ജാമിഅ മില്ലിയയിലെ വിദ്യാർഥി പ്രക്ഷോഭം 

November 22, 2019

ജാമിഅ മില്ലിയയില്‍ നടന്ന പോരാട്ടത്തില്‍ മുസ്‌ലിം വിദ്യാർഥിനികളുടെ വര്‍ധിച്ച പങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു. വിശ്വാസപരവും, സാമുദായികവും ലിംഗപരവുമായ രാഷ്ട്രീയ വ്യത്യസ്തതകളുടെ പങ്കാളിത്തവും ഐക്യദാർഢ്യങ്ങളും ഇത്തരം സമരപോരാട്ടങ്ങളുടെ ബഹുസ്വരതയെ നിർണയിക്കുന്നുണ്ട്. വൈവിധ്യങ്ങളായ വിശ്വാസങ്ങളെയും സാമൂഹിക സ്വത്വങ്ങളെയും ഉൾക്കൊള്ളാത്ത ഫാസിസ്റ്റ് വിരുദ്ധ സമരങ്ങള്‍ ഇനിയും മുന്നോട്ടു പോകില്ലായെന്നാണ് ജാമിഅ മില്ലിയയിലെ വിദ്യാർഥി പ്രക്ഷോഭം സൂചിപ്പിക്കുന്നത്. ലദീദ സഖലൂൻ എഴുതുന്നു.

ഡൽഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്സിറ്റി ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റ് ഇസ്രായേൽ സർക്കാരുമായി സഹകരിച്ചു കൊണ്ട് ഒക്ടോബർ അഞ്ചിന് ഗ്ലോബല്‍ ഹെല്‍ത്ത് സെനിത് കോൺഫ്ലുവെൻസ് എന്ന പരിപാടി നടത്തുകയുണ്ടായി. ആഗോള തലത്തില്‍ തന്നെ ഇസ്രയേല്‍ നടത്തുന്ന പബ്ലിക് റിലേഷന്‍ പരിപാടികളുടെ ഭാഗമായിരുന്നു അത്. ഇസ്രയേലിന്റെ വംശഹത്യാ രാഷ്ട്രീയം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അത് മറയ്ക്കാനാണ് സയണിസ്റ്റ് ഭരണകൂടം ഇത്തരമൊരു പരിപാടിയുമായി മുന്നോട്ടുവന്നത്. ഇൻഡ്യയില്‍ മാത്രമല്ല ലോകത്തെ മറ്റു പല സർവകലാശാലകളിലും ഇസ്രയേല്‍ ഇത്തരം പരിപാടികള്‍ നടത്തുന്നുവെന്ന് ബിഡിഎസ് (ബോയ്‌കോട്ട്, ഡിസിൻവെസ്റ്റ്മെന്റ് ആന്റ് സാങ്ക്ഷന്‍) എന്ന ആഗോളതലത്തില്‍ പ്രവർത്തിക്കുന്ന ഇസ്രായേൽ ബഹിഷ്കരണ പ്രസ്ഥാനം ചൂണ്ടികാട്ടുന്നു. ആര്‍എസ്എസ് പ്രത്യേക താൽപര്യം എടുത്താണ് ഈ പരിപാടി ജാമിയയില്‍ സംഘടിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനെതിരെ പല കോണുകളില്‍ നിന്ന് പ്രതിഷേധം ഉണ്ടായി. രാജ്യത്തെ പല വിദ്യാർഥി സംഘടനകളും സിവില്‍ സമൂഹ പ്രസ്ഥാനങ്ങളും പ്രസ്തുത നടപടിക്കെതിരെ മുന്നോട്ടു വന്നു. 

എന്നാല്‍ പ്രസ്തുത പരിപാടിക്കെതിരെ പ്രതിഷേധിച്ച ജാമിഅ മില്ലിയയിലെ അഞ്ച് വിദ്യാർഥികൾക്ക് സര്‍വ്വകലാശാല അധികൃതര്‍ കാരണം കാണിക്കൽ നോട്ടീസയച്ചു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാർഥികൾ ഐക്യപ്പെടുകയും യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നജ്മ അക്തറിന്റെ ഓഫീസ് ഉപരോധിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ സമര പരിപാടികൾ ആരംഭിക്കുകയും ചെയ്തു. വിദ്യാർഥികൾക്കെതിരെയുള്ള സസ്പെന്‍ഷന്‍ നടപടികളിൽ നിന്ന് പിന്മാറണം എന്ന ആവശ്യം പരിഗണിക്കപ്പെടാത്തതിനെ തുടർന്ന് സമരം ഒരാഴ്ചയോളം മുന്നോട്ടു പോയി. അധികൃതരുടെ പല ഭീഷണികൾക്കും മുന്നില്‍ ആരും വഴങ്ങാത്തതിനാല്‍ ഒരു കൂട്ടം അക്രമകാരികൾ സമരം ചെയ്ത വിദ്യാർഥി-വിദ്യാർഥിനികളെ ക്രൂരമായി മർദ്ദിച്ച സംഭവം ഉണ്ടാകുകയും അതിനെ തുടർന്ന് വിദ്യാർഥി പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തു. യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്റെ സമരത്തോടുള്ള അവഗണനയും അക്രമകാരികളുടെ  കടന്നാക്രമണവും, സെക്യൂരിറ്റി ജീവനക്കാരുടെയും ഡൽഹി പോലീസിന്റെയും നിശബ്ദയും വിദ്യാർഥികളുടെ ശക്തമായ പ്രക്ഷോഭത്തിന് കാരണമായിത്തീരുകയായിരുന്നു. വിദ്യാർഥിനികള്‍ക്കു പോലും ക്രൂരമായ മർദ്ദനമേറ്റ സംഭവത്തിൽ നടപടി സ്വീകരിക്കാനോ, അക്രമിക്കപ്പെട്ടവരോട് സംസാരിക്കാനോ സന്നദ്ധമാകാത്ത, യൂണിവേഴ്സിറ്റി അധികാരികളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയമാണ് പിന്നീട് യൂണിവേഴ്സിറ്റി സമരത്തിൽ വിചാരണ ചെയ്യപ്പെട്ടത്. 

ഫലസ്ത്വീനികളെ ഇസ്രായേൽ ഭരണകൂടം പതിറ്റാണ്ടുകളായി കൂട്ടക്കുരുതിക്കൾക്ക് ഇരയാക്കുന്നതിനെതിരെ ആഗോളതലത്തില്‍ നിലനിൽക്കുന്ന അധിനിവേശ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമായാണ്  ജാമിഅ മില്ലിയയിലും വിദ്യാർഥികൾ സമരം ചെയ്തത്. സമരത്തിനൊടുവിൽ വിദ്യാർഥികളോട് നടത്തിയ ചർച്ചയിൽ ഇസ്രായേൽ പങ്കാളിത്തമുള്ള പരിപാടികൾ ഇനി മുതൽ നടത്തുകയില്ല എന്നും, സമരം ചെയ്ത വിദ്യാർഥികൾക്ക് എതിരെ നടപടി സ്വീകരിക്കില്ല എന്നും, അവിടെ ഉണ്ടായ അക്രമ സംഭവങ്ങളിൽ നടപടി കൈകൊള്ളും എന്നും യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് ഉറപ്പു നൽകി. എന്നാൽ നടപടിക്രമങ്ങള്‍ വൈകിപ്പിച്ചു കൊണ്ട് സമരത്തെ അക്രമിച്ചവരെ സംരക്ഷിക്കുന്ന നിലപാടാണ് ജാമിഅ അഡ്മിനിസ്ട്രേഷൻ സ്വീകരിച്ചിരിക്കുന്നത്. ആക്രമിച്ചതിന് തെളിവില്ല എന്നും സമരക്കാർക്കെതിരെയും പരാതി കിട്ടിയിട്ടുണ്ട് എന്നുമൊക്കെ പറഞ്ഞുകൊണ്ട് വിഷയത്തെ ഒതുക്കിത്തീർക്കാനാണ് ശ്രമങ്ങൾ നടന്നത്. യൂണിവേഴ്സിറ്റി അധികാരികൾ പറഞ്ഞയച്ച ഗുണ്ടകൾ ആയിരുന്നു ആക്രമണത്തിന് നേതൃത്വം കൊടുത്തത് എന്നതാണ് ഇത്‌ വ്യക്തമാക്കി തരുന്നത്.

ആസൂത്രിതമായി സമരക്കാർക്കെതിരെ നടത്തിയ ആക്രമത്തെ ‘പെണ്‍കുട്ടികളെ അക്രമിച്ച പരാതി’ എന്ന നിലയിൽ പരിമിതപ്പെടുത്തി ഐസിസി (internal complaints committee) എന്ന യൂണിവേഴ്സിറ്റിയിലെ മറ്റൊരു  സംവിധാനത്തിലേക്ക് കൈമാറുകയാണ് അധികൃതർ ചെയ്തത്. നടപടികൾ എടുക്കുന്ന കാര്യത്തിൽ ഏറ്റവും ദുർബലവും അന്യായ നടപടിക്രമങ്ങൾ മൂലം നേരത്തെ തന്നെ വിദ്യാർഥിനികൾക്ക് അവമതിപ്പുള്ളതുമായ സംവിധാനത്തിലേക്ക് പരാതിയെ വഴിതിരിച്ചു വിട്ടുകൊണ്ട് വിഷയത്തെ ദുർബലപ്പെടുത്തുക എന്ന തന്ത്രമായിരുന്നു ഇതിന് പിന്നിൽ. ഐസിസിയുടെ പരിഗണനയിൽ വിഷയം വന്നതു തന്നെ പരാതിക്കാരെ കുറ്റക്കാരാക്കുന്ന ശൈലിയിലായിരുന്നു. അധിക്ഷേപങ്ങളും, പരിഹാസങ്ങളും, പരാതിയിൽ നിന്ന് പിന്മാറാനുള്ള സമ്മർദങ്ങളുമാണ് ഐസിസിയിൽ നിന്നും പരാതിക്കാരായ വിദ്യാർഥിനികൾ അനുഭവിക്കേണ്ടി വന്നത്. അതേ തുടർന്ന് വിദ്യാർഥികൾ വീണ്ടും തുടർപ്രക്ഷോഭങ്ങലിലേക്ക് നീങ്ങിയപ്പോൾ യൂണിവേഴ്സിറ്റിക്ക് പുറത്ത് നിന്നുള്ള ഒരു നിഷ്പക്ഷ സംവിധാനം വഴി അന്വേഷണം മുന്നോട്ട് കൊണ്ട് പോകാം എന്ന വാഗ്ദാനമാണ് നിലവിൽ അധികൃതരിൽ നിന്നും ലഭിച്ചിട്ടുള്ളത്. 

പ്രത്യക്ഷമായ വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് സ്വാതന്ത്ര്യം ഇല്ലാതിരുന്നിട്ടും ജാമിഅ മില്ലിയ കാമ്പസിൽ ഇത്തരത്തിൽ അനവധി പ്രക്ഷോഭങ്ങൾ മുൻപും നടന്നിട്ടുണ്ട്. ബട്ലാ ഹൗസ് ഏറ്റുമുട്ടൽ സംഭവത്തിൽ ജാമിഅയിലെ രണ്ട് മുസ്ലിം വിദ്യാർഥികൾ കൊല്ലപ്പെട്ടതിനെ തുടർന്നുള്ള പ്രക്ഷോഭങ്ങളും, സമാനമായ സ്വഭാവത്തിൽ മുസ്ലിം ചെറുപ്പക്കാർക്ക് എതിരെയുള്ള ഭരണകൂട വേട്ടയുടെ ഭാഗമായുള്ള കാമ്പസിലെ പോലീസ് റെയ്ഡുകളും കാമ്പസിൽ അനവധി രാഷ്ട്രീയ സമരങ്ങൾക്ക് കാരണമായിട്ടുണ്ട്.

എന്നാൽ ബിജെപിയുടെ രാഷ്ട്രീയ അധികാരത്തിലേക്കുള പ്രവേശനവും നിലവിലെ നജ്മ അക്തർ എന്ന ആർഎസ്എസ് പിന്തുണയുള്ള വൈസ് ചാൻസലറിന്റെ നേതൃത്വത്തിലുള്ള അഡിമിനിസ്ട്രേഷനും വിദ്യാര്‍ഥികൾക്ക് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മോദി സർക്കാർ അധികാരത്തിലേറിയത് മുതൽ കൂടുതൽ പ്രതിസന്ധിയിലായി കൊണ്ടിരിക്കുന്ന യൂണിവേഴ്സിറ്റിയുടെ ന്യൂനപക്ഷ പദവിയുടെ കാര്യത്തിൽ വരെ പ്രസ്തുത ആശങ്കകൾ നിലനിൽക്കുന്നതായി കാണാവുന്നതാണ്. ഇതൊക്കെയുമാണ് പുതിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ആന്തരിക ചോദന. 

വിശാല രാഷ്ട്രീയ സാഹചര്യം 

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ രോഹിത് വെമുലയുടെ സ്ഥാപനവൽകൃത കൊലപാതകവും, ജെഎൻയുവിലെ നജീബിന്റെ തിരോധാനവും സൃഷ്ടിച്ച ജനാധിപത്യത്തെ കുറിച്ച പുതിയ ചോദ്യങ്ങൾ, സർവകലാശാലകളിലും സാമൂഹിക മണ്ഡലങ്ങളിലും അനവധി മുദ്രാവാക്യങ്ങൾ മുഴങ്ങാൻ കാരണമായിട്ടുണ്ട്. പ്രധാനമായും യൂണിവേഴ്സിറ്റികളിൽ ഔദ്യോഗികമായി തന്നെ നിലനിൽക്കുന്ന ജാതീയതയുടെയും ഇസ്ലാമോഫോബിയയുടെയും ദേശീയ സ്വയം നിർണയാവകാശത്തിന്റെയും പ്രശ്നങ്ങളെ വിചാരണ ചെയ്യുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ജാമിഅ മില്ലിയയുടെ സമരത്തിലും നിറഞ്ഞു നിന്നു എന്നത് പുതിയ കാല വിദ്യാർഥി രാഷ്ട്രീയതിന്റെ വികാസത്തിന്റെ ഭാഗമായി പ്രക്ഷോഭത്തെ വായിക്കാന്‍ സഹായിക്കുന്നുണ്ട്.  

ജാമിഅ മില്ലിയയിലെ വിദ്യാർഥി പ്രക്ഷോഭം കേവലമായ രോഷപ്രകടനം ആയിരുന്നില്ല. ഗവൺമെന്റ്/യൂണിവേഴ്സിറ്റി അഡ്‌മിസ്‌ട്രേഷനുകളിലും, ഇൻഡ്യയിലെ പരമ്പരാഗത രാഷ്ട്രീയ/വിദ്യാർഥി സംഘടനാ രംഗങ്ങളിലും വ്യവസ്ഥാപിതത്വം കൈവരിച്ച ജാതീയതയും, മുസ്‌ലിം വിരുദ്ധതയും ഇഴകീറി പരിശോധിക്കുകയും വിചാരണ ചെയ്യുകയും ചെയ്യുന്ന രാഷ്ട്രീയ സമീപനമാണിത്. ഇത് പുതിയ അക്കാദമിക ആക്ടിവിസങ്ങളിലും, വിദ്യാർഥി സംഘാടനങ്ങളിലും ധാരാളമായി കാണാന്‍ സാധിക്കുന്നു. ഇൻഡ്യയും ഇസ്രായേലും കൊണ്ടു നടക്കുന്ന ആഗോള ഇസ്ലാമോഫോബിയയുടെ ഘടകങ്ങളെ അഭിസംബോധന ചെയ്യാന്‍ ജാമിയയിലെ വിദ്യാർഥി പ്രക്ഷോഭത്തിന് സാധിച്ചു.

വിദ്യാർഥികൾ വിസിയുടെ ഓഫീസ് ഉപരോധിച്ചപ്പോൾ

ഭാവി രാഷ്ട്രീയം 

അതുകൊണ്ട് തന്നെ,  ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയുടെയും, മൗലിക അവകാശങ്ങളുടെയും നിഷേധങ്ങളെ, രാഷ്ട്രീയമായി അഭിസംബോധന ചെയ്യുന്ന പുതിയ കാല വിദ്യാർഥി രാഷ്ട്രീയത്തിൽ ഇൻഡ്യൻ സാമൂഹിക ഘടനയിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് മാത്രമല്ല ആഗോള സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനിൽപ്പുകൾക്കും പ്രാഥമിക പരിഗണന ലഭിക്കുന്നുണ്ട്. എന്നാല്‍ ഉയർന്നു വരുന്ന ഈ നവരാഷ്ട്രീയ സംസ്കാരത്തെ സ്വംശീകരിച്ചു കൊണ്ടും, അതിന്റെ ഒപ്പം സഞ്ചരിച്ചും നിലപാടുകൾ രൂപപ്പെടുത്താനും രാഷ്ട്രീയ കൃത്യത ആർജിക്കാനും സന്നദ്ധതയുള്ള മുഖ്യധാരാ വിദ്യാർഥി സംഘടനകൾക്ക് മാത്രമേ ഭാവി വിദ്യാർഥി രാഷ്ട്രീയത്തിൽ ഇടമുണ്ടാകുകയുള്ളു എന്നതാണ് യഥാർഥ്യം. 

ജാമിഅ മില്ലിയയില്‍ നടന്ന പോരാട്ടത്തില്‍ മുസ്‌ലിം വിദ്യാർഥിനികളുടെ വര്‍ധിച്ച പങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു. വിശ്വാസപരവും, സാമുദായികവും ലിംഗപരവുമായ രാഷ്ട്രീയ വ്യത്യസ്തതകളുടെ പങ്കാളിത്തവും ഐക്യദാർഢ്യങ്ങളും ഇത്തരം സമരപോരാട്ടങ്ങളുടെ ബഹുസ്വരതയെ നിർണയിക്കുന്നുണ്ട്. വൈവിധ്യങ്ങളായ വിശ്വാസങ്ങളെയും സാമൂഹിക സ്വത്വങ്ങളെയും ഉൾക്കൊള്ളാത്ത ഫാസിസ്റ്റ് വിരുദ്ധ സമരങ്ങള്‍ ഇനിയും മുന്നോട്ടു പോകില്ലായെന്നാണ് ജാമിഅ മില്ലിയയിലെ വിദ്യാർഥി പ്രക്ഷോഭം സൂചിപ്പിക്കുന്നത്. 

ജാമിഅ മില്ലിയ വിദ്യാർഥി രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് മാത്രം പരിഗണനയും മാനദണ്ഡവും കൽപ്പിക്കുന്ന ഒരു കാമ്പസല്ല. അതിനാല്‍  പരമ്പരാഗത വിദ്യാർഥി സംഘടനകൾക്ക് പിടിച്ചു നിൽക്കാൻ ഏറെ പ്രയാസമാണ്. തിരഞ്ഞെടുപ്പ് സമവാക്യങ്ങൾക്ക് അപ്പുറം അജണ്ടകള്‍ ഉണ്ടെങ്കിലേ വൈവിധ്യങ്ങളുടെ ഈ രാഷ്ട്രീയത്തിൽ ഇടമുണ്ടാക്കാൻ അവര്‍ക്ക്  സാധിക്കുകയുള്ളു. 

എന്നാല്‍ ജാമിഅ മില്ലിയയിലെ നിലവിലെ സമരത്തിന്റെയും പോരാട്ടത്തിന്റെ ഫലമായി ജനാധിപത്യപരമായ രാഷ്ട്രീയ സ്വാതന്ത്രവും, യൂണിയൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ചുള്ള ശക്തമായ ആവശ്യങ്ങളും ഇനി ശക്തമാകും എന്നാണ് പ്രത്യാശിക്കുന്നത്. അതാവട്ടെ രാഷ്ട്രീയ പ്രശ്നങ്ങളെ കൂടുതല്‍ വികസിതമായി ഉന്നയിക്കാനും പുതിയ പോരാട്ട ഇടങ്ങള്‍ തുറക്കാനും സഹായിക്കുമെന്നുറപ്പാണ്.

ചിത്രങ്ങൾക്ക് കടപ്പാട്: ശ്രീകാന്ത് ശിവദാസൻ

(ജാമിഅ മില്ലിയ ഇസ്‌ലാമിയ കേന്ദ്ര സർവകലാശാലയില്‍ ബിഎ അറബിക് ഒന്നാം വര്‍ഷ വിദ്യാർഥിനിയാണ് ലേഖിക)

Top