അരക്കെട്ടുറപ്പിച്ചു സര്‍വകലാശാലകളെ സവര്‍ണ അഗ്രഹാരങ്ങളാക്കി മാറ്റുകയും ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയത്തിനു തുടക്കം കുറിക്കുകയും ചെയ്യും. ഇതെല്ലാം നടക്കുന്നതു സംവരണമെന്ന ഭരണഘടനാ സംവിധാനമുണ്ടായിട്ടും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു (ഓ.ബി.സി, എസ്.ടി, എസ്.സി) കോളേജുകളിലും യൂണിവേഴ്സിറ്റികളിലും അര്‍ഹിക്കുന്ന ആനുപാതികമായ പ്രാതിനിധ്യം പോലും ലഭിക്കാത്ത സാഹചര്യത്തിലാണെന്നോര്‍ക്കണം. രാഷ്ട്രീയപരമായും വിദ്യാഭ്യാസപരമായും രാജ്യത്തെ ഏറ്റവും പുരോഗമനസ്ഥാപനങ്ങളെന്നു പറയപ്പെടുന്ന ഡല്‍ഹി യൂണിവേഴ്സിറ്റിയും ജെ.എന്‍.യുവുമെല്ലാം സവര്‍ണ അധ്യാപകരാല്‍ നിറഞ്ഞുനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ പുതിയ റോസ്റ്റര്‍ സംവിധാനം കൂടിനടപ്പിലായാല്‍ വിജ്ഞാനോല്‍പാദനപ്രക്രിയയില്‍ നിന്നുമുള്ള സമ്പൂര്‍ണ ദലിത്, ശൂദ്ര, ആദിവാസി ബഹിഷ്കരണവും അതുവഴി ബ്രാഹ്മണര്‍ക്കു മാത്രം വിജ്ഞാനോല്‍പാദനത്തിലും ശേഖരണത്തിലും കുത്തകാവകാശമുള്ള കാലത്തിലേക്കുള്ള തിരിച്ചുപോക്കുമായിരിക്കും സംഭവിക്കുക.

രാഷ്ട്രീയപരമായും വിദ്യാഭ്യാസപരമായും രാജ്യത്തെ ഏറ്റവും പുരോഗമനസ്ഥാപനങ്ങളെന്നു പറയപ്പെടുന്ന ഡല്‍ഹി യൂണിവേഴ്സിറ്റിയും ജെ.എന്‍.യുവുമെല്ലാം സവര്‍ണ അധ്യാപകരാല്‍ നിറഞ്ഞുനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ പുതിയ റോസ്റ്റര്‍ സംവിധാനം കൂടിനടപ്പിലായാല്‍ വിജ്ഞാനോല്‍പാദനപ്രക്രിയയില്‍ നിന്നുമുള്ള സമ്പൂര്‍ണ ദലിത്, ശൂദ്ര, ആദിവാസി ബഹിഷ്കരണവും അതുവഴി ബ്രാഹ്മണര്‍ക്കു മാത്രം വിജ്ഞാനോല്‍പാദനത്തിലും ശേഖരണത്തിലും കുത്തകാവകാശമുള്ള കാലത്തിലേക്കുള്ള തിരിച്ചുപോക്കുമായിരിക്കും സംഭവിക്കുക.

അഫീഫ് താമരശ്ശേരി

ഇതിന്റെ ഏറ്റവും അപകടകരമായ വശമെന്താണെന്നു വെച്ചാല്‍ ഇതിനേപറ്റിയുള്ള ആളുകളുടെ അജ്ഞത തന്നെയാണ്. പ്രത്യേകിച്ചും കേരളവും തമിഴ്നാടുമടങ്ങുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍. ഡല്‍ഹിയിലൊഴിച്ചു രാജ്യത്തിന്റെ മറ്റൊരു ഭാഗത്തുനിന്നും ഇതിനെതിരെ യാതൊരു പ്രതിഷേധവുമുയര്‍ന്നിട്ടില്ല എന്നതാണു സത്യം. ഡല്‍ഹിയില്‍ തന്നെ പ്രമുഖ അധ്യാപക സംഘടനകളിലെല്ലാം വളരെയധികം സമ്മര്‍ദം ചെലുത്തിയിട്ടാണ് അസംഘടിതരായ ബഹുജന്‍ പ്രഫസര്‍മാര്‍ സമരം നയിക്കുന്നത്. വളരെ വൈമന്യസത്തോടെയാണു സവര്‍ണ-നേതൃനിരയുള്ള പല അധ്യാപകസംഘടനകളും കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്തതു തന്നെയും. ഈയൊരു വിഷയം ഏറ്റെടുക്കാനും സംസാരിക്കാനും അധികമാരും വരാത്തതുകൊണ്ടും പത്രമാധ്യമങ്ങളിതു സൗകര്യപൂര്‍വ്വം അവഗണിക്കുന്നതു കൊണ്ടും ഏറ്റവും വലുതായി ഇതിനെക്കുറിച്ചുള്ള അറിവില്ലായ്മയും യു.ജി.സിക്കു കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ സഹായകമാവുന്നു. ഈ പാര്‍ലമെന്‍റ് സെഷനില്‍ ഒരു ഓര്‍ഡിനന്‍സ് ഇറക്കി സര്‍ക്കാറിനു തീര്‍ക്കാവുന്നതേയുള്ളൂ ഇതെല്ലാം. എന്നാല്‍ സംവരണത്തോടുള്ള ഗവണ്‍മെന്റിന്റെ നയനിലപാടുകളനുസരിച്ച് അത്തരമൊരു സാധ്യത വളരെ വിദൂരമാണ്. വളരെ ശക്തവും സംഘടിതവുമായ പ്രതിഷേധങ്ങള്‍ നടക്കുകയും അതോടൊപ്പംതന്നെ ഈ സെഷന്‍ അവസാനിക്കുന്നതിനു മുന്‍പു പാര്‍ലമെന്ററി തലത്തില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്താല്‍ മാത്രമേ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും ഒരു തീരുമാനമുണ്ടാവാന്‍ സാധ്യതയുള്ളൂ. സംവരണത്തെ അട്ടിമറിച്ചുകൊണ്ടു സവര്‍ണമേധാവിത്ത്വമുറപ്പിക്കാനുള്ള അടുത്ത അജണ്ടയോടും നമ്മള്‍ അവഗണിച്ചു കണ്ണടച്ചുനിന്നാല്‍ വളരെ ഭീകരമായിരിക്കും അതിന്റെ ഫലം.

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഹിന്ദു കോളജിൽ ബി.എ ഇംഗ്ലീഷ് വിദ്യാർഥിയാണ് ലേഖകൻ

Top