ആദരപൂര്‍വ്വം ബാബ സാഹേബിന്

ആധുനിക ഇന്ത്യയുടെ നിര്‍മ്മാതാക്കളില്‍ ഒരാളും രാജ്യത്തിന്റെ ഭരണഘടനയുടെ പിതാവുമായ ഡോ. ബി. ആര്‍ അംബേദ്കര്‍ സിവില്‍സര്‍വ്വീസ് എന്നജോലി ലക്ഷ്യം വെക്കുന്ന എല്ലാ ജനങ്ങള്‍ക്കും ഒരു പ്രചോദനമാണ്. ഈ അവസരത്തില്‍ ബാബാസാഹെബ് ജീവിതത്തിലുടനീളം കാഴ്ചവെച്ചതും പിന്തുടര്‍ന്നതുമായ മൂന്നു ഗുണങ്ങളെപ്പറ്റി ഞാന്‍ സൂചിപ്പിക്കാം. ആദ്യത്തേത് സഹജീവികളോട് സഹാനുഭൂതിയുള്ള ഒരു ഹൃദയം ഉണ്ടായിരിക്കുക എന്നതാണ് രണ്ടാമതായി ജനങ്ങള്‍ക്ക് പ്രചോദനം നല്‍കാന്‍ കഴിയുക എന്നതാണ്. അവസാനത്തേത് സമൂഹത്തിന്റെ ഉന്നമനത്തിനായി എന്തും സാധിക്കാനുള്ള ഇച്ഛാശക്തിയാണ്.

  • ടിന ഡാബി

ബഹുമാനപ്പെട്ട ഉപ മുഖ്യമന്ത്രി, വേദിയില്‍ ഇരിക്കുന്ന വിശിഷ്ടാതിഥികളെ, ഓരോരുത്തരുടേയും വിലപ്പെട്ട സമയം എനിക്കു വേണ്ടി മാറ്റിവെച്ചു ഇവിടെ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. സന്തോഷത്താല്‍ എന്റെ ഹൃദയം മുങ്ങിപ്പോക്കുകയാണ്. ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. എന്റെ ഈ വിജയത്തിനു ആരോടെങ്കിലും കടപ്പെട്ടിരിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ഡോ. ബി.ആര്‍ അംബേദ്കറിനോടാണ്. അദ്ദേഹത്തിന്റെ പ്രയത്‌നം, ജീവിതം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഇപ്പോള്‍ നില്‍ക്കുന്ന പദവിയില്‍ എത്തുമായിരുന്നില്ല. അംബേദ്കര്‍ ഈ രാജ്യത്തെ പാര്‍ശ്വവത്കരിക്കപ്പെട്ട മുഴുവന്‍ ജനവിഭാഗങ്ങളുടേയും നേതാവാണ്. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതില്‍ അംബേദ്കര്‍ എടുത്ത പ്രയത്‌നം പ്രത്യേകിച്ചും എടുത്തു പറയേണ്ടതാണ്. അംബേദ്കര്‍ പറഞ്ഞിട്ടുള്ളത് ”ഞാന്‍ ഒരു രാജ്യത്തിന്റെ പുരോഗതി അളക്കുന്നതു ആ രാജ്യത്തിലെ സ്ത്രീകള്‍ നേടിയ നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ്”
ആധുനിക ഇന്ത്യയുടെ നിര്‍മ്മാതാക്കളില്‍ ഒരാളും രാജ്യത്തിന്റെ ഭരണഘടനയുടെ പിതാവുമായ ഡോ. ബി. ആര്‍ അംബേദ്കര്‍ സിവില്‍സര്‍വ്വീസ് എന്നജോലി ലക്ഷ്യം വെക്കുന്ന എല്ലാ ജനങ്ങള്‍ക്കും ഒരു പ്രചോദനമാണ്. ഈ അവസരത്തില്‍ ബാബാസാഹെബ് ജീവിതത്തിലുടനീളം കാഴ്ചവെച്ചതും പിന്തുടര്‍ന്നതുമായ മൂന്നു ഗുണങ്ങളെപ്പറ്റി ഞാന്‍ സൂചിപ്പിക്കാം. ആദ്യത്തേത് സഹജീവികളോട് സഹാനുഭൂതിയുള്ള ഒരു ഹൃദയം ഉണ്ടായിരിക്കുക എന്നതാണ് രണ്ടാമതായി ജനങ്ങള്‍ക്ക് പ്രചോദനം നല്‍കാന്‍ കഴിയുക എന്നതാണ്. അവസാനത്തേത് സമൂഹത്തിന്റെ ഉന്നമനത്തിനായി എന്തും സാധിക്കാനുള്ള ഇച്ഛാശക്തിയാണ്.
നിങ്ങള്‍ എല്ലാവര്‍ക്കും അറിയുന്നതുപോലെ തന്നെ സിവില്‍ സര്‍വ്വീസ് പരീക്ഷ വളരെ ശ്രമപ്പെട്ട ഒന്നാണ്. ഈ പരീക്ഷയ്ക്കുള്ള മുന്നൊരുക്കത്തിലും ഞാനും വളരെയധികം പ്രയാസത്തിലൂടെ കടന്നു പോകുകയുണ്ടായി. ഇതില്‍ പ്രധാനമായി എന്നെ അലട്ടിയത് ഇത്രയും വലിയ ഒരു പരീക്ഷ എനിക്ക് ജയിക്കുവാന്‍ കഴിയുമോ എന്നാണ്. ഇത്തരം വിഷമങ്ങള്‍ എന്നെ അലട്ടുമ്പോള്‍ ഞാന്‍ ഡോ. ബി. ആര്‍ അംബേദ്കറേയും അദ്ദേഹത്തിന്റെ ചിന്ത, ജീവിതം, പ്രയത്‌നം എന്നിവയും മനസ്സില്‍ കൊണ്ടുവരും. അത് എനിക്ക് എന്നും ഒരു ഊര്‍ജ്ജമായിരുന്നു.
സിവില്‍ സര്‍വ്വീസ് ജോലിയ്ക്കു വേണ്ടി തയ്യാറെടുക്കുമ്പോള്‍ ആദ്യമായി ഉണ്ടാക്കിയെടുക്കേണ്ടത് സഹജീവികളോടു ബഹുമാനവും സ്‌നേഹവും ആയിരിക്കണം. സിവില്‍ സര്‍വ്വീസ് പരീക്ഷ മാത്രമല്ല, ഏതൊരു പരീക്ഷയും ആയിക്കൊള്ളട്ടെ അത് സ്‌കൂള്‍, കോളേജ് മത്സരപരീക്ഷ ആവട്ടെ എന്ത് തന്നെയായാലും അത് എങ്ങിനെയെങ്കിലും ജയിച്ചു കടന്നു കൂടാം എന്ന് വിചാരിക്കാതെ അതില്‍ ഞാന്‍ ഒന്നാമതാവും എന്ന ചിന്തയിലൂടെ തയ്യാറെടുത്താല്‍ വിജയം ഉറപ്പാണ്. ഇന്ത്യ 64% യുവജനങ്ങള്‍ ഉള്ള രാജ്യവും അവസരങ്ങള്‍ വളരെ കുറവുമായതിനാല്‍ ഇവിടെ ഓരോ മാര്‍ക്കും വളരെ വിലപ്പെട്ടതാണ്. എന്റെ കാര്യമെടുക്കാം. ഞാന്‍ ഇത്തരത്തില്‍ ഒരു മത്സരബുദ്ധിയോടെ പരീക്ഷയെ സമീപിച്ചതുകൊണ്ട് ഞാനും രണ്ടാം റാങ്ക് കിട്ടിയ ആളുമായി 45 മാര്‍ക്കിന്റെ വ്യത്യാസം ഉണ്ടാകാനായി. സിവില്‍ സര്‍വ്വീസ് എന്നല്ല ഏതൊരു പരാക്ഷയാകട്ടെ, അതില്‍ കഠിനമായ ശ്രമമല്ലാതെ യാതൊരു എളുപ്പമാര്‍ഗ്ഗവുമില്ല. ഇത്തരത്തിലുള്ള ഒരു മനോഭാവമാണ് വേണ്ടത്. ഓരോ വ്യക്തിയും സ്വന്തം മനഃസാക്ഷിയോട് കടപ്പെട്ടിരിക്കുകയും ശ്രമങ്ങള്‍ ആത്മാര്‍ത്ഥമായി ചെയ്യുകയുമാണ് വേണ്ടത്. സിവില്‍ സര്‍വ്വീസ് പരീക്ഷ നിങ്ങളുടെ ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട രണ്ടു വര്‍ഷങ്ങള്‍ മാറ്റിവെച്ചു ചെയ്യേണ്ട ഒന്നാണ്. ഒരു വര്‍ഷം തയ്യാറെടുക്കാനും മറ്റേവര്‍ഷം പരീക്ഷയ്ക്കു വേണ്ടിയുമാണ്. അതിനാല്‍ തന്നെ നിങ്ങള്‍ എടുക്കുന്ന തീരുമാനത്തില്‍ പൂര്‍ണ്ണമായും ഉറച്ചു നിര്‍ക്കുകയും അതിന്റെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യണം. കഠിനമായ പരിശ്രമം ഇടയ്ക്കു നിലച്ചുപോകാതെ; അത് തുടര്‍ച്ചയായി കൊണ്ടുപോകാന്‍ കഴിയണം.
സിവില്‍ സര്‍വ്വീസില്‍ എത്തുക എന്ന തീരുമാനം എടുക്കുന്നതിനു മുന്‍പ് നമ്മള്‍ ഓരോരുത്തരും അറിയേണ്ടത് ; ഈ ജോലി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ നമ്മുടെ രാജ്യത്ത് നിലവിലുള്ളതില്‍ വച്ച് ഏറ്റവും അകര്‍ഷകവും ആധികാരികവും, ഉത്തരവാദിത്വവുമുള്ളതുമാണ് എന്നതാണ്. സമൂഹത്തിനു വേണ്ടി തിരിച്ചു നല്‍കാന്‍; ഒരു സേവനത്തിന്റെ രൂപത്തില്‍ അത് നിര്‍വഹിക്കാന്‍ കഴിയുന്ന ഒരു പ്രധാനപ്പെട്ട ജോലി എന്ന നിലയ്ക്കാണ് ഞാന്‍ ഇത് തിരഞ്ഞെടുത്തത്. ഇത്തരത്തില്‍ നമ്മുടെ സമൂഹത്തിനും, ജനങ്ങള്‍ക്കും രാജ്യത്തിനും തിരിച്ചു നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സിവില്‍ സര്‍വ്വീസ് മികച്ച ഒന്നാണ്.
സ്വന്തം കമ്മ്യൂണിറ്റിയ്ക്കും സമൂഹത്തിനും തിരിച്ച് സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഈ ജോലി ഏറ്റെടുക്കാവുന്നതാണ്. സ്ത്രീകള്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ തുടര്‍ച്ചയായി വിജയം കൈവരിക്കുന്നത് തീര്‍ച്ചയായും അഭിമാനാര്‍ഹമാണ്. എനിക്കും അതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ എസ്. സി കമ്മ്യൂണിറ്റി മെമ്പര്‍ ആയതിനാല്‍ എനിക്ക് വിവേചനം നേരിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം ഇല്ലാ എന്നാണ്. എന്തെന്നാല്‍ യു. പി. എസ്. സി വളരെ സുതാര്യമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്. പേഴ്‌സണല്‍ ഇന്റര്‍വ്യൂവിനു പോലും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയത് നമ്മുടെ അതേ കമ്മ്യൂണിറ്റിയില്‍ നിന്നുമുള്ള ആളാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷ അറിവ് നേടാന്‍ സഹായിക്കുക മാത്രമല്ല, മറിച്ച് ഇത് നിങ്ങളുടെ വ്യക്തിത്വം നിര്‍മ്മിക്കുന്നതില്‍ വളരെയധികം സഹായിക്കും. ഈ പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കുമ്പോള്‍ കുറെ കാര്യങ്ങള്‍ ഉപേക്ഷിക്കാനും തികച്ചും അച്ചടക്കത്തോടെ നീങ്ങാനും പറ്റും. ഒന്നിനും എന്നെ തോല്‍പിക്കാന്‍ കഴിയില്ല എന്ന വിശ്വാസമാണ് എനിക്ക് ആത്മാര്‍ത്ഥമായി ഇതിനായി പരിശ്രമിക്കാന്‍ ഊര്‍ജ്ജം നല്കിയതും. ഈ വിജയം സമ്മാനിച്ചതും. ആത്മാര്‍ത്ഥതയോടെ കഠിനാധ്വാനം ചെയ്യാന്‍ നിങ്ങള്‍ തയ്യാറായാല്‍ നിങ്ങള്‍ക്ക് വിജയം നേടിയെടുക്കാം. ഒരിക്കല്‍കൂടി നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു. ജയ് ഭീം

വിവ: നിധീഷ് കെ. സുന്ദര്‍

കടപ്പാട്:ദലിത് ക്യാമറ ജൂണ്‍ 5, 2016 

Top