ടിസ്സിലേത് ബഹുജന രാഷ്ട്രീയ ഐക്യത്തിന്റെ വിജയം: നിദാ പർവീൻ സംസാരിക്കുന്നു

അംബേഡ്കർ സ്റ്റുഡൻസ് അസോസിയേഷൻ, നോർത്ത് ഈസ്റ്റ് സ്റ്റുഡൻസ് ഫോറം, ആദിവാസി സ്റ്റുഡൻസ് ഫോറം, മുസ്‌ലിം സ്റ്റുഡൻസ് ഫെഡറേഷൻ, ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്നീ സംഘടനകൾ ഉൾപ്പെട്ട സഖ്യം ടിസ് മുംബൈയിൽ നേടിയ വിജയം യഥാർഥത്തിൽ ബഹുജന ഐക്യ രാഷ്ട്രീയത്തിന്റെ വിജയമാണ്. ഇടതു-വലതു മുന്നണികളുടെ നുണ പ്രചാരണങ്ങളെ കൂടിയാണ് സഖ്യം പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റായി വിജയിച്ച നിദാ പർവീൻ സംസാരിക്കുന്നു.

ഇൻഡ്യയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കലാലയത്തിൽ യൂണിയൻ ഭരിക്കുന്ന രീതിയിൽ വിജയിച്ചതിന് കാരണമായ ബഹുജൻ ഐക്യം ക്യാമ്പസിൽ സാധ്യമായത് എങ്ങനെയാണ്? അടിച്ചമർത്തപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ മുൻകാലങ്ങളിൽ എങ്ങനെയാണ് പരസ്പരം അവിടെ ഇടപഴകിയിട്ടുളളത്?

കക്ഷി രാഷ്ട്രീയത്തിന്റെയും മുഖ്യധാരാ രാഷ്ട്രീയത്തിന്റെയും ആശയപരവും പ്രായോഗികവുമായ ഭൂമികയിൽ നിലകൊള്ളുമ്പോൾ മാത്രമാണ് യൂണിവേഴ്സിറ്റി ഇലക്ഷൻ രാഷ്ട്രീയത്തിൽ വിജയിക്കാൻ കഴിയുകയുള്ളൂ എന്ന പരമ്പരാഗത രീതിയെ ആവർത്തിച്ചു വെല്ലുവിളിക്കുന്ന ഒന്നായിട്ടാണ് ടിസ് മുംബൈയിലെ (ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്) ഈ വിജയത്തെ ഞാൻ മനസ്സിലാക്കുന്നത്. ജെ.എൻ.യു, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് പോലുള്ള സർവകലാശാലകളിൽ ഇതിന് മുൻപു തന്നെ ബഹുജൻ ഐക്യ രാഷ്ട്രീയം ഇലക്ഷൻ വിജയം നേടിയിട്ടിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ ടിസ്സിൽ സംഭവിച്ചതും. ആളെണ്ണത്തിലും വലുപ്പത്തിലും ടിസ്സ് മറ്റു ക്യാമ്പസുകളിൽ നിന്ന് വ്യത്യസ്തമാണ്. ഇവിടെ 1700ഓളം ബിരുദാനന്തര ബിരുദ വിദ്യാർഥികളും 700ഓളം ഗവേഷക വിദ്യാർഥികളുമാണുള്ളത്. ഞങ്ങളുടേത് ചെറിയ ക്യാമ്പസാണ്.

നിലവിൽ ഒരുപാട് സംഘടനകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇലക്ഷനിൽ വ്യക്തികളായി മാത്രമേ മത്സരിക്കാൻ പാടുള്ളൂ എന്നത് ഇവിടെ നിയമമാണ്. പക്ഷേ സ്വാഭാവികമായും സഖ്യങ്ങൾ രൂപപ്പെടാറുണ്ട്. എന്നാൽ ഇപ്രാവശ്യം ആദ്യമായാണ് ഞങ്ങൾ അഞ്ചോളം സംഘടനകൾ ഒരുമിച്ച് ഒരു സഖ്യം ഉണ്ടാക്കുന്നത്. അതിൽ തന്നെ രണ്ട് സംഘടനകൾക്ക് അത്യാവശ്യം അംഗങ്ങളുണ്ട്. ഇതിൽ മിക്ക സംഘടനകളും ആദ്യമായാണ് മത്സരിക്കുന്നത്. അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ ഒരു സഖ്യത്തിനു മുൻകൈയെടുത്തത് അംബേഡ്കർ സ്റ്റുഡൻസ് അസോസിയേഷൻ (എ.എസ്.എ ആണ്. എ.എസ്.എ, നോർത്ത് ഈസ്റ്റ് സ്റ്റുഡൻസ് ഫോറം (എൻ.ഇ.എസ്.എഫ് ), ആദിവാസി സ്റ്റുഡൻസ് ഫോറം (എ.എസ്.എഫ് ), മുസ്‌ലിം സ്റ്റുഡൻസ് ഫെഡറേഷൻ (എം.എസ്.എഫ്), ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്നീ സംഘടനകളാണ് ഇവിടെ ഇപ്പോൾ വിജയിച്ച സഖ്യത്തിലുള്ളത്. ഇതുകൂടാതെ 200ഓളം അംഗങ്ങളുള്ള പി.എസ്. എഫ് എന്ന പേരിൽ ഇടതുപക്ഷ സഖ്യവും, ‘സാത്’ എന്ന പേരിൽ വലതുപക്ഷ സഖ്യവും നിലവിലുണ്ട്. എൻ.ഇ.എസ്.എഫ് എന്ന സംഘടന മുൻപ് ഇടതുപക്ഷ സഖ്യത്തിന്റെ ഭാഗമായിരുന്നു. ഇടത് സഖ്യത്തിലുള്ള അവരുടെ ദൃശ്യതയും അംഗീകാരവും പ്രതിസന്ധിയിൽ ആയതിനാലാണ് അവർ പിന്നീട് ആ സഖ്യം ഒഴിവാക്കി നമ്മുടെ സഖ്യത്തിന്റെ ഭാഗമാകുന്നത്.

പാർശ്വവത്കരിക്കപ്പെട്ട അല്ലെങ്കിൽ കീഴാളരായ വിദ്യാർഥികളുടെ ഒരു ഐക്യം ഇവിടെ കേവലം ഇലക്ഷനോടെ ആരംഭിച്ചതല്ല. രോഹിത് വെമുലയുടെ മരണാനന്തരം എ.എസ്.എ, ഫ്രറ്റേണിറ്റി, എം.എസ്.എഫ്, സ്പേസ്ലെസ്സ് കളക്റ്റീവ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ എല്ലാ വർഷവും രോഹിത് വെമുല മെമ്മോറിയൽ ലക്ചർ (RVML) സംഘടിപ്പിക്കാറുണ്ട്. ഓരോ വർഷവും ഓരോ സംഘടനകൾ അവരുടെ ഭാഗത്തു നിന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ നേതാക്കളെ, അല്ലെങ്കിൽ ആളുകളെ ക്യാമ്പസിലേക്ക് കൊണ്ടുവരും. സി.എ.എ വിരുദ്ധ സമരത്തിലെ പോരാളികളായ ആയിഷ റെന്നയും ലദീദയും അഫ്രിൻ ഫാത്തിമയുമൊക്കെ ഫ്രറ്റേണിറ്റിയുടെ ഭാഗമായി മുൻ വർഷങ്ങളിൽ ഇവിടെ വന്നു സംസാരിച്ചിരുന്നു. ഈയൊരു കൂട്ടായ്മ വിദ്യാർഥികളുടെ ഐക്യത്തിന് മൊത്തമായും, ഇലക്ഷന് പ്രത്യേകിച്ചും സഹായിച്ചിട്ടുണ്ട്. ഇടതുപക്ഷ സംഘടനകളുടെ ക്ഷണം നിരസിച്ചു കൊണ്ട് ഇത്തരമൊരു സഖ്യത്തിനു മുൻകൈയെടുത്തത് എ.എസ്.എ ആണ്. അരികുവത്കരിക്കപ്പെടുന്ന കൂട്ടങ്ങളെ, സ്വത്വങ്ങളെ വീണ്ടും അപരവത്കരിച്ചു കൊണ്ടുള്ള രാഷ്ട്രീയത്തിനെതിരെ സ്വയം സ്ഥാനമുറപ്പിച്ചു കൊണ്ടുതന്നെ പ്രാതിനിധ്യം ഉറപ്പിക്കണം എന്ന ആശയം വ്യത്യസ്ത സംഘടനകളോടുമായി വിനിമയം നടത്താനും ഇത്തരമൊരു സഖ്യത്തിന്റെ സാധ്യതയെ പ്രയോജനപ്പെടുത്താനും നമുക്ക് സാധിച്ചു എന്നുള്ളത് തന്നെയാണ് ഇവിടുത്തെ വിജയം.

ഇവിടുത്തെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. ഞാൻ ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിച്ച വിദ്യാർഥിനിയാണ്. അവിടെ നമ്മുടെ രാഷ്ട്രീയവും സ്ഥാനവും ഉറപ്പിക്കുക എന്നുള്ളത് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. എന്നാൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് വ്യത്യസ്തമായി ടിസ്സിൽ നടക്കുന്ന സംവാദങ്ങളും ചർച്ചകളും അടിച്ചമർത്തപ്പെടുന്നവരുടെ ഐക്യദാർഢ്യ രാഷ്ട്രീയത്തിന് കൂടുതൽ ദൃശ്യത നൽകാറുണ്ട്. ഇത്തരം ചിന്തകളും ചർച്ചകളും തന്നെയാണ് ഇലക്ഷൻ വിധിയിലും പ്രതിഫലിച്ചത്. ബഹുജൻ ഐക്യവും അതിന്റെ രാഷ്ട്രീയ ഉള്ളടക്കവും കൃത്യമായി മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് വിദ്യാർഥികൾ ഇലക്ഷനെ സമീപിച്ചത്.

ഒരു മുസ്‌ലിം ശരീരത്തെ ന്യായമായി ഉൾക്കൊള്ളാൻ പുരോഗമന വ്യവഹാരങ്ങൾ എത്രത്തോളം തയ്യാറല്ല? അതിനോട് എങ്ങനെ പ്രതികരിക്കുന്നു?

മുസ്‌ലിം ശരീരങ്ങളോട് സ്ഥാപനവത്കൃതമായ വെറുപ്പും വിദ്വേഷവും പ്രത്യക്ഷത്തിൽ പേറികൊണ്ടാണ് വലതുപക്ഷ സംഘടനകൾ ക്യാമ്പസുകളിൽ പ്രവർത്തിക്കുന്നതെങ്കിൽ, അതേ കാര്യം കപട വിപ്ലവത്തിന്റെ ഭാഷയിൽ ആവർത്തിക്കുകയാണ് ഇടതുപക്ഷ സംഘടനകൾ ചെയ്യുന്നത്. ഇതിന് കൃത്യമായ ഉദാഹരണമാണ് ഞങ്ങൾക്കെതിരെ ഉണ്ടായ പി.എസ്.എഫിന്റെ വിദ്വേഷ പ്രചാരണം. ഇലക്ഷനോടനുബന്ധിച്ച് ഉണ്ടായ പൊതു കൂടിച്ചേരലുകളിലും മറ്റും ഇടതുപക്ഷമായ പി.എസ്.എഫിന്റെ നേതാക്കൾ അടക്കം പ്രത്യക്ഷത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾ തന്നെയാണ് നടത്തിയിരുന്നത്. ക്യാമ്പസുകളിൽ നിന്ന് തീവ്ര ശക്തികളായ ആർ.എസ്.എസ്, ജമാഅത്തെ ഇസ്‌ലാമി, ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകളെ ഇല്ലാതാക്കും എന്നാണ് ഇവർ ഇത്തരം പൊതുവേദികളിൽ നൽകിയ വാഗ്ദാനം.

കേവലം വിദ്വേഷ പ്രചാരണം എന്നതിലുപരി, ലോകത്ത് വലതുപക്ഷ വംശീയ രാഷ്ട്രീയവും സാമ്രാജ്യത്വ അജണ്ടകളും ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന ഇസ്‌ലാംഭീതിയുടെ മുഴുവൻ ആശയ രാഷ്ട്രീയ ഉള്ളടക്കവും ഉപകരണങ്ങളും ഇൻഡ്യയിൽ വലതുപക്ഷത്തോടൊപ്പം തന്നെ ഇടതുപക്ഷവും സമർഥമായി ഉപയോഗിക്കുന്നു എന്നതിന്റെ നേർക്കാഴ്ച ടിസ്സിലെ ഇലക്ഷൻ പ്രചാരണ കാലത്ത് ധാരാളമായി കാണാമായിരുന്നു. എന്നാൽ ഇത്തരം പൊള്ളയായ വാദങ്ങൾ ഞങ്ങളുടെ വോട്ട് കൂട്ടുകയാണ് ചെയ്തത്. ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുമോ എന്ന പേടി എനിക്കുണ്ടായിരുന്നെങ്കിലും അതിനെ തകിടം മറിച്ച് വൻഭൂരിപക്ഷത്തോടെ എനിക്കു വിജയം സമ്മാനിച്ചു കൊണ്ട് കൂടെ നിൽക്കുകയാണ് ഇവിടുത്തെ വിദ്യാർഥികൾ ചെയ്തത്. പി.എസ്.എഫിൽ നിന്ന് അടക്കം മുസ്‌ലിം വിദ്യാർഥികളുടെയും അല്ലാത്തവരുടെയും വോട്ട് ഇങ്ങോട് മറിഞ്ഞതിലൂടെ തന്നെ ഇത്തരം വെറുപ്പിന്റെ രാഷ്ട്രീയത്തിനോടുള്ള വിദ്യാർഥികളുടെ മറുപടി എന്താണെന്ന് ക്യാമ്പസ് വ്യക്തമാക്കി.

ഞങ്ങൾ താലിബാനെ അനുകൂലിക്കുന്നവരാണ്, ഞങ്ങളുടെ ലക്ഷ്യം ഇവിടെ ഇസ്‌ലാമിക രാഷ്ട്രം പണിയിലാണ്, ഞങ്ങൾ ഹോമോഫോബിക്കും ക്വീർ ഫോബിക്കുമാണ്, അഭിമന്യുവിനെ വധിച്ചത് ഞങ്ങളാണ് തുടങ്ങിയ വെറുപ്പും വിദ്വേഷവും നിറഞ്ഞ കള്ള പ്രചരണങ്ങളുടെ ഒരു നീണ്ട നിര തന്നെ അവർ ഞങ്ങൾക്കെതിരെ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളൊക്കെയും പരിശോധിക്കുമ്പോൾ ഈ സഖ്യത്തിലെ തന്നെ ഫ്രറ്റേണിറ്റി മൂവ്മെന്റിനോടുള്ള അസഹിഷ്ണുതയും വെറുപ്പും വ്യക്തമാണ്. മറ്റു സംഘടനകളോട് അവർക്ക് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. എക്സിക്യൂട്ടീവ് ബോഡിയിൽ മത്സരിച്ചവരിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ എന്റെ ഈ വിജയമാണ് ഈ ലക്ഷ്യം വെച്ചുള്ള തന്ത്രത്തിനുള്ള ടിസ് ക്യാമ്പസ്സിന്റെ മറുപടി. കാലങ്ങളായി ആവർത്തിക്കുന്ന പൊള്ളയായ, എന്നാൽ കൃത്യമായ അജണ്ടയുള്ള വംശീയ വിദ്വേഷം നിറഞ്ഞ, പ്രചരണങ്ങളിലൂടെ ഇപ്രാവശ്യവും വിജയിക്കാം എന്നുള്ള വ്യാമോഹങ്ങളിലൂടെ ഇവർ വിദ്യാർഥികളുടെ രാഷ്ട്രീയ നിലവാരത്തെയാണ് ചെറുതായി കാണുന്നത്.

ഇടത്-വലത് രാഷ്ട്രീയത്തിന് വിദ്യാർഥികളെ പുനർനിർവചിക്കാൻ കഴിയില്ലെന്ന് നിങ്ങൾ കരുതുന്നത് എന്തുകൊണ്ട്?

ഇടത്-വലതുപക്ഷ സംഘടനകളിൽ വിദ്യാർഥികൾക്കും ഉയർന്നുവരുന്ന വിദ്യാർഥികളിൽ ഈ സംഘടനകൾക്കും സാധ്യതയില്ലെന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആദ്യം പറഞ്ഞ കാര്യത്തെ വ്യക്തമാക്കാം. തങ്ങൾ വിദ്യാർഥികൾക്ക് വേണ്ടിയും ക്യാമ്പസിന് വേണ്ടിയും എന്ത് ചെയ്യും എന്ന് പറയുന്നതിനു പകരം, മറ്റുള്ള സംഘടനകളെ തരംതാഴ്ത്തുക എന്നുള്ളതായിരുന്നു ഇടതുപക്ഷത്തിന്റെ പ്രധാന ഇലക്ഷൻ പ്രചരണം. അത്തരം സംഘടനകളെ തകർക്കാനായി അവർ പ്രചരണത്തിനു ഉപയോഗിക്കുന്നത് തീർത്തും ഹിന്ദുത്വ രാഷ്ട്രീയ വക്താക്കളുടെ അതേ ഭാഷയാണ്. അതുപോലെ തന്നെ ഇപ്രാവശ്യം അവർ ഉയർത്തിയ മറ്റൊരു പ്രചാരണം ടിസ്സിനെ തിരിച്ചുകൊണ്ടുവരാം (Bring back TISS), ഉൾക്കൊള്ളൽ രാഷ്ട്രീയം എന്നിവയൊക്കെയാണ്. എന്നാൽ ഇവയൊക്കെയും നാട്യങ്ങൾ മാത്രമായിരുന്നെന്ന് വിദ്യാർഥികൾ തിരിച്ചറിഞ്ഞു. ഞങ്ങളോടൊപ്പം മുസ്‌ലിം വിദ്യാർഥികളും ക്വീർ വിദ്യാർഥികളും ആദിവാസി വിദ്യാർഥികളും ഉണ്ടെന്ന് അവകാശപ്പെടുമ്പോൾ തന്നെ ഞങ്ങൾ അവരോടൊപ്പമാണെന്ന് വാദിക്കാനോ തെളിയിക്കാനോ ഇത്തരം കപട പുരോഗമന സഖ്യങ്ങൾക്ക് സാധിക്കുന്നില്ല.

അടിച്ചമർത്തപ്പെട്ടവരുടെ പ്രസ്ഥാനങ്ങളെയോ പ്രക്ഷോഭങ്ങളെയോ അംഗീകരിക്കാൻ അവർക്കു സാധിക്കുന്നില്ല എന്ന് മാത്രമല്ല, മറിച്ച് അത്തരം കൂട്ടങ്ങൾക്കെതിരെ വംശീയ അധിക്ഷേപങ്ങൾ നടത്താൻ മുൻകൈയെടുക്കുന്നു എന്ന പ്രതിഭാസവും ഇക്കൂട്ടരുടെ പ്രത്യേകതയാണ്. ബ്രാഹ്മണിക്കൽ അഗ്രഹാരകളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇൻഡ്യൻ ക്യാമ്പസുകളിലെ ദലിത്-മുസ്‌ലിം-ആദിവാസി വിദ്യാർഥികളുടെ ആത്മഹത്യകളുടെയും തിരോധാനങ്ങളുടെയും രാഷ്ട്രീയത്തെ സത്യസന്ധമായി അഭിമുഖീകരിക്കുമ്പോൾ, അല്ലെങ്കിൽ അതിൽ നിലപാടുകൾ കൈകൊള്ളുമ്പോൾ മാത്രമാണ് ഇടതുപക്ഷത്തിന്റേതടക്കമുള്ള വിദ്യാർഥി കൂട്ടായ്മകൾക്ക് ഇനിയുള്ള കാലത്ത് നിലനൽപ്പുള്ളൂ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

വലതുപക്ഷ ഹിന്ദുത്വ ഗ്രൂപ്പുകൾ, കീഴാള ശരീരങ്ങളുടെ ഇല്ലായ്മയിൽ സ്വന്തം നിലനിൽപ്പ് സ്വപ്നം കാണുമ്പോൾ, ഇടതുപക്ഷ ഗ്രൂപ്പുകൾ കീഴാള ശരീരങ്ങൾക്കു മേൽ രക്ഷകവേഷം ധരിച്ചുകൊണ്ട് രാഷ്ട്രീയം മെനയുന്ന രീതിയാണ് ഇൻഡ്യൻ രാഷ്ട്രീയത്തിലെ തന്നെ സവിശേഷത. അതിന്റെ പ്രതിഫലനങ്ങൾ ഇൻഡ്യയിലെ കലാലയങ്ങളിലും കാണാം. എന്നാൽ ഒട്ടും ഭാവിയില്ലാത്ത സമീപഭാവിയിൽ തന്നെ അസ്‌തമിക്കുന്ന ഒരു ഇടപാട് മാത്രമാണ് അതെന്ന് ഇപ്പോൾ അവർ തിരിച്ചറിയാൻ തുടങ്ങിക്കാണും എന്ന് ഞാൻ കരുതുന്നു.

വിദ്യാർഥി രാഷ്ട്രീയത്തിന്റെ വർത്തമാനത്തിനും ഭാവിക്കും ഈ വിജയം വളരെ നിർണായകമായിരിക്കുന്നത് എന്തുകൊണ്ട്?

“സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം” എന്നീ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഞങ്ങളീ ഇലക്ഷനെ നേരിട്ടത്. ഞങ്ങളെ വിജയിപ്പിച്ചുകൊണ്ട് ഈ ക്യാമ്പസ് ആഗ്രഹിക്കുന്നത് അതു തന്നെയാണെന്ന് വ്യക്തമാക്കി. എന്നാൽ ഇവയൊക്കെ സാധ്യമാകുന്നൊരു സാഹചര്യം ക്യാമ്പസുകളിൽ സൃഷ്ടിക്കുക എന്ന ഉത്തരവാദിത്തമാണ് ആദ്യം ഞങ്ങൾക്കുള്ളത്. അതിനുള്ള പ്രഥമ പടി തന്നെയാണ് അടിച്ചമർത്തപ്പെട്ട വിദ്യാർഥികളുടെ അഭിമാനത്തോടെയുള്ള ഈ സ്വത്വപ്രഖ്യാപന രാഷ്ട്രീയം. വ്യത്യാസങ്ങളെ അത്തരത്തിൽ മനസ്സിലാക്കി ഒരു ഐക്യം സാധ്യമാക്കുന്നതിനു പകരം ഭിന്നിപ്പിക്കുന്ന സാമൂഹിക ഘടനകളെ, ജാതി, വർഗം, ലിംഗഭേദം, മതം, പ്രദേശം എന്നിവയെ തങ്ങളുടെ അധികാരങ്ങൾ കൊണ്ട് പാർശ്വവത്കരണത്തിനായി ഉപയോഗിച്ചവരിൽ നിന്ന് വ്യത്യസ്തമായ ഒരു നേതൃത്വമാണ് ഇന്ന് ടിസ് ക്യാമ്പസ്സിന് ഉള്ളതെന്ന വസ്തുത എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. സാമൂഹിക പശ്ചാത്തലങ്ങളും ചരിത്ര നിർമിതികളും തങ്ങൾക്കു നൽകിയ കടമ്പകൾ മറികടന്ന് എത്തുന്ന കീഴള വിദ്യാർഥികളുടെ അനുഭവങ്ങളെ മനസ്സിലാക്കാനും അവരെ പരിഷ്കരിക്കാനുള്ള പുരോഗമന ഭാഷയുടെ നാട്യങ്ങളെ തിരിച്ചറിയാനും ഈ നേതൃത്വത്തിന് സാധ്യമാണ്.

അതോടൊപ്പം തന്നെ ഞങ്ങളിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തെ കുറിച്ചും അത് ഞങ്ങളെ ഓർമിപ്പിക്കുന്നു. സുതാര്യതക്ക് വേണ്ടി നിലനിന്നു കൊണ്ട് സ്റ്റുഡന്റ് എയ്ഡിലൂടെയും GOI-PMS സ്കോളർഷിപ്പുകളിലൂടെയും വിദ്യാർഥികൾക്ക് നൽകുന്ന സാമ്പത്തിക സഹായത്തിന്റെ സാധ്യതകളെ ഉറപ്പുവരുത്തുകയെന്ന പോലുള്ള അനവധി പ്രവർത്തനങ്ങൾ ഞങ്ങൾക്ക് ചെയ്യാനുണ്ട്. അതോടൊപ്പം വിദ്യാർഥികളുടെ ആവിഷ്‌കാര സ്വാതന്ത്ര്യവും ചിന്താ സ്വാതന്ത്ര്യവും കവർന്നെടുക്കുന്ന എല്ലാത്തരം പിന്തിരിപ്പൻ നടപടികൾക്കെതിരെയും ഒരു വിട്ടുവീഴ്ചയും കൂടാതെ വിദ്യാർഥികളുടെ അവകാശങ്ങൾക്കായി ഞങ്ങൾ പോരാടും.

ആത്യന്തികമായി, വിദ്വേഷം, ജാതീയത, ഇസ്‌ലാംഭീതി, പുരുഷാധിപത്യം, ലിംഗവിവേചനം, എല്ലാത്തിനുമുപരി ഹിന്ദുത്വം എന്നിവക്കെതിരെ ആത്മാഭിമാനത്തിന്റെയും അന്തസ്സിന്റെയും ക്ഷേമത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷമായിട്ടാണ് ഞാൻ ഈ വിജയത്തെ കാണുന്നത്. നവജനാധിപത്യത്തിന്റെ ഭവനകളെ സാധ്യമാക്കാൻ പ്രാപ്തമായ വിദ്യാർഥി സമൂഹം ഉയർന്നു വരുന്ന മനോഹരമായ കാഴ്ചയാണ് എനിക്കിത്.

Top