9/11, മതം, മതേതരത്വം: ഇരുപതു വർഷത്തിനു ശേഷം ആലോചിക്കുമ്പോൾ

ഭീകരാക്രമണങ്ങളോടുള്ള തെറ്റായ പ്രതികരണമായിരുന്നു ‘വാർ ഓൺ ടെറർ’ എന്ന് ഇരുപതു വർഷങ്ങൾക്കു ശേഷം അഫ്ഗാൻ സംഭവങ്ങൾ തെളിയിച്ചു. അമേരിക്കൻ നികുതിദായകരുടെ ചെലവിൽ നടന്ന യുദ്ധങ്ങളിൽ സിറിയ, യമൻ, പാകിസ്ഥാൻ, അഫ്ഗാൻ തുടങ്ങിയ രാജ്യങ്ങളിൽ ഒരുപാട് പേർക്ക് ജീവഹാനി സംഭവിക്കുകയും അത്യധികം അഭയാർത്ഥികൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഹോസെ കാസനോവ എഴുതുന്നു.

അന്നേ ദിവസം മാൻഹട്ടണിലെ ന്യൂ സ്കൂൾ ഫോർ സോഷ്യൽ റിസർച്ചിലെ പ്രഭാത ക്ലാസ്സിലേക്കുള്ള ‘ന്യൂ ജെഴ്സി ട്രെയിൻ’ സവാരിയിലായിരുന്നു ഞാൻ. എന്തോ വലുത് സംഭവിക്കാനിരിക്കുന്നു എന്നതിന്റെ യാതൊരു സൂചനയും ക്ലാസിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിൽ മുഴുകിയിരുന്ന എന്റെ ശ്രദ്ധയിൽ പെട്ടില്ല. ഡിപ്പാർട്മെന്റിലെ എന്റെ ഓഫീസിലേക്ക് പ്രവേശിക്കേണ്ട താമസം, റേഡിയോയിൽ നിന്നും ശബ്ദമുയർന്നു: “ദൈവമേ, ടവർ തകർന്നിരിക്കുന്നു”. ഓഫിസിനു മേലെയുള്ള ടെറസിൽ നിന്ന് രണ്ടാമത്തെ ടവറിന്റെ പതനം ഞാൻ അനുഭവിച്ചു തന്നെയറിഞ്ഞു. ലോകം മുഴുവൻ വാർത്ത കണ്ടുകൊണ്ടിരിക്കെ, ലോവർ മാൻഹട്ടണിൽ അന്ന് ഒരു ടിവിയും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. 65ആം അവന്യൂയിൽ പാർക്കു ചെയ്തിരുന്ന ഒരു കാറിന്റെ റേഡിയോവിൽ നിന്നാണ് എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചുള്ള വാർത്തകൾ വന്നുകൊണ്ടിരുന്നത്. ഞങ്ങൾ കുറച്ചു പേർ ഒരക്ഷരം മിണ്ടാതെ കാറിനെ വട്ടംപിടിച്ച് ചെവിയോർത്ത് നിന്നു. നൂറുകണക്കിനാളുകൾ അപ്പോഴും പുകയിൽ നിന്നും കരിയിൽ നിന്നും അകന്ന് അവന്യൂവിലൂടെ ശാന്തരായി നടന്നകലുന്നുണ്ടായിരുന്നു.

ടവറുകളുടെയും അതിനടിയിൽ അടക്കപ്പെട്ട അനേകം ന്യൂയോർക്ക് നിവാസികളുടെയും നഷ്ടം എന്നെ സംബന്ധിച്ചിടത്തോളം തികച്ചും വ്യക്തിപരമായിരുന്നു എന്നതാണ് ഈ ഓർമകൾ പറഞ്ഞുകൊണ്ട് തുടങ്ങാൻ കാരണം. ജെഴ്സി സിറ്റിയിലെ ഹഡ്സൺ ജീവിതത്തിൽ ഒരു പതിവു കാഴ്ചയായി ഇരു ടവറുകളും മാറിയിട്ട് അനേക വർഷങ്ങളായി. ആകാശ നോട്ടങ്ങളിൽ അവയുടെ അഭാവം ഇപ്പോഴും നിഴലിക്കുന്നുണ്ട്. എന്നാൽ തികഞ്ഞ ക്ഷമയോടെയും അനുഭാവ-ഐക്യദാർഢ്യങ്ങളോടെയും, മറവിക്കു വിട്ടുകൊടുക്കാതെ അവയെ പുനർനിർമിക്കാനുള്ള അഭിവാജ്ഞയോടെയും ഈ നഷ്‌ട സംഭവത്തോട് പ്രതികരിച്ച നഗരത്തെയോർത്ത് എനിക്ക് അഭിമാനം തോന്നിയിട്ടുണ്ട്. കാഴ്ചയിൽ മുസ്‌ലിം എന്നു തോന്നുന്ന ഒരാളും ഈ നഗരത്തിൽ ആക്രമിക്കപ്പെട്ടില്ല. പത്തു ദിവസങ്ങൾക്കു ശേഷം, സെപ്റ്റംബർ 21ന്, ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തവരുടെ കുടുംബങ്ങൾക്കും ഇരകൾക്കും വേണ്ടി യാങ്കീ സ്റ്റേഡിയത്തിൽ വെച്ച് ന്യൂയോർക്ക് പ്രയർ സർവീസ് നടന്നു. ഡെമോക്രാറ്റിക് കക്ഷിയുടെ നേതാക്കളോടും, ക്രിസ്ത്യൻ, ജൂത, മുസ്‌ലിം, ബുദ്ധ, സിഖ്, ഹിന്ദു മത നേതൃത്വങ്ങളോടുമൊപ്പം റിപ്പബ്ലിക്കൻ മേയർ ജൂലിയാനിയുടെ (Giuliani) കർമികത്വത്തിലാണ് ഇതു സംഘടിപ്പിക്കപ്പെട്ടത്. ബഹുമത-ബഹുവംശ പാരമ്പര്യമുള്ള ഈ നഗരം അതിനോടും മുഴുവൻ രാജ്യത്തോടു തന്നെയും അഭൂതപൂർവമായ ഐക്യമാണ് പ്രകടിപ്പിച്ചത്.

സംഭവത്തിൽ മരണമടഞ്ഞ, സിറ്റി പോലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനയുമുൾപ്പെടെയുള്ള അനേകം ‘ഹീറോ’കൾക്കിടയിൽ രേഖകളേതുമില്ലാത്ത ഒരുപാട് കുടിയേറ്റ വംശജരുമുണ്ടായിരുന്നു എന്ന വസ്തുത ന്യൂയോർക്ക് നിവാസികൾക്ക് നന്നായറിയാവുന്നതാണ്. നിമിഷാർധങ്ങൾക്കുള്ളിൽ തകർന്നു തരിപ്പണമായ നെടുനീളൻ സാമുച്ചയത്തിനുള്ളിൽ വ്യാപാരബന്ധങ്ങളിലും മറ്റു ജോലികളിലും ഏർപ്പെട്ടിരുന്ന ലക്ഷത്തോളം പേർക്ക് ഭക്ഷണവും മറ്റു സേവനങ്ങളും എത്തിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. ബഹുസ്വരമായ (pluribus unum*) സംസ്കാരത്തിൽ നിന്നും, ലക്ഷണമൊത്ത ന്യൂയോർക്കർമാരായ റുഡോൾഫ് ജൂലിയാനിയും ഡോണാൾഡ് ട്രമ്പുമൊക്കെ പ്രതിനിധീകരിക്കുന്ന ദ്രുവീകരണ സ്വഭാവമുള്ള ഒരു സംസ്കാരത്തിലേക്ക് എത്ര പെട്ടെന്നാണ് നമ്മൾ മാറിപ്പോയതെന്ന കാര്യത്തെ കുറിച്ച് സംസാരിക്കേണ്ടതുണ്ടെന്നു തോന്നുന്നു.

വ്യക്തിപരവും എന്നാൽ കൂടുതൽ പ്രൊഫഷനലുമായ മറ്റൊരു സംഗതി, ആധിപത്യ വൻശക്തി എന്ന നിലക്ക് യുഎസിന്റെയും, ഐക്യരാഷ്ട്ര സഭയുടെയും, ആഗോള വ്യാപാരബന്ധങ്ങളുടെ തന്നെയും പ്രതീകാത്മക കേന്ദ്രങ്ങളായ വേൾഡ് ട്രേഡ് സെന്ററിനും പെന്റഗണിനും മേൽ ഇസ്‌ലാമിന്റെ പേരിലുള്ള ഭീകരവാദികൾ ഏൽപ്പിച്ച ഹിംസ, അസ്ഥാനത്താണെങ്കിലും ആഗോള വ്യവഹാരങ്ങളിൽ മതത്തിനുള്ള പങ്കിനെ തികച്ചും അവിചാരിതമായി ചർച്ചയിലേക്ക് കൊണ്ടുവന്നു. ‘പബ്ലിക് റിലീജിയൻസ് ഇൻ ദി മോഡേൺ വേൾഡി’ൽ ഞാൻ ഉന്നയിച്ച വാദങ്ങളെ ഉറപ്പിക്കുന്നതായിരുന്നു ഇത്. അക്കാദമിക പഠനങ്ങളും ഗവണ്മെന്റ്-രാഷ്ട്രീയ സ്ഥാപനങ്ങളും വ്യാപാര സംഘടനകളും ഫൌണ്ടേഷനുകളുമെല്ലാം മതത്തെ ഗൗരവത്തിൽ വീക്ഷിച്ചു തുടങ്ങി.

ഹോസെ കാസനോവ

മതത്തെ ഇനിയും ഒരു സ്വകാര്യ വ്യവഹാരമായി കണ്ട് അവഗണിക്കാൻ കഴിയില്ല. കുറഞ്ഞത് ‘ദൈവം നിലനിൽക്കുന്നേ ഇല്ല’ (etsi Deus non daretur) എന്ന മട്ടിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആധിപത്യ മതേതര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ ദൈവത്തിന്റെ സ്ഥാനം അപ്രസക്തമാണ് എന്നായിരുന്നല്ലോ വെയ്പ്പ്. ദൈവികതയുടെ (sacred) നശീകരണ ശേഷി പ്രകടമായ സ്ഥിതിക്ക് മത വ്യവഹാരങ്ങളെ കൂടുതൽ ഗൗരവത്തിൽ തന്നെ പരിഗണിക്കേണ്ടിയിരുന്നു. പൊടുന്നനെ, സൗഹാർദത്തിനു വേണ്ടി, മത-സാംസ്‌കാരിക സൗഹൃദ ചർച്ചകൾക്കു വേണ്ടി, സമാധാന ശ്രമങ്ങൾക്കും അനുരഞ്ചനങ്ങൾക്കും വേണ്ടി സാംസ്‌കാരിക സംഘട്ടനങ്ങളുടെ അറുതിക്കു വേണ്ടി മതാധികാരങ്ങൾക്ക് കടിഞ്ഞാണിടേണ്ടതുണ്ടെന്നായി. എന്നാൽ അത്യന്തം മതേതരമായ ആഗോള ഭരണവ്യവസ്ഥക്ക് വല്ലാതെ ഉലച്ചിൽ തട്ടാതെ വേണമായിരുന്നു ഇതു സാധിച്ചെടുക്കാൻ. എണ്ണയിട്ടതു പോലെ പ്രവർത്തിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥയും, കേന്ദ്രങ്ങൾക്കും പ്രാന്തങ്ങൾക്കുമിടയിൽ വിവേചനപരമായ വിനിമയങ്ങൾ സാധ്യമാക്കുന്നതുമായ ലോക മുതലാളിത്ത വ്യവസ്ഥയാണല്ലോ അത്. മാത്രവുമല്ല, ഓപചാരികമായി വ്യത്യസ്തതകളെ ഉൾക്കൊള്ളുന്നതും തുല്യവുമെന്ന് തോന്നുമെങ്കിലും, ഭൗമരാഷ്ട്രീയ തലത്തിൽ ശ്രേണീബദ്ധമായും വൻശക്തികളുടെ അധീശത്വത്തിനു കീഴിലും സ്ഥാപിക്കപ്പെടുന്ന ദേശരാഷ്ട്രങ്ങളുടെ ലോകവ്യവസ്ഥ കൂടിയാണ് അത്.

ബെർക്ക്ലി സെന്റർ ഫോർ റിലീജിയൻ, പീസ്, ആൻഡ് വേൾഡ് അഫൈർസിന്റെ സ്ഥാപനവും സെപ്റ്റംബർ പതിനൊന്നിനോടുള്ള പ്രതികരണങ്ങളും തമ്മിലെ ബന്ധങ്ങളെ കുറിച്ച് എനിക്കെപ്പോഴും അനിശ്ചിതത്വങ്ങൾ അനുഭവപ്പെട്ടിരുന്നു. മതവും രാഷ്ട്രീയവും, മതവും ഹിംസയും, ഇസ്‌ലാം തുടങ്ങിയവയെ കുറിച്ചു പഠിക്കാൻ ജർമനിയിൽ സ്ഥാപിക്കപ്പെട്ടതും എനിക്കു ബന്ധപ്പെടേണ്ടി വന്നതുമായ പുതിയ കുറെ അക്കാദമിക കേന്ദ്രങ്ങളെ കുറിച്ചും എനിക്കിതേ അസ്വസ്ഥത അനുഭവപ്പെട്ടിട്ടുണ്ട്. ‘പൊതു മതം’ (public religion) എന്നതിനെ കുറിച്ച എന്റെ വ്യവഹാരങ്ങൾ തെറ്റായ വിധത്തിൽ അംഗീകാരം നേടുന്നതായി പലപ്പോഴും എനിക്കനുഭവപ്പെട്ടു. ജർമൻ ഭാഷയിൽ ഞാനെഴുതിയ ഒരു ലേഖന സമാഹാരത്തിന്റെ തലക്കെട്ട് (Europas Angst vor der Religion) ഈ അസ്വസ്ഥതകളെ പകർത്തിവെക്കുന്നുണ്ട്. Angst എന്നതിനെ “ഒന്നിനെ കുറിച്ച പേടി” എന്നോ, കുറച്ചുകൂടി ലളിതമായി “മതത്തെ കുറിച്ച ആകുലതകൾ” എന്നോ വിവർത്തനം ചെയ്യാം. മതേതര യൂറോപ്യന്മാരും, മതേതരമായ സാമൂഹിക ശാസ്ത്രവും, മറ്റു മതേതര സ്ഥാപനങ്ങളുമെല്ലാം പാപപ്പോഴും തെറ്റായ കാരണങ്ങളാൽ, അല്ലെങ്കിൽ ഭയത്തിന്റെയോ ആകുലതയുടെയോ പേരിൽ മാത്രമാണ് മതത്തെ വളരെ ഗൗരവത്തിലെടുക്കുന്നത് എന്നതാണ് എന്റെ ആശങ്ക.

9/11നോട്‌ അനുബന്ധിച്ചു നടന്ന ദ് ന്യൂയോർക്ക് പ്രയർ സർവീസ്

ഭീകരാക്രമണങ്ങളോടുള്ള തെറ്റായ പ്രതികരണമായിരുന്നു ‘ഭീകരവിരുദ്ധ യുദ്ധമെന്ന്’ (war on terror) ഇരുപതു വർദ്ധങ്ങൾക്കു ശേഷം അഫ്ഗാനിലെ സംഭവവികാസങ്ങൾ നമുക്കു കാണിച്ചു തന്നു. അമേരിക്കൻ നികുതി ദായകരുടെ ചെലവിൽ (6 ട്രില്ല്യൺ ഡോളർ) എട്ട് ‘സെപ്റ്റംബർ പതിനൊന്നാനന്തര യുദ്ധങ്ങൾ’ യുദ്ധങ്ങൾ പൂർത്തീകരിക്കപ്പെടാതെ തുടരുന്നു. ഒരുപാട് രാജ്യങ്ങളെ നാശത്തിലേക്ക് തള്ളി വിട്ടുകൊണ്ടിരിക്കുന്നു. അഫ്ഗാൻ, പാകിസ്ഥാൻ, ഇറാഖ്, സിറിയ, യമൻ മുതലായ രാജ്യങ്ങളിൽ അനേകം പേരുടെ ജീവനെടുക്കുകയും, രണ്ടാം ലോകത്തിൽ ഉണ്ടായതു പോലെ, അത്ര തന്നെയാളുകളെ അഭയാർഥികളാക്കുകയും ചെയ്യുന്നു. ചൈന മുതൽ റഷ്യ വരെയുള്ള അധീശത്വ ഗവൺമെന്റുകൾക്ക് അവരുടെ തന്നെ ചില ജനാവിഭാഗങ്ങളെ അതിഭീകരമായി അടിച്ചമർത്താനുള്ള ന്യായമായി ‘ഭീകരവിരുദ്ധ യുദ്ധം’ പ്രയോഗിക്കപ്പെടുന്നു.

കഷ്ടമെന്നു പറയട്ടെ, കോവിഡ് മഹാമാരിയോടുള്ള പ്രതികരണങ്ങൾ നമ്മുടെ ആഗോള ഭരണവ്യവസ്ഥയുടെ അപര്യാപ്തകളെയാണ് വെളിച്ചത്തു കൊണ്ടുവന്നത്. ഒരു ആഗോള ആരോഗ്യ പ്രതിസന്ധിയെ ഉത്തരവാദിത്വത്തോടെയും സഹാനുഭാവത്തോടെയും കൈകാര്യം ചെയ്യാനുള്ള അതിന്റെ ശേഷിക്കുറവും ഇതോടെ വെളിച്ചത്തായി. വർധിച്ചു വരുന്ന ആഗോള പരിസ്ഥിതിക പ്രശ്നങ്ങൾ, കുടിയേറ്റ-അഭയാർഥി പ്രശ്നങ്ങൾ, ലോക രാജ്യങ്ങൾക്കിടയിൽ വർധിച്ചു വരുന്ന വിവേചനങ്ങൾ തുടങ്ങിയ പ്രതിസന്ധികളെ ശരിയാം വിധം അഭിമുഖീകരിക്കാൻ കഴിയാത്തതിനു പുറമെയാണ് ഈ പ്രശ്നങ്ങളും വരുന്നത്. ആഗോള പ്രതിസന്ധികൾ തേടുന്നത് ആഗോള പ്രതികരണങ്ങളെയാണ്. അതാകട്ടെ ആഗോള മുതലാളിത്വ വ്യവസ്ഥക്കോ ദേശരാഷ്ട്ര വ്യവസ്ഥിതികൾക്കോ നൽകാൻ കഴിയുന്നതല്ല എന്നു തോന്നുന്നു.

നമ്മുടെ ആധുനിക മതേതര ഭരണവ്യവസ്ഥകൾക്കു മേൽ ഏൽപ്പിച്ചേക്കാവുന്ന ആഘാതങ്ങളെ ഭയന്നുകൊണ്ടോ ആകുലത പൂണ്ടുകൊണ്ടോ അല്ല മതത്തെ കുറിച്ച ഗൗരവകരമായ ആലോചനകൾ ഉണ്ടാവേണ്ടത്. നമ്മുടെ പല മത സ്ഥാപനങ്ങൾക്കും ജീർണതകൾ ഉള്ളപ്പോൾ തന്നെ, മതത്തെ ഗൗരവത്തിൽ എടുക്കേണ്ടതുണ്ട്. അപ്പോഴാണ് പോപ്പ് ഫ്രാൻസിസ് പറഞ്ഞതു പോലെ, പുതിയൊരു ‘ഏറ്റുമുട്ടലിന്റെ സംസ്കാര സൃഷ്‌ടിയിൽ’ അതിന് പങ്കുകൊള്ളാനാവുക. ദുർഖൈമിന്റെ ഭാഷയിൽ, അപ്പോഴാണ് മാനുഷിക സൗഹാർദത്തിന്റെ പുതിയ ബന്ധങ്ങളിൽ ആളുകളെ ഒന്നിപ്പിക്കുന്ന ദിവ്യ പ്രതീകമായി മതം മാറുന്നത്. നമ്മൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പൊള്ളുന്ന ആഗോള പ്രതിസന്ധിളോട്- സ്നേഹവും വിശ്വാസവും പ്രതീക്ഷയും കൈമുതലാക്കിക്കൊണ്ട്- ക്രിയാത്മകമായി പ്രതികരിക്കാനുള്ള ശക്തി സംഭരിക്കാനാണ് നമ്മൾ ശ്രമിക്കുന്നതെങ്കിൽ, സഹാനുഭൂതിയുടെ ഇത്തരം ബന്ധങ്ങളാണ് (വ്യക്തിപരമായും സംഘടിതമായും) നമ്മൾ സൃഷ്‌ടിക്കേണ്ടത്. “നമ്മൾ ദൈവത്തിന്റെ ആളുകൾ” സ്വയം പുനർവിചിന്തനം നടത്തുകയും, ലോക മാനുഷികതയുടെ പൊതു നന്മക്ക് ഉതകുന്ന തരത്തിൽ ആഗോള ഭരണവ്യവസ്ഥയെ നവീകരിക്കുകയും വേണം. അത്തരമൊരു യജ്ഞത്തിലേക്ക് കാര്യമായ സംഭാവനകൾ അർപ്പിക്കാൻ ഇന്നിന്റെ മതങ്ങൾക്കു കഴിയുമോ എന്നത് ഒരു തുറന്ന ചോദ്യമാണ്. എന്നാൽ, അടുത്ത ഇരുപതു വർഷത്തേക്ക് ബെർക്ക്ലി സെന്ററിലെയും ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിലെയും അക്കാദമികവും പ്രായോഗികവുമായ അന്വേഷണങ്ങൾക്ക് വിഷയീഭവിക്കാവുന്ന ഒന്നു തന്നെയാണിത്.

*(One from many അഥവാ, ഒരുപാടു പേരിൽ ഒരാൾ എന്ന അർഥം വരുന്ന ലാറ്റിൻ പ്രയോഗം

മൊഴിമാറ്റം: അഫ്സൽ ഹുസൈൻ

Top