ഇസ്‌ലാമിക വിമോചന ദൈവശാസ്ത്രം: ഹാമിദ് ദബാഷിയുടെ വീക്ഷണം
ബൈബിളും മൂലധനവും വായിക്കുന്നതിലെ ഭൂമിശാസ്ത്ര വ്യതിയാനമാണ് ‘ലാറ്റിനമേരിക്ക’ പോലുള്ള പ്രദേശങ്ങളെ വിമോചന ദൈവശാസ്ത്രത്തിന്റെ ഈറ്റില്ലങ്ങളാക്കിയതെങ്കിൽ, അതിനു വളരെ മുൻപുതന്നെ ഇത്തരത്തിലുള്ള വ്യതിയാനം ‘ഇസ്‌ലാമിസ്റ്റുകളുടെ’ ഇസ്‌ലാം വായനയിൽ വന്നിരുന്നു. ഈ വൈരുധ്യത്തിന്റെ ശാസ്ത്രീയമായ വിശകലനമാണ് ‘ദബാഷിയുടെ’ ഗ്രന്ഥത്തെ മൗലികമാക്കുന്നത്.
വിമോചന ദൈവശാസ്ത്രം എന്ന സംജ്ഞ ക്രൈസ്തവ സമൂഹത്തിൽ ആഴത്തിലുണ്ടെങ്കിലും, മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന മുസ്‌ലിം സമൂഹത്തിൽ വേരോടിയിട്ടില്ല. മുസ്‌ലിംകളിൽ തന്നെ ന്യൂനപക്ഷമായ ‘ശിയാ’ വിഭാഗത്തിൽ ഈ വേരോട്ടം വളരെ കുറവാണ്. ഈ അവരോഹണ ക്രമം യഥാർഥത്തിൽ നിലനിൽക്കുന്നത് ‘ലിബറേഷൻ തിയോളജി’ എന്ന ആംഗലേയ സംജ്ഞയുടെ കാര്യത്തിൽ മാത്രമാണ്. ഈ പേരിൽ നാം ഇന്നു വ്യവഹരിക്കുന്ന ആശയത്തിന് ഏറെക്കുറെ സമാനമായ ആശയങ്ങൾ മുസ്‌ലിം സമുദായത്തിൽ, വിശിഷ്യാ അതിലെ ന്യൂനപക്ഷമായ ‘ശിയാ’ വിഭാഗത്തിൽ സജീവമാണ്. ഈ സജീവതക്കും ‘ലിബറേഷൻ തിയോളജി’ അഥവാ വിമോചന ദൈവശാസ്ത്രം എന്ന ആധുനിക സംജ്ഞക്കുമിടയിൽ വിവർത്തന സാധ്യത ആരായുന്നുവെന്നതാണ് ‘ഹാമിദ് ദബാഷി’ എഴുതിയ ‘ഇസ്‌ലാമിക വിമോചന ദൈവശാസ്ത്രം: സാമ്രാജ്യത്തെ പ്രതിരോധിക്കുമ്പോൾ’ എന്ന ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്ന ഘടകം.
ന്യൂയോർക്ക് സിറ്റിയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ ‘ഇറാനിയൻ സ്റ്റഡീസ് ആന്റ് കമ്പാരേറ്റീവ് ലിറ്ററേച്ചർ’ പ്രൊഫസറായ ‘ദബാഷി’ അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ ഇരുപതിലധികം ഗ്രന്ഥങ്ങളുടെ കർത്താവെന്ന നിലയിൽ ഇതിനകം തന്നെ പ്രസിദ്ധനാണ്. ട്രാന്‍സ് ഈസ്തറ്റിക്സ്, റാഡിക്കല്‍ ഹെര്‍മന്യൂട്ടിക്സ്, ആന്‍റി-കൊളോണിയല്‍ മോഡേണിറ്റി തുടങ്ങിയ വിഷയങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ‘ഇസ്‌ലാമിക് ലിബറേഷൻ തിയോളജി: റെസിസ്റ്റിംഗ് ദ എമ്പയർ’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ പുറത്തിറക്കിയിരിക്കുന്നത് ‘അദർ ബുക്സ്’ കോഴിക്കോട് ആണ്. ‘തോമസ് കാർത്തികപുരമാണ്’ മൊഴിമാറ്റം നിർവഹിച്ചിരിക്കുന്നത്. സാമ്രാജ്യത്വത്തെ ചെറുക്കുമ്പോൾ, ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിന്റെ അന്ത്യം, അന്ധതയും ഉൾക്കാഴ്ചയും, ഇസ്‌ലാമും ആഗോളീകരണവും, ‘ശിയാ’ പീഡാനുഭവ നാടകം, വിമോചന മതനീതി, മാൽക്കം എക്സ്; ഒരു മുസ്‌ലിം വിപ്ലവകാരി എന്നിങ്ങനെ നാമകരണം ചെയ്തിട്ടുള്ള ഏഴ് അധ്യായങ്ങളും, തുടക്കത്തിൽ ബൃഹത്തായ ആമുഖവും, ഒടുക്കത്തിൽ അത്ര തന്നെ ബൃഹത്തും പഠനാർഹവുമായ ഉപസംഹാരവുമടങ്ങിയ ഗ്രന്ഥം അഞ്ഞൂറോളം പേജുകളിലായി വ്യാപിച്ചുകിടക്കുന്നു.
അനുപൂരക സ്വഭാവം പുലർത്തുന്ന ആദ്യത്തെ രണ്ടധ്യായങ്ങളിലായി വിഷയത്തിന്റെ മർമം കൃത്യമായി രേഖപ്പെട്ടു കിടക്കുന്നു. ചില അധ്യായങ്ങള്‍ അനുബന്ധ സ്വഭാവം പുലർത്തുന്നവയാണെങ്കിലും, പുസ്തകത്തിന്റെ സമഗ്രത ഉറപ്പുവരുത്താൻ അവ അനിവാര്യമാണ്.
ആദ്യത്തെ രണ്ടധ്യായങ്ങളില്‍ വിഷയത്തിന്‍റെ ചരിത്രപരവും താത്വികവുമായ വശങ്ങളിലേക്ക് ഗ്രന്ഥകാരന്‍ വായനക്കാരനെ കൊണ്ടുപോകുന്നു. അവയില്‍ തന്നെ ‘ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിന്റെ അന്ത്യം’ എന്ന രണ്ടാമത്തെ അധ്യായം പുസ്തകത്തിന്‍റെ നിലപാടു തറയെക്കുറിച്ച് കൃത്യമായ അവബോധമുണ്ടാക്കുന്നു.
സംസ്കാരമാണു മൃഗങ്ങളിൽ നിന്നു മനുഷ്യനെ വ്യത്യസ്തനാക്കുന്നത്. ജന്തുലോകത്ത് ചൂഷണവും കൈയ്യേറ്റവും നൈതിക പ്രശ്നങ്ങളല്ല. ‘ചാൾസ് ഡാർവിന്റെ’ പ്രകൃതി നിർധാരണ തത്വമനുസരിച്ച് ‘അർഹതയുള്ളതിന്റെ അതിജീവനത്തിൽ’ കൈയ്യേറ്റങ്ങൾ സ്വാഭാവികമാണ്. ഒറ്റയടിക്ക് മനുഷ്യർ സംസ്കൃതരാവുകയായിരുന്നില്ല. പല തരത്തിലുള്ള സാമൂഹിക വ്യവസ്ഥിതികൾ പരീക്ഷിച്ച മനുഷ്യൻ, ഓരോന്നിന്റെയും വൈകല്യങ്ങൾ തിരിച്ചറിഞ്ഞ് കൂടുതൽ മെച്ചപ്പെട്ടതിലേക്കു നീങ്ങുകയായിരുന്നു. ഇതിനിടയിൽ നാനാ തരം വേഷങ്ങളിലാണു മതം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒന്നാമതായി, അസ്തിത്വ പ്രതിസന്ധി പോലുള്ള മനുഷന്റെ ചിന്താപരമായ വിഹ്വലതകൾക്കുള്ള പരിഹാരമായിട്ടായിരുന്നു മതം വന്നിട്ടുള്ളത്. മനസ്സിന്റെ ഭാരം ഇറക്കിവെക്കാനുള്ള അത്താണിയായി മതം മാറുന്ന അവസ്ഥയുടെ പല പരിണതികളാണ് ‘മാർക്സിന്റെ’ പ്രസിദ്ധമായ “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്നവസാനിക്കുന്ന പ്രസ്താവനയിലുള്ളത്. ഇത്തരത്തിൽ മതത്തിനും ദൈവത്തിനും ജനപ്രീതി കൂടുന്നതിന്റെ കച്ചവട സാധ്യത മുതലെടുക്കാനായി പൗരോഹിത്യം രംഗത്തു വന്നു. മനുഷ്യന്റെ ആത്മീയ ജീവിതത്തിൽ മാത്രമല്ല, ഭൗതിക ജീവിതത്തിലും നിസ്സാരമല്ലാത്ത ഇടം ദൈവത്തിനുണ്ടായിരുന്നു. നന്മ ചെയ്താൽ ദൈവം പ്രതിഫലം നൽകുമെന്നും സഹജീവികളോട് അനീതി കാട്ടിയാൽ ശിക്ഷിക്കുമെന്നുമുള്ള വിശ്വാസം പ്രദാനം ചെയ്ത ഇടമായിരുന്നു അത്. ക്രമേണ ഇടത്തിന്റെ ആഴവും പരപ്പും കുറഞ്ഞുവരികയും ഭൗതിക ജീവിതത്തിലെ അസമത്വങ്ങൾ ചോദ്യം ചെയ്യാതിരുന്നാൽ പുനർജന്മത്തിലോ പരലോകത്തോ മെച്ചപ്പെട്ട ജീവിതം ലഭിക്കുമെന്ന വിശ്വാസത്തിനു പ്രചാരം ലഭിക്കുകയും ചെയ്തു. ജീവിതത്തിലെ യാതനകളുടെ കാരണം കഴിഞ്ഞ ജന്മത്തിലെ പാപങ്ങളാണെന്നും, കർമഫലങ്ങൾ അനുഭവിച്ചുതീർന്നാൽ അടുത്ത ജന്മത്തിൽ നല്ല ജീവിതം ലഭിക്കുമെന്നുമുള്ള വിശ്വാസം കൂടിയായതോടെ മതം അക്ഷരാർഥത്തിൽ മനുഷ്യനെ മയക്കുന്ന കറുപ്പായിത്തീരുകയായിരുന്നു.
പാശ്ചാത്യ ലോകത്തുണ്ടായ, ഇന്നത്തെ രീതിയിലുള്ള, സമത്വവാദ ദർശനങ്ങൾക്കു പ്രാമുഖ്യം ലഭിച്ചത് പത്തൊമ്പതാം നൂറ്റാണ്ടു മുതലാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലുണ്ടായ ‘ഫ്രഞ്ച് വിപ്ലവത്തിന്റെ’ മുദ്രാവാക്യം ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നതായിരുന്നു. സായുധ കലാപത്തിലൂടെ സമത്വ സുന്ദരലോകം നേടിയെടുക്കുകയെന്ന ആശയത്തിനു കൂടുതൽ വ്യാപ്തി കൈവന്നത് ‘കമ്മ്യൂണിസത്തിന്റെ’ ആവിർഭാവത്തോടെയാണ്.
മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ചിന്ത യാന്ത്രിക ഭൗതികവാദത്തെ നിരസിക്കുന്നുണ്ടെങ്കിലും ‘കമ്മ്യൂണിസം’ എന്ന സ്വപ്നമുയർത്തിപ്പിടിച്ച് ലോകത്തെമ്പാടും നിലവിൽ വന്ന പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും പ്രായോഗിക തലത്തിൽ യാന്ത്രിക ഭൗതികവാദത്തിൽ നിന്നു കൂടുതലൊന്നും അകലെയല്ലായിരുന്നു. മാത്രമല്ല സോഷ്യലിസ്റ്റ് ഭരണകൂടങ്ങളുടെ തലപ്പത്തും സ്വേച്ഛാധിപത്യം കൊടികുത്തിവാണു. ഈ സന്ദർഭത്തിലാണ് ‘വിമോചന ദൈവശാസ്ത്രം’ ഒരു മിശിഹയായി രംഗത്തുവരുന്നത്. സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മുന്നോട്ടുവെച്ച സമത്വ ദർശനത്തെ മതത്തിന്റെ, വിശിഷ്യാ ക്രിസ്തുമതത്തിന്റെ ആത്മീയതയുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു പരീക്ഷണമായിരുന്നു അത്. ഈ ചിന്തയുടെ ഉറവിടങ്ങളായി വർത്തിച്ചത് ‘ലാറ്റിനമേരിക്ക’ പോലുള്ള പ്രദേശങ്ങളാണെന്നതിനു മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. കൂടുതൽ കാലവും മതപൗരോഹിത്യം ചൂഷക ശക്തികളായാണു വർത്തിച്ചത് എന്നതിനുപുറമെ അതാതുകാലത്തെ മറ്റുള്ള ചൂഷക ശക്തികളുമായി സഖ്യമുണ്ടാക്കിയിരുന്നു. ചില കാര്യങ്ങളിൽ പുരോഗമന സ്വഭാവം പുലർത്തിയിരുന്ന പ്രസ്ഥാനങ്ങൾ പോലും എല്ലാ കാര്യങ്ങളിലും അങ്ങനെയായിരുന്നില്ല. പൗരോഹിത്യത്തിനെതിരെ ആഞ്ഞടിച്ച ‘പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനം’ രാജാധിപത്യത്തെ എതിർത്തില്ല. ഇസ്‌ലാമിക ചരിത്രത്തിൽ ഗ്രന്ഥപരമായ തീവ്രവാദത്തിനെതിരെ രംഗത്തുവന്ന ‘മുഅ്തസിലികളുടെ’ അവസ്ഥയും ഇതുതന്നെയായിരുന്നു.
ചൂഷക ശക്തികളെ മതം എതിർക്കാതിരിക്കാനുണ്ടായ കാരണങ്ങളിൽ പ്രധാനപ്പെട്ടത്, മതത്തിന്റെ വക്താക്കളും വ്യാഖ്യാതാക്കളുമായി രംഗത്തുവന്നവരുടെ സാമൂഹിക പശ്ചാത്തലമായിരുന്നു. ഉപരിവർഗത്തോട് ഒട്ടി നിന്ന പരുഷന്മാർ പഠിപ്പിക്കുന്ന പാഠങ്ങൾ മതത്തിന്റെ ഔദ്യോഗിക പാഠങ്ങളായി സ്വീകരിക്കപ്പെട്ടു. പാർശ്വവൽകൃത വിഭാഗങ്ങളുടെ സങ്കടങ്ങൾ പൗരോഹിത്യത്തിന്റെ അനുഭവങ്ങൾക്കപ്പുറത്തായതിനാൽ അവ മതത്തിന്റെ പരിഗണനകളിൽ ഉൾപ്പെട്ടില്ല. ഒരേ ഭൂമിശാസ്ത്ര പശ്ചാത്തലത്തിൽ ജീവിക്കുന്നവർക്കിടയിൽ ഇത്തരത്തിൽ രണ്ടു തരത്തിലുള്ള വായനകൾ മതത്തെക്കുറിച്ചായാലും മറ്റെന്തിനെക്കുറിച്ചായാലും ഉണ്ടാവാം. എന്നാൽ ‘കൊളോണിയലിസം’ രംഗത്തുവരുന്നതോടെ ഇത്തരം വായനാ വൈവിധ്യങ്ങളിൽ ‘ഭൂമിശാസ്ത്രം’ കൂടി ഇടപെടുന്നു. ഈ ഇടപെടലിന്റെ വിമർശനാത്മക വിശകലനമായി ‘ഹാമിദ് ദബാഷിയുടെ’ ഗ്രന്ഥത്തെ വിശേഷിപ്പിക്കാം. ഇത്തരത്തിൽ വ്യാഖ്യാന വൈവിധ്യങ്ങൾക്കു സാധ്യതയുള്ളതാണ് ‘ഇസ്‌ലാമിക വിമോചന ദൈവശാസ്ത്രം: സാമ്രാജ്യത്തിനെതിരെ’ എന്ന ഗ്രന്ഥശീർഷകം. സാമ്രാജ്യത്തിനെതിരെ എന്നതിനെ ‘ഇസ്‌ലാമിക സാമ്രാജ്യത്തിനെതിരെ’ എന്നും വായിക്കാം. അങ്ങനെയെങ്കിൽ ‘ഇസ്‌ലാമിക വിമോചന ദൈവശാസ്ത്രവും’ ‘ഇസ്‌ലാമിക സാമ്രാജ്യവും’ തമ്മിലുളള സംഘർഷമാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്നു പറയാം. ബൈബിളും മൂലധനവും വായിക്കുന്നതിലെ ഭൂമിശാസ്ത്ര വ്യതിയാനമാണ് ‘ലാറ്റിനമേരിക്ക’ പോലുള്ള പ്രദേശങ്ങളെ വിമോചന ദൈവശാസ്ത്രത്തിന്റെ ഈറ്റില്ലങ്ങളാക്കിയതെങ്കിൽ, അതിനു വളരെ മുൻപുതന്നെ ഇത്തരത്തിലുള്ള വ്യതിയാനം ‘ഇസ്‌ലാമിസ്റ്റുകളുടെ’ ഇസ്‌ലാം വായനയിൽ വന്നിരുന്നു. ഈ വൈരുധ്യത്തിന്റെ ശാസ്ത്രീയമായ വിശകലനമാണ് ‘ദബാഷിയുടെ’ ഗ്രന്ഥത്തെ മൗലികമാക്കുന്നത്.
ഈ വൈരുധ്യങ്ങില്‍ പ്രധാനപ്പെട്ടത് ‘പടിഞ്ഞാറിനെതിരെ ഇസ്‌ലാം’ എന്ന ദ്വന്ദ്വ പരികൽപനയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതലുള്ള മുന്നേറ്റങ്ങള്‍ക്കു നേതൃത്വം നൽകിയ ഇസ്‌ലാമിക ചിന്തകരുടെ വീക്ഷണങ്ങൾ ഭൂമിശാസ്ത്ര ബന്ധിതമായതിനു ചരിത്രപരവും സമകാലീനവുമായ കാരണങ്ങളുണ്ട്. തുർക്കികൾ ‘കോൺസ്റ്റാന്റിനോപ്പിൾ’ പിടിച്ചടക്കിയതുമുതലുണ്ടായ പര്യവേക്ഷണങ്ങളിലെ അധിനിവേശങ്ങൾ ചരിത്രപരമായ കാരണങ്ങളിൽ മുന്നിട്ടുനിൽക്കുന്നു. ‘കോൺസ്റ്റാന്റിനോപ്പിൾ’ പിടിച്ചടക്കിയ തുർക്കികൾ മതവിശ്വാസമനുസരിച്ച് മുസ്‌ലിംകളായിരുന്നുവല്ലോ. മാത്രമല്ല, യൂറോപ്യന്മാര്‍ കീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്ത ആഫ്രോ-ഏഷ്യന്‍ നാടുകളിലെ ജനസംഖ്യയിലും, അവിടങ്ങളില്‍ ഉയര്‍ന്നുവന്ന പ്രതിരോധ പ്രസ്ഥാനങ്ങളുടെ മുന്‍നിരയിലും മുസ്‌ലിംകളുടെ സാന്നിധ്യം വലുതുമായിരുന്നു. അതുകൊണ്ടുതന്നെ ‘പടിഞ്ഞാറിനെതിരെ കിഴക്ക്’ എന്നത്തിൽ കിഴക്കിന്‍റെ പര്യായമായി ‘ഇസ്‌ലാം’ മാറി. ഒരു ആദര്‍ശ സംഹിതയെന്ന നിലയില്‍ ഇത് ഇസ്‌ലാമിനെ ചുരുക്കുകയായിരുന്നുവെന്നു ‘ദബാഷി’ തിരിച്ചറിയുന്നു. ഇതു മറ്റുപല മതദര്‍ശനങ്ങള്‍ക്കും സംഭവിച്ചിട്ടുണ്ട്. ക്രിസ്റ്റന്‍ഡം, പാഗന്‍ഡം എന്നിങ്ങനെയുള്ള വിഭജനം പ്രസിദ്ധമാണല്ലോ.
പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ മുസ്‌ലിംകളിൽ സുന്നി, ശിയാ സമൂഹങ്ങളിലുണ്ടായ മുന്നേറ്റങ്ങളെ സൂക്ഷ്മമായി പഠിച്ച്, അവ എപ്രകാരമാണു പരാജയപ്പെട്ടതെന്ന് ‘ദബാഷി’ വിലയിരുത്തുന്നു. ‘പടിഞ്ഞാറിനെതിരെ ഇസ്‌ലാം’ എന്നതിനുപകരം ‘കിഴക്കിനും പടിഞ്ഞാറിനുമെതിരെ ഇസ്‌ലാം’ എന്ന മുദ്രാവാക്യവുമായി രംഗത്തുവന്ന ‘ഇറാന്‍ വിപ്ലവത്തെയും’ പരാജയങ്ങളുടെ കൂട്ടത്തില്‍ തന്നെയാണ് അദ്ദേഹം എണ്ണുന്നത്. ഇതിനിടയില്‍ ഇത്തരം മുന്നേറ്റങ്ങളുടെ ഗുണവശങ്ങള്‍ കാണാതിരിക്കുന്നില്ല.
കൊളോണിയൽ കാലഘട്ടത്തിൽ മുസ്‌ലിം ലോകത്തു നടന്ന ഏതാണ്ട് എല്ലാ ചലനങ്ങളെയും വിഭാഗീയമായ മുൻവിധികളിൽ നിന്നു പരമാവധി മാറിക്കൊണ്ട് ഗ്രന്ഥകാരൻ വിലയിരുത്തുന്നു. ജമാലുദ്ദീൻ അഫ്ഗാനിയുടെ ‘പാൻ ഇസ്‌ലാമിസം’ പോലും ഫലത്തിൽ ‘പാൻ’ അല്ലാതായി മാറിയപ്പോൾ അതിൽ നിന്നു പ്രചോദനമുൾക്കൊണ്ട് ഈജിപ്തിലും ഇന്തോ-പാക് ഉപഭൂഖണ്ഡത്തിലുമൊക്കെയുണ്ടായ പ്രസ്ഥാനങ്ങൾ ലോകവീക്ഷണത്തിൽ കുറച്ചുകൂടി സങ്കുചിതമാവുകയായിരുന്നു. അഫ്ഗാനിയുടെ ചിന്തകളുടെ ഏറ്റവും പുരോഗമനപരമായ അംശം ഈജിപ്തിലും ഇൻഡ്യയിലും കോളനി വിരുദ്ധസമരങ്ങളുടെ വിജയത്തിന് മുസ്‌ലിം-അമുസ്‌ലിം ജനവിഭാഗങ്ങൾ ഐക്യപ്പെടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുവെന്നതാണ്. പക്ഷേ ഇസ്‌ലാമും പടിഞ്ഞാറും എന്ന ദ്വന്ദ്വ പരികൽപന അവിടെയും നിലനിൽക്കുന്നുവെന്നതാണു വാസ്തവം. സാമ്രാജ്യങ്ങളും വെട്ടിപ്പിടിത്തങ്ങളും പൂർണമായും തിരോഭവിക്കാത്ത അന്നത്തെ സാഹചര്യത്തിൽ അതു സ്വാഭാവികമായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷമാണല്ലോ രണ്ടു ലോക മഹായുദ്ധങ്ങൾ നടന്നത്. അദ്ദേഹത്തിന്റെ ചിന്തകളിൽ നിന്നു പ്രചോദനമുൾക്കൊണ്ട് ഉണ്ടായ പ്രസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട പ്രശ്നം രൂപഭാവങ്ങളിൽ കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങളെ ഒരു പരിധിയിലധികം അനുകരിച്ചുവെന്നതാണ്. അതും സ്വാഭാവികമായിരുന്നു. മുസ്‌ലിംകളിലെ ഭൂരിപക്ഷമായ ‘സുന്നി വിഭാഗം’ ആഗോളസമൂഹം എന്ന കാൽപനികതയുടെ ഭാഗമായി നെഞ്ചിലേറ്റിയതും, തുർക്കിയുടെ നേതൃത്വത്തിൽ നാമമാത്രമായി ഉണ്ടായിരുന്നതുമായ ഖിലാഫത്തിനെ തകർത്തെറിഞ്ഞ ഒന്നാം ലോകമഹായുദ്ധം അവസാനിച്ച അതേ വർഷമാണല്ലോ റഷ്യയിൽ സോഷ്യലിസ്റ്റ് വിപ്ലവം വിജയിക്കുന്നത്. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ അമേരിക്കൻ ചേരിക്കെതിരെ പൊരുതുന്ന സോഷ്യലിസ്റ്റ് ചേരി വളർന്നുവരുന്ന കാഴ്ചയാണ് പിന്നീടു കാണുന്നത്. ഇതിനെ മുസ്‌ലിം സാഹചര്യത്തിലേക്കു പരാവർത്തനം ചെയ്തപ്പോൾ പടിഞ്ഞാറിനെതിരെ ഇസ്‌ലാം എന്ന ആശയം ഉറപ്പിക്കപ്പെട്ടു. മാത്രമല്ല, സോവിയറ്റ് യൂണിയനില്‍ പുതിയ രക്ഷകനെ കണ്ടവര്‍ മുസ്‌ലിം ലോകത്തു ധാരാളമുണ്ടായിരുന്നു.
ദക്ഷിണേഷ്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന പ്രക്രിയയില്‍ മതപണ്ഡിതന്മാരുള്‍പ്പെടെയുള്ള മുസ്‌ലിംകൾ സജീവ പങ്കാളികളായതിനു പിന്നില്‍ ഈയൊരു മനശ്ശാസ്ത്രമുണ്ട്. പക്ഷേ അവര്‍ പുതിയ സാഹചര്യത്തിനനുസരിച്ച് ഇസ്‌ലാമിനെ പുനര്‍വ്യാഖ്യാനിച്ചില്ല. എന്നാല്‍ അതില്‍ ചെറിയ തോതിലെങ്കിലും വിജയിച്ചത് ‘ജമാലുദ്ദീൻ അഫ്ഗാനിയുടെ’ ആശയങ്ങൾക്ക് ഒരുപാട് മാറ്റങ്ങളുണ്ടായതോടെ ആണെങ്കിലും ഈജിപ്തിലും ഇന്തോ-പാക് ഉപഭൂഖണ്ഡത്തിലും സ്ഥായിയായ അനുരണനങ്ങളുണ്ടാക്കിയ ‘ബന്നയുടെയും’ അബുല്‍ അഅ്ലയുടെയും മറ്റും പ്രസ്ഥാനങ്ങളാണ്. എന്നാല്‍ അവയെയെല്ലാം ആശയതലത്തിൽ പ്രതികൂലമായി ബാധിച്ച ഒന്നാണ് സൗദിയിൽ നിന്നുള്ള ‘വഹാബി’ ആശയങ്ങളുടെ തള്ളിക്കയറ്റം. മതം എന്നത് ആഫ്രോ-ഏഷൻ രാജ്യങ്ങളിൽ ഒരു മുഖം മൂടിയാണ്. അതിന്റെ ഗുണഭോക്താക്കൾ പലരാണ്. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് ചേരി വളർച്ച പ്രാപിച്ചിരുന്ന കാലത്ത് അതിനെ നേരിടാൻ അമേരിക്കൻ സാമ്രാജ്യത്വം കണ്ടുപിടിച്ച ഉപായങ്ങളിലൊന്നാണു മതം. ഇതിനുവേണ്ടി എല്ലാ മതങ്ങൾക്കും പൊതുവായുള്ള ദൈവത്തെയാണ് അവർ കരുവാക്കിയത്. മറ്റുള്ള രാജ്യങ്ങളിലേക്ക് ‘വഹാബി ബ്രാന്റ് ഇസ്‌ലാം’ കയറ്റിയയക്കാൻ ശ്രമിച്ചത് അമേരിക്കയുടെ നിർദേശത്തോടെയായിരുന്നുവെന്ന് സൗദി ഭരണകൂടം വ്യക്തമാക്കിയത് ഈയിടെയാണല്ലോ. ജനങ്ങളെ കൈയ്യിലെടുക്കാൻ സൗദി ഭരണകൂടത്തിന് മതം ആവശ്യമായിരുന്നു. തങ്ങൾ മതത്തിന്റെ ആളുകളാണെന്നും, മതാധിപത്യമാണ് തങ്ങളുടെ നാട്ടിൽ വാഴുന്നതെന്നും മാലോകരെ സൗദി ഭരണകൂടം അറിയിച്ചത് ഓരോ ആഴ്ചയും എവിടെ നിന്നൊക്കെയോ കുറച്ചു പാവങ്ങളെ പിടികൂടി എറിഞ്ഞു കൊന്നുകൊണ്ടായിരുന്നു! ഈ നാടകങ്ങളിൽ വീഴാത്ത ഒരു കൂട്ടം മതതീവ്രവാദികൾ അവിടത്തെ വഹാബികളിൽ തന്നെയുണ്ടായിരുന്നു. അവരാണ് 1979ലെ വിഫലമായ വിപ്ലവശ്രമം നടത്തിയത്. അതിനെ ചെറുത്തു തോൽപ്പിക്കാന്‍ സൗദി ഭരണകൂടത്തിനു സാധിച്ചു. എന്നാല്‍ അതേവര്‍ഷം നടന്ന ഇറാന്‍ വിപ്ലവത്തില്‍, അതേ രീതിയില്‍ അമേരിക്കന്‍ പക്ഷപാതിത്വം പുലര്‍ത്തിയിരുന്ന മറ്റൊരു ഏകാധിപതിയായ ‘ഷാ’ വീഴുകയായിരുന്നു. സൗദി രാജാവ് മതത്തിന്‍റെ ആളായി അഭിനയിച്ചപ്പോള്‍ ഇറാനിൽ ഷാ ‘പുരോഗമനവാദിയായി’ അഭിനയിച്ചതാണു കാരണം. ജനരോഷത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ മതത്തിനുള്ള ശക്തി അങ്ങനെ അമേരിക്കന്‍ സാമ്രാജ്യത്വം മനസ്സിലാക്കി. കമ്മ്യൂണിസ്റ്റു ഭീഷണിയില്‍ നിന്നുമാത്രമല്ല, ഇറാനില്‍ നിന്നുള്ള വിപ്ലവ-ഇസ്‌ലാം ഭീഷണിയില്‍ നിന്നും രക്ഷനേടാന്‍ ‘വഹാബി ബ്രാന്റ് ഇസ്‌ലാം’ ഒരു പരിചയായി സ്വീകരിക്കപ്പെട്ടു.
‘അന്ധതയും ഉള്‍ക്കാഴ്ചയും’ എന്ന മൂന്നാമത്തെ അധ്യായം വിഷയത്തിന്‍റെ ദാര്‍ശനിക വശങ്ങളിലേക്കു കൂടുതല്‍ വെളിച്ചം വീശുന്നു. ‘ഇസ്‌ലാമും ആഗോളീകരണവും’ എന്ന നാലാമത്തെ അധ്യായം മൂലധന ശക്തികള്‍ക്ക് ആക്കം ലഭിച്ച ശീതസമരാനന്തര കാലഘത്തിലെ ചലനങ്ങള്‍ കൃത്യമായി ഒപ്പിയെടുക്കുന്നു. ‘ശിയാ’ പീഡാനുഭവ നാടകം, വിമോചനമ തനീതി എന്നീ അധ്യായങ്ങള്‍ പൊതുവെ അപരിചിതമായ ഒരുപാടു കാര്യങ്ങളില്‍ മലയാളികളായ വായനക്കാര്‍ക്ക് ഉള്‍ക്കാഴ്ച നൽകുന്നു. ‘മാല്‍ക്കം എക്സ്; ഒരു മുസ്‌ലിം വിപ്ലവകാരി’ എന്ന അധ്യായം പൊതു-മുഖ്യധാരയും മുസ്‌ലിം മുഖ്യധാരയും അവഗണിച്ച ഒരുപാടു കാര്യങ്ങളിലേക്കു വിരല്‍ചൂണ്ടുന്നു. മാത്രമല്ല, ‘പടിഞ്ഞാറിനെതിരെ ഇസ്‌ലാം’ എന്ന ദ്വന്ദ്വ പരികൽപനയുടെ ഭേദകമായും മാല്‍ക്കം എക്സിന്‍റെ ജീവിതം അവതരിപ്പിക്കപ്പെടുന്നു.
ചുരുക്കത്തില്‍ വിമോചന ദൈവശാസ്ത്രത്തിന്‍റെ ഇസ്‌ലാമിക മാനങ്ങളെ ഏറെക്കുറെ സമഗ്രമായി ‘ദബാഷിയുടെ’ ഗ്രന്ഥം വിജയിച്ചിട്ടുണ്ട്. ഒഴുക്കുള്ളതാണ് ‘തോമസ് കാര്‍ത്തികപുരത്തിന്‍റെ’ പരിഭാഷ.