ചിത്രലേഖയ്ക്ക് പറയാനുള്ളത്

ഞങ്ങളെ 10 വര്‍ഷത്തോളമായി ജാതീയമായി ആക്രമിക്കുകയും ജന്മസ്ഥലം വിട്ട് പോകാനിടയാക്കിയ പ്രതികള്‍ക്കെതിരെ യാതൊരുവിധ നടപടിയും എടുക്കാതെ അവരെ സംരക്ഷിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി എന്റെ കാര്യത്തില്‍ യാതൊരുവിധ നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍, എനിക്കും കുടുംബത്തിനും നീതി കിട്ടാന്‍ വേറെ മാര്‍ഗ്ഗമില്ലാത്ത അവസ്ഥയില്‍ ജനുവരി 5-ാം തീയതി മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാവും പകലും സമരം തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. സമരം വിജയിപ്പിക്കാന്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

  • 2016 ജനുവരി 5-ാം തീയതി മുതല്‍ മരണംവരെ അനിശ്ചിതകാല രാവും പകലും സമരം ചിത്രലേഖയ്ക്ക് പറയാനുള്ളത്

പയ്യന്നൂര്‍ എടാട്ട്, എരമംഗലത്ത് പട്ടികജാതി പുലയ സമുദായത്തില്‍പ്പെട്ട ഓട്ടോ ഡ്രൈവറായ ചിത്രലേഖ എന്ന ഞാന്‍ സി.പി.എമ്മിന്റെ ഫാസിസത്തിന് ഇരയായിട്ട് 10 വര്‍ഷം തികയുന്നു. 2004 ല്‍ ഓട്ടോ സ്റ്റാന്‍ഡില്‍ റിക്ഷയുമായി ചെന്നപ്പോള്‍ മുതല്‍ അതിക്രമങ്ങളാണ് നേരിടേണ്ടിവന്നത്. ഒടുവില്‍ പ്രതികരിച്ചപ്പോള്‍ ഓട്ടോ സ്റ്റാന്‍ഡ് അശുദ്ധമായി എന്നു പറഞ്ഞ് അധിക്ഷേപിച്ചു. പിന്നെ എന്റെ ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ചു. ഇതിലൂടെ പ്രബുദ്ധ കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു ദളിത് സ്ത്രീക്ക് തൊഴിലെടുത്ത് ജീവിക്കുക എന്ന അവകാശം നിഷേധിക്കുകയാണ് ചെയ്തത്. പിന്നീട് വീടുകയറിയുള്ള അക്രമം, പോലീസിനെ സ്വാധീനിച്ച് വധശ്രമം ഉള്‍പ്പെടെയുള്ള കേസുകള്‍, ഭര്‍ത്താവിനെ ഗുണ്ടലിസ്റ്റില്‍പ്പെടുത്തി ജയിലിലടക്കല്‍ ഉള്‍പ്പെടെ പോലീസിന്റെ ഭാഗത്തുനിന്നും അതിക്രൂരമായ പീഢനങ്ങള്‍ എനിക്ക് അനുഭവിക്കേണ്ടിവന്നു. സി.പി.എം. മാടായി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിത്രലേഖയെ നാടുകടത്താനായി ബഹുജന മാര്‍ച്ച് പോലും നടത്തി. ഇതിനുകൂട്ടായി ജില്ലാ ഭരണകൂടം. എങ്കിലും ഇതെല്ലാം തരണം ചെയ്ത് ഞാന്‍ സമരം നടത്തി.

ഈ അവസരത്തില്‍ മുഖ്യമന്ത്രി തന്നെ എഴുതി നല്‍കിയ ഉറപ്പ് ഒന്നുംതന്നെ പാലിച്ചിട്ടില്ല. ഒരു വര്‍ഷമായി സെക്രട്ടറിയേറ്റില്‍ ഓരോ ഓഫീസിലും (DCRB റവന്യു, ജലസേചനം, ലാന്റ്ബാങ്ക് കമ്മീഷണര്‍ ഓഫീസ്, ധനകാര്യവകുപ്പ്, വീണ്ടും കലക്‌ട്രേറ്റ്) ഞാന്‍ കയറിയിറങ്ങിയിട്ടും ഇതുവരെ ഫയലിന്റെ കാര്യത്തില്‍ യാതൊരു തീര്‍പ്പും ആയിട്ടില്ല. അതിനാല്‍ ഞാന്‍ വീണ്ടും സമരത്തിലേക്ക് കടക്കുന്നു.

പത്തുവര്‍ഷമായി സി.പി.എമ്മിന്റെ ജാതിയതയ്ക്കും അക്രമത്തിനും എതിരെ ഞാന്‍ നടത്തിയ സമരം കണ്ണൂര്‍ കലക്‌ട്രേറ്റിന് മുമ്പില്‍ 122 ദിവസം (രാപ്പകല്‍സമരം) നീണ്ടിരുന്നു. ജില്ലാഭരണകൂടത്തിന് സമരത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്ന് ബഹു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍, എനിക്ക് കണ്ണൂര്‍ ടൗണിനടുത്ത് ഏതെങ്കിലും പഞ്ചായത്തില്‍ 5 സെന്റ് ഭൂമി കണ്ടെത്താന്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കണ്ടെത്തിയിരുന്ന ഭൂമിയുടെ സ്‌കെച്ചും പ്ലാനും അടങ്കല്‍ പകര്‍പ്പുമടങ്ങിയ റിപ്പോര്‍ട്ടും കൂടെ സമര്‍പ്പിച്ചിരുന്നു. ആയതിനാല്‍ സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

എന്റെ സമരത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ ബഹു. മുഖ്യമന്ത്രി അംഗീകരിക്കുകയും ഒരു വര്‍ഷമായിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടാകാതെ സി.പി.എം. ഉദ്യോഗസ്ഥരുടെ കള്ളറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എനിക്ക് എടാട്ട് ഏക്കര്‍ കണക്കിന് ഭൂമിയുണ്ടെന്ന് അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ ബഹു.മുഖ്യമന്ത്രി തന്നെ പറയുമ്പോള്‍ അത് പട്ടികജാതിക്കാരുടെ സര്‍ക്കാര്‍ കാണിക്കുന്ന അയിത്തത്തിന്റെ ഭാഗമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

_______________________________
പത്തുവര്‍ഷമായി സി.പി.എമ്മിന്റെ ജാതിയതയ്ക്കും അക്രമത്തിനും എതിരെ ഞാന്‍ നടത്തിയ സമരം കണ്ണൂര്‍ കലക്‌ട്രേറ്റിന് മുമ്പില്‍ 122 ദിവസം (രാപ്പകല്‍സമരം) നീണ്ടിരുന്നു. ജില്ലാഭരണകൂടത്തിന് സമരത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്ന് ബഹു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍, എനിക്ക് കണ്ണൂര്‍ ടൗണിനടുത്ത് ഏതെങ്കിലും പഞ്ചായത്തില്‍ 5 സെന്റ് ഭൂമി കണ്ടെത്താന്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കണ്ടെത്തിയിരുന്ന ഭൂമിയുടെ സ്‌കെച്ചും പ്ലാനും അടങ്കല്‍ പകര്‍പ്പുമടങ്ങിയ റിപ്പോര്‍ട്ടും കൂടെ സമര്‍പ്പിച്ചിരുന്നു. ആയതിനാല്‍ സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
_______________________________ 

ബഹു.ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ അമ്മൂമ്മയ്ക്ക് കുടികിടപ്പായി സര്‍ക്കാര്‍ കൊടുത്ത 6 സെന്റ് ഭൂമി ഉണ്ടെന്നല്ലാതെ എടാട്ട് ഏക്കര്‍ കണക്കിന് സ്ഥലം ഉണ്ടെന്ന കാര്യം പറയുന്നില്ല. ഏക്കര്‍ കണക്കിന് സ്ഥലം ഉണ്ടെങ്കില്‍ ഞാന്‍ 122 ദിവസം കലക്‌ട്രേറ്റിന് മുമ്പിലും 10 വര്‍ഷത്തോളമായി സി.പി.എം. പാര്‍ട്ടിക്കെതിരേയും സമരം ചെയ്യേണ്ടതില്ല. എനിക്ക് ആ സ്ഥലം കൈമാറി സുരക്ഷിതമായ സ്ഥലത്ത് താമസിക്കാന്‍ കഴിയുമായിരുന്നു. അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ അതില്‍ എന്തെങ്കിലും സത്യം ഉണ്ടോയെന്ന് അന്വേഷിക്കാതെ ജനകീയ മുഖ്യമന്ത്രിയായ അങ്ങുതന്നെ ഏക്കര്‍ കണക്കിന് സ്ഥലം ഉണ്ടെന്ന് പറയുമ്പോള്‍, കടുത്ത ജാതീയ അതിക്രമങ്ങള്‍ നേരിടേണ്ടിവന്ന പുലയസമുദായക്കാരിയായ ഒരു വ്യക്തി നീതി ലഭ്യമാക്കാന്‍ കഴിയാത്ത അങ്ങേക്ക്, പട്ടികജാതി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് എങ്ങിനെ പരിഹാരം കാണാന്‍ കഴിയും?

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പട്ടികജാതിക്കാരെ നീതിയും നിയമവും സംരക്ഷണവും നല്‍കാതെ പുറംതള്ളുകയാണ് ചെയ്യുന്നത് എന്ന് എന്റെ സമരത്തില്‍ നിന്നും മനസ്സിലായി. അതുപോലെതന്നെ എന്റെയും ഭര്‍ത്താവിന്റെയും പേരിലുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കാമെന്ന് മുഖ്യമന്ത്രിയായ അങ്ങ് പറഞ്ഞിരുന്നു. അതിന്‍മേല്‍ യാതൊരുവിധ നടപടിയും എടുക്കാതെ അങ്ങയുടെ സര്‍ക്കാര്‍ എന്റെ ഭര്‍ത്താവിനെ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തി നാടുകടത്താന്‍ ശ്രമിക്കുകയാണ്. സി.പി.എം കാരനായ മുന്‍ പയ്യന്നൂര്‍ എസ്.ഐ.ഷാജി പട്ടേരിയുടെ പരാതി പ്രകാരം 1022/13, 107-ാം വകുപ്പ് അനുസരിച്ച് ബഹു.സബ് കലക്ടര്‍ നവജോത് ഘോഷ് ജാമ്യം റദ്ദാക്കി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. എന്റെയും ഭര്‍ത്താവിന്റെയും പേരിലുള്ള മൂന്ന് കൗണ്ടര്‍ പെറ്റീഷന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നത്.

ഞങ്ങളെ 10 വര്‍ഷത്തോളമായി ജാതീയമായി ആക്രമിക്കുകയും ജന്മസ്ഥലം വിട്ട് പോകാനിടയാക്കിയ പ്രതികള്‍ക്കെതിരെ യാതൊരുവിധ നടപടിയും എടുക്കാതെ അവരെ സംരക്ഷിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി എന്റെ കാര്യത്തില്‍ യാതൊരുവിധ നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍, എനിക്കും കുടുംബത്തിനും നീതി കിട്ടാന്‍ വേറെ മാര്‍ഗ്ഗമില്ലാത്ത അവസ്ഥയില്‍ ജനുവരി 5-ാം തീയതി മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാവും പകലും സമരം തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. സമരം വിജയിപ്പിക്കാന്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

എന്ന്..
ചിത്രലേഖ ഇ.

Top