ഇരട്ടത്താപ്പുകളുടെ ഘോഷയാത്ര: സിപിഎമ്മിന്റെ യുഎപിഎ വിരുദ്ധത 

November 20, 2019

യുഎപിഎ ഇരകളെയും കൊണ്ട് പ്രകാശ് കാരാട്ട് രാഷ്ട്രപതിയെ കണ്ട് നിവേദനം നല്‍കിയപ്പോഴും കേരളത്തില്‍ നിന്നുള്ളവരെ പങ്കെടുപ്പിക്കാതിരിക്കാന്‍ സിപിഎം ശ്രദ്ധിച്ചിരുന്നു. കേരളത്തിൽ ചാർജ് ചെയ്ത യുഎപിഎ കേസുകൾ റിവ്യൂ ചെയ്യാൻ കമ്മിറ്റി രൂപീകരിച്ചെന്ന് സർക്കാർ അവകാശപ്പെട്ടെങ്കിലും ഇന്നുവരെ അതുണ്ടായിട്ടില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇതുവരെ രാജ്യത്ത് ചാർജ് ചെയ്ത യുഎപിഎ കേസുകളിൽ ബഹുഭൂരിപക്ഷത്തിലും പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിടുകയായിരുന്നു. കരീം എഴുതുന്നു.

1948ലെ രണ്ടാം പാർട്ടി കോൺഗ്രസിലെ കൊൽക്കത്ത തീസിസിന്റെ ഉപജ്ഞാതാവായ ബി.ടി.രണദിവെ കമ്മ്യൂണിസ്റ്റുകൾക്ക് അസ്പൃശ്യനല്ല. കൊൽക്കത്താ തീസിസിന്റെ അനുരണങ്ങളായ തെലങ്കാനയിലെയും ത്രിപുരയിലെയും തിരുവിതാംകൂറിലെയും സായുധ സമരങ്ങളെ പാർട്ടി തള്ളിപ്പറഞ്ഞിട്ടുമില്ല. ആണ്ടോടാണ്ട് കയ്യൂരും ഒഞ്ചിയവും പുന്നപ്ര വയലാറും ‘ബലികുടീരങ്ങളേ..’ പാടി ആചരിക്കാറുമുണ്ട്. രണദിവേയ്ക്ക് നാട്ടിലെമ്പാടും സ്മാരകങ്ങളുമുണ്ട്. മാവോയും സ്റ്റാലിനും ചെഗുവേരയും പാർട്ടിയുടെ ചുവരെഴുത്തുകളിലും ടിഷർട്ടുകളിലും ഇപ്പോഴുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ പാർട്ടിക്ക് സായുധ പ്രതിരോധത്തോട് വലിയ ചതുർഥിയൊന്നുമില്ല. രാഷ്ട്രീയമായി വിയോജിക്കുന്നവരെയും കുലംകുത്തികളെയും ഉന്മൂലനം ചെയ്യുക എന്ന പാർട്ടി നയം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുണ്ട്. അത് ജനകീയ സമര മാർഗത്തിലൂടെയല്ല എന്ന് മാത്രം. പുറംജോലിക്ക് കരാർ നൽകുകയാണ് പതിവ്.

ഭരണകൂടത്തിന്റെ വേട്ടയാടൽ എമ്പാടും നേരിട്ടവരാണ് കമ്യൂണിസ്റ്റുകൾ. ലാത്തിയും ബൂട്ടും ബയണറ്റും മേഞ്ഞ് നടക്കാത്ത ഒരിഞ്ച് സ്ഥലം പോലും ശരീരത്തിൽ ബാക്കിയില്ലാത്ത കമ്യൂണിസ്റ്റ് നേതാക്കൾ നിരവധിയുണ്ട്. വിഎസും ഗൗരിയമ്മയും മുതൽ സിന്ധു ജോയി വരെ രാഷ്ട്രീയമായി വിയോജിച്ചതിന്റെ  പേരിൽ ഭരണകൂടത്തിന്റെ മർദനത്തിന് ഇരയായവരാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് മർദനത്തിൽ ചോരപുരണ്ട ഷർട്ടുമായി നിയമസഭയിൽ വന്ന് പ്രസംഗിച്ചത് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. 

ജയിലിലെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പിണറായി നടത്തിയ വികാരഭരിതമായ പ്രസംഗം സഭാ ചരിത്രത്തിലെ  ഉജ്ജ്വലമായ ഏടാണ്. 1977 മാര്‍ച്ച് 30നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. “മി. കരുണാകരനോട് എനിക്കു ഒന്നു മാത്രമേ പറയാനുള്ളു. നമ്മള്‍ വളരെ ശക്തിയായി പലതും സംസാരിച്ചിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്. ഇനിയും പലതും സംസാരിക്കും. ഞാന്‍ ശ്രീ.അച്ചുതമേനോന് എഴുതിയ കത്തില്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. ഇതാര്‍ക്കും അടക്കി നിര്‍ത്താന്‍ കഴിയുകയില്ല. ഇത് രാഷ്ട്രീയമല്ലേ? കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആര്‍ക്കെല്ലാം എന്തെല്ലാം സഹിക്കേണ്ടി വന്നിട്ടുണ്ട്? പൊലീസ് ലോക്കപ്പില്‍ വെച്ച് മരിച്ചവരില്ലേ? പ്രക്ഷോഭണത്തിന്റെ മുന്നില്‍ വെടിയേറ്റു മരിച്ചവരില്ലേ? ഗുണ്ടകളുടെ കത്തിക്കുത്തേറ്റും വെടിയുണ്ട കൊണ്ടും മരിച്ചവരില്ലേ? ഇതെല്ലാം ഏതെങ്കിലും ഘട്ടത്തില്‍ സംഭവിച്ചേക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ടാണ് ഈ പാര്‍ട്ടിയില്‍ നില്‍ക്കുന്നത്. അവരെയെല്ലാം പൊലീസ് ലോക്കപ്പിലിട്ട് നാലു പൊലീസുകാരെ ഏല്‍പ്പിച്ച് ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കൂടി നിര്‍ത്തി, തല്ലി ശരിപ്പെടുത്തി ഒന്ന് ഒതുക്കികളയാമെന്നാണെങ്കില്‍ അത് അപ്പോള്‍ ഒതുങ്ങും. പിന്നീട് കൂടുതല്‍ ശക്തിയോടു കൂടിത്തന്നെ രംഗത്തു വരും. ഇതുമാത്രമേ എനിക്ക് കരുണാകരനോട് പറയാനുള്ളു” – പിണറായി പറഞ്ഞു.

“ഇത് രാഷ്ട്രീയമാണ്. പറയുന്ന കാര്യങ്ങള്‍ വളരെ ശക്തിയായി തന്നെ പറയും. അത് പൊലീസിനെ വിട്ട് തല്ലി ശരിപ്പെടുത്തിക്കളയാം എന്നാണെങ്കില്‍ അത് നടക്കുകയില്ല. അങ്ങനെ കഴിയുകയില്ല. അത് എല്ലാക്കാലത്തും ഈ രാജ്യത്തിലെ ബഹുജനപ്രസ്ഥാനം നേരിട്ടിട്ടുണ്ട്. ആ അനുഭവം ശ്രീ.കരുണാകരന്‍ ഓര്‍ക്കണം. ഇത്തരം പൊലീസ് മന്ത്രിമാര്‍ക്ക്, പൊലീസിനെ വിട്ട് ആക്രമണം നടത്തിയ ആളുകള്‍ക്ക്, ഈ നാട്ടില്‍ എന്തു സംഭവിച്ചു എന്ന കാര്യം കരുണാകരന്‍ ഓര്‍ക്കണം. അതനുസരിച്ച് ഭരണം നടത്തണമെന്നു മാത്രമേ എനിക്കു പറയാനുള്ളു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയൻ

പറഞ്ഞു കേട്ടിടത്തോളം കേരളത്തിലെ മാവോവാദികൾ തികഞ്ഞ മണ്ടന്മാരാണ്. മുഖ്യധാരാ ഇടതുപക്ഷത്തോടൊപ്പം ചേർന്നു നിന്ന് അത്യാവശ്യം ഭൂമികച്ചവടവും വയൽ നികത്തലും കുന്നിടിക്കലും മണൽ വാരലും ഒക്കെയായി സ്വരുമയായി പോകുന്നതിന് പകരം ഈ കാട്ടിലും കരിയിലയിലും പോയി കിടക്കേണ്ട വല്ല കാര്യവുമുണ്ടോ? ജനാധിപത്യ മാർഗത്തിലൂടെ ജനങ്ങളെ ബോധവൽക്കരിച്ച് സാമൂഹിക മാറ്റത്തിന് ശ്രമിക്കുകയാണ് വേണ്ടത്. ആധുനിക സമൂഹത്തിൽ രക്തച്ചൊരിച്ചിൽ ആരും അംഗീകരിക്കുന്നില്ല. ഔപചാരിക വിദ്യാഭ്യാസം, തൊഴിൽ, രാഷ്ട്രീയ വിദ്യാഭ്യാസം ഇതാണ് ശാശ്വതമായ സാമൂഹിക മാറ്റത്തിനുള്ള മാർഗങ്ങൾ. എന്തൊക്ക ദൗർബല്യങ്ങൾ ഉണ്ടെങ്കിലും ജനാധിപത്യവും നീതിന്യായ വ്യവസ്ഥയും സാധാരണരക്കാരുടെ ആശ്രയമാണ്. അതിനെ അംഗീകരിക്കുക എന്നത് പൗരന്മാരുടെ ബാധ്യതയും.   മാവോവാദികൾ കേരളത്തിൽ ഒരു പൂച്ചക്കുഞ്ഞിനെ പോലും ഉപദ്രവിച്ചതായി അറിയില്ല.

ഈറപിടിച്ചു നിൽക്കുന്നവന്റെ ഊര പിടിച്ചു നിൽക്കുകയെന്ന് പറയുന്ന പോലെ പട്ടിണിയും ദാരിദ്ര്യവും കൊടികുത്തിവാഴുന്ന ആദിവാസി ഊരുകളിൽ വന്ന് അവരോട് കുശലം പറഞ്ഞ് അൽപം റേഷനരിയും പരിപ്പും ഇരന്ന് വാങ്ങി കാട്ടിൽ കൊണ്ട് പോയി ചൂടാക്കി തിന്നുന്ന ദരിദ്രവാസികളണ് കേരളത്തിലെ മാവോയിസ്റ്റ്‌ ദളങ്ങൾ. എന്നാൽ അവർ കഞ്ഞി കുടിച്ചില്ലെങ്കിലും വലിയ വായിൽ ഡയലോഗടിക്കൻ മിടുക്കന്മാരാണ്. എവിടെയെങ്കിലും നാല് പോസ്റ്ററുകൾ കൈകൊണ്ട് എഴുതി ഒട്ടിക്കും. അതിനപ്പുറം ഒന്നുമില്ല. ഗാഡ്ഗിൽ സമര കാലത്ത് കുടിയേറ്റ കർഷകർ കാണിച്ച അക്രമം പോലും ഈ എക്സ്ട്രീം ലെഫ്റ്റിസ്റ്റുകൾ കാണിച്ചിട്ടില്ല.

സത്യം പറയാമല്ലോ, വില്യം ഗോൾഡിങിന്റെ ‘ലോർഡ് ഓഫ് ദ ഫ്ലൈസോ’ മാർക്ക് ട്വയിന്റെ ‘അഡ്വെഞ്ചേഴ്സ് ഓഫ് ടേംസോയറോ’ ‘ഹക്ക്ൾബെറി ഫിന്നോ’ പോലുള്ള കോമിക്കുകൾ വായിക്കുമ്പോഴുള്ള ഫീലേ കേരളത്തിലെ കമ്മ്യൂണിസ്റ്റ്, മാവേയിസ്റ്റ്, നക്സൽ ചരിത്രം വായിക്കുമ്പോൾ കിട്ടുന്നുള്ളൂ.

“ഓൻ രാജ്യദ്രോഹിയാണെങ്കിൽ ഓന്റെ മയ്യത്ത് ഞമ്മക്ക് കാണണ്ട”. കേരളീയ പൊതുസമൂഹം ആഘോഷിച്ച ഈ വാക്കുകൾ തീവ്രവാദിയാകാൻ പോയി കശ്മീരിൽ കൊല്ലപ്പെട്ടു എന്ന് പറയപ്പെടുന്ന കണ്ണൂർ ജില്ലക്കാരനായ  യുവാവിന്റെ ഉമ്മയുടേതാണ്. മരണ സർട്ടിഫിക്കറ്റോ പോസ്റ്റുമോർട്ടം റിപ്പോർട്ടോ ലഭ്യമായില്ലെങ്കിലും പോലീസും രാഷ്ട്രീയക്കാരും പറയുന്നത് വിശ്വസിച്ച് ആ മാതാവിന് സ്വന്തം മകനെ തളളിപ്പറയേണ്ടി വന്നത് പൊതു സമൂഹം മുസ്‌ലിംകൾക്ക് കൽപിച്ചു നൽകിയ അപരത്വം മൂലമാണ്. ഇതുപോലൊരു വാക്ക് അലൻ ശുഹൈബിെന്റെയോ താഹാ ഫൈസലിെന്റെയോ അമ്മമാർക്ക് പറയേണ്ടി വരില്ല. കാരണം അവർ പ്രിവിലേജുളള ഇടതുപക്ഷ സംഘടനയുടെ പ്രവർത്തകരും ഇടത് പാരമ്പര്യമുളള കുടുംബത്തിൽ പെട്ടവരുമാണ്. എന്നാലും അലന്റെ പിതാവായ ശുഹൈബ് ഈ അപരത്വ ഭീതിയിൽ നിന്ന് മുക്തനല്ല. അതുകാണ്ടാണ് വീട്ടിൽ പരിശോധനക്കെത്തിയ പോലിസ് നീട്ടിയ കടലാസിൽ സ്വന്തം പേരിനൊപ്പം ഭാര്യയുടെ പേരായ സബിതാ ശേഖർ എന്നുകൂടി എഴുതി ഒപ്പിട്ടത്.

അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുന്ന ലോകം സ്വപ്നം കണ്ട ആചാര്യന്റെ പൈതൃകം നെഞ്ചേറ്റിയ കമ്യൂണിസ്റ്റുകൾ എന്നു മുതലാണ് പുസ്തക വിരോധികൾ ആയത് എന്ന് മനസ്സിലാകുന്നില്ല. ചെറുമന്റെ കുപ്പമാടത്തിൽ പോലീസിനെ പേടിച്ച് ഒളിവിൽ കഴിയുന്ന കമ്യൂണിസ്റ്റ് തമ്പ്രാന് പുസ്തകവും പത്രങ്ങളും സന്ദേശങ്ങളും കൈമറാൻ പാർട്ടി നിയോഗിച്ച മെസഞ്ചർമാർ പോലിസിന്റെ ഇടികൊണ്ട് നടുവൊടിഞ്ഞിട്ടുണ്ട്. അവർ കോഡുവാക്കുകൾ ഉപയോഗിച്ചിരുന്നു. ‘ബീഡിയുണ്ടോ സഖാവേ തീപ്പെട്ടി എടുക്കാൻ’ പോലുള്ള കോഡുവാക്കുകൾ കേട്ട് ഇന്നും ഇടതുപക്ഷ കേരളം പുളകം കൊളളുന്നു. ഒരുപക്ഷേ പരന്ന വായനയിലൂടെ വളർന്ന ഒരേ ഒരു പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാർട്ടിയായിരിക്കും. ദിനേശ് ബീഡി കമ്പനിയിൽ തൊഴിലാളികൾക്ക് ദേശാഭിമാനി വായിച്ച് കേൾപ്പിക്കാൻ കൂലി കൊടുത്ത് ആളെ നിയമിച്ചിരുന്നതായി കേട്ടിട്ടുണ്ട്. അന്നും ഇന്നും ഗ്രന്ഥശാലാ പ്രസ്ഥാനത്തെ നിലനിർത്തുന്നതിൽ ഇടതുപക്ഷത്തിനുള്ള പങ്ക് നിർണായകമാണ്. പക്ഷേ ഇടതുപക്ഷം എന്നൊക്കെ അധികാരത്തിൽ വരുന്നോ അന്നൊക്കെ സ്വതന്ത്ര ചിന്തയേയും വായനയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കൂച്ചുവിലങ്ങിടാൻ ശ്രമിച്ചിട്ടുണ്ട്.

അലൻ ശുഐബും താഹാ ഫസലും

കേരളത്തില്‍ ആദ്യമായി മൗലിക അവകാശമായ ആശയ പ്രചാരണത്തിനുള്ള സ്വാതന്ത്ര്യം വിനിയോഗിച്ചതിനെതിരെ  യുഎപിഎ ചുമത്തിയ ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. ഇൻഡ്യയിൽ തീവ്രവാദം ഉണ്ടായ കാലം മുതൽ തീവ്രവാദികളിൽ നിന്ന് പിടിച്ചെടുക്കുന്ന തെളിവുകൾക്കെല്ലാം ഒരേ സ്വഭാവവാണ്. പ്രതികൾ മുസ്‌ലിംകളാണെങ്കിൽ തീവ്രവാദ പുസ്തകങ്ങൾ, ബാറ്ററി, മെമ്മറി കാർഡ്, അറബിയിലോ ഉറുദുവിലോ ഉള്ള ലഘുലേഖകൾ എന്നിവ ഉറപ്പാണ്. മാവോവാദികൾ ആവുമ്പോൾ  കൈകൊണ്ടെഴുതിയ പോസ്റ്റർ, ബാനർ എന്നിവയുണ്ടാകും. ലഘുലേഖ മലയാളത്തിലായിരിക്കുമെന്ന് മാത്രം. പാനായിക്കുളത്ത് നിന്ന് പിടിച്ച തീവ്രവാദ പുസ്തകങ്ങൾ ഭയങ്കരമായിരുന്നു. ‘ചെഗുവേര: വിപ്ലവത്തിന്റെ ഇതിഹാസം’, അഹമ്മദ് കുട്ടി ശിവപുരം എഴുതിയ ‘അതിരുകൾ അറിയാത്ത പക്ഷി’, താഹിർ അമാൻ എഴുതിയ ‘മാസ് റെസിസ്റ്റൻസ് ഇൻ കാശ്മീർ’ എന്നിവയായിരുന്നു അവ. ഏറ്റവും അവസാനം യുഎപിഎ ചുമത്തിയ കേസിലും പുസ്തകങ്ങൾ തന്നെയാണ് മുഖ്യ തെളിവുകൾ. മാധ്യമം മീഡിയാ വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹ്മാന്റെ ലേഖന സമാഹാരമായ ‘മാർക്സിസം, സാമ്രാജ്യത്വം, തീവ്രവാദം: സംശയങ്ങൾക്ക് മറുപടി’യും ഓപ്പൺ മാഗസിനിലെ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രാഹുൽ പണ്ഡിതയുടെ ‘ഹലോ ബസ്തർ’ എന്ന പുസ്തകവും. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വയനാട്ടിൽ ഒരു പെൺകുട്ടിയെ ദിവസം മുഴുവൻ പോലിസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചത് ആർ.കെ.ബിജുരാജ് എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച ‘നക്സൽ ദിനങ്ങൾ’ എന്ന പുസ്തകം ബാഗിലുണ്ടായിരുന്നു എന്ന കാരണം പറഞ്ഞായിരുന്നു. ഈ പുസ്തകങ്ങൾ ഒന്നും നിരോധിക്കപ്പെട്ടവയല്ല. വിപണിയിൽ ഇപ്പോഴും ലഭ്യമാണ്.

അലൻ ശുഹൈബിനെയും താഹാ ഫൈസലിനെയും അഞ്ചുവർഷം നീണ്ട നിരീക്ഷണത്തിന് ശേഷമാണ് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തതെങ്കിൽ  മലപ്പുറം ജില്ലയിലെ യുവാവിനെ കർണാടക പോലിസ് പിടികൂടി വിചാരണ കൂടാതെ ബാംഗ്ലൂർ ജയിലിലടച്ചത് കാര്യമായ നിരീക്ഷണമൊന്നും കൂടാതെ തന്നെയാണ്.

പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ പരപ്പനങ്ങാടിക്കാരൻ സക്കരിയക്ക് അലൻ ശുഹൈബിെന്റെയും താഹാ ഫൈസലിന്റെയും അതേപ്രായം – പത്തൊൻപത് വയസ്. തോമസ് ഐസക്കോ എം.എ.ബേബിയോ കാനമോ കുഞ്ഞാലിക്കുട്ടിയോ ചെന്നിത്തലയോ ഇതുവരെ സക്കരിയയുടെ വീട് സന്ദർശിച്ചിട്ടില്ല. യുഎപിഎ ചുമത്തിയതിനെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടില്ല. ജാമ്യം നീതിയാണെങ്കിലും അത് സക്കരിയക്ക് ലഭിക്കണമെന്ന കാര്യത്തിൽ മേൽപടി രാഷ്ട്രീയക്കാർക്ക് നിർബന്ധമില്ല. കാരണം സക്കരിയ പ്രിവിലേജില്ലാത്ത മുസ്‌ലിമാണ്. അശോകന് ക്ഷീണമാകാം എന്നു പറഞ്ഞത് പോലെ മുസ്‌ലിംകൾക്കെതിരെ യുഎപിഎ ആകാം എന്നാണ് കേരളീയ പൊതുബോധം.

ഇതുവരെ യുഎപിഎ ചുമത്തിയ കേസുകളിൽ പ്രതികളായിട്ടുള്ളത് മുസ്‌ലിംകളൂം ആദിവാസികളും മാവോവാദി ആരോപണം നേരിടുന്നവരും മാത്രമാണ്. പ്രധാന കേസുകൾ: പാനായിക്കുളം സിമി കേസ്, വാഗമൺ സിമി ക്യാമ്പ്, മുവാറ്റുപുഴയിൽ അധ്യാപകൻ ആക്രമിക്കപ്പെട്ട കേസ്, നാറാത്ത് കേസ്, കളമശ്ശേരി ബസ് കത്തിക്കൽ കേസ്, കശ്മീർ റിക്രൂട്ട്മെൻറ് കേസ്, കോഴിക്കോട് ഇരട്ട സ്ഫോടന കേസ്, കനകമല ഐഎസ് കേസ്, അഫ്ഗാനിസ്ഥാനിലേക്ക് പോകാൻ ശ്രമിച്ച യാസ്മിൻ എന്ന യുവതിയെ ഐഎസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത കേസ്, മാവേലിക്കരയിൽ മാവോവാദികൾ യോഗം ചേർന്ന കേസ്. പോസ്റ്റർ ഒട്ടിച്ച കുറ്റത്തിനാണ് മാവോവാദികൾക്കെതിരെ പ്രധാനമായും കേസെടുത്തിട്ടുള്ളത്. യുഎപിഎ കേസുകളിൽ പ്രതികളായ സ്ത്രീകളാണ് യാസ്മിനും വയനാട്ടിലെ ആദിവാസി യുവതി ഗൗരിയും. ഗോവിന്ദൻകുട്ടി, എം.എൻ.രാവുണ്ണി, ചാത്തു, ഷാന്റോ ലാൽ, നദീർ, ജെയ്‌സണ്‍ കൂപ്പര്‍, തുഷാര്‍ നിര്‍മല്‍ സാരഥി, ശ്യാം ബാലകൃഷ്ണൻ, ശ്രീകാന്ത്, നഹാസ്, ലുഖ്മാൻ പള്ളിക്കണ്ടി എന്നിവർക്കെതിരെ ഇതുവരെ യുഎപിഎ ചാർജ് ചെയ്തിട്ടുണ്ട്. നാറാത്ത് കേസിൽ യുഎപിഎ ചാർജുകൾ നിലനിൽക്കില്ല എന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. പാനായിക്കുളം കേസിലെ മുഴുവൻ പ്രതികളെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി. ശ്യാം ബാലകൃഷ്ണൻ കേസിൽ കേരളാ ഹൈക്കോടതിയുടെ ശ്രദ്ധേയമായ ഒരു വിധിയുണ്ടായിരുന്നു. ഒരാൾ മാവോയിസ്റ്റ് ആശയത്തിൽ വിശ്വസിക്കുന്നതു കൊണ്ട് മാത്രം അയാൾക്കെതിരെ യുഎപിഎ ചുമത്താൻ കഴിയില്ലെന്ന് ഹൈക്കോടതി വിധിച്ചൂ. കൂടാതെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവായി. എന്നാൽ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോയിരിക്കുകയാണ്. അതിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത് മാവോയിസ്റ്റ്‌ സാഹിത്യങ്ങൾ കൈയിൽ വെക്കുന്നത് യുഎപിഎ ചുമത്താനുള്ള കാരണങ്ങളായി നിയമത്തിൽ പറയുന്നുണ്ടെന്നാണ്. പക്ഷേ കമ്യൂണിസ്റ്റുകൾ യുഎപിഎക്ക് എതിരാണ്. കതിരൂർ മനോജ് വധക്കേസിൽ സിപിഎം നേതാവ് പി.ജയരാനെതിരെ ഉമ്മൻചാണ്ടി സർക്കാർ യുഎപിഎ ചുമത്തി കേസെടുത്തതോടെയാണ് സിപിഎം യുഎപിഎക്കെതിരായത്. യുഎപിഎ ഇരകളെയും കൊണ്ട് പ്രകാശ് കാരാട്ട് രാഷ്ട്രപതിയെ കണ്ട് നിവേദനം നല്‍കിയപ്പോഴും കേരളത്തില്‍ നിന്നുള്ളവരെ പങ്കെടുപ്പിക്കാതിരിക്കാന്‍ സിപിഎം ശ്രദ്ധിച്ചിരുന്നു. കേരളത്തിൽ ചാർജ് ചെയ്ത യുഎപിഎ കേസുകൾ റിവ്യൂ ചെയ്യാൻ കമ്മിറ്റി രൂപീകരിച്ചെന്ന് സർക്കാർ അവകാശപ്പെട്ടെങ്കിലും ഇന്നുവരെ അതുണ്ടായിട്ടില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇതുവരെ രാജ്യത്ത് ചാർജ് ചെയ്ത യുഎപിഎ കേസുകളിൽ ബഹുഭൂരിപക്ഷത്തിലും പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിടുകയായിരുന്നു.

യുഎപിഎ കേസ് ഫ്രെയിം ചെയ്യുന്ന വിധം: പാനായിക്കുളം മോഡൽ

ഹൈവേയുടെ ഓരം ചേർന്നുള്ള റോഡിൽ ആൾതിരക്കുള്ള സ്ഥലത്താണ് പാനായിക്കുളത്തുള്ള ഹാപ്പി ഓഡിറ്റോറിയം. അവിടെയാണ് ആവിഷ്ക്കാര സ്വാതന്ത്ര്യം വിനിയോഗിച്ചതിെൻറ പേരിൽ യുഎപിഎ ചാർത്തിയ പ്രമാദമായ ‘പാനായിക്കുളം സിമി കേസ്’ നടന്നത്. രാവിലെ 11 മണിയോടെ പരിപാടി തുടങ്ങുന്നതിന് മുമ്പാണ് ബിനാനിപുരം എഎസ്ഐ ആന്റണി കുറച്ച് പോലീസുകാരോടൊപ്പം പ്രതികളെ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടു പോകുന്നത്. ചില സംശയങ്ങൾ ക്ലിയർ ചെയ്യാനാണ്, ഉടനെ വിട്ടയക്കും എന്നാണ് അവരോട് പറഞ്ഞിരുന്നത്. ഉച്ചയായിട്ടും ഒന്നും സംഭവിച്ചില്ല. പിന്നെ ചിലരെത്തുന്നു. ചോദ്യങ്ങൾ ചോദിക്കുന്നു. കുറച്ചു കൂടി കഴിഞ്ഞപ്പോഴാണ് പോലീസ് സ്റ്റേഷനിലേക്ക് ബിജെപിയുടെ പ്രകടനം. കൂടെ ചില ചാനലുകാരും. പിന്നെ ലോക്കൽ പോലീസു മുതൽ അന്താരാഷ്ട്ര ഏജൻസി വരെ നിരനിരയായി എത്തിത്തുടങ്ങി.

പാനായിക്കുളം സിമി കേസിൽ പ്രതിയാക്കപ്പെട്ടവർ

പരിപാടി തുടങ്ങേണ്ട സമയത്തു തന്നെ പോലീസ് കസ്റ്റഡിയിലായിട്ടും കോടതിയിലെത്തിയപ്പോഴേക്കും കഥ അപ്പാടെ മാറിയിരുന്നു. സ്വാതന്ത്ര്യദിന സെമിനാർ കശ്മീരിനെ വിമോചിപ്പിക്കാനുള്ള ‘വിഘടനവാദ’ യോഗമാക്കി മാറ്റിയത് സ്റ്റേഷനെഴുത്തിലെ കരവിരുതിലാണ്. വിചാരണക്ക് എത്തിയപ്പോഴേക്കും ഹാപ്പി ഓഡിറ്റോറിയത്തിൽ പോലീസെത്തിയ സമയം  10.45 എന്നത് മാറി ഒരു മണിയായി. 12.55ന് പോലീസ് ഓഡിറ്റോറിയത്തിൽ എത്തുകയും ഗോവണിയിൽ നിന്ന് അതീവ രഹസ്യമായി 5 മിനിറ്റ് പ്രസംഗം കേൾക്കുകയും ചെയ്തു. പത്തു മുതൽ 12.55 വരെ പ്രസംഗം കേട്ട ഏക സാക്ഷി, പരാതിക്കാരനായും മാപ്പുസാക്ഷിയുമൊക്കെയായി ഈ കേസിൽ പല വേഷങ്ങൾ ചെയ്ത വ്യക്തി മാത്രം. അവസാനത്തെ 5 മിനിറ്റാണ് അയാളെ കൂടാതെ പോലീസുകാരെങ്കിലും സാക്ഷിയായിട്ടുളളത്. തിരക്കേറിയ സ്ഥലത്ത് നടന്ന ഒരു സംഭവമായിട്ടും, ഒരു സ്വതന്ത്ര സാക്ഷിയെ പോലും ഹാജരാക്കാനാവാതെ പോലീസ് ഇരുട്ടിൽ തപ്പിയിട്ടും വിചാരണ കോടതി ഈ കേസിൽ വിധിച്ചത് 14 വർഷത്തെ ശിക്ഷ.

യുഎപിഎ കേസുകളിൽ മിക്കവാറും പുസ്തകങ്ങളോ ലഘുലേഖകളോ ഒക്കെയായിരിക്കും തെളിവുകളായി കേസിനെ മുന്നോട്ടു നയിക്കുന്നത്. സാക്ഷികളെയും പ്രതിഷേധിക്കുന്നവരെയും സമ്മർദത്തിലാക്കുക എന്നൊരു തന്ത്രം ഇതിന്റെ പിന്നിലുണ്ട്. പാനായികുളം കേസിൽ പ്രതികളിൽ നിന്ന് കണ്ടെടുത്ത ഒരു പുസ്തകം ജമാഅത്തെ ഇസ്ലാമിയുടെ കേരള ആസ്ഥാനമായ ഹിറാസെന്റർ ലൈബ്രറിയിൽ നിന്ന് വായിക്കാൻ എടുത്തതായിരുന്നു. പുസ്കത്തിന്റെ ഉറവിടം കണ്ടെത്താൻ പ്രസാധകരുടെ ഓഫീസ് റെയ്ഡ് ചെയ്യുന്നതിന് പകരം പോലീസ് നേരെ പോയത് ഹിറാ സെന്റർ ലൈബ്രറി റെയ്ഡ് ചെയ്യാൻ. അലന്റെയും താഹയുടെയും പക്കൽ നിന്ന് കണ്ടെത്തിയ പുസ്തകവും  മാധ്യമം മീഡിയാ വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹ്മാന്റെ ലേഖന സമാഹാരമായ ‘മാർക്സിസം, സാമ്രാജ്യത്വം, തീവ്രവാദം: സംശയങ്ങൾക്ക് മറുപടി’ ആണ്. കേരളത്തിലെ വികസന വിരുദ്ധ മുന്നണിയിൽ “സുഡാപ്പി-മാവോയിസ്റ്റ് നെക്സസ്” സജീവമാണെന്ന മുഖ്യധാരാ ഇടതുപക്ഷ ആരോപണത്തിന് സാധൂകരണം നൽകാനും ഇത്തരം തെളിവുകൾ സഹായിക്കും. പഴയ ഇമെയിൽ കേസ് കാലത്ത് ചില പ്രത്യേക കേന്ദ്രങ്ങൾ നടത്തിയ പ്രചാരണം ഏത് ദിശയിലേക്കായിരുന്നു എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കണം. പൊതു ജനത്തിന്റെ ബോധമണ്ഡലത്തിലേക്ക് തെറ്റായ വിവരങ്ങൾ ഇട്ടു കൊടുത്ത് പൊതുബോധം രൂപപ്പെടുത്തുക. അതോടൊപ്പം പൊതുജനാഭിപ്രായം രൂപപ്പെടുത്താൻ ശേഷിയുള്ളവരെയും വേറിട്ട അഭിപ്രായമുള്ളവരെയും ഭയപ്പെടുത്തി നിശ്ശബ്ദരാക്കുക.അത് സ്വന്തം പാർട്ടിയിൽ പെട്ടവരാണെങ്കിൽ പോലും. പിയുസിഎല്ലും സർഫാസി വിരുദ്ധ ജനകീയ സമിതിയും എൻസിഎച്ച്ആർഒയുമടക്കം പതിനാറോളം സംഘടനകൾ നിരീക്ഷണത്തിലാണ്.

പിൻകുറി: ഞങ്ങൾ നേരത്തേ തന്നെ യുഎപിഎക്ക് എതിരാണ്.വേണമെങ്കിൽ രണ്ട് മണിക്കുർ മുന്നേ എതിരാകാം.

Top